Friday, April 27, 2012

തലശേരി കേയി കുടുംബത്തിനൊപ്പം ഒരു റംസാന്‍ ദിനം


തലശേരി കേയി കുടുംബത്തിനൊപ്പം ഒരു റംസാന്‍ ദിനം

‘ബേബിമഹലി’ലെ ഒരുക്കപ്പാടുകള്‍
 നോമ്പ് തുടങ്ങുന്നതിനു തൊട്ടു മുമ്പു വരെ ‘ബേബി മഹല്‍’ ഒരുക്കത്തിലായിരുന്നു. വീടിന് വെള്ള പൂശി. പുതിയ നിറം നല്‍കി. വീട്ടിലെ തഴപ്പായകള്‍ കഴുകി ഉണങ്ങാനിട്ടു. ഉമ്മറത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള, ബെല്‍ജിയം ഗ്ലാസില്‍ തീര്‍ത്ത ഷാന്‍ഡ്‌ലിയര്‍ വിളക്ക് പൊടി തട്ടി വൃത്തിയാക്കി. വീട്ടിലെ പാത്രങ്ങള്‍ക്ക് ചെമ്പും ഈയവും പൂശി പുതിയ തിളക്കം നല്‍കി. വരാന്തയിലും മുറ്റത്തുമുള്ള നഴ്‌സറി ചെടികള്‍ സ്‌കെയില്‍ വെച്ച് വെട്ടി വടിവൊപ്പിച്ചു. തൊടിയില്‍ ഒരു പാഴിലയ്ക്ക് പോലും സ്ഥാനം നല്‍കാതെ അടിച്ചുവാരി വൃത്തിയാക്കി. ആകെക്കൂടി ഒരു പുതിയ മുഖം. ‘നോമ്പല്ലേ, കഴിഞ്ഞ ഒന്ന് രണ്ടാഴ്ചയായി തെരക്കോടു തെരക്ക് തന്ന്യേനും. കുടുംബത്തിലെല്ലാം നോമ്പിന് മുമ്പായി നടത്തേനായിറ്റ് ഒരുപാട് കല്യാണംണ്ടായിര്ന്നപ്പാ.. ഇന്ന് കണ്ണൂരാന്നെങ്കില് നാളെ തളിപ്പറമ്പിലാ നിശ്ചയം. അതും കഴിഞ്ഞ് കോഴിക്കോട്.. ഇപ്പം നോമ്പ് തൊടങ്ങിയേരാ, ഒന്ന് റാഹത്തായത്..’
 തലശേരിയിലെ പേരുകേട്ടതും പുരാതനവുമായ കേയി കുടുംബത്തിലെ അഞ്ചാമത്തെ കണ്ണിയായ സി. പി ആലിപ്പി കേയിയുടെ വാക്കുകളിലും ശരീരഭാഷയിലുമുണ്ട് ഈ ‘റാഹത്ത്’. ആദ്യനോമ്പിന്റെ ചൈതന്യം മുഖത്ത് എടുത്തുപിടിച്ചിരിക്കുന്നു. കുടുംബത്തിലെ മുതിര്‍ന്നവരും കുട്ടികളുമെല്ലാം വീട്ടില്‍ ഒത്തുകൂടിയിട്ടുണ്ട്. ഒരുക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് ഭാര്യ റസിയയും മക്കള്‍ പര്‍വീണ്‍, ഫൈറൂസ്, ഫര്‍സീന്‍, നൗഷീന്‍, ബാര്‍ജ സുല്‍ത്താനമാരൊക്കെയുണ്ട് കൂടെ.
 ‘റജബ് മാസം 27 ന്, മിഅ്‌റാജ് നോമ്പെടുക്കുമ്പോള്‍ തൊടങ്ങും റമളാനിലേക്ക്ള്ള തയ്യാറെട്പ്പ്. ശഅ്ബാന്‍ തൊടങ്ങിയാപ്പിന്നെ ഒരുക്കങ്ങള്‍ക്ക് സ്പീഡും കൂട്ടും. ശഅ്ബാന്‍ 15 ന് ബറാഅത്ത് നോമ്പോടെ വീടും പരിസരവുമല്ലാം മൊഞ്ചത്തിയായിക്ക്ണ്ടാവും.’ ഇതിനിടെ മഗ്‌രിബ് ബാങ്ക് കൊടുത്തതോടെ ഈത്തപ്പഴവും നാരങ്ങ വെള്ളവും രുചിച്ച് വീട്ടുകാര്‍ നോമ്പു തുറന്നു. മനസും.
  തലശേരി =കേയി
 തലശേരി എന്നാല്‍ കേയിമാരുടെ നാട് എന്നറിയപ്പെട്ട കാലമുണ്ടായിരുന്നു, പണ്ട്. പേരുകേട്ട ഓടത്തില്‍ പള്ളിയുടെ താഴികക്കുടം പണിതീര്‍ന്നപ്പോള്‍ കിണറില്‍ ടണ്‍കണക്കിന് പഞ്ചസാരച്ചാക്കുകള്‍ ചെരിഞ്ഞ് നാട്ടുകാരെ സല്‍ക്കരിച്ചവരായിരുന്നു മുന്‍തലമുറയിലെ കാരണവന്‍മാര്‍. ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്ന് ഖാന്‍ ബഹദൂര്‍ പട്ടം നേടിയവര്‍. അന്ന് ‘കേയി’ക്കപ്പലുകള്‍ പേര്‍ഷ്യയിലേക്കും ബോംബെയിലേക്കുമൊക്കെ ചരക്കുമായി യാത്ര തിരിക്കും. നോമ്പാവുമ്പോള്‍ ലക്ഷദ്വീപില്‍ നിന്നും കേരളത്തിലെ മറ്റു ദിക്കുകളില്‍ നിന്നുമല്ലാം സ്ത്രീകളും പുരുഷന്‍മാരുമടങ്ങുന്ന വലിയ സംഘം കേയിത്തറവാടിനു മുന്നില്‍ തമ്പടിക്കും. ‘വീട്ടില്‍ വരുന്ന ആരെയും പണ്ടുമുതലേ വെറും കൈയ്യോടെ മടക്കി അയക്കലില്ല. ആള്‍ക്കാരെ സഹായിക്കുന്നത് തന്നെ ഇബാദത്തിന്റെ ഭാഗാ.. സകാത്തും സദഖയുമെല്ലാം നോമ്പുകാലത്ത് വര്‍ധിപ്പിക്കും. പണ്ട് ഉപ്പാപ്പാന്റെ കാലത്തൊക്കെ നോമ്പിന്റെ അവസാനത്തെ പത്തില് കേയിമാരുടെ മൂരിവണ്ടി വരുന്നതും കാത്തിരിക്കുവേനും നാട്ടുകാര്. ഓലിക്ക്ള്ള ഭക്ഷണോം പെരുന്നാള്‍ക്കോടിയുമെല്ലാം അയ് വണ്ടീല്ണ്ടാവും.. ’ ആലിപ്പി കേയി ഓര്‍മ്മിക്കുന്നു.
 അന്ന് പുരുഷന്‍മാര്‍ക്ക് എം എസ് 58 വെള്ള മുണ്ടും കോട്ടും സ്ത്രീകള്‍ക്ക് നല്ല മിനുസമുള്ള മല്‍മല്‍ കുപ്പായവും കാച്ചിയും പിന്നെ എം എസ് 55 മുണ്ടുമായിരുന്നു പെരുന്നാള്‍ കോടി.
നോമ്പു തുറയും തറാവീഹും 
 നോമ്പുതുറയും തറാവീഹ് നമസ്‌കാരവും. നോമ്പുകാലത്തെ പ്രധാന പ്രത്യേകതകള്‍. നോമ്പുകാലത്ത് മാത്രമായി രാത്രി ഇശാഅ് നമസ്‌കാരത്തിനു ശേഷമുള്ള പ്രത്യേക സുന്നത്ത് നമസ്‌കാരമാണ് തറാവീഹ്. തറവാട്ടിലെ സ്ത്രീകള്‍ അന്നുമിന്നും വീട്ടില്‍ നിന്നു തന്നെയാണ് നമസ്‌കാരമെങ്കിലും പുരുഷന്‍മാര്‍ എന്നും നേരത്തെ പള്ളിയില്‍ ഹാജരുണ്ടാവും. തറാവീഹ് നമസ്‌ക്കാരം കഴിയുമ്പോള്‍ മണി ഏതാണ്ട് പത്ത് പത്തരയാവും. പിന്നെ വീട്ടിലേക്കുള്ള മടക്കത്തില്‍ അന്നുണ്ടായിരുന്ന സൈബൂസ് കൂള്‍ ബാറില്‍ നിന്ന് ഫലൂദ കുടിക്കുന്നത് ഒരു ശീലമായിരുന്നു. നാട്ടില്‍ കൂള്‍ ബാര്‍ എന്ന പ്രയോഗം പോലും ഇല്ലാത്ത കാലമായിരുന്നു അത്. 40 വര്‍ഷം മുമ്പുള്ള ആ ഫലൂദയുടെ നനവും രുചിയും ഇന്നും ആലിപ്പി കേയിയുടെ നാവിലുണ്ട്.
 വരൂ, നോമ്പു തുറക്കാം വീട്ടിലെ കുട്ടികളെല്ലാം മേശയ്ക്കു ചുറ്റുമായി കാരയ്ക്കയും ഈത്തപ്പഴവുമെല്ലാം കൈക്കലാക്കുന്നതിന്റെ തിരക്കിലാണ്. ഇടയ്ക്ക് പെണ്ണുങ്ങളും കൂട്ടത്തില്‍ ചേര്‍ന്നു. പുലര്‍ച്ചെ സുബ്ഹി ബാങ്ക് തൊട്ട് തുടങ്ങുന്ന നോമ്പ് വൈകുന്നേരം മഗ്‌രിബ് ബാങ്ക് വിളിക്കുന്നതോടെ കാരയ്ക്കയോ ഈത്തപ്പഴമോ കഴിച്ച് അല്‍പം വെള്ളവും കുടിച്ച് അവസാനിപ്പിക്കുന്നതാണ് സുന്നത്ത്. നബിതിരുമേനിയുടെ കാലത്തേ ഉള്ള ശീലം. ഇതിനിടെ മേശയ്ക്ക് ഒരരികിലായി ചെറിയ ‘വലിയ’ നോമ്പുതുറയ്ക്കുള്ള വിഭവങ്ങളും കൊണ്ടുവയ്ക്കുന്നുണ്ട്. കോഴിയട, ഉന്നക്കായ്, ഇറച്ചിപ്പത്തിരി, പഴം നിറച്ചത്, പഴം പൊരിച്ചത്, സമോസ, തരിച്ചോറ്, പരിപ്പുവട.. ഓരോ വിഭവത്തിന്റെ പേരു പറയുമ്പോഴും അറബിക്കഥയിലെ അത്ഭുതവിളക്കിനോടു പറഞ്ഞാലെന്ന പോലെ മേശയ്ക്കു ചുറ്റും സ്ഥാനം പിടിച്ചു. ഇടയ്ക്ക് തലശേരി സ്‌പെഷലായ ഒരു വിഭവത്തിന്റെ പേരു കേട്ടപ്പോള്‍ ശരിക്കും കൈകൂപ്പിപ്പോയി.
