Friday, April 27, 2012

തലശേരി കേയി കുടുംബത്തിനൊപ്പം ഒരു റംസാന്‍ ദിനം


തലശേരി കേയി കുടുംബത്തിനൊപ്പം ഒരു റംസാന്‍ ദിനം

‘ബേബിമഹലി’ലെ ഒരുക്കപ്പാടുകള്‍
 നോമ്പ് തുടങ്ങുന്നതിനു തൊട്ടു മുമ്പു വരെ ‘ബേബി മഹല്‍’ ഒരുക്കത്തിലായിരുന്നു. വീടിന് വെള്ള പൂശി. പുതിയ നിറം നല്‍കി. വീട്ടിലെ തഴപ്പായകള്‍ കഴുകി ഉണങ്ങാനിട്ടു. ഉമ്മറത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള, ബെല്‍ജിയം ഗ്ലാസില്‍ തീര്‍ത്ത ഷാന്‍ഡ്‌ലിയര്‍ വിളക്ക് പൊടി തട്ടി വൃത്തിയാക്കി. വീട്ടിലെ പാത്രങ്ങള്‍ക്ക് ചെമ്പും ഈയവും പൂശി പുതിയ തിളക്കം നല്‍കി. വരാന്തയിലും മുറ്റത്തുമുള്ള നഴ്‌സറി ചെടികള്‍ സ്‌കെയില്‍ വെച്ച് വെട്ടി വടിവൊപ്പിച്ചു. തൊടിയില്‍ ഒരു പാഴിലയ്ക്ക് പോലും സ്ഥാനം നല്‍കാതെ അടിച്ചുവാരി വൃത്തിയാക്കി. ആകെക്കൂടി ഒരു പുതിയ മുഖം. ‘നോമ്പല്ലേ, കഴിഞ്ഞ ഒന്ന് രണ്ടാഴ്ചയായി തെരക്കോടു തെരക്ക് തന്ന്യേനും. കുടുംബത്തിലെല്ലാം നോമ്പിന് മുമ്പായി നടത്തേനായിറ്റ് ഒരുപാട് കല്യാണംണ്ടായിര്ന്നപ്പാ.. ഇന്ന് കണ്ണൂരാന്നെങ്കില് നാളെ തളിപ്പറമ്പിലാ നിശ്ചയം. അതും കഴിഞ്ഞ് കോഴിക്കോട്.. ഇപ്പം നോമ്പ് തൊടങ്ങിയേരാ, ഒന്ന് റാഹത്തായത്..’
 തലശേരിയിലെ പേരുകേട്ടതും പുരാതനവുമായ കേയി കുടുംബത്തിലെ അഞ്ചാമത്തെ കണ്ണിയായ സി. പി ആലിപ്പി കേയിയുടെ വാക്കുകളിലും ശരീരഭാഷയിലുമുണ്ട് ഈ ‘റാഹത്ത്’. ആദ്യനോമ്പിന്റെ ചൈതന്യം മുഖത്ത് എടുത്തുപിടിച്ചിരിക്കുന്നു. കുടുംബത്തിലെ മുതിര്‍ന്നവരും കുട്ടികളുമെല്ലാം വീട്ടില്‍ ഒത്തുകൂടിയിട്ടുണ്ട്. ഒരുക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് ഭാര്യ റസിയയും മക്കള്‍ പര്‍വീണ്‍, ഫൈറൂസ്, ഫര്‍സീന്‍, നൗഷീന്‍, ബാര്‍ജ സുല്‍ത്താനമാരൊക്കെയുണ്ട് കൂടെ.
