Monday, January 30, 2012

എല്‍ദോയേയും സിനിമയിലെടുത്തേ..





എല്‍ദോയേയും സിനിമയിലെടുത്തേ..

ഗൃഹലക്ഷ്മി ടീം ജനപ്രിയലൊക്കേഷനുകളിലെ ജനപ്രിയ കോമഡി ഡയലോഗുകള്‍ തേടിയിറങ്ങിയപ്പോള്‍ എല്‍ദോയേയും സിനിമയിലെടുത്തെന്ന മട്ടിലുള്ള സ്വീകരണമായിരുന്നു എവിടെയും. നാട്ടുകാര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ വെറുതെ ഒരു ഭാര്യയിലേയും സകുടുംബം ശ്യാമളയിലേയും സുരാജ് വെഞ്ഞാറമൂടിനെപ്പോലെ തിക്കു കൂട്ടി, മുഖത്തൊരു പഷ്ട് ക്ലാസ് ചിരി വരുത്തി. യു ട്യൂബും ബ്ലുടൂത്തും വ്യാപകമായതോടെ മാറിവരുന്ന കോമഡി സങ്കല്‍പങ്ങള്‍ അക്കമിട്ടു നിരത്തി. ഇപ്പോള്‍ അവര്‍ക്ക് ഒരു കാലത്തെ അങ്ങാടി സിനിമയിലെ ജയന്റെ ‘മേ ബി വി ആര്‍ പുവേര്‍സ്.. ’ തുടങ്ങുന്ന ഇംഗ്ലീഷ് ഡയലോഗ് യു ട്യൂബില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ബ്ലൂടൂത്തിലൂടെ കൈമാറി വരുന്ന ഹിറ്റ് കോമഡിയാണത്രേ. കൂടാതെ ഈ ഹൈടെക് കാലത്ത് ‘പോളണ്ടിനെക്കുറിച്ചൊന്നും പറയരുത്’, ‘ചന്തുവിനെ തോല്‍പിക്കാന്‍ ആര്‍ക്കുമാവില്ല’ തുടങ്ങി ഹിറ്റ് ഡയലോഗുകള്‍ ടീ ഷര്‍ട്ടിന്റെ പിറകിലും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഏതായാലും ഇനി നമ്മള്‍ കാണാനും കേള്‍ക്കാനും പോവുന്നത് ഇഷ്ടലൊക്കേഷനുകളിലെ ഒരു ലോഡ് കോമഡികളാണ്. ഓര്‍ക്കുക, ഞങ്ങള്‍ തിരഞ്ഞെടുത്ത ലൊക്കേഷനുകള്‍ വായനക്കാര്‍ക്ക് അവരുടെ നാട്ടിലെ സ്ഥിരം ലൊക്കേഷനുകളായി മനസില്‍ കാണാനുള്ള സ്വാതന്ത്ര്യം നല്‍കുന്നു.

സീന്‍ ഒന്ന്
ഗോവിന്ദന്‍ ടീ സ്റ്റാള്‍, ആണ്ടിപ്പീടിക, പാനൂര്‍
പതിവുപോലെ ടീ സ്റ്റാള്‍ തുറന്നതേയുള്ളൂ കടയുടമ ഭാസ്‌ക്കരന്‍. ജനമനസുകളില്‍ എന്നും തങ്ങിനില്‍ക്കുന്ന സിനിമാഡയലോഗ് അന്വേഷിച്ച് ഗൃഹലക്ഷ്മി ടീം ചടപടെ കട വളഞ്ഞപ്പോള്‍ ഭാസ്‌ക്കരന്‍ ആദ്യമൊന്ന് പരിഭ്രമിച്ചു. പിന്നെ കടയുടെ ചരിത്രം പറഞ്ഞു, അല്‍പം. പത്തമ്പത് കൊല്ലമായി ഈ ചായക്കട നടത്തുന്നു. അച്ഛന്റെ പേരാണ് ഗോവിന്ദന്‍. ബോര്‍ഡൊന്നുമില്ലാത്തതിനാല്‍ ഇപ്പോള്‍ ഗോവിന്ദന്‍ ടീ സ്റ്റാള്‍ എന്ന പേര് നാട്ടുകാര്‍ മറന്നു. അവര്‍ക്ക് ഇത് ആണ്ടിപ്പീടികയാണ്. ഈ സ്ഥലത്തിന്റെ പേര് തന്നെ. പലരും ഭാസ്‌ക്കരന്റെ പേര് ആണ്ടിയാണോ എന്ന് തെറ്റിദ്ധരിച്ചിട്ടുമുണ്ട്. രാത്രിയേറെ കഴിഞ്ഞിട്ടും കട തുറന്നുവെക്കുന്നതിനാല്‍ ഒരു അഞ്ചെട്ടു കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നും ആള്‍ക്കാര്‍ വരാറുണ്ട്. പ്രത്യേകിച്ചും രാത്രികറക്കമുള്ള ചെത്തുപിള്ളേരും ലോറി ഡ്രൈവര്‍മാരും. ഏത് പ്രായക്കാര്‍ക്കും ഇവിടെ എപ്പോഴും സ്വാഗതമാണ്. ‘ദേ, ഈ പിള്ളേര്‍ ഇപ്പോള്‍ വന്നതാ. അവരോട് ചോദിക്ക് നിങ്ങടെ സിനിമാ ഡയലോഗ്. എനിക്കേതായാലും ഇഷ്ടം ഹരികൃഷ്ണന്‍സിലെ മമ്മൂട്ടിയും മോഹന്‍ലാലും കാറില്‍ പോവുമ്പോ, ഇരുവരും തമ്മാമല്‍ പറയുന്ന കളിയാക്കല്‍ ഡയലോഗ് ഇല്ലേ, അതാ..’ ഭാസ്‌ക്കരന്‍ ചായയ്ക്കുള്ള വെള്ളം ചൂടാക്കാന്‍ തുടങ്ങി.
കടയില്‍ അപ്പോള്‍ വന്നുകയറിയ യഹ്‌യക്കും ടീമിനും പക്ഷേ വ്യക്തമായ ഡയലോഗ് സീന്‍ തന്നെയുണ്ട് മനസില്‍. ഒരു സിനിമ കാണുമ്പോള്‍ ഭാസ്‌ക്കരേട്ടന്റെ കടയിലെ ചിക്കന്‍ ഫ്രൈ കഴിക്കുന്ന ശ്രദ്ധയോടെ അവര്‍ ഡയലോഗും ഓര്‍മിച്ചുവെക്കുന്നു. യഹ്‌യയുടെ ഇഷ്ട ഡയലോഗ് അഴകിയ രാവണിലെ മമ്മൂട്ടിയും കുഞ്ചനും ശ്രീനിവാസനും കൂടി പാട്ട് കംപോസ് ചെയ്യുന്ന സീനാണ്. മമ്മൂട്ടിയുടെ ലാലാലാ യ്ക്ക് ശ്രീനിവാസന്റെയും ഇന്നസെന്റിന്റേയും ഇതുമതി ഇതുമതി ഇതുമതീന്നുള്ള അഭിപ്രായം. കുഞ്ചന്റെ വീണ്ടുമുള്ള കംപോസിങ്ങും. കൂട്ടത്തിലെ ഗള്‍ഫുകാരനായ ഷബീറിന് അരം+ അരം =കിന്നരം എന്ന ചിത്രത്തിലെ ജഗതിയുടെ ‘ദിസ് ഈസ് എ കാര്‍. വി ആര്‍ ഡൂയിങ് എ കാര്‍’ എന്ന ഡയലോഗും സായിദിന് വടക്കുനോക്കിയന്ത്രത്തിലെ മാമുക്കോയ പടമെടുക്കുന്നതിനിടയില്‍ ചിരിച്ചുകൊണ്ട് ദാ, ഇതു കിട്ടണം എന്നു പറയുന്നതും ശ്രീനിവസന്‍ ശബ്ദമുണ്ടാക്കുന്നതിനിടയില്‍ ‘ഒച്ച ക്യാമറയില്‍ കിട്ടുകയില്ല മിസ്റ്റര്‍’ എന്ന് പറയുന്നതുമാണ്.
മഹേഷിനു പക്ഷേ, പഠിക്കുന്ന കാലത്ത് അധ്യാപകര്‍ സ്ഥിരം ചോദിച്ചിരുന്ന ഡയലോഗിലാണ് പഥ്യം. ഗോഡ് ഫാദറിലെ ഇന്നസെന്റ് ജഗദീഷിനോട് ‘നീയൊക്കെ എന്തിനാാാഡാ പഠിക്കുന്ന’തെന്ന ചോദ്യം. അപ്പോള്‍ അവിടെ വന്നുകയറിയ ശ്രീനാരായണ ലോറി ഡ്രൈവര്‍ ഹരീന്ദ്രന്‍ പക്ഷേ, കോമഡി സീനിന്റെ കാര്യത്തില്‍ ദേശീയവാദിയാണ്. മൂക്കില്ലാരാജ്യത്ത് എന്ന സിനിമയിലെ തിലകന്റെ വിദേശവസ്ത്രബഹിഷ്‌ക്കരണമാണ് ഇഷ്ടസീന്‍.

