






സ്‌നേഹമതിലും കടന്ന്്
ചിലര്‍ ഇതൊരു വട്ടിന്റെ ആരംഭമായി കരുതി. മറ്റു ചിലര്‍ ‘ആശയമൊക്കെ കൊള്ളാം. പക്ഷേ, എത്ര മനോഹരമായ നടക്കാത്ത സ്വപ്നം’എന്ന പഴയ സിനിമാഡയലോഗില്‍ തന്നെ കേറി പിടിച്ചു. വേറെ ചിലര്‍ക്കു പ്രശ്‌നം സുരക്ഷിതത്വമായിരുന്നു.
12 വര്‍ഷങ്ങള്‍ക്കു മുമ്പ്, ആരണ്യഗിരി ഒരുങ്ങുന്നതിനും മുമ്പ് ഏതാണ്ട് എഴുപതോളം സുഹൃത്തുക്കളെയെങ്കിലും മാത്യുവും ടീമും കണ്ടു. മാത്യു പറയുന്നു, ‘ഇവിടെ കേരളസ്‌റ്റൈലില്‍, ഞങ്ങള്‍ കൂട്ടുകാരെല്ലാം ഒരു കൂട്ടുകുടുംബമായി സ്‌നേഹത്തോടെ ജീവിക്കുക എന്നതായിരുന്നു സ്വപ്നം. എല്ലാവരും വര്‍ഷങ്ങളായി ബിസിനസും ജോലിയുമൊക്കെയായി ബാഗ്ലൂരിലുള്ളവരാ. ആദ്യകാലത്തേ പരസ്പരം അറിയുന്നവരും. കാണുകയും സംസാരിക്കുകയും ചെയ്ത പലര്‍ക്കും ഈ ആശയം നടക്കുമോ എന്ന സംശയമായിരുന്നു. അവസാനം ഞാനും ഡേവിഡും സജിയും ചേര്‍ന്ന് വരുന്നിടത്തു വച്ചു കാണാമെന്ന മട്ടില്‍ സ്ഥലമന്വേഷിക്കലായി. മൊത്തം 60 ഓളം സ്ഥലങ്ങളെങ്കിലും പോയി കണ്ടു. ഒടുവില്‍ ഈ ബന്നാര്‍ഘട്ട നാഷനല്‍ പാര്‍ക്കിന് തൊട്ടടുത്തുള്ള ആരണ്യഗിരിയിലുമെത്തി. മൊത്തം നാലര ഏക്കറുണ്ടായിരുന്ന സ്ഥലം വാങ്ങി. പിന്നെ ദാ, ഇതു പോലെ വീടുകള്‍ വയ്ക്കുകയായിരുന്നു. ഒരര്‍ഥത്തില്‍ നടക്കാത്ത സ്വപ്നം യാഥാര്‍ഥ്യമാക്കുകയായിരുന്നുവെന്നും പറയാം.’
മാത്യുവിന്റെ കഥാകഥനം തുടരുന്നതിനിടയില്‍ ആരണ്യഗിരിയിലെ കുടുംബങ്ങളെല്ലാം ഗ്രൂപ്പ് ഫോട്ടോയ്ക്കു തയ്യാറാവുന്നതിന്റെ തിരക്കിലാണ്. ഈ ആധുനികകൂട്ടുകുടുംബത്തിലെ ലൈഫ്‌സ്‌റ്റൈലിനെക്കുറിച്ച് പറയാന്‍ ഓരോരുത്തര്‍ക്കുമുണ്ട് അനുഭവങ്ങളേറെ.
