Thursday, August 9, 2012

ഇണങ്ങുമ്പോള്‍ അകലാന്‍ ദൂരമില്ലാത്ത വണ്ണം അടുക്കുന്നവരും പിണങ്ങിയാല്‍ കൈയില്‍ കിട്ടിയതെന്തും കൊണ്ട് ചീറിയടിക്കുകയും ചെയ്യുന്നവരായിരുന്നല്ലോ, ഞങ്ങളിരുവരും.



ഇണങ്ങുമ്പോള്‍ അകലാന്‍ ദൂരമില്ലാത്ത വണ്ണം അടുക്കുന്നവരും 

പിണങ്ങിയാല്‍ കൈയില്‍ കിട്ടിയതെന്തും കൊണ്ട് ചീറിയടിക്കുകയും ചെയ്യുന്നവരായിരുന്നല്ലോ, ഞങ്ങളിരുവരും.


ഒരു പുതുവര്‍ഷത്തലേന്നാണ് ഞാന്‍ ഒരു നല്ല മനുഷ്യനാവാന്‍ തീരുമാനിച്ചത്. നല്ല മനുഷ്യന്‍ എന്നതിന്റെ നിര്‍വചനം എനിക്കറിയില്ല. നന്‍മകള്‍ ചെയ്യുക. മറ്റുള്ളവരെ സഹായിക്കുക. ദൈവവിശ്വാസിയാവുക. ഇതൊക്കെയാണ് നല്ല മനുഷ്യന്റെ ലക്ഷണമെന്ന് ചിലരൈങ്കിലും പറയുന്നതു കേള്‍ക്കാറുണ്ട്. ഇതില്‍ എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ല. എങ്കിലും ഇവയില്‍ ചിലതിന്റേയെങ്കിലും ആകെത്തുകയാണ് നല്ല മനുഷ്യന്‍ എന്ന് തീര്‍ച്ച.
ഏതായാലും നാളെ പുതുവര്‍ഷമാണ്.
പുതുവര്‍ഷം.
തലേന്നു രാത്രിയിലെ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കൊടുവില്‍ ഉണര്‍ന്നെണീറ്റപ്പോള്‍ മൊബൈല്‍ ഇന്‍ ബോക്‌സ് പൂര്‍ണഗര്‍ഭിണിയായിരുന്നു. രസകരവും മനോഹരവുമായ എസ് എം എസുകളുടെ ഒരു സമ്മേളനം.
remember life is short, so forgv quickly, love truly, laugh uncontrollably& never regret thing that made u smile. just stay happy n healthy& hav a great year ahead. ഷൈന്‍ അമ്പൂക്കന്‍ വക.
dear customer, ur bathing date validity for one year is expired 2day. so kindly Re-BATH within 1 hr and get 2 years validity. hurry up.. അബ്ദുല്ലത്തീഫ് വക.
ചിരിച്ചു പോയെങ്കിലും അവസാനത്തെ ഹറി അപ് എന്നെ ഉണര്‍ത്തി.