സീന്‍ രണ്ട്
ബാര്‍ബര്‍ ഷോപ്പ്, താഴെ റോഡ്, മേക്കുന്ന്
ഈ ബാര്‍ബര്‍ ഷോപ്പ് 45 കൊല്ലം മുമ്പേ ജനകീയമാണ്. പിതാവ് ഉമ്മര്‍കുട്ടിയുടെ മരണശേഷം ഇപ്പോള്‍ രണ്ട് വര്‍ഷമായി മകന്‍ അബ്ദുറഹിമാനാണ് ബാര്‍ബര്‍ ഇന്‍ ചാര്‍ജ്. അബ്ദുറഹിമാന്‍ പത്തിരുപത്തൊന്ന് കൊല്ലം ബഹ്‌റൈനിലായിരുന്നു. പവിഴദ്വീപുകളുടെ നാടാണെങ്കിലും നാട്ടില്‍ നില്‍ക്കണമെന്ന പൂതി പെരുത്തപ്പോള്‍ തിരിച്ചുപോന്നു. ഫുട്‌ബോളര്‍ സത്യന്റെ നാടായതിനാല്‍ ഫുട്‌ബോള്‍ ലോകകപ്പ് സമയത്ത് വിചിത്രമായ ഹെയര്‍ സ്‌റ്റൈലുകള്‍ പരീക്ഷിച്ച യ്ങ്‌സ്‌റ്റേര്‍സ് മുതല്‍ തല മൂത്തു നരച്ചവര്‍ വരെ ഇവിടെ ഹാജര്‍. ഗൃഹലക്ഷ്മി ടീം ഡയലോഗുകള്‍ക്കായി ഷോപ്പ് വളഞ്ഞപ്പോള്‍ രക്ഷപ്പെടാനായി അബ്ദുറഹിമാന് പറയാനുണ്ടായിരുന്നത് കിലുക്കത്തിലെ ജഗതിയും സമര്‍ ഖാനുമായുള്ള ‘ജഗഡ, ജഗഡ, മാലും മാലും..’ഡയലോഗ്. സിനിമകള്‍ അധികമൊന്നും കാണുന്ന പതിവില്ലെങ്കിലും എപ്പോള്‍ ടി വിയില്‍ ജഗതി പ്രത്യക്ഷപ്പെടുന്നുവോ അപ്പോള്‍ തുടങ്ങും ചിരി. കടയില്‍ അപ്പോള്‍ മീശ മിനുക്കാന്‍ വന്ന ഓട്ടോ ഡ്രൈവ്രര്‍ ഷംസീര്‍ ഓര്‍ക്കുന്നത് പട്ടണപ്രവേശത്തിലെ താടി വെച്ച് വേഷം മാറിയ ശ്രീനിവാസനും തിലകനും സൈക്കിളില്‍ പോവുമ്പോഴുള്ള സംഭഷണശകലമാണ്. ഇടയ്ക്ക് മസ്‌ക്കറ്റിലെ കൂട്ടുകാരന്‍ മുസ്തഫ ഷംസീറിനു ഫോണ്‍ ചെയ്തപ്പോള്‍ പറയാനുണ്ടായിരുന്നത് പഞ്ചാബി ഹൗസിലെ കൊച്ചിന്‍ ഹനീഫാ വക ഡയലോഗ്: ‘സാറേ, അവന്‍ സത്യായിട്ടും ഊമയാ. ഇപ്പോ നിങ്ങളെ പറ്റിക്കാന്‍ വേണ്ടി സംസാരിക്കുന്നതാ..’