ഇവിടെ നോ രഹസ്യം
ഒരു മിനി കേരളമാണ് ആരണ്യഗിരിയെന്ന് വേണമെങ്കില്‍ പറയാം. കേരളത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുള്ളവരാണ് താമസക്കാര്‍. ബിസിനസുകാരനായ മാത്യുവും ഭാര്യ ഷൈജയും കുട്ടനാട്ടുകാരാണ്. ടാക്‌സ് ഫൈനാന്‍സ് കണ്‍സള്‍ട്ടന്റ് ആയ ഡേവിഡ് പുത്തനങ്ങാടി ആലുവക്കാരന്‍. ഭാര്യ ആനി. കാലടിക്കാരനാണ് ഇലക്‌ട്രോണിക് എന്‍ജിനീയര്‍ സജി പുതുശേരിയും ഭാര്യ ബിന്ദുവും. സോഫ്ട്‌വെയര്‍ എന്‍ജിനീയറും കോതമംഗലംകാരനുമായ അരുണും ഭാര്യ ലൈസയും കൂട്ടത്തില്‍ സീനിയറും സാഹിത്യകാരനും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ തൃശൂരുള്ള ജോസഫ് വന്നേരിയും കുടുംബവും. എല്ലാ വീടിനും പേരായി ഉള്ളത് കേരളത്തിലേതു പോലെ അവരവരടെ തറവാട്ടു പേരുകള്‍. ഈ അഞ്ചു പേരെ കൂടാതെ ഇനിയുമൊരു നാലു കുടുംബങ്ങള്‍ കൂടി സമീപഭാവിയില്‍ താമസം തുടങ്ങും. മുന്നറിയിപ്പ്- ഇവിടത്തെ എല്ലാവരും ഒരേ പോലെ ചിന്തിക്കുന്നവരും ഒരേ മനസ്ഥിതിയുള്ളവരുമായതിനാല്‍, ഇവിടെ നോ രഹസ്യം.
‘അന്ന് ഈ ഭാഗത്ത് ഇപ്പോഴുള്ളതു പോലെ അധികം കടകളൊന്നുമില്ല. അടുത്തായി സ്‌കൂളുമില്ല. പിന്നെ ഓരോന്നായി വരികയായിരുന്നു. ഞങ്ങളെ കണ്ടിട്ടെന്ന് വേണമെങ്കിലും പറയാം. ഈ പറമ്പില്‍ നിന്നു തന്നെ 13 കുട്ടികള്‍ സ്‌കൂളില്‍ പോയി വരുന്നുണ്ട്. ഇനിയും മെംമ്പേര്‍സുണ്ടാകാനുള്ള സാധ്യതയുമുണ്ട്..’. കൂട്ടത്തിലെ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ അരുണ്‍ ഓരോ കുട്ടികളുടേയും പേരും ക്ലാസും ജനനതീയ്യതിയുമടക്കം കാണാപാഠം പറയാന്‍ തുടങ്ങി.
കുഞ്ഞനെങ്കിലും ബിമല്‍കുമാറെന്നു വിളിക്കും!
ആരണ്യഗിരിയ്ക്ക് അങ്ങനെയും ഒരു അനുഭവമുണ്ട്. മുമ്പ് വീടൊക്കെ വരുന്നതിനു മുമ്പ് പറമ്പു കാണാന്‍ വന്നവരെല്ലാം ഇതിനെ കാടെന്നു വിളിച്ചു. അവരെ കുറ്റപ്പെടുത്താനും കഴിയില്ല. നിരന്നു നില്‍ക്കുന്ന മാവുകളും ചുറ്റിപ്പറ്റിയുള്ള ചെറിയ ചെറിയ കുന്നുകളുമായിരുന്നു ഇവിടെ. പോരാത്തതിന് ഇടയ്ക്ക് നാഷണല്‍ പാര്‍ക്കില്‍ നിന്നും വഴിതെറ്റി കാട്ടാനക്കൂട്ടവും പറമ്പിലൊരു സര്‍ക്കീട്ടിനിറങ്ങും. എന്നാലും മാത്യുവും കൂട്ടുകാരും ഇതിന് ആരണ്യഗിരി എന്ന സ്‌റ്റൈലന്‍ പേരിട്ടു. സജിയുടെ ഭാഷയില്‍, കുഞ്ഞനെന്നു വിളിക്കുമെങ്കിലും ബിമല്‍കുമാര്‍ എന്നാണു പേരെന്ന പോലെ.
