Sunday, January 15, 2012

കോട്ടയം കഥ- എന്നാ ഉവ്വേ, വിശേഷങ്ങള്?






















കോട്ടയം കഥ- എന്നാ ഉവ്വേ, വിശേഷങ്ങള്?




ഒരു കഥയുണ്ട്. എന്തും തുറന്നടിച്ചു സംസാരിക്കുന്നവരാണ് തങ്ങളെന്ന് തുറന്നുസമ്മതിക്കാന്‍ കോട്ടയത്തുകാര്‍ക്കു ഒരു മടിയുമില്ല. എന്നാല്‍ തങ്ങള്‍ ക്ഷിപ്രകോപികളാണെന്നു പറഞ്ഞാല്‍ അവര്‍ ദേഷ്യത്തോടെ ചോദിക്കും, ‘എന്നാടാ, ആരാടാ ഉവ്വേ, അതു തന്നോടു പറഞ്ഞതെന്ന്’. തൊട്ടടുത്ത നിമിഷം ‘അപ്പോഴേക്കും പിണങ്ങിയോ, ഞാനൊരു തമാശ പറഞ്ഞതല്ലിയോ’ എന്നു സ്‌നേഹപൂര്‍വം തോളില്‍ കൈ ചുറ്റി തിരുത്തുകയും ചെയ്യും. കഞ്ഞിക്കുഴിയിലെ ചിപ്പി ലേഡീസ് സ്റ്റാള്‍ കാര്യക്കാരായ ജോജി മാത്യുവും നിമ്മിയും, ആളും തരവും ഫോട്ടോയെടുക്കുന്ന ശകടവും കണ്ടപ്പോള്‍ തെല്ലുസംശയത്തോടെ ചോദിച്ചു. ‘എന്നാ? എന്നതാ കാര്യം?’ വിശദീകരിച്ചപ്പോള്‍, ഇത്രേയുള്ളൂ എന്ന മട്ടില്‍ ഓര്‍മകളിലെ ക്രിസ്മസ് ദിനങ്ങള്‍ പറഞ്ഞുതുടങ്ങി. ‘ഇപ്പോഴെല്ലായെടോം റെഡിമെയ്ഡാണേലും കേക്കും നക്ഷത്രവും പുല്‍ക്കൂടുമൊക്കെ ആവേശത്തോടെ ഉണ്ടാക്കുന്ന ഒരു കാലമുണ്ടായിരുന്നേ. അന്നൊക്കെ മംഗളം മംഗളമേ, പാടി എല്ലാ വീടുകളും കയറിയിറങ്ങും. ഇടയ്ക്ക് സാന്താക്ലോസുമാവും. ഒക്കെ ഒരു കാലം!’
കോട്ടയത്തെ സൗഹൃദങ്ങള്‍ അങ്ങനെയാണ്. ആദ്യമൊരു സംശയനോട്ടത്തോടെ അകന്നുനില്‍ക്കും. പിന്നെ ഇണപിരിയാന്‍ പറ്റാത്തവിധം അടുക്കും. എന്നും കൂടെ ഒരു വെടിവട്ടവും യാത്രകളുമൊക്കെയായി സൗഹൃദമങ്ങ് അടിച്ചുപൊളിക്കും. കോഫീഹൗസിലും തിരുനക്കര മൈതാനത്തും കുമരകത്തും വാഗമണ്ണിലുമായി അവ പൂക്കും. 50 വര്‍ഷമായി കോട്ടയം മാര്‍ക്കറ്റില്‍ പലചരക്കു മൊത്തവ്യാപാരം നടത്തുന്ന വിജയരാഘവന്റെ പഴയ മട്ടിലുള്ള കടയില്‍ പഴയ കാല സുഹൃത്തുക്കളെല്ലാമുണ്ട്. മുമ്പ് ഈരാറ്റുപേട്ടേന്നും കാഞ്ഞിരപ്പള്ളിയില്‍ നിന്നുമൊക്കെ ചരക്കെടുക്കാന്‍ ആളുകള്‍ വന്നിരുന്നു. ഇന്ന് പഴയ കച്ചവടപ്രതാപത്തിന്റെ കാലമൊക്കെ കഴിഞ്ഞു. ‘എല്ലായിടവും ടൗണായി വികസിച്ചെന്നേ. ഇപ്പം അവര്‍ക്കൊന്നും ഇങ്ങോട്ടു വരികയേ വേണ്ടല്ലോ. വെറുതെയെന്തിനാ ട്രാന്‍സ്‌പോര്‍ട്ട് കാശ് കളയുന്നേ?’ വിജയരാഘവന്‍ വികസനത്തിന് മാര്‍ക്കിട്ടു. ‘പിന്നെ കച്ചോടം ഇപ്പം ഇത്തിരി ഡള്ളാണേലും അടുത്തുള്ള പ്രദേശങ്ങളില്‍ നിന്ന് ചില സ്ഥിരം കസ്റ്റമേര്‍സുണ്ട്. വിശ്വസ്തതയും സ്‌നേഹവുമാ ഇതില് പ്രധാനം..’ അരനൂറ്റാണ്ടുകാലത്തെ സൗഹൃദക്കൂട്ടായ്മ അതു ശരി വയ്ക്കുകയും ചെയ്തു.
ചെമചെമാന്ന മീന്‍കറിയും കപ്പയും
‘നല്ല ചെമചെമാന്നുള്ള മീന്‍കറി. കൂടെ കപ്പയും ശകലം കരിമീന്‍ പൊള്ളിച്ചതുമങ്ങ് ചെന്നേച്ചാ മതി. ഞങ്ങള് കോട്ടയംകാര് ഹാപ്പിയാ. വൈകുന്നേരാ അതിന്റെയൊരു നേരം. പിന്നെ വീട്ടില്‍ ഭാര്യേടേം പിള്ളാര്‌ടേയും കൂടെ. ഞായറാഴ്ചയാണെങ്കില്‍ ഒരു ഫസ്റ്റ് ഷോയോ, സെക്കന്റ് ഷോയോ..’ കലക്‌ട്രേറ്റ് പടിക്കലെ സീബ്ര ലൈന്‍ കടക്കുന്നതിനിടയില്‍ സജി ഇഷ്ടഭക്ഷണത്തെക്കുറിച്ചും ലൈഫ്‌സ്‌റ്റൈലിനെക്കുറിച്ചും വാചാലനായി. കക്ഷിയ്ക്ക് കലക്‌ട്രേറ്റില്‍ തന്നെ ജോലി. എളുപ്പം അതിരമ്പുഴയ്്ക്കുള്ള ബസ് പിടിക്കണം. ഒരു വൈകുന്നേര മഴ ആകാശത്ത് തെളിഞ്ഞുനില്‍ക്കുന്നുണ്ട്. എന്നും കഴിയുന്നതും നേരത്തെ വീടണയാനാണ് നാട്ടുകാര്‍ക്കിഷ്ടം. മിക്ക ഹോട്ടലുകളും ഷോപ്പുകളും എട്ടെട്ടര മണിയാവുമ്പോഴേക്കും ഷട്ടര്‍ താഴ്ത്തും. പിന്നെ ഭക്ഷണമെന്നാല്‍ തട്ടുകടയാണ്. ഓരോ മുക്കിലുമുണ്ട് അത്യാവശ്യത്തിനു തട്ടുകടകള്‍. ചിക്കന്‍ ഫ്രൈയും പോട്ടിയും ചൂടാറാത്ത തട്ടു ദോശയും എപ്പോഴും റെഡി. അന്‍സാരിയുടെയും തങ്കച്ചന്റേയും അജിയുടേയുമല്ലാം തട്ടുകടയ്ക്കു മുന്നില്‍ ഫസ്റ്റ് ഷോയും സെക്കന്റ് ഷോയും കഴിഞ്ഞതിനു ശേഷം തിരക്കിന്റെ കോട്ടയം സ്‌പെഷ്വലായിരിക്കും. ‘ചേട്ടാ, ഒന്ന് കഴിച്ചിട്ടു പോവാന്നേ..’
