Saturday, October 8, 2011

വെട്ടോറിയേയും കൂട്ടരേയും പിണക്കല്ലേ, സിനിമ മുടങ്ങും!


വെട്ടോറിയേയും കൂട്ടരേയും പിണക്കല്ലേ,
സിനിമ മുടങ്ങും!

ക്രിക്കറ്റില്‍ ന്യൂസിലാന്‍ഡിന്റെ ഡാനിയല്‍ വെട്ടോറിയും ബ്രെണ്ടന്‍ മക്കുല്ലമെല്ലാം നമ്മുടെ ശത്രുക്കളായിരിക്കാം. എന്നാല്‍ സിനിമയില്‍ അങ്ങനെയല്ല. ഇന്ത്യന്‍ സിനിമകളുടെ നല്ലൊരു ഭാഗം ഷൂട്ടിങ്ങിന്റെയും ഇഷ്ടവേദിയാണ് ന്യൂസിലാന്‍ഡ്. കഴിഞ്ഞ പത്തുകൊല്ലങ്ങള്‍ക്കിടയില്‍ കയ്യും കണക്കുമില്ലാത്ത സിനിമകളാണ് ന്യൂസിലാന്‍ഡില്‍ ചിത്രീകരിച്ചിട്ടുള്ളത്. ഹിന്ദി സിനിമകള്‍ മാത്രം വരും ഏതാണ്ട് 150 ഓളം. കഴിഞ്ഞ വര്‍ഷത്തെ വിജയം കൈവരിച്ച ഇമ്രാന്‍ ഖാന്‍ ചിത്രം ഐ ഹേറ്റ് ലവ് സ്‌റ്റോറീസ് തുടങ്ങി പല സിനിമകള്‍ക്കും വേദിയാണ് ന്യൂസിലന്‍ഡിലെ പ്രകൃതിരമണീയത.
ഇതാ, ഇപ്പോള്‍ 2003 ല്‍ ചാര്‍ലീസ് തെരോണ്‍ സംവിധാനിച്ച ഇംഗ്ലീഷ് സിനിമയായ ‘ഇറ്റാലിയന്‍ ജോബി’ന്റെ ഹിന്ദി പതിപ്പിനും വേദിയാവുകയാണ് ന്യൂസിലാന്‍ഡ്. ലൊക്കേഷന്‍ ന്യൂസിലന്‍ഡിലെ ഓക്ക്‌ലാന്‍ഡും വെല്ലിംങ്ടണും പിന്നെ മുംബൈയും. മുമ്പ് ഓക്ക്‌ലാന്‍ഡിലും വെല്ലിഗ്ടണിലും തന്നെയായിരുന്നു ഇറ്റാലിയന്‍ ജോബ് എന്ന പടത്തിന്റെ ഷൂട്ടിങ്ങില്‍ മുക്കാലും നടന്നത്. പടം സൂപ്പര്‍ ഹിറ്റ് പണംവാരിച്ചിത്രങ്ങളില്‍ സ്ഥാനം പിടിക്കുകയും ചെയ്തു. അഭിഷേക് ബച്ചനും ബിപാഷ ബസുവുമാണ് നായികാനായകര്‍. ഹിന്ദിയില്‍ പ്ലയേര്‍സ്’എന്ന പേരിലാണ് ചിത്രം ഒരുങ്ങുന്നത്. കുറച്ച് സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരു വലിയ കൊള്ള നടത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. അഭിഷേകിനേയും ബിപാഷയേയും കൂടാതെ ചിത്രത്തില്‍ സോനം കപൂറും നീല്‍ നിതിന്‍ മുകേഷും അഭിനയിക്കുന്നുണ്ട്. ബോളിവുഡിലെ ഇരട്ട സംവിധായകരായ അബ്ബാസ് മസ്താന്‍ ടീമിന്റേതാണ് ചിത്രം. ഇതിനിടെ ന്യൂസിലന്റ് പ്രധാനമന്ത്രി ജോണ്‍ കീയുടെ അഞ്ചുദിന ഇന്ത്യന്‍ സന്ദര്‍ശനവേളയില്‍ പ്ലേയേര്‍സി’ന്റെ ലൊക്കേഷന്‍ സന്ദര്‍ശിച്ചത് വാര്‍ത്തയായിരുന്നു.
ഇന്ത്യന്‍ പ്രധാനമന്ത്രിയും ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയും നടത്തിയതും ഒപ്പുവെച്ചതുമായ ചര്‍ച്ചകളിലും ഇന്ത്യന്‍ സിനിമാ വ്യവസായം ശക്തിപ്പെടുത്തുന്നതിന്റെ സൂചനകളുണ്ട്. സ്‌പോര്‍ട്‌സ് വിദ്യാഭ്യാസം പടുത്തുയര്‍ത്താനും ഇന്ത്യന്‍ സിനിമകള്‍ക്ക് ന്യൂസിലന്‍ഡില്‍ ചിത്രീകരിക്കാനുള്ള ഫലപ്രദമായ സാഹചര്യം ഒരുക്കിക്കൊടുക്കാനുമുള്ള കരാറില്‍ ഇരുപ്രധാനമന്ത്രിമാരും ഒപ്പുവെച്ചെന്നാണ് അറിവ്. ഏതായാലും ഇനി നമ്മള്‍ വെട്ടോറിയേയും കൂട്ടരേയുമൊന്നും പിണക്കുന്നത് നല്ലതല്ലെന്ന് ചുരുക്കം.

2 comments: