Monday, January 30, 2012

എല്‍ദോയേയും സിനിമയിലെടുത്തേ..





എല്‍ദോയേയും സിനിമയിലെടുത്തേ..

ഗൃഹലക്ഷ്മി ടീം ജനപ്രിയലൊക്കേഷനുകളിലെ ജനപ്രിയ കോമഡി ഡയലോഗുകള്‍ തേടിയിറങ്ങിയപ്പോള്‍ എല്‍ദോയേയും സിനിമയിലെടുത്തെന്ന മട്ടിലുള്ള സ്വീകരണമായിരുന്നു എവിടെയും. നാട്ടുകാര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ വെറുതെ ഒരു ഭാര്യയിലേയും സകുടുംബം ശ്യാമളയിലേയും സുരാജ് വെഞ്ഞാറമൂടിനെപ്പോലെ തിക്കു കൂട്ടി, മുഖത്തൊരു പഷ്ട് ക്ലാസ് ചിരി വരുത്തി. യു ട്യൂബും ബ്ലുടൂത്തും വ്യാപകമായതോടെ മാറിവരുന്ന കോമഡി സങ്കല്‍പങ്ങള്‍ അക്കമിട്ടു നിരത്തി. ഇപ്പോള്‍ അവര്‍ക്ക് ഒരു കാലത്തെ അങ്ങാടി സിനിമയിലെ ജയന്റെ ‘മേ ബി വി ആര്‍ പുവേര്‍സ്.. ’ തുടങ്ങുന്ന ഇംഗ്ലീഷ് ഡയലോഗ് യു ട്യൂബില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ബ്ലൂടൂത്തിലൂടെ കൈമാറി വരുന്ന ഹിറ്റ് കോമഡിയാണത്രേ. കൂടാതെ ഈ ഹൈടെക് കാലത്ത് ‘പോളണ്ടിനെക്കുറിച്ചൊന്നും പറയരുത്’, ‘ചന്തുവിനെ തോല്‍പിക്കാന്‍ ആര്‍ക്കുമാവില്ല’ തുടങ്ങി ഹിറ്റ് ഡയലോഗുകള്‍ ടീ ഷര്‍ട്ടിന്റെ പിറകിലും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഏതായാലും ഇനി നമ്മള്‍ കാണാനും കേള്‍ക്കാനും പോവുന്നത് ഇഷ്ടലൊക്കേഷനുകളിലെ ഒരു ലോഡ് കോമഡികളാണ്. ഓര്‍ക്കുക, ഞങ്ങള്‍ തിരഞ്ഞെടുത്ത ലൊക്കേഷനുകള്‍ വായനക്കാര്‍ക്ക് അവരുടെ നാട്ടിലെ സ്ഥിരം ലൊക്കേഷനുകളായി മനസില്‍ കാണാനുള്ള സ്വാതന്ത്ര്യം നല്‍കുന്നു.

സീന്‍ ഒന്ന്
ഗോവിന്ദന്‍ ടീ സ്റ്റാള്‍, ആണ്ടിപ്പീടിക, പാനൂര്‍
പതിവുപോലെ ടീ സ്റ്റാള്‍ തുറന്നതേയുള്ളൂ കടയുടമ ഭാസ്‌ക്കരന്‍. ജനമനസുകളില്‍ എന്നും തങ്ങിനില്‍ക്കുന്ന സിനിമാഡയലോഗ് അന്വേഷിച്ച് ഗൃഹലക്ഷ്മി ടീം ചടപടെ കട വളഞ്ഞപ്പോള്‍ ഭാസ്‌ക്കരന്‍ ആദ്യമൊന്ന് പരിഭ്രമിച്ചു. പിന്നെ കടയുടെ ചരിത്രം പറഞ്ഞു, അല്‍പം. പത്തമ്പത് കൊല്ലമായി ഈ ചായക്കട നടത്തുന്നു. അച്ഛന്റെ പേരാണ് ഗോവിന്ദന്‍. ബോര്‍ഡൊന്നുമില്ലാത്തതിനാല്‍ ഇപ്പോള്‍ ഗോവിന്ദന്‍ ടീ സ്റ്റാള്‍ എന്ന പേര് നാട്ടുകാര്‍ മറന്നു. അവര്‍ക്ക് ഇത് ആണ്ടിപ്പീടികയാണ്. ഈ സ്ഥലത്തിന്റെ പേര് തന്നെ. പലരും ഭാസ്‌ക്കരന്റെ പേര് ആണ്ടിയാണോ എന്ന് തെറ്റിദ്ധരിച്ചിട്ടുമുണ്ട്. രാത്രിയേറെ കഴിഞ്ഞിട്ടും കട തുറന്നുവെക്കുന്നതിനാല്‍ ഒരു അഞ്ചെട്ടു കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നും ആള്‍ക്കാര്‍ വരാറുണ്ട്. പ്രത്യേകിച്ചും രാത്രികറക്കമുള്ള ചെത്തുപിള്ളേരും ലോറി ഡ്രൈവര്‍മാരും. ഏത് പ്രായക്കാര്‍ക്കും ഇവിടെ എപ്പോഴും സ്വാഗതമാണ്. ‘ദേ, ഈ പിള്ളേര്‍ ഇപ്പോള്‍ വന്നതാ. അവരോട് ചോദിക്ക് നിങ്ങടെ സിനിമാ ഡയലോഗ്. എനിക്കേതായാലും ഇഷ്ടം ഹരികൃഷ്ണന്‍സിലെ മമ്മൂട്ടിയും മോഹന്‍ലാലും കാറില്‍ പോവുമ്പോ, ഇരുവരും തമ്മാമല്‍ പറയുന്ന കളിയാക്കല്‍ ഡയലോഗ് ഇല്ലേ, അതാ..’ ഭാസ്‌ക്കരന്‍ ചായയ്ക്കുള്ള വെള്ളം ചൂടാക്കാന്‍ തുടങ്ങി.
കടയില്‍ അപ്പോള്‍ വന്നുകയറിയ യഹ്‌യക്കും ടീമിനും പക്ഷേ വ്യക്തമായ ഡയലോഗ് സീന്‍ തന്നെയുണ്ട് മനസില്‍. ഒരു സിനിമ കാണുമ്പോള്‍ ഭാസ്‌ക്കരേട്ടന്റെ കടയിലെ ചിക്കന്‍ ഫ്രൈ കഴിക്കുന്ന ശ്രദ്ധയോടെ അവര്‍ ഡയലോഗും ഓര്‍മിച്ചുവെക്കുന്നു. യഹ്‌യയുടെ ഇഷ്ട ഡയലോഗ് അഴകിയ രാവണിലെ മമ്മൂട്ടിയും കുഞ്ചനും ശ്രീനിവാസനും കൂടി പാട്ട് കംപോസ് ചെയ്യുന്ന സീനാണ്. മമ്മൂട്ടിയുടെ ലാലാലാ യ്ക്ക് ശ്രീനിവാസന്റെയും ഇന്നസെന്റിന്റേയും ഇതുമതി ഇതുമതി ഇതുമതീന്നുള്ള അഭിപ്രായം. കുഞ്ചന്റെ വീണ്ടുമുള്ള കംപോസിങ്ങും. കൂട്ടത്തിലെ ഗള്‍ഫുകാരനായ ഷബീറിന് അരം+ അരം =കിന്നരം എന്ന ചിത്രത്തിലെ ജഗതിയുടെ ‘ദിസ് ഈസ് എ കാര്‍. വി ആര്‍ ഡൂയിങ് എ കാര്‍’ എന്ന ഡയലോഗും സായിദിന് വടക്കുനോക്കിയന്ത്രത്തിലെ മാമുക്കോയ പടമെടുക്കുന്നതിനിടയില്‍ ചിരിച്ചുകൊണ്ട് ദാ, ഇതു കിട്ടണം എന്നു പറയുന്നതും ശ്രീനിവസന്‍ ശബ്ദമുണ്ടാക്കുന്നതിനിടയില്‍ ‘ഒച്ച ക്യാമറയില്‍ കിട്ടുകയില്ല മിസ്റ്റര്‍’ എന്ന് പറയുന്നതുമാണ്.
മഹേഷിനു പക്ഷേ, പഠിക്കുന്ന കാലത്ത് അധ്യാപകര്‍ സ്ഥിരം ചോദിച്ചിരുന്ന ഡയലോഗിലാണ് പഥ്യം. ഗോഡ് ഫാദറിലെ ഇന്നസെന്റ് ജഗദീഷിനോട് ‘നീയൊക്കെ എന്തിനാാാഡാ പഠിക്കുന്ന’തെന്ന ചോദ്യം. അപ്പോള്‍ അവിടെ വന്നുകയറിയ ശ്രീനാരായണ ലോറി ഡ്രൈവര്‍ ഹരീന്ദ്രന്‍ പക്ഷേ, കോമഡി സീനിന്റെ കാര്യത്തില്‍ ദേശീയവാദിയാണ്. മൂക്കില്ലാരാജ്യത്ത് എന്ന സിനിമയിലെ തിലകന്റെ വിദേശവസ്ത്രബഹിഷ്‌ക്കരണമാണ് ഇഷ്ടസീന്‍.

സീന്‍ രണ്ട്
ബാര്‍ബര്‍ ഷോപ്പ്, താഴെ റോഡ്, മേക്കുന്ന്
ഈ ബാര്‍ബര്‍ ഷോപ്പ് 45 കൊല്ലം മുമ്പേ ജനകീയമാണ്. പിതാവ് ഉമ്മര്‍കുട്ടിയുടെ മരണശേഷം ഇപ്പോള്‍ രണ്ട് വര്‍ഷമായി മകന്‍ അബ്ദുറഹിമാനാണ് ബാര്‍ബര്‍ ഇന്‍ ചാര്‍ജ്. അബ്ദുറഹിമാന്‍ പത്തിരുപത്തൊന്ന് കൊല്ലം ബഹ്‌റൈനിലായിരുന്നു. പവിഴദ്വീപുകളുടെ നാടാണെങ്കിലും നാട്ടില്‍ നില്‍ക്കണമെന്ന പൂതി പെരുത്തപ്പോള്‍ തിരിച്ചുപോന്നു. ഫുട്‌ബോളര്‍ സത്യന്റെ നാടായതിനാല്‍ ഫുട്‌ബോള്‍ ലോകകപ്പ് സമയത്ത് വിചിത്രമായ ഹെയര്‍ സ്‌റ്റൈലുകള്‍ പരീക്ഷിച്ച യ്ങ്‌സ്‌റ്റേര്‍സ് മുതല്‍ തല മൂത്തു നരച്ചവര്‍ വരെ ഇവിടെ ഹാജര്‍. ഗൃഹലക്ഷ്മി ടീം ഡയലോഗുകള്‍ക്കായി ഷോപ്പ് വളഞ്ഞപ്പോള്‍ രക്ഷപ്പെടാനായി അബ്ദുറഹിമാന് പറയാനുണ്ടായിരുന്നത് കിലുക്കത്തിലെ ജഗതിയും സമര്‍ ഖാനുമായുള്ള ‘ജഗഡ, ജഗഡ, മാലും മാലും..’ഡയലോഗ്. സിനിമകള്‍ അധികമൊന്നും കാണുന്ന പതിവില്ലെങ്കിലും എപ്പോള്‍ ടി വിയില്‍ ജഗതി പ്രത്യക്ഷപ്പെടുന്നുവോ അപ്പോള്‍ തുടങ്ങും ചിരി. കടയില്‍ അപ്പോള്‍ മീശ മിനുക്കാന്‍ വന്ന ഓട്ടോ ഡ്രൈവ്രര്‍ ഷംസീര്‍ ഓര്‍ക്കുന്നത് പട്ടണപ്രവേശത്തിലെ താടി വെച്ച് വേഷം മാറിയ ശ്രീനിവാസനും തിലകനും സൈക്കിളില്‍ പോവുമ്പോഴുള്ള സംഭഷണശകലമാണ്. ഇടയ്ക്ക് മസ്‌ക്കറ്റിലെ കൂട്ടുകാരന്‍ മുസ്തഫ ഷംസീറിനു ഫോണ്‍ ചെയ്തപ്പോള്‍ പറയാനുണ്ടായിരുന്നത് പഞ്ചാബി ഹൗസിലെ കൊച്ചിന്‍ ഹനീഫാ വക ഡയലോഗ്: ‘സാറേ, അവന്‍ സത്യായിട്ടും ഊമയാ. ഇപ്പോ നിങ്ങളെ പറ്റിക്കാന്‍ വേണ്ടി സംസാരിക്കുന്നതാ..’
കടയില്‍ പത്രം വായിച്ചുകൊണ്ടിരുന്ന രാജന് പക്ഷേ, പെട്ടെന്ന് കോമഡി സീനുകളൊന്നും ഓര്‍മ്മയില്ലെങ്കിലും ഇന്നസെന്റിന്റെ കോമഡി സീനുകളിലെ കെമിസ്ട്രി ആകര്‍ഷിച്ചിട്ടുണ്ടെന്ന് പറയുന്നു. അടുത്തുള്ള യു പി സ്‌കൂള്‍ വിദ്യാര്‍ഥിയായ അഹ്‌നാസിന് കോമഡി എന്നാല്‍ ദിലീപാണ്. ചാന്തുപൊട്ടിലെയും സി ഐ ഡി മൂസയിലേയും മീശമാധവനിലേയും മേരിക്കുണ്ടൊരു കുഞ്ഞാടിലേയും ദിലീപ് മനസില്‍ നില്‍ക്കുന്നു. മനസില്‍ തങ്ങിനില്‍ക്കുന്നത്, പറക്കും തളികയിലെ ഹരിശ്രീ അശോകനും ദിലീപും കൊച്ചിന്‍ ഹനീഫയും ചേര്‍ന്നുള്ള ടോം ആന്റ് ജെറി പെര്‍ഫോമന്‍സ്.

സീന്‍ മൂന്ന്
കടത്തുകടവ്, ഇരിങ്ങണ്ണൂര്‍, കോഴിക്കോട്
അക്കരെയിക്കരെ പോവാന്‍ അഞ്ചുരൂപയാണ് കോരന്റെ തോണിയ്ക്ക് റേറ്റ്. കൊല്ലം പത്തിരുപതായി തോണിപ്പണി. അക്കരെ കല്ലാച്ചേരി കടവിലേക്കും ഇരിങ്ങണ്ണൂരേക്കും പാലം വരുന്നു പാലം വരുന്നു എന്ന് കേട്ടുതുടങ്ങിയിട്ടും കൊല്ലങ്ങളായി. എന്നാലും അക്കരെയിക്കരെ കടക്കാന്‍ ഇരുനാട്ടുകാര്‍ക്കും ഇഷ്ടം ഈ തോണി സര്‍വീസ് തന്നെ. ബസ് പിടിക്കുകയാണെങ്കില്‍ വലതുകൈ വളച്ച് ഇടതു ചെവിക്കരികിലൂടെ വളഞ്ഞ് മൂക്ക് പിടിക്കുന്ന മാതിരിയായതിനാല്‍ ഏവരും ഇതിനെ തന്നെ അശ്രയിക്കുന്നു. ഗൃഹലക്ഷ്മി ടീം ഈ കടവിലെത്തിയപ്പോള്‍ കോളജ് കുമാരന്‍മാരും സ്ഥലത്തെ പ്രദേശവാസികളും ഇക്കരെയിലെ ‘നാട്ടിപ്പണി’ കഴിഞ്ഞ് അക്കരേയ്ക്കു പോവുന്നവരുമായി വലിയ പട തന്നെ ഒപ്പം ചേര്‍ന്നു. ഇടയ്ക്ക് തോണിക്കാരന്റെ ‘അഞ്ചാള് കാരിയാ മതി, അധികമായാല്‍ വെയിറ്റ് താങ്ങൂല്ലെ’ന്ന വാണിങ്ങൊന്നും കേള്‍ക്കാതെ എല്ലാവരും ഒന്നിച്ച് തോണിയില്‍ കയറി ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ തിരക്ക് കൂട്ടിയപ്പോള്‍, ധിം! കോരന്റെ മലവെള്ളത്തില്‍ പോലും കുമ്പിടാത്ത ടൈറ്റാനിക് വെള്ളത്തിനടിയില്‍. ഒടുവില്‍ ഒരു മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു ശേഷം തോണിയിലെ വെള്ളം വറ്റിച്ച് പൂര്‍വസ്ഥിതിയിലാക്കിയപ്പോള്‍ നാട്ടുകാര്‍ക്ക് തിരഞ്ഞെടുക്കാനുണ്ടായിരുന്നത് മൂന്ന് സിനിമാ ഡയലോഗുകള്‍.
1 ‘നടിയും കുളത്തിലേക്ക് ചാടുകയാണല്ലോ. ക്യാമറയും ചാടട്ടെ..’ (ചിന്താവിഷ്ടയായ ശ്യാമള).
2 അക്കരെ അക്കരെയിലും നാടോടിക്കാറ്റിലുമുള്ള മോഹന്‍ലാല്‍, ശ്രീനിവാസന്‍ ഡയലോഗുകള്‍.
3 മീശമാധവനിലെ കൊച്ചിന്‍ ഹനീഫയുടെ ‘എന്താ മാധവേട്ടാ, പ്രശ്‌നം’ എന്ന ചോദ്യവും പിന്നെ ഇടയ്ക്കിടെയുള്ള ‘ഞാന്‍ തിരുവനന്തപുരത്തേക്കൊന്നു വിളിച്ചാലോ’ എന്ന സ്വാധീനം കാണിക്കലും.