വില പ്രശ്‌നമല്ല, പക്ഷേ മുറ്റാവണം!
ശാസ്ത്രി റോഡിലെ നമ്പര്‍ പ്ലെയിറ്റ് കടകള്‍ക്കു ജീവന്‍ വച്ചു തുടങ്ങുന്നതേ ഉള്ളൂ. നമ്പര്‍ പ്ലേറ്റ്, പ്ലാസ്റ്റിക് ബോര്‍ഡ്, റബര്‍ സ്റ്റാംപ് അച്ചുകള്‍ എല്ലാമുണ്ട്. മൊത്തം 30 ഓളം കടകളെങ്കിലും വരും നിരനിരയായി. ‘വണ്ടിക്കച്ചോടത്തിന് ഇവിടെയങ്ങിനെ കാലോം നേരോംന്നില്ല. ക്രിസ്മസായാലും തിരുനക്കര ക്ഷേത്രത്തിലെ ഉത്‌സവായാലും കച്ചോടം ഒരു പോലെയാ.. ഒന്നാമത് ഏതാണ്ട് എല്ലാ ഐറ്റത്തിന്റെയും ഷോറൂമും ഡീലേര്‍സുമല്ലാം ഈ കോട്ടയത്തല്ലിയോ? വണ്ടീല് മാത്രമല്ല, എന്തിലും ഏതിലും ഉണ്ട് ഞങ്ങക്കീ ബ്രാന്‍ഡ് കമ്പം..’ 25 വര്‍ഷമായി വിവിധ മോഡല്‍ വണ്ടികള്‍ക്ക് ചേലുള്ള നമ്പര്‍ പ്ലേറ്റ് വരച്ചുവരുന്ന സ്വാതി പ്ലാസ്റ്റിക്‌സ് പ്രൊപ്രൈറ്റര്‍ അനില്‍ ഡിസൈന്‍ മാതൃകകള്‍ എടുത്തു നിരത്തി. എല്ലാ കടകളിലുമുണ്ട് ഏതാണ്ടൊരേ പോലെ തിരക്ക്. ഒരര മണിക്കൂര്‍ കാത്തു നില്‍ക്കുമ്പോഴേക്കും നമ്പര്‍ പ്ലേറ്റ് റെഡി. കോട്ടയത്തെക്കൂടാതെ ഇടുക്കി, പത്തനം തിട്ട രജിസ്‌ട്രേഷനിലുള്ള വണ്ടികളുമുണ്ട് ക്യൂവില്‍. ഇതിനിടെ പാലാ രജിസ്‌ട്രേഷനില്‍ ഒരു പുതുപുത്തന്‍ വിദേശനിര്‍മിത വൈപ്പര്‍ ബൈക്ക് കടയ്ക്കു മുന്നില്‍ നിര്‍ത്തി. എന്തുവില കൊടുത്താലും സാരമില്ല, സാധനം മുറ്റായിരിക്കണമെന്ന് നാട്ടുകാര്‍ക്കു നിര്‍ബന്ധമുണ്ട്. ഈ നിര്‍ബന്ധമാണ് നഗരത്തിലെ ഏതാണ്ടെല്ലാ ബ്രാന്‍ഡുകളുടെയും ഷോറൂമുകള്‍ക്കു പിന്നില്‍. ക്വാളിറ്റിയിലും ക്ലാസിലുമാണ് കണ്ണ്. എങ്കിലും പഴമയേയും പൗരാണികതയേയും ചരിത്രത്തേയും ബഹുമാനിക്കുന്ന മനസുണ്ട്.
കോട്ടയം വളരുന്നതു കാണൂ!
