Wednesday, October 9, 2013

പാര്‍ലിമെന്റ്‌ വീട്‌

 പാര്‍ലിമെന്റ്‌ വീട്‌

രണ്ടു വര്‍ഷം മുമ്പ്‌ മലപ്പുറത്തെ വണ്ടൂരുള്ള താട്ടാരക്കാടന്‍ വീട്ടില്‍ അബ്‌ദുല്‍കരീമും മുംതാസും മക്കളായ ബീനയും ബൈജുവും വീടുപണിയാനൊരുങ്ങുമ്പോള്‍ നാട്ടുകാര്‍ക്കു മുഴുവന്‍ അത്‌ഭുതമായിരുന്നു. പ്ലാന്‍ കണ്ടവരെല്ലാം ഇത്‌ നടക്കില്ലെന്ന്‌ തന്നെ വിധിയെഴുതി. പ്ലാനുമായി പഞ്ചായത്ത്‌ അനുമതിക്ക്‌ പോയപ്പോള്‍ ഇത്‌ വീടാണെന്ന്‌ അവര്‍ക്കും വിശ്വസിക്കാന്‍ പ്രയാസം. വീടെന്ന പേരില്‍ ഷോപ്പിങ്‌ കോപ്ലക്‌സാണോ ലക്ഷ്യമിടുന്നതെന്ന സംശയവും. �വീടുപണിയുടെ ആദ്യഘട്ടത്തില്‍ ഇതെന്താ പാര്‍ലിമെന്റാണോ പണിയുന്നതെന്നായിരുന്നു എല്ലാവരുടേയും ചോദ്യം. ചിലര്‌ വാട്ടര്‍ ടാങ്ക്‌ വീടെന്നും വിളിച്ചു. ഇങ്ങനെ ഒരു റൗണ്ട്‌ ഷേപ്പിലുള്ള വീട്‌ എന്നത്‌ ആദ്യമേ മനസില്‍ കണ്ടിരുന്നു. കണ്ട്‌ പരിചയിച്ച സ്‌ക്വയര്‍ ഷേപ്പ്‌ വീടുകളില്‍ നിന്നും ഒരു വ്യത്യാസം ആദ്യമേ ആലോചിച്ചിരുന്നു. അതാണ്‌ വീടിന്‌ ഈ ഷേപ്പ്‌ ആവാന്‍ കാരണം.. �വീട്ടുകാരന്‍ പറയുന്നു.
വ്യത്യസ്‌തമായ വീടു പണിയണമെന്ന്‌ ആദ്യമേ ആഗ്രഹമുണ്ടായിരുന്നു. മനസില്‍ ധാരാളം പ്ലാനുകള്‍ സ്വയം വരച്ചുകൂട്ടി. സ്വന്തം ആശയങ്ങള്‍ കടലാസിലും പകര്‍ത്തി. വീട്‌ സംബന്ധിയായ മാഗസിനുകളും മറ്റും അധികമൊന്നും നോക്കിയില്ല. കാരണം, ആദ്യമേ മനസില്‍ ഈ ഷേപ്പുള്ള വീട്‌ മാത്രമായിരുന്നു ലക്ഷ്യം. വെറുതേ ഒരുപാട്‌ വീടുകള്‍ കണ്ട്‌ മനസ്‌ മാറരുതല്ലോ. മൊത്തം 2400 സ്‌ക്വയര്‍ഫീറ്റാണ്‌ വീടിന്‌. മൂന്ന്‌ സെന്റിലാണ്‌ വീടിരിക്കുന്നത്‌. മൊത്തം 35 സെന്റ്‌ വരും വീടിരിക്കുന്ന സ്‌ഥലവും ലാന്‍ഡ്‌സ്‌കേപ്പും. വീട്ടിനകത്ത്‌ അഞ്ച്‌ കിടപ്പുമുറികള്‍. മുകളില്‍ മൂന്നും താഴെ രണ്ടും. പക്ഷേ, ഇവയൊക്കെയും സൗകര്യങ്ങള്‍ക്കനുസരിച്ച്‌ എളുപ്പം ഹാളായും അപ്പാടെ മാറ്റിമറിച്ചും ഉപയോഗിക്കാന്‍ കഴിയും വിധം ആണ്‌ അറേഞ്ച്‌ ചെയ്‌തിരിക്കുന്നത്‌.
