Saturday, December 31, 2011

മുതിരപായസം 52 നോട്ട് ഔട്ട്!







മുതിരപായസം 52 നോട്ട് ഔട്ട്!

35 വയസുകാരനായ ഹരീഷ് കുമാര്‍ പറയുന്നു, കഴിഞ്ഞ 40 വര്‍ഷമായി ഞാന്‍ ‘നാണിവിലാസ’ത്തിലെ മുതിരപായസത്തിന്റെ ആരാധകനാണെന്ന്. അത്ഭുതത്തോടെ തിരുത്താനൊരുങ്ങുമ്പോള്‍ ബാങ്കുദ്യോഗസ്ഥനായ ഷിജുവും രാഷ്ട്രീയക്കാരനായ അഷ്‌ക്കറും ശരിവയ്ക്കുന്നു. പ്രായത്തില്‍ അവരേക്കാളും മൂത്ത നാണുവേട്ടന്‍ അതിനു കാരണവും കണ്ടെത്തുന്നു. ‘ചെലപ്പോ കഴിഞ്ഞ ജന്‍മത്തിലും ഓന്‍ ചാത്തൂട്ടിയേട്ടന്റെയും നാണ്യേടത്തിയുടേയും കൈപ്പുണ്യം അറിഞ്ഞിട്ട്ണ്ടായിരിക്കും. അങ്ങനെ നോക്കുമ്പോ ഓന്‍ നാപ്പതല്ല, അയിലും കൂടുതല് പ്രാവശ്യം മുതിരപായസം കുടിച്ച്ട്ട്മുണ്ടാവും..’
നാണിവിലാസം സ്‌പെഷ്യല്‍
പാനൂര്‍ മീത്തലെ ചമ്പാട്ട് ചാത്തൂട്ടിയേട്ടനും നാണിയേടത്തിയും കൂടി നാണിവിലാസം ഹോട്ടല്‍ തുടങ്ങിയത് 1959 ലാണ്. ആദ്യം സ്വന്തം വീട്ടില്‍ തുടങ്ങി, പിന്നെ ഓലപ്പുരയിലായി. പിന്നെ ഓടായി. ഇപ്പം കോണ്‍ക്രീറ്റുമായി. ‘അന്ന് കടയുത്ഘാടനത്തിന് ചോക്ക് കൊണ്ട് എഴുതിയതാ നാണിവിലാസം ന്ന്. പിന്നെ മാച്ചിട്ടില്ല. തിരിഞ്ഞുനോക്കേണ്ടി വന്നിട്ടുമില്ല.’ ചാത്തൂട്ടിയേട്ടന്‍ പറയുന്നു. അന്നുതൊട്ട് ഇന്നുവരെ നാണിവിലാസത്തിനൊപ്പം മുതിരപായസവുമുണ്ട്, മുടങ്ങാതെ കൂടെ. വയസ് 88 ആയിട്ടും ഇന്നും പെരുത്ത് നില്‍ക്കുന്ന മസിലിന്റെ ആരോഗ്യരഹസ്യവും മറ്റൊന്നല്ലെന്ന് അദ്ദേഹം തറപ്പിച്ച് പറയുന്നു. ഇടയ്ക്ക് കൂടെ കിണ്ണത്തപ്പവും കലത്തപ്പവുമൊക്കെ സ്ഥിരമായി കൂട്ടിനുണ്ടായിരുന്നെങ്കിലും ഇന്നും വൈകുന്നേരത്തെ സ്‌പെഷ്യല്‍ മുതിരപായസം തന്നെ. ദിവസം 100- 120 ഗ്ലാസിനടുത്തെങ്കിലും ചെലവാകും. മുതിര, വെല്ലം, പശുവിന്‍ നെയ്യ്, പാല്‍, ഏലക്കായ്, വറുത്ത തേങ്ങാകഷണങ്ങള്‍ തുടങ്ങിയവ ഒരു പ്രത്യേകകൂട്ടില്‍ ചേര്‍ത്താണ് മുതിരപായസം ഉണ്ടാക്കുന്നത്. അന്നും ഇന്നും ഇവയുടെ അളവ് കുറയാതെയും കൂടാതെയിമിരിക്കുന്നതിനാല്‍ പായസത്തിന് തുടക്കത്തിലുള്ള രുചി തന്നെയാണെന്ന് നാട്ടുകാരുടെ സാക്ഷ്യവുമുണ്ട്. എന്തൊക്കെ ബുദ്ധിമുട്ടുണ്ടെങ്കിലും വൈകുന്നേരം നാലുമണി മുതല്‍ മുതിര പായസം ഇവിടെñറെഡിയായിരിക്കും. കട്ടായം.
ഒരണയില്‍ തുടങ്ങി..
‘തൊടങ്ങിയ കാലത്ത് ഒരു അണയായിരുന്നു. പിന്നെ നാലണയായി. ഒരുര്‍പ്യയായി. രണ്ടായി. അഞ്ചായി. ഇപ്പോ ഇതാ ഏഴുര്‍പ്യാ പായസത്തിന്. രക്തശുദ്ധിക്ക് പഷ്ടാ ഇത്.’ ചാത്തൂട്ട്യേട്ടന്റെ അവകാശപ്രഖ്യാപനം. കട തുടങ്ങുമ്പോള്‍ അന്നത്തെ ഉറ്റമിത്രങ്ങളും വൈദ്യന്‍മാരുമായിരുന്ന പുരപ്രത്ത് അച്ചുവൈദ്യര്‍, കുഞ്ഞിപ്പറമ്പത്ത് ഏറിയന്‍ കൃഷ്ണന്‍ വൈദ്യര്‍, കുഞ്ഞിരാമന്‍ വൈദ്യര്‍, പാനൂര്‍ അമ്പുവൈദ്യര്‍ തുടങ്ങിയവരൊക്കെയായിരുന്നു മുതിരപായസസത്തിന്റെ ഔഷധഗുണത്തെപ്പറ്റി ബോധ്യപ്പെടുത്തിയത്. ശരീരപുഷ്ടിക്ക് അനാരോഗ്യമുള്ളവര്‍ക്കും മറ്റും അവര്‍ മുതിരപായസം നിര്‍ദേശിക്കുകയും ചെയ്യുമായിരുന്നു. ഇത് വീടുകളില്‍ കല്യാണങ്ങള്‍ക്കും മറ്റു ആഘോഷങ്ങള്‍ക്കും വരെ പാര്‍സലായും കൊണ്ടുപോവുന്നവരുമുണ്ട്.
കടയിലെ സഹായത്തിന് ഇന്ന് മക്കളും മക്കളുടെ മക്കളുമായി വലിയ പട തന്നെയുണ്ട്. എട്ട് മക്കളാണ്. നളിനി, ശോഭ, വത്‌സന്‍, രേവതി, പവിത്രന്‍, രാജീവന്‍, പ്രദീപന്‍, സജീവന്‍ എന്നിവര്‍. ഞായറാഴ്ചയടക്കം കട തുറന്നു പ്രവര്‍ത്തിക്കും. രാവിലെ ആറു മണിക്കു തുറക്കുന്ന കട രാത്രി എട്ടു മണിവരെയുണ്ടാവും. ഇന്നും രാവിലെ ഇവിടെയെത്തിയില്ലെങ്കില്‍ ഇരുവര്‍ക്കും ഉറക്കം വരില്ലെന്ന് മക്കള്‍ ഒന്നടങ്കം പറയുന്നു.
ഒന്ന് തലസ്ഥാനത്തേക്കു വിളിച്ചാലോ പിള്ളേച്ചാ..?
ഇത് മീശമാധവനില്‍ കൊച്ചിന്‍ ഹനീഫ ജഗതിയോടു ചോദിക്കുന്നതു പോലല്ല. കാര്യമുണ്ട്. സഖാക്കളായ ഐ വി ദാസ്, കോടിയേരി ബാലകൃഷ്ണന്‍, പിണറായി വിജയന്‍, കോണ്‍ഗ്രസ് നേതാകളായ എം എം ഹസന്‍, ജി കാര്‍ത്തികേയന്‍, ഇ ടി മുഹമ്മദ് ബഷീര്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരെല്ലാം ഇതിലേ പോവുമ്പോള്‍ നാണിവിലാസത്തില്‍ കയറിയിട്ടേ പോവാറുള്ളൂ. കൂട്ടത്തില്‍ ചാത്തൂട്ടിയേട്ടന്റെñഅടുത്ത ദോസ്തുക്കള്‍ അന്തരിച്ച ഐ വി ദാസും മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും. ഇവര്‍ക്കൊപ്പം ഇരിക്കുന്ന ഫോട്ടോ ഇന്നും അലമാരയിലെവിടെയോ ഉണ്ടെന്ന് പേരമകന്‍ നിസ്മയ് ഓര്‍ക്കുന്നു. അടിയുറച്ച കമ്യൂണിസ്റ്റുകാരനാണെങ്കിലും പായസത്തില്‍ രാഷ്ട്രീയമില്ലെന്ന് ചുരുക്കം. വൈകുന്നേരമാവുമ്പോള്‍ തലശേരി, ഇരിട്ടി, പാനൂര്‍ തുടങ്ങിയ പരിസരപ്രദേശങ്ങളില്‍ നിന്നു പോലും ഇതിനെക്കുറിച്ച് കേട്ടറിഞ്ഞു വരുന്നവരുണ്ട്. മുമ്പ് കുറച്ച് വിദേശികള്‍ വന്നപ്പോള്‍ അദ്യം സ്പൂണ്‍ ഉപയോഗിച്ചെങ്കിലും പിന്നെ മുഴുവന്‍ ഊതിക്കുടിക്കുകയായിരുന്നു. അന്ന് അവര്‍ പായസത്തെക്കുറിച്ചും നാണിവിലാസത്തെക്കുറിച്ചും പറഞ്ഞ ഒറ്റവാക്കിലെ അഭിനന്ദനവാക്ക് വീണ്ടും കുറിക്കാം.
വണ്ടര്‍ഫുള്‍!



