‘പ്രിയ സഖാവേ,
വലിയൊരിടവേളക്ക് ക്ഷമ ചോദിക്കുന്നു.എഴുത്ത് വലിയ പ്രശ്‌നങ്ങളുണ്ടാക്കും. അത് ഓര്‍മ്മകളെ തിരിച്ചു കൊണ്ടുവരും. ജേണലിസത്തിനു ശേഷം ജോലി തിര ഞ്ഞുള്ള യാത്ര എവിടം വരെയെത്തി?
ഞാന്‍ ഇപ്പോള്‍ ഐസിഎം എന്ന കോഴ്‌സിനു പഠിക്കുന്നു. പറശിനിക്കടവിലേക്കുള്ള രാവിലേയും വൈകുന്നേരമുള്ള യാത്ര ഉറക്കത്തിനു നല്‍കുകയാണു പതിവ്. ഇവിടുത്തെ പറശിനിക്കടവ് ശ്രീ മുത്തപ്പന്‍ പാവങ്ങളുടെ ദൈവമാണ്. പക്ഷേ പാവങ്ങള്‍ എന്നും പാവങ്ങളാണ് എന്നത് സത്യം.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഒരു സംഭവം എന്നെ വല്ലാതെ വേട്ടയാടുന്നു. എന്റെ മുന്‍പ്രണയിനിയും വിവാഹിതയും ഒരു കുട്ടിയുടെ അമ്മയും കല്‍ക്കത്തയിലുള്ളവളുമായ അഞ്ജു ആത്മഹത്യ ചെയ്തു. ആ മരണം എന്നില്‍ ഏല്‍പ്പിക്കാന്‍ പലരും ശ്രമിക്കുന്നു. അഞ്ജു..
ഒരു പാവമായിരുന്നു അവള്‍. അവളുടെ വേര്‍പാടില്‍ ഞാന്‍ തീര്‍ത്തും നിരാശനാണ്. ഒരു പക്ഷേ, പലരും പുച്ഛി ക്കുന്ന എന്റെ പ്രണയത്തിന് ഇന്നും ആയുസുണ്ടെന്ന് തോന്നുന്നു.
പ്രണയത്തിന് എന്തുകൊണ്ടാണ് രക്തചിന്തകള്‍ കുറഞ്ഞുവരുന്നത്? പ്രണയത്തിന് കാതുമുറിച്ചു കൊടുത്ത വാന്‍ ഗോഗിനേയോ പ്രണയത്തിന്റെ ശിഖരങ്ങളില്‍ തൂങ്ങിമരിച്ച ഇടപ്പള്ളിയേയോ എന്തേ നമുക്കിന്ന് കാണാന്‍ കഴിയുന്നില്ല?
നീ എപ്പോഴെങ്കിലും അത് ചിന്തിച്ചിട്ടുണ്ടോ?
അഞ്ജുവിന്റെ വേര്‍പാടിനു ശേഷം വെളുപ്പും ചുവപ്പും കലര്‍ന്ന ലഹരിയിലാണ് പലപ്പോഴും. ആ ലഹരിയിലാണ് മൂന്ന് പ്രാവശ്യം ക്ലാസ്‌മേറ്റ്‌സ് എന്ന പടം കണ്ടത്. സഖാവും അത് പല പ്രാവശ്യം കാണണം. നമുക്ക് നഷ്ടമായ പ്രണയവും ക്യാംപസും രാഷ്ട്രീയവും പായാരവും പരിഭവവും അതുപോലെ പതിച്ചുവെച്ച ഒരു വെള്ളിത്തിര. നാം കടന്നുപോയ പല സീനുകളും ഈ ചിത്ര ത്തില്‍ കാണാന്‍ കഴിയുന്നു. ഇതിലൊന്നുമല്ല, എന്ന് പറയുമ്പോഴും അതില്‍ എന്തൊക്കെയോ ഉള്ളതായി തോന്നുന്നു.
ഞാന്‍ ഈ എഴുത്ത് എഴുതുമ്പോഴും എനിക്ക് ശക്തി പകരുന്നത് ചിന്തകളാണ്. ഓര്‍മ്മകളാണ്. നമുക്ക് നഷ്ടമാവുന്ന ഓര്‍മ്മകള്‍ അടയാളപ്പെടുത്താന്‍ ഇത്തരം എഴുത്തുകള്‍ക്കു മാത്രമേ സാധിക്കുകയുള്ളൂ.
കുറിപ്പ്: മാധവിക്കുട്ടിയുടെ നീര്‍മാതളത്തെ ഞാനൊന്ന് പൊടിതട്ടി, ഈയിടെ. വല്ലാത്ത ഓര്‍മ്മകളും നൊമ്പരവുമാണ് ഈ പുസ്തകം. ഇതെന്നെ പരിചയപ്പെടുത്തിയത് അഞ്ജുവായിരുന്നു.
സഖാവേ, നിര്‍ത്തട്ടെ
മറുപടി എഴുതുക
സ്‌നേഹപൂര്‍വം,
ബിനീഷ് എസ് കൂത്തുപറമ്പ്’


nalla oru ezhuthu vayichu nandi shafeekh
ReplyDeletethanks annonymus..
ReplyDelete