കടയില്‍ പത്രം വായിച്ചുകൊണ്ടിരുന്ന രാജന് പക്ഷേ, പെട്ടെന്ന് കോമഡി സീനുകളൊന്നും ഓര്‍മ്മയില്ലെങ്കിലും ഇന്നസെന്റിന്റെ കോമഡി സീനുകളിലെ കെമിസ്ട്രി ആകര്‍ഷിച്ചിട്ടുണ്ടെന്ന് പറയുന്നു. അടുത്തുള്ള യു പി സ്‌കൂള്‍ വിദ്യാര്‍ഥിയായ അഹ്‌നാസിന് കോമഡി എന്നാല്‍ ദിലീപാണ്. ചാന്തുപൊട്ടിലെയും സി ഐ ഡി മൂസയിലേയും മീശമാധവനിലേയും മേരിക്കുണ്ടൊരു കുഞ്ഞാടിലേയും ദിലീപ് മനസില്‍ നില്‍ക്കുന്നു. മനസില്‍ തങ്ങിനില്‍ക്കുന്നത്, പറക്കും തളികയിലെ ഹരിശ്രീ അശോകനും ദിലീപും കൊച്ചിന്‍ ഹനീഫയും ചേര്‍ന്നുള്ള ടോം ആന്റ് ജെറി പെര്‍ഫോമന്‍സ്.

സീന്‍ മൂന്ന്
കടത്തുകടവ്, ഇരിങ്ങണ്ണൂര്‍, കോഴിക്കോട്
അക്കരെയിക്കരെ പോവാന്‍ അഞ്ചുരൂപയാണ് കോരന്റെ തോണിയ്ക്ക് റേറ്റ്. കൊല്ലം പത്തിരുപതായി തോണിപ്പണി. അക്കരെ കല്ലാച്ചേരി കടവിലേക്കും ഇരിങ്ങണ്ണൂരേക്കും പാലം വരുന്നു പാലം വരുന്നു എന്ന് കേട്ടുതുടങ്ങിയിട്ടും കൊല്ലങ്ങളായി. എന്നാലും അക്കരെയിക്കരെ കടക്കാന്‍ ഇരുനാട്ടുകാര്‍ക്കും ഇഷ്ടം ഈ തോണി സര്‍വീസ് തന്നെ. ബസ് പിടിക്കുകയാണെങ്കില്‍ വലതുകൈ വളച്ച് ഇടതു ചെവിക്കരികിലൂടെ വളഞ്ഞ് മൂക്ക് പിടിക്കുന്ന മാതിരിയായതിനാല്‍ ഏവരും ഇതിനെ തന്നെ അശ്രയിക്കുന്നു. ഗൃഹലക്ഷ്മി ടീം ഈ കടവിലെത്തിയപ്പോള്‍ കോളജ് കുമാരന്‍മാരും സ്ഥലത്തെ പ്രദേശവാസികളും ഇക്കരെയിലെ ‘നാട്ടിപ്പണി’ കഴിഞ്ഞ് അക്കരേയ്ക്കു പോവുന്നവരുമായി വലിയ പട തന്നെ ഒപ്പം ചേര്‍ന്നു. ഇടയ്ക്ക് തോണിക്കാരന്റെ ‘അഞ്ചാള് കാരിയാ മതി, അധികമായാല്‍ വെയിറ്റ് താങ്ങൂല്ലെ’ന്ന വാണിങ്ങൊന്നും കേള്‍ക്കാതെ എല്ലാവരും ഒന്നിച്ച് തോണിയില്‍ കയറി ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ തിരക്ക് കൂട്ടിയപ്പോള്‍, ധിം! കോരന്റെ മലവെള്ളത്തില്‍ പോലും കുമ്പിടാത്ത ടൈറ്റാനിക് വെള്ളത്തിനടിയില്‍. ഒടുവില്‍ ഒരു മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു ശേഷം തോണിയിലെ വെള്ളം വറ്റിച്ച് പൂര്‍വസ്ഥിതിയിലാക്കിയപ്പോള്‍ നാട്ടുകാര്‍ക്ക് തിരഞ്ഞെടുക്കാനുണ്ടായിരുന്നത് മൂന്ന് സിനിമാ ഡയലോഗുകള്‍.
1 ‘നടിയും കുളത്തിലേക്ക് ചാടുകയാണല്ലോ. ക്യാമറയും ചാടട്ടെ..’ (ചിന്താവിഷ്ടയായ ശ്യാമള).
2 അക്കരെ അക്കരെയിലും നാടോടിക്കാറ്റിലുമുള്ള മോഹന്‍ലാല്‍, ശ്രീനിവാസന്‍ ഡയലോഗുകള്‍.
