Thursday, August 30, 2012

മാഹി, മോണ്‍ഷ്യുമാരുടേയും കലാകാരന്‍മാരുടേയും നാട്.


മാഹി, മോണ്‍ഷ്യുമാരുടേയും കലാകാരന്‍മാരുടേയും നാട്.

മാഹി.
അഥവാ മയ്യഴി.
മോണ്‍ഷ്യുമാരുടേയും കലാകാരന്‍മാരുടേയും നാട്.
വടകരയ്ക്കും തലശേരിയ്ക്കുമിടയില്‍ മയ്യഴിപ്പുഴയുടെ തീരത്ത് യഥേഷ്ടം സൗന്ദര്യം വിടര്‍ത്തി മുടി തോര്‍ത്തുന്നവള്‍. ഒരു ഫ്രഞ്ച് കോളനിയുടെ മുഖച്ഛായയില്‍ നിന്നു ഏറെക്കൂറെ മോചിതയായെങ്കിലും ഇന്നും അതിന്റെ തിരുശേഷിപ്പുകള്‍ പൂര്‍ണമായും അകന്നെന്നു പറയുക വയ്യ. 1721 ലാണ് കണ്‍ട്രാന്റ് ഫ്രാന്‍സിസ് മാഹി, മാഹിയിലെത്തി ഫ്രഞ്ച് അധീനതയുടെ ആദ്യചുവടുകള്‍ വെച്ചത്. 1721 മുതല്‍ 1954 വരെ തുടര്‍ന്നു മാഹിയിലെ ഫ്രഞ്ച് അധീനത. 1947 ല്‍ സ്വാതന്ത്ര്യം കിട്ടിയിട്ടും വീണ്ടും ആറുവര്‍ഷം കൂടി നീണ്ടുനിന്നു ഫ്രാന്‍സ് ആധിപത്യമെന്നു ചുരുക്കം. കേരളത്തിലാണെങ്കിലും, സംസാരഭാഷ മലയാളം തന്നെയാണെങ്കിലും പോണ്ടിച്ചേരി സംസ്ഥാനത്തിന്റെ ഭാഗമാണ് ഇന്ന് മാഹി. പഴയ കാല കെട്ടിടങ്ങളും കൊളോണിയലിസത്തിന്റെ ചില ശേഷിപ്പുകളും ഇപ്പോഴും ഇവിടെ കാണാം. മദ്യവും പെട്രോളും വില കുറച്ചു കിട്ടുന്നതു കൊണ്ട് ഇവിടെ ദീര്‍ഘയാത്രയ്ക്കിടയില്‍ ഒന്നിറങ്ങാന്‍ ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റപ്പെടുത്താനും കഴിയില്ല.
ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ തിറ മഹോത്‌സവങ്ങളുടേയും മറ്റ് ആഘോഷങ്ങളുടേയും സമയത്ത് ഇവിടം സന്ദര്‍ശിക്കുന്നതാണ് ഉത്തമം. മലബാറിലെ ചരിത്രപ്രധാനമായ മാഹിപ്പള്ളി എന്നറിയപ്പെടുന്ന സെന്റ് തെരേസാസ് പള്ളി മാഹിയുടെ ഹൃദയഭാഗത്തു തന്നെയാണ് സ്ഥിതി ചെയുന്നത്. ഫ്രഞ്ച് കാലത്താണ് ഇതു പണിതത്. എല്ലാ വര്‍ഷവും ഒക്‌ടോബറില്‍ നടക്കുന്ന ഉത്‌സവത്തില്‍ എല്ലാ മതവിഭാഗക്കാരും പങ്കെടുക്കുന്നു. ഇതിനെപ്പറ്റിയുള്ള ഐതിഹ്യം ശ്രദ്ധേയമാണ്. പണ്ട് അറബിക്കടലിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു കപ്പല്‍ മാഹിത്തീരത്തെത്തിയപ്പോള്‍ പെട്ടെന്ന് നിന്നു. ക്യാപ്റ്റന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കപ്പല്‍ മുന്നോട്ടെടുക്കാന്‍ കഴിഞ്ഞില്ല. അപ്പോഴാണ് കപ്പലില്‍ മാഹിദേവതയുടെ പ്രതിമ അലസമായി വെച്ചത് കാണുന്നത്. അത് യഥാവിധി പ്രതിഷ്ഠിച്ചതിനു ശേഷം മാത്രമാണ് പിന്നെ കപ്പല്‍ മുന്നോട്ടു പോയത്.
കോട്ടകളുടെ നാടു കൂടിയാണ് മാഹി. തച്ചോളി ഒതേനന്റെ കോട്ട, ചെറുകല്ലായിയിലുള്ള സെന്റ് ജോര്‍ജ് കോട്ട തുടങ്ങി ചരിത്രപ്രാധാന്യമുള്ള നിരവധി കോട്ടകളുണ്ട് ഇവിടെ. സെന്റ് ജോര്‍ജ് കോട്ടയില്‍ നിന്ന് മാഹിയുടെ മുഴുവന്‍ ഭാഗവും ഭംഗിയായി കാണാം. കണ്ണൂര്‍ ജില്ലയിലെ ഏക ആര്‍ട് ഗാലറിയായ മാഹി കലാഗ്രാമം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. മാഹിയില്‍ നിന്നും 14 കിമീ അകലെയാണ് മുഴപ്പിലങ്ങാട് ബീച്ച്.
മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ വെച്ചാണ് എം മുകുന്ദന്റെ വിഖ്യാതകഥാപാത്രങ്ങളായ ദാസന്‍ തുമ്പികള്‍ക്കൊപ്പം നടന്നത്. ഇവിടത്തെ ടാഗോര്‍ പാര്‍ക്കിലിരുന്നാല്‍ മാഹിപ്പാലത്തിന്റെയും മയ്യഴിയുടേയും മനോഹരദൃശ്യം കാണാം. ആസ്വദിക്കാം. ഈ നോവല്‍ വായിച്ച് ഇവിടെയെത്തിയവരും നിരവധി!
എല്ലാ സീസണിലും മാഹി സുന്ദരമാണ്.





