Friday, November 8, 2013

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി യാത്രാഡയറി















നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി യാത്രാഡയറി


മുയല്‍ച്ചിത്രം
മലയാളത്തിലെ ആദ്യത്തെ മുഴുനീള റോഡ്‌ മൂവിയാണ്‌ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി. പരിചയമില്ലാത്ത വഴികള്‍, സ്ഥലങ്ങള്‍, കാഴ്‌ചകള്‍.. യാത്രയുടെ ഭൂപടം പിന്നെയും പിന്നെയും നീളുകയാണ്‌. ബുള്ളറ്റിന്റെ കിക്കറില്‍ കാല്‍ വെച്ച്‌ വയനാടന്‍ ചുരമേറി യാത്ര തുടങ്ങുന്ന സുനിയുടേയും ഖാസിയുടേയും ചിത്രം പോസ്റ്ററുകളായി ഫേസ്‌ബുക്കിലും ട്വിറ്ററിലുമെത്തിയപ്പോള്‍ ലൈക്കുകളുടെ ക്ലിക്ക്‌ ഒരുപാടെണ്ണം കുന്നു കൂടി.
ഷൂട്ടിങ്ങിനിടെ കടന്നുപോയ ഓരോ പ്രദേശത്തിന്റെയും നിറമുള്ള ചിത്രങ്ങള്‍ ഇന്നും സമീറിന്റെ ഓര്‍മയിലുണ്ട്‌. മനസിനകത്ത്‌ നിന്ന്‌ എപ്പോള്‍ വേണമെങ്കിലും പമ്മിപ്പമ്മി വെള്ളിവെളിച്ചത്തിലേക്ക്‌ ചാടിവീഴാനൊരുങ്ങുന്ന ഒരു മുയലിനെപ്പോലെ. �ഷൂട്ടിങ്‌ സംഘത്തിലെ ഏതാണ്ടെല്ലാവരും നല്ല ബൈക്ക്‌ റൈഡേര്‍സായിരുന്നു. അതിനാല്‍ അതും ഒരു പുത്തന്‍ അനുഭവമായി. സിനിമക്കു വേണ്ടി ഉപയോഗിച്ച ബൈക്കുകള്‍ ഷൂട്ടിങ്ങിനായി ഒരു വോള്‍വോ ബസില്‍ കേറ്റി എല്ലായിടത്തേക്കും കൊണ്ടു പോവുകയായിരുന്നു. ചിലയിടങ്ങളില്‍ അവയൊക്കെയും ലോംഗ്‌ റൈഡിങ്ങിനുമിറങ്ങി.� സംവിധായകന്‍ സമീര്‍ താഹിര്‍ പറയുന്നു.
�ഷൂട്ട്‌ തുടങ്ങുന്നതിനു മുമ്പേ, ഞാനും ടീമും ഈ സ്ഥലങ്ങളിലെല്ലാം ലൊക്കേഷന്‍ തിരച്ചിലിനായി യാത്ര ചെയ്‌തിരുന്നു. സിനിമയുടെ കഥ ആവശ്യപ്പെട്ടതിനനുസരിച്ചുള്ള ലൊക്കേഷനുകള്‍ തന്നെ വേണമെന്ന്‌ നിര്‍ബന്ധമായിരുന്നു. അതിനാല്‍ ഒന്നൊന്നര മാസമെടുത്തു �നീലാകാശ�ത്തിലെ ലൊക്കേഷന്‍ ചിത്രം മനസില്‍ പച്ച പിടിക്കാന്‍.�

ഭൂതകാലക്കുളിര്‍
ഒരു വിധപ്പെട്ടവര്‍ക്കൊക്കെയും യാത്രകള്‍ ജീവനാണ്‌. ജീവിതത്തിലെ ഏറെ പ്രധാനമായ ചില പാഠങ്ങള്‍ പഠിക്കാനാണ്‌ പണ്ടൊരിക്കല്‍ ഏണസ്റ്റോ ഫ്യൂസര്‍ ഗുവേരയും ആല്‍ബര്‍ട്ടോ മിയാല്‍ ഗ്രനഡോയും ഒരു യാത്ര പോയത്‌. അതിലൊരാള്‍, ഫ്യൂസര്‍ ലോകത്തിലെ എക്കാലത്തേയും വിപ്ലവത്തിന്റെ പ്രവാചകനായി. ലോകമറിയുന്ന ചെഗുവേരയായി. മലയാളസിനിമാചരിത്രത്തിലെ ആദ്യറോഡ്‌ മൂവിയുടെ വിശേഷങ്ങള്‍ക്ക്‌ ഒരു പക്ഷേ, ഇങ്ങനെയൊരു ഭൂതകാലക്കുളിരിന്റെ അമിതപരാമര്‍ശം ആവശ്യമില്ല. ചിത്രത്തിലെ നായകനായ ഖാസിയും കൂട്ടുകാരന്‍ സുനിയും നടത്തുന്ന യാത്ര തികച്ചും വ്യത്യസ്‌തമായ മറ്റൊരു യാത്രയാണ്‌. കൂടെ പഠിച്ച കാമുകിയെ തേടിയുള്ള യാത്രയില്‍ ഖാസിയുടെ വീടിരിക്കുന്ന കോഴിക്കോട്ടു നിന്നും (ഭൂതകാലത്ത്‌ കോയില്‍ക്കോട്ട) കര്‍ണാടകം, ആന്ധ്രാപ്രദേശ്‌, ഒറീസ, അസം, പശ്ചിമ ബംഗാള്‍, നാഗാലാന്റ്‌ എന്നിങ്ങനെ ആറ്‌ സംസ്ഥാനങ്ങള്‍ പിന്നെയും അവര്‍ പിന്നിടുന്നു. ആ യാത്രയില്‍ ഇവര്‍ കടന്നുപോവുന്നത്‌ പ്രണയം, രാഷ്‌ട്രീയം, പോരാട്ടം, കച്ചവടം, മതം തുടങ്ങി നാടിന്റെ തന്നെ വിവിധ സ്‌പന്ദനങ്ങളിലൂടെയാണ്‌. ഒരര്‍ഥത്തില്‍ നമ്മുടെ തന്നെ ഭൂതകാലത്തിലൂടെ. �ഏറെ കാലത്തെ ആഗ്രഹമായിരുന്നു, ഇങ്ങനെയൊരു യാത്ര പോവണമെന്ന്‌. ചിലര്‍ പറഞ്ഞുകേട്ടിട്ടുണ്ട്‌, ലോകം ചുറ്റണമെന്ന്‌ ആഗ്രഹിക്കുന്ന ഒരാള്‍ ആദ്യം ഇന്ത്യയിലൊന്ന്‌ കറങ്ങണമെന്ന്‌. ഷൂട്ടിങ്ങിനായി നമ്മുടെ നാടിന്റെ വിവിധയിടങ്ങളിലൂടെ കറങ്ങിയപ്പോഴാണ്‌ അങ്ങനെ പറഞ്ഞതിന്റെ അര്‍ഥം മനസിലായത്‌. ഏതാണ്ട്‌ എല്ലാ കാലാവസ്ഥാവ്യതിയാനങ്ങളിലൂടെയും കടന്നുപോയ ഷൂട്ടിങ്‌ യാത്ര ഏതായാലും എന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളിലൊന്നാണ്‌.�ചിത്രത്തിലെ ഖാസിയുടെ (ദുല്‍ക്കറിന്റെ) വാക്കുകളില്‍ യാത്രയുടെ നിറമുള്ള ഭൂതകാലക്കുളിര്‍ ഒരിക്കല്‍കൂടി വിരിയുന്നു.