മാണിസാറിന്റെ കേരളകോണ്‍ഗ്രസ് പ്രതിപത്തി കൂടാതെ ഈയിടെയായി അല്‍പസ്വല്‍പം ഫ്‌ളാറ്റു പ്രിയവും നഗരത്തില്‍ തല പൊക്കിയോ എന്നൊരു സംശയം. ഏതാണ്ടെല്ലാ ബില്‍ഡേര്‍സിന്റേയും വമ്പന്‍ ഫ്‌ളാറ്റുകള്‍ അല്‍പാല്‍പമായി ഉയര്‍ന്നുവരുന്നതു കാണാം. ഫുഡ് ഫെസ്റ്റിവലും ഫ്‌ളവര്‍ ഷോയും ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റും ഹെരിറ്റേജ് ഫെസ്റ്റുമല്ലാം കോട്ടയത്തുകാര്‍ തകര്‍ത്താസ്വദിക്കുന്ന വിശേഷങ്ങള്‍.
തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തൊഴുതു മടങ്ങാനൊരുങ്ങുകയാണ് മിനിയും മക്കളായ റീഷ്മയും ഗ്രീഷ്മയും. എല്ലാ ഷശ്ടിയ്ക്കും വിശേഷദിവസങ്ങളിലും തൊഴുന്നത് ഒരു ശീലമാണ്. തിരിച്ചുപോവുമ്പോള്‍ ഓരോ മുല്ലമാലയും വാങ്ങും. ഉത്‌സവകാലത്ത് എങ്ങും മുല്ലയുടേയും ജെമന്തിയുടേയും മണമാവും നഗരം മുഴുവനും. ക്രിസ്തുമസായാല്‍ പിന്നെ നക്ഷത്രങ്ങളും പുല്‍ക്കൂടുകളും അലങ്കാരവിളക്കുകളും. ചിലപ്പോള്‍ എല്ലാ കോംബിനേഷനും ഒരു കടയില്‍ തന്നെ കണ്ടെന്നും വരാം. എന്തായാലും മധുരൈക്കാരനായ പൂക്കച്ചവടക്കാരന്‍ മാരിയണ്ണന്റെ ബിസിനസ് നോട്ടത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നും വരുന്ന പൂക്കള്‍ക്ക് എന്നും ഡിമാന്റാണ്. ചിലപ്പോള്‍ മുന്നിലെ ഓട്ടോക്കാരും ചുമ്മാ വാങ്ങി വയ്ക്കും രണ്ടു ചാണ്‍ മുല്ല. ഒന്നുകില്‍ ഓട്ടോയില്‍ തൂക്കിയിടാന്‍, അല്ലെങ്കില്‍ നഗരമധ്യത്തിലെ വളരുന്ന ദിവ്യകല്ലില്‍ അലങ്കരിക്കാന്‍. ‘കോട്ടയം വളരുന്നതു പോലെ ഈ കല്ലും വളരുന്നുണ്ടെ’ന്ന് അച്ചടി ഭാഷയില്‍ കിളിരൂര്‍ കുന്നിലമ്മ ഓട്ടോ ഡ്രൈവര്‍ ഷാജിയും കൂട്ടരും സാക്ഷ്യപ്പെടുത്തുന്നു.
ഹലോ, പുതിയ പുസ്തകം വന്നിട്ട്ണ്ട്..