ആരണ്യഗിരിയിലെ ആദ്യവീടുകള്‍ മാത്യുവിന്റെ മാമ്പറ വീടും ഡേവിഡിന്റെ പുത്തനങ്ങാടിയും. പത്തു മാസമേയെടുത്തുള്ളൂ, വീടു പണി പൂര്‍ത്തിയാവാന്‍. ഡിസൈനിങ്ങും മറ്റും പ്രകൃതിക്ക് ദോഷമാവാതെ ചെയ്തു. മരങ്ങള്‍ അധികവും മുറിക്കാതിരിക്കാന്‍ കര്‍ശന ജാഗ്രതയായിരുന്നു. സംശയമുണ്ടെങ്കില്‍ സജിയുടെ വീട്ടിലൊന്നു നോക്കൂ, വീടിരിക്കുന്ന പറമ്പിന്റെ ഒത്ത നടുക്കായി ഒരു മാവുണ്ടായിരുന്നതിനാല്‍ അതു കൂടി പ്ലാനില്‍ ഉള്‍പ്പെടുത്തിയാണ് കക്ഷി വീടു പണിതത്. പാലു
കാച്ചലിന് ഏതാണ്ട് അയ്യായിരത്തോളം പേരെങ്കിലും പങ്കെടുത്തു. ‘അന്ന് ഇവിടെ വന്നവരെല്ലാം ആരണ്യഗിരിയുടെ ആരാധകരായി മാറുകയായിരുന്നു. ഓരോരുത്തരും ചോദിച്ചു, ഇവിടെ ഇത്തിരി സ്ഥലം. അതില്‍ മലയാളികള്‍ മാത്രമല്ല, പാഴ്‌സികളും സിന്ധികളും വരെ പെടും.. എല്ലാവര്‍ക്കും ഈ വീടും പരിസരവും നല്ലോണമങ്ങ് ബോധിച്ചു..’ മാത്യുവും ഡേവിഡും 12 വര്‍ഷം മുമ്പു നടന്ന പാലു കാച്ചല്‍ ചടങ്ങ് ഇന്നലെയെന്ന പോലെ ഓര്‍ത്തു.
ബാംഗ്ലൂരിലൊരു സ്‌റ്റൈലിഷ് ‘നാടന്‍’ വീട്
കൂട്ടത്തിലെ ആരണ്യഗിരിയുടെ ‘ഐഡിയക്കാര’ന്‍ മാത്യുവിന്റെ മാമ്പറ വീട്ടിലാണ് നമ്മളിപ്പോള്‍. വീട്ടുകാര്‍ തന്നെയാണ് ഡിസൈന്‍. പന്ത്രണ്ട് വര്‍ഷം മുമ്പുള്ള വീടാണെങ്കിലും ഏതു മോഡേണ്‍ വീടിനോടും കിടപിടിക്കുന്ന ലുക്കുമുണ്ട്. മൊത്തം 3000 സ്‌ക്വയര്‍ ഫീറ്റ്. ലിവിങ്ങില്‍ നിന്നും അകത്ത് കയറുമ്പോള്‍ തന്നെ കാണാന്‍ പറ്റുന്ന വിധം നടുമുറ്റവും ഫൗണ്ടനും ഒരുക്കിയിട്ടുണ്ട്. ഇതിനെപ്പറ്റി ചോദിക്കുമ്പോള്‍ ഒരു കുട്ടനാട്ടുകാരന്‍ എങ്ങനെ വെള്ളം ഇഷ്ടപ്പെടാതിരിക്കും എന്ന മറു ചോദ്യവുമുണ്ട് മാത്യുവിനും ഭാര്യയ്ക്കും. ലിവിങ്ങിലെ മനോഹരമായ ഡിസൈനും നീഷുകള്‍ നല്‍കി അലങ്കാരങ്ങള്‍ അടുക്കിവച്ചിരിക്കുന്നതുമല്ലാം ആരെയും ആകര്‍ഷിക്കും. എങ്കിലുംñനടുമുറ്റവും ഫൗണ്ടനും തന്നെ ഹൈലൈറ്റ്. ഇവിടെ വെള്ളം ചിന്നിച്ചിതറി വീഴാനുള്ള സൗകര്യവും അധികമായാല്‍ ഒഴുക്കിക്കളയാനുള്ള സംവിധാനവുമുണ്ട്. മുകളില്‍ സ്‌കൈലൈറ്റിനായി പര്‍ഗോളയും കൊടുത്തിട്ടുണ്ട്. ഒരു വശത്തായി ഒരു കംപ്യൂട്ടര്‍ ടേബിളും കാണാം. ഓഫീസു കാര്യങ്ങളെല്ലാം ചിലപ്പോഴെങ്കിലും ഈ ജലാശയത്തിനു അരികെയിരുന്ന് നിര്‍വഹിക്കാനാണ് വീട്ടുകാരന് ഇഷ്ടം.