Sunday, August 26, 2012

തട്ടത്തിന്‍ മറയത്ത് തലശേരി


തട്ടത്തിന്‍ മറയത്ത് തലശേരി


സഹൃദയരായ തലശേരി നിവാസികള്‍ റോഡ് മുറിച്ചു കടക്കുന്ന സ്‌റ്റൈല്‍ നോക്കിനില്‍ക്കണം. ലോഗന്‍സ് റോഡിലും എ വി കെ നായര്‍ റോഡിലും ഷെപ്പേര്‍ഡ് റോഡിലുമല്ലാം എത്ര തിരക്കുണ്ടെങ്കിലും ഒരു കൂസലുമില്ലാതെ ‘സ്മാര്‍ട് ബോയ്‌സാ’യി റോഡ് മുറിച്ചുകടക്കും. ‘ഇബിടെ വണ്ടിക്കാരേക്കാള് ബെല ഞമ്മക്കാപ്പാ..!’ സംശയിക്കുന്നവരോട് ‘നടരാജന്‍’മാര്‍ പറയുകയും ചെയ്യും. ഇതുകൊണ്ട് ട്രാഫിക് കുരുക്കുണ്ടാവില്ലേ എന്ന സംശയങ്ങള്‍ക്ക് മറുപടി പറയുന്നത് ടൗണിലെ ജനമൈത്രി പോലീസ് സ്‌റ്റേഷനെന്നറിയപ്പെടുന്ന ട്രാഫിക് സ്‌റ്റേഷനിലെ സാറന്‍മാരാണ്. ഹെരിറ്റേജ് ബില്‍ഡിങ് ഗണത്തില്‍ വരുന്നതാണ് ഈ സ്‌റ്റേഷന്‍ കെട്ടിടം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന സ്ഥലമാണെങ്കിലും, തീരേ മെലിഞ്ഞ റോഡുകളാണെങ്കിലും ഒരുവിധപ്പെട്ട കുരുക്കെല്ലാം അഴിക്കാന്‍ തങ്ങള്‍ തന്നെ ധാരാളമെന്ന് സ്‌റ്റേഷനിലെ ഏക വനിതാ മെംബര്‍ വസന്തയും എസ് ഐ ശങ്കുണ്ണി സാറടക്കമുള്ളവരും പറയുന്നു. സിനിമയിലേതു പോലെ മുടി കുത്തനെ വെക്കുന്ന ചെത്തുപിള്ളേരടക്കമുള്ളവരെ ഹെല്‍മെറ്റ് വെപ്പിക്കുന്ന ശീലവുമുണ്ട് ഇവര്‍ക്ക്. ‘ഇന്നാളൊരിക്കല് ബ്രണ്ണന്‍ കോളേജില് പഠിക്ക്ന്ന ഒരു ചെക്കനെ നമ്മള് പൊക്കിയിരുന്ന്..’എസ് ഐ ഒരു തലശേരി ഹെല്‍മറ്റ് കഥ പറയാനാരംഭിച്ചു. ‘ഒന്ന് പേടിപ്പിക്ക്ന്ന കൂട്ടത്തില്‍ ഓന്റെ അച്ഛന്റെ ജോലിയെക്കുറിച്ചും ചോദിച്ചു. ഓന്‍ പറഞ്ഞു, അച്ഛന് അഗ്രികള്‍ചര്‍ ഡിപാര്‍ട്‌മെന്റില് എക്യുപ്‌മെന്റ് മാനുഫാക്ചറിങ് ബിസിനസാണെന്ന്. അന്വേഷിച്ചപ്പോഴല്ലേ അറീന്നത്, മുഴപ്പിലങ്ങാട്ടെ അനക്ക് പരിചയംള്ള, കത്തിയും കലപ്പയും കൊടുവാളുമൊക്കെ റോഡ്‌സൈഡീന്ന് വില്‍ക്ക്ന്ന കത്തി ഭാസ്‌ക്കരന്റെ മോനാന്ന്. ഒര് കണക്കിന് ചെക്കന്‍ പറഞ്ഞത് ശരിയുമാ.. ഓനൊന്ന് ഇംഗ്ലീഷില് മൊഞ്ചാക്കീന്നേ ള്ളൂ..’ എസ് ഐ യുടെ ചിരിക്കൊപ്പം കോണ്‍സ്റ്റബിള്‍മാരും ചേര്‍ന്നതോടെ സിനിമകളില്‍ കണ്ടുപരിചയിച്ച ജനമൈത്രി പോലീസ് സ്‌റ്റേഷന്‍ ഉണര്‍ന്നു, തലശേരിയും.
കല്ലുമ്മക്കായും തലശേരിച്ചിരിയും
തട്ടത്തിന്‍ മറയത്ത് തലശേരിയില്‍ കാഴ്ചകളേറെയുണ്ട്. തലശേരി ഭാഷയുടേയും കാഴ്ചകളുടേയും സൗന്ദര്യം പതിയെ തുടങ്ങി പിന്നീട് ആഞ്ഞടിച്ച് കൊടുങ്കാറ്റാവുന്ന ഒരു ക്രിസ് ഗെയില്‍ ട്വന്റി ട്വന്റി ഇന്നിംഗ്‌സ് പോലെ ആരിലും പെയ്തിറങ്ങും. ലിബര്‍ട്ടി പാരഡൈസില്‍ നിന്ന് നൂണ്‍ ഷോ കണ്ട് ഇറങ്ങുന്ന മൊഞ്ചത്തികളാരും ഫോട്ടോയ്ക്ക് പോസൊന്നും ചെയ്യില്ലെങ്കിലും മുഖത്തൊരു തലശേരിച്ചിരിയുടെ നാണം പതിച്ചുവെച്ചതു കാണാം.
പഴയ പ്രതാപമില്ലെങ്കിലും കടല്‍പ്പാലത്തിന്റെ ചുവടെ മീന്‍മാര്‍ക്കറ്റിനടുത്തായി കണ്ടു, കല്ലുമ്മക്കായ വില്‍ക്കുന്ന പഴയ പത്രാധിപര്‍ റഹീമിനെ. പുള്ളിയും കൂട്ടുകാരും ചേര്‍ന്ന് ‘ചലിത’ എന്ന പേരില്‍ 20 വര്‍ഷങ്ങള്‍ക്കു മുമ്പ് വടകരയില്‍ ഒരു സായാഹ്‌നപത്രമിറക്കിയിരുന്നത്രേ. ഇപ്പോള്‍ തലശേരിയുടെ സ്വന്തം കല്ലുമ്മക്കായ കച്ചവടത്തിലാണ്. പുതിയ മീന്‍ മാര്‍ക്കറ്റ് കെട്ടിടം വന്നപ്പോള്‍ അതിലേക്ക് ഇടം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഹൈക്കോര്‍ട്ടില്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് കക്ഷി. ‘അങ്ങനെയൊന്നും വിട്ട് കൊടുക്കാത്തോരാ ഞങ്ങള്.. ’ റഹീം പറയുന്നു. ‘മാഹി, തുരുത്തി, തലായ്, മുഴപ്പിലങ്ങാട്, ധര്‍മടം.. ഇതൊക്കെയാ ഈടത്തെ പ്രധാനപ്പെട്ട കല്ലുമ്മക്കായ പറിക്ക്ന്ന സ്ഥലങ്ങള്.. ഇപ്പോ ഈട്ന്ന് ഗോവേലേക്കും ബെല്യ തോത്ത്തന്നെ കയറ്റിക്കൊണ്ടോന്ന്ണ്ട്. പിന്നെ ഗള്‍ഫില്‍ പോകുന്നവര്‍ എത്രയായാലും ഇവിട്ന്ന് കിലോ കണക്കിന് കല്ലുമ്മക്കായ് കൊണ്ടുപോകും.. അതിനവര്‍ കസ്റ്റംസ് നിയമോന്നും നോക്കില്ല.. ഭയങ്കര ഇഷ്ടാ എല്ലാര്‍ക്കുമിത്. ഈടത്തെ ദേശീയഭക്ഷണം ന്നു തന്നെ പറയാം.’
ബിരിയാണിക്കു നൂറു മാര്‍ക്ക്
ഡോക്ടറുടെ അടുത്ത് പോവുന്നത് ആഘോഷമാക്കുന്നവരാണ് നാട്ടുകാര്‍. രോഗിയോടൊപ്പം കൂടെ കുടുംബം മൊത്തവുമുണ്ടാവും. തലശേരിയിലെ ഏതാണ്ട് എല്ലാ ഹോസ്പിറ്റലിനും ചുറ്റുമുള്ള തിരക്കില്‍ പകുതിയിലേറെയും രോഗിയുടെ ബന്ധുക്കളാവും. സംശയമുണ്ടെങ്കില്‍ മഞ്ഞോടിയിലെ കോ ഓപറേറ്റീവ് ഹോസ്പിറ്റല്‍ പരിസരത്തൊന്നു നോക്കൂ. ‘ഇവരില്‍ ഏതാണ്ട് പകുതിയോളവും  രോഗികളുടെ ബന്ധുക്കളാ..’ ഹെഡ് നേഴ്‌സ് സുചിത രഹസ്യം പറഞ്ഞു.
‘ഭക്ഷണത്തിന്റെ രുചിവ്യത്യാസവും ചേരുവകളും പെട്ടെന്ന് മനസിലാകുന്നവരാ നാട്ടുകാര്. എന്തെങ്കിലും  കുറവുണ്ടെങ്കില് അത് അപ്പോള്‍ തന്നെ മുഖത്ത് നോക്കി പറയും. എന്തിന്, കുക്ക് മാറുന്നതു വരെ രുചീല്ള്ള വ്യത്യാസത്തിലൂടെ കണ്ടു പിടിക്കും. തട്ടത്തിന്‍ മറയത്ത് സിനിമയിലെ ഭക്ഷണം കഴിക്കുന്ന സീനെല്ലാം ഇവിട്ന്നാണ്  എടുത്തത്..’ റാറാവീസ് ഹോട്ടലിലെ മാനേജര്‍ ഹാഷിം നാട്ടുകാരുടെ ഭക്ഷണരീതിയെ ഇങ്ങനെ വിലയിരുത്തുന്നു. തലശേരി ബിരിയാണിയെക്കുറിച്ചും ചേരുവകളെക്കുറിച്ചും വിശദീകരിക്കുന്നതിനിടെ വല്ലപ്പോഴും ഡോക്ടറെ കാണാന്‍ വരാറുള്ള അവസരങ്ങളില്‍ ഇവിടെയും കയറാറുള്ള റിയാസും നവവധു ഷാനിദയും ബിരിയാണിക്കും ചിക്കന്‍ ടിക്കയ്ക്കും നല്‍കി, നൂറു മാര്‍ക്ക്.
ക്രിക്കറ്റും ഹര്‍ത്താലും ഞങ്ങടെ കൂടപ്പിറപ്പാ..
ആദ്യകാഴ്ചയില്‍ മനോഹരവും ഗൃഹാതുരതകള്‍ നിറഞ്ഞുനില്‍ക്കുന്നതുമായ കെട്ടിടങ്ങള്‍ ഇവിടെ എമ്പാടുമുണ്ട്. തലശേരി കോട്ടയും ബ്രണ്ണന്‍ കോളജും ആസാദ് ലൈബ്രറിയും ഉപമകളിലെ ക്രിക്കറ്റ്, സര്‍ക്കസ്, കേക്ക് തുടങ്ങിയ മൂന്ന് ‘സി’കളും ശേഷിപ്പുകള്‍. ക്രിക്കറ്റ് ആദ്യമായി ഇന്ത്യയിലെത്തിച്ച തലശേരി പഴയ സ്‌റ്റേഡിയത്തിലെത്തിയപ്പോള്‍ സെന്റ് ജോസഫ് ഹൈസ്‌കൂളിലേയും ബ്രണ്ണന്‍ ഹൈസ്‌കൂളിലേയും കുട്ടികള്‍ തമ്മിലുള്ള വാശിയേറിയ ക്രിക്കറ്റ് മത്‌സരം നടക്കുകയാണ്. തലശേരി ഭാഗത്തു മാത്രമായി കണ്ടുവരുന്ന പ്രത്യേകതരം ഹര്‍ത്താലുകളുണ്ട്. സംസ്ഥാനബന്ദ് കൂടാതെ പ്രാദേശികഹര്‍ത്താലുകളും ഇവിടെ വേണ്ടുവോളം.  ‘ഞാക്ക് അധികോം ഇങ്ങനെ ലീവ് കിട്ടാറുണ്ട്. ഇന്ന് തന്നെ എബിവിപി ഹര്‍ത്താല്. കഴിഞ്ഞാഴ്ച എസ് എഫ് ഐ യുടെ ഒന്ന് ഇണ്ടേനും. പിന്നെ എടയ്ക്കിടെക്ക് ബോംബ് പൊട്ടിയേന്റെ പേരിലും രാഷ്ട്രീയക്കാരെ അറസ്റ്റ് ചെയ്‌തേന്റെ പേരിലുമെല്ലാം ഈടെ മാത്രമ്ള്ള ഹര്‍ത്താലുകള്.. അതോണ്ടെന്താ, ഞാള് സ്‌കൂള് നിക്ക്‌ന്നേനെക്കാളും കൂടുതല് ഈ സ്‌റ്റേഡിയത്തിലാ.. ’ബ്രണ്ണന്‍ ടീം ക്യാപ്റ്റന്‍ ആദര്‍ശും എതിര്‍ ക്യാപ്റ്റന്‍ അനിരുദ്ധും വയസ് പതിമൂന്നേ ആയുള്ളൂവെങ്കിലും 31 ന്റെ ഗൗരവം മുഖത്ത് കാട്ടി.
