Sunday, October 27, 2013

പിരമിഡുകള്‍ ആദ്യസംസ്‌ക്കാരരജതരേഖകള്‍

 പിരമിഡുകള്‍  
ആദ്യസംസ്‌ക്കാരരജതരേഖകള്‍



 ലോകത്തിലെ ആദ്യഭാഷയാണ്‌ ഹൈറോഗ്ലിഫിക്‌. പ്രാചീന ഈജിപ്‌തില്‍ ഉപയോഗിച്ചിരുന്ന ലിപി. സാംസ്‌ക്കാരികപെരുമയുടെ ഈറ്റില്ലങ്ങളില്‍ ചരിത്രാവശിഷ്‌ടമായി ഈ ഭാഷ അറിയപ്പെടുമ്പോള്‍, ആ ഭാഷയ്‌ക്കൊപ്പം ഈജിപ്‌തിനുമുള്ള പ്രാധാന്യം എത്രയെന്ന്‌ നമുക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ. ഇതിനൊപ്പം പിരമിഡുകളുടെ തലയെടുപ്പ്‌ കൂടിയാവുമ്പോള്‍ ഈജിപ്‌ഷ്യന്‍ സംസ്‌ക്കാരത്തിനു മുന്നില്‍, നൂറ്റാണ്ടുകള്‍ പഴക്കമുള്ള അതിന്റെ ചരിത്രത്തിനു മുന്നില്‍ നമ്രശിരസ്‌ക്കാരായി നമുക്ക്‌ നില്‍ക്കേണ്ടി വരും. കാരണം, മെസപ്പെട്ടോമിയ വഴി തുടങ്ങുന്ന മനുഷ്യരാശിയുടെ ആദ്യസംസ്‌ക്കാരരജതരേഖകള്‍ ഈജിപ്‌തിലെത്തിനില്‍ക്കുമ്പോള്‍ അതിന്റെ ഉന്നതിയിലാണ്‌ ചെന്ന്‌ നില്‍ക്കുന്നത്‌. 

1
ഈജിപ്‌ത്‌ ലോകത്തിനു മുന്നില്‍ അറിഞ്ഞോ അറിയാതെയോ സംഭാവന ചെയ്‌ത മഹത്തായ അത്ഭുതങ്ങളായി പിരമിഡുകളെ എണ്ണാം. മലമുകളിലും മനമിളകാത്ത മനുഷ്യന്റെ അധ്വാനത്തിന്റെ ഔന്നത്യം കൂടിയാണത്‌. ഭീമാകാരന്‍ ശവക്കല്ലറ എന്ന ലാഘവത്തേക്കാള്‍ കഴിഞ്ഞുപോയ ഇന്നലെകളിലെ ഓര്‍മകളാണ്‌, സാംസ്‌ക്കാരികചരിത്രമാണ്‌ പിരമിഡുകള്‍ നമ്മുടെ ഓര്‍മകളിലെത്തിക്കുന്നത്‌. ഈജിപ്‌തിന്റെ സാംസ്‌ക്കാരികവാഹിനിയായ നൈലിന്റെ തീരത്ത്‌ തന്നെ പിരമിഡുകള്‍ 35 എണ്ണമെങ്കിലും വരും. ഈജിപ്‌തിനു പുറമേ, മറ്റു ചില രാജ്യങ്ങളില്‍ കൂടി പിരമിഡുകള്‍ അനേകമുണ്ടെങ്കിലും, പിരമിഡ്‌ എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസില്‍ ആദ്യമെത്തുന്നത്‌ ഈജിപ്‌ത്‌ എന്ന ഇന്ന്‌ അന്നന്ന്‌ സംഘര്‍ഷങ്ങളുടെ ഭൂമിയായിരിക്കുന്ന ഈ രാജ്യം തന്നെയാണ്‌. 4500 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പ്രകൃതിയുടെ എല്ലാ വെല്ലുവിളികളേയും അതിജീവിച്ച്‌ പിരമിഡുകള്‍, ഇനിയുമൊരുപാട്‌ തലമുറകളെ കാണാനെന്ന മട്ടില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. ഏതായാലും ഉപമകളിലെ ആയിരം സൂര്യചന്ദ്രന്‍മാരെ കാണാനുള്ള ഭാഗ്യം ഈ മഹത്തായ സൃഷ്‌ടിക്കു തന്നെ അവകാശപ്പെട്ടതാണെന്ന്‌ നമുക്ക്‌ നിസംശയം പറയാം. പൗലോ കൊയ്‌ലോവിന്റെ ആല്‍ക്കെമിസ്റ്റ്‌ എന്ന വിഖ്യാതനോവലിലെ നിധി തേടിയലയുന്ന സാന്റിയോഗോമാര്‍ ഇന്നും നിധി തേടിയും അത്ഭുതങ്ങള്‍ തിരഞ്ഞും ഇവിടെ എത്തിക്കൊണ്ടിരിക്കുന്നു. ഓരോ പിരമിഡിനും ഏതാണ്ട്‌ 40 ലധികം നിലകളുള്ള ഒരു കെട്ടിടത്തിന്റെ ഉയരമുണ്ടെന്ന്‌ കേള്‍ക്കുമ്പോള്‍ തീര്‍ച്ചയായും നമ്മള്‍ വിസ്‌മയങ്ങളുടെ മറ്റൊരു ലോകത്തെത്തും.