സീന്‍ നാല്
റെയില്‍വേ സ്‌റ്റേഷന്‍, മാഹി
ഏതാണ്ട് എല്ലാ ട്രെയിനുകള്‍ക്കും സ്‌റ്റോപ്പുള്ള ഒരു റെയില്‍വേ സ്‌റ്റേഷനിലാണ് ഇപ്പോള്‍ നമ്മള്‍ നില്‍ക്കുന്നത്. ഇപ്പോള്‍ തന്നെ കോയമ്പത്തൂര്‍ മംഗലാപുരം പാസഞ്ചര്‍ കടന്നുപോയതേ ഉള്ളൂ. ഇനി വരാന്‍ പോവുന്ന മംഗലാപുരം തിരുവനന്തപുരം എക്‌സ്പ്രസിന്റെ അനൗണ്‍സ്‌മെന്റും കേള്‍ക്കാം. സ്‌റ്റേഷനിലെ മൂന്ന് ദിക്കിലേക്ക് യാത്ര പുറപ്പെടാനൊരുങ്ങുന്ന മൂന്ന് യാത്രക്കാരാണ് ഇപ്രാവശ്യം ഞങ്ങളുടെ നോട്ടപ്പുള്ളികള്‍. ഓരാള്‍ ചെക്ക് പോസ്റ്റ് ഉദ്യേഗസ്ഥനായ മുകുന്ദന്‍. അദ്ദേഹത്തിന് പോവാനുള്ളത് മഞ്ചേശ്വരത്തേക്കാണ്. ഇഷ്ടപ്പെട്ട സിനിമാഡയലോഗിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പറയാനുള്ളത് മണിച്ചിത്രത്താഴിലെ ലാലേട്ടന്റെ ‘കിണ്ടി കിണ്ടി’ പ്രയോഗവും മിഥുനത്തിലെ ‘ഒപ്പിടെടാ ചെറ്റ തെണ്ടി പട്ടി നായിന്റെ മോനേ’ എന്ന ഇന്നസെന്റിയന്‍ ഡയലോഗും. കോഴിക്കോട്ടേക്കുള്ള യാത്രയില്‍ സമീപമിരുന്ന മുഹമ്മദിന്റെ ഇഷ്ടഡയലോഗ് ‘ക്യാ ഹാഫ് ബോട്ടില്‍, യാ ഫുള്‍ ബോട്ടില്‍..’ എന്ന സന്ദേശത്തിലെ മാമുക്കോയയുടെ ഇന്നസെന്റിനോടുള്ള സംശയം നിറഞ്ഞ ചോദ്യമാണ്. ഷൊര്‍ണൂരേക്ക് യാത്രയ്‌ക്കൊരുങ്ങുന്ന വസന്തന് പക്ഷേ, ഒരുകാലത്തെ ഇടിവെട്ട് ഡയലോഗ് ആണ് ഇപ്പോള്‍ കോമഡിയായി തോന്നുന്നത്. കേട്ടാല്‍ നിങ്ങളും ഞെട്ടും. മിമിക്രിക്കാര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് രസം പിടിപ്പിച്ച ലേലത്തിലെ ‘നേരാ തിരുമേനീ, ഈപ്പച്ചായന്‍ പള്ളിക്കൂടത്തീ പോയിട്ടില്ലാ’യെന്ന സോമന്‍ വക ഡയലോഗ്!
ഇതിനിടെ ഫോട്ടോയെടുക്കേണ്ടെന്ന വിസമ്മതവുമായി എത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ അഞ്ചരക്കണ്ടിക്കാരി മനീഷയുടെ അഭിപ്രായത്തില്‍ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന കോമഡി സീന്‍ പറവൂര്‍ ഭരതന്റെ മഴവില്‍ക്കാവടിയിലെ ആനയെ മേയാന്‍ വിട്ട ഡയലോഗാണ്. ജഗതിയുടേയും സുരാജിന്റേയും പപ്പുവിന്റേയും ഇന്നസെന്റിന്റേയും കോമഡികളില്‍ നിന്നും തികച്ചും വ്യത്യസ്തവും ആകര്‍ഷകവുമാണ് പറവൂറാന്റെ കോമഡികളെന്ന് മനീഷയ്ക്ക് സംശയമില്ല.

സീന്‍ അഞ്ച്
എ 3 ക്വാര്‍ട്ടേര്‍സ്, തിരുവനന്തപുരം മെഡിക്കല്‍ കോളജ്
ഒരു പുന:സമാഗമത്തിന്റെ ത്രില്ലിലാണ് ഡോക്ടര്‍മാരായ മനോജും റോജന്‍ ജോസഫും മിഥുനും അഫ്‌സലും അപ്പുവും സബിനും പിന്നെ അസ്‌ലമും. രണ്ടുവര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും അവര്‍ താമസിച്ചിരുന്ന മെഡിക്കല്‍ കോളജിലെ എ 3 ക്വാര്‍ട്ടേര്‍സില്‍ ഒത്തുകൂടിയിരിക്കുകയാണ് സംഘം. ഈ നിമിഷങ്ങള്‍ ഒന്ന് അടിച്ചുപൊളിക്കാന്‍ തന്നെയാണ് ഇവരുടെ തീരുമാനം. സിനിമയെക്കുറിച്ചും ഇഷ്ട സിനിമാഡയലോഗിനെക്കുറിച്ചും ചോദിച്ചപ്പോള്‍ റോജന് പറയാനുള്ളത് മുമ്പ് ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോയ കഥകള്‍. സെക്കന്റ് ഷോകളായിരുന്നു പഥ്യം. ചവര് എന്നോ ക്ലാസിക്കെന്നോ നോക്കാതെ തുരുതുരാ പടങ്ങള്‍ കണ്ട നാളുകള്‍. ഒടുവില്‍ സിനിമ എന്നു കേള്‍ക്കുമ്പോഴേ മടുപ്പ് തോന്നിയെന്ന് ചിരിയോടെ സബിന്‍ പൂരിപ്പിക്കുന്നു. ഈ ഒത്തുകൂടലിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. തിരുവനന്തപുരത്ത് കാലെടുത്തുവച്ചതിന്റെ ഏഴാം വര്‍ഷികം കൂടിയാണ് ഈ ഓണക്കാലം. ഡോക്‌ടേര്‍സായതിനാല്‍ ഇഷ്ടഡയലോഗായി, അമൃതംഗമയ സിനിമയിലെ ഡോക്ടര്‍ മോഹന്‍ലാല്‍ ജൂനിയറായ വിനീതിനെ മെഡിക്കല്‍ കോളജില്‍ വെച്ച് റാഗ് ചെയ്യുന്നതിനു മുമ്പ് ‘ഇട്ടിവര്‍ഗീസ് എന്നൊരാള്‍ ഡോക്ടരാവില്ല, ഡോക്ടരാവാന്‍ പാടില്ല.. ’ എന്ന് ആര്‍ത്തട്ടഹസിക്കുന്ന രംഗം മിഥുന്‍ ഓര്‍ത്തെടുക്കുന്നു. ഇതിനിടെ മനോജിന് ക്രിക്കറ്റ് കളിക്കിടയില്‍ ബാള്‍ കൊണ്ട് മൂക്കിന്റെ പാലം തകര്‍ന്ന കഥ അസ്‌ലം പറയാന്‍ തുടങ്ങി. അതിന്റെ ബാക്കി പൂരിപ്പിച്ചത് മനോജ് സ്വന്തം വക യോദ്ധയിലെ ജഗതി സ്‌റ്റൈലില്‍: ‘പിന്നെ പൊക്കിയെടുത്തോണ്ട് ഒരു ഓട്ടമായിരുന്നു. നേരെ ചാരയഷോപ്പിന്റെ മുന്നിലെത്തിയപ്പോഴാ നിന്നത്. ആ ബോള്‍ എറിഞ്ഞതാവട്ടെ, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന സിനിമയിലെ മോഹന്‍ലാല്‍ എറിയുന്നതു പോലെ ദേ, ഈ കാലമാടനും! (അസ്‌ലമിനു നേരെ മനോജിന്റെ വക വിരലു കൊണ്ടൊരു ഇഞ്ചക്ഷന്‍.)
അപ്പോഴേക്കും റോജന്‍, സന്‍മനസുള്ളവര്‍ക്ക് സമാധാനത്തിലെ ശങ്കരാടിയുടെ നോവലെഴുത്ത് സീനും അഫ്‌സല്‍ ഗോഡ് ഫാദറിലെ ‘തളിയാനേ പനിനീര്’ എന്ന ഫിലോമിന ഡയലോഗും ഓര്‍മ്മിച്ചെടുത്തു.

സീന്‍ ആറ്
കോളജ് കാന്റീന്‍, നിര്‍മലഗിരി കോളജ്, കൂത്തുപറമ്പ്
ഇനി കുറച്ചു ചെത്തുപിള്ളേരിലേക്ക്. ഇത് കോളജ് കാന്റീന്‍. കഴിഞ്ഞ 27 വര്‍ഷമായി കോളജ് കുമാരീ കുമാരന്‍മാരെ രമേശന്‍ ഊട്ടുന്നു. അന്നുള്ളതില്‍ നിന്നും ക്യാംപസ് ഏറെ മാറിയിട്ടുണ്ടെങ്കിലും സിനിമാ കാര്യത്തില്‍ കാന്റീന്‍ വിട്ടിട്ടെന്ന പോലെ ലാലു അലക്‌സിനെ വിട്ടൊരു കളിയില്ല അദ്ദേഹത്തിന്. ലാലു അലക്‌സിന്റെ ആ ശരീരഭാഷയും ചിരിച്ചുകൊണ്ടുള്ള ഡയലോഗ് പറച്ചിലും ആര്‍ക്കാ ഇഷ്ടമല്ലാത്തത്? ഓര്‍ത്തിരിക്കുന്ന കോമഡി ഡയലോഗുകളിലൊന്ന് ഇവിടം സ്വര്‍ഗമാണ് എന്ന ചിത്രത്തിലെ ലാലു അലക്‌സിന്റെ ആലുവ ചാണ്ടി ബൈജു എഴുപുന്നയുടെ തോളില്‍ കൈചുറ്റി ‘ജോസേ, നീയും കുടുങ്ങും’ എന്നു പറയുന്ന രംഗമാണ്.
വിദ്യാര്‍ഥികളുടെ തിരക്ക് ഇത്തിരി കുറവാണെങ്കിലും സുവോളജി ഡിപാര്‍ട്‌മെന്റിലെ ക്ലാസ്‌മേറ്റ്‌സ്, ലബീബ് എന്ന സതീശന്‍ കഞ്ഞിക്കുഴിയുടെ നേതൃത്വത്തില്‍ ഒരു മേശയ്ക്കു ചുറ്റും ഒത്തുകൂടിയിട്ടുണ്ട്. ഇഷ്ടഡയലോഗ് ചോദിച്ചപ്പോള്‍ ലബീബിനു പറയാനുള്ളത് തങ്ങള്‍ സ്ഥിരം ഇരിക്കാറുള്ള മേശയ്ക്കു ചുറ്റും നേരത്തെ ജൂനിയേര്‍സ് ആരെങ്കിലും സ്ഥാനം പിടിച്ചാല്‍ അവരെ ഒഴിപ്പിക്കാന്‍ പറയുന്ന ആറാം തമ്പുരാനിലെ ലാലേട്ടന്റെ ‘മോനേ, ഈ ബോംബേ ബോംബേ എന്നു കേട്ടിട്ടുണ്ടോ? ഇപ്പോ മുംബൈ. ഒറ്റ രാത്രി കൊണ്ട് ഒഴിപ്പിച്ചവനാ, ഈ ജഗന്നാഥന്‍..’ എന്ന ഇടിവെട്ട് സാധനം..
‘വാഴയാണെങ്കിലെന്താ, വാ തുറന്നു പറഞ്ഞൂടേ,’ എന്ന മാന്നാര്‍ മത്തായി ഡയലോഗാണ് കൂടെയുള്ള പ്രജിനയുടെ ഇഷ്ടഡയലോഗ്. സിദ്ധിഖ് ലാല്‍ ചിത്രങ്ങളുടെ ആരാധകരായ ഗ്യാംഗിലെ കവയത്രി കൂടിയായ ആര്‍ഷ ഓര്‍ക്കുന്നത് ‘അര മണിക്കൂര്‍ മുമ്പേ പുറപ്പെട്ടു, എന്താ ഒരു മണിക്കൂര്‍ മുമ്പേ പുറപ്പെടണോ’ എന്ന റാംജി റാവു സ്പീക്കിങ്ങിലെ നാടകം ബുക്കിംഗുകാരനും മത്തായിച്ചനും തമ്മിലുള്ള ഡയലോഗും. കൂട്ടത്തിലെ മിമിക്രിക്കാരന്‍ ശ്രീവേഷ്‌ക്കറിനു പക്ഷേ, കോമഡി വരണമെങ്കില്‍ ബസ് സ്‌റ്റോപ്പില്‍ പോണം. ഇഷ്ടഡയലോഗ്: ‘ബസ് സ്‌റ്റോപ്പില്‍ നിന്നാല്‍ ബസ് വരും. ഫുള്‍ സ്‌റ്റോപ്പില്‍ നിന്നാല്‍ ഫുള്ള് വരുമോ? പോട്ടെ ഒരു ഹാഫ്? പോട്ടെ ഒരു പൈന്റെങ്കിലും..?’

സീന്‍ ഏഴ്
ഫാന്റസി, മൊബൈല്‍ റീ ചാര്‍ജ് ആന്റ് ആക്‌സസറീസ്, തലശേരി
ശരിക്കും ഒരു ആധുനിക ഫാന്‍സി ഷോപ്പാണ് ഫാന്റസി. വെറുതെ ഫാന്റസി എന്നു പറഞ്ഞാല്‍ ആളറിഞ്ഞെന്നു വരില്ല. ശ്രീജിത്തിന്റെ ഫാന്റസി എന്നു തന്നെ പറയണം. വയസ് പത്തുമുപ്പതേ ആയുള്ളൂവെങ്കിലും അത്രത്തോളം തന്നെ ശ്രീജിത്തിന് ഫാന്റസിയിലെ അനുഭവസമ്പത്തുണ്ടെന്ന് നാട്ടുകര്‍ പറയുന്നു. ആദ്യം ഓഡിയോ കടയായിരുന്നു. പിന്നെ വീഡിയോ ഷോപ്പായി. ഇപ്പോള്‍ കാലത്തിനനുസരിച്ച് മാറ്റം വന്ന് മൊബൈല്‍ റീ ചാര്‍ജ് ഷോപ്പുമായി. കിലുക്കത്തിലെ ഇന്നസെന്റിന്റെ ലോട്ടറിയടിക്കുന്ന സീനാണ് ശ്രീജിത്തിന്റെ ഇഷ്ടസീന്‍. ലോട്ടറിയടിച്ചതിനു ശേഷം തിലകനെ ക്ക, ച്ച, ട്ട, ത്ത, പ്പ എഴിതിക്കാന്‍ പോവുന്ന രംഗം ഇപ്പോഴും ഓര്‍മ്മയിലുണ്ട്. കടയില്‍ അപ്പോള്‍ ഉള്ള രാഷ്ട്രീയപ്രവര്‍ത്തകന്‍ പവിത്രന് പക്ഷേ, വെള്ളാനകളുടെ നാട്ടിലെ കുതിരവട്ടം പപ്പുവിന്റെ താമരശേരി ചുരം കഴിച്ചിട്ട് വേറൊന്നില്ല കോമഡി സീന്‍. കോമഡിയെന്നാല്‍ അതാണ്. ആ ശരീരഭാഷ അദ്ദേഹം അനുകരിച്ചു കാണിക്കുകയും ചെയ്തു. കടയില്‍ അപ്പോള്‍ വന്നുകയറിയ ബിജുവിനോട് പെട്ടെന്നൊരു കോമഡി പറയാന്‍ പറഞ്ഞപ്പോള്‍ ‘തീരുമ്പം തീരുമ്പം കോമഡി എടുത്തു തരാന്‍ ഞാനെന്താ, കുപ്പീന്നെറങ്ങിയ ഭൂതമോ’ എന്ന പഞ്ചാബി ഹൗസിലെ ഹരിശ്രീ ഡയലോഗ് ഇത്തിരി മോഡിഫിക്കേഷന്‍ നടത്തി ചോദിച്ചു. ഓട്ടോ ഡ്രൈവറായ അനൂപിനും ശ്രീജിത്തിനും പക്ഷേ, വളരെ നിഷ്‌ക്കളങ്കമായി ലാലേട്ടന്‍ കിലുക്കത്തില്‍ രേവതിയോടു ‘അങ്കമാലീലെ പ്രധാനമന്ത്രി കുട്ടിയുടെ ആരാ’ എന്നു ചോദിക്കുന്നതാണ് കോമഡി.