  കൈവീശല്‍!
 ‘ഇങ്ങളിങ്ങനെ അതിശപ്പെടുകയൊന്നും മാണ്ട. ഇത് പണ്ട് മൊതലേ ഉള്ളതാ. മൈദയും ഗോതമ്പുപൊടിയും പഞ്ചാരയെല്ലാം ചേര്‍ത്തിറ്റ്ള്ള ഒരു സാധനാ ഇത്, പിന്നെ ഇതിങ്ങനെ പ്രത്യേകരൂപത്തില്‍ കൈവീശി വളയാക്കീട്ട് നെയ്യില്‍ പൊരിക്കുന്നോണ്ടാ ഈ പേര് മന്നത്.’ വീട്ടുകാരി റസിയ സംശയമകറ്റാന്‍ കൈവീശിക്കൊണ്ട് വിശദീകരിച്ചു. കൂട്ടത്തില്‍ ഉഴുന്നുവട പോലുള്ള അന്യനാടന്‍ വിഭവങ്ങള്‍ കാണാത്തതിനെപ്പറ്റി ചോദിച്ചപ്പോള്‍ ‘നമ്മളെ ഐറ്റംസ് തന്നെയുണ്ട് മാണ്ട്വോളം. പിന്നെയല്ലേ, അങ്ങ് തമിഴ്‌നാട്ടില്‍ നിന്നുള്ള ഐറ്റം!’ എന്ന മറുപടി.
 മൂന്നു നോമ്പുതുറയാണ് സാധാരണ. ഈ കാണുന്നതെല്ലാം ഒന്നാമത്തെ നോമ്പുതുറയുടെ വിഭവങ്ങളാണ്. ഇതിനെ ചെറിയ നോമ്പുതുറ എന്നും പറയും. ‘‘ഇപ്പം പക്ഷേങ്കില്, രണ്ടാമത്തെയും മൂന്നാമത്തെയും നോമ്പുതുറ ഒന്നിച്ച് കഴിക്കലാണ് സാധാരണ. എന്നാലും ഇവിടെയെല്ലാം പണ്ടേത്തെപ്പോലെ തന്നെയാ..’ കട്‌ലറ്റ്, പുഡിങ്, പോലത്തെ മോഡേണ്‍ വിഭവങ്ങള്‍ പണ്ടുണ്ടായിരുന്നില്ല. പക്ഷേ, ഇന്നത്തെ എണ്ണത്തില്‍ അതുമുണ്ട്. മഗ്‌രിബ് നമസ്‌കാരം കഴിഞ്ഞുവന്ന വീട്ടിലെ ആണുങ്ങളെല്ലാം മേശയ്ക്കു ചുറ്റും കൂടി.
‘കാച്ചി വിളമ്പിയ’ സ്‌പെഷ്യല്‍
 ‘ഇതാ, ഇത് ഇങ്ങളൊന്ന് കുടിച്ചുനോക്ക്. തലശേരി സ്‌പെഷലാ, തരി കാച്ചിയത്.’ റവയും പഞ്ചസാരയും അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയുമൊക്കെ ചേര്‍ത്ത് പായസത്തിന്റെ ടേസ്റ്റുള്ള സ്‌പെഷ്യല്‍ ഐറ്റം ആലിപ്പി കേയി മുന്നിലേക്ക് നീട്ടി. നോമ്പുകാലത്ത് ഇതു രുചിക്കാന്‍ അന്യമതസ്ഥര്‍ പോലും തിക്കും തിരക്കും കൂട്ടാറുണ്ട്. തെളിവ് വേണമെങ്കില്‍ ടൗണിലെ പാരീസ് ഹോട്ടലില്‍ ചെന്നാല്‍ മതി. ഇന്നും നോമ്പുകാലത്ത് ഹോട്ടലിലെ പ്രത്യേക നോമ്പുതുറ പാക്കേജില്‍ തരി കാച്ചിയത് ഉണ്ട്. നോമ്പുതുറയുടെ സമയത്ത് ഹോട്ടല്‍ എല്ലാ ജാതി മതസ്ഥരെയും കൊണ്ട് നിറയും.
  ബിരിയാണി ഞങ്ങളുടേതു തന്നെ! 
 നെഞ്ചില്‍ കൈവെച്ച് അഭിമാനത്തോടെ ആലിപ്പി കേയി പറയുന്നു, തലശേരിയില്‍ ആദ്യമായി ബിരിയാണി കൊണ്ടുവന്നത് ഞങ്ങളാണെന്ന്. ഏതാണ്ട് രണ്ടു നൂറ്റാണ്ടുകള്‍ക്ക് മുമ്പായിരുന്നു ആ അത്ഭുതം. അതും ഇന്ന് തലശേരി ബിരിയാണി എന്ന ബോര്‍ഡില്‍ ഹോട്ടലുകളില്‍ ലഭിക്കുന്ന ചിക്കന്‍ñബിരിയാണിയല്ല. നല്ല ഉശിരന്‍ മട്ടണ്‍ ബിരിയാണി തന്നെ. രണ്ടാം നോമ്പുതുറയുടെ പ്രധാന ഐറ്റങ്ങളില്‍ ഒന്നാണ് ഇത്. രണ്ടാം നോമ്പുതുറയില്‍ ഇതിനൊപ്പം അരിപ്പത്തിരി, ഒറോട്ടി, ചപ്പാത്തി, കക്കറോട്ടി, ഗോതമ്പ് ഒറോട്ടി, മുട്ട സിര്‍ക്ക തുടങ്ങി വിഭവങ്ങള്‍ ധാരാളമുണ്ട് മേശപ്പുറത്ത്. പേരിലെ വൈവിധ്യം രുചിയിലുമുണ്ടെന്ന് നൂറ്റൊന്ന് ശതമാനവും ഗ്യാരന്റി.
 ‘ഇനി ഇതൊക്കെ കഴിയുമ്പോ ഇശാഅ് ബാങ്ക് കൊടുക്കും. പിന്നെ ആണുങ്ങളൊക്കെ പള്ളിയില്‍ പോയി തറാവീഹ് നിസ്‌ക്കാരം കഴിഞ്ഞാണ് അടുത്ത നോമ്പുതുറ. കൊറേ തരം കഞ്ഞികളാണ് മൂന്നാം നോമ്പുതുറയ്ക്ക്. ’ രണ്ടാം നോമ്പുതുറയ്ക്കിടയില്‍ വീട്ടുകാരി അടുപ്പത്ത് വെന്തുകൊണ്ടിരിക്കുന്ന പൊടിയരക്കഞ്ഞിയുടെ കാര്യം ഓര്‍മ്മിപ്പിച്ചു. ഇതുകൂടാതെ ജീരക കഞ്ഞി, ഗോതമ്പ് കഞ്ഞി തുടങ്ങിയവയും വയ്ക്കാറുണ്ട്. അത്താഴം എന്നും ഈ നോമ്പുതുറയെ വിളിക്കും. എല്ലാം കഴിഞ്ഞ് ഉറങ്ങാന്‍ കിടക്കുമ്പോള്‍ അര്‍ധരാത്രിയാവും. പിന്നെ വീണ്ടും പുലര്‍ച്ചെ നോമ്പെടുക്കാനായി എഴുന്നേല്‍ക്കണം. ഏതായാലും അലാറാമും മറ്റുമൊക്കെയുള്ള ഇക്കാലത്ത് ഉറങ്ങിപ്പോവുമെന്ന പേടി വേണ്ട. പക്ഷേ പണ്ടു കാലത്ത് അങ്ങനെയായിരുന്നില്ല. ചില ദിവസങ്ങളിലൊക്കെ ക്ഷീണം കൊണ്ട് ഉറങ്ങിപ്പോവുകയും സുബ്ഹി ‘ഖളാഅ്’ ആയിപ്പോവുകയും ചെയ്തിട്ടുണ്ട്.
  അത്താഴം ബാവമാര്‍ 
 പണ്ട് അത്താഴം ബാവമാരുടെ കൂടി കാലമായിരുന്നു. നോമ്പുകാലത്ത് മാത്രമായി കണ്ണൂര്‍ തലശേരി മേഖലയില്‍ പ്രത്യക്ഷപ്പെടുന്ന പഠാണികള്‍. നോമ്പുകാലത്ത് മഹല്ലിലെ ഏതാണ്ട് എല്ലാ മുസ്ലിം വീടുകളിലുമെത്തി ഇവര്‍ സുബ്ഹി ബാങ്കിനു മുമ്പ് ദഫ് മുട്ടി ‘ആഗയാ ആഗയാ റംസാന്‍..’ എന്നു തുടങ്ങുന്ന പാട്ടുപാടി വീട്ടുകാരെ ഉണര്‍ത്തും. പെരുന്നാളാവുന്നതോടെ ഇവര്‍ക്കു മഹല്ലിലെ വീട്ടുകാരെല്ലാം കൂടി നല്ല ഒരു തുക കൈനീട്ടമായി നല്‍കുകയും ചെയ്യും. ഇപ്പോഴും അപൂര്‍വമായി ഇവര്‍ നോമ്പുകാലത്ത് ദഫ്മുട്ടുമായി വരാറുണ്ട്.
  ‘പുയ്യ്യാപ്ലമാരെ തക്കരിക്കാന്‍’ പറ്റിയ സമയം
 കല്യാണം കഴിഞ്ഞ ആണ്‍വീട്ടുകാരേയും പെണ്‍വീട്ടുകാരേയും സല്‍ക്കരിക്കാന്‍ പറ്റിയ സമയം കൂടിയാണ് നോമ്പുകാലം. പ്രത്യേകിച്ച് വീട്ടിലെ പുയ്യ്യാപ്ലമാരെ. നോമ്പുതുറയ്ക്ക് എല്ലാ വീട്ടുകാരും ചേര്‍ന്നാല്‍ ഒരു പട തന്നെ ഉണ്ടാവും. ആദ്യമൊക്കെ സ്ത്രീകള്‍ക്ക് ഇന്നുള്ളതു പോലുള്ള സ്വാതന്ത്ര്യമൊന്നും ഇല്ലായിരുന്നു. വിദ്യാഭ്യാസത്തിനൊന്നും വല്യ പ്രാധാന്യമുണ്ടായിരുന്നില്ല. തലശേരിയില്‍ ആദ്യമായി കാര്‍ വാങ്ങിയവരില്‍ പെട്ടവരായിരുന്നെങ്കിലും ഡ്രൈവര്‍ സീറ്റിനു പിന്നില്‍ അന്യപുരുഷന്റെ നോട്ടമേല്‍ക്കാതിരിക്കാന്‍ കര്‍ട്ടന്‍ തൂക്കിയിടുമായിരുന്നു.
 കഞ്ഞിപ്പശ മുക്കി ഇസ്തിരിയിട്ട്, മടക്കി, വടി പോലെയാക്കിയ തളങ്കര തൊപ്പിയുമിട്ട് ആലിപ്പി കേയിയും വീട്ടിലെ ആണുങ്ങളുമെല്ലാം തറാവീഹ് നമസ്‌ക്കാരത്തിനായി പള്ളിയില്‍ പോവാനുള്ള ഒരുക്കത്തിലാണ്. ആദ്യനോമ്പുതുറ പതിവു പോലെ ഭംഗിയായി കഴിഞ്ഞതിന്റെ സന്തോഷം എല്ലാവരുടേയും മുഖത്തുണ്ട്. ഈ ഭക്തിയുടെ ദിവസങ്ങളില്‍ പരമാവധി പുണ്യകര്‍മങ്ങള്‍ ചെയ്യണം. അല്ലാഹുവിനോട് കൂടുതല്‍ അടുക്കണം. പിന്നെ എല്ലാം പടച്ചോന്‍ വിധിച്ചതു പോലെ.