2
ഈജിപ്‌തിലെ ഭരണാധികാരികളായിരുന്ന ഫറോവമാരുടെ ശവകുടീരങ്ങളാണ്‌ പിരമിഡുകള്‍. എംബാം ചെയ്‌ത്‌ ഉണക്കിയെടുത്ത ഫറോവാമാരുടെ മൃതദേഹങ്ങള്‍ അഥവാ മമ്മികള്‍ ഈ കൂറ്റന്‍ കുടീരങ്ങള്‍ക്കകത്താണ്‌ സ്ഥിതി ചെയ്യുന്നത്‌. ഓരോ ഫറോവയുടേയും പ്രതാപമനുസരിച്ച്‌ അദ്ദേഹത്തിന്റെ മൃതദേഹം സൂക്ഷിക്കുന്ന പിരമിഡുകളുടെ വലിപ്പവും കൂടും. ലോകത്തെ ഏറ്റവും വലിയ പിരമിഡ്‌ ഉള്‍പ്പെടെ മൂന്നെണ്ണമാണ്‌ ഈജിപ്‌തിലെ ഗിസയിലുള്ളത്‌. അതില്‍ ഖുസുവിന്റേത്‌ ഏറ്റവും വലുതും. ഗ്രേറ്റ്‌ പിരമിഡ്‌ എന്ന പേരിലാണ്‌ ഇതറിയപ്പെടുന്നത്‌. ഖഫ്ര രാജാവിന്റെ മമ്മി സൂക്ഷിച്ചിരിക്കുന്നതാണ്‌ മറ്റൊന്ന്‌. മീന്‍ കൗറെ രാജാവിന്റേത്‌ മറ്റൊന്നും. പുരാതന ഈജിപ്‌തുകാരുടെ കഠിനാധ്വാനത്തിന്റേയും മതവിശ്യാസത്തിന്റേയും രാജഭക്തിയുടേയും ശില്‍ചാതുരിയുടേയുമല്ലാം പ്രതീകമാണ്‌ ഈ പിരമിഡുകള്‍. ഇരുമ്പു കൊണ്ടുള്ള പണിയായുധങ്ങള്‍, ഈജിപ്‌തുകാര്‍ക്ക്‌ അന്യമായിരുന്ന കാലത്താണ്‌ 23 ലക്ഷത്തിലധികം കൂറ്റന്‍ശിലാപാളികള്‍ കൊണ്ട്‌ ഇത്തരം പിരമിഡുകള്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളത്‌. സഹസ്രാബ്‌ദങ്ങളുടെ മഴയും മഞ്ഞും വെയിലും മണല്‍ക്കാറ്റും അതിജീവിച്ച ശിലകള്‍. 450 അടി ഉയരത്തിലേക്ക്‌ രണ്ടര മെട്രിക്‌ ടണ്ണോളം ഉയര്‍ത്തിവെച്ച പ്രാകൃതമായ, എന്നാല്‍ ആധുനികലോകത്തിനും അനുകരിക്കാവുന്ന സാങ്കേതിക വിദ്യ. ഓരോ നിര കല്ല്‌ അടുക്കിക്കഴിയുമ്പോഴും വീണ്ടും ഉയരത്തില്‍ മണ്‍തിട്ട ഉയര്‍ത്തിയിരുന്നത്രേ. പിരമിഡ്‌ പൂര്‍ത്തിയായ ശേഷം മണ്ണ്‌ പൂര്‍ണമായും നീക്കം ചെയ്യുകയും ചെയ്‌തു.
3
മരണാനന്തരജീവിതത്തെക്കുറിച്ചുള്ള പുരാതന ഈജിപ്‌തുകാരുടെ വിശ്വാസമാണ്‌ പിരമിഡുകളുടെ ആവിര്‍ഭാവത്തിനു പിറകില്‍ നമുക്ക്‌ കാണാന്‍ കഴിയുക. ഹൃദയം ഒഴികെയുള്ള ആന്തരാവയവങ്ങളെല്ലാം നീക്കം ചെയ്‌ത്‌ പ്രത്യേകം തൈലലേപനം നടത്തി ഉണക്കിയെടുത്ത്‌ അടക്കുന്ന ഫറോവോന്റെ മമ്മിയോടൊപ്പം ജീവിതകാലത്ത്‌ അദ്ദേഹം ഇഷ്‌ടപ്പെട്ടിരുന്ന മറ്റു കുറേ വസ്‌തുക്കളുമുണ്ടാവും, കൂടെ വയ്‌ക്കാനായി. ഇരിപ്പിടങ്ങള്‍, കട്ടിലുകള്‍, ആഭരണങ്ങള്‍, പണപ്പെട്ടികള്‍, തുടങ്ങി