ഉലകം ചുറ്റും മറഡോണ
അങ്ങനെ ബോബി ചെമ്മണൂര്‍ മറഡോണയേയും കുപ്പിയിലാക്കി. നാടൊട്ടുക്കും ഒരു മാതിരി ലാമമാര്‍ ധരിക്കുന്ന വസ്ത്രവും ധരിച്ച്, ഇതാണ് ആതുരസേവനത്തിന്റെ മുഖമുദ്രയെന്ന് വലിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് സ്വയം ഹീറോ ചമയുന്ന ബോബി ചെമ്മണ്ണൂരിന്റെ കിരീടത്തില്‍ ഒരു പൊന്‍ തൂവല്‍ കൂടി. അല്ലെങ്കിലും പല്ലു കൊഴിഞ്ഞ സിംഹങ്ങളാണ് ഈയിടെയായി ചെമ്മണൂരിന്റെ അംബാസിഡര്‍മാര്‍. മുന്‍പ് അനില്‍ കപൂര്‍, അതിനു ശേഷം ഏതാണ്ട് ബോളിവുഡില്‍ നിന്ന് ഔട്ടാവാറായ മല്ലിക ഷെരാവത്, ഇപ്പോള്‍ ഇതാ, കുറച്ചു കാലമായി തൊട്ടതെല്ലാം ഒരു വിധം വെടക്കാക്കി തനിച്ചാക്കി മാറ്റുന്നതില്‍ അഗ്രഗണ്യനായ മറഡോണയും.
ആയ കാലത്ത് പ്രതിഭാവിലാസവും അതിലേറെ മയക്കുമരുന്നും മദിരാക്ഷിയുമായി ഉലകം ചുറ്റിയ മറഡോണ പിന്നെ പൊന്തിയത് ദുബായിലെ ഒരു ക്ലബിന്റെ പരിശീലകനായിട്ടാണ്. ഇടയ്ക്ക് അര്‍ജന്റീനയുടേയും. രണ്ടു ടീമുകളേയും എങ്ങുമെത്താത്ത വിധം ഒരു കോലത്തിലാക്കുന്നതില്‍ അദ്ദേഹം സമ്പൂര്‍ണവിജയമായിരുന്നു. ഒടുക്കം സാക്ഷാല്‍ മെസിക്ക് പോലും മറഡോണയുടെ പരിശീലനത്തില്‍ ഗോളടിക്കാന്‍ പറ്റാതായപ്പോള്‍ അവര്‍ ക്ലീനായി പുകച്ച് പുറത്തു ചാടിച്ചു. അങ്ങനെ പ്രത്യേകിച്ച് പണിയൊന്നുമില്ലാതിരിക്കുമ്പോഴാണ് ആതുരസേവനത്തിന് മദര്‍ തെരേസയ്ക്കും ഗാന്ധിജിയ്ക്കും വിനോഭാവേയ്ക്കും ശേഷം പേരു കേള്‍പ്പിച്ച ബോബിച്ചായന്‍ ദുബായ് കടപ്പുറത്ത് നിന്ന് മറഡോണയെ കാണുന്നത്. പുള്ളി, ഏറെക്കൂറെ നമ്മുടെ ചെമ്മീനിലെ കറുത്തമ്മയെ നഷ്ടപ്പെട്ട കൊച്ചുമുതലാളിയെപ്പോലെയായി കണ്ണീരും കലാശവുമായി നില്‍ക്കുന്ന മറഡോണയെക്കൊണ്ട് ദുബായിലൊരു പൊന്ന് പീടിക ഉത്ഘാടനം ചെയ്യിച്ചു. പിന്നെയിപ്പോഴിതാ, കെട്ടിയെഴുന്നള്ളിച്ച് കേരളത്തിലുമെത്തിച്ചിരിക്കുന്നു.പത്രങ്ങളില്‍ ഫ്രീയായൊരു പബ്ലിസിറ്റിയുമായി. അതില്‍ വീണുരുളാന്‍ പൊതുജനമെന്ന കുറേ കഴുതകളേയും കിട്ടി. ശരിക്കും ഇത്രയ്ക്ക് ആവേശം കൊള്ളുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യേണ്ടതാണോ വെറുമൊരു ജ്വല്ലറി ഉത്ഘാടനത്തിനു വരുന്ന മറഡോണയുടെ ഈ എഴുന്നള്ളിപ്പ്? ചില പത്രമുത്തശിമാര്‍ മറഡോണ ഇന്ത്യന്‍ ഫുട്‌ബോളിന്റെ കോച്ച് സ്ഥാനം ഏറ്റെടുക്കുമെന്നു വരെ മുഖപ്രസംഗമെഴുതുന്നു!
പൊന്ന് പീടികയുടെ ഉത്ഘാടനവും കഴിഞ്ഞ് പൊടിയും തട്ടി ആതുരസേവനക്കാരന്റെ ചുമലിലും തട്ടി മറഡോണയങ്ങ് പോവും. നമ്മള്‍ പത്രങ്ങളിലെ പ്രാധാന്യം കണ്ട് കണ്ണും മഞ്ഞളിച്ച് ശരിക്കും ചെമ്മീനിലെ ശരിക്കും കറുത്തമ്മയെ നഷ്ടപ്പെട്ട പരീക്കുട്ടിമാരായി കേരളാ കടാപ്പുറത്ത് അലഞ്ഞുതിരച്ചില്‍ തുടരും..
nice
ReplyDeleteചെമ്മീനിലെ കറുത്തമ്മയെ നഷ്ടപ്പെട്ട കൊച്ചുമുതലാളിയെപ്പോലെ.....good review
ReplyDeleteചെമ്മീനിലെ കറുത്തമ്മയെ നഷ്ടപ്പെട്ട കൊച്ചുമുതലാളിയെപ്പോലെ......good review
ReplyDeleteചെമ്മീനിലെ കറുത്തമ്മയെ നഷ്ടപ്പെട്ട കൊച്ചുമുതലാളിയെപ്പോലെ...good review
ReplyDelete