ആര്‍ഭാടത്തേക്കാള്‍ പ്രായോഗികത നോക്കി
സ്വന്തം താല്‍പര്യങ്ങളും ഐഡിയകളും വീട്ടില്‍ ഭംഗിയായി പ്രയോഗത്തില്‍ കൊണ്ടുവന്നിട്ടുണ്ട്‌ വീട്ടുകാരന്‍. ലിവിങ്‌ റൂമില്‍ തുടങ്ങുന്നു ഇവിടത്തെ അത്‌ഭുതകാഴ്‌ചകള്‍. ഒറ്റനോട്ടത്തില്‍ സാധാരണയില്‍ കവിഞ്ഞ പ്രത്യേകതയൊന്നും തോന്നില്ലെങ്കിലും താല്‍പര്യമനുസരിച്ച്‌ മാറ്റാന്‍ കഴിയുന്ന വിധമാണ്‌ ലിവിങ്‌ റൂമിന്റെ അറേഞ്ച്‌മെന്റ്‌. വേണമെങ്കില്‍ എളുപ്പം ഇതൊരു കിടപ്പുമുറിയായും ഹോംതീയേറ്ററായുമൊക്കെ മാറ്റാം. ഇവിടെ മുറിയില്‍ സൂക്ഷിച്ചുനോക്കിയാല്‍ മടക്കിവെച്ച രീതിയില്‍ ഹാങ്ങിങ്‌ കട്ടിലും ഹോം തീയേറ്റര്‍ സ്‌ക്രീനും കാണാം. വിശാലമായി ഈ ഹാളിന്റെ ഒരു വശത്തുള്ള മടക്കിവയ്‌ക്കാവുന്ന മെറ്റല്‍ ഡോറുകള്‍ നീക്കിയടച്ചാല്‍ പിന്നെ ഇതൊരു സ്വകാര്യമുറിയാവും. മുകളിലെ മടക്കിവെച്ച സ്‌ക്രീനൊന്ന്‌ താഴ്‌ത്തിയാല്‍ ഇതൊരു ടിപ്പിക്കല്‍ ഹോം തീയേറ്റര്‍. ബോറടിക്കുമ്പോള്‍ മുറിയൊട്ടുക്കും ചേഞ്ച്‌ ചെയ്‌ത്‌ പുതുമകള്‍ പരീക്ഷിക്കാം. വീട്ടില്‍ വല്ലപ്പോഴും വരുന്ന അതിഥികളെ കണ്ടു കൂടിയാണ്‌ ഈ ഡിസൈന്‍ മാറ്റാനുള്ള സൗകര്യമൊരുക്കിയതെന്ന്‌ മകന്‍ ബൈജുവും പറയുന്നു.
വണ്ടൂരും തൊട്ടടുത്തെ നിലമ്പൂരും തേക്കിന്‌ പേരുകേട്ടയിടങ്ങളാണെങ്കിലും ഈ വീട്ടില്‍ തടി ഒട്ടും ഉപയോഗിച്ചിട്ടില്ല. മെറ്റലും അലുമിനിയവും ചേര്‍ന്നുള്ള ജനാലകളും വാതിലുകളും കാബിനറ്റുകളുമാണ്‌ ഇവിടെ പ്രധാനമായും. പ്രധാനവാതിലിനും മെറ്റലാണുപയോഗിച്ചത്‌. സ്ലൈഡ്‌ ചെയ്യാവുന്ന, അലുമിനിയം കൊണ്ടുള്ള ജനാലകളാണ്‌ വീട്ടിനകത്തേക്ക്‌ കാറ്റും വെളിച്ചവും ആവോളം പ്രദാനം ചെയ്യുന്നത്‌. കൂടാതെ ഫര്‍ണിച്ചറുകള്‍ക്കെല്ലാം എളുപ്പം നീക്കാന്‍ പാകത്തില്‍ ചക്രങ്ങളും നല്‍കിയിരിക്കുന്നു. ആര്‍ഭാടം നിറഞ്ഞ സൗകര്യങ്ങളേക്കാള്‍ പ്രായോഗികതയില്‍ ഊന്നിയ ഡിസൈനാണ്‌ പ്രാധാന്യം നല്‍കിയതെന്ന്‌ വീട്ടുകാരിയുടെ സാക്ഷ്യവും.
മള്‍ട്ടിപര്‍പസ്‌ ഡിസൈന്‍
സ്‌റ്റയര്‍ കേസാണ്‌ വീട്ടിനകത്തെ എടുത്തു പറയാനുള്ള മറ്റൊരു കാര്യം. സ്‌റ്റയര്‍ കേസിനു പടികള്‍ നല്‍കിയിട്ടേയില്ല. വീട്ടിനകത്തെ ഇരുനിലകളേയും ബന്ധിപ്പിക്കാന്‍ പടികളില്ലാത്ത നടപ്പുപാത തന്നെയാണ്‌ ഒരുക്കിയത്‌. ഇതാവുമ്പോള്‍ പ്രായമുള്ളവരും കുട്ടികളും പടി കയറുമ്പോള്‍ വീഴുമെന്ന പേടിയേ വേണ്ട. ഇതിനു താഴെ സ്‌റ്റോറേജിനുള്ള ഇടവും കണ്ടെത്തിയിട്ടുണ്ട്‌.
