
എനിക്ക് ചേതന്‍ ഭഗത് ആവണം
പത്ത്
പത്ത്
‘മറ്റൊരു ലോകം.
യഥാര്‍ത്ഥത്തില്‍ മറ്റൊരു ലോകം ഒരാള്‍ക്കു സാധ്യമാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? ഓരോ വണ്ടി അകന്നുകഴിയുമ്പോഴും അടുത്ത വണ്ടിയെ പ്രതീക്ഷിക്കുന്നതു പോലെയല്ലേ അത്? ചിലപ്പോള്‍ നിങ്ങള്‍ കയറാതെ പോവുന്ന വണ്ടി അവസാനത്തേതാണെങ്കില്‍..
ചിന്തിച്ചു നോക്കിയിട്ടുണ്ടോ നിങ്ങളുടെ അവസാനത്തെപ്പറ്റി? നിങ്ങള്‍ക്കു ചേക്കേറാന്‍ ഒരു ലോകമില്ലാത്തതിനെപ്പറ്റി?’
അതിര്‍ത്തിപ്രദേശങ്ങളിലൊന്നിലെ ഗ്രാമത്തില്‍ വെച്ച് ഒരു ബുദ്ധസന്യാസി അര്‍ബഹിനോടു ചോദിച്ചു. അപ്പോഴേക്കും അയാള്‍ തന്റെ പേര് ഹംസ് എന്നാക്കി മാറ്റിയിരുന്നു.
സംഗീതഞ്ജനേയും സംഗീതത്തേയും എന്തിന്, സ്വന്തത്തേയും തന്നെ മറന്ന് ഒരുപാട് ദൂരം സഞ്ചരിച്ചിരുന്നു അപ്പോള്‍, അയാള്‍. കുറ്റസമ്മതം നടത്തിയതിന്റെ പിറ്റേ ദിവസം പുറത്താക്കല്‍ ഉത്തരവ് കൈയ്യില്‍ നല്‍കുന്നതിനു മുമ്പ് അയാള്‍ക്കു മാത്രമായി ഒരു പാര്‍ട്ടി നടത്തിയിരുന്നു മാനേജര്‍. തങ്ങളുടെ ട്രൂപ്പിനെ, പ്രത്യേകിച്ച് സംഗീതഞ്ജനെ വലിയ ദുരന്തത്തില്‍ നിന്നു രക്ഷിച്ചതിലുള്ള സന്തോഷവും നന്ദിയും മാനേജര്‍ വാക്കുകളിലൂടെ സൂചിപ്പിക്കുകയും ചെയ്തു. എങ്കിലും തൊട്ടടുത്ത ദിവസത്തെ പത്രസമ്മേളനത്തില്‍ സ്വഭാവദൂഷ്യത്തിന്റേയും പ്രകൃതിവിരുദ്ധതയുടേയും പേരില്‍ ഹംസിനെ ട്രൂപ്പില്‍ നിന്നു പുറത്താക്കിയ കാര്യം പറയുമ്പോള്‍ മാനേജറുടെ കണ്ണുകള്‍ ദേഷ്യം കൊണ്ട് ചുവന്നുകലങ്ങിയിരുന്നു. ചുണ്ടുകള്‍ രോഷത്താല്‍ അവസ്മാരരോഗിയെപ്പോലെ വിറച്ചിരുന്നു..
