ഒരു ഓണക്കാലയാത്രയുടെ സ്‌മരണയ്‌ക്ക്
ഒരു ചെറുപുഞ്ചിരിയിലെ ബീനയെ ഓര്‍മയില്ലേ?പട്ടുപാവാടയും ധാവണിയുമണിഞ്ഞ് ഓണനിലാവ് പോലെ മലയാളിയുടെ മനസിലേക്ക് നനുത്ത മന്ദസ്‌മിതത്തോടെ നടന്നടുത്ത ആ പെണ്‍കുട്ടിയെ?
മലയാളസിനിമയിലേക്ക് ലെനയെന്ന തൃശൂരുകാരി വരവറിയിച്ചത് ജയരാജിന്റെ സ്‌നേഹം, കരുണം തുടങ്ങിയ ചിത്രങ്ങളിലൂടെയും ഓമനത്തിങ്കള്‍പ്പക്ഷി പോലുള്ള മെഗാസീരിയലുകളിലൂടെയുമായിരുന്നെങ്കിലും എം ടി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്‌ത �ഒരു ചെറുപുഞ്ചിരി�യിലെ ഒടുവില്‍ ഉണ്ണിക്കൃഷ്‌ണന്‍ അവതരിപ്പിച്ച മുത്തശന്റെ കൊച്ചുമകളായി വന്നപ്പോള്‍ മലയാളികള്‍ ഒന്നടങ്കം അവരെ സ്‌നേഹിച്ചുതുടങ്ങുകയായിരുന്നു. പിന്നെ ഒരുപാട് എണ്ണം പറഞ്ഞ ചിത്രങ്ങള്‍. രണ്ടാം ഭാവം, ട്രാഫിക്, ഈ അടുത്ത കാലത്ത്, സ്‌പിരിറ്റ്.. ഇപ്പോള്‍ ഇതാ ലെഫ്‌റ്റ് റൈറ്റ് ലെഫ്‌റ്റും. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പോസ്റ്റ് ഗ്രാജ്വുവേറ്റ് ബിരുദമുള്ള ലെന മുംബൈയില്‍ സൈക്കോളജിസ്‌റ്റ് ആയി ജോലിയും ചെയ്‌തിട്ടുണ്ട്. സിനിമയ്‌ക്കു വേണ്ടി ജോലി വിട്ട് നാട്ടിലേക്കും തുടര്‍ന്ന് മലയാളിമനസിലേക്കും ചേക്കേറുകയായിരുന്നു.
ഓണക്കാലത്തെ നാട്ടിലേക്കുള്ള യാത്ര
�ഓണമെന്നു കേള്‍ക്കുമ്പോള്‍ കുട്ടിക്കാലത്തെ ഓര്‍മകളും യാത്രകളുമാണ്
മനസില്‍ വരിക. ഓണം കൂടാനായി മേഘാലയയില്‍ നിന്നും നാട്ടിലേക്കുള്ള
യാത്രകളാണ് ഓര്‍മയിലുള്ളത്. ദീര്‍ഘദൂരം യാത്ര ചെയ്‌തതിനു ശേഷം
വടക്കാഞ്ചേരിയിലുള്ള വീട്ടിലെത്തുന്നത്, ഓണപ്പൂക്കളമൊരുക്കുന്നത്,
ഓണക്കോടി, ഓണസദ്യ.. അങ്ങനെയങ്ങനെ പലതും.� ലെനയുടെ ഓണം ഓര്‍മകള്‍ക്ക്
ഗൃഹാതുരതകളുടെ വര്‍ണങ്ങള്‍ നിറയുന്നു. മേഘാലയയില്‍ സ്റ്റേറ്റ് ബാങ്കില്‍
ഉദ്യോഗസ്ഥനായിരുന്നു അച്ഛന്‍, ആ കാലത്ത്. എല്ലാ ഓണക്കാലത്തും നാട്ടില്‍
വരണമെന്ന് നിര്‍ബന്ധമായിരുന്നു. വടക്കാഞ്ചേരിയിലുള്ള കുടുംബവീട്ടില്‍ എത്ര
തിരക്കുണ്ടെങ്കിലും ഓണം ആഘോഷിക്കുന്നത് നേര്‍ച്ച ചെയ്‌തതു
പോലെയായിരുന്നു. അന്നത്തെ നാട്ടിലേക്കുള്ള വരവുകളില്‍ ഓണക്കാലത്ത് കാണുന്നതൊക്കെയും പുതുമയുള്ള കാര്യങ്ങളായിരുന്നു. ഓണത്തിന്റെ ചിട്ടയും അന്നത്തെ പൂക്കളുടെ ആര്‍ഭാടവുമായിരുന്നു കൂടുതലും ആകര്‍ഷിച്ചത്. അവ മനസില്‍ ഇപ്പോഴും മായാതെ കിടക്കുന്നുണ്ട്.
