
എനിക്ക് ചേതന്‍ ഭഗത് ആവണം.
ഭാഗം ഒന്ന്
ഒന്ന്.
എഴുത്തുകാരനാവുന്നതിന് മുമ്പ് എനിക്ക് മറ്റൊരു കാലമുണ്ടായിരുന്നു..
എന്തു മനോഹരമായ വാക്യം. അല്ലേ? വായനക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ തീര്‍ച്ചയായും ഇതൊക്കെ മതി. ഈ വാക്യമെഴുതാന്‍ ഞാന്‍ ഒരു എഴുത്തുകാരന് ആയിട്ടില്ലെന്ന് നിങ്ങളെപ്പോലെ തന്നെ എനിക്കുമറിയാം. ഒരു ഹെമിങ്വേയ്ക്കോ പൗലോ കൊയ്ലോവിനോ ലിയോ ടോള്‍സ്റ്റോയ്ക്കോ ഫയദോര്‍ മിഖൈലോവിച്ച് ദസ്റ്റയേവ്സ്ക്കിക്കോ ഖാലിദ് ഹൊസൈനിക്കോ ചേതന്‍ ഭഗതിനോ മാത്രം എഴുതാന്‍ അവകാശമുള്ള വരികളാണ് ഇവ. എഴുത്തുകാരാവുന്നതിനു മുമ്പത്തെ ഭൂതകാലം ഓര്‍മ്മിക്കാനുള്ള അവകാശം അവര്‍ക്കു അര്‍ഹതപ്പെട്ടതാണ്. അല്ലാതെ ഇവരൊക്കെ ആകണമെന്ന് ആഗ്രഹിക്കുന്ന, എന്നാല്‍ ഒരു കൂലി എഴുത്തുകാരന് പോലുമാവാത്ത എനിക്കല്ല. പക്ഷേ, എന്നിട്ടും എന്തുകൊണ്ട് എനിക്കൊരു എഴുത്തുകാരനാവാന്‍ കഴിയുന്നില്ല എന്ന് ഞാനൊരിക്കലും ചിന്തിക്കുന്നില്ല. കാരണം ഞാനും ഒരു എഴുത്തുകാരനാണ്. എഴുത്തിനെ തീവ്രമായി പ്രണയിക്കുന്ന, എഴുത്താണ് ജീവിതമെന്ന് കരുതുന്ന ആള്.
എഴുത്തിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഞാന്‍ എല്ലാം മറക്കുന്നു. എഴുത്തുകാരെക്കുറിച്ചു ഓര്‍ക്കുമ്പോള്‍ എന്തുകൊണ്ട് രാജ്യത്തെ ക്രിക്കറ്റ് കളിക്കാര്‍ക്കും സിനിമാതാരങ്ങള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും കിട്ടുന്ന പ്രശസ്തിയും പരിഗണനയും എഴുത്തുകാര്‍ക്ക് കിട്ടുന്നില്ല എന്നോര്‍ത്ത് ലോകത്തോടു മുഴുവനുമുള്ള പുച്ഛം മനസില്‍ നിറയ്ക്കുന്നു.
എന്റെ കുട്ടിക്കാലത്തെ മോഹങ്ങളൊക്കെയും എഴുത്തിനെ ചുറ്റിപ്പറ്റിയായിരുന്നു. ഒരു വലിയ എഴുത്തുകാരനായി മാറി, എന്റെ വാക്കുകള്‍ക്കും രചനകള്‍ക്കും വേണ്ടി ഹാരി പോട്ടര്‍ പുസ്തകങ്ങള്‍ വാങ്ങാന്‍ ക്യൂ നില്ക്കുന്നതുപോലെ ആള്ക്കാര് തിക്കു കൂട്ടുന്ന ദിവസങ്ങള്‍ ഞാന്‍ സ്വപ്നം കണ്ടു. വായനയാണ് എഴുത്തിന്റെ പ്രിലിമിനറി പരീക്ഷയെന്ന് മനസിലാക്കി, നാട്ടിലെ ഏക ലൈബ്രറിയില്‍ ലോവര്‍ പ്രൈമറിയില്‍ പഠിക്കുമ്പോഴേ അംഗത്വമെടുത്തു. ഒരു പക്ഷേ, ആ ലൈബ്രറിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം. ലൈബ്രേറിയന്‍ സ്വതവേ കര്‍ക്കശക്കാരനായ, തടിയന് കണ്ണടധാരിയായിരുന്നു. അയാള്‍ക്ക് വെറുതെയിരിക്കുമ്പോഴും ആരോടെങ്കിലും കടിപിടി കൂടുന്ന ഒരു കണ്ടന് പൂച്ചയുടെ സ്വഭാവമാണെന്ന് എനിക്ക് അന്നേ തോന്നിയിരുന്നു.
