Tuesday, August 27, 2013

ഫ്‌ളോറന്‍സ്‌-, യൂറോപ്യന്‍ നവോത്ഥാനത്തിന്റെ കളിത്തൊട്ടില്‍

 ഫ്‌ളോറന്‍സ്‌
യൂറോപ്യന്‍ നവോത്ഥാനത്തിന്റെ കളിത്തൊട്ടില്‍



പൂക്കളുടേയും സുകുമാരകലയുടേയും നാടാണ്‌ ഫ്‌ളോറന്‍സ്‌. ടസ്‌ക്കനി മേഖലയുടെ തലസ്ഥാനം എന്ന നിലയില്‍ മധ്യകാലങ്ങളില്‍ ഫ്‌ളോറന്‍സിന്റെ പ്രൗഢിയും പ്രതാപവും കുതിച്ചുയരുകയായിരുന്നു. മധ്യകാല യൂറോപ്പിലെ വാണിജ്യത്തിന്റേയും സംസ്‌ക്കാരത്തിന്റേയും കേന്ദ്രസ്ഥാനം കൂടിയായിരുന്നു ഫ്‌ളോറന്‍സ്‌. യൂറോപ്യന്‍ നവോത്ഥാനത്തിന്റെ കളിത്തൊട്ടില്‍. യുനസ്‌കോ ലോകപൈതൃകസ്ഥാനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌ ഇവിടം. ഇറ്റലിയിലെ പ്രമുഖടൂറിസ്റ്റ്‌ കേന്ദ്രം എന്ന നിലയിലും ലോകഫാഷന്റെ പ്രാണേതാക്കള്‍ എന്ന നിലയിലും പ്രശസ്‌തിയുണ്ട്‌ ഫ്‌ളോറന്‍സിന്‌.ഇറ്റാലിയന്‍ ഭാഷയില്‍ ഫിയറെന്‍സ്‌ എന്നറിയപ്പെടുന്ന നാടാണ്‌ ഫ്‌ളോറന്‍സ്‌. പൂക്കളുടെ നഗരം എന്നര്‍ഥമുള്ള ഫ്‌ളോറന്റീന എന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണ്‌ നഗരത്തിന്‌ ഈ വാക്ക്‌ ലഭിച്ചത്‌. ഇറ്റലിയിലെ ജനസാന്ദ്രത കൂടിയ പ്രദേശമായും ഇത്‌ അറിയപ്പെടുന്നു. ലോകത്തെ ഏറ്റവും ശ്രദ്ധേയമായ 50 ഫാഷന്‍ സ്‌ട്രീറ്റുകളിലൊന്ന്‌. ഇറ്റാലിയന്‍ നവോത്ഥാനത്തിന്റെ പിറവിയും ഇവിടെ നിന്നായിരുന്നു.

1
റോമിന്റെ പ്രതാപകാലത്ത്‌ ഫ്‌ളോറന്‍സിന്റെ പ്രശസ്‌തി നാടൊട്ടുക്കും പരന്നു. മധ്യകാലമായപ്പോഴേക്കും കലയുടെ കേദാരമായി ഇവിടം. ഫ്‌ളോറന്‍സിലെ ഇന്ന്‌ കാണുന്ന പല സെമിത്തേരികളിലും അന്ത്യവിശ്രമം കൊള്ളുന്നത്‌ ലോകം ആദരിക്കുന്ന കലാകാരന്‍മാരാണ്‌. ലോകമെമ്പാടുമുള്ള കലാപ്രേമികളുടെ തീര്‍ഥാടനകേന്ദ്രം കൂടിയാണിവയൊക്കെയും. മൈക്കല്‍ ആഞ്ചലോ, മാക്യുവെല്ലി, ദാന്തേ, ഡാവിഞ്ചി, ഫ്‌ളോറന്‍സ്‌ നൈറ്റിംഗേല്‍, റാഫേല്‍, അമേരിഗോ വെസ്‌പൂച്ചി ഇങ്ങനെ നീളുന്നു ആ നിര. ഇവയില്‍ മാക്യുവെല്ലിയും ആഞ്ചലോയും ദാന്തേയും ഡാവിഞ്ചിയുമെല്ലാം ലോകത്തെ തങ്ങള്‍ക്കൊപ്പം നടത്തിയവര്‍. 1865 മുതല്‍ അഞ്ചു വര്‍ഷക്കാലം ഇറ്റലിയുടെ തലസ്ഥാനമായിരുന്നു ഇവിടം.
എണ്ണമറ്റ വിപ്ലവങ്ങള്‍ക്കും ഫ്‌ളോറന്‍സ്‌ പല കാലത്തായി സാക്ഷ്യം വഹിച്ചു. ഇന്നും ആര്‍നോ നദിക്കരയില്‍ ഫ്‌ളോറന്‍സിന്റെ ഓര്‍മകള്‍ക്ക്‌ അധികമൊന്നും മങ്ങലേല്‍ക്കാതെയിരിക്കുന്ന ഡോര്‍ ടു ദി ക്രോസ്‌ എന്ന കവാടം കാണാം. പതിമൂന്നാം നൂറ്റാണ്ടില്‍ ഇവിടെയുണ്ടായിരുന്ന നഗരമതിലിന്റെ അവശേഷിക്കുന്ന ഏകഅവശിഷ്‌ടം. ഫ്‌ളോറന്‍സ്‌ ഒരു റിപ്പബ്ലിക്കായിരുന്ന കാലത്തെ നാണയമടിച്ചിരുന്ന കെട്ടിടത്തിന്റെ അവശിഷ്‌ടമായി മിന്റ്‌ ടവര്‍ എന്ന ഗോപുരവുമുണ്ട്‌.

2
ആര്‍ണോ നദിയ്‌ക്ക്‌ അങ്ങനെയും ഒരിടമുണ്ട്‌ ഫ്‌ളോറന്‍സിന്റേയും ഇറ്റലിയുടേയും ചരിത്രത്തില്‍. മധ്യഇറ്റലിയിലെ പ്രധാനപ്പെട്ട നദികളിലൊന്നായ ആര്‍ണോ നദിയുടെ ഇരുകരകളിലുമായിട്ടാണ്‌ ഫ്‌ളോറന്‍സ്‌ നഗരം സ്ഥിതി ചെയ്യുന്നത്‌. ഏതു സംസ്‌ക്കാരത്തിനും തഴച്ചുവളരാനുള്ള ചൂടും ചൂരും പകര്‍ന്ന്‌.
ഒരു സാംസ്‌ക്കാരികവാഹിനിയായി ആര്‍നോ നദി. എങ്കിലും ചരിത്രത്തില്‍ ഫ്‌ളോറന്‍സിന്‌ കണ്ണുനീര്‍ വീഴ്‌ത്തിയ ചരിത്രവും ഈ നദിയ്‌ക്കുണ്ട്‌. 1966 നവംബര്‍ 4 ചരിത്രത്തിലെ ദുഖം നിറഞ്ഞ ദിനങ്ങളിലൊന്നായി എണ്ണാം. അപ്രതീക്ഷിതമായി അന്ന്‌ ഈ നദിയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ നഗരമൊന്നാകെ മുങ്ങുകയായിരുന്നു. വിവിധ ചരിത്ര മന്ദിരങ്ങളിലായി സൂക്ഷിച്ചുവെച്ചിരുന്ന ദശലക്ഷക്കണക്കിന്‌ രേഖകളും പുസ്‌തകങ്ങളും ചിത്രങ്ങളും ശില്‍പങ്ങളുമാണ്‌ അന്ന്‌ നശിച്ചുപോയത്‌. അന്ന്‌ രൗദ്രഭാവമണിയുകയായിരുന്നു ആര്‍ണോ നദി.


3ഫ്‌ളോറന്‍സിലെ നാഷണല്‍ സെന്‍ട്രല്‍ ലൈബ്രറിക്ക്‌ യൂറോപ്പിന്റെ തന്നെയും ഗതിവിഗതികളെ നിയന്ത്രിച്ചുവെന്ന പ്രത്യകതകളുണ്ട്‌. 1714 ല്‍ ആണ്‌ ഇത്‌ സ്ഥാപിതമായത്‌. നൂറ്റാണ്ടുകളായി ഫ്‌ളോറന്‍സിന്റെ ഹൃദയകേന്ദ്രം ആയിരുന്നു അത്‌. ക്ലാസിക്‌ ഭാവമുള്ള മന്ദിരങ്ങള്‍ക്കിടയിലൂടെ ചരിത്രത്തില്‍ നിന്നിറങ്ങിവരുന്നതു പോലെ കുതിരവണ്ടികളില്‍ യാത്ര ചെയ്യുമ്പോള്‍ ഫ്‌ളോറന്‍സ്‌ തീര്‍ച്ചയായും ചരിത്രസിനിമകളിലെ ലൊക്കേഷനായി രൂപാന്തരപ്പെടും. ഫ്‌ളോറന്‍സിലെ കോടതി മന്ദിരവും പാലസോ വെച്ചിയോ എന്നറിയപ്പെടുന്ന കൊട്ടാരവും ഗതകാലസ്‌മരണകളുടെ ഭൂതകാലക്കുളിരില്‍ നമ്മെ ചെന്നെത്തിക്കും. ഇന്ന്‌ ഫ്‌ളോറന്‍സിന്റെ ടൗണ്‍ഹാള്‍ കൂടിയാണ്‌ ഇവിടത്തെ പഴയ കൊട്ടാരം. പാലസോ ഡെല്ലാ സിഗ്നോറിയ എന്നാണ്‌ ഇതിന്റെ യഥാര്‍ഥനാമം. ഫ്‌ളോറന്‍സ്‌ ഭരിച്ചിരുന്ന മെഢിസി കുടുംബത്തിലെ കോസിമോ ഒന്നാമന്‍ പ്രഭു തന്റെ വാസം ഈ കൊട്ടാരത്തിലേക്കു മാറ്റിയത്‌ 1540 ലാണ്‌. ഫ്‌ളോറന്‍സ്‌ ഇറ്റലിയുടെ തലസ്ഥാനമായിരുന്നപ്പോള്‍ ഭരണകേന്ദ്രവും ഈ കൊട്ടാരമായിരുന്നു. 1453 ല്‍ പണികഴിച്ച ഇവിടത്തെ ഒന്നാമത്തെ നടുമുറ്റം മൈക്കലോസോ എന്ന ശില്‍പിയോട്‌ കടപ്പെട്ടിരിക്കുന്നു. ഇവിടത്തെ അലങ്കാരപ്പണികള്‍ക്കു പിന്നിലുമുണ്ട്‌ ഒരു ചരിത്രം. കോസിമോ ഒന്നാമന്‍ പ്രഭുവിന്റെ മൂത്ത മകന്‍ ഫ്രാന്‍സിസ്‌കോ ഒന്നാമന്റെ വിവാഹത്തോടനുബന്ധിച്ച്‌ കൊട്ടാരം ജോര്‍ജിയേ വസാരി എന്ന ശില്‍പിയാണ്‌ അലങ്കാരപ്പണികള്‍ക്ക്‌ നേതൃത്യം നല്‍കിയത്‌. ഓസ്‌ട്രിയന്‍ ഹാബ്‌സ്‌ബര്‍ഗ്‌ തോട്ടങ്ങളുടെ പ്രതിരൂപമാവണം കൊട്ടാരക്കെട്ടെന്നായിരുന്നു പ്രഭുവിന്റെ ഉത്തരവ്‌. അങ്ങനെ തൂണുകളില്‍ മുന്തിരിവള്ളികള്‍ പടര്‍ന്നു. കമാനങ്ങളില്‍ പലതരം ചെടികള്‍ പൂത്തുലഞ്ഞു. പണി പൂര്‍ത്തിയായപ്പോള്‍ ഒരു ഒന്നാം തരം തോട്ടം പോലെയായി കൊട്ടാരം.


