Wednesday, January 11, 2012

നോമ്പ് കാലത്തെ യാത്രകള്‍




നോമ്പ് കാലത്തെ യാത്രകള്‍

ഖമറുന്നിസ അന്‍വര്‍ ഈ പ്രാവശ്യവും നോമ്പ് പകുതിയാവുന്നതോടെ ഉംറയ്ക്ക് പോവും. ഇന്‍ഷാ അള്ളാഹ്. മുമ്പും നോമ്പല്ലാത്ത കാലത്ത് ഉംറയ്ക്ക് പോയിടുണ്ട്. പക്ഷേ നോമ്പുകാലത്ത് ഉംറയ്ക്ക് പോവുന്നതിന് പുണ്യം കൂടുതലാണ്. ജീവിതത്തിലെ മറക്കാനാവാത്ത പല അനുഭവങ്ങളും നോമ്പുകാലത്തെ ഉംറയില്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, എല്ലാത്തിനും അല്ലാഹുവിന്റെ അനുഗ്രഹം കുട ചൂടുന്നു.
തിരൂരുള്ള വീട്ടില്‍ താരതമ്യേന ഈ നോമ്പിന് അംഗങ്ങള്‍ കുറവാണ്. ഖമറുന്നിസ അന്‍വറും ഭര്‍ത്താവ് ഡോക്ടര്‍ അന്‍വറും മകള്‍ അന്‍സീറയും മക്കളും മാത്രമേ ഉള്ളൂ. ഉള്ളവരാണെങ്കില്‍ ഇന്നോ നാളെയോ ഏതെങ്കിലും യാത്രയ്ക്കുള്ള തയാറെടുപ്പിലുമാണ്. അസ്ഹര്‍, അസ്ബറ, അന്‍സീറ, ആസിം അഹ്ദിര്‍ എന്നിവരാണ് ഖമറുന്നിസ-അന്‍വര്‍ ദമ്പതികളുടെ മക്കള്‍. ഉദ്യോഗവും മറ്റു തിരക്കുകളൊക്കെയുമായി എല്ലാവരും വിവിധ സ്ഥലങ്ങളിലാണ്. എങ്കിലും നോമ്പ് രണ്ടാമത്തെ പത്തിലേക്കും മൂന്നാമത്തെ പത്തിലേക്കും കടക്കുന്നതോടെ ഇവരൊക്കെ ഈ വീട്ടില്‍ നോമ്പുതുറക്കാനായി ഒത്തുകൂടുമെന്നാണ് വീട്ടുകാരിയുടെ പ്രതീക്ഷ.
‘ഏതായാലും ഇങ്ങളീ ആദ്യത്തെ പത്തിന് തന്നെ ഫോട്ടോയെടുക്കാന്‍ നന്നായി. എല്ലെങ്കില് ആളനക്കം ഒട്ടുമില്ലാത്ത വീടിന്റെ ഫോട്ടോയെട്ത്ത് പോവേണ്ടി വരുവേനും..’
എല്ലാത്തിനും കണ്ണൂര്‍ സ്‌റ്റൈല്‍!
‘കണ്ണൂരുകാരാണ് ശരിക്കും നോമ്പുതുറയെ ഇത്രേം പോപ്പുലറാക്കിയത്. നോമ്പുതുറ എന്നു പറഞ്ഞാല് അതിനുള്ള ഐറ്റംസ് കണ്ണൂരുകാരുടെ കൈകൊണ്ടു തന്നെ വെളമ്പണം. ഭക്ഷണത്തിന്റെ സ്വാദിനെക്കുറിച്ച് മറ്റ് ജില്ലക്കാരെയെല്ലാം ബോധവാന്‍മാരാക്കിയത് കണ്ണൂരുകാരാ..’
