


ഫ്‌ളാറ്റു വാങ്ങാന്‍ പറ്റിയ സമയം
താമസിക്കാനൊരിടം എന്ന നിലയില്‍ വീടിനെ ചുറ്റിപ്പറ്റി വിരിഞ്ഞിരുന്ന മലയാളി സ്വപ്നങ്ങളൊക്കെയും ഇന്ന് കുറേയെങ്കിലും മാറിയിരിക്കുന്നു. സ്ഥലമില്ലായ്മ എന്ന പരിതസ്ഥിതിയും ഉള്ള സ്ഥലത്തിന്റെ താങ്ങാവുന്നതിലപ്പുറമുള്ള വിലയും മാറിച്ചിന്തിക്കാതെ തരമില്ല എന്നാക്കി. കൂടെ അനുദിനം പൊന്നിന്റെ വിലയെന്ന പോലെ കുതിച്ചുയരുന്ന നിര്‍മാണസാമഗ്രികളുടെ വിലയുമായപ്പോള്‍, വീടിനു പകരം താമസിക്കാനൊരിടം എന്നായിരിക്കുന്നു മലയാളിയുടെ ചിന്ത. ഇതിനിടെ, ഫ്‌ളാറ്റുകളും വില്ലകളും അവര്‍ വിചാരിച്ചതിനേക്കാളുമേറെ സൗകര്യങ്ങളും സുഖവും പ്രദാനം ചെയ്യുന്നുവെന്നു കണ്ടപ്പോള്‍ വീടിനേക്കാള്‍ മനസില്‍ ഫ്‌ളാറ്റ് വസന്തം വിരിയുകയായിരുന്നു.
കുറഞ്ഞ സ്ഥലം, കൂടുതല്‍ ജനവാസം
സ്ഥലപരിമിതി ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഭൂമിശാസ്ത്രം പരിശോധിച്ചാല്‍ ഒരു വലിയ ഭാഗം കടലും പാടങ്ങളും കണ്ടല്‍ക്കാടുകളുമാണ് വരുന്നതെന്നു കാണാം. ഏകദേശം 33 ശതമാനം ഭൂമി മാത്രമാണ് വികസന ഏരിയ. ജനസാന്ദ്രതയാവട്ടെ, അതിലുമേറെയും. ഇവിടെയാണ് ഫ്‌ളാറ്റുകളുടെ ഗുണം ഫലം ചെയ്യുന്നത്. മുമ്പ് ടൗണില്‍ ഒരാള്‍ക്ക് 10 സെന്റ് സ്ഥലം വാങ്ങാന്‍ വേണ്ടിയിരുന്ന വില ഒരാള്‍ക്ക് തനിച്ച് വാങ്ങാന്‍ കഴിയാത്തവിധം ഉയര്‍ന്ന് മൂന്നിരട്ടിയായി മാറിയിരിക്കുന്നു.
വെര്‍ട്ടിക്കല്‍ ബില്‍ഡിങ് കണ്‍സെപ്ട് എന്ന നിലയിലാണ് ഫ്‌ളാറ്റുകള്‍ വരുന്നത് എന്നതിനാല്‍ കുറഞ്ഞ സ്ഥലത്ത് തന്നെ 200 ഓളം അപാര്‍ട്‌മെന്റുകളുള്ള ഫ്‌ളാറ്റുകള്‍ വരെ വരുന്നു. ഒന്നോ രണ്ടോ കുടുംബം താമസിക്കുന്നിടത്ത് 200 കുടുംബങ്ങള്‍ക്ക് സുഖസുന്ദരമായി കഴിയാം എന്നര്‍ഥം. ടൗണില്‍ വീടെടുക്കുന്നതിനേക്കാള്‍ എത്രയോ ഗുണകരവും ലാഭകരവുമാണ് ഫ്‌ളാറ്റ് താമസം എന്ന് രത്‌നച്ചുരുക്കം. വീടുപണിയുടെ ടെന്‍ഷനുമില്ല. എല്ലാ നാളും പേപ്പര്‍ നോക്കി സിമന്റിന്റേയും കമ്പിയുടേയും വില കുറയുന്നുണ്ടോ എന്നു നോക്കുകയും വേണ്ട.