4പ്യാസ ഡെല്ലാ സിഗ്നോറിയ എന്നാണ്‌ ഇവിടത്തെ ചത്വരത്തിന്റെ പേര്‌. 14 നൂറ്റാണ്ടു മുതല്‍ എല്ലാ ദിവസവും ആയിരക്കണക്കിനു ആളുകള്‍ മേളിച്ചിരുന്നു ഇവിടം. വിഖ്യാതമായ പല ശില്‍പങ്ങളും ചിലതിന്റെ പകര്‍പ്പുകളും ഇവിടെ കാണാം. മൈക്കലാഞ്ചലോയുടെ ഡേവിഡ്‌ പോലുള്ള ശില്‍പങ്ങള്‍.. അതിനപ്പുറം 94 മീറ്റര്‍ നീളമുള്ള 15 നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച ക്ലോക്ക്‌ ടവറും. 300 വര്‍ഷത്തിലേറെയായി നിര്‍ത്താതെ നാഴികകളറിയിച്ച ഒരു ഘടികാരം ഇവിടെയുണ്ട്‌. കൂടാതെ ബാര്‍ത്തലോമിയുടേയും സെല്ലിനിയുടേയും ശില്‍പങ്ങള്‍ വേറെയും..


5

13 നൂറ്റാണ്ടില്‍ പണി തുടങ്ങി 15 നൂറ്റാണ്ടില്‍ പണി പൂര്‍ത്തിയാക്കിയ ബസലിക്ക ഓഫ്‌ സെന്റ്‌ മേരി ഓഫ്‌ ദി ഫ്‌ളവര്‍ എന്ന ഫ്‌ളോറന്‍സ്‌ കത്തീഡ്രലിന്‌ മാര്‍ബിള്‍ മനോഹാരിതയുടെ സൗന്ദര്യം എന്നതിലുമുപരി ചരിത്രത്തിലും ശ്രദ്ധേയ സ്ഥാനമുണ്ട്‌. അനുപമമായ ഒരു മാര്‍ബിള്‍ ശില്‍പമാണ്‌ ഇത്‌. പച്ച, ചുവപ്പ്‌, വെളുപ്പ്‌, ഓറഞ്ച്‌, പിങ്ക്‌ നിറങ്ങളിലുള്ള മാര്‍ബിള്‍ കൊണ്ടാണ്‌ ഇത്‌ നിര്‍മിക്കപ്പെട്ടിട്ടുള്ളത്‌. അനുഗ്രഹീതശില്‍പികള്‍ മാര്‍ബിളില്‍ രചിച്ച കവിത എന്നും ഇതിനെ വിളിക്കാം. പുരാതന ഫ്‌ളോറന്‍സിന്റെ കേന്ദ്രസ്ഥാനമായിരുന്ന റിപ്പബ്ലിക്‌ സ്‌ക്വയറും നവോത്ഥാനശില്‍പകലയുടെ പ്രതീകമായി അറിയപ്പെടുന്ന ട്രയംഫല്‍ ആര്‍ച്ചും ഇവിടത്തെ കാഴ്‌ചകളില്‍ ഏറെ പ്രധാന്യമുള്ള ചരിത്ര സ്‌മരണകളായി തുടരുന്നു. റിപ്പബ്ലിക്‌ സ്‌ക്വയറിലെ 16ാം നൂറ്റാണ്ടില്‍ പണി കഴിക്കപ്പെട്ട പഴയ മാര്‍ക്കറ്റ്‌ ആദ്യകാല സില്‍ക്ക്‌ മാര്‍ക്കറ്റായിരുന്നു. ഇന്നത്‌ ടൂറിസ്റ്റുകള്‍ക്കായുള്ള സോവനീറുകളും ലെതര്‍ ഉത്‌പന്നങ്ങളുമായി നിറഞ്ഞുനില്‍ക്കുന്നു.
പോണ്‍ഡെ വെക്കിയോ എന്ന ആര്‍നോ നദിക്കരയിലുള്ള പാലം ഏതാണ്ട്‌ 1000 വര്‍ഷം മുമ്പാണ്‌ നിര്‍മിച്ചതെന്നറിയുമ്പോള്‍ അന്നത്തെ ആര്‍കിടെക്‌ടുമാരെ എത്ര അഭിനന്ദിച്ചാലും മതിവരില്ലെന്ന്‌ നമുക്ക്‌ സമ്മതിക്കേണ്ടി വരും. രണ്ട്‌ വലിയ കൊട്ടാരങ്ങളെ ബന്ധിപ്പിക്കുന്ന കോറിഡോറായി മാറുന്ന ഈ പാലത്തിന്‌ ഒരു തെരുവിന്റെ രൂപഭാവം തന്നെയാണ്‌. പണ്ട്‌ ഇറച്ചിക്കടകളായിരുന്നു ഇവിടത്തെ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍, ഇന്ന്‌ അതൊരു ജ്വല്ലറിയായി രൂപാന്തരപ്പെട്ടതായി കാണാം.
ഇറച്ചിക്കടകളും ജ്വല്ലറിയും ഇന്നത്തെ സാഹചര്യത്തില്‍ പുനര്‍ വായന നടത്തുമ്പോള്‍ സൈദ്ധാന്തികമായ മറ്റൊരു കൗതുകക്കാഴ്‌ചയിലേക്ക്‌ നമ്മളെത്തിച്ചേരും.


6ആര്‍നോ നദിയും നഗരവുമായുള്ള ബന്ധം ചരിത്രത്തിലെ മറ്റൊരു മഹാരഥനിലേക്കു കൂടി നമ്മുടെ ഓര്‍മകളെ എത്തിക്കുന്നു. ജൂലിയസ്‌ സീസര്‍. ബി സി 59 ല്‍ ജൂലിയസ്‌ സീസര്‍ നദിക്കരയിലെ ഈ പ്രദേശം കണ്ടെത്തിയത്‌ പട്ടാളത്തില്‍ നിന്ന്‌ പിരിഞ്ഞു പോയ പട്ടാളക്കാരെ പുനരധിവസിപ്പിക്കാനായിരുന്നു.
സീസറുടെ കാലം ഫ്‌ളോറന്‍സിന്റേയും സുവര്‍ണകാലഘട്ടമായിരുന്നു. ഫ്രാന്‍സും ഈജിപ്‌തുമല്ലാം റോമിന്റെ അധീനതയില്‍ വന്നത്‌ അദ്ദേഹത്തിന്റെ കാലത്തായിരുന്നു. തിരുവായ്‌ക്ക്‌ എതിര്‍വാ ഇല്ലാത്ത വിധം അദ്ദേഹം ഏറെക്കാലം രാജ്യം ഭരിച്ചു. എങ്കിലും അടുത്ത അനുയായികളായിരുന്ന ബ്രൂട്ടസും കാഷ്യസും ചതിയിലൂടെ അദ്ദേഹത്തെ വധിക്കുകയായിരുന്നു.
പിന്നീട്‌ ഇറ്റലി കടന്നുപോയത്‌ അധികാരത്തിന്റെ യുദ്ധങ്ങളും ഇരുണ്ട കാലഘട്ടങ്ങളും കുരിശഹയുദ്ധങ്ങളും നിറഞ്ഞ നിരവധി ചരിത്രമുഹൂര്‍ത്തങ്ങളിലൂടെയായിരുന്നു. 1453 ല്‍ തുര്‍ക്കി കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയതോടെ റോമാസാമ്രാജ്യത്തിന്റേയും ചരിത്രം തല്‍ക്കാലത്തേക്കെങ്കിലും അവസാനിക്കുകയായിരുന്നു. ബ്രിട്ടണ്‍, ഫ്രാന്‍സ്‌, സ്‌പെയിന്‍ തുടങ്ങിയ സാമ്രാജ്യശക്തികള്‍ക്കെതിരെ ലോകമാകെ അലയടിച്ചുവന്ന പ്രതിഷേധങ്ങളും സ്വാതന്ത്ര്യപ്രഖ്യാപനങ്ങളും ഇറ്റാലിയന്‍ ജനതയെ അസ്വസ്ഥരാക്കി. മുസോളിനിയും മസ്സീനിയും ഗാരി ബാള്‍ഡിയും ലോകമഹായുദ്ധങ്ങളും ഇറ്റലിയുടെ ചരിത്രയാത്രകള്‍ക്ക്‌ പരവതാനി വിരിച്ചു.
1946 ജൂണ്‍ രണ്ടിന്‌ റിപ്പബ്ലിക്കായ ഇറ്റലിയില്‍ 1948 ല്‍ ജനുവരി ഒന്നിന്‌ ഭരണഘടന നിലവില്‍ വന്നു.


7ഡിവൈന്‍ കോമഡി എഴുതിയ ഡാന്റേയും പെട്രാര്‍ക്കും ബൊക്കോച്ചിയോയുമൊക്കെ ഫ്‌ളോറന്‍സിന്റെ സന്തതികള്‍. രാഷ്‌ട്രീയ മീമാംസചിന്തകളുടെ തലതൊട്ടപ്പനായ മാക്യുവെല്ലിയും അദ്ദേഹത്തിന്റെ ഇല്‍ പ്രിന്‍സിപെ അഥവാ രാജകുമാരന്‍ എന്ന ഗ്രന്ഥവും ഏറെ പ്രാധാന്യം നിറഞ്ഞ ഒരു ഫ്‌ളോറന്‍സുകാരന്റെ നവചിന്തകള്‍. മായക്കാഴ്‌ചയായി നഗരത്തില്‍ മൈക്കലാഞ്ചലോയുടെ മാസ്റ്റര്‍ പീസ്‌ ഡേവിഡ്‌ എന്ന ശില്‍പവും കാണാം.
14.21 അടി ഉയരമുള്ള ഈ കൂറ്റന്‍ മാര്‍ബിള്‍ ശില്‍പം 1501- 1504 കാലത്താണ്‌ പണിതത്‌. ഇസ്രായേലിന്റെ ശത്രുക്കളെ ഇച്ഛാശക്തിയും ദൈവവിശ്വാസവും കൊണ്ട്‌ തോല്‍പിച്ച ബൈബിള്‍ കഥാപാത്രത്തെ ഫ്‌ളോറന്‍സിന്റെ ദേശാഭിമാന പ്രചോദനമായാണ്‌ മൈക്കലാഞ്ചലോ വിഭാവനം ചെയ്‌തത്‌. ഏകാന്തവും വിഷാദഭരിതവുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഡേവിഡ്‌ കണ്ടാല്‍ ലോകത്ത്‌ മറ്റൊരു കലാസൃഷ്‌ടിയും പ്രത്യേകമായി കാണേണ്ടതില്ല എന്ന്‌ കലാവിമര്‍ശകര്‍ പറയാറുമുണ്ട്‌.
മധ്യകാലഘട്ടങ്ങളിലെ ആഥന്‍സായും പഴമ കൊണ്ടും പ്രൗഡി കൊണ്ടും ഇത്‌ ഇത്‌ അറിയപ്പെട്ടിട്ടുണ്ട്‌. ഒരു കാലത്ത്‌ ഫ്‌ളോറന്‍സിലെ ഭാഷയായിരുന്നു ഇറ്റാലിയന്‍ ഭാഷ. സുവര്‍ണകാലഘട്ടം കൂടിയായിരുന്നു അത്‌. കൂടാതെ ലോകത്തിലെ ഫാഷന്‍ വിസ്‌മയങ്ങളിലൊന്നായി ഇതിന്‌ വിളിപ്പേരുമുണ്ട്‌. നവോത്ഥാനത്തിന്റെ ജന്മഭൂമിയായും ഇത്‌ അറിയപ്പെടുന്നു.