3 മീശമാധവനിലെ കൊച്ചിന്‍ ഹനീഫയുടെ ‘എന്താ മാധവേട്ടാ, പ്രശ്‌നം’ എന്ന ചോദ്യവും പിന്നെ ഇടയ്ക്കിടെയുള്ള ‘ഞാന്‍ തിരുവനന്തപുരത്തേക്കൊന്നു വിളിച്ചാലോ’ എന്ന സ്വാധീനം കാണിക്കലും.

സീന്‍ നാല്
റെയില്‍വേ സ്‌റ്റേഷന്‍, മാഹി
ഏതാണ്ട് എല്ലാ ട്രെയിനുകള്‍ക്കും സ്‌റ്റോപ്പുള്ള ഒരു റെയില്‍വേ സ്‌റ്റേഷനിലാണ് ഇപ്പോള്‍ നമ്മള്‍ നില്‍ക്കുന്നത്. ഇപ്പോള്‍ തന്നെ കോയമ്പത്തൂര്‍ മംഗലാപുരം പാസഞ്ചര്‍ കടന്നുപോയതേ ഉള്ളൂ. ഇനി വരാന്‍ പോവുന്ന മംഗലാപുരം തിരുവനന്തപുരം എക്‌സ്പ്രസിന്റെ അനൗണ്‍സ്‌മെന്റും കേള്‍ക്കാം. സ്‌റ്റേഷനിലെ മൂന്ന് ദിക്കിലേക്ക് യാത്ര പുറപ്പെടാനൊരുങ്ങുന്ന മൂന്ന് യാത്രക്കാരാണ് ഇപ്രാവശ്യം ഞങ്ങളുടെ നോട്ടപ്പുള്ളികള്‍. ഓരാള്‍ ചെക്ക് പോസ്റ്റ് ഉദ്യേഗസ്ഥനായ മുകുന്ദന്‍. അദ്ദേഹത്തിന് പോവാനുള്ളത് മഞ്ചേശ്വരത്തേക്കാണ്. ഇഷ്ടപ്പെട്ട സിനിമാഡയലോഗിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പറയാനുള്ളത് മണിച്ചിത്രത്താഴിലെ ലാലേട്ടന്റെ ‘കിണ്ടി കിണ്ടി’ പ്രയോഗവും മിഥുനത്തിലെ ‘ഒപ്പിടെടാ ചെറ്റ തെണ്ടി പട്ടി നായിന്റെ മോനേ’ എന്ന ഇന്നസെന്റിയന്‍ ഡയലോഗും. കോഴിക്കോട്ടേക്കുള്ള യാത്രയില്‍ സമീപമിരുന്ന മുഹമ്മദിന്റെ ഇഷ്ടഡയലോഗ് ‘ക്യാ ഹാഫ് ബോട്ടില്‍, യാ ഫുള്‍ ബോട്ടില്‍..’ എന്ന സന്ദേശത്തിലെ മാമുക്കോയയുടെ ഇന്നസെന്റിനോടുള്ള സംശയം നിറഞ്ഞ ചോദ്യമാണ്. ഷൊര്‍ണൂരേക്ക് യാത്രയ്‌ക്കൊരുങ്ങുന്ന വസന്തന് പക്ഷേ, ഒരുകാലത്തെ ഇടിവെട്ട് ഡയലോഗ് ആണ് ഇപ്പോള്‍ കോമഡിയായി തോന്നുന്നത്. കേട്ടാല്‍ നിങ്ങളും ഞെട്ടും. മിമിക്രിക്കാര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് രസം പിടിപ്പിച്ച ലേലത്തിലെ ‘നേരാ തിരുമേനീ, ഈപ്പച്ചായന്‍ പള്ളിക്കൂടത്തീ പോയിട്ടില്ലാ’യെന്ന സോമന്‍ വക ഡയലോഗ്!
ഇതിനിടെ ഫോട്ടോയെടുക്കേണ്ടെന്ന വിസമ്മതവുമായി എത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ അഞ്ചരക്കണ്ടിക്കാരി മനീഷയുടെ അഭിപ്രായത്തില്‍ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന കോമഡി സീന്‍ പറവൂര്‍ ഭരതന്റെ മഴവില്‍ക്കാവടിയിലെ ആനയെ മേയാന്‍ വിട്ട ഡയലോഗാണ്. ജഗതിയുടേയും സുരാജിന്റേയും പപ്പുവിന്റേയും ഇന്നസെന്റിന്റേയും കോമഡികളില്‍ നിന്നും തികച്ചും വ്യത്യസ്തവും ആകര്‍ഷകവുമാണ് പറവൂറാന്റെ കോമഡികളെന്ന് മനീഷയ്ക്ക് സംശയമില്ല.