അക്ഷരനഗരി. പണ്ടേ പതിഞ്ഞ പേര്. അതു കാത്തുസൂക്ഷിക്കാനാവണം, കണ്ടവരൊക്കെയും പത്രഭാഷയില്‍ സംസാരിച്ചുതുടങ്ങുന്നു! എങ്കിലും ഇടയ്‌ക്കൊരു ‘ചുമ്മാ’ യും, ‘ഉവ്വേ’ യും ‘പിന്നേ’ യും അറിയാതെ വരുന്നുമുണ്ട്. പലരും ഒടുക്കത്തെ പുസ്തകപ്രേമികളുമാണ്. നാല്‍പത്തഞ്ചു കൊല്ലമായി പഴയതും പുതിയതുമായ പുസ്തകങ്ങള്‍ വില്‍ക്കുന്ന മുഹമ്മദ് കുട്ടിയും നാഗമ്പടത്തെ അനസും തോമസുമല്ലാം സാധാരണക്കാരന്റെ പുസ്തകബ്രാന്‍ഡ് അംബാസഡര്‍മാര്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അധ്യാപകരും വിദ്യാര്‍ഥികളുമടങ്ങുന്ന പുസ്തകപ്രേമികള്‍ക്കെല്ലാം ഇവരുടെ മൊബൈല്‍ നമ്പര്‍ കാണാപാഠം. ഏതു പുതിയ പുസ്തകം വന്നാലും സ്ഥിരം കസ്റ്റമേര്‍സിനെ വിളിച്ചറിയിക്കും. ഗൈഡുകളും മറ്റ് അക്കാദമിക് ഗ്രന്ഥങ്ങളും വാങ്ങി ഉപകാരപ്പെട്ടവര്‍ ഉദ്ദിഷ്ടസ്മരണകളുമായി വരാറുമുണ്ട്. ഇപ്പോള്‍ തന്നെ കാണാം, ചേതന്‍ ഭഗതിന്റെ ഏറ്റവും പുതിയ നോവല്‍ വാങ്ങാന്‍ വന്ന ഷഫീറിനെ. ബാംഗ്ലൂരില്‍ സോഫ്ട്‌വെയര്‍ എന്‍ജിനീയറായ ഷഫീര്‍ എപ്പോള്‍ നാട്ടില്‍ വന്നാലും നാഗമ്പടത്തെ തെരുവുപുസ്തകശാലകളിലെത്തും. പിന്നെ ഇഷ്ടം പോലെ പുസ്തകങ്ങളും കൊണ്ടാവും തിരിച്ചുള്ള ബാംഗ്ലൂര്‍ യാത്ര. ഒരു ഫോട്ടോയെടുക്കട്ടേ എന്നു ചോദിച്ചപ്പോള്‍ ‘എന്തു ചെയ്യാം, ഒരു കോട്ടയത്തുകാരന് പുസ്തകപ്രേമിയാവാതിരിക്കാന്‍ പറ്റുമോ’ എന്ന പോസില്‍ മസിലു പിടിച്ചു.
40 ലക്ഷം, ഇന്നോവ കാറ്, ഐ ഇ എല്‍ ടി എസ് കോഴ്‌സ്..
നട്ടുച്ച. രണ്ടു മണി. തായ് മൂകാംബികയില്‍ റിസല്‍ട് അറിയാനുള്ള തിരക്കാണ്. സ്ത്രീകളുമുണ്ട് കൂട്ടത്തില്‍. ഐശ്വര്യം വരുന്ന വഴി ചിലപ്പോ ഐശ്വര്യാ റായിക്കു പോലും പറയാന്‍ പറ്റില്ലല്ലോ. പന്ത്രണ്ടു കൊല്ലം മുമ്പാണ് മുത്തു ലക്കി സെന്റര്‍ തുടങ്ങിയത്. കേരളസര്‍ക്കാറിന്റെ ഒന്നാം സമ്മാനമായ ‘40 ലക്ഷവും ഇന്നോവ കാറും’ എന്ന ഭാഗ്യവുമന്വേഷിച്ച് സ്ഥിരം വരുന്നവര്‍ കൗണ്ടറിനു ചുറ്റുമുണ്ട്. നഗരത്തില്‍ തന്നെയുണ്ട് ഏതാണ്ട് ഇരുപതോളം വലിയ ലോട്ടറി കടകള്‍. സമ്മാനമടിച്ചവര്‍ ലഡുവും ജിലേബിയുമൊക്കെയായി സന്തോഷം പങ്കുവച്ച ചരിത്രവുമുണ്ട്. ‘ഏതു ചെറിയ വിജയവും സന്തോഷവും ആഘോഷിക്കാന്‍ നാട്ടുകാര്‍ക്ക് വല്യ താല്‍പര്യമാണ്..’ കടയിലെ മുത്തുവിന്റെ അസിസ്റ്റന്റ് സെല്‍വത്തിന്റെ വക കോട്ടയത്തിന് തമിഴ് കലര്‍ന്ന പ്രത്യേക പേറ്റന്റ്.
