Saturday, March 31, 2012

കക്കയം , ഒരു കവിത ഉണര്‍ത്താന്‍ പാകത്തില്‍


കക്കയം , ഒരു കവിത ഉണര്‍ത്താന്‍ പാകത്തില്‍
കക്കയം എന്നു കേള്‍ക്കുമ്പോള്‍ ഈച്ചരവാര്യരേയും രാജനേയും ഓര്‍മ വരാന്‍ കാരണമുണ്ട്. അടിയന്തിരാവസ്ഥയുടെ കറുത്ത ഓര്‍മ്മകളില്‍ കോഴിക്കോട് ആര്‍ ഇ സി വിദ്യാര്‍ഥിയായിരുന്ന രാജനെ പോലീസ് ഉരുട്ടി കൊലപ്പെടുത്തിയത് കക്കയം ക്യാംപില്‍ വച്ചായിരുന്നു. ഇവിടത്തെ ഉരക്കുഴി വെള്ളച്ചാട്ടത്തിലേക്ക് പോലീസ് മൃതദേഹം വലിച്ചെറിഞ്ഞെന്ന് വിശ്വസിക്കുന്നവരാണ് നാട്ടുകാരിലേറെയും. കക്ക്യം ആ കറുത്ത ഓര്‍മകളുടെ ഭാരം പേറുന്നു, ഇന്നും.
ട്രക്കിങ്ങിന് ഇതിലും യോജിച്ച മറ്റൊരിടമില്ല എന്ന് പറയുന്നത് അതിശയോക്തിയാണോ എന്നു സംശയിക്കുന്നവര്‍ക്ക് ഇവിടെ വന്ന് ധൈര്യപൂര്‍വം സംശയനിവാരണം നടത്താം. പടിഞ്ഞാറന്‍ മലനിരകളില്‍ നിന്നും 2500 അടി മുകളിലാണ് കക്കയം ഡാം സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ നിത്യഹരിതവനങ്ങള്‍ നിങ്ങളെയും കാത്ത് നില്‍ക്കുന്നു. ഒരു കവിത ഉണര്‍ത്താന്‍ പാകത്തില്‍. കക്കയം അങ്ങാടിയില്‍ തന്നെ രാജന്റെ പ്രതിമയും കാണാം. ഇവിടെയെത്തുന്ന ഓരോരുത്തരിലും നനുത്ത സ്മരണകള്‍ അവശേഷിപ്പിച്ചുകൊണ്ട്. ആ ആത്മാവ് സന്തോഷിക്കുകയാവാം.
കോഴിക്കോട് നിന്നും കക്കയത്തേക്കു പോവാന്‍ മെഡിക്കല്‍ കോളേജ് കാരന്തൂര്‍ കുന്ദമംഗലം താമരശേരി ചുറ്റും വഴി കൊയിലാണ്ടിക്കുള്ള റോഡില്‍ എസ്‌റ്റേറ്റ് മുക്ക് വഴി വലത്തോട്ട് തിരിഞ്ഞ് തലയോട് വഴിയും എരഞ്ഞിപ്പാലം കാരപ്പറമ്പ് ബാലുശേരി വഴിയും എസ്‌റ്റേറ്റ് മുക്ക് വഴി ഇടത്തോട്ട് തിരിഞ്ഞ് തലയോട് വഴിയും പോവാം. കണ്ണൂര്‍ ഭാഗത്തു നിന്നും വടകര പേരാമ്പ്ര വഴി കൂരാച്ചുണ്ട് കല്ലാനോട് വഴി ഇടത്തോട്ട് തിരിഞ്ഞ് കരിയാത്തന്‍ പാറ വഴി കക്കയത്തേക്കു പോവാം.
കരിയാത്തന്‍ പാറ കഴിഞ്ഞ് രണ്ടു കിമീ മുന്നോട്ട് ആണ് കക്കയം ഡാം. കാട്ടിലൂടെയുള്ള, പാറക്കെട്ടുകളും അവയില്‍ തിര തല്ലുന്ന പുഴയുടെ ഓളങ്ങളുമാണ് ആകര്‍ഷണങ്ങളില്‍ പ്രധാനം. ഒരു ട്രക്കിങ്ങിന്റെ സഹസികതയിലേക്ക് എളുപ്പം അലിഞ്ഞില്ലാതാകാന്‍ പ്രേരിപ്പിക്കുന്ന കാഴ്ചകള്‍. അപൂര്‍വ ഇനം ഓര്‍ക്കിഡുകളുടെ കൂടാരം കൂടിയാണ് ഇവിടം. പാപ്പന്‍ ചാടിപ്പുഴയാണ് ഇവിടത്തെ മറ്റൊരു ആകര്‍ഷണം. പണ്ടെപ്പോഴോ ഇതിലേ ശിക്കാറിനു പോയ പാപ്പന്‍ പിന്നെ തിരിച്ചുവന്നില്ലത്രേ. അതിന്റെ ഓര്‍മ്മയ്ക്കാണത്രേ ഈ പേരു വീണത്. കക്കയം ഡാം വരുന്നതിനു മുമ്പ് മൂന്ന് പുഴയില്‍ നിന്നുള്ള വെള്ളം ഇവിടെ ചേരുമായിരുന്നുവത്രേ. ഇവിടത്തെ ഊരക്കുഴി വെള്ളച്ചാട്ടവും പേരുകേട്ടതാണ്.