യോ യോ, വി ആര്‍ കുഗ് ഗയ്‌സ്..
ലേറ്റസ്റ്റ് ജീന്‍സ്, അറം പറ്റുന്നതും അല്ലാത്തതുമായ വാക്കുകള്‍ തുന്നിപ്പിടിപ്പിച്ച ടീ ഷര്‍ട്ട്, വിവിധ നിറങ്ങളിലുള്ള ഷൂ, വെയിലിനെ മായ്ക്കുന്ന കൂളിങ് ഗ്ലാസ്, ബോളിവുഡിനെയും ഹോളിവുഡിനേയും അസൂയപ്പെടുത്തുന്ന ഹെയര്‍, ബുള്‍ഗാന്‍ സ്‌റ്റൈലുകള്‍.. പറഞ്ഞുവരുന്നത് ലോഗന്‍സ് റോഡിലെ ചെത്തുപിള്ളേരെക്കുറിച്ചാണ്. ഫാഷന്റെ ഏറ്റവും പുതിയ വിപണിവിശേഷം വരെ ഇവരുടെ ദേഹത്ത് വായിച്ചെടുക്കാം. ‘ഹായ് ഗയ്‌സ്, വെല്‍കം ടു കുഗ് ഗയ്‌സ് വേള്‍ഡ്..’ ലോഗന്‍സ് റോഡിന്റെ റെഡീമെയ്ഡ് ഷോപ്പുകളിലൊന്നില്‍ ഷഹീറും കൂട്ടരും ഒരു ഫാഷന്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യാനുള്ള ഒരുക്കപ്പാടിലാണ്. യോ യോ സ്‌റ്റൈലിനെക്കുറിച്ചും തലശേരി ഭാഗങ്ങളിലെ കല്യാണസൊറയെക്കുറിച്ചുമൊക്കെ പറയാന്‍ അവര്‍ക്കു നൂറു നാവ്. ദഫ്മുട്ടും ബാന്റ് മേളവുമായി സജീവമായി വിജയിപ്പിച്ച കല്യാണങ്ങള്‍ നിരവധി. ഇറങ്ങാന്‍ നേരം കുഗ് ഗയ്‌സ് എന്ന പേരിനു പിന്നിലെ രഹസ്യവും വെളിപ്പെടുത്തി, ശുദ്ധ തലശേരി ഭാഷയില്‍. ‘കുഗ് ഗയ്‌സ്ന്നു വെച്ഛാല്, ഞമ്മളെ വീട് അങ്ങ് മാഹീപോന്ന റൂട്ടില് സെയ്താര്‍ പള്ളീന്ന് ലെഫ്‌റ്റോട്ട്ള്ള ടേണിങ്ങ്ന്ന് പിന്നേം ഉള്ളോട്ടാ. അത് കൊണ്ട് ഞങ്ങള് ഈടെ വരുമ്പോ, ടൗണിലെ പിള്ളേരെല്ലാം കുഗ്രാമം ടീം ന്നാ ബിളിക്കാറ്. ഇത് കേട്ട് കേട്ട് ഞങ്ങക്കൊരു ഐഡിയ തോന്നി. കുഗ്രാമത്തിലെ ഗ്രാമം എട്ത്ത് കളഞ്ഞ് ഞമ്മള് കുഗ് ഗയ്‌സ് ന്നു പേരിട്ട്. ഇപ്പോ ഈ പേരില് ഞങ്ങ്‌ള് ജെന്റ്‌സ് ഷേര്‍ട്ടും ഇറക്കീട്ട്ണ്ട്. ഈടെയും ഈനട്ത്ത്ള്ള പ്രദേശങ്ങളിലെല്ലാം ഹിറ്റാ ഇപ്പോ ഈ ഷര്‍ട്ട്. കുഗ് ഷര്‍ട്ട്‌സ്..’
ഇതുപോലെ പിന്നെയുമുണ്ട് തലശേരി ഗ്യാംഗ്‌സ് ഇഷ്ടം പോലെ. ഇവിടത്തെ ക്രിക്കറ്റ് സോഫ്റ്റ്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ സമീപപ്രദേശടീമുകളുടെ പേടിസ്വപ്നമായ റോംഗ് ബോയ്‌സും ഡേവിഡോഫ് ഗയ്‌സുമൊക്കെ ഇവയില്‍ ചിലതു മാത്രം.  സിനിമയിലെ വിനോദിന്റെയും ടീമിന്റേയും സ്മാര്‍ട് ബോയ്‌സ് പോലെ.
ആ ബ്രിട്ടീഷുകാര് തന്നെ ഇണ്ടായിരുന്നെങ്കില്..
ബസ് സ്റ്റാന്റിനടുത്തെ കേരള സര്‍ക്കാരിന്റെ ഹാന്‍വീവ് ഷോറൂം ബസ് കഴിഞ്ഞ 32 വര്‍ഷമായി ഇവിടെ പാര്‍ക്ക് ചെയ്തതു കാണാം. ബസ് സ്റ്റാന്റ് വികസിക്കുന്നതിനനുസരിച്ച് സ്ഥാനചലനം വന്ന് ഇന്ന് ദാ, ഇവിടെ വരെയായി. സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാരില്‍ ഒരു നല്ല വിഭാഗവും വെറും കൗതുകത്തിനെങ്കിലും ഈ ബസ് പടികള്‍ കയറും. ‘കാഞ്ഞങ്ങാട് നിന്നുള്ളവര്‍ക്കാണ് ഹാന്‍വീവ് കമ്പം കൂടുതല്‍. സര്‍ക്കാര്‍ ജോലിക്കാരും ബാങ്ക് ഉദ്യോഗസ്ഥരുമൊക്കെയാ സ്ഥിരം കസ്റ്റമേര്‍സ്...’ കടക്കാരന്‍ സന്തോഷ് തന്റെ 12 വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യം രേഖപ്പെടുത്തി.
‘മൈസൂര്‍ തലശേരി പാതയുടെ സര്‍വേ എടുക്കാന്‍ വന്നവരാണോ ഇങ്ങള്? ’
റെയില്‍വേയിലേയ്ക്ക് തിരിയുന്ന വളവില്‍ വെച്ച് ക്യാമറയും കൊടച്ചക്രവും കണ്ടപ്പോള്‍ ചുറ്റും കൂടിയ നാട്ടുകൂട്ടത്തിന് ചോദിക്കാനുള്ളത് ഒറ്റക്കാര്യം മാത്രം. ‘കൊല്ലം പത്തന്‍പതായി ബായീ, ഇതിനെക്കുറിച്ച് ചര്‍ച്ചകള്‍ തൊടങ്ങീറ്റ്. ആ ബ്രിട്ടീഷുകാര്‍ തന്നെ ഒരു പത്തു കൊല്ലം കൂടി ഈടെ ഇണ്ടെങ്കില് അതങ്ങ് പാസാവുവേനും.. ’അവര്‍ക്ക് യാതൊരു സംശയവുമില്ല.
തെറിവിളിയുടെ തലശേരി സ്‌റ്റൈല്‍ 
തലശേരിക്കാരുടെ തെറിവിളിയുടെ മാക്‌സിമമായ ‘നായിന്റെ മോനെ’ വിളിക്ക് ഒരു പ്രത്യേക ചന്തമാണ്. വല്ലാതെ ദേഷ്യം വരുമ്പോഴും പെരുത്തിഷ്ടം കൂടുമ്പോഴും അവര്‍ അതു തന്നെ വിളിക്കും. എ ആര്‍ റഹ്മാന്‍ കീ ബോര്‍ഡില്‍ ടോണ്‍ വ്യത്യാസം വരുത്തുന്നതു പോലെ. ഉമ്മച്ചിക്കുട്ടിയെ പ്രണയിച്ച നായരുകുട്ടി തന്റെ പ്രണയത്തിനു പച്ചക്കൊടിയും ബോര്‍ഡിങ് പാസും കിട്ടിയ വിവരം സുഹൃത്തും എസ് എഫ് ഐ നേതാവുമായ മനോജിനോട് പറയുമ്പോള്‍ മനോജിന്റെ അത്ഭുതവും ഇങ്ങനെ എക്‌സ്‌ക്ലമേറ്ററി ചിഹ്‌നത്തില്‍: ‘എട, നായിന്റെ മോനേ!’
കേരളത്തിലെ ആദ്യത്തെ ബി ഐ എസ് മുദ്ര കിട്ടിയ കുഞ്ഞിക്കണ്ണന്‍ ജ്വല്ലറിയും കഴിഞ്ഞ് ടൂറിസത്തിന്റെ പുതിയ തുരുത്തായ ഓവര്‍ബറീസ് ഫോളിയിലെത്തിയപ്പോള്‍ ക്ലാസ് കട്ട് ചെയ്തും സല്ലപിക്കാനെത്തിയ യുവമിഥുനങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നു. തലശേരിയുടെ ടൂറിസസാധ്യതകള്‍ വികസിക്കണമെന്ന് ഒരു പാട് ആഗ്രഹിച്ച പഴയ സബ് കലക്ടര്‍  ഓവര്‍ബറി സായ്പിന്റെ ചിരകാലസ്വപ്നങ്ങള്‍ക്ക് നിറം നല്‍കുന്നു!
തട്ടത്തിന്‍ മറയത്തെ സ്വപ്നങ്ങള്‍
കോളജുകളില്‍ കലോത്‌സവം തുടങ്ങാന്‍ ഇനിയുമേറെ ദിവസങ്ങള്‍ വേണം. എങ്കിലും സിനിമയിലെ ആയിഷ പഠിച്ച പാലയാട് ക്യാംപസില്‍ ഇപ്പോഴേ കലോത്‌സവ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. വരുന്ന യൂത്ത് ഫെസ്റ്റിവലില്‍ നിര്‍മലഗിരി കോളജിലേയും പയ്യന്നൂര്‍ കോളജിലെയും സര്‍ സയ്യദിലേയുമല്ലാം പിള്ളേരെ തകര്‍ക്കണം. ജ്യോതിസും ഫാത്വിമമാരും അല്‍ഫോണ്‍സും സന്ദേശും സജിലയും ഷംനയുമെല്ലാം ഈ ചര്‍ച്ചകളിലാണ്. ക്യാംപസില മരച്ചുവട്ടില്‍ ഇരുന്ന് ഇവര്‍ ഗൗരവപൂര്‍വം സിനിമയേയും വിലയിരുത്തുന്നു. ‘ഞങ്ങള്‍ ഇവിട്‌ത്തെ മുസ്‌ലിം കുട്ടികള്‍ സിനിമേലെ ആയിഷയുടെ ചേച്ചിയെപ്പോലെ അടിച്ചമര്‍ത്തലൊന്നും അനുഭവിക്ക്ന്ന്ല്ല. അതൊക്കെ പഴേ കാലത്തല്ലേ? പര്‍ദയ്ക്കുള്ളിലും തട്ടത്തിന്‍ മറയത്തുമല്ലാം ഞങ്ങളും സ്വപ്നങ്ങള്‍ കാണുകയും അത് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്..’ കൂട്ടത്തില്‍ ഫാത്വിമയുടെ കമന്റ്.
‘പിന്നെ, ആ വിനീത് ശ്രീനിവാസനെ ഒന്നു കാണാനിരിക്കുകയാ ഞങ്ങള്.. ’ജ്യോതിഷ് കലിപ്പ് തീരാത്ത സ്വരത്തില് മുറുമുറുത്തപ്പോള്‍ അതിന്റെ കാരണം വിശദീകരിച്ചത് സജില. ‘ഇവിടെ ഷൂട്ടിങ് നടക്കുമ്പോ ഇന്റേണല്‍ എക്‌സാമും കട്ടു ചെയ്താ ഞങ്ങള് അതിലെ പാസിങ് സീനിലും നായികയുടെ കൂടുകാരികളായുമൊക്കെ അഭിനയിച്ചത്. പടം വന്നപ്പോള്‍ ഒറ്റ സീനിലും ഞങ്ങളില്ല. എല്ലാം കട്ട്, കട്ട്..’ അവരൊന്നൊടങ്കം സങ്കടനിവേദനത്തില്‍ പേരെഴുതി ഒപ്പിടവേയാണ് പടത്തിലെ സിക്‌സ് പാക്ക് ഇംതിഹാസിനെ അനുസ്മരിപ്പിക്കുന്ന ബോഡി ലാംഗ്വേജുമായി ഷിനുവെത്തിയത്. ഫേസ്ബുക്കിലും മറ്റുമായി പ്രചരിക്കുന്ന തട്ടത്തിന്‍ മറയത്ത് കോമഡികളിലൊരെണ്ണം ഷിനു തന്റെ സാംസഗ് ഗ്യാലക്‌സിയില്‍ കണക്ട് ചെയ്തു. ഒരു എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ സപ്ലി കാലത്തെക്കുറിച്ചുള്ള സ്വപ്നസിനിമയുടെ ട്രൈലര്‍.
എന്‍ജിനീയറിംഗ് മറയത്ത്.