ഇടത്തരക്കാര്‍ക്ക് സ്വാഗതം
ഗ്രൗണ്ട് ഫ്‌ളോറിനൊപ്പം രണ്ടു നിലകള്‍ കൂടി എന്ന നിലയിലായിരുന്നു ആദ്യകാലത്ത് ഫ്‌ളാറ്റുകള്‍ വന്നിരുന്നതെങ്കില്‍ ഇന്നത് കൂറ്റന്‍ ബഹുനില കെട്ടിടങ്ങള്‍ എന്ന നിലയിലേക്ക് വളര്‍ന്നിരിക്കുന്നു. വലിയ ബില്‍ഡേര്‍സ് എല്ലാം തന്നെ ഫ്‌ളാറ്റുകള്‍ക്കൊപ്പം അവരുടേതായ വില്ലകളും ടൗണ്‍ഷിപ്പുകളും നിര്‍മിച്ചു വരുന്നുണ്ട്. സാമ്പത്തിക മാന്ദ്യം അധികമൊന്നും ബാധിക്കാത്തതിനാല്‍ നിലവില്‍ നിര്‍മാണസാമഗ്രികളുടേതടക്കം വിവിധ അന്താരാഷ്ട്ര കമ്പനികള്‍ വരെ കേരളത്തിലേക്ക് രംഗപ്രവേശം ചെയ്തിട്ടുണ്ട്. മുമ്പ് ഫ്‌ളാറ്റുകളുടെ പ്രധാന ഉപഭോക്താക്കള്‍ ഐടി പ്രൊഫഷനലുകളും വിദേശമലയാളികളും വന്‍കിട ബിസിനസുകാരുമായിരുന്നെങ്കില്‍ ഇടത്തരക്കാരനെ ഉദ്ദേശിച്ചുള്ള ഫ്‌ളാറ്റുകളും ഇപ്പോള്‍ വ്യാപകമായി കഴിഞ്ഞു. വിലയുടെ കാര്യത്തില്‍ എട്ട് ലക്ഷം രൂപ മുതല്‍ രണ്ട് കിടപ്പുമുറികളും മൂന്ന് കിടപ്പുമുറികളുമുള്ള ഫ്‌ളാറ്റുകള്‍ ഏതാണ്ട് എല്ലാ പ്രധാന ബില്‍ഡേര്‍സും അവരുടെ പുതിയ പ്രോജക്ടുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നഗരതാമസം ഇഷ്ടപ്പെടുന്നവര്‍ക്ക് വീടുപണി, വീടന്വേഷണം തുടങ്ങിയ മിനക്കേടുകളൊക്കെ ഒഴിവാക്കുകയും ചെയ്യാം.
സൗകര്യങ്ങള്‍ കണ്ണഞ്ചിപ്പിക്കും
സൗകര്യങ്ങളുടെ കാര്യത്തിലും ഉന്നതനിലവാരമാണ് ഫ്‌ളാറ്റുകള്‍ ലക്ഷ്യമിടുന്നത്. നഗരത്തില്‍ തന്നെ നഗരക്കാഴ്ചകള്‍ കണ്ട് ഇഷ്ടലൊക്കേഷനില്‍ ഫ്‌ളാറ്റുകള്‍ തിരഞ്ഞെടുക്കാം. ലൊക്കേഷനുകള്‍ക്ക് ഫ്‌ളാറ്റു തിരഞ്ഞെടുപ്പില്‍ വലിയ പങ്കുണ്ട്. നിങ്ങളുടെ ഇഷ്ടലൊക്കേഷനായ പുഴക്കരയോ വയലോ കടല്‍തീരമോ കാണും വിധമുള്ള സ്ഥലത്തെ എല്ലാ സൗകര്യങ്ങളോടു കൂടിയ ഫ്‌ളാറ്റുകള്‍ തിരഞ്ഞെടുക്കാം. താമസിക്കാനൊരിടം എന്ന നിലയില്‍ നിന്നു മാറി വീടുകള്‍ക്ക് അപ്രാപ്യമായ സ്വിമ്മിങ് പൂള്‍, ജിംനേഷ്യം, കോണ്‍ഫറന്‍സ് ഹാളുകള്‍, കുട്ടികള്‍ക്കുള്ള പ്ലേ ഏരിയ, ഹെല്‍ത് ക്ലബ്, ഹെലിപാഡ്, ഇലക്ട്രിക് പവര്‍സ്‌റ്റേഷന്‍, ഗ്യാസ് പ്ലാന്റുകള്‍ എന്നിങ്ങനെ ആഡംബരജീവിതത്തിനു വേണ്ട എല്ലാ സൗകര്യങ്ങളുമുള്ള ഫ്‌ളാറ്റുകള്‍ ഇന്നുണ്ട്. ചിലപ്പോള്‍ ഒന്നാമത്തെ നിലയിലും 15ാമത്തെ നിലയിലും ഒരു പോലെ ഗ്യാസ് കണക്ഷന്‍ നല്‍കാന്‍ പറ്റിയെന്നു വരില്ല. ഇതിനു പകരം സെന്‍ട്രല്‍ ഗ്യാസ് സിസ്റ്റം നല്‍കുന്ന വിധത്തിലും ഫ്‌ളാറ്റുകള്‍ വളര്‍ന്നിരിക്കുന്നു. വാസ്തു, കാറ്റിന്റെ സാന്നിധ്യം എല്ലാം നോക്കിയതിനു ശേഷം തന്നെയാണ് ഫ്‌ളാറ്റ് നിര്‍മാണവും. ഓരോ പ്രോജക്ടിലും ലൈറ്റിങ്, വെന്റിലേഷന്‍, കാറ്റിന്റെ ഗതി ഇവയിലെല്ലാം എന്തെങ്കിലും പുതുമ കാണുന്നവരുമുണ്ട്. യാതൊരാവശ്യത്തിനു വേണ്ടിയും ഗേറ്റിനു പുറത്തേക്ക് പോവേണ്ടെന്ന രീതിയില്‍ എല്ലാം കൈയ്യെത്തും ദൂരത്തില്‍ സജ്ജീകരിച്ചിരിക്കുന്നു.
സുരക്ഷിതം ഈ ഗേറ്റഡ് കമ്യൂണിറ്റി
സുരക്ഷിതത്വമാണ് മറ്റൊരു ഹൈലൈറ്റ്. പ്രത്യേക സെക്യൂരിറ്റി തുടങ്ങി ആധുനിക
രഹസ്യ ക്യാമറയടക്കമുള്ള സുരക്ഷാസംവിധാനങ്ങള്‍ ഫ്‌ളാറ്റുകളെ അലങ്കരിക്കുന്നു.
അപാര്‍ട്‌മെന്റുകളിലെ ജാതിമതഭേദമന്യേയുള്ള താമസമാണ് മറ്റൊരു പ്രധാന പ്രത്യേകത. ഗേറ്റഡ് കമ്യൂണിറ്റി എന്ന ആശയം ഇവിടെ ഭംഗിയായി പാലിക്കപ്പെടുന്നു. റസിഡന്‍സ് അസോസിയേഷന്‍ പോലുള്ള കൂട്ടായ്മകള്‍ ഫ്‌ളാറ്റിനുള്ളിലെ ഗേറ്റഡ് കമ്യൂണിറ്റി എന്ന ആശയത്തെ സാധൂകരിക്കുന്നു. ഓണവും ഈദും ക്രിസ്തുമസുമൊക്കെ ഒരേ പോലെ ആഘോഷിക്കാന്‍ ഇവ മുന്‍കൈയ്യെടുക്കുന്നു. ഒരു ഗേറ്റഡ് കമ്യൂണിറ്റിയില്‍ തന്നെ അഞ്ചോ പത്തോ ഏക്കര്‍ സ്ഥലത്ത് അപാര്‍ട്‌മെന്റുകളും വില്ലകളുമടക്കം ഒരു ചെറുസമൂഹത്തെ സൃഷ്ടിക്കാന്‍ കഴിയും. സുരക്ഷിതത്വത്തിനൊപ്പം ഭൂമിയും വീടും വേണമെന്നുള്ളവര്‍ക്ക് ലക്ഷ്വറി വില്ലകള്‍ തിരഞ്ഞെടുക്കാം.