യാത്രയ്‌ക്കൊരുങ്ങും മുമ്പ്:
കക്കയം മലബാര്‍ വൈല്‍ഡ് ലൈഫ് സാങ്ചറി ചക്കിട്ടപ്പാറയിലും കൂരാച്ചുണ്ടുമായാണ് സ്ഥിതി ചെയ്യുന്നത്. കൊയിലാണ്ടി താലൂക്ക്. ഏകദേശം 72. 2259 കിമീ സ്‌ക്വയര്‍ ഫീറ്റ് വരും ഇത്.
വിമാനത്താവളം: കോഴിക്കോട്
റെയില്‍വേ സ്‌റ്റേഷന്‍: കോഴിക്കോട്, കൊയിലാണ്ടി
കോഴിക്കോട് നിന്നും റോഡ് മാര്‍ഗം 65 കിമീ
സീസണ്‍ നവംബര്‍ മുതല്‍ ഏപ്രില്‍, മണ്‍സൂണ്‍ കാലം
അടുത്തുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍:
കരിയാത്തന്‍ പാറ, പപ്പന്‍ ചാടിക്കുഴി, ഉരക്കുഴി വാട്ടര്‍ഫാള്‍സ്, കക്കയം ഡാം, കക്കയം പവര്‍ ഹൗസ്, കക്കയം വാലി 11 കിമീ, കക്കയം ഡാം 14 കിമീ.

Wednesday, March 28, 2012

ബെഞ്ചുകള്‍ക്കപ്പുറം ഒരു പ്രണയകഥ



ബെഞ്ചുകള്‍ക്കപ്പുറം ഒരു പ്രണയകഥ
...സുന്ദരിയായിരുന്നു അവള്‍.
ക്ലാസിലെ ഏറ്റവും സുന്ദരി.
അതുകൊണ്ടായിരുന്നു ഒപ്പനയില്‍ അവള്‍ സ്‌കൂള്‍ ടീമിന്റെ സ്ഥിരം പുതുമണവാട്ടിയായി തിരഞ്ഞെടുക്കപ്പെട്ടത്.
വലിയ കണ്ണുകള്‍. അര്‍ധനിമീലമായി മാത്രം അവ തുറക്കപ്പെടുമ്പോള്‍ ആരും ദത്തശ്രദ്ധരായി നോക്കിനില്‍ക്കും. അത്രയ്ക്കു മനോഹരി.
ക്ലാസിലെ പെണ്‍കുട്ടികളുടെ ഭാഗത്തെ രണ്ടാമത്തെ ബെഞ്ചിന്റെ അങ്ങേയറ്റമായിരുന്നു അവളുടെ ഇരിപ്പിടം. ക്ലാസിനിട യില്‍ അറിയാതെയെങ്കിലും ഞങ്ങളുടെ കണ്ണുകള്‍, കൂട്ടി മു ട്ടാറുണ്ടായിരുന്നു.
ഒരിക്കല്‍ ഒരു വിശേഷദിനത്തില്‍ വിതരണം ചെയ്ത സ്റ്റാമ്പിന്റെ പണം അടക്കാന്‍ മറന്നപ്പോള്‍ അത് അടയ്ക്കാന്‍ പണം നല്‍കിയതിനു ശേഷമായിരുന്നു ഞങ്ങള്‍ സുഹൃത്തുക്കളായത്. ആ പണം പിറ്റേന്നു തന്നെ തിരിച്ചു കൊടുത്തെങ്കിലും അത് പ്രണയത്തിന്റെ പ്രഥമോപാഹാരമായി എണ്ണുകയാണ് ചെയ്തത്.

Friday, March 23, 2012

വടകര- കേട്ടു കൊതിതോന്നുന്ന ഒരു വടക്കന്‍ പാട്ടിന്റെ ഈരടി പോലെ.