കഥക്കൂട്‌
നീലാകാശവും പച്ചക്കടലും ചുവന്ന ഭൂമിയും കണ്ട്‌, 2009 ല്‍ നടത്തിയ ഒരു യാത്രയാണ്‌ സിനിമയുടെ കഥയ്‌ക്ക്‌ പിന്നിലെ കഥയെന്ന്‌ കഥയും തിരക്കഥയും ചമച്ച ഹാഷിര്‍ മുഹമ്മദ്‌ പറയുന്നു. സുഹൃത്തായ അബ്‌ദുല്‍ ഹമീദുമുണ്ടായിരുന്നു കൂടെ. അന്ന്‌ ഇതേ ബുള്ളറ്റുകളില്‍ ചെന്നൈ തൊട്ട്‌ ദില്ലി വരെയായിരുന്നു റൈഡിങ്‌. ആ യാത്രയ്‌ക്കിടയില്‍ സിനിമാപ്പേരു പോലെ നീലാകാശവും പച്ചക്കടലും ചുവന്ന ഭൂമിയും ഒരു വിസ്‌മയക്കാഴ്‌ച പോലെ പലയിടങ്ങളില്‍ വെച്ചും മുന്നില്‍ വന്നു വിരിഞ്ഞ അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന്‌ ഹാഷിര്‍ സത്യം ചെയ്യുന്നു. എങ്ങോട്ടു വേണമെങ്കിലും വ്യാഖ്യാനിക്കാവുന്നതാണ്‌ സിനിമയുടെ പേര്‌. യാത്രയ്‌ക്കിടയില്‍ മലമുകളിലെ പഞ്ചറൊട്ടിക്കുന്ന രാഘവേട്ടന്റെ കടയും ഗ്രാമഭംഗി തുളുമ്പുന്ന പ്രദേശങ്ങളുമല്ലാം അന്നത്തെ കാഴ്‌ചകളില്‍ നിന്ന്‌ കിട്ടിയ കഥാസന്ദര്‍ങ്ങളാണ്‌. പുരിയിലെ ഫെസ്റ്റിവലും ബീച്ചിലെ കാഴ്‌ചകളുമല്ലാം ഒറിജിനലായി, അതാത്‌ സമയങ്ങളില്‍ തന്നെ ചിത്രീകരിക്കുകയായിരുന്നു. �എന്റെ യാത്രയില്‍ കണ്ടുമുട്ടിയ കാഴ്‌ചകളാണ്‌ സിനിമയിലുമുള്ളത്‌. സിനിമയിലെ നായകര്‍ എന്‍ജിനീയറിങ്‌ വിദ്യാര്‍ഥികളായതും അവര്‍ കടന്നുപോയ സമകാലികപ്രശ്‌നങ്ങളില്‍ പലതും ഞാന്‍ പഠിച്ചുകൊണ്ടിരുന്ന കാലവുമായി ബന്ധമുണ്ട്‌. ബേസിക്കലി ഈ സിനിമ മലയാളത്തിലെ ബൈക്ക്‌ റൈഡിങും യാത്രയും ഇഷ്‌ടപ്പെടുന്നവര്‍ക്കായി ഡെഡിക്കേറ്റ്‌ ചെയ്യുന്നു.� ഹാഷിര്‍ മുഹമ്മദിന്റെ വാക്കുകളില്‍, പഴയ തിരുവനന്തപുരം എന്‍ജിനീയറിങ്‌ കോളജ്‌ വിദ്യാര്‍ഥിയേക്കാള്‍ യാത്രയേയും റൈഡിങ്ങിനേയും ഇഷ്‌ടപ്പെടുന്ന ഒരു കഥാകൃത്തിന്റെ കൈയ്യൊപ്പ്‌.

