മാഹി, മോണ്‍ഷ്യുമാരുടേയും കലാകാരന്‍മാരുടേയും നാട്.
മാഹി.
അഥവാ മയ്യഴി.
മോണ്‍ഷ്യുമാരുടേയും കലാകാരന്‍മാരുടേയും നാട്.
വടകരയ്ക്കും തലശേരിയ്ക്കുമിടയില്‍ മയ്യഴിപ്പുഴയുടെ തീരത്ത് യഥേഷ്ടം സൗന്ദര്യം വിടര്‍ത്തി മുടി തോര്‍ത്തുന്നവള്‍. ഒരു ഫ്രഞ്ച് കോളനിയുടെ മുഖച്ഛായയില്‍ നിന്നു ഏറെക്കൂറെ മോചിതയായെങ്കിലും ഇന്നും അതിന്റെ തിരുശേഷിപ്പുകള്‍ പൂര്‍ണമായും അകന്നെന്നു പറയുക വയ്യ. 1721 ലാണ് കണ്‍ട്രാന്റ് ഫ്രാന്‍സിസ് മാഹി, മാഹിയിലെത്തി ഫ്രഞ്ച് അധീനതയുടെ ആദ്യചുവടുകള്‍ വെച്ചത്. 1721 മുതല്‍ 1954 വരെ തുടര്‍ന്നു മാഹിയിലെ ഫ്രഞ്ച് അധീനത. 1947 ല്‍ സ്വാതന്ത്ര്യം കിട്ടിയിട്ടും വീണ്ടും ആറുവര്‍ഷം കൂടി നീണ്ടുനിന്നു ഫ്രാന്‍സ് ആധിപത്യമെന്നു ചുരുക്കം. കേരളത്തിലാണെങ്കിലും, സംസാരഭാഷ മലയാളം തന്നെയാണെങ്കിലും പോണ്ടിച്ചേരി സംസ്ഥാനത്തിന്റെ ഭാഗമാണ് ഇന്ന് മാഹി. പഴയ കാല കെട്ടിടങ്ങളും കൊളോണിയലിസത്തിന്റെ ചില ശേഷിപ്പുകളും ഇപ്പോഴും ഇവിടെ കാണാം. മദ്യവും പെട്രോളും വില കുറച്ചു കിട്ടുന്നതു കൊണ്ട് ഇവിടെ ദീര്‍ഘയാത്രയ്ക്കിടയില്‍ ഒന്നിറങ്ങാന്‍ ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റപ്പെടുത്താനും കഴിയില്ല.
ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ തിറ മഹോത്‌സവങ്ങളുടേയും മറ്റ് ആഘോഷങ്ങളുടേയും സമയത്ത് ഇവിടം സന്ദര്‍ശിക്കുന്നതാണ് ഉത്തമം. മലബാറിലെ ചരിത്രപ്രധാനമായ മാഹിപ്പള്ളി എന്നറിയപ്പെടുന്ന സെന്റ് തെരേസാസ് പള്ളി മാഹിയുടെ ഹൃദയഭാഗത്തു തന്നെയാണ് സ്ഥിതി ചെയുന്നത്. ഫ്രഞ്ച് കാലത്താണ് ഇതു പണിതത്. എല്ലാ വര്‍ഷവും ഒക്‌ടോബറില്‍ നടക്കുന്ന ഉത്‌സവത്തില്‍ എല്ലാ മതവിഭാഗക്കാരും പങ്കെടുക്കുന്നു. ഇതിനെപ്പറ്റിയുള്ള ഐതിഹ്യം ശ്രദ്ധേയമാണ്. പണ്ട് അറബിക്കടലിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു കപ്പല്‍ മാഹിത്തീരത്തെത്തിയപ്പോള്‍ പെട്ടെന്ന് നിന്നു. ക്യാപ്റ്റന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കപ്പല്‍ മുന്നോട്ടെടുക്കാന്‍ കഴിഞ്ഞില്ല. അപ്പോഴാണ് കപ്പലില്‍ മാഹിദേവതയുടെ പ്രതിമ അലസമായി വെച്ചത് കാണുന്നത്. അത് യഥാവിധി പ്രതിഷ്ഠിച്ചതിനു ശേഷം മാത്രമാണ് പിന്നെ കപ്പല്‍ മുന്നോട്ടു പോയത്.
കോട്ടകളുടെ നാടു കൂടിയാണ് മാഹി. തച്ചോളി ഒതേനന്റെ കോട്ട, ചെറുകല്ലായിയിലുള്ള സെന്റ് ജോര്‍ജ് കോട്ട തുടങ്ങി ചരിത്രപ്രാധാന്യമുള്ള നിരവധി കോട്ടകളുണ്ട് ഇവിടെ. സെന്റ് ജോര്‍ജ് കോട്ടയില്‍ നിന്ന് മാഹിയുടെ മുഴുവന്‍ ഭാഗവും ഭംഗിയായി കാണാം. കണ്ണൂര്‍ ജില്ലയിലെ ഏക ആര്‍ട് ഗാലറിയായ മാഹി കലാഗ്രാമം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. മാഹിയില്‍ നിന്നും 14 കിമീ അകലെയാണ് മുഴപ്പിലങ്ങാട് ബീച്ച്.
മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ വെച്ചാണ് എം മുകുന്ദന്റെ വിഖ്യാതകഥാപാത്രങ്ങളായ ദാസന്‍ തുമ്പികള്‍ക്കൊപ്പം നടന്നത്. ഇവിടത്തെ ടാഗോര്‍ പാര്‍ക്കിലിരുന്നാല്‍ മാഹിപ്പാലത്തിന്റെയും മയ്യഴിയുടേയും മനോഹരദൃശ്യം കാണാം. ആസ്വദിക്കാം. ഈ നോവല്‍ വായിച്ച് ഇവിടെയെത്തിയവരും നിരവധി!
എല്ലാ സീസണിലും മാഹി സുന്ദരമാണ്.
No comments:
Post a Comment