Sunday, December 18, 2011

ഒരു വിപ്ലവം തുടങ്ങേണ്ട വിധം




ഒരു വിപ്ലവം തുടങ്ങേണ്ട വിധം

ഒരു വിപ്ലവം തുടങ്ങാന്‍ ചിലപ്പോള്‍ നിമിഷങ്ങള്‍ മതിയാവും. ചിലപ്പോള്‍ വര്‍ഷങ്ങളോ ദശാബ്ദങ്ങളോ നീണ്ടുനില്‍ക്കുന്ന പ്രതിപ്രവര്‍ത്തനങ്ങളും രാഷ്ട്രീയസാമൂഹ്യനീക്കങ്ങളും സാമ്പത്തികശ്രോതസുകളും വേണ്ടിവരും. അടിച്ചമര്‍ത്തപ്പെടുന്ന ജനതകളും വികാരവും ചിലപ്പോള്‍ പ്രതികരണത്തെ അതിന്റെ ഏറ്റവും പൂര്‍ണതയോടെ ആവിഷ്‌ക്കരിക്കാന്‍ വേണ്ടി പഴയ കുടിപ്പകക്കാരനെപ്പോലെ കാലങ്ങളോളം കാത്തിരുന്നെന്നും വരാം. പൗലോ കൊയ്‌ലോയുടെ ആല്‍ക്കെമിസ്റ്റ് എന്ന വിഖ്യാതനോവലിന്റെ ആശയമായ, കാലാകാലങ്ങളില്‍ നിങ്ങള്‍ ഒരു കാര്യത്തെ തീവ്രമായി ചെയ്യണമെന്ന് ആഗ്രഹിക്കുമ്പോള്‍ പ്രകൃതിയും കാലവും തന്നെ നിങ്ങള്‍ക്ക് ആയുധങ്ങള്‍ നല്‍കി സഹായിച്ചെന്നും വരാം. ലോകക്രമത്തില്‍ അടുത്തിടെ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്ന വിപ്ലവങ്ങളും അവയ്ക്ക് ആയുധമായോ പ്രചരണയന്ത്രമായോ ചുക്കാന്‍ പിടിക്കുന്ന സോഷ്യല്‍ മീഡിയകളും നല്‍കുന്ന സൂചനകള്‍ ഇതാണ്. തീര്‍ച്ചയായും വീണ്ടും ഒരു വസന്തത്തിന്റെ കുളമ്പടിയൊച്ച കേള്‍ക്കുന്നുണ്ടോ എന്ന് കാതോര്‍ക്കേണ്ട സമയം.
പ്രതീക്ഷകളുടെ വിപ്ലവങ്ങള്‍
ഈജിപ്തിലും ടുണീഷ്യയിലും ലിബിയയിലും ഇപ്പോള്‍ അമേരിക്കയിലും വിപ്ലവവിത്തുകള്‍ ആവേശത്തോടെ പരാഗണം ചെയ്യപ്പെടുകയും ഊക്കോടെ വളരുകയും ചെയ്യുന്നത് യുവത്വത്തിന്റെ കൂടി വിജയമായി എണ്ണാം. കാലങ്ങളായി നില്‍ക്കുന്ന അസ്വസ്ഥതകളെ എങ്ങനെ ഫലപ്രദമായി ഒരു നവയുഗപ്രഭാവത്തിലേക്ക് വഴിതിരിച്ചുവിടാം എന്നതിന്റെ ഉദാഹരണങ്ങള്‍ കൂടിയാണ് അവ.