കടല്‍നിറം
കടലിന്റെ നിറം മാറി മാറി വരാം. ചിലപ്പോള്‍ നീല, കറുപ്പ്‌, തിരമാലയുടെ നിറത്തോട്‌ ചേര്‍ന്ന വെളുപ്പ്‌, അങ്ങനെ അങ്ങനെ.. എങ്കിലും യാത്രയുടെ നിറം എന്നും ഒന്നാണ്‌. �ജീവിതത്തില്‍ ഇനിയൊരിക്കലും ഇങ്ങനെയൊരു യാത്ര ചെയ്യാന്‍ ഭാഗ്യം കിട്ടണമെന്നില്ല. അത്രയും ആവേശം നിറഞ്ഞതായിരുന്നു യാത്രയുടെ ഹരം നിറഞ്ഞ അനുഭവങ്ങള്‍. രണ്ട്‌ ബുള്ളറ്റുകളിലായി ഞാനും ദുല്‍ക്കറും, (സോറി ഖാസിയും) ശരിക്കുമങ്ങ്‌ എന്‍ജോയ്‌ ചെയ്യുകയായിരുന്നു. ഞങ്ങള്‍ക്കുള്ളതു പോലെ സിനിമയില്‍ ഉപയോഗിച്ച ബൈക്കുകള്‍ക്കും ഏറെ പ്രാധാന്യമുണ്ട്‌..� സിനിമയില്‍ ഖാസിയുടെ സുഹൃത്തായി അഭിനിയിച്ച സണ്ണി വെയിന്‍ മനസ്‌ തുറക്കുന്നു. സിനിമയിലെ ബൈക്കുകള്‍ നിര്‍മാതാക്കളിലൊരാളായ അബ്‌ദുല്‍ ഹമീദിന്റേതാണ്‌. ദുല്‍ക്കറിന്റേത്‌ ലോംഗ്‌ റൈഡിന്‌ ഉപയോഗിക്കുന്ന 500 സിസി മാച്ചിസ്‌മോ ബുള്ളറ്റും സണ്ണിയുടേത്‌ 535 സിസി ലൈറ്റ്‌നിങ്‌ ബുള്ളറ്റും. ദുല്‍ക്കറും സണ്ണിയുമൊന്നിക്കുന്ന രണ്ടാമത്തെ പടം കൂടിയാണിത്‌. ആദ്യസിനിമയില്‍ തുടങ്ങിയ സൗഹൃദം ഈ സിനിമയില്‍ കൂടുതല്‍ ദൃഢമായി. �ഓരോ സ്ഥലത്തും ഓരോ പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ ടീമായിരുന്നു. അതിനാല്‍ തന്നെ യാത്രയ്‌ക്കിടയില്‍ എവിടെയെത്തുമെന്നും എവിടെ ഭക്ഷണമൊരുക്കാമെന്നും കൃത്യമായ ധാരണയുണ്ടായിരുന്നു. യഥാര്‍ഥജീവിതത്തില്‍ യാത്ര ചെയ്യാന്‍ ഇഷ്‌ടപ്പെടുന്നവര്‍ക്ക്‌ ഏതായാലും നല്ലൊരു ത്രില്ലറാണ്‌ സിനിമയും ഇതിലെ കാഴ്‌ചകളും.. �സണ്ണിയുടെ വാക്കുകളില്‍ പ്രിയകൂട്ടുകാരനൊപ്പം ഒരു യാത്ര കഴിഞ്ഞ്‌ തിരിച്ചെത്തിയ ആവേശം.