ഉണരാനൊരുങ്ങുമ്പോള്‍ കണ്ണുകള്‍ വീണ്ടുമടച്ച് ഇന്ന് ഓഫീസ് അവധിയാണെന്ന് സങ്കല്‍പിച്ച് ഉറക്കത്തിലേക്ക് വീണ്ടും ചായാന്‍ തോന്നാറുണ്ടോ നിങ്ങള്‍ക്ക്? ഫാനിന്റെ 5 സ്പീഡിലെ ദളക്കറക്കം 4 ലേക്കോ 3 ലേക്കോ താഴ്ത്തി കുങ്കുമവരയന്‍ പുതപ്പിനുള്ളില്‍ വീണ്ടുമമരാന്‍?
കഴിഞ്ഞ രണ്ടുദിവസമായി ഉറക്കം വളരെ കുറവായതിനാല്‍ ക്ഷീണം കണ്ണുകള്‍ക്കു ചുറ്റും കറുത്ത പാടുകളായി തെളിഞ്ഞിരുന്നു. ഇതു കാണുന്നതു കൊണ്ടാവാം, ചിലരെങ്കിലും എന്നെ ബുദ്ധിജീവിയായി ഗണിക്കുന്നതും. ഞാന്‍ ഉറക്കമൊഴിഞ്ഞു നേടുന്ന വരകളാണ് ഇവ എന്ന് എത്ര പേര്‍ക്കറിയാം? വലിയ വായനയുള്ളവരുടേയും ആഴത്തില്‍ ചിന്തിക്കുന്നവരുടേയും മുഖമുദ്രയാണത്രേ ഈ കറുത്ത വളയങ്ങള്‍! ഇങ്ങനെയുള്ള കണ്ടുപിടുത്തം മുന്നോട്ടുവെച്ചയാളെ ഒരു ദിവസം ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ കൂടി ഒരു യാത്രയ്ക്കു ക്ഷണിക്കണം.
അലാറാമില്‍ ഏഴു മണിയുള്ളത്, മുഴങ്ങിയ പാടേ എഴുന്നേറ്റ് 8 മണിയാക്കി. പിന്നെയും എട്ടുമണിക്കു ശേഷം ഓരോ മൂന്ന് മിനിറ്റിലും അലാറാം കേട്ട് എഴുന്നേല്‍ക്കുമ്പോള്‍ സമയം 9:15. അതായത് 9:05. സമയത്തെ പിടിച്ചു നിര്‍ത്താന്‍ തന്നെയായിരുന്നു 10 മിനിറ്റ് മുന്നോട്ടേക്ക് നീട്ടിവെച്ചത്. പക്ഷേ, ഈ ബോധവും മനസില്‍ തന്നെയുള്ളതിനാല്‍ എന്നും സമയം വൈകുന്നു..
എഴുന്നേറ്റ പാടേ എന്നുമെന്ന പോലെ വിശുദ്ധ ഖുര്‍ആന്‍ പരിഭാഷ അഞ്ചുപേജ് മനസിരുത്തി വായിച്ചു. ഇതൊരു പുതിയ പതിവാണ്. കഴിഞ്ഞ പുതുവര്‍ഷക്കാലത്ത് തുടങ്ങിയത്. ഒരേ സമയം അഞ്ചു കാര്യങ്ങള്‍ ചെയ്യുക. ഒരേ ജോലിയില്‍ പൂര്‍ണമായും ശ്രദ്ധ പതിപ്പിക്കുന്നതിനു പകരം വിവിധ കാര്യങ്ങളില്‍ ഒരേ സമയം ശ്രദ്ധിച്ചിരിക്കുന്നത് ആവേശകരവും വെല്ലുവിളിയുമാണ്.

