ബ്രൂണെ- കാംപോങ് അയര്‍അത്‌ഭുതപ്പെടുത്തുന്ന ഒരു വിചിത്രലോകം
1

ബ്രൂണെ എന്ന രാജ്യത്തിന്റെ പേര് ഒരുപക്ഷേ, കൂടുതലും അറിയപ്പെടുന്നത് അവിടത്തെ സുല്‍ത്താന്റെ കോടിക്കണക്കിന് സ്വത്തിന്റെ പേരിലായിരിക്കും. എല്ലാവര്‍ഷവും ലോകകോടീശ്വരരുടെ ലിസ്‌റ്റെടുക്കുമ്പോള്‍ ബ്രൂണെ സുല്‍ത്താന്‍ തന്റെ സ്‌ഥാനം മെച്ചപ്പെടുത്തിയതിന്റെ കൗതുകവാര്‍ത്തകളാവും എന്നും നമ്മെ കാത്തിരിക്കുക. തെക്കുകിഴക്കേ ഏഷ്യയില്‍ ബോര്‍ണിയോ ദ്വീപില്‍ ഉള്ള ഈ കൊച്ചുരാജ്യത്തിന് പക്ഷേ പിന്നെയുമുണ്ട് അവകാശപ്പെടാന്‍ അനവധി കാര്യങ്ങള്‍.
ബ്രൂണെയുടെ ഔദ്യോഗികനാമം സ്‌റ്റേറ്റ് ഓഫ് ബ്രൂണെ, അബോഡ് ഓഫ് പീസ് എന്നാണ്. അതായത്, സമാധാനത്തിന്റെ വാസസ്‌ഥലം. തെക്കന്‍ ചൈനാക്കടലുമായി തീരദേശം പങ്കിടുന്നതൊഴിച്ചാല്‍ കിഴക്കേ മലേഷ്യയിലെ സാരാവക്ക് സംസ്‌ഥാനത്താല്‍ പൂര്‍ണമായും ചുറ്റപ്പെട്ടു കിടക്കുന്നു ഇവിടം. 1984 ജനുവരി 1നാണ് ബ്രൂണെ, സൂര്യനസ്‌തമിക്കാത്ത യുണൈറ്റഡ് കിങ്‌ഡത്തില്‍നിന്നും സ്വാതന്ത്ര്യം നേടിയത്. സാമ്പത്തികനയങ്ങളില്‍ പുതിയൊരു പ്രത്യയശാസ്‌ത്രം സ്വീകരിച്ച ബ്രൂണെ ഏഷ്യയിലെ വികസിത രാജ്യങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും ധനികരാജ്യങ്ങളില്‍ അഞ്ചാംസ്‌ഥാനത്തായി ബ്രൂണെയെ ഫോബ്‌സ് മാഗസിനും തെരഞ്ഞെടുത്തിട്ടുണ്ട്.
എന്നാല്‍ ഇതിനൊപ്പം തന്നെ, സമ്പത്തിനൊപ്പം ആരെയും അത്‌ഭുതപ്പെടുത്തുന്ന ഒരു വിചിത്രലോകം കൂടി ബ്രൂണയിലുണ്ട്. ബ്രൂണെ നദിയിലെ ജലഗ്രാമമായ കാംപോങ് അയര്‍.
2

ബ്രൂണെ നദിയില്‍കൂടി ബോട്ടില്‍ യാത്രചെയ്യുന്ന ആരും ഒരു നിമിഷം താനൊരു അറേബ്യന്‍ നാടോടിക്കഥയിലെ കഥാപാത്രമാണോ എന്ന് സംശയിക്കും. നദിയില്‍ അരികിലൂടെ ചിലപ്പോള്‍ വീടുകള്‍, അതും ഇരുനിലവീടുകള്‍ ഒഴുകിവന്നെന്നു വരാം. നദിയില്‍ മരക്കാലുകളില്‍ ഉയര്‍ന്നുനില്‍ക്കുന്ന അനേകം വീടുകള്‍ ആരെയും അത്‌ഭുതപ്പെടുത്തുന്ന കാഴ്‌ചയായി നിലകൊള്ളുന്നു.
കാംപോങ് അയര്‍ അഥവാ ജലഗ്രാമം എന്നറിയപ്പെടുന്ന ഈ നദി ബ്രൂണെയിലെ പ്രധാന ജനവാസകേന്ദ്രങ്ങളിലൊന്നാണ്. വെള്ളത്തിലെ ചെറുഗ്രാമങ്ങള്‍, അവയെ ബന്‌ധിപ്പിക്കുന്ന പാലങ്ങള്‍. എത്രയോ നൂറ്റാണ്ടുകള്‍ ഈ പാലങ്ങള്‍ക്ക് പഴക്കമുണ്ടെന്ന് അറിയുമ്പോഴാണ് നമ്മള്‍ ആലീസിന്റെ അത്‌ഭുതലോകത്തേക്ക് നേരിട്ട് എത്തിച്ചേരുന്നത്.