Monday, April 23, 2012

ഞാന്‍ എന്ന ഭാഗ്യവാന്‍

ഞാന്‍ എന്ന ഭാഗ്യവാന്‍ എന്റെ ഈയിടെ കല്യാണം കഴിഞ്ഞ സഹോദരിയുടെ അഭിപ്രായത്തില്‍ വീട്ടിലെ ഏറ്റവും ഭാഗ്യവാന്‍ ഞാനാണ്. മറ്റു പലരേക്കാളും മുമ്പേ, പല കാര്യങ്ങളും ചെയ്യാനും നേടിയെടുക്കാനും എനിക്കു കഴിഞ്ഞു എന്നാണു അവള്‍ പറയാറ്. പിന്നെയും എന്ത് എന്നും എന്തുകൊണ്ട് എന്നും ചോദിക്കുമ്പോള്‍ അവള്‍ പത്തു കാര്യങ്ങള്‍ എണ്ണി പ്പറയും. 1. കൂടുതല്‍ കാലം ഉപ്പാപ്പയുടെ കൂടെ കഴിയാന്‍ കഴിഞ്ഞു. ഉപ്പാപ്പ മരിക്കുന്നതുവരെ ഉപ്പാപ്പയുടെ ഏറ്റവും അടുത്ത സുഹൃത്തു പോലെയായിരുന്നു ഞാന്‍. പണ്ട്, ബസില്‍ കയറുമ്പോള്‍ ചര്‍ദ്ദിക്കുന്ന ശീലമുണ്ടായിരുന്ന ഞാന്‍, ഉപ്പാപ്പയുടെ മുട്ടോളം നീളമുള്ള കുപ്പായക്കീശയില്‍ ചര്‍ദ്ദിച്ചു നിറച്ച കഥ ഉമ്മാമ്മ പലപ്പോഴും പറയാറുണ്ട്. 2. പലയിടങ്ങളിലും പെട്ടെന്നു ശ്രദ്ധാകേന്ദ്രമാവാന്‍ കഴിയുന്നു. സ്‌കൂളില്‍, നാട്ടില്‍, മത്‌സരങ്ങളില്‍... 3. യുവജനോത്‌സവങ്ങളിലും മറ്റു മത്‌സരങ്ങളിലും ഞാന്‍ എഴുതുന്നത് വിധികര്‍ത്താക്കള്‍ക്കു മനസിലാകാത്തതിനാല്‍, എന്തോ സംഭവമാണെന്നു കരുതി വെറുതെ സമ്മാനം നല്‍കുകയാണ്. എന്റെ ഭാഗ്യം. 4. സ്‌കൂളില്‍ പഠിക്കുമ്പോള്‍ കേരള സംസ്ഥാന വിദ്യാഭ്യാസ ലോട്ടറിയുടെ 100 രൂപ അടിച്ചിരുന്നു.കുടുംബത്തില്‍ നിന്ന് ആദ്യമായി ലോട്ടറി അടിച്ച ആള്‍. 5. അമ്മാവന്റെയും എന്റെയും ഏതാണ്ട് ഒരേ ശരീരപ്രകൃതിയായതിനാല്‍, കാലം കഴിയുമ്പോഴും പഴക്കം കൂടുമ്പോഴും അമ്മാവന്റെ വിപുലമായ വസ്ത്രശേഖരം എനിക്കു കിട്ടുമായിരുന്നു. 6.മീന്‍ പിടിക്കാന്‍ പോവുമ്പോള്‍, ശരിക്കും നീന്തല്‍ അറിയില്ലെങ്കില്‍ കൂടി മറ്റുള്ളവര്‍ക്കു കിട്ടുന്നതിനേക്കാളുമേറെ ഇരിമീനും പയ്യത്തിയുമൊക്കെ എന്റെ മീന്‍സഞ്ചിയിലേക്ക് ആവാഹിക്കപ്പെടുന്നു! 7. വീടിന്റെ ഗ്‌ളാസ് ജനാലകളുടയാതെ പന്തേറും ക്രിക്കറ്റും കളിക്കാന്‍ കഴിയുന്നു. മറ്റു പലരും ശ്രമിച്ച്, പരാജയപ്പെട്ട് ഉപ്പയുടെ അടി വാങ്ങിയിട്ടുണ്ട്. 8. എന്റെ മുന്‍വശത്തെ പൊട്ടിയ രണ്ടു പല്ലുകള്‍ ഭാഗ്യത്തിന്റേതാണ്. ( മുമ്പ്, ജ്യേഷ്ഠനുമായുള്ള അടിപിടിക്കിടയിലാണ് അവ പൊട്ടിയത്. ടിവിയില്‍ ക്രിക്കറ്റ് കളി കണ്ടുകൊണ്ടിരിക്കുമ്പോള്‍, സച്ചിന്‍ ഔട്ട് ആയ ദു:ഖത്തില്‍ വീടിനു പുറത്തിറങ്ങാന്‍ തുടങ്ങിയ എന്നോട്, ജ്യേഷ്ഠന്‍, അവിടെത്തന്നെ ഇരിക്കാനും അടുത്തതായി അസ്ഹര്‍ ബാറ്റിങ്ങിനിറങ്ങുമെന്നു പറഞ്ഞതും ‘എനിക്കാ കിളവന്റെ ബാറ്റിങ് കാണണ്ട’ എന്നു ഞാന്‍ തിരിച്ചു പറഞ്ഞതും അവിടെത്തന്നെയിരിക്കാന്‍ ജ്യേഷ്ഠന്‍ വീണ്ടും കല്‍പ്പിച്ചതും ഞാന്‍ എനിക്ക് വേറെ പണിയുണ്ടെന്ന് പറഞ്ഞ് എഴുന്നേറ്റ് നടന്നു തുടങ്ങിയതും ജ്യേഷ്ഠന്‍ എന്റെ വഴിയില്‍ കാല്‍ കൊണ്ടു വച്ചതും ഞാന്‍ ‘കുമ്പ്ടാണ്ടം’ വീണതും പല്ലു പൊട്ടിയതും മുഖവും നിലവും ചോരയില്‍ നനഞ്ഞതും..) 9. ഉയരമുള്ളതു മറ്റൊരു ഭാഗ്യം. 10. മുമ്പൊരിക്കല്‍ വീടിന്റെ ഒന്നാമത്തെ നിലയില്‍ പിടിച്ചു കയറാന്‍ ശ്രമിച്ച്, സിമന്റ് അടര്‍ന്നു വീണ് ഒന്നും പറ്റാതെ രക്ഷപ്പെട്ടതും എന്റെ ഭാഗ്യം തന്നെ. അവള്‍ ഇതു പറയുമ്പോള്‍ അവള്‍ക്കു സ്‌നേഹനിധിയായ ഒരു ഭര്‍ത്താവിനെ കിട്ടിയതാണു ഏറ്റവും വലിയ ഭാഗ്യമെന്നു ഞാന്‍ പറയും. പിന്നെ ഒരു ലോകരഹസ്യമെന്ന മട്ടില്‍ അതിലും വലിയ ഭാഗ്യം ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ ഒരാളുടെ സഹോദരിയാവാന്‍ കഴിഞ്ഞതാണെന്നും ഓര്‍മ്മിപ്പിക്കും. പതിവു അഹങ്കാരത്തോടു കൂടി തന്നെ.

Saturday, April 21, 2012

ഓര്‍മകളിലെ മഞ്ഞവെളിച്ചത്തിലേക്കുള്ള എത്തിനോട്ടമാണ് വിഷു.

ഓര്‍മകളിലെ മഞ്ഞവെളിച്ചത്തിലേക്കുള്ള എത്തിനോട്ടമാണ് വിഷു.