 ‘റജബ് മാസം 27 ന്, മിഅ്‌റാജ് നോമ്പെടുക്കുമ്പോള്‍ തൊടങ്ങും റമളാനിലേക്ക്ള്ള തയ്യാറെട്പ്പ്. ശഅ്ബാന്‍ തൊടങ്ങിയാപ്പിന്നെ ഒരുക്കങ്ങള്‍ക്ക് സ്പീഡും കൂട്ടും. ശഅ്ബാന്‍ 15 ന് ബറാഅത്ത് നോമ്പോടെ വീടും പരിസരവുമല്ലാം മൊഞ്ചത്തിയായിക്ക്ണ്ടാവും.’ ഇതിനിടെ മഗ്‌രിബ് ബാങ്ക് കൊടുത്തതോടെ ഈത്തപ്പഴവും നാരങ്ങ വെള്ളവും രുചിച്ച് വീട്ടുകാര്‍ നോമ്പു തുറന്നു. മനസും.
  തലശേരി =കേയി
 തലശേരി എന്നാല്‍ കേയിമാരുടെ നാട് എന്നറിയപ്പെട്ട കാലമുണ്ടായിരുന്നു, പണ്ട്. പേരുകേട്ട ഓടത്തില്‍ പള്ളിയുടെ താഴികക്കുടം പണിതീര്‍ന്നപ്പോള്‍ കിണറില്‍ ടണ്‍കണക്കിന് പഞ്ചസാരച്ചാക്കുകള്‍ ചെരിഞ്ഞ് നാട്ടുകാരെ സല്‍ക്കരിച്ചവരായിരുന്നു മുന്‍തലമുറയിലെ കാരണവന്‍മാര്‍. ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്ന് ഖാന്‍ ബഹദൂര്‍ പട്ടം നേടിയവര്‍. അന്ന് ‘കേയി’ക്കപ്പലുകള്‍ പേര്‍ഷ്യയിലേക്കും ബോംബെയിലേക്കുമൊക്കെ ചരക്കുമായി യാത്ര തിരിക്കും. നോമ്പാവുമ്പോള്‍ ലക്ഷദ്വീപില്‍ നിന്നും കേരളത്തിലെ മറ്റു ദിക്കുകളില്‍ നിന്നുമല്ലാം സ്ത്രീകളും പുരുഷന്‍മാരുമടങ്ങുന്ന വലിയ സംഘം കേയിത്തറവാടിനു മുന്നില്‍ തമ്പടിക്കും. ‘വീട്ടില്‍ വരുന്ന ആരെയും പണ്ടുമുതലേ വെറും കൈയ്യോടെ മടക്കി അയക്കലില്ല. ആള്‍ക്കാരെ സഹായിക്കുന്നത് തന്നെ ഇബാദത്തിന്റെ ഭാഗാ.. സകാത്തും സദഖയുമെല്ലാം നോമ്പുകാലത്ത് വര്‍ധിപ്പിക്കും. പണ്ട് ഉപ്പാപ്പാന്റെ കാലത്തൊക്കെ നോമ്പിന്റെ അവസാനത്തെ പത്തില് കേയിമാരുടെ മൂരിവണ്ടി വരുന്നതും കാത്തിരിക്കുവേനും നാട്ടുകാര്. ഓലിക്ക്ള്ള ഭക്ഷണോം പെരുന്നാള്‍ക്കോടിയുമെല്ലാം അയ് വണ്ടീല്ണ്ടാവും.. ’ ആലിപ്പി കേയി ഓര്‍മ്മിക്കുന്നു.
 അന്ന് പുരുഷന്‍മാര്‍ക്ക് എം എസ് 58 വെള്ള മുണ്ടും കോട്ടും സ്ത്രീകള്‍ക്ക് നല്ല മിനുസമുള്ള മല്‍മല്‍ കുപ്പായവും കാച്ചിയും പിന്നെ എം എസ് 55 മുണ്ടുമായിരുന്നു പെരുന്നാള്‍ കോടി.