യാത്രയുടെ ആരംഭത്തില്‍ എവിടേക്കെന്നോ യാത്രയുടെ ലക്ഷ്യമെന്തെന്നോ ഹംസിന് ബോധ്യമുണ്ടായിരുന്നില്ല. താന്‍ മറ്റാരോ ആണെന്നും തന്റെ ശരീരവും ചുമന്ന് മറ്റാരോ ആണ് യാത്ര ചെയ്യുന്നതെന്നുമായിരുന്നു ആകെയുള്ള വിചാരം. യാത്രയില്‍, വഴിയിറമ്പിലുള്ളവരെല്ലാം തന്നെത്തന്നെ ശ്രദ്ധിക്കുകയാണെന്ന് േേതാന്നി അയാള്‍ക്ക്. വിജനതയില്‍ പോലും തനിക്കു പിറകില്‍ ആരോ തന്നെ പിന്തുടരുന്നുണ്ടെന്ന മട്ടില്‍ അയാള്‍ ഇടയ്ക്കിടെ ഭീതിയോടെ തിരിഞ്ഞുനിന്നു. മനുഷ്യരല്ലെങ്കില്‍ മൃഗങ്ങള്‍. അവ ഈ പച്ചിലച്ചാര്‍ത്തിനിടയില്‍ തന്നെ നിരീക്ഷിക്കുന്നുണ്ട്. തനിക്കെതിരെ ആഗോളതലത്തില്‍ അവ ചാരപ്പണി നടത്തുകയാണ്. ഇനി മൃഗങ്ങളല്ലെങ്കില്‍ വൃക്ഷങ്ങള്‍. അവയുടെ അസാധാരണമായ ചില്ലകളും അവിചാരിതമായി നിലത്തു വീഴുന്ന കായകളും തന്നെയാണ് ലക്ഷ്യമിടുന്നത്.
അതെ. അല്‍പാല്‍പമായി ആഗോളതലത്തില്‍ ചോര്‍ത്തപ്പെടുന്ന ഒരു രേഖയാണ് താന്‍.
ഒടുവില്‍, യാത്രയുടെ സായന്തനത്തിലാണ് അയാള്‍ ആദ്യമായി സംശയമൊന്നുമില്ലാതെ ഒരാളുടെ മുന്നില്‍, കണ്ണുകളിലേക്ക് ഉറ്റുനോക്കി നിന്നത്. ബുദ്ധസന്യാസിയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ പ്രത്യാശയുടെ നേര്‍ത്ത നൂലിഴകള്‍ അയാളുടെ കണ്‍കോണുകളില്‍ വളരെക്കാലത്തിനു ശേഷം പ്രത്യക്ഷപ്പെട്ടു.
ബുദ്ധസന്യാസി ആദ്യം ചെയ്തത് ഹംസിലെ അകാരണമായ സംശയങ്ങളും ഭീതിയും പറിച്ചുമാറ്റാനുള്ള ശ്രമങ്ങളായിരുന്നു. ഹംസിനുള്ളിലെ മിഥ്യാധാരണകളെ അയാള്‍ ആവും വിധമെല്ലാം കുത്തിനോവിച്ച് പുറത്തെത്തിക്കാന്‍ തുനിഞ്ഞു. ഇതിനിടെ ഹംസിന്റെ ജന്‍മരേഖകള്‍ കണ്ടെത്തി ഇനിയും അയാള്‍ക്ക് ഭൂമുഖത്ത് അവശേഷിക്കുന്ന കേവലം 240 ദിവസങ്ങളെക്കുറിച്ച് ഓര്‍മ്മിപ്പിക്കാനും മറന്നില്ല.
‘..നീ സ്ത്രീകളെ അറിയാത്തവനാണ്. പക്ഷേ, എന്നിട്ടും സ്ത്രീശരീരങ്ങള്‍ അന്വേഷിക്കുന്നു. സ്ത്രീകളെ കീഴടക്കുന്നതോടെ നിങ്ങള്‍ക്ക് എന്തും കീഴടക്കാം. മരണത്തെ പോലും. കാരണം കീഴടക്കാന്‍ കഴിയാത്തത് കീഴടക്കുന്നതാണ് അനശ്വരത. അപ്പോള്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് മറ്റൊരു ലോകം സാധ്യവുമാണ്. (ഈ മഹദ്വചനങ്ങള്‍ കൂടി നിര്‍ബന്ധമായും ആത്മകഥയില്‍ ഉള്‍പ്പെടുത്തണമെന്ന് ജയിലില്‍ കഴിയുമ്പോള്‍ ഹംസ് ഓര്‍മ്മിപ്പിച്ചിരുന്നു. പറ്റുമെങ്കില്‍ അവതാരികയില്‍ കടപ്പാട് നല്‍കണമെന്നും അദ്ദേഹം ഒസ്യത്ത് ചെയ്തു. ഇതിന്റെ ആവശ്യമുണ്ടോ എന്ന് സംശയമുന്നയിച്ചപ്പോള്‍ താന്‍ ചിരഞ്ജീവിയായി ജീവിക്കുന്നതിനും എല്ലാ ജീവിതവിജയങ്ങള്‍ക്കും പിന്നില്‍ ആ സന്യാസിയാണെന്ന് അഭിമാനം കൊണ്ടു.) എന്താ, നിങ്ങള്‍ക്കു സംശയമുണ്ടോ? മറ്റൊരു ലോകം ശരിക്കും മറ്റൊരു ജീവിതം തന്നെയാണ്. ഇനി പറയൂ, കഴിഞ്ഞ 27 വര്‍ഷത്തിനിടയിലെപ്പോഴെങ്കിലും നിങ്ങള്‍ നിങ്ങളെ അറിയാന്‍ ശ്രമിച്ചിട്ടുണ്ടോ? നിങ്ങള്‍ ചെയ്യണമെന്നോ നടക്കണമെന്നോ ആഗ്രഹിച്ച കാര്യങ്ങള്‍ എപ്പോഴെങ്കിലും നടന്നിട്ടുണ്ടോ?’
