Sunday, July 31, 2011

ഷാരൂഖ് കൊ പകട്‌നാ മുഷ്‌കില്‍ ഹീ നഹീ, നാ മുംകിന്‍ ഹെ



ഷാരൂഖ് കൊ പകട്‌നാ മുഷ്‌കില്‍ ഹീ നഹീ, നാ മുംകിന്‍ ഹെ

അങ്ങനെ ഷാരൂഖ് ഖാനും മില്യണയറായി. ഇതിലെന്തു അത്ഭുതമെന്നായിരിക്കും. സ്വന്തമായി ഐ പി എല്‍ ടീമുള്ള താരം വര്‍ഷങ്ങള്‍ക്കു മുമ്പേ തന്നെ ഇതൊക്കെ ആയതല്ലേ എന്നായിരിക്കും ചോദ്യം. ഇപ്പോള്‍ ഇതിങ്ങനെ കൊട്ടിഘോഷിക്കുന്നത് നിങ്ങള്‍ സല്ലു ഫാന്‍ ആയതുകൊണ്ടല്ലേ എന്നും ചോദിക്കുന്നവരുണ്ട്.
എന്നാല്‍ ഈ കാര്യത്തില്‍ അല്‍പം വ്യത്യാസമുണ്ട്. തീര്‍ച്ചയയും ഈ കാര്യത്തില്‍ ഇതുവരേയും സല്ലുവോ ബിഗ്ബിയോ ഒന്നും കിംഗ് ഖാന്റെ അടുത്തു പോലുമെത്തിയിട്ടില്ല. സംശയമുണ്ടെങ്കില്‍ നിങ്ങള്‍ ട്വിറ്ററില്‍ ഒരു അക്കൗണ്ട് ഓപണ്‍ ചെയ്ത് ഷാരൂഖിന്റെ പേജ് എടുത്തുനോക്കൂ. ഷാരൂഖ് മില്യണരായത് ട്വിറ്ററിലെ ഫോളോവേര്‍സിന്റെ കാര്യത്തിലാണ്. ഇന്ത്യയില്‍ നിന്നും ഇതുവരെയായി നാലുപേര്‍ക്കു മാത്രമാണ് ട്വിറ്ററിലെ മില്യണയര്‍ ഫോളോവേര്‍സ് പട്ടം കിട്ടിയിട്ടുള്ളത്.
ട്വന്റി ട്വന്റി മാസ്റ്റര്‍ ബ്ലാസ്റ്റര്‍
ഒന്ന് ഷാരൂഖിന്റെ ഡോണ്‍ നായിക പ്രിയങ്ക ചോപ്ര. മറ്റു രണ്ടു പേര്‍ ക്രിക്കറ്റ് ഇതിഹാസം സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും നമ്മുടെ തിരോന്തോരം എം പി ശശി തരൂറുമാണ്. ഇവരില്‍ ഷാരൂഖും ശശി തരൂരും പ്രിയങ്കയുമൊക്കെ ട്വിറ്റര്‍ തുടങ്ങിയ കാലം മുതലേ ഇതിന്റെ മെമ്പര്‍മാരാണ്. പക്ഷേ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ വൈകി അംഗമായി പെട്ടെന്ന് മില്യണയറായി മാറിയ ആളാണ്. ട്വിറ്ററില്‍ ഒരു ട്വന്റി ട്വന്റി ഇന്നിംഗ്‌സാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ കരസ്ഥമാക്കിയതെന്ന് ആരാധകരും പറയുന്നു.
ഏതായാലും ഈ മില്യണയര്‍ പട്ടം ഷാരൂഖിന് ക്ഷ പിടിച്ച മട്ടാണ്. തുടര്‍ന്നുള്ള ട്വീറ്റില്‍ ഷാരൂഖ് തന്റെ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തന്റെ സുഹൃത്തുക്കളേയും ആരാധകരേയും ഉള്‍പ്പെടുത്തി ഒരു പാര്‍ട്ടി നടത്തേണ്ട ഒരുക്കത്തിലാണത്രേ കക്ഷി. ഇനി ട്വിറ്ററില്‍ ആരാധകരുടെ കാര്യത്തില്‍ സല്ലുവിനും കൂട്ടര്‍ക്കും ഷാരൂഖിനെ പകട്‌നാ മുഷ്‌കില്‍ ഹീ നഹീ, നാ മുംകിന്‍ ഹെ എന്നാണത്രേ കാര്യങ്ങള്‍.

Saturday, July 30, 2011

സിങ്കം ഹിന്ദിയിലും


സിങ്കം ഹിന്ദിയിലും

മലയാളസിനിമയില്‍ പഴയ സിനിമകളുടെ രണ്ടാം ഭാഗവും റീമേക്കും ഇറക്കുന്നതിന്റെ സീസണാണെങ്കില്‍ ഹിന്ദിയിലത് മറ്റുഭാഷകളിലെ സമീപകാലഹിറ്റുകള്‍ റീമേക്ക് ചെയ്യുന്ന കാലമാണ്. പ്രത്യേകിച്ചും ദക്ഷിണേന്ത്യന്‍ ഹിറ്റ് പടങ്ങള്‍. തെലുങ്ക്, തമിഴ് പടങ്ങളാണ് റീമേക്കുകളില്‍ മുന്നില്‍. ഇതിനൊപ്പം തന്നെ തമിഴ്, തെലുങ്ക് അഭിനേതാക്കള്‍ പതിയെ ഹിന്ദിയിലേക്ക് ചുവടു മാറ്റുകയും ചെയ്തുവരുന്നുണ്ട്. തെലുങ്കു സിനിമയിലേയും തമിഴ്് സിനിമയിലേയും പ്രധാന വില്ലന്‍മാരെല്ലാം ഇന്ന് ഹിന്ദിയിലേയും പ്രധാനവില്ലന്‍മാര്‍ തന്നെയാണ്. ഉദാഹരണത്തിന് ബുദ്ദñഹോഗാ തേരാ ബാപ്പിലൂടെയും വാണ്ടഡിലൂടെയും പ്രകാശ് രാജും ദബാങ്ങിലൂടെ സോനു സൂദുമെല്ലാം ഹിന്ദിയിലും വില്ലത്തരത്തില്‍ കഴിവുതെളിയിച്ചുകഴിഞ്ഞു.
റീമേക്കുകളില്‍ ഇനി വരാന്‍ പോവുന്നത് സൂര്യയും അനുഷ്‌കയും അഭിനയിച്ച് തകര്‍ത്ത തമിഴ് ചിത്രം സിങ്കത്തിന്റെ ഹിന്ദി പതിപ്പാണ്. പേരില്‍ മാറ്റമില്ലെങ്കിലും ഹിന്ദിയില്‍ നായികാനായകരായി എത്തുന്നത് അജയ് ദേവ്ഗണും മഗധീരയിലൂടെ സൂപ്പര്‍ നായികയായി മാറിയ കാജല്‍ അഗര്‍വാളുമാണ്. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മിക്കുന്നത് റിലയന്‍സ് ബിഗ് പിക്ചര്‍ ആണ്. അജയ്‌ന്റെ സിക്‌സ് പായ്ക്ക് ബോഡിയും സംഘട്ടനങ്ങളുമാണ് സിനിമയിലെ ഹൈലൈറ്റ്. ഗോവയാണ് ലൊക്കേഷന്‍. പോലീസ് വേഷത്തില്‍ ആക്ഷന്‍ ഹീറോയായി അജയ് എത്തുന്ന ചിത്രങ്ങളെല്ലാം ഹിറ്റാവാറുള്ളതിനാല്‍ അണിയറപ്രവര്‍ത്തകര്‍ ഒരു ഹിറ്റ് പ്രതീക്ഷയില്‍ തന്നെയാണ്. കഴിഞ്ഞ കുറച്ചുകാലമായി അജയ് ചെയ്തുകൊണ്ടിരിക്കുന്ന ഗോല്‍മാല്‍ സീരീസു പോലുള്ള കോമഡി ചിത്രങ്ങളില്‍ നിന്നുമുള്ള ഒരു മാറ്റം കൂടിയാവും ഇത്. ജൂലായ് 15 നാണ് സിങ്കം സട കുടഞ്ഞ് ഗര്‍ജനം മുഴക്കാന്‍ തീയറ്ററുകളിലെത്തുന്നത്.
ബിക്കിനിയുടുക്കാനോ!
ഇതിനിടെ ചിത്രത്തില്‍ ബിക്കിനിയുടുക്കാനോ ചുംബനസീനില്‍ അഭിനയിക്കാനോ തന്നെ കിട്ടില്ലെന്ന് നായിക കാജല്‍ അഗര്‍ വാള്‍ മുന്‍കൂര്‍ പ്രസ്താവന ഇറക്കിയിരുന്നു. കുടുംബത്തോടൊപ്പം കാണാന്‍ കഴിയുന്ന ചിത്രങ്ങളിലേ താന്‍ അഭിനയിക്കൂ എന്നാണത്രേ കാജളിന്റെ രീതി. ഇതുവരേയും തമിഴിലും തെലുങ്കിലുമായി ധാരാളമഭിനയിച്ചിട്ടങ്കിലും ഇതുവരേയും അതുപോലുള്ള വേഷങ്ങളില്‍ അഭിനയിക്കാനുള്ള ഓഫര്‍ സന്തോഷñപൂര്‍വം നിരസിക്കുകയായിരുന്നെന്നും കാജള്‍ പറയുന്നു. പക്ഷേ, ബോളിവുഡില്‍ ഇങ്ങനെ ചില കടുംപിടുത്തം നടത്തിക്കഴിഞ്ഞാലുള്ള സ്ഥിതി എന്തെന്ന് കാത്തിരുന്ന് തന്നെ കണ്ടറിയണം.