ഫ്‌ളാറ്റ് മോഡിഫിക്കേഷന്‍
ഒരു ഫ്‌ളാറ്റിലെ എല്ലാ അപാര്‍ട്‌മെന്റുകളും ഏതാണ്ട് ഒരു പോലിരിക്കും. അപ്പോള്‍ അത് വാങ്ങുന്ന ഉപഭോക്താവിന്റെ താല്‍പര്യങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും എന്തു കാര്യം എന്നു ചിന്തിക്കുന്നവരുമുണ്ടാകും. എന്നാല്‍ ഫ്‌ളാറ്റ് തങ്ങളുടെ തൃപ്തിയ്ക്കനുയോജ്യമായി മോഡിഫിക്കേഷന്‍ ചെയ്തു ഉപയോഗിക്കുന്നവരുമുണ്ട് ഏറെ. ഉദാഹരണത്തിന് മൂന്നു കിടപ്പുമുറികള്‍ ആവശ്യമില്ലെങ്കില്‍ പാര്‍ട്ടീഷന്‍ ഓഴിവാക്കിയോ മറ്റോ രണ്ടു മുറിയാക്കി ഉപയോഗിക്കാം. ഫ്‌ളോറിങ്ങും പെയിന്റിങ്ങുമടക്കമുള്ളവെയെല്ലാം ഇന്റീരിയറിലെ പുതുപ്രവണതകള്‍ക്കനുസൃതമായി മോഡിഫിക്കേഷന്‍ ചെയ്യാം.
പുതുമകള്‍
ഡ്യൂപ്ലെ, പെന്റ്ഹൗസ്, സ്റ്റുഡിയോ അപാര്‍ട്‌മെന്റ് തുടങ്ങി പുതുജീവിതരീതിയുമായി ഏറ്റവും ബന്ധപ്പെടുന്ന വിധം പുതുമകള്‍ ഇഷ്ടം പോലെ അപാര്‍ട്‌മെന്റ്് നിര്‍മാണത്തില്‍ പുതുപ്രവണതകള്‍ ധാരാളമായി ഇന്നുണ്ട്. ഭാര്യയും ഭര്‍ത്താവും മാത്രമുളള അണുകുടുംബങ്ങള്‍ക്ക് വേണമെങ്കില്‍ സ്റ്റുഡിയോ അപാര്‍ട്‌മെന്റ് പോലുള്ള സിംഗിള്‍ ബെഡ്‌റൂം ഫ്‌ളാറ്റുകള്‍ തിരഞ്ഞെടുക്കാം. കൂടുതല്‍ അംഗങ്ങളുള്ള കുടുംബത്തിന് വേണമെങ്കില്‍ ഡ്യൂപ്ലെ പോലുള്ള രണ്ട് അപാര്‍ട്‌മെന്റുകള്‍ ഒന്നിപ്പിച്ചവയില്‍ താമസിക്കാം. വെറും ഒരു ബഹുനില കെട്ടിടം എന്നതില്‍ നിന്നു മാറി ഇന്ന് സൗന്ദര്യത്തില്‍ കൂടി ഫ്‌ളാറ്റുകള്‍ ഏറെ ശ്രദ്ധിക്കുന്നതായി കാണാം.
ഫ്‌ളാറ്റുകളുടെയും വില്ലകളുടെയും പുതിയ പരിഷ്‌കൃതരൂപമായ ടൗണ്‍ഷിപ്പുകളില്‍ ജോഗിങ് ട്രാക്ക്, കഫ്‌തെരിയ, ലോണ്ട്രി, സലൂണ്‍, ബാങ്കിങ് സൗകര്യങ്ങള്‍, ബ്യൂട്ടി പാര്‍ലര്‍ എന്നിവയൊക്കെ കാണാം. പ്രധാനബില്‍ഡേര്‍സ് എല്ലാം തന്നെ അവരുടെ ടൗണ്‍ഷിപ്പ് പ്രോജക്ടുകള്‍ അനൗണ്‍സ് ചെയ്തു കഴിഞ്ഞു. ഡേ കെയര്‍, ഡോക്‌ടേര്‍സ് ക്ലിനിക്, സൂപ്പര്‍മാര്‍ക്കറ്റ് ഇവയടങ്ങുന്ന പ്രോജക്ടുകളും നിര്‍മാണത്തിലുണ്ട്.
