Friday, March 9, 2012

വരയിലെ ടേസ്റ്റ് എന്‍ജിനീയറാക്കി. കയ്യാലക്കകം വീട`-ജോസ്, തിരുവനന്തപുരത്തെ പേരൂര്‍ക്കട




വരയിലെ ടേസ്റ്റ് എന്‍ജിനീയറാക്കി

തിരുവനന്തപുരത്തെ പേരൂര്‍ക്കടയിലുള്ള കയ്യാലക്കകം വീടിന് നൂറുവര്‍ഷത്തിലേറെ പഴക്കമുണ്ട്. ഇളമുറക്കാരനായ ജോസ് പുതിയ വീടു പണിതപ്പോഴും പേരു പഴയതു തന്നെ കൊടുത്തു. കയ്യാലക്കകം. പശ്ചിമനിരകളുടെ പശ്ചാത്തലത്തില്‍ ഈ വീട് ഒരു വൈറ്റ്ഹൗസായി തോന്നിയാലും തെറ്റില്ല. മഴ പെയ്താല്‍ പിറകിലെ പശ്ചാത്തലത്തില്‍ നീലക്കുന്നുകള്‍ ഉയര്‍ന്നു നില്‍ക്കുന്നതു കാണാം. വീടിന് ആകെയും വെള്ളനിറമാണ് നല്‍കിയത്. സ്വന്തമായി വീട് പണിയാനുള്ള തീരുമാനത്തെ ബിസിനസുകാരനായ ജോസ് ഇങ്ങനെ വിലയിരുത്തുന്നു. ‘മുമ്പേ എനിക്ക് വരയ്ക്കുന്നതില്‍ ഒരു ടേസ്റ്റുണ്ടായിരുന്നു. പിന്നെ ഈ ലൊക്കേഷന്‍ വ്യൂ ഏറെ ഇഷ്ടപ്പെട്ടു. ഒരു പരീക്ഷണം നടത്താന്‍ ഇതൊക്കെത്തന്നെ പോരേ, പ്രചോദനമായിട്ട്?’
മുമ്പ് പാറമടയായിരുന്നു ഇവിടം. എത്രയും പെട്ടെന്ന് പണി തീര്‍ക്കണമെന്നുണ്ടായിരുന്നു. മൊത്തം 2500 സ്‌ക്വയര്‍ ഫീറ്റുണ്ട് വീടിന്. രണ്ടു നിലകളിലായി മൂന്ന് ബെഡ്‌റൂമും വരുന്നു. ഇവയില്‍ കിഡ്‌സ് റൂം ഏറെ മനോഹരം. സിംപിള്‍ ഡിസൈനോടായിരുന്നു താല്‍പര്യം. വീടിനാകെയും വെള്ളനിറം കൊടുത്തതും അതുകൊണ്ടു തന്നെയാണ്. ഫ്‌ളോറിങ്ങിനു തറയോടും നല്‍കി. ഇതിനുള്ള കടപ്പാട് മുമ്പൊരു യാത്രയില്‍ കിട്ടിയ വിദേശമാഗസിനു നല്‍കാനും മടിയില്ല.
ആന്റിക് സൗന്ദര്യം
പാരമ്പര്യമായി കിട്ടിയ ആന്റിക് ഫര്‍ണിച്ചറുകളും മറ്റും ഇവിടെ വേണ്ടും വിധം ഉപയോഗിച്ചതാണ് ഇന്റീരിയറിലെ ആകര്‍ഷണീയതയ്ക്കു മാറ്റു കൂട്ടിയതെന്ന് വീട്ടുകാരി സ്മിത പറയുന്നു. അതുകൊണ്ട് കാശും ലാഭമായി, കാണാനും ലുക്കുമായി. ഇവയില്‍ അപ്‌ഹോള്‍സ്റ്ററി ചെയ്തു സോഫ സ്‌റ്റൈലാക്കിയിട്ടുമുണ്ട്. വീട്ടില്‍ ആരു വന്നാലും ഇതിനെപ്പറ്റി എന്തെങ്കിലുമൊരു ചോദ്യമുണ്ടാവും. ഓരോ മുറിയുടെ അളവുകളും മനസില്‍ കാണാപാഠമായിരുന്നു. വീടു പണിയുമ്പോള്‍ ഏതുറക്കത്തില്‍ വിളിച്ചു ചോദിച്ചാലും ഉത്തരം പറയുന്ന രൂപത്തില്‍ നിറഞ്ഞുനിന്നു. ഒരു മുറിയുടേയും അളവുകളുടെ കാര്യത്തില്‍ ഒരു നീക്കുപോക്കിനും ശ്രമിച്ചിട്ടില്ല. മുമ്പ് ലൈബ്രറിയില്‍ സെന്‍സസ് വരച്ചതും മറ്റുമല്ലാം ഇതിനു സഹായകരമായി. ജനാലയ്‌ക്കെല്ലാം അത്രയെളുപ്പമൊന്നും തകര്‍ക്കാന്‍ കഴിയാത്ത ഗ്ലാസ് നല്‍കി. വെളിച്ചം നല്ലവണ്ണം വരാന്‍ ഇവ സഹായിക്കുന്നത് മെച്ചം.
‘ആദ്യം വീടിന് കോര്‍ട്‌യാര്‍ഡ് പണിയേണ്ട പ്ലാന്‍ ഉണ്ടായിരുന്നെങ്കിലും പിന്നീടത് വേണ്ടെന്നു വയ്ക്കുകയായിരുന്നു. വീടിരിക്കുന്ന നിലം ഗ്രൗണ്ട് ലെവലില്‍ നിന്നും അല്പം താണ് സ്ഥിതി ചെയ്യുന്നതാണിതിനു കാരണം.. അപ്പോ കോര്‍ട്‌യാര്‍ഡ് വെച്ചാലും നമ്മളുദ്ദേശിക്കുന്ന ഫലം കിട്ടിയെന്നു വരില്ല.’ ജോസ് പറയുന്നു. വെറുതെ ഒരു പ്ലാന്‍ വരയ്ക്കാതെ കൃത്യമായും വീടിന്റെ അവസ്ഥ കൂടി അറിഞ്ഞായിരുന്നു വീടുപണി. ഇഷ്ടം പോലെ പ്ലാന്‍ വരച്ച് പതം വന്നെന്നും പറയാം. എങ്കിലും വീട്ടില്‍ ഒരു ഓഫീസ് മുറി ഇല്ലാത്ത വിഷമം ബാക്കിയുണ്ട് മനസില്‍.
ടെറസ് ഉപയോഗപ്പെടുത്തി
സാധാരണവീടുകളില്‍ ടെറസിലിരിക്കുന്നത് ഒരു പക്ഷേ താമസം തുടങ്ങിയതിന്റെ ആദ്യകാലങ്ങളിലായിരിക്കും. പിന്നെ പാടേ ഉപേക്ഷിക്കുകയാവും പതിവ്. എന്നാല്‍ ഇവിടെ ടെറസിന്റെ സാധ്യത എന്നും ഉപയോഗിക്കാവുന്ന വിധം ആണ്. ടെറസിലേക്ക് എളുപ്പം ഇറങ്ങാവുന്ന വിധത്തില്‍ എന്‍ട്രന്‍സ് നടത്തി. ഒരു ചെറിയ പാര്‍ട്ടി നടത്താനും രാത്രികാലങ്ങളില്‍ വന്നിരിക്കാനും ഇവ ധാരാളം. ഇതു വീടിനൊരു വിദേശലുക്കും നല്‍കുന്നു. വീടും പരിസരവും നല്ല പോലെ കൊണ്ടുനടക്കാന്‍ അച്ഛനേയും അമ്മയേയും പോലെ മക്കളായ ആനിയും മാത്യുവും കുര്യനുമൊക്കെ സദാ ഒരുക്കവുമാണ്. ലാന്‍ഡ്‌സ്‌കേപ്പും പിന്നെ വീടിനകവും അവര്‍ ഏറ്റെടുത്ത് മനോഹരമാക്കുന്ന സ്ഥിരം സെന്ററുകള്‍.

No comments:

Post a Comment