8ചരിത്രത്തിലെ ഏറ്റവും കുലീനകുടുംബവാഴ്‌ചകളിലൊന്നായ മെഡിസി കുടുംബത്തിന്റെ ആസ്ഥാനവും 15 നൂറ്റാണ്ടില്‍ ഫ്‌ളോറന്‍സായിരുന്നു. ആ കുടുംബത്തിലെ രണ്ടംഗങ്ങളെങ്കിലും പോപ്പുമാരായിരുന്നു എന്നറിയുമ്പോളാണ്‌ ആ കുടുംബത്തിന്റെ മഹത്വം മനസിലാവുന്നത്‌. 1348 യൂറോപ്പിലാകമാനവും പടര്‍ന്നു പിടിച്ച അനേകം പേരുടെ മരണത്തിനിടയാക്കിയ ബ്ലാക്ക്‌ ഡെത്ത്‌ എന്ന പേരിലറിയപ്പെട്ട മഹാമാരിയ്‌ക്കു ശേഷം ഇവിടത്തെ ജനസംഖ്യ പകുതിയിലധികവും കുറഞ്ഞു. എങ്കിലും 15 നൂറ്റാണ്ടായപ്പോഴേക്കും ഇതിന്റ പ്രശസ്‌തിയും പതുക്കെ ഉയര്‍ന്നുവരികയായിരുന്നു.
ആ കാലഘട്ടത്തിലെ കൃസ്‌തീയ പുരോഹിതനായിരുന്ന ഗിലോരാമോ സവോനാരോളയെ പരസ്യമായി തൂക്കിലേറ്റിയ കഥയുമുണ്ട്‌ ഫ്‌ളോറന്‍സിന്‌ പറഞ്ഞുകേള്‍ക്കാനായി. റഷ്യന്‍ ചരിത്രത്തിലെ റാസ്‌പുട്ടിന്‌ സമാനമായ ഉപജാപകപ്രവര്‍ത്തനങ്ങള്‍ നടത്തിയ അദ്ദേഹത്തെ ഒടുവില്‍ ജനങ്ങള്‍ തന്നെ പിടികൂടി ഇവിടത്തെ ചത്വരത്തില്‍ വെച്ച്‌ ചുട്ടുകരിക്കുകയായിരുന്നു.


9രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ഇടയ്‌ക്ക്‌ ജര്‍മനിയുടെ നേതൃത്വത്തില്‍ ഇതൊരു ഓപണ്‍ സിറ്റിയായും മാറുകയുണ്ടായി. യുദ്ധകാലത്ത്‌ നിരവധി സ്വാതന്ത്യസമരസേനാനികളുടെ മരണകേന്ദ്രം കൂടിയായിരുന്നു ഇവിടത്തെ ചത്വരങ്ങള്‍.
മധ്യകാലത്ത്‌ സംഗീതം അലയടിച്ചുകൊണ്ടിരുന്ന ഇവിടം പിന്നീട്‌ രക്തപ്പുഴകളാണ്‌ കണ്ടത്‌. 16 നൂറ്റാണ്ടില്‍ ഇവിടെ തുടങ്ങിയ ഓപറകള്‍ ഇന്നും ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരെ ഹരം കൊള്ളിക്കുന്നു. നിരവധി സിനിമകളിലും ഗ്രന്ഥങ്ങളിലും ഇതിനെക്കുറിച്ച്‌ പ്രതിപാദിച്ചിട്ടുണ്ട്‌. ലിയാനര്‍ഡോ ഡാവിഞ്ചിയെപ്പോലുള്ളവര്‍ ഇവിടത്തെ ശാസ്‌ത്രചിന്തകള്‍ക്കും മിഴിവു പകര്‍ന്നു. കണ്ടുപിടുത്തങ്ങളുടെ കാലത്ത്‌ ഫ്‌ളോറന്‍സ്‌ എല്ലാത്തിനും മേലെ ഗലീലിയോയ്‌ക്കൊപ്പവും മറ്റും തലയുയര്‍ത്തി നിന്നു. 1530 ഫെബ്രുവരിയില്‍ ഇവിടെ നടന്ന തദ്ദേശിയരും പോപ്പിന്റെ കീഴിലുള്ള പാപ്പല്‍ ട്രൂപ്പ്‌സുമായി നടന്ന റഗ്‌ബിയോട്‌ സാദൃശ്യം പുലര്‍ത്തുന്ന പ്രത്യേക ഫുട്‌ബോള്‍ മത്സരത്തിന്‌ ഇവിടത്തെ ചരിത്രത്തോടും ഏറെ ബന്ധമുണ്ട്‌. കായികമത്സരങ്ങളുടെ ചരിത്രത്തിലും ഇത്തരം മത്സരങ്ങള്‍ ഇടം പിടിക്കുകയുണ്ടായി.  






