നോമ്പു തുറയും തറാവീഹും 
 നോമ്പുതുറയും തറാവീഹ് നമസ്‌കാരവും. നോമ്പുകാലത്തെ പ്രധാന പ്രത്യേകതകള്‍. നോമ്പുകാലത്ത് മാത്രമായി രാത്രി ഇശാഅ് നമസ്‌കാരത്തിനു ശേഷമുള്ള പ്രത്യേക സുന്നത്ത് നമസ്‌കാരമാണ് തറാവീഹ്. തറവാട്ടിലെ സ്ത്രീകള്‍ അന്നുമിന്നും വീട്ടില്‍ നിന്നു തന്നെയാണ് നമസ്‌കാരമെങ്കിലും പുരുഷന്‍മാര്‍ എന്നും നേരത്തെ പള്ളിയില്‍ ഹാജരുണ്ടാവും. തറാവീഹ് നമസ്‌ക്കാരം കഴിയുമ്പോള്‍ മണി ഏതാണ്ട് പത്ത് പത്തരയാവും. പിന്നെ വീട്ടിലേക്കുള്ള മടക്കത്തില്‍ അന്നുണ്ടായിരുന്ന സൈബൂസ് കൂള്‍ ബാറില്‍ നിന്ന് ഫലൂദ കുടിക്കുന്നത് ഒരു ശീലമായിരുന്നു. നാട്ടില്‍ കൂള്‍ ബാര്‍ എന്ന പ്രയോഗം പോലും ഇല്ലാത്ത കാലമായിരുന്നു അത്. 40 വര്‍ഷം മുമ്പുള്ള ആ ഫലൂദയുടെ നനവും രുചിയും ഇന്നും ആലിപ്പി കേയിയുടെ നാവിലുണ്ട്.
 വരൂ, നോമ്പു തുറക്കാം വീട്ടിലെ കുട്ടികളെല്ലാം മേശയ്ക്കു ചുറ്റുമായി കാരയ്ക്കയും ഈത്തപ്പഴവുമെല്ലാം കൈക്കലാക്കുന്നതിന്റെ തിരക്കിലാണ്. ഇടയ്ക്ക് പെണ്ണുങ്ങളും കൂട്ടത്തില്‍ ചേര്‍ന്നു. പുലര്‍ച്ചെ സുബ്ഹി ബാങ്ക് തൊട്ട് തുടങ്ങുന്ന നോമ്പ് വൈകുന്നേരം മഗ്‌രിബ് ബാങ്ക് വിളിക്കുന്നതോടെ കാരയ്ക്കയോ ഈത്തപ്പഴമോ കഴിച്ച് അല്‍പം വെള്ളവും കുടിച്ച് അവസാനിപ്പിക്കുന്നതാണ് സുന്നത്ത്. നബിതിരുമേനിയുടെ കാലത്തേ ഉള്ള ശീലം. ഇതിനിടെ മേശയ്ക്ക് ഒരരികിലായി ചെറിയ ‘വലിയ’ നോമ്പുതുറയ്ക്കുള്ള വിഭവങ്ങളും കൊണ്ടുവയ്ക്കുന്നുണ്ട്. കോഴിയട, ഉന്നക്കായ്, ഇറച്ചിപ്പത്തിരി, പഴം നിറച്ചത്, പഴം പൊരിച്ചത്, സമോസ, തരിച്ചോറ്, പരിപ്പുവട.. ഓരോ വിഭവത്തിന്റെ പേരു പറയുമ്പോഴും അറബിക്കഥയിലെ അത്ഭുതവിളക്കിനോടു പറഞ്ഞാലെന്ന പോലെ മേശയ്ക്കു ചുറ്റും സ്ഥാനം പിടിച്ചു. ഇടയ്ക്ക് തലശേരി സ്‌പെഷലായ ഒരു വിഭവത്തിന്റെ പേരു കേട്ടപ്പോള്‍ ശരിക്കും കൈകൂപ്പിപ്പോയി.
  കൈവീശല്‍!
