Saturday, April 21, 2012

ഓര്‍മകളിലെ മഞ്ഞവെളിച്ചത്തിലേക്കുള്ള എത്തിനോട്ടമാണ് വിഷു.

ഓര്‍മകളിലെ മഞ്ഞവെളിച്ചത്തിലേക്കുള്ള എത്തിനോട്ടമാണ് വിഷു.

ഓര്‍മകളിലെ മഞ്ഞവെളിച്ചത്തിലേക്കുള്ള എത്തിനോട്ടമാണ് ചിലര്‍ക്കു വിഷു. ദീപാലങ്കാരമായ വീടുകള്‍, കമ്പിത്തിരിയുടേയും ഏറുപടക്കത്തിന്റേയും വസന്തകാലം, തൊടിയിലെ വടക്കേ അതിരിലെ കൊന്നമരം, കണി കാണാന്‍ കണ്ണടച്ച് വരുന്ന കുട്ടിക്കാലം, വിവിധോദ്ദേശപദ്ധതികള്‍ക്കായി ഉപയോഗിക്കുന്ന കൈനീട്ടം.. മലയാളിയുടെ ഹൃദയത്തിലിടം നേടിയ പ്രിയപ്പെട്ടവരുടെ വിഷുവോര്‍മകളിലൂടെ.
  കൈനീട്ടത്തിന്റെ വിവിധോദ്ദേശങ്ങള്‍ 
 ‘വിഷുവെന്നാല്‍ വിവിധോദ്ദേശപദ്ധതികള്‍ക്കായി ഉപയോഗിച്ച വിഷുക്കൈനീട്ടമാണ് ആദ്യമായി ഓര്‍മ്മ വരുന്നത്. വിഷുക്കൈനീട്ടം നമ്മുടെ ഒരു അവകാശമായിരുന്നു അന്നൊക്കെ. എല്ലാ മുതിര്‍ന്നവരേയും കണ്ട് വിഷുക്കൈനീട്ട കളക്ഷന്‍ കൃത്യമായി മേടിക്കുന്ന ഗുണ്ടാ നേതാക്കളായിരുന്നു ഞങ്ങള്, കുട്ടിക്കാലത്ത്..’ സംവിധായകന്‍ അമല്‍ നീരദിന്റെ ഓര്‍മകള്‍ക്കുമുണ്ട് ചടുലമായ ഫ്രെയിമും വിഷ്വല്‍ ബ്യൂട്ടിയും. ദീപാവലിയേക്കാള്‍ വിഷുവായിരുന്നു ദീപാലങ്കാരങ്ങളാല്‍ സമൃദ്ധം. പിന്നെ ദൈവത്തിന്റെ പടങ്ങളുമുണ്ടാവും ഇഷ്ടം പോലെ. ആകെയൊരു മഞ്ഞവെളിച്ചവും അമ്മ വിഷുക്കണി കാണിക്കാന്‍ കൊണ്ടുപോവുന്ന സീനും ഇന്നും മനസിലുണ്ട്. ഈ പ്രായത്തില്‍ അമ്മയത് കാണിച്ചു തന്നാലും കിട്ടില്ലാത്ത വിധം അതൊക്കെ നഷ്ടപ്പെട്ട ഓര്‍മ്മകളായിരിക്കുന്നു. അമല്‍ 80 കളുടെ അവസാനത്തിലേക്ക് ഫ്‌ളാഷ് ബാക്ക് ചവിട്ടി.
 ആദ്യകാലങ്ങളില്‍ വിഷുക്കൈനീട്ടം പടക്കം മേടിക്കാന്‍ വേണ്ടി മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നീടത് സിനിമ കാണാനും കൂട്ടിവെച്ചു. അന്ന് കണ്ട ഒരു സിനിമ ഇപ്പോഴും ഓര്‍മ്മയുണ്ട്. ‘നമ്മുടെ ആമിര്‍ ഖാന്റെ ലഗാനെയൊക്കെ സ്വാധീനിച്ച പടം. എസ്‌കേപ്പ് ടു വിക്ടറി എന്നാണ് പേര്. നാസി തടവറയില്‍ നിന്നും ഫുട്‌ബോള്‍ കളിച്ച് രക്ഷപെടുന്നവരുടെ കഥയാണ്. സാക്ഷാല്‍ പെലെയും സില്‍വസ്റ്റര്‍ സ്റ്റാലിനുമൊക്കെ അടങ്ങിയ വന്‍താര നിര തന്നെയുണ്ടായിരുന്നു ചിത്രത്തില്‍. പിന്നെ ഫിലിം സ്‌കൂളില്‍ ചേര്‍ന്നപ്പോഴാണ് ഇതിനും സ്വാധീനമായി ഒരു ഈസ്റ്റ് യൂറോപ്യന്‍ ഒറിജിനല്‍ ഉണ്ടെന്ന് മനസിലായത്. ഈ സിനിമ കണ്ട തീയേറ്ററിനുമുണ്ട് പ്രത്യേകത. എറണാകുളത്തെ കലൂരുള്ള പഴയ സീത തീയേറ്ററില്‍ വെച്ചാണ് ഇതു കണ്ടത്. ഇപ്പോള്‍ അതൊരു ഓഡിറ്റോറിയമാ..’
 പിന്നെയുള്ളത് പടക്കങ്ങള്‍. വലിയ പടക്കങ്ങളോടൊക്കെ ഒരു തരം പേടിയായിരുന്നു. പാമ്പുഗുളികയായിരുന്നു ഫേവറിറ്റ്. പിന്നെ സിനിമയിലെത്തിയപ്പോള്‍ ഓണവും വിഷുവുമൊന്നുമില്ലാത്ത സ്ഥിതിയായി. സ്ഥിരംñജോലിക്കാര്‍ക്ക് ആഘോഷിക്കാന്‍ ഒരു ഞായറാഴ്ചയെങ്കിലുമുണ്ട്.‘ ഇപ്പോള്‍ ആകെക്കൂടി വിഷുവായി എന്നറിയുന്നത് എന്റെ സിസ്റ്ററുടെ മകന്‍ ശാശ്വത് കൈനീട്ടം വാങ്ങാന്‍ വരുമ്പോള്‍ മാത്രമാണ്. ’ പല സിനിമകളിലും കണ്ട വിഷുവിന്റെ മഞ്ഞ നൊസ്റ്റാള്‍ജിക് വെളിച്ചം എന്നെങ്കിലും തന്റെ സിനിമകളിലും ഉപയോഗിച്ചേക്കാം എന്ന സാധ്യത പറയുമ്പോള്‍ അമലിന്റെ മുഖത്ത് ബിലാലിന്റെ ബിഗ് ബി ഗൗരവം.
  റേഷന്‍ കാലത്തെ പടക്കക്കാലം 
എഴുത്തുകാരന്‍ സേതുവിന് വിഷുക്കാല ഓര്‍മകള്‍ പഞ്ഞമാസക്കാല ഓര്‍മകള്‍ കൂടിയാണ്. യുദ്ധമൊക്കെ കഴിഞ്ഞുള്ള ദാരിദ്ര്യകാലം. 1960 കള്‍. പ്രത്യേകിച്ച് എടുത്തുപറയാനൊരു സംഭവവുമില്ല. വിഷു വന്നാല്‍ നല്ല ഒരു സദ്യ കിട്ടുമെന്ന കാര്യമാണ് ഏറെ സന്തോഷം നല്‍കുന്ന പ്രധാനം. ‘അന്ന് ഏതാണ്ടെല്ലാം റേഷനായിരുന്നല്ലോ. യുദ്ധം കഴിഞ്ഞ സമയമയതു കൊണ്ട് ഗോതമ്പും ചോളവുമൊക്കെയാ കിട്ടിയിരുന്നത്. അരി കണി കാണാന്‍ കഴിയുന്നതു തന്നെ വലിയ സൗഭാഗ്യമായിരുന്നു...’ സേതു ഓര്‍മ്മിക്കുന്നു.
 അന്ന് രണ്ടണ ആയിരുന്നു വിഷുക്കൈനീട്ടം. പിന്നീട് അത് നാലണയായി. രണ്ടണയും നാലണയും കഴിഞ്ഞ് ഇന്നിപ്പോള്‍ നൂറു രൂപ വരെയായി. ‘മിനിമം 100 എങ്കിലും വേണം ഇപ്പോള്‍ പിള്ളേര്‍ക്ക് കൈനീട്ടമായി. പത്തൊനും കൊടുത്താല്‍ വേണ്ട. കോളജില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ബൈക്കും മൊബൈലുമൊക്കെ ഇല്ലാതിരിക്കുന്നത് മോശമാണെന്നു കരുതുന്ന കാലമല്ലേ? അഅതുകൊണ്ടെന്താ, ആക്‌സിഡന്റിനും ഒരു പഞ്ഞവുമില്ല!’ കഥകളിലൊന്നും ഇതുവരെ വിഷുക്കാലം വന്നിട്ടില്ല. അല്ലെങ്കിലും ഓര്‍ക്കാനിഷ്ടപ്പെടുന്ന ഒന്നും അക്കാലത്ത് നടന്നിട്ടുമില്ലല്ലോ. ഇന്ത്യയില്‍ തന്നെ പലയിടത്തും ജോലി ചെയ്തിട്ടുണ്ട്.
