Friday, November 22, 2013

ടിയാനെന്‍മെന്‍ സ്‌ക്വയര്‍ സ്വര്‍ഗീയശാന്തിയുടെ കവാടം.

 ടിയാനെന്‍മെന്‍ സ്‌ക്വയര്‍ 
സ്വര്‍ഗീയശാന്തിയുടെ കവാടം.

പൊതുവിജ്‌ഞാന ഗ്രന്ഥങ്ങളിലെ ലോകത്ത്‌ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ്‌ ചൈന. 1949 ല്‍ പീപ്പിള്‍സ്‌ റിപ്പബ്ലിക്‌ വന്നതിനു ശേഷം രാജ്യത്തെ ഏറ്റവും പ്രധാനനഗരവും രാഷ്‌ട്രീയ സാമ്പത്തിക വാര്‍ത്താ വിതരണങ്ങളുടെ തലസ്ഥാനവുമായ ബെയ്‌ജിങ്ങിനും അതിനടുത്തെ 3000 വര്‍ഷം പഴക്കമുള്ള ടിയാനെന്‍മെന്‍ സ്‌ക്വയറിനും ലോകചരിത്രത്തില്‍ ഏറെ പ്രധാനപ്പെട്ട സ്ഥാനമുണ്ട്‌. ഇന്നും തലയുയര്‍ത്തിനില്‍ക്കുന്ന ഗോപുര സമുച്ചയം. മാവോയുടെ വലിയ ചിത്രം ആലേഖനം ചെയ്‌ത കൂറ്റന്‍ മതില്‌ക്കെട്ടിനു മുന്നില്‍ നില്‍ക്കുമ്പോള്‍ ചരിത്രത്തിന്റെ രഥം കണ്‍മുന്നിലൂടെ ഉരുണ്ടു നീങ്ങും.
സ്വര്‍ഗീയശാന്തിയുടെ കവാടം.
അഥവാ, ടിയാനെന്‍മെന്‍ സ്‌ക്വയര്‍.

ഒന്ന്‌
ഇന്നത്തെ ടിയാനെന്‍മന്‍ സ്‌ക്വയറിനെ സച്ചിദാനന്ദന്റെ കവിതയിലൂടെ ഇങ്ങനെ നമുക്ക്‌ വായിക്കാം.
ഉണങ്ങിയ ചോരയ്‌ക്കു മുകളിലിരുന്ന്‌
ഇണകള്‍ പ്രണയസല്ലാപം നടത്തുന്നു
തോക്കേന്തിയ പട്ടാളക്കാര്‍
പീരങ്കിവണ്ടിയിലെ ചോരയും മാംസവും
കഴുകിക്കളഞ്ഞ്‌
വസന്തത്തിന്‌ കാവല്‍ നില്‍ക്കുന്നു
ഭൂമിക്കടിയില്‍ നിന്ന്‌
കൊടുങ്കാറ്റ്‌ മുക്രയിടുന്നു
ഉയിര്‍ത്തെഴുന്നേല്‍ക്കുന്നവന്റെ
ജ്വലിക്കുന്ന കണ്ണു പോലെ
പൂര്‍ണചന്ദ്രന്‍ ഉദിച്ചുയരുന്നു.
എങ്കിലും ചരിത്രത്തിന്റെ പൊയ്‌പ്പോയ ഇന്നലെകളില്‍ ടിയാനെന്‍മന്‍ സ്‌ക്വയര്‍ ഇങ്ങനെയൊന്നുമായിരുന്നില്ലെന്ന്‌ ഒരാവര്‍ത്തി ഇതിലൂടെ കടന്നുപോവുന്ന ആര്‍ക്കും മനസിലാവും.
ശാന്തി മാത്രമല്ല, ചൈനയുടെ അശാന്തിയും ഈ ചത്വരം കണ്ടുകഴിഞ്ഞിട്ടുണ്ട്‌. രാജഭരണകാലത്തെ നിരവധി പോരാട്ടങ്ങള്‍ക്കും ചൈനീസ്‌ വിപ്ലവകാലത്തെ രക്തരൂഷിതസംഭവങ്ങള്‍ക്കും വേദിയായിരുന്നു ഇവിടം. 1989 ജൂലൈ മാസത്തില്‍ ജനാധിപത്യ പരിഷ്‌ക്കാരം ആവശ്യപ്പെട്ട്‌ പ്രക്ഷോഭത്തിനിറങ്ങിയ നൂറുകണക്കിന്‌ വിദ്യാര്‍ഥികളുടെ ശരീരത്തിലൂടെ പട്ടാളടാങ്കുകള്‍ ഇരച്ചുകയറിയതും ഈ ചത്വരത്തില്‍ വെച്ചാണ്‌.

രണ്ട്‌
ആധുനിക ചൈനയുടെ ശില്‍പി മാവോയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്‌ ഇവിടെയാണ്‌. തങ്ങളുടെ നേതാവിന്റെ മൃതദേഹം ദര്‍ശിക്കാന്‍ വേണ്ടി ദിവസേന രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും ആയിരങ്ങളാണ്‌ ഇവിടെയെത്തുന്നത്‌. എന്നാല്‍ ഒരു കാലത്ത്‌ രാജകുടുംബങ്ങളില്‍ പെട്ടവര്‍ക്കും അവരുടെ പരിചാരകരില്‍ പെട്ടവര്‍ക്കുമല്ലാതെ മറ്റാര്‍ക്കും പ്രവേശനമില്ലാതിരുന്ന വിലക്കപ്പെട്ട നഗരം കൂടിയായിരുന്നു ഇത്‌. മിങ്‌, കിങ്‌ രാജവംശങ്ങളുടെ പ്രതാപത്തിന്റെ തിരുശേഷിപ്പായ ഈ ഗോപുരസമുച്ചയത്തിനു മുന്നിലും ആധുനികചൈനയുടെ ശില്‍പിയായ മാവോയുടെ പടം കാണാം.
72 ഹെക്‌ടര്‍ പ്രദേശത്താണ്‌ ഈ കൊട്ടാരക്കെട്ടുകള്‍ നീണ്ടു കിടക്കുന്നത്‌. ഏതാണ്ട്‌ 9000 ത്തിലധികം കെട്ടിടങ്ങള്‍ ഇവിടെയുണ്ട്‌.

മൂന്ന്‌
വന്‍മതിലിന്റെ നാടായി അറിയപ്പെടുന്ന മറ്റൊരു ചൈന കൂടി നമ്മുടെ കണ്‍മുന്നിലുണ്ട്‌. മനുഷ്യാധ്വാനത്തിന്റെ ഏറ്റവും വലിയ തെളിവ്‌. 200 വര്‍ഷങ്ങള്‍ കൊണ്ട്‌ പണിത 6700 കിലോമീറ്റര്‍ നീളമുള്ള ചരിത്ര നിര്‍മിതി. ബി സി 214 മുതലുള്ള രണ്ട്‌ നൂറ്റാണ്ടുകള്‍ കൊണ്ട്‌ പണിത മഹാമതില്‍. വടക്കുനിന്നെത്തുന്ന ഹൂണന്‍മാരുടെ ആക്രമണം ചെറുക്കാനായി പണിതതായിരുന്നത്രേ അത്‌. ചൈനീസ്‌ നാടോടിക്കഥകളിലേയും വിശ്വാസങ്ങളിലേയും നിറസാന്നിധ്യം. മതിലിലെ ചങ്ങലയില്‍ താഴിട്ടു പൂട്ടുകയോ വര്‍ണറിബണുകള്‍ മുറുക്കിക്കെട്ടുകയോ ചെയ്‌താല്‍ കമിതാക്കളുടെ പ്രണയം എന്നും നിലനില്‍ക്കും എന്നതു പോലുള്ളവ. മിങ്‌ രാജവംശകാലത്ത്‌ തന്നെ 18 തവണയെങ്കിലും പുതുക്കിപ്പണിയുകയുണ്ടായി ഇത്‌. എങ്കിലും ടിയാനെന്‍മന്‍ സ്‌ക്വയറില്‍ ചിന്തിയ രക്തത്തുള്ളികള്‍ ഒരു പക്ഷേ, വന്‍മതിലിനേക്കാളുമുയരത്തില്‍ ഉയര്‍ന്നുപൊങ്ങുന്നത്‌ നമുക്ക്‌ കണ്ടിട്ടുണ്ട്‌.

നാല്‌
ഫോര്‍ബിഡണ്‍ സിറ്റിയുടെ ഒരു ഭാഗം ഇപ്പോള്‍ മിലിട്ടറി ക്യാംപാണ്‌. പുരാതന ചൈനീസ്‌ വാസ്‌തുവിദ്യയുടെ മകുടോദാഹരണങ്ങളാണ്‌ ഇവിടത്തെ കൊട്ടാരക്കെട്ടുകള്‍. കല്ലും മരവും മാത്രമുപയോഗിച്ച്‌ പണിതതാണിവ. രാജഭരണം പോയെങ്കിലും നൂറ്റണ്ടുകള്‍ക്ക്‌ മുമ്പേയുള്ള രാജപ്രതാപത്തിന്റേയും സുഖലോലുപതയുടേയും വേരുകള്‍ ഇവിടെയെമ്പാടും കാണാം. ചക്രവര്‍ത്തിയുടെ സിംഹാസനവും സൂര്യഘടികാരവും എല്ലാം ഇന്നും അവിടെ സൂക്ഷിച്ചിട്ടുണ്ട്‌. ഡ്രാഗണ്‍ കാവലിരിക്കുന്ന സിംഹാസനം ഒരു കാലത്തെ അധികാരശേഷിപ്പുകളില്‍ പ്രധാനപ്പെട്ടതായിരുന്നു. കൊട്ടാരക്കെട്ടിനു ചുറ്റുമുള്ള ചൈനീസ്‌ ഭരണികളില്‍ വെള്ളം നിറച്ചുവെച്ചാണ്‌ മരം കൊണ്ടു നിര്‍മിച്ച കെട്ടിടത്തിനുണ്ടായേക്കാവുന്ന തീപിടുത്തത്തില്‍ നിന്നും കൊട്ടാരത്തെ സംരക്ഷിച്ചിരുന്നത്‌.
വിലക്കപ്പെട്ട ഈ നഗരത്തില്‍ രാഞ്‌ജിയുടെ ഉദ്യാനം കൂടാതെ നാല്‌ ഉദ്യാനങ്ങളുണ്ട്‌.

