Wednesday, July 24, 2013

അവസാനദിനം


അവസാനദിനം


മുറിയിലെ ക്ലോത്‌ സ്‌റ്റാന്‍ഡില്‍ നിരവധി മുഷിഞ്ഞ വസ്‌ത്രങ്ങള്‍ തൂങ്ങിക്കിടപ്പുണ്ട്‌. എല്ലാം, നാളെ രാഹുകാലത്തിലലക്കാം എന്ന്‌ കരുതി മാറ്റി വച്ച്‌ ദിവസങ്ങളായവ. അഴുക്കും വിയര്‍പ്പും ഒരുപക്ഷേ, താനേ പടിയിറങ്ങിയിട്ടുണ്ടാവുമെന്നും തോന്നുന്നു.
ശരിക്കും വസ്‌ത്രങ്ങളിലെ അഴുക്ക്‌ അലക്കിക്കളയാന്‍ പാടില്ലെന്നതാണ്‌ എന്റെ ചില വിചിത്രതത്വശാസ്‌ത്രങ്ങളിലൊന്ന്‌. കാരണം അവ നമ്മുടെ തന്നെ ഭാഗമാണ്‌. ശരീരത്തോടൊപ്പം മരണം വരേയുമുള്ളത്‌. ശരീരത്തിലെ അഴുക്കിനെ മായ്‌ച്ചുകളയാന്‍ ഏതായാലും ഒരു സര്‍ഫ്‌ എക്‌സലിനും കഴിയില്ലെന്നത്‌ ഉറപ്പാണ്‌. കഴിയുമായിരുന്നെങ്കില്‍, ഒരിക്കലും അലക്കേണ്ടിയും കുളിക്കേണ്ടിയും വരുമായിരുന്നില്ലല്ലോ.

കുട്ടിക്കാലത്തേ തുടങ്ങിയ പൂച്ചകളോടുള്ള വെറുപ്പാണ്‌ എന്റെ മറ്റൊരു വിചിത്രതത്വശാസ്‌ത്രം. എനിക്ക്‌ പൂച്ചകളെ ഇഷ്‌ടമേയല്ലായിരുന്നു. അവയുടെ നഖങ്ങളും രോമങ്ങളും അങ്ങേയറ്റം വെറുത്തു. എന്നാല്‍ വീട്ടില്‍ ചുരുങ്ങിയത്‌ നാലു പൂച്ചകളെങ്കിലും പമ്മിപ്പമ്മി നടന്നിരുന്നു. ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ പീഠത്തിനരികിലൂടെ, ഇവ വാലുമുയര്‍ത്തി ഒരു മീന്‍മുള്ള്‌ തേടിയലയും. അപ്പോഴൊക്കെയും ഓക്കാനം വരുന്നതുപോലെ ഞാന്‍ വാ പൊത്തിപ്പിടിക്കും.
ലോകത്തിലെ ഏറ്റവും വൃത്തികെട്ട ജന്തുവാണ്‌ പൂച്ച.
ഞാന്‍ സ്‌ഥിരപ്പെടുത്തും.