മുതിരപായസം തയ്യാറാക്കുന്ന വിധം
ഒരു കിലോ മുതിര പായസം വെക്കാന്‍ ഉപയോഗിക്കുമ്പോള്‍ ഏതാണ്ട് 28 ഗ്ലാസ് പായസം കിട്ടും.
മുതിര ഒരു കിലോ
വെല്ലം ഒന്നര കിലോ
പശുവിന്‍ നെയ്യ് 100 ഗ്രാം
ഏലക്കായ് 10 ഗ്രാം
പാല്‍ ഒന്നരലിറ്റര്‍
ഒരു തേങ്ങയുടെ പകുതി
തയ്യാറാക്കുന്ന വിധം
മുതിര അടുപ്പത്ത് വേവിക്കുക. നാലുമണിക്കൂറെങ്കിലും അടുപ്പത്ത് വെച്ചാലേ മുതിര വേവുകയുള്ളൂ. വെന്തു കഴിഞ്ഞാല്‍ ഇതില്‍ വെല്ലവും പാലും ഉരുക്കി ഒഴിക്കുക. തുടര്‍ന്ന് പശുവിന്‍ വെയ്യില്‍ തേങ്ങാക്കഷണങ്ങള്‍ മുറിച്ചിട്ട് വറവൊഴിക്കുക. നന്നായി ഇളക്കിയതിനു ശേഷം പാത്രത്തില്‍ ചൂടാറാന്‍ എടുത്തു വയ്ക്കാം.

No comments:

Post a Comment