അഞ്ച്‌
എ ഡി 1406 മുതല്‍ 1420 വരെയാണ്‌ ഈ കൊട്ടാരക്കെട്ടുകളുടെ നിര്‍മാണകാലം.1987 ലാണ്‌ ലോകപൈതൃകപട്ടികയില്‍ ഇതിന്‌ ഇടം കിട്ടുന്നത്‌. മിങ്‌ രാജവംശം തൊട്ട്‌ കിങ്‌ രാജവംശം വരെ നീളുന്ന അധികാരക്കഥകള്‍ ഇവിടെ കേള്‍ക്കാം. സിജിന്‍ ചെങ്‌ എന്ന ചൈനീസ്‌ നാമത്തിന്റെ തര്‍ജമയാണ്‌ വിലക്കപ്പെട്ട നഗരം. സി അര്‍ഥമാക്കുന്നത്‌ ധ്രുവനക്ഷത്രത്തേയും. ചെങ്‌ എന്നാല്‍ കോട്ടനഗരവും. ഭൂമിയിലെ ചക്രവര്‍ത്തിയുടെ അനുമതിയില്ലാതെ ആര്‍ക്കും രാജകൊട്ടാരങ്ങളിലേക്ക്‌ പ്രവേശിക്കാന്‍ അനുവാദമില്ലെന്നര്‍ഥം.
മംഗോള്‍ വംശജരായ യുവാന്‍ വംശത്തിന്റെ പതനശേഷം ചൈന ഭരിച്ചവരായിരുന്നു മിംഗ്‌ രാജവംശം. വിപുലമായ കരസേനയും നാവികസേനയും ഇവര്‍ക്കുണ്ടായിരുന്നത്രേ. കൂടാതെ ഇവരാണ്‌ വന്‍മതില്‍ നിര്‍മിക്കാനുള്ള ആദ്യപടികളെടുത്തതും. അന്നേ, 16 കോടിക്കും 25 കോടിക്കുമിടയിലുണ്ടായിരുന്നത്രേ ഇവിടത്തെ ജനസംഖ്യ. പോര്‍ച്ചുഗീസുകാര്‍, ഡച്ചുകാര്‍, സ്‌പെയിന്‍കാര്‍ ഇവരുമായെല്ലാം വ്യാപാരബന്ധങ്ങളുണ്ടായിരുന്നത്രേ, മിംങ്‌ വംശത്തിന്‌. സു യുവാന്‍ സാങ്‌ സ്ഥാപിച്ച അത്യുജ്‌ജ്വലം എന്നറിയപ്പെടുന്ന മിങ്‌ രാജവംശം ചൈനീസ്‌ ചരിത്രത്തിന്റെ തങ്കലിപികളില്‍ ഇടം നേടിയതാണ്‌. ഭരണത്തിന്റെ അവസാനനാളുകളില്‍ പ്രജകളിലും ഉദ്യോഗസ്ഥരിലും സംശയം തോന്നിയ സ്ഥാപകനായ ഹോങ്‌ വു ചക്രവര്‍ത്തി ജിന്‍യി വെയ്‌ എന്ന രഹസ്യസംഘടനക്ക്‌ രൂപം കൊടുത്തതും അതിനു ശേഷമുണ്ടായ കലാപങ്ങളുമല്ലാം ചരിത്രത്തിലെ ഓര്‍മിക്കപ്പെടുന്ന ഏടുകളില്‍ പ്രധാനമാണ്‌. മൂന്നു ദശകത്തോളം നീണ്ടുനിന്ന ഹോങ്‌ വു ഭരണകാലത്തിനിടയ്‌ക്ക്‌ നടന്ന ഒരു ലക്ഷത്തോളം ആളുകളുടെ തിരോധാനത്തിനു പിന്നില്‍ ഈ രഹസ്യ സംഘടനയാണെന്ന്‌ കരുതപ്പെടുന്നു.
ചൈനയിലെ അവസാനരാജകുലമായിരുന്ന ക്വിങ്‌ രാജകുലം ഇവിടം 1644 മുതല്‍ 1912 വരെ ഭരിച്ചു.

ആറ്‌
ഫോര്‍ബിഡണ്‍ സിറ്റിയുടെ നിര്‍മാണം ഏതാണ്ട്‌ 14 വര്‍ഷത്തോളം നീണ്ടു. മില്യണ്‍ കണക്കിന്‌ ജനങ്ങളുടെ അധ്വാനം ഈ പങ്കാളിത്തത്തിലുണ്ടായി. 1860 ലെ രണ്ടാം കറുപ്പുയുദ്ധത്തില്‍ ആംഗ്ലോഫ്രഞ്ച്‌ പട്ടാളക്കാര്‍ ഇതിന്റെ അധികാരം പിടിച്ചടക്കി. നിരവധി ചക്രവര്‍ത്തിമാര്‍ ഈ കൊട്ടാരക്കെട്ടുകളിലന്തിയുറങ്ങി കടന്നു പോയി. ഇവിടെ മൂടി വെച്ച സമ്പത്തില്‍ ഒരു ഭാഗം ലോകമഹായുദ്ധകാലത്ത്‌ അപഹരിക്കപ്പെട്ടെങ്കിലും യുദ്ധാനന്തരം തിരിച്ചുകൊണ്ടുവരികയുണ്ടായി. സാംസ്‌ക്കാരിക വിപ്ലവകാലത്തും ഇതിന്‌ ഏറെ അപചയങ്ങളുണ്ടായി.
ബുദ്ധമതത്തിന്റെ പ്രകടസാന്നിധ്യം ഇവിടെയെമ്പാടും കാണാം. കൂടാതെ മനോഹരമായ പെയിന്റിങ്ങുകളും ഇവിടെ ദര്‍ശിക്കാം. 2500 വര്‍ഷത്തെ ചൈനീസ്‌ സംസ്‌ക്കാരത്തിന്റെ രജതരേഖള്‍ ഇവിടെ എളുപ്പം കണ്ടെടുക്കാം. കൂടാതെ ടൈംപീസുകളുടേയും മറ്റു പാരമ്പര്യവസ്‌തുക്കളുടേയും അവശിഷ്‌ടങ്ങള്‍ ഇവിടെ ഇഷ്‌ടം പോലെയുണ്ട്‌. ഫോര്‍ബിഡണ്‍ സിറ്റി, ദി ലാസ്റ്റ്‌ എംപറര്‍ തുടങ്ങിയ സിനിമകളിലും ഈ ടിയീനെന്‍മെന്‍ സ്‌ക്വയറിന്റെ കഥ പറയുന്നുണ്ട്‌. വിശ്രുത സംഗീതഞ്‌ജനായ യാനിയുടെ നേതൃത്വത്തില്‍ ഇവിടെ മ്യൂസിക്‌ ഷോയും 2004 ല്‍ നടന്നു.

ഏഴ്‌
ഒരിക്കല്‍ ഇവിടെ ചെണ്ടകളും മണികളും മുഴങ്ങിയിരുന്നു. സ്വര്‍ഗീയശാന്തിയുടെ കവാടം എന്നാണറിയപ്പെടുന്നതെങ്കിലും ഇവിടെ ചക്രവര്‍ത്തിമാരുടെ യുദ്ധപ്രഖ്യാപനങ്ങളും നടന്നിരുന്നു. സണ്‍യാത്സെന്നിന്റെ റിപ്പബ്ലിക്‌ പ്രഖ്യാപനം, മാവോയുടെ വിമോചനപ്രഖ്യാപനം, സാംസ്‌ക്കാരികവിപ്ലവാഹ്വാനം, റിപ്പബ്ലിക്‌ ചൈനയുടെ ആദ്യപ്രസിഡന്റായിരുന്ന ചൗ എന്‍ ലായിയുടെ മരണത്തില്‍ വിലപിക്കാന്‍ കൂടിയവര്‍ക്കു നേരെയുള്ള നിഷ്‌ഠൂര മര്‍ദനം, ഒടുവില്‍ വിദ്യാര്‍ഥി തൊഴിലാളി കലാപത്തിനെതിരായ പൈശാചികാക്രമണം എല്ലാം ഇവിടെ നടന്നത്‌. അന്നത്തെ ആ ആക്രമണത്തില്‍ ഏറെപ്പേര്‍ കൊല്ലപ്പെട്ടു. അന്ന്‌ അധികാരികള്‍ക്കെതിരെ എഴുതപ്പെട്ട കവിതകളും സംഭവങ്ങളുടെ ഫോട്ടോകളും പ്രക്ഷോഭകാരികള്‍ നശിച്ചുപോകാതിരിക്കാന്‍ സൂക്ഷിച്ചത്‌ കുഴികളിലും ചെടിച്ചട്ടികളിലും കല്‍ക്കരിയടുപ്പുകളിലുമായിരുന്നു. ചരിത്രത്തില്‍ ഇതിനൊരാവര്‍ത്തനവും മുന്‍കാലങ്ങളിലുണ്ടായിട്ടുണ്ട്‌. മിങ്‌ രാജവംശത്തിലെ പുസ്‌തകവിരോധികളായ ചക്രവര്‍ത്തിമാരില്‍ നിന്നും മഹദ്‌ഗ്രന്ഥങ്ങളെ രക്ഷിക്കാന്‍ അന്നത്തെ പണ്‌ഡിതന്‍മാരും ഇതുപോലെ ചില ഒളിസങ്കേതങ്ങള്‍ നിര്‍മിച്ചിരുന്നുവത്രേ. ക്ഷേത്രങ്ങളുടെ ഭിത്തിയോട്‌ ചേര്‍ന്ന്‌ പൊള്ള മതിലുകള്‍ പണിതുചേര്‍ത്താണത്രേ അവര്‍ അവ സൂക്ഷിച്ചിരുന്നത്‌. ഓരോ പുസ്‌തകവും ഏതൊക്കെ മതിലുകളില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും എഴുതി വയ്‌ക്കുകയും പിന്നീട്‌ ചക്രവര്‍ത്തിയുടെ മരണശേഷം അത്‌ കണ്ടെടുക്കുകയുമാണുണ്ടായത്‌.