ധാന്യങ്ങള്‍ വരെ മൃതദേഹങ്ങള്‍ക്കൊപ്പം അടക്കം ചെയ്‌തിട്ടുണ്ടാവും. മണ്‍പാത്രങ്ങളും സ്വര്‍ണം കൊണ്ട്‌ മോടി പിടിപ്പിച്ച സിംഹാസനങ്ങളും വേറെയും. വലിയൊരു ശില്‍പം പോലത്തെ പെട്ടിക്കകത്താണ്‌ മമ്മി സൂക്ഷിച്ചിരിക്കുന്നത്‌. കുഫുവിന്റെ ഗ്രേറ്റ്‌ പിരമിഡിനകത്ത്‌ ക്വീന്‍സ്‌ ചേംബര്‍ എന്നൊരു ഭാഗം കൂടിയുണ്ട്‌. പിരമിഡിനകത്ത്‌ രാജ്‌ഞിമാരെ അടക്കുന്ന പതിവില്ലെങ്കിലു#ം ഖുഫു രാജാവ്‌ തന്റെ കുടീരത്തില്‍ രാജ്ഞിക്കും ഒരു ചേംബര്‍ വേണമെന്ന്‌ നിഷ്‌ക്കര്‍ഷിച്ചിരുന്നു പോലും.
4
ഫരോവോന്റെ അധികാരചിഹ്നമായിരുന്ന സ്വര്‍ണമുഖം മൂടിയും ഇവിടെ കാണാം. മരിച്ചവര്‍ ഒരേ സമയം സ്വര്‍ഗത്തിലും ഭൂമിയിലും ഇരട്ടജീവിതം നയിച്ചിരുന്നെന്നായിരുന്നു പ്രാചീന ഈജിപ്‌ഷ്യന്‍ വിശ്വാസം. മരണാനന്തരം ഭൂമിയിലെ ജീവിതം സാധ്യമാക്കുന്നതിനായിരുന്നു അവര്‍ മൃതദേഹം നശിച്ചുപോവാതെ സൂക്ഷിച്ചിരുന്നത്‌. അതിനാലാണത്രേ, മരിച്ചവര്‍ക്ക്‌ ഉപയോഗിക്കാനായുള്ള വസ്‌തുക്കളും കൂടെ വെച്ചത്‌. മരിക്കുന്നതിനു മുമ്പ്‌ അവര്‍ ഉപയോഗിച്ചിരുന്ന വസ്‌തുക്കളൊക്കെയും മരണാനന്തരവും ഉപയോഗിക്കുമത്രേ. മൃഗങ്ങളുടേയും പരിചാരകരുടേയും പ്രതിമകള്‍ മുതല്‍ നദി കടക്കുന്നതിനുള്ള തോണി വരെ കുടീരങ്ങളില്‍ കാണാം. ഇവയൊക്കെയും ഈജിപ്‌ഷ്യന്‍ ചരിത്രം പഠിക്കാന്‍ ചരിത്രകാരന്‍മാരെ ഏറെ സഹായിക്കുകയും ചെയ്‌തിട്ടുണ്ടത്രേ. ഒരു ലക്ഷം ആളുകള്‍ മാസങ്ങളോളം ജോലി ചെയ്‌താണത്രേ, ഈ പിരമിഡുകളോരോന്നും പണിതത്‌. ഓരോ പിരമിഡിനു#ം മുന്നിലായി ക്ഷേത്രവും ഉണ്ട്‌. ഫറോവമാര്‍ ആരാധന നടത്തിയിരുന്നതും മരണാനന്തരചടങ്ങുകള്‍ നടത്തിയതുമല്ലാം ഇവിടത്തെ ക്ഷേത്രത്തില്‍ വെച്ചായിരുന്നു. വിദൂരദിക്കില്‍ നിന്നും നൈല്‍ നദിയിലൂടെ കടത്തിക്കൊണ്ടു വന്നതാണ്‌ ഇവിടത്തെ നിര്‍മാണത്തിനുപയോഗിച്ച കല്ലുകളിലേറെയും.
ഫരോവമാരുടെ കാലത്തു തന്നെ കൊള്ളക്കാര്‍ പല പിരമിഡുകളും തകര്‍ക്കുകയും അതിനകത്തെ വില പിടിച്ച വസ്‌തുക്കളൊക്കെയും കൊള്ളയടിക്കുകയും ചെയ്യുകയുണ്ടായി. പിന്നീട്‌, ഫറോവാര്‍ക്കു ശേഷവും രാജ്യം ഭരിച്ച പല രാജാക്കന്‍മാരുടേയും അന്ത്യ വിശ്രമകേന്ദ്രമായി ഇവിടം.