Wednesday, July 27, 2011

ഈ ആരാധകരുടെ ഒരു കാര്യം!



ഈ ആരാധകരുടെ ഒരു കാര്യം!

ഈയൊരു കാര്യം കൂടി സൈബര്‍ ക്രൈമിന്റെ പട്ടികയില്‍ പെടുമോ എന്ന കടുത്ത ചര്‍ച്ചയിലും കൂലങ്കുഷമായ ഗവേഷണത്തിലുമാണ് സിനിമാലോകം. പ്രത്യേകിച്ച് നായികാനായകര്‍. പറഞ്ഞുവരുന്നത് ഫേസ്ബുക്കിലെ ഫോട്ടോ ടാഗിങ്ങിനെക്കുറിച്ചാണ്. ഒന്ന് സ്വസ്ഥമായി സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാനൊരുങ്ങുമ്പോഴാവും ‘വാളി’ല്‍ ആരാധകരുടെ നെടുനീളന്‍ ഫോട്ടോകള്‍ ഒന്നിനു പിറകെ ഒന്നായി രംഗപ്രവേശം ചെയ്യുക. എല്ലാത്തിലും താരത്തിന്റെ പേര് ടാഗ് ചെയ്തിട്ടുമുണ്ടാവും. ചിലപ്പോള്‍ ആരാധകന്‍ മൃഗശാലയ്ക്കു മുന്നില്‍ നില്‍ക്കുന്ന പടമാണെന്നിരിക്കട്ടെ, ടാഗ് ചെയ്യപ്പെടുന്ന താരത്തിന്റെ പേര് ചിലപ്പോള്‍ കൂട്ടില്‍ കിടക്കുന്ന ഹിപ്പൊപ്പൊട്ടാമസിന്റെ ദേഹത്തായിരിക്കും.
...കണ്ണ് കോഴിക്കൂട്ടില്‍ തന്നെ!
താരങ്ങളെ ടാഗ് ചെയ്യുന്നതു വഴി കിട്ടുന്ന പേരിലും നോട്ടത്തിലുമാണ് ആരാധകന്റെ കണ്ണ്. താരങ്ങളെ കൂടാതെ സംവിധായകരെ ടാഗ് ചെയ്യുന്നതും ഒരു ഫാഷനാക്കിയവരുണ്ട്. തന്റെ ഫോട്ടോ കണ്ട് സംവിധായകന്റെ അടുത്ത ചിത്രത്തിലേക്ക് ക്ഷണം വന്നാലോ എന്ന ആകാംക്ഷയില്‍ മലര്‍പ്പൊടിക്കാരന്റെ സ്വപ്നം കണ്ടുകൂട്ടാനാണ് ഇവര്‍ക്കിഷ്ടം. ഇതിന് പഴയതു പോലെ ഷൂട്ടിങ്ങ് ലൊക്കേഷനിലേക്ക് ഇടിച്ചു കയറുകയോ നെടുനീളന്‍ കത്തയക്കുകയോ വെറുതെ ഫോണ്‍ വിളിച്ച് കഷ്ടപ്പെടുകയോ ഒന്നും വേണ്ടല്ലോ. ചുമ്മാ ഫേസ് ബുക്കില്‍ ഒരു അക്കൗണ്ട് ലോഗിന്‍ ചെയ്യുക. വൃത്തിയും മെനയുമുള്ള ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്യുക. പിന്നെ തന്റെ സൗന്ദര്യം കൂട്ടുകാരുടെ കമന്റിലൊതുങ്ങാതെ നാട്ടിലെ സിനിമാ രാഷ്ട്രീയ താരങ്ങള്‍ വരെ കമന്റ് പറയാന്‍ പാകത്തില്‍ ടാഗ് ചെയ്യുക. ഇതു മതി!
രാഷ്ട്രീയക്കാര്‍ക്കും ഡിമാന്റ്
ടാഗിങ്ങില്‍ സിനിമാതാരങ്ങള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പുറമേ, മാധ്യമപ്രവര്‍ത്തകര്‍ക്കും സാഹിത്യകാരന്‍മാര്‍ക്കും വരെയുണ്ട് മാര്‍ക്കറ്റ്. ടാഗിങ്ങിന് കൃത്യമായി കമന്റ് ചെയ്യുകയും നന്ദി പറയുകയും ചെയ്യുന്നവരുമുണ്ട് താരങ്ങള്‍ക്കിടയില്‍. ഇവരുടെ അഭിപ്രായത്തില്‍, ഫോട്ടോയ്ക്ക് കമന്റ് പറയിക്കുന്ന ആരാധകനെ അങ്ങനെയങ്ങ് കുറ്റം പറയാനും കഴിയില്ല. കാരണം, എത്ര കാലമായി അവര്‍ താരങ്ങളെയും അവരുടെ പുത്തനന്‍ പടവുമെല്ലാം അദ്യദിവസം തന്നെ പോയി കണ്ട് അഭിപ്രായം പറയുന്നു. ഇനി താരങ്ങളും അവരെ കണ്ടൊന്ന് അഭിപ്രായം പറയട്ടെ.
ഏതായാലും, ശൊ, ഈ ആരാധകശല്യം കൊണ്ട് ഒന്ന് ഫേസ്ബുക്കില്‍ കയറാനും പറ്റാതായല്ലോ എന്നാണ് മല്ലു സിനിമാ ലോകത്തെ പുതിയ മേനി പറച്ചില്‍.

Monday, July 25, 2011

സിന്ദഗി നാ മിലേഗി ദൊബാര


സിന്ദഗി നാ മിലേഗി ദൊബാര

ഒരു പുതിയ ചിത്രത്തിന്റെ പ്രചരണപരിപാടികള്‍ മലയാളിയും തമിഴരുമല്ലാം ഹിന്ദിക്കാരെ കണ്ടുപഠിക്കണം. ഇവിടെയാണെങ്കില്‍ ഒരു ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് മറ്റൊരു ഷൂട്ടിങ് ലൊക്കേഷനിലേക്ക് പായാന്‍ തിടുക്കം കൂട്ടാനല്ലാതെ താന്‍ അഭിനയിച്ച പടത്തിന്റെ റിലീസ് തീയതി പോലും അറിയാത്തവരാണ് നമ്മുടെ നായികാനായകന്‍മാര്‍. എങ്കിലും, കൊല്ലത്തില്‍ പത്തു പടത്തിലെങ്കിലും നിര്‍ബന്ധമായും നായകനായോ നായികയായോ അഭിനയിക്കണമെന്ന വാശിയുമുണ്ട്. പടം ഹിറ്റാകുമോ എന്നൊന്നും അറിയേണ്ട, ഞങ്ങക്ക് ഞങ്ങടെ കാശ് കിട്ടിയാല്‍ മതി. ആദ്യത്തെ രണ്ടാഴ്ച എന്തായാലും ഫാന്‍സുകാര് പിള്ളേര്ണ്ടാവും. അവര്‍ക്ക് പാട്ടും ഡാന്‍സും ചെയ്യാനുള്ള എന്തേലും മതി. പിന്നെ പ്രചരണം! അതും അവന്‍മാരും പടത്തിന്റെ നിര്‍മാതാക്കളും നോക്കിക്കോളും. നമ്മളെന്തിന് വെറുതെ ടെന്‍ഷനടിക്കണം?
ഹിന്ദിയുടെ കാര്യം
എന്നാല്‍ നേരെ തിരിച്ചാണ് ഹിന്ദിയിലെ കാര്യം. ഒരു പടം ഹിറ്റാക്കേണ്ടത് നിര്‍മാതാവിന്റെയും ഫാന്‍സിന്റേയും മാത്രം കാര്യമല്ല, പടത്തിലെ അഭിനേതാക്കളുടേതു കൂടിയാണ്. അതിനായി പ്രചരണത്തിനും താരങ്ങള്‍ തന്നെ മുന്നിട്ടിറങ്ങുന്നു. പ്രചരണപരിപാടികള്‍ എങ്ങനെ വേണമെന്ന് അറിയണമെങ്കിലും സംശയമുണ്ടെങ്കിലും ‘സിന്ദഗി ന മിലേഗി ദൊബാര’യിലെ അഭിനേതാക്കളോടു ചോദിക്കൂ. ജൂലായ് 15 ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പ്രചരണപപരിപാടികള്‍ക്കായി ചിത്രത്തിലെ നായകന്‍മാരായ ഋത്വിക് റോഷനും അഭയ് ഡിയോളും ഫര്‍ഹാന്‍ അക്തറും നായികമാരായ കത്രീന കൈഫും കല്‍ക്കിയും ചെയ്യുന്നത് മുംബൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് ജനങ്ങള്‍ക്കൊപ്പമുള്ള ഒരു റോഡ് യാത്രയാണ്. ഈ യാത്രയ്ക്കും പ്രത്യേകതകള്‍ ഏറെയുണ്ട്. സിനിമയുടെ കഥയും ഏതാണ്ട് ഒരു യാത്രയുടേതാണ്. അര്‍ജുന്‍, ഇമ്രാന്‍, കബീര്‍ എന്നീ മൂന്ന് അവിവാഹിതരായ ചെറുപ്പക്കാര്‍ സ്‌പെയിനിലേക്ക് നടത്തുന്ന അവിസ്മരണീയമായ യാത്രയാണ് സിനിമയുടെ കഥ. റിതേഷ് സിദ്വാനിയാണ് ചിത്രത്തിന്റെ നിര്‍മാതാവ്. ഫര്‍ഹാന്‍ അക്തറിന്റെ സഹോദരി സോയ അക്തര്‍ സംവിധായികയും.
പ്രചരണപരിപാടിയുടെ ആശാനായ ഫര്‍ഹാന്‍ അക്തര്‍ കൂടെയുള്ളതു കൊണ്ട് പ്രചരണം പൊടിപൊടിക്കുമെന്നതില്‍ സംശയം വേണ്ട. രണ്ടുവര്‍ഷം മുമ്പ് തന്റ ആദ്യചിത്രമായ റോക്ക് ഓണിനു വേണ്ടി ഗംഭീര സ്‌റ്റേജ് പ്രോഗ്രാമാണ് ഫര്‍ഹാന്‍ ഡല്‍ഹിയില്‍ നടത്തിയത്.
ചുംബനവിവാദം’
ഇതിനിടെ ചിത്രത്തിലെ കത്രീന- ഋത്വിക് ചുംബന രംഗം ഇപ്പോഴേ ബോളിവുഡില്‍ സംസാരമായിരിക്കുന്നു. അഞ്ചു മിനിറ്റോളം നീളുന്ന ഈ സീന്‍ മൂന്ന് മിനിറ്റായി കട്ട് ചെയ്യണോ അതോ ചിത്രത്തില്‍ നിന്ന് പാടേ ഉപേക്ഷിക്കണോ എന്ന കണ്‍ഫ്യൂഷനിലാണത്രേ അണിയറ പ്രവര്‍ത്തകര്‍. കത്രീന ബൈക്കില്‍ ഋത്വിക്കിനെ പിന്തുടര്‍ന്ന്, ചാടി വീണ് ചുംബിക്കുന്ന ചൂടന്‍ പ്രണയഗാനം ബലി കഴിച്ച് മൂന്നു നായകരും ഒന്നിച്ചുള്ള ഗ്രൂപ്പ് സോംഗിന് പ്രാധാന്യം നല്‍കിയാലോ എന്നാണത്രേ സംശയം. എന്നാല്‍ ചിത്രത്തിന്റെ പ്രിവ്യൂ കണ്ടവരുടെ അഭിപ്രായത്തില്‍ ‘ധൂമി’ലെ ഐശ്വര്യ റായിയുമൊത്തുള്ള ഋത്വിക്കിന്റെ ചുംബനസീനിനെ വെല്ലുന്നതാണത്രേ കത്രീനയുമൊത്തുള്ള ഋത്വിക്കിന്റെ പ്രകടനം. അതിനാല്‍ ഇതു ചിത്രത്തില്‍ നിര്‍ബന്ധമായും വേണമെന്ന് അവര്‍ വാദിക്കുന്നു.
ആദ്യമായാണ് കത്രീന കൈഫും ഋത്വിക്കും ഒന്നിക്കുന്നത്. ഏതായാലും സൂസന്‍ റോഷന്‍, ഭര്‍ത്താവിനെ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാ. ആ കത്രീനയാണെങ്കില്‍ സല്ലുവിനും രണ്‍ബീറിനും ശേഷം ഒരു ആണ്‍തുണ തേടിയുള്ള നെട്ടോട്ടമാ. വെറുതെ എന്തിന് റിസ്‌ക്കെടുക്കണം. ജീവിതമൊരിക്കലല്ലേ ഉള്ളൂ. സിന്ദഗി നാ മിലേഗാ ദൊബാരാ എന്നാണല്ലോ ചൊല്ല്!

