റിസപ്ഷന്‍ കൗണ്ടര്‍ തമാശകള്‍
ചിലരുടെ സ്വഭാവം വിചിത്രമാണ്. ചിലരുടേത് നമ്മുടെ പ്രതീക്ഷകളെ അപ്പാടെ തിരുത്തിക്കളയും. പിന്നീടോര്‍മ്മിക്കുമ്പോള്‍ ചിരിച്ച് ചിരിച്ച് മരിക്കാന്‍ ഇതൊക്കെ മതി. കൗണ്ടറുകളിലെയും റിസപ്ഷനിലേയും തിരക്ക് ഒരിക്കലും ഒഴിയുന്നില്ല. സെക്കന്റ് ബില്ലിങ്ങ് പോലെ ഓരോ സെക്കന്റിനും ഒരാളെന്ന നിലയില്‍ ക്രമം പാലിക്കുകയും ചെയ്യും. ഒരാളെ ഒരു വിധം തൃപ്തിപ്പെടുത്തി വരുമ്പോയാവും മറ്റൊരാളുടെ അന്വേഷണം. ചിലപ്പോള്‍ ചില അന്വേഷണങ്ങള്‍ പരാക്രമങ്ങളാവുകയും ചെയ്യും. പറഞ്ഞാലും പറഞ്ഞാലും മനസിലാകാത്തവരും വെറുതേ രോഷം കൊള്ളുന്നവരും സഹൃദയത്തോടെ ആവശ്യങ്ങള്‍ ചോദിച്ച് മനസിലാക്കി സൗമ്യമായ ഒരു പുഞ്ചിരി സമ്മാനിച്ച് മടങ്ങുന്നവരുമടക്കം കൗണ്ടറിലെ സുന്ദരികള്‍ക്ക് ഓര്‍മകള്‍ പിന്നെയും ബാക്കി. മറക്കാനാവാത്തതും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നതുമായ നൂറു നൂറ് അനുഭവങ്ങളുണ്ട് എല്ലാവര്‍ക്കും. അവയില്‍ നിന്ന് അരിച്ചെടുത്ത ഏറ്റവും രസകരമായ അനുഭവം ഗൃഹലക്ഷ്മിയോടു പങ്കുവയ്ക്കാനൊരുങ്ങുമ്പോള്‍ അവര്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. ‘ഇത്തരം അനുഭവങ്ങള്‍ ഏതാണ്ട് എല്ലായിടത്തുമുണ്ടാവും, പിന്നെ ഇതൊക്കെ ഞങ്ങളുടെ ജോലിയുടെ ഭാഗവും. അതുകൊണ്ട് ഈയനുഭവങ്ങള്‍ വേറൊരാളുടെ പേരില്‍ കൊടുത്താലും, വി ഡോണ്ട് കെയര്‍!’
ഇവിടെ ബാക്കി കിട്ടീല്യ..
കണ്ണൂരിലെ ഹോട്ടല്‍ അമൃതത്തില്‍ തിരക്കൊന്നൊഴിഞ്ഞ മട്ടാണ്. സമയം രണ്ടര മണി കഴിഞ്ഞതിനാല്‍ ഊണിന് വരുന്നവര്‍ ഒറ്റയൊറ്റയായേ ഉള്ളൂ. ‘ഊണ്‍ റെഡി’ എന്ന ബോര്‍ഡ് മാറ്റി ‘ഊണ്‍ തീര്‍ന്നു’ എന്ന ബോര്‍ഡ് വെക്കാറായോ എന്ന് തിരക്കുന്നുണ്ട്, കാഷ്യര്‍ കൗണ്ടറിലെ ഉഷാ പ്രമോദ്. മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഹോട്ടലിലെ സപ്ലയര്‍സ് അടക്കം ഏതാണ്ടെല്ലാം സ്ത്രീകള്‍ തന്നെയാണ്. കഴിഞ്ഞ രണ്ടു കൊല്ലമായി ഉഷ ഈ കൗണ്ടറിലുണ്ട്. തലയ്ക്കു മുകളിലെ ബോര്‍ഡില്‍ ഊണ്‍ റേറ്റ് ഭംഗിയായി പ്രിന്റ് ചെയ്തു വെച്ചിരിക്കുന്നു. മൂന്ന് തരം ഊണും വെജിറ്റബിള്‍ ബിരിയാണിയും അവയുടെ റേറ്റും. ഇങ്ങനെ ഒരു ബോര്‍ഡുണ്ടായതിനാല്‍ ജില്ലയിലെല്ലായിടത്തും ഊണ്‍ വില കൂട്ടിയതില്‍ പ്രതിഷേധിച്ച് സമരറാലി വന്നപ്പോള്‍ ഇവിടെ മാത്രം ആരും വന്നില്ല. ഒരു പക്ഷേ, രഹസ്യനിരീക്ഷണം നടത്തിയപ്പോള്‍ സമരക്കാര്‍ അത്ഭുതപ്പെട്ടുകാണണം. മൂന്ന് കാറ്റഗറിയിലുള്ള ഊണ്‍ നിരക്കുകള്‍. എല്ലാം ആര്‍ക്കും താങ്ങാവുന്നത്. പിന്നെന്തിന് ഇവിടെ കയറിയിറങ്ങണം?