5
പുരാതന ഈജിപ്‌തിന്റെ മതബോധനത്തിലേക്ക്‌ വെളിച്ചം വീശുന്ന സ്‌ഫിംഗ്‌സ്‌ പ്രതിമകളുടെ ചരിത്രവും പുരാതന ക്ഷേത്രങ്ങളുടെ സാന്നിധ്യവും മറ്റൊരു പ്രധാനആകര്‍ഷണമാണ്‌. മനുഷ്യന്റെ ശിരസും സിംഹത്തിന്റെ ഉടലുമുള്ള വിചിത്രരൂപിയായ ദേവനാണ്‌ സ്‌ഫിംഗ്‌സ്‌. വലിയ പിരമിഡുകള്‍ക്ക്‌ പേരു കേട്ട ഗിസയിലെ മറ്റൊരത്ഭുതമാണ്‌ ഇവ. 4500 വര്‍ഷത്തെ പഴക്കമെങ്കിലുമുണ്ട്‌ ഈ സ്‌ഫിംഗ്‌സ്‌ പ്രതിമകള്‍ക്ക്‌. അഞ്ചു നില കെട്ടിടങ്ങളുടെ ഉയരമുണ്ട്‌ ഇതിന്‌. ഇതിനടുത്ത്‌ തന്നെ അത്രയും പഴക്കം ചെന്ന മറ്റൊരു ക്ഷേത്രവുമുണ്ട്‌. കൂറ്റന്‍ ശിലാഖണ്‌ഡങ്ങള്‍ ഒരേ അളവില്‍ കൊത്തിയെടുത്ത്‌ അടുക്കി വെച്ചാണ്‌ ഇവയും പണിതത്‌. ഗിസയില്‍ നിന്നും കാതങ്ങള്‍ അകലെയുള്ള അസ്വാന്‍ എന്ന പ്രദേശത്തെ ക്വാറികളില്‍ നിന്നാണത്രേ, ഇവിടേക്ക്‌ ആവശ്യമായ ശിലകള്‍ കൊണ്ടുവന്നത്‌. കാലക്രമത്തില്‍ മരം കൊണ്ടു തീര്‍ത്ത മേല്‍ക്കൂര നിലം പൊത്തിയതിനാലാവാം, ഇന്ന്‌ മേല്‍ക്കൂരയില്ലാതെയാണ്‌ ഇവിടത്തെ ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്‌. 4000 വര്‍ഷം മുമ്പത്തെ കൂറ്റന്‍ തൂണുകളും ഇടനാഴികളും ചുവരുകളുമല്ലാം ഇന്നും നിലനില്‍ക്കുന്നുണ്ടെന്ന്‌ പറയുമ്പോള്‍ ആ ആര്‍കിടെക്‌ചര്‍ രീതിയെ അഭിനന്ദിക്കാതെ വയ്യ. ബി സി 2550 ല്‍ ഖഫ്ര രാജാവ്‌ നിര്‍മിച്ച സ്‌ഫിംഗ്‌സിന്റെ ചുണ്ടും മൂക്കുമൊക്കെ നെപ്പൊളിയന്റെ കാലത്താണത്രേ, തകര്‍ക്കപ്പെട്ടത്‌.
ദേവതാരു വൃക്ഷത്തിന്റെ തടികൊണ്ടു നിര്‍മിച്ച ഒരു വള്ളം (43 മീറ്റര്‍ നീളം) മരണമടഞ്ഞ രാജാവിന്റെ മരണാനന്തരയാത്രയ്‌ക്കായി ഒരുക്കിവെച്ചതു കാണാം. മരിച്ചവരുടെ നഗരം എന്നു വിശേഷിപ്പിക്കുന്ന ഈ നഗരത്തിനു കാവലായി സ്‌ഫിംഗ്‌സും.
6
സൂര്യനേയും നൈല്‍ നദിയേയും ഭൂമിയേയുമൊക്കെ ദൈവങ്ങളായി കണ്ടവരായിരുന്നു പഴയ കാല ഈജിപ്‌ഷ്യന്‍ നിവാസികള്‍. ഫറോവാനായിരുന്നു ദൈവത്തിന്റെ പ്രതിപുരുഷന്‍. അദ്ദേഹത്തിന്റെ സഹായികളായിരുന്നു, പുരോഹിതന്‍മാര്‍. ഫറോവായെ ദൈവമായി അംഗീകരിക്കാന്‍ മടിച്ച മോസസിന്റെ ചരിത്രം ഖുറാനിലും ബൈബിളിലും നാം കണ്ടതും വായിച്ചറിഞ്ഞതുമാണ്‌.