ഓര്‍മകളിലെ മഞ്ഞവെളിച്ചത്തിലേക്കുള്ള എത്തിനോട്ടമാണ് ചിലര്‍ക്കു വിഷു. ദീപാലങ്കാരമായ വീടുകള്‍, കമ്പിത്തിരിയുടേയും ഏറുപടക്കത്തിന്റേയും വസന്തകാലം, തൊടിയിലെ വടക്കേ അതിരിലെ കൊന്നമരം, കണി കാണാന്‍ കണ്ണടച്ച് വരുന്ന കുട്ടിക്കാലം, വിവിധോദ്ദേശപദ്ധതികള്‍ക്കായി ഉപയോഗിക്കുന്ന കൈനീട്ടം.. മലയാളിയുടെ ഹൃദയത്തിലിടം നേടിയ പ്രിയപ്പെട്ടവരുടെ വിഷുവോര്‍മകളിലൂടെ.
  കൈനീട്ടത്തിന്റെ വിവിധോദ്ദേശങ്ങള്‍ 
 ‘വിഷുവെന്നാല്‍ വിവിധോദ്ദേശപദ്ധതികള്‍ക്കായി ഉപയോഗിച്ച വിഷുക്കൈനീട്ടമാണ് ആദ്യമായി ഓര്‍മ്മ വരുന്നത്. വിഷുക്കൈനീട്ടം നമ്മുടെ ഒരു അവകാശമായിരുന്നു അന്നൊക്കെ. എല്ലാ മുതിര്‍ന്നവരേയും കണ്ട് വിഷുക്കൈനീട്ട കളക്ഷന്‍ കൃത്യമായി മേടിക്കുന്ന ഗുണ്ടാ നേതാക്കളായിരുന്നു ഞങ്ങള്, കുട്ടിക്കാലത്ത്..’ സംവിധായകന്‍ അമല്‍ നീരദിന്റെ ഓര്‍മകള്‍ക്കുമുണ്ട് ചടുലമായ ഫ്രെയിമും വിഷ്വല്‍ ബ്യൂട്ടിയും. ദീപാവലിയേക്കാള്‍ വിഷുവായിരുന്നു ദീപാലങ്കാരങ്ങളാല്‍ സമൃദ്ധം. പിന്നെ ദൈവത്തിന്റെ പടങ്ങളുമുണ്ടാവും ഇഷ്ടം പോലെ. ആകെയൊരു മഞ്ഞവെളിച്ചവും അമ്മ വിഷുക്കണി കാണിക്കാന്‍ കൊണ്ടുപോവുന്ന സീനും ഇന്നും മനസിലുണ്ട്. ഈ പ്രായത്തില്‍ അമ്മയത് കാണിച്ചു തന്നാലും കിട്ടില്ലാത്ത വിധം അതൊക്കെ നഷ്ടപ്പെട്ട ഓര്‍മ്മകളായിരിക്കുന്നു. അമല്‍ 80 കളുടെ അവസാനത്തിലേക്ക് ഫ്‌ളാഷ് ബാക്ക് ചവിട്ടി.
 ആദ്യകാലങ്ങളില്‍ വിഷുക്കൈനീട്ടം പടക്കം മേടിക്കാന്‍ വേണ്ടി മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നീടത് സിനിമ കാണാനും കൂട്ടിവെച്ചു. അന്ന് കണ്ട ഒരു സിനിമ ഇപ്പോഴും ഓര്‍മ്മയുണ്ട്. ‘നമ്മുടെ ആമിര്‍ ഖാന്റെ ലഗാനെയൊക്കെ സ്വാധീനിച്ച പടം. എസ്‌കേപ്പ് ടു വിക്ടറി എന്നാണ് പേര്. നാസി തടവറയില്‍ നിന്നും ഫുട്‌ബോള്‍ കളിച്ച് രക്ഷപെടുന്നവരുടെ കഥയാണ്. സാക്ഷാല്‍ പെലെയും സില്‍വസ്റ്റര്‍ സ്റ്റാലിനുമൊക്കെ അടങ്ങിയ വന്‍താര നിര തന്നെയുണ്ടായിരുന്നു ചിത്രത്തില്‍. പിന്നെ ഫിലിം സ്‌കൂളില്‍ ചേര്‍ന്നപ്പോഴാണ് ഇതിനും സ്വാധീനമായി ഒരു ഈസ്റ്റ് യൂറോപ്യന്‍ ഒറിജിനല്‍ ഉണ്ടെന്ന് മനസിലായത്. ഈ സിനിമ കണ്ട തീയേറ്ററിനുമുണ്ട് പ്രത്യേകത. എറണാകുളത്തെ കലൂരുള്ള പഴയ സീത തീയേറ്ററില്‍ വെച്ചാണ് ഇതു കണ്ടത്. ഇപ്പോള്‍ അതൊരു ഓഡിറ്റോറിയമാ..’
 പിന്നെയുള്ളത് പടക്കങ്ങള്‍. വലിയ പടക്കങ്ങളോടൊക്കെ ഒരു തരം പേടിയായിരുന്നു. പാമ്പുഗുളികയായിരുന്നു ഫേവറിറ്റ്. പിന്നെ സിനിമയിലെത്തിയപ്പോള്‍ ഓണവും വിഷുവുമൊന്നുമില്ലാത്ത സ്ഥിതിയായി. സ്ഥിരംñജോലിക്കാര്‍ക്ക് ആഘോഷിക്കാന്‍ ഒരു ഞായറാഴ്ചയെങ്കിലുമുണ്ട്.‘ ഇപ്പോള്‍ ആകെക്കൂടി വിഷുവായി എന്നറിയുന്നത് എന്റെ സിസ്റ്ററുടെ മകന്‍ ശാശ്വത് കൈനീട്ടം വാങ്ങാന്‍ വരുമ്പോള്‍ മാത്രമാണ്. ’ പല സിനിമകളിലും കണ്ട വിഷുവിന്റെ മഞ്ഞ നൊസ്റ്റാള്‍ജിക് വെളിച്ചം എന്നെങ്കിലും തന്റെ സിനിമകളിലും ഉപയോഗിച്ചേക്കാം എന്ന സാധ്യത പറയുമ്പോള്‍ അമലിന്റെ മുഖത്ത് ബിലാലിന്റെ ബിഗ് ബി ഗൗരവം.
  റേഷന്‍ കാലത്തെ പടക്കക്കാലം 
എഴുത്തുകാരന്‍ സേതുവിന് വിഷുക്കാല ഓര്‍മകള്‍ പഞ്ഞമാസക്കാല ഓര്‍മകള്‍ കൂടിയാണ്. യുദ്ധമൊക്കെ കഴിഞ്ഞുള്ള ദാരിദ്ര്യകാലം. 1960 കള്‍. പ്രത്യേകിച്ച് എടുത്തുപറയാനൊരു സംഭവവുമില്ല. വിഷു വന്നാല്‍ നല്ല ഒരു സദ്യ കിട്ടുമെന്ന കാര്യമാണ് ഏറെ സന്തോഷം നല്‍കുന്ന പ്രധാനം. ‘അന്ന് ഏതാണ്ടെല്ലാം റേഷനായിരുന്നല്ലോ. യുദ്ധം കഴിഞ്ഞ സമയമയതു കൊണ്ട് ഗോതമ്പും ചോളവുമൊക്കെയാ കിട്ടിയിരുന്നത്. അരി കണി കാണാന്‍ കഴിയുന്നതു തന്നെ വലിയ സൗഭാഗ്യമായിരുന്നു...’ സേതു ഓര്‍മ്മിക്കുന്നു.
 അന്ന് രണ്ടണ ആയിരുന്നു വിഷുക്കൈനീട്ടം. പിന്നീട് അത് നാലണയായി. രണ്ടണയും നാലണയും കഴിഞ്ഞ് ഇന്നിപ്പോള്‍ നൂറു രൂപ വരെയായി. ‘മിനിമം 100 എങ്കിലും വേണം ഇപ്പോള്‍ പിള്ളേര്‍ക്ക് കൈനീട്ടമായി. പത്തൊനും കൊടുത്താല്‍ വേണ്ട. കോളജില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ബൈക്കും മൊബൈലുമൊക്കെ ഇല്ലാതിരിക്കുന്നത് മോശമാണെന്നു കരുതുന്ന കാലമല്ലേ? അഅതുകൊണ്ടെന്താ, ആക്‌സിഡന്റിനും ഒരു പഞ്ഞവുമില്ല!’ കഥകളിലൊന്നും ഇതുവരെ വിഷുക്കാലം വന്നിട്ടില്ല. അല്ലെങ്കിലും ഓര്‍ക്കാനിഷ്ടപ്പെടുന്ന ഒന്നും അക്കാലത്ത് നടന്നിട്ടുമില്ലല്ലോ. ഇന്ത്യയില്‍ തന്നെ പലയിടത്തും ജോലി ചെയ്തിട്ടുണ്ട്.
ഇന്നത്തെ പോലെ അന്ന് മലയാളി അസോസിയേഷനുകളൊന്നുമില്ലാത്തതു കൊണ്ട് വിഷുവൊന്നും വന്നതേ അറിയുകയില്ല. ഓണവും ക്രിസ്തുമസുമേ അന്നൊക്കെ അല്‍പമെങ്കിലും ആഘോഷിക്കാറുണ്ടായിരുന്നുള്ളൂ. അന്നത്തെ ആഘോഷത്തിന്റെ മാക്‌സിമം ഭക്ഷണമായിരുന്നു. മോഹങ്ങള്‍ അവിടെ അവസാനിക്കും. അതുകൊണ്ടെന്താ, പിന്നീട് ചുരുങ്ങിയ ആഗ്രഹങ്ങള്‍ക്കിടയിലും ഉള്ളതു കൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കാന്‍ പഠിച്ചു. ജീവിതം കൂടുതല്‍ കാണാനും പഠിക്കാനും കഴിഞ്ഞു. ഇന്ന് പടക്കത്തിനു പോലും ഒരു ഇടത്തരം കുടുംബം 1000 ത്തിനടുത്ത് രൂപ ചെലവാക്കുന്നു. പഴയ കാലത്ത് ആകെക്കൂടി കിട്ടുന്ന കമ്പിത്തിരി, മാലപ്പടകം, മത്താപ്പൂ, ഈര്‍ക്കിലിപ്പടക്കം എന്നിവയില്‍ നിന്നു മാറി ധാരാളം പുതിയ പടക്കങ്ങളും വന്നു. ‘എന്നാലും ആ പഴയ ഏറുപടക്കം അന്ന് ചുവരിലും മതി ലിലുമൊക്കെ എറിഞ്ഞുപൊട്ടിക്കുന്നതിന്റെ സുഖം ഒന്നു വേറെത്തന്നെയായിരുന്നു..’ സേതു പൊടുന്നനെ ഒരു കുട്ടിയാവുന്നു!
സിനിമാ സെറ്റിലെ കണിയും അമ്മയുടെ കൈപ്പുണ്യവും
വിഷുവിന്റെ അന്ന് രാവിലെയുള്ള ഉണരല്‍, കണി ഒരുക്കി വെച്ചിരിക്കുന്ന അമ്മ, കണ്ണടച്ച് പൂജാമുറിയില്‍ ചെന്നുള്ള തൊഴല്‍.. ജഗദീഷിന്റെ ഓര്‍മ്മകള്‍ ശരിക്കുമൊരു സിനിമയിലുള്ളതു പോലെ ക്രമം പാലിച്ചു തന്നെ വരുന്നു. പിന്നെയാവും അമ്മയൊരുക്കിയ പലഹാരങ്ങളുടെ രുചി. വിഷുവിന്റെ അന്ന് ഭാസുരാംഗി അമ്മയുടെ കൈപ്പുണ്യം ശരിക്കും പുറത്തുവരുമായിരുന്നു. വീട്ടില്‍ ഒരു ജോലിക്കാരുടേയും സഹായമൊന്നും വേണ്ട. രാവിലെ നാലുമണിക്കെഴുന്നേറ്റ് തുടങ്ങും ഭക്ഷണമൊരുക്കല്‍.. പിന്നീട് എന്റെ കൂട്ടുകാരും പറഞ്ഞിട്ടുണ്ട്, ഞാനില്ലാത്ത സമയത്ത് വീട്ടില്‍ വരുമ്പോഴെല്ലാം അവര്‍ക്കും വെച്ചുവിളമ്പുന്ന അമ്മയുടെ കൈപ്പുണ്യത്തെപ്പറ്റി.. ജഗദീഷിന്റെ ഓര്‍മ്മകളില്‍ അമ്മയും വിഷുക്കാലവും ഒരു പോലെ പീലി വിടര്‍ത്തുന്നു. 
 ‘എന്റെ അച്ഛന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച ദിവസമേതെന്നു ചോദിച്ചാല്‍ അതൊരു വിഷുക്കാലത്താണെന്നു ഞാന്‍ പറയും. തിരുവനന്തപുരത്തെ സെന്‍ട്രല്‍ ഹൈസ്‌കൂള്‍ അധ്യാപകനായിരുന്നു അച്ഛന്‍ കെ പരമേശ്വരന്‍. ആ വിഷുക്കാലത്താണ് എനിക്ക് കാനറ ബാങ്കില്‍ പോസ്റ്റിങ് കിട്ടിയത്. ആ കാലത്ത് ഞങ്ങള്‍ പാപ്പനംകോട് ഒരു വാടകവീടില്‍ താമസിക്കുകയായിരുന്നു. മലപ്പുറത്തെ എടപ്പാളിലായിരുന്നു എനിക്ക് പോസ്റ്റിങ് കിട്ടിയത്. അന്ന് എന്നെ പിരിയാന്‍ വിഷമമായിരുന്നെങ്കിലും മകന് ജോലി കിട്ടിയല്ലോ എന്ന സന്തോഷമായിരുന്നു. ‘പിന്നീട് സിനിമാ നടനായതില്‍ പോലും അച്ഛന് ഇത്രയധികം സന്തോഷമുണ്ടായെന്ന് തോന്നുന്നില്ല.’ 
 അമ്മ മരിച്ചതിനു ശേഷം വിഷുക്കണി കിട്ടിയിരുന്നത് സിനിമാസെറ്റുകളില്‍ നിന്ന് സുകുമാരിച്ചേച്ചി വകയായിരുന്നു. ‘ഷൂട്ടിങ് വിഷുക്കാലത്താണെങ്കില് അവര് രാവിലെ എഴുന്നേറ്റ് കുളിച്ച് കോയിന്‍ തരും. ഇങ്ങനെ വെല്‍കം ടു കൊടൈക്കനാല്‍, സ്ത്രീധനം തുടങ്ങിയ സെറ്റുകളിലൊക്കെ എനിക്കു കോയിന്‍ കിട്ടിയിട്ടുണ്ട്.’ കഴിഞ്ഞ വിഷുക്കാലമാണ് മറക്കാനാവാത്ത മറ്റൊരനുഭവം. പിന്നണി ഗായകന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ അന്ന് തിരുവനന്തപുരത്തെ റീജ്യണല്‍ കാന്‍സര്‍ സെന്ററിലെ കുട്ടികള്‍ക്ക് കൈനീട്ടം നല്‍കിയത് ഒരു നല്ല അനുഭവമായിരുന്നു. അവരുടെ മനസിലെ സന്തോഷം ശരിക്കും അനുഭവിക്കാന്‍ കഴിഞ്ഞു. അതേസമയം തന്നെ ഉള്ളിലെ വിഷമമറിയിക്കാതെ അവരുടെ അമ്മമാരും കൂടെ കൂടി. എല്ലാവര്‍ക്കും രോഗശാന്തി നല്‍കണേയെന്ന് ഈശ്വരനോട് ആത്മാര്‍ഥമായി പ്രാര്‍ഥിച്ചു. പിന്നെ എല്ലാം ഈശ്വരനിശ്ചയമാണല്ലോ. കൈനീട്ടം എന്നൊക്കെ പറയുന്നത് ബന്ധങ്ങളുടേതു കൂടിയാണല്ലോ. 
അമ്മ സംഘടനയുടെ പന്ത്രണ്ട് വര്‍ഷമായുള്ള ട്രഷററാണ് ഞാന്‍. ഞങ്ങള്‍ സംഘടനയില്‍ കൊണ്ടുവന്നിരിക്കുന്ന ഒരു പരിപാടിയുടെ പേര് തന്നെ കൈനീട്ടം എന്നാണ്. ഇതു മുതിര്‍ന്ന കലാകാരന്‍മാര്‍ക്ക് നല്‍കുന്ന സാമ്പത്തികസഹായം മാത്രമല്ല, അവരെ അംഗീകരിക്കുന്നതിന്റെ സന്തോഷം കൂടിയാണ്. അത് അവരുടെ അവകാശമാണ്. അവര്‍ ചെയ്ത ത്യാഗത്തിന്റെ പ്രതിഫലവുമാണ്. ‘വിഷുവുമായി ബന്ധമില്ലെങ്കിലും ആ പഴയ വിഷുക്കൈനീട്ട ഓര്‍മ്മകള്‍ തന്നെയാണ് ഈ പെന്‍ഷന്‍ പദ്ധതിക്ക് കൈനീട്ടമെന്ന് പേരിടാന്‍ കാരണവും.’ ജഗദീഷ് പറയുന്നു. .

