


വടകര- കേട്ടു കൊതിതോന്നുന്ന ഒരു വടക്കന്‍ പാട്ടിന്റെ ഈരടി പോലെ.
ഒരു കുസൃതി ചോദ്യം. പണ്ട് ലോവര്‍ പ്രൈമറി ക്ലാസുകളില്‍ ആരെങ്കിലും നിങ്ങളോട് ഇതേ ചോദ്യം ചോദിച്ചിരിക്കാം. വള്ളിയോ പുള്ളിയോ ഇല്ലാതെ എഴുതാന്‍ പറ്റുന്ന സ്ഥലനാമമേത്? ആലോചിച്ച് കാടു കയറേണ്ട. ഉത്തരം വടകര. ഇനിയും മറ്റൊരു സ്ഥലം കണ്ടെത്താന്‍ ചിലപ്പോള്‍ കാനേഷുമാരിയും ലോകഭൂപടവും മുഴുവന്‍ തപ്പേണ്ടി വരും. വടകരയ്ക്കു തുല്യം വടകര മാത്രമെന്നു സാരം.
പഴമയാണ് വടകരയുടെ മുഖമുദ്ര. വടകരയുടെ മണ്ണില്‍ കാല്‍ കുത്തിയാല്‍ ഒന്ന് ഓതിരം ചുറ്റി വെട്ടാന്‍ ആര്‍ക്കും തോന്നാം. കടത്തനാടന്‍ കളരിയുടെ പടച്ചട്ടയണിഞ്ഞുനില്‍ക്കുന്ന മണ്ണാണിത്. വടക്കന്‍ പാട്ടുകളിലെ പ്രിയപ്പെട്ട ഹീറോ തച്ചോളി ഒതേനന്റെ ജന്‍മസ്ഥലം. അദ്ദേഹം പറന്നുവെട്ടിയ തച്ചോളി മാണിക്കോത്തു തറവാടും മറ്റും ഇന്നും ഇവിടെയുണ്ട്. കേട്ടു കൊതിതോന്നുന്ന ഒരു വടക്കന്‍ പാട്ടിന്റെ ഈരടി പോലെ.
പിന്നെയുമുണ്ട്, വടകരപ്പെരുമകള്‍ ഏറെ. സാമൂതിരിയുടെ കപ്പല്‍പ്പടയെ നയിച്ച് പോര്‍ച്ചുഗീസുകാരെ വെള്ളം കുടിപ്പിച്ച കുഞ്ഞാലി മരയ്ക്കാരുടെ ജന്‍മസ്ഥലം വടകരയിലെ ഇരിങ്ങലിലാണ്. ഇന്നും ഒരു കാലഘട്ടത്തിന്റെ ഓര്‍മകള്‍ അയവിറക്കി കൊണ്ട് മൂര്യാട് പുഴയുടെ തീരത്തായി കുഞ്ഞാലി മരയ്ക്കാര്‍ ജനിച്ചു വളര്‍ന്ന വീട് സ്ഥിതി ചെയ്യുന്നുണ്ട്. ആ ധീരദേശാഭിമാനിയുടെ ആയുധങ്ങളും മറ്റും ഇവിടെ സൂക്ഷിച്ച് വച്ചിരിക്കുന്നതായി കാണാം.
വടകരയ്ക്കടുത്തായി പയ്യോളി ബീച്ചില്‍ നിന്നും 13 കിമീ അകലെയായി തലയുയര്‍ത്തി നില്‍ക്കുന്ന വെള്ളിയാം കല്ലിനേയും ഇവിടെ സ്മരിക്കാം. ഇവിടെ വെച്ചായിരുന്നു കുഞ്ഞാലി മരയ്ക്കാര്‍ പോര്‍ച്ചുഗീസ് അധിനിവേശത്തെ ഫലപ്രദമായി പ്രതിരോധിച്ചത്. പ്രകൃതി ഒരുക്കിയ ഈ രക്ഷാകവചം ഇവിടെ തലയുയര്‍ത്തി നില്‍ക്കുന്നു.
വടക്കന്‍ പാട്ടുകള്‍ സിനിമകളാവുമ്പോള്‍ നായികാനായകര്‍ ഭക്തിപുരസരം വിളിക്കുന്ന ദേവിയാണ് ലോകനാര്‍കാവിലമ്മ. വടകരയില്‍ നിന്ന് അഞ്ച് കിമീ അകലെയാണ് ലോകനാര്‍കാവ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 1500 ലേറെ വര്‍ഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു ഈ ക്ഷേത്രത്തിന്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് ഇവിടത്തെ പൂരം.
സാന്റ് ബാങ്കും അതിനോട് ചേര്‍ന്നു വരുന്ന സൈലന്റ് ബീച്ചും വടകരയുടെ ആകര്‍ഷണങ്ങളില്‍ അഗ്രഗണ്യമാണ്. തിക്കോടി ലൈറ്റ് ഹൗസും ഇവിടെ നിന്നും അടുത്ത് തന്നെയാണ്.
വടകര യാത്രയ്‌ക്കൊരുങ്ങും മുമ്പ്:
റെയില്‍വേ സ്‌റ്റേഷന്‍: വടകര
എയര്‍പോര്‍ട്ട്: കാലിക്കറ്റ് എയര്‍പോര്‍ട്ട് 80 കിമീ
വടകര കണ്ണൂരില്‍ നിന്നും 44 കിമീ. കോഴിക്കോട് നിന്ന് 47 കിമീ.
ചരിത്രസാംസ്‌ക്കാരിക പ്രാധാന്യമുള്ള സ്ഥലമായതിനാല്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളുടെ യാത്രകള്‍ക്ക് അനുയോജ്യം.
സമീപത്തെ ആകര്‍ഷണങ്ങള്‍:
കുഞ്ഞാലി മരയ്ക്കാര്‍ ഭവന്‍ 2 കിമീ, ലോകനാര്‍കാവ് 5 കിമീ മേമുണ്ടയില്‍
സാന്റ് ബാങ്ക് 3 കിമീ
സൈലന്റ് ബീച്ച് 7 കിമീ
പഴംകുട്ടി മല ക്ഷേത്രം വൈകുന്നേരം മാത്രം തുറക്കുന്നു. സൂര്യാസ്തമയം കാണാന്‍ അനവധി പേര്‍ ഇവിടെ എത്തുന്നു.
ചേന്ദമംഗലം ക്ഷേത്രം പഴക്കം ചെന്ന് ക്ഷേത്രം. ധ്വജ പ്രതിഷ്ഠ ഉള്ള കേരളത്തിലെ അപൂര്‍വം ക്ഷേത്രങ്ങളിലൊന്ന്.
No comments:
Post a Comment