പുതിയ പതിവിലെ അഞ്ചു വെല്ലുവിളികള്‍:
1 വിശുദ്ധ ഖുര്‍ആന്‍ പരിഭാഷ അഞ്ചു പേജ് മനസിരുത്തി വായിക്കുക.
2 2000 ത്തിലെ മാതൃഭൂമി ആഴ്ചപ്പതിപ്പ് മുഴുവനും ബൈന്‍ഡ് ചെയ്ത പതിപ്പുകളില്‍ ഒരു ലക്കം ആവര്‍ത്തിച്ചു വായിക്കുക.
3 ലാപ്‌ടോപ്പിലെ സേവ് ചെയ്തുവെച്ച ക്ലാസിക് സിനിമകളിലൊന്ന് അര മണിക്കൂര്‍ ആസ്വദിക്കുക.
4 എന്റെ നാടിനെ കേന്ദ്രീകരിച്ച് എഴുതുന്ന നോവലിന്റെ രണ്ടാം ഭാഗത്തിലെ അര പേജ് എഴുതുക.
5 പൗലോ കൊയ്‌ലോ കൃതികളിലെ പോര്‍ട്ട് ബെല്ലോയിലെ മന്ത്രവാദിനി 10 പേജ് വായിക്കുക. 

ഈ അഞ്ചുകാര്യങ്ങളും ക്രമപ്രകാരം ചെയ്യുകയാണ് എന്റെ ഒഴിവുവേളകളിലെ ശീലമെന്ന് ഞാന്‍ പലരോടും പറഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെയും ചിലര്‍ അത്ഭുതത്തോടെ മിഴികള്‍ ചിമ്മും. മറ്റു ചിലര്‍ പരിഹാസത്തോടെ ചിരിക്കും. പിന്നെയും ചിലര്‍ ഞാന്‍ കളിയാക്കുകയാണെന്നു കരുതി അപ്പോള്‍ അത്ഭുതം പ്രകടിപ്പിക്കുമെങ്കിലും പതിയെ കണ്‍മുമ്പില്‍ നിന്ന് മാറിനിന്ന് എന്നെ അഹങ്കാരിയെന്ന് മുദ്ര കുത്തി പുച്ഛിക്കുകയോ കളിയാക്കുകയോ ചെയ്യും.
ഞാനും മുന്‍പ് അങ്ങനെ ചെയ്യാറുണ്ടായിരുന്നെന്ന് എന്നോട് പറഞ്ഞത് ഓഫീസിലെ ഫോട്ടോഗ്രാഫറായ ആഷിഫ് കെ കെ മാത്രമാണ്. ചലച്ചിത്രനടന്‍ ബാബുരാജിനെ അനുസ്മരിപ്പിക്കുന്ന വില്ലന്‍ മുഖമാണ് ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ആഷിഫിന്. പൗലോ കൊയ്‌ലോവിന്റെ ആരാധകന്‍.  ക്ലാസിക് സിനിമകള്‍ ലാപ്‌ടോപ്പില്‍ അടുക്കി വെച്ച മറ്റൊരാള്‍.
മെര്‍ക്കാറയിലെ ബാല്യകാലകൂട്ടുകാരനുമായ ആബി വിളിക്കുമ്പോള്‍ സമയം ഏതാണ്ട് ഉച്ചയാവാറായിരുന്നു. പതിവുള്ള അഞ്ചുകാര്യങ്ങളും ചെയ്ത് ഒരു ചായയും കുടിച്ച് വീണ്ടും മുറിയിലെത്തിയതേയുണ്ടായിരുന്നുള്ളൂ. നാട്ടില്‍ അവനൊരു കല്യാണാലോചന വന്നിട്ടുണ്ട്. ബന്ധുവായ പിള്ളേച്ചന്‍ കൊണ്ടുവന്നന്നതാണ്. മോശമാവന്‍ വഴിയില്ല. എന്നാലും അവന് സംശയമാണ്. ഭാവിയിലേക്കുള്ള സംശയങ്ങള്‍. അവന് ഇപ്പോഴും കല്യാണപ്രായമായിട്ടില്ല എന്നാണ് അവന്റെ വിശ്വാസം. ഈ സംശയം വീണ്ടും വീണ്ടും പ്രകടിപ്പിച്ചപ്പോള്‍ ഞാന്‍ മറുപടിയും പറഞ്ഞു, നീ ഗാന്ധിജിയായിരുന്നെങ്കില്‍ രണ്ടു പ്രാവശ്യം കല്യാണപ്രായമായേനെ!
അവന് പിന്നെയും മനസില്‍ ഒരു പാട് ആശയങ്ങളുണ്ടത്രേ. പെണ്ണുകാണല്‍ ചടങ്ങില്‍ ശ്രീനിവാസന്‍ ‘സന്ദേശം’ സിനിമയില്‍ ചെയ്തതു പോലൊരു പ്ലാന്‍. പെണ്‍കുട്ടിയോടു ദാസ് ക്യാപിറ്റല്‍ വായിച്ചിട്ടുണ്ടോ എന്നു ചോദിക്കണം. അല്ലെങ്കില്‍ ആല്‍ബര്‍ട്ട് ഹക്‌സ്‌ലിയുടേയെങ്കിലും ഗ്രന്ഥം. പിന്നെ സ്ഥിരമായി അണ്ടര്‍ഗ്രൗണ്ടില്‍ കഴിയാന്‍ താല്‍പര്യമുണ്ടോ എന്നും ചോദിക്കണം. അതോടു കൂടി പെണ്‍കുട്ടി തന്നെ ചെക്കനെ വേണ്ടെന്നു പറയുമല്ലോ. സിനിമയിലേതു പോലെ.