നാട്ടില്‍ നിന്നും കൊണ്ടുവന്ന അറയും നിരയുമാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. കോട്ടയത്തു നിന്നും കൊണ്ടു വന്ന തേക്കില്‍ തീര്‍ത്ത ഈ പഴയ അറയ്ക്കും നിരയ്ക്കും വരാന്തയിലെ തൂണുകള്‍ക്കുമല്ലാം ഏതാണ്ട് നൂറ്റാണ്ടുകള്‍ തന്നെ പഴക്കം വരും. ഇതിന്റെ വാതില്‍ ഓഫീസ് മുറിയിലേക്കു തുറക്കുന്നു. പഴയകാല വാതിലുകള്‍ പോലെ പാതി വലിപ്പമേ ഉള്ളൂ ഇതിന്. പണ്ടുകാലത്ത് ആളുകള്‍ എളിമയോടെ കുനിഞ്ഞ ശിരസുമായി വീട്ടിനകത്തേക്ക് കയറിയതു പോലെ ഈ ഓഫീസിലും കയറട്ടെ എന്നാണ് മാത്യുവിന്റെ സജഷന്‍. മൊത്തം നാലു ബെഡ്~റൂമുകള്‍. എല്ലാം മനോഹരമായി സംവിധാനിച്ചത്. ഇതില്‍ കുട്ടികളുടെ മുറിയിലെ ഗ്ലാസ് വാതിലില്‍ കൂടി പുറത്തെ വാട്ടര്‍ ബോഡിയിലേക്കുള്ള കാഴ്ചയാണ് എടുത്തുവയ്ക്കാവുന്ന ചിത്രം. കാരൈക്കുടിയില്‍ നിന്നുള്ള ഹാന്റ് മെയ്ഡ് ടൈലുകളാണ് വീടിന്റെ ഫ്‌ളോറിങ്. ഇത് ഫ്‌ളോറിങ്ങിന് പുത്തനുണര്‍വ് നല്‍കുന്നതായി വീട്ടുകാരിയുടെ കണ്ടെത്തലുമുണ്ട്. തേക്കാണ് കൂടുതലും ഉപയോഗിച്ചതെങ്കിലും നിലമ്പൂരില്‍ നിന്നും കൊണ്ടുവന്ന സംസ്‌ക്കരിച്ച റബര്‍തടിയും ഗ്ലാസും റെയിലുകളും ചേര്‍ത്താണ് സ്റ്റയര്‍കേസ് ഒരുക്കിയത്. അപൂര്‍വമായി മാത്രം താമസിക്കാന്‍ വരാറുള്ള അതിഥികള്‍ക്കായി ഒരു അതിഥി മുറിയും ഉണ്ട്.
ലൊക്കേഷന്‍ റോക്ക്‌സ്!
‘മുമ്പ് ആനകളിറങ്ങുന്ന കാലത്ത് അള്‍സേഷ്യന്‍ പട്ടികളായിരുന്നു കാവല്‍. എന്നാലോ അവ ആനകളെ കണ്ടാല്‍ പിന്നെ മിണ്ടാതെ നില്‍ക്കും. അതോടെ എല്ലാത്തിനേം കെട്ടുകെട്ടിച്ചു. ഇപ്പം കുറച്ചു നാടന്‍ പട്ടികളേയുള്ളൂ, കാവലിന്.’ ഡേവിഡിനു പറയാനുള്ളത് അധികമാരും അനുഭവിക്കാത്ത വിചിത്രാനുഭവങ്ങളെപ്പറ്റി. ഇവിടെ മതിലു വരുന്നതിനു മുമ്പ് സ്ഥിരമായി ആനകള്‍ വരുമായിരുന്നത്രേ. ‘മരങ്ങള്‍ക്കിടയിലൂടെയുള്ള അവയുടെ പോക്കൊന്നു കാണേണ്ടതു തന്നെയാണ്. വല്യ കുഴപ്പക്കാരൊന്നുമല്ല. പോയിക്കഴിഞ്ഞാല്‍ ഒന്നു രണ്ടു മരത്തിന്റെ ചില്ലയെങ്കിലും മിനിമം ഒടിഞ്ഞിട്ടുണ്ടാവും. അത്ര തന്നെ. കൂട്ടം കൂടി പത്തും പന്ത്രണ്ടുമൊക്കെ ആനകളുണ്ടാവും.’