ഷഫീഖ് കടവത്തൂര്‌

Saturday, January 28, 2012

ചെറിയ സ്ഥലത്തെ വലിയ വീട്






ചെറിയ സ്ഥലത്തെ വലിയ വീട്
ചെറിയ സ്ഥലത്തെ വലിയ വീട്മനോരമയ്ക്കു വേണ്ടി സന്ദര്ശിച്ചപ്പോള്‌

Wednesday, January 25, 2012

ഒരു പിച്ച് ചെത്തലിന്റെ ഓര്‍മയ്ക്ക്


ഒരു പിച്ച് ചെത്തലിന്റെ ഓര്‍മയ്ക്ക്
...വര്‍ഷങ്ങളായി അജ്‌നാസായിരുന്നു ടീം ക്യാപ്റ്റന്‍. അജ്‌നാസിന്റെ ശ്രദ്ധ പിടിച്ചുപറ്റിയാല്‍ ടീമിലേക്കുള്ള വിളിയുണ്ടാവുമെന്ന് തീര്‍ച്ചയായിരുന്നു. അതിനാല്‍, വല്ലപ്പോഴും അവസരം കിട്ടുമ്പോഴെല്ലാം ഫീല്‍ഡില്‍ എന്റെ ജോണ്ടി റോഡ്‌സിനെ അനുസ്മരിപ്പിക്കുന്ന നെഞ്ചടിച്ചു വീഴല്‍ തുടര്‍ന്നു. അജ്‌നാസി നും ഉത്തമനുമൊപ്പം കളിക്കാരായി അജ്മല്‍, ബിജു, അജേഷ്,ഫൈസല്‍, അസ്‌ലം, രാകേഷ്, സുബൈര്‍,മുഹമ്മദ് തുടങ്ങിയ പ്രഗത്ഭര്‍ അണിനിരന്നിരുന്നു, അക്കാലത്ത്. ഇവരിലാരെങ്കിലും ഗള്‍ഫില്‍ പോവുമ്പോഴായിരുന്നു പുതിയ ആളുകളെ ടീമിലേക്ക് തിരഞ്ഞെടുത്തിരുന്നത്. അല്ലെങ്കില്‍ നിലവിലുള്ളവര്‍ക്ക് കളിക്കാന്‍ കഴിയാത്ത വിധം പരിക്കേല്‍ക്കണം.
എന്റെ ശ്രമങ്ങള്‍ക്കു ഫലം കിട്ടിയത് ഫൈസല്‍ രണ്ടാമതും ഗള്‍ഫില്‍ പോയപ്പോഴാണ്. പിന്നെ പ്രകടനത്തിന്റെ അടി സ്ഥാനത്തില്‍ ടീമില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തു. അതോടെ സമീപപ്രദേശങ്ങളില്‍ നടക്കുന്ന ടൂര്‍ണമെന്റുകളിലെല്ലാം കളിക്കാനുള്ള അവസരവും ലഭിച്ചു. കുറ്റിയാടി, തലശേരി, പാനൂര്‍, ഇരിങ്ങണ്ണൂര്‍ തുടങ്ങി സമീപപ്രദേശത്തെല്ലാം നടന്ന മത്‌സരങ്ങ ളില്‍ ഞങ്ങള്‍ വിജയികളായി. പലപ്പോഴും ഉത്തമന്റെ ഓള്‍റൗണ്ട് പ്രകടനമാണ് ഞങ്ങളുടെ വിജയത്തില്‍ പ്രധാന പങ്ക് വഹിക്കാറുള്ളത്. 16 ഓവര്‍ കളിയില്‍ സെഞ്ച്വറി അടിച്ച ചരിത്രം വരെയുണ്ട് ഉത്തമന്. തുടര്‍ന്ന് ബൗളിങ്ങിനിറങ്ങിയപ്പോള്‍ തന്റെ ലെഗ് ബ്രേക്കിലൂടെ വിക്കറ്റുകളും നേടി. ഉത്തമനെ ഔട്ട് ആക്കാന്‍ മാത്രമായി എതിര്‍ടീമുകള്‍ പ്രത്യേകം പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന കാല മായിരുന്നു അത്.
ക്രിക്കറ്റ് എന്നാല്‍ ജീവിതം തന്നെയായിരുന്നു ഉത്തമന്. കൂടെയുണ്ടായിരുന്നവര്‍ ഓരോരുത്തരായി ഓരോ കാലങ്ങളിലാ യി ഗള്‍ഫിലേക്കു ചേക്കേറിയിട്ടും ഉത്തമന്‍ മാത്രം പോവാതിരുന്നത് അതു കൊണ്ടായിരുന്നു. ആരു പോയാലും നാട്ടിലെന്നും ക്രിക്കറ്റും കളിച്ച് ഉത്തമനുണ്ടാവുമെന്നായിരുന്നു നാട്ടുകാരുടെ ചുവടു പിഴയ്ക്കാത്ത വിശ്വാസം. പ്രത്യേകിച്ചു പണിയൊന്നുമില്ലെ ങ്കിലും ക്രിക്കറ്റിനെ എന്നും മുറുകെ പിടിച്ച് ഉത്തമന്‍ നാട്ടില്‍ തന്നെ നില്‍ക്കുമെന്നും അവര്‍ കരുതി. ഇടയ്ക്കു ഉത്തമന്‍ ടൗണില്‍ ഒരു റേഷന്‍ കട നടത്തിയിരുന്നു. തന്റെ കളി നിലനിര്‍ത്താന്‍ റേഷന്‍ കട ഏറ്റവും നല്ല ഉപാധിയായി മാറ്റുകയായിരുന്നു ഉത്തമന്‍. എല്ലാ വൈകുന്നേരങ്ങളിലും റേഷന്‍ കട പൂട്ടിക്കിടക്കും. ഉപഭോക്താക്കള്‍ റേഷന്‍ കട തുറക്കുന്നതും കാത്തിരുന്ന് മടുത്ത്, പ്‌രാകുമ്പോള്‍ ഉത്തമന്‍ കൂളി വയലില്‍ നിന്ന് എതിര്‍ ബോളറുടെ പന്ത് ലോംഗ് ഓണിനു മുകളിലൂടെ, നിലം തൊടാതെ അതിര്‍ത്തി കടത്തുകയാവും.

Saturday, January 21, 2012

റിസപ്ഷന്‍ കൗണ്ടര്‍ തമാശകള്‍





റിസപ്ഷന്‍ കൗണ്ടര്‍ തമാശകള്‍
ചിലരുടെ സ്വഭാവം വിചിത്രമാണ്. ചിലരുടേത് നമ്മുടെ പ്രതീക്ഷകളെ അപ്പാടെ തിരുത്തിക്കളയും. പിന്നീടോര്‍മ്മിക്കുമ്പോള്‍ ചിരിച്ച് ചിരിച്ച് മരിക്കാന്‍ ഇതൊക്കെ മതി. കൗണ്ടറുകളിലെയും റിസപ്ഷനിലേയും തിരക്ക് ഒരിക്കലും ഒഴിയുന്നില്ല. സെക്കന്റ് ബില്ലിങ്ങ് പോലെ ഓരോ സെക്കന്റിനും ഒരാളെന്ന നിലയില്‍ ക്രമം പാലിക്കുകയും ചെയ്യും. ഒരാളെ ഒരു വിധം തൃപ്തിപ്പെടുത്തി വരുമ്പോയാവും മറ്റൊരാളുടെ അന്വേഷണം. ചിലപ്പോള്‍ ചില അന്വേഷണങ്ങള്‍ പരാക്രമങ്ങളാവുകയും ചെയ്യും. പറഞ്ഞാലും പറഞ്ഞാലും മനസിലാകാത്തവരും വെറുതേ രോഷം കൊള്ളുന്നവരും സഹൃദയത്തോടെ ആവശ്യങ്ങള്‍ ചോദിച്ച് മനസിലാക്കി സൗമ്യമായ ഒരു പുഞ്ചിരി സമ്മാനിച്ച് മടങ്ങുന്നവരുമടക്കം കൗണ്ടറിലെ സുന്ദരികള്‍ക്ക് ഓര്‍മകള്‍ പിന്നെയും ബാക്കി. മറക്കാനാവാത്തതും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നതുമായ നൂറു നൂറ് അനുഭവങ്ങളുണ്ട് എല്ലാവര്‍ക്കും. അവയില്‍ നിന്ന് അരിച്ചെടുത്ത ഏറ്റവും രസകരമായ അനുഭവം ഗൃഹലക്ഷ്മിയോടു പങ്കുവയ്ക്കാനൊരുങ്ങുമ്പോള്‍ അവര്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. ‘ഇത്തരം അനുഭവങ്ങള്‍ ഏതാണ്ട് എല്ലായിടത്തുമുണ്ടാവും, പിന്നെ ഇതൊക്കെ ഞങ്ങളുടെ ജോലിയുടെ ഭാഗവും. അതുകൊണ്ട് ഈയനുഭവങ്ങള്‍ വേറൊരാളുടെ പേരില്‍ കൊടുത്താലും, വി ഡോണ്ട് കെയര്‍!’
ഇവിടെ ബാക്കി കിട്ടീല്യ..
കണ്ണൂരിലെ ഹോട്ടല്‍ അമൃതത്തില്‍ തിരക്കൊന്നൊഴിഞ്ഞ മട്ടാണ്. സമയം രണ്ടര മണി കഴിഞ്ഞതിനാല്‍ ഊണിന് വരുന്നവര്‍ ഒറ്റയൊറ്റയായേ ഉള്ളൂ. ‘ഊണ്‍ റെഡി’ എന്ന ബോര്‍ഡ് മാറ്റി ‘ഊണ്‍ തീര്‍ന്നു’ എന്ന ബോര്‍ഡ് വെക്കാറായോ എന്ന് തിരക്കുന്നുണ്ട്, കാഷ്യര്‍ കൗണ്ടറിലെ ഉഷാ പ്രമോദ്. മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഹോട്ടലിലെ സപ്ലയര്‍സ് അടക്കം ഏതാണ്ടെല്ലാം സ്ത്രീകള്‍ തന്നെയാണ്. കഴിഞ്ഞ രണ്ടു കൊല്ലമായി ഉഷ ഈ കൗണ്ടറിലുണ്ട്. തലയ്ക്കു മുകളിലെ ബോര്‍ഡില്‍ ഊണ്‍ റേറ്റ് ഭംഗിയായി പ്രിന്റ് ചെയ്തു വെച്ചിരിക്കുന്നു. മൂന്ന് തരം ഊണും വെജിറ്റബിള്‍ ബിരിയാണിയും അവയുടെ റേറ്റും. ഇങ്ങനെ ഒരു ബോര്‍ഡുണ്ടായതിനാല്‍ ജില്ലയിലെല്ലായിടത്തും ഊണ്‍ വില കൂട്ടിയതില്‍ പ്രതിഷേധിച്ച് സമരറാലി വന്നപ്പോള്‍ ഇവിടെ മാത്രം ആരും വന്നില്ല. ഒരു പക്ഷേ, രഹസ്യനിരീക്ഷണം നടത്തിയപ്പോള്‍ സമരക്കാര്‍ അത്ഭുതപ്പെട്ടുകാണണം. മൂന്ന് കാറ്റഗറിയിലുള്ള ഊണ്‍ നിരക്കുകള്‍. എല്ലാം ആര്‍ക്കും താങ്ങാവുന്നത്. പിന്നെന്തിന് ഇവിടെ കയറിയിറങ്ങണം?
ഓര്‍മയിലെ രസകരമായ കൗണ്ടര്‍ അനുഭവങ്ങള്‍ പലതുണ്ട്, ഉഷയുടെ മനസില്‍ ടോക്കണുകളായി. അവയില്‍ ഏതാനും സാംപിളുകള്‍ ഇങ്ങനെ. ‘ഒരിക്കല്, വൈകുന്നേരം കടയടക്കാന്‍ നോക്കുമ്പോള് ഒരാള് വന്ന്, മൂന്ന് ദിവസം മുമ്പ് ഭക്ഷണം കഴിച്ചുപോയപ്പോള്‍ ബാക്കി തന്നിട്ടില്ല. എനിക്കത് ഇപ്പം കിട്ടണം എന്ന് പറഞ്ഞ് ബഹളയായി. എനിക്കാണെങ്കില്‍ ഒട്ടും ഓര്‍മ്മയുമില്ല. അയാള്‌ടെ സംസാരവും മറ്റും കേട്ടാല്‍ തോന്നും ഊണുകഴിച്ച് ആയിരം രൂപ തന്നപ്പോഴാണ് ബാക്കി കിട്ടാതിരുന്നതെന്ന്. ഒടുവില് മുതലാളിയൊക്കെ ഇടപെട്ട് തര്‍ക്കം പരിഹരിക്കാമെന്നും ബാക്കി കൊടുക്കാമെന്നുമായി. അങ്ങനെ എത്ര രൂപ ബാക്കിയാണ് തരേണ്ടതെന്ന് ചോദിച്ചപ്പോള്‍ ശരിക്കും ചിരി വന്നു. അഞ്ചു രൂപ! അഞ്ചു രൂപ അപ്പം തന്നെ കൊടുത്തു. അയാള്‌ടെ മുഖത്തെ അന്നേരം ഇള്ള പൊരുതി നേടിയ വിജയഭാവം ഒന്ന് കാണേണ്ടതു തന്നെയായിരുന്നു..’ ഊണു കിട്ടാന്‍ താമസിക്കുമ്പോള്‍ കൗണ്ടറിലിരിക്കുന്നവരോട് ചൂടാവുന്നവരും കൃത്യമായി ചില്ലറയടക്കം തരുന്ന മര്യാദക്കാരും വെജിറ്റേറിയന്‍ എന്ന ബോര്‍ഡ് കണ്ടിട്ടു വരെ ഫിഷ് മോളിയുടെ വില ചോദിക്കുന്നവരും നിരവധി.
ടിക്കറ്റ് എന്‍ക്വയറി കൗണ്ടര്‍
തലശേരി റെയില്‍വേ സ്‌റ്റേഷനരികിലെ ജെ ടി ബി എസ് ടിക്കറ്റ് കൗണ്ടറില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി നൈജിയാണ് കാര്യക്കാരി. ഇതുപോലെ മറ്റൊരു കൗണ്ടര്‍ കൂടിയുണ്ട് സ്‌റ്റേഷന്റെ മറുഭാഗത്ത്. പി. ഗോപാലകൃഷ്ണനാണ് ഓണര്‍. മുമ്പ് 300 ഓളം യാത്രക്കാരില്‍ തുടങ്ങിയ തിരക്ക് ഇന്ന് പ്രതിദിനം ആയിരത്തിനും മുകളില്‍ പോയിരിക്കുന്നു. റെയില്‍വേ സ്‌റ്റേഷനിലെ നീണ്ട ക്യൂവിനു പകരം അധികം ക്യൂ നില്‍ക്കാതെ ടിക്കറ്റ് എടുക്കാം. വല്യ ബുദ്ധിമുട്ടുമില്ല. ഓര്‍മകളിലെ രസകരമായ ടിക്കറ്റ് മുറിയനുഭവങ്ങള്‍ പലതുണ്ട് നൈജിയ്ക്ക്. ഒരു കസ്റ്റമറേക്കാള്‍ ഒരുപിടി കസ്റ്റമര്‍ അനുഭവങ്ങള്‍. ആദ്യകാലങ്ങളില്‍, റെയില്‍വേ സ്‌റ്റേഷനില്‍ മാത്രം ലഭിച്ചിരുന്ന ടിക്കറ്റ് ഇതുപോലെ കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ ഇതിലെന്തോ തട്ടിപ്പുണ്ടെന്ന ഭാവമായിരുന്നു ചിലര്‍ക്കെങ്കിലും. ‘അവര് വന്ന് സംശയത്തോടെ പല കാര്യങ്ങളും ചോദിക്കും. ഞങ്ങള് ടിക്കറ്റ് റേറ്റ് ഇരട്ടി ഈടാക്കുന്നതുപോലെയായിരിക്കും ചോദ്യങ്ങള്‍. ശരിക്കും സ്‌റ്റേഷനില്‍ കിട്ടുന്ന ടിക്കറ്റിനേക്കാള്‍ ഒരു രൂപ മാത്രമാണ് അധികചാര്‍ജ്. ടിക്കറ്റ് കൗണ്ടറിനേക്കാള്‍ ഇതൊരു എന്‍ക്വയറി കൗണ്ടറാക്കാനാണ് മറ്റു ചിലര്‍ക്ക് താല്‍പര്യം. എല്ലാ കാര്യങ്ങളും അവര്‍ക്കറിയണം. മലബാര്‍ എക്‌സ്പ്രസില്‍ സീറ്റു കിട്ടുമോ? ട്രെയിന്‍ ഏത് പ്ലാറ്റ് ഫോമില്‍ വന്നു നിര്‍ത്തും? വണ്ടി എത്ര മണിക്കൂര്‍ ലേറ്റാണ്? തൊടങ്ങി എല്ലാം. എന്നിട്ടോ, എല്ലാം കേട്ട് ടിക്കറ്റെടുക്കാതെ മടങ്ങുകയും ചെയ്യും. വേറെ ചില കസ്റ്റമേര്‍സ് ഒരു രൂപയ്ക്കു പകരം 500 രൂപ തരും. ഒരു രൂപയില്ലേന്ന് ചോദിച്ചാല്‍ പിന്നെയൊരു കീശ തപ്പലാണ്. അപ്പോഴേക്കും അവര് പോവാനുള്ള ട്രെയിന്‍ സ്‌റ്റേഷന്‍ വിട്ടിട്ടുണ്ടാവും. ’ നൈജി പറയുന്നു.
ഓണത്തിനും ക്രിസ്തുമസിനും പെരുന്നാളിനുമൊക്കെയാണ് വന്‍തിരക്ക്. ‘ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു രൂപയ്ക്ക് പകരം 10 രൂപയൊക്കെ തന്ന് ബാക്കി വേണ്ട, പിന്നെ വന്ന് വാങ്ങിച്ചോളാം. നിങ്ങള് വേഗമൊന്ന് ടിക്കറ്റ് തന്നാ മതീന്ന് പറയുന്നവരുമുണ്ട്. പക്ഷേ, ഇതുവരേയും ആരും ബാക്കി ചോദിച്ചിട്ട് വന്നിട്ടുമില്ല.’
ലാമിനേറ്റ് ചെയ്ത എ ടി എം കാര്‍ഡ്
‘ഒറീസയില്‍ നിന്നുള്ളവര് ഇഷ്ടം പോലെയുണ്ട് ഈ നാട്ടില്. അവര്‍ക്കീ ബാങ്കില് എടപാടുമുണ്ട്. ഒറിയ ഭാഷയില്‍ എന്തൊക്കെയോ പറയും. ഞങ്ങക്ക് ഒന്നുമങ്ങട്ട് മനസിലാവുകയില്ല..’ തലശേരിയിലെ എച്ച് ഡി എഫ് സി ബാങ്കില്‍ നിന്നുമാണ് അനുവിന്റെ ഈ അനുഭവം പറച്ചില്‍. പിന്നെ ചില കസ്റ്റമേര്‍സിന്റെ പതിവു സംശയങ്ങളും ചേദ്യങ്ങളുമുണ്ട്. ഇന്നാളൊരിക്കല്‍ ഒരാള്‍ വന്ന് ആകെ ഗുലുമാല്‍. അയാള്‍ക്ക് അയാളുടെ എന്‍ ആര്‍ ഒ സേവിങ്‌സ് ആക്കൗണ്ടില്‍ നിന്ന് പണം എന്‍ ആര്‍ ഐ അക്കൗണ്ടിലേക്ക് ട്രന്‍സ്ഫര്‍ ആക്കണമത്രേ. ബാങ്കിന്റെ നിയമമനുസരിച്ചു നോക്കുമ്പോള്‍ അത് പ്രാവര്‍ത്തികവുമല്ല. പറഞ്ഞുകൊടുത്തിട്ടൊന്നും മനസിലാവുന്നില്ല. രണ്ടും എന്റെ അക്കൗണ്ട് തന്നെയല്ലേ എന്നായി പിന്നത്തെ ചോദ്യം.
അനുവിന്റെ അനുഭവങ്ങള്‍ക്കൊപ്പം തൊട്ടടുത്ത കൗണ്ടറിലെ ഹക്കീമും രാജശ്രീയുമൊക്കെ കൂടി ‘കൗണ്ടര്‍ അറ്റാക്കി’ന്. മുമ്പൊരിക്കല്‍ മറ്റൊരു എന്‍ ആര്‍ ഐ കസ്റ്റമര്‍ വന്ന് ഇതുപോലെ ആകെ ബഹളം. അയാള്‍ക്ക് എടിഎം എന്നൊരു കാര്‍ഡ് ബാങ്കില്‍ നിന്ന് കിട്ടിയിട്ടുണ്ടെന്നും അതുകൊണ്ട് ലവലേശം ഉപകാരമില്ലെന്നുമാണ് പരാതി. കാര്‍ഡെടുത്ത് എടിഎം മെഷീനില്‍ കുത്തിയാല്‍ പൈസ കിട്ടുന്നില്ലെന്ന് മാത്രമല്ല, കാര്‍ഡങ്ങോട്ടു കയറുന്നുമില്ല. ‘ഒടുവില്‍ ഞങ്ങളും മാനേജരുമൊക്കെ ചേര്‍ന്ന് അയാളെ സമാധാനിപ്പിച്ച് ഇരുത്തി, കാര്‍ഡ് കാണിക്കാന്‍ പറഞ്ഞു. കാര്‍ഡ് കണ്ടപ്പോള്‍ ഞെട്ടലും ചിരിയുമൊക്കെ ഒന്നിച്ച് വന്നു. അയാള് എസ് എസ് എല്‍ സി ബുക്കും ഡ്രൈവിങ് ലൈസന്‍സുമൊക്കെ പോലെ എ ടി എം കാര്‍ഡും ലാമിനേറ്റ് ചെയ്തു വച്ചിരിക്കുന്നു!’
ഹലോ, റോംഗ് നമ്പര്‍..
ഇങ്ങനെയും ചിലര്‍. കൊച്ചിയിലെ ആര്‍കിടെക്ടായ നജീബ് അസോസിയേറ്റ്‌സിലെ റിസപ്ഷനിസ് സിബി ഷിബുവിന് പറയാനുള്ളത് അറ്റെന്‍ഡ് ചെയ്ത ഫോണ്‍ കോളുകളെപ്പറ്റി. കഴിഞ്ഞ രണ്ടുവര്‍ഷമായി സിബി ഈ ഓഫീസിലുണ്ട്. ഇതിനിടയ്ക്ക് ആര്‍കിടെക്ടിനേയും പുതിയ പ്രോജക്ടുകളെക്കുറിച്ചുമൊക്കെ അന്വേഷിച്ച് നിരവധി കോളുകള്‍ അറ്റെന്‍ഡ് ചെയ്തിരിക്കുന്നു. പലര്‍ക്കും അറിയാനുള്ളത് പല കാര്യങ്ങളായിരിക്കും. ചിലര്‍ക്ക് അറിയേണ്ടത് ഓഫീസിലേക്കുള്ള വഴി. മറ്റു ചിലര്‍ക്ക് ആര്‍കിടെക്ടിനെക്കുറിച്ചും അദ്ദേഹത്തിന്റെ പുതിയ പ്രോജക്ടുകളെക്കുറിച്ചും. ഒരിക്കല്‍ ഇങ്ങനെ ഒരാള്‍ വിളിക്കുമ്പോള്‍ സാക്ഷാല്‍ ആര്‍കിടെക്ട് തന്നെയുണ്ട് അടുത്ത്. അന്ന് ഫോണെടുത്തത് അദ്ദേഹം തന്നെ. അദ്ദേഹം ഫോണില്‍ ‘ഹലോ’എന്ന് പറയുമ്പോള്‍ എനിക്ക് ആര്‍കിടെക്ടിനെ കിട്ടണമല്ലോ എന്ന് അപ്പുറത്തുള്ളയാള്‍. ഞാന്‍ തന്നെയാണ് ആര്‍കിടെക്‌ടെന്ന് പറഞ്ഞപ്പോള്‍ അപ്പുറത്തുള്ളയാള്‍ക്ക് വിശ്വാസമാവുന്നില്ല. എപ്പോഴും അവിടെ ഫോണ്‍ വിളിച്ചാല്‍ ആദ്യം ഒരു സ്ത്രീയല്ലേ എടുക്കാറുള്ളത്. അവര്‍ക്കു കൊടുക്കൂ. അവര്‍ ആര്‍കിടെക്ടിന് കണക്ടു ചെയ്തുതരും, ചുമ്മാ കളിക്കാതെ എന്നായി അയാള്‍. ഏതായാലും സാറിന്റെ ഫോണിലൂടെയുള്ള മറുപടിയും ഭാവവുമൊക്കെ കണ്ട് ഞാനിങ്ങനെ നില്‍ക്കുകയാണ്. അവസാനം കക്ഷിയ്ക്ക് റോംഗ് നമ്പര്‍ പറഞ്ഞ് ഫോണ്‍ കട്ടു ചെയ്യാതെ നിവൃത്തിയുണ്ടായിരുന്നില്ല.
എവിടെ പഴയ കംപ്യൂട്ടര്‍?
തിരുവനന്തപുരം കവടിയാറുള്ള കിംസ് വെല്‍നെസ് സെന്ററിലെ മാനേജര്‍ ഓപ്പറേറ്റരായ മിനി അയ്യര്‍ക്ക് പറയാനുള്ളത് ഒരു പിടി ആശുപത്രി അനുഭവങ്ങള്‍. ദിവസം ഏകദേശം രണ്ടായിരത്തോളം പേഷ്യന്റ്‌സുകളേയും ബന്ധുക്കളേയും പരിചയപ്പെടും. ഇതിനിടയിലാവും ചില വിചിത്രര്‍ കടന്നുവരിക. ശരിക്കും ഇവരുടെ വരവ് തിരക്കു പിടിച്ച ലോകത്ത് എന്തൊരാശ്വാസമാണെന്നോ!
മിനി ഓര്‍മയിലെ ടിപ്‌ടോപ് വസ്ത്രധാരിയെ ഓര്‍മ്മിക്കുന്നു. ‘പേഷ്യന്റ്‌സിനു എപ്പോഴും രോഗവിവരങ്ങളടങ്ങിയ ഒരു രജിസ്‌ട്രേന്‍ ഫോം ഉണ്ടാവും. സാധാരണ ഞങ്ങള്‍ തന്നെയാണ് അതു പൂരിപ്പിക്കുക. പേഷ്യന്റിന്റെ പേര്, ജനനതീയതി, സെക്‌സ്, വയസ്, കാണേണ്ട ഡോക്ടര്‍ എല്ലാമുണ്ടാവും അതില്‍. ഒരിക്കല്‍ ടിപ്‌ടോപ്പയി വസ്ത്രധാരണം ചെയ്ത്, കൂളിങ് ഗ്ലാസുമിട്ട് ഒരാള്‍ കൗണ്ടറില്‍ വന്നു. കണ്ടാല്‍ വിദ്യാസമ്പന്നനായ ഒരു ഉന്നതകുലജാതന്റെ എല്ലാ ലക്ഷണങ്ങളുമുണ്ട്. ഫോം താന്‍ തന്നെ പൂരിപ്പിച്ചോളാം എന്നായി അയാള്‍. ഓകെ എന്ന് ഞങ്ങളും. എന്നാല്‍ കുറച്ചു പൂരിപ്പിച്ച് കഴിഞ്ഞ് ബാക്കി പൂരിപ്പിക്കാന്‍ അയാള്‍ക്കൊരു വൈക്ലബ്യം. ഡേറ്റ് ഓഫ് ബര്‍ത്തിന്റെ കാര്യത്തിലായിരിക്കുമെന്ന് കരുതി വയസ് മാത്രം എഴുതിയാല്‍ മതിയെന്ന് പറഞ്ഞു. എന്നാല്‍ അയാള്‍ക്കു സംശയം സെക്‌സ് എന്ന കോളത്തെക്കുറിച്ചാണ്. അതില്‍ അയാള്‍ മീഡിയം എന്നെഴുതി വെച്ചിരിക്കുകയാണ്. ഇതെന്താണെന്നു ചോദിച്ചപ്പോള്‍ ഒന്നുമില്ല, പെങ്ങളേ, ഒരു പരുവത്തിലൊക്കെയങ്ങനെ പോവുന്നു എന്ന മറുപടിയും. ഞങ്ങള് കൊറേക്കാലം അയാള് മീഡിയത്തിനു പകരം ഔട്ട്‌സ്റ്റാന്റിങ്് എന്നെങ്ങാനെഴുതിയാലുള്ള പുകിലിനെക്കുറിച്ചോര്‍ത്ത് ചിരിക്കുമായിരുന്നു.’
പിന്നെയൊരിക്കല്‍ എം ആര്‍ നമ്പര്‍ തിരക്കി ഒരു സ്ത്രീ വന്നു. എം ആര്‍ നമ്പര്‍ എന്നാല്‍ മെഡിക്കല്‍ റെക്കോര്‍ഡ് നമ്പര്‍. ഒരിക്കല്‍ വിവരം കുറിച്ചാല്‍ രോഗിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും കംപ്യൂട്ടര്‍ സിസ്റ്റത്തില്‍ രേഖപ്പെടുത്തിയിരിക്കും. ‘ആയിടെ ഞങ്ങള് പഴയ മോണിറ്റര്‍ മാറ്റി പുതിയ എല്‍ സി ഡി സ്‌ക്രീനോടെയുള്ള മോണിറ്റര്‍, കൗണ്ടറില്‍ വെച്ചിരുന്നു. അവര്‍ പറഞ്ഞ നമ്പര്‍ എത്ര നോക്കിയിട്ടും കണ്ടില്ല. അവര്‍ക്കു നമ്പര്‍ തെറ്റിയതായിരിക്കുമെന്ന് പറഞ്ഞപ്പോള്‍, തെറ്റെനിക്കല്ല നിങ്ങള്‍ക്കാണെന്നായി അവര്‍. നിങ്ങള്‍ കംപ്യൂട്ടര്‍ മാറ്റിയതാണ് പ്രശ്‌നം. പഴയ കംപ്യൂട്ടറില്‍ എല്ലാമുണ്ട്. വേഗം അതെടുത്തു കൊണ്ടുവരൂന്നായി അവര്‍!’