കോളേജിന്‍ വരാന്തയിലൂടെ ഞാന്‍ സൈന്‍ കിട്ടാത്ത ലാബ് റെക്കോര്‍ഡുമായി നടന്നു. എന്‍ജിനീയറിംഗില്‍ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേകതരം സപ്ലി കാറ്റുണ്ട്. അത് എന്റെ തലയിലൊക്കെ അങ്ങനെ തട്ടിതടഞ്ഞു പോകുന്നുണ്ടായിരുന്നു. ഓരോ സെമസ്റ്റര്‍ കഴിയുമ്പോഴും സപ്ലി എണ്ണം കൂടിക്കൂടി വന്നു. അന്ന് ആ വരാന്തയില്‍ വെച്ച് ഞാനുറപ്പിച്ചു, എന്‍ജിനീയറിങ് ഞാനൊരിക്കലും പാസ് ആകില്ലെന്ന്!

Tuesday, August 14, 2012

ബാബാ രാംദേവിന് ഭാരതരത്‌നം കൊടുക്കണം


ബാബാ രാംദേവിന് ഭാരതരത്‌നം കൊടുക്കണം


സ്വയം ഏതോ റസല്‍ ക്രോ സിനിമയിലെ നായകനാണെന്ന തോന്നലാണ് നമ്മുടെ സ്വാമി ബാബാ രാംദേവിന്. അല്ലെങ്കില്‍ അഴിമതിയ്‌ക്കെതിരെ സദാ പോരാടുന്ന നമ്മുടെ കോടീശ്വരന്‍ ഫെയിം സുരേഷ് ഗോപിയെങ്കിലുമാവണവണമെന്ന് അതിയായ ആഗ്രഹമുണ്ട്. കോടീശ്വരന്‍ മുദ്രയുണ്ടോ കൈയ്യിലെന്ന് ചോദിച്ചാല്‍ കൈയ്യും വയറും തലയുമൊക്കെ കൊണ്ട് ഒരു അഭ്യാസമാണ്. ചിലപ്പോള്‍ ആ തല വയറിനകത്തേക്ക് കയറിപ്പോവുകയും കാല്‍ തലയ്ക്കു പകരം ഉയര്‍ന്നുവരുകയുമൊക്കെ ചെയ്യും. വല്ലാത്ത പടപ്പാണ്. ഇതുപോലൊരു സാധനം രാജ്യത്ത് ഒന്നേയുള്ളൂ എന്നത് മാത്രമാണ് ഒരു ആശ്വാസം.
ഇടയ്ക്കിടെ ഡല്‍ഹിയില്‍ കള്ളപ്പണം പിടിച്ചെടുക്കുക, അഴിമതി തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സത്യാഗ്രഹമിരിക്കുകയാണ് മൂപ്പരുടെ പ്രധാന ഹോബി. ഇതിനു മുമ്പ് ബ്രിട്ടീഷുകാര്‍ക്കെതിരെ ഇതുപോലൊന്ന് നടത്തിയ ഏതോ ഒരു ഗാന്ധി എന്നുപറയുന്നയാളാണത്രേ മാതൃക. പേരിനൊപ്പം ഗാന്ധിയെന്നോ പുള്ളിയുടെ അനിയനായ നെഹ്‌റുവെന്നോ ചേര്‍ക്കാന്‍ പഞ്ചായയത്തില്‍ അപേക്ഷിച്ചിട്ടുമുണ്ട്. സ്വന്തം കൈയ്യിലെ അഴിമതിപ്പണം പിടിക്കപ്പെടാതിരിക്കാനാണ് ഈ പെടാപ്പാടെന്ന് ആരോപിക്കുന്നവരോട് അസൂയക്ക് മരുന്നില്ലെന്ന മറുവാക്കേ പറയാനുള്ളൂ. നിങ്ങളെയൊക്കെ ഈശ്വരന്‍ ചോറും തന്ന് ഇരുട്ടത്താക്കും. തീര്‍ച്ച!
ശതകോടികള്‍ കൈയ്യിലുണ്ടായിട്ടും സാമൂഹപ്രതിബന്ധതയ്ക്കു വേണ്ടി പോരാടുന്ന തനിക്ക് ഭാരതരത്‌നം തരാത്ത രാജ്യത്തോടും കോണ്‍ഗ്രസ് സര്‍കാരിനോടും തീര്‍ത്താല്‍ തീരാത്ത ഈര്‍ഷ്യയുമുണ്ട്. മര്യാദയ്‌ക്കൊന്ന് ഉപവാസമിരിക്കാന്‍ വരെ സമ്മതിക്കാത്ത ദുഷ്ടന്‍മാരാണെന്നേ. അടുത്ത ഇലക്ഷനില്‍ ഒരൊറ്റ കോണ്‍ഗ്രസ് എം എല്‍ എ വരെ പാര്‍ലമെന്റ് കടക്കാതിരിക്കാനുള്ള മരുന്നും മന്ത്രവുമൊക്കെ കൈവശമുണ്ട്. പിന്നെ പാവം വിചാരിച്ച് പ്രയോഗിക്കുന്നില്ല എന്നേ ഉള്ളൂ. ഇതുപോലൊരു വേദനിക്കുന്ന കോടീശ്വരനെ മഷിയിട്ടു നോക്കിയാല്‍ പോലും കിട്ടില്ലെന്ന് നേരത്തെ തിരിച്ചറിഞ്ഞ ബി ജെ പിക്കാരോട് മാത്രമാണ് അല്‍പമെങ്കിലും കടപ്പാട്. പിന്നെ ദേഹത്തുള്ള പാടോ? അത് കഴിഞ്ഞ രാംലീലാ മൈതാനം വക ഫൈവ് സ്റ്റാര്‍ ഉപവാസത്തില്‍ മന്‍മോഹന്റെ പോലീസ് തന്നതാണെന്നേ. പാവം വിചാരിച്ച് അവരേയും വെറുതെ വിട്ടു. അല്ലെങ്കില്‍ രാജ്യം തന്നെ ഞാന്‍ ശപിച്ച് ഇല്ലാതാക്കിയേനേ.. ഞാനാരാ മോന്‍!








Sunday, August 12, 2012

കണ്ണേ കരളേ മണിയാശാനേ..


കണ്ണേ കരളേ മണിയാശാനേ..