നാട്ടിലെ ഏതാണ്ട് എല്ലാ മരങ്ങളും ഇവിടേയും നട്ടുവളര്‍ത്തിയിട്ടുണ്ട്. കണിക്കൊന്നയും മാത്രമാണ് പരാജയപ്പെട്ട പരീക്ഷണം. കരിയാപ്പ്, കറുവ, കുരുമുളക്, ഏലം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ മുതല്‍ പ്ലാവും മാവും പോലുള്ള വന്‍മരങ്ങളുടേയും ശേഖരമുണ്ട്. വീടുകളിലേക്കു വേണ്ട കാപ്പി ഇവിടെ തന്നെ ഉത്പാദിപ്പിക്കും. എല്ലാം നാട്ടില്‍ നിന്നു കൊണ്ടുവന്നു നട്ടത്. ഓരോ വീടിന്റെയും മുന്‍വശത്തു തന്നെ കാണാം വെളുത്ത നിറത്തിലും റോസ് നിറത്തിലുമായി കടലാസുചെടികള്‍. മാവില്‍ മാങ്ങയും പ്ലാവില്‍ ചക്കയും കായ്ക്കുമ്പോള്‍ പിന്നെ പറമ്പിന് അതിര്‍ത്തിയൊന്നുമില്ല. എല്ലാം എല്ലാവരുടേതുമാണ്. ഓരോ വീട്ടുകാരുടേയും മ്യൂച്ച്വല്‍ ഫ്രണ്ട്‌സും വരും, ഇവ കൂട്ടത്തോടെ കൂടയിലാക്കാന്‍. ‘അവരെ സംബന്ധിച്ചിടത്തോളം ഇതൊരു അവകാശമാ. നാട്ടില്‍ കുട്ടിക്കാലത്ത് ആവോളം ആസ്വദിച്ച കണിമാങ്ങയും വരിക്കച്ചക്കയും ഇവിടെയല്ലാതെ ഈ അന്യനാട്ടില്‍ വേറെയെവിടെ കിട്ടും?’ പുത്തനങ്ങാടിയിലെ വീട്ടമ്മ ആനിയുടെ ചോദ്യത്തിന് എല്ലാവരും ചിഹ്‌നമിട്ടു.
എല്ലാം കോമണ്‍
വ്യത്യസ്തമാണ് ഇവിടത്തെ അന്തരീക്ഷം. എന്നും കളിയും പാട്ടും ചിരിയുമായി സമയം പോവുന്നതു അറിയുകയേ ഇല്ല. കലാപരിപാടികള്‍ നടത്താനായി ഒരു പ്രത്യേക സ്‌റ്റേജും ആസ്വദിക്കാന്‍ ഇരിപ്പിടവുമല്ലാം ഒരുക്കിയിട്ടുണ്ട്. ‘മൊത്തം 13 കുട്ടികളുണ്ട് ഈ ആരണ്യഗിരിയിലെന്നു പറഞ്ഞല്ലോ. ഞങ്ങളുടെ മക്കളായതു കൊണ്ടു പറയുകയല്ല. എല്ലാം ഒന്നിനൊന്നു സ്മാര്‍ട്ടാ. ഞങ്ങള് ശരിക്കും അവര്‍ക്കു വേണ്ടി ജീവിക്കുകയാണെന്നു പറഞ്ഞാലും കുഴപ്പമില്ല. കുട്ടികള്‍ക്ക് കൊടുത്ത നിര്‍ദേശം വെറുതെ റിമോട്ടുമായി ടി വിയുടെ മുന്നില്‍ ചടഞ്ഞുകൂടരുതെന്നാണ്. എവിടെയാണെന്നു വെച്ചാല് ചെന്ന് കളിക്കുക. വീണാലോ മുറിവു പറ്റിയാലോ ഒന്നും ഒരു കുഴപ്പവുമില്ല. പക്ഷേ, വെറുതെയിരിക്കരുത്. പുതുതലമുറയ്ക്ക് അന്യം നിന്നുപോവുന്ന നന്‍മകളും കുടുംബജീവിതവും തിരികെ കിട്ടുന്നതാണ് ഈ ലൈഫ് സ്‌റ്റൈലിന്റെ ഏറ്റവും വലിയ ഗുണം.’ അരുണ്‍ സ്‌റ്റേജിനടുത്തേക്ക് നയിച്ചു. ഇതിനിടെ മാത്യുവിന്റെ മകന്‍ സച്ചിന്‍, അജിത്തിന്റെ പുതിയ സ്‌റ്റൈലിഷ് പടം മങ്കാത്തയിലെ ‘പുലിവേഷം പൊടാട്ടാ’ യെന്ന അടിപൊളിഗാനം എല്ലാവര്‍ക്കുമായി മൂളി ഡാന്‍സ് ചെയ്തു. രാത്രികാലങ്ങളില്‍ പരിപാടികള്‍ നടത്താന്‍ പാകത്തില്‍ ചുറ്റുമുള്ള മരങ്ങളിലായി വെളിച്ചത്തിനുള്ള അറേഞ്ച്‌മെന്റും ചെയ്തിട്ടുണ്ട്. ഇതിനടുത്ത് തന്നെയാണ് ജിമ്മും. ഏതാണ്ട് എല്ലാ മസില്‍ വീര്‍പ്പിക്കല്‍ ഉപകരണങ്ങളും ഉണ്ട്. ഇതിനൊപ്പം ഒരു മ്യൂസിക് മുറി കൂടി വരുന്നു. തൊട്ടടുത്താണ് ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടും ഷട്ടില്‍ കോര്‍ട്ടും. പിള്ളേരില്‍ സഹായമനസ്ഥിതിയും കൂട്ടായ്മയും ശീലിപ്പിക്കാന്‍ ഒരു പച്ചക്കറിത്തോട്ടവും ഒരുക്കിയിരിക്കുന്നു. അവിടെ പച്ചക്കറിക്ക് തടമൊരുക്കുന്നതും വെള്ളം നനയ്ക്കുന്നതുമല്ലാം അവരുടെ ഡ്യൂട്ടി.
ഓണമാണ് എല്ലാവരും ഒന്നിച്ച് ആഘോഷിക്കുന്ന ദേശീയോത്‌സവം. ഈ ലൈഫ്‌സ്‌റ്റൈലിന്റെ സാധ്യതകള്‍ ആ സമയത്ത് പരമാവധി ഉപയോഗിക്കും. എല്ലാവരും പൂക്കളമൊരുക്കും. സ്‌റ്റേജില്‍ സ്‌കിറ്റ് എഴുതി നാടകവും മറ്റു കോമഡി ചിത്രീകരണവും അവതരിപ്പിക്കും. ഇടയ്ക്ക് പുകവലിക്കെതിരെ മൊമന്റ്‌സ് എന്ന പേരില്‍ ഒരു ടെലിഫിലിമിലും അഭിനയിച്ചിട്ടുണ്ട്, വീട്ടുകാരില്‍ പലരും. അതിന്റെ ലൊക്കേഷനും മറ്റും ഇവിടെത്തന്നെ.
ശനിയാഴ്ച ചര്‍ച്ചയും ഫൈവ് സ്റ്റാര്‍ കല്യാണവും
‘ഞങ്ങള് തമ്മില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ലേ എന്നല്ലേ ചോദിച്ചത്? ഉണ്ട്. പ്രശ്‌നങ്ങളില്ലാതെ പിന്നെ ജീവിതമുണ്ടോ? പക്ഷേ, എല്ലാ ശനിയാഴ്ചയും ഈ ജിം റൂമില്‍ വെച്ച് ഒരു അവലോകനമീറ്റിങ്ങുണ്ട്. അതില്‍ എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തു പരിഹരിക്കും. ’കൂട്ടത്തില്‍ സീനിയറായ ജോര്‍ജ് വന്നേരിയ്ക്ക് ഈ ചോദ്യം എന്താണ് ഇത്രയും താമസിച്ചതെന്ന പരിഭവം കൂടിയുണ്ട്.