Thursday, January 19, 2012

ഇന്റര്‍വ്യൂ - പി ആര്‍ ജുഡ്‌സണ്‍




ഇന്റര്‍വ്യൂ - പി ആര്‍ ജുഡ്‌സണ്‍
ആര്‍കിടെക്‌ടോ എന്‍ജിനീയറോ അല്ലാത്ത ഒരാള്‍ക്ക് എങ്ങനെ അറിയപ്പെടുന്ന ഡിസൈനറാവാന്‍ കഴിയും? ഒരു സര്‍വകലാശാലകളുടേയും അംഗീകൃത സര്‍ട്ടിഫിക്കറ്റുകളില്ലാതെ തന്നെ ലോകത്തിലെ അറിയപ്പെടുന്ന ആര്‍കിടെക്ചര്‍ വിഷൈ്വലൈസര്‍ എന്ന നേട്ടത്തിനുടമയായ പി ആര്‍ ജുഡ്‌സനുമായി മലയാള മനോരമ വീടിനു വേണ്ടി ഇന്റര്‍വ്യൂ ചെയ്തപ്പോള്‍.

വലിയട്ടങ്ങനെ വലിയട്ടെ.. കല്ലാച്ചേരിക്കടവില് നിന്നുമൊരു കാഴ്ച



വലിയട്ടങ്ങനെ വലിയട്ടെ..
കല്ലാച്ചേരിക്കടവില് നിന്നുമൊരു കാഴ്ച

Sunday, January 15, 2012

കോട്ടയം കഥ- എന്നാ ഉവ്വേ, വിശേഷങ്ങള്?






















കോട്ടയം കഥ- എന്നാ ഉവ്വേ, വിശേഷങ്ങള്?