‘പിള്ളാരെയെല്ലാം ഒരു ഡിഗ്രി വരെയെങ്കിലും മിനിമം പഠിപ്പിക്കും. അതിനു ശേഷമേ കല്യാണമുള്ളൂ. പിന്നെയും പഠിക്കണമെങ്കില്‍ അതിനും ഞങ്ങള് തയ്യാറാ. നഴ്‌സിങ്ങും ബി ടെക്കുമാ ഇപ്പോഴത്തെ ഒരു ട്രെന്‍ഡ്. പിന്നെ വിദേശത്തേക്കു പോവാനായി ഐ ഇ എല്‍ ടി എസും പഠിച്ചുവെക്കും... ഇവിടുന്ന് നെരങ്ങുന്നേലും നല്ലത് കൊച്ചുങ്ങള് കടലു കടക്കുന്നതു തന്നെയല്ലേ?’ വിദ്യാഭ്യാസകാര്യത്തില്‍ അപ്പോഴേക്കും അഭിപ്രായം പറയാന്‍ ടൗണില്‍ സ്വര്‍ണക്കട നടത്തുന്ന കുടകശേരില്‍ കടയിലെ തങ്കമ്മയും ചേര്‍ന്നു. മുമ്പ് ടീച്ചറായിരുന്ന അവര്‍ ഭര്‍ത്താവിന്റെ മരണശേഷം പാരമ്പര്യമായി കിട്ടിയ കട ഏറ്റെടുക്കുകയായിരുന്നു. ആ കോംപ്ലക്‌സ് മുഴുവനും സ്വര്‍ണക്കടകളാണ്. മൊത്തം മുപ്പത്തഞ്ചെണ്ണം. ഇതില്‍ ഏതാണ്ട് 15 എണ്ണമെങ്കിലും ഒരു കുടുംബക്കാരുടേത്്. രാവിലെ 10 മുതല്‍ വൈകിട്ട് 7 വരെയുണ്ടാവും കടകള്‍. പണിക്കൂലിയും പണിക്കുറവുമില്ലാത്തതിനാല്‍ സാധാരണക്കാരാണ് ടാര്‍ജറ്റ്.
ശരിയാണ്, മലകള്‍ വെട്ടിപ്പിടിച്ച അധ്വാനശീലമുണ്ടെങ്കിലും യുവതലമുറ കൊതിക്കുന്നത് പ്രവാസമാണെന്ന് ദര്‍ശന കോച്ചിങ് സെന്ററിലെ ഐ ഇ എല്‍ ടി എസ് വിദ്യാര്‍ഥികളായ ഇര്‍വിനും യൂസുഫും ഡയാനയുമെല്ലാം ഒരുപോലെ സ്വപ്നം പങ്കുവയ്ക്കുന്നു. എല്ലാവരും നഴ്‌സിങ് കഴിഞ്ഞവര്‍. ആസ്‌ട്രേലിയായിലേക്കും ബ്രിട്ടണിലേക്കും ന്യുസിലാന്‍ഡിലേക്കും ഖത്തറിലേക്കും പോവാന്‍ വിസയും കാത്തിരിക്കുന്നവര്‍. കോട്ടയത്തിന്റെ പുതിയ മുഖം. പുതിയ ബ്രാന്‍ഡ്.