6

പാപ്പിറസ്‌ ചെടി കൊണ്ട്‌ പണിത പേപ്പറില്‍ ആയിരുന്നു പ്രാചീന ഈജിപ്‌തിലെ ഹൈറോഗ്ലിഫിക്‌ ലിപി വികസിച്ചത്‌. ചിത്രങ്ങളും ചില അടയാളങ്ങളും ചേര്‍ന്ന ഈ ലിപി ചംപോളിയന്‍ എന്ന ഫ്രഞ്ചുകാരന്‍ 1822 ല്‍ വായിച്ചെടുത്തതോടെയാണ്‌ ഭൂമുഖത്തെ ആദ്യഭാഷയിലേക്ക്‌ വെളിച്ചം വീശുന്നത്‌.
നൈലിന്റെ ദാനമായ കെയ്‌റോയും ഈജിപ്‌തു തന്നെയും ലോകചരിത്രത്തിലെ മായാത്ത മുദ്രയായി നിലകൊള്ളുന്നതും ഇതുകൊണ്ടൊക്കത്തന്നെ. ആറായിരം വര്‍ഷം നീളുന്ന സംസ്‌ക്കാരം കെയ്‌റോയ്‌ക്കും ഈജിപ്‌തിനു തന്നെയുമുണ്ട്‌. റോമന്‍ കാലഘട്ടത്തില്‍ ഈജിപ്‌തിന്റെ ചരിത്രം നമ്മുടെ നാട്ടിലെ വടക്കന്‍ പാട്ടു പോലെ പാടി നടക്കപ്പെടുന്ന ക്ലിയോപാട്രയുടേയും മാര്‍ക്‌ ആന്റണിയുടേയും പ്രണയകഥ കൂടിയാണ്‌. തന്റെ മടിയില്‍ കിടന്നു മരിച്ച ആന്റണിക്കൊപ്പം ആത്മാഹുതി ചെയ്‌ത ക്ലിയോപാട്ര ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ട സൗന്ദര്യധാമങ്ങളില്‍ ഒരാള്‍ കൂടിയാണ്‌.





2 comments:

  1. അറിവ് പകരുന്ന ഒരു ലേഖനം - നന്നായിട്ടുണ്ട്

    ReplyDelete
  2. വളരെ നല്ല രീതിയില്‍ എഴുതി പക്ഷെ പിരമിഡ് നെ കുറിച്ച് വായിച്ചരിഞ്ഞതില്‍ കൂടുതലായി ഒന്നും ഉള്ളതായി തോന്നിയില്ല ആശംസകള്‍

    ReplyDelete