Sunday, July 17, 2011

എന്റെ എഴുത്തനുഭവങ്ങള്‍


എന്റെ എഴുത്തനുഭവങ്ങള്‍


എനിക്ക തോന്നുന്നത് നമ്മുടെ എല്ലാവരുടേയും ഉള്ളില്‍ ഒരു കഥാകാരനുണ്ടെന്നാണ്. കഥകള്‍ എവിടെ നിന്നും നമ്മുടെ മുന്നിലേക്ക് ചാടി വീഴാം. അത് ചിലപ്പോള്‍ ഒരു പത്രവാര്‍ത്തയാവാം. ശാസ്ത്രതത്വമാവാം, സ്വാനുഭവമാവാം. മറ്റുള്ളവരുടെ അനുഭവമാവാം. എന്തായാലും അവയ്‌ക്കെല്ലാം നമ്മുടെയുള്ളിലെ കഥാകാരനെ ഉത്തേജിപ്പിക്കാനുള്ള ചില ബിന്ദുക്കള്‍ അടങ്ങിയിരിപ്പുണ്ട്. ഇവയിലേക്കുള്ള നിരീക്ഷണമാണ് എന്നെ സംബന്ധിച്ചിടത്തോളം കഥകളെഴുതാനുള്ള പ്രചോദനം.
നിരീക്ഷിക്കുക, എല്ലാം.
ഷെര്‍ലക് ഹോംസിനെപ്പോലെ.
പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളിലും സംഭവങ്ങളിലും ഒരു കഥ ഒളിഞ്ഞുകിടപ്പുണ്ട്.

ചെറുപ്പത്തിലേ കഥകള്‍ എഴുതിത്തുടങ്ങി. അന്ന് സിപ്പി പള്ളിപ്പുറവും ശൂരനാട് രവിയൊക്കെയുമായിരുന്നു എന്റെ ഹീറോകള്‍. ബാലരമയിലും പൂമ്പാറ്റയിലുമൊക്കെ വരുന്ന കഥാകവിതകളായിരുന്നു വായനയുടെ അതിര്‍വരമ്പുകള്‍. ഇതുപോലുള്ള കുട്ടിക്കഥകളും മറ്റും ചമച്ച് കൈയ്യെഴുത്ത് മാസികയുണ്ടാക്കുന്നതായിരുന്നു ഒഴിവുസമയങ്ങളിലെ പ്രധാനവിനോദം. നാട്ടിലെ ഒരു കലാസാംസ്‌ക്കാരികവേദിയുടെ പേരില്‍ ഇറങ്ങിയ സോവനീറിലെ ഹാന്റിക്കേപ്പ്ഡ് ആണ് ആദ്യപ്രകാശിത കഥ.

വായനയാണ് എഴുത്തിന്റെ പ്രിലിമിനറി പരീക്ഷ. എഴുത്തിനാവശ്യമായ പദസമ്പത്തും ശൈലിയും രൂപപ്പെടുത്തുവാന്‍ ഇത് സഹായിക്കുന്നു. എഴുത്തുകാരന് സാമൂഹ്യപ്രതിബദ്ധതയും ഉണ്ടായിരിക്കണം.

Wednesday, July 13, 2011

കടവത്തൂരിനു വേണ്ടി ഒരു നിവേദനം





നിവേദനം.


കടവത്തൂര്‍
20 ഡിസംബര്‍ 2010



ടു,
കലക്ടര്‍,
കലക്‌ട്രേറ്റ്,
കണ്ണൂര്‍

ഫ്രം,
ഒരു കൂട്ടം കലാകായികപ്രേമികള്‍,
കടവത്തൂര്‍,
കണ്ണൂര്‍ ജില്ല.

സര്‍,
കണ്ണൂര്‍ ജില്ലയിലെ തലശേരി താലൂക്കിലെ തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന കടവത്തൂര്‍ എന്ന പ്രദേശത്തെ അന്തേവാസികളാണ് ഞങ്ങള്‍. കേരളോത്‌സവം പോലുള്ള പരിപാടികളുടെ ഭാഗഭാക്കാവാനും മറ്റും ഏറെ ആഗ്രഹമുള്ള ഒരു കൂട്ടം ചെറുപ്പക്കാര്‍ ഇവിടെയുണ്ട്. എങ്കിലും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇവിടെ കേരളോത്‌സവം നടത്താന്‍ അധികൃതര്‍ താല്‍പര്യം കാണിക്കാത്തതില്‍ അതീവനിരാശരാണ് ഞങ്ങള്‍. തൊട്ടടുത്തുള്ള മറ്റു പഞ്ചായത്തുകളിലെല്ലാം കേരളോത്‌സവം നടത്തുന്നതിന്റേയും മറ്റും വാര്‍ത്തകള്‍ പത്രങ്ങളിലും ചാനലുകളിലും കാണുമ്പോള്‍ അസൂയയോടെയും ദു:ഖത്തോടെയും നോക്കിനില്‍ക്കാനേ ഞങ്ങള്‍ക്കു കഴിയുന്നുള്ളൂ. പഞ്ചായത്ത് സെക്രട്ടറിയോടും മെംബര്‍മാരോടും അന്വേഷിച്ചപ്പോള്‍ മേഖലയിലെ സംഘര്‍ഷാവസ്ഥയാണ് കാരണമെന്ന് പറയുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇവിടെ പറയത്തക്ക സംഘര്‍ഷങ്ങളൊന്നുമില്ല താനും. കേരളോത്‌സവം നടത്തണമെന്ന ആവശ്യവുമായി പഞ്ചായത്തിനെ സമീപിച്ചപ്പോള്‍ കടുത്ത അനാസ്ഥയും താല്‍പര്യക്കുറവുമാണ് കാണാന്‍ കഴിഞ്ഞത്. കേരളോത്‌സവം എന്നാല്‍ എന്താണെന്നറിയാത്ത സെക്രട്ടറിയും മെംബര്‍മാരുമാണ് ഇവിടെ. അതിനാല്‍ ബഹുമാനപ്പെട്ട കലക്ടര്‍ നേരിട്ടിടപെട്ട് പഞ്ചായത്തിലെ ബ്ലോക് മെംബര്‍ അടക്കമുള്ള എല്ലാ ഉത്തരവാദപ്പെട്ടവര്‍ക്കും അടിയന്തിര ബോധവല്‍ക്കരണക്ലാസ് നടത്തുകയോ അതല്ലെങ്കില്‍ സ്ഥിരമായി കേരളോത്‌സവം നടത്താറുള്ള തൊട്ടടുത്ത പെരിങ്ങളം പഞ്ചായത്തോട് കടവത്തൂര്‍ പ്രദേശത്തെ ചേര്‍ക്കുകയോ ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
എന്ന്,
ബഹുമാനപൂര്‍വ്വം,
ഒരു കൂട്ടം കലാകായികപ്രേമികള്‍,
കടവത്തൂര്‍.