എന്നും എല്ലായ്‌പ്പോഴും ആര്‍ക്കും ഉറങ്ങിക്കിടക്കാനാവില്ല എന്നത് മനുഷ്യപ്രകൃതിയുടെ മാത്രമല്ല, ഏതു ജീവജാലത്തിന്റേയും സൃഷ്്ടിപ്പിന്റെ പ്രത്യേകതയാണ്. പോലീസ് മര്‍ദനത്തില്‍ ക്രൂരമായി കൊല്ലപ്പെട്ട മുഹമ്മദ് സയീദ് എന്ന ചെറുപ്പക്കാരന്റെ മരിക്കാത്ത ഓര്‍മ്മകള്‍ക്കു മുന്നില്‍ അനുകമ്പാസന്ദേശമായി ഫേസ്ബുക്ക് പേജില്‍ ലോകമൊട്ടുക്കും പ്രചരിച്ച വി ആര്‍ ഓള്‍ സയീദ് എന്ന മുദ്രാവാക്യം ഈജിപ്ത്യന്‍ വിപ്ലവത്തിന്റെ ഒരു ഉണര്‍ത്തുപാട്ടായിരുന്നു. ജനശ്രദ്ധയും മാധ്യമശ്രദ്ധയും എളുപ്പം നേടാന്‍ ഇതു പര്യാപ്തമായി. നെടുനീളന്‍ മാര്‍ച്ചുകളിലൂടെയും തെരുവുനാടകങ്ങളിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും ക്യാംപേയ്‌നുകളിലൂടെയും ആരംഭിച്ച വിപ്ലവം പിന്നീട് രാഷ്ട്രത്തലവനായ ഹോസ്‌നി മുബാറക്കിനെ അധികാരത്തില്‍ നിന്നും പുറത്താക്കുന്നതു വരെയെത്തിച്ചു. പൊതുവേ രക്തരഹിതമെന്നും സമാധാപരമെന്നും പറയുമ്പോഴും ഏതാണ്ട് 6000 പേര്‍ക്കു പരിക്കേല്‍ക്കുകയും 900 ത്തോളം പേര്‍ മരിക്കുകയും ചെയ്തു ഈ വിപ്ലവത്തില്‍. കെയ്‌റോയിലും അലക്‌സാണ്ട്രിയയിലും ഉത്ഭവിച്ച വിപ്ലവക്കൊടുങ്കാറ്റ് പതിയെ ഈജിപ്ത് മുഴുവനുമായി വ്യാപിക്കുകയായിരുന്നു. വിപ്ലവകാരണങ്ങള്‍ പതിവു പോലെ ആവര്‍ത്തിച്ചുള്ളതു തന്നെ. രാജ്യത്തെ തെരഞ്ഞെടുപ്പില്ലായ്മ, അടിയന്തിരാവസ്ഥ, പ്രസംഗിക്കാനും എഴുതാനുമുള്ള വിലക്ക്, പോലീസിന്റെ നരനായാട്ട്, തൊഴിലില്ലായ്മ, അഴിമതി, സാമ്പത്തിക അസമത്വം, ഭക്ഷ്യവിലയിലുള്ള വന്‍വിലക്കയറ്റങ്ങള്‍ തുടങ്ങിയവ. എല്ലാ വിപ്ലവങ്ങള്‍ക്കും മാതാവാകുന്ന കാരണങ്ങള്‍. വിപ്ലവകാരികള്‍ ഒന്നടങ്കം പ്രസിഡന്റ് ഹോസ്‌നി മുബാറക് സ്ഥാനമൊഴിയണമെന്ന കാര്യത്തില്‍ നിര്‍ബന്ധം പിടിച്ചു. തുടക്കത്തില്‍ അന്തര്‍ദേശീയതലത്തില്‍ വിപ്ലവത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ സമ്മിശ്രമായിരുന്നെങ്കിലും ഇടപെടാതെ കാഴ്ചക്കാരനായി സമാധാനകാംക്ഷികളാവാനായിരുന്നു തീരുമാനം. ടുണീഷ്യയിലേയും ഈജിപ്തിലേയും വിപ്ലവങ്ങള്‍ മറ്റു അറബ് രാജ്യങ്ങളായ യെമനിലും ജോര്‍ദാനിലും സിറിയയിലും ബഹ്‌റൈനിലുമല്ലാം വിപ്ലവത്തിന്റെ പുതിയ മുഖവും പാതയും വെട്ടിത്തെളിക്കുകയും ചെയ്തു. ആദ്യം രാജി വയ്ക്കാനും അധികാരമൊഴിയാനും വിസമ്മതിച്ച മുബാറക് ഒടുവില്‍ ജനകീയപ്രക്ഷോഭം കൊടുമ്പിരി കൊണ്ടപ്പോള്‍ രാജിവച്ചൊഴിയുകയായിരുന്നു. എല്ലാ ഏകാധിപതികള്‍ക്കും അന്ത്യഘട്ടത്തിലുള്ളതു പോലെ വിചാരണയും ചിലപ്പോള്‍ തൂക്കുകയര്‍ തന്നെയുമാണ് മുബാറക്കിനേയും കാത്തിരിക്കുന്നതെന്നു കാണാം, ഭാവിയില്‍. ജനകീയവിപ്ലവങ്ങളുടെ വിജയം.