സെറാമിക്‌ ടൈലുകള്‍ കൊണ്ടുള്ളതാണ്‌ ഫ്‌ളോറിങ്‌. ലിവിങ്‌ റൂമിലുള്ളത്‌ പോലെ എല്ലാ കിടപ്പുമുറികളിലും ഫോള്‍ഡ്‌ ചെയ്യാന്‍ കഴിയുന്ന വിധമുള്ള കട്ടിലുകളാണ്‌ കൊടുത്തിരിക്കുന്നത്‌. റൗണ്ടഡ്‌ ആകൃതിയായതിനാല്‍ സാധാരണയുള്ളതിനേക്കാള്‍ കൂടുതല്‍ ജനാലകള്‍ ഇവിടെ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്‌. കൂടുതല്‍ കാറ്റും വെളിച്ചവും ഇത്‌ നല്‍കുന്നു. സന്ധ്യയാവുന്നത്‌ വരെയും വെളിച്ചം നല്ലവണ്ണം വീട്ടിനകത്തേക്കു കടന്നുവന്നുകൊണ്ടേയിരിക്കും.
മുകള്‍നിലയിലെ ബെഡ്‌റൂമുകളെ വേര്‍തിരിക്കുന്ന മെറ്റല്‍ ഭിത്തികള്‍ മടക്കിവെച്ചാല്‍ ഇതൊരു ഹാളായി ഉപയോഗിക്കാം. ഒരു മിനി ഫങ്‌ഷനൊക്കെ ഇവിടെ ഭംഗിയായി നടത്താം. മടക്കിവയ്‌ക്കാവുന്ന ഇന്‍ബില്‍റ്റ്‌ ഫിക്‌സ്‌ഡ്‌ കസേരകളും കട്ടിലുകളുമാണ്‌ ഇവിടെയുള്ളത്‌. മുറികളെല്ലാം മള്‍ട്ടി പര്‍പസ്‌ ആണെന്ന്‌ സാരം.
ലാന്‍ഡ്‌സ്‌കേപ്പിലെ മായക്കാഴ്‌ചകള്‍
മുകളില്‍ എല്ലാ കിടപ്പുമുറികളേയും ചുറ്റി വട്ടത്തിലൊരു വരാന്തയും ഉണ്ട്‌. കിടപ്പുമുറികളില്‍ നിന്ന്‌ വേറെ വേറെ എന്‍ട്രന്‍സ്‌ നല്‍കാതെ ഇവിടെ ഇറങ്ങാന്‍ ഒരൊറ്റ ഓപണിങ്‌ മാത്രം നല്‍കി. മുകളിലെ മെസനിന്‍ ഫ്‌ളോറില്‍ നിന്ന്‌ ടെറസിലുമെത്താം. ഇവിടെയിരുന്നാല്‍ അകലെ പശ്‌ചിമഘട്ടത്തിന്റെ സൗന്ദര്യം മുഴുവനായും കാണാം, ആസ്വദിക്കാം. വീട്ടുകാര്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കാന്‍ ഇഷ്‌ടപ്പെടുന്ന സ്‌ഥലമാണിത്‌. ഇവിടെ പ്രത്യേക ഇരിപ്പിടങ്ങളും കൊടുത്തിട്ടുണ്ട്‌. ഇവിടെ നിന്ന്‌ നോക്കിയാല്‍ വീടിന്റെ മുഴുവന്‍ സൗന്ദര്യവും ആസ്വദിക്കാം. പ്രത്യേകിച്ച്‌ ലാന്‍ഡ്‌സ്‌കേപ്പിന്റെ മായികഭാവം.