യാത്രാഡയറിയുടെ അവസാനതാള്‌
ഏതാണ്ട്‌ 110 ഓളം ദിവസങ്ങളെടുത്ത ഷൂട്ടിങ്ങിനിടയിലെ സന്ധ്യകളെല്ലാം സമീര്‍ കൃത്യമായും ഓര്‍ക്കുന്നു. ഒരു സിനിമാ ഷൂട്ടിങ്ങെന്നതിനെക്കാള്‍ കുറേ റൈഡേര്‍സ്‌ നടത്തിയ ഇന്ത്യന്‍ യാത്ര കൂടിയായിരുന്നു ആ ദിവസങ്ങള്‍. �കഥയ്‌ക്കു വേണ്ടി കൃത്യമായും ഒരുക്കിവെച്ചതു പോലെയായിരുന്നു ഞങ്ങള്‍ സഞ്ചരിച്ച സ്ഥലങ്ങളിലെ ഗ്രാമങ്ങളെല്ലാം. റിലീസിങ്ങിനു ശേഷം എല്ലായിടത്തു നിന്നും നല്ല അഭിപ്രായങ്ങള്‍ കിട്ടുന്നുണ്ട്‌. ഷൂട്ടിങ്‌ കഴിഞ്ഞപ്പോള്‍ ഇങ്ങനെയൊരു യാത്ര പ്ലാന്‍ ചെയ്‌തതിനും മറ്റും ദുല്‍ക്കര്‍ പ്രത്യേകനന്ദിയും പറഞ്ഞു.�യാത്ര ചെയ്യാനിഷ്‌ടമുള്ള സമീര്‍ തന്റെ ഐ ടെന്നില്‍ കേരളത്തില്‍ കറങ്ങാത്ത സ്ഥലങ്ങളില്ല. എങ്കിലും തനിച്ച്‌ നടത്തുന്ന ട്രയിന്‍ യാത്രകളാണ്‌ ഏറെയിഷ്‌ടം. അങ്ങനെ പോവുമ്പോഴും കാണുന്ന സന്ധ്യാസമയങ്ങള്‍ മനസില്‍ വിസ്‌മയക്കാഴ്‌ചകളായി തെളിഞ്ഞു കിടപ്പുണ്ട്‌. ഷൂട്ടിങ്‌ കഴിഞ്ഞ്‌ മടങ്ങുമ്പോഴാണ്‌ ഒരു സന്ധ്യാനേരത്ത്‌ പൂനയ്‌ക്കടുത്തുള്ള കാടിനോട്‌ ചേര്‍ന്നു നിന്ന റെയില്‍വേ സ്റ്റേഷനടുത്ത്‌ വെച്ച്‌ ഒരു കൂട്ടം ആനകളെ കാണുന്നത്‌. �..അതൊരു വല്ലാത്ത കാഴ്‌ചയായിരുന്നു. സിനിമയ്‌ക്കു ശേഷം ബൈക്ക്‌ റൈഡിങ്ങിന്‌ ആവേശം തോന്നിയെന്ന്‌ പറഞ്ഞ്‌ പലരും വിളിച്ചിട്ടുണ്ട്‌. മോട്ടോര്‍ സൈക്കിള്‍ റൈഡിങ്ങും ഫോട്ടോഗ്രഫിയുമൊക്കെ ഹരം പിടിച്ചു വിളിക്കുന്നവര്‍. ഇന്നലെയും വിളിച്ചു, തൃശൂര്‌ നന്നൊരാള്‍. നീലാകാശം കണ്ട്‌ പിറ്റേന്ന്‌ തന്നെ നാട്ടിലെ റോയല്‍ എന്‍ഫീല്‍ഡിന്റെ ഷോറൂമില്‍ പോയി ഒരു ബുള്ളറ്റ്‌ ബുക്ക്‌ ചെയ്‌ത കാര്യം പറയാന്‍..�
സമീറിലെ, തുറന്നുവെച്ച യാത്രികന്റെ ഡയറിക്കു മുകളിലെ, രാത്രിയിലേക്കു നീണ്ട ആകാശത്ത്‌ ആയിരം കാന്താരി പൂത്തു.









4 comments:

  1. നീലാകാശം
    പച്ചക്കടല്‍
    ചുവന്ന ഭൂമി

    ReplyDelete
  2. ഓരോ റിവ്യൂ വും കാണാന്‍ വീണ്ടും വീണ്ടും കൊതിപ്പിക്കുന്നു..... നന്ദി

    ReplyDelete
  3. ചെറുപ്പത്തിന്റെ ഇരമ്പലില്‍ ബൈക്കിലെ പെട്രോള്‍ ശരീരത്തിലേക്കും ഇന്‍ജെകറ്റ് ചെയ്തു കയറുമായിരുന്നു ...അതിന്റെ ലഹരിയില്‍ എത്രദൂരം താണ്ടിയെന്നോ ... പിന്നിട്ട ദൂരമത്രയും തിരിച്ചു വരണമല്ലോ എന്നുള്ള മാനസിക സംഘര്‍ഷമൊന്നുമില്ലാത്ത ചെറുപ്പകാലം ...

    ReplyDelete