ഗ്രീന്‍ കണ്‍സെപ്ട് പുത്തന്‍ ട്രെന്‍ഡ്
ഗ്രീന്‍ കണ്‍സെപ്ടാണ് ഫ്‌ളാറ്റ് നിര്‍മാണത്തിലെ വേറൊരു പുത്തന്‍ ട്രെന്‍ഡ്. ദീര്‍ഘകാലം നിലനില്‍ക്കുന്ന ഫ്‌ളാറ്റുകളാണ് ഇതുവഴി ലക്ഷ്യമിടുന്നത്. പരിസ്ഥിതിയ്ക്കനുയോജ്യമായ രീതിയിലുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ ഇവ സഹായിക്കുന്നു. ഓരോ ഫ്‌ളാറ്റിനും ബാല്‍ക്കണി പോലെത്തന്നെ സ്വന്തമായ പൂന്തോട്ടം, മാലിന്യസംസ്‌ക്കരണസംവിധാനം, മഴവെള്ളസംഭരണസംവിധാനം, വെള്ളത്തിന്റെ പുനരുപയോഗം തുടങ്ങിയവയ്‌ക്കൊക്കെ ഇവിടെ പ്രാധാന്യം നല്‍കുന്നു. കൂടാതെ ഫ്‌ളാറ്റുകളിലെ കോമണ്‍ സ്‌പേസ് ഭംഗിയായി ഉപയോഗിക്കാന്‍ കഴിയുന്ന വിധം പ്രകൃതിയെ അതുപോലെ പുന:സൃഷ്ടിക്കാനുമുള്ള പദ്ധതികളും നിലവിലുണ്ട്. ഗ്രീന്‍ ടെക്‌നോളജി പ്രകാരം കുറഞ്ഞ അളവില്‍ ചൂടു പുറത്തു വിടുന്ന കെട്ടിടങ്ങളും വന്നുകഴിഞ്ഞു. പരിപാലനം വളരെ കുറഞ്ഞ രീതിയില്‍ ആണ് ഇത്തരം ഫ്‌ളാറ്റുകളും വില്ല പ്രോജക്ടുകളും വരുന്നത്. മാലിന്യനിര്‍മാര്‍ജനത്തിനായി ബയോഗ്യാസ്, വെര്‍മി കംപോസ്റ്റ് എന്നിവയും വരുന്നു.
ഫ്‌ളാറ്റ്; മാന്ദ്യത്തിനു ശേഷം
ആഗോളസാമ്പത്തിക മാന്ദ്യം നിര്‍മാണരംഗത്തെയും ഫ്‌ളാറ്റ് വില്‍പനയെയും കാര്യമായി ബാധിച്ചില്ലെങ്കിലും ഇടത്തരക്കാരെ കൂടുതല്‍ ആകര്‍ഷിക്കുന്ന തരം സ്ഥിതിവിശേഷമാണ് ഇപ്പോള്‍. എട്ട് ലക്ഷം മുതലുള്ള ഫ്‌ളാറ്റുകള്‍ കൊച്ചി പോലുള്ള ഇടങ്ങളില്‍ ലഭ്യമാണ്. ഇടത്തരക്കാര്‍ അപാര്‍ടമെന്റുകള്‍ വാങ്ങി പൂട്ടിയിടാതെ നോക്കുമെന്നും ഫ്‌ളാറ്റുകള്‍ എന്നും ജീവസുറ്റതായിരിക്കുമെന്നും പ്രതീക്ഷിക്കാം.
എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലാണു ഫ്‌ളാറ്റുകള്‍ക്കും വില്ലകള്‍ക്കും ഡിമാന്‍ഡ് കൂടുതലെങ്കിലും തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, മലപ്പുറം, കോട്ടയം ജില്ലകളിലും ഇവയുടെ വളര്‍ച്ച തുടങ്ങി കഴിഞ്ഞു. കൂടാതെ പ്രധാനനഗരപരിധിയില്‍ നിന്നുമകന്ന് തൃപ്പൂണിത്തുറ, ഗുരുവായൂര്‍, ആലുവ, തലശേരി മുതലായ ഇടങ്ങളിലെല്ലാം ഫ്‌ളാറ്റ്/വില്ലകള്‍ വേരൂന്നി കഴിഞ്ഞു.
ഇനി ഭാവി ടൗണ്‍ഷിപ്പുകളുടെ കൈയ്യിലാവുമ്പോള്‍ തീര്‍ച്ചയായും നമുക്കിപ്പോഴേ പറയാം. ഇതാണ് ഫ്‌ളാറ്റ്/ വില്ല വാങ്ങാനും താമസം തുടങ്ങാനും പറ്റിയ സമയം.
No comments:
Post a Comment