ഓര്‍മയിലെ രസകരമായ കൗണ്ടര്‍ അനുഭവങ്ങള്‍ പലതുണ്ട്, ഉഷയുടെ മനസില്‍ ടോക്കണുകളായി. അവയില്‍ ഏതാനും സാംപിളുകള്‍ ഇങ്ങനെ. ‘ഒരിക്കല്, വൈകുന്നേരം കടയടക്കാന്‍ നോക്കുമ്പോള് ഒരാള് വന്ന്, മൂന്ന് ദിവസം മുമ്പ് ഭക്ഷണം കഴിച്ചുപോയപ്പോള്‍ ബാക്കി തന്നിട്ടില്ല. എനിക്കത് ഇപ്പം കിട്ടണം എന്ന് പറഞ്ഞ് ബഹളയായി. എനിക്കാണെങ്കില്‍ ഒട്ടും ഓര്‍മ്മയുമില്ല. അയാള്‌ടെ സംസാരവും മറ്റും കേട്ടാല്‍ തോന്നും ഊണുകഴിച്ച് ആയിരം രൂപ തന്നപ്പോഴാണ് ബാക്കി കിട്ടാതിരുന്നതെന്ന്. ഒടുവില് മുതലാളിയൊക്കെ ഇടപെട്ട് തര്‍ക്കം പരിഹരിക്കാമെന്നും ബാക്കി കൊടുക്കാമെന്നുമായി. അങ്ങനെ എത്ര രൂപ ബാക്കിയാണ് തരേണ്ടതെന്ന് ചോദിച്ചപ്പോള്‍ ശരിക്കും ചിരി വന്നു. അഞ്ചു രൂപ! അഞ്ചു രൂപ അപ്പം തന്നെ കൊടുത്തു. അയാള്‌ടെ മുഖത്തെ അന്നേരം ഇള്ള പൊരുതി നേടിയ വിജയഭാവം ഒന്ന് കാണേണ്ടതു തന്നെയായിരുന്നു..’ ഊണു കിട്ടാന്‍ താമസിക്കുമ്പോള്‍ കൗണ്ടറിലിരിക്കുന്നവരോട് ചൂടാവുന്നവരും കൃത്യമായി ചില്ലറയടക്കം തരുന്ന മര്യാദക്കാരും വെജിറ്റേറിയന്‍ എന്ന ബോര്‍ഡ് കണ്ടിട്ടു വരെ ഫിഷ് മോളിയുടെ വില ചോദിക്കുന്നവരും നിരവധി.