സുന്ദരികളുടെ നാട്
അല്ലേലും ഞങ്ങള് കോട്ടയംകാര്‍ പത്തുപതിനഞ്ചുകൊല്ലം മുമ്പേ ബ്യൂട്ടിപാര്‍ലറും മസാജ് പാര്‍ലറുമൊക്കെ തുടങ്ങിയതാ ഉവ്വേ.. കഴിഞ്ഞ പത്തു വര്‍ഷമായി നഗരത്തില്‍ ലൈംലൈറ്റ് ബ്യൂട്ടി പര്‍ലര്‍ നടത്തുന്ന ഷീജ ജോസിനു പറയാനുള്ളത് നാട്ടുകാരുടെ സൗന്ദര്യസങ്കല്‍പങ്ങളില്‍ വന്ന മാറ്റങ്ങളെപ്പറ്റി. ‘മുമ്പ് തുടങ്ങിയപ്പോള്‍ മടിച്ചു മടിച്ചായിരുന്നു കസ്റ്റമേര്‍സ്, ഐ മീന്‍ സൗന്ദര്യാസ്വാദകര്‍ വന്നുതുടങ്ങിയത്. പിന്നെ ആ മടി മാറി. ഇന്ന് 15 വയസു മുതല്‍ 80 വയസു വരെയുണ്ട് കസ്റ്റമേര്‍സിന്റെ നാനാത്വത്തില്‍ ഏകത്വം..’ എത്ര മണിക്കൂര്‍ ഇരിക്കാനും തയാര്‍. ഫേഷ്യല്‍, ഹെയര്‍ സ്‌ട്രൈറ്റനിങ്, മസാജിങ് എല്ലാമുണ്ടിവിടെ. തീരുന്നതു വരെ കസ്റ്റമേര്‍സ് വീട്ടിലേയും നാട്ടിലേയും കാര്യങ്ങളൊക്കെ പറഞ്ഞിരിക്കും. പിന്നെ നഗരത്തിലെ പ്രമുഖ വസ്ത്രഷോപ്പുകളുമായി ചേര്‍ന്ന് പുതിയ ഡ്രെസുകളുടെ കണ്‍സള്‍ട്ടന്റായും ഇടപെടുന്നുണ്ട്. ‘ദേ, കാണുന്നില്ലേ, ഏത് പുതിയ സൗന്ദര്യപരീക്ഷണങ്ങള്‍ക്കും ഇവിടുത്തുകാര്‍ എപ്പോഴും റെഡിയാണ്. കേരളത്തിലെ സുന്ദരികളുടെ നാടാണ് ഇത്. ഇവിടത്തെ സ്ത്രീകളെല്ലാം സൗന്ദര്യത്തില്‍ പണ്ടുമുതലേ കോണ്‍ഷ്യസ് ആണെന്നതിനു തെളിവാണ്, ചങ്ങനാശേരീന്നും പാലേന്നും തിരുവല്ലേന്നുമൊക്കെയുള്ള സിനിമാസുന്ദരികള്‍!’ ഇതിനിടെ കടയില്‍ സ്‌ട്രൈറ്റനിങ് നടത്താന്‍ വന്ന കസ്റ്റമറുടെ മുടി ഷീജ കൈയ്യിലെടുത്തു കഴിഞ്ഞു.
റബറും പ്രവാസവും
ചരിത്രപൗരാണികതകള്‍ ധാരാളമുണ്ട് കോട്ടയത്ത്. പണ്ട് വേലുത്തമ്പി ദളവ ആനയെ കച്ചോടം ചെയ്ത് ഉദ്ഘാടനം ചെയ്ത ചങ്ങനാശേരി മാര്‍ക്കറ്റ് ഇന്നും അധികമൊന്നും മാറ്റമില്ലാതെñനില്‍ക്കുന്നു. ഏതൊരു പാര്‍ട്ടിയുടെ ലയനസമ്മേളനത്തിനും വേദിയാവാന്‍ സ്ഥിരം ഭാഗ്യം കിട്ടാറുള്ള തിരുനക്കര മൈതാനവും സി എം എസ് കോളജും അല്‍ഫോന്‍സാമ്മയുടെ ജന്‍മഗേഹവും വിവിധ സഭകളുടെ ചരിത്രത്തിലിടം പിടിച്ച പള്ളികളും ക്ഷേത്രങ്ങളും മസ്ജിദുകളും കോട്ടയത്തിന്റെ ശബ്ദവും സൗന്ദര്യവുമാവുന്നു.