ഒരു കഥയുണ്ട്. എന്തും തുറന്നടിച്ചു സംസാരിക്കുന്നവരാണ് തങ്ങളെന്ന് തുറന്നുസമ്മതിക്കാന്‍ കോട്ടയത്തുകാര്‍ക്കു ഒരു മടിയുമില്ല. എന്നാല്‍ തങ്ങള്‍ ക്ഷിപ്രകോപികളാണെന്നു പറഞ്ഞാല്‍ അവര്‍ ദേഷ്യത്തോടെ ചോദിക്കും, ‘എന്നാടാ, ആരാടാ ഉവ്വേ, അതു തന്നോടു പറഞ്ഞതെന്ന്’. തൊട്ടടുത്ത നിമിഷം ‘അപ്പോഴേക്കും പിണങ്ങിയോ, ഞാനൊരു തമാശ പറഞ്ഞതല്ലിയോ’ എന്നു സ്‌നേഹപൂര്‍വം തോളില്‍ കൈ ചുറ്റി തിരുത്തുകയും ചെയ്യും. കഞ്ഞിക്കുഴിയിലെ ചിപ്പി ലേഡീസ് സ്റ്റാള്‍ കാര്യക്കാരായ ജോജി മാത്യുവും നിമ്മിയും, ആളും തരവും ഫോട്ടോയെടുക്കുന്ന ശകടവും കണ്ടപ്പോള്‍ തെല്ലുസംശയത്തോടെ ചോദിച്ചു. ‘എന്നാ? എന്നതാ കാര്യം?’ വിശദീകരിച്ചപ്പോള്‍, ഇത്രേയുള്ളൂ എന്ന മട്ടില്‍ ഓര്‍മകളിലെ ക്രിസ്മസ് ദിനങ്ങള്‍ പറഞ്ഞുതുടങ്ങി. ‘ഇപ്പോഴെല്ലായെടോം റെഡിമെയ്ഡാണേലും കേക്കും നക്ഷത്രവും പുല്‍ക്കൂടുമൊക്കെ ആവേശത്തോടെ ഉണ്ടാക്കുന്ന ഒരു കാലമുണ്ടായിരുന്നേ. അന്നൊക്കെ മംഗളം മംഗളമേ, പാടി എല്ലാ വീടുകളും കയറിയിറങ്ങും. ഇടയ്ക്ക് സാന്താക്ലോസുമാവും. ഒക്കെ ഒരു കാലം!’
കോട്ടയത്തെ സൗഹൃദങ്ങള്‍ അങ്ങനെയാണ്. ആദ്യമൊരു സംശയനോട്ടത്തോടെ അകന്നുനില്‍ക്കും. പിന്നെ ഇണപിരിയാന്‍ പറ്റാത്തവിധം അടുക്കും. എന്നും കൂടെ ഒരു വെടിവട്ടവും യാത്രകളുമൊക്കെയായി സൗഹൃദമങ്ങ് അടിച്ചുപൊളിക്കും. കോഫീഹൗസിലും തിരുനക്കര മൈതാനത്തും കുമരകത്തും വാഗമണ്ണിലുമായി അവ പൂക്കും. 50 വര്‍ഷമായി കോട്ടയം മാര്‍ക്കറ്റില്‍ പലചരക്കു മൊത്തവ്യാപാരം നടത്തുന്ന വിജയരാഘവന്റെ പഴയ മട്ടിലുള്ള കടയില്‍ പഴയ കാല സുഹൃത്തുക്കളെല്ലാമുണ്ട്. മുമ്പ് ഈരാറ്റുപേട്ടേന്നും കാഞ്ഞിരപ്പള്ളിയില്‍ നിന്നുമൊക്കെ ചരക്കെടുക്കാന്‍ ആളുകള്‍ വന്നിരുന്നു. ഇന്ന് പഴയ കച്ചവടപ്രതാപത്തിന്റെ കാലമൊക്കെ കഴിഞ്ഞു. ‘എല്ലായിടവും ടൗണായി വികസിച്ചെന്നേ. ഇപ്പം അവര്‍ക്കൊന്നും ഇങ്ങോട്ടു വരികയേ വേണ്ടല്ലോ. വെറുതെയെന്തിനാ ട്രാന്‍സ്‌പോര്‍ട്ട് കാശ് കളയുന്നേ?’ വിജയരാഘവന്‍ വികസനത്തിന് മാര്‍ക്കിട്ടു. ‘പിന്നെ കച്ചോടം ഇപ്പം ഇത്തിരി ഡള്ളാണേലും അടുത്തുള്ള പ്രദേശങ്ങളില്‍ നിന്ന് ചില സ്ഥിരം കസ്റ്റമേര്‍സുണ്ട്. വിശ്വസ്തതയും സ്‌നേഹവുമാ ഇതില് പ്രധാനം..’ അരനൂറ്റാണ്ടുകാലത്തെ സൗഹൃദക്കൂട്ടായ്മ അതു ശരി വയ്ക്കുകയും ചെയ്തു.
ചെമചെമാന്ന മീന്‍കറിയും കപ്പയും
‘നല്ല ചെമചെമാന്നുള്ള മീന്‍കറി. കൂടെ കപ്പയും ശകലം കരിമീന്‍ പൊള്ളിച്ചതുമങ്ങ് ചെന്നേച്ചാ മതി. ഞങ്ങള് കോട്ടയംകാര് ഹാപ്പിയാ. വൈകുന്നേരാ അതിന്റെയൊരു നേരം. പിന്നെ വീട്ടില്‍ ഭാര്യേടേം പിള്ളാര്‌ടേയും കൂടെ. ഞായറാഴ്ചയാണെങ്കില്‍ ഒരു ഫസ്റ്റ് ഷോയോ, സെക്കന്റ് ഷോയോ..’ കലക്‌ട്രേറ്റ് പടിക്കലെ സീബ്ര ലൈന്‍ കടക്കുന്നതിനിടയില്‍ സജി ഇഷ്ടഭക്ഷണത്തെക്കുറിച്ചും ലൈഫ്‌സ്‌റ്റൈലിനെക്കുറിച്ചും വാചാലനായി. കക്ഷിയ്ക്ക് കലക്‌ട്രേറ്റില്‍ തന്നെ ജോലി. എളുപ്പം അതിരമ്പുഴയ്്ക്കുള്ള ബസ് പിടിക്കണം. ഒരു വൈകുന്നേര മഴ ആകാശത്ത് തെളിഞ്ഞുനില്‍ക്കുന്നുണ്ട്. എന്നും കഴിയുന്നതും നേരത്തെ വീടണയാനാണ് നാട്ടുകാര്‍ക്കിഷ്ടം. മിക്ക ഹോട്ടലുകളും ഷോപ്പുകളും എട്ടെട്ടര മണിയാവുമ്പോഴേക്കും ഷട്ടര്‍ താഴ്ത്തും. പിന്നെ ഭക്ഷണമെന്നാല്‍ തട്ടുകടയാണ്. ഓരോ മുക്കിലുമുണ്ട് അത്യാവശ്യത്തിനു തട്ടുകടകള്‍. ചിക്കന്‍ ഫ്രൈയും പോട്ടിയും ചൂടാറാത്ത തട്ടു ദോശയും എപ്പോഴും റെഡി. അന്‍സാരിയുടെയും തങ്കച്ചന്റേയും അജിയുടേയുമല്ലാം തട്ടുകടയ്ക്കു മുന്നില്‍ ഫസ്റ്റ് ഷോയും സെക്കന്റ് ഷോയും കഴിഞ്ഞതിനു ശേഷം തിരക്കിന്റെ കോട്ടയം സ്‌പെഷ്വലായിരിക്കും. ‘ചേട്ടാ, ഒന്ന് കഴിച്ചിട്ടു പോവാന്നേ..’
വില പ്രശ്‌നമല്ല, പക്ഷേ മുറ്റാവണം!
ശാസ്ത്രി റോഡിലെ നമ്പര്‍ പ്ലെയിറ്റ് കടകള്‍ക്കു ജീവന്‍ വച്ചു തുടങ്ങുന്നതേ ഉള്ളൂ. നമ്പര്‍ പ്ലേറ്റ്, പ്ലാസ്റ്റിക് ബോര്‍ഡ്, റബര്‍ സ്റ്റാംപ് അച്ചുകള്‍ എല്ലാമുണ്ട്. മൊത്തം 30 ഓളം കടകളെങ്കിലും വരും നിരനിരയായി. ‘വണ്ടിക്കച്ചോടത്തിന് ഇവിടെയങ്ങിനെ കാലോം നേരോംന്നില്ല. ക്രിസ്മസായാലും തിരുനക്കര ക്ഷേത്രത്തിലെ ഉത്‌സവായാലും കച്ചോടം ഒരു പോലെയാ.. ഒന്നാമത് ഏതാണ്ട് എല്ലാ ഐറ്റത്തിന്റെയും ഷോറൂമും ഡീലേര്‍സുമല്ലാം ഈ കോട്ടയത്തല്ലിയോ? വണ്ടീല് മാത്രമല്ല, എന്തിലും ഏതിലും ഉണ്ട് ഞങ്ങക്കീ ബ്രാന്‍ഡ് കമ്പം..’ 25 വര്‍ഷമായി വിവിധ മോഡല്‍ വണ്ടികള്‍ക്ക് ചേലുള്ള നമ്പര്‍ പ്ലേറ്റ് വരച്ചുവരുന്ന സ്വാതി പ്ലാസ്റ്റിക്‌സ് പ്രൊപ്രൈറ്റര്‍ അനില്‍ ഡിസൈന്‍ മാതൃകകള്‍ എടുത്തു നിരത്തി. എല്ലാ കടകളിലുമുണ്ട് ഏതാണ്ടൊരേ പോലെ തിരക്ക്. ഒരര മണിക്കൂര്‍ കാത്തു നില്‍ക്കുമ്പോഴേക്കും നമ്പര്‍ പ്ലേറ്റ് റെഡി. കോട്ടയത്തെക്കൂടാതെ ഇടുക്കി, പത്തനം തിട്ട രജിസ്‌ട്രേഷനിലുള്ള വണ്ടികളുമുണ്ട് ക്യൂവില്‍. ഇതിനിടെ പാലാ രജിസ്‌ട്രേഷനില്‍ ഒരു പുതുപുത്തന്‍ വിദേശനിര്‍മിത വൈപ്പര്‍ ബൈക്ക് കടയ്ക്കു മുന്നില്‍ നിര്‍ത്തി. എന്തുവില കൊടുത്താലും സാരമില്ല, സാധനം മുറ്റായിരിക്കണമെന്ന് നാട്ടുകാര്‍ക്കു നിര്‍ബന്ധമുണ്ട്. ഈ നിര്‍ബന്ധമാണ് നഗരത്തിലെ ഏതാണ്ടെല്ലാ ബ്രാന്‍ഡുകളുടെയും ഷോറൂമുകള്‍ക്കു പിന്നില്‍. ക്വാളിറ്റിയിലും ക്ലാസിലുമാണ് കണ്ണ്. എങ്കിലും പഴമയേയും പൗരാണികതയേയും ചരിത്രത്തേയും ബഹുമാനിക്കുന്ന മനസുണ്ട്.
കോട്ടയം വളരുന്നതു കാണൂ!
മാണിസാറിന്റെ കേരളകോണ്‍ഗ്രസ് പ്രതിപത്തി കൂടാതെ ഈയിടെയായി അല്‍പസ്വല്‍പം ഫ്‌ളാറ്റു പ്രിയവും നഗരത്തില്‍ തല പൊക്കിയോ എന്നൊരു സംശയം. ഏതാണ്ടെല്ലാ ബില്‍ഡേര്‍സിന്റേയും വമ്പന്‍ ഫ്‌ളാറ്റുകള്‍ അല്‍പാല്‍പമായി ഉയര്‍ന്നുവരുന്നതു കാണാം. ഫുഡ് ഫെസ്റ്റിവലും ഫ്‌ളവര്‍ ഷോയും ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റും ഹെരിറ്റേജ് ഫെസ്റ്റുമല്ലാം കോട്ടയത്തുകാര്‍ തകര്‍ത്താസ്വദിക്കുന്ന വിശേഷങ്ങള്‍.
തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തൊഴുതു മടങ്ങാനൊരുങ്ങുകയാണ് മിനിയും മക്കളായ റീഷ്മയും ഗ്രീഷ്മയും. എല്ലാ ഷശ്ടിയ്ക്കും വിശേഷദിവസങ്ങളിലും തൊഴുന്നത് ഒരു ശീലമാണ്. തിരിച്ചുപോവുമ്പോള്‍ ഓരോ മുല്ലമാലയും വാങ്ങും. ഉത്‌സവകാലത്ത് എങ്ങും മുല്ലയുടേയും ജെമന്തിയുടേയും മണമാവും നഗരം മുഴുവനും. ക്രിസ്തുമസായാല്‍ പിന്നെ നക്ഷത്രങ്ങളും പുല്‍ക്കൂടുകളും അലങ്കാരവിളക്കുകളും. ചിലപ്പോള്‍ എല്ലാ കോംബിനേഷനും ഒരു കടയില്‍ തന്നെ കണ്ടെന്നും വരാം. എന്തായാലും മധുരൈക്കാരനായ പൂക്കച്ചവടക്കാരന്‍ മാരിയണ്ണന്റെ ബിസിനസ് നോട്ടത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നും വരുന്ന പൂക്കള്‍ക്ക് എന്നും ഡിമാന്റാണ്. ചിലപ്പോള്‍ മുന്നിലെ ഓട്ടോക്കാരും ചുമ്മാ വാങ്ങി വയ്ക്കും രണ്ടു ചാണ്‍ മുല്ല. ഒന്നുകില്‍ ഓട്ടോയില്‍ തൂക്കിയിടാന്‍, അല്ലെങ്കില്‍ നഗരമധ്യത്തിലെ വളരുന്ന ദിവ്യകല്ലില്‍ അലങ്കരിക്കാന്‍. ‘കോട്ടയം വളരുന്നതു പോലെ ഈ കല്ലും വളരുന്നുണ്ടെ’ന്ന് അച്ചടി ഭാഷയില്‍ കിളിരൂര്‍ കുന്നിലമ്മ ഓട്ടോ ഡ്രൈവര്‍ ഷാജിയും കൂട്ടരും സാക്ഷ്യപ്പെടുത്തുന്നു.
ഹലോ, പുതിയ പുസ്തകം വന്നിട്ട്ണ്ട്..
അക്ഷരനഗരി. പണ്ടേ പതിഞ്ഞ പേര്. അതു കാത്തുസൂക്ഷിക്കാനാവണം, കണ്ടവരൊക്കെയും പത്രഭാഷയില്‍ സംസാരിച്ചുതുടങ്ങുന്നു! എങ്കിലും ഇടയ്‌ക്കൊരു ‘ചുമ്മാ’ യും, ‘ഉവ്വേ’ യും ‘പിന്നേ’ യും അറിയാതെ വരുന്നുമുണ്ട്. പലരും ഒടുക്കത്തെ പുസ്തകപ്രേമികളുമാണ്. നാല്‍പത്തഞ്ചു കൊല്ലമായി പഴയതും പുതിയതുമായ പുസ്തകങ്ങള്‍ വില്‍ക്കുന്ന മുഹമ്മദ് കുട്ടിയും നാഗമ്പടത്തെ അനസും തോമസുമല്ലാം സാധാരണക്കാരന്റെ പുസ്തകബ്രാന്‍ഡ് അംബാസഡര്‍മാര്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അധ്യാപകരും വിദ്യാര്‍ഥികളുമടങ്ങുന്ന പുസ്തകപ്രേമികള്‍ക്കെല്ലാം ഇവരുടെ മൊബൈല്‍ നമ്പര്‍ കാണാപാഠം. ഏതു പുതിയ പുസ്തകം വന്നാലും സ്ഥിരം കസ്റ്റമേര്‍സിനെ വിളിച്ചറിയിക്കും. ഗൈഡുകളും മറ്റ് അക്കാദമിക് ഗ്രന്ഥങ്ങളും വാങ്ങി ഉപകാരപ്പെട്ടവര്‍ ഉദ്ദിഷ്ടസ്മരണകളുമായി വരാറുമുണ്ട്. ഇപ്പോള്‍ തന്നെ കാണാം, ചേതന്‍ ഭഗതിന്റെ ഏറ്റവും പുതിയ നോവല്‍ വാങ്ങാന്‍ വന്ന ഷഫീറിനെ. ബാംഗ്ലൂരില്‍ സോഫ്ട്‌വെയര്‍ എന്‍ജിനീയറായ ഷഫീര്‍ എപ്പോള്‍ നാട്ടില്‍ വന്നാലും നാഗമ്പടത്തെ തെരുവുപുസ്തകശാലകളിലെത്തും. പിന്നെ ഇഷ്ടം പോലെ പുസ്തകങ്ങളും കൊണ്ടാവും തിരിച്ചുള്ള ബാംഗ്ലൂര്‍ യാത്ര. ഒരു ഫോട്ടോയെടുക്കട്ടേ എന്നു ചോദിച്ചപ്പോള്‍ ‘എന്തു ചെയ്യാം, ഒരു കോട്ടയത്തുകാരന് പുസ്തകപ്രേമിയാവാതിരിക്കാന്‍ പറ്റുമോ’ എന്ന പോസില്‍ മസിലു പിടിച്ചു.
40 ലക്ഷം, ഇന്നോവ കാറ്, ഐ ഇ എല്‍ ടി എസ് കോഴ്‌സ്..
നട്ടുച്ച. രണ്ടു മണി. തായ് മൂകാംബികയില്‍ റിസല്‍ട് അറിയാനുള്ള തിരക്കാണ്. സ്ത്രീകളുമുണ്ട് കൂട്ടത്തില്‍. ഐശ്വര്യം വരുന്ന വഴി ചിലപ്പോ ഐശ്വര്യാ റായിക്കു പോലും പറയാന്‍ പറ്റില്ലല്ലോ. പന്ത്രണ്ടു കൊല്ലം മുമ്പാണ് മുത്തു ലക്കി സെന്റര്‍ തുടങ്ങിയത്. കേരളസര്‍ക്കാറിന്റെ ഒന്നാം സമ്മാനമായ ‘40 ലക്ഷവും ഇന്നോവ കാറും’ എന്ന ഭാഗ്യവുമന്വേഷിച്ച് സ്ഥിരം വരുന്നവര്‍ കൗണ്ടറിനു ചുറ്റുമുണ്ട്. നഗരത്തില്‍ തന്നെയുണ്ട് ഏതാണ്ട് ഇരുപതോളം വലിയ ലോട്ടറി കടകള്‍. സമ്മാനമടിച്ചവര്‍ ലഡുവും ജിലേബിയുമൊക്കെയായി സന്തോഷം പങ്കുവച്ച ചരിത്രവുമുണ്ട്. ‘ഏതു ചെറിയ വിജയവും സന്തോഷവും ആഘോഷിക്കാന്‍ നാട്ടുകാര്‍ക്ക് വല്യ താല്‍പര്യമാണ്..’ കടയിലെ മുത്തുവിന്റെ അസിസ്റ്റന്റ് സെല്‍വത്തിന്റെ വക കോട്ടയത്തിന് തമിഴ് കലര്‍ന്ന പ്രത്യേക പേറ്റന്റ്.
‘പിള്ളാരെയെല്ലാം ഒരു ഡിഗ്രി വരെയെങ്കിലും മിനിമം പഠിപ്പിക്കും. അതിനു ശേഷമേ കല്യാണമുള്ളൂ. പിന്നെയും പഠിക്കണമെങ്കില്‍ അതിനും ഞങ്ങള് തയ്യാറാ. നഴ്‌സിങ്ങും ബി ടെക്കുമാ ഇപ്പോഴത്തെ ഒരു ട്രെന്‍ഡ്. പിന്നെ വിദേശത്തേക്കു പോവാനായി ഐ ഇ എല്‍ ടി എസും പഠിച്ചുവെക്കും... ഇവിടുന്ന് നെരങ്ങുന്നേലും നല്ലത് കൊച്ചുങ്ങള് കടലു കടക്കുന്നതു തന്നെയല്ലേ?’ വിദ്യാഭ്യാസകാര്യത്തില്‍ അപ്പോഴേക്കും അഭിപ്രായം പറയാന്‍ ടൗണില്‍ സ്വര്‍ണക്കട നടത്തുന്ന കുടകശേരില്‍ കടയിലെ തങ്കമ്മയും ചേര്‍ന്നു. മുമ്പ് ടീച്ചറായിരുന്ന അവര്‍ ഭര്‍ത്താവിന്റെ മരണശേഷം പാരമ്പര്യമായി കിട്ടിയ കട ഏറ്റെടുക്കുകയായിരുന്നു. ആ കോംപ്ലക്‌സ് മുഴുവനും സ്വര്‍ണക്കടകളാണ്. മൊത്തം മുപ്പത്തഞ്ചെണ്ണം. ഇതില്‍ ഏതാണ്ട് 15 എണ്ണമെങ്കിലും ഒരു കുടുംബക്കാരുടേത്്. രാവിലെ 10 മുതല്‍ വൈകിട്ട് 7 വരെയുണ്ടാവും കടകള്‍. പണിക്കൂലിയും പണിക്കുറവുമില്ലാത്തതിനാല്‍ സാധാരണക്കാരാണ് ടാര്‍ജറ്റ്.
ശരിയാണ്, മലകള്‍ വെട്ടിപ്പിടിച്ച അധ്വാനശീലമുണ്ടെങ്കിലും യുവതലമുറ കൊതിക്കുന്നത് പ്രവാസമാണെന്ന് ദര്‍ശന കോച്ചിങ് സെന്ററിലെ ഐ ഇ എല്‍ ടി എസ് വിദ്യാര്‍ഥികളായ ഇര്‍വിനും യൂസുഫും ഡയാനയുമെല്ലാം ഒരുപോലെ സ്വപ്നം പങ്കുവയ്ക്കുന്നു. എല്ലാവരും നഴ്‌സിങ് കഴിഞ്ഞവര്‍. ആസ്‌ട്രേലിയായിലേക്കും ബ്രിട്ടണിലേക്കും ന്യുസിലാന്‍ഡിലേക്കും ഖത്തറിലേക്കും പോവാന്‍ വിസയും കാത്തിരിക്കുന്നവര്‍. കോട്ടയത്തിന്റെ പുതിയ മുഖം. പുതിയ ബ്രാന്‍ഡ്.
സുന്ദരികളുടെ നാട്
അല്ലേലും ഞങ്ങള് കോട്ടയംകാര്‍ പത്തുപതിനഞ്ചുകൊല്ലം മുമ്പേ ബ്യൂട്ടിപാര്‍ലറും മസാജ് പാര്‍ലറുമൊക്കെ തുടങ്ങിയതാ ഉവ്വേ.. കഴിഞ്ഞ പത്തു വര്‍ഷമായി നഗരത്തില്‍ ലൈംലൈറ്റ് ബ്യൂട്ടി പര്‍ലര്‍ നടത്തുന്ന ഷീജ ജോസിനു പറയാനുള്ളത് നാട്ടുകാരുടെ സൗന്ദര്യസങ്കല്‍പങ്ങളില്‍ വന്ന മാറ്റങ്ങളെപ്പറ്റി. ‘മുമ്പ് തുടങ്ങിയപ്പോള്‍ മടിച്ചു മടിച്ചായിരുന്നു കസ്റ്റമേര്‍സ്, ഐ മീന്‍ സൗന്ദര്യാസ്വാദകര്‍ വന്നുതുടങ്ങിയത്. പിന്നെ ആ മടി മാറി. ഇന്ന് 15 വയസു മുതല്‍ 80 വയസു വരെയുണ്ട് കസ്റ്റമേര്‍സിന്റെ നാനാത്വത്തില്‍ ഏകത്വം..’ എത്ര മണിക്കൂര്‍ ഇരിക്കാനും തയാര്‍. ഫേഷ്യല്‍, ഹെയര്‍ സ്‌ട്രൈറ്റനിങ്, മസാജിങ് എല്ലാമുണ്ടിവിടെ. തീരുന്നതു വരെ കസ്റ്റമേര്‍സ് വീട്ടിലേയും നാട്ടിലേയും കാര്യങ്ങളൊക്കെ പറഞ്ഞിരിക്കും. പിന്നെ നഗരത്തിലെ പ്രമുഖ വസ്ത്രഷോപ്പുകളുമായി ചേര്‍ന്ന് പുതിയ ഡ്രെസുകളുടെ കണ്‍സള്‍ട്ടന്റായും ഇടപെടുന്നുണ്ട്. ‘ദേ, കാണുന്നില്ലേ, ഏത് പുതിയ സൗന്ദര്യപരീക്ഷണങ്ങള്‍ക്കും ഇവിടുത്തുകാര്‍ എപ്പോഴും റെഡിയാണ്. കേരളത്തിലെ സുന്ദരികളുടെ നാടാണ് ഇത്. ഇവിടത്തെ സ്ത്രീകളെല്ലാം സൗന്ദര്യത്തില്‍ പണ്ടുമുതലേ കോണ്‍ഷ്യസ് ആണെന്നതിനു തെളിവാണ്, ചങ്ങനാശേരീന്നും പാലേന്നും തിരുവല്ലേന്നുമൊക്കെയുള്ള സിനിമാസുന്ദരികള്‍!’ ഇതിനിടെ കടയില്‍ സ്‌ട്രൈറ്റനിങ് നടത്താന്‍ വന്ന കസ്റ്റമറുടെ മുടി ഷീജ കൈയ്യിലെടുത്തു കഴിഞ്ഞു.
റബറും പ്രവാസവും
ചരിത്രപൗരാണികതകള്‍ ധാരാളമുണ്ട് കോട്ടയത്ത്. പണ്ട് വേലുത്തമ്പി ദളവ ആനയെ കച്ചോടം ചെയ്ത് ഉദ്ഘാടനം ചെയ്ത ചങ്ങനാശേരി മാര്‍ക്കറ്റ് ഇന്നും അധികമൊന്നും മാറ്റമില്ലാതെñനില്‍ക്കുന്നു. ഏതൊരു പാര്‍ട്ടിയുടെ ലയനസമ്മേളനത്തിനും വേദിയാവാന്‍ സ്ഥിരം ഭാഗ്യം കിട്ടാറുള്ള തിരുനക്കര മൈതാനവും സി എം എസ് കോളജും അല്‍ഫോന്‍സാമ്മയുടെ ജന്‍മഗേഹവും വിവിധ സഭകളുടെ ചരിത്രത്തിലിടം പിടിച്ച പള്ളികളും ക്ഷേത്രങ്ങളും മസ്ജിദുകളും കോട്ടയത്തിന്റെ ശബ്ദവും സൗന്ദര്യവുമാവുന്നു.
‘ഈടത്തുകാര്‌ടെ സ്വഭാവം റബറ് വലിക്ക്ന്നതു പോലെയാ. സ്‌നേഹിച്ചാല്‍ ഭയങ്കര സ്‌നേഹമാരിക്കും. ദ്രോഹിച്ചാലോ പിന്നെ മാപ്പു തരത്തേയില്ല. പാഠം പഠിപ്പിച്ചേ അടങ്ങൂ..’ സത്യം പറയാലോ, ടൗണില്‍ ചായക്കട നടത്തുന്ന മാഹിക്കാരന്‍ ജമാലിന്റെ കോട്ടയം നിരീക്ഷണമാണ് കോട്ടയത്തിന്റെ എല്ലാമെല്ലാമായ റബറില്‍ ശ്രദ്ധയുടക്കിയത്. പിന്നെ നല്ല റബര്‍ തൈകള്‍ കിട്ടാനായി പാലായിലേക്കും വാകത്താനത്തേക്കുമൊരു ട്രിപ്പ്. വാകത്താനത്തെ ജെയിംസിന്റെ ഇലവും മൂട്ടില്‍ റബര്‍ നഴ്‌സറിയില്‍ ഇഷ്ടം പോലുണ്ട് തൈകള്‍. എല്ലാം മുറ്റ് ക്വാളിറ്റി. ഒരു തൈയ്ക്ക് 70 മുതല്‍ 100 രൂപ വരെ വരും. ടൗണിലെ പരസ്യം കണ്ട് വരുന്നവരാണ് കൂടുതലും. ഇതിന്റെ വേറെ പതിപ്പ് പാലായില്‍ കിട്ടുമോയെന്നന്വേഷിച്ച് വണ്ടി വിട്ടപ്പോള്‍, പാലായിലെ തെരേസ ബെയ്ക്കറി നടത്തുന്ന ജേക്കബിനു പറയാനുള്ളത് മറ്റൊരു രഹസ്യം. പുള്ളിക്കാരന്റെ ബന്ധുക്കളിലധികവും പഴയ കാലത്ത് കണ്ണൂര്‍ ജില്ലയിലെ കുടിയാന്‍മലയിലേക്ക് കുടിയേറിയവരാണ്. കോട്ടയത്തിന്റെ മനസുമായി പ്രവാസിജീവിതം നയിക്കുന്നവര്‍. കോട്ടയംകാര്‍.