ടിക്കറ്റ് എന്‍ക്വയറി കൗണ്ടര്‍
തലശേരി റെയില്‍വേ സ്‌റ്റേഷനരികിലെ ജെ ടി ബി എസ് ടിക്കറ്റ് കൗണ്ടറില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി നൈജിയാണ് കാര്യക്കാരി. ഇതുപോലെ മറ്റൊരു കൗണ്ടര്‍ കൂടിയുണ്ട് സ്‌റ്റേഷന്റെ മറുഭാഗത്ത്. പി. ഗോപാലകൃഷ്ണനാണ് ഓണര്‍. മുമ്പ് 300 ഓളം യാത്രക്കാരില്‍ തുടങ്ങിയ തിരക്ക് ഇന്ന് പ്രതിദിനം ആയിരത്തിനും മുകളില്‍ പോയിരിക്കുന്നു. റെയില്‍വേ സ്‌റ്റേഷനിലെ നീണ്ട ക്യൂവിനു പകരം അധികം ക്യൂ നില്‍ക്കാതെ ടിക്കറ്റ് എടുക്കാം. വല്യ ബുദ്ധിമുട്ടുമില്ല. ഓര്‍മകളിലെ രസകരമായ ടിക്കറ്റ് മുറിയനുഭവങ്ങള്‍ പലതുണ്ട് നൈജിയ്ക്ക്. ഒരു കസ്റ്റമറേക്കാള്‍ ഒരുപിടി കസ്റ്റമര്‍ അനുഭവങ്ങള്‍. ആദ്യകാലങ്ങളില്‍, റെയില്‍വേ സ്‌റ്റേഷനില്‍ മാത്രം ലഭിച്ചിരുന്ന ടിക്കറ്റ് ഇതുപോലെ കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ ഇതിലെന്തോ തട്ടിപ്പുണ്ടെന്ന ഭാവമായിരുന്നു ചിലര്‍ക്കെങ്കിലും. ‘അവര് വന്ന് സംശയത്തോടെ പല കാര്യങ്ങളും ചോദിക്കും. ഞങ്ങള് ടിക്കറ്റ് റേറ്റ് ഇരട്ടി ഈടാക്കുന്നതുപോലെയായിരിക്കും ചോദ്യങ്ങള്‍. ശരിക്കും സ്‌റ്റേഷനില്‍ കിട്ടുന്ന ടിക്കറ്റിനേക്കാള്‍ ഒരു രൂപ മാത്രമാണ് അധികചാര്‍ജ്. ടിക്കറ്റ് കൗണ്ടറിനേക്കാള്‍ ഇതൊരു എന്‍ക്വയറി കൗണ്ടറാക്കാനാണ് മറ്റു ചിലര്‍ക്ക് താല്‍പര്യം. എല്ലാ കാര്യങ്ങളും അവര്‍ക്കറിയണം. മലബാര്‍ എക്‌സ്പ്രസില്‍ സീറ്റു കിട്ടുമോ? ട്രെയിന്‍ ഏത് പ്ലാറ്റ് ഫോമില്‍ വന്നു നിര്‍ത്തും? വണ്ടി എത്ര മണിക്കൂര്‍ ലേറ്റാണ്? തൊടങ്ങി എല്ലാം. എന്നിട്ടോ, എല്ലാം കേട്ട് ടിക്കറ്റെടുക്കാതെ മടങ്ങുകയും ചെയ്യും. വേറെ ചില കസ്റ്റമേര്‍സ് ഒരു രൂപയ്ക്കു പകരം 500 രൂപ തരും. ഒരു രൂപയില്ലേന്ന് ചോദിച്ചാല്‍ പിന്നെയൊരു കീശ തപ്പലാണ്. അപ്പോഴേക്കും അവര് പോവാനുള്ള ട്രെയിന്‍ സ്‌റ്റേഷന്‍ വിട്ടിട്ടുണ്ടാവും. ’ നൈജി പറയുന്നു.
ഓണത്തിനും ക്രിസ്തുമസിനും പെരുന്നാളിനുമൊക്കെയാണ് വന്‍തിരക്ക്. ‘ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു രൂപയ്ക്ക് പകരം 10 രൂപയൊക്കെ തന്ന് ബാക്കി വേണ്ട, പിന്നെ വന്ന് വാങ്ങിച്ചോളാം. നിങ്ങള് വേഗമൊന്ന് ടിക്കറ്റ് തന്നാ മതീന്ന് പറയുന്നവരുമുണ്ട്. പക്ഷേ, ഇതുവരേയും ആരും ബാക്കി ചോദിച്ചിട്ട് വന്നിട്ടുമില്ല.’