‘ഈടത്തുകാര്‌ടെ സ്വഭാവം റബറ് വലിക്ക്ന്നതു പോലെയാ. സ്‌നേഹിച്ചാല്‍ ഭയങ്കര സ്‌നേഹമാരിക്കും. ദ്രോഹിച്ചാലോ പിന്നെ മാപ്പു തരത്തേയില്ല. പാഠം പഠിപ്പിച്ചേ അടങ്ങൂ..’ സത്യം പറയാലോ, ടൗണില്‍ ചായക്കട നടത്തുന്ന മാഹിക്കാരന്‍ ജമാലിന്റെ കോട്ടയം നിരീക്ഷണമാണ് കോട്ടയത്തിന്റെ എല്ലാമെല്ലാമായ റബറില്‍ ശ്രദ്ധയുടക്കിയത്. പിന്നെ നല്ല റബര്‍ തൈകള്‍ കിട്ടാനായി പാലായിലേക്കും വാകത്താനത്തേക്കുമൊരു ട്രിപ്പ്. വാകത്താനത്തെ ജെയിംസിന്റെ ഇലവും മൂട്ടില്‍ റബര്‍ നഴ്‌സറിയില്‍ ഇഷ്ടം പോലുണ്ട് തൈകള്‍. എല്ലാം മുറ്റ് ക്വാളിറ്റി. ഒരു തൈയ്ക്ക് 70 മുതല്‍ 100 രൂപ വരെ വരും. ടൗണിലെ പരസ്യം കണ്ട് വരുന്നവരാണ് കൂടുതലും. ഇതിന്റെ വേറെ പതിപ്പ് പാലായില്‍ കിട്ടുമോയെന്നന്വേഷിച്ച് വണ്ടി വിട്ടപ്പോള്‍, പാലായിലെ തെരേസ ബെയ്ക്കറി നടത്തുന്ന ജേക്കബിനു പറയാനുള്ളത് മറ്റൊരു രഹസ്യം. പുള്ളിക്കാരന്റെ ബന്ധുക്കളിലധികവും പഴയ കാലത്ത് കണ്ണൂര്‍ ജില്ലയിലെ കുടിയാന്‍മലയിലേക്ക് കുടിയേറിയവരാണ്. കോട്ടയത്തിന്റെ മനസുമായി പ്രവാസിജീവിതം നയിക്കുന്നവര്‍. കോട്ടയംകാര്‍.

10 comments:

  1. വ്യത്യസ്തമായ പോസ്റ്റുകൾ, നല്ല എഴുത്ത്. അഭിനന്ദനങ്ങൾ.

    ReplyDelete
  2. കുമാരേട്ടാ, നല്ലി.. നന്ദി. നിങ്ങളെപ്പോലുള്ളവരുടെ പ്രതികരണമാണ് ഇനിയും പോസ്റ്റുകള്‍ ഇടാന്‍ പ്രചോദനം. ദയവായി ഇനിയും കമന്റുക. ഫോളോ ചെയ്യുക..

    ReplyDelete
  3. ഇക്കണക്കിന് ഞാനും കോട്ടയത്തുകാരനായാൽ കൊള്ളാമെന്ന് ആഗ്രഹിച്ചുപോകുന്നു... എന്നാലും എന്റെ ‘കൊല്ല’വും ‘തിരുവനന്തപുര’വും വിടാനൊക്കില്ലല്ലൊ. നല്ല അവതരണം.

    ReplyDelete
  4. great !! really great !!!
    kottayathu kaaranaayi janichillallo ennoru sankadam..

    ReplyDelete
  5. നല്ല എഴുത്താണല്ലോഡോ ഉവ്വേ.....

    ReplyDelete