ജലഗ്രാമം എന്നാണ് മലയ് ഭാഷയില്‍ കാംപോങ് അയറിന്റെ അര്‍ത്ഥം. പരമ്പരാഗതമായി മത്‌സ്യബന്‌ധനത്തില്‍ ഏര്‍പ്പെട്ട് ജീവിക്കുന്നവരുടെ പിന്‍മുറക്കാരാണ് ഇവിടെ ജീവിക്കുന്നത്. ഇപ്പോഴും ഇവരില്‍ വലിയൊരു ഭാഗവും മത്‌സ്യബന്‌ധനത്തില്‍ തന്നെയാണ് കാലക്ഷേപം കഴിക്കുന്നത്. ബ്രൂണെ നദിയുടെ ഇരുഭാഗങ്ങളിലുമായി നിലകൊള്ളുന്ന 42 ജലഗ്രാമങ്ങളുടെ സമുച്ചയമാണ് ഇവിടം. ലോകത്തെ ഏറ്റവും വലിയ ജലഗ്രാമം.
3

കരയിലുള്ളതുപോലെ എല്ലാ സൗകര്യങ്ങളും ഈ ജലഗ്രാമത്തിലുമുണ്ട്. ബോട്ട് ജെട്ടികള്‍ എല്ലായിടത്തേതും ഒരേപോലെ സ്‌ഥിതിചെയ്യുന്നു. ഓരോ നമ്പറുകളില്‍ അവ അറിയപ്പെടുന്നു. ഒരുതരം ബസ്‌സ്‌റ്റാന്‍ഡുകള്‍ പോലെയാണ് ഇവിടുത്തെ ബോട്ട്‌ജെട്ടികള്‍. ബ്രൂണെ എന്ന രാജ്യത്തിന്റെ ഏതാണ്ട് 9 ശതമാനം ജനങ്ങള്‍ ഈ ജലഗ്രാമങ്ങളില്‍ കഴിയുന്നു. ഏതാണ്ട് 30000 മുണ്ട് ഇവിടത്തെ ജനസംഖ്യ. കരയില്‍ എല്ലാവിധ സൗകര്യങ്ങളും ഗവണ്‍മെന്റ് പ്രദാനംചെയ്യുന്നുണ്ടെങ്കിലും പരമ്പരാഗതമായ ഈ ആവാസമേഖല വിട്ടുപോവാന്‍ മാത്രം ഇവിടുത്തുകാര്‍ തയാറല്ല.
മരപ്പലകയിട്ട് തകരഷീറ്റുകൊണ്ട് മേല്‍ക്കൂര പണിത ഓരോ വീടുകള്‍ക്കുമുന്നിലും ബ്രൂണെ നദിയിലേക്ക് ചൂണ്ടയിട്ടുകൊണ്ടിരിക്കുന്ന ഒരു വീട്ടുകാരനെങ്കിലുമുണ്ടാവും, എന്നും. ഏതാണ്ട് 420 കെട്ടിടങ്ങളുണ്ട് ഇവിടെ എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അവയില്‍തന്നെ വീടുകള്‍ക്കുപുറമെ റസ്‌റ്റോറന്റുകള്‍, മസ്‌ജിദുകള്‍, പലവ്യജ്‌ഞനക്കടകള്‍, ബ്യൂട്ടിപാര്‍ലറുകള്‍, സ്‌കൂളുകള്‍ എന്നിവയൊക്കെ വരുന്നു. ഇതിനൊപ്പം ക്രമസമാധാനത്തിനായി ഒരു പൊലീസ് സ്‌റ്റേഷനും കൂടാതെ ഫയര്‍ സ്‌റ്റേഷനും ഒരു ആശുപത്രിയും ഉണ്ട്.
4

മരപ്പലകയടിച്ചതെങ്കിലും കെട്ടിടങ്ങളുടെയൊക്കെയുള്ളില്‍ എല്ലാവിധ ആധുനികസൗകര്യങ്ങളും പരന്നുകിടക്കുന്നു. മിക്ക കെട്ടിടങ്ങളും എയര്‍ കണ്ടീഷന്‍ ചെയ്‌തതാണ്.
