Tuesday, August 14, 2012

ബാബാ രാംദേവിന് ഭാരതരത്‌നം കൊടുക്കണം


ബാബാ രാംദേവിന് ഭാരതരത്‌നം കൊടുക്കണം


സ്വയം ഏതോ റസല്‍ ക്രോ സിനിമയിലെ നായകനാണെന്ന തോന്നലാണ് നമ്മുടെ സ്വാമി ബാബാ രാംദേവിന്. അല്ലെങ്കില്‍ അഴിമതിയ്‌ക്കെതിരെ സദാ പോരാടുന്ന നമ്മുടെ കോടീശ്വരന്‍ ഫെയിം സുരേഷ് ഗോപിയെങ്കിലുമാവണവണമെന്ന് അതിയായ ആഗ്രഹമുണ്ട്. കോടീശ്വരന്‍ മുദ്രയുണ്ടോ കൈയ്യിലെന്ന് ചോദിച്ചാല്‍ കൈയ്യും വയറും തലയുമൊക്കെ കൊണ്ട് ഒരു അഭ്യാസമാണ്. ചിലപ്പോള്‍ ആ തല വയറിനകത്തേക്ക് കയറിപ്പോവുകയും കാല്‍ തലയ്ക്കു പകരം ഉയര്‍ന്നുവരുകയുമൊക്കെ ചെയ്യും. വല്ലാത്ത പടപ്പാണ്. ഇതുപോലൊരു സാധനം രാജ്യത്ത് ഒന്നേയുള്ളൂ എന്നത് മാത്രമാണ് ഒരു ആശ്വാസം.
ഇടയ്ക്കിടെ ഡല്‍ഹിയില്‍ കള്ളപ്പണം പിടിച്ചെടുക്കുക, അഴിമതി തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സത്യാഗ്രഹമിരിക്കുകയാണ് മൂപ്പരുടെ പ്രധാന ഹോബി. ഇതിനു മുമ്പ് ബ്രിട്ടീഷുകാര്‍ക്കെതിരെ ഇതുപോലൊന്ന് നടത്തിയ ഏതോ ഒരു ഗാന്ധി എന്നുപറയുന്നയാളാണത്രേ മാതൃക. പേരിനൊപ്പം ഗാന്ധിയെന്നോ പുള്ളിയുടെ അനിയനായ നെഹ്‌റുവെന്നോ ചേര്‍ക്കാന്‍ പഞ്ചായയത്തില്‍ അപേക്ഷിച്ചിട്ടുമുണ്ട്. സ്വന്തം കൈയ്യിലെ അഴിമതിപ്പണം പിടിക്കപ്പെടാതിരിക്കാനാണ് ഈ പെടാപ്പാടെന്ന് ആരോപിക്കുന്നവരോട് അസൂയക്ക് മരുന്നില്ലെന്ന മറുവാക്കേ പറയാനുള്ളൂ. നിങ്ങളെയൊക്കെ ഈശ്വരന്‍ ചോറും തന്ന് ഇരുട്ടത്താക്കും. തീര്‍ച്ച!
ശതകോടികള്‍ കൈയ്യിലുണ്ടായിട്ടും സാമൂഹപ്രതിബന്ധതയ്ക്കു വേണ്ടി പോരാടുന്ന തനിക്ക് ഭാരതരത്‌നം തരാത്ത രാജ്യത്തോടും കോണ്‍ഗ്രസ് സര്‍കാരിനോടും തീര്‍ത്താല്‍ തീരാത്ത ഈര്‍ഷ്യയുമുണ്ട്. മര്യാദയ്‌ക്കൊന്ന് ഉപവാസമിരിക്കാന്‍ വരെ സമ്മതിക്കാത്ത ദുഷ്ടന്‍മാരാണെന്നേ. അടുത്ത ഇലക്ഷനില്‍ ഒരൊറ്റ കോണ്‍ഗ്രസ് എം എല്‍ എ വരെ പാര്‍ലമെന്റ് കടക്കാതിരിക്കാനുള്ള മരുന്നും മന്ത്രവുമൊക്കെ കൈവശമുണ്ട്. പിന്നെ പാവം വിചാരിച്ച് പ്രയോഗിക്കുന്നില്ല എന്നേ ഉള്ളൂ. ഇതുപോലൊരു വേദനിക്കുന്ന കോടീശ്വരനെ മഷിയിട്ടു നോക്കിയാല്‍ പോലും കിട്ടില്ലെന്ന് നേരത്തെ തിരിച്ചറിഞ്ഞ ബി ജെ പിക്കാരോട് മാത്രമാണ് അല്‍പമെങ്കിലും കടപ്പാട്. പിന്നെ ദേഹത്തുള്ള പാടോ? അത് കഴിഞ്ഞ രാംലീലാ മൈതാനം വക ഫൈവ് സ്റ്റാര്‍ ഉപവാസത്തില്‍ മന്‍മോഹന്റെ പോലീസ് തന്നതാണെന്നേ. പാവം വിചാരിച്ച് അവരേയും വെറുതെ വിട്ടു. അല്ലെങ്കില്‍ രാജ്യം തന്നെ ഞാന്‍ ശപിച്ച് ഇല്ലാതാക്കിയേനേ.. ഞാനാരാ മോന്‍!








No comments:

Post a Comment