Tuesday, July 12, 2011



ഹോംതീയേറ്റര്‍



ഇനി സിനിമ കാണാന്‍ ടിക്കറ്റ് ബുക് ചെയ്യാനായി തീയേറ്റര്‍ നമ്പര്‍ ഡയല്‍ ചെയ്യാന്‍ വരട്ടെ. ആധുനിക തീയേറ്ററിലേതു പോലെ ഏറ്റവും നല്ല ദൃശ്യചാരുതയോടെയും ശബ്ദമികവോടെയും തന്നെ നമുക്ക് സിനിമ ആസ്വദിക്കാം. അതും സ്വന്തം വീട്ടില്‍. പറഞ്ഞു വരുന്നത് ഹോം തീയറ്ററിനെ കുറിച്ചാണ്. സിനിമ പരിപൂര്‍ണ ആസ്വാദനത്തോടെയും പാട്ടുകള്‍ ഏറ്റവും ശബ്ദസൗകുമാര്യത്തോടെയും ആസ്വദിക്കണമെന്നുള്ളവര്‍ക്ക് ഇനി വീട്ടിലൊരു ഹോം തീയേറ്റര്‍ ഒരുക്കാം. അവരവരുടെ സാമ്പത്തികസ്ഥിതിയും സൗകര്യങ്ങളും അനുസരിച്ച് ഒന്നുകില്‍ ഫാമിലി ലിവിങ്ങ് റൂമിന്റെ ഒരു ഭാഗം തന്നെ ഹോം തീയറ്റര്‍ ആക്കുകയോ അല്ലെങ്കില്‍ ഇതിനായി പ്രത്യേകം മുറി സജ്ജീകരിക്കുകയോ ചെയ്യാം.
ഹോതീയേറ്ററെന്നാല്‍...
ഹോംതീയേറ്റര്‍ എന്നാല്‍ ഡിവിഡി, സബ്‌വൂഫര്‍, സ്പീക്കറുകള്‍ എന്നിവയുടെ സെറ്റിനെയാണ് വിശേഷിപ്പിക്കുന്നത്. ഇതിനെ ടിവിയുമായി ബന്ധിപ്പിക്കാം. വ്യത്യസ്ത ഔട്ട് പുട്ടുകളുള്ള ഹോംതീയറ്ററുകള്‍ ലഭ്യമാണ്. 5.1 , 6.2, 7.1 എന്നിങ്ങനെ വിവിധ മോഡലുകളില്‍, ഹോം തീയേറ്റര്‍ ലഭിക്കും. ഡിവിഡി, 5 സ്പീക്കര്‍, ഒരു സബ്‌വൂഫര്‍ എന്നിവ അടങ്ങിയതാണ് 5.1 മോഡല്‍.
പൊസിഷന്‍ പ്രധാനം
ഹോം തീയേറ്ററിന്റെ വലിപ്പം, ഉപയോഗിക്കുന്ന സാമഗ്രികള്‍ എന്നിവ പോലെ ഇവ വയ്ക്കുന്ന പൊസിഷനും പ്രധാനമാണ്. വോള്‍ മൗണ്ടഡ് സ്പീക്കറുകളാണ് വയ്ക്കുന്നതെങ്കില്‍ അവയുടെ പൊസിഷന്‍ മനസിലാക്കി ഭിത്തിയില്‍ തന്നെ എട്ടോ പത്തോ സെ മീ കനത്തില്‍ ഡിപ് നല്‍കിയാല്‍ സ്പീക്കര്‍ പുറത്തേക്ക് കാണാത്ത വിധം വയ്ക്കാനാവും. തള്ളിനില്‍ക്കുമ്പോഴുള്ള അരോചകവും ഒഴിവാക്കാം. ലിവിങ് റൂമിലോ മറ്റോ ടിവിയോട് ചേര്‍ന്നാണ് ഹോം തീയേറ്റര്‍ ഒരുക്കുന്നതെങ്കില്‍ സ്പീക്കര്‍ നല്‍കാനുള്ള പൊസിഷന്‍ ആദ്യം തന്നെ മനസില്‍ കാണണം. ടി വിയുടെ പ്ലഗ് പോയിന്റിനൊപ്പം അഡീഷനലായി ഡിവിഡിയ്ക്കു വേണ്ടി ഒരു സോക്കറ്റ് കൂടി നല്‍കാം. ഭിത്തിയില്‍ വയ്ക്കുന്നതിനു പകരമായി നിലത്തുവയ്ക്കുന്ന തരം ടവര്‍ സ്പീക്കറുകളും ഇപ്പോള്‍ ലഭ്യമാണ്.
ടവര്‍ സ്പീക്കറാണ് ഉപയോഗിക്കുന്നതെങ്കില്‍ അതിനുള്ള സൗകര്യങ്ങള്‍ ഫ്‌ളോറിങ് ചെയ്യുമ്പോള്‍ തന്നെ ചെയ്യണം. ഭിത്തി പ്ലാസ്റ്റര്‍ ചെയ്യുന്നതിനു മുമ്പ് തന്നെ വയറിങ് നടത്തണം. കണ്‍സീല്‍ഡ് രീതിയിലുള്ള വയറിങ് നടത്താന്‍ ശ്രദ്ധിക്കാം.
പ്ലാനിങില്‍ ശ്രദ്ധിക്കണം
ഹോം തീയേറ്റര്‍ വയ്ക്കുന്ന മുറിയുടെ നീളം, വീതി എന്നിവ തമ്മിലുള്ള അനുപാതം പ്രധാനമാണ്. വെളിച്ചം, ശബ്ദം എന്നിവയെ ആവശ്യത്തിനനുസരിച്ച് നിയന്ത്രിക്കുന്നതാവണം മുറിയുടെ നിര്‍മാണരീതി. ഡിജിറ്റല്‍ ശബ്ദവിന്യാസം കൃത്യമായി ആസ്വദിക്കാന്‍ ഒരു പ്രത്യേകമുറി തന്നെ ഹോംതീയേറ്റര്‍ ആക്കുന്നതാണ് നല്ലത്. സ്‌ലോപ് റൂഫാണ് മുറിക്കെങ്കില്‍ ശബ്ദപ്രതിഫലനം വേണ്ട വിധത്തില്‍ നല്‍കാന്‍ പ്ലാനിങ്ങില്‍ തന്നെ ശ്രദ്ധിക്കണം.
സ്പീക്കറിനു എതിര്‍വശത്തെ ഭിത്തിയില്‍ ശബ്ദപ്രതിഫലനത്തിനു ടെക്‌സ്ചര്‍ ഇഫക്ട് നല്‍കാം. ടൈല്‍, മാര്‍ബിള്‍ എന്നിവ ശബ്ദത്തെ കൂടുതലായി പ്രതിഫലിപ്പിക്കുന്നതിനാല്‍ വുഡന്‍ ഫ്‌ളോറിങാണു അനുയോജ്യം. വലിയ ജനലുകള്‍ നല്‍കാതെ അത്യാവശ്യം മാത്രം വെന്റിലേഷന്‍ നല്‍കാം. ശബ്ദം പ്രതിഫലിക്കുന്ന തരം സ്റ്റീല്‍ ഫര്‍ണിച്ചറും മറ്റും ഒഴിവാക്കി പകരം ബീന്‍ ബാഗ് പോലെയുള്ളതോ തടി കൊണ്ടുള്ളതോ ആയ ഫര്‍ണിച്ചര്‍ ഉപയോഗിക്കാം.

Sunday, July 10, 2011


ഒടുവില്‍ ഐശ്വര്യയും!