എട്ട്‌
ജനങ്ങളും ടിയാനെന്‍മെന്‍ സ്‌ക്വയറും തമ്മിലുള്ള മതിലുകള്‍ സാംസ്‌ക്കാരികവിപ്ലവകാലത്ത്‌ ഇല്ലാതാവുകയായിരുന്നുവെന്ന്‌ പറയാം. അന്നത്തെ കാലത്ത്‌ ചൈനീസ്‌ കവിയായ അയ്‌ചിങ്‌ എഴുതിയതു പോലെ-
മതില്‍ കത്തി പോലെയാണ്‌
അത്‌ നഗരത്തെ രണ്ടായി മുറിക്കുന്നു.
മൂന്നു മീറ്റര്‍ ഉയരം?
സാരമില്ല, നാല്‍പത്തഞ്ചു കിലോമീറ്റര്‍ നീളം?
ആയിരമിരട്ടി നീളവും വീതിയുമുണ്ടാവട്ടെ,
പക്ഷേ, മതിലുകള്‍ക്ക്‌ ആകാശത്തെ മേഘങ്ങളെ തടുക്കാനാവുമോ?
കാറ്റിനെ, മഴയെ, സൂര്യവെളിച്ചത്തെ, ജലത്തിന്റേയും വായുവിന്റേയും പ്രവാഹത്തെ
കാറ്റിനേക്കാള്‍ സ്വതന്ത്രമായ ചിന്തയുള്ള നൂറു ലക്ഷമാളുകളെ?
എങ്കിലും അവസാനമായി 1989 ലെ ജൂണ്‍ 3 ന്‌ ഉണ്ടായ കൂട്ടക്കൊല ടിയാനന്‍മെന്‍ സ്‌ക്വയറിലെ കറുത്ത അധ്യായമായി മാറുകയായിരുന്നു. പത്ര സ്വാതന്ത്ര്യം, കൂടുതല്‍ ജനാധിപത്യം, ഗവര്‍ണ്‍മെന്റുമായി സംഭാഷണം എന്നീ ആവശ്യങ്ങളുന്നയിച്ച്‌ വിദ്യാര്‍ഥികളും അധ്യാപകരും നടത്തിയ കൂറ്റന്‍ റാലിയിലേക്ക്‌ പട്ടാളനിയമം പ്രഖ്യാപിച്ച ലി പെങിന്റെ ഭരണകൂടം ജൂണ്‍ 3 ന്‌ അക്രമങ്ങളഴിച്ചു വിടുകയായിരുന്നു. 300 ലേറെപ്പേരെങ്കിലും ആ ആക്രമണത്തില്‍ മരിച്ചെന്നാണ്‌ പറയപ്പെടുന്നത്‌.
ആധുനികകാലത്തെ മറ്റൊരു ടിയാനെമന്‍മെന്‍ ദുരന്തം.























Thursday, November 14, 2013

ചരിത്രത്തിന്റെ കാവ്യനീതി

ചരിത്രത്തിന്റെ കാവ്യനീതി



ചരിത്രത്തിന്റെ കാവ്യനീതി പലപ്പോഴും വ്യത്യസ്‌തമാണ്‌. അതു പോലെ അത്‌ഭുതം നിറഞ്ഞതും. നൊടിയിട നേരം കൊണ്ട്‌ അപ്രത്യക്ഷമാവുകയും പിന്നെ തെല്ലുനേരമോ കാലമോ കഴിഞ്ഞ്‌ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ഒരു കണ്‍കെട്ടുവിദ്യ പലപ്പോഴും ചരിത്രത്താളുകള്‍ക്ക്‌ നാടകീയതയും ഉദ്വേഗവും നല്‍കുന്നു. മണ്‍മറഞ്ഞുപോയ ഇതിഹാസങ്ങളും സംസ്‌ക്കാരങ്ങളും ഒരര്‍ഥത്തില്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്‌ നമ്മുടെ തന്നെ കഥകളാണ്‌. നമ്മള്‍ നാമായി പരിണമിച്ച വിസ്‌മയ കഥകള്‍. അതില്‍ രാഷ്‌ട്രീയപരവും സാമ്പത്തികവും കലാപരവും ശാസ്‌ത്രീയപരവും സാമൂഹ്യപരവുമായ സംഭവപരമ്പരകളുണ്ട്‌. ഒരു ജനതയുടെ ആത്‌മാവിഷ്‌ക്കാരത്തിന്റേയും ജീവിതാവിഷ്‌ക്കാരത്തിന്റേയും ചുരുളഴിഞ്ഞതും അഴിയാത്തതുമായ വിചിത്രാനുഭവങ്ങളുണ്ട്‌. പിന്നീടെപ്പോഴെങ്കിലും ഓര്‍ത്തെടുക്കുമ്പോള്‍ ഭാവിയിലേക്കു ചൂണ്ടുപലകയാവുന്ന ചില മിന്നല്‍കാഴ്‌ചകളുമുണ്ട്‌. 



മെസപ്പെട്ടോമിയന്‍ സംസ്‌കാരവും ഹമ്മുറാബിയുടെ നിയമസംഹിതയും പിരമിഡുകളുടെയും ഫറോവമാരുടേയും അത്‌ഭുതകഥകളും മോഹന്‍ ജാദോരോയിലും ഹാരപ്പയിലുമായി ഉടലെടുത്ത സംസ്‌കാരങ്ങളും അലക്‌സാണ്ടറുടെ ലോകം കീഴടക്കാനുള്ള യാത്രയും സാമ്രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധകോലാഹലങ്ങളും ആരെയും വിസ്‌മയിപ്പിക്കുമാറ്‌ കെട്ടിടങ്ങള്‍ പണിത പോംപെയിലേയും പെട്രായിലേയും പ്രാചീനരുടെ കഥയുമെല്ലാം നമ്മെ കൊണ്ടെത്തിക്കുന്നത്‌ പിന്നിട്ട പാതയിലെ നമ്മുടെ തന്നെ കഥകളിലാണ്‌. ജീവിതങ്ങളിലാണ്‌. പിന്നിട്ട വഴികള്‍ ഒരിക്കലും മറക്കരുതെന്നാണല്ലോ, നമ്മുടെ വേദഗ്രന്ഥങ്ങളും സദാചാരമൂല്യങ്ങളുമല്ലാം നമ്മെ പഠിപ്പിക്കുന്നത്‌.
ചരിത്രം പലപ്പോഴും വിജയിച്ചവന്റേതാണെന്ന്‌ ചിലരെങ്കിലും പറയാറുണ്ട്‌. എന്നാല്‍ എല്ലായ്‌പ്പോഴും ഇത്‌ സത്യമായിക്കൊള്ളണമെന്നുമില്ല. പരാജയപ്പെട്ടവരും ചരിത്രത്തിന്റെ ഭാഗമാണ്‌. വിജയി, വിജയിയുടെ കണ്ണിലൂടെ ചരിത്രത്തെ അയാള്‍ക്കനുകൂലമായി വരയ്‌ക്കുമ്പോള്‍ പരാജിതന്റെ കണ്‍കോണിലും ഒരു ചരിത്രമുണ്ടെന്ന്‌ നാമറിയണം. അതിമോഹങ്ങളും അക്രമങ്ങളും കൊടുംക്രൂരതകളും നിറഞ്ഞ ചരിത്രത്തിനൊപ്പം തന്നെ ചില മഹാത്യാഗങ്ങളും നമ്മുടെ മുത്തശിക്കഥകളില്‍ ഇടം പിടിച്ചിരുന്നു. വിജയിക്കൊപ്പം പരാജിതനും കൈയ്യടി കിട്ടിയിരുന്നു. 


ഒരര്‍ഥത്തില്‍ വിജയിയോ പരാജിതനോ കാഴ്‌ചക്കാരനോ ആരും ഏകരായിരുന്നില്ല. എല്ലാവരും മഹത്തായ ഈ ലോകക്രമത്തിന്റെ ഭാഗം തന്നെയായിരുന്നു. വിവിധ കാലങ്ങളില്‍, വിവിധ ദേശങ്ങളില്‍, വിവിധ വേഷങ്ങളില്‍, വിവിധ ഭാഷകളില്‍ നമ്മെ തന്നെ രൂപപ്പെടുത്തിയവര്‍. നമ്മുടെ മനുഷ്യമഹാനാടകത്തിലെ പ്രധാനവേഷങ്ങളാടി അടുത്ത തലമുറയിലേക്ക്‌ ബാറ്റണ്‍ കൈമാറിയവര്‍. നമ്മുടെ പൂര്‍വികര്‍.







   