Sunday, August 25, 2013

മക്കള്‍ മഹാത്‌മ്യം




 മക്കള്‍ മഹാത്‌മ്യം


ഏതായാലും കുടുംബവും കുട്ടികളും എന്നത്‌ ഒരു വല്ലാത്ത സംഭവമാണ്‌. �മനുഷ്യരാശിയുടെ നിലനില്‍പ്‌ തന്നെ കുടുംബവും കുട്ടികളും എന്ന എസ്‌റ്റാബ്ലിഷ്‌മെന്റാണല്ലോ� എന്നു പറഞ്ഞത്‌ സന്ദേശം സിനിമയിലെ കോട്ടപ്പള്ളിയാണെങ്കിലും ചിലപ്പോഴെങ്കിലും ഇത്‌ ശരിയും തെറ്റുമാണ്‌. എല്ലാ അനുഭവങ്ങളും ഈ കേരളത്തില്‍ തന്നെ സുലഭം.
കുടുംബമാവുമ്പോള്‍ ചിലര്‍ ഒറ്റക്കുട്ടിയില്‍ ഒതുങ്ങിക്കഴിയുന്നവരാവും. വേറെ ചിലര്‍ക്ക്‌ രണ്ടു കുട്ടികളാണ്‌ പെര്‍ഫക്‌ട്‌. ദൈവമനുഗ്രഹിച്ച്‌ ആണും പെണ്ണുമായാല്‍ നന്ന്‌. ഒന്നിനൊന്ന്‌ കൂട്ടുണ്ടല്ലോ. പിന്നെ ചിലര്‍ക്ക്‌ കുട്ടികളൊരുപാട്‌ വേണം. കുട്ടികളെ വല്ലപ്പോഴും മാത്രം കാണുന്ന പ്രവാസികളും, വൈകി ജനിച്ച കുട്ടികളെക്കുറിച്ച്‌ വാചാലരാവുന്ന മാതാപിതാക്കളെപ്പോലെ ആവേശത്തോടെ തന്നെ സ്വന്തം മക്കളെക്കുറിച്ച്‌ സംസാരിക്കും. മക്കളില്ലാത്തവരും ദത്തെടുത്തവരും കല്യാണമേ വേണ്ടെന്നു തീരുമാനിച്ചവരുമായി ഇനിയുമുണ്ടേറെ ഓപ്‌ഷനുകള്‍. ആശിച്ചും പുന്നാരിച്ചും വളര്‍ത്തിയ മക്കള്‍ തന്നെ ഒടുവില്‍ സ്‌റ്റാറ്റസ്‌ കുറവിന്റെ പേരില്‍ മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കുന്ന കഥകള്‍ വേറെയുമുണ്ട്‌.
ഈ ലക്കം ഗൃഹലക്ഷ്‌മി നടത്തുന്നത്‌ മക്കളുടെ കാര്യത്തിലും കുടുംബവീക്ഷണകോണിലും ഒന്നിനൊന്ന്‌ വ്യത്യസ്‌തമായ ചില കുടുംബവിശേഷങ്ങളിലൂടെയുള്ള ഒരു യാത്രയാണ്‌. മുന്നറിയിപ്പ്‌; യാത്രയുടെ ഒടുക്കം വരേയും കൂടെ വരുന്നവര്‍ക്ക്‌ ഇടയ്‌ക്ക്‌ ചില സ്വകുടുംബകഥകളും അയവിറക്കാം. കുടുംബം എന്നു പറയുമ്പോള്‍ തന്നെ ഇഷ്‌ടം പോലെ കഥകളും കൂടെയുണ്ടാവുമല്ലോ.
മക്കള്‍ മഹാത്‌മ്യം
�കുട്ടികള്‍ കൂടുന്നതു തന്നെയാണിഷ്‌ടം. ഓരോ കുട്ടി വലുതാവുന്തോറും ലാളിക്കാനും കൊഞ്ചിക്കാനും ഓരോ പുതിയ കുട്ടികളുണ്ടാവണം. വലുതായാല്‍ പിന്നെ അവരെ പഴയതു പോലെ കുളിപ്പിക്കാനോ വസ്‌ത്രമിടീപ്പിക്കാനോ പറ്റില്ലല്ലോ? ഏഴു മക്കളാ ഞങ്ങക്കെന്ന്‌ പറഞ്ഞാലും ആരും വിശ്വസിക്കില്ല. ഈ ചെറുപ്രായത്തിലോ എന്നാണ്‌ മറുചോദ്യം. എന്റെ ചെല കൂട്ടുകാരികളൊക്കെ അവരുടെ ഭര്‍ത്താക്കന്‍മാരോട്‌ പ്രസവിക്കുന്നേന്റേം മറ്റും വിഷമങ്ങള്‌ പറയുമ്പോ ആ ഫാരിഷാനേം റയീസിനേം കണ്ടു പഠിക്കാനാ എല്ലാരും പറയുക.� കുട്ടികളുടെ ഉമ്മ ഫാരിഷ മനസു തുറന്നു. ടൗണിലെ പി പി ട്രേഡേര്‍സ്‌ അടച്ചു വീട്ടിലെത്തുമ്പോഴുള്ള കുട്ടികളുടെ തമാശകളാണ്‌ ഭര്‍ത്താവ്‌ റഹീസിന്റെ ഓര്‍മ്മകളില്‍. കൂട്ടത്തില്‍ ഞായറാഴ്‌ചകളാണ്‌ രസം. ലീവായതിനാല്‍ മക്കള്‍ മുഴുവന്‍ ദേഹത്തു തന്നെയുണ്ടാവും. പിന്നെ ബാപ്പാന്റെ നെഞ്ചത്തായിരിക്കും ആനയും കുതിരയും കളി. ഇപ്പോള്‍ തന്നെ മുഹമ്മദും ഖദീജയും ബാപ്പയുടെ മടിയിലേക്ക്‌ ചാടിക്കയറാനുള്ള ശ്രമത്തിലാണ്‌.
1998 ലായിരുന്നു നിക്കാഹ്‌. മൂത്തവന്‍ സല്‍മാനുല്‍ ഫാരിസിക്ക്‌ 12 വയസാണ്‌. പിന്നെ ഇളയവരായി മുഹമ്മദ്‌ ബിലാല്‍, മുഹമ്മദ്‌ സിനാന്‍, മുഹമ്മദ്‌, ഖദീജ ഫര്‍ഹ എന്നിവരും. കൂട്ടത്തിലെ പുതിയ അംഗങ്ങളായ ഉമര്‍ അബ്‌ദുല്ലയേയും ആലിം അബ്ബാസിനേയും തിരിച്ചറിയാന്‍ ഇപ്പോഴും റഹീസിന്‌ പാടാണ്‌. ഫാരിഷയ്‌ക്കേ അതറിയൂ എന്ന ന്യായീകരണവുമുണ്ട്‌. അവര്‌ കണ്ണടയ്‌ക്കുന്ന സ്‌റ്റൈല്‌ നോക്കിയാണത്രേ ഈ തിരിച്ചറിയല്‍ പരേഡ്‌. എട്ടുമാസമാണ്‌ ഇവരുടെ പ്രായം. കണ്ണൂര്‍ ജില്ലയിലെ ചൊക്ലിയില്‍ നിന്നുള്ളതാണ്‌ ഈ കുടുംബപുരാണം.
മക്കള്‍ കൂടുതലായാല്‍ വല്യ ബുദ്ധിമുട്ടാണെന്ന്‌ പറയുന്നവര്‍ ഒന്നിവിടം വരെ വന്നു സര്‍വേ നടത്തണമെന്ന്‌ ഇരുവരും പറയും. അവര്‍ അടങ്ങിയൊടുതുങ്ങി കഴിയണം എന്ന അഭിപ്രായമൊന്നുമില്ല. ഇപ്പോഴുള്ളതു പോലെ അല്‍പം കുസൃതിയും ഒച്ചപ്പാടുമൊക്കെയായി കഴിയട്ടെ. അതുകൊണ്ടുള്ള ബുദ്ധിമുട്ടൊക്കെ ഞങ്ങളങ്ങ്‌ സഹിച്ചോളാം. എന്നുവെച്ച്‌ ഇവരെന്നും ഇങ്ങനെയൊന്നുമല്ല. തമ്മിലുള്ള ഐക്യവും കമ്യൂണിക്കേഷനുമല്ലാം ഒന്ന്‌ കാണേണ്ടതു തന്നെയാണ്‌. ഒരുത്തന്‌ എന്തെങ്കിലും അസുഖമോ മറ്റോ വന്നാല്‍ ഏറ്റവും വേദന മറ്റവനായിരിക്കും. മുഹമ്മദിനും സിനാനും ട്യൂഷനെടുക്കുന്നത്‌ മൂത്തവന്‍ സല്‍മാനുല്‍ ഫാരിസി. അപ്പോള്‍ അവനൊരു കാരണവരെപ്പോലെയാണ്‌. ഇപ്പോഴുള്ള ചിരിയും കളിയുമൊന്നുമില്ല. ഉത്തരം ഒന്നു തെറ്റിയാല്‍ ഇരുവര്‍ക്കും ഇയ്‌ക്കാക്കയുടെ �മേട്‌� ഉറപ്പ്‌. ഇരട്ടകള്‍ രണ്ടും ഗര്‍ഭത്തിലിരുന്ന സമയത്ത്‌ കുഞ്ഞുമകളായ ഖദീജയെ നോക്കിയിരുന്നത്‌ രണ്ടാമന്‍ ബിലാല്‍. ഖദീജ കരയാന്‍ തുടങ്ങുമ്പോള്‍ ബിലാലെടുത്ത്‌ ദാ, ആ സൈക്കിളില്‍ കൊണ്ടുവയ്‌ക്കും. പിന്നെ പിറകീന്ന്‌ തള്ളി മുറ്റത്തുകൂടിയുള്ള ഓട്ടമാണ്‌. അതോടെ സ്വിച്ചിട്ടതു പോലെ അവള്‌ കരച്ചില്‌ നിര്‍ത്തും. �പണ്ട്‌ ഞാന്‍ എന്റെ ബാപ്പയുടെ മുമ്പില്‍ പേടിയും ബഹുമാനവും കൊണ്ട്‌ നേരെ നില്‍ക്കുക പോലുമില്ലായിരുന്നു. എന്നാലോ, ഇങ്ങള്‌ കാണുന്നില്ലേ, അന്റെ മക്കളെല്ലാം അന്റെ അടുത്ത ചങ്ങായിമാരാണ്‌. ഇവരെ കണ്ടാല്‍ എല്ലാ ടെന്‍ഷനും മാറും.� റഹീസ്‌ അല്‍പം ചരിത്രവിശദീകരണത്തിനൊരുങ്ങി.
ഇത്രയധികം കുട്ടികളെ എങ്ങനെ നോക്കിവളര്‍ത്തുമെന്നതിന്‌ പ്രത്യേകിച്ചൊരു ഒറ്റമൂലിയൊന്നും ഇരുവരുടേയും കൈവശമില്ല. എന്നാലും ഇവരുടെ കാര്യമെല്ലാം ഭാര്യയെ മാത്രം ഏല്‍പ്പിക്കാതെ സഹായിക്കാനും പരിപാലിക്കാനുമല്ലാം റഹീസ്‌ മുന്നില്‍ തന്നെയുണ്ട്‌. രാവിലെ അവരെ സ്‌കൂളില്‍ പോവാനൊരുക്കുന്ന ചുമതല ഭര്‍ത്താവിനാണ്‌. അവര്‍ക്ക്‌ ഇസ്‌തിരിയിട്ടുകൊടുക്കും. ടിഫിനൊരുക്കും. അവരെ കുളിപ്പിച്ചുകൊടുക്കാനും �പാംപേര്‍സ്‌� മാറ്റാനും വരെ ഒരുക്കമാണ്‌. ഇതൊക്കെ ഇപ്പോഴല്ലേ ചെയ്യാന്‍ കഴിയൂ എന്ന ന്യായീകരണവുമുണ്ട്‌. �മക്കള്‍ ഒരു വരദാനമാണ്‌. പിന്നെ അവരുടെ ഭാവി. എന്തിനാ അതോര്‍ത്ത്‌ ഇപ്പോഴേ ടെന്‍ഷനാവുന്നേ?. വായ്‌ കീറിയ പടച്ചോനറിയാം അവരുടെ ഭാവിയും. ഭക്ഷണം ഇല്ല എന്നൊക്കെ പറഞ്ഞ്‌ കുട്ടികളെ വേണ്ടെന്നു വയ്‌ക്കുന്നതെന്തിനാ? � ഇരുവരും ചേര്‍ക്കുന്നു, ഒരു ക്വസ്‌റ്റിയന്‍ മാര്‍ക്ക്‌.
ഒരാള്‍ക്കു പൈലറ്റ്‌. മറ്റൊരാള്‍ക്ക്‌ ഡോക്‌ടര്‍. പിന്നെയൊരാള്‍ക്ക്‌ ക്രിക്കറ്റ്‌ കളിക്കാരന്‍.. അങ്ങനെ പോവുന്നു ലിറ്റില്‍ ചാംപ്‌സിന്റെ ആഗ്രഹനിര. കൂട്ടത്തില്‍ മൂന്ന്‌ വയസുകാരിയായ ഖദീജ ഇപ്പോഴേ, സ്‌കൂളില്‍ പോവാനുള്ള തയാറെടുപ്പിലാണ്‌. മുഹമ്മദിന്റെ കാര്യമാണ്‌ ഇതിലും രസം. ദിവസവും ക്ലാസില്‍ പോവുമ്പോള്‍ ഇവിടന്ന്‌ ഓരോ പെന്‍സില്‌ കൊണ്ടുപോവും. ഒരു ദിവസം ഇതിന്റെ ഗുട്ടന്‍സ്‌ അറിയാന്‍ ചെന്നപ്പോഴല്ലേ അറിയുന്നത്‌, എല്ലാം ടീച്ചര്‍ക്കു കൊടുക്കാനാണെന്ന്‌. കിട്ടിയ പെന്‍സിലെല്ലാം ടീച്ചര്‍ ഒരു പെട്ടിയില്‍ അടുക്കി വച്ചിരിക്കുന്നു! അവന്‌ വീട്ടില്‍ വേറെ പെന്‍സില്‍ കിട്ടുമെന്ന്‌ ഉറപ്പുള്ളതു കൊണ്ടാണ്‌ ഇഷ്‌ടടീച്ചര്‍ക്ക്‌ ഈ ഉപഹാരദാനം.
ഗോവിന്ദ്‌, രോഹിണി നക്ഷത്രം