ñഡോക്ടര്‍ അന്‍വര്‍ വിഭവസമൃദ്ധമായ നോമ്പുതുറയ്ക്കു ശേഷം പള്ളിയിലേക്കു പോവാനുള്ള തിരക്കിലാണ്. അടുത്തുള്ള പാറേക്കുളം ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റാണ് അദ്ദേഹം. ഇടയ്ക്ക് തറാവീഹ് നമസ്‌ക്കാരത്തിന് ഇമാമായി നിന്ന് നേതൃത്വം നല്‍കാറുമുണ്ട്. ഇപ്പോള്‍ തിരൂരാണെങ്കിലും കണ്ണൂരാണ് ഖമറുന്നീസയുടേയും അന്‍വറിന്റേയും സ്വദേശം. ഒരാള്‍ കണ്ണൂര്‍ സിറ്റിയിലായിരുന്നെങ്കില് മറ്റൊരാള്‍ തൊട്ടടുത്ത തെക്കീ ബസാറിലും. കല്യാണം കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ക്ക് ഇവിടെ സ്ഥലം മാറ്റം കിട്ടി വരികയായിരുന്നു. പിന്നെ താമസവും ഇവിടെ ഉറപ്പിച്ചു.
‘അന്നിവിടെ വന്നപ്പോള്‍ നാട്ടില്‍ നിന്ന് അകന്നുകഴിഞ്ഞെന്ന തോന്നലൊന്നുമുണ്ടായിരുന്നില്ല. നോമ്പുതുറയ്‌ക്കൊന്നും അത്രയധികം വിഭവങ്ങളുമുണ്ടായിരുന്നില്ല. കഞ്ഞിയും പത്തിരിയും തന്നെ മെയിന്‍. പിന്നെ ഞങ്ങള് കണ്ണൂരുകാര് വേണ്ടിവന്നു മലപ്പുറത്തിനെ വെറൈറ്റി ഐറ്റംസ് കൊണ്ട് ടേസ്റ്റിയാക്കാന്‍..’
ഡോക്ടര്‍ തമ്മാശരൂപേണ പറഞ്ഞു. തീന്‍മേശയില്‍ ഫോട്ടോയെടുക്കാനായി ഇഷ്ടം പോലുണ്ട് മലപ്പുറത്തിനു പരിചിതമല്ലാത്ത തനി നാടന്‍ വിഭവങ്ങള്‍. എല്ലാം മുമ്പ് കണ്ണൂരില്‍ നിന്നു പോരുമ്പോള്‍ കമറുന്നിസ അന്‍വര്‍ കൂടെ കൂട്ടിയ രുചിക്കൂട്ടങ്ങള്‍. പത്തിരി, ഇറച്ചിപ്പത്തിരി, നെയ്പ്പത്തിരി, ചട്ടിപ്പത്തിരി, തിരുള്‍ പത്തിരി, സമൂസ, കട്‌ലറ്റ്.. എല്ലാത്തിലുമുണ്ട് ഒരു കണ്ണൂരിയന്‍ സ്‌റ്റൈലും രുചിയും.
റംസാന്‍ ഭക്തിയുടെ പൂക്കാലം
പകല്‍ അസ്വ്‌റ് ബാങ്ക് കൊടുത്ത് നമസ്‌ക്കാരം കഴിയുന്നതുവരേയും വീട്ടിലെ ആരും അടുക്കളയുടെ ഭാഗത്തേ പോവാറില്ല. വീട്ടിലുള്ള കൊച്ചുകുട്ടികളൊഴികെ എല്ലാവര്‍ക്കും നോമ്പുണ്ടാവും. കുട്ടികളെയെല്ലാം ചെറുപ്രായത്തില്‍ തന്നെ നോമ്പെടുക്കുന്നത് ശീലിപ്പിക്കും. ആരെയും ഒഴിവാക്കാറാക്കില്ല. പള്ളിയിലെ ഖുര്‍ആന്‍ ക്ലാസിനും മറ്റും പങ്കെടുക്കുകയും നേതൃത്വം നല്‍കുകയും ചെയ്യും. റമളാന്‍ ഭക്തിയുടെ പൂക്കാലമാണ്. മറ്റു പതിനൊന്നു മാസവും പോലെയല്ല. സ്വന്തം ജീവിതരീതി പരമാവധി ചിട്ടപ്പെടുത്താന്‍ ശ്രമിക്കും.