വടകര- കേട്ടു കൊതിതോന്നുന്ന ഒരു വടക്കന്‍ പാട്ടിന്റെ ഈരടി പോലെ.
ഒരു കുസൃതി ചോദ്യം. പണ്ട് ലോവര്‍ പ്രൈമറി ക്ലാസുകളില്‍ ആരെങ്കിലും നിങ്ങളോട് ഇതേ ചോദ്യം ചോദിച്ചിരിക്കാം. വള്ളിയോ പുള്ളിയോ ഇല്ലാതെ എഴുതാന്‍ പറ്റുന്ന സ്ഥലനാമമേത്? ആലോചിച്ച് കാടു കയറേണ്ട. ഉത്തരം വടകര. ഇനിയും മറ്റൊരു സ്ഥലം കണ്ടെത്താന്‍ ചിലപ്പോള്‍ കാനേഷുമാരിയും ലോകഭൂപടവും മുഴുവന്‍ തപ്പേണ്ടി വരും. വടകരയ്ക്കു തുല്യം വടകര മാത്രമെന്നു സാരം.
പഴമയാണ് വടകരയുടെ മുഖമുദ്ര. വടകരയുടെ മണ്ണില്‍ കാല്‍ കുത്തിയാല്‍ ഒന്ന് ഓതിരം ചുറ്റി വെട്ടാന്‍ ആര്‍ക്കും തോന്നാം. കടത്തനാടന്‍ കളരിയുടെ പടച്ചട്ടയണിഞ്ഞുനില്‍ക്കുന്ന മണ്ണാണിത്. വടക്കന്‍ പാട്ടുകളിലെ പ്രിയപ്പെട്ട ഹീറോ തച്ചോളി ഒതേനന്റെ ജന്‍മസ്ഥലം. അദ്ദേഹം പറന്നുവെട്ടിയ തച്ചോളി മാണിക്കോത്തു തറവാടും മറ്റും ഇന്നും ഇവിടെയുണ്ട്. കേട്ടു കൊതിതോന്നുന്ന ഒരു വടക്കന്‍ പാട്ടിന്റെ ഈരടി പോലെ.
പിന്നെയുമുണ്ട്, വടകരപ്പെരുമകള്‍ ഏറെ. സാമൂതിരിയുടെ കപ്പല്‍പ്പടയെ നയിച്ച് പോര്‍ച്ചുഗീസുകാരെ വെള്ളം കുടിപ്പിച്ച കുഞ്ഞാലി മരയ്ക്കാരുടെ ജന്‍മസ്ഥലം വടകരയിലെ ഇരിങ്ങലിലാണ്. ഇന്നും ഒരു കാലഘട്ടത്തിന്റെ ഓര്‍മകള്‍ അയവിറക്കി കൊണ്ട് മൂര്യാട് പുഴയുടെ തീരത്തായി കുഞ്ഞാലി മരയ്ക്കാര്‍ ജനിച്ചു വളര്‍ന്ന വീട് സ്ഥിതി ചെയ്യുന്നുണ്ട്. ആ ധീരദേശാഭിമാനിയുടെ ആയുധങ്ങളും മറ്റും ഇവിടെ സൂക്ഷിച്ച് വച്ചിരിക്കുന്നതായി കാണാം.
വടകരയ്ക്കടുത്തായി പയ്യോളി ബീച്ചില്‍ നിന്നും 13 കിമീ അകലെയായി തലയുയര്‍ത്തി നില്‍ക്കുന്ന വെള്ളിയാം കല്ലിനേയും ഇവിടെ സ്മരിക്കാം. ഇവിടെ വെച്ചായിരുന്നു കുഞ്ഞാലി മരയ്ക്കാര്‍ പോര്‍ച്ചുഗീസ് അധിനിവേശത്തെ ഫലപ്രദമായി പ്രതിരോധിച്ചത്. പ്രകൃതി ഒരുക്കിയ ഈ രക്ഷാകവചം ഇവിടെ തലയുയര്‍ത്തി നില്‍ക്കുന്നു.
വടക്കന്‍ പാട്ടുകള്‍ സിനിമകളാവുമ്പോള്‍ നായികാനായകര്‍ ഭക്തിപുരസരം വിളിക്കുന്ന ദേവിയാണ് ലോകനാര്‍കാവിലമ്മ. വടകരയില്‍ നിന്ന് അഞ്ച് കിമീ അകലെയാണ് ലോകനാര്‍കാവ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 1500 ലേറെ വര്‍ഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു ഈ ക്ഷേത്രത്തിന്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് ഇവിടത്തെ പൂരം.
സാന്റ് ബാങ്കും അതിനോട് ചേര്‍ന്നു വരുന്ന സൈലന്റ് ബീച്ചും വടകരയുടെ ആകര്‍ഷണങ്ങളില്‍ അഗ്രഗണ്യമാണ്. തിക്കോടി ലൈറ്റ് ഹൗസും ഇവിടെ നിന്നും അടുത്ത് തന്നെയാണ്.