ജലഗ്രാമങ്ങളെ ബന്‌ധിപ്പിക്കാന്‍ ഇവിടെ ഗവണ്‍മെന്റ് കൃത്യമായ രീതിയില്‍ അറ്റകുറ്റപ്പണികള്‍ ചെയ്‌ത് പാലങ്ങളും പണിയിച്ചിട്ടുണ്ട്. വൈദ്യുതി, ശുദ്ധജലം, ടെലിഫോണ്‍, സാറ്റലൈറ്റ് ടി.വി, പാചകവാതകം എല്ലാം ഇവിടെ കുറ്റമറ്റ രീതിയില്‍ ലഭ്യമാണ്. നദീജലം മലിനമാണെങ്കിലും ശുദ്ധജലവിതരണത്തിനായി പൈപ്പുകളും കാണാം. മദ്രസകള്‍ ഉള്‍പ്പെടെ 29 വിദ്യാലയങ്ങളുണ്ട് ഇവിടെ. പിന്നെ ഒമര്‍ അലി സെയ്‌ഫുദ്ദീന്‍ എന്നുപേരുള്ള പഴയ മുസ്ലീം പള്ളിയും.
ചരിത്രമെടുത്ത് പരിശോധിക്കുമ്പോള്‍ ഏതാണ്ട് 1300 വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഇവിടെ ജനവാസമുണ്ടായിരുന്നതായി കാണാം. ഇന്നത്തെ ബ്രൂണെ വളര്‍ന്നുവികസിക്കുന്നത് ഈ ഗ്രാമങ്ങളില്‍നിന്നാണ്. ഇതിന്റെ ഉത്‌ഭവത്തെക്കുറിച്ച് ഐതിഹ്യങ്ങളുമുണ്ട് അനവധി.
5

ബ്രൂണെയുടെ ഇതിഹാസകാവ്യമായ അവാങ് ഡെമൗനില്‍ നിന്നുള്ള ഒരു കഥയാണ് ഐതിഹ്യങ്ങളില്‍ പ്രധാനം. പ്രാചീനകാലത്ത് അവാങ് അലക്‌ബെത്താതര്‍ എന്നറിയപ്പെട്ട 14 സഹോദരങ്ങളുണ്ടായിരുന്നത്രേ ആദ്യമായി ബ്രൂണെനദിയില്‍ വീടുകളുണ്ടാക്കി താമസം തുടങ്ങിയത്. അവരെ തുടര്‍ന്നുവന്ന അനുയായികളും ഇതേ പാത പിന്തുടരുകയാണുണ്ടായത്.
അന്ന് നാട്ടിലെ പ്രമാണിമാരെല്ലാം ഇവിടെ താമസിച്ചുവരികയാണ് ചെയ്‌തത്. അക്കാലത്ത് നാട്ടിലെ പ്രധാന വാണിജ്യകേന്ദ്രം കൂടിയായിരുന്നു ഇവിടം. സുല്‍ത്താന്‍ മുഹമ്മദ് ഷാ എന്ന ഭരണാധികാരിയുടെ കാലമായിരുന്നു ഇവിടത്തെ സുവര്‍ണകാലം. അക്കാലത്ത് അതായത്, 1363 മുതല്‍ 1402 വരെയുള്ള കാലത്ത് ഇവിടെ എത്തിപ്പെട്ട അന്റോണിയോ പിഗാഫിത്ത എന്ന ഇറ്റാലിയന്‍ സഞ്ചാരി ഇവിടത്തെ ജനവാസത്തെക്കുറിച്ച് മനോഹരമായ രീതിയില്‍ വിവരിച്ചിട്ടുമുണ്ട്.
6

കാപോങ് അയറിലെ, കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ മട്ടുപ്പാവില്‍ നിന്നു നോക്കിയാല്‍ സ്വര്‍ണമകുടത്തോടുകൂടിയ ഒരു കൊട്ടാരം കാണാം. ബ്രൂണെ സുല്‍ത്താന്റെ കൊട്ടാരം. ഇരുവശത്തുമുള്ള കണ്ടല്‍ക്കാടുകള്‍ക്കിടയിലൂടെയും നിബിഡവനങ്ങള്‍ക്കിടയിലൂടെയും സഞ്ചരിക്കുമ്പോള്‍ ഈ കൊട്ടാരത്തിനടുത്തെത്തും.
ഈ കണ്ടല്‍വനവും മറ്റൊരു അസുലഭ കാഴ്‌ചയാണ്. നമ്മുടെ നാട്ടിലേതുപോലെ പൊക്കുടന്‍മാരുടെ ശുപാര്‍ശയില്ലാതെയും സമരകാഹളം പോലുമില്ലാതെയും ഇവിടത്തെ കണ്ടല്‍വനങ്ങള്‍ മനോഹരമായവിധം സംവിധാനം ചെയ്‌തിരിക്കുന്നത് കാണാം.