Saturday, January 14, 2012

മണല്‍ച്ചാക്കു കൊണ്ടൊരു വീട്


മണല്‍ച്ചാക്കു കൊണ്ടൊരു വീട്
കൊല്ലത്തെ കാപ്പില്‍ കടപ്പുറത്തെ വീട് മനോരമയ്ക്കു വേണ്ടി ചെയ്തപ്പോള്‍

Wednesday, January 11, 2012

നോമ്പ് കാലത്തെ യാത്രകള്‍




നോമ്പ് കാലത്തെ യാത്രകള്‍

ഖമറുന്നിസ അന്‍വര്‍ ഈ പ്രാവശ്യവും നോമ്പ് പകുതിയാവുന്നതോടെ ഉംറയ്ക്ക് പോവും. ഇന്‍ഷാ അള്ളാഹ്. മുമ്പും നോമ്പല്ലാത്ത കാലത്ത് ഉംറയ്ക്ക് പോയിടുണ്ട്. പക്ഷേ നോമ്പുകാലത്ത് ഉംറയ്ക്ക് പോവുന്നതിന് പുണ്യം കൂടുതലാണ്. ജീവിതത്തിലെ മറക്കാനാവാത്ത പല അനുഭവങ്ങളും നോമ്പുകാലത്തെ ഉംറയില്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, എല്ലാത്തിനും അല്ലാഹുവിന്റെ അനുഗ്രഹം കുട ചൂടുന്നു.
തിരൂരുള്ള വീട്ടില്‍ താരതമ്യേന ഈ നോമ്പിന് അംഗങ്ങള്‍ കുറവാണ്. ഖമറുന്നിസ അന്‍വറും ഭര്‍ത്താവ് ഡോക്ടര്‍ അന്‍വറും മകള്‍ അന്‍സീറയും മക്കളും മാത്രമേ ഉള്ളൂ. ഉള്ളവരാണെങ്കില്‍ ഇന്നോ നാളെയോ ഏതെങ്കിലും യാത്രയ്ക്കുള്ള തയാറെടുപ്പിലുമാണ്. അസ്ഹര്‍, അസ്ബറ, അന്‍സീറ, ആസിം അഹ്ദിര്‍ എന്നിവരാണ് ഖമറുന്നിസ-അന്‍വര്‍ ദമ്പതികളുടെ മക്കള്‍. ഉദ്യോഗവും മറ്റു തിരക്കുകളൊക്കെയുമായി എല്ലാവരും വിവിധ സ്ഥലങ്ങളിലാണ്. എങ്കിലും നോമ്പ് രണ്ടാമത്തെ പത്തിലേക്കും മൂന്നാമത്തെ പത്തിലേക്കും കടക്കുന്നതോടെ ഇവരൊക്കെ ഈ വീട്ടില്‍ നോമ്പുതുറക്കാനായി ഒത്തുകൂടുമെന്നാണ് വീട്ടുകാരിയുടെ പ്രതീക്ഷ.
‘ഏതായാലും ഇങ്ങളീ ആദ്യത്തെ പത്തിന് തന്നെ ഫോട്ടോയെടുക്കാന്‍ നന്നായി. എല്ലെങ്കില് ആളനക്കം ഒട്ടുമില്ലാത്ത വീടിന്റെ ഫോട്ടോയെട്ത്ത് പോവേണ്ടി വരുവേനും..’
എല്ലാത്തിനും കണ്ണൂര്‍ സ്‌റ്റൈല്‍!
‘കണ്ണൂരുകാരാണ് ശരിക്കും നോമ്പുതുറയെ ഇത്രേം പോപ്പുലറാക്കിയത്. നോമ്പുതുറ എന്നു പറഞ്ഞാല് അതിനുള്ള ഐറ്റംസ് കണ്ണൂരുകാരുടെ കൈകൊണ്ടു തന്നെ വെളമ്പണം. ഭക്ഷണത്തിന്റെ സ്വാദിനെക്കുറിച്ച് മറ്റ് ജില്ലക്കാരെയെല്ലാം ബോധവാന്‍മാരാക്കിയത് കണ്ണൂരുകാരാ..’
ñഡോക്ടര്‍ അന്‍വര്‍ വിഭവസമൃദ്ധമായ നോമ്പുതുറയ്ക്കു ശേഷം പള്ളിയിലേക്കു പോവാനുള്ള തിരക്കിലാണ്. അടുത്തുള്ള പാറേക്കുളം ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റാണ് അദ്ദേഹം. ഇടയ്ക്ക് തറാവീഹ് നമസ്‌ക്കാരത്തിന് ഇമാമായി നിന്ന് നേതൃത്വം നല്‍കാറുമുണ്ട്. ഇപ്പോള്‍ തിരൂരാണെങ്കിലും കണ്ണൂരാണ് ഖമറുന്നീസയുടേയും അന്‍വറിന്റേയും സ്വദേശം. ഒരാള്‍ കണ്ണൂര്‍ സിറ്റിയിലായിരുന്നെങ്കില് മറ്റൊരാള്‍ തൊട്ടടുത്ത തെക്കീ ബസാറിലും. കല്യാണം കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ക്ക് ഇവിടെ സ്ഥലം മാറ്റം കിട്ടി വരികയായിരുന്നു. പിന്നെ താമസവും ഇവിടെ ഉറപ്പിച്ചു.
‘അന്നിവിടെ വന്നപ്പോള്‍ നാട്ടില്‍ നിന്ന് അകന്നുകഴിഞ്ഞെന്ന തോന്നലൊന്നുമുണ്ടായിരുന്നില്ല. നോമ്പുതുറയ്‌ക്കൊന്നും അത്രയധികം വിഭവങ്ങളുമുണ്ടായിരുന്നില്ല. കഞ്ഞിയും പത്തിരിയും തന്നെ മെയിന്‍. പിന്നെ ഞങ്ങള് കണ്ണൂരുകാര് വേണ്ടിവന്നു മലപ്പുറത്തിനെ വെറൈറ്റി ഐറ്റംസ് കൊണ്ട് ടേസ്റ്റിയാക്കാന്‍..’
ഡോക്ടര്‍ തമ്മാശരൂപേണ പറഞ്ഞു. തീന്‍മേശയില്‍ ഫോട്ടോയെടുക്കാനായി ഇഷ്ടം പോലുണ്ട് മലപ്പുറത്തിനു പരിചിതമല്ലാത്ത തനി നാടന്‍ വിഭവങ്ങള്‍. എല്ലാം മുമ്പ് കണ്ണൂരില്‍ നിന്നു പോരുമ്പോള്‍ കമറുന്നിസ അന്‍വര്‍ കൂടെ കൂട്ടിയ രുചിക്കൂട്ടങ്ങള്‍. പത്തിരി, ഇറച്ചിപ്പത്തിരി, നെയ്പ്പത്തിരി, ചട്ടിപ്പത്തിരി, തിരുള്‍ പത്തിരി, സമൂസ, കട്‌ലറ്റ്.. എല്ലാത്തിലുമുണ്ട് ഒരു കണ്ണൂരിയന്‍ സ്‌റ്റൈലും രുചിയും.
റംസാന്‍ ഭക്തിയുടെ പൂക്കാലം
പകല്‍ അസ്വ്‌റ് ബാങ്ക് കൊടുത്ത് നമസ്‌ക്കാരം കഴിയുന്നതുവരേയും വീട്ടിലെ ആരും അടുക്കളയുടെ ഭാഗത്തേ പോവാറില്ല. വീട്ടിലുള്ള കൊച്ചുകുട്ടികളൊഴികെ എല്ലാവര്‍ക്കും നോമ്പുണ്ടാവും. കുട്ടികളെയെല്ലാം ചെറുപ്രായത്തില്‍ തന്നെ നോമ്പെടുക്കുന്നത് ശീലിപ്പിക്കും. ആരെയും ഒഴിവാക്കാറാക്കില്ല. പള്ളിയിലെ ഖുര്‍ആന്‍ ക്ലാസിനും മറ്റും പങ്കെടുക്കുകയും നേതൃത്വം നല്‍കുകയും ചെയ്യും. റമളാന്‍ ഭക്തിയുടെ പൂക്കാലമാണ്. മറ്റു പതിനൊന്നു മാസവും പോലെയല്ല. സ്വന്തം ജീവിതരീതി പരമാവധി ചിട്ടപ്പെടുത്താന്‍ ശ്രമിക്കും.
യാത്രകളും നോമ്പും
‘ഉമ്മായ്ക്ക് പക്ഷേ, റമളാനായാലും അല്ലാത്തപ്പോഴുമെല്ലാം യാത്രകള്‍ക്ക് ഒരു കുറവുമില്ല. എന്തെങ്കിലും കാര്യങ്ങള്‍ക്കായി എവിടെയെങ്കിലും യാത്രകളുണ്ടാവും. ഞങ്ങളൊക്കെ ചെറിയതായിരുന്ന സമയത്തൊക്കെ ഉമ്മ സാമൂഹ്യപ്രവര്‍ത്തനവും മറ്റുമൊക്കെയായി പറന്നുകഴിയുന്ന കാലമായിരുന്നു. അനക്ക് തോന്നുന്നത് ഇപ്പോഴാ അത് കൊറച്ചൊന്ന് കൊറഞ്ഞ്ത്ന്നാ.. ’
മകള്‍ അന്‍സീറയും സംഭാഷണത്തില്‍ പങ്കു കൊണ്ടു.
പക്ഷേ, എവിടെയാന്നെങ്കിലും നോമ്പു മുപ്പതും എടുക്കും. യാത്രയിലാന്നെങ്കിലും..’
ഖമറുന്നിസ അന്‍വര്‍ പഠിച്ചിരുന്ന കാലത്തെ നോമ്പനുഭവങ്ങളെ കുറിച്ചോര്‍ത്തു. പ്രീഡിഗ്രിയ്ക്ക് പാലക്കാട് വിക്ടോറിയ കോളേജിലായിരുന്നു പഠിച്ചത്. ഡിഗ്രിയ്ക്ക് പഴയ മദ്രാസിലെ എസ് ഐ ടി വിമന്‍സ് കോളേജിലും. അവിടെ നോമ്പെടുക്കാനുള്ള സൗകര്യമില്ലാഞ്ഞിരുന്നിട്ടും നോമ്പെടുക്കുമായിരുന്നു. അത്താഴത്തിനു സൗകര്യമില്ലാത്തതിനാല്‍ മിക്കവാറും നോമ്പുതുറയ്ക്കുമ്പോള്‍ കഴിച്ച ഭക്ഷണം തന്നെയായിരിക്കും. അതായത്, ഒരു ദിവസം ഒരു നേരം ഭക്ഷണം എന്നര്‍ഥം. എന്നാലും നോമ്പെടുക്കാതിരുന്നിട്ടില്ല.
കഅ്ബയ്ക്കു മുന്നില്‍
യാത്രയെക്കുറിച്ച് പറയുമ്പോള്‍ നോമ്പുകാലത്ത് നടത്തിയ ഒരു വലിയ യാത്രയുടെ ഓര്‍മ്മകള്‍ ഇന്നും കമറുന്നിസയുടെ മനസിലുണ്ട്. ‘അന്ന് ഞങ്ങള്‍ നാലു പെണ്ണുങ്ങളുണ്ടായിരുന്നു. ഉംറ ചെയ്യാന്‍ പോയ സമയം. കൂട്ടത്തില്‍ മഞ്ചേരിയിലുള്ള ആയിഷ ടീച്ചര്‍ക്ക് പനിയായതു കാരണം ഉംറ നിര്‍വഹിക്കാന്‍ കഴിഞ്ഞില്ല. പക്ഷേ പിറ്റേന്ന് പോരാന്‍ നേരം ഉംറയ്ക്ക് പോയേ തീരൂ എന്നായി. അങ്ങനെ ഞങ്ങള് പിന്നെയും വൈകുന്നേരം കഅബയുടെ അടുത്തെത്തി. സഫാ മര്‍വ മലകള്‍ക്കിടയില്‍ ത്വവാഫ് ചെയ്യുന്ന സമയത്ത് അതാ, ബാങ്ക് കൊടുക്കുന്നു. എങ്ങനെ നോമ്പു തുറക്കും? അങ്ങനെ വിഷമിച്ചു നില്‍ക്കുമ്പോഴാണ് എവിടെ നിന്നാണെന്നറിയില്ല, കുറച്ച് കുട്ടികള് ഈന്തപ്പഴവും കാരയ്ക്കയുമായി അടുത്തെത്തുന്നത്. ശരിക്കും അതൊരു അതിശയം തന്നെയായിരുന്നു. നമ്മളെ നോമ്പ് തൊറപ്പിക്കാന്‍ മാത്രമായിറ്റ് അവിടെ അവതരിച്ച കൊറച്ച് കുട്ടികള്.. ശരിക്കും അവരെ അയച്ചത് പടച്ചോനാന്ന് തന്നെയാ എന്റെ വിശ്വാസം. അന്നത്തെ മഗ്‌രിബ് നിസ്‌ക്കാരത്തിനും പ്രത്യേകതകള്‍ ഉണ്ടായിരുന്നു. നേരെ മുന്നില്‍ ഖിബ്‌ലയായി കഅ്ബ. ഇതിലും നല്ലൊരു നമസ്‌കാരം വേറെ ആര്‍ക്കു കിട്ടും? അന്നത്തെ ആ നിര്‍വൃതി ഇപ്പോഴുമുണ്ട് മനസില്‍. ’
ഇന്നത്തെ സമുദായം
പക്ഷേ, ഇന്നത്തെ സമുദായത്തിന്റേയും യുവാക്കളുടേയും ഇപ്പോഴത്തെ പോക്കില്‍ ഡോക്ടര്‍ അന്‍വറിനും ഖമറുന്നിസയ്ക്കും വ്യക്തമായ ആശങ്കകളുണ്ട്. ഉദാഹരണത്തിന് പെരുന്നാളിനും മറ്റും ഹറാമായ മദ്യത്തിലും മയക്കുമരുന്നിലും ലഹരി കണ്ടെത്തുന്ന യുവസമുദായത്തോട്. അവര്‍ നോമ്പിന്റെ പവിത്രതയും പാവനതയും പെരുന്നാളോടെ അപ്പാടെ ഇല്ലാതാക്കുകയല്ലേ ചെയ്യുന്നത്? ഡോക്ടര്‍ അന്‍വര്‍ ചോദിക്കുന്നു.
‘പെരുന്നാളിന് ഒരു ചെറിയ യാത്രയെല്ലാം നല്ലതാണ്. പക്ഷേ, അതില്‍ അതിന്റേതായ നിയന്ത്രണങ്ങള്‍ പാലിക്കുകയും ചെയ്താലേ, നോമ്പിലൂടെ നമ്മള്‍ നേടിയ ചൈതന്യം നിലനില്‍ക്കൂ.
ഞങ്ങളുടെ വീടിന്റെ പേരു അഖ്‌ന എന്നാണ്. ഉള്ളത് കൊണ്ട് തൃപ്തിപ്പെടുക എന്നര്‍ഥം. ഞങ്ങള്‍ക്കാകട്ടെ ഏറെ വലിയ മോഹങ്ങളുമില്ല. എങ്കിലും അടുത്ത കൊല്ലത്തെ നോമ്പിനും ഇതുപോലെ പടച്ച തമ്പുരാന്‍ ഞങ്ങളെയെല്ലാം ബാക്കി വെക്കണേ എന്ന് ആശിച്ചുപോവുന്നു. പ്രാര്‍ഥിച്ചു പോവുന്നു.’
ഖമറുന്നിസയുടെ പ്രാര്‍ഥനയ്ക്ക് വീട്ടുകാരെല്ലാം ആമീന്‍ പറഞ്ഞ് സര്‍വശക്തനു സ്തുതി ചൊല്ലി.

