Wednesday, April 18, 2012

മൈസൂരിലെ കാഴ്ചകള്‍


മൈസൂരിലെ കാഴ്ചകള്‍
എന്റെ ബാല്യത്തില്‍ കുറച്ചുകാലം മൈസൂരില്‍ കഴിയാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. അന്ന്, സ്വന്തമായി നാട്ടില്‍ വീടാകുന്നതിനു മുമ്പ് പരിവാരസമേതം മൈസൂരില്‍ കഴിയുകയായിരുന്നു. ഞാന്‍, ജ്യേഷ്ഠന്‍, ഉപ്പ, ഉമ്മ. അന്ന് ശേഷമുള്ള സഹോദരങ്ങള്‍ ജനിച്ചിരുന്നില്ല. വളരെ ചെറിയ ഒരു വീടായിരുന്നു അത്. കഷ്ടിച്ച് എല്ലാവര്‍ക്കും താമസിക്കാവുന്ന ഒരു വീട്. ചെറിയ രണ്ടു മുറികള്‍. ഒരു അടുക്കള. ബാത്‌റൂം. ഉപ്പയുടെ കൂടെ എന്നും വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ കടയില്‍ പോയിരിക്കും. ജീവിതത്തിലെ നിറമുള്ള ഘട്ടങ്ങളില്‍ ഒന്നായിരുന്നു അത്. വൈകുന്നേരങ്ങളില്‍ തുടങ്ങി അര്‍ധരാത്രിയോളം നീളം മൈസൂരിലെ തെരുവുകാഴ്ചകള്‍. രാത്രി പതിനൊന്നര മണിക്ക് തിരിച്ചു വരുന്നത് വളരെ രസകരമായ അനുഭവമായിരുന്നു. ഒരുപാടു തെരുവുനായ്ക്കളും കഴുതകളും കുതിരകളും പന്നികളു മുണ്ടാകും അപ്പോള്‍ ഞങ്ങള്‍ക്കു കൂട്ട്. അവയും ഞങ്ങളോടൊപ്പം വീടുവരെ അനുഗമിക്കും. ആരെയും ഉപദ്രവിക്കാന്‍ ഇവയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ഈ അനുഗമനത്തിന് ഒരു മാര്‍ച്ച് പാസ്റ്റിന്റെ ചന്തമായിരുന്നു. നാലോ അഞ്ചോ വയസായിരുന്നു അന്നെനിക്ക്. അന്ന് എനിക്കുണ്ടായിരുന്ന, എന്നില്‍ ആദ്യമായി അഹങ്കാരം നിറച്ച ചാരനിറത്തിലുള്ള പാന്റും കോട്ടും ഇന്നും ഓര്‍മ്മകളിലുണ്ട്. ഒരു ദസറയ്ക്ക് തവിട്ടു കസവുള്ള ഡബിള്‍ മുണ്ടിനൊപ്പം ഉപ്പ വാങ്ങിത്തന്നത്. പിന്നെ വര്‍ഷങ്ങള്‍ക്കു ശേഷം എന്റെ ഹൈസ്‌കൂള്‍ വെക്കേഷനുകളിലാണ് ഞാന്‍ വീണ്ടും മൈസൂരിലെത്തുന്നത്. അന്ന് പക്ഷേ, മുമ്പുണ്ടായിരുന്ന മെയ് ഫ്‌ളവര്‍ മരത്തിനടുത്തുള്ള വീട്ടില്‍ നിന്നും മാറി ഞങ്ങള്‍ താമസിച്ചത് മറ്റൊരിടത്തായി രുന്നു. നിരനിരയായി ഒരേ പോലുള്ള വീടുകള്‍ മാത്രം നിരന്നു നില്‍ക്കുന്ന ഒരു തെരുവിന്റെ മധ്യത്തിലുള്ള വീട്ടില്‍. വീടിന്റെ ഇരുചുവരിനുമപ്പുറം മറ്റു വീടുകളാണ്. വീടിനു മുന്നില്‍ തിരിച്ചറിയാനായി ഉറുമാന്‍ പഴം കായ്ക്കുന്ന ഒരു മരം നിന്നിരുന്നു. വീടിനു മുന്നില്‍ പരന്നു കിടക്കുന്ന മൈതാനമാണ്. ഇവിടെ എന്നും കുട്ടികളും മുതിര്‍ന്നവരുമടങ്ങുന്ന ഒരു സംഘം എന്നും ക്രിക്കറ്റോ ടെന്നീസോ കളിച്ചു കൊണ്ടിരിക്കുന്നുണ്ടാവും. അടുത്തുള്ള എന്‍ജിനീയറിംഗ് കോളേജിന്റെ ഭാഗമാണ് ഈ മൈതാനം. അതിനടുത്തു തന്നെയായിരുന്നു പശുക്കളെ വളര്‍ത്തുന്ന പാല്‍ക്കാരിയമ്മൂമ്മയും ഇറച്ചിക്കാരന്‍ ജഹാംഗീറിന്റെയും താമസം. ഉദയഗിരി എന്നായിരുന്നു ആ സ്ഥലത്തിന്റെ പേര്. ഒരു സാധാരണ ടൗണ്‍. മൈസൂര്‍ മേയര്‍ താമസിക്കുന്ന പ്രദേശം. ഉപ്പ അവിടുത്തെ അല്‍പസ്വല്‍പം അറിയപ്പെടുന്ന പലചരക്കു കച്ചവടക്കാരനായിരുന്നു. കര്‍ക്കശക്കാരനൊന്നുമല്ലെങ്കിലും, സാധന ങ്ങള്‍ വാങ്ങി പണം നല്‍കാതെ പോകുന്നവര്‍ക്കു നേരെ ഉപ്പ കൈക്കരുത്ത് കാണിക്കുമായിരുന്നു. ‘ഇവിടെ ജീവിക്കണെങ്കില് കൊറച്ച് അടിയും ധൈര്യോം ല്ലം മാണം..’ ഉപ്പ പറയും.

No comments:

Post a Comment