Friday, November 8, 2013

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി യാത്രാഡയറി















നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി യാത്രാഡയറി


മുയല്‍ച്ചിത്രം
മലയാളത്തിലെ ആദ്യത്തെ മുഴുനീള റോഡ്‌ മൂവിയാണ്‌ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി. പരിചയമില്ലാത്ത വഴികള്‍, സ്ഥലങ്ങള്‍, കാഴ്‌ചകള്‍.. യാത്രയുടെ ഭൂപടം പിന്നെയും പിന്നെയും നീളുകയാണ്‌. ബുള്ളറ്റിന്റെ കിക്കറില്‍ കാല്‍ വെച്ച്‌ വയനാടന്‍ ചുരമേറി യാത്ര തുടങ്ങുന്ന സുനിയുടേയും ഖാസിയുടേയും ചിത്രം പോസ്റ്ററുകളായി ഫേസ്‌ബുക്കിലും ട്വിറ്ററിലുമെത്തിയപ്പോള്‍ ലൈക്കുകളുടെ ക്ലിക്ക്‌ ഒരുപാടെണ്ണം കുന്നു കൂടി.
ഷൂട്ടിങ്ങിനിടെ കടന്നുപോയ ഓരോ പ്രദേശത്തിന്റെയും നിറമുള്ള ചിത്രങ്ങള്‍ ഇന്നും സമീറിന്റെ ഓര്‍മയിലുണ്ട്‌. മനസിനകത്ത്‌ നിന്ന്‌ എപ്പോള്‍ വേണമെങ്കിലും പമ്മിപ്പമ്മി വെള്ളിവെളിച്ചത്തിലേക്ക്‌ ചാടിവീഴാനൊരുങ്ങുന്ന ഒരു മുയലിനെപ്പോലെ. �ഷൂട്ടിങ്‌ സംഘത്തിലെ ഏതാണ്ടെല്ലാവരും നല്ല ബൈക്ക്‌ റൈഡേര്‍സായിരുന്നു. അതിനാല്‍ അതും ഒരു പുത്തന്‍ അനുഭവമായി. സിനിമക്കു വേണ്ടി ഉപയോഗിച്ച ബൈക്കുകള്‍ ഷൂട്ടിങ്ങിനായി ഒരു വോള്‍വോ ബസില്‍ കേറ്റി എല്ലായിടത്തേക്കും കൊണ്ടു പോവുകയായിരുന്നു. ചിലയിടങ്ങളില്‍ അവയൊക്കെയും ലോംഗ്‌ റൈഡിങ്ങിനുമിറങ്ങി.� സംവിധായകന്‍ സമീര്‍ താഹിര്‍ പറയുന്നു.
�ഷൂട്ട്‌ തുടങ്ങുന്നതിനു മുമ്പേ, ഞാനും ടീമും ഈ സ്ഥലങ്ങളിലെല്ലാം ലൊക്കേഷന്‍ തിരച്ചിലിനായി യാത്ര ചെയ്‌തിരുന്നു. സിനിമയുടെ കഥ ആവശ്യപ്പെട്ടതിനനുസരിച്ചുള്ള ലൊക്കേഷനുകള്‍ തന്നെ വേണമെന്ന്‌ നിര്‍ബന്ധമായിരുന്നു. അതിനാല്‍ ഒന്നൊന്നര മാസമെടുത്തു �നീലാകാശ�ത്തിലെ ലൊക്കേഷന്‍ ചിത്രം മനസില്‍ പച്ച പിടിക്കാന്‍.�

ഭൂതകാലക്കുളിര്‍
ഒരു വിധപ്പെട്ടവര്‍ക്കൊക്കെയും യാത്രകള്‍ ജീവനാണ്‌. ജീവിതത്തിലെ ഏറെ പ്രധാനമായ ചില പാഠങ്ങള്‍ പഠിക്കാനാണ്‌ പണ്ടൊരിക്കല്‍ ഏണസ്റ്റോ ഫ്യൂസര്‍ ഗുവേരയും ആല്‍ബര്‍ട്ടോ മിയാല്‍ ഗ്രനഡോയും ഒരു യാത്ര പോയത്‌. അതിലൊരാള്‍, ഫ്യൂസര്‍ ലോകത്തിലെ എക്കാലത്തേയും വിപ്ലവത്തിന്റെ പ്രവാചകനായി. ലോകമറിയുന്ന ചെഗുവേരയായി. മലയാളസിനിമാചരിത്രത്തിലെ ആദ്യറോഡ്‌ മൂവിയുടെ വിശേഷങ്ങള്‍ക്ക്‌ ഒരു പക്ഷേ, ഇങ്ങനെയൊരു ഭൂതകാലക്കുളിരിന്റെ അമിതപരാമര്‍ശം ആവശ്യമില്ല. ചിത്രത്തിലെ നായകനായ ഖാസിയും കൂട്ടുകാരന്‍ സുനിയും നടത്തുന്ന യാത്ര തികച്ചും വ്യത്യസ്‌തമായ മറ്റൊരു യാത്രയാണ്‌. കൂടെ പഠിച്ച കാമുകിയെ തേടിയുള്ള യാത്രയില്‍ ഖാസിയുടെ വീടിരിക്കുന്ന കോഴിക്കോട്ടു നിന്നും (ഭൂതകാലത്ത്‌ കോയില്‍ക്കോട്ട) കര്‍ണാടകം, ആന്ധ്രാപ്രദേശ്‌, ഒറീസ, അസം, പശ്ചിമ ബംഗാള്‍, നാഗാലാന്റ്‌ എന്നിങ്ങനെ ആറ്‌ സംസ്ഥാനങ്ങള്‍ പിന്നെയും അവര്‍ പിന്നിടുന്നു. ആ യാത്രയില്‍ ഇവര്‍ കടന്നുപോവുന്നത്‌ പ്രണയം, രാഷ്‌ട്രീയം, പോരാട്ടം, കച്ചവടം, മതം തുടങ്ങി നാടിന്റെ തന്നെ വിവിധ സ്‌പന്ദനങ്ങളിലൂടെയാണ്‌. ഒരര്‍ഥത്തില്‍ നമ്മുടെ തന്നെ ഭൂതകാലത്തിലൂടെ. �ഏറെ കാലത്തെ ആഗ്രഹമായിരുന്നു, ഇങ്ങനെയൊരു യാത്ര പോവണമെന്ന്‌. ചിലര്‍ പറഞ്ഞുകേട്ടിട്ടുണ്ട്‌, ലോകം ചുറ്റണമെന്ന്‌ ആഗ്രഹിക്കുന്ന ഒരാള്‍ ആദ്യം ഇന്ത്യയിലൊന്ന്‌ കറങ്ങണമെന്ന്‌. ഷൂട്ടിങ്ങിനായി നമ്മുടെ നാടിന്റെ വിവിധയിടങ്ങളിലൂടെ കറങ്ങിയപ്പോഴാണ്‌ അങ്ങനെ പറഞ്ഞതിന്റെ അര്‍ഥം മനസിലായത്‌. ഏതാണ്ട്‌ എല്ലാ കാലാവസ്ഥാവ്യതിയാനങ്ങളിലൂടെയും കടന്നുപോയ ഷൂട്ടിങ്‌ യാത്ര ഏതായാലും എന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളിലൊന്നാണ്‌.�ചിത്രത്തിലെ ഖാസിയുടെ (ദുല്‍ക്കറിന്റെ) വാക്കുകളില്‍ യാത്രയുടെ നിറമുള്ള ഭൂതകാലക്കുളിര്‍ ഒരിക്കല്‍കൂടി വിരിയുന്നു.

കഥക്കൂട്‌
നീലാകാശവും പച്ചക്കടലും ചുവന്ന ഭൂമിയും കണ്ട്‌, 2009 ല്‍ നടത്തിയ ഒരു യാത്രയാണ്‌ സിനിമയുടെ കഥയ്‌ക്ക്‌ പിന്നിലെ കഥയെന്ന്‌ കഥയും തിരക്കഥയും ചമച്ച ഹാഷിര്‍ മുഹമ്മദ്‌ പറയുന്നു. സുഹൃത്തായ അബ്‌ദുല്‍ ഹമീദുമുണ്ടായിരുന്നു കൂടെ. അന്ന്‌ ഇതേ ബുള്ളറ്റുകളില്‍ ചെന്നൈ തൊട്ട്‌ ദില്ലി വരെയായിരുന്നു റൈഡിങ്‌. ആ യാത്രയ്‌ക്കിടയില്‍ സിനിമാപ്പേരു പോലെ നീലാകാശവും പച്ചക്കടലും ചുവന്ന ഭൂമിയും ഒരു വിസ്‌മയക്കാഴ്‌ച പോലെ പലയിടങ്ങളില്‍ വെച്ചും മുന്നില്‍ വന്നു വിരിഞ്ഞ അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന്‌ ഹാഷിര്‍ സത്യം ചെയ്യുന്നു. എങ്ങോട്ടു വേണമെങ്കിലും വ്യാഖ്യാനിക്കാവുന്നതാണ്‌ സിനിമയുടെ പേര്‌. യാത്രയ്‌ക്കിടയില്‍ മലമുകളിലെ പഞ്ചറൊട്ടിക്കുന്ന രാഘവേട്ടന്റെ കടയും ഗ്രാമഭംഗി തുളുമ്പുന്ന പ്രദേശങ്ങളുമല്ലാം അന്നത്തെ കാഴ്‌ചകളില്‍ നിന്ന്‌ കിട്ടിയ കഥാസന്ദര്‍ങ്ങളാണ്‌. പുരിയിലെ ഫെസ്റ്റിവലും ബീച്ചിലെ കാഴ്‌ചകളുമല്ലാം ഒറിജിനലായി, അതാത്‌ സമയങ്ങളില്‍ തന്നെ ചിത്രീകരിക്കുകയായിരുന്നു. �എന്റെ യാത്രയില്‍ കണ്ടുമുട്ടിയ കാഴ്‌ചകളാണ്‌ സിനിമയിലുമുള്ളത്‌. സിനിമയിലെ നായകര്‍ എന്‍ജിനീയറിങ്‌ വിദ്യാര്‍ഥികളായതും അവര്‍ കടന്നുപോയ സമകാലികപ്രശ്‌നങ്ങളില്‍ പലതും ഞാന്‍ പഠിച്ചുകൊണ്ടിരുന്ന കാലവുമായി ബന്ധമുണ്ട്‌. ബേസിക്കലി ഈ സിനിമ മലയാളത്തിലെ ബൈക്ക്‌ റൈഡിങും യാത്രയും ഇഷ്‌ടപ്പെടുന്നവര്‍ക്കായി ഡെഡിക്കേറ്റ്‌ ചെയ്യുന്നു.� ഹാഷിര്‍ മുഹമ്മദിന്റെ വാക്കുകളില്‍, പഴയ തിരുവനന്തപുരം എന്‍ജിനീയറിങ്‌ കോളജ്‌ വിദ്യാര്‍ഥിയേക്കാള്‍ യാത്രയേയും റൈഡിങ്ങിനേയും ഇഷ്‌ടപ്പെടുന്ന ഒരു കഥാകൃത്തിന്റെ കൈയ്യൊപ്പ്‌.