ഏത്തയ്‌ക്കാ ചിപ്‌സിന്റെ രുചി
ഓണക്കാലത്തെ അനുഭവിക്കാനും ആസ്വദിക്കാനും കഴിഞ്ഞ മറ്റൊരു പ്രധാനകാര്യം
കാലാവസ്ഥാ വ്യത്യാസമായിരുന്നു. ആ മാറ്റം ഓണക്കാലത്തേക്കാള്‍ മറ്റൊരു
കാലത്തും അനുഭവിക്കാന്‍ കഴിഞ്ഞിരുന്നില്ല. �മേഘാലയയിലെ കൊടുംതണുപ്പുള്ള,
സ്വെറ്ററിട്ടു മാത്രം പുറത്തിറങ്ങിയിരുന്ന കാലാവസ്ഥയില്‍ നിന്നും ഇവിടത്തെ
സമമിതോഷ്‌ണ കാലത്തേക്കുള്ള മാറ്റം അന്ന് ഏറെ ആസ്വദിച്ചിരുന്നു. �ലെന
പറയുന്നു. പൂക്കള്‍ക്കു പുറമേ, ഊഞ്ഞാല്‍, മറ്റ് ഓണക്കളികള്‍ എല്ലാം അന്ന് ശരിക്കും ഒരു പുതുഅനുഭവമായിരുന്നു. �പിന്നെ എന്നെ അത്ഭുതപ്പെടുത്തിയതും ഏറെ കൊതിപ്പിച്ചതും ഈ ഏത്തയ്‌ക്കാ ചിപ്‌സായിരുന്നു. അത് ഉണ്ടാക്കുന്നതും അവ കൊതിയോടെ കഴിക്കുന്നതും ഏറെ ആസ്വദിച്ചിരുന്നു. പിന്നീട് സിനിമയിലെത്തിയിട്ടും അന്നത്തെ കാലം ഏറെ മാറിയിട്ടും അന്ന് കഴിച്ച ഏത്തയ്‌ക്കാ ചിപ്‌സിന്റെ രുചി ഇന്നും നാവിലുണ്ട്. ആ രുചി എവിടെ പോയാലും കിട്ടില്ല.�
ഈ ഓണവും മുത്തശിക്കൊപ്പം
എവിടെയാണെങ്കിലും, ഓണം വടക്കാഞ്ചേരിയിലെ കുടുംബവീട്ടില്‍ മുത്തശിക്കൊപ്പം
ചെലവഴിക്കുന്നതാണ് ഏറെ ഇഷ്‌ടം. �ഇതുവരെയും ഒരു സിനിമാ ലൊക്കേഷനില്‍
വെച്ച് ഓണമാഘോഷിച്ചിട്ടില്ല. ഓണമാവുമ്പോഴേക്കും ഷൂട്ടിങ്ങെല്ലാം
തീര്‍ത്ത് ഓണത്തിന് മുത്തശിയുടെ അടുത്തേക്ക് പറക്കും. ഇപ്പോള്‍
ബാംഗ്ലൂരിലാണ് താമസമെങ്കിലും ഓണം നാട്ടില്‍ തന്നെ. മുത്തശിയുടെ കൂടെ, പഴയ
കുടുംബവീട്ടില്‍ ഓണമാഘോഷിക്കുന്നതിലും സുഖമുള്ള കാര്യം വേറെയില്ല.� ലെന
പൊടുന്നനെ ഓണക്കോടിയുടുത്ത് മേഘാലയയില്‍ നിന്നും നാട്ടിലെത്തി ഓണത്തിന്
വീട്ടുമുറ്റത്തെ ഊഞ്ഞാലിലാടുന്ന കുട്ടിയാവുന്നു. ഇപ്പോള്‍
അഭിനയിച്ചുകൊണ്ടിരിക്കുന്നത് ലണ്ടന്‍ ബ്രിഡ്‌ജ് എന്ന പൃഥ്വിരാജ്
ചിത്രത്തിലും തുളസീദാസിന്റെ പുതിയ സിനിമയിലുമാണ്. ലെഫ്‌റ്റ് റൈറ്റ്
ലെഫ്‌റ്റിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ട സന്തോഷം ലെനയുടെ മുഖത്തുണ്ട്. �ഈ ഓണക്കാലത്ത് ആ സന്തോഷം കൂടി പങ്കുവയ്‌ക്കണം. പിന്നെ പ്രിയപ്പെട്ട ചിപ്‌സും കൂട്ടി ഓണസദ്യയുണ്ണണം..�
ലെന തയ്യാറെടുപ്പിലാണ്.

No comments:
Post a Comment