ഭരണാധികാരികള്‍ക്കൊരു സൈറണ്‍
എല്ലാ വിപ്ലവങ്ങളും അധികാരം ദുര്‍വിനിയോഗം നടത്തുന്ന ഭരണാധികാരികള്‍ക്കൊരു വാണിങ് സൈറണാണ്. പക്ഷേ ഇതു മനസിലാക്കുന്നതില്‍ ബഹുഭൂരിപക്ഷവും പരാജയപ്പെടുന്നുവെന്ന് സത്യം.1981 ല്‍ അന്‍വര്‍ സാദത്തിനു ശേഷമാണ് മുബറക് ഈജിപ്തിന്റെ അധികാരമേറ്റെടുക്കുന്നത്. ഒരു ഫറോവയെപ്പോലെ 30 വര്‍ഷം ഏകാധിപതിയായി തന്നെ ഭരിച്ചു. ഇസ്രായേലുമായി ഐക്യമുണ്ടാക്കിയതു വഴി പടിഞ്ഞാറന്‍ രാജ്യങ്ങളുടെ പൊന്നോമനയായും മാറി. എല്ലാ ഏകാധിപതികളേയും പോലെ പിന്‍ഗാമികളായി മക്കളെ വാഴിക്കാനും മറന്നില്ല. പലപ്പോഴും പ്രതിപക്ഷത്തിന്റെ കനത്ത എതിര്‍പ്പിനും വിരോധത്തിനും ഇത് ഇടയാക്കുകയും ചെയ്തു. ചരിത്രകാരുടേയും വിമര്‍ശകരുടേയും അഭിപ്രായത്തില്‍ ഹോസ്‌നി മുബാറക്കിന്റെ അവസാനത്തെ പത്തുവര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ മകന്‍ ഗമാല്‍ മുബാറക്കിന്റേതു കൂടിയായിരുന്നു. വന്‍തോതില്‍ അധികാരം ദുരുപയോഗം ചെയ്യപ്പെട്ടു. ഹോസ്‌നിക്കു ശേഷം ഗമാല്‍ എന്ന നിലയില്‍ തന്നെ അധികരശ്രേണിയുടെ തറക്കല്ലും ഒരുങ്ങി. ജനകീയപ്രക്ഷോഭം ആരംഭിച്ച നാളുകളില്‍ തന്നെ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് എതിരാളികളെ തടവിലാക്കിയിരുന്നു. ജനജീവിതം സ്തംഭിച്ചു എന്നു തന്നെ പറയാം. ഏതാണ്ട് 5000 ത്തിനും 10000 ത്തിനും ഇടയില്‍ ആളുകള്‍ ഇങ്ങനെ തടവിലായി. മൊബൈല്‍ വീഡിയോകളായും യു ട്യൂബ് പോലുള്ളവയിലും അധികാരഭരണകൂടഭീകരതയുടെ എണ്ണിയാലൊടുങ്ങാത്ത ചിത്രങ്ങള്‍ കാണാം. ഇവയില്‍ പലതും ഗ്വാണ്ടനാമോ മലനിരകളിലെ വിവാദതടവറകളേയും ഹിറ്റ്‌ലറുടെ കോണ്‍സണ്‍ട്രേഷന്‍ ക്യാംപുകളേയും ലജ്ജിപ്പിക്കുന്നതായിരുന്നു. ഏതാണ്ട് 170 ഓളം കസ്റ്റഡി മരണങ്ങള്‍ മാത്രം ഉണ്ടായി. നോബല്‍ സമ്മാനജേതാവായ എല്‍ബറാദി നയിച്ച ജനറാലിയുടെ വിഷയവും ഇതായിരുന്നു. ഇതിനു പകരമായി മുബാറക്, രാജ്യത്തെ പ്രധാനപത്രങ്ങളെല്ലാം നേരിട്ട് തന്നെ നിയന്ത്രിച്ചു. എല്ലാത്തിന്റേയും ഫലമോ, മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് തൊഴിലില്ലായ്മ പത്തുമടങ്ങായി കൂടി. ഇത് അവരുടെ വരുമാനത്തിലും ജീവിതനിലവാരത്തിലും പ്രതിഫലിച്ചു. റിപ്പോര്‍ട്ടുകളനുസുരിച്ച് മുബാറക്കിന്റെ സ്വത്ത് തന്നെ 70 ബില്യണ്‍ ഡോളറിനടുത്ത് വരുമായിരുന്നു. മറ്റു മന്ത്രിമാരും ഇതുപോലെ ബില്യണ്‍ ക്ലബില്‍ അംഗങ്ങളായിരുന്നു എന്നറിയുമ്പോഴാണ് അധികാരദുര്‍വിനിയോഗഭീകരത മനസിലാവുക.