Monday, January 9, 2012

ചുവരെഴുത്തുകളുടെ കാലം




ചുവരെഴുത്തുകളുടെ കാലം
കൂട്ടുകാരെ നേടാതിരിക്കുക. ദു:ഖിക്കാതിരിക്കാന്‍ വേണ്ടി സഹപാഠികളില്‍ നിന്നുമകന്ന് നടന്നപ്പോള്‍ അവര്‍ എന്നെ ബുദ്ധിജീവി എന്നു വിളിച്ചു. ചിലര്‍ വിപ്ലവകവിതകള്‍ ചൊല്ലി എന്നെ സമീപിച്ചു. മുദ്രാവാക്യങ്ങള്‍ വേണമായിരുന്നു അവര്‍ക്ക്. ഞാനത് ഭംഗിയായി എഴുതിക്കൊടുത്തു. അപ്പോഴും അവര്‍ എന്റെ കൂട്ടുകാരാകരുതേ എന്നു പ്രാര്‍ഥിച്ചു. എന്നിട്ടും ചിലര്‍ എന്റെ സുഹൃത്‌നിരയിലേക്കു അനുവാദമില്ലാതെ നടന്നു കയറി. ഞാന്‍ അറിയാതെ, എന്നാല്‍ ഞാന്‍ വെറുക്കുമെന്നു മനസിലാക്കി അവര്‍ എന്നെ സ്‌നേഹിച്ചു. അവര്‍ക്കു ആണ്‍ പെണ്‍ ഭേദമുണ്ടായിരുന്നില്ല. കാരണം എന്റെ മുദ്രാവാക്യങ്ങളെ അവര്‍ അത്രമേല്‍ സ്‌നേഹിച്ചി രുന്നു.

Sunday, January 8, 2012

അന്നക്കുട്ടീ, കോടമ്പാക്കം വിളിക്കുന്നു!


അന്നക്കുട്ടീ, കോടമ്പാക്കം വിളിക്കുന്നു!

സിനിമകളെക്കുറിച്ചുള്ള എന്റെ കിനാവുകളില്‍ നിറഞ്ഞുനില്‍ക്കുന്ന സ്ഥലമാണ് കോടമ്പാക്കം. ദക്ഷിണേന്ത്യയിലെ ഹോളിവുഡ് എന്നറിയപ്പെടുന്ന സ്ഥലമാണല്ലോ അത്. സിനിമാനടനാകണമെന്ന അടക്കാനാവാത്ത സ്വപ്നം മനസില്‍ താലോലിച്ചു നടന്ന കാലത്ത് കോടമ്പാക്കത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളായിരുന്നു. നേരെ കോടമ്പാക്കത്തുവന്നാല്‍ സിനിമാ നടനാകാം.. പണം കൊയ്യാം.. ചലച്ചിത്രരംഗം കീഴടക്കാം. അങ്ങനെ എന്തൊക്കെ..
ചമയങ്ങള്‍ (മമ്മൂട്ടി)

കോടമ്പാക്കത്തെ സിനിമാകാഴ്ചകള്‍ ആരെയും ആവേശം കൊള്ളിച്ച ഒരു കാലമുണ്ടായിരുന്നു പണ്ട്. മലായാളത്തിലെ ഇന്നത്തെയും ആദ്യകാല സൂപ്പര്‍ താരങ്ങള്‍ തൊട്ട് സംവിധായകപ്രതിഭകളേയും ഊറ്റം കൊള്ളിച്ചിരുന്നു ഈ സിനിമാ പട്ടണം. കോടമ്പാക്കത്ത് പട്ടിണി കിടന്ന് വളര്‍ന്നവരായിരുന്നു അവരെല്ലാം. മുകളിലെ മമ്മൂട്ടിയുടെ ആത്മകഥയിലെന്ന പോലെ അവരുടെയെല്ലാം ആത്മകഥകളില്‍ കോടമ്പാക്കം നിറഞ്ഞുനിന്നിരുന്നു. എത്ര പട്ടിണി കിടന്നാലും പൈപ്പ് വെള്ളം കുടിച്ചാലും ഈ സിനിമാനഗരത്തില്‍ നിന്ന് തന്റെ നമ്പറും ഒരിക്കലെങ്കിലും വരാതിരിക്കില്ലെന്ന് വിശ്വസിക്കുകയും സ്വപ്നം കാണാനുമായിരുന്നു അവര്‍ക്ക് ഇഷ്ടം. മമ്മൂട്ടിക്കു പുറമേ പ്രിയദര്‍ശനും മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ശ്രീനിവാസനുമല്ലാം കോടമ്പാക്കത്തിന്റെ ആതിഥേയത്വം ആദ്യകാലങ്ങളില്‍ വേണ്ടുവോളം അനുഭവിച്ചവരായിരുന്നു. ആദ്യകാലനടനായ മലയാളത്തിലെ വെറ്ററന്‍ താരം പറവൂര്‍ ഭരതനോടു ചോദിച്ചാലറിയാം പ്രേനസീറിലും സത്യനിലും തിക്കുറിശിയിലും തുടങ്ങുന്ന ആദ്യകാല കോടമ്പാക്കം ‘നിവാസി’കളെപ്പറ്റി. കോടമ്പാക്കത്തെത്തിയാല്‍ കാല്‍ ഭാഗം സിനിമയിലെത്തിയെന്ന് കരുതാനായിരുന്നു അവര്‍ക്കിഷ്ടം. മലയാളത്തിലെ മാത്രമല്ല, തെന്നിന്ത്യന്‍ സിനിമകളിലെ ഏറെക്കൂറെ സൂപ്പര്‍ താരങ്ങളെല്ലാം കോടമ്പാക്കത്ത് കറങ്ങിയടിച്ചവരായിരുന്നു, കോടമ്പാക്കം കലക്കിക്കുടിച്ചവരായിരുന്നു. സിനിമാക്കാരെ തട്ടിമുട്ടാതെ അന്നൊന്നും അതിലേ ആര്‍ക്കും കടന്നുപോവാന്‍ കഴിയില്ല എന്നു പറഞ്ഞാല്‍ അത് അതിശയോക്തി ആയിരുന്നേ അല്ല!
എന്നാല്‍ ഇന്ന് കാലം മാറിയിരിക്കുന്നു. കോടമ്പാക്കത്തേക്കാള്‍ വലിയ സ്റ്റുഡിയോകളും ലൊക്കേഷനുകളും ലാബുകളുമല്ലാം എല്ലായിടത്തും വ്യാപകമായിരിക്കുന്നു. മലയാളസിനിമ പോലും കോടമ്പാക്കത്തെ വിട്ട് എറണാകുളത്തേക്ക് ചേക്കേറിയിരിക്കുന്നñകാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുക. കോടമ്പാക്കം പണ്ടത്തെ പോലെ തന്നെ ഉണ്ടെങ്കിലും അതിന്റെ പ്രൗഡിയും പകിട്ടും അല്‍പമൊന്ന് കുറഞ്ഞിട്ടുണ്ടെന്ന് തന്നെ സാരം. മലയാളസിനിമയിലെ വലിയ വലിയ താരങ്ങള്‍ക്കൊക്കെയും ചെന്നൈയിലും കോടമ്പാക്കത്തും വീടുകള്‍ ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു പണ്ട്. താരത്തിന്റെ ഇവിടെയുള്ള വീട് തറവാടും എല്ലാ സൗകര്യങ്ങളുമുള്ള പുതിയ വീട് ചെന്നൈയിലോ കൊടമ്പാക്കത്തോ ആയിരുന്ന കാലം. എന്നാല്‍ ഇന്ന് തെന്നിന്ത്യന്‍ സിനിമ കോടമ്പാക്കത്തേക്കാള്‍ വലുതായി എന്നു പറയാം.
എറണാക്കുളം ആണ് ഇന്ന് മലയാളസിനിമയുടെ കേന്ദ്രം. ചെറുതും വലുതുമായ മലയാളസിനിമകളെല്ലാം എറണാകുളവും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് ഷൂട്ടിങ്ങും അന്നുബന്ധകാര്യങ്ങളും നടന്നുവരുന്നു. സിനിമാമോഹികള്‍ക്ക് കോടമ്പാക്കത്തേക്കാള്‍ ചേക്കേറാനുള്ള ഇല്ലമായി എറണാകുളം മാറിയതായി കാണാം. സൂപ്പര്‍ താരചിത്രങ്ങള്‍ വരെ കൊച്ചിയിലും പരിസരñപ്രദേശത്തുമായി ഷൂട്ടിങ് പുരോഗമിക്കുന്നു. കോടമ്പാക്കം പല സിനിമാ സെന്ററുകളില്‍ ഒന്ന് എന്ന നിലയിലേക്ക് രൂപാന്തരപ്പെട്ടതിനു കാരണവും മറ്റു സ്ഥലങ്ങളിലെ അടിസ്ഥാനസൗകര്യങ്ങളുടേയും ടെക്‌നോളജിയുടേയും വളര്‍ച്ച തന്നെയാണ്. ഈ സത്യം ഒരു പക്ഷേ, ഇങ്ങനെയും പറയാം. ഇനിയൊരു കാലത്തും മുകളിലെ തലവാചകത്തില്‍ ഒരു സിനിമ ഇറങ്ങിയെന്നു വരില്ല!

Saturday, January 7, 2012

വയനാട്ടിലെ കപ്പല്‍വീട്ടില്‍



വയനാട്ടിലെ കപ്പല്‍വീട്ടില്‍


വയനാട്ടിലെ കപ്പല്‍വീട്ടില്‍ മനോരമയ്ക്കു വേണ്ടി സന്ദര്‍ശിച്ചപ്പോള്‍..

Wednesday, January 4, 2012

എത്രയും പ്രിയപ്പെട്ട കുഞ്ഞാമുവിന്,


എത്രയും പ്രിയപ്പെട്ട കുഞ്ഞാമുവിന്,
‘ഒരിക്ക പെന്ന് തര്വോ?’
മുന്നില്‍ നീട്ടിപ്പിടിച്ച കൈ. വെള്ളം കണ്ടിട്ട് കുറേ നാളുകളായതിനാലാവാം, അതത്രയും അഴുക്കും ചെളിയും പിടിച്ചി രുന്നു.
അറപ്പിന്റേയും അത്ഭുതത്തിന്റേയും സമ്മിശ്രഭാവത്തോടെ ഞാന്‍ അയാള്‍ക്ക് പേന നല്‍കി. കുഞ്ഞാമു പേനയുടെ ടോപ്പ് ഊരിയതിനു ശേഷം കൈയ്യിലെ പോസ്റ്റ് കാര്‍ഡില്‍ ചിലതു കുത്തി ക്കുറിച്ചു. വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു പോസ്റ്റ് കാര്‍ഡായിരുന്നു അത്. കാര്‍ഡിനു പത്ത് പൈസയുള്ളപ്പോള്‍ ഉള്ളത്. അവ സാനമായി കുഞ്ഞാമു വിലാസം എഴുതിയപ്പോള്‍ വ്യക്തമായും ശ്രദ്ധിക്കാന്‍ കഴിഞ്ഞു.
ടു,
ഇന്ത്യന്‍ പ്രസിഡന്റ്,
രാഷ്ട്രപതി ഭവന്‍,
ഡല്‍ഹി.
അതിനു ശേഷം അടുത്തുള്ള, ചുവന്ന പെയിന്റ് അല്‍പാല്‍പമായി നഷ്ടപ്പെട്ടുകൊണ്ടിരുന്ന പഴയ തപാല്‍പെട്ടിയില്‍ ആ കാര്‍ഡിട്ടു. പിന്നെ തന്റെ സ്ഥിരം ഭാവത്തോടെ ചിന്താധീനനായി റോഡിലേക്കിറങ്ങി..

ദിവസം ഒരാള്‍ക്കെങ്കിലും കത്തെഴുതി അയച്ചില്ലെങ്കില്‍ ഉറക്കം വരാത്ത അവസ്ഥയാണ് കുഞ്ഞാമുവിന്. വിലാസക്കാരന്‍ പലപ്പോഴും പ്രധാനമന്ത്രിയോ പ്രസിഡന്റോ മുഖ്യമന്ത്രിയോ ഒക്കെയാവും. പോസ്റ്റ്മാന്‍ അശോകന് വായിച്ചുചിരിക്കാനുള്ള ഉപാധി ആയിരുന്നു ചാര്‍ജെടുത്ത നാളുകളില്‍ ഈ കത്തുകള്‍. പിന്നെപ്പിന്നെ ആ പഴയ തപാല്‍പെട്ടിയില്‍ ആകെയുണ്ടായിരുന്ന ത് കുഞ്ഞാമുവിന്റെ തല തിരിഞ്ഞ ഈ കത്തുകള്‍ മാത്രമായിരുന്നതിനാല്‍ അയാള്‍ ഈ പെട്ടി പരിശോധിക്കാതെയുമായി. വെറു തെ പ്രസിഡന്റിനും പ്രധാനമന്ത്രിക്കുമുള്ള കത്തുകളില്‍ മുദ്രവെച്ചിട്ടെന്ത് കാര്യം? ഇവിടെയും സുഖം, അവിടെയും സുഖം എന്ന കാര്യം ആര്‍ക്കാണറിഞ്ഞു കൂടാത്തത്?