ലാമിനേറ്റ് ചെയ്ത എ ടി എം കാര്‍ഡ്
‘ഒറീസയില്‍ നിന്നുള്ളവര് ഇഷ്ടം പോലെയുണ്ട് ഈ നാട്ടില്. അവര്‍ക്കീ ബാങ്കില് എടപാടുമുണ്ട്. ഒറിയ ഭാഷയില്‍ എന്തൊക്കെയോ പറയും. ഞങ്ങക്ക് ഒന്നുമങ്ങട്ട് മനസിലാവുകയില്ല..’ തലശേരിയിലെ എച്ച് ഡി എഫ് സി ബാങ്കില്‍ നിന്നുമാണ് അനുവിന്റെ ഈ അനുഭവം പറച്ചില്‍. പിന്നെ ചില കസ്റ്റമേര്‍സിന്റെ പതിവു സംശയങ്ങളും ചേദ്യങ്ങളുമുണ്ട്. ഇന്നാളൊരിക്കല്‍ ഒരാള്‍ വന്ന് ആകെ ഗുലുമാല്‍. അയാള്‍ക്ക് അയാളുടെ എന്‍ ആര്‍ ഒ സേവിങ്‌സ് ആക്കൗണ്ടില്‍ നിന്ന് പണം എന്‍ ആര്‍ ഐ അക്കൗണ്ടിലേക്ക് ട്രന്‍സ്ഫര്‍ ആക്കണമത്രേ. ബാങ്കിന്റെ നിയമമനുസരിച്ചു നോക്കുമ്പോള്‍ അത് പ്രാവര്‍ത്തികവുമല്ല. പറഞ്ഞുകൊടുത്തിട്ടൊന്നും മനസിലാവുന്നില്ല. രണ്ടും എന്റെ അക്കൗണ്ട് തന്നെയല്ലേ എന്നായി പിന്നത്തെ ചോദ്യം.
അനുവിന്റെ അനുഭവങ്ങള്‍ക്കൊപ്പം തൊട്ടടുത്ത കൗണ്ടറിലെ ഹക്കീമും രാജശ്രീയുമൊക്കെ കൂടി ‘കൗണ്ടര്‍ അറ്റാക്കി’ന്. മുമ്പൊരിക്കല്‍ മറ്റൊരു എന്‍ ആര്‍ ഐ കസ്റ്റമര്‍ വന്ന് ഇതുപോലെ ആകെ ബഹളം. അയാള്‍ക്ക് എടിഎം എന്നൊരു കാര്‍ഡ് ബാങ്കില്‍ നിന്ന് കിട്ടിയിട്ടുണ്ടെന്നും അതുകൊണ്ട് ലവലേശം ഉപകാരമില്ലെന്നുമാണ് പരാതി. കാര്‍ഡെടുത്ത് എടിഎം മെഷീനില്‍ കുത്തിയാല്‍ പൈസ കിട്ടുന്നില്ലെന്ന് മാത്രമല്ല, കാര്‍ഡങ്ങോട്ടു കയറുന്നുമില്ല. ‘ഒടുവില്‍ ഞങ്ങളും മാനേജരുമൊക്കെ ചേര്‍ന്ന് അയാളെ സമാധാനിപ്പിച്ച് ഇരുത്തി, കാര്‍ഡ് കാണിക്കാന്‍ പറഞ്ഞു. കാര്‍ഡ് കണ്ടപ്പോള്‍ ഞെട്ടലും ചിരിയുമൊക്കെ ഒന്നിച്ച് വന്നു. അയാള് എസ് എസ് എല്‍ സി ബുക്കും ഡ്രൈവിങ് ലൈസന്‍സുമൊക്കെ പോലെ എ ടി എം കാര്‍ഡും ലാമിനേറ്റ് ചെയ്തു വച്ചിരിക്കുന്നു!’
ഹലോ, റോംഗ് നമ്പര്‍..