വടകര യാത്രയ്‌ക്കൊരുങ്ങും മുമ്പ്:
റെയില്‍വേ സ്‌റ്റേഷന്‍: വടകര
എയര്‍പോര്‍ട്ട്: കാലിക്കറ്റ് എയര്‍പോര്‍ട്ട് 80 കിമീ
വടകര കണ്ണൂരില്‍ നിന്നും 44 കിമീ. കോഴിക്കോട് നിന്ന് 47 കിമീ.
ചരിത്രസാംസ്‌ക്കാരിക പ്രാധാന്യമുള്ള സ്ഥലമായതിനാല്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളുടെ യാത്രകള്‍ക്ക് അനുയോജ്യം.
സമീപത്തെ ആകര്‍ഷണങ്ങള്‍:
കുഞ്ഞാലി മരയ്ക്കാര്‍ ഭവന്‍ 2 കിമീ, ലോകനാര്‍കാവ് 5 കിമീ മേമുണ്ടയില്‍
സാന്റ് ബാങ്ക് 3 കിമീ
സൈലന്റ് ബീച്ച് 7 കിമീ
പഴംകുട്ടി മല ക്ഷേത്രം വൈകുന്നേരം മാത്രം തുറക്കുന്നു. സൂര്യാസ്തമയം കാണാന്‍ അനവധി പേര്‍ ഇവിടെ എത്തുന്നു.
ചേന്ദമംഗലം ക്ഷേത്രം പഴക്കം ചെന്ന് ക്ഷേത്രം. ധ്വജ പ്രതിഷ്ഠ ഉള്ള കേരളത്തിലെ അപൂര്‍വം ക്ഷേത്രങ്ങളിലൊന്ന്.