കടല്‍നിറം
കടലിന്റെ നിറം മാറി മാറി വരാം. ചിലപ്പോള്‍ നീല, കറുപ്പ്‌, തിരമാലയുടെ നിറത്തോട്‌ ചേര്‍ന്ന വെളുപ്പ്‌, അങ്ങനെ അങ്ങനെ.. എങ്കിലും യാത്രയുടെ നിറം എന്നും ഒന്നാണ്‌. �ജീവിതത്തില്‍ ഇനിയൊരിക്കലും ഇങ്ങനെയൊരു യാത്ര ചെയ്യാന്‍ ഭാഗ്യം കിട്ടണമെന്നില്ല. അത്രയും ആവേശം നിറഞ്ഞതായിരുന്നു യാത്രയുടെ ഹരം നിറഞ്ഞ അനുഭവങ്ങള്‍. രണ്ട്‌ ബുള്ളറ്റുകളിലായി ഞാനും ദുല്‍ക്കറും, (സോറി ഖാസിയും) ശരിക്കുമങ്ങ്‌ എന്‍ജോയ്‌ ചെയ്യുകയായിരുന്നു. ഞങ്ങള്‍ക്കുള്ളതു പോലെ സിനിമയില്‍ ഉപയോഗിച്ച ബൈക്കുകള്‍ക്കും ഏറെ പ്രാധാന്യമുണ്ട്‌..� സിനിമയില്‍ ഖാസിയുടെ സുഹൃത്തായി അഭിനിയിച്ച സണ്ണി വെയിന്‍ മനസ്‌ തുറക്കുന്നു. സിനിമയിലെ ബൈക്കുകള്‍ നിര്‍മാതാക്കളിലൊരാളായ അബ്‌ദുല്‍ ഹമീദിന്റേതാണ്‌. ദുല്‍ക്കറിന്റേത്‌ ലോംഗ്‌ റൈഡിന്‌ ഉപയോഗിക്കുന്ന 500 സിസി മാച്ചിസ്‌മോ ബുള്ളറ്റും സണ്ണിയുടേത്‌ 535 സിസി ലൈറ്റ്‌നിങ്‌ ബുള്ളറ്റും. ദുല്‍ക്കറും സണ്ണിയുമൊന്നിക്കുന്ന രണ്ടാമത്തെ പടം കൂടിയാണിത്‌. ആദ്യസിനിമയില്‍ തുടങ്ങിയ സൗഹൃദം ഈ സിനിമയില്‍ കൂടുതല്‍ ദൃഢമായി. �ഓരോ സ്ഥലത്തും ഓരോ പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ ടീമായിരുന്നു. അതിനാല്‍ തന്നെ യാത്രയ്‌ക്കിടയില്‍ എവിടെയെത്തുമെന്നും എവിടെ ഭക്ഷണമൊരുക്കാമെന്നും കൃത്യമായ ധാരണയുണ്ടായിരുന്നു. യഥാര്‍ഥജീവിതത്തില്‍ യാത്ര ചെയ്യാന്‍ ഇഷ്‌ടപ്പെടുന്നവര്‍ക്ക്‌ ഏതായാലും നല്ലൊരു ത്രില്ലറാണ്‌ സിനിമയും ഇതിലെ കാഴ്‌ചകളും.. �സണ്ണിയുടെ വാക്കുകളില്‍ പ്രിയകൂട്ടുകാരനൊപ്പം ഒരു യാത്ര കഴിഞ്ഞ്‌ തിരിച്ചെത്തിയ ആവേശം.

യാത്രാഡയറിയുടെ അവസാനതാള്‌
ഏതാണ്ട്‌ 110 ഓളം ദിവസങ്ങളെടുത്ത ഷൂട്ടിങ്ങിനിടയിലെ സന്ധ്യകളെല്ലാം സമീര്‍ കൃത്യമായും ഓര്‍ക്കുന്നു. ഒരു സിനിമാ ഷൂട്ടിങ്ങെന്നതിനെക്കാള്‍ കുറേ റൈഡേര്‍സ്‌ നടത്തിയ ഇന്ത്യന്‍ യാത്ര കൂടിയായിരുന്നു ആ ദിവസങ്ങള്‍. �കഥയ്‌ക്കു വേണ്ടി കൃത്യമായും ഒരുക്കിവെച്ചതു പോലെയായിരുന്നു ഞങ്ങള്‍ സഞ്ചരിച്ച സ്ഥലങ്ങളിലെ ഗ്രാമങ്ങളെല്ലാം. റിലീസിങ്ങിനു ശേഷം എല്ലായിടത്തു നിന്നും നല്ല അഭിപ്രായങ്ങള്‍ കിട്ടുന്നുണ്ട്‌. ഷൂട്ടിങ്‌ കഴിഞ്ഞപ്പോള്‍ ഇങ്ങനെയൊരു യാത്ര പ്ലാന്‍ ചെയ്‌തതിനും മറ്റും ദുല്‍ക്കര്‍ പ്രത്യേകനന്ദിയും പറഞ്ഞു.�യാത്ര ചെയ്യാനിഷ്‌ടമുള്ള സമീര്‍ തന്റെ ഐ ടെന്നില്‍ കേരളത്തില്‍ കറങ്ങാത്ത സ്ഥലങ്ങളില്ല. എങ്കിലും തനിച്ച്‌ നടത്തുന്ന ട്രയിന്‍ യാത്രകളാണ്‌ ഏറെയിഷ്‌ടം. അങ്ങനെ പോവുമ്പോഴും കാണുന്ന സന്ധ്യാസമയങ്ങള്‍ മനസില്‍ വിസ്‌മയക്കാഴ്‌ചകളായി തെളിഞ്ഞു കിടപ്പുണ്ട്‌. ഷൂട്ടിങ്‌ കഴിഞ്ഞ്‌ മടങ്ങുമ്പോഴാണ്‌ ഒരു സന്ധ്യാനേരത്ത്‌ പൂനയ്‌ക്കടുത്തുള്ള കാടിനോട്‌ ചേര്‍ന്നു നിന്ന റെയില്‍വേ സ്റ്റേഷനടുത്ത്‌ വെച്ച്‌ ഒരു കൂട്ടം ആനകളെ കാണുന്നത്‌. �..അതൊരു വല്ലാത്ത കാഴ്‌ചയായിരുന്നു. സിനിമയ്‌ക്കു ശേഷം ബൈക്ക്‌ റൈഡിങ്ങിന്‌ ആവേശം തോന്നിയെന്ന്‌ പറഞ്ഞ്‌ പലരും വിളിച്ചിട്ടുണ്ട്‌. മോട്ടോര്‍ സൈക്കിള്‍ റൈഡിങ്ങും ഫോട്ടോഗ്രഫിയുമൊക്കെ ഹരം പിടിച്ചു വിളിക്കുന്നവര്‍. ഇന്നലെയും വിളിച്ചു, തൃശൂര്‌ നന്നൊരാള്‍. നീലാകാശം കണ്ട്‌ പിറ്റേന്ന്‌ തന്നെ നാട്ടിലെ റോയല്‍ എന്‍ഫീല്‍ഡിന്റെ ഷോറൂമില്‍ പോയി ഒരു ബുള്ളറ്റ്‌ ബുക്ക്‌ ചെയ്‌ത കാര്യം പറയാന്‍..�
സമീറിലെ, തുറന്നുവെച്ച യാത്രികന്റെ ഡയറിക്കു മുകളിലെ, രാത്രിയിലേക്കു നീണ്ട ആകാശത്ത്‌ ആയിരം കാന്താരി പൂത്തു.









Wednesday, November 6, 2013

ഓണക്കാലം@ ഫൈന്‍ ആര്‍ട്‌സ്‌ ക്ലബ്‌




ഓണക്കാലം@ ഫൈന്‍ ആര്‍ട്‌സ്‌ ക്ലബ്‌

എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ കെ ആര്‍ മീരയ്‌ക്ക്‌ കുട്ടിക്കാലത്തൊക്കെ ഓണത്തേക്കാള്‍ പ്രധാനം നാട്ടിലെ ക്ഷേത്രോത്സവങ്ങളായിരുന്നു. മീരയുടെ നാടായ കൊല്ലം ശാസ്‌താംകോട്ടയില്‍ ഓണത്തേക്കാളേറെ, എന്നാല്‍ ഓണം പോലെ കൊണ്ടാടിയിരുന്നത്‌ നാട്ടിലെ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളായിരുന്നു. മാര്‍ച്ച്‌ മാസത്തിലായിരിക്കും മിക്കവാറും ഉത്സവങ്ങളെല്ലാം. ചിലപ്പോള്‍ ഓണത്തേക്കാളേറെ പ്രാധാന്യവും ആ ഉത്സവങ്ങള്‍ക്കു തന്നെ. പക്ഷേ, അപ്പോഴും മനസില്‍ അടുത്താഴ്‌ചയാണല്ലോ കൊല്ലപ്പരീക്ഷ എന്ന പേടി ബാക്കി കിടക്കും. എത്ര ആഘോഷിച്ചാലും ഈ പരീക്ഷപ്പേടി മനസിലങ്ങനെ ആന്തലോടെയുണ്ടാവും.
അച്ഛന്റെ അമ്മയാണ്‌ മീരയെ വളര്‍ത്തിയത്‌. കുടുംബത്തില്‍ അപ്പച്ചിമാരുമുണ്ടായിരുന്നു. എല്ലാവരും ഒത്തു ചേര്‍ന്നുള്ള ഈ ഉത്സവകാലത്തിന്‌ ശരിക്കും ഒരു ഓണക്കാലത്തിന്റെ പ്രതീതി തന്നെയായിരുന്നു. പിന്നീട്‌ എല്ലാവരും ഒത്തു ചേരുന്നത്‌ ഓണക്കാലത്താണ്‌. അന്ന്‌ പക്ഷേ, പരീക്ഷപ്പേടിയൊന്നുമില്ല. ശരിക്കുമുള്ള തകര്‍പ്പന്‍ ആഘോഷം തന്നെയായിരിക്കും.

