Showing posts with label sidheeq ali ranghattoor. Show all posts
Showing posts with label sidheeq ali ranghattoor. Show all posts

Sunday, August 12, 2012

കണ്ണേ കരളേ മണിയാശാനേ..


കണ്ണേ കരളേ മണിയാശാനേ..









ജെഫ് ഡെന്‍ഹം അറിയപ്പെടുന്ന സ്‌റ്റേജ് പെര്‍ഫോര്‍മറാണ്. വിവിധ കളിപ്പാട്ടങ്ങളുമെടുത്ത് സ്‌റ്റേജില്‍ കയറി അവയെക്കൊണ്ടൊക്കെയും സംസാരിപ്പിക്കുന്ന ആള്‍. അവ സംസാരിക്കുന്നതിനനുസരിച്ച് അയാള്‍ തന്റെ ശബ്ദത്തിലും വ്യതിയാനമുണ്ടാക്കും. ഈ കളിപ്പാട്ടങ്ങളുടെ കൂട്ടത്തില്‍ കുരങ്ങനും സിംഹവും ഭൂതഗണങ്ങളുമൊക്കെയുണ്ടാവും. സ്‌റ്റേജില്‍ രണ്ടും മൂന്നുമൊക്കെ മണിക്കൂര്‍ ഡെന്‍ഹവും കുരങ്ങനും സിംഹവും ഭൂതങ്ങളുമൊക്കെ നിര്‍ത്താതെ സംസാരിച്ചു കൊണ്ടു നില്‍ക്കും. ഒന്നിനും നാവിന് എല്ലുണ്ടാവില്ല. ഭൂമുഖത്തെ എല്ലാ വിഷയങ്ങളും സംസാരിച്ചു കൊണ്ടേയിരിക്കും. കാണികളെ രസിപ്പിക്കാനും ആവേശം കൊള്ളിക്കാനും എഴുന്നള്ളിക്കുന്ന പല കാര്യങ്ങളിലും വിഡ്ഡിത്തങ്ങളും ശുദ്ധതല്ലുകൊള്ളിത്തരങ്ങളുമൊക്കെ ഇഷ്ടം പോലെയുണ്ടാവും. അവയേതൊക്കെയെന്ന് ചികയുമ്പോഴേക്കും ഉടനെ വരും അടുത്തത്. അതുകൊണ്ട് ഏത് കാര്യത്തിനാണ് ഇയാളെ തല്ലേണ്ടത് എന്ന് കണ്ടുപിടിക്കാന്‍ ഭയങ്കര പാടാണ്. പിന്നെ തമാശയാണെങ്കില്‍, നോണ്‍ സ്‌റ്റോപ് കോമഡിയായതിനാല്‍ തുടക്കം തൊട്ട് തന്നെ ചിരിക്കേണ്ടി വരുന്നതിനാല്‍ ഏതാണ് സന്ദര്‍ഭമെന്ന് അറിയാനും പ്രയാസമാണ്. ഇതു തന്നെയാണ് ഡെന്‍ഹം ഷോകളില്‍ എന്നും ഹൗസ് ഫുള്ളാവുന്ന ആരാധകരുടെ രഹസ്യവും.
ശരിക്കും കേരളത്തിലെ ജെഫ് ഡെന്‍ഹമാണ് എം എം മണി. നാക്കെടുത്താല്‍ പണ്ടത്തെ വീരശൂരകഥകള്‍ വണ്‍ ടു ത്രീ എന്നിങ്ങനെ അക്കമിട്ട് പറഞ്ഞുകളയും. അതിലാണെങ്കില്‍ തല്ലുകൊള്ളിത്തരവും ഭൂലോകകോമഡികളും ഇഷ്ടം പോലുണ്ടാവും. അതുകൊണ്ടെന്താ, പുള്ളിക്കിപ്പം മുടിഞ്ഞ ആരാധകരാണ്. മുസ്‌ലീം ലീഗിന്റെ പുതിയ കോമഡി പ്രാസംഗികന്‍ സിദ്ധീഖലി രാങ്ങാട്ടൂരും ഇങ്ങേരുമാണ് ഇപ്പോഴത്തെ നാട്ടിലെ താരങ്ങള്‍. മണിയുടെ പ്രസംഗത്തില്‍ എന്നും സ്ഥിരം കൊലവെറികളും പിണറായിയുടെ നന്‍മ നിറഞ്ഞ കഥകളും വി എസിനെപ്പറ്റി നാലു നല്ല തെറിയുമുണ്ടാവും. ആദ്യത്തെ വണ്‍ ടു ത്രീ പ്രസംഗത്തിനു ശേഷം ആരാധകര്‍ക്കു വേണ്ടി ഡെന്‍ഹാമിന്റെ, സോറി മണിയുടെ പുതിയ ഭാഷണവും പുറത്തുവന്നിരിക്കുന്നു. സ്ഥിരം കൊലവെറിക്കൊപ്പം ‘കണ്ണേ കരളേ എന്നൊന്നും എന്നെ വിളിക്കണ്ട. സിന്ദാബാദ് എന്നു വിളിച്ചാ മതി’യെന്നു പറഞ്ഞ് കൊടുത്തു, വി എസി നും ഒരു കൊട്ട്. നീലേശ്വരത്തെ ഓട്ടോ സ്റ്റാന്‍ഡ് തൊഴിലാളികള്‍ ‘കണ്ണേ കരളേ വി എസേ..’ എന്നു നീട്ടി വിളിച്ചതു മണിയാശാന്റെ മനസില്‍ പതിഞ്ഞിട്ട് നാളേറെയായല്ലോ. ഇനി അഥവാ ആരെങ്കിലും ‘കണ്ണേ കരളേ പിണറായീ ’ എന്ന് പോസ്റ്റര്‍ വച്ചിട്ടുണ്ടെങ്കില്‍ മണിക്കും സിന്ദാബാദിനു പകരം അത് തന്നെ മതിയാവുമെന്ന് നാലു തരം.
ഇടയ്ക്കിടെ കൊലക്കഥകള്‍ വിളിച്ചു പറഞ്ഞാലേ പരിപാടിക്ക് ആളെ കിട്ടൂ എന്ന് മണിക്ക് കൃത്യമായി അറിയാം. മുമ്പ് സക്കറിയ ഗോഡ്‌സേയെ നായകനാക്കി ‘ഇതാണെന്റെ പേര്’ എന്ന നോവല്‍ എഴുതി വിവാദമുണ്ടാക്കിയതു പോലെ തന്നെ. ഇതൊക്കെ അടുത്ത രാജ്യസഭാസീറ്റ് ലക്ഷ്യമാക്കി മണിയാശാന്‍ കളിക്കുന്ന കളികളല്ലെന്ന് ആര്‍ക്ക് പറയാന്‍ കഴിയും? മുമ്പ് ഒ രാജഗോപാല്‍,  എം പി യും മന്ത്രിയുമായതുപോലെ നാളെ മണിയാശാനും കണ്ണൂരിലെ ജയരാജന്‍മാര്‍ക്കൊപ്പം രാജ്യസഭയിലോ മറ്റോ എത്തില്ലെന്ന് ആരു കണ്ടു? ഇതൊക്കെയല്ലേ മണിയാശാന്റെ ഓരോ തമാശകള്‍? നാലാം ക്ലാസല്ല 40 ക്ലാസ് പഠിച്ച ബുദ്ധിയുണ്ട് മണിയാശാനെന്ന് കട്ടായം!