Saturday, March 17, 2012

ബേക്കല്‍ കോട്ട- ഒരു മണ്‍സൂണിന്റെ കുളിരില്‍










ബേക്കല്‍ കോട്ട- ഒരു മണ്‍സൂണിന്റെ കുളിരില്‍

പൗരാണികത ഒരു ചലച്ചിത്രദൃശ്യത്തിലേക്ക് നിറഞ്ഞുതുളുമ്പുന്നതിന്റെ ഭാവാത്മകത അനുഭവിച്ചറിയണമെങ്കില്‍ ബേക്കലിലേക്കു തന്നെ യാത്ര തിരിക്കണം. അതും ഒരു മണ്‍സൂണിന്റെ കുളിരില്‍. വീശിയടിക്കുന്ന അറബിക്കടല്‍ ശബ്ദഘോഷത്തോടെ കോട്ടയുടെ ദക്ഷിണഭാഗത്ത് തിരയായി ഉമ്മ വയ്ക്കുന്നത് അനുഭവിച്ചറിയാം. ബേക്കല്‍ കോട്ട, കാസര്‍ഗോട്ടിന്റെ മാത്രമല്ല, കേരളത്തിന്റെ മുഴുവന്‍ മുഖമുദ്രയായും മാറുന്നത് ഇന്നേരമാണ്.
കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ വലിയ കോട്ടകളിലൊന്നാണിത്. മൊത്തം 40 ഏക്കറുകളോളം പരന്നുകിടക്കുന്നു ഈ ഭൂമി. ചുറ്റും അറബിക്കടല്‍ എന്ന വിശ്വസ്ത കാവല്‍ക്കാരനും. ഒരു കാലത്ത് കടലിലെ ശത്രുവിന്റെ ഏതു ചെറുചലനം പോലും കോട്ടകാവല്‍ക്കാര്‍ ബൈനോക്കുലറിലൂടെ ഇവിടെ നിന്ന് എളുപ്പം രേഖപ്പെടുത്തിയിരിക്കണം. കോട്ടയുടെ നാലില്‍ മൂന്ന് ഭാഗവും തിരയുടെ പ്രകമ്പനത്തിലേക്ക് കണ്‍പാര്‍ക്കുന്നു.
കോട്ടയിലെ ഓരോ ചുവടുവയ്പും ചരിത്രത്തിലേക്കുള്ളതു കൂടിയാണ്. പ്രവേശനകവാടം തുടങ്ങിയുള്ള വളഞ്ഞും പുളഞ്ഞുമുള്ള വഴികള്‍ ഒരു കാലത്തെ സുരക്ഷിതത്വത്തിനുള്ള ആദ്യപടികളായി എണ്ണാം. സാധാരണ കോട്ടയോട് അനുബന്ധമായി ഉണ്ടാവാറുള്ള കൊട്ടാരങ്ങളോ പ്രഭുമാളികയോ ഒന്നും ഇവിടെ ഇല്ല. മുഴുവനായും ഇത് പ്രതിരോധത്തിനായി മാത്രം പണിതതാണെന്നു സാരം. ചരിത്രത്തില്‍ 12 ാം നൂറ്റാണ്ടില്‍ തുളുനാട്ടിലെ പ്രധാന തുറമുഖമായി കോലത്തിരി ഭരണകാലത്ത് ബേക്കല്‍ ഉള്‍പ്പെടുന്ന ഭാഗങ്ങള്‍ മാറിയിരുന്നതായി കാണാം. ചിറയ്ക്കല്‍ രാജാക്കന്‍മാരുടെ ഭരണകാലത്തേ, ബേക്കല്‍ കോട്ട ഉണ്ടായിരുന്നു. എങ്കിലും ഏതു കാലത്താണ് ഇതു പണിതതെന്നുള്ള സംശയം ബാക്കി നില്‍ക്കുന്നു. പ്രശസ്ത ചരിത്രകാരനായ എച്ച്. എ സ്റ്റുവര്‍ട്ടിന്റെ നിരീക്ഷണത്തില്‍ 1650 1700 കാലഘട്ടത്തില്‍ ബദനൂര്‍ ഭരണകാലത്ത് ശിവപ്പ നായിക്ക് നിരവധി കോട്ടകള്‍ പുനര്‍നിര്‍മാണം ചെയ്തിട്ടുണ്ട്. അവയിലൊന്നാണ് ഈ ബേക്കല്‍ കോട്ടയും സമീപത്തെ മറ്റൊരു കോട്ടയായ ചന്ദ്രഗിരി കോട്ടയും. കുറച്ചുകാലം മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താന്റെ കീഴിലായിരുന്നു ഇത്. ബേക്കലിനെ സംബന്ധിച്ചിടത്തോളം സുവര്‍ണകാലഘട്ടം കൂടിയായിരുന്നു അത്. ടിപ്പുവിനു ശേഷം ബേക്കല്‍ കോട്ട ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധീനതയിലാവുകയും ചെയ്തു. ഇപ്പോള്‍ ഇതിന്റെ സംരക്ഷണച്ചുമതല മുഴുവനും ഗവര്‍ണ്‍മെന്റ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഏറ്റെടുത്തിരിക്കുകയാണ്.
ചരിത്രത്തെ ഇവിടെ ഉപേക്ഷിച്ച് കോട്ടയ്ക്കകത്തെത്തുമ്പോള്‍ ഗതകാലസ്മരണകള്‍ നമ്മെ തഴുകുന്നത് ശരിക്കും അനുഭവിക്കാം. ബോംബെ സിനിമയിലെ ഉയിരേ, ഉയിരേ എന്ന ഗാനത്തിന്റെ ഓര്‍മകള്‍ മനസില്‍ തങ്ങിനില്‍ക്കുന്നതിന്റെ ശേഷിപ്പുകള്‍ മഴക്കാലത്തെ പൂപ്പല്‍ പിടിച്ച മതിലിനെ ഇളം പച്ചപ്പിലാക്കിയത് നിര്‍വൃതിയോടെ ആസ്വദിക്കാം. അറബിക്കടലിലേക്ക് തുറക്കുന്ന തുരങ്കത്തിലൂടെ ഒരു അവധൂതനെപ്പോലെ ഇറങ്ങിനടക്കാം. സിനിമയും സീരിയലും ആല്‍ബവും ചിത്രീകരിക്കാന്‍ വന്നിരിക്കുന്ന സംവിധായകനും പരിവാരങ്ങള്‍ക്കും രംഗപടം ഒരുക്കാന്‍ നമുക്കല്‍പം മാറിനില്‍ക്കാം. തുരങ്കത്തിനകത്തെ ഇരുട്ടില്‍ ഭയപ്പെടാനൊന്നുമില്ല. നിങ്ങള്‍ക്കൊപ്പം ഒരു ചരിത്രവും അതിന്റെ കാവല്‍ഭടന്‍മാരുടെ അദൃശ്യസാന്നിധ്യവുമുണ്ട്. വിനോദസഞ്ചാരത്തേക്കാള്‍ ചരിത്രത്തിലേക്കുള്ള ഒരു സഞ്ചാരമായി ഈ യാത്രയെ ക്യാമറാ ക്ലിക്കിലൊതുക്കാം.