സീന്‍ അഞ്ച്
എ 3 ക്വാര്‍ട്ടേര്‍സ്, തിരുവനന്തപുരം മെഡിക്കല്‍ കോളജ്
ഒരു പുന:സമാഗമത്തിന്റെ ത്രില്ലിലാണ് ഡോക്ടര്‍മാരായ മനോജും റോജന്‍ ജോസഫും മിഥുനും അഫ്‌സലും അപ്പുവും സബിനും പിന്നെ അസ്‌ലമും. രണ്ടുവര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും അവര്‍ താമസിച്ചിരുന്ന മെഡിക്കല്‍ കോളജിലെ എ 3 ക്വാര്‍ട്ടേര്‍സില്‍ ഒത്തുകൂടിയിരിക്കുകയാണ് സംഘം. ഈ നിമിഷങ്ങള്‍ ഒന്ന് അടിച്ചുപൊളിക്കാന്‍ തന്നെയാണ് ഇവരുടെ തീരുമാനം. സിനിമയെക്കുറിച്ചും ഇഷ്ട സിനിമാഡയലോഗിനെക്കുറിച്ചും ചോദിച്ചപ്പോള്‍ റോജന് പറയാനുള്ളത് മുമ്പ് ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോയ കഥകള്‍. സെക്കന്റ് ഷോകളായിരുന്നു പഥ്യം. ചവര് എന്നോ ക്ലാസിക്കെന്നോ നോക്കാതെ തുരുതുരാ പടങ്ങള്‍ കണ്ട നാളുകള്‍. ഒടുവില്‍ സിനിമ എന്നു കേള്‍ക്കുമ്പോഴേ മടുപ്പ് തോന്നിയെന്ന് ചിരിയോടെ സബിന്‍ പൂരിപ്പിക്കുന്നു. ഈ ഒത്തുകൂടലിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. തിരുവനന്തപുരത്ത് കാലെടുത്തുവച്ചതിന്റെ ഏഴാം വര്‍ഷികം കൂടിയാണ് ഈ ഓണക്കാലം. ഡോക്‌ടേര്‍സായതിനാല്‍ ഇഷ്ടഡയലോഗായി, അമൃതംഗമയ സിനിമയിലെ ഡോക്ടര്‍ മോഹന്‍ലാല്‍ ജൂനിയറായ വിനീതിനെ മെഡിക്കല്‍ കോളജില്‍ വെച്ച് റാഗ് ചെയ്യുന്നതിനു മുമ്പ് ‘ഇട്ടിവര്‍ഗീസ് എന്നൊരാള്‍ ഡോക്ടരാവില്ല, ഡോക്ടരാവാന്‍ പാടില്ല.. ’ എന്ന് ആര്‍ത്തട്ടഹസിക്കുന്ന രംഗം മിഥുന്‍ ഓര്‍ത്തെടുക്കുന്നു. ഇതിനിടെ മനോജിന് ക്രിക്കറ്റ് കളിക്കിടയില്‍ ബാള്‍ കൊണ്ട് മൂക്കിന്റെ പാലം തകര്‍ന്ന കഥ അസ്‌ലം പറയാന്‍ തുടങ്ങി. അതിന്റെ ബാക്കി പൂരിപ്പിച്ചത് മനോജ് സ്വന്തം വക യോദ്ധയിലെ ജഗതി സ്‌റ്റൈലില്‍: ‘പിന്നെ പൊക്കിയെടുത്തോണ്ട് ഒരു ഓട്ടമായിരുന്നു. നേരെ ചാരയഷോപ്പിന്റെ മുന്നിലെത്തിയപ്പോഴാ നിന്നത്. ആ ബോള്‍ എറിഞ്ഞതാവട്ടെ, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന സിനിമയിലെ മോഹന്‍ലാല്‍ എറിയുന്നതു പോലെ ദേ, ഈ കാലമാടനും! (അസ്‌ലമിനു നേരെ മനോജിന്റെ വക വിരലു കൊണ്ടൊരു ഇഞ്ചക്ഷന്‍.)