ഒടുവില്‍ അതും സംഭവിച്ചു. ഐശ്വര്യ റായി ഗര്‍ഭിണിയായി! വിവരമറിഞ്ഞ അന്നുമുതല്‍ അഭിനന്ദനപ്രവാഹങ്ങള്‍ക്കു ചുറ്റുമാണ് ഐശ്വര്യയും ബച്ചന്‍ കുടുംബവുമല്ലാം. മുന്‍കാമുകന്‍ സല്‍മാന്‍ ഖാന്‍ തൊട്ട് ബോളിവുഡിലെ ഇളമുറക്കാരായ ദീപിക പദുക്കോണും ഫര്‍ഹാന്‍ അക്തറും വരെയുണ്ട് ആശംസകള്‍ നേരാന്‍ തിടുക്കം കൂട്ടുന്നവരില്‍. ഐശ്വര്യ തങ്ങളിലൊരാളാവാന്‍ പോവുന്നതിന്റെ സന്തോഷം ബോളിവുഡിലെ പ്രശസ്തരും ഐശ്വര്യയുടെ സമകാലീകരുമായ യുവ അമ്മനടിമാരും മറച്ചു വെക്കുന്നില്ല. ഇതിനിടെ ആശംസകളര്‍പ്പിച്ച് മുന്‍ കാമുകന്‍ സല്‍മാന്‍ ഖാന്‍ എത്തിയതും ശ്രദ്ധേയമായി. ആദ്യമായി മുത്തച്ഛനും പിന്നെ അഭിയാഷിനും സ്‌നേഹം നിറഞ്ഞ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടാണ് കക്ഷിയുടെ ട്വീറ്റ്. ഒരുകാലത്ത് ഏറ്റവും ആഘോഷിക്കപ്പെട്ടതും വിവാദവുമായിരുന്നു ഇരുവരുടേയും പ്രണയകാലത്തെപ്പറ്റിയുള്ള ഓര്‍മ്മകളുടെ ലാഞ്ചന പോലുമില്ല സല്‍മാന്റെ വാക്കുകളില്‍. ‘പാവം പയ്യന്‍, ഒരാള്‍ക്ക് ഇത്രയൊക്കെ നന്നാവാന്‍ കഴിയുമോ’ എന്നാണ് ഈ ട്വീറ്റ് വായിച്ചതു മുതല്‍ ബോളിവുഡിലെ അണിയറñസംസാരം. ആശംസകളര്‍പ്പിച്ചവരില്‍ പിന്നെ ശ്രദ്ധേയമായത് എന്നും വിവാദങ്ങളുടെ കളിത്തോഴനായ സംവിധായകന്‍ രാംഗോപാല്‍ വര്‍മയുടെ ട്വീറ്റാണ്. കക്ഷിയുടെ ട്വീറ്റ് ഇങ്ങനെ പോവുന്നു: ‘ഐശ്വര്യ ഗര്‍ഭിണിയായതു ശരി തന്നെ. സല്‍മാന്‍ ഖാന്‍ പോലും ഐശ്വര്യയ്ക്ക് ആശംസകള്‍ അര്‍പ്പിക്കുന്നുമുണ്ട്. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം സുന്ദരികളായ സ്ത്രീകള്‍ ഗര്‍ഭിണികളാവുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അത് ഐശ്വര്യയാവുമ്പോള്‍ പ്രത്യേകിച്ച്. എങ്കിലും ഈ സമയം അഭിഷേകിനെയോര്‍ത്ത് ഇളവ് നല്‍കുന്നു.’
കാത്തുകാത്തിരുന്ന കുഞ്ഞിക്കാല്‍
ഇനിയെങ്കിലും ഐശ്വര്യയുടെ ഗര്‍ഭത്തെക്കുറിച്ചും കുട്ടികളുണ്ടാകാത്തതിനെക്കുറിച്ചും ചോദിക്കുമ്പോള്‍ അഭിഷേക്, ഐഡിയ പരസ്യത്തിലുള്ളതു പോലെ ‘നോ ഐഡിയ’ എന്നു പറയില്ലല്ലോ. വാര്‍ത്തയ്ക്കു കിട്ടിയ പ്രാധാന്യവും ജനശ്രദ്ധയും നോക്കുകയാണെങ്കില്‍ രാജ്യത്തെ ഏറ്റവും പ്രശസ്തനായ കുഞ്ഞായി അഭി-ആഷ് ദമ്പതികളുടെ കുഞ്ഞ് പിറന്നു വീഴും. ചില വാര്‍ത്താ ചാനലുകള്‍ ഇതിനു നല്‍കിയ പ്രാധാന്യം അണ്ണാ ഹസാരെയുടേയും ബാബാ രാംദേവിന്റെയും ഉപവാസത്തിനേക്കാളേറെ. മുഖ്യവാര്‍ത്തകള്‍ക്കിടയിലും ബിസിനസ് വാര്‍ത്തകള്‍ക്കിടയിലും എന്തിനേറെ, സ്‌പോര്‍ട്‌സ് വാര്‍ത്തകള്‍ക്കിടയില്‍ വരെ ഇതു ചര്‍ച്ച ചെയ്യപ്പെട്ടു കഴിഞ്ഞു. ഐശ്വര്യയുടെ ഗര്‍ഭത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ടു കൊണ്ട് സാക്ഷാല്‍ ബിഗ് ബി അമിതാഭ് ബച്ചന്‍ തന്നെയാണ് ആദ്യമായി മരുമകള്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത പുറംലോകത്തോടു ട്വീറ്റ് ചെയ്തത്. കാത്തു കാത്തിരുന്ന് ഒടുവില്‍ കുടുംബത്തിലേക്ക് ഒരു കുഞ്ഞിക്കാല് വരാന്‍ പോവുന്നതിന്റെ സന്തോഷത്തിലാണ് സീനിയര്‍ ബച്ചന്‍.
ഐശ്വര്യയ്ക്ക് ഇരട്ടക്കുട്ടികളെന്ന്
ഇതിനിടെ, മുംബൈയിലെ ജ്യോതിഷിമാര്‍ കുട്ടിയുടെ ജാതകവും ഇപ്പോഴേ കുറിച്ചുതുടങ്ങിയിരിക്കുന്നു. പ്രശസ്ത ജ്യോതിഷിയായ പഹത് സാംഗ്‌വിയുടെ അഭിപ്രായത്തില്‍ ഐശ്വര്യയ്ക്കു ജനിക്കാന്‍ പോവുന്നത് ഒന്നുകില്‍ ഇരട്ടക്കുട്ടികളോ അല്ലെങ്കില്‍ പെണ്‍കുട്ടിയോ ആവുമത്രേ. സംഖ്യാശാസ്ത്രപ്രകാരം ഐശ്വര്യയുടേയും അഭിയുടേയും സംഖ്യ അഞ്ച് ആണ്. അതിനാല്‍ ഇരട്ടക്കുഞ്ഞുങ്ങള്‍ ജനിക്കാനാണത്രേ സാധ്യത കൂടുതല്‍.
ഏതായാലും കല്യാണം കഴിഞ്ഞ അന്നുതൊട്ട് ഐശ്വര്യയുടെ പിന്നാലെ കൂടിയ പപ്പരാസിക്കൂട്ടങ്ങള്‍ക്ക് കുഞ്ഞു ജനിക്കുന്നതു വരെയെങ്കിലും വിശ്രമിക്കാം. ഇടയ്ക്കു, രാവണ്‍ സിനിമയുടെ ഷൂട്ടിങ്ങിനിടയ്ക്ക്, തുടര്‍ച്ചയായി ഐശ്വര്യയുടെ ഗര്‍ഭവാര്‍ത്തകള്‍ മാധ്യമങ്ങള്‍ ചികയുന്നതില്‍ ബച്ചന്‍ കുടുംബം ഒന്നടങ്കം ബ്ലോഗിലൂടെയും മറ്റും ശക്തമായി പ്രതിഷേധിച്ചിരുന്നു.

Friday, July 1, 2011


എനിക്ക് ചേതന്‍ ഭഗത് ആവണം
പത്ത്

പത്ത്




‘മറ്റൊരു ലോകം.
യഥാര്‍ത്ഥത്തില്‍ മറ്റൊരു ലോകം ഒരാള്‍ക്കു സാധ്യമാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? ഓരോ വണ്ടി അകന്നുകഴിയുമ്പോഴും അടുത്ത വണ്ടിയെ പ്രതീക്ഷിക്കുന്നതു പോലെയല്ലേ അത്? ചിലപ്പോള്‍ നിങ്ങള്‍ കയറാതെ പോവുന്ന വണ്ടി അവസാനത്തേതാണെങ്കില്‍..
ചിന്തിച്ചു നോക്കിയിട്ടുണ്ടോ നിങ്ങളുടെ അവസാനത്തെപ്പറ്റി? നിങ്ങള്‍ക്കു ചേക്കേറാന്‍ ഒരു ലോകമില്ലാത്തതിനെപ്പറ്റി?’
അതിര്‍ത്തിപ്രദേശങ്ങളിലൊന്നിലെ ഗ്രാമത്തില്‍ വെച്ച് ഒരു ബുദ്ധസന്യാസി അര്‍ബഹിനോടു ചോദിച്ചു. അപ്പോഴേക്കും അയാള്‍ തന്റെ പേര് ഹംസ് എന്നാക്കി മാറ്റിയിരുന്നു.

സംഗീതഞ്ജനേയും സംഗീതത്തേയും എന്തിന്, സ്വന്തത്തേയും തന്നെ മറന്ന് ഒരുപാട് ദൂരം സഞ്ചരിച്ചിരുന്നു അപ്പോള്‍, അയാള്‍. കുറ്റസമ്മതം നടത്തിയതിന്റെ പിറ്റേ ദിവസം പുറത്താക്കല്‍ ഉത്തരവ് കൈയ്യില്‍ നല്‍കുന്നതിനു മുമ്പ് അയാള്‍ക്കു മാത്രമായി ഒരു പാര്‍ട്ടി നടത്തിയിരുന്നു മാനേജര്‍. തങ്ങളുടെ ട്രൂപ്പിനെ, പ്രത്യേകിച്ച് സംഗീതഞ്ജനെ വലിയ ദുരന്തത്തില്‍ നിന്നു രക്ഷിച്ചതിലുള്ള സന്തോഷവും നന്ദിയും മാനേജര്‍ വാക്കുകളിലൂടെ സൂചിപ്പിക്കുകയും ചെയ്തു. എങ്കിലും തൊട്ടടുത്ത ദിവസത്തെ പത്രസമ്മേളനത്തില്‍ സ്വഭാവദൂഷ്യത്തിന്റേയും പ്രകൃതിവിരുദ്ധതയുടേയും പേരില്‍ ഹംസിനെ ട്രൂപ്പില്‍ നിന്നു പുറത്താക്കിയ കാര്യം പറയുമ്പോള്‍ മാനേജറുടെ കണ്ണുകള്‍ ദേഷ്യം കൊണ്ട് ചുവന്നുകലങ്ങിയിരുന്നു. ചുണ്ടുകള്‍ രോഷത്താല്‍ അവസ്മാരരോഗിയെപ്പോലെ വിറച്ചിരുന്നു..