ഫൈന്‍ ആര്‍ട്‌സ്‌ ക്ലബുകാരുടെ ഓണം
�അന്നൊക്കെ ഓണക്കാലത്ത്‌ നാട്ടില്‍ കലാപരിപാടികളുടെ ബഹളമായിരുന്നു. ഏതാണ്ട്‌ മൂന്നു വീടുകള്‍ക്കിടയില്‍ ഒരു ഫൈന്‍ ആര്‍ട്‌സ്‌ ക്ലബ്‌ എന്ന അവസ്ഥയായിരുന്നു. ഞങ്ങള്‍ കുട്ടികളെ റാഞ്ചിക്കൊണ്ട്‌ പരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ ക്ലബുകാരുടെ മത്സരമായിരുന്നു.. � മീരയുടെ വാക്കുകളില്‍ അന്നത്തെ കുഞ്ഞു എഴുത്തുകാരി കഥകളെഴുതാന്‍ തുടങ്ങി. ഒരു വിധപ്പെട്ട മത്സരങ്ങളിലെല്ലാം പങ്കെടുക്കും. അവയില്‍ പ്രധാനം കഥയെഴുത്തും ഉപന്യാസരചനയും ഡ്രോയിങ്ങും വിവിധഭാഷാപ്രസംഗങ്ങളുമൊക്കെത്തന്നെ. എല്ലാത്തിലും സമ്മാനവും കിട്ടും. പിന്നീടുള്ള എഴുത്തുജീവിതത്തിലും ചിലപ്പോള്‍ ഈ കുട്ടിക്കാലത്തെ ഫൈന്‍ ആര്‍ട്‌സ്‌ മത്സരങ്ങളില്‍ പങ്കെടുത്തതിന്റെ പ്രചോദനങ്ങളുണ്ടായിരിക്കാം. പിന്നീട്‌ പ്ലസ്‌ടു, ഡിഗ്രി കാലമൊക്കെയായപ്പോള്‍ ക്ലബുകളും ഇല്ലാതായിത്തുടങ്ങി. �വേണമെങ്കില്‍ കേരളത്തിലെ തൊഴിലില്ലായ്‌മയുള്ള ചെറുപ്പക്കാരുടെ എണ്ണം കുറഞ്ഞുതുടങ്ങിയെന്നും പറയാം. കാരണം, അവരാണല്ലോ ഇത്തരം ആഘോഷങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചിരുന്നത്‌!�

കരടികളിയും ആര്‍പ്പോ വിളിയും
�കരടികളിയായിരുന്നു അന്നത്തെ കൊല്ലത്തെ ഫേവറിറ്റ്‌ ഓണാഘോഷങ്ങളില്‍ പ്രധാനപ്പെട്ടത്‌.� കെ ആര്‍ മീര കോട്ടയത്തെ വീട്ടിലിരുന്ന്‌ മനസ്‌ തുറക്കുന്നു.
പുതിയ ഡ്രസ്‌ കിട്ടുന്നതായിരുന്നു അക്കാലത്തെ ഏറ്റവും ആവേശം നിറഞ്ഞ ഓണം ഓര്‍മകളിലൊന്ന്‌. പിന്നെ പടക്കം പൊട്ടിക്കുന്നതും മറ്റും. രാത്രിയാവുമ്പോഴാണ്‌ കരടികളിയുമായി സംഘം വരിക. ഏതാണ്ട്‌ പകലത്തെ പരിപാടികളെല്ലാം കഴിഞ്ഞ്‌ ഞങ്ങള്‍ കുട്ടികള്‍ ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ പെട്ടെന്ന്‌ വീടിനു പുറത്തു നിന്ന്‌ ആര്‍പ്പോ വിളികളുയരും. പിന്നെ പടക്കത്തിന്റെ ശബ്‌ദവും മത്താപ്പൂവിന്റെയും കമ്പിത്തിരിയുടേയും മിന്നിത്തിളങ്ങലുമായിരിക്കും. അതോടെ ഞങ്ങളെല്ലാവരും ചാടിയെഴുന്നേറ്റ്‌ പുറത്തേക്ക്‌ ചെല്ലും.

മറക്കാനാവാത്ത തിരുവോണനാള്‍



�ജോലിയൊക്കെ ആയപ്പോള്‍ ഓണത്തിന്റെ പകിട്ടും പത്രാസും തീര്‍ത്തും ഇല്ലാതായെന്നു തന്നെ പറയാം. പത്രസ്ഥാപനത്തില്‍ ജോലിയായതിനാല്‍ ഓണത്തിന്‌ ഒരു ദിവസം മാത്രമാണ്‌ ലീവ്‌. തിരുവോണത്തിന്റെ അന്ന്‌ മിക്കവാറും ട്രെയിനിലായിരിക്കും. ദീര്‍ഘയാത്ര തന്നെ. ഒന്നുകില്‍ ഭര്‍ത്താവിന്റെ വീട്ടില്‍. അല്ലെങ്കില്‍ എന്റെ വീട്ടില്‍. എന്തായാലും ജോലി ചെയ്യുന്ന ഇടത്തു നിന്നും ഏതാണ്ട്‌ പകുതി ദിവസമെങ്കിലും ട്രെയിനിലിരിക്കണം.. � മീര മനസു തുറക്കുന്നു.
മറക്കാനാവാത്ത മറ്റൊരു ഓണവുമുണ്ട്‌ മനസില്‍. വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്ത വര്‍ഷത്തെ ഓണമായിരുന്നു. അന്ന്‌ തിരുവോണത്തിന്റെ തലേന്നാണ്‌ പ്രസവത്തിനു വേണ്ടി ആശുപത്രിയില്‍ അഡ്‌മിറ്റ്‌ ചെയ്യുന്നത്‌. ആശുപത്രിയില്‍ നിന്ന്‌ പരിശോധിച്ച ഡോക്‌ടര്‍ എന്റെ അവസ്ഥയും ഓണത്തിന്റെ പരിഗണനയും പ്രമാണിച്ച്‌ വീട്ടില്‍ ചെന്ന്‌ തിരുവോണം ആഘോഷിച്ച്‌ വരാനായി ഒരു ദിവസത്തെ അവധി തന്നു. അങ്ങനെ ഓണസദ്യയുണ്ട്‌ തിരിച്ച്‌ വീണ്ടും ആശുപത്രിയിലേക്കു ചെന്ന്‌ അഡ്‌മിറ്റായി. അതിന്റെ പിറ്റേന്നായിരുന്നു പ്രസവവും. �അതിനാല്‍ ആ ഓണക്കാലം എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഓണമായി ഞാന്‍ കരുതുന്നു. അത്‌ ഇന്നും മനസിലുണ്ട്‌.�

വിപണിയുടെ ഓണം

കുടുംബത്തില്‍ ചില മരണങ്ങളുണ്ടായതിനാല്‍, ഇപ്രാവശ്യം ഓണത്തിന്‌ വലിയ ആഘോഷങ്ങളൊന്നുമില്ല. വീട്ടില്‍ തന്നെയായിരിക്കും. �പിന്നെ ഇന്നത്തെ ഓണംന്നുള്ളത്‌ വിപണിയുടേതല്ലേ. ടെക്‌സ്റ്റയില്‍സുകാരും കാറ്ററിങ്ങുകാരുമാണ്‌ ഇന്നത്തെ ഓണം പ്രധാനമായും ആഘോഷിക്കുന്നത്‌. വീട്ടിലിരുന്നാല്‍ മതി. പഴയതു പോലെ പൂക്കള്‍ തേടി അലയുകയോ സദ്യയ്‌ക്കു വേണ്ടി ഒരുക്കങ്ങള്‍ കൂട്ടുകയോ ഒന്നും വേണ്ട. എല്ലാം വീട്ടിലെത്തും. എല്ലാം വിപണിയുടെ ഓണമാണല്ലോ. ശരിക്കും നമ്മളേക്കാളൊക്കെ അവരാണ്‌ ആഘോഷിക്കുന്നതും ആഘോഷങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്നതുമല്ലാം. നമ്മള്‍ വെറും നോക്കുകുത്തികള്‍..� മീരയുടെ മുഖത്ത്‌ കഴിഞ്ഞുപോയ നന്‍മകളുടെ ഓണക്കാലത്തെക്കുറിച്ചുള്ള നിറമുള്ള ഓര്‍മകള്‍ ബാക്കിയുണ്ട്‌.   










Monday, November 4, 2013

ഒരു ഓണക്കാലയാത്രയുടെ സ്‌മരണയ്‌ക്ക്‌



ഒരു ഓണക്കാലയാത്രയുടെ സ്‌മരണയ്‌ക്ക്‌
ഒരു ചെറുപുഞ്ചിരിയിലെ ബീനയെ ഓര്‍മയില്ലേ?
പട്ടുപാവാടയും ധാവണിയുമണിഞ്ഞ്‌ ഓണനിലാവ്‌ പോലെ മലയാളിയുടെ മനസിലേക്ക്‌ നനുത്ത മന്ദസ്‌മിതത്തോടെ നടന്നടുത്ത ആ പെണ്‍കുട്ടിയെ?
മലയാളസിനിമയിലേക്ക്‌ ലെനയെന്ന തൃശൂരുകാരി വരവറിയിച്ചത്‌ ജയരാജിന്റെ സ്‌നേഹം, കരുണം തുടങ്ങിയ ചിത്രങ്ങളിലൂടെയും ഓമനത്തിങ്കള്‍പ്പക്ഷി പോലുള്ള മെഗാസീരിയലുകളിലൂടെയുമായിരുന്നെങ്കിലും എം ടി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്‌ത �ഒരു ചെറുപുഞ്ചിരി�യിലെ ഒടുവില്‍ ഉണ്ണിക്കൃഷ്‌ണന്‍ അവതരിപ്പിച്ച മുത്തശന്റെ കൊച്ചുമകളായി വന്നപ്പോള്‍ മലയാളികള്‍ ഒന്നടങ്കം അവരെ സ്‌നേഹിച്ചുതുടങ്ങുകയായിരുന്നു. പിന്നെ ഒരുപാട്‌ എണ്ണം പറഞ്ഞ ചിത്രങ്ങള്‍. രണ്ടാം ഭാവം, ട്രാഫിക്‌, ഈ അടുത്ത കാലത്ത്‌, സ്‌പിരിറ്റ്‌.. ഇപ്പോള്‍ ഇതാ ലെഫ്‌റ്റ്‌ റൈറ്റ്‌ ലെഫ്‌റ്റും. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പോസ്റ്റ്‌ ഗ്രാജ്വുവേറ്റ്‌ ബിരുദമുള്ള ലെന മുംബൈയില്‍ സൈക്കോളജിസ്‌റ്റ്‌ ആയി ജോലിയും ചെയ്‌തിട്ടുണ്ട്‌. സിനിമയ്‌ക്കു വേണ്ടി ജോലി വിട്ട്‌ നാട്ടിലേക്കും തുടര്‍ന്ന്‌ മലയാളിമനസിലേക്കും ചേക്കേറുകയായിരുന്നു.