ഈ സ്‌ഥിരപ്പെടുത്തലുകള്‍ക്ക്‌ അവസാന ഒപ്പ്‌ ചാര്‍ത്തുന്നതിനിടയിലായിരുന്നു മദ്രസയിലെ �വിശ്വാസവും സ്വഭാവവും� പഠിപ്പിച്ചിരുന്ന ഉസ്‌താദ്‌ പുതിയൊരു പാഠം പഠിപ്പിച്ചത്‌. പാഠത്തേക്കാളുമുപരി അതൊരു ഗുണപാഠകഥയായിരുന്നു.
രണ്ടു പേര്‍.
ഒരാള്‍ ഒരു പൂച്ചയെ കെട്ടിയിട്ട്‌ ഒരിറ്റു വെള്ളം പോലും കുടിക്കാന്‍ നല്‍കാതെ ദ്രോഹിച്ചു. മറ്റൊരാള്‍, ദാഹിച്ചു വലഞ്ഞ ഒരു നായയ്‌ക്ക്‌ ഒരു പൊട്ടക്കിണറ്റിലിറങ്ങി തന്റെ ഷൂവില്‍ വെള്ളമെടുത്ത്‌ നല്‍കി ദാഹമകറ്റി. ആദ്യത്തെയാള്‍ അഞ്ച്‌ നേരം നമസ്‌ക്കരിക്കുന്ന ദൈവവിശ്വാസിയായിരുന്നു. മറ്റെയാള്‍ വലുതായി ദൈവസ്‌മരണ ഇല്ലാത്തയാളും. എന്നിട്ടും ദൈവം സ്വര്‍ഗവാതില്‍ തുറന്നുകൊടുത്തത്‌ രണ്ടാമത്തെയാള്‍ക്കായിരുന്നു.
�പറയൂ, ഇതില്‍ നിന്ന്‌ നിങ്ങള്‍ക്കെന്താണ്‌ മനസിലായത്‌? നിങ്ങള്‍ക്കെങ്ങോട്ടാണ്‌ പോവേണ്ടത്‌?�
അധ്യാപകന്‍ ചോദിച്ചു.
�സ്വര്‍ഗത്തില്‍..�
എല്ലാവരേയുമെന്ന പോലെ ഞാനും ഉച്ചത്തില്‍ പറഞ്ഞു.

അതില്‍ പിന്നെ വീട്ടിലെ പൂച്ചകളെ ഇഷ്‌ടപ്പെടാന്‍ ശ്രമിച്ചെങ്കിലും മുന്‍പു ചെയ്‌ത ദ്രോഹങ്ങള്‍ മനസില്‍ വെച്ച്‌ അവ എന്നെ വെറുത്തു തന്നെയിരുന്നു.

പൂച്ചകളെപ്പോലെ ഞാന്‍ ഉറുമ്പുകളോടും ഏറെ ദ്രോഹങ്ങള്‍ ചെയ്‌തിരുന്നു. ഒരു ദിവസം എന്റെ കാല്‍കീഴില്‍ കിടന്ന്‌ പ്രാണന്‍ പോവാറുള്ള ഉറുമ്പുകളുടെ എണ്ണം അനന്തമായിരുന്നെങ്കിലും യാതൊരു ഭാവവ്യത്യാസവുമില്ലാതെ ആരോടും കള്ളസാക്ഷി പറയാനും മടിച്ചില്ല: �ഞാനൊരു ഉറുമ്പിനെപ്പോലും നോവിച്ചിട്ടില്ല!�
എന്റെ ദുഷ്‌ടത പലപ്പോഴും തിരിച്ചറിയപ്പെടാതെ പോവുമ്പോള്‍ എന്റെ മുഖവും എനിക്ക്‌ നഷ്‌ടമാവുന്നു. ഉറുമ്പുകളെ കണ്ടു പഠിക്കാന്‍ നിര്‍ദേശിച്ചത്‌ പണ്ടൊരിക്കല്‍ സോളമന്‍ ചക്രവര്‍ത്തിയാണ്‌. ശരിയാണ്‌, അതേ ജീവിവര്‍ഗം തന്നെയാണ്‌ ദുഷ്‌ടതയുടെ ആഴം എന്നെ കുറച്ചെങ്കിലും പഠിപ്പിച്ചതും. എങ്കിലും, മരിച്ചു മണ്ണടിയുമ്പോഴെങ്കിലും അവ എന്നോട്‌ പകരം വീട്ടും. തീര്‍ച്ച.

ഇതേ പോലെ മറ്റു ചില ശീലങ്ങളുടെ കൂടി അടിമയാണ്‌ ഞാന്‍. ഈ ശീലങ്ങളെ കീഴടക്കാന്‍ ശ്രമിക്കുമ്പോഴാണ്‌ മനുഷ്യനാവാന്‍ കഴിയുകയെന്ന്‌ അറിയാമെങ്കിലും എത്ര ശ്രമിച്ചിട്ടും കീഴടക്കാന്‍ കഴിയാത്തതാണ്‌ എന്റെ പ്രധാനപ്രശ്‌നങ്ങളിലൊന്ന്‌. ദിവസവും രാവിലെ എഴുന്നേറ്റ്‌ അന്ന്‌ ചെയ്യാന്‍ പോവുന്ന നല്ല കാര്യങ്ങളെക്കുറിച്ച്‌ മാത്രം ചിന്തിക്കാന്‍ തലേന്ന്‌ രാത്രി തീരുമാനിക്കുമെങ്കിലും, പതിവു പോലെ എഴുന്നേല്‍ക്കുക വൈകി തന്നെയായിരിക്കും. അപ്പോഴേക്കും എന്റെ മഹത്തരമായ ചിന്തകളൊക്കെയും ഞാന്‍ മറക്കും.
പക്ഷേ, ഉണര്‍ന്നെണീറ്റ ശേഷം, റോസ്‌ നിറമുള്ള ബ്രഷില്‍ കെ പി നമ്പൂതിരീസ്‌ പേസ്‌റ്റ്‌ പരത്തിച്ചേര്‍ക്കുമ്പോള്‍ വീണ്ടും മഹത്തരമായ ചിന്തകളിലേക്ക്‌ ഞാന്‍ മടങ്ങിയെത്തും. എന്നെപ്പോലെ മഹാനായ മനുഷ്യന്‍ ഭൂമുഖത്ത്‌ വേറെ ജനിച്ചിട്ടില്ലെന്ന്‌ അസൂയയോടെ ചിന്തിച്ചുകൂട്ടും. ചിലപ്പോള്‍, ചിലരെയോര്‍ത്ത്‌ ഇവരൊക്കെ എന്തിന്‌ ജീവിച്ചിരിക്കുന്നു എന്നും പരിഹാസത്തോടെ ചിന്തിക്കും. വഴിയരികില്‍, ഒരു നേരത്തെ അന്നത്തിനു വേണ്ടി കൈനീട്ടി നില്‍ക്കുന്ന തെരുവുതെണ്ടിയുടെ ചുണ്ടില്‍ ഒരു തുള്ളി സയനൈഡ്‌ തേയ്‌ക്കുന്നതും ഞാന്‍ ഒരു ചെറുചിരിയോടെ ഓര്‍ക്കും.
തെല്ലുസമയം കഴിഞ്ഞ്‌ എന്റെ ചിന്തകള്‍ മാറിമറിയും. എന്നെങ്കിലും എഴുതണമെന്ന്‌ കരുതി ഞാന്‍ അവരുടെ കഥകള്‍ കേള്‍ക്കാന്‍ തുടങ്ങും. തീര്‍ച്ചയായും, ആ കഥ കേള്‍ക്കല്‍ അവരുടെ വികാരങ്ങളോട്‌ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാനേയല്ല. മറിച്ച്‌ അവരെ പരിഹസിക്കാനുള്ള പുതിയ ആയുധങ്ങള്‍ തേടിയുള്ള യാത്രയാണ്‌. കഥകള്‍ കേള്‍ക്കാനായി അവര്‍ക്കു മുന്നില്‍ ചമ്രം പടിഞ്ഞിരിക്കുമ്പോള്‍ കൂടെയുണ്ടാവാറുള്ള കൂട്ടുകാരൊക്കെയും കളിയാക്കിച്ചിരിക്കും. അവരോട്‌ കൂടുതല്‍ വിശദീകരിക്കാന്‍ നില്‍ക്കാതെ, എന്റെ ഇരയുടെ പിച്ചച്ചട്ടിയില്‍, കഥ പറയാനുള്ള പ്രചോദനമെന്ന വണ്ണം പണസഞ്ചിയിലെ ഏറ്റവും ചെറിയ നാണയമിടും. എന്റെ മഹാമനസ്‌ക്കതയെന്ന്‌ തെറ്റിദ്ധരിച്ച്‌ തെരുവുതെണ്ടി ആവേശത്തോടെ കഥാകഥനം തുടരും.