ഇനി നമുക്കൊരു ഒറ്റക്കുട്ടിക്കഥയിലേക്ക്‌ കടക്കാം. റയീസിന്റേയും ഫാരിഷയുടേയും വീട്ടില്‍ നിന്ന്‌ തികച്ചും വ്യത്യസ്‌തമാണ്‌ തൃപ്പൂണിത്തുറയിലുള്ള മുകുന്ദിലെ വിശേഷങ്ങള്‍. ഓഫീസ്‌ വിട്ട്‌ വീട്ടിലെത്തിയിട്ടേ ഉള്ളൂ, മീരടീച്ചര്‍. ബിസിനസുകാരനായ ഭര്‍ത്താവ്‌ കൃഷ്‌ണകുമാറും അഞ്ചുമിനിറ്റിനുള്ളിലെത്തുമെന്നറിയിച്ച്‌ ഫോണ്‍ ചെയ്‌തിരുന്നു. അകത്തെ മുറിയില്‍ നിന്നും ഒരു കമാന്റോ ആക്രമണത്തിന്റെ സ്വരം കേള്‍ക്കാം. മകന്‍ ഗോവിന്ദാണ്‌. ഭാരതീയ വിദ്യാഭവനില്‍ രണ്ടാം ക്ലാസിലാണ്‌ പഠിക്കുന്നത്‌. എങ്കിലും മിമിക്രിയും മോണോ ആക്‌ടും നല്ല പോലെ വശം. മാറി മാറി വരുന്ന ആഗ്രഹങ്ങളില്‍ രാജ്യാതിര്‍ത്തി കാക്കുന്ന ഒരു കമാന്‍ഡോ ആകാനാണ്‌ പുതിയ ആഗ്രഹം. അതിനുള്ള റിഹേഴ്‌സലാണ്‌ ഈ ശബ്‌ദവും കൂത്തുമല്ലാം. �ഒറ്റമോനേയുള്ളൂ. അതോണ്ട്‌ ഇവന്‍ ജനിച്ച അന്നുതൊട്ട്‌ ഇന്നു വരെയുള്ള എല്ലാ കാര്യങ്ങളും ഞങ്ങള്‍ക്ക്‌ കാണാപാഠമാണ്‌. രോഹിണിനാളാ. കൃഷ്‌ണഭക്‌തരായതിനാല്‍ ഈ പേരും ഇട്ടു.� അപ്പോഴേക്കും വീട്ടില്‍ വന്നു കയറി അച്ഛന്‍ കൃഷ്‌ണകുമാര്‍.
മുകുന്ദില്‍ പതിയെ സംസാരിക്കുന്ന അച്ഛനേയും അമ്മയേയും കവച്ചുവയ്‌ക്കും മകന്റെ സ്വരം. തങ്ങളുടെ കുട്ടിയായതു കൊണ്ടു പറയുകയല്ല, പഠനത്തില്‍ ആവറേജാണെങ്കിലും മറ്റെല്ലാ കാര്യത്തിലും വീരനാണെന്നാണ്‌ അച്ഛനമ്മമാരുടെ സര്‍ട്ടിഫിക്കറ്റ്‌. കല്യാണം കഴിഞ്ഞതിന്റെ പിറ്റേ വര്‍ഷം 2003 ലായിരുന്നു ഗോവിന്ദിന്റെ ജനനം. മൂന്ന്‌ വയസുള്ളപ്പോള്‍ തന്നെ പ്രി കെ ജിയില്‍ ചേര്‍ത്തു. ആദ്യമൊരു മടിയൊക്കെയുണ്ടായിരുന്നെങ്കിലും വേഗം തന്നെ അഡ്‌ജസ്‌റ്റ്‌ ചെയ്‌തു, അവന്‍. ഒരുപക്ഷേ ഇത്ര ചെറുപ്പത്തിലേ സ്‌കൂളില്‍ പോയതുകൊണ്ടായിരിക്കാം അധികമൊന്നും സഭാകമ്പം ഇല്ലാത്തതും. ഒറ്റക്കുട്ടിയായതിനാല്‍ അവന്റെ ദൈനംദിന കാര്യങ്ങളിലും വിദ്യാഭ്യാസത്തിലുമല്ലാം നല്ലോണം ശ്രദ്ധിക്കാനും കഴിയുന്നുണ്ട്‌. �ഇവന്റെ എല്ലാ ജന്‍മദിനങ്ങളും കുഞ്ഞുകുഞ്ഞു വിജയങ്ങളും വരെ ഞങ്ങള്‌ ആഘോഷിക്കും. എല്ലാ ബര്‍ത്‌ഡേയ്‌ക്കും വൈക്കം അമ്പലത്തില്‍ അന്നദാനം നടത്തുകയോ ചെറിയ യാത്ര പോവുകയോ ചെയ്യും. ഇനിയിപ്പം മഴയാണെങ്കില്‍ അറ്റ്‌ലീസ്‌റ്റ്‌ വീട്ടില്‍ തന്നെ എല്ലാരും ചേര്‍ന്നുള്ള ഒരു പാര്‍ട്ടിയോ കേക്ക്‌ മുറിയോ നടത്തും.� മീര വരാന്‍ പോവുന്ന ആഴ്‌ചയിലെ ഗോവിന്ദിന്റെ ബര്‍ത്‌ഡേയെക്കുറിച്ചോര്‍മ്മിപ്പിച്ചു.
മകന്‌ അവന്റേതായ വ്യക്‌തിത്വം ഉണ്ടാവണം. ആരെയും അനുകരിക്കണം എന്നൊന്നുമില്ല. ഇപ്പോഴേ പ്രത്യേകം ബെഡ്‌റൂമും ഉണ്ട്‌. അവിടം മുഴുവനും അവന്റെ സാമ്രാജ്യമാണ്‌. അത്‌ എങ്ങനെ വേണമെങ്കിലും അലങ്കരിക്കാനുള്ള സ്വാതന്ത്ര്യം അവന്‌ വിട്ടുകൊടുത്തിരിക്കുന്നു. ഇപ്പോഴേ ഡയറി എഴുതുന്ന ശീലവുമുണ്ട്‌. മകന്റെ ഉത്തമശീലങ്ങളിലൊന്നായി കാണുന്നതും ഇതു തന്നെ. പിന്നെയുള്ളത്‌ എണ്ണിയാലൊടുങ്ങാത്ത സംശയങ്ങളാണ്‌. ചെലപ്പോ വണ്ടിയോടിക്കുമ്പോള്‍ കൂടെ കൂടും. പിന്നെ അതുമായി ബന്ധപ്പെട്ട കൊറേ ചോദ്യങ്ങളാണ്‌. ഇതെന്തിനാ ഗിയറ്‌ മാറ്റുന്നത്‌? വണ്ടീടെ സ്‌പീഡ്‌ അച്ഛന്‌ ഇത്രേം കുറവേ ഓടിക്കാന്‍ പറ്റ്വോ എന്നിങ്ങനെ. അതിനൊക്കെ ഉത്തരം പറഞ്ഞുകൊടുക്കാനും രസമാണ്‌. �ചെലപ്പോ കൊറേ കുട്ടികളുണ്ടാവുമ്പോള്‍ ഇതൊക്കെ ആസ്വദിക്കാന്‍ കഴിയൂന്ന്‌ തോന്നുന്നില്ല. ഇതുപോലെ ഒരു മകനൊക്കെയാണെങ്കില്‌ നല്ല വിദ്യഭ്യാസം കൊടുക്കാനും കൂടുതല്‌ ശ്രദ്ധിക്കാനും കഴിയും. കൊറേ കുട്ടികളുണ്ടെങ്കില്‌ നമുക്ക്‌ അതിനൊത്ത സാമ്പത്തികസ്‌ഥിതിയുമുണ്ടായിരിക്കണം. എല്ലാവരേയും ഒരു പോലെ നോക്കണ്ടേ? ഒരു പോലെ വിദ്യാഭ്യാസം കൊടുക്കണ്ടേ? � കൃഷ്‌ണകുമാര്‍ ചോദിക്കുന്നു.
ഇതിനിടെ കമാന്‍ഡോ ഓപ്പറേഷന്‍ കഴിഞ്ഞ്‌ സാക്ഷാല്‍ ഗോവിന്ദുമെത്തി. എന്തു ചോദിച്ചാലും സ്‌മാര്‍ട്ട്‌ സ്‌മാര്‍ട്ടായി ഉത്തരം പറയാന്‍ തയ്യാറായാണ്‌ വരവ്‌. പക്ഷേ, അച്ഛനെയാണോ അമ്മയെയാണോ കൂടുതലിഷ്‌ടമെന്ന ചോദ്യത്തില്‍ മാത്രം അല്‍പമൊന്ന്‌ കുഴങ്ങി. �അച്ഛനമ്മ� എന്നായി ഉത്തരം.
മകളുടെ കൂടെയൊരു പുതുജീവിതം
ഇനി വൈകി വന്ന മകളുടെ വിശേഷങ്ങളറിയാം. കണ്ണൂരുകാര്‍ക്ക്‌ സുപരിചിതരാണ്‌ വി.വാസന്തിയും എം എസ്‌ വാസുദേവനും. കഴിഞ്ഞ 20 വര്‍ഷമായി ആകാശവാണിയിലെ ഹലോ പ്രിയഗീതങ്ങള്‍ എന്ന ജനപ്രിയപരിപാടിയിലൂടെ നാട്ടുകാരുടെ മനം കവര്‍ന്നവര്‍. ആകാശവാണിക്കടുത്ത്‌ തന്നെയുള്ള കൃഷ്‌ണഗോകുലത്തിലാണ്‌ താമസം.കാലടിയാണ്‌ വാസുദേവന്റെ നാട്‌. വാസന്തിയുടേത്‌ തൃശൂരും. എന്നാല്‍ മകള്‍ ഗൗരി പാര്‍വതിയാണെങ്കിലോ, തനി കണ്ണൂരുകാരിയും. �ഇവള്‌ ഗര്‍ഭത്തിലുള്ള സമയത്ത്‌ ഞാനേതാണ്ട്‌ ഒന്‍പതു മാസത്തോളം ലീവെടുത്തു. അതിനു കാരണവുമുണ്ട്‌്‌. കുട്ടിക്കാലത്ത്‌ എന്നെ നോക്കി വളര്‍ത്തിയിരുന്നത്‌ അച്ഛന്റേയും അമ്മയുടേയും ജോലിത്തിരക്ക്‌ കാരണം സെര്‍വന്റ്‌സ്‌ ആയിരുന്നു. അവരാണെങ്കില്‌ ഒരു കടമ നിര്‍വഹിക്കുന്നതു പോലെ നോക്കും. ചിലപ്പോള്‍ തല്ലുകേം ചെയ്യും. അതോണ്ട്‌ എന്റെ അവസ്‌ഥ മോള്‍ക്കുണ്ടാകാന്‍ പാടില്ലെന്ന നിര്‍ബന്ധമുണ്ടായിരുന്നു.� വാസന്തി മകളുടെ കുട്ടിക്കാലം ഓര്‍ക്കുന്നു.
ആദ്യം ഒരു കുട്ടിയുണ്ടായിരുന്നെങ്കിലും മെനിഞ്ചൈറ്റിസ്‌ ബാധിച്ചു മരിച്ചു. ഇപ്പോള്‍ എല്ലാം ഈ മകളാണ്‌. അല്‍പം വൈകി വന്ന കുട്ടിയായതുകൊണ്ട്‌ അവളുടെ എല്ലാ കാര്യങ്ങള്‍ക്കും എക്‌സ്‌ട്രാ നോട്ടവും ശ്രദ്ധയും അല്‍പം പേടിയുമുണ്ട്‌. ആകാശവാണിയിലെ ഷിഫ്‌ട്‌്‌ ഡ്യൂട്ടിയായതിനാല്‍ മോള്‌ രാവിലെ സ്‌കൂളില്‍ പോവുമ്പോഴും തിരിച്ചുവരുമ്പോഴുമല്ലാം ആരെങ്കിലും വീട്ടിലുണ്ടാവും. എത്ര തിരക്കുണ്ടെങ്കിലും ഭക്ഷണം ഉണ്ടാക്കി കഴിപ്പിച്ചതിനു ശേഷമേ സ്‌ക്കൂളിലയക്കൂ. ബസില്‍ വിടാന്‍ ധൈര്യക്കുറവുള്ളതിനാല്‍ കാറില്‍ തന്നെ സ്‌കൂളില്‍ കൊണ്ടുവിടും.
മോള്‍ക്കിപ്പോള്‍ 14 വയസായി. അവളുണ്ടായതിനു ശേഷം ഒരു പുതിയ ജീവിതം തുടങ്ങുന്നതിന്റെ സന്തോഷമായിരുന്നു. കൊഞ്ചിക്കാനും ലാളിക്കാനുമൊക്കെ പ്രത്യേകരസം. ഞങ്ങള്‍ എവിടെ പോവവുമ്പോഴും കൂടെ കൂട്ടും. ഇടയ്‌ക്കു ഓഫീസിലും കൂട്ടും. ഞങ്ങള്‌ എന്തൊക്കെയാ ചെയ്യുന്നതെന്ന്‌ അവളിങ്ങനെ കൗതുകത്തോടെ നോക്കിനില്‍ക്കും. അവളെന്തു ചെയ്യുമ്പോഴും നിരുത്‌സാഹപ്പെടുത്താറില്ല. വരച്ച ചിത്രങ്ങള്‍ വീട്ടില്‍ വരുന്ന അതിഥികള്‍ കാണാന്‍ പാകത്തില്‍ സ്വീകരണമുറിയില്‍ തന്നെ ഫ്രെയിം ചെയ്‌ത്‌ തൂക്കിയിട്ടിട്ടുണ്ട്‌. അവളെ സ്‌കൂളില്‍ ചേര്‍ത്ത ദിവസം ഇന്നും ഓര്‍മയുണ്ട്‌ ഇരുവര്‍ക്കും. ഇന്നലെ വരെ കൈയില്‍ തൂങ്ങി നടന്നവള്‍ ഇന്ന്‌ കൂടെയില്ലല്ലോ എന്ന ടെന്‍ഷനായിരുന്നു. ഇടയ്‌ക്കിടെ വാസുദേവന്‍ ഓഫീസില്‍ നിന്ന്‌ അവള്‌ വരാറായില്ലേ എന്ന്‌ വിളിച്ചും ചോദിച്ചു. ഇപ്പോഴേ ഒരു പാടു വായിക്കുന്ന കുട്ടത്തിലായതിനാല്‍ ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴുമല്ലാം പുസ്‌തകം വേണം. വായിച്ചുകഴിഞ്ഞ്‌ ഇനിയൊന്നുമില്ലേയെന്ന വിഷമമാണ്‌. ക്ലാസിലെ കാര്യങ്ങളെല്ലാം വള്ളിപുള്ളി വിടാതെ വീട്ടില്‍ പറഞ്ഞുകേള്‍പ്പിക്കും. ഏതെങ്കിലും കാര്യത്തില്‍ പ്രതികരിച്ച വിധം വിവരിച്ച്‌ ഇതു ശരിയാണോ എന്നു ചോദിക്കും. �കേന്ദ്രീയവിദ്യാലയത്തില്‍ ഒന്‍പതാം ക്ലാസിലാണ്‌ ഇവള്‌ പഠിക്കുന്നത്‌. അവിടെത്തന്നെ ചേര്‍ക്കണമെന്ന്‌ ഞങ്ങക്ക്‌ നിര്‍ബന്ധമായിരുന്നു. അവിടെയാവുമ്പോ എല്ലാ സ്‌റ്റേറ്റ്‌സിലേയും കുട്ടികളുണ്ട്‌. എല്ലാ നാട്ടിലേയും സംസ്‌ക്കാരവും ജീവിതവുമല്ലാം അറിയട്ടേന്ന്‌ കരുതി.� വാസുദേവന്‍ പറയുന്നു.
