ബേക്കല്‍ കോട്ട- ഒരു മണ്‍സൂണിന്റെ കുളിരില്‍
പൗരാണികത ഒരു ചലച്ചിത്രദൃശ്യത്തിലേക്ക് നിറഞ്ഞുതുളുമ്പുന്നതിന്റെ ഭാവാത്മകത അനുഭവിച്ചറിയണമെങ്കില്‍ ബേക്കലിലേക്കു തന്നെ യാത്ര തിരിക്കണം. അതും ഒരു മണ്‍സൂണിന്റെ കുളിരില്‍. വീശിയടിക്കുന്ന അറബിക്കടല്‍ ശബ്ദഘോഷത്തോടെ കോട്ടയുടെ ദക്ഷിണഭാഗത്ത് തിരയായി ഉമ്മ വയ്ക്കുന്നത് അനുഭവിച്ചറിയാം. ബേക്കല്‍ കോട്ട, കാസര്‍ഗോട്ടിന്റെ മാത്രമല്ല, കേരളത്തിന്റെ മുഴുവന്‍ മുഖമുദ്രയായും മാറുന്നത് ഇന്നേരമാണ്.
കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ വലിയ കോട്ടകളിലൊന്നാണിത്. മൊത്തം 40 ഏക്കറുകളോളം പരന്നുകിടക്കുന്നു ഈ ഭൂമി. ചുറ്റും അറബിക്കടല്‍ എന്ന വിശ്വസ്ത കാവല്‍ക്കാരനും. ഒരു കാലത്ത് കടലിലെ ശത്രുവിന്റെ ഏതു ചെറുചലനം പോലും കോട്ടകാവല്ക്കാര് ബൈനോക്കുലറിലൂടെ ഇവിടെ നിന്ന് എളുപ്പം രേഖപ്പെടുത്തിയിരിക്കണം. കോട്ടയുടെ നാലില്‍ മൂന്ന് ഭാഗവും തിരയുടെ പ്രകമ്പനത്തിലേക്ക് കണ്പാര്ക്കുന്നു.
കോട്ടയിലെ ഓരോ ചുവടുവയ്പും ചരിത്രത്തിലേക്കുള്ളതു കൂടിയാണ്. പ്രവേശനകവാടം തുടങ്ങിയുള്ള വളഞ്ഞും പുളഞ്ഞുമുള്ള വഴികള്‍ ഒരു കാലത്തെ സുരക്ഷിതത്വത്തിനുള്ള ആദ്യപടികളായി എണ്ണാം. സാധാരണ കോട്ടയോട് അനുബന്ധമായി ഉണ്ടാവാറുള്ള കൊട്ടാരങ്ങളോ പ്രഭുമാളികയോ ഒന്നും ഇവിടെ ഇല്ല. മുഴുവനായും ഇത് പ്രതിരോധത്തിനായി മാത്രം പണിതതാണെന്നു സാരം. ചരിത്രത്തില്‍ 12 ാം നൂറ്റാണ്ടില്‍ തുളുനാട്ടിലെ പ്രധാന തുറമുഖമായി കോലത്തിരി ഭരണകാലത്ത് ബേക്കല്‍ ഉള്‍പ്പെടുന്ന ഭാഗങ്ങള്‍ മാറിയിരുന്നതായി കാണാം. ചിറയ്ക്കല്‍ രാജാക്കന്മാരുടെ ഭരണകാലത്തേ, ബേക്കല്‍ കോട്ട ഉണ്ടായിരുന്നു. എങ്കിലും ഏതു കാലത്താണ് ഇതു പണിതതെന്നുള്ള സംശയം ബാക്കി നില്ക്കുന്നു. പ്രശസ്ത ചരിത്രകാരനായ എച്ച്. എ സ്റ്റുവര്‍ട്ടിന്റെ നിരീക്ഷണത്തില്‍ 1650 1700 കാലഘട്ടത്തില്‍ ബദനൂര്‍ ഭരണകാലത്ത് ശിവപ്പ നായിക്ക് നിരവധി കോട്ടകള്‍ പുനര്‍നിര്‍മാണം ചെയ്തിട്ടുണ്ട്. അവയിലൊന്നാണ് ഈ ബേക്കല്‍ കോട്ടയും സമീപത്തെ മറ്റൊരു കോട്ടയായ ചന്ദ്രഗിരി കോട്ടയും. കുറച്ചുകാലം മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താന്റെ കീഴിലായിരുന്നു ഇത്. ബേക്കലിനെ സംബന്ധിച്ചിടത്തോളം സുവര്‍ണകാലഘട്ടം കൂടിയായിരുന്നു അത്. ടിപ്പുവിനു ശേഷം ബേക്കല്‍ കോട്ട ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധീനതയിലാവുകയും ചെയ്തു. ഇപ്പോള്‍ ഇതിന്റെ സംരക്ഷണച്ചുമതല മുഴുവനും ഗവര്ണ്മെന്റ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഏറ്റെടുത്തിരിക്കുകയാണ്.