ജെഫ് ഡെന്‍ഹം അറിയപ്പെടുന്ന സ്‌റ്റേജ് പെര്‍ഫോര്‍മറാണ്. വിവിധ കളിപ്പാട്ടങ്ങളുമെടുത്ത് സ്‌റ്റേജില്‍ കയറി അവയെക്കൊണ്ടൊക്കെയും സംസാരിപ്പിക്കുന്ന ആള്‍. അവ സംസാരിക്കുന്നതിനനുസരിച്ച് അയാള്‍ തന്റെ ശബ്ദത്തിലും വ്യതിയാനമുണ്ടാക്കും. ഈ കളിപ്പാട്ടങ്ങളുടെ കൂട്ടത്തില്‍ കുരങ്ങനും സിംഹവും ഭൂതഗണങ്ങളുമൊക്കെയുണ്ടാവും. സ്‌റ്റേജില്‍ രണ്ടും മൂന്നുമൊക്കെ മണിക്കൂര്‍ ഡെന്‍ഹവും കുരങ്ങനും സിംഹവും ഭൂതങ്ങളുമൊക്കെ നിര്‍ത്താതെ സംസാരിച്ചു കൊണ്ടു നില്‍ക്കും. ഒന്നിനും നാവിന് എല്ലുണ്ടാവില്ല. ഭൂമുഖത്തെ എല്ലാ വിഷയങ്ങളും സംസാരിച്ചു കൊണ്ടേയിരിക്കും. കാണികളെ രസിപ്പിക്കാനും ആവേശം കൊള്ളിക്കാനും എഴുന്നള്ളിക്കുന്ന പല കാര്യങ്ങളിലും വിഡ്ഡിത്തങ്ങളും ശുദ്ധതല്ലുകൊള്ളിത്തരങ്ങളുമൊക്കെ ഇഷ്ടം പോലെയുണ്ടാവും. അവയേതൊക്കെയെന്ന് ചികയുമ്പോഴേക്കും ഉടനെ വരും അടുത്തത്. അതുകൊണ്ട് ഏത് കാര്യത്തിനാണ് ഇയാളെ തല്ലേണ്ടത് എന്ന് കണ്ടുപിടിക്കാന്‍ ഭയങ്കര പാടാണ്. പിന്നെ തമാശയാണെങ്കില്‍, നോണ്‍ സ്‌റ്റോപ് കോമഡിയായതിനാല്‍ തുടക്കം തൊട്ട് തന്നെ ചിരിക്കേണ്ടി വരുന്നതിനാല്‍ ഏതാണ് സന്ദര്‍ഭമെന്ന് അറിയാനും പ്രയാസമാണ്. ഇതു തന്നെയാണ് ഡെന്‍ഹം ഷോകളില്‍ എന്നും ഹൗസ് ഫുള്ളാവുന്ന ആരാധകരുടെ രഹസ്യവും.
ശരിക്കും കേരളത്തിലെ ജെഫ് ഡെന്‍ഹമാണ് എം എം മണി. നാക്കെടുത്താല്‍ പണ്ടത്തെ വീരശൂരകഥകള്‍ വണ്‍ ടു ത്രീ എന്നിങ്ങനെ അക്കമിട്ട് പറഞ്ഞുകളയും. അതിലാണെങ്കില്‍ തല്ലുകൊള്ളിത്തരവും ഭൂലോകകോമഡികളും ഇഷ്ടം പോലുണ്ടാവും. അതുകൊണ്ടെന്താ, പുള്ളിക്കിപ്പം മുടിഞ്ഞ ആരാധകരാണ്. മുസ്‌ലീം ലീഗിന്റെ പുതിയ കോമഡി പ്രാസംഗികന്‍ സിദ്ധീഖലി രാങ്ങാട്ടൂരും ഇങ്ങേരുമാണ് ഇപ്പോഴത്തെ നാട്ടിലെ താരങ്ങള്‍. മണിയുടെ പ്രസംഗത്തില്‍ എന്നും സ്ഥിരം കൊലവെറികളും പിണറായിയുടെ നന്‍മ നിറഞ്ഞ കഥകളും വി എസിനെപ്പറ്റി നാലു നല്ല തെറിയുമുണ്ടാവും. ആദ്യത്തെ വണ്‍ ടു ത്രീ പ്രസംഗത്തിനു ശേഷം ആരാധകര്‍ക്കു വേണ്ടി ഡെന്‍ഹാമിന്റെ, സോറി മണിയുടെ പുതിയ ഭാഷണവും പുറത്തുവന്നിരിക്കുന്നു. സ്ഥിരം കൊലവെറിക്കൊപ്പം ‘കണ്ണേ കരളേ എന്നൊന്നും എന്നെ വിളിക്കണ്ട. സിന്ദാബാദ് എന്നു വിളിച്ചാ മതി’യെന്നു പറഞ്ഞ് കൊടുത്തു, വി എസി നും ഒരു കൊട്ട്. നീലേശ്വരത്തെ ഓട്ടോ സ്റ്റാന്‍ഡ് തൊഴിലാളികള്‍ ‘കണ്ണേ കരളേ വി എസേ..’ എന്നു നീട്ടി വിളിച്ചതു മണിയാശാന്റെ മനസില്‍ പതിഞ്ഞിട്ട് നാളേറെയായല്ലോ. ഇനി അഥവാ ആരെങ്കിലും ‘കണ്ണേ കരളേ പിണറായീ ’ എന്ന് പോസ്റ്റര്‍ വച്ചിട്ടുണ്ടെങ്കില്‍ മണിക്കും സിന്ദാബാദിനു പകരം അത് തന്നെ മതിയാവുമെന്ന് നാലു തരം.
ഇടയ്ക്കിടെ കൊലക്കഥകള്‍ വിളിച്ചു പറഞ്ഞാലേ പരിപാടിക്ക് ആളെ കിട്ടൂ എന്ന് മണിക്ക് കൃത്യമായി അറിയാം. മുമ്പ് സക്കറിയ ഗോഡ്‌സേയെ നായകനാക്കി ‘ഇതാണെന്റെ പേര്’ എന്ന നോവല്‍ എഴുതി വിവാദമുണ്ടാക്കിയതു പോലെ തന്നെ. ഇതൊക്കെ അടുത്ത രാജ്യസഭാസീറ്റ് ലക്ഷ്യമാക്കി മണിയാശാന്‍ കളിക്കുന്ന കളികളല്ലെന്ന് ആര്‍ക്ക് പറയാന്‍ കഴിയും? മുമ്പ് ഒ രാജഗോപാല്‍,  എം പി യും മന്ത്രിയുമായതുപോലെ നാളെ മണിയാശാനും കണ്ണൂരിലെ ജയരാജന്‍മാര്‍ക്കൊപ്പം രാജ്യസഭയിലോ മറ്റോ എത്തില്ലെന്ന് ആരു കണ്ടു? ഇതൊക്കെയല്ലേ മണിയാശാന്റെ ഓരോ തമാശകള്‍? നാലാം ക്ലാസല്ല 40 ക്ലാസ് പഠിച്ച ബുദ്ധിയുണ്ട് മണിയാശാനെന്ന് കട്ടായം!







Thursday, August 9, 2012

ഇണങ്ങുമ്പോള്‍ അകലാന്‍ ദൂരമില്ലാത്ത വണ്ണം അടുക്കുന്നവരും പിണങ്ങിയാല്‍ കൈയില്‍ കിട്ടിയതെന്തും കൊണ്ട് ചീറിയടിക്കുകയും ചെയ്യുന്നവരായിരുന്നല്ലോ, ഞങ്ങളിരുവരും.



ഇണങ്ങുമ്പോള്‍ അകലാന്‍ ദൂരമില്ലാത്ത വണ്ണം അടുക്കുന്നവരും 

പിണങ്ങിയാല്‍ കൈയില്‍ കിട്ടിയതെന്തും കൊണ്ട് ചീറിയടിക്കുകയും ചെയ്യുന്നവരായിരുന്നല്ലോ, ഞങ്ങളിരുവരും.


ഒരു പുതുവര്‍ഷത്തലേന്നാണ് ഞാന്‍ ഒരു നല്ല മനുഷ്യനാവാന്‍ തീരുമാനിച്ചത്. നല്ല മനുഷ്യന്‍ എന്നതിന്റെ നിര്‍വചനം എനിക്കറിയില്ല. നന്‍മകള്‍ ചെയ്യുക. മറ്റുള്ളവരെ സഹായിക്കുക. ദൈവവിശ്വാസിയാവുക. ഇതൊക്കെയാണ് നല്ല മനുഷ്യന്റെ ലക്ഷണമെന്ന് ചിലരൈങ്കിലും പറയുന്നതു കേള്‍ക്കാറുണ്ട്. ഇതില്‍ എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ല. എങ്കിലും ഇവയില്‍ ചിലതിന്റേയെങ്കിലും ആകെത്തുകയാണ് നല്ല മനുഷ്യന്‍ എന്ന് തീര്‍ച്ച.
ഏതായാലും നാളെ പുതുവര്‍ഷമാണ്.
പുതുവര്‍ഷം.
തലേന്നു രാത്രിയിലെ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കൊടുവില്‍ ഉണര്‍ന്നെണീറ്റപ്പോള്‍ മൊബൈല്‍ ഇന്‍ ബോക്‌സ് പൂര്‍ണഗര്‍ഭിണിയായിരുന്നു. രസകരവും മനോഹരവുമായ എസ് എം എസുകളുടെ ഒരു സമ്മേളനം.
remember life is short, so forgv quickly, love truly, laugh uncontrollably& never regret thing that made u smile. just stay happy n healthy& hav a great year ahead. ഷൈന്‍ അമ്പൂക്കന്‍ വക.
dear customer, ur bathing date validity for one year is expired 2day. so kindly Re-BATH within 1 hr and get 2 years validity. hurry up.. അബ്ദുല്ലത്തീഫ് വക.
ചിരിച്ചു പോയെങ്കിലും അവസാനത്തെ ഹറി അപ് എന്നെ ഉണര്‍ത്തി.
ഉണരാനൊരുങ്ങുമ്പോള്‍ കണ്ണുകള്‍ വീണ്ടുമടച്ച് ഇന്ന് ഓഫീസ് അവധിയാണെന്ന് സങ്കല്‍പിച്ച് ഉറക്കത്തിലേക്ക് വീണ്ടും ചായാന്‍ തോന്നാറുണ്ടോ നിങ്ങള്‍ക്ക്? ഫാനിന്റെ 5 സ്പീഡിലെ ദളക്കറക്കം 4 ലേക്കോ 3 ലേക്കോ താഴ്ത്തി കുങ്കുമവരയന്‍ പുതപ്പിനുള്ളില്‍ വീണ്ടുമമരാന്‍?
കഴിഞ്ഞ രണ്ടുദിവസമായി ഉറക്കം വളരെ കുറവായതിനാല്‍ ക്ഷീണം കണ്ണുകള്‍ക്കു ചുറ്റും കറുത്ത പാടുകളായി തെളിഞ്ഞിരുന്നു. ഇതു കാണുന്നതു കൊണ്ടാവാം, ചിലരെങ്കിലും എന്നെ ബുദ്ധിജീവിയായി ഗണിക്കുന്നതും. ഞാന്‍ ഉറക്കമൊഴിഞ്ഞു നേടുന്ന വരകളാണ് ഇവ എന്ന് എത്ര പേര്‍ക്കറിയാം? വലിയ വായനയുള്ളവരുടേയും ആഴത്തില്‍ ചിന്തിക്കുന്നവരുടേയും മുഖമുദ്രയാണത്രേ ഈ കറുത്ത വളയങ്ങള്‍! ഇങ്ങനെയുള്ള കണ്ടുപിടുത്തം മുന്നോട്ടുവെച്ചയാളെ ഒരു ദിവസം ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ കൂടി ഒരു യാത്രയ്ക്കു ക്ഷണിക്കണം.
അലാറാമില്‍ ഏഴു മണിയുള്ളത്, മുഴങ്ങിയ പാടേ എഴുന്നേറ്റ് 8 മണിയാക്കി. പിന്നെയും എട്ടുമണിക്കു ശേഷം ഓരോ മൂന്ന് മിനിറ്റിലും അലാറാം കേട്ട് എഴുന്നേല്‍ക്കുമ്പോള്‍ സമയം 9:15. അതായത് 9:05. സമയത്തെ പിടിച്ചു നിര്‍ത്താന്‍ തന്നെയായിരുന്നു 10 മിനിറ്റ് മുന്നോട്ടേക്ക് നീട്ടിവെച്ചത്. പക്ഷേ, ഈ ബോധവും മനസില്‍ തന്നെയുള്ളതിനാല്‍ എന്നും സമയം വൈകുന്നു..
എഴുന്നേറ്റ പാടേ എന്നുമെന്ന പോലെ വിശുദ്ധ ഖുര്‍ആന്‍ പരിഭാഷ അഞ്ചുപേജ് മനസിരുത്തി വായിച്ചു. ഇതൊരു പുതിയ പതിവാണ്. കഴിഞ്ഞ പുതുവര്‍ഷക്കാലത്ത് തുടങ്ങിയത്. ഒരേ സമയം അഞ്ചു കാര്യങ്ങള്‍ ചെയ്യുക. ഒരേ ജോലിയില്‍ പൂര്‍ണമായും ശ്രദ്ധ പതിപ്പിക്കുന്നതിനു പകരം വിവിധ കാര്യങ്ങളില്‍ ഒരേ സമയം ശ്രദ്ധിച്ചിരിക്കുന്നത് ആവേശകരവും വെല്ലുവിളിയുമാണ്.