ഓണക്കാലത്തെ നാട്ടിലേക്കുള്ള യാത്ര
�ഓണമെന്നു കേള്‍ക്കുമ്പോള്‍ കുട്ടിക്കാലത്തെ ഓര്‍മകളും യാത്രകളുമാണ്‌ മനസില്‍ വരിക. ഓണം കൂടാനായി മേഘാലയയില്‍ നിന്നും നാട്ടിലേക്കുള്ള യാത്രകളാണ്‌ ഓര്‍മയിലുള്ളത്‌. ദീര്‍ഘദൂരം യാത്ര ചെയ്‌തതിനു ശേഷം വടക്കാഞ്ചേരിയിലുള്ള വീട്ടിലെത്തുന്നത്‌, ഓണപ്പൂക്കളമൊരുക്കുന്നത്‌, ഓണക്കോടി, ഓണസദ്യ.. അങ്ങനെയങ്ങനെ പലതും.� ലെനയുടെ ഓണം ഓര്‍മകള്‍ക്ക്‌ ഗൃഹാതുരതകളുടെ വര്‍ണങ്ങള്‍ നിറയുന്നു. മേഘാലയയില്‍ സ്റ്റേറ്റ്‌ ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്നു അച്ഛന്‍, ആ കാലത്ത്‌. എല്ലാ ഓണക്കാലത്തും നാട്ടില്‍ വരണമെന്ന്‌ നിര്‍ബന്ധമായിരുന്നു. വടക്കാഞ്ചേരിയിലുള്ള കുടുംബവീട്ടില്‍ എത്ര തിരക്കുണ്ടെങ്കിലും ഓണം ആഘോഷിക്കുന്നത്‌ നേര്‍ച്ച ചെയ്‌തതു പോലെയായിരുന്നു.
അന്നത്തെ നാട്ടിലേക്കുള്ള വരവുകളില്‍ ഓണക്കാലത്ത്‌ കാണുന്നതൊക്കെയും പുതുമയുള്ള കാര്യങ്ങളായിരുന്നു. ഓണത്തിന്റെ ചിട്ടയും അന്നത്തെ പൂക്കളുടെ ആര്‍ഭാടവുമായിരുന്നു കൂടുതലും ആകര്‍ഷിച്ചത്‌. അവ മനസില്‍ ഇപ്പോഴും മായാതെ കിടക്കുന്നുണ്ട്‌.

ഏത്തയ്‌ക്കാ ചിപ്‌സിന്റെ രുചി
ഓണക്കാലത്തെ അനുഭവിക്കാനും ആസ്വദിക്കാനും കഴിഞ്ഞ മറ്റൊരു പ്രധാനകാര്യം കാലാവസ്ഥാ വ്യത്യാസമായിരുന്നു. ആ മാറ്റം ഓണക്കാലത്തേക്കാള്‍ മറ്റൊരു കാലത്തും അനുഭവിക്കാന്‍ കഴിഞ്ഞിരുന്നില്ല. �മേഘാലയയിലെ കൊടുംതണുപ്പുള്ള, സ്വെറ്ററിട്ടു മാത്രം പുറത്തിറങ്ങിയിരുന്ന കാലാവസ്ഥയില്‍ നിന്നും ഇവിടത്തെ സമമിതോഷ്‌ണ കാലത്തേക്കുള്ള മാറ്റം അന്ന്‌ ഏറെ ആസ്വദിച്ചിരുന്നു. �ലെന പറയുന്നു.
പൂക്കള്‍ക്കു പുറമേ, ഊഞ്ഞാല്‍, മറ്റ്‌ ഓണക്കളികള്‍ എല്ലാം അന്ന്‌ ശരിക്കും ഒരു പുതുഅനുഭവമായിരുന്നു. �പിന്നെ എന്നെ അത്ഭുതപ്പെടുത്തിയതും ഏറെ കൊതിപ്പിച്ചതും ഈ ഏത്തയ്‌ക്കാ ചിപ്‌സായിരുന്നു. അത്‌ ഉണ്ടാക്കുന്നതും അവ കൊതിയോടെ കഴിക്കുന്നതും ഏറെ ആസ്വദിച്ചിരുന്നു. പിന്നീട്‌ സിനിമയിലെത്തിയിട്ടും അന്നത്തെ കാലം ഏറെ മാറിയിട്ടും അന്ന്‌ കഴിച്ച ഏത്തയ്‌ക്കാ ചിപ്‌സിന്റെ രുചി ഇന്നും നാവിലുണ്ട്‌. ആ രുചി എവിടെ പോയാലും കിട്ടില്ല.�

ഈ ഓണവും മുത്തശിക്കൊപ്പം
എവിടെയാണെങ്കിലും, ഓണം വടക്കാഞ്ചേരിയിലെ കുടുംബവീട്ടില്‍ മുത്തശിക്കൊപ്പം ചെലവഴിക്കുന്നതാണ്‌ ഏറെ ഇഷ്‌ടം. �ഇതുവരെയും ഒരു സിനിമാ ലൊക്കേഷനില്‍ വെച്ച്‌ ഓണമാഘോഷിച്ചിട്ടില്ല. ഓണമാവുമ്പോഴേക്കും ഷൂട്ടിങ്ങെല്ലാം തീര്‍ത്ത്‌ ഓണത്തിന്‌ മുത്തശിയുടെ അടുത്തേക്ക്‌ പറക്കും. ഇപ്പോള്‍ ബാംഗ്ലൂരിലാണ്‌ താമസമെങ്കിലും ഓണം നാട്ടില്‍ തന്നെ. മുത്തശിയുടെ കൂടെ, പഴയ കുടുംബവീട്ടില്‍ ഓണമാഘോഷിക്കുന്നതിലും സുഖമുള്ള കാര്യം വേറെയില്ല.� ലെന പൊടുന്നനെ ഓണക്കോടിയുടുത്ത്‌ മേഘാലയയില്‍ നിന്നും നാട്ടിലെത്തി ഓണത്തിന്‌ വീട്ടുമുറ്റത്തെ ഊഞ്ഞാലിലാടുന്ന കുട്ടിയാവുന്നു. ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്‌ ലണ്ടന്‍ ബ്രിഡ്‌ജ്‌ എന്ന പൃഥ്വിരാജ്‌ ചിത്രത്തിലും തുളസീദാസിന്റെ പുതിയ സിനിമയിലുമാണ്‌. ലെഫ്‌റ്റ്‌ റൈറ്റ്‌ ലെഫ്‌റ്റിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ട സന്തോഷം ലെനയുടെ മുഖത്തുണ്ട്‌.
�ഈ ഓണക്കാലത്ത്‌ ആ സന്തോഷം കൂടി പങ്കുവയ്‌ക്കണം. പിന്നെ പ്രിയപ്പെട്ട ചിപ്‌സും കൂട്ടി ഓണസദ്യയുണ്ണണം..�
ലെന തയ്യാറെടുപ്പിലാണ്‌.                           

         

Saturday, November 2, 2013

ഓണക്കാലത്തെ ജാലവിദ്യകള്‍




ഓണക്കാലത്തെ ജാലവിദ്യകള്‍


ഓണക്കാലം മജീഷ്യന്‍ ഗോപിനാഥ്‌ മുതുകാടിന്‌ ഓര്‍മകളുടെ വസന്തകാലം കൂടിയാണ്‌. കുട്ടിക്കാലത്തെ നിലയ്‌ക്കാത്ത, നിറമുള്ളതും മനോഹരവുമായ ഓര്‍മകള്‍. കാലമേറെ കഴിഞ്ഞിട്ടും ഒക്കെയും മനസില്‍ നറുനിലാവു പോലെ തെളിഞ്ഞുനില്‍ക്കുന്നുണ്ട്‌.
ആധുനികമാജിക്‌ രംഗത്തെ അതികായനായ മുതുകാട്‌, ഓണനാളുകളില്‍ പൊടുന്നനെ മലപ്പുറത്ത്‌ നിലമ്പൂരുള്ള കള്ളമുക്കട്ടയില്‍ കുഞ്ഞുണ്ണിനായരുടേയും മുതുകാട്‌ ദേവകിയമ്മയുടേയും മകനായ കുഞ്ഞുഗോപിനാഥായി മാറും. വളര്‍ന്നപ്പോള്‍ പിന്നീട്‌, നിലമ്പൂര്‍ ആസ്ഥാനമാക്കി മുതുകാട്‌ മാജിക്കല്‍ എന്റര്‍ടയിനേര്‍സ്‌ എന്ന മാജിക്‌ ട്രൂപ്പിനു നേതൃത്വം കൊടുത്തതും തിരുവനന്തപുരത്ത്‌ മാജിക്കല്‍ അക്കാദമി തുടങ്ങിയതും ഇന്ത്യയിലും വിദേശത്തുമായി അറിയപ്പെടുന്ന ജാലവിദ്യക്കാരനായതുമല്ലാം അദ്ദേഹം മറക്കും. ഓണക്കാലത്ത്‌ വീട്ടിലെത്തിയാല്‍ മുതല്‍, കുഞ്ഞു ഗോപിനാഥാണ്‌. മാജിക്കിനെ ആധുനികവത്‌ക്കരിച്ചതും ഈ രംഗത്ത്‌ ഒട്ടേറെ പുതുമകള്‍ കൊണ്ടുവന്നതും ലോകമാന്ത്രികസംഘടനയായ ഇന്റര്‍നാഷണല്‍ ബ്രദര്‍ഹുഡ്‌ ഓഫ്‌ മജീഷ്യന്‍സിന്റെ വിശിഷ്‌ടപുരസ്‌ക്കാരങ്ങള്‍ നേടിയതുമല്ലാം, നാട്ടില്‍ വീട്ടുകാര്‍ക്കൊപ്പം ചെലവഴിക്കാന്‍ കഴിയുന്ന ഒരു ഓണത്തിനു വേണ്ടി ബലി കഴിക്കാനും അദ്ദേഹം തയ്യാര്‍.