Thursday, April 19, 2012

Wednesday, April 18, 2012

മൈസൂരിലെ കാഴ്ചകള്‍


മൈസൂരിലെ കാഴ്ചകള്‍
എന്റെ ബാല്യത്തില്‍ കുറച്ചുകാലം മൈസൂരില്‍ കഴിയാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. അന്ന്, സ്വന്തമായി നാട്ടില്‍ വീടാകുന്നതിനു മുമ്പ് പരിവാരസമേതം മൈസൂരില്‍ കഴിയുകയായിരുന്നു. ഞാന്‍, ജ്യേഷ്ഠന്‍, ഉപ്പ, ഉമ്മ. അന്ന് ശേഷമുള്ള സഹോദരങ്ങള്‍ ജനിച്ചിരുന്നില്ല. വളരെ ചെറിയ ഒരു വീടായിരുന്നു അത്. കഷ്ടിച്ച് എല്ലാവര്‍ക്കും താമസിക്കാവുന്ന ഒരു വീട്. ചെറിയ രണ്ടു മുറികള്‍. ഒരു അടുക്കള. ബാത്‌റൂം. ഉപ്പയുടെ കൂടെ എന്നും വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ കടയില്‍ പോയിരിക്കും. ജീവിതത്തിലെ നിറമുള്ള ഘട്ടങ്ങളില്‍ ഒന്നായിരുന്നു അത്. വൈകുന്നേരങ്ങളില്‍ തുടങ്ങി അര്‍ധരാത്രിയോളം നീളം മൈസൂരിലെ തെരുവുകാഴ്ചകള്‍. രാത്രി പതിനൊന്നര മണിക്ക് തിരിച്ചു വരുന്നത് വളരെ രസകരമായ അനുഭവമായിരുന്നു. ഒരുപാടു തെരുവുനായ്ക്കളും കഴുതകളും കുതിരകളും പന്നികളു മുണ്ടാകും അപ്പോള്‍ ഞങ്ങള്‍ക്കു കൂട്ട്. അവയും ഞങ്ങളോടൊപ്പം വീടുവരെ അനുഗമിക്കും. ആരെയും ഉപദ്രവിക്കാന്‍ ഇവയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ഈ അനുഗമനത്തിന് ഒരു മാര്‍ച്ച് പാസ്റ്റിന്റെ ചന്തമായിരുന്നു. നാലോ അഞ്ചോ വയസായിരുന്നു അന്നെനിക്ക്. അന്ന് എനിക്കുണ്ടായിരുന്ന, എന്നില്‍ ആദ്യമായി അഹങ്കാരം നിറച്ച ചാരനിറത്തിലുള്ള പാന്റും കോട്ടും ഇന്നും ഓര്‍മ്മകളിലുണ്ട്. ഒരു ദസറയ്ക്ക് തവിട്ടു കസവുള്ള ഡബിള്‍ മുണ്ടിനൊപ്പം ഉപ്പ വാങ്ങിത്തന്നത്. പിന്നെ വര്‍ഷങ്ങള്‍ക്കു ശേഷം എന്റെ ഹൈസ്‌കൂള്‍ വെക്കേഷനുകളിലാണ് ഞാന്‍ വീണ്ടും മൈസൂരിലെത്തുന്നത്. അന്ന് പക്ഷേ, മുമ്പുണ്ടായിരുന്ന മെയ് ഫ്‌ളവര്‍ മരത്തിനടുത്തുള്ള വീട്ടില്‍ നിന്നും മാറി ഞങ്ങള്‍ താമസിച്ചത് മറ്റൊരിടത്തായി രുന്നു. നിരനിരയായി ഒരേ പോലുള്ള വീടുകള്‍ മാത്രം നിരന്നു നില്‍ക്കുന്ന ഒരു തെരുവിന്റെ മധ്യത്തിലുള്ള വീട്ടില്‍. വീടിന്റെ ഇരുചുവരിനുമപ്പുറം മറ്റു വീടുകളാണ്. വീടിനു മുന്നില്‍ തിരിച്ചറിയാനായി ഉറുമാന്‍ പഴം കായ്ക്കുന്ന ഒരു മരം നിന്നിരുന്നു. വീടിനു മുന്നില്‍ പരന്നു കിടക്കുന്ന മൈതാനമാണ്. ഇവിടെ എന്നും കുട്ടികളും മുതിര്‍ന്നവരുമടങ്ങുന്ന ഒരു സംഘം എന്നും ക്രിക്കറ്റോ ടെന്നീസോ കളിച്ചു കൊണ്ടിരിക്കുന്നുണ്ടാവും. അടുത്തുള്ള എന്‍ജിനീയറിംഗ് കോളേജിന്റെ ഭാഗമാണ് ഈ മൈതാനം. അതിനടുത്തു തന്നെയായിരുന്നു പശുക്കളെ വളര്‍ത്തുന്ന പാല്‍ക്കാരിയമ്മൂമ്മയും ഇറച്ചിക്കാരന്‍ ജഹാംഗീറിന്റെയും താമസം. ഉദയഗിരി എന്നായിരുന്നു ആ സ്ഥലത്തിന്റെ പേര്. ഒരു സാധാരണ ടൗണ്‍. മൈസൂര്‍ മേയര്‍ താമസിക്കുന്ന പ്രദേശം. ഉപ്പ അവിടുത്തെ അല്‍പസ്വല്‍പം അറിയപ്പെടുന്ന പലചരക്കു കച്ചവടക്കാരനായിരുന്നു. കര്‍ക്കശക്കാരനൊന്നുമല്ലെങ്കിലും, സാധന ങ്ങള്‍ വാങ്ങി പണം നല്‍കാതെ പോകുന്നവര്‍ക്കു നേരെ ഉപ്പ കൈക്കരുത്ത് കാണിക്കുമായിരുന്നു. ‘ഇവിടെ ജീവിക്കണെങ്കില് കൊറച്ച് അടിയും ധൈര്യോം ല്ലം മാണം..’ ഉപ്പ പറയും.