ജോലി ചെയ്യുന്ന സ്‌ത്രീകളാവുമ്പോള്‍ ഇതുപോലെ പരമാവധി ഒന്നോ രണ്ടോ കുട്ടികളാണ്‌ നല്ലതെന്നാണ്‌ അനുഭവത്തിന്റെ വെളിച്ചത്തില്‍ വാസന്തിയുടെ നിരീക്ഷണം. �അപ്പോള്‍ അവരുടെ കാര്യത്തില്‍ കൂടുതല്‍ ഫോക്കസ്‌ ചെയ്യാന്‍ കഴിയും. പണ്ടത്തെ കാലത്തെപ്പോലെ ഇപ്പോ കൂട്ടുകുടുംബ വ്യവസ്‌ഥയൊന്നുമല്ലല്ലോ? അന്നൊന്നും ഒരുപാടു കുട്ടികളുണ്ടായാലും പ്രശ്‌നമൊന്നുമില്ലായിരുന്നു. നോക്കാനിഷ്‌ടം പോലെ ആളുണ്ട്‌. പിന്നെ പണ്ടുള്ളവരുടെ ഉപജീവനമാര്‍ഗം വീടിനു ചുറ്റുമായിരുന്നല്ലോ? ഇന്നാരെയാ വിശ്വസിച്ചേല്‍പ്പിക്ക്വാ?� മകള്‍ക്ക്‌ ആരുടെ സ്വഭാവമാണ്‌ കൂടുതലെന്ന്‌ ചോദിച്ചപ്പോള്‍ ഉത്തരം പറഞ്ഞത്‌ അച്ഛന്‍. �അമ്മയുടെ സ്വഭാവമാണവള്‍ക്ക്‌. പക്ഷേ, അച്ഛനോടാണ്‌ കൂട്ട്‌ കൂടുതല്‍.�
മകളുടെ അച്ഛന്‍
ഇതൊരു അപൂര്‍വം കുടുംബകഥയാണ്‌. നാടാറു മാസം കാടാറു മാസം എന്നൊക്കെ പറയുന്നതു പോലെ. സാധാരണ പ്രായമായ മാതാപിതാക്കളെ തനിച്ചാക്കി അന്യനാടുകളില്‍ കഴിയുന്ന മക്കളെ നാടൊട്ടുക്കും ഇഷ്‌ടം പോലെ കാണാം. ഇതു പക്ഷേ, അതില്‍ നിന്നും വ്യത്യസ്‌തമാണ്‌. മകളും അമ്മയും വിദേശത്താണ്‌. അച്ഛന്‍ സ്വദേശത്തും. പക്ഷേ എല്ലാ മൂന്ന്‌ മാസം കൂടുമ്പോഴും അച്ഛനും മകളും ഒന്നിക്കും. അമ്മ മാത്രം വിദേശത്തും. ഇനി മൂന്നുപേരും ഒരുമിച്ചുണ്ടാവുന്ന അവസരങ്ങള്‍ വളരെ ദുര്‍ലഭവും. പറഞ്ഞു വരുന്നത്‌ കോഴിക്കോട്ടെ നടക്കാവിലുള്ള അഡ്വക്കേറ്റായ എം എസ്‌ സജിയുടേയും ഷെറിനയുടേയും മകള്‍ തേജസ്വിനിയുടേയും കുടുംബവിശേഷമാണ്‌. ഒന്‍പതു മക്കളായിരുന്നു സജിയുടെ അച്ഛന്‌. അതില്‍ അഞ്ചു പേരും ആയുസെത്തും മുമ്പേ പോയി. മൂന്ന്‌ തലമുറ മുമ്പ്‌ പാലായില്‍ നിന്നും കോഴിക്കോട്ടെ കക്കയത്തേക്ക്‌ കുടിയേറിപ്പാര്‍ത്തതാണ്‌ കുടുംബം. ഭാര്യ ലീഗല്‍ കണ്‍സള്‍ട്ടന്റായി ദുബായില്‍ ജോലി ചെയ്യുന്നു. മകള്‍ അമ്മയുടെ കൂടെ ദുബായില്‍ ഇന്ത്യന്‍ ഹൈസ്‌കൂളില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്നു. എല്ലാം മൂന്ന്‌ മാസം കൂടുമ്പോഴുമുള്ള ലീവില്‍ അവള്‍ നാട്ടിലെത്തും.
ശരീരം കൊണ്ട്‌ അകലെയാണെങ്കിലും മനസു കൊണ്ട്‌ അവള്‍ അടുത്താണെന്ന്‌ അച്ഛന്‍ പറയുന്നു. എല്ലാ ദിവസവും വിളിക്കും. ചെലപ്പോ മണിക്കൂറുകളോളം ക്ലാസിലെ വിശേഷങ്ങളും പറഞ്ഞിരിക്കും. ഫേസ്‌ ടു ഫേസ്‌ ചാറ്റിങ്ങുമുണ്ട്‌. പോരാത്തതിന്‌ നല്ല ഹ്യൂമര്‍സെന്‍സുമുണ്ട്‌ അവള്‍ക്ക്‌. എല്ലാം ഏതാണ്ടൊരു ശ്രീനിവാസന്‍ ടച്ചുള്ളത്‌. അമ്മ നോക്കുന്നതു പോലെ തന്നെ കുട്ടിയെ അച്ഛനും നോക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സജിയ്‌ക്ക്‌ സംശയമൊന്നുമില്ല. കുട്ടിയുടെ ആദ്യ വയസ്‌ പിന്നിട്ടാല്‍ ഒരു പരിധി വരെ അമ്മയേക്കാളേറെ അച്ഛനാണ്‌ കുട്ടിയില്‍ സ്വാധീനിക്കുക. നല്ല ആരോഗ്യകരമായ കമ്യുണിക്കേഷനും മറ്റും കുട്ടിയ്‌ക്ക്‌ അച്ഛനുമായാണ്‌ ഉണ്ടാവുക. സജിയുടെ പക്കല്‍ തന്റെ വാദത്തിനുള്ള തെളിവുകളുമുണ്ട്‌. മകളില്‍ വായനയെന്ന ശീലം അച്ഛന്‍ നല്‍കിയതാണ്‌. രാജാജിയുടെ രാമായണത്തിന്റെ സിംപിള്‍ വേര്‍ഷനും നെഹ്‌റുവിന്റെ ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകളുമെല്ലാം നേരത്തെ തന്നെ അവള്‍ക്കു വായിക്കാന്‍ നല്‍കി. പിന്നെ ഇപ്പോഴും അവള്‍ക്കു നീണ്ട കത്തുകള്‍ അയക്കും. അതു വായിച്ച്‌ അവള്‍ മറുപടി കത്തുമയക്കും. അവയൊക്കെയും അവള്‍ ഒരു ഫയലാക്കി സൂക്ഷിച്ചു വച്ചിട്ടുണ്ട്‌. മകളെയും ഭാര്യയേയും മിസ്‌ ചെയ്യുന്നത്‌ ദിവസവുമുള്ള ഫോണ്‍ വിളികളിലൂടെയും ജോലിയില്‍ മുഴുകിയും സാമൂഹ്യബന്ധങ്ങള്‍ കൊണ്ടും മറികടക്കാനാണ്‌ സജിയ്‌ക്കിഷ്‌ടം. �പിന്നെ മൂന്ന്‌ മാസംന്ന്‌ പറയുന്നത്‌ ചെറിയൊരു കാലയളവാണല്ലോ. പെട്ടെന്നങ്ങ്‌ തീരും. വെക്കേഷന്‍ ദിവസങ്ങളില്‍ ഞങ്ങള്‍ എല്ലാവരും ഒന്നിച്ചാവും. പിന്നെ തീരെ നിവൃത്തിയില്ലാന്നായാല്‍ മകളെ കാണാനായി ദുബായിലേക്കും ഫ്‌ളൈറ്റ്‌ കയറും.� സജി പറയുന്നു.
മകളെ ആരാക്കണമെന്നാണ്‌ ആഗ്രഹമെന്നു ചോദിച്ചപ്പോള്‍ സജി ഒറ്റശ്വാസത്തില്‍ പറയുന്നു, അവളെ നല്ല മനുഷ്യസ്‌ത്രീ ആക്കാനെന്ന്‌. ഒന്നരവയസുള്ളപ്പോള്‍ വീടിനപ്പുറത്തെ പ്ലേ സ്‌ക്കൂളിലേക്ക്‌ മതിലിനപ്പുറത്തൂടെ ടീച്ചര്‍മാരുടെ കൈകളിലേല്‍പ്പിക്കുന്നതാണ്‌ നിറമുള്ള ഓര്‍മകളിലൊന്ന്‌. എങ്കിലും കൂട്ടായി കൂടുതല്‍ മക്കള്‍ ഇല്ലാത്തതിന്റെ വിഷമവുമുണ്ട്‌. ഒരാള്‍ കൂടിയാവുമ്പോള്‍ ആരെങ്കിലും സഹായത്തിനുണ്ടായേനേ. എല്ലാം പങ്കുവയ്‌ക്കുന്ന ഒരു മനസുമുണ്ടാവും അവര്‍ക്ക്‌. സജിയുടെ നിരീക്ഷണം ഇങ്ങനെ നീളുന്നു.
തിരക്കിനിടയിലെ ആശ്വാസം
ഫ്‌ളാറ്റിലെ ജീവിതം. കണ്‍സ്‌ട്രക്‌ഷന്‍ ഫീല്‍ഡിലെ ജോലി. എന്നും പ്രത്യേകിച്ച്‌ സമയബന്ധിതമൊന്നുമല്ലാത്ത യാത്രകള്‍. തിരക്കുള്ള ജീവിതമാണ്‌ സിജോ സി തയ്യിലിന്റേത്‌. എന്നും തിരക്കോടു തിരക്കു തന്നെയായിരിക്കും. ഭാര്യ ദീപയാണ്‌ കൂടുതലും മക്കളുടെ കൂടെയുണ്ടാവുക. തിരുവനന്തപുരം ജില്ലയിലെ ഗ്രീന്‍ ഹോംസ്‌ അപാര്‍ട്‌മെന്റിലാണ്‌ താമസം. മക്കള്‍ കൃഷ്‌ണയ്യര്‍ നിര്‍ദേശിച്ചതു പോലെ രണ്ടാണ്‌. പേരു കേള്‍ക്കുമ്പോള്‍ ഇത്തിരി പഴഞ്ചന്‍ തോന്നും. അന്നയും സിറിയകും. അന്ന ഏഴാം ക്ലാസിലും സിറിയക്‌ അഞ്ചാം ക്ലാസിലുമാണ്‌ പഠിക്കുന്നത്‌. �ഓ, എന്നാ പറയാനാ, മക്കള്‍ക്ക്‌ പാരമ്പര്യമായുള്ള ക്രിസ്‌ത്യന്‍ പേരുകള്‍ തന്നെ വേണമെന്ന്‌ ഞങ്ങക്ക്‌ നിര്‍ബന്ധമായിരുന്നു. കേള്‍ക്കുമ്പോഴും അതിനൊരു ചന്തമൊക്കെയുണ്ട്‌.� ഇരുവരും പറയും.
കുട്ടികളായാല്‍ അല്‍പസ്വല്‍പം വികൃതിയൊക്കെ വേണമെന്നാണ്‌ ദീപയുടെ അഭിപ്രായം. അവരെ ഒന്നാം ക്ലാസില്‍ ചേര്‍ക്കുമ്പോള്‍ ആദ്യം നല്ല കരച്ചിലായിരുന്നു. എന്നാലോ പിറ്റേന്ന്‌ മുതല്‌ സ്‌ക്കൂളവര്‍ക്ക്‌ നല്ലോണമങ്ങ്‌ പിടിച്ചു. രണ്ടും എന്നും ഒന്നിച്ചാണ്‌ നടപ്പും. ഞങ്ങള്‌ തന്നെ ഇടയ്‌ക്ക്‌ ചക്കിക്കൊത്ത ചങ്കരന്‍ ന്നു പറഞ്ഞ്‌ കളിയാക്കാറുണ്ട്‌. അധികമൊന്നുമായിട്ടില്ല ഇവിടേയ്‌ക്കു താമസം മാറ്റിയിട്ട്‌. ഫ്‌ളാറ്റിലെ ജീവിതത്തിനിടയ്‌ക്ക്‌ പല കാര്യങ്ങളും, പ്രത്യേകിച്ച്‌ തങ്ങളിരുവരും ജനിച്ചുവളര്‍ന്ന ജീവിതസാഹചര്യമെല്ലാം മക്കള്‍ക്ക്‌ മിസ്‌ ചെയ്യുന്നുണ്ടെങ്കിലും സെക്യൂരിറ്റിയും സ്വകാര്യതയുമൊക്കെ ഇവിടെയാണ്‌ കൂടുതല്‍. ഈ കാലത്ത്‌ അതേറെ പ്രാധാന്യവുമാണല്ലോ. �പിന്നെ കൂട്ടുകാര്‍ ഇല്ലെന്നു പറയുന്നതൊക്കെ വെറുതെയാണ്‌. ഇവിടേയും അസോസിയേഷനും മറ്റുമൊക്കെയുണ്ട്‌. ഇഷ്‌ടം പോലെ കൂട്ടുകാരും. ഇവര്‍ക്ക്‌ കളിക്കാന്‍ പത്യേകകളിസ്‌ഥലവും.�
മകന്‍ അമ്മയെപ്പോലെയും മകള്‍ അച്ഛനെപ്പോലെയുമാണെന്നുമാണ്‌ ഇരുവരുടേയും കണ്ടെത്തല്‍. മക്കളുടെ എല്ലാ ബര്‍ത്‌ഡേയും എത്ര തിരക്കുണ്ടെങ്കിലം ആഘോഷിക്കും. �കൂടുതല്‍ മക്കളുണ്ടാകുന്നതിനേക്കാളും നല്ലത്‌ ഇതുപോലെ രണ്ടുപേരുണ്ടാകുന്നതാണ്‌. അതിലൊന്ന്‌ ആണും മറ്റൊന്ന്‌ പെണ്ണുമായാല്‍ അത്രയും നന്ന്‌. തമാശകളൊക്കെ പറഞ്ഞിങ്ങനെ ഇരിക്കാം. ഒന്നിനൊന്ന്‌ കൂട്ടുണ്ടെന്ന മെച്ചവുമുണ്ട്‌.. കണ്ടില്ലേ?� സിറിയക്‌ ഇതിനിടെ ബാറ്റുമായി മറ്റു ഫ്‌ളാറ്റ്‌ കൂട്ടുകാരേയും തിരഞ്ഞുപോവുന്നത്‌ ചൂണ്ടിക്കാട്ടി സിജോ പറയുന്നു. കൂടെ വാലുപോലെ അന്നയുമുണ്ട്‌.
തിരക്കുള്ളതാണ്‌ ജീവിതമെങ്കിലും മക്കളുടെ കാര്യത്തിലെല്ലാം വേണ്ടതു ചെയ്യാന്‍ സമയം കണ്ടെത്തും. ഇടയ്‌ക്കൊരിക്കള്‍ പ്രോഗ്രസ്‌ റിപ്പോര്‍ട്ട്‌ വാങ്ങാന്‍ സ്‌കൂളില്‍ ചെന്നപ്പോള്‍ ക്ലാസില്‍ ഒരു പ്രത്യേകബെഞ്ചില്‍ ഇരിക്കുന്നു, അന്നയും സിറിയക്കും. സാധാരണ നല്ലവണ്ണം പഠിക്കുന്നവരെയാണല്ലോ മാറ്റിയിരിപ്പിക്കുക എന്നോര്‍ത്ത്‌ സന്തോഷം വന്ന്‌ നില്‍ക്കുമ്പോഴാണ്‌ മാഷ്‌ വന്ന്‌ പറയുന്നത്‌, �ഇവര്‌ ക്ലാസിലെ പ്രധാനഗുണ്ടകളാ. ഗുണ്ടാനിയമപ്രകാരം രണ്ടിനേം പിടിച്ച്‌ മറ്റിനിര്‍ത്തിയിരിക്കുകയാ.�ന്ന്‌!