ചരിത്രത്തെ ഇവിടെ ഉപേക്ഷിച്ച് കോട്ടയ്ക്കകത്തെത്തുമ്പോള് ഗതകാലസ്മരണകള്‍ നമ്മെ തഴുകുന്നത് ശരിക്കും അനുഭവിക്കാം. ബോംബെ സിനിമയിലെ ഉയിരേ, ഉയിരേ എന്ന ഗാനത്തിന്റെ ഓര്‍മകള്‍ മനസില്‍ തങ്ങിനില്‍ക്കുന്നതിന്റെ ശേഷിപ്പുകള്‍ മഴക്കാലത്തെ പൂപ്പല്‍ പിടിച്ച മതിലിനെ ഇളം പച്ചപ്പിലാക്കിയത് നിര്‍വൃതിയോടെ ആസ്വദിക്കാം. അറബിക്കടലിലേക്ക് തുറക്കുന്ന തുരങ്കത്തിലൂടെ ഒരു അവധൂതനെപ്പോലെ ഇറങ്ങിനടക്കാം. സിനിമയും സീരിയലും ആല്‍ബവും ചിത്രീകരിക്കാന്‍ വന്നിരിക്കുന്ന സംവിധായകനും പരിവാരങ്ങള്‍ക്കും രംഗപടം ഒരുക്കാന്‍ നമുക്കല്പം മാറിനില്‍ക്കാം. തുരങ്കത്തിനകത്തെ ഇരുട്ടില്‍ ഭയപ്പെടാനൊന്നുമില്ല. നിങ്ങള്‍ക്കൊപ്പം ഒരു ചരിത്രവും അതിന്റെ കാവല്ഭടന്മാരുടെ അദൃശ്യസാന്നിധ്യവുമുണ്ട്. വിനോദസഞ്ചാരത്തേക്കാള്‍ ചരിത്രത്തിലേക്കുള്ള ഒരു സഞ്ചാരമായി ഈ യാത്രയെ ക്യാമറാ ക്ലിക്കിലൊതുക്കാം.
ബേക്കല്‍ യാത്രയ്ക്കൊരുങ്ങും മുമ്പ്:
ലൊക്കേഷന്‍: കാസര്‍ഗോഡു ജില്ലയിലാണ് ബേക്കല്‍ കോട്ട. കാസര്‍ഗോട്ട് നിന്ന് 18 കിമീ ദൂരം. കാഞ്ഞങ്ങാട് നിന്ന് 8 കി മീ ദൂരം. അടുത്തുള്ള റെയില്‍വേ സ്റ്റേഷനുകള്‍. കാസര്‍ഗോഡ്, കാഞ്ഞങ്ങാട്
വിമാനത്താവളം: മാംഗ്ലൂര്‍ വിമാനത്താവളം. 60 കി മീ, കോഴിക്കോട് വിമാനത്താവളം 180 കിമീ.
ചരിത്രപ്രാധാന്യമുള്ള സ്ഥലമായതിനാല്‍ സ്കൂള്‍, കോളജ് തുടങ്ങിയ ഔദ്യോഗികസ്ഥാപനങ്ങളുടെ യാത്രയ്ക്ക് അനുയോജ്യം. കുടുംബയാത്രകളുമാവാം.
സീസണ്: എല്ലാ സീസണിലും ബേക്കല്‍ സജീവമാണ്.
താമസിക്കാം: ഹോട്ടല്‍ മലനാട്, നിര്വാണ് എന്നിവ.
അടുത്തുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍: റാണിപുരം 40 കിമീ.
Well Written Sir,
ReplyDeleteഅടുത്ത മഴക്കാലത്ത് നിന്റെ കൂടെ ഒരു യാത്ര പോകാന്‍ പൂതിയാവുന്നു....
always welcome..
ReplyDeleteeda kope..... etra varsham kazhinneda nammal bekal visit cheythitt... photographer kollam,...le
ReplyDeleteumm.. nostalgeas. nee iniyum mechapedendiyirukkunnu. h k..
ReplyDelete