Saturday, March 31, 2012

കക്കയം , ഒരു കവിത ഉണര്‍ത്താന്‍ പാകത്തില്‍


കക്കയം , ഒരു കവിത ഉണര്‍ത്താന്‍ പാകത്തില്‍
കക്കയം എന്നു കേള്‍ക്കുമ്പോള്‍ ഈച്ചരവാര്യരേയും രാജനേയും ഓര്‍മ വരാന്‍ കാരണമുണ്ട്. അടിയന്തിരാവസ്ഥയുടെ കറുത്ത ഓര്‍മ്മകളില്‍ കോഴിക്കോട് ആര്‍ ഇ സി വിദ്യാര്‍ഥിയായിരുന്ന രാജനെ പോലീസ് ഉരുട്ടി കൊലപ്പെടുത്തിയത് കക്കയം ക്യാംപില്‍ വച്ചായിരുന്നു. ഇവിടത്തെ ഉരക്കുഴി വെള്ളച്ചാട്ടത്തിലേക്ക് പോലീസ് മൃതദേഹം വലിച്ചെറിഞ്ഞെന്ന് വിശ്വസിക്കുന്നവരാണ് നാട്ടുകാരിലേറെയും. കക്ക്യം ആ കറുത്ത ഓര്‍മകളുടെ ഭാരം പേറുന്നു, ഇന്നും.
ട്രക്കിങ്ങിന് ഇതിലും യോജിച്ച മറ്റൊരിടമില്ല എന്ന് പറയുന്നത് അതിശയോക്തിയാണോ എന്നു സംശയിക്കുന്നവര്‍ക്ക് ഇവിടെ വന്ന് ധൈര്യപൂര്‍വം സംശയനിവാരണം നടത്താം. പടിഞ്ഞാറന്‍ മലനിരകളില്‍ നിന്നും 2500 അടി മുകളിലാണ് കക്കയം ഡാം സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ നിത്യഹരിതവനങ്ങള്‍ നിങ്ങളെയും കാത്ത് നില്‍ക്കുന്നു. ഒരു കവിത ഉണര്‍ത്താന്‍ പാകത്തില്‍. കക്കയം അങ്ങാടിയില്‍ തന്നെ രാജന്റെ പ്രതിമയും കാണാം. ഇവിടെയെത്തുന്ന ഓരോരുത്തരിലും നനുത്ത സ്മരണകള്‍ അവശേഷിപ്പിച്ചുകൊണ്ട്. ആ ആത്മാവ് സന്തോഷിക്കുകയാവാം.
കോഴിക്കോട് നിന്നും കക്കയത്തേക്കു പോവാന്‍ മെഡിക്കല്‍ കോളേജ് കാരന്തൂര്‍ കുന്ദമംഗലം താമരശേരി ചുറ്റും വഴി കൊയിലാണ്ടിക്കുള്ള റോഡില്‍ എസ്‌റ്റേറ്റ് മുക്ക് വഴി വലത്തോട്ട് തിരിഞ്ഞ് തലയോട് വഴിയും എരഞ്ഞിപ്പാലം കാരപ്പറമ്പ് ബാലുശേരി വഴിയും എസ്‌റ്റേറ്റ് മുക്ക് വഴി ഇടത്തോട്ട് തിരിഞ്ഞ് തലയോട് വഴിയും പോവാം. കണ്ണൂര്‍ ഭാഗത്തു നിന്നും വടകര പേരാമ്പ്ര വഴി കൂരാച്ചുണ്ട് കല്ലാനോട് വഴി ഇടത്തോട്ട് തിരിഞ്ഞ് കരിയാത്തന്‍ പാറ വഴി കക്കയത്തേക്കു പോവാം.
കരിയാത്തന്‍ പാറ കഴിഞ്ഞ് രണ്ടു കിമീ മുന്നോട്ട് ആണ് കക്കയം ഡാം. കാട്ടിലൂടെയുള്ള, പാറക്കെട്ടുകളും അവയില്‍ തിര തല്ലുന്ന പുഴയുടെ ഓളങ്ങളുമാണ് ആകര്‍ഷണങ്ങളില്‍ പ്രധാനം. ഒരു ട്രക്കിങ്ങിന്റെ സഹസികതയിലേക്ക് എളുപ്പം അലിഞ്ഞില്ലാതാകാന്‍ പ്രേരിപ്പിക്കുന്ന കാഴ്ചകള്‍. അപൂര്‍വ ഇനം ഓര്‍ക്കിഡുകളുടെ കൂടാരം കൂടിയാണ് ഇവിടം. പാപ്പന്‍ ചാടിപ്പുഴയാണ് ഇവിടത്തെ മറ്റൊരു ആകര്‍ഷണം. പണ്ടെപ്പോഴോ ഇതിലേ ശിക്കാറിനു പോയ പാപ്പന്‍ പിന്നെ തിരിച്ചുവന്നില്ലത്രേ. അതിന്റെ ഓര്‍മ്മയ്ക്കാണത്രേ ഈ പേരു വീണത്. കക്കയം ഡാം വരുന്നതിനു മുമ്പ് മൂന്ന് പുഴയില്‍ നിന്നുള്ള വെള്ളം ഇവിടെ ചേരുമായിരുന്നുവത്രേ. ഇവിടത്തെ ഊരക്കുഴി വെള്ളച്ചാട്ടവും പേരുകേട്ടതാണ്.

യാത്രയ്‌ക്കൊരുങ്ങും മുമ്പ്:
കക്കയം മലബാര്‍ വൈല്‍ഡ് ലൈഫ് സാങ്ചറി ചക്കിട്ടപ്പാറയിലും കൂരാച്ചുണ്ടുമായാണ് സ്ഥിതി ചെയ്യുന്നത്. കൊയിലാണ്ടി താലൂക്ക്. ഏകദേശം 72. 2259 കിമീ സ്‌ക്വയര്‍ ഫീറ്റ് വരും ഇത്.
വിമാനത്താവളം: കോഴിക്കോട്
റെയില്‍വേ സ്‌റ്റേഷന്‍: കോഴിക്കോട്, കൊയിലാണ്ടി
കോഴിക്കോട് നിന്നും റോഡ് മാര്‍ഗം 65 കിമീ
സീസണ്‍ നവംബര്‍ മുതല്‍ ഏപ്രില്‍, മണ്‍സൂണ്‍ കാലം
അടുത്തുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍:
കരിയാത്തന്‍ പാറ, പപ്പന്‍ ചാടിക്കുഴി, ഉരക്കുഴി വാട്ടര്‍ഫാള്‍സ്, കക്കയം ഡാം, കക്കയം പവര്‍ ഹൗസ്, കക്കയം വാലി 11 കിമീ, കക്കയം ഡാം 14 കിമീ.

No comments:

Post a Comment