പക്ഷേ, കൃത്യം ഒരാഴ്ചയ്ക്കു ശേഷം സംഭവിച്ചതു ഇങ്ങനെയൊന്നുമല്ല. പെണ്ണുകാണല്‍ ചടങ്ങില്‍ വെച്ച് എല്ലാം അട്ടിമറിക്കപ്പെട്ടു. അവന് പെണ്ണിനെ ഇഷ്ടമായി. ലജ്ജാവിവശയായി നിന്ന പെണ്ണിനോട് യുദ്ധത്തിനു പോകാനൊരുങ്ങിയ നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ ധൈര്യം സംഭരിച്ച് അവന്‍ ചോദിച്ചു.
‘കുട്ടി എന്തു വരെ പഠിച്ചു?’
‘ഡിഗ്രി ഫൈനലിയറ്.’
അവള്‍.
‘ഞാന്‍ എസെല്‍സി ഫൈനലിയറ്..’
അവന്‍.
അങ്ങനെ പെണ്ണുകാണല്‍ അവസാനിച്ചു. അവസാനിച്ചു എന്നതിനേക്കാള്‍ അലങ്കോലപ്പെട്ടു എന്നു പറയുന്നതാവും ശരി. പെണ്ണിന്റെ വകയിലുള്ള ഒരു അമ്മായി മുറിയിലേക്കു കയറി വന്നു.
‘എങ്ങനെയൊണ്ട് നമ്മുടെ കുട്ടി? ഇഷ്ടപ്പെട്ടോ?’
അവര്‍ ചോദിച്ചു.
‘എനിക്കിഷ്ടക്കേടൊന്നുമില്ല..’
അവന്‍ മറുപടി പറഞ്ഞു.

അന്ന് രാത്രി വീണ്ടും വിളിച്ചപ്പോള്‍ അവന്‍ മനസിലെ നെഗറ്റീവ് ചിന്തകളും വ്യാകുലതകളും മുഴുവനും തുറന്നു. വിവാഹശേഷം കുടുംബത്തിലെ പുതിയ അതിഥിയുടെ മുന്നില്‍ വെച്ച് അമ്മയും അച്ഛനും സഹോദരങ്ങളും എന്നെപ്പോലുള്ള കൂട്ടുകാരും തമ്മിലുള്ള പെരുമാറ്റത്തില്‍ വരുന്ന ഔപചാരികതകളും മൗനങ്ങളും സ്വതസിദ്ധമായ ഒഴുക്കില്ലായ്മയൊക്കെയുമായിരുന്നു അവന്റെ വ്യാകുലതകളില്‍ പ്രധാനവും. അവളുടെ മുന്നില്‍ ഞങ്ങളെല്ലാം ഞങ്ങളുടെ ലോകത്തു നിന്ന് മാറി സോക്രട്ടീസുമാരും അരിസ്‌റ്റോട്ടില്‍മാരും സിനിമകളിലെ ജെന്റില്‍മാന്‍മാരുമാവാന്‍ ശ്രമിക്കുമല്ലോ എന്ന പേടി വേറെയും.
‘ഞങ്ങള്‍ ഞങ്ങളുടെ വികാരങ്ങളും വിചാരങ്ങളും സന്തോഷങ്ങളും എന്നും പ്രതിഫലിപ്പിച്ചു കൊണ്ടു തന്നെയിരിക്കും..’
ഒടുവില്‍ ഞാന്‍ മറുപടി പറഞ്ഞു.
പിന്നെയും അവന്‍ കൊച്ചുകുട്ടികളെപ്പോലെ സംശയം പ്രകടിപ്പിച്ചപ്പോള്‍ ഞാന്‍ ഫോണ്‍ കട്ടും ചെയ്തു. എന്റെ ഫോണ്‍ കട്ടു ചെയ്തുകൊണ്ടുള്ള ബട്ടണമര്‍ത്തുന്ന സ്വരം അവനെ കൂടുതല്‍ വേദനിപ്പിച്ചിരിക്കും, തീര്‍ച്ച.
അവന്റെ വിഷമങ്ങളും ദു:ഖങ്ങളും ഏറ്റുപറയാനുള്ള അനേകരില്‍ എനിക്കേതായാലും ഒരു മുന്തിയ സ്ഥാനമുണ്ട്. അവന്റെ മനസില്‍ ഞാന്‍ അവന്റെ വിശ്വസിക്കാവുന്ന ഏറ്റവുമടുത്ത സുഹൃത്താണ്. എന്റെ വിജയങ്ങളില്‍ അവന്‍ ആത്മാര്‍ഥമായി സന്തോഷിക്കുകയും തോല്‍വികളില്‍ എന്നേക്കാള്‍ വേദനിക്കുകയും ചെയ്യുന്നു. എന്റെ തന്നെ ഹൃദയത്തിന്റെ ഒരു ഭാഗം. അഥവാ, അവന്റെ ഹൃദയത്തിന്റെ ഒരു ഭാഗമാണ് ഞാന്‍. സിഗ്മണ്ട് ഫ്രോയ്ഡ് ജീവിച്ചിരിപ്പുണ്ടെങ്കില്‍ അദ്ദേഹത്തിന് പ്രിയപ്പെട്ട പരീക്ഷണവസ്തുവാവാനുള്ള എല്ലാ ഗുണങ്ങളും അവനിലുണ്ട്.