കുട്ടികളോട് മുതിര്‍ന്നവര്‍ക്ക് തോന്നാറുള്ള അവഞ്ജ ഈ ലൈബ്രേറിയന്റെ കാര്യത്തിലും മാറ്റമൊന്നുമുണ്ടായിരുന്നില്ല. ഞാന്‍ അയാളോട് കാരമസോവ് സഹോദരന്മാരും അന്ന കരനീനയും ഏകാന്തതയുടെ നൂറു വര്‍ഷങ്ങളും വേണമെന്നു പറയുമ്പോള്‍ അയാളുടെ മുഖത്തെ സ്വതവേയുള്ള പുച്ഛഭാവത്തിന് ഗാംഭീര്യം കൈവരും. അയാള്‍ തികഞ്ഞ അവഗണനയോടെ കാറ്റലോഗ് മടക്കി വയ്ക്കും. എന്നിട്ട് പരിഹാസത്തിന്റെ ഉച്ചകോടിയില്‍ പറയും.
‘നീ പറഞ്ഞ പുസ്തകങ്ങളൊന്നും ഇവിടെയില്ല. ഇനി അഥവാ ഉണ്ടെങ്കില്‍ തന്നെ അവയൊന്നും നിനക്ക് തരാനും ഞാന്‍ ഉദ്ദേശിക്കുന്നില്ല.’
‘അതെന്താ?’
‘തരാനുദ്ദേശിക്കുന്നില്ല. അത്ര തന്നെ. അത് വിശദീകരിക്കേണ്ട കാര്യം എനിക്കില്ല.’
ഞാന്‍ ഒന്നും മിണ്ടാതെ നില്ക്കും. പിന്നെയും അയാളുടെ മുഖത്തു നോക്കി കാരണം ചോദിക്കാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. ഞാന്‍ മൗനം പാലിച്ച് അയാളുടെ മുഖത്ത് നിന്ന് കണ്ണെടുത്ത് ഒന്നു കൂടി ശാന്തത അഭിനയിച്ച് ആര്‍തര്‍ കോനന്‍ ഡോയലിന്റെ ഷെര്‍ലക് ഹോംസ് കഥകള്‍ ചോദിക്കും.
‘ചോരക്കളം ഉണ്ടോ?’
‘ഉണ്ട്. പക്ഷേ തരില്ല.’
എന്റെയുള്ളില്‍ സത്യത്തില്‍ ദേഷ്യം പതഞ്ഞുതുടങ്ങിയിരുന്നു. ഞാന്‍ ചോദിക്കുന്ന പുസ്തകങ്ങളൊന്നും തരാത്ത ഇയാള്‍ ഒരു സാഹിത്യസ്നേഹി മാത്രമല്ല, മനുഷ്യന് പോലുമല്ലെന്ന് ഞാന്‍ തീര്ച്ചയാക്കിത്തുടങ്ങിയിരുന്നു. മുന്നിലെ കാറ്റലോഗെടുത്ത് ഇയാളുടെ മൂക്കിന് ആഞ്ഞിടിക്കുന്ന രംഗം എന്നെങ്കിലും എന്റെ ജീവിതത്തിലുണ്ടാവുമോ എന്ന് ഒരു വേള ആശിച്ചുപോയി. ഈ ആശയില്‍ അല്പം സമാധാനം കൈവരിച്ച് ഞാന്‍ വീണ്ടും ചോദിച്ചു.
‘അതെന്താ, ഞാന്‍ ചോദിക്കുന്ന പുസ്തകങ്ങളൊന്നും നിങ്ങളെനിക്ക് തരാത്തത്?’
അത്രയും നിഷ്ക്കളങ്കത നിറച്ചായിരുന്നു ആ ചോദ്യം. അയാളെ ചോദ്യം ചെയ്യുകയാണെന്ന് ഒരിക്കലും തോന്നരുത്. ഇനി തോന്നിയാല്‍ അയാള്‍ എന്റെ അംഗത്വം നിഷ്ക്കരുണം റദ്ദാക്കുമോ എന്ന ഭയം എനിക്കുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ എന്നെയും എഴുത്തിനേയും വേര്‍തിരിക്കാന്‍ ഇയാള്‍ക്ക് നിഷ്പ്രയാസം കഴിയും. കാരണം ഒരു അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഏക ലൈബ്രറിയായിരുന്നു അത്.
‘ഉം?’