അപ്പോഴേക്കും റോജന്‍, സന്‍മനസുള്ളവര്‍ക്ക് സമാധാനത്തിലെ ശങ്കരാടിയുടെ നോവലെഴുത്ത് സീനും അഫ്‌സല്‍ ഗോഡ് ഫാദറിലെ ‘തളിയാനേ പനിനീര്’ എന്ന ഫിലോമിന ഡയലോഗും ഓര്‍മ്മിച്ചെടുത്തു.

സീന്‍ ആറ്
കോളജ് കാന്റീന്‍, നിര്‍മലഗിരി കോളജ്, കൂത്തുപറമ്പ്
ഇനി കുറച്ചു ചെത്തുപിള്ളേരിലേക്ക്. ഇത് കോളജ് കാന്റീന്‍. കഴിഞ്ഞ 27 വര്‍ഷമായി കോളജ് കുമാരീ കുമാരന്‍മാരെ രമേശന്‍ ഊട്ടുന്നു. അന്നുള്ളതില്‍ നിന്നും ക്യാംപസ് ഏറെ മാറിയിട്ടുണ്ടെങ്കിലും സിനിമാ കാര്യത്തില്‍ കാന്റീന്‍ വിട്ടിട്ടെന്ന പോലെ ലാലു അലക്‌സിനെ വിട്ടൊരു കളിയില്ല അദ്ദേഹത്തിന്. ലാലു അലക്‌സിന്റെ ആ ശരീരഭാഷയും ചിരിച്ചുകൊണ്ടുള്ള ഡയലോഗ് പറച്ചിലും ആര്‍ക്കാ ഇഷ്ടമല്ലാത്തത്? ഓര്‍ത്തിരിക്കുന്ന കോമഡി ഡയലോഗുകളിലൊന്ന് ഇവിടം സ്വര്‍ഗമാണ് എന്ന ചിത്രത്തിലെ ലാലു അലക്‌സിന്റെ ആലുവ ചാണ്ടി ബൈജു എഴുപുന്നയുടെ തോളില്‍ കൈചുറ്റി ‘ജോസേ, നീയും കുടുങ്ങും’ എന്നു പറയുന്ന രംഗമാണ്.
വിദ്യാര്‍ഥികളുടെ തിരക്ക് ഇത്തിരി കുറവാണെങ്കിലും സുവോളജി ഡിപാര്‍ട്‌മെന്റിലെ ക്ലാസ്‌മേറ്റ്‌സ്, ലബീബ് എന്ന സതീശന്‍ കഞ്ഞിക്കുഴിയുടെ നേതൃത്വത്തില്‍ ഒരു മേശയ്ക്കു ചുറ്റും ഒത്തുകൂടിയിട്ടുണ്ട്. ഇഷ്ടഡയലോഗ് ചോദിച്ചപ്പോള്‍ ലബീബിനു പറയാനുള്ളത് തങ്ങള്‍ സ്ഥിരം ഇരിക്കാറുള്ള മേശയ്ക്കു ചുറ്റും നേരത്തെ ജൂനിയേര്‍സ് ആരെങ്കിലും സ്ഥാനം പിടിച്ചാല്‍ അവരെ ഒഴിപ്പിക്കാന്‍ പറയുന്ന ആറാം തമ്പുരാനിലെ ലാലേട്ടന്റെ ‘മോനേ, ഈ ബോംബേ ബോംബേ എന്നു കേട്ടിട്ടുണ്ടോ? ഇപ്പോ മുംബൈ. ഒറ്റ രാത്രി കൊണ്ട് ഒഴിപ്പിച്ചവനാ, ഈ ജഗന്നാഥന്‍..’ എന്ന ഇടിവെട്ട് സാധനം..
‘വാഴയാണെങ്കിലെന്താ, വാ തുറന്നു പറഞ്ഞൂടേ,’ എന്ന മാന്നാര്‍ മത്തായി ഡയലോഗാണ് കൂടെയുള്ള പ്രജിനയുടെ ഇഷ്ടഡയലോഗ്. സിദ്ധിഖ് ലാല്‍ ചിത്രങ്ങളുടെ ആരാധകരായ ഗ്യാംഗിലെ കവയത്രി കൂടിയായ ആര്‍ഷ ഓര്‍ക്കുന്നത് ‘അര മണിക്കൂര്‍ മുമ്പേ പുറപ്പെട്ടു, എന്താ ഒരു മണിക്കൂര്‍ മുമ്പേ പുറപ്പെടണോ’ എന്ന റാംജി റാവു സ്പീക്കിങ്ങിലെ നാടകം ബുക്കിംഗുകാരനും മത്തായിച്ചനും തമ്മിലുള്ള ഡയലോഗും. കൂട്ടത്തിലെ മിമിക്രിക്കാരന്‍ ശ്രീവേഷ്‌ക്കറിനു പക്ഷേ, കോമഡി വരണമെങ്കില്‍ ബസ് സ്‌റ്റോപ്പില്‍ പോണം. ഇഷ്ടഡയലോഗ്: ‘ബസ് സ്‌റ്റോപ്പില്‍ നിന്നാല്‍ ബസ് വരും. ഫുള്‍ സ്‌റ്റോപ്പില്‍ നിന്നാല്‍ ഫുള്ള് വരുമോ? പോട്ടെ ഒരു ഹാഫ്? പോട്ടെ ഒരു പൈന്റെങ്കിലും..?’