കല്യാണത്തിന് സമ്മതിപ്പിക്കാന്‍ അവന്റെ വീട്ടുകാര്‍ നിര്‍ബന്ധിച്ചതും എന്നെ വിളിച്ചു തന്നെ. അവന് ഈ ലോകത്തില്‍ ഏറ്റവും ബന്ധമുള്ള ഞാന്‍ പറഞ്ഞാല്‍ അവന്‍ സമ്മതിക്കുമത്രേ. ‘ഞാന്‍ അവനോട് പോയി കിണറ്റില്‍ ചാടാന്‍ പറഞ്ഞാലും അവന്‍ കേള്‍ക്കുമത്രേ.’ അവന്റെ അമ്മയ്ക്ക് ഒരു സംശയവുമില്ല. പണ്ടു തൊട്ടേയുള്ള ഞങ്ങളുടെ ഇണ പിരിയാത്ത കൂട്ടുകൂടലായിരിക്കാം അവരുടെ മനസില്‍. ഇണങ്ങുമ്പോള്‍ അകലാന്‍ ദൂരമില്ലാത്ത വണ്ണം അടുക്കുന്നവരും പിണങ്ങിയാല്‍ കൈയില്‍ കിട്ടിയതെന്തും കൊണ്ട് ചീറിയടിക്കുകയും ചെയ്യുന്നവരായിരുന്നല്ലോ, ഞങ്ങളിരുവരും. ഒരിക്കല്‍, എനിക്കിന്നും ഓര്‍മയുണ്ട്, എന്തിനായിരുന്നു പിണങ്ങിയതെന്നറിയില്ല, പക്ഷേ ആ പിണക്കത്തിനു പതിലിലും കവിഞ്ഞ വാശിയും വൈരാഗ്യവുമുണ്ടായിരുന്നു. അവന്റെ വീടിന്റെ പിന്നാമ്പുറമായിരുന്നു ലൊക്കേഷന്‍. കലഹത്തിന്റെ ഒടുവില്‍ വാക്കേറ്റമായി. വാക്കേറ്റം മൂത്ത് അടിയായി. കൈയ്യാങ്കളിക്കിടയില്‍ അവന്റെ കൈയ്യില്‍ കിട്ടിയത് പീഠമാണ്. അടുക്കളയില്‍ വെച്ച് അവന്റെ അമ്മ കാബേജും ബീന്‍സും പയറുമൊക്കെ ഈ പീഠത്തിലിരുന്നാണ് അരിയാറ്. നല്ല കരിവീട്ടി കൊണ്ടുണ്ടാക്കിയത്.
അവന്‍ അതെടുത്ത് എന്റെ തല ലക്ഷ്യമാക്കി തന്നെ അടിച്ചു. തല പൊട്ടി ചോരയൊഴുകാന്‍ തുടങ്ങി. എന്റെ കരച്ചില്‍ വികൃതസ്വരത്തില്‍ മുഴങ്ങിയപ്പോള്‍ അവന്റെ അമ്മയും എന്റെ വീട്ടുകാരുമൊക്കെ ഓടിയെത്തി. അല്‍പാല്‍പമായി മറയാന്‍ തുടങ്ങിയ ബോധക്കാഴ്ചകള്‍ക്കിടയില്‍ അവരുടെ പരിഭ്രമം വ്യക്തമായും മനസില്‍ നിറഞ്ഞു.
അവന്‍ അപ്പോള്‍ ശരിക്കും പേടിച്ചു കരയുകയായിരുന്നു. കലഹത്തിന്റെ മൂര്‍ധന്യത്തില്‍ കയ്യില്‍ കിട്ടിയതെടുത്ത് അടിച്ചു. ശരി തന്നെ. പക്ഷേ, ഇത്രയൊന്നും പാവം പ്രതീക്ഷിച്ചിരുന്നില്ല. എന്നേക്കാള്‍ വേദനയോടെ കരഞ്ഞ് തളര്‍ന്ന് അവന്‍ എനിക്കരികില്‍ ഇരുന്നു. അവന്റെ കരച്ചില്‍ എനിക്ക് ബോധം തെളിയുവോളവും തുടര്‍ന്നു. അവന്റെ കുറ്റബോധം തീര്‍ത്തത് അന്ന് ഉച്ചയ്ക്ക് ചോറിനൊപ്പം ലഭിച്ച പൊരിച്ചതും വരട്ടിയതുമായ മീന്‍കഷണങ്ങള്‍ ഒരു സ്റ്റീല്‍ പാത്രത്തില്‍ ആരും കാണാതെ അടുക്കിപ്പിടിച്ച് എനിക്ക് കൊണ്ടു വന്നു തന്നാണ്. പിന്നീടൊരിക്കലും ഞങ്ങള്‍ തല്ലുകൂടിയിട്ടില്ല.

