Thursday, December 22, 2011

ഒരു മലബാറിയന്‍ ഓണം




ഒരു മലബാറിയന്‍ ഓണം
ഓണക്കാലം എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ യു.കെ കുമാരന് കുട്ടിക്കാലത്തെ ഓര്‍മ്മകളിലേക്കുള്ള തിരിച്ചുപോക്കാണ്. വളര്‍ന്നുവലുതായെങ്കിലും, പേരെടുത്തെങ്കിലും ഓണത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ പൊടുന്നനെ ഒരു മാന്ത്രികവിദ്യയിലെന്ന പോലെ ഒരു കുട്ടിയാവും. ഓര്‍മകളില്‍, പൂക്കളമൊരുക്കാന്‍ ഓടി നടന്ന പഴയ ലോവര്‍ പ്രൈമറി വിദ്യാര്‍ഥി. ആദ്യകാലകഥകള്‍ക്കും സാഹിത്യജീവിതത്തിനുമല്ലാം ഓണക്കാലം പ്രചോദനമായിട്ടുണ്ട്. ഓണത്തെക്കുറിച്ചു സംസാരിക്കുമ്പോഴും ഒരു ഓണക്കാല വിശേഷാല്‍പ്പതിപ്പിന് കഥയെഴുതുന്നതിന്റെ ലാഘവത്വമുണ്ട്.
‘എന്റെ ഓണം തനി മലബാറിയന്‍ ഓണമാണ്. പൂക്കളും പൂ പറിക്കാനുള്ള യാത്രയും ഒക്കെയായി പയ്യോളിയിലെ തച്ചകുന്നിലുള്ള തനി നാടന്‍ ഓണം.. ’ യു. കെ കുമാരന്‍ പറഞ്ഞുതുടങ്ങുന്നു.
നന്‍മ നിറഞ്ഞ നാട്ടിന്‍പുറമാണ് കോഴിക്കോട് ജില്ലയിലെ പയ്യോളി. നാടിന് ചരിത്രമുണ്ട്, സംസ്‌ക്കാരവും. ഒരു തനിമലബാറിയന്‍ ജീവിതത്തിന്റെ തനിപ്പകര്‍പ്പ് ഇവിടെ കാണാം. ഈ നാട്ടിന്‍പുറത്തിന്റെ ജീവിതവുമായി ബന്ധിക്കപ്പെടാതെ യു കെയുടെ ഒരു ഓണവും കഴിഞ്ഞുപോയിട്ടില്ല. പൂ പറിക്കാനായി വയലുകളും പറമ്പുകളും എല്ലാം ഓടിക്കയറും. നാട്ടിന്‍പുറത്തെ മഞ്ഞ് പെയ്ത മണ്ണിലൂടെ ഓടുമ്പോള്‍ ഒരു തരം സുഖമുണ്ട്. കാലുകള്‍ മാത്രം എയര്‍ കണ്ടീഷനില്‍ വെച്ച അനുഭവം.
‘ചുറ്റും പച്ചയായിരിക്കും അന്ന്. അന്ന് മാത്രമല്ല, എല്ലാം ഓണക്കാലവും. ഓരോ ഓണവും ഓരോ പൂവിന്റെ പേരില്‍ ഡെഡിക്കേറ്റ് ചെയ്തിരുന്നു.’
ബീഡി വലിച്ച ഓണപ്പൊട്ടന്‍
ഓണപ്പൊട്ടനായിരുന്നു കൗതുകത്തിന്റെ മറ്റൊരു വശം. ഓണമായാല്‍ പ്രത്യേക വേഷവിധാനങ്ങളുമായി ഓണപ്പൊട്ടന്‍മാര്‍ വീടുവീടാന്തരം കയറിയിറങ്ങും. അവരെ നോക്കിനില്‍ക്കുന്നതേ ഒരു രസമാണ്. അതിനിടയ്ക്ക് ഒരു തമാശയുമുണ്ടായി.