സന്യാസി തന്റെ ദീര്‍ഘനേരം നീണ്ടുനിന്ന ചോദ്യം അവസാനിപ്പിച്ചു.
അയാളുടെ ചോദ്യങ്ങളില്‍ ഒരു ക്രാന്തദര്‍ശിയുടെ ദീര്‍ഘവീക്ഷണമുണ്ടായിരുന്നുവെങ്കിലും, ഒറ്റനോട്ടത്തില്‍ ഒരു സന്യാസിയുടെ ശരീരഭാഷയേ ഇല്ലെന്ന് ഹംസിനു തോന്നിയിരുന്നു. പശ്ചാത്തലത്തില്‍ ഈ ആശ്രമമില്ലായിരുന്നെങ്കില്‍, ഹംസ് അയാളെ മറ്റാരെങ്കിലുമായി എളുപ്പം സങ്കല്‍പ്പിച്ചേനെ. മുഖത്ത് കൂനിക്കൂടി നില്‍ക്കുന്നñവസൂരിക്കലകളും കണ്ണുകളിലെ ക്രൂദ്ധതയും ജട പിടിക്കുന്നതിനു പകരം ഭംഗിയായി വെട്ടിയൊതുക്കിയ മുടിയിഴകളും ഒരു സന്യാസിയേക്കാള്‍ തെരുവുഗുണ്ടയുടെ മട്ടായിരുന്നു പ്രതിഫലിപ്പിച്ചത്.
ഹംസിന്റെ നിരീക്ഷണങ്ങള്‍ പതിവിലുമധികം ദീര്‍ഘിച്ചപ്പോള്‍ സന്യാസിയും സംശയാകുലനായി. തന്റെ ചോദ്യങ്ങള്‍ ആഗതന്‍ കേട്ടില്ലെന്ന് കരുതി ഒന്നുകൂടി ആവര്‍ത്തിച്ചു.
‘നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ? നിങ്ങള്‍ ആഗ്രഹിച്ചത് എപ്പോഴെങ്കിലും നടന്നിട്ടുണ്ടോ?’
ഒരു സ്വപ്നാടനത്തില്‍ നിന്ന് ഉണരാനുള്ള അവസരമായിരുന്നു അത്. ഹംസ് ആ അവസരം മുതലാക്കുകയും സന്യാസിയുടെ മുഖത്തു നിന്നും കണ്ണെടുത്ത് പിറകിലെ വെള്ളക്കുന്നുകളില്‍ നിന്നുയരുന്ന കറുത്ത പുകച്ചുരുളുകളിലേക്ക് നടുകയും ചെയ്തു. ആ പുകച്ചുരുളുകളുടെ രഹസ്യമറിയാനായിരുന്നു ഞൊടിയിടയിലെ ഹംസിന്റെ ചിന്താമാറ്റം. പക്ഷേ അവ തന്റെ ആലോചനകള്‍ക്കുമപ്പുറമാണെന്ന് പെട്ടെന്നു തന്നെ തിരിച്ചറിയുകയും സന്യാസിയുടെ ചോദ്യത്തിനു തന്നെ ഉത്തരം പറയാന്‍ തുടങ്ങുകയും ചെയ്തു.