അയാള്‍ ചോദ്യഭാവത്തില്‍ പുരികം വളച്ചു. ഇതിനിടെ അടച്ചുവെച്ച കാറ്റലോഗ് അയാള്‍ വീണ്ടും തുറന്നിരുന്നു. കൂടിവന്നാല്‍ രണ്ടായിരത്തോളം പുസ്തകങ്ങളായിരുന്നു അവിടെ ഉണ്ടായിരുന്നത്. അവ കൃത്യമായ ക്രമത്തില്‍ കാറ്റലോഗില്‍ തരംതിരിച്ചു വച്ചിരുന്നു. ആദ്യം നോവല്‍. പിന്നെ കഥ, കവിത, അതു കഴിഞ്ഞാണ് വിവര്‍ത്തനവും ആത്മകഥയും ജീവചരിത്രവും അക്കാദമിക് രചനകളും വരുന്നത്. എല്ലാം കഴിഞ്ഞ് അവസാനമായി ബാലസാഹിത്യകൃതികളും. ഏകദേശം ഇരുനൂറോളം വരും അവ. അപ്പോള്‍ ലൈബ്രേറിയന്‍ പിന്നില്‍ നിന്നും അകത്തോട്ടായി മറിച്ചതിനാല്‍ ബാലസാഹിത്യവിഭാഗത്തില്‍ പെട്ടെന്നെത്തി, പേജുകള്‍. പിന്നെ അതിലെ ഏതൊക്കെയോ പുസ്തകങ്ങളില്‍ വിരല്‍ ചൂണ്ടി അയാള്‍ നിര്ദേശിക്കാനാരംഭിച്ചു.
‘ഇതാ ബാലസാഹിത്യം. നീ ഇതില്‍ നിന്നും തിരഞ്ഞെടുത്തോളൂ.’
‘എനിക്ക് ചോരക്കളം മതി.’
‘വേണ്ട. നീ അതു വായിക്കാനുള്ള പ്രായമായിട്ടില്ല. മാത്രവുമല്ല രക്തം പുരണ്ട ഒരു കത്തിയുടെ ചിത്രമാണ് അതിന്റെ കവര്‍. ഇത് വായിച്ച് നാളെ നീ ഇതുപോലെ ഒരു കത്തിയുമെടുത്ത് ആവേശഭരിതനായി ഞങ്ങളെ ആരെയും ആക്രമിക്കുകയില്ലെന്ന് ആരു കണ്ടു?’
അയാള്‍ ഗൗരവപൂര്‍വം പറഞ്ഞു. പറഞ്ഞു എന്നതിനേക്കാളും മുരണ്ടു എന്നു പറയുന്നതാവും ശരി. ഞാന്‍ എന്റെ ദേഷ്യം മുഴുവന്‍ മുഖത്ത് പ്രതിഫലിപ്പിക്കാന്‍ എന്റെ അംഗത്വവും എഴുത്തിനോടുള്ള അഭിവാഞ്ജയും കണക്കിലെടുത്ത് മൗനിയായി. എന്റെ നിരാശയുടെ ആഴം മനസിലാക്കിയാവണം, ഉപദേശിക്കുന്ന മട്ടില്‍ ലൈബ്രേറിയന്‍ വാക്കുകള്‍ക്കു പാകത വരുത്തി.
‘നീ കൊച്ചുപയ്യനാണ്്. ബാലസാഹിത്യം വായിച്ചുവളരേണ്ടവന്. ഈ പ്രായത്തില്‍ തന്നെ എടുത്താല്‍ പൊങ്ങാത്ത പുസ്തകങ്ങള്‍ വായിച്ച് ഒരു ഹിപ്പിയാവണ്ട. ഓരോ പ്രായത്തിനും അതിന്റേതായ പുസ്തകങ്ങളാണ് വായിക്കേണ്ടത്. നീയൊന്നു വളരട്ടെ. അതിനു ശേഷമാവാം നിന്റെ വലിയ വായന.. ’
തുടര്‍ന്ന് അയാള്‍ ഞാന്‍ ചോദിക്കാതെ തന്നെ ‘അപ്പൂപ്പന് താടിയുടെ സ്വര്‍ഗയാത്ര’ എന്ന ബാലസാഹിത്യകൃതി സൗമനസ്യപൂര്‍വം എടുത്തുതന്നു.
ഒരു അപ്പൂപ്പന് താടി വിവിധ രാജ്യങ്ങളിലൂടെ നടത്തുന്ന വിവിധ തരം അസാധാരണ യാത്രകളൈക്കുറിച്ചുള്ള പുസ്തകം. കവര്‍ ചിത്രമായി കണ്ണും മൂക്കും വായും തലയും ഉള്ള ഒരു അപ്പൂപ്പന് താടി ചിരിച്ചു നിന്നു. ഞാന്‍ ഉള്ളിലുറയുന്ന വെറുപ്പോടെയും എന്റെ വലിപ്പമില്ലായ്മയെ കളിയാക്കിയ ലൈബ്രേറിയനോടുള്ള പകയോടെയും പുസ്തകം ഏറ്റുവാങ്ങി വീട്ടിലേക്കു നടന്നു. വീട്ടിലേക്കുള്ള വഴിയില്‍ പ്രതിഷേധനടപടിയായി രണ്ടു കാര്യങ്ങളാണ് ആലോചിച്ചുറപ്പിച്ചത്.
ഒന്ന്. ഈ പുസ്തകം ഒന്നു മറിച്ചു പോലും നോക്കാതെ നാളെത്തന്നെ തിരിച്ചേല്‍പ്പിക്കണം. അയാള്‍ക്കു ഇതില്‍നിന്നും ചോദ്യങ്ങളൊന്നും ചോദിക്കാനാവില്ലല്ലോ?
രണ്ട്. ഞാന്‍ വളര്ച്ചയെത്തിയവനാണെന്ന് തെളിയിച്ചുകൊടുക്കണം.
ഒന്നാമത്തെ കാര്യം തികച്ചും എളുപ്പത്തില്‍ സാധിക്കുമെങ്കിലും രണ്ടാമത്തെ കാര്യം എങ്ങനെ ചെയ്യും എന്നത് എന്നെ ചിന്താകുലനാക്കി. ഞാന്‍ വളര്‍ച്ചയും പക്വതയും പാകതയും എത്തിയെന്ന് അയാളെ എങ്ങനെ ബോധ്യപ്പെടുത്തും? ഒരു വഴി കണ്ടുപിടിക്കപ്പെടുന്നത് മറ്റു പല വഴികളും കണ്ടുപിടിക്കപ്പെട്ടതിനു ശേഷമാണെന്ന് ഞാന്‍ ചിന്തിച്ചു കാടു കയറി. അന്നത്തെ ചിന്തകള്‍ക്കു ശേഷം ലൈബ്രേറിയനു മുന്നില്‍ വളര്‍ച്ചയെത്തിയെന്ന് തെളിയിക്കാനായി ഞാന്‍ തുടങ്ങിയ ശീലമാണ് പിന്നീട് എന്റെ നിത്യശീലങ്ങളില്‍ പ്രധാനിയായത്. പുകവലി.
വിപണിയില്‍ ഏറ്റവും വില കുറഞ്ഞു ലഭിക്കുന്ന സിഗരറ്റ്, ഞാന്‍, എന്നെ ഒട്ടും പരിചയമില്ലാത്ത കടയില്‍ നിന്നും വാങ്ങി ലൈബ്രേറിയന്‍ വരുന്ന വഴിയില്‍ കാത്തുനിന്നു. (പിന്നീട് കാലങ്ങള്‍ക്കു ശേഷം ഞാന്‍ കൃത്യമായ ഒരു ബ്രാന്‍ഡ് സിഗരറ്റുകള്‍ മാത്രമേ വലിക്കൂ എന്ന രീതിയില്‍ വളര്‍ന്നെങ്കിലും അന്നത്തെ പക്വതയില്ലായ്മയില്‍ സിഗരറ്റ് ഏതെന്ന് എനിക്ക് വിഷയമായിരുന്നില്ല.)
ലൈബ്രറിയിലേക്കു വളയുന്ന റോഡിനു വലതുവശത്തായിരുന്നു ഇനിയും പണി തീരാത്ത ടെലിഫോണ്‍ എക്സ്ചേഞ്ച് കെട്ടിടം. നൂറ്റാണ്ടുകളെങ്കിലും ആയിട്ടുണ്ടാവും ഇതിന്റെ പണി തുടങ്ങിയിട്ടെന്ന് തോന്നും കണ്ടാല്‍. സാമൂഹ്യദ്രോഹികളുടേതെന്ന് ജനവും മാന്യത നടിക്കുന്നവരും മുദ്ര കുത്തിയവരുടെ കേന്ദ്രം. വൈകിട്ട് ഏഴു മണി കഴിഞ്ഞാല്‍ അതു വഴി നടക്കരുതെന്ന് വീട്ടുകാര്‍ പ്രായം കുറഞ്ഞവരെ ഉപദേശിക്കുകയും ചെയ്തിരുന്നു. കാരണം കള്ളന്മാരുടേയും തെരുവുവേശ്യകളുടേയും മയക്കുമരുന്നു വില്പനക്കാരുടേയും അനൗദ്യോഗിക ഓഫീസ് കെട്ടിടം കൂടിയാണിത്. എല്ലാ വൈകുന്നേരങ്ങളിലും അവര്‍ അവിടെ സമ്മേളിക്കുന്നു. അന്നത്തെ മയക്കുമരുന്നിന്റെ ലാഭവും മോഷണമുതലിലെ അധിക ബോണസും തന്നില്‍ നിന്ന് ലൈംഗികസംതൃപ്തി തിരഞ്ഞവന്റെ ഫീസും മയക്കുമരുന്നു കച്ചവടക്കാരനും കള്ളനും തെരുവു വേശ്യയും എണ്ണി തിട്ടപ്പെടുത്തും. പിന്നെ അന്നത്തെ ശിഷ്ടജീവിതം ആ പണി തീരാത്ത കെട്ടിടത്തിന്റെ നിശ്വാസങ്ങള്‍ക്കൊപ്പം അലിയാന്‍ അനുവദിക്കും.