പുതിയ പതിവിലെ അഞ്ചു വെല്ലുവിളികള്‍:
1 വിശുദ്ധ ഖുര്‍ആന്‍ പരിഭാഷ അഞ്ചു പേജ് മനസിരുത്തി വായിക്കുക.
2 2000 ത്തിലെ മാതൃഭൂമി ആഴ്ചപ്പതിപ്പ് മുഴുവനും ബൈന്‍ഡ് ചെയ്ത പതിപ്പുകളില്‍ ഒരു ലക്കം ആവര്‍ത്തിച്ചു വായിക്കുക.
3 ലാപ്‌ടോപ്പിലെ സേവ് ചെയ്തുവെച്ച ക്ലാസിക് സിനിമകളിലൊന്ന് അര മണിക്കൂര്‍ ആസ്വദിക്കുക.
4 എന്റെ നാടിനെ കേന്ദ്രീകരിച്ച് എഴുതുന്ന നോവലിന്റെ രണ്ടാം ഭാഗത്തിലെ അര പേജ് എഴുതുക.
5 പൗലോ കൊയ്‌ലോ കൃതികളിലെ പോര്‍ട്ട് ബെല്ലോയിലെ മന്ത്രവാദിനി 10 പേജ് വായിക്കുക. 

ഈ അഞ്ചുകാര്യങ്ങളും ക്രമപ്രകാരം ചെയ്യുകയാണ് എന്റെ ഒഴിവുവേളകളിലെ ശീലമെന്ന് ഞാന്‍ പലരോടും പറഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെയും ചിലര്‍ അത്ഭുതത്തോടെ മിഴികള്‍ ചിമ്മും. മറ്റു ചിലര്‍ പരിഹാസത്തോടെ ചിരിക്കും. പിന്നെയും ചിലര്‍ ഞാന്‍ കളിയാക്കുകയാണെന്നു കരുതി അപ്പോള്‍ അത്ഭുതം പ്രകടിപ്പിക്കുമെങ്കിലും പതിയെ കണ്‍മുമ്പില്‍ നിന്ന് മാറിനിന്ന് എന്നെ അഹങ്കാരിയെന്ന് മുദ്ര കുത്തി പുച്ഛിക്കുകയോ കളിയാക്കുകയോ ചെയ്യും.
ഞാനും മുന്‍പ് അങ്ങനെ ചെയ്യാറുണ്ടായിരുന്നെന്ന് എന്നോട് പറഞ്ഞത് ഓഫീസിലെ ഫോട്ടോഗ്രാഫറായ ആഷിഫ് കെ കെ മാത്രമാണ്. ചലച്ചിത്രനടന്‍ ബാബുരാജിനെ അനുസ്മരിപ്പിക്കുന്ന വില്ലന്‍ മുഖമാണ് ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ആഷിഫിന്. പൗലോ കൊയ്‌ലോവിന്റെ ആരാധകന്‍.  ക്ലാസിക് സിനിമകള്‍ ലാപ്‌ടോപ്പില്‍ അടുക്കി വെച്ച മറ്റൊരാള്‍.
മെര്‍ക്കാറയിലെ ബാല്യകാലകൂട്ടുകാരനുമായ ആബി വിളിക്കുമ്പോള്‍ സമയം ഏതാണ്ട് ഉച്ചയാവാറായിരുന്നു. പതിവുള്ള അഞ്ചുകാര്യങ്ങളും ചെയ്ത് ഒരു ചായയും കുടിച്ച് വീണ്ടും മുറിയിലെത്തിയതേയുണ്ടായിരുന്നുള്ളൂ. നാട്ടില്‍ അവനൊരു കല്യാണാലോചന വന്നിട്ടുണ്ട്. ബന്ധുവായ പിള്ളേച്ചന്‍ കൊണ്ടുവന്നന്നതാണ്. മോശമാവന്‍ വഴിയില്ല. എന്നാലും അവന് സംശയമാണ്. ഭാവിയിലേക്കുള്ള സംശയങ്ങള്‍. അവന് ഇപ്പോഴും കല്യാണപ്രായമായിട്ടില്ല എന്നാണ് അവന്റെ വിശ്വാസം. ഈ സംശയം വീണ്ടും വീണ്ടും പ്രകടിപ്പിച്ചപ്പോള്‍ ഞാന്‍ മറുപടിയും പറഞ്ഞു, നീ ഗാന്ധിജിയായിരുന്നെങ്കില്‍ രണ്ടു പ്രാവശ്യം കല്യാണപ്രായമായേനെ!
അവന് പിന്നെയും മനസില്‍ ഒരു പാട് ആശയങ്ങളുണ്ടത്രേ. പെണ്ണുകാണല്‍ ചടങ്ങില്‍ ശ്രീനിവാസന്‍ ‘സന്ദേശം’ സിനിമയില്‍ ചെയ്തതു പോലൊരു പ്ലാന്‍. പെണ്‍കുട്ടിയോടു ദാസ് ക്യാപിറ്റല്‍ വായിച്ചിട്ടുണ്ടോ എന്നു ചോദിക്കണം. അല്ലെങ്കില്‍ ആല്‍ബര്‍ട്ട് ഹക്‌സ്‌ലിയുടേയെങ്കിലും ഗ്രന്ഥം. പിന്നെ സ്ഥിരമായി അണ്ടര്‍ഗ്രൗണ്ടില്‍ കഴിയാന്‍ താല്‍പര്യമുണ്ടോ എന്നും ചോദിക്കണം. അതോടു കൂടി പെണ്‍കുട്ടി തന്നെ ചെക്കനെ വേണ്ടെന്നു പറയുമല്ലോ. സിനിമയിലേതു പോലെ.

പക്ഷേ, കൃത്യം ഒരാഴ്ചയ്ക്കു ശേഷം സംഭവിച്ചതു ഇങ്ങനെയൊന്നുമല്ല. പെണ്ണുകാണല്‍ ചടങ്ങില്‍ വെച്ച് എല്ലാം അട്ടിമറിക്കപ്പെട്ടു. അവന് പെണ്ണിനെ ഇഷ്ടമായി. ലജ്ജാവിവശയായി നിന്ന പെണ്ണിനോട് യുദ്ധത്തിനു പോകാനൊരുങ്ങിയ നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ ധൈര്യം സംഭരിച്ച് അവന്‍ ചോദിച്ചു.
‘കുട്ടി എന്തു വരെ പഠിച്ചു?’
‘ഡിഗ്രി ഫൈനലിയറ്.’
അവള്‍.
‘ഞാന്‍ എസെല്‍സി ഫൈനലിയറ്..’
അവന്‍.
അങ്ങനെ പെണ്ണുകാണല്‍ അവസാനിച്ചു. അവസാനിച്ചു എന്നതിനേക്കാള്‍ അലങ്കോലപ്പെട്ടു എന്നു പറയുന്നതാവും ശരി. പെണ്ണിന്റെ വകയിലുള്ള ഒരു അമ്മായി മുറിയിലേക്കു കയറി വന്നു.
‘എങ്ങനെയൊണ്ട് നമ്മുടെ കുട്ടി? ഇഷ്ടപ്പെട്ടോ?’
അവര്‍ ചോദിച്ചു.
‘എനിക്കിഷ്ടക്കേടൊന്നുമില്ല..’
അവന്‍ മറുപടി പറഞ്ഞു.