അതിനു ശേഷം സ്‌കൂളില്‍ കളിയ്ക്കിടെ വീണ് കാല്‍മുട്ടിന് പരിക്കേറ്റപ്പോഴും ഉമ്മറത്തേക്ക് അതിഥികള്‍ക്ക് ഹോര്‍ലിക്‌സുമായി പോവുകയായിരുന്ന ഉമ്മയെ കൂട്ടിമുട്ടി ചൂടുള്ള ഹോര്‍ലിക്‌സ് തുള്ളികള്‍ നെഞ്ചില്‍ വീണപ്പോഴും എന്റെ വിശ്രമവേളകളില്‍ മറ്റാരേക്കാളും കൂടെ ചെലവഴിച്ചത് അവനായിരുന്നു. എസ് എസ് എല്‍ സി മൂന്നാമതും തോറ്റതോടെ പഠനം നേരത്തേ ഉപേക്ഷിച്ച് മെര്‍ക്കാറയിലേക്ക് കച്ചവടത്തിന് പോയ അവന്‍ നാട്ടില്‍ വരുമ്പോഴെല്ലാം വല്ല സമ്മാനങ്ങളും എനിക്ക് കൊണ്ടുവരുമായിരുന്നു. ഒരു ഹീറോ പെന്‍, ടാറ്റൂ സ്റ്റിക്കര്‍, ഫെയര്‍ ആന്റ് ലവ്‌ലി, മുടി ചോപ്പിക്കുന്ന ക്രീം, പാന്റ്‌സ്, ജെട്ടി, ഷാംപൂകള്‍.. ഇവയൊക്കെയും എന്റെ സ്വകാര്യനിക്ഷേപത്തിലെ വില പിടിപ്പുള്ള വസ്തുക്കളായിരുന്നു. ഇവയേറ്റു വാങ്ങുമ്പോള്‍ പലപ്പോഴും സ്വര്‍ഗഖജനാവിന്റെ കവാടത്തില്‍ എല്ലാം വെട്ടിപ്പിടിക്കാനായി ഒരുമ്പെട്ടു നില്‍ക്കുന്ന മാനസികാവസ്ഥയിലാവും ഞാന്‍.