ഇന്നത്തെ പോലെ അന്ന് മലയാളി അസോസിയേഷനുകളൊന്നുമില്ലാത്തതു കൊണ്ട് വിഷുവൊന്നും വന്നതേ അറിയുകയില്ല. ഓണവും ക്രിസ്തുമസുമേ അന്നൊക്കെ അല്‍പമെങ്കിലും ആഘോഷിക്കാറുണ്ടായിരുന്നുള്ളൂ. അന്നത്തെ ആഘോഷത്തിന്റെ മാക്‌സിമം ഭക്ഷണമായിരുന്നു. മോഹങ്ങള്‍ അവിടെ അവസാനിക്കും. അതുകൊണ്ടെന്താ, പിന്നീട് ചുരുങ്ങിയ ആഗ്രഹങ്ങള്‍ക്കിടയിലും ഉള്ളതു കൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കാന്‍ പഠിച്ചു. ജീവിതം കൂടുതല്‍ കാണാനും പഠിക്കാനും കഴിഞ്ഞു. ഇന്ന് പടക്കത്തിനു പോലും ഒരു ഇടത്തരം കുടുംബം 1000 ത്തിനടുത്ത് രൂപ ചെലവാക്കുന്നു. പഴയ കാലത്ത് ആകെക്കൂടി കിട്ടുന്ന കമ്പിത്തിരി, മാലപ്പടകം, മത്താപ്പൂ, ഈര്‍ക്കിലിപ്പടക്കം എന്നിവയില്‍ നിന്നു മാറി ധാരാളം പുതിയ പടക്കങ്ങളും വന്നു. ‘എന്നാലും ആ പഴയ ഏറുപടക്കം അന്ന് ചുവരിലും മതി ലിലുമൊക്കെ എറിഞ്ഞുപൊട്ടിക്കുന്നതിന്റെ സുഖം ഒന്നു വേറെത്തന്നെയായിരുന്നു..’ സേതു പൊടുന്നനെ ഒരു കുട്ടിയാവുന്നു!
സിനിമാ സെറ്റിലെ കണിയും അമ്മയുടെ കൈപ്പുണ്യവും
വിഷുവിന്റെ അന്ന് രാവിലെയുള്ള ഉണരല്‍, കണി ഒരുക്കി വെച്ചിരിക്കുന്ന അമ്മ, കണ്ണടച്ച് പൂജാമുറിയില്‍ ചെന്നുള്ള തൊഴല്‍.. ജഗദീഷിന്റെ ഓര്‍മ്മകള്‍ ശരിക്കുമൊരു സിനിമയിലുള്ളതു പോലെ ക്രമം പാലിച്ചു തന്നെ വരുന്നു. പിന്നെയാവും അമ്മയൊരുക്കിയ പലഹാരങ്ങളുടെ രുചി. വിഷുവിന്റെ അന്ന് ഭാസുരാംഗി അമ്മയുടെ കൈപ്പുണ്യം ശരിക്കും പുറത്തുവരുമായിരുന്നു. വീട്ടില്‍ ഒരു ജോലിക്കാരുടേയും സഹായമൊന്നും വേണ്ട. രാവിലെ നാലുമണിക്കെഴുന്നേറ്റ് തുടങ്ങും ഭക്ഷണമൊരുക്കല്‍.. പിന്നീട് എന്റെ കൂട്ടുകാരും പറഞ്ഞിട്ടുണ്ട്, ഞാനില്ലാത്ത സമയത്ത് വീട്ടില്‍ വരുമ്പോഴെല്ലാം അവര്‍ക്കും വെച്ചുവിളമ്പുന്ന അമ്മയുടെ കൈപ്പുണ്യത്തെപ്പറ്റി.. ജഗദീഷിന്റെ ഓര്‍മ്മകളില്‍ അമ്മയും വിഷുക്കാലവും ഒരു പോലെ പീലി വിടര്‍ത്തുന്നു. 