‘ഇല്ല.. എന്റെ ആഗ്രഹങ്ങള്‍ ഇതുവരേയും പൂര്‍ത്തിയായിട്ടില്ല. ചില ആഗ്രഹങ്ങള്‍ പാതിവഴിയില്‍ നിന്നു. അല്ലെങ്കിലും അവ പാതിവഴിയില്‍ തന്നെ നില്‍ക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ജന്‍മനക്ഷത്രങ്ങള്‍ പറയുന്നത് എന്റെ ലോകാവസാനം 28 ാം വയസില്‍ പൂര്‍ത്തിയാവുമെന്നാണ്. ആദ്യം ഈ രേഖയില്‍ എനിക്ക് വിശ്വാസമുണ്ടായിരുന്നില്ല. പക്ഷേ, ചില നിമിത്തങ്ങള്‍ എന്നെ നക്ഷത്രങ്ങളെ വിശ്വസിക്കാന്‍ പ്രേരിപ്പിച്ചു. വിശ്വാസിയായതു മുതല്‍ ജീവിതത്തില്‍ എനിക്കു ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളെക്കുറിച്ച് ഞാന്‍ ബോധവാനായി. നടക്കാന്‍ കഴിയാത്ത ആഗ്രഹങ്ങളെ കീഴടക്കാന്‍ ശ്രമിച്ചു. അപ്പോഴെല്ലാം അവ വളരെ വിദൂരതയിലാണെന്ന് മനസിലായി..’
ഹംസ് ഇത്രയും പറഞ്ഞു കഴിഞ്ഞ ഉടനെ താന്‍ സ്വീകരിക്കേണ്ട ഭാവത്തെക്കുറിച്ച് ആലോചിച്ചു. പിന്നെ തലകുനിച്ചു നിന്നു. സന്യാസി, ഇപ്പോള്‍ താന്‍ കരയുകയാണെന്നു കരുതുമെന്നും അതിനാല്‍ മെല്ലെ എഴുന്നേല്‍പ്പിച്ച് ആശ്വസിപ്പിക്കുമെന്നും ഊഹിച്ചു. നാലു നിമിഷങ്ങള്‍ക്കു ശേഷം ആ കണക്കുകൂട്ടല്‍ യാഥാര്‍ഥ്യമാവുകയും ചെയ്തു.
തുടര്‍ന്നാണ് സന്യാസി അനശ്വരതയുടെ രഹസ്യങ്ങള്‍ അയാള്‍ക്കു കൈമാറിയത്. അനശ്വരതയെന്നാല്‍ ഈശ്വരനെ തോല്‍പ്പിക്കുന്നതല്ല. പ്രകൃതിയില്‍ ഈശ്വരന്‍ നമുക്ക് നല്‍കുന്ന ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ വേണ്ടി കൂടുതല്‍ സമയം ചോദിക്കുന്നതാണ്. കൂടുതല്‍ സമയം ലഭിക്കുന്നതു വഴി ലക്ഷ്യങ്ങള്‍ കൃത്യമായും കാര്യക്ഷമമായും ചെയ്യാന്‍ കഴിയുന്നു. ഈശ്വരന്, അനശ്വരരാവാനുള്ള നമ്മുടെ ശ്രമങ്ങളില്‍ ഇപ്പോള്‍ ദേഷ്യം തോന്നാമെങ്കിലും അന്ത്യനാളിലെ ഉപഹാരസമര്‍പ്പണച്ചടങ്ങില്‍ പ്രത്യേക അംഗവസ്ത്രങ്ങളാല്‍ ആദരിക്കപ്പെടുക അനശ്വരതയ്ക്ക് ശ്രമിച്ചവനാവും. നമ്മളാവും.
‘നമ്മള്‍?’
ഹംസ് സംശയിച്ചു.
‘അതേ, നമ്മള്‍..’
സന്യാസി തുടര്‍ന്നു.