ഓണം ബുക്ക്‌ഡ്‌!
കഴിഞ്ഞ 38 വര്‍ഷമായി മുതുകാട്‌ തന്റെ ജാലവിദ്യയുമായി ഇവിടെയുണ്ട്‌. ഇന്റര്‍നാഷണല്‍ മാജിക്‌ അക്കാദമിയുടെ മാജിക്കിലെ ഓസ്‌ക്കാര്‍ എന്നറിയപ്പെടുന്ന മെര്‍ലിന്‍ പുരസ്‌കാരം നേടിയ ആദ്യത്തെ മലയാളി മാന്ത്രികന്‍ കൂടിയാണ്‌ അദ്ദേഹം. ജാലവിദ്യയുമായി ഇന്ത്യയിലങ്ങോളമിങ്ങോളം വിസ്‌മയയാത്രകളും ഗാന്ധിമന്ത്രയാത്രകളും മിഷന്‍ ഇന്ത്യ യാത്രകളും നടത്തിയിട്ടുണ്ട്‌. എങ്കിലും ഓണത്തിന്‌ എവിടെയാണെങ്കിലും വീട്ടിലെത്തുന്നതാണ്‌ പണ്ടു മുതലേയുള്ള ശീലം. അവിടെ അമ്മ ഇലയില്‍ ചുട്ട അടയുമായി കാത്തിരിക്കുന്നുണ്ടാവും. �എന്ത്‌ പരിപാടിയുണ്ടെങ്കിലും നേരത്തെ അമ്മ വിളിച്ചു പറയും, ഓണത്തിനുള്ള രണ്ടു ദിവസം താന്‍ ബുക്ക്‌ ചെയ്‌തിരിക്കുന്നുവെന്ന്‌. മറ്റെന്ത്‌ തിരക്കുണ്ടെങ്കിലും അമ്മയുടെ കൂടെ നിലമ്പൂരെ വീട്ടില്‍ ഓണമുണ്ണുന്നത്‌ എനിക്ക്‌ നിര്‍ബന്ധമാണ്‌.� മുതുകാട്‌ മനസു തുറക്കുന്നു.
അന്നൊക്കെ ചെറുപ്പത്തില്‍ മണ്ണ്‌ കൊണ്ട്‌ മഹാവിഷ്‌ണുവിന്റെ അവതാരമായ മാതേവരെ വലിപ്പച്ചെറുപ്പമനുസരിച്ച്‌ ഉണ്ടാക്കും. അവയ്‌ക്ക്‌ വീട്ടിലെ ഓരോരുത്തരുടെ പേരും കൊടുക്കും. കൂട്ടത്തില്‍ എന്നും വലുത്‌ വീട്ടിലെ കാരണവരായ അച്ഛന്റേതായിരിക്കും. എന്നും കുഞ്ഞുമാതേവരായി ഈ ഞാനും.

തിരുവോണം സുഖം, ഉത്രാടം സുഖം
അത്തത്തിനു തന്നെ പൂവിട്ടു തുടങ്ങുന്നതുമായി ബന്ധപ്പെട്ട ഓര്‍മകളാണ്‌ മനസില്‍. പൂക്കള്‍ തേടി നാട്ടില്‍പുറത്തു കൂടി എറെ അലയും. അങ്ങനെ അലഞ്ഞതിനു ശേഷം കിട്ടുന്ന പൂക്കള്‍ക്ക്‌ സുഗന്ധവും ഓര്‍മയുടെ മധുരവും പിന്നെയും കൂടുതലാണ്‌. തിരുവോണത്തിന്‌ പൂവിടുമ്പോള്‍, പൂ കൊണ്ട്‌ �തിരുവോണം സുഖം� എന്നെഴുതി വയ്‌ക്കും. അതു പോലെ ഉത്രാടത്തിനും �ഉത്രാടം സുഖം� എന്ന്‌. �പുതിയ വസ്‌ത്രങ്ങള്‍ കിട്ടുന്നു. എല്ലാവരും ഒന്നിച്ചിരുന്ന്‌ ഭക്ഷണം കഴിക്കുന്നു. എല്ലാവരും ഒന്നിച്ചിരുന്ന്‌ തമാശകള്‍ പറയുന്നു. എല്ലാം ഓണക്കാലത്തിന്റെ മാത്രം പ്രത്യേകതകളായി മനസിലുണ്ട്‌.� മുതുകാട്‌ പതുക്കെ ഓര്‍മകളിലേക്ക്‌ ജാലവിദ്യക്കാരന്റെ പതിവു ഭാവാഹാദികളൊന്നുമില്ലാതെ പ്രത്യക്ഷനാവുന്നു.
വിദേശരാജ്യങ്ങളിലെ ഓണമാണ്‌ നമ്മുടെ ഓണത്തേക്കാള്‍ ആവേശപൂര്‍വം ആഘോഷിക്കപ്പെടുന്നതെന്ന്‌ മുതുകാട്‌ പറയുന്നു. അവരാണ്‌ ഇപ്പോഴും ഓണവും മറ്റ്‌ ആഘോഷങ്ങളും ഒത്തൊരുമയോടെ കൊണ്ടാടുന്നത്‌. നമ്മുടെ നാട്ടിലെ ഓണങ്ങള്‍ക്കൊക്കെയും ആ പഴയ പകിട്ട്‌ കൈമോശം വന്നിരിക്കുന്നു. ഒരുമിച്ചു കൂടേണ്ട ആവശ്യം നമ്മളേക്കാളേറെ മനസിലാക്കിയിരിക്കുന്നത്‌ അവരാണ്‌. ആസ്‌ത്രേലിയയിലായാലും അമേരിക്കയിലായാലും ഗള്‍ഫിലായാലും, ആഘോഷങ്ങള്‍ക്കായി ഒന്നിച്ചു കൂടുന്ന അവരുടെ ഒത്തൊരുമ നമ്മള്‍ കണ്ടു തന്നെ അറിയണം.

പ്ലേറ്റിന്റെ ഓരത്തെ അടയുടെ ഒരംശം
നിലമ്പൂരിലെ ഒരു സാധാരണ കര്‍ഷകകുടുംബമായിരുന്നു മുതുകാടിന്റേത്‌. നാട്ടിന്‍പുറത്തിന്റെ എല്ലാ നന്‍മകളുമുള്ള ഒരു സാധാരണ കര്‍ഷകകുടുംബം. രാവിലെ ഉറക്കമെണീറ്റു വരുമ്പോള്‍ അമ്മ നല്ല അട ഒരുക്കി വച്ചിട്ടുണ്ടാവും. ഓണക്കാലത്തെ മാത്രമല്ല, എല്ലാ കാലത്തേയും മുതുകാടിന്റെ വീക്ക്‌നെസ്‌ ആണ്‌ ഈ അട. ഉമ്മറത്തിരുന്ന്‌ അച്ഛന്റേയും മറ്റുള്ളവരുടേയും കൂടെ ഭക്ഷണം കഴിക്കുന്നതാണ്‌ ഏറ്റവും ആവേശം കൊള്ളിച്ചിരുന്ന കാര്യങ്ങളില്‍ പ്രധാനം. അച്ഛന്‍ ഭക്ഷണം കഴിക്കാനിരുക്കുമ്പോള്‍ �കുട്ടീ� എന്ന്‌ നീട്ടിയൊരു വിളിയാണ്‌. �അപ്പോള്‍ ഏതുറക്കത്തിലാണെങ്കിലും ഞാന്‍ ഞെട്ടിയെഴുന്നേറ്റ്‌ അച്ഛന്റെ അടുത്തേക്ക്‌ ചെല്ലും. അവിടെ അച്ഛന്റെ പ്ലേറ്റിലെ ഓരത്തുള്ള അടയുടെ ഒരംശം എനിക്കായി ബാക്കി വച്ചിട്ടുണ്ടാവും..� മുതുകാടിന്റെ നാവില്‍ ഇന്നും അതിന്റെ രുചിയോര്‍മകള്‍ ബാക്കിയുണ്ട്‌.

ജീവിതത്തില്‍ കണ്ട ഏറ്റവും മനോഹരമായ ജാലവിദ്യ
ജീവിതത്തില്‍ അനേകം ജാലവിദ്യകള്‍ ചെയ്‌തിട്ടുണ്ടെങ്കിലും താന്‍ ജീവിതത്തിലാദ്യമായി കണ്ട ജാലവിദ്യ വായനക്കാരുമായി പങ്കു വയ്‌ക്കാന്‍ മുതുകാട്‌ ഓര്‍മകളുടെ കുപ്പായം പതുക്കെ അഴിച്ചു വെച്ചു. അതൊരു ഓണക്കാലമായിരുന്നു. അന്നൊരിക്കല്‍ പതിവു പോലെ രാവിലെ എഴുന്നേറ്റ്‌ അച്ഛന്റെ അടുത്തെത്തിയപ്പോള്‍ പ്ലേറ്റിന്റെ ഓരത്ത്‌ പതിവ്‌ അടയുടെ ബാക്കി കുഞ്ഞുഗോപിനാഥിന്‌ വയ്‌ക്കാന്‍ മറന്നുപോയിരുന്നു, അച്ഛന്‍. കരഞ്ഞു ബഹളം കൂട്ടാന്‍ തുടങ്ങിയപ്പോള്‍ അമ്മ കണ്ണടച്ചു നില്‍ക്കാന്‍ പറഞ്ഞു. �ഞാന്‍ കണ്ണടച്ചു നിന്നപ്പോള്‍ അമ്മ പതുക്കെ മുന്നിലെ ഇല തുറക്കാന്‍ തുടങ്ങി. ഇലയില്‍ നിന്നും നേര്‍ത്ത പുകച്ചുരുളുകള്‍ ആകാശത്തേക്ക്‌ ഉയര്‍ന്നുപൊങ്ങി. കണ്ണടച്ചു തുറക്കുമ്പോഴേക്കും, മൂക്കിന്‍ തുമ്പില്‍ അടയുടെ ഗന്ധം വന്നുനിന്നു. മുന്നില്‍, ഇലയില്‍ എന്റെ പ്രിയപ്പെട്ട അട തെളിഞ്ഞുനിന്നു. ഞാന്‍ ജീവിതത്തില്‍ കണ്ട ഏറ്റവും മനോഹരമായ ജാലവിദ്യ അന്ന്‌ അമ്മ മുന്നില്‍ പ്രത്യക്ഷപ്പെടുത്തിയ ആ അടയായിരുന്നു. എനിക്കു കിട്ടിയ ഏറ്റവും മനോഹരമായ ഓണവിരുന്ന്‌.