അന്ന് രാത്രി വീണ്ടും വിളിച്ചപ്പോള്‍ അവന്‍ മനസിലെ നെഗറ്റീവ് ചിന്തകളും വ്യാകുലതകളും മുഴുവനും തുറന്നു. വിവാഹശേഷം കുടുംബത്തിലെ പുതിയ അതിഥിയുടെ മുന്നില്‍ വെച്ച് അമ്മയും അച്ഛനും സഹോദരങ്ങളും എന്നെപ്പോലുള്ള കൂട്ടുകാരും തമ്മിലുള്ള പെരുമാറ്റത്തില്‍ വരുന്ന ഔപചാരികതകളും മൗനങ്ങളും സ്വതസിദ്ധമായ ഒഴുക്കില്ലായ്മയൊക്കെയുമായിരുന്നു അവന്റെ വ്യാകുലതകളില്‍ പ്രധാനവും. അവളുടെ മുന്നില്‍ ഞങ്ങളെല്ലാം ഞങ്ങളുടെ ലോകത്തു നിന്ന് മാറി സോക്രട്ടീസുമാരും അരിസ്‌റ്റോട്ടില്‍മാരും സിനിമകളിലെ ജെന്റില്‍മാന്‍മാരുമാവാന്‍ ശ്രമിക്കുമല്ലോ എന്ന പേടി വേറെയും.
‘ഞങ്ങള്‍ ഞങ്ങളുടെ വികാരങ്ങളും വിചാരങ്ങളും സന്തോഷങ്ങളും എന്നും പ്രതിഫലിപ്പിച്ചു കൊണ്ടു തന്നെയിരിക്കും..’
ഒടുവില്‍ ഞാന്‍ മറുപടി പറഞ്ഞു.
പിന്നെയും അവന്‍ കൊച്ചുകുട്ടികളെപ്പോലെ സംശയം പ്രകടിപ്പിച്ചപ്പോള്‍ ഞാന്‍ ഫോണ്‍ കട്ടും ചെയ്തു. എന്റെ ഫോണ്‍ കട്ടു ചെയ്തുകൊണ്ടുള്ള ബട്ടണമര്‍ത്തുന്ന സ്വരം അവനെ കൂടുതല്‍ വേദനിപ്പിച്ചിരിക്കും, തീര്‍ച്ച.
അവന്റെ വിഷമങ്ങളും ദു:ഖങ്ങളും ഏറ്റുപറയാനുള്ള അനേകരില്‍ എനിക്കേതായാലും ഒരു മുന്തിയ സ്ഥാനമുണ്ട്. അവന്റെ മനസില്‍ ഞാന്‍ അവന്റെ വിശ്വസിക്കാവുന്ന ഏറ്റവുമടുത്ത സുഹൃത്താണ്. എന്റെ വിജയങ്ങളില്‍ അവന്‍ ആത്മാര്‍ഥമായി സന്തോഷിക്കുകയും തോല്‍വികളില്‍ എന്നേക്കാള്‍ വേദനിക്കുകയും ചെയ്യുന്നു. എന്റെ തന്നെ ഹൃദയത്തിന്റെ ഒരു ഭാഗം. അഥവാ, അവന്റെ ഹൃദയത്തിന്റെ ഒരു ഭാഗമാണ് ഞാന്‍. സിഗ്മണ്ട് ഫ്രോയ്ഡ് ജീവിച്ചിരിപ്പുണ്ടെങ്കില്‍ അദ്ദേഹത്തിന് പ്രിയപ്പെട്ട പരീക്ഷണവസ്തുവാവാനുള്ള എല്ലാ ഗുണങ്ങളും അവനിലുണ്ട്.

കല്യാണത്തിന് സമ്മതിപ്പിക്കാന്‍ അവന്റെ വീട്ടുകാര്‍ നിര്‍ബന്ധിച്ചതും എന്നെ വിളിച്ചു തന്നെ. അവന് ഈ ലോകത്തില്‍ ഏറ്റവും ബന്ധമുള്ള ഞാന്‍ പറഞ്ഞാല്‍ അവന്‍ സമ്മതിക്കുമത്രേ. ‘ഞാന്‍ അവനോട് പോയി കിണറ്റില്‍ ചാടാന്‍ പറഞ്ഞാലും അവന്‍ കേള്‍ക്കുമത്രേ.’ അവന്റെ അമ്മയ്ക്ക് ഒരു സംശയവുമില്ല. പണ്ടു തൊട്ടേയുള്ള ഞങ്ങളുടെ ഇണ പിരിയാത്ത കൂട്ടുകൂടലായിരിക്കാം അവരുടെ മനസില്‍. ഇണങ്ങുമ്പോള്‍ അകലാന്‍ ദൂരമില്ലാത്ത വണ്ണം അടുക്കുന്നവരും പിണങ്ങിയാല്‍ കൈയില്‍ കിട്ടിയതെന്തും കൊണ്ട് ചീറിയടിക്കുകയും ചെയ്യുന്നവരായിരുന്നല്ലോ, ഞങ്ങളിരുവരും. ഒരിക്കല്‍, എനിക്കിന്നും ഓര്‍മയുണ്ട്, എന്തിനായിരുന്നു പിണങ്ങിയതെന്നറിയില്ല, പക്ഷേ ആ പിണക്കത്തിനു പതിലിലും കവിഞ്ഞ വാശിയും വൈരാഗ്യവുമുണ്ടായിരുന്നു. അവന്റെ വീടിന്റെ പിന്നാമ്പുറമായിരുന്നു ലൊക്കേഷന്‍. കലഹത്തിന്റെ ഒടുവില്‍ വാക്കേറ്റമായി. വാക്കേറ്റം മൂത്ത് അടിയായി. കൈയ്യാങ്കളിക്കിടയില്‍ അവന്റെ കൈയ്യില്‍ കിട്ടിയത് പീഠമാണ്. അടുക്കളയില്‍ വെച്ച് അവന്റെ അമ്മ കാബേജും ബീന്‍സും പയറുമൊക്കെ ഈ പീഠത്തിലിരുന്നാണ് അരിയാറ്. നല്ല കരിവീട്ടി കൊണ്ടുണ്ടാക്കിയത്.
അവന്‍ അതെടുത്ത് എന്റെ തല ലക്ഷ്യമാക്കി തന്നെ അടിച്ചു. തല പൊട്ടി ചോരയൊഴുകാന്‍ തുടങ്ങി. എന്റെ കരച്ചില്‍ വികൃതസ്വരത്തില്‍ മുഴങ്ങിയപ്പോള്‍ അവന്റെ അമ്മയും എന്റെ വീട്ടുകാരുമൊക്കെ ഓടിയെത്തി. അല്‍പാല്‍പമായി മറയാന്‍ തുടങ്ങിയ ബോധക്കാഴ്ചകള്‍ക്കിടയില്‍ അവരുടെ പരിഭ്രമം വ്യക്തമായും മനസില്‍ നിറഞ്ഞു.
അവന്‍ അപ്പോള്‍ ശരിക്കും പേടിച്ചു കരയുകയായിരുന്നു. കലഹത്തിന്റെ മൂര്‍ധന്യത്തില്‍ കയ്യില്‍ കിട്ടിയതെടുത്ത് അടിച്ചു. ശരി തന്നെ. പക്ഷേ, ഇത്രയൊന്നും പാവം പ്രതീക്ഷിച്ചിരുന്നില്ല. എന്നേക്കാള്‍ വേദനയോടെ കരഞ്ഞ് തളര്‍ന്ന് അവന്‍ എനിക്കരികില്‍ ഇരുന്നു. അവന്റെ കരച്ചില്‍ എനിക്ക് ബോധം തെളിയുവോളവും തുടര്‍ന്നു. അവന്റെ കുറ്റബോധം തീര്‍ത്തത് അന്ന് ഉച്ചയ്ക്ക് ചോറിനൊപ്പം ലഭിച്ച പൊരിച്ചതും വരട്ടിയതുമായ മീന്‍കഷണങ്ങള്‍ ഒരു സ്റ്റീല്‍ പാത്രത്തില്‍ ആരും കാണാതെ അടുക്കിപ്പിടിച്ച് എനിക്ക് കൊണ്ടു വന്നു തന്നാണ്. പിന്നീടൊരിക്കലും ഞങ്ങള്‍ തല്ലുകൂടിയിട്ടില്ല.

അതിനു ശേഷം സ്‌കൂളില്‍ കളിയ്ക്കിടെ വീണ് കാല്‍മുട്ടിന് പരിക്കേറ്റപ്പോഴും ഉമ്മറത്തേക്ക് അതിഥികള്‍ക്ക് ഹോര്‍ലിക്‌സുമായി പോവുകയായിരുന്ന ഉമ്മയെ കൂട്ടിമുട്ടി ചൂടുള്ള ഹോര്‍ലിക്‌സ് തുള്ളികള്‍ നെഞ്ചില്‍ വീണപ്പോഴും എന്റെ വിശ്രമവേളകളില്‍ മറ്റാരേക്കാളും കൂടെ ചെലവഴിച്ചത് അവനായിരുന്നു. എസ് എസ് എല്‍ സി മൂന്നാമതും തോറ്റതോടെ പഠനം നേരത്തേ ഉപേക്ഷിച്ച് മെര്‍ക്കാറയിലേക്ക് കച്ചവടത്തിന് പോയ അവന്‍ നാട്ടില്‍ വരുമ്പോഴെല്ലാം വല്ല സമ്മാനങ്ങളും എനിക്ക് കൊണ്ടുവരുമായിരുന്നു. ഒരു ഹീറോ പെന്‍, ടാറ്റൂ സ്റ്റിക്കര്‍, ഫെയര്‍ ആന്റ് ലവ്‌ലി, മുടി ചോപ്പിക്കുന്ന ക്രീം, പാന്റ്‌സ്, ജെട്ടി, ഷാംപൂകള്‍.. ഇവയൊക്കെയും എന്റെ സ്വകാര്യനിക്ഷേപത്തിലെ വില പിടിപ്പുള്ള വസ്തുക്കളായിരുന്നു. ഇവയേറ്റു വാങ്ങുമ്പോള്‍ പലപ്പോഴും സ്വര്‍ഗഖജനാവിന്റെ കവാടത്തില്‍ എല്ലാം വെട്ടിപ്പിടിക്കാനായി ഒരുമ്പെട്ടു നില്‍ക്കുന്ന മാനസികാവസ്ഥയിലാവും ഞാന്‍.

കല്യാണദിവസമായി. അന്നും അവന്‍ പതിവുപോലെ സംശയാകുലനായി തന്നെയായിരുന്നു. ‘ഡാ, പുതിയ മെംബര്‍ വരുമ്പോള്‍ നിങ്ങള്‍ പഴയതു പോലെ തന്നെയായിരിക്കില്ലേ?’
അവന്‍ അവസാനനിമിഷവും ചോദിച്ചു. താലി കെട്ടാനായി അപ്പോള്‍ കാരണവന്‍മാര്‍ വിളിക്കുന്നതും മുഹൂര്‍ത്തമായെന്ന മട്ടില്‍ ആംഗ്യം കാണിക്കുന്നതും പശ്ചാത്തലത്തില്‍ കാണാം.
‘പുതിയ മെംബര്‍ വരാന്‍ നിന്റെ വീട് പാര്‍ലമെന്റൊന്നുമല്ലല്ലോ? പതിവുപോലെ ഞങ്ങള്‍ കളിയും ചിരിയും തുടരും. പുതിയ മെംബറെ പതിവിലും വിപരീതമായി ഹാര്‍ദവമായി സ്വീകരിക്കും..’
ഞാന്‍ അവനെ കല്യാണപ്പന്തലിലേക്ക് തള്ളിവിട്ടു. മുഹൂര്‍ത്തങ്ങള്‍ക്കും മൂന്നുപ്രാവശ്യം വലം വെച്ചതിനും ശേഷം അവന്‍ പുതുജീവിതത്തിലേക്കു പ്രവേശിക്കുന്ന മിഴികളോടെ വന്നു നിന്നതും എന്റെ മുന്നില്‍ തന്നെ. നിറമിഴികളോടെ.
‘എല്ലാവര്‍ക്കും കൈ കൊടുക്ക്. വെറുതേ എന്റെയതുത്ത് നിന്ന് ചുറ്റിത്തിരിയാതെ..’
ഞാന്‍ അവന്റെ ചെവിയില്‍ ആരും കാണാതെ, കേള്‍ക്കാതെ പറഞ്ഞു.
‘ഞാന്‍.. നീയാണ് എന്റെ ഗുരു. നീയാണ് എന്നെ കല്യാണം കഴിപ്പിച്ചത്. ഈ ഉപകാരം ഞാന്‍ എങ്ങനെ തിരിച്ചു തരുമെടാ നിനക്ക്? ’
അവന്‍ അന്നു തിരിച്ച് എന്റെ ചെവിയില്‍ പറഞ്ഞതിന്റെ അര്‍ഥവും ആശയവും എനിക്കിപ്പോഴും മനസിലായിട്ടില്ല. എങ്കിലും, ഒരു കാര്യം. അപ്പോള്‍ അവന്റെ കണ്ണുകള്‍ വര്‍ഷകാലത്ത് ഇടവേളയ്ക്കു ശേഷം പെയ്യാന്‍ തുടങ്ങിയ മഴമേഘങ്ങളിലേക്ക് രൂപാന്തരം പ്രാപിച്ചിരുന്നു.