ഇങ്ങനെയും ചിലര്‍. കൊച്ചിയിലെ ആര്‍കിടെക്ടായ നജീബ് അസോസിയേറ്റ്‌സിലെ റിസപ്ഷനിസ് സിബി ഷിബുവിന് പറയാനുള്ളത് അറ്റെന്‍ഡ് ചെയ്ത ഫോണ്‍ കോളുകളെപ്പറ്റി. കഴിഞ്ഞ രണ്ടുവര്‍ഷമായി സിബി ഈ ഓഫീസിലുണ്ട്. ഇതിനിടയ്ക്ക് ആര്‍കിടെക്ടിനേയും പുതിയ പ്രോജക്ടുകളെക്കുറിച്ചുമൊക്കെ അന്വേഷിച്ച് നിരവധി കോളുകള്‍ അറ്റെന്‍ഡ് ചെയ്തിരിക്കുന്നു. പലര്‍ക്കും അറിയാനുള്ളത് പല കാര്യങ്ങളായിരിക്കും. ചിലര്‍ക്ക് അറിയേണ്ടത് ഓഫീസിലേക്കുള്ള വഴി. മറ്റു ചിലര്‍ക്ക് ആര്‍കിടെക്ടിനെക്കുറിച്ചും അദ്ദേഹത്തിന്റെ പുതിയ പ്രോജക്ടുകളെക്കുറിച്ചും. ഒരിക്കല്‍ ഇങ്ങനെ ഒരാള്‍ വിളിക്കുമ്പോള്‍ സാക്ഷാല്‍ ആര്‍കിടെക്ട് തന്നെയുണ്ട് അടുത്ത്. അന്ന് ഫോണെടുത്തത് അദ്ദേഹം തന്നെ. അദ്ദേഹം ഫോണില്‍ ‘ഹലോ’എന്ന് പറയുമ്പോള്‍ എനിക്ക് ആര്‍കിടെക്ടിനെ കിട്ടണമല്ലോ എന്ന് അപ്പുറത്തുള്ളയാള്‍. ഞാന്‍ തന്നെയാണ് ആര്‍കിടെക്‌ടെന്ന് പറഞ്ഞപ്പോള്‍ അപ്പുറത്തുള്ളയാള്‍ക്ക് വിശ്വാസമാവുന്നില്ല. എപ്പോഴും അവിടെ ഫോണ്‍ വിളിച്ചാല്‍ ആദ്യം ഒരു സ്ത്രീയല്ലേ എടുക്കാറുള്ളത്. അവര്‍ക്കു കൊടുക്കൂ. അവര്‍ ആര്‍കിടെക്ടിന് കണക്ടു ചെയ്തുതരും, ചുമ്മാ കളിക്കാതെ എന്നായി അയാള്‍. ഏതായാലും സാറിന്റെ ഫോണിലൂടെയുള്ള മറുപടിയും ഭാവവുമൊക്കെ കണ്ട് ഞാനിങ്ങനെ നില്‍ക്കുകയാണ്. അവസാനം കക്ഷിയ്ക്ക് റോംഗ് നമ്പര്‍ പറഞ്ഞ് ഫോണ്‍ കട്ടു ചെയ്യാതെ നിവൃത്തിയുണ്ടായിരുന്നില്ല.
എവിടെ പഴയ കംപ്യൂട്ടര്‍?
തിരുവനന്തപുരം കവടിയാറുള്ള കിംസ് വെല്‍നെസ് സെന്ററിലെ മാനേജര്‍ ഓപ്പറേറ്റരായ മിനി അയ്യര്‍ക്ക് പറയാനുള്ളത് ഒരു പിടി ആശുപത്രി അനുഭവങ്ങള്‍. ദിവസം ഏകദേശം രണ്ടായിരത്തോളം പേഷ്യന്റ്‌സുകളേയും ബന്ധുക്കളേയും പരിചയപ്പെടും. ഇതിനിടയിലാവും ചില വിചിത്രര്‍ കടന്നുവരിക. ശരിക്കും ഇവരുടെ വരവ് തിരക്കു പിടിച്ച ലോകത്ത് എന്തൊരാശ്വാസമാണെന്നോ!