Thursday, August 22, 2013

ഇന്റീരിയര്‍ ഭംഗി കൂട്ടാന്‍




ഇന്റീരിയര്‍ ഭംഗി കൂട്ടാന്‍

 

ഇന്റീരിയര്‍ ഭംഗി കൂട്ടാന്‍ വീടുകളില്‍ പല പുതിയ പരീക്ഷണങ്ങളും ഇന്ന്‌ വന്നു കഴിഞ്ഞു. ചെലവു കുറഞ്ഞ രീതിയിലും ഇന്റീരിയര്‍ ഭംഗി പതിന്‍മടങ്ങ്‌ വര്‍ധിപ്പിക്കാന്‍ സാധ്യമാവും വിധം ഇന്റീരിയര്‍ അലങ്കരിക്കാം. ലിവിങ്‌ റൂമില്‍ വ്യത്യസ്‌തമായ ഫാള്‍സീലിങ്‌ കൊടുക്കുന്നതാണ്‌ പുതിയ ട്രെന്‍ഡുകളില്‍ ഒന്ന്‌. വ്യത്യസ്‌തമായ ട്രാക്ക്‌ സീലിങ്ങുകള്‍ കൊടുത്ത്‌ ഇവിടം ആകര്‍ഷകമാക്കാം. പല റേഞ്ചുകളില്‍ ഉള്ള ഫാള്‍സ്‌ സീലിങ്ങുകള്‍ ഇന്നു പരീക്ഷിച്ചു വരുന്നു. വുഡന്‍ സീലിങ്‌ തന്നെ പത്തു വിധത്തിലെങ്കിലും പരീക്ഷിക്കാവുന്ന തരമുണ്ട്‌.�
 

വാള്‍ പേപ്പറിലെ പെര്‍സനല്‍ ടച്ച്‌
പണ്ടത്തെ ബോക്‌ഡ്‌ ടി വി ക്കു പകരം ഇപ്പോള്‍ എല്‍ സി ഡികളും എല്‍ ഇ ഡി കളുമാണ്‌ വീടുകളിലെ താരം. ഇവ ചുവരില്‍ തന്നെ നല്‍കുന്ന സിസ്‌റ്റമാണ്‌ ഇപ്പോള്‍ കൂടുതലായും ഉള്ളത്‌. ഇങ്ങനെ വരുമ്പോള്‍ ടിവിയ്‌ക്കൊപ്പം ചുവരില്‍ ഒരു വാള്‍ പാനലിങ്‌ കൂടി കൊടുക്കുന്നു. ഇവിടെ വേണമെങ്കില്‍ ഇന്‍ ഡയറക്‌ട്‌ ലൈറ്റും നല്‍കാറുണ്ട്‌.
വാള്‍ പേപ്പേര്‍സിലെ വ്യത്യസ്‌ത പരീക്ഷണങ്ങളാണ്‌ ഇന്റീരിയര്‍ മോടി കൂട്ടാവുന്ന മറ്റൊരു അറേഞ്ച്‌്‌മെന്റ്‌. ഇത്‌ മറ്റുള്ളവയെ അപേക്ഷിച്ച്‌ ചെലവു കുറവുമാണ്‌. ഓരോ കണ്‍സെപ്‌ട്‌ വെച്ചുള്ള വാള്‍ പേപ്പറുകള്‍ കൊണ്ട്‌ വീട്‌ അലങ്കരിക്കാം. മനോഹരവും വില കൂടിയതുമായ പെയിന്റിങ്ങുകള്‍ പരീക്ഷിക്കുന്നതു പോലെ തന്നെ തെരഞ്ഞെടുക്കുന്ന ചിത്രങ്ങളിലും ഫോട്ടോകളിലും വേണമെങ്കില്‍ ഒരു പെര്‍സണല്‍ ടച്ചും നല്‍കാം. ലിവിങ്ങിലേയോ കിടപ്പുമുറിയിലേയോ ഭിത്തികള്‍ വീട്ടുകാരുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ കൊണ്ട്‌ അലങ്കരിക്കാം. ഉദാഹരണത്തിന്‌, വീട്ടിലെ കുട്ടികളും മറ്റും വരച്ച ചിത്രങ്ങള്‍, കുടുംബഫോട്ടോകള്‍, ജന്‍മദിനത്തിനും ചോറൂണിനും മാമോദീസയ്‌ക്കും പേരിടല്‍ ചടങ്ങിനും വിനോദയാത്രയില്‍ എടുത്ത ചിത്രങ്ങള്‍ തുടങ്ങിയവ ലിവിങ്ങിലെ ഒരു വാള്‍ മുഴുവനുമായി കൊളാഷ്‌ ചെയ്യാം. ഇവ ക്രിയാത്‌മകമായി ഉപയോഗിക്കുന്നത്‌ വഴി വില കൂടിയ പെയിന്റിങ്ങുകള്‍ വാങ്ങുന്നതിന്റെ ചെലവ്‌ ചുരുക്കുകയുമാവാം. വീടിരിക്കുന്ന�പ്രദേശങ്ങളിലെ ചെറിയ ചെറിയ വസ്‌തുക്കള്‍ (ഉദാ: പെബിള്‍സ്‌ മുതലായവ) അലങ്കാരമായും ഷോപീസായും ഉപയോഗിക്കുന്ന ട്രെന്‍ഡുമുണ്ട്‌.
 