സീന്‍ ഏഴ്
ഫാന്റസി, മൊബൈല്‍ റീ ചാര്‍ജ് ആന്റ് ആക്‌സസറീസ്, തലശേരി
ശരിക്കും ഒരു ആധുനിക ഫാന്‍സി ഷോപ്പാണ് ഫാന്റസി. വെറുതെ ഫാന്റസി എന്നു പറഞ്ഞാല്‍ ആളറിഞ്ഞെന്നു വരില്ല. ശ്രീജിത്തിന്റെ ഫാന്റസി എന്നു തന്നെ പറയണം. വയസ് പത്തുമുപ്പതേ ആയുള്ളൂവെങ്കിലും അത്രത്തോളം തന്നെ ശ്രീജിത്തിന് ഫാന്റസിയിലെ അനുഭവസമ്പത്തുണ്ടെന്ന് നാട്ടുകര്‍ പറയുന്നു. ആദ്യം ഓഡിയോ കടയായിരുന്നു. പിന്നെ വീഡിയോ ഷോപ്പായി. ഇപ്പോള്‍ കാലത്തിനനുസരിച്ച് മാറ്റം വന്ന് മൊബൈല്‍ റീ ചാര്‍ജ് ഷോപ്പുമായി. കിലുക്കത്തിലെ ഇന്നസെന്റിന്റെ ലോട്ടറിയടിക്കുന്ന സീനാണ് ശ്രീജിത്തിന്റെ ഇഷ്ടസീന്‍. ലോട്ടറിയടിച്ചതിനു ശേഷം തിലകനെ ക്ക, ച്ച, ട്ട, ത്ത, പ്പ എഴിതിക്കാന്‍ പോവുന്ന രംഗം ഇപ്പോഴും ഓര്‍മ്മയിലുണ്ട്. കടയില്‍ അപ്പോള്‍ ഉള്ള രാഷ്ട്രീയപ്രവര്‍ത്തകന്‍ പവിത്രന് പക്ഷേ, വെള്ളാനകളുടെ നാട്ടിലെ കുതിരവട്ടം പപ്പുവിന്റെ താമരശേരി ചുരം കഴിച്ചിട്ട് വേറൊന്നില്ല കോമഡി സീന്‍. കോമഡിയെന്നാല്‍ അതാണ്. ആ ശരീരഭാഷ അദ്ദേഹം അനുകരിച്ചു കാണിക്കുകയും ചെയ്തു. കടയില്‍ അപ്പോള്‍ വന്നുകയറിയ ബിജുവിനോട് പെട്ടെന്നൊരു കോമഡി പറയാന്‍ പറഞ്ഞപ്പോള്‍ ‘തീരുമ്പം തീരുമ്പം കോമഡി എടുത്തു തരാന്‍ ഞാനെന്താ, കുപ്പീന്നെറങ്ങിയ ഭൂതമോ’ എന്ന പഞ്ചാബി ഹൗസിലെ ഹരിശ്രീ ഡയലോഗ് ഇത്തിരി മോഡിഫിക്കേഷന്‍ നടത്തി ചോദിച്ചു. ഓട്ടോ ഡ്രൈവറായ അനൂപിനും ശ്രീജിത്തിനും പക്ഷേ, വളരെ നിഷ്‌ക്കളങ്കമായി ലാലേട്ടന്‍ കിലുക്കത്തില്‍ രേവതിയോടു ‘അങ്കമാലീലെ പ്രധാനമന്ത്രി കുട്ടിയുടെ ആരാ’ എന്നു ചോദിക്കുന്നതാണ് കോമഡി.

ഷഫീഖ് കടവത്തൂര്‌

No comments:

Post a Comment