Saturday, April 14, 2012

ഗ്രീന്‍ ബില്‍ഡിങ്പരിസ്ഥിതി സൗഹാര്‍ദപരമായ കെട്ടിടനിര്‍മാണം

ഗ്രീന്‍ ബില്‍ഡിങ്പരിസ്ഥിതി സൗഹാര്‍ദപരമായ കെട്ടിടനിര്‍മാണം പരിസ്ഥിതി സൗഹാര്‍ദപരമായ കെട്ടിടങ്ങളാണ് ഗ്രീന്‍ ബില്‍ഡിങ് കണ്‍സെപ്ട് കൊണ്ടു ഉദ്ദേശിക്കുന്നത്. കെട്ടിടനിര്‍മാണം കൊണ്ട് പരിസ്ഥിതിയ്ക്കുണ്ടാവുന്ന പരിക്കുകള്‍ പരമാവധി കുറയ്ക്കുക. കേരളത്തില്‍ ഇതേ സാങ്കേതികവിദ്യ ഉപയോഗിച്ച് കെട്ടിടങ്ങളും വീടുകളും വന്നുതുടങ്ങിക്കഴിഞ്ഞു. കൊച്ചിയിലെ വിപ്രോയുടെ ഓഫീസ് കെട്ടിടം ഗ്രീന്‍ ബില്‍ഡിങ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച കെട്ടിടമാണ്. ആഗോളതലത്തില്‍ തന്നെ ഇതൊരു തരംഗമായി മാറിയിരിക്കുകയാണ്. വെളിച്ചത്തിനും കാറ്റിനും ഗ്രീന്‍ ഹൗസ് നിര്‍മാണരീതി ഏറെ പ്രാധാന്യം നല്‍കുന്നു. നമ്മുടെ നാട്ടിലെ പഴയ നാലുകെട്ടുകളും എട്ടുകെട്ടുകളുമല്ലാം ഗ്രീന്‍ ബില്‍ഡിങ് കണ്‍സെപ്ടിന്റെ പഴയ മാതൃകകളായിരുന്നു. വേണ്ടതിലേറെ വെളിച്ചവും വായുവും ഇവിടെ ലഭിച്ചിരുന്നു. പക്ഷേ, ഇടക്കാലത്ത് ഈ സ്ഥിതിയ്ക്ക് മാറ്റം വരികയുണ്ടായി. മഴവെള്ള സംഭരണി, സൂര്യപ്രകാശവും കാറ്റും വേണ്ടുംവിധം വിധം വെന്റിലേഷന്‍, പച്ചപ്പാര്‍ന്ന ലാന്‍ഡ്‌സ്‌കേപ്പ് ഇവയെല്ലാം ഇതില്‍ പെടും. ഗ്രീന്‍ ഹൗസ് നിര്‍മിച്ച് ആദ്യമൂന്നു വര്‍ഷം സാധാരണകെട്ടിടങ്ങളേക്കാള്‍ ചെലവു കൂടുമെങ്കിലും അഞ്ചു കൊല്ലം കഴിയുന്നതോടെ ലാഭത്തിലാവും. ഊര്‍ജ ഉപയോഗത്തിലെ കുറവ്, മെയിന്റനന്‍സ് കുറവ് എന്നീ കാര്യത്തിലാവും ഇത്. പരിസ്ഥിതിയെ അധികമൊന്നും ബുദ്ധിമുട്ടിക്കാത്ത നിര്‍മാണവസ്തുക്കളാവണം കെട്ടിടനിര്‍മാണത്തില്‍ ഉപയോഗിക്കേണ്ടത്. ഗ്രീന്‍ കണ്‍സെപ്ടിന് ചില വഴികള്‍
1 വീടിരിക്കുന്ന പ്രകൃതിയിലെ സ്വാഭാവിക കുന്നുകളും നീരുറവകളുമൊക്കെ നിലനിര്‍ത്തണം. 2 വീടിനു മുറ്റത്ത് മനോഹരമായ പൂന്തോട്ടം നിര്‍മിക്കാം. 3 കാലാവസ്ഥയേയും കീടങ്ങളേയും അതിജീവിക്കുന്ന നാടന്‍ ചെടികള്‍ തിരഞ്ഞെടുക്കാം. വീടിനു ചുറ്റുമുള്ള ചൂട് കുറയ്ക്കാന്‍ ഇതിടയാക്കുന്നു. 4 ഫ്‌ളോറിങ്ങില്‍ തറയോടുകള്‍ പോലുള്ള എക്കോഫ്രണ്ട്‌ലി ഉപകരണങ്ങള്‍ ഉപയോഗിക്കാം. 5 കെട്ടിടങ്ങളോട് ചേര്‍ന്ന് വരുന്ന വിധം വെര്‍ട്ടിക്കല്‍ ഗാര്‍ഡനും റൂഫ് ഗാര്‍ഡനുമൊക്കെ നല്‍കുമ്പോള്‍ വീടിന് ഒരു എസിയുടെ ഫലം തരുന്നു. 6 ചുവരുകളില്‍ ഇന്റര്‍ലോക്ക് ബ്രിക്കുകളും മറ്റു എക്കോ ഫ്രണ്ട്‌ലി ഉത്പന്നങ്ങളുമുപയോഗിക്കാം. 7 മുറ്റത്ത് കോണ്‍ക്രീറ്റ് ചെയ്യുന്നതിനു പകരം പ്രകൃതി ദത്തമായ കല്ലുകള്‍ ഉപയോഗിക്കാം.

Monday, April 9, 2012

നുമ്മക്കോരോ നാരങ്ങാസോഡയങ്ങ് കാച്ചിയാലോ..


നുമ്മക്കോരോ നാരങ്ങാസോഡയങ്ങ് കാച്ചിയാലോ..

...അന്ന് ഭാര്യയേയും ഭാര്യയുടെ അമ്മയേയും വെട്ടിയതിനു ശേഷം സുരേഷ്, പോലീസിനു പിടി കൊടുക്കാതെ വന്നുകയറി യതും റഹ്മാന്‍ സ്‌റ്റോര്‍സിലായിരുന്നു. ചോരയില്‍ കുളിച്ച് അപരിഷ്‌കൃതനെപ്പോലെ വന്നുകയറിയ സുരേഷ് ആദ്യം ആവശ്യപ്പെട്ടത് സോഡയ്ക്കാണ്. റഹ്മാന്‍ സോഡയ്‌ക്കൊപ്പം രണ്ട് മൈസൂര്‍ പഴം കൂടി നല്‍കുകയും ഒരു ജീരകസോഡ കൂടി എടുക്കട്ടേയെന്നു ചോദിക്കുകയും ചെയ്തു.
റഹ്മാന്‍ സ്‌റ്റോര്‍സില്‍ നാല് തരം സോഡകളാണ് ഉള്ളത്.
1. ജീരകസോഡ. ജീരകത്തിന്റെ സ്വാദുള്ളത്. കുപ്പിയില്‍ റെഡിമെയ്ഡായി വരുന്നത്. ഒരു കുപ്പിയ്ക്ക് അഞ്ച് രൂപ.
2. ലൈം സോഡ. എല്ലാ കടകളിലും സാധാരണയുണ്ടാവുന്ന ചെറുനാരങ്ങയും ഉപ്പും ചേര്‍ത്ത സോഡ. ഒരു ഗ്ലാസിന് നാലു രൂപ.
3. സാധാ സോഡ. ഇപ്പോള്‍ ഒരു കുപ്പിയ്ക്ക് രണ്ടര രൂപ. മുമ്പ് ഒന്നരരൂപയായിരുന്നു കുറേക്കാലം.
4. മോര് സോഡ. റഹ്മാന്റെ സ്‌പെഷ്യല്‍ സോഡയാണ് ഇത്. ഇവിടെ മാത്രം കിട്ടുന്നത്.സോഡയ്‌ക്കൊപ്പം മോരും ചേര്‍ ത്തുള്ളത്. കുപ്പിയ്ക്ക് അഞ്ചു രൂപ.
ജീരകസോഡ മുഴുവനായും കുടിച്ചു കഴിഞ്ഞതിനു ശേഷം മാത്രമാണ് റഹ്മാന്‍ സുരേഷിനോട് ഷര്‍ട്ടിലെ ചോരപ്പാടുകളെക്കുറിച്ചു ചോദിച്ചത്...