‘എന്നെ നോക്കൂ. ആദ്യനോട്ടത്തില്‍ നിങ്ങള്‍ക്കെന്റെ ചെറുപ്പമാണ് കാണാന്‍ കഴിയുന്നതെങ്കിലും എന്റെ ശരീരത്തിന് വയസ് 180 കഴിഞ്ഞു. നീണ്ടതല്ലാത്ത 180 സംവത്‌സരങ്ങള്‍. ഈ വര്‍ഷങ്ങളൊക്കെയും ഞാന്‍ ദൈവം എന്നെ ഏല്‍പ്പിച്ച ലക്ഷ്യപൂര്‍ത്തീകരണത്തിലായിരുന്നു. പക്ഷേ ഇനിയും എനിക്കവ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിനാല്‍ ഞാന്‍ അനശ്വരനായി തുടരുന്നു.
നിനക്ക് നോഹ പ്രവാചകനെ അറിയില്ലേ? ദൈവവിശ്വാസം പ്രചരിപ്പിക്കുക എന്ന ലക്ഷ്യപൂര്‍ത്തീകരണത്തിനായി അദ്ദേഹം 950 ലേറെ വര്‍ഷങ്ങള്‍ പ്രബോധനം ചെയ്തു. അഥവാ, ഏല്‍പ്പിച്ച കര്‍ത്തവ്യം നിര്‍വഹിക്കാനായി അദ്ദേഹം ദൈവത്തില്‍ നിന്ന് അല്‍പമേറെ സമയം വാങ്ങി..’
‘പക്ഷേ എന്റെ ലക്ഷ്യം, എന്റെ മാര്‍ഗം.. അതെങ്ങനെയാണ് ഞാന്‍ തിരിച്ചറിയുക? ’
ഹംസ് ഇടയ്ക്ക് സംശയത്തോടെ ചോദിച്ചു.
‘നിന്റെ നക്ഷത്രങ്ങളെ തിരുത്തുന്നതാണ് നിന്റെ ജീവിതലക്ഷ്യം. നിന്റെ വിധിയെ കീഴടക്കുന്നതാണ് നിന്റെ വെല്ലുവിളിയും ദൗത്യവും. അതില്‍ നീ വിജയിച്ചാല്‍ മുഴുവനായും നിന്റെ ജീവിതലക്ഷ്യം നേടിയതായി കരുതാം..’
സന്യാസി ഇനിയൊരു സംശയത്തിന് ഇട നല്‍കാതെ പറഞ്ഞുനിര്‍ത്തി. ഹംസ് നിങ്ങള്‍ ഊഹിച്ചതു പോലെ സന്യാസിയ്ക്കു മുന്നില്‍ തല കുനിച്ചു നിന്നു. പിന്നില്‍ അപ്പോഴും അകലെയുള്ള വെളുത്ത മലയില്‍ നിന്ന് കറുത്ത പുകച്ചുരുളുകള്‍ ഉയര്‍ന്നുകൊണ്ടിരുന്നു.
തൊട്ടടുത്ത ദിവസം മുതലാണ് ഹംസ് ചിരംഞ്ജീവിയാവാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയത്. അതിന്റെ പ്രതിഫലമായി സംഗീതഞ്ജന്റെ കുറ്റമേറ്റെടുത്തതില്‍ നിന്നു ലഭിച്ച പണം മുഴുവനും സന്യാസിയ്ക്കു നല്‍കുകയും ചെയ്തു. ഒരു സന്യാസിയ്ക്ക് സമ്പത്ത് ആവശ്യമില്ലെന്ന വിശ്വാസം തിരുത്തിക്കുറിക്കപ്പെട്ട മുഹൂര്‍ത്തം കൂടിയായിരുന്നു ആ പണകൈമാറ്റം.