മനോഹരമായ ഗാര്‍ഡനും ലാന്‍ഡ്‌സ്‌കേപ്പിലെ വ്യത്യസ്‌തത നിറഞ്ഞ ഇരിപ്പിടങ്ങളും കാഴ്‌ചകള്‍ക്ക്‌ നിറം പകരുന്നു. വീടിനെ ചുറ്റിക്കൊണ്ട്‌ ഓരോ ഭാഗങ്ങള്‍ ആക്കി കൊടുത്ത കുളങ്ങളും കാണാം, വട്ടത്തില്‍ തന്നെ. ലാന്‍ഡ്‌സ്‌കേപ്പിലെ ഉപയോഗിച്ചിരിക്കുന്ന വൃക്ഷങ്ങളുടെ കാര്യത്തിലും വീട്ടുകാര്‍ നോക്കിയതു ഭാവിയിലെ ഉപകാരം തന്നെ. ബൊഗൈന്‍ വില്ലകള്‍ക്കും മനോഹരമായി പൂക്കളുണ്ടാവുന്ന മറ്റു ചെടികള്‍ക്കും പുറമേ മാവ്‌, ചക്ക, പറങ്കിമാവ്‌, മാങ്കോസ്‌റ്റിന്‍, സപ്പോട്ട, ഫാഷന്‍ ഫ്രൂട്ട്‌ തുടങ്ങിയവയും ഇവിടെ കാണാം. ഇവയ്‌ക്കരികില്‍ കൂടുകളില്‍ കലപില കൂട്ടുന്ന ലൗ ബേര്‍ഡ്‌സുമുണ്ട്‌. കുളങ്ങളില്‍ രാത്രികളില്‍ വിരിയാനായി ആമ്പല്‍ച്ചെടികളും അവയെ ചുറ്റിപ്പറ്റി അലങ്കാരമത്‌സ്യങ്ങളേയും കാണാം. ഇതിനേയും വട്ടം ചുറ്റി വീടിനു ചുറ്റും റോഡും കാണാം.
പ്ലാനിന്‌ ഡിസ്‌റ്റിങ്‌ഷന്‍ മാര്‍ക്ക്‌
എല്ലാം റൗണ്ട്‌ ഷേപ്പിലുള്ള വീട്ടില്‍ ആകെ സ്‌ക്വയര്‍ ഷേപ്പിലുള്ളത്‌ ഇവിടത്തെ കിണര്‍ മാത്രമാണ്‌. ഇതും സാധാരണയില്‍ നിന്നും വിഭിന്നമായ ഷേപ്പ്‌ നല്‍കിയെന്ന്‌ ചിരിയോടെ വീട്ടുകാരന്‍ പറയുന്നു. മൊത്തം ഒരു വര്‍ഷമെടുത്തു, വീടുപണി പൂര്‍ത്തിയാവാന്‍. 25 ലക്ഷത്തില്‍ താഴെ മാത്രമൊതുങ്ങി ബഡ്‌ജറ്റ്‌. എയര്‍ ഹോളുകള്‍ പരമാവധി നല്‍കിയതു കാറ്റം വെളിച്ചവും തന്നു. വീട്ടുകാരിയുടെ തട്ടകമായ അടുക്കളയില്‍ ആണ്‌ ഇതിന്റെ ഗുണം ശരിക്കും അനുഭവിക്കാന്‍ കഴിയുക. പകലും സന്ധ്യാനേരത്തൊന്നും പാചകം ചെയ്യുമ്പോള്‍ ലൈറ്റ്‌ തെളിയ്‌ക്കേണ്ട ആവശ്യമേ വരുന്നില്ല. ഇന്റര്‍ലോക്ക്‌ കൊണ്ടുള്ള ഭിത്തിയാണ്‌ ഉപയോഗിച്ചത്‌. ഇതും ചെലവു കുറക്കുന്നതില്‍ നിര്‍ണായക പങ്ക്‌ വഹിച്ചു. വീടുപണി നടക്കുമ്പോള്‍ കാണാന്‍ വരുന്നവര്‍ക്ക്‌ ആദ്യം ഇതിന്റെ സൗകര്യങ്ങളെക്കുറിച്ച്‌ സംശയമായിരുന്നു. �പണി കഴിഞ്ഞ്‌ വന്നു കണ്ടവര്‍ക്കെല്ലാം അറിയേണ്ടത്‌ ഇതിന്റെ പ്ലാനിനെക്കുറിച്ചും മറ്റുമൊക്കെയാ. സൗകര്യങ്ങള്‍ക്ക്‌ അവരെല്ലാം ഫുള്‍മാര്‍ക്കാ തരുന്നത്‌..� വീട്ടുകാരുടെ ഒന്നടങ്കമുള്ള വാക്കുകളിലുമുണ്ട്‌ ഒരു ഡിസ്‌റ്റിങ്‌ഷന്‍ കിട്ടിയ സന്തോഷം.   










1 comment:

  1. കാശുള്ളവന് എങ്ങിനെ വേണേലും വീട് പണിയല്ലോ ലബേല്‍ : അസൂയ.

    ReplyDelete