‘ഓണപ്പൊട്ടനെ സസൂക്ഷ്മം നിരീക്ഷിക്കലായിരുന്നു, അന്ന് ഞങ്ങള്‍ കുട്ടികളുടെ പ്രധാനതോഴില്‍. പ്രത്യേകിച്ചൊരു പണിയുമില്ലാത്തതിനാല്‍ ഇങ്ങനെയും ഒരു പണി എന്നു പറയാം. ഓണപ്പൊട്ടന്‍മാര്‍ സംസാരിക്കാനേ പാടില്ലെന്നാണ് നാട്ടുനടപ്പ്. ഇവറ്റകളുടെ കാലില്‍ ഉറുമ്പുകള്‍ കയറാനും പാടില്ല. ഉറുമ്പുകള്‍ കയറിയാല്‍ മാവേലി അസ്വസ്ഥനാവുമത്രേ. അതിനാല്‍ ഇതൊക്കെ ശ്രദ്ധിച്ച് ഞങ്ങളിങ്ങനെ കൗതുകത്തോടെ ഓണപ്പൊട്ടന്റെ പിന്നാലെ കൂടും. വന്‍ നിരീക്ഷണം തന്നെ. ഒരിക്കല്‍ ഇങ്ങനെയുള്ള നിരീക്ഷണത്തിനിടയ്ക്കാണ് ഞങ്ങളെ വെട്ടിച്ച് ഒരു മതിലിലിരുന്ന് ബീഡി വലിക്കുന്ന ഓണപ്പൊട്ടനെ കണ്ടത്. അത് ശരിക്കും ഞങ്ങള്‍ക്കാര്‍ക്കും വിശ്വസിക്കാന്‍ പറ്റാത്തൊരു കാഴ്ചയായിരുന്നു. ഓണപ്പൊട്ടന്‍ ബീഡി വലിക്കുകയോ?
ഞങ്ങളെല്ലാരും കൂടി അത് നാട്ടില്‍ പാട്ടാക്കുകയും ചെയ്തു.
ഓണപ്പൊട്ടന്‍ ബീഡി വലിക്കുന്നേയ്..’
ഓണം കഥകളില്‍
സമൃദ്ധിയിലും ഇടയ്‌ക്കെങ്കിലും പട്ടിണിയുടേതു കൂടിയായിരുന്നു ഓണം. ഉപരിപ്ലവതയുടെ ആഡംബരങ്ങള്‍ക്കിടയിലും കെട്ടുകഥകളുടെ കെട്ട കാഴ്ചകള്‍ എളുപ്പം തിരിച്ചറിയാമിന്ന്. ഇന്നത്തെ കാലത്തെ ഓണത്തെപ്പറ്റി വ്യക്തമായ കാഴ്ചപ്പാടുണ്ട് യു കെയ്ക്ക്. പൂ പറിക്കാന്‍ പോയ കുട്ടികളുടെ കഥയും അനുഭവങ്ങളുമൊക്കെ കഴിഞ്ഞു. ആദ്യകാലകഥകളില്‍ ഓണത്തിന്റെ ഉത്‌സവകാലം ഉണ്ടായിരുന്നെങ്കിലും പിന്നീടുള്ള കഥകളിലൊന്നും അതില്ല. എങ്കിലും പുതുതായി എഴുതുന്ന ആത്മകഥാംശം ഏറെയുള്ള നോവലില്‍ ഓണവും ഓണക്കാലവുമൊക്കെ ഉണ്ട്.
ഈ ഓണത്തിന് ചില സാഹിത്യñസമ്മേളനങ്ങളില്‍ പങ്കെടുക്കാനുണ്ട്. എന്നാലും ഉച്ചയാവുമ്പോഴേക്കും എല്ലാ പരിപാടികളുമവസാനിപ്പിച്ച് സദ്യയുണ്ണാന്‍ വീട്ടില്‍ തന്നെ എത്തും. അവിടെ കുടുംബത്തിനൊപ്പം ഓണസദ്യയുണ്ണുന്നത് ഒരു പ്രത്യേകരസമാണ്.
മന്ത്രിവീട്ടിലെ പൂക്കളം
പതിവുപോലെ പാനൂരിലെ പുത്തൂരുള്ള മന്ത്രിയുടെ വീട്ടില്‍ തിരക്കു തുടങ്ങിക്കഴിഞ്ഞു.