ബേക്കല്‍ യാത്രയ്‌ക്കൊരുങ്ങും മുമ്പ്:
ലൊക്കേഷന്‍: കാസര്‍ഗോഡു ജില്ലയിലാണ് ബേക്കല്‍ കോട്ട. കാസര്‍ഗോട്ട് നിന്ന് 18 കിമീ ദൂരം. കാഞ്ഞങ്ങാട് നിന്ന് 8 കി മീ ദൂരം. അടുത്തുള്ള റെയില്‍വേ സ്‌റ്റേഷനുകള്‍. കാസര്‍ഗോഡ്, കാഞ്ഞങ്ങാട്
വിമാനത്താവളം: മാംഗ്ലൂര്‍ വിമാനത്താവളം. 60 കി മീ, കോഴിക്കോട് വിമാനത്താവളം 180 കിമീ.
ചരിത്രപ്രാധാന്യമുള്ള സ്ഥലമായതിനാല്‍ സ്‌കൂള്‍, കോളജ് തുടങ്ങിയ ഔദ്യോഗികസ്ഥാപനങ്ങളുടെ യാത്രയ്ക്ക് അനുയോജ്യം. കുടുംബയാത്രകളുമാവാം.
സീസണ്‍: എല്ലാ സീസണിലും ബേക്കല്‍ സജീവമാണ്.
താമസിക്കാം: ഹോട്ടല്‍ മലനാട്, നിര്‍വാണ്‍ എന്നിവ.
അടുത്തുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍: റാണിപുരം 40 കിമീ.

Sunday, March 11, 2012

മസ്ജിദുല്‍ അന്‍സാര്‍






മസ്ജിദുല്‍ അന്‍സാര്‍
“നാടിന്റെ സംസ്‌ക്കാരത്തോളം, മുജാഹിദ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയോളം ചരിത്രമുണ്ട് മസ്ജിദുല്‍ അന്‍സാറിന് പറയാന്‍. ഒരു കാല ത്ത് , അതായത് സ്വാതന്ത്ര്യസമരമൊക്കെ കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത്, ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും ഗാന്ധിജിയുടെയും മൗലാ നാ അലി സഹോദരന്‍മാരുടെയും പേരുകള്‍ മുഖ്യധാരയില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്ന കാലത്ത് കടവത്തൂരിലെ കാര്യങ്ങള്‍ നിര്‍ണയിച്ചി രുന്നത് മസ്ജിദുല്‍ അന്‍സാറായിരുന്നു. അന്ന് ഈ പള്ളിക്ക് മസ്ജിദുല്‍ അന്‍സാര്‍ എന്നു പേരിട്ടിരുന്നില്ല. ഇരഞ്ഞിന്‍ കീഴിലില്‍ സ്ഥിതി ചെയ്തിരുന്നതിനാല്‍ ഇരഞ്ഞിന്‍ കീഴില്‍ പള്ളി എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്.

...അതിനും ശേഷമാണ് പഴമയും ചരിത്രവും ഏറെ പറയാനുള്ള മസ്ജിദുല്‍ അന്‍സാര്‍ പുതുക്കി പണിയണമെന്ന് മഹല്ല് കമ്മിറ്റി തീരുമാ നിക്കുന്നതും അത് ഞാന്‍ ഒറ്റയ്ക്ക് പണിയാമെന്നും പറഞ്ഞ് നാട്ടിലെ ധനാഢ്യനും പ്രമുഖ രാഷ്ട്രീയക്കാരനുമായ എം കെ മായിന്‍ ഹാജി തുനിഞ്ഞിറങ്ങി മുന്നോട്ടു വരുന്നതും. ആദ്യമാദ്യം പള്ളി ഒറ്റയ്ക്ക് ഒരാള്‍ പണിയുന്നതിനു പിന്നിലെ ശരിയെക്കുറിച്ചും ശരികേടിനെക്കുറി ച്ചും മഹല്ല് കമ്മിറ്റിയില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായെങ്കിലും പിന്നീട് കമ്മിറ്റിയൊന്നാകെ തന്നെ മായിന്‍ ഹാജിയുടെ തീരുമാനത്തിനു മു ന്നില്‍ നമോവാകം ചെയ്തു. മസ്ജിദുല്‍ അന്‍സാറില്‍ വെള്ളിയാഴ്ച ജുമുഅ: നമസ്‌ക്കരിക്കാന്‍ പോവട്ടെ, കാലു കുത്താന്‍ പോലും ഇടം കിട്ടാതെ വിഷമിക്കുന്ന ഭക് തരെ കണ്ടതിനു ശേഷമാണ് മഹല്ല് കമ്മിറ്റി പ്രസിഡന്റ് ഖാദര്‍ ഹാജിയുടെയും കൂട്ടരുടെയും മനസില്‍ ഇങ്ങനെയൊരു ചിന്ത കടന്നു വന്ന ത്. പിന്നെ, പതിയെ എം കെ മായിന്‍ ഹാജിയുടെ നിര്‍ദേശത്തിനനുസരിച്ച് ചരിത്രമുറങ്ങുന്ന മസ്ജിദുല്‍ അന്‍സാറിന്റെ ചെങ്കല്‍ക്കൂട്ടങ്ങള്‍ ഇളകിത്തുടങ്ങി.