ഇതിനു ശേഷമായിരുന്നു, ഏറെ ശരികളും അതിലേറെ തെറ്റുകളുമായിരുന്ന ലിബിയയുടെñഗദ്ദാഫിയ്ക്കു നേരെയുള്ള വിപ്ലവം. ആദ്യñകാലങ്ങളില്‍ അമേരിക്കാവിരുദ്ധ നിലപാടുകളുടെ പേരില്‍ വിപ്ലവകാരികളുടെ പോസ്റ്ററുകളില്‍ ഇടം കിട്ടിയിരുന്ന സ്ഥിരം നായകനായിരുന്നു അദ്ദേഹം. രാജ്യപുരോഗതിയ്ക്ക് തടസമായിരുന്ന ഇദ്‌രീസ് രാജാവിനെ സ്ഥാനഭ്രഷ്ടനാക്കി 1969 ലാണ് ഗദ്ദാഫി അധികാരത്തിലേറുന്നത്. ലിബിയയുടെ എണ്ണസമ്പത്ത് ദേശസാത്കരിച്ചുകൊണ്ടാണ് ഗദ്ദാഫി ശ്രദ്ധേയനായത്. എങ്കിലും തുടര്‍ച്ചയായ അധികാരവാഴ്ച ഗദ്ദാഫിയെയും ജനവിരുദ്ധനാക്കി. തക്കം കാത്തുനിന്ന സംഖ്യകക്ഷികളും അമരിക്കയും ലിബിയയുടേയും ഗദ്ദാഫിയുടേയും പതനം ഉറപ്പുവരുത്തുകയും ചെയ്തു.
സോഷ്യല്‍ മീഡിയകള്‍ക്കൊരു സലാം
ഈയടുത്ത് നടന്ന വിപ്ലവങ്ങള്‍ക്കെല്ലാം പ്രചോദനമായോ, ആയുധമായോ പ്രവര്‍ത്തിച്ച ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകളുടെ സ്വാധീനവും എടുത്തുപറയേണ്ടതാണ്. വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കാനായി അമേരിക്കയില്‍ നടക്കുന്ന പ്രക്ഷോഭവും ഇതിനോടു ചേര്‍ത്തുവായിക്കാം. അമേരിക്കയിലെ അസന്തുഷ്ടരായ മധ്യവര്‍ഗം നടത്തുന്ന പ്രക്ഷോഭം എന്നതിലുമുപരി ലോകത്തെ ഏറ്റവും നിര്‍ണായകമായി രീതിയില്‍ സ്വാധീനിക്കാവുന്ന വിപ്ലവമായി മാറാവുന്ന എല്ലാ സാധ്യതയും ഇതിനുണ്ടെന്നാണ് സൂചനകള്‍. കഴിഞ്ഞ അരസഹസ്രാബ്ദത്തിലെ അമേരിക്കയുടെ ചരിത്രത്തെ മുഴുവനായും മാറ്റിയെഴുതാനും ചിലപ്പോള്‍ ഇതിനു കഴിഞ്ഞേക്കാം. ഓരോ ദിനവും പ്രക്ഷോഭകാരികള്‍ക്കൊപ്പം അണിനിരക്കുന്ന സാധാരണക്കാരായ നാട്ടുകാരുടെ നിര നല്‍കുന്ന സൂചനകള്‍ ഇതാണ്. ഈ വര്‍ഷം ജൂണിനാണ് സമരം തുടങ്ങിയത്. തൊഴിലില്ലായ്മ തന്നെയായിരുന്നു പ്രധാനകാരണം. നിലവിലെ നിയമങ്ങള്‍ പണക്കാരെ കൂടുതല്‍ പണക്കാരാക്കുകയും പാവപ്പെട്ടവരെ കൂടുതല്‍ സുരക്ഷിതരല്ലാതാക്കുകയു ചെയ്യുന്നുവെന്ന തിരിച്ചറിവാണ് പ്രക്ഷോഭങ്ങളിലേക്ക് വഴി മാറിയത്. വീടില്ലാത്തവര്‍കും തങ്ങള്‍ സുരക്ഷിതരെല്ലെന്നു തോന്നുന്ന ആര്‍ക്കും പ്രക്ഷോഭത്തില്‍ അംഗങ്ങളാവാം. പ്രത്യേകിച്ചുള്ള ഉത്തരവാദിത്തങ്ങളൊന്നും ആര്‍ക്കുമില്ല. മാത്രവുമല്ല, വിപ്ലവത്തില്‍ എല്ലാവരും സമന്‍മാരുമാണ്.
ലോകത്തിനു മുന്നില്‍ എല്ലാ വിപ്ലവങ്ങള്‍ക്കും ഉയര്‍ത്തിപ്പിടിക്കാവുന്ന അതേ മുദ്രാവാക്യം.
വിപ്ലവത്തില്‍ എല്ലാവരും സമന്‍മാരാണ്. അസന്തുഷ്ടരായ ജനക്കൂട്ടമുള്ളിടമെല്ലാം വിപ്ലവസാധ്യതകളെ നെഞ്ചേറ്റുന്നു.

No comments:

Post a Comment