 ‘ഇങ്ങളിങ്ങനെ അതിശപ്പെടുകയൊന്നും മാണ്ട. ഇത് പണ്ട് മൊതലേ ഉള്ളതാ. മൈദയും ഗോതമ്പുപൊടിയും പഞ്ചാരയെല്ലാം ചേര്‍ത്തിറ്റ്ള്ള ഒരു സാധനാ ഇത്, പിന്നെ ഇതിങ്ങനെ പ്രത്യേകരൂപത്തില്‍ കൈവീശി വളയാക്കീട്ട് നെയ്യില്‍ പൊരിക്കുന്നോണ്ടാ ഈ പേര് മന്നത്.’ വീട്ടുകാരി റസിയ സംശയമകറ്റാന്‍ കൈവീശിക്കൊണ്ട് വിശദീകരിച്ചു. കൂട്ടത്തില്‍ ഉഴുന്നുവട പോലുള്ള അന്യനാടന്‍ വിഭവങ്ങള്‍ കാണാത്തതിനെപ്പറ്റി ചോദിച്ചപ്പോള്‍ ‘നമ്മളെ ഐറ്റംസ് തന്നെയുണ്ട് മാണ്ട്വോളം. പിന്നെയല്ലേ, അങ്ങ് തമിഴ്‌നാട്ടില്‍ നിന്നുള്ള ഐറ്റം!’ എന്ന മറുപടി.
 മൂന്നു നോമ്പുതുറയാണ് സാധാരണ. ഈ കാണുന്നതെല്ലാം ഒന്നാമത്തെ നോമ്പുതുറയുടെ വിഭവങ്ങളാണ്. ഇതിനെ ചെറിയ നോമ്പുതുറ എന്നും പറയും. ‘‘ഇപ്പം പക്ഷേങ്കില്, രണ്ടാമത്തെയും മൂന്നാമത്തെയും നോമ്പുതുറ ഒന്നിച്ച് കഴിക്കലാണ് സാധാരണ. എന്നാലും ഇവിടെയെല്ലാം പണ്ടേത്തെപ്പോലെ തന്നെയാ..’ കട്‌ലറ്റ്, പുഡിങ്, പോലത്തെ മോഡേണ്‍ വിഭവങ്ങള്‍ പണ്ടുണ്ടായിരുന്നില്ല. പക്ഷേ, ഇന്നത്തെ എണ്ണത്തില്‍ അതുമുണ്ട്. മഗ്‌രിബ് നമസ്‌കാരം കഴിഞ്ഞുവന്ന വീട്ടിലെ ആണുങ്ങളെല്ലാം മേശയ്ക്കു ചുറ്റും കൂടി.
‘കാച്ചി വിളമ്പിയ’ സ്‌പെഷ്യല്‍
 ‘ഇതാ, ഇത് ഇങ്ങളൊന്ന് കുടിച്ചുനോക്ക്. തലശേരി സ്‌പെഷലാ, തരി കാച്ചിയത്.’ റവയും പഞ്ചസാരയും അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയുമൊക്കെ ചേര്‍ത്ത് പായസത്തിന്റെ ടേസ്റ്റുള്ള സ്‌പെഷ്യല്‍ ഐറ്റം ആലിപ്പി കേയി മുന്നിലേക്ക് നീട്ടി. നോമ്പുകാലത്ത് ഇതു രുചിക്കാന്‍ അന്യമതസ്ഥര്‍ പോലും തിക്കും തിരക്കും കൂട്ടാറുണ്ട്. തെളിവ് വേണമെങ്കില്‍ ടൗണിലെ പാരീസ് ഹോട്ടലില്‍ ചെന്നാല്‍ മതി. ഇന്നും നോമ്പുകാലത്ത് ഹോട്ടലിലെ പ്രത്യേക നോമ്പുതുറ പാക്കേജില്‍ തരി കാച്ചിയത് ഉണ്ട്. നോമ്പുതുറയുടെ സമയത്ത് ഹോട്ടല്‍ എല്ലാ ജാതി മതസ്ഥരെയും കൊണ്ട് നിറയും.
  ബിരിയാണി ഞങ്ങളുടേതു തന്നെ! 