അന്ന് പക്ഷേ, ആ കെട്ടിടത്തിന്റെ ഇറയത്തു നില്ക്കുമ്പോള് എനിക്കു വ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. ലക്ഷ്യപൂര്‍ത്തീകരണത്തിനു വേണ്ടി ആ വൈകുന്നേരം അവിടത്തെ അന്തേവാസികളൊന്നും ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലെന്ന് ആദ്യമേ ഉറപ്പുവരുത്തി.
ലൈബ്രേറിയന്‍ വളവു തിരിഞ്ഞു കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ അപ്പോള്‍. സ്വാഭാവികമായും അയാള്‍ സാമൂഹ്യദ്രോഹികളുടെ പണി തീരാത്ത ഓഫീസു കെട്ടിടത്തിനു മുന്നിലെത്തുമ്പോള്‍ അകത്തേക്കൊന്നു നോക്കുമെന്നു തീര്‍ച്ച. അകത്ത് എന്താണ് നടക്കുന്നതെന്ന് അറിയുന്നതിനേക്കാള്‍ തന്റെ കഴുത്തിനുള്ള ഒരു വ്യായാമമെന്ന നിലയിലായിരിക്കും അയാളുടെ നോട്ടം. അകത്ത് നേരത്തെ എത്തിയ ഏതെങ്കിലും അംഗത്തിന്റെ കണ്ണില്‍ പെട്ടാല്‍ അദ്ദേഹത്തിന്റെ വ്യായാമാഭിനയം സന്ദര്‍ഭത്തിനൊത്ത് ഉയരുകയും ചെയ്യും. പിന്നെ കഴുത്ത് അംഗത്തെ തെറ്റിദ്ധരിപ്പിക്കാനായി ഒരു സിംഹവാലന്‍ കുരങ്ങനെപ്പോലെ (അതെ. സിംഹവാലന്‍ തന്നെ!) വട്ടത്തില്‍ വിവിധ ഡിഗ്രി അളവുകളില്‍ കറക്കിത്തുടങ്ങും. അയാള്‍ക്ക് താന്‍ മനപൂര്‍വമല്ല അവിടേക്കു നോക്കിയതെന്നു തെളിയിക്കാനുള്ള ബാധ്യതയുണ്ട്. ഈ ബാധ്യതയാണ് ഞാന്‍ അന്നു വളരെ ക്രിയാത്മകമായി ഉപയോഗിച്ചത്.
ലൈബ്രേറിയന്‍ പണി തീരാത്ത കെട്ടിടത്തിനു മുമ്പിലെത്തുന്നതിനു മൂന്ന് സെക്കന്റു മുമ്പ്, കപ്പലിന്റെ മുഖചിത്രമുള്ള തീപ്പെട്ടിക്കൂടില്‍ നിന്ന് ഒരു തീപ്പെട്ടിക്കൊള്ളിയുരച്ച് ഞാന്‍ ഫില്‍റ്റര്‍ ഘടിപ്പിച്ചിട്ടില്ലാത്ത സിഗരറ്റിനു തീ കൊളുത്തി. പിന്നെ ഒരു അനുഭവസമ്പന്നനെപ്പോലെ വലിച്ചുതുടങ്ങി. കൃത്യം മൂന്നാമത്തെ പുകയൂത്ത് തുടങ്ങിയപ്പോഴേക്കും ലൈബ്രേറിയന്‍ പണി തീരാത്ത കെട്ടിടത്തിനു മുന്നിലെത്തുകയും തന്റെ കഴുത്തു തിരിച്ചുള്ള, മന:പൂര്‍വമല്ലെന്ന് മറ്റുള്ളവരെ ബോധിപ്പിക്കുന്ന നോട്ടം കെട്ടിടത്തിനു നേരെ എറിയുകയും ചെയ്തു. ഇത് കൃത്യമായും എന്റെ അവസരമായിരുന്നു. അയാള്‍ മൂന്നു തവണ തുറിച്ചു നോക്കാന്‍ പാകത്തില്‍, അയാളെ ശ്രദ്ധിക്കുന്നില്ലെന്ന മട്ടില്‍ ഞാന്‍ പുക വലിച്ചു. ഓരോ തവണ തുറിച്ചു നോക്കിയപ്പോഴും അയാളുടെ കുഴിയിലാണ്ടതെന്നു തോന്നിയ കണ്ണുകള്‍ പുറത്തേക്കു തള്ളി വരുന്നതായി തോന്നി. എന്നെ അയാള്‍ നന്നായി തിരിച്ചറിഞ്ഞിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. മൂന്നാമത്തെ തുറിച്ചുനോട്ടവും കഴിഞ്ഞതോടെ ഞാന്‍ എന്റെ ഉറപ്പിന് മേല്‍ ഔദ്യോഗികസീല്‍ വെച്ചു.