എല്ലാവര്‍ക്കും കൂടി ഒരു കുഴല്‍ക്കിണറാണ് ഉള്ളത്. കൂടാതെ എല്ലാവര്‍ക്കും സ്വകാര്യമായി വാഹനങ്ങളുണ്ടെങ്കിലും കോമണായി ഒരു ഡ്രൈവറും ഇന്നോവയുമുണ്ട്. ഡ്രൈവര്‍, പാലാക്കാരനായ ഗിരീഷ് ടൗണില്‍ പോവുമ്പോഴെല്ലാം അഞ്ചു വീട്ടിലെ ആവശ്യങ്ങളും നിറവേറ്റും. ഒത്തൊരുമയുടെ നിറക്കാഴ്ചയുമായി രണ്ടു വര്‍ഷം മുമ്പ് ഇവിടെ പ്രിയദര്‍ശന്‍ സ്‌റ്റൈലില്‍, ‘തേന്‍മാവിന്‍ കൊമ്പത്ത്’ തീമില്‍ ഒരു കളര്‍ഫുള്‍ കല്യാണവും നടന്നു. ആരണ്യഗിരിയിലെ ആദ്യകല്യാണം. ഡേവിഡിന്റെ മകന്‍ മാര്‍ട്ടിന്റേതായിരുന്നു അത്. എല്ലാവിധ ഫൈവ് സ്റ്റാര്‍ അറേഞ്ച്‌മെന്റും ഇവിടെ തന്നെñഒരുക്കി. ഇതിനിടയ്‌ക്കൊരു നാടന്‍ തട്ടുകട സ്റ്റാളും. കൈലിയുമിട്ട് തനി അച്ചായന്‍ സ്‌റ്റൈലില്‍ തട്ടുകടയിലെ നീളത്തില്‍ വീശിയൊഴിക്കുന നാടന്‍ ചായയും കപ്പയും മീന്‍കറിയും ദോശയും രുചിക്കാനൊക്കെയായിരിന്നുവത്രേ കൂടുതല്‍ പേരും തിരക്കുകൂട്ടിയത്. അധികമാരും ഫൈവ് സ്റ്റാര്‍ ഭക്ഷണത്തിനു പുറകേ പോയതേയില്ല!
എല്ലാവര്‍ക്കും എല്ലാവരുടേയും ജന്‍മദിനങ്ങളും വിവാഹവാര്‍ഷികങ്ങളുമല്ലാം കാണാപാഠമാണ് എന്നതാണ് മറ്റൊരു പ്രത്യേകത. അതിനാല്‍ മാസത്തില്‍ ഒരു ആഘോഷങ്ങളെങ്കിലും ഉണ്ടാവുമെന്ന് ഉറപ്പ്. അടുത്ത ജന്‍മദിന ഊഴം ആരുടേതാണെന്നു ചോദിച്ചപ്പോള്‍ അധികമൊന്നുമാലോചിക്കാതെ എല്ലാവരും ഒറ്റശ്വാസത്തില്‍ പറയുന്നു, അരുണിന്റെ മിസിസ് ലൈസയുടേത്. ഞങ്ങളത് ആഘോഷിച്ചു തകര്‍ക്കും! ഇടയ്ക്കു ചില കന്നട സിനിമക്കാര്‍ ഷൂട്ടിങ്ങിനു ചോദിച്ചുവന്നെങ്കിലും വീട്ടുകാര്‍ ഒന്നടങ്കം പറഞ്ഞു, ഞങ്ങള്‍ക്കു ഞങ്ങളുടെ സ്വകാര്യത തന്നെ വലുത്. ‘ഇത് വിട്ട് കൊടുഗേ മനസ് ഇല്ല’. എങ്കിലും കന്നടക്കാരുടെ ഉത്‌സവങ്ങള്‍ക്ക് ഒഴിച്ചുകൂട്ടാന്‍ പറ്റാത്ത മാവില പെറുക്കാന്‍ വരുന്ന നാട്ടുകാര്‍ക്ക് സെക്യൂരിറ്റിയൊന്നും ‘പര്‍വാഗില്ല’.
ദാ റെഡി. എല്ലാവരും ഗ്രൂപ്പ് ഫോട്ടോയെടുക്കാന്‍ തയ്യാറായി വന്നിരിക്കുകയാണ്. ആരുടെ മുഖത്തും ഒരു വന്‍ചിരി വിരിയാതെ നിന്നപ്പോള്‍ എല്ലാവരുടേയും പല്ല് പുറത്തു കാണിച്ച് ചിരിപ്പിക്കാനുള്ള ദൗത്യം മാത്യു തന്നെ ഏറ്റെടുത്തു. തമാശയ്ക്കായി പിടിച്ചത് പഴയ ശ്രീനി ഫലിതത്തില്‍ തന്നെ, ‘ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയ...’”
ശേഷം ഭാഗം ക്യാമറയില്‍.
ഷഫീഖ് കടവത്തൂര്
No comments:
Post a Comment