 ‘എന്റെ അച്ഛന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച ദിവസമേതെന്നു ചോദിച്ചാല്‍ അതൊരു വിഷുക്കാലത്താണെന്നു ഞാന്‍ പറയും. തിരുവനന്തപുരത്തെ സെന്‍ട്രല്‍ ഹൈസ്‌കൂള്‍ അധ്യാപകനായിരുന്നു അച്ഛന്‍ കെ പരമേശ്വരന്‍. ആ വിഷുക്കാലത്താണ് എനിക്ക് കാനറ ബാങ്കില്‍ പോസ്റ്റിങ് കിട്ടിയത്. ആ കാലത്ത് ഞങ്ങള്‍ പാപ്പനംകോട് ഒരു വാടകവീടില്‍ താമസിക്കുകയായിരുന്നു. മലപ്പുറത്തെ എടപ്പാളിലായിരുന്നു എനിക്ക് പോസ്റ്റിങ് കിട്ടിയത്. അന്ന് എന്നെ പിരിയാന്‍ വിഷമമായിരുന്നെങ്കിലും മകന് ജോലി കിട്ടിയല്ലോ എന്ന സന്തോഷമായിരുന്നു. ‘പിന്നീട് സിനിമാ നടനായതില്‍ പോലും അച്ഛന് ഇത്രയധികം സന്തോഷമുണ്ടായെന്ന് തോന്നുന്നില്ല.’ 
 അമ്മ മരിച്ചതിനു ശേഷം വിഷുക്കണി കിട്ടിയിരുന്നത് സിനിമാസെറ്റുകളില്‍ നിന്ന് സുകുമാരിച്ചേച്ചി വകയായിരുന്നു. ‘ഷൂട്ടിങ് വിഷുക്കാലത്താണെങ്കില് അവര് രാവിലെ എഴുന്നേറ്റ് കുളിച്ച് കോയിന്‍ തരും. ഇങ്ങനെ വെല്‍കം ടു കൊടൈക്കനാല്‍, സ്ത്രീധനം തുടങ്ങിയ സെറ്റുകളിലൊക്കെ എനിക്കു കോയിന്‍ കിട്ടിയിട്ടുണ്ട്.’ കഴിഞ്ഞ വിഷുക്കാലമാണ് മറക്കാനാവാത്ത മറ്റൊരനുഭവം. പിന്നണി ഗായകന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ അന്ന് തിരുവനന്തപുരത്തെ റീജ്യണല്‍ കാന്‍സര്‍ സെന്ററിലെ കുട്ടികള്‍ക്ക് കൈനീട്ടം നല്‍കിയത് ഒരു നല്ല അനുഭവമായിരുന്നു. അവരുടെ മനസിലെ സന്തോഷം ശരിക്കും അനുഭവിക്കാന്‍ കഴിഞ്ഞു. അതേസമയം തന്നെ ഉള്ളിലെ വിഷമമറിയിക്കാതെ അവരുടെ അമ്മമാരും കൂടെ കൂടി. എല്ലാവര്‍ക്കും രോഗശാന്തി നല്‍കണേയെന്ന് ഈശ്വരനോട് ആത്മാര്‍ഥമായി പ്രാര്‍ഥിച്ചു. പിന്നെ എല്ലാം ഈശ്വരനിശ്ചയമാണല്ലോ. കൈനീട്ടം എന്നൊക്കെ പറയുന്നത് ബന്ധങ്ങളുടേതു കൂടിയാണല്ലോ. 
അമ്മ സംഘടനയുടെ പന്ത്രണ്ട് വര്‍ഷമായുള്ള ട്രഷററാണ് ഞാന്‍. ഞങ്ങള്‍ സംഘടനയില്‍ കൊണ്ടുവന്നിരിക്കുന്ന ഒരു പരിപാടിയുടെ പേര് തന്നെ കൈനീട്ടം എന്നാണ്. ഇതു മുതിര്‍ന്ന കലാകാരന്‍മാര്‍ക്ക് നല്‍കുന്ന സാമ്പത്തികസഹായം മാത്രമല്ല, അവരെ അംഗീകരിക്കുന്നതിന്റെ സന്തോഷം കൂടിയാണ്. അത് അവരുടെ അവകാശമാണ്. അവര്‍ ചെയ്ത ത്യാഗത്തിന്റെ പ്രതിഫലവുമാണ്. ‘വിഷുവുമായി ബന്ധമില്ലെങ്കിലും ആ പഴയ വിഷുക്കൈനീട്ട ഓര്‍മ്മകള്‍ തന്നെയാണ് ഈ പെന്‍ഷന്‍ പദ്ധതിക്ക് കൈനീട്ടമെന്ന് പേരിടാന്‍ കാരണവും.’ ജഗദീഷ് പറയുന്നു. .

No comments:

Post a Comment