എന്റെ ഉദ്ദേശവും ലക്ഷ്യവും ഫലിച്ചു. തികട്ടി വന്ന ചുമയെ അയാള്‍ ലൈബ്രറിയിലേക്ക് കയറുന്നതു വരേയും പിടിച്ചു നിന്നു. ലൈബ്രറിയുടെ ഗ്രില്‍സിട്ട വാതില്‍ അയാള്‍ പതിവിലും വേഗതയോടെ തുറക്കുകയും പിന്നെ ചിന്താഭാരം നിറഞ്ഞ മനസോടെ ഒരു പ്രാവശ്യം കൂടി എക്സ്ചേഞ്ച് കെട്ടിടത്തിനു നേരെ നോക്കുകയും ചെയ്തു. ഞാന്‍ എന്ന സാമൂഹ്യദ്രോഹിയാണ് അയാളുടെ നോട്ടത്തിന്റെ അറ്റമെന്ന കാര്യത്തില്‍ എനിക്ക് ഉറപ്പുണ്ടായിരുന്നു.
ലൈബ്രറിയില്‍ ചെന്ന് എന്നെക്കുറിച്ചുള്ള ധാരണകളും ചിന്തകളും ഓര്‍മ്മകളും അയാള്‍ ഒന്നു കൂടി വിലയിരുത്താനെടുക്കുന്ന സമയം കണക്കാക്കി അതിനു ശേഷമാണ് ലൈബ്രറിയിലേക്കു നടന്നത്. ലൈബ്രറിയുടെ ഗ്രില്‍സ് വാതിലില്‍ മന:പൂര്‍വം തട്ടി ശബ്ദമുണ്ടാക്കി ഞാന്‍ അകത്തേക്ക് നടന്നു.
അകത്ത് എന്റെ പ്രതീക്ഷകള്‍ ശരി വെക്കുന്നതു പോലെ ‘കാരമസോവ് സഹോദരങ്ങളി’ല്‍ മുഖം പൂഴ്ത്തി നില്ക്കുന്ന ലൈബ്രേറിയനാണ് എന്നെ വരവേറ്റത്. ഞാന്‍ ‘അപ്പൂപ്പന് താടിയുടെ സ്വര്‍ഗയാത്ര’ അയാള്‍ക്കു മുന്നില്‍ വെച്ചു. ഉടനെ അയാള്‍ എന്നെയൊന്ന് തുറിച്ചു നോക്കുകയും ഒന്നും മിണ്ടാതെ ‘കാരമസോവ് സഹോദരന്മാര്’ എന്റെ കയ്യില്‍ വച്ചു പിടിപ്പിക്കുകയും ചെയ്തു.
അന്നത്തെ എന്റെ ദൗത്യം വിജയപര്യവസായി ആയെങ്കിലും അന്നു തുടങ്ങിയ പുകവലി ശീലം ഇന്ന് ഒരു ബ്രാന്‍ഡ് സിഗരറ്റിന്റെ കൊടിക്കൂറയ്ക്കു പിന്നില്‍ അണിനിരന്ന് പടര്‍ന്നു പന്തലിച്ചിരിക്കുന്നു, ഉപേക്ഷിക്കാനാവാത്ത വിധം.
ഞാന്‍ എന്ന ചെയിന്‍ സ്മോക്കര്.
ഇപ്പോള്‍ ഇതെഴുതുമ്പോള്‍ പോലും എന്റെ ചുണ്ടില്‍ ഒരു സിഗരറ്റ് എരിയുന്നത് നിങ്ങള്‍ക്കു കാണാം. എന്റെ വായനയുടേയും എഴുത്തിന്റേയും ആഴവും പരപ്പും വിശാലമാക്കാന്‍ ഇവയെന്നും എന്നെ സഹായിക്കുന്നു എന്നു കൂടി ഓര്‍ക്കുക.
എഴുത്തിനോടുള്ള എന്റെ മോഹം ഇന്ന് ലോവര്‍ പ്രൈമറിയേക്കാളും അപ്പര്‍ പ്രൈമറിയേക്കാളും വളര്‍ന്നുവെന്ന് എനിക്കറിയാം. എനിക്കു മാത്രമല്ല, എന്നെ അറിയുന്ന ആര്‍ക്കും. എഴുത്തിനു വേണ്ടിയാണ് എസ്എസ്എല്‍സിയ്ക്കും പ്ലസ്ടുവിനുമൊക്കെ നല്ല മാര്ക്കുണ്ടായിരുന്നിട്ടു കൂടി ഞാന്‍ ഡിഗ്രി ലിറ്ററേച്ചറിനു ചേര്‍ന്നത്. വീട്ടുകാരും നാട്ടുകാരും ഞാന്‍ എന്‍ട്രന്‍സ് എഴുതി ഒരു ഡോക്ടറായി പേരിനൊപ്പം എംബിബിഎസ്,എംഡി എന്നീ ബിരുദങ്ങള്‍ എഴുതിച്ചേര്‍ത്ത ഒരു ബോര്‍ഡായിരുന്നു പ്രതീക്ഷിച്ചത്. എന്റെ തീരുമാനം അക്ഷരാര്‍ഥത്തില്‍ ഭ്രാന്തിന്റെ ആരംഭമായി അവരെ വിചാരിപ്പിച്ചിരിക്കണം.