‘ഗുരുവിന്റെ കീഴില്‍ നിരവധി സ്ഥാപനങ്ങള്‍ നടത്തിവരുന്നുണ്ട്. കൂടാതെ നിരവധി സ്ഥാപനങ്ങളുടെ മേലധികാരി സ്ഥാനവും അദ്ദേഹത്തിനാണ്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ആശുപത്രികള്‍, ബഹുനിലകെട്ടിടങ്ങള്‍, മാധ്യമങ്ങള്‍ തുടങ്ങി പലതും വരും സ്ഥാപനങ്ങളില്‍. ഇതൊക്കെ നടത്തി, കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോവാന്‍ സമ്പത്ത് വേണം. അപ്പോള്‍ കൈയ്യും മുകളിലുയര്‍ത്തി പ്രാര്‍ഥിച്ചിട്ട് കാര്യമില്ല. ഇതുപോലുള്ള സംഭാവനകള്‍ തന്നെ വേണം. നാട്ടിലെ ലുബ്ധന്‍മാരായ ജനങ്ങളില്‍ നിന്ന് (ഇവരെ വിശ്വാസികളെന്നോ ഭക്തന്‍മാരെന്നോ വിളിക്കാം.) ഇടയ്ക്കിടെ സമീപിച്ച് പിരിവെടുത്താലൊന്നും കാര്യം നടക്കില്ല. ഇനി പിരിവെടുത്താലോ, ഇവിടത്തെ കാവല്‍ക്കാരന്റെ ഒരു നേരത്തെ ഭക്ഷണത്തിന് പോലും അത് തികയില്ല. അഥവാ, തികഞ്ഞാല്‍ അതൊരു ഭാഗ്യമായി മാത്രം കണക്കാക്കിയാല്‍ മതി. അപ്പോള്‍ താങ്കളെപ്പോലുള്ള ആള്‍ക്കാരാണ് (അനുഗ്രഹീതരെന്നോ ഭക്തശിരോമണികളെന്നോ മാന്യദേഹങ്ങളെന്നോ വിളിക്കാം.) ഞങ്ങള്‍ക്ക് ഏറ്റവും വേണ്ടപ്പെട്ടവര്‍. നിങ്ങളെപ്പോലുള്ളവരുടെ സന്ദര്‍ശനമാണ് ഞങ്ങള്‍ എന്നും കൊതിയോടെ കാത്തിരിക്കുന്നത്. ഗുരു ഒന്നും പരസ്യമായി ആവശ്യപ്പെടില്ലെങ്കിലും ആ മനസ് ഞങ്ങള്‍ക്കറിയാം. അദ്ദേഹത്തിനു എന്നും ആരോടും കാരുണ്യം ചെയ്യണം. ആ കാരുണ്യത്തിനു കാരണക്കാരാവുന്നതാവട്ടെ, നിങ്ങളുടെ പണവും. അല്ലെങ്കിലും പണം കൊണ്ടെന്തു പ്രയോജനം? അതു നിങ്ങളുടെ അടുത്തായാലും ഞങ്ങളുടെ അടുത്തായാലും ഒരു പോലെയല്ലേ? ഞങ്ങളുടെ അടുത്താവുമ്പോള്‍ അത് കുറച്ചുകൂടി പ്രയോജനകരമായ കൈകളിലെത്തിയെന്നു മാത്രം കരുതിയാല്‍ മതി..’
സന്യാസിയുടെ സാമ്പത്തികകാര്യങ്ങള്‍ നോക്കിനടത്തുന്ന മാനേജര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. വര്‍ഷങ്ങളോളമായി ഗുരുവിന്റെ കൂടെയായിരുന്നതിനാല്‍ അയാളുടെ സ്വരത്തിനും ഗുരുവിന്റേതു പോലെ ശാന്തതയുണ്ടായിരുന്നു. ചില അവസരങ്ങളില്‍, ഉദാഹരണത്തിന് പണത്തിന്റെ അര്‍ഥമില്ലായ്മയെക്കുറിച്ച് പറയുമ്പോഴെല്ലാം അയാള്‍ ശരിക്കും സന്യാസിയുടെ പ്രതിപുരുഷനാണെന്ന് തന്നെ തോന്നിച്ചു.
മറ്റൊരു ഗുരു.
മറ്റൊരു തീര്‍ത്ഥങ്കരന്‍.
മറ്റൊരു ശ്രീബുദ്ധന്‍.