 നെഞ്ചില്‍ കൈവെച്ച് അഭിമാനത്തോടെ ആലിപ്പി കേയി പറയുന്നു, തലശേരിയില്‍ ആദ്യമായി ബിരിയാണി കൊണ്ടുവന്നത് ഞങ്ങളാണെന്ന്. ഏതാണ്ട് രണ്ടു നൂറ്റാണ്ടുകള്‍ക്ക് മുമ്പായിരുന്നു ആ അത്ഭുതം. അതും ഇന്ന് തലശേരി ബിരിയാണി എന്ന ബോര്‍ഡില്‍ ഹോട്ടലുകളില്‍ ലഭിക്കുന്ന ചിക്കന്‍ñബിരിയാണിയല്ല. നല്ല ഉശിരന്‍ മട്ടണ്‍ ബിരിയാണി തന്നെ. രണ്ടാം നോമ്പുതുറയുടെ പ്രധാന ഐറ്റങ്ങളില്‍ ഒന്നാണ് ഇത്. രണ്ടാം നോമ്പുതുറയില്‍ ഇതിനൊപ്പം അരിപ്പത്തിരി, ഒറോട്ടി, ചപ്പാത്തി, കക്കറോട്ടി, ഗോതമ്പ് ഒറോട്ടി, മുട്ട സിര്‍ക്ക തുടങ്ങി വിഭവങ്ങള്‍ ധാരാളമുണ്ട് മേശപ്പുറത്ത്. പേരിലെ വൈവിധ്യം രുചിയിലുമുണ്ടെന്ന് നൂറ്റൊന്ന് ശതമാനവും ഗ്യാരന്റി.
 ‘ഇനി ഇതൊക്കെ കഴിയുമ്പോ ഇശാഅ് ബാങ്ക് കൊടുക്കും. പിന്നെ ആണുങ്ങളൊക്കെ പള്ളിയില്‍ പോയി തറാവീഹ് നിസ്‌ക്കാരം കഴിഞ്ഞാണ് അടുത്ത നോമ്പുതുറ. കൊറേ തരം കഞ്ഞികളാണ് മൂന്നാം നോമ്പുതുറയ്ക്ക്. ’ രണ്ടാം നോമ്പുതുറയ്ക്കിടയില്‍ വീട്ടുകാരി അടുപ്പത്ത് വെന്തുകൊണ്ടിരിക്കുന്ന പൊടിയരക്കഞ്ഞിയുടെ കാര്യം ഓര്‍മ്മിപ്പിച്ചു. ഇതുകൂടാതെ ജീരക കഞ്ഞി, ഗോതമ്പ് കഞ്ഞി തുടങ്ങിയവയും വയ്ക്കാറുണ്ട്. അത്താഴം എന്നും ഈ നോമ്പുതുറയെ വിളിക്കും. എല്ലാം കഴിഞ്ഞ് ഉറങ്ങാന്‍ കിടക്കുമ്പോള്‍ അര്‍ധരാത്രിയാവും. പിന്നെ വീണ്ടും പുലര്‍ച്ചെ നോമ്പെടുക്കാനായി എഴുന്നേല്‍ക്കണം. ഏതായാലും അലാറാമും മറ്റുമൊക്കെയുള്ള ഇക്കാലത്ത് ഉറങ്ങിപ്പോവുമെന്ന പേടി വേണ്ട. പക്ഷേ പണ്ടു കാലത്ത് അങ്ങനെയായിരുന്നില്ല. ചില ദിവസങ്ങളിലൊക്കെ ക്ഷീണം കൊണ്ട് ഉറങ്ങിപ്പോവുകയും സുബ്ഹി ‘ഖളാഅ്’ ആയിപ്പോവുകയും ചെയ്തിട്ടുണ്ട്.