(ഭ്രാന്ത്.
നല്ല വിഷയം. ഇതിനെക്കുറിച്ച് ഒരു നോവലോ കഥയോ എഴുതുകയാണെങ്കില്‍ തീര്‍ച്ചയായും കുറേയേറെ വായനക്കാരെ ലഭിക്കും. ഓരോ വായനക്കാരനും ഇത് തങ്ങളെക്കൊണ്ടാണ് എഴുതിയിരിക്കുന്നതെന്ന് തോന്നിപ്പിക്കുന്ന ഒരു വശ്യത ഭ്രാന്തിനുണ്ട്.)
എന്തായാലും എഴുത്തിനോടുള്ള എന്റെ ഇഷ്ടം അന്നന്ന് കൂടി വരികയായിരുന്നു. പഴയ ലൈബ്രറിയിലെ പുസ്തകങ്ങള്‍ വായിച്ചു തീര്‍ന്നപ്പോള്‍ ദൂരെയുള്ള മറ്റൊരു ലൈബ്രറിയില്‍ അംഗത്വമെടുത്തു. പഴയ ലൈബ്രേറിയനെ അപേക്ഷിച്ച് സഹൃദയനായിരുന്നു അയാള്‍. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ കുറിച്ചു ചോദിച്ചപ്പോള്‍ ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന ഡൊമിനിക് ലാപ്പിയര്, ലാറി കോളിന്‍സ് കൂട്ടുകെട്ടിന്റെ പുസ്തകം സന്തോഷപൂര്‍വം നല്‍കിയായിരുന്നു അയാളുടെ സഹൃദയത്വം പുറത്തെടുത്തത്.
ഇതൊക്കെ ഞാന്‍ ഇപ്പോള്‍ ഇവിടെ പറയുന്നതെന്തിനെന്നാവും നിങ്ങളുടെ ന്യായമായ ചോദ്യം. നിങ്ങളേക്കാള്‍ മുമ്പ് എന്റെ കാശ്മീരുകാരി ഭാര്യ നിലോഫറും ചോദിച്ചിട്ടുണ്ട് ഇതേ ചോദ്യം.
‘നിങ്ങളെന്തിന് നിങ്ങളൊരു എഴുത്തുകാരനാണെന്ന കാര്യം ഓര്‍മ്മിപ്പിക്കുന്നു? നിങ്ങള്‍ വാസ്തവത്തില്‍ എഴുത്തുകാരന് തന്നെയാണോ? അങ്ങനെയെങ്കില്‍ നിങ്ങള്‍ എഴുതിയ സൃഷ്ടികളെവിടെ?’
അവള് നിരന്തരം ചോദിക്കും.
‘എവിടെ നിങ്ങളുടെ സാഹിത്യസൃഷ്ടി? എനിക്കതു വായിക്കണം.’
ചാറ്റിങ്ങിലൂടെ പരിചയപ്പെട്ടതിന്റെ മൂന്നാം നാളായിരുന്നു അവള് ആദ്യമായി ഈ ആവശ്യം ഉന്നയിച്ചത്. സോഷ്യല്‍ കമ്യൂണിറ്റി സൈറ്റായ ഓര്‍ക്കുട്ടിലെ എന്റെ പ്രോഫൈലില്‍ എന്നെക്കുറിച്ചുള്ള വിവരണങ്ങളിലെ ‘ഐ ആം എ റൈറ്റര്‍, ആന്‍ഡ് ഐ വാണ്ട് ടു ബി എ ദസ്തയേവ്സ്ക്കി’ എന്ന വിവരണമാണ് അവള് പോസ്റ്റ്മോര്‍ട്ടം ചെയ്തത്. (ദേശാന്തരങ്ങള്‍ കടന്ന്, കാശ്മീരിലെ മഞ്ഞുമലകള്ക്കടുത്ത് ജീവിച്ച അവളെ എന്റെ നാടിന്റെ പച്ചപ്പിലെത്തിച്ചതിന് ഓര്‍ക്കുട്ടിനോട് എന്നും കടപ്പെട്ടിരിക്കുന്നു.)
കോളേജ് കാലമായിരുന്നു.