Friday, March 9, 2012

വരയിലെ ടേസ്റ്റ് എന്‍ജിനീയറാക്കി. കയ്യാലക്കകം വീട`-ജോസ്, തിരുവനന്തപുരത്തെ പേരൂര്‍ക്കട




വരയിലെ ടേസ്റ്റ് എന്‍ജിനീയറാക്കി

തിരുവനന്തപുരത്തെ പേരൂര്‍ക്കടയിലുള്ള കയ്യാലക്കകം വീടിന് നൂറുവര്‍ഷത്തിലേറെ പഴക്കമുണ്ട്. ഇളമുറക്കാരനായ ജോസ് പുതിയ വീടു പണിതപ്പോഴും പേരു പഴയതു തന്നെ കൊടുത്തു. കയ്യാലക്കകം. പശ്ചിമനിരകളുടെ പശ്ചാത്തലത്തില്‍ ഈ വീട് ഒരു വൈറ്റ്ഹൗസായി തോന്നിയാലും തെറ്റില്ല. മഴ പെയ്താല്‍ പിറകിലെ പശ്ചാത്തലത്തില്‍ നീലക്കുന്നുകള്‍ ഉയര്‍ന്നു നില്‍ക്കുന്നതു കാണാം. വീടിന് ആകെയും വെള്ളനിറമാണ് നല്‍കിയത്. സ്വന്തമായി വീട് പണിയാനുള്ള തീരുമാനത്തെ ബിസിനസുകാരനായ ജോസ് ഇങ്ങനെ വിലയിരുത്തുന്നു. ‘മുമ്പേ എനിക്ക് വരയ്ക്കുന്നതില്‍ ഒരു ടേസ്റ്റുണ്ടായിരുന്നു. പിന്നെ ഈ ലൊക്കേഷന്‍ വ്യൂ ഏറെ ഇഷ്ടപ്പെട്ടു. ഒരു പരീക്ഷണം നടത്താന്‍ ഇതൊക്കെത്തന്നെ പോരേ, പ്രചോദനമായിട്ട്?’
മുമ്പ് പാറമടയായിരുന്നു ഇവിടം. എത്രയും പെട്ടെന്ന് പണി തീര്‍ക്കണമെന്നുണ്ടായിരുന്നു. മൊത്തം 2500 സ്‌ക്വയര്‍ ഫീറ്റുണ്ട് വീടിന്. രണ്ടു നിലകളിലായി മൂന്ന് ബെഡ്‌റൂമും വരുന്നു. ഇവയില്‍ കിഡ്‌സ് റൂം ഏറെ മനോഹരം. സിംപിള്‍ ഡിസൈനോടായിരുന്നു താല്‍പര്യം. വീടിനാകെയും വെള്ളനിറം കൊടുത്തതും അതുകൊണ്ടു തന്നെയാണ്. ഫ്‌ളോറിങ്ങിനു തറയോടും നല്‍കി. ഇതിനുള്ള കടപ്പാട് മുമ്പൊരു യാത്രയില്‍ കിട്ടിയ വിദേശമാഗസിനു നല്‍കാനും മടിയില്ല.
ആന്റിക് സൗന്ദര്യം
പാരമ്പര്യമായി കിട്ടിയ ആന്റിക് ഫര്‍ണിച്ചറുകളും മറ്റും ഇവിടെ വേണ്ടും വിധം ഉപയോഗിച്ചതാണ് ഇന്റീരിയറിലെ ആകര്‍ഷണീയതയ്ക്കു മാറ്റു കൂട്ടിയതെന്ന് വീട്ടുകാരി സ്മിത പറയുന്നു. അതുകൊണ്ട് കാശും ലാഭമായി, കാണാനും ലുക്കുമായി. ഇവയില്‍ അപ്‌ഹോള്‍സ്റ്ററി ചെയ്തു സോഫ സ്‌റ്റൈലാക്കിയിട്ടുമുണ്ട്. വീട്ടില്‍ ആരു വന്നാലും ഇതിനെപ്പറ്റി എന്തെങ്കിലുമൊരു ചോദ്യമുണ്ടാവും. ഓരോ മുറിയുടെ അളവുകളും മനസില്‍ കാണാപാഠമായിരുന്നു. വീടു പണിയുമ്പോള്‍ ഏതുറക്കത്തില്‍ വിളിച്ചു ചോദിച്ചാലും ഉത്തരം പറയുന്ന രൂപത്തില്‍ നിറഞ്ഞുനിന്നു. ഒരു മുറിയുടേയും അളവുകളുടെ കാര്യത്തില്‍ ഒരു നീക്കുപോക്കിനും ശ്രമിച്ചിട്ടില്ല. മുമ്പ് ലൈബ്രറിയില്‍ സെന്‍സസ് വരച്ചതും മറ്റുമല്ലാം ഇതിനു സഹായകരമായി. ജനാലയ്‌ക്കെല്ലാം അത്രയെളുപ്പമൊന്നും തകര്‍ക്കാന്‍ കഴിയാത്ത ഗ്ലാസ് നല്‍കി. വെളിച്ചം നല്ലവണ്ണം വരാന്‍ ഇവ സഹായിക്കുന്നത് മെച്ചം.
‘ആദ്യം വീടിന് കോര്‍ട്‌യാര്‍ഡ് പണിയേണ്ട പ്ലാന്‍ ഉണ്ടായിരുന്നെങ്കിലും പിന്നീടത് വേണ്ടെന്നു വയ്ക്കുകയായിരുന്നു. വീടിരിക്കുന്ന നിലം ഗ്രൗണ്ട് ലെവലില്‍ നിന്നും അല്പം താണ് സ്ഥിതി ചെയ്യുന്നതാണിതിനു കാരണം.. അപ്പോ കോര്‍ട്‌യാര്‍ഡ് വെച്ചാലും നമ്മളുദ്ദേശിക്കുന്ന ഫലം കിട്ടിയെന്നു വരില്ല.’ ജോസ് പറയുന്നു. വെറുതെ ഒരു പ്ലാന്‍ വരയ്ക്കാതെ കൃത്യമായും വീടിന്റെ അവസ്ഥ കൂടി അറിഞ്ഞായിരുന്നു വീടുപണി. ഇഷ്ടം പോലെ പ്ലാന്‍ വരച്ച് പതം വന്നെന്നും പറയാം. എങ്കിലും വീട്ടില്‍ ഒരു ഓഫീസ് മുറി ഇല്ലാത്ത വിഷമം ബാക്കിയുണ്ട് മനസില്‍.
ടെറസ് ഉപയോഗപ്പെടുത്തി
സാധാരണവീടുകളില്‍ ടെറസിലിരിക്കുന്നത് ഒരു പക്ഷേ താമസം തുടങ്ങിയതിന്റെ ആദ്യകാലങ്ങളിലായിരിക്കും. പിന്നെ പാടേ ഉപേക്ഷിക്കുകയാവും പതിവ്. എന്നാല്‍ ഇവിടെ ടെറസിന്റെ സാധ്യത എന്നും ഉപയോഗിക്കാവുന്ന വിധം ആണ്. ടെറസിലേക്ക് എളുപ്പം ഇറങ്ങാവുന്ന വിധത്തില്‍ എന്‍ട്രന്‍സ് നടത്തി. ഒരു ചെറിയ പാര്‍ട്ടി നടത്താനും രാത്രികാലങ്ങളില്‍ വന്നിരിക്കാനും ഇവ ധാരാളം. ഇതു വീടിനൊരു വിദേശലുക്കും നല്‍കുന്നു. വീടും പരിസരവും നല്ല പോലെ കൊണ്ടുനടക്കാന്‍ അച്ഛനേയും അമ്മയേയും പോലെ മക്കളായ ആനിയും മാത്യുവും കുര്യനുമൊക്കെ സദാ ഒരുക്കവുമാണ്. ലാന്‍ഡ്‌സ്‌കേപ്പും പിന്നെ വീടിനകവും അവര്‍ ഏറ്റെടുത്ത് മനോഹരമാക്കുന്ന സ്ഥിരം സെന്ററുകള്‍.

Saturday, March 3, 2012