ഓണമോ മറ്റു ദിവസമോ എന്നില്ല, എന്നുമുണ്ടാവും വീട്ടുമുറ്റത്തൊരു ഘോഷയാത്രയുടെ പട. മുമ്പ് അച്ഛന്‍ പി ആര്‍ കുറുപ്പ് ഉണ്ടായിരുന്നപ്പോഴും ഇതേ തിരക്ക് വീട്ടുകാര്‍ക്ക് അനുഭവവുമാണ്. അവര്‍ അത് ശീലിച്ചു കഴിഞ്ഞുവെന്ന് വേണമെങ്കില്‍ പറയാം. ‘ഓണക്കാലമോര്‍ക്കുമ്പോള്‍ മധുരമാര്‍ന്ന നിരവധി ഓര്‍മകള്‍ മനസിലേക്ക് കടന്നുവരുന്നുണ്ട്. അതൊക്കെ എഴുതുകയാണെങ്കില്‍ ഇന്നൊന്നും തീരില്ല. ’ തിരക്കിനിടയില്‍, ഓരോരുത്തരുടെ ആവലാതികള്‍ കേള്‍ക്കുന്നതിനിടയില്‍ കെ പി മോഹനന്‍ പറയുന്നു. മന്ത്രിയായതിനു ശേഷമുള്ള ആദ്യ ഓണമാണ്. എല്ലാ ഓണക്കാലവുമെന്ന പോലെ കെ പി മോഹനന് ഈ ഓണവും മധുരമാണ്. കതിരുകള്‍ നിറഞ്ഞ നെല്‍പ്പാടങ്ങളും വയല്‍വരമ്പുകളും തുമ്പപ്പൂക്കളും, അരിപ്പൂവും വട്ടപ്ലാവിലപ്പൂവും ചോറ്റും പൂവും അശോകപ്പൂവും പ്രബോധിതയുമൊക്കെ നിറഞ്ഞ പറമ്പുകളും തെളിഞ്ഞ ആകാശത്തിലെ നക്ഷത്രങ്ങളും പകല്‍ വെട്ടം പോലെ ഓണനിലാവുമല്ലാം ഇന്നും മായാതെ മനസില്‍ നില്ക്കുന്നു. ഇതിനൊപ്പം കളരിയുടെ ഓര്‍മകളുമുണ്ട്.
പാനൂരിലെ പുത്തൂരിലാണ് മന്ത്രിയുടെ തറവാട്. പ്രഗത്ഭനായ അച്ഛന്റെ പ്രഗത്ഭനായ മകന്‍. പി ആര്‍ കുറുപ്പിന്റെ ഓര്‍മകള്‍ ഇന്നും ഇവിടെയെല്ലാമുണ്ട്. ഓണത്തെക്കുറിച്ചുള്ള ഓര്‍മകള്‍ക്കൊപ്പം ബാല്യകാലവും കൂട്ടുകാരുമൊക്കെ വരുന്നു. ‘ഏതൊരു മലയാളിയും ഓണത്തെക്കുറിച്ചുള്ള ഓര്‍മകളില്‍ സൂക്ഷിക്കുന്നത് പ്രകൃതിയോടുള്ള അഭേദ്യബന്ധവും സമൃദ്ധിയും നല്ല നാളെകളുമൊക്കെയാണ്.’ മന്ത്രി പറയുന്നു. ‘നമ്മുടെ ഇങ്ങ് വടക്കന്‍ മലബാറും അങ്ങ് തിരുവനന്തപുരം പോലത്തെ തെക്കന്‍ ഭാഗത്തും ഓണമാഘോഷിക്കുന്ന കാര്യത്തില് ചില വ്യത്യാസങ്ങളൊക്കെ കാണാം. അങ്ങ് തെക്കോട്ട് പുലികളിയും വഞ്ചിപ്പാട്ടും ഓണപ്പാട്ടും വള്ളം കളിയുമൊക്കെയാണ് പതിവെങ്കില്‍ ഇവിടെ അത് കുറച്ചുകൂടി ഒതുങ്ങിയതു പോലെയാണ്. അത്രയധികമൊന്നും ആഘോഷങ്ങളില്ല. എന്നാലും ഇവിടെ മലബാറില്‍ അത് ഒരു വസന്തകാലത്തിന്റെ ഓര്‍മകളാണ്്. ഇവിടെ വള്ളംകളിയും വഞ്ചിപ്പാട്ടുമൊന്നുമില്ലെങ്കിലും സന്തോഷത്തിനും കുടുംബങ്ങളുടെ ഒത്തുകൂടലിനും ഒരു കുറവുമില്ല. ഈ ഒത്തുകൂടലുകള്‍ തന്നെയാണ് ശരിക്കും മലബാര്‍ ഓണത്തിന്റെ പ്രധാനപ്രത്യേകത എന്നാണ് എനിക്കു തോന്നുന്നത്..’