കല്യാണദിവസമായി. അന്നും അവന്‍ പതിവുപോലെ സംശയാകുലനായി തന്നെയായിരുന്നു. ‘ഡാ, പുതിയ മെംബര്‍ വരുമ്പോള്‍ നിങ്ങള്‍ പഴയതു പോലെ തന്നെയായിരിക്കില്ലേ?’
അവന്‍ അവസാനനിമിഷവും ചോദിച്ചു. താലി കെട്ടാനായി അപ്പോള്‍ കാരണവന്‍മാര്‍ വിളിക്കുന്നതും മുഹൂര്‍ത്തമായെന്ന മട്ടില്‍ ആംഗ്യം കാണിക്കുന്നതും പശ്ചാത്തലത്തില്‍ കാണാം.
‘പുതിയ മെംബര്‍ വരാന്‍ നിന്റെ വീട് പാര്‍ലമെന്റൊന്നുമല്ലല്ലോ? പതിവുപോലെ ഞങ്ങള്‍ കളിയും ചിരിയും തുടരും. പുതിയ മെംബറെ പതിവിലും വിപരീതമായി ഹാര്‍ദവമായി സ്വീകരിക്കും..’
ഞാന്‍ അവനെ കല്യാണപ്പന്തലിലേക്ക് തള്ളിവിട്ടു. മുഹൂര്‍ത്തങ്ങള്‍ക്കും മൂന്നുപ്രാവശ്യം വലം വെച്ചതിനും ശേഷം അവന്‍ പുതുജീവിതത്തിലേക്കു പ്രവേശിക്കുന്ന മിഴികളോടെ വന്നു നിന്നതും എന്റെ മുന്നില്‍ തന്നെ. നിറമിഴികളോടെ.
‘എല്ലാവര്‍ക്കും കൈ കൊടുക്ക്. വെറുതേ എന്റെയതുത്ത് നിന്ന് ചുറ്റിത്തിരിയാതെ..’
ഞാന്‍ അവന്റെ ചെവിയില്‍ ആരും കാണാതെ, കേള്‍ക്കാതെ പറഞ്ഞു.
‘ഞാന്‍.. നീയാണ് എന്റെ ഗുരു. നീയാണ് എന്നെ കല്യാണം കഴിപ്പിച്ചത്. ഈ ഉപകാരം ഞാന്‍ എങ്ങനെ തിരിച്ചു തരുമെടാ നിനക്ക്? ’
അവന്‍ അന്നു തിരിച്ച് എന്റെ ചെവിയില്‍ പറഞ്ഞതിന്റെ അര്‍ഥവും ആശയവും എനിക്കിപ്പോഴും മനസിലായിട്ടില്ല. എങ്കിലും, ഒരു കാര്യം. അപ്പോള്‍ അവന്റെ കണ്ണുകള്‍ വര്‍ഷകാലത്ത് ഇടവേളയ്ക്കു ശേഷം പെയ്യാന്‍ തുടങ്ങിയ മഴമേഘങ്ങളിലേക്ക് രൂപാന്തരം പ്രാപിച്ചിരുന്നു.

 പിന്നീട് വെറുതെയിരിക്കുമ്പോഴെല്ലാം ചിന്തകളുടെ വേലിയേറ്റത്തില്‍ പലപ്പോഴും തോന്നിപ്പോയിട്ടുണ്ട്, ഒരു ആര്‍ടിക് ടേണ്‍ ആയാലെന്തെന്ന്? അങ്ങനെയെങ്കില്‍ ഒരു ഇടവേളയ്‌ക്കെങ്കിലും മരിച്ചതു പോലെ പിരിഞ്ഞ് വീണ്ടും അപ്രതീക്ഷിതമായി തിരിച്ചെത്താമല്ലോ, എന്റെ പ്രിയ ചങ്ങാതിയുടെ അടുത്തേക്കു തന്നെ.

1 comment:

  1. ചെറുപ്പത്തിന്റെ കുതൂഹലങ്ങള്‍ നന്നായി കുറിച്ചു...ഒടുവില്‍ കറുത്ത 'ചെണ്ടബാഗില്‍' നിന്ന് പുറത്തെടുത്ത സമ്മാനങ്ങള്‍ ഹൃദ്യമായി ..കാപട്യമില്ലാത്ത കാലത്തെ ആത്മാര്‍ത്ഥ ബന്ധങ്ങളുടെ കഥ ...

    ReplyDelete