Saturday, April 7, 2012

ഫ്‌ളാറ്റു വാങ്ങാന്‍ പറ്റിയ സമയം






ഫ്‌ളാറ്റു വാങ്ങാന്‍ പറ്റിയ സമയം


താമസിക്കാനൊരിടം എന്ന നിലയില്‍ വീടിനെ ചുറ്റിപ്പറ്റി വിരിഞ്ഞിരുന്ന മലയാളി സ്വപ്നങ്ങളൊക്കെയും ഇന്ന് കുറേയെങ്കിലും മാറിയിരിക്കുന്നു. സ്ഥലമില്ലായ്മ എന്ന പരിതസ്ഥിതിയും ഉള്ള സ്ഥലത്തിന്റെ താങ്ങാവുന്നതിലപ്പുറമുള്ള വിലയും മാറിച്ചിന്തിക്കാതെ തരമില്ല എന്നാക്കി. കൂടെ അനുദിനം പൊന്നിന്റെ വിലയെന്ന പോലെ കുതിച്ചുയരുന്ന നിര്‍മാണസാമഗ്രികളുടെ വിലയുമായപ്പോള്‍, വീടിനു പകരം താമസിക്കാനൊരിടം എന്നായിരിക്കുന്നു മലയാളിയുടെ ചിന്ത. ഇതിനിടെ, ഫ്‌ളാറ്റുകളും വില്ലകളും അവര്‍ വിചാരിച്ചതിനേക്കാളുമേറെ സൗകര്യങ്ങളും സുഖവും പ്രദാനം ചെയ്യുന്നുവെന്നു കണ്ടപ്പോള്‍ വീടിനേക്കാള്‍ മനസില്‍ ഫ്‌ളാറ്റ് വസന്തം വിരിയുകയായിരുന്നു.
കുറഞ്ഞ സ്ഥലം, കൂടുതല്‍ ജനവാസം
സ്ഥലപരിമിതി ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഭൂമിശാസ്ത്രം പരിശോധിച്ചാല്‍ ഒരു വലിയ ഭാഗം കടലും പാടങ്ങളും കണ്ടല്‍ക്കാടുകളുമാണ് വരുന്നതെന്നു കാണാം. ഏകദേശം 33 ശതമാനം ഭൂമി മാത്രമാണ് വികസന ഏരിയ. ജനസാന്ദ്രതയാവട്ടെ, അതിലുമേറെയും. ഇവിടെയാണ് ഫ്‌ളാറ്റുകളുടെ ഗുണം ഫലം ചെയ്യുന്നത്. മുമ്പ് ടൗണില്‍ ഒരാള്‍ക്ക് 10 സെന്റ് സ്ഥലം വാങ്ങാന്‍ വേണ്ടിയിരുന്ന വില ഒരാള്‍ക്ക് തനിച്ച് വാങ്ങാന്‍ കഴിയാത്തവിധം ഉയര്‍ന്ന് മൂന്നിരട്ടിയായി മാറിയിരിക്കുന്നു.
വെര്‍ട്ടിക്കല്‍ ബില്‍ഡിങ് കണ്‍സെപ്ട് എന്ന നിലയിലാണ് ഫ്‌ളാറ്റുകള്‍ വരുന്നത് എന്നതിനാല്‍ കുറഞ്ഞ സ്ഥലത്ത് തന്നെ 200 ഓളം അപാര്‍ട്‌മെന്റുകളുള്ള ഫ്‌ളാറ്റുകള്‍ വരെ വരുന്നു. ഒന്നോ രണ്ടോ കുടുംബം താമസിക്കുന്നിടത്ത് 200 കുടുംബങ്ങള്‍ക്ക് സുഖസുന്ദരമായി കഴിയാം എന്നര്‍ഥം. ടൗണില്‍ വീടെടുക്കുന്നതിനേക്കാള്‍ എത്രയോ ഗുണകരവും ലാഭകരവുമാണ് ഫ്‌ളാറ്റ് താമസം എന്ന് രത്‌നച്ചുരുക്കം. വീടുപണിയുടെ ടെന്‍ഷനുമില്ല. എല്ലാ നാളും പേപ്പര്‍ നോക്കി സിമന്റിന്റേയും കമ്പിയുടേയും വില കുറയുന്നുണ്ടോ എന്നു നോക്കുകയും വേണ്ട.
ഇടത്തരക്കാര്‍ക്ക് സ്വാഗതം
ഗ്രൗണ്ട് ഫ്‌ളോറിനൊപ്പം രണ്ടു നിലകള്‍ കൂടി എന്ന നിലയിലായിരുന്നു ആദ്യകാലത്ത് ഫ്‌ളാറ്റുകള്‍ വന്നിരുന്നതെങ്കില്‍ ഇന്നത് കൂറ്റന്‍ ബഹുനില കെട്ടിടങ്ങള്‍ എന്ന നിലയിലേക്ക് വളര്‍ന്നിരിക്കുന്നു. വലിയ ബില്‍ഡേര്‍സ് എല്ലാം തന്നെ ഫ്‌ളാറ്റുകള്‍ക്കൊപ്പം അവരുടേതായ വില്ലകളും ടൗണ്‍ഷിപ്പുകളും നിര്‍മിച്ചു വരുന്നുണ്ട്. സാമ്പത്തിക മാന്ദ്യം അധികമൊന്നും ബാധിക്കാത്തതിനാല്‍ നിലവില്‍ നിര്‍മാണസാമഗ്രികളുടേതടക്കം വിവിധ അന്താരാഷ്ട്ര കമ്പനികള്‍ വരെ കേരളത്തിലേക്ക് രംഗപ്രവേശം ചെയ്തിട്ടുണ്ട്. മുമ്പ് ഫ്‌ളാറ്റുകളുടെ പ്രധാന ഉപഭോക്താക്കള്‍ ഐടി പ്രൊഫഷനലുകളും വിദേശമലയാളികളും വന്‍കിട ബിസിനസുകാരുമായിരുന്നെങ്കില്‍ ഇടത്തരക്കാരനെ ഉദ്ദേശിച്ചുള്ള ഫ്‌ളാറ്റുകളും ഇപ്പോള്‍ വ്യാപകമായി കഴിഞ്ഞു. വിലയുടെ കാര്യത്തില്‍ എട്ട് ലക്ഷം രൂപ മുതല്‍ രണ്ട് കിടപ്പുമുറികളും മൂന്ന് കിടപ്പുമുറികളുമുള്ള ഫ്‌ളാറ്റുകള്‍ ഏതാണ്ട് എല്ലാ പ്രധാന ബില്‍ഡേര്‍സും അവരുടെ പുതിയ പ്രോജക്ടുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നഗരതാമസം ഇഷ്ടപ്പെടുന്നവര്‍ക്ക് വീടുപണി, വീടന്വേഷണം തുടങ്ങിയ മിനക്കേടുകളൊക്കെ ഒഴിവാക്കുകയും ചെയ്യാം.
സൗകര്യങ്ങള്‍ കണ്ണഞ്ചിപ്പിക്കും
സൗകര്യങ്ങളുടെ കാര്യത്തിലും ഉന്നതനിലവാരമാണ് ഫ്‌ളാറ്റുകള്‍ ലക്ഷ്യമിടുന്നത്. നഗരത്തില്‍ തന്നെ നഗരക്കാഴ്ചകള്‍ കണ്ട് ഇഷ്ടലൊക്കേഷനില്‍ ഫ്‌ളാറ്റുകള്‍ തിരഞ്ഞെടുക്കാം. ലൊക്കേഷനുകള്‍ക്ക് ഫ്‌ളാറ്റു തിരഞ്ഞെടുപ്പില്‍ വലിയ പങ്കുണ്ട്. നിങ്ങളുടെ ഇഷ്ടലൊക്കേഷനായ പുഴക്കരയോ വയലോ കടല്‍തീരമോ കാണും വിധമുള്ള സ്ഥലത്തെ എല്ലാ സൗകര്യങ്ങളോടു കൂടിയ ഫ്‌ളാറ്റുകള്‍ തിരഞ്ഞെടുക്കാം. താമസിക്കാനൊരിടം എന്ന നിലയില്‍ നിന്നു മാറി വീടുകള്‍ക്ക് അപ്രാപ്യമായ സ്വിമ്മിങ് പൂള്‍, ജിംനേഷ്യം, കോണ്‍ഫറന്‍സ് ഹാളുകള്‍, കുട്ടികള്‍ക്കുള്ള പ്ലേ ഏരിയ, ഹെല്‍ത് ക്ലബ്, ഹെലിപാഡ്, ഇലക്ട്രിക് പവര്‍സ്‌റ്റേഷന്‍, ഗ്യാസ് പ്ലാന്റുകള്‍ എന്നിങ്ങനെ ആഡംബരജീവിതത്തിനു വേണ്ട എല്ലാ സൗകര്യങ്ങളുമുള്ള ഫ്‌ളാറ്റുകള്‍ ഇന്നുണ്ട്. ചിലപ്പോള്‍ ഒന്നാമത്തെ നിലയിലും 15ാമത്തെ നിലയിലും ഒരു പോലെ ഗ്യാസ് കണക്ഷന്‍ നല്‍കാന്‍ പറ്റിയെന്നു വരില്ല. ഇതിനു പകരം സെന്‍ട്രല്‍ ഗ്യാസ് സിസ്റ്റം നല്‍കുന്ന വിധത്തിലും ഫ്‌ളാറ്റുകള്‍ വളര്‍ന്നിരിക്കുന്നു. വാസ്തു, കാറ്റിന്റെ സാന്നിധ്യം എല്ലാം നോക്കിയതിനു ശേഷം തന്നെയാണ് ഫ്‌ളാറ്റ് നിര്‍മാണവും. ഓരോ പ്രോജക്ടിലും ലൈറ്റിങ്, വെന്റിലേഷന്‍, കാറ്റിന്റെ ഗതി ഇവയിലെല്ലാം എന്തെങ്കിലും പുതുമ കാണുന്നവരുമുണ്ട്. യാതൊരാവശ്യത്തിനു വേണ്ടിയും ഗേറ്റിനു പുറത്തേക്ക് പോവേണ്ടെന്ന രീതിയില്‍ എല്ലാം കൈയ്യെത്തും ദൂരത്തില്‍ സജ്ജീകരിച്ചിരിക്കുന്നു.
സുരക്ഷിതം ഈ ഗേറ്റഡ് കമ്യൂണിറ്റി
സുരക്ഷിതത്വമാണ് മറ്റൊരു ഹൈലൈറ്റ്. പ്രത്യേക സെക്യൂരിറ്റി തുടങ്ങി ആധുനിക
രഹസ്യ ക്യാമറയടക്കമുള്ള സുരക്ഷാസംവിധാനങ്ങള്‍ ഫ്‌ളാറ്റുകളെ അലങ്കരിക്കുന്നു.
അപാര്‍ട്‌മെന്റുകളിലെ ജാതിമതഭേദമന്യേയുള്ള താമസമാണ് മറ്റൊരു പ്രധാന പ്രത്യേകത. ഗേറ്റഡ് കമ്യൂണിറ്റി എന്ന ആശയം ഇവിടെ ഭംഗിയായി പാലിക്കപ്പെടുന്നു. റസിഡന്‍സ് അസോസിയേഷന്‍ പോലുള്ള കൂട്ടായ്മകള്‍ ഫ്‌ളാറ്റിനുള്ളിലെ ഗേറ്റഡ് കമ്യൂണിറ്റി എന്ന ആശയത്തെ സാധൂകരിക്കുന്നു. ഓണവും ഈദും ക്രിസ്തുമസുമൊക്കെ ഒരേ പോലെ ആഘോഷിക്കാന്‍ ഇവ മുന്‍കൈയ്യെടുക്കുന്നു. ഒരു ഗേറ്റഡ് കമ്യൂണിറ്റിയില്‍ തന്നെ അഞ്ചോ പത്തോ ഏക്കര്‍ സ്ഥലത്ത് അപാര്‍ട്‌മെന്റുകളും വില്ലകളുമടക്കം ഒരു ചെറുസമൂഹത്തെ സൃഷ്ടിക്കാന്‍ കഴിയും. സുരക്ഷിതത്വത്തിനൊപ്പം ഭൂമിയും വീടും വേണമെന്നുള്ളവര്‍ക്ക് ലക്ഷ്വറി വില്ലകള്‍ തിരഞ്ഞെടുക്കാം.
ഫ്‌ളാറ്റ് മോഡിഫിക്കേഷന്‍
ഒരു ഫ്‌ളാറ്റിലെ എല്ലാ അപാര്‍ട്‌മെന്റുകളും ഏതാണ്ട് ഒരു പോലിരിക്കും. അപ്പോള്‍ അത് വാങ്ങുന്ന ഉപഭോക്താവിന്റെ താല്‍പര്യങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും എന്തു കാര്യം എന്നു ചിന്തിക്കുന്നവരുമുണ്ടാകും. എന്നാല്‍ ഫ്‌ളാറ്റ് തങ്ങളുടെ തൃപ്തിയ്ക്കനുയോജ്യമായി മോഡിഫിക്കേഷന്‍ ചെയ്തു ഉപയോഗിക്കുന്നവരുമുണ്ട് ഏറെ. ഉദാഹരണത്തിന് മൂന്നു കിടപ്പുമുറികള്‍ ആവശ്യമില്ലെങ്കില്‍ പാര്‍ട്ടീഷന്‍ ഓഴിവാക്കിയോ മറ്റോ രണ്ടു മുറിയാക്കി ഉപയോഗിക്കാം. ഫ്‌ളോറിങ്ങും പെയിന്റിങ്ങുമടക്കമുള്ളവെയെല്ലാം ഇന്റീരിയറിലെ പുതുപ്രവണതകള്‍ക്കനുസൃതമായി മോഡിഫിക്കേഷന്‍ ചെയ്യാം.
പുതുമകള്‍
ഡ്യൂപ്ലെ, പെന്റ്ഹൗസ്, സ്റ്റുഡിയോ അപാര്‍ട്‌മെന്റ് തുടങ്ങി പുതുജീവിതരീതിയുമായി ഏറ്റവും ബന്ധപ്പെടുന്ന വിധം പുതുമകള്‍ ഇഷ്ടം പോലെ അപാര്‍ട്‌മെന്റ്് നിര്‍മാണത്തില്‍ പുതുപ്രവണതകള്‍ ധാരാളമായി ഇന്നുണ്ട്. ഭാര്യയും ഭര്‍ത്താവും മാത്രമുളള അണുകുടുംബങ്ങള്‍ക്ക് വേണമെങ്കില്‍ സ്റ്റുഡിയോ അപാര്‍ട്‌മെന്റ് പോലുള്ള സിംഗിള്‍ ബെഡ്‌റൂം ഫ്‌ളാറ്റുകള്‍ തിരഞ്ഞെടുക്കാം. കൂടുതല്‍ അംഗങ്ങളുള്ള കുടുംബത്തിന് വേണമെങ്കില്‍ ഡ്യൂപ്ലെ പോലുള്ള രണ്ട് അപാര്‍ട്‌മെന്റുകള്‍ ഒന്നിപ്പിച്ചവയില്‍ താമസിക്കാം. വെറും ഒരു ബഹുനില കെട്ടിടം എന്നതില്‍ നിന്നു മാറി ഇന്ന് സൗന്ദര്യത്തില്‍ കൂടി ഫ്‌ളാറ്റുകള്‍ ഏറെ ശ്രദ്ധിക്കുന്നതായി കാണാം.
ഫ്‌ളാറ്റുകളുടെയും വില്ലകളുടെയും പുതിയ പരിഷ്‌കൃതരൂപമായ ടൗണ്‍ഷിപ്പുകളില്‍ ജോഗിങ് ട്രാക്ക്, കഫ്‌തെരിയ, ലോണ്ട്രി, സലൂണ്‍, ബാങ്കിങ് സൗകര്യങ്ങള്‍, ബ്യൂട്ടി പാര്‍ലര്‍ എന്നിവയൊക്കെ കാണാം. പ്രധാനബില്‍ഡേര്‍സ് എല്ലാം തന്നെ അവരുടെ ടൗണ്‍ഷിപ്പ് പ്രോജക്ടുകള്‍ അനൗണ്‍സ് ചെയ്തു കഴിഞ്ഞു. ഡേ കെയര്‍, ഡോക്‌ടേര്‍സ് ക്ലിനിക്, സൂപ്പര്‍മാര്‍ക്കറ്റ് ഇവയടങ്ങുന്ന പ്രോജക്ടുകളും നിര്‍മാണത്തിലുണ്ട്.
ഗ്രീന്‍ കണ്‍സെപ്ട് പുത്തന്‍ ട്രെന്‍ഡ്
ഗ്രീന്‍ കണ്‍സെപ്ടാണ് ഫ്‌ളാറ്റ് നിര്‍മാണത്തിലെ വേറൊരു പുത്തന്‍ ട്രെന്‍ഡ്. ദീര്‍ഘകാലം നിലനില്‍ക്കുന്ന ഫ്‌ളാറ്റുകളാണ് ഇതുവഴി ലക്ഷ്യമിടുന്നത്. പരിസ്ഥിതിയ്ക്കനുയോജ്യമായ രീതിയിലുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ ഇവ സഹായിക്കുന്നു. ഓരോ ഫ്‌ളാറ്റിനും ബാല്‍ക്കണി പോലെത്തന്നെ സ്വന്തമായ പൂന്തോട്ടം, മാലിന്യസംസ്‌ക്കരണസംവിധാനം, മഴവെള്ളസംഭരണസംവിധാനം, വെള്ളത്തിന്റെ പുനരുപയോഗം തുടങ്ങിയവയ്‌ക്കൊക്കെ ഇവിടെ പ്രാധാന്യം നല്‍കുന്നു. കൂടാതെ ഫ്‌ളാറ്റുകളിലെ കോമണ്‍ സ്‌പേസ് ഭംഗിയായി ഉപയോഗിക്കാന്‍ കഴിയുന്ന വിധം പ്രകൃതിയെ അതുപോലെ പുന:സൃഷ്ടിക്കാനുമുള്ള പദ്ധതികളും നിലവിലുണ്ട്. ഗ്രീന്‍ ടെക്‌നോളജി പ്രകാരം കുറഞ്ഞ അളവില്‍ ചൂടു പുറത്തു വിടുന്ന കെട്ടിടങ്ങളും വന്നുകഴിഞ്ഞു. പരിപാലനം വളരെ കുറഞ്ഞ രീതിയില്‍ ആണ് ഇത്തരം ഫ്‌ളാറ്റുകളും വില്ല പ്രോജക്ടുകളും വരുന്നത്. മാലിന്യനിര്‍മാര്‍ജനത്തിനായി ബയോഗ്യാസ്, വെര്‍മി കംപോസ്റ്റ് എന്നിവയും വരുന്നു.

ഫ്‌ളാറ്റ്; മാന്ദ്യത്തിനു ശേഷം
ആഗോളസാമ്പത്തിക മാന്ദ്യം നിര്‍മാണരംഗത്തെയും ഫ്‌ളാറ്റ് വില്‍പനയെയും കാര്യമായി ബാധിച്ചില്ലെങ്കിലും ഇടത്തരക്കാരെ കൂടുതല്‍ ആകര്‍ഷിക്കുന്ന തരം സ്ഥിതിവിശേഷമാണ് ഇപ്പോള്‍. എട്ട് ലക്ഷം മുതലുള്ള ഫ്‌ളാറ്റുകള്‍ കൊച്ചി പോലുള്ള ഇടങ്ങളില്‍ ലഭ്യമാണ്. ഇടത്തരക്കാര്‍ അപാര്‍ടമെന്റുകള്‍ വാങ്ങി പൂട്ടിയിടാതെ നോക്കുമെന്നും ഫ്‌ളാറ്റുകള്‍ എന്നും ജീവസുറ്റതായിരിക്കുമെന്നും പ്രതീക്ഷിക്കാം.
എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലാണു ഫ്‌ളാറ്റുകള്‍ക്കും വില്ലകള്‍ക്കും ഡിമാന്‍ഡ് കൂടുതലെങ്കിലും തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, മലപ്പുറം, കോട്ടയം ജില്ലകളിലും ഇവയുടെ വളര്‍ച്ച തുടങ്ങി കഴിഞ്ഞു. കൂടാതെ പ്രധാനനഗരപരിധിയില്‍ നിന്നുമകന്ന് തൃപ്പൂണിത്തുറ, ഗുരുവായൂര്‍, ആലുവ, തലശേരി മുതലായ ഇടങ്ങളിലെല്ലാം ഫ്‌ളാറ്റ്/വില്ലകള്‍ വേരൂന്നി കഴിഞ്ഞു.
ഇനി ഭാവി ടൗണ്‍ഷിപ്പുകളുടെ കൈയ്യിലാവുമ്പോള്‍ തീര്‍ച്ചയായും നമുക്കിപ്പോഴേ പറയാം. ഇതാണ് ഫ്‌ളാറ്റ്/ വില്ല വാങ്ങാനും താമസം തുടങ്ങാനും പറ്റിയ സമയം.

Wednesday, April 4, 2012

Monday, April 2, 2012

ഓരോ കലാലയങ്ങളോടു വിട പറയുമ്പോഴും..






ഓരോ കലാലയങ്ങളോടു വിട പറയുമ്പോഴും..
ഓരോ കലാലയങ്ങളോടു വിട പറയുമ്പോഴും തോന്നാറുള്ളത് ഇനിയും ഞാനിവിടെയുണ്ടായിരുന്നില്ല എന്നാണ്. പഴയ പ്രൈമറി വിദ്യാലയങ്ങള്‍ വിദൂരതയില്‍ മനസില്‍ തെളിയുമ്പോള്‍ കുറച്ച് മുഖങ്ങള്‍ മാത്രമേ, വേലിക്കെട്ട് തകര്‍ത്ത് അകത്തേക്കു വരുന്നുള്ളൂ. പിന്നെ അപ്പര്‍ പ്രൈമറിയും പ്ലസ്ടുവും ഡിഗ്രിയും ജേണലിസം ക്ലാസുകളും കഴിയുമ്പോള്‍ മനസില്‍ അറിയാതെ ദു:ഖം നിറയുന്നു വല്ലോ! ദൈവമേ, എന്തുകൊണ്ടാണ് എന്റെ സഹപാഠികളെ ഇത്രയും ആത്മാര്‍ഥമായി സ്‌നേഹിക്കാന്‍ എനിക്കു തോന്നിയത്? സുഹൃത്തു ക്കളെ നഷ്ടപ്പെടുന്നതിനേക്കാള്‍, കാണാതിരിക്കുന്നതിനേക്കാള്‍ വലിയ ദു:ഖം ലോകത്ത് മറ്റെന്താണുണ്ടാവുക?അവരെ ഇത്രയൊന്നും പരിചയപ്പെട്ടിരുന്നില്ലായിരുന്നെങ്കില്‍, അടുത്തിടപഴകിയില്ലായിരുന്നെങ്കില്‍ മതിയായിരുന്നു.
ചില മുഖങ്ങള്‍ പിന്നെയും പിന്നെയും മനസില്‍ തങ്ങി നില്‍ക്കുന്നു. അവരുടെ പിന്നീടുള്ള ജീവിതത്തില്‍ അവരെത്രത്തോളം സഞ്ചരിച്ചുവെന്ന് അറിയില്ല. വേണ്ടെന്നു വിചാരിക്കുമ്പോഴും അവരില്‍ ചിലരെങ്കിലും മനസിലേക്ക് അധികാരത്തോടെ കടന്നു വന്ന് ഇരിപ്പുറപ്പിക്കുന്നു. അവരെക്കുറിച്ചോര്‍ക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുന്നു.