അനശ്വരതയിലേക്കുള്ള കാല്‍വെപ്പുകളായിരുന്നു അടുത്ത 14 ദിവസങ്ങള്‍. വെറുങ്ങലിച്ചു നിന്ന പ്രാണന്റെ തരികള്‍, ജീവനോടു എങ്ങനെയൊക്കെ ചേര്‍ത്തുവയ്ക്കണമെന്നു ഓരോ കോശത്തോടും കല്‍പ്പിക്കപ്പെട്ട ദിനരാത്രങ്ങള്‍. അടച്ചിട്ട, നിശബ്ദമായ മുറിയില്‍ വെളിച്ചമില്ലാതെ കഴിച്ചുകൂട്ടുകയായിരുന്നു ആദ്യത്തെ ആറു ദിവസത്തെ ചിട്ട. ഒരു തരം കോണ്‍സണ്‍ട്രേഷന്‍ ക്യാംപിലെത്തിയ അവസ്ഥയായിരുന്നു, ഹംസിന് അപ്പോള്‍. ഏഴാം ദിവസം പുറത്തിറങ്ങിയപ്പോള്‍ തന്റെ അനുമാനങ്ങള്‍ ശരിയാണെന്നു ബോധ്യമാവുകയും ചെയ്തു. ഏകദേശം ഒരു നൂറ്റാണ്ട് മുമ്പ് ഇതേ സന്യാസി തന്നെയായിരുന്നു റഷ്യയിലെ സാര്‍ ചക്രവര്‍ത്തി കുടുംബത്തിന് കോണ്‍സണ്‍ട്രേഷന്‍ ക്യാംപിനെക്കുറിച്ച് ഉപദേശിച്ചത്. ഉപദേശം ശിരസാവഹിച്ച ചക്രവര്‍ത്തി തന്റെ ജയിലറകളിലെ ശിക്ഷാവിധികള്‍ സന്തോഷപൂര്‍വം പരിഷ്‌ക്കരിക്കുകയും ആശയത്തിനുള്ള പ്രതിഫലമായി നാല് റഷ്യന്‍ സുന്ദരിമാരേയും ഒരു കുതിരയ്ക്ക് ചുമക്കാന്‍ കഴിയുന്നത്രയും ചക്രവര്‍ത്തിയുടെ മുഖം കൊത്തിയ സ്വര്‍ണനാണയങ്ങളും നല്‍കി. തുടര്‍ന്ന് എല്ലാ വര്‍ഷവും ചക്രവര്‍ത്തിയുടെ ജന്‍മദിനാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ഗ്ലാഡിയേറ്റര്‍ ഷോകളില്‍ സ്ഥിരം ക്ഷണിതാവായിരുന്നു സന്യാസി. ചോര ചിന്തുന്നതു കാണാന്‍ അദ്ദേഹത്തിനു മറ്റാരേക്കാളും ആവേശമാണെന്ന് അന്നൊരു ദേശീയ ദിനപത്രം എഴുതുകയും ചെയ്തിരുന്നു. (അതെഴുതിയ ലേഖകന്‍ മൂന്നാം നാള്‍ അഞ്ജാതരുടെ വെടിയേറ്റു മരിച്ചത് അന്ന് മാതൃപത്രമടക്കം ആരും പ്രസിദ്ധീകരിക്കാതിരുന്ന സംഭവങ്ങളിലൊന്നായിരുന്നു.)
പിന്നീടുള്ള എട്ടു ദിവസം വ്രതമായിരുന്നു. ജലപാനം പോലുമില്ലാത്ത കഠിനവ്രതം. ആദ്യമായി ആയിരുന്നു അത്രയും നാള്‍ ഹംസ് പട്ടിണി കിടക്കുന്നത്. ഇതിനു മുമ്പ് രണ്ട് ദിവസമായിരുന്നു ഹംസിന്റെ ഏറ്റവും ദീര്‍ഘിച്ച വ്രതാനുഭവം. അന്നു പട്ടിണി കിടക്കേണ്ടി വന്ന കാരണങ്ങളെ ക്രൂരമായി തന്നെ ഹംസ് വെറുത്തിരുന്നു. ആ കാരണങ്ങള്‍ക്ക് ജീവനുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും തൊട്ടടുത്ത നിമിഷം തന്നെ അതിനെ വധിച്ച് ലോകചരിത്രത്തില്‍ ആദ്യമായി കാരണങ്ങളെ ഇല്ലാതാക്കിയ ആള്‍ എന്ന നിലയ്ക്ക് ചരിത്രപുസ്തകത്തില്‍ നടന്നുകയറിയേനെ.