മിനി ഓര്‍മയിലെ ടിപ്‌ടോപ് വസ്ത്രധാരിയെ ഓര്‍മ്മിക്കുന്നു. ‘പേഷ്യന്റ്‌സിനു എപ്പോഴും രോഗവിവരങ്ങളടങ്ങിയ ഒരു രജിസ്‌ട്രേന്‍ ഫോം ഉണ്ടാവും. സാധാരണ ഞങ്ങള്‍ തന്നെയാണ് അതു പൂരിപ്പിക്കുക. പേഷ്യന്റിന്റെ പേര്, ജനനതീയതി, സെക്‌സ്, വയസ്, കാണേണ്ട ഡോക്ടര്‍ എല്ലാമുണ്ടാവും അതില്‍. ഒരിക്കല്‍ ടിപ്‌ടോപ്പയി വസ്ത്രധാരണം ചെയ്ത്, കൂളിങ് ഗ്ലാസുമിട്ട് ഒരാള്‍ കൗണ്ടറില്‍ വന്നു. കണ്ടാല്‍ വിദ്യാസമ്പന്നനായ ഒരു ഉന്നതകുലജാതന്റെ എല്ലാ ലക്ഷണങ്ങളുമുണ്ട്. ഫോം താന്‍ തന്നെ പൂരിപ്പിച്ചോളാം എന്നായി അയാള്‍. ഓകെ എന്ന് ഞങ്ങളും. എന്നാല്‍ കുറച്ചു പൂരിപ്പിച്ച് കഴിഞ്ഞ് ബാക്കി പൂരിപ്പിക്കാന്‍ അയാള്‍ക്കൊരു വൈക്ലബ്യം. ഡേറ്റ് ഓഫ് ബര്‍ത്തിന്റെ കാര്യത്തിലായിരിക്കുമെന്ന് കരുതി വയസ് മാത്രം എഴുതിയാല്‍ മതിയെന്ന് പറഞ്ഞു. എന്നാല്‍ അയാള്‍ക്കു സംശയം സെക്‌സ് എന്ന കോളത്തെക്കുറിച്ചാണ്. അതില്‍ അയാള്‍ മീഡിയം എന്നെഴുതി വെച്ചിരിക്കുകയാണ്. ഇതെന്താണെന്നു ചോദിച്ചപ്പോള്‍ ഒന്നുമില്ല, പെങ്ങളേ, ഒരു പരുവത്തിലൊക്കെയങ്ങനെ പോവുന്നു എന്ന മറുപടിയും. ഞങ്ങള് കൊറേക്കാലം അയാള് മീഡിയത്തിനു പകരം ഔട്ട്‌സ്റ്റാന്റിങ്് എന്നെങ്ങാനെഴുതിയാലുള്ള പുകിലിനെക്കുറിച്ചോര്‍ത്ത് ചിരിക്കുമായിരുന്നു.’
പിന്നെയൊരിക്കല്‍ എം ആര്‍ നമ്പര്‍ തിരക്കി ഒരു സ്ത്രീ വന്നു. എം ആര്‍ നമ്പര്‍ എന്നാല്‍ മെഡിക്കല്‍ റെക്കോര്‍ഡ് നമ്പര്‍. ഒരിക്കല്‍ വിവരം കുറിച്ചാല്‍ രോഗിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും കംപ്യൂട്ടര്‍ സിസ്റ്റത്തില്‍ രേഖപ്പെടുത്തിയിരിക്കും. ‘ആയിടെ ഞങ്ങള് പഴയ മോണിറ്റര്‍ മാറ്റി പുതിയ എല്‍ സി ഡി സ്‌ക്രീനോടെയുള്ള മോണിറ്റര്‍, കൗണ്ടറില്‍ വെച്ചിരുന്നു. അവര്‍ പറഞ്ഞ നമ്പര്‍ എത്ര നോക്കിയിട്ടും കണ്ടില്ല. അവര്‍ക്കു നമ്പര്‍ തെറ്റിയതായിരിക്കുമെന്ന് പറഞ്ഞപ്പോള്‍, തെറ്റെനിക്കല്ല നിങ്ങള്‍ക്കാണെന്നായി അവര്‍. നിങ്ങള്‍ കംപ്യൂട്ടര്‍ മാറ്റിയതാണ് പ്രശ്‌നം. പഴയ കംപ്യൂട്ടറില്‍ എല്ലാമുണ്ട്. വേഗം അതെടുത്തു കൊണ്ടുവരൂന്നായി അവര്‍!’
A good piece of writing.
ReplyDeletethanks sir..
ReplyDelete