യാത്രയുടെ ആരംഭത്തില്‍ എവിടേക്കെന്നോ യാത്രയുടെ ലക്ഷ്യമെന്തെന്നോ ഹംസിന് ബോധ്യമുണ്ടായിരുന്നില്ല. താന്‍ മറ്റാരോ ആണെന്നും തന്റെ ശരീരവും ചുമന്ന് മറ്റാരോ ആണ് യാത്ര ചെയ്യുന്നതെന്നുമായിരുന്നു ആകെയുള്ള വിചാരം. യാത്രയില്‍, വഴിയിറമ്പിലുള്ളവരെല്ലാം തന്നെത്തന്നെ ശ്രദ്ധിക്കുകയാണെന്ന് േേതാന്നി അയാള്‍ക്ക്. വിജനതയില്‍ പോലും തനിക്കു പിറകില്‍ ആരോ തന്നെ പിന്തുടരുന്നുണ്ടെന്ന മട്ടില്‍ അയാള്‍ ഇടയ്ക്കിടെ ഭീതിയോടെ തിരിഞ്ഞുനിന്നു. മനുഷ്യരല്ലെങ്കില്‍ മൃഗങ്ങള്‍. അവ ഈ പച്ചിലച്ചാര്‍ത്തിനിടയില്‍ തന്നെ നിരീക്ഷിക്കുന്നുണ്ട്. തനിക്കെതിരെ ആഗോളതലത്തില്‍ അവ ചാരപ്പണി നടത്തുകയാണ്. ഇനി മൃഗങ്ങളല്ലെങ്കില്‍ വൃക്ഷങ്ങള്‍. അവയുടെ അസാധാരണമായ ചില്ലകളും അവിചാരിതമായി നിലത്തു വീഴുന്ന കായകളും തന്നെയാണ് ലക്ഷ്യമിടുന്നത്.
അതെ. അല്‍പാല്‍പമായി ആഗോളതലത്തില്‍ ചോര്‍ത്തപ്പെടുന്ന ഒരു രേഖയാണ് താന്‍.

ഒടുവില്‍, യാത്രയുടെ സായന്തനത്തിലാണ് അയാള്‍ ആദ്യമായി സംശയമൊന്നുമില്ലാതെ ഒരാളുടെ മുന്നില്‍, കണ്ണുകളിലേക്ക് ഉറ്റുനോക്കി നിന്നത്. ബുദ്ധസന്യാസിയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ പ്രത്യാശയുടെ നേര്‍ത്ത നൂലിഴകള്‍ അയാളുടെ കണ്‍കോണുകളില്‍ വളരെക്കാലത്തിനു ശേഷം പ്രത്യക്ഷപ്പെട്ടു.
ബുദ്ധസന്യാസി ആദ്യം ചെയ്തത് ഹംസിലെ അകാരണമായ സംശയങ്ങളും ഭീതിയും പറിച്ചുമാറ്റാനുള്ള ശ്രമങ്ങളായിരുന്നു. ഹംസിനുള്ളിലെ മിഥ്യാധാരണകളെ അയാള്‍ ആവും വിധമെല്ലാം കുത്തിനോവിച്ച് പുറത്തെത്തിക്കാന്‍ തുനിഞ്ഞു. ഇതിനിടെ ഹംസിന്റെ ജന്‍മരേഖകള്‍ കണ്ടെത്തി ഇനിയും അയാള്‍ക്ക് ഭൂമുഖത്ത് അവശേഷിക്കുന്ന കേവലം 240 ദിവസങ്ങളെക്കുറിച്ച് ഓര്‍മ്മിപ്പിക്കാനും മറന്നില്ല.
‘..നീ സ്ത്രീകളെ അറിയാത്തവനാണ്. പക്ഷേ, എന്നിട്ടും സ്ത്രീശരീരങ്ങള്‍ അന്വേഷിക്കുന്നു. സ്ത്രീകളെ കീഴടക്കുന്നതോടെ നിങ്ങള്‍ക്ക് എന്തും കീഴടക്കാം. മരണത്തെ പോലും. കാരണം കീഴടക്കാന്‍ കഴിയാത്തത് കീഴടക്കുന്നതാണ് അനശ്വരത. അപ്പോള്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് മറ്റൊരു ലോകം സാധ്യവുമാണ്. (ഈ മഹദ്വചനങ്ങള്‍ കൂടി നിര്‍ബന്ധമായും ആത്മകഥയില്‍ ഉള്‍പ്പെടുത്തണമെന്ന് ജയിലില്‍ കഴിയുമ്പോള്‍ ഹംസ് ഓര്‍മ്മിപ്പിച്ചിരുന്നു. പറ്റുമെങ്കില്‍ അവതാരികയില്‍ കടപ്പാട് നല്‍കണമെന്നും അദ്ദേഹം ഒസ്യത്ത് ചെയ്തു. ഇതിന്റെ ആവശ്യമുണ്ടോ എന്ന് സംശയമുന്നയിച്ചപ്പോള്‍ താന്‍ ചിരഞ്ജീവിയായി ജീവിക്കുന്നതിനും എല്ലാ ജീവിതവിജയങ്ങള്‍ക്കും പിന്നില്‍ ആ സന്യാസിയാണെന്ന് അഭിമാനം കൊണ്ടു.) എന്താ, നിങ്ങള്‍ക്കു സംശയമുണ്ടോ? മറ്റൊരു ലോകം ശരിക്കും മറ്റൊരു ജീവിതം തന്നെയാണ്. ഇനി പറയൂ, കഴിഞ്ഞ 27 വര്‍ഷത്തിനിടയിലെപ്പോഴെങ്കിലും നിങ്ങള്‍ നിങ്ങളെ അറിയാന്‍ ശ്രമിച്ചിട്ടുണ്ടോ? നിങ്ങള്‍ ചെയ്യണമെന്നോ നടക്കണമെന്നോ ആഗ്രഹിച്ച കാര്യങ്ങള്‍ എപ്പോഴെങ്കിലും നടന്നിട്ടുണ്ടോ?’
സന്യാസി തന്റെ ദീര്‍ഘനേരം നീണ്ടുനിന്ന ചോദ്യം അവസാനിപ്പിച്ചു.
അയാളുടെ ചോദ്യങ്ങളില്‍ ഒരു ക്രാന്തദര്‍ശിയുടെ ദീര്‍ഘവീക്ഷണമുണ്ടായിരുന്നുവെങ്കിലും, ഒറ്റനോട്ടത്തില്‍ ഒരു സന്യാസിയുടെ ശരീരഭാഷയേ ഇല്ലെന്ന് ഹംസിനു തോന്നിയിരുന്നു. പശ്ചാത്തലത്തില്‍ ഈ ആശ്രമമില്ലായിരുന്നെങ്കില്‍, ഹംസ് അയാളെ മറ്റാരെങ്കിലുമായി എളുപ്പം സങ്കല്‍പ്പിച്ചേനെ. മുഖത്ത് കൂനിക്കൂടി നില്‍ക്കുന്നñവസൂരിക്കലകളും കണ്ണുകളിലെ ക്രൂദ്ധതയും ജട പിടിക്കുന്നതിനു പകരം ഭംഗിയായി വെട്ടിയൊതുക്കിയ മുടിയിഴകളും ഒരു സന്യാസിയേക്കാള്‍ തെരുവുഗുണ്ടയുടെ മട്ടായിരുന്നു പ്രതിഫലിപ്പിച്ചത്.
ഹംസിന്റെ നിരീക്ഷണങ്ങള്‍ പതിവിലുമധികം ദീര്‍ഘിച്ചപ്പോള്‍ സന്യാസിയും സംശയാകുലനായി. തന്റെ ചോദ്യങ്ങള്‍ ആഗതന്‍ കേട്ടില്ലെന്ന് കരുതി ഒന്നുകൂടി ആവര്‍ത്തിച്ചു.
‘നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ? നിങ്ങള്‍ ആഗ്രഹിച്ചത് എപ്പോഴെങ്കിലും നടന്നിട്ടുണ്ടോ?’
ഒരു സ്വപ്നാടനത്തില്‍ നിന്ന് ഉണരാനുള്ള അവസരമായിരുന്നു അത്. ഹംസ് ആ അവസരം മുതലാക്കുകയും സന്യാസിയുടെ മുഖത്തു നിന്നും കണ്ണെടുത്ത് പിറകിലെ വെള്ളക്കുന്നുകളില്‍ നിന്നുയരുന്ന കറുത്ത പുകച്ചുരുളുകളിലേക്ക് നടുകയും ചെയ്തു. ആ പുകച്ചുരുളുകളുടെ രഹസ്യമറിയാനായിരുന്നു ഞൊടിയിടയിലെ ഹംസിന്റെ ചിന്താമാറ്റം. പക്ഷേ അവ തന്റെ ആലോചനകള്‍ക്കുമപ്പുറമാണെന്ന് പെട്ടെന്നു തന്നെ തിരിച്ചറിയുകയും സന്യാസിയുടെ ചോദ്യത്തിനു തന്നെ ഉത്തരം പറയാന്‍ തുടങ്ങുകയും ചെയ്തു.
‘ഇല്ല.. എന്റെ ആഗ്രഹങ്ങള്‍ ഇതുവരേയും പൂര്‍ത്തിയായിട്ടില്ല. ചില ആഗ്രഹങ്ങള്‍ പാതിവഴിയില്‍ നിന്നു. അല്ലെങ്കിലും അവ പാതിവഴിയില്‍ തന്നെ നില്‍ക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ജന്‍മനക്ഷത്രങ്ങള്‍ പറയുന്നത് എന്റെ ലോകാവസാനം 28 ാം വയസില്‍ പൂര്‍ത്തിയാവുമെന്നാണ്. ആദ്യം ഈ രേഖയില്‍ എനിക്ക് വിശ്വാസമുണ്ടായിരുന്നില്ല. പക്ഷേ, ചില നിമിത്തങ്ങള്‍ എന്നെ നക്ഷത്രങ്ങളെ വിശ്വസിക്കാന്‍ പ്രേരിപ്പിച്ചു. വിശ്വാസിയായതു മുതല്‍ ജീവിതത്തില്‍ എനിക്കു ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളെക്കുറിച്ച് ഞാന്‍ ബോധവാനായി. നടക്കാന്‍ കഴിയാത്ത ആഗ്രഹങ്ങളെ കീഴടക്കാന്‍ ശ്രമിച്ചു. അപ്പോഴെല്ലാം അവ വളരെ വിദൂരതയിലാണെന്ന് മനസിലായി..’
ഹംസ് ഇത്രയും പറഞ്ഞു കഴിഞ്ഞ ഉടനെ താന്‍ സ്വീകരിക്കേണ്ട ഭാവത്തെക്കുറിച്ച് ആലോചിച്ചു. പിന്നെ തലകുനിച്ചു നിന്നു. സന്യാസി, ഇപ്പോള്‍ താന്‍ കരയുകയാണെന്നു കരുതുമെന്നും അതിനാല്‍ മെല്ലെ എഴുന്നേല്‍പ്പിച്ച് ആശ്വസിപ്പിക്കുമെന്നും ഊഹിച്ചു. നാലു നിമിഷങ്ങള്‍ക്കു ശേഷം ആ കണക്കുകൂട്ടല്‍ യാഥാര്‍ഥ്യമാവുകയും ചെയ്തു.
തുടര്‍ന്നാണ് സന്യാസി അനശ്വരതയുടെ രഹസ്യങ്ങള്‍ അയാള്‍ക്കു കൈമാറിയത്. അനശ്വരതയെന്നാല്‍ ഈശ്വരനെ തോല്‍പ്പിക്കുന്നതല്ല. പ്രകൃതിയില്‍ ഈശ്വരന്‍ നമുക്ക് നല്‍കുന്ന ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ വേണ്ടി കൂടുതല്‍ സമയം ചോദിക്കുന്നതാണ്. കൂടുതല്‍ സമയം ലഭിക്കുന്നതു വഴി ലക്ഷ്യങ്ങള്‍ കൃത്യമായും കാര്യക്ഷമമായും ചെയ്യാന്‍ കഴിയുന്നു. ഈശ്വരന്, അനശ്വരരാവാനുള്ള നമ്മുടെ ശ്രമങ്ങളില്‍ ഇപ്പോള്‍ ദേഷ്യം തോന്നാമെങ്കിലും അന്ത്യനാളിലെ ഉപഹാരസമര്‍പ്പണച്ചടങ്ങില്‍ പ്രത്യേക അംഗവസ്ത്രങ്ങളാല്‍ ആദരിക്കപ്പെടുക അനശ്വരതയ്ക്ക് ശ്രമിച്ചവനാവും. നമ്മളാവും.
‘നമ്മള്‍?’
ഹംസ് സംശയിച്ചു.
‘അതേ, നമ്മള്‍..’
സന്യാസി തുടര്‍ന്നു.
‘എന്നെ നോക്കൂ. ആദ്യനോട്ടത്തില്‍ നിങ്ങള്‍ക്കെന്റെ ചെറുപ്പമാണ് കാണാന്‍ കഴിയുന്നതെങ്കിലും എന്റെ ശരീരത്തിന് വയസ് 180 കഴിഞ്ഞു. നീണ്ടതല്ലാത്ത 180 സംവത്‌സരങ്ങള്‍. ഈ വര്‍ഷങ്ങളൊക്കെയും ഞാന്‍ ദൈവം എന്നെ ഏല്‍പ്പിച്ച ലക്ഷ്യപൂര്‍ത്തീകരണത്തിലായിരുന്നു. പക്ഷേ ഇനിയും എനിക്കവ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിനാല്‍ ഞാന്‍ അനശ്വരനായി തുടരുന്നു.