കര്‍ട്ടനുകളുടെ വൈവിധ്യംപഴയ കാലത്തെ കര്‍ട്ടനുകള്‍ മാറി വ്യത്യസ്‌തയിനം ബ്ലൈന്‍ഡ്‌സുകള്‍ നല്‍കുകയാണ്‌ ഇപ്പോള്‍ ചെയ്‌തു വരാറ്‌. വുഡന്‍ ബ്ലൈന്‍ഡ്‌, ബാംബൂ ബ്ലൈന്‍ഡ്‌, റോമന്‍ ബ്ലൈന്‍ഡ്‌ തുടങ്ങി വിവിധ തരം ബ്ലൈന്‍ഡ്‌സുകള്‍ ഇന്ന്‌ വിപണിയിലുണ്ട്‌. വിന്‍ഡോ ട്രീറ്റ്‌മെന്റിന്‌ ഏറ്റവും അനുയോജ്യവും ഇതാണ്‌. ഇത്തിരി വില കൂടുതലാണെങ്കിലും വുഡന്‍ ബ്ലൈന്‍ഡ്‌സുകളാണ്‌ കൂടുതലായും ഉപയോഗിച്ചു വരുന്നത്‌. ഫോള്‍ഡ്‌ ചെയ്യാന്‍ പറ്റുന്ന വിധമുള്ള ട്രിപ്പിള്‍ ഷേഡ്‌ സീബ്ര കര്‍ട്ടനുകളും ഡബിള്‍ ഷേഡ്‌ കര്‍ട്ടനുകളും ഇന്നുണ്ട്‌. അപ്‌ഹോള്‍സ്‌റ്ററി, കര്‍ട്ടന്‍ റോഡ്‌, കര്‍ട്ടന്‍, റഗ്‌സ്‌ എന്നിവ പരമാവധി മെയിന്റനന്‍സ്‌ ഫ്രീ ആയതു തെരഞ്ഞെടുക്കാം.
ഫോര്‍മല്‍ ലിവിങ്ങില്‍ അധികമലങ്കാരമാവാതെ എല്ലാ പരീക്ഷണങ്ങളും ഫാമിലി ലിവിങ്ങിലേക്ക്‌ മാറ്റി വയ്‌ക്കുന്നതാണ്‌ പുതിയ രീതിയും ട്രെന്‍ഡും. വീടിന്റെ കണ്‍സെപ്‌ട്‌ അനുസരിച്ചാണ്‌ ഫര്‍ണിച്ചറുകള്‍ തെരഞ്ഞെടുക്കാറ്‌. ഫോര്‍മല്‍ ലിവിങ്ങില്‍ സ്‌റ്റെയില്‍ലെസ്‌ സ്‌റ്റീലും മൈല്‍ഡ്‌ സ്‌റ്റീലും കൊണ്ടുള്ള ഫര്‍ണിച്ചറുകള്‍ കൊടുക്കാം. എന്നാല്‍ ഫാമിലി ലിവിങ്ങില്‍ അല്‍പം ബള്‍ക്കി ആയിട്ടുള്ള സോഫാ സെറ്റുകളും മറ്റും ഉപയോഗിക്കാം. ലിവിങ്ങും ഡൈനിങ്ങും ഒന്നിച്ചു വരുന്ന സാഹചര്യത്തില്‍ ലിവിങ്ങിലെ വുഡന്‍ ഫര്‍ണിച്ചറിനോട്‌ സാമ്യമുള്ള ഫര്‍ണിച്ചറുകള്‍ ഡൈനിങ്‌ ഏരിയയിലും നല്‍കാം. അപ്‌ഹോള്‍സ്‌റ്ററിയായി ക്വാളിറ്റി റെക്‌സിനോ ആര്‍ട്‌ ലെതറോ നല്‍കാവുന്നതുമാണ്‌. മുറികള്‍ക്ക്‌ എപ്പോഴും ഫ്രെഷ്‌നസ്‌ ഉണ്ടാവാന്‍ ചുവരുകളില്‍ ആകര്‍ഷകമായ ടെക്‌സ്‌ചര്‍ പെയിന്റിങ്ങുകളും മറ്റും നല്‍കാം. കളര്‍ഫുള്‍ കുഷ്യനുകളും മറ്റും മുറികള്‍ക്ക്‌ പിന്നെയും ചാരുത പകരുന്നു.
 

ലൈറ്റിങ്ങ്‌ ട്രെന്‍ഡുകള്‍
നാച്ചുറല്‍ ലൈറ്റിങ്ങിന്‌ പ്രാധാന്യം നല്‍കിയാല്‍ ലൈറ്റിങ്ങിന്റെ കാര്യത്തിലും കൂടുതലായി വിളക്കുകളും മറ്റും വയ്‌ക്കുന്നതിന്റെ ചെലവ്‌ ഒരു പരിധി വരെയും ഇല്ലാതാക്കാം. എല്‍ ഇ ഡി ലൈറ്റുകളും ആകര്‍ഷകമായ വിധം ഉപയോഗിക്കാന്‍ ശ്രദ്ധിക്കാം. ഇന്‍ഡോര്‍ പ്ലാന്റുകളും വീട്ടിനകത്ത്‌ കൊടുക്കാവുന്നതാണ്‌. നല്ലവണ്ണം വെന്റിലേഷന്‍ ഉണ്ടാവാന്‍ അപ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌.
സ്‌ഥലപരിമിതിയെ മറികടന്ന്‌ ബെഡ്‌റൂമുകള്‍ ഒരുക്കാന്‍ ശ്രദ്ധിക്കാം. ഓരോ മുറിക്കും അനുയോജ്യമായ രീതിയില്‍ കളര്‍ പാറ്റേണുകള്‍ നല്‍കാം. ബെഡ്‌റൂമില്‍ പഴയ രീതിയില്‍ നിന്നു മാറി കട്ടിലിന്റെ ഹെഡ്‌ ബോര്‍ഡ്‌ വാളില്‍ തന്നെ നല്‍കി വരുന്നതാണ്‌ ഇപ്പോഴത്തെ ട്രെന്‍ഡ്‌. കൂടാതെ ഇതിനൊപ്പം നൈറ്റ്‌ ലാംപ്‌, ഇന്‍ഡയറക്‌ട്‌ ലൈറ്റിങ്‌, സൈഡ്‌ ടേബിള്‍ തുടങ്ങിയവയെല്ലാം അറേഞ്ച്‌ ചെയ്യാം. ബാത്‌റൂമുകളില്‍ വെറ്റ്‌ ഏരിയയും ഡ്രൈ ഏരിയയും കൊടുക്കുമ്പോള്‍ എന്‍ട്രന്‍സിന്റെ അടുത്തു തന്നെ വാഷ്‌ ബേസിന്‍ നല്‍കാന്‍ ശ്രദ്ധിക്കാം. വ്യത്യസ്‌തഡിസൈനിലും നിറങ്ങളിലുമുള്ള വാഷ്‌ ബേസിനുകളും ബാത്‌റൂം ടൈലുകളും ഇന്ന്‌ വിപണിയിലുണ്ട്‌.
 

സെമി മോഡുലാറും ഫുള്ളി മോഡുലാറുമായ കിച്ചണുകളാണ്‌ ഇന്ന്‌ വീടുകളില്‍. കിച്ചണിലെ വര്‍ക്‌ ട്രയാംഗിള്‍ കൃത്യമായി ഫ്രിഡ്‌ജ്‌, വാഷ്‌ എരിയ, സിങ്ക്‌ എന്നിങ്ങനെ പാലിക്കാന്‍ ശ്രദ്ധിക്കാം. അത്യാവശ്യ സാധനങ്ങള്‍ മാത്രം കിച്ചണില്‍ ഉപയോഗിക്കാം. കിച്ചണിലെ കാബിനറ്റുകള്‍ക്കും മറ്റും ഇപോര്‍ട്ടഡ്‌ വുഡോ സ്‌റ്റെയിന്‍ലെസ്‌ സ്‌റ്റീലോ ഉപയോഗിക്കാന്‍ ശ്രദ്ധിക്കാം. കിച്ചണില്‍ തന്നെ രണ്ടു പേര്‍ക്കിരികാവുന്ന തരം ബ്രേക്ക്‌ ഫാസ്‌റ്റ്‌ കൗണ്ടറുകള്‍ നല്‍കുന്ന ട്രെന്‍ഡ്‌ ഇന്നുണ്ട്‌. ഇവ പുള്‍ ഔട്ട്‌ പാന്‍ട്രി ടേബിളായാല്‍ ആവശ്യത്തിന്‌ മാത്രം ഉപയോഗിച്ച്‌ സ്‌ഥലം ലാഭിക്കാന്‍ കഴിയുമെങ്കിലും
വീട്ടില്‍ കൂടുതന്‍ അംഗങ്ങളുണ്ടാവുമ്പോള്‍ അത്ര പ്രായോഗികമല്ല.









Tuesday, August 20, 2013

സൈപ്രസ്‌-, ചരിത്രത്തിലെ അമൂല്യ ഏടുകള്‍ സൂക്ഷിക്കുന്ന നഗരം.

 സൈപ്രസ്‌-
ചരിത്രത്തിലെ അമൂല്യ ഏടുകള്‍ സൂക്ഷിക്കുന്ന നഗരം.


മെഡിറ്ററേനിയനിലെ മൂന്നാമത്തെ വലിയ ദ്വീപായ യൂറോപ്യന്‍ രാജ്യമാണ്‌ സൈപ്രസ്‌. റിപ്പബ്ലിക്‌ ഓഫ്‌ സൈപ്രസ്‌ എന്ന ഔദ്യോഗിക നാമത്തിലാണ്‌ ഈ ദ്വീപുരാജ്യം അറിയപ്പെടുന്നത്‌. ബ്രിട്ടീഷ്‌ കോളനിയായിരുന്ന സൈപ്രസ്‌ 1960-ലാണ്‌ യുണൈറ്റഡ്‌ കിങ്‌ഡത്തില്‍നിന്നു സ്വാതന്ത്ര്യം നേടിയത്‌. പിന്നീട്‌ 1961-ല്‍ സൈപ്രസ്‌ ഒരു കോമണ്‍വെല്‍ത്ത്‌ റിപ്പബ്ലിക്കായി മാറി. ഒരു വികസിത രാജ്യമായ സൈപ്രസ്‌ 2004 മെയ്‌ 1 മുതല്‍ യൂറോപ്യന്‍ യൂണിയന്‍ അംഗവുമാണ്‌. വര്‍ഷംതോറും