ചിലപ്പോള്‍ എന്റെ വാക്കുകള്‍ ചിതറിപ്പോകുന്നു. ആര്‍ക്കും പിടി കൊടുക്കാതെ അവ പരല്‍മീനാവുന്നു.
എഴുതാന്‍ ഒരുപാടുണ്ടെന്നറിയാം.
എന്തെഴുതണമെന്നും നിശ്‌ചയമുണ്ട്‌. എഴുതേണ്ട ക്രമവും ആര്‍ക്കു വേണ്ടി എഴുതണവുമെന്നതാണ്‌ പ്രശ്‌നം.
എന്റെ എഴുത്ത്‌ ആര്‍ വായിക്കും എന്ന ചിന്ത സംശയമായും പേടിയായും മനസില്‍ നിറയുന്നു. ഈ പേടി എന്നെ ദു:ഖിതനുമാക്കും.
ദു:ഖം ശരിക്കും മരണമാണ്‌.

മറ്റു ചിലപ്പോള്‍, അമേരിക്കന്‍ ഹൈസ്‌കൂളുകളില്‍ തോക്കുമായി വന്ന്‌ ഇഷ്‌ടമില്ലാത്ത സഹപാഠികളേയും അധ്യാപകരേയുമൊക്കെ വെടിവെച്ചുകൊല്ലുന്ന പയ്യനെപ്പോലെ ഇഷ്‌ടമില്ലാത്തവരെയൊക്കെയും വധിക്കണമെന്ന്‌ തോന്നാറുണ്ട്‌. പക്ഷേ തൊട്ടടുത്ത നിമിഷം, അവരെ കൊന്നിട്ടെന്ത്‌ ചെയ്യുമെന്നാലോചിക്കുന്ന ശൂന്യവേളയില്‍ കടുത്ത നിരാശയിലേക്ക്‌ കൂപ്പു കുത്തും.
ഇങ്ങനെ ചിന്തിച്ച്‌ ചിന്തിച്ച്‌, പരമാവധി ഉപയോഗിക്കപ്പെടാതെ കൗമാരവും യുവത്വവും കടന്നുപോവുന്നു. ജീവിതം അവസാനമെത്തുമ്പോള്‍ മാത്രമാണ്‌ കടന്നുപോയ നിമിഷങ്ങളിലെ, ചെയ്യാതെ മാറ്റിവെച്ച കാര്യങ്ങളിലെ കുറ്റബോധം വേട്ടയാടുക.

അവസാനദിനം.
അവസാനശ്വാസം.
ഇനി മുതല്‍ ഒരു പുതുജീവിതമാണ്‌.
മരണാനന്തരജീവിതം.
ഞാന്‍ എന്ന വ്യത്യസ്‌തശീലങ്ങളുടെ ഉടമയ്‌ക്ക്‌ ഇനിയുള്ള ജീവിതത്തിലെങ്കിലും പൂച്ചകളെ സ്‌നേഹിക്കണം. ഉറുമ്പുകള്‍ക്ക്‌ ഭക്ഷണം നല്‍കണം. ഉസ്‌താദ്‌ പഠിപ്പിച്ച വിശാസങ്ങളും സ്വഭാവങ്ങളും ജീവിതത്തില്‍ പാലിക്കണം. തെരുവുതെണ്ടിയുടെ പിച്ചച്ചട്ടിയില്‍, എന്റെ പണസഞ്ചിയിലെ ഏറ്റവും വലിയ രൂപ നിക്ഷേപിക്കണം.
ചില ശീലങ്ങള്‍ മാറ്റിയെഴുതണം.

No comments:

Post a Comment