നിനക്ക് നോഹ പ്രവാചകനെ അറിയില്ലേ? ദൈവവിശ്വാസം പ്രചരിപ്പിക്കുക എന്ന ലക്ഷ്യപൂര്‍ത്തീകരണത്തിനായി അദ്ദേഹം 950 ലേറെ വര്‍ഷങ്ങള്‍ പ്രബോധനം ചെയ്തു. അഥവാ, ഏല്‍പ്പിച്ച കര്‍ത്തവ്യം നിര്‍വഹിക്കാനായി അദ്ദേഹം ദൈവത്തില്‍ നിന്ന് അല്‍പമേറെ സമയം വാങ്ങി..’
‘പക്ഷേ എന്റെ ലക്ഷ്യം, എന്റെ മാര്‍ഗം.. അതെങ്ങനെയാണ് ഞാന്‍ തിരിച്ചറിയുക? ’
ഹംസ് ഇടയ്ക്ക് സംശയത്തോടെ ചോദിച്ചു.
‘നിന്റെ നക്ഷത്രങ്ങളെ തിരുത്തുന്നതാണ് നിന്റെ ജീവിതലക്ഷ്യം. നിന്റെ വിധിയെ കീഴടക്കുന്നതാണ് നിന്റെ വെല്ലുവിളിയും ദൗത്യവും. അതില്‍ നീ വിജയിച്ചാല്‍ മുഴുവനായും നിന്റെ ജീവിതലക്ഷ്യം നേടിയതായി കരുതാം..’
സന്യാസി ഇനിയൊരു സംശയത്തിന് ഇട നല്‍കാതെ പറഞ്ഞുനിര്‍ത്തി. ഹംസ് നിങ്ങള്‍ ഊഹിച്ചതു പോലെ സന്യാസിയ്ക്കു മുന്നില്‍ തല കുനിച്ചു നിന്നു. പിന്നില്‍ അപ്പോഴും അകലെയുള്ള വെളുത്ത മലയില്‍ നിന്ന് കറുത്ത പുകച്ചുരുളുകള്‍ ഉയര്‍ന്നുകൊണ്ടിരുന്നു.

തൊട്ടടുത്ത ദിവസം മുതലാണ് ഹംസ് ചിരംഞ്ജീവിയാവാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയത്. അതിന്റെ പ്രതിഫലമായി സംഗീതഞ്ജന്റെ കുറ്റമേറ്റെടുത്തതില്‍ നിന്നു ലഭിച്ച പണം മുഴുവനും സന്യാസിയ്ക്കു നല്‍കുകയും ചെയ്തു. ഒരു സന്യാസിയ്ക്ക് സമ്പത്ത് ആവശ്യമില്ലെന്ന വിശ്വാസം തിരുത്തിക്കുറിക്കപ്പെട്ട മുഹൂര്‍ത്തം കൂടിയായിരുന്നു ആ പണകൈമാറ്റം.
‘ഗുരുവിന്റെ കീഴില്‍ നിരവധി സ്ഥാപനങ്ങള്‍ നടത്തിവരുന്നുണ്ട്. കൂടാതെ നിരവധി സ്ഥാപനങ്ങളുടെ മേലധികാരി സ്ഥാനവും അദ്ദേഹത്തിനാണ്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ആശുപത്രികള്‍, ബഹുനിലകെട്ടിടങ്ങള്‍, മാധ്യമങ്ങള്‍ തുടങ്ങി പലതും വരും സ്ഥാപനങ്ങളില്‍. ഇതൊക്കെ നടത്തി, കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോവാന്‍ സമ്പത്ത് വേണം. അപ്പോള്‍ കൈയ്യും മുകളിലുയര്‍ത്തി പ്രാര്‍ഥിച്ചിട്ട് കാര്യമില്ല. ഇതുപോലുള്ള സംഭാവനകള്‍ തന്നെ വേണം. നാട്ടിലെ ലുബ്ധന്‍മാരായ ജനങ്ങളില്‍ നിന്ന് (ഇവരെ വിശ്വാസികളെന്നോ ഭക്തന്‍മാരെന്നോ വിളിക്കാം.) ഇടയ്ക്കിടെ സമീപിച്ച് പിരിവെടുത്താലൊന്നും കാര്യം നടക്കില്ല. ഇനി പിരിവെടുത്താലോ, ഇവിടത്തെ കാവല്‍ക്കാരന്റെ ഒരു നേരത്തെ ഭക്ഷണത്തിന് പോലും അത് തികയില്ല. അഥവാ, തികഞ്ഞാല്‍ അതൊരു ഭാഗ്യമായി മാത്രം കണക്കാക്കിയാല്‍ മതി. അപ്പോള്‍ താങ്കളെപ്പോലുള്ള ആള്‍ക്കാരാണ് (അനുഗ്രഹീതരെന്നോ ഭക്തശിരോമണികളെന്നോ മാന്യദേഹങ്ങളെന്നോ വിളിക്കാം.) ഞങ്ങള്‍ക്ക് ഏറ്റവും വേണ്ടപ്പെട്ടവര്‍. നിങ്ങളെപ്പോലുള്ളവരുടെ സന്ദര്‍ശനമാണ് ഞങ്ങള്‍ എന്നും കൊതിയോടെ കാത്തിരിക്കുന്നത്. ഗുരു ഒന്നും പരസ്യമായി ആവശ്യപ്പെടില്ലെങ്കിലും ആ മനസ് ഞങ്ങള്‍ക്കറിയാം. അദ്ദേഹത്തിനു എന്നും ആരോടും കാരുണ്യം ചെയ്യണം. ആ കാരുണ്യത്തിനു കാരണക്കാരാവുന്നതാവട്ടെ, നിങ്ങളുടെ പണവും. അല്ലെങ്കിലും പണം കൊണ്ടെന്തു പ്രയോജനം? അതു നിങ്ങളുടെ അടുത്തായാലും ഞങ്ങളുടെ അടുത്തായാലും ഒരു പോലെയല്ലേ? ഞങ്ങളുടെ അടുത്താവുമ്പോള്‍ അത് കുറച്ചുകൂടി പ്രയോജനകരമായ കൈകളിലെത്തിയെന്നു മാത്രം കരുതിയാല്‍ മതി..’
സന്യാസിയുടെ സാമ്പത്തികകാര്യങ്ങള്‍ നോക്കിനടത്തുന്ന മാനേജര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. വര്‍ഷങ്ങളോളമായി ഗുരുവിന്റെ കൂടെയായിരുന്നതിനാല്‍ അയാളുടെ സ്വരത്തിനും ഗുരുവിന്റേതു പോലെ ശാന്തതയുണ്ടായിരുന്നു. ചില അവസരങ്ങളില്‍, ഉദാഹരണത്തിന് പണത്തിന്റെ അര്‍ഥമില്ലായ്മയെക്കുറിച്ച് പറയുമ്പോഴെല്ലാം അയാള്‍ ശരിക്കും സന്യാസിയുടെ പ്രതിപുരുഷനാണെന്ന് തന്നെ തോന്നിച്ചു.
മറ്റൊരു ഗുരു.
മറ്റൊരു തീര്‍ത്ഥങ്കരന്‍.
മറ്റൊരു ശ്രീബുദ്ധന്‍.