ഹംസിന്റെ അമ്മ മരിച്ച ദിവസമായിരുന്നു അന്ന്. ഉറക്കത്തിലായിരുന്നു മരണം. അതിനാല്‍ രാവിലെ മുതല്‍ വീട്ടില്‍ അലമുറയും കരച്ചിലുമല്ലാതെ ഒന്നും പാചകം ചെയ്തിരുന്നില്ല. ഓടിക്കൂടിയവര്‍ക്കും തമ്പടിച്ചവര്‍ക്കും മുന്നില്‍ മുതലക്കണ്ണീര്‍ വാര്‍ത്തെങ്കിലും പിന്നീടതു വിശന്നു വലഞ്ഞുള്ള യഥാര്‍ത്ഥ കണ്ണീരായി. മരണവീടായിരുന്നതിനാല്‍ ആരും പാചകം ചെയ്യാന്‍ മുതിര്‍ന്നതുമില്ല. വന്നവരെല്ലാം മരണത്തിന്റെ അനശ്വരതയ്ക്കും സ്ഥായീഭാവത്തിനും മുന്നില്‍ ദുഃഖാര്‍ത്തരായി പരിസരം മറന്ന് നിന്നു. അവരാരും ഹംസിന്റെ മുതലക്കണ്ണീരില്‍ സംശയിച്ചുമില്ല.
അന്ന് രാത്രിയായിട്ടും വിശപ്പു ശമിപ്പിക്കാന്‍ കഴിയാതിരുന്ന ഹംസ് ഉച്ചത്തില്‍ കരയുകയും മരിച്ചുകിടന്ന അമ്മയെ മനസറിഞ്ഞു ശപിക്കുകയും ചെയ്തു. കരച്ചില്‍ കണ്ടുനിന്നവരെല്ലാം അമ്മയോടുള്ള ഹംസിന്റെ അദമ്യസ്‌നേഹത്തെ പ്രകീര്‍ത്തിക്കുകയും ഇങ്ങനെയൊരു മകന്‍ തങ്ങള്‍ക്കില്ലാതെ പോയതില്‍ ദുഃഖിക്കുകയും ചെയ്തു. അപ്പോഴും ഹംസ് കരഞ്ഞുകൊണ്ട് തന്നെ നിന്നു.
കരഞ്ഞ് കരഞ്ഞ്..
അന്ന് വിശപ്പ് എന്തെന്ന് ഹംസ് ആദ്യമായി അറിയുകയായിരുന്നു.
വിശപ്പ് മനുഷ്യനെ കരയിക്കും.
ഉപവാസവും നിരാഹാരവുമെല്ലാം വെറുക്കപ്പെടേണ്ടതാണ്. അവ അര്‍ഥശൂന്യമാണ്. വെറുതെ എന്തിന് സ്വശരീരത്തെ വേദനിപ്പിക്കണം?
അതിനാല്‍ ആരും ഉപവസിക്കരുത്.
ആരും പട്ടിണി കിടന്ന് സ്വശരീരത്തെ വേദനിപ്പിക്കരുത്.
ശരീരസൗന്ദര്യത്തിനും അവയവവടിവിനും വേണ്ടി രാവിലെ എഴുന്നേറ്റ് ശരീരത്തെ വ്യായാമം ചെയ്യിക്കുന്നവരും വിയര്‍പ്പിക്കുന്നവരുമെല്ലാം വിഡ്ഢികളാണ്.
നിശ്ചയമില്ലാത്ത ഭാവിയ്ക്കു വേണ്ടി ഇന്നുതന്നെ എന്തിന് വെറുതേ ശരീരത്തെ വേദനിപ്പിക്കണം?
No comments:
Post a Comment