Tuesday, January 3, 2012

നോമ്പ് അവലോകനം@ മാഹി



നോമ്പ് അവലോകനം@ മാഹി

എല്ലായിടത്തും എങ്ങനെയാണെന്നറിയില്ല. പക്ഷേ മാഹിയിലങ്ങിനെയാണ്. നോമ്പുകാലം വീട്ടില്‍ ചെലവഴിക്കാനാണ് അവര്‍ക്ക് ഇഷ്ടം. അക്കൗണ്ടിലുള്ള ലീവെല്ലാം നോമ്പിന് എടുക്കാനായി മാറ്റിവെച്ച് ഗള്‍ഫില്‍ നിന്നും പോരുന്നവരുണ്ട്. ദാ, ഈ കൂട്ടത്തിലുമുണ്ട് അവര്‍.
ന്യൂമാഹിയിലെ പെരിങ്ങാടി മമ്മി മുക്കിലുള്ള കൊട്ടാരത്തില്‍ വീട്ടില്‍ (തോട്ടത്തില്‍) ആദ്യനോമ്പുതുറ കഴിഞ്ഞ് വീട്ടുകാരെല്ലാം ഒന്നിച്ചിരിക്കുകയാണ്. പരേതരായ പി വി കുഞ്ഞമ്മദ് ഹാജിയുടേയും കരയ്ക്കല്‍ ബീവിയുടെ ഒന്‍പത് മക്കളില്‍ റാബിയയുടേതാണ് ഈ വീട്. എങ്കിലും അദ്യനോമ്പുതുറയ്ക്ക് സഹോദരങ്ങളും മക്കളും പേരമക്കളുമായി മൂന്നു തലമുറയിലുള്ളവരും ഒത്തുകൂടിയിട്ടുണ്ട്. വലിയ കൂട്ടുകുടുംബമായതിനാല്‍ എത്തിയവരുടെ എണ്ണം നോക്കാന്‍ നിന്നാല്‍ നിങ്ങടെ പടമെടുപ്പ് നടക്കില്ലെന്ന് റാബിയയുടെ മകന്‍ റിയാസ് ചിരിയോടെ പറഞ്ഞു.
കൂട്ടുകുടുംബത്തിലെ നോമ്പുതുറ
‘ഏതായാലും നോമ്പുതുറ കഴിഞ്ഞല്ലോ, ഇനിയൊരു അവലോകനമാവാം.’
പറഞ്ഞുതീരും മുമ്പേ റെഡിയും പറഞ്ഞ് ലിവിങ് റൂമിലേക്ക് കൊട്ടാരം നിറഞ്ഞു.
‘പണ്ട്കാലം തൊട്ടേ കുടുംബത്തിലെ എല്ലാരും നോമ്പുകാലത്ത് ഒത്തുകൂടും. ഇപ്പോ പണ്ടത്തെപ്പോലെയല്ല. ആളധികമായിറ്റ് രണ്ടുമൂന്ന് വീടു കൂടിയുണ്ട്. അതുകൊണ്ട് ഇന്നിവിടെയാണ് നോമ്പുതുറയെങ്കില് നാളെ കുടുംബത്തിലെ വേറെ വീട്ടിലായിരിക്കും..’
റിയാസും കുടുംബവും ശരിക്കും ഒരു അവലോകനത്തിന്റെ മൂഡിലായിരുന്നു. ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് ലീവില്‍ വന്ന മെംബേര്‍സുമുണ്ട് കൂടെ. ചിലപ്പോള്‍ നോമ്പ് പകുതിയ്ക്ക് ഗള്‍ഫിലേയ്ക്കു പോവുന്നവര്‍ മാഹി സ്‌പെഷ്യല്‍ നോമ്പുവിഭവമായ ഉന്നക്കായും കോഴിയടയും കുമ്പളങ്ങപ്പത്തിലും പെട്ടിപ്പത്തിലുമെല്ലാം ഗള്‍ഫിലെ പ്രിയപ്പെട്ടവര്‍ക്കായി കൊണ്ടുപോവും. ഗള്‍ഫിലൊരു മാഹി സ്‌പെഷ്യല്‍ നോമ്പുതുറ.
നോമ്പുകാലത്തെ പകല്‍
ചോദിച്ചത് റിയാസിനോടായിരുന്നെങ്കിലും മറുപടി പറയാന്‍ എല്ലാവരും മുന്നോട്ടുവന്നു. ഓരോരുത്തര്‍ക്കും നോമ്പുകാലത്തെ വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ നൂറു വാക്കും നാക്കും. മാസപ്പിറവി കാണുന്ന അന്നു തൊട്ടു പിന്നെ പ്രത്യേകനിയന്ത്രണങ്ങളാണ്. ഭക്ഷണവും ജീവിതചര്യയും മാത്രമല്ല, നാവിനേയും.
‘നോമ്പുകാലത്ത് ഭക്ഷണം മാത്രം നിയന്ത്രിച്ചാ പോര. നാവിനേയും മാണം ന്നാ കണക്ക്. ഞമ്മളെ വായീന്ന് മോശമായതൊന്നും വരാന്‍ പാടില്ല. നാവിനെ നിയന്ത്രിക്കാണ്ട് വെറുതെ പട്ടിണി കെടന്നത് കൊണ്ട് കാര്യമില്ല. കൂടുതല് സമയം പടച്ചോനെ ഓര്‍മിക്കുകയും ഇബാദത്ത് എടുക്കുകേയും ചെയ്യേണ്ട സമയാ. അതുകൊണ്ട് ഞമ്മള് ആണുങ്ങ്‌ള് അധികസമയോം പള്ളിയിലായിരിക്കും. പള്ളീലാണെങ്കില് ളുഹ്‌റ് നിസ്‌ക്കാരത്തിനു ശേഷം പ്രത്യേക ഖുര്‍ആന്‍ ക്ലാസും ഹദീസുമെല്ലാമുണ്ടാവും.. പിന്നെ ഇതാ ഈ നോമ്പുതൊറേന്റെ സമയത്താ വീട്ടിലെത്തുക.’
റിയാസിന്റെ മൂത്തസഹോദരന്‍ ഹാഷിം നോമ്പുകാലത്തെ ജീവിതരീതികളെക്കുറിച്ച് വാചാലനായി. തൊട്ടടുത്ത നിമിഷം സഹോദരി റഹ്‌നയും ഇടപെട്ടു.
‘ഇവിടെ ആണ്ങ്ങള് മാത്രമല്ല, പൊരേല്ള്ള പെണ്ണുങ്ങളും രാത്രി തറാവീഹ് നമസ്‌ക്കാരത്തിനടക്കം പള്ളിയില് പോവും. പള്ളീല് പുരുഷന്‍മാര്‍ക്കൊള്ളതു പോലെ ഞങ്ങള് സ്ത്രീകള്‍ക്കുമുണ്ട് പ്രത്യേക ഖുര്‍ആന്‍ ക്ലാസും ദഅ്‌വ ക്ലാസുമെല്ലാം. പിന്നെ നോമ്പുകാലത്ത് സകാത്തിനര്‍ഹരായ പാവപ്പെട്ട കുടുംബങ്ങളെ ഞമ്മള് കണ്ടെത്തിക്കൊടുക്കാറുണ്ട്.’
‘ഉം, ഇവല് പറഞ്ഞത് ശരിയാ. ഒരു കുടുംബത്തിലെ കാര്യമാവുമ്പോ അയിന്റെ ഉള്ളുകള്ളികളും കഷ്ടപ്പാടുകളും പെട്ടെന്ന് സ്ത്രീകളേട്ത്താണല്ലോ എത്തുക.’ രഹ്‌നയുടെ ഭര്‍ത്താവ് അബ്ദുല്‍ റഹീം എല്ലാ പുരുഷന്‍മാര്‍ക്കും വേണ്ടി കോംപ്ലിമെന്റടിച്ചു.
‘അപ്പോ ആണ്ങ്ങളേക്കാളും ഉഷാറ് പെണ്ണുങ്ങക്കാന്ന് തിരിഞ്ഞില്ലേ?’
രഹ്‌നയുടെ കുസൃതി ചോദ്യം.
നോമ്പു തുറപ്പിക്കുന്നതും കൂലി കിട്ടുന്ന കാര്യം
‘അന്റെ ഉപ്പയും ഭര്‍ത്താവുമെല്ലാം പണ്ടു മുതലേ പുരോഗമനാശയക്കാരായിരുന്നു. ഭര്‍ത്താവ് കെ എന്‍ അഹ്മദ് മാഷ് മുമ്പ് നെഹ്‌റു മാഹിയില് വന്നപ്പോള്‍ പ്രസംഗം പരിഭാഷ ചെയ്ത ആളാ. മൂപ്പര് മാഹി എം എം ഹൈസ്‌ക്കൂളിന്റെ മാനേജരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ കാലത്തും ഞമ്മളെ വീട്ടിന്ന് പെണ്ണുങ്ങള് പള്ളീല് പോവല്ണ്ടായിരുന്ന്..’
വീട്ടുകാരി റാബിയ പഴയ കാലമോര്‍ക്കുന്നു.
‘അന്നൊക്കെ പെണ്ണുങ്ങള്‍ക്ക് ഉറക്കമേയില്ലായിരുന്നു. രാവിലെ തുടങ്ങുന്ന പണി മോന്തിക്കേ തീരൂ. ളുഹ്‌റ് കഴിഞ്ഞാല് പിന്നെ നോമ്പുതുറയ്ക്കുള്ള ഭക്ഷണം ഉണ്ടാക്കുന്ന തിരക്കായിരിക്കും. അതുകൊണ്ട് രാവിലെ സുബ്ഹി നിസ്‌ക്കാരം കഴിഞ്ഞ് കിട്ടുന്ന കൊറച്ച് സമയാ ആകെ ഒറങ്ങാനുള്ള സമയം. എന്നാലും വൈകുന്നേരം സുപ്രയിട്ട് പൊരേലെ ആണുങ്ങളെയെല്ലാം നോമ്പുതുറയ്ക്ക് ഇരിപ്പിച്ചാലേ സമാധാനമാവൂ.’
‘നോമ്പു തുറപ്പിക്കാന്‍ ഇത്രേം രുചിയുള്ള ഐറ്റംസ് ഉണ്ടാക്കുന്നതും പടച്ചോന്റേട്ത്ത്ന്ന് കൂലി കിട്ട്ന്ന കാര്യാ.’
മൂന്നാം തലമുറയിലെ മാസിം റഹീം ഒരു കാരണവര്‍ ടച്ചോടെ അത് ശരിവെച്ചു.
ഇന്നത്തെ നോമ്പുതുറ സ്‌പെഷ്യല്‍
‘എല്ലാമുണ്ട്. കാരറ്റ് പോള, ബ്രെഡ് പിസ, മിക്‌സ്ഡ് പോള, ചെമ്മീന്‍ ഉണ്ട, കുമ്പളങ്ങപ്പത്തില്, പത്തിരി, ചട്ടിപ്പത്തില്, കക്ക റോട്ടി.. ആദ്യത്തെ നോമ്പുതുറയായതു കൊണ്ട് ഇത്രയും കുറവ്. പിന്നെ ഇങ്ങള് ഫോട്ടോയെടുക്കാന്‍ വരുംന്ന് പറഞ്ഞതു കൊണ്ട് തെരക്കില്ണ്ടാക്കിയതാ..’
‘ഇതോ കുറവോ?’ അത്ഭുതത്തോടെ ചോദിച്ചു.
‘ഉം.. നോമ്പുതുറയ്ക്ക് ഇതൊന്നുമല്ല, ഞാനിവിടെ പുയ്യ്യാപ്ലയായി വര്ന്ന കാലത്ത് ഐറ്റംസ് കൊണ്ട് ഏതെടുക്കണമെന്ന കണ്‍ഫ്യൂഷനായിരുന്നു..’
രഹ്‌നയുടെ ഭര്‍ത്താവ് അബ്ദുല്‍ റഹീമിന്റെ വാക്കുകള്‍ക്ക് എല്ലാവരുടേയും ചിരിസമ്മതം. ‘ശരിയാ, ഞാന്‍ നേരത്തെ പറഞ്ഞില്ലേ? നോമ്പുതുറപ്പിക്കുന്നതാ ഞങ്ങള് പെണ്ണുങ്ങള്‍ക്കിഷ്ടം. പണ്ടത്തെ കാലത്ത്ന്ന് ഇപ്പോ കൊറേ മാറ്റങ്ങള് വന്നിട്ട്ണ്ട്. പണ്ട് അരയ്ക്കലും പിടിക്കലുമൊക്കെ കൈകൊണ്ട് തന്നെ വേണം. ഇപ്പം എല്ലാത്തിനും മിക്‌സിയും ഗ്രൈന്ററുമല്ലേ?’
റാബിയ വിശദീകരിക്കുമ്പോള്‍ ‘അത്‌കൊണ്ട് ഗുണമല്ലേ, സമയലാഭവുമല്ലേ ഉണ്ടായതെ’ന്ന മകളുടെ തിരുത്തല്‍ ചോദ്യം.
‘ഉം, സമയലാഭം! എന്നാലും അന്നുണ്ടായിരുന്ന വിഭവങ്ങളുടെ രുചീന്റെ അടുത്തൊന്നും എത്തില്ല ഇത്. പിന്നെ ഇപ്പളത്തെ പെണ്ണ്ങ്ങളെല്ലാം എന്തെങ്കിലും ബരത്തോം കൊണ്ട് ഡോക്ടറേര്‌ത്തേക്ക് കൂടെക്കൂടെ ഓടുന്നതെന്തു കൊണ്ടാ? ഇതുപോലത്തെ മേലനങ്ങിയുള്ള പണിയൊന്നും ചെയ്യാത്തതു കൊണ്ട് തന്നെ.. എല്ലം യെന്ത്രങ്ങളല്ലേ ചെയ്യ്ന്നത്?’
റാബിയയുടെ വാക്കുകളില്‍ അല്‍പം ക്ഷോഭമുണ്ട്. വീട്ടുകാരെല്ലാം നിറഞ്ഞ കൈയ്യടിയോടെ അതംഗീകരിക്കുകയും ചെയ്തു.
എന്നാലും യന്ത്രങ്ങള്‍ വന്നത് കൊണ്ട് വേറെ പല ഗുണങ്ങളുമുണ്ടായിട്ടുണ്ട്. ജ്യൂസുകളുടെ കാര്യം തന്നെ. പണ്ടൊക്കെ നോമ്പുതുറയ്ക്ക് ഇളനീരും നാരങ്ങാവെള്ളം മാത്രമായിരുന്നെങ്കില്‍ ഇന്ന് ജ്യൂസുകളും ഷെയ്ക്കുകളും ഉണ്ട്. ഓറഞ്ച്, ആപ്പിള്‍, മാങ്ങ, വത്തക്ക (തണ്ണിമത്തന്‍) ബട്ടര്‍ ഫ്രൂട്ട് എല്ലാമുണ്ട് ലിസ്റ്റില്‍. പിന്നെ ജ്യൂസിന്റെ വരവോടെ അത്താഴത്തിനുള്ള കഞ്ഞിയുടെ ഡിമാന്റ് കുറഞ്ഞിട്ടുമുണ്ട്.
‘ഇങ്ങളെ പത്രക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ജ്യൂസ് കഞ്ഞിയ്ക്ക് വഴിമാറീന്ന്.’
കാരണവരിലൊരാളായ യൂസുഫ് ഹാജി ചിരിച്ചു.
നോമ്പിനു മുമ്പേ പെരുന്നാള്‍ കോടി
പുരുഷന്‍മാര്‍ മാത്രമല്ല, ഞങ്ങള്‍ സ്ത്രീകളും പള്ളിയില്‍ നോമ്പുകാലത്ത് ഇഅ്തിഖാഫ് ഇരിക്കാറുണ്ടെന്ന് റിയാസിന്റെ ഭാര്യ റുബീന പറയുന്നു. നോമ്പിന്റെ അവസാനത്തെ പത്തിലാണ് സാധാരണ ഇങ്ങനെ ഇരിക്കാറുള്ളത്. ലൈലത്തുല്‍ ഖദ്‌റിനെ കാത്തിരിക്കുന്ന സമയമാണിത്. അന്ന് പരിപൂര്‍ണവിശ്വാസത്തിലും ഭക്തിയിലും കഴിയുകയാണെങ്കില്‍ ആയിരം ദിവസം ഇബാദത്ത്് ചെയ്ത പുണ്യം കിട്ടും. ചെയ്തു പോയ പാപങ്ങള്‍ മുഴുവനും പടച്ചവന്‍ പൊറുത്തുതരും. അതുകൊണ്ട് അവസാനത്തെ പത്തില് പൂര്‍ണമായും ആരാധനയിലും ഭക്തിയിലും മാത്രമായി കഴിയാന്‍ വേണ്ടി പെരുന്നാള്‍ കോടിയെല്ലാം നോമ്പു തുടങ്ങുന്നതിനു മുമ്പോ നോമ്പിന്റെ ആദ്യദിവസങ്ങളിലോ എടുക്കാറാണ് പതിവ്. വീട്ടുകാരന്‍ നേരിട് ചെന്ന് എല്ലാവര്‍ക്കും വേണ്ട വസ്ത്രങ്ങള്‍ എടുക്കും.
‘അപ്പോ, ഇപ്പോള്‍ തന്നെ നിങ്ങള് പെരുന്നാളിന് വരെ തയാറെട്ത്തു, അല്ലേ?’
‘എന്താ സംശയം? നോമ്പ് പരിപൂര്‍ണമായും ഭക്തിക്കുള്ളത് മാത്രമാണ്. ആ സമയത്ത് മറ്റു ഭൗതികകാര്യങ്ങളിലെല്ലാമേര്‍പ്പെട്ട് സമയം കളേന്നതെന്തിനാ? പരമാവധി അല്ലാഹുനിഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യുക. അവനോടു ദുആ ഇരക്കുക.. ഇതാണ് ഞമ്മളെ ലൈന്‍..’
റിയാസിന്റെ അഭിപ്രായം എല്ലാവരും ശബ്ദവോട്ടോടെ പാസാക്കി.

Monday, January 2, 2012

18 ദിവസം കൊണ്ട് രണ്ടു നില വീട്.നാലര ലക്ഷം രൂപ






18 ദിവസം കൊണ്ട് രണ്ടു നില വീട്.നാലര ലക്ഷം രൂപ
മലയാള മനോരമ വീടിനു വേണ്ടി കൊച്ചി വൈറ്റിലയിലെ ഫെറോസിമന്റ് വീട് സന്ദര്‍ശിച്ചപ്പോള്‍..