അനശ്വരതയിലേക്കുള്ള കാല്‍വെപ്പുകളായിരുന്നു അടുത്ത 14 ദിവസങ്ങള്‍. വെറുങ്ങലിച്ചു നിന്ന പ്രാണന്റെ തരികള്‍, ജീവനോടു എങ്ങനെയൊക്കെ ചേര്‍ത്തുവയ്ക്കണമെന്നു ഓരോ കോശത്തോടും കല്‍പ്പിക്കപ്പെട്ട ദിനരാത്രങ്ങള്‍. അടച്ചിട്ട, നിശബ്ദമായ മുറിയില്‍ വെളിച്ചമില്ലാതെ കഴിച്ചുകൂട്ടുകയായിരുന്നു ആദ്യത്തെ ആറു ദിവസത്തെ ചിട്ട. ഒരു തരം കോണ്‍സണ്‍ട്രേഷന്‍ ക്യാംപിലെത്തിയ അവസ്ഥയായിരുന്നു, ഹംസിന് അപ്പോള്‍. ഏഴാം ദിവസം പുറത്തിറങ്ങിയപ്പോള്‍ തന്റെ അനുമാനങ്ങള്‍ ശരിയാണെന്നു ബോധ്യമാവുകയും ചെയ്തു. ഏകദേശം ഒരു നൂറ്റാണ്ട് മുമ്പ് ഇതേ സന്യാസി തന്നെയായിരുന്നു റഷ്യയിലെ സാര്‍ ചക്രവര്‍ത്തി കുടുംബത്തിന് കോണ്‍സണ്‍ട്രേഷന്‍ ക്യാംപിനെക്കുറിച്ച് ഉപദേശിച്ചത്. ഉപദേശം ശിരസാവഹിച്ച ചക്രവര്‍ത്തി തന്റെ ജയിലറകളിലെ ശിക്ഷാവിധികള്‍ സന്തോഷപൂര്‍വം പരിഷ്‌ക്കരിക്കുകയും ആശയത്തിനുള്ള പ്രതിഫലമായി നാല് റഷ്യന്‍ സുന്ദരിമാരേയും ഒരു കുതിരയ്ക്ക് ചുമക്കാന്‍ കഴിയുന്നത്രയും ചക്രവര്‍ത്തിയുടെ മുഖം കൊത്തിയ സ്വര്‍ണനാണയങ്ങളും നല്‍കി. തുടര്‍ന്ന് എല്ലാ വര്‍ഷവും ചക്രവര്‍ത്തിയുടെ ജന്‍മദിനാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ഗ്ലാഡിയേറ്റര്‍ ഷോകളില്‍ സ്ഥിരം ക്ഷണിതാവായിരുന്നു സന്യാസി. ചോര ചിന്തുന്നതു കാണാന്‍ അദ്ദേഹത്തിനു മറ്റാരേക്കാളും ആവേശമാണെന്ന് അന്നൊരു ദേശീയ ദിനപത്രം എഴുതുകയും ചെയ്തിരുന്നു. (അതെഴുതിയ ലേഖകന്‍ മൂന്നാം നാള്‍ അഞ്ജാതരുടെ വെടിയേറ്റു മരിച്ചത് അന്ന് മാതൃപത്രമടക്കം ആരും പ്രസിദ്ധീകരിക്കാതിരുന്ന സംഭവങ്ങളിലൊന്നായിരുന്നു.)
പിന്നീടുള്ള എട്ടു ദിവസം വ്രതമായിരുന്നു. ജലപാനം പോലുമില്ലാത്ത കഠിനവ്രതം. ആദ്യമായി ആയിരുന്നു അത്രയും നാള്‍ ഹംസ് പട്ടിണി കിടക്കുന്നത്. ഇതിനു മുമ്പ് രണ്ട് ദിവസമായിരുന്നു ഹംസിന്റെ ഏറ്റവും ദീര്‍ഘിച്ച വ്രതാനുഭവം. അന്നു പട്ടിണി കിടക്കേണ്ടി വന്ന കാരണങ്ങളെ ക്രൂരമായി തന്നെ ഹംസ് വെറുത്തിരുന്നു. ആ കാരണങ്ങള്‍ക്ക് ജീവനുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും തൊട്ടടുത്ത നിമിഷം തന്നെ അതിനെ വധിച്ച് ലോകചരിത്രത്തില്‍ ആദ്യമായി കാരണങ്ങളെ ഇല്ലാതാക്കിയ ആള്‍ എന്ന നിലയ്ക്ക് ചരിത്രപുസ്തകത്തില്‍ നടന്നുകയറിയേനെ.

ഹംസിന്റെ അമ്മ മരിച്ച ദിവസമായിരുന്നു അന്ന്. ഉറക്കത്തിലായിരുന്നു മരണം. അതിനാല്‍ രാവിലെ മുതല്‍ വീട്ടില്‍ അലമുറയും കരച്ചിലുമല്ലാതെ ഒന്നും പാചകം ചെയ്തിരുന്നില്ല. ഓടിക്കൂടിയവര്‍ക്കും തമ്പടിച്ചവര്‍ക്കും മുന്നില്‍ മുതലക്കണ്ണീര്‍ വാര്‍ത്തെങ്കിലും പിന്നീടതു വിശന്നു വലഞ്ഞുള്ള യഥാര്‍ത്ഥ കണ്ണീരായി. മരണവീടായിരുന്നതിനാല്‍ ആരും പാചകം ചെയ്യാന്‍ മുതിര്‍ന്നതുമില്ല. വന്നവരെല്ലാം മരണത്തിന്റെ അനശ്വരതയ്ക്കും സ്ഥായീഭാവത്തിനും മുന്നില്‍ ദുഃഖാര്‍ത്തരായി പരിസരം മറന്ന് നിന്നു. അവരാരും ഹംസിന്റെ മുതലക്കണ്ണീരില്‍ സംശയിച്ചുമില്ല.
അന്ന് രാത്രിയായിട്ടും വിശപ്പു ശമിപ്പിക്കാന്‍ കഴിയാതിരുന്ന ഹംസ് ഉച്ചത്തില്‍ കരയുകയും മരിച്ചുകിടന്ന അമ്മയെ മനസറിഞ്ഞു ശപിക്കുകയും ചെയ്തു. കരച്ചില്‍ കണ്ടുനിന്നവരെല്ലാം അമ്മയോടുള്ള ഹംസിന്റെ അദമ്യസ്‌നേഹത്തെ പ്രകീര്‍ത്തിക്കുകയും ഇങ്ങനെയൊരു മകന്‍ തങ്ങള്‍ക്കില്ലാതെ പോയതില്‍ ദുഃഖിക്കുകയും ചെയ്തു. അപ്പോഴും ഹംസ് കരഞ്ഞുകൊണ്ട് തന്നെ നിന്നു.
കരഞ്ഞ് കരഞ്ഞ്..

അന്ന് വിശപ്പ് എന്തെന്ന് ഹംസ് ആദ്യമായി അറിയുകയായിരുന്നു.
വിശപ്പ് മനുഷ്യനെ കരയിക്കും.
ഉപവാസവും നിരാഹാരവുമെല്ലാം വെറുക്കപ്പെടേണ്ടതാണ്. അവ അര്‍ഥശൂന്യമാണ്. വെറുതെ എന്തിന് സ്വശരീരത്തെ വേദനിപ്പിക്കണം?
അതിനാല്‍ ആരും ഉപവസിക്കരുത്.
ആരും പട്ടിണി കിടന്ന് സ്വശരീരത്തെ വേദനിപ്പിക്കരുത്.
ശരീരസൗന്ദര്യത്തിനും അവയവവടിവിനും വേണ്ടി രാവിലെ എഴുന്നേറ്റ് ശരീരത്തെ വ്യായാമം ചെയ്യിക്കുന്നവരും വിയര്‍പ്പിക്കുന്നവരുമെല്ലാം വിഡ്ഢികളാണ്.
നിശ്ചയമില്ലാത്ത ഭാവിയ്ക്കു വേണ്ടി ഇന്നുതന്നെ എന്തിന് വെറുതേ ശരീരത്തെ വേദനിപ്പിക്കണം?