 പിന്നീട് വെറുതെയിരിക്കുമ്പോഴെല്ലാം ചിന്തകളുടെ വേലിയേറ്റത്തില്‍ പലപ്പോഴും തോന്നിപ്പോയിട്ടുണ്ട്, ഒരു ആര്‍ടിക് ടേണ്‍ ആയാലെന്തെന്ന്? അങ്ങനെയെങ്കില്‍ ഒരു ഇടവേളയ്‌ക്കെങ്കിലും മരിച്ചതു പോലെ പിരിഞ്ഞ് വീണ്ടും അപ്രതീക്ഷിതമായി തിരിച്ചെത്താമല്ലോ, എന്റെ പ്രിയ ചങ്ങാതിയുടെ അടുത്തേക്കു തന്നെ.

Tuesday, August 7, 2012

സൗകര്യത്തിനു നൂറ് മാര്‍ക്ക്





സൗകര്യത്തിനു നൂറ് മാര്‍ക്ക്



വീട്ടുകാരന്‍ ബാലചന്ദ്രന്‍ നായര്‍ പി എം, അജിതാകുമാരി
പാലോളില്‍ ഹൗസ്, പുതുപ്പള്ളി, കോട്ടയം
1956 സ്‌ക്വയര്‍ഫീറ്റ്
ചെലവ് 26 ലക്ഷം
ഡിസൈനര്‍ സുരേന്ദ്രന്‍ പി പി, വാസ്തുവിദ്യ ഗുരുകുലം, ആറന്‍മുള

രണ്ടു നിലകളിലായി ലളിതമായി ചെയ്ത വീട്. വീടൊരുക്കുമ്പോള്‍ വീട്ടുകാരുടെ സൗകര്യവും ആവശ്യവുമാണ് പ്രധാനമായും നോക്കിയത്. വാസ്തു ശാസ്ത്രം കൃത്യമായും അനുശാസിച്ചു. എട്ട് സെന്റ് സ്ഥലത്താണ് ഈ വീടിരിക്കുന്നത്. പടിഞ്ഞാറു ദര്‍ശനമായ ഈ വീടിന് ഒരു കോമണ്‍ ടോയ്‌ലറ്റു കൂടാതെ സിറ്റ് ഔട്ട്, ലിവിങ് റൂം, ഡൈനിങ് റൂം, കിച്ചണ്‍, വര്‍ക്ക് ഏരിയ, കാര്‍പോര്‍ച്ച്, ബാല്‍ക്കണി എന്നിവയുമുണ്ട്. 2010 ലാണ് പണി പൂര്‍ത്തിയായത്. മുറികളുടെ ഇന്റീരിയറെല്ലാം ആകര്‍ഷകായ വിധത്തില്‍ ചെയ്യാന്‍ ശ്രമിച്ചു.
കോണ്‍ക്രീറ്റില്‍ ചരിഞ്ഞ മേല്‍ക്കൂരയാണ് വീടിനു നല്‍കിയിരിക്കുന്നത്. വസ്ത്രമലക്കിയിടാനും വേണമെങ്കില്‍ ഒരു ചെറുപാര്‍ട്ടി നടത്താനുമുള്ള സൗകര്യം ടെറസിലുണ്ട്.  മുകളിലും താഴെയുമായി നാലു ബെഡ്‌റൂമുകളും വരുന്നു. ഇവയൊക്കെയും അറ്റാച്ച്ഡാണ്.  പ്രധാനമായും തേക്ക്, അഞ്ഞിലി, മഹാഗണി എന്നീ തടികളാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. കട്ടിലയും മറ്റും ആഞ്ഞിലിയില്‍ പണിതു.

Saturday, August 4, 2012

യൂട്ടിലിറ്റി നോക്കി..


യൂട്ടിലിറ്റി നോക്കി..


വീടിന്റെ പേര് ഗ്രേസ്, കണ്ണൂര്‍
വീട്ടുകാര്‍ റജിയാസ് കെ കെ, അമീന
ഡിസൈനര്‍ റജിയാസ് കെ കെ
2960 സ്്ക്വയര്‍ ഫീറ്റ്. 14 സെന്റ് 
ചെലവ് 22 ലക്ഷം

വീട്ടുകാരന്‍ തന്നെ പ്ലാന്‍ വരച്ച് ചെയ്ത വീട്. ഇന്റീരിയര്‍ മാഗസിനുകളും മറ്റും സ്ഥിരം വായിച്ചിരുന്നത് പ്രചോദനമായി വീടുപണി ഏറ്റെടുക്കുകയായിരുന്നു. പഠനകാലത്തെ എന്‍ജിനീയറിങ് അനുഭവങ്ങളും അളവുകളും പ്ലാന്‍ വരയെ സഹായിച്ചു. വീടുപണി തുടങ്ങി ഏഴുമാസത്തിനുള്ളില്‍ പൂര്‍ത്തിയായി.
ഇന്റീരിയര്‍ മോടിപിടിപ്പിക്കുന്നതിനേക്കാള്‍ വീടിനകം യൂട്ടിലിറ്റിയ്ക്ക് പ്രാധാന്യം കൊടുക്കുകയായിരുന്നു ലക്ഷ്യം. വീടിനകത്ത് കയറുന്നയിടത്ത് തന്നെ ഡബിള്‍ ഹൈറ്റില്‍ സണ്‍ ലൈറ്റിനുള്ള ഭാഗം കൊടുത്തു. അവിടെ ട്രാന്‍സ്പാരന്റ് ആയ കളര്‍ ഗ്ലാസുകള്‍ നല്‍കി. വുഡ് ആന്റ് മെറ്റല്‍ കോംബിനേഷനാണ് ഗേറ്റിന്. മുറ്റത്ത് ഇന്റര്‍ലോക്ക് പേവിങ് ടൈലുകളും പതിച്ചു. ചെറുതെങ്കിലും ആകര്‍ഷകമായ ഒരു വരാന്തയും ഇവിടെ വരുന്നു.
സ്‌റ്റോറേജിനു നല്ലവണ്ണം പാധാന്യം നല്‍കിയതു കാണാം.  ലിവിങ്ങില്‍ ഇന്‍ബില്‍റ്റ് വുഡ് നല്‍കുകയും ഇതിനു മുകളില്‍ സോഫയുടെ രൂപത്തില്‍ അപ്‌ഹോള്‍സ്റ്ററി നല്‍കുകയും ചെയ്തു. ഇത് ഫര്‍ണിഷിങ്ങിന്റെ ചെലവില്‍ നല്ല മാറ്റമുണ്ടാക്കി. സണ്‍ലൈറ്റിനു നേരെ ചുവടെ വരുന്ന ചുവരില്‍ ഒരു ഭാഗത്തായി ടെക്‌സ്ചര്‍ പെയിന്റ് ചെയ്തതും കാണാം. ലിവിങ്ങില്‍ തേക്ക് കൊണ്ടുള്ള വുഡ് ഫ്‌ളോറിങ് ചെയ്തത് മുറിയുടെ ആകെയുള്ള തീമിനോട് യോജിച്ചുപോവുന്നു. വിട്രിഫൈഡ് ടൈലുകളാണ് ഫ്‌ളോറിങ് അലങ്കരിച്ചിരിക്കുന്നത്. മുന്‍വശത്തു വരാന്തയുണ്ടെങ്കിലും സ്‌പേസ് വെറുതെ പോവുമല്ലോ എന്നു കരുതി മറ്റിടത്തൊന്നും ബാല്‍ക്കണിയോ ഓപണ്‍ സ്‌പേസോ നല്‍കിയിട്ടില്ല.
തേക് ആണ് പ്രധാനമായും ഉപയോഗിച്ച തടി. ജനലുകള്‍ക്കു ഈരുളും കൊടുത്തു. മര്‍ബിളിലാണ് സ്റ്റയര്‍കേസ്. അഞ്ചു ബെഡ്‌റൂമുകളാണ് ഇവിടെ. മൂന്നെണ്ണം താഴെയും രണ്ടെണ്ണം മുകളിലുമായി വരുന്നു. മാസ്റ്റര്‍ ബെഡ്‌റൂമും മുകളിലാണ് വരുന്നത്. ലളിതമായ രീതിയില്‍ അലങ്കരിച്ച കിഡ്‌സ് റൂമായിരിക്കും പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. ഇതിന്റെ ചുവരില്‍ ഇംഗ്ലീഷ് അക്ഷരമാല ഡിസൈന്‍ ചെയ്തുവച്ചത് ആരെയും ആകര്‍ഷിക്കും. കിച്ചണില്‍ അമിത അലങ്കാരങ്ങളൊന്നുമില്ലാതെ വീട്ടമ്മയുടെ സൗകര്യത്തിനനുസരിച്ച് വര്‍ക്ക് ഏരിയ ഡിസൈന്‍ ചെയ്തു. ടെറസില്‍ ഒരു സോളാര്‍ സിസ്റ്റവും വരുന്നു.