ഓര്‍കുട്ടും ഫേസ് ബുക്കും രംഗപ്രവേശം ചെയ്ത കാലം. ഒരു എഴുത്തുകാരനാവാനുള്ള ആഗ്രഹവുമായി ഞാന്‍ ഇന്റര്‍നെറ്റ് സാധ്യതകളെ കുറിച്ച് ആലോചിച്ച് തുടങ്ങിയിരുന്നു അപ്പോള്‍. ഇന്റര്‍നെറ്റില്‍ ഗൂഗിള്‍ എന്ന സെര്‍ച്ച് എന്ജിന് ഉണ്ടെന്നും അതില്‍ ലോകത്തിലെ ഏത് കാര്യത്തെക്കുറിച്ചുമുള്ള വിവരങ്ങളുണ്ടെന്നും ഞാന്‍ അറിഞ്ഞ കാലം. ഇടയ്ക്ക് യന്ത്രങ്ങളെ വെറുത്തിരുന്നെങ്കിലും പിന്നീട് ഇതുവരേയും കൈവശമാക്കാതിരുന്ന ഇമെയില്‍ വിലാസം കരസ്ഥമാക്കുകയും ബ്ലോഗുകളെക്കുറിച്ചും വെബ്സൈറ്റുകളെക്കുറിച്ചും സോഷ്യല്‍ കമ്യൂണിറ്റി സൈറ്റുകളെക്കുറിച്ചുമെല്ലാം വിശദമായി പഠിച്ചുതുടങ്ങുകയും ചെയ്തു.
അങ്ങനെയൊരു ദിവസമാണ് യാദൃശ്ചികമായി കാശ്മീരുകാരി നിലോഫറിനെ ഞാന്‍ പരിചയപ്പെടുന്നതും.
Gambeeram....
ReplyDeleteee saagarathil oru kuthozhukk pratheekshikkunnu....nalla naleyude swarna pratheeksha...
bakki vaykkanay katthirikkunnu
ReplyDeletehaving an interest in.......
ReplyDeletenice one,keep writing shafeeq.i couldn't read ur kadavathur kanavukal,insha allah later i will read it.jamsheer told me about your book.
ReplyDeletegood ..nannayittundu
ReplyDeletekadavathur kanavukalkku shesham mattoru sahithyavirunnu..
ReplyDeleteപ്രിയ ഷഫീഖ് നന്നായിട്ടുണ്ട്. നല്ല വായനാസുഖം ... ഓര്‍മ്മപ്പെടുത്തലുകള്‍ ... കടവത്തൂര്‍ ലൈബ്രറിയിലൂടെയുള്ള അനുഭവം അതിന് തുടക്കം കുറിച്ച എന്നെ നിരാശപ്പെടുത്തി, അന്ന് വായനക്ക് ആഗ്രഹമുള്ളവരെ തേടി അംഗത്വമെടുപ്പിക്കാന്‍ അലഞ്ഞു നടന്ന എനിക്കും സലാമിനും ആകെ കൂടെ കിട്ടിയത് പയേരി കൃഷ്ണന് മാസ്റ്ററെ മാത്രമായിരുന്നു. ഷഫീഖിനെ പോലുള്ളവര്‍ അന്നുണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ, ഞാനീ പ്രവാസലോകത്തൊന്നും വരില്ലായിരുന്നു...!!! തീര്‍ച്ചയായും ഷഫീഖിന്റെ എഴുത്തിനോടുള്ള ഭ്രമവും,സമര്‍പ്പണവും വളരെയേറെ ഇഷ്ടമായി.അഭിരുചി സ്വയം തിരിച്ചറിഞ്ഞ് അതിന് വേണ്ടി സ്വയം സന്നദ്ധനായ ഷഫീഖിന് ചേതന്‍ ഭഗതിലേക്കും ഖലീല്‍ ജിബ്രാനിലേക്കുമുള്ള ദൂരം വിദൂരമാവില്ല.സര്‍വ്വവിധ ഭാവുകങ്ങളും നേരുന്നു......ആശംസകള്‍ ....
ReplyDeleteനന്ദി ജിമ്മി, ജോയ്, മുഹമ്മദ്, ശക്കീര്‍, റഫീക്, ശക്കീല്‍, സലീം..അടുത്ത ലക്കം ഉടന്‍ തന്നെ പോസ്റ്റ് ചെയ്യാം. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
ReplyDeleteKool one...
ReplyDeleteഎല്ലാ സാഹിത്യകാരന്മാരും വരുന്നത് ഗോഗളിന്റെ ഓവര്‍കോട്ടില്‍ നിന്നുമാണെന്ന് ദസ്തയേവ്സ്കി ഒരിക്കല്‍ പറഞ്ഞിരുന്നു...
ReplyDeletegogal ennal?
ReplyDeleteലോകപ്രശസ്ത റഷ്യന്‍ സാഹിത്യകാരന് നിക്കോളായ് ഗോഗള്‍..അദ്ദേഹത്തിന്റെ പ്രശസ്തമായ കഥ ഓവര്‍കോട്ട്..
Deletenic one
ReplyDelete