യാത്രകളും നോമ്പും
‘ഉമ്മായ്ക്ക് പക്ഷേ, റമളാനായാലും അല്ലാത്തപ്പോഴുമെല്ലാം യാത്രകള്‍ക്ക് ഒരു കുറവുമില്ല. എന്തെങ്കിലും കാര്യങ്ങള്‍ക്കായി എവിടെയെങ്കിലും യാത്രകളുണ്ടാവും. ഞങ്ങളൊക്കെ ചെറിയതായിരുന്ന സമയത്തൊക്കെ ഉമ്മ സാമൂഹ്യപ്രവര്‍ത്തനവും മറ്റുമൊക്കെയായി പറന്നുകഴിയുന്ന കാലമായിരുന്നു. അനക്ക് തോന്നുന്നത് ഇപ്പോഴാ അത് കൊറച്ചൊന്ന് കൊറഞ്ഞ്ത്ന്നാ.. ’
മകള്‍ അന്‍സീറയും സംഭാഷണത്തില്‍ പങ്കു കൊണ്ടു.
പക്ഷേ, എവിടെയാന്നെങ്കിലും നോമ്പു മുപ്പതും എടുക്കും. യാത്രയിലാന്നെങ്കിലും..’
ഖമറുന്നിസ അന്‍വര്‍ പഠിച്ചിരുന്ന കാലത്തെ നോമ്പനുഭവങ്ങളെ കുറിച്ചോര്‍ത്തു. പ്രീഡിഗ്രിയ്ക്ക് പാലക്കാട് വിക്ടോറിയ കോളേജിലായിരുന്നു പഠിച്ചത്. ഡിഗ്രിയ്ക്ക് പഴയ മദ്രാസിലെ എസ് ഐ ടി വിമന്‍സ് കോളേജിലും. അവിടെ നോമ്പെടുക്കാനുള്ള സൗകര്യമില്ലാഞ്ഞിരുന്നിട്ടും നോമ്പെടുക്കുമായിരുന്നു. അത്താഴത്തിനു സൗകര്യമില്ലാത്തതിനാല്‍ മിക്കവാറും നോമ്പുതുറയ്ക്കുമ്പോള്‍ കഴിച്ച ഭക്ഷണം തന്നെയായിരിക്കും. അതായത്, ഒരു ദിവസം ഒരു നേരം ഭക്ഷണം എന്നര്‍ഥം. എന്നാലും നോമ്പെടുക്കാതിരുന്നിട്ടില്ല.
കഅ്ബയ്ക്കു മുന്നില്‍
യാത്രയെക്കുറിച്ച് പറയുമ്പോള്‍ നോമ്പുകാലത്ത് നടത്തിയ ഒരു വലിയ യാത്രയുടെ ഓര്‍മ്മകള്‍ ഇന്നും കമറുന്നിസയുടെ മനസിലുണ്ട്. ‘അന്ന് ഞങ്ങള്‍ നാലു പെണ്ണുങ്ങളുണ്ടായിരുന്നു. ഉംറ ചെയ്യാന്‍ പോയ സമയം. കൂട്ടത്തില്‍ മഞ്ചേരിയിലുള്ള ആയിഷ ടീച്ചര്‍ക്ക് പനിയായതു കാരണം ഉംറ നിര്‍വഹിക്കാന്‍ കഴിഞ്ഞില്ല. പക്ഷേ പിറ്റേന്ന് പോരാന്‍ നേരം ഉംറയ്ക്ക് പോയേ തീരൂ എന്നായി. അങ്ങനെ ഞങ്ങള് പിന്നെയും വൈകുന്നേരം കഅബയുടെ അടുത്തെത്തി. സഫാ മര്‍വ മലകള്‍ക്കിടയില്‍ ത്വവാഫ് ചെയ്യുന്ന സമയത്ത് അതാ, ബാങ്ക് കൊടുക്കുന്നു. എങ്ങനെ നോമ്പു തുറക്കും? അങ്ങനെ വിഷമിച്ചു നില്‍ക്കുമ്പോഴാണ് എവിടെ നിന്നാണെന്നറിയില്ല, കുറച്ച് കുട്ടികള് ഈന്തപ്പഴവും കാരയ്ക്കയുമായി അടുത്തെത്തുന്നത്. ശരിക്കും അതൊരു അതിശയം തന്നെയായിരുന്നു. നമ്മളെ നോമ്പ് തൊറപ്പിക്കാന്‍ മാത്രമായിറ്റ് അവിടെ അവതരിച്ച കൊറച്ച് കുട്ടികള്.. ശരിക്കും അവരെ അയച്ചത് പടച്ചോനാന്ന് തന്നെയാ എന്റെ വിശ്വാസം. അന്നത്തെ മഗ്‌രിബ് നിസ്‌ക്കാരത്തിനും പ്രത്യേകതകള്‍ ഉണ്ടായിരുന്നു. നേരെ മുന്നില്‍ ഖിബ്‌ലയായി കഅ്ബ. ഇതിലും നല്ലൊരു നമസ്‌കാരം വേറെ ആര്‍ക്കു കിട്ടും? അന്നത്തെ ആ നിര്‍വൃതി ഇപ്പോഴുമുണ്ട് മനസില്‍. ’
ഇന്നത്തെ സമുദായം
പക്ഷേ, ഇന്നത്തെ സമുദായത്തിന്റേയും യുവാക്കളുടേയും ഇപ്പോഴത്തെ പോക്കില്‍ ഡോക്ടര്‍ അന്‍വറിനും ഖമറുന്നിസയ്ക്കും വ്യക്തമായ ആശങ്കകളുണ്ട്. ഉദാഹരണത്തിന് പെരുന്നാളിനും മറ്റും ഹറാമായ മദ്യത്തിലും മയക്കുമരുന്നിലും ലഹരി കണ്ടെത്തുന്ന യുവസമുദായത്തോട്. അവര്‍ നോമ്പിന്റെ പവിത്രതയും പാവനതയും പെരുന്നാളോടെ അപ്പാടെ ഇല്ലാതാക്കുകയല്ലേ ചെയ്യുന്നത്? ഡോക്ടര്‍ അന്‍വര്‍ ചോദിക്കുന്നു.
‘പെരുന്നാളിന് ഒരു ചെറിയ യാത്രയെല്ലാം നല്ലതാണ്. പക്ഷേ, അതില്‍ അതിന്റേതായ നിയന്ത്രണങ്ങള്‍ പാലിക്കുകയും ചെയ്താലേ, നോമ്പിലൂടെ നമ്മള്‍ നേടിയ ചൈതന്യം നിലനില്‍ക്കൂ.
ഞങ്ങളുടെ വീടിന്റെ പേരു അഖ്‌ന എന്നാണ്. ഉള്ളത് കൊണ്ട് തൃപ്തിപ്പെടുക എന്നര്‍ഥം. ഞങ്ങള്‍ക്കാകട്ടെ ഏറെ വലിയ മോഹങ്ങളുമില്ല. എങ്കിലും അടുത്ത കൊല്ലത്തെ നോമ്പിനും ഇതുപോലെ പടച്ച തമ്പുരാന്‍ ഞങ്ങളെയെല്ലാം ബാക്കി വെക്കണേ എന്ന് ആശിച്ചുപോവുന്നു. പ്രാര്‍ഥിച്ചു പോവുന്നു.’
ഖമറുന്നിസയുടെ പ്രാര്‍ഥനയ്ക്ക് വീട്ടുകാരെല്ലാം ആമീന്‍ പറഞ്ഞ് സര്‍വശക്തനു സ്തുതി ചൊല്ലി.

No comments:

Post a Comment