പൂക്കളമൊരുക്കി..
‘കൃഷിമന്ത്രിയായതു കൊണ്ടു വെറുതെ പറയുകയല്ല, കൃഷിയും വിളവെടുപ്പുമൊക്കെയാണ് എന്റെ ഓണാനുഭവങ്ങളും ഓണത്തെക്കുറിച്ചുള്ള ഓര്‍മകളും.’ മന്ത്രിയുടെ ആദ്യമേയുള്ള ഓര്‍മ്മിപ്പിക്കല്‍. ശരിക്കും മന്ത്രിയ്ക്കും കുടുംബത്തിനും വിളവെടുപ്പിന്റെ ഉത്‌സവമാണ് എന്നും ഓണം. അന്നൊക്കെ ഓണക്കാലത്ത് പാടത്തെ കറ്റകള്‍ കൊയ്ത് അമ്മ കുഞ്ഞുമോഹനന്റെ തലയില്‍ വച്ച് കൊടുക്കും. അതും ചുമന്നുകൊണ്ട് വീട്ടിലെ പത്തായപ്പുരയിലെത്തിക്കുന്നതാണ് ഡ്യൂട്ടി. ഈ കറ്റകള്‍ ഐശ്വര്യത്തിന്റെ പ്രതീകമെന്ന നിലയില്‍ വീട്ടില്‍ അടുത്ത വര്‍ഷം വരെ സൂക്ഷിക്കുകയും ചെയും.
‘പൂക്കളമൊരുക്കലാണ് പിന്നത്തെ പ്രധാന പണി. ഉത്രാടം നാള്‍ തൊട്ട് വീട്ടുകാരെല്ലാം ചേര്‍ന്ന് പൂക്കളമൊരുക്കിത്തുടങ്ങും. അന്ന് ഇന്നത്തെപ്പോലെ കടയില്‍ പോയി വാങ്ങുകയൊന്നുമല്ല, ഞങ്ങള് എല്ലാം ചേര്‍ന്ന് പറമ്പായ പറമ്പുകളൊക്കെ കയറിയിറങ്ങി നാടന്‍ പൂക്കളായ തുമ്പപ്പൂ, തെച്ചിപ്പൂ, അശോകപ്പൂ, കാക്കപ്പൂ എന്നിവ ശേഖരിക്കും. പിന്നെയാണ് പൂക്കളമൊരുക്കുക. മുറ്റത്ത് ചാണകം മെഴുകി ഉണക്കിയ തറയില്‍ ഒറ്റത്തട്ടിലോ വളരെ വലുതായോ ചന്ദ്രക്കലയുടെ രൂപത്തിലോ അഷ്ടകോണായോ ആയിരിക്കും ഈ പൂക്കളത്തിന്റെ ഡിസൈന്‍.’ മന്ത്രി ഓര്‍മ്മകളിലൂടെ ഒരു പൂക്കളമൊരുക്കുന്നതിന്റെ തിരക്കിലാണ്. പൂക്കളില്‍ അന്നുമിന്നും നിര്‍ബന്ധമായ ഒന്നുണ്ട്. ശീവോതി. അത്തം മുതല്‍ ശീവോതി പൂക്കളത്തിലുണ്ടെങ്കില്‍ പൂക്കളം പൂര്‍ണമാവൂ എന്നാണ് വിശ്വാസം. പൂക്കളത്തിലെ ദേവതയാണ് ശീവോതി.
ഓണസദ്യ കഴിച്ച്..
‘സദ്യയുടെ കാര്യം പിന്നെ പറയേണ്ടല്ലോ? അതൊരു ഒന്നൊന്നൊരയായിരിക്കും. പൂക്കളമിട്ടതിനു ശേഷായിരിക്കും സദ്യയൊരുക്കം. അപ്പോഴേക്കും കുടുംബത്തിലെ എല്ലാരും ഒത്തുകൂടിയിട്ടുണ്ടാവും.’