ബ്രൂണെ സുല്‍ത്താന്റെ കൊട്ടാരം ഇസ്‌താന നൂറുല്‍ ഇമാന്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ഒരു ഭരണാധികാരി ഭരിക്കുന്ന ലോകത്തെ ഏറ്റവും വലിയ കൊട്ടാരമാണിത്. ഏതാണ്ട് 257 ബാത്ത്‌റൂമുകള്‍ ഉള്‍പ്പെടെ 1788 മുറികളുണ്ട് ബ്രൂണെ സുല്‍ത്താനായ ഹസനുല്‍ ബോല്‍കിയയുടെ ഈ ഔദ്യോഗികവസതിയില്‍. ബ്രൂണെ ഗവണ്‍മെന്റിന്റെ ആസ്‌ഥാനവും ഇതാണ്. മൂന്നുവശവും നദിയാലും വനത്താലും ചുറ്റപ്പെട്ടതാണ് 2 ലക്ഷം സ്‌ക്വയര്‍ഫീറ്റുള്ള ഈ കൊട്ടാരം. തൊട്ടുത്തുതന്നെ അതിനെ വെല്ലുന്നവിധം സുല്‍ത്താന്റെ മകനുള്ള കൊട്ടാരവും പണിതുവരുന്നു. 2004 ല്‍ നടന്ന മകന്റെ വിവാഹം ലോകത്തിലെതന്നെ ഏറ്റവും വലിയ വിവാഹാഘോഷമായാണ് കണക്കാക്കുന്നത്. ആഢംബരത്തിന്റെ പുതിയൊരു ലോകം.
മറ്റൊരു ആലീസിന്റെ അത്‌ഭുതലോകം.
സുല്‍ത്താന്റെ ബോട്ടുജെട്ടി, 200 ഓളം കുതിരകളുള്ള പോളോഗ്രൗണ്ട്... എല്ലാം പുതിയൊരു ലോകംതന്നെയാണ്. ആഢംബരത്തിന്റെ അനന്തസാധ്യതകള്‍ വിരിഞ്ഞുനില്‍ക്കുന്ന കേന്ദ്രം. കാംപോങ് അയറില്‍നിന്നും കാണാന്‍ കഴിയുന്ന മായികകാഴ്‌ചകളിലൊന്ന്.
7
ഏതാണ്ട് 36 കിലോമീറ്ററെങ്കിലും വരും ഇവിടുത്തെ ജലപാതകളാകുന്ന പാലങ്ങള്‍ക്ക്. വീടുകളിലേക്കുള്ള ഇത്തരം ചെറുപാതകള്‍ വേറെയും. ഈ ജലഗ്രാമം ഇവിടുത്തെ സാംസ്‌കാരികചിഹ്‌നങ്ങളില്‍ ഒന്നുകൂടിയാണ്.
കൈവരിയില്ലാത്ത നടപ്പാതയില്‍ ചിലയിടത്ത് നമ്മുടെ നാടുകളിലുള്ളതുപോലെ നാല്‍ക്കവലകളും കാണും.
ചരിത്രത്തിന്റെ ആഴത്തിലൂര്‍ന്ന വേരുകള്‍പോലെ നാല്‍ക്കവലകള്‍. ഒരു വീടിനടുത്തേക്ക് വള്ളം തുഴഞ്ഞെത്തുന്ന അയല്‍ക്കാരന്‍. എല്ലാവിധ സജ്ജീകരണങ്ങളോടുംകൂടിയ വീടുകള്‍. വീടിനുമുന്നിലെ ചെടികള്‍, ഹാങിങ് ഗാര്‍ഡന്‍ എല്ലാം ഒരു ചരിത്രത്തിന്റെ തന്നെ ഭാഗമായി നിലനില്‍ക്കുന്നു.
ലോകത്ത് മറ്റെവിടെയുമില്ലാത്തവിധം വിപുലവും നടവഴികള്‍കൊണ്ട് നിറഞ്ഞതുമായ ഒരു ജലഗ്രാമം. ചരിത്രപുരുഷനായ കടല്‍യാത്രികന്‍ ഫെര്‍ഡിനന്റ് മഗല്ലന്‍ 1521 ല്‍ ഇവിടെ എത്തിയപ്പോള്‍ കണ്ട കാഴ്‌ചകള്‍ അതേപോലെ ഇന്നേവരെ അനേകമനേകം സഞ്ചാരികളെ വിസ്‌മയിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇവിടത്തെ ഗ്രാമീണര്‍ മറ്റെവിടെയും പോവാതെ ഇവിടെത്തന്നെ നിലനില്‍ക്കുന്നതും ഒരുപക്ഷേ, വീണ്ടും എല്ലാകാലത്തുമുള്ള മഗല്ലന്‍മാരെ അത്‌ഭുതപ്പെടുത്താനാവണം.
No comments:
Post a Comment