  അത്താഴം ബാവമാര്‍ 
 പണ്ട് അത്താഴം ബാവമാരുടെ കൂടി കാലമായിരുന്നു. നോമ്പുകാലത്ത് മാത്രമായി കണ്ണൂര്‍ തലശേരി മേഖലയില്‍ പ്രത്യക്ഷപ്പെടുന്ന പഠാണികള്‍. നോമ്പുകാലത്ത് മഹല്ലിലെ ഏതാണ്ട് എല്ലാ മുസ്ലിം വീടുകളിലുമെത്തി ഇവര്‍ സുബ്ഹി ബാങ്കിനു മുമ്പ് ദഫ് മുട്ടി ‘ആഗയാ ആഗയാ റംസാന്‍..’ എന്നു തുടങ്ങുന്ന പാട്ടുപാടി വീട്ടുകാരെ ഉണര്‍ത്തും. പെരുന്നാളാവുന്നതോടെ ഇവര്‍ക്കു മഹല്ലിലെ വീട്ടുകാരെല്ലാം കൂടി നല്ല ഒരു തുക കൈനീട്ടമായി നല്‍കുകയും ചെയ്യും. ഇപ്പോഴും അപൂര്‍വമായി ഇവര്‍ നോമ്പുകാലത്ത് ദഫ്മുട്ടുമായി വരാറുണ്ട്.
  ‘പുയ്യ്യാപ്ലമാരെ തക്കരിക്കാന്‍’ പറ്റിയ സമയം
 കല്യാണം കഴിഞ്ഞ ആണ്‍വീട്ടുകാരേയും പെണ്‍വീട്ടുകാരേയും സല്‍ക്കരിക്കാന്‍ പറ്റിയ സമയം കൂടിയാണ് നോമ്പുകാലം. പ്രത്യേകിച്ച് വീട്ടിലെ പുയ്യ്യാപ്ലമാരെ. നോമ്പുതുറയ്ക്ക് എല്ലാ വീട്ടുകാരും ചേര്‍ന്നാല്‍ ഒരു പട തന്നെ ഉണ്ടാവും. ആദ്യമൊക്കെ സ്ത്രീകള്‍ക്ക് ഇന്നുള്ളതു പോലുള്ള സ്വാതന്ത്ര്യമൊന്നും ഇല്ലായിരുന്നു. വിദ്യാഭ്യാസത്തിനൊന്നും വല്യ പ്രാധാന്യമുണ്ടായിരുന്നില്ല. തലശേരിയില്‍ ആദ്യമായി കാര്‍ വാങ്ങിയവരില്‍ പെട്ടവരായിരുന്നെങ്കിലും ഡ്രൈവര്‍ സീറ്റിനു പിന്നില്‍ അന്യപുരുഷന്റെ നോട്ടമേല്‍ക്കാതിരിക്കാന്‍ കര്‍ട്ടന്‍ തൂക്കിയിടുമായിരുന്നു.
 കഞ്ഞിപ്പശ മുക്കി ഇസ്തിരിയിട്ട്, മടക്കി, വടി പോലെയാക്കിയ തളങ്കര തൊപ്പിയുമിട്ട് ആലിപ്പി കേയിയും വീട്ടിലെ ആണുങ്ങളുമെല്ലാം തറാവീഹ് നമസ്‌ക്കാരത്തിനായി പള്ളിയില്‍ പോവാനുള്ള ഒരുക്കത്തിലാണ്. ആദ്യനോമ്പുതുറ പതിവു പോലെ ഭംഗിയായി കഴിഞ്ഞതിന്റെ സന്തോഷം എല്ലാവരുടേയും മുഖത്തുണ്ട്. ഈ ഭക്തിയുടെ ദിവസങ്ങളില്‍ പരമാവധി പുണ്യകര്‍മങ്ങള്‍ ചെയ്യണം. അല്ലാഹുവിനോട് കൂടുതല്‍ അടുക്കണം. പിന്നെ എല്ലാം പടച്ചോന്‍ വിധിച്ചതു പോലെ.

No comments:

Post a Comment