ആ കുടുംബസംഗമത്തില് ചെറിയവരെന്നോ വലിയവരെന്നോ തരംതിരിവൊന്നുമുണ്ടാവാറില്ല. എല്ലാരും ഹാപ്പിയായിരിക്കും. പ്രായഭേദമന്യേ ചിരിയും കളിയുമായി ഒത്തുകൂടും. പതിമൂന്നു തരം വിഭാവങ്ങളുണ്ടാവും. സ്വന്തം കൃഷിയിടങ്ങളിലും പറമ്പിലും ഒരുക്കിയ ചേന, ഏത്തക്കായ, കുമ്പളം, ഓണം വരുനതിനു മുമ്പേ സൂക്ഷിച്ചുവെച്ച വെള്ളരി എല്ലാമുണ്ടാവും വിഭവങ്ങളായി. ഇതിനൊപ്പം കുത്തരിച്ചോറും. ചെറുപയറും ശര്‍ക്കരയും തേങ്ങാപ്പാലുമൊക്കെ ചേര്‍ത്തുള്ള പായസവുമുണ്ടാവും. എന്നിട്ടെല്ലാരും താഴെ നിലത്ത് പായ വിരിച്ചിരുന്ന് ഇലയിട്ട് സദ്യയുണ്ണുന്നത് ഇന്നും ഓര്‍മ്മകളിലുണ്ട്. ഒത്തു ചേര്‍ന്നുള്ള ഈ സദ്യയുണ്ണിന്റെ രസം ഒന്ന് വേറെത്തന്നെയാണ്. ഈ സദ്യയും കഴിഞ്ഞാണ് ബന്ധുവീടുകളിലെ സന്ദര്‍ശനം.
‘തിരുവോണദിവസമാണ് ഓണക്കോടി വിതരണം. ഈ ഓണക്കോടിയുമുടുത്ത് തിരുവോണ നാളില്‍ ഇറങ്ങുന്നതാണ് ഞങ്ങള്‍ കുട്ടികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം. രാവിലെ പൂക്കളം വൃത്തിയാക്കി പത്തു ചുറ്റുള്ള വലിയ പൂക്കളമിട്ടതിനു ശേഷമാവും ഇത്.’ മന്ത്രിയുടെ വാക്കുകളില്‍ ഇപ്പോഴും ഒരു ഓണക്കോടിയുടുത്തതിന്റെ ഊഷ്മളത. തിരുവോണം കഴിയുമ്പോഴേക്കും ഒരു ഓണം കഴിഞ്ഞുപോയതിന്റെ ദുഖവും പിടികൂടും. ഈശ്വരാ എത്ര പെട്ടെന്നാണ് 10 ദിവസം കഴിഞ്ഞുപോയത് എന്ന വിഷമമാവും. പിന്നെ അടുത്ത ഓണം വരവേല്‍ക്കലാവും പിന്നെ.
ഇന്നത്തെ ഓണം
ഇന്നത്തെ ഓണത്തിന് വന്ന മാറ്റത്തെപ്പറ്റിയുമുണ്ട് മന്ത്രിയ്ക്ക് വ്യക്തമായ അഭിപ്രായങ്ങള്‍. ഇന്ന് മംഗലാപുരത്തു നിന്നും വരുന്ന ജെമന്തിപ്പൂക്കള്‍ കാത്തുനില്‍ക്കണം പൂക്കളമൊരുക്കാന്‍. കൂടെ അന്യസംസ്ഥാനത്തുനിന്നുള്ള പച്ചക്കറികളും ഇറച്ചിയും. ‘നമ്മുടെ മടിയാണിതിന് കാരണം. നമുക്കിപ്പോള്‍ ലഭ്യമായ ഭൂമി വച്ചു തന്നെ ഓണത്തിനാവശ്യമായ പുത്തരിയും പച്ചക്കറികളും പൂക്കളുമൊക്കെ ഉല്‍പാദിപ്പിക്കാന്‍ കഴിയും. ദീര്‍ഘകാലത്തെ പ്രയത്‌നമൊന്നും വേണ്ട. നല്ല രീതിയില്‍ ഉപയോഗിച്ചാല്‍ നമുക്ക് തന്നെ സ്വയം പര്യാപ്തമായ ഗ്രാമങ്ങളുണ്ടാക്കാം. സമ്പന്നമായ ഒരോണവുമുണ്ണാം.’ മന്ത്രിക്ക് നൂറു ശതമാനവും ഉറപ്പുണ്ട്.
നാടകമേ ഓണം
‘ശരിക്കും പറഞ്ഞാല്, കുട്ടിക്കാലത്തെ ഓണം മാത്രമേ എന്റെ ഓര്‍മ്മയിലുള്ളൂ. 14 വയസിനു ശേഷം നാടകക്യാംപിലും മറ്റുമായിരുന്നല്ലോ. അതോണ്ട് ഓണം എന്നു പറയുമ്പോ എന്റെ ഓര്‍മകള്‍ക്ക് നല്ല പഴക്കമാണുള്ളത്.’
അഭിനേത്രിയായ നിലമ്പൂര്‍ ആയിശയുടെ ഓണവിശേഷങ്ങള്‍ ഇങ്ങനെ തുടങ്ങുന്നു. എന്നും ഓണത്തിന് ഏതാണ്ട് എല്ലാ പൗരസമിതിയുടേയും നാടകങ്ങള്‍ പതിവാണ്. കേരളത്തില്‍ മാത്രമല്ല, പ്രവാസി ലോകത്തുമുണ്ട് ഈ നാടകഭ്രമം. അതിനാല്‍ ഓണാഘോഷത്തിനു വേണ്ടി സ്വന്തം ഓണം ത്യജിച്ച അനുഭവങ്ങളാണ് ഏറെയും. 14 വയസില്‍ ജ്ജ് നല്ലൊരു മനിസനാകാന്‍ നോക്ക് എന്ന എന്ന ആദ്യനാടകത്തിനു ശേഷം ആയിഷയുടെ ഓര്‍മ്മകളില്‍ നാടകഡയലോഗുകളാണ് ഓണഓര്‍മകളില്‍.
‘എങ്കിലും 14 വയസിനു മുമ്പ് ഞാന്‍ ഓണത്തിനു പങ്കെടുക്കുകയും ആഘോഷിക്കുകയും ഒക്കെ ചെയ്തിരുന്നു. വീടിനടുത്തുള്ള പി കെ നാരായണന്‍ സാറിന്റെ വീട്ടില് ഓണത്തിന് ഞങ്ങള്‍ക്കെല്ലാവര്‍ക്കും ക്ഷണമുണ്ടാവും. അന്നത്തെ സദ്യയ്ക്ക് ഹിന്ദുവെന്നോ മുസ്ലീമെനോ ഉള്ള വ്യത്യാസമൊന്നുമില്ല. എല്ലാവരും പങ്കെടുക്കും.’
ഊഞ്ഞാലാടിയ ഓര്‍മ്മകള്‍
‘അന്ന് സദ്യ കഴിഞ്ഞാലുള്ള ഊഞ്ഞാലാട്ടമാണ് മറ്റൊരു ഹരം. നാരായണേട്ടന്റെ പറമ്പിലെ ഊഞ്ഞാല് ഞങ്ങളെല്ലാരും ഒന്ന് പുതുക്കിപ്പണിയും. പിന്നെ ഊഴം വെച്ചുള്ള ആട്ടമാണ്. ഒരാള് കഴിഞ്ഞാല് മറ്റൊരാള്‍ എന്നിങ്ങനെ. അതൊക്കെ ഒരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവങ്ങളാണ്. പിന്നെ നാടകവുമൊക്കെയായപ്പോള്‍ ഓണവുമില്ലാതായി. നാടകക്യാംപില്‍ നിന്നും നാടകക്യാംപിലേക്കുള്ള യാത്ര തന്നെ യാത്ര. ഒപ്പം ഇഷ്ടം പോലെ നാടകഡയലോഗുകളും.’ ആയിഷ ഓര്‍മിക്കുന്നു. ഇന്നത്തെ ഓണത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ ഒക്കെ മാറിയ കാലത്തെപ്പറ്റി ഇങ്ങനെ അഭിപ്രായം. ‘ഇപ്പം ഓണത്തിന് പണ്ട് നമ്മള് ആടിയതു പോലെ ഊഞ്ഞാലിലാടുന്ന എത്ര പേരു കാണും? അതിനൊക്കെ അവര്‍ക്ക് എവിടെ സമയം? ഒക്കെ നമ്മളിങ്ങനെ ടീവീല് കണ്ടോണ്ടിരിക്കുകയല്ലേ ലൈവായി?’
‘എന്നാലും മലയാളിയുടെ സാഹോദര്യത്തെ തിരികെ കൊണ്ടുവരാന്‍ ഓണത്തിനേ കഴിയൂ എന്നത് സത്യം.’ ആയിഷ പറഞ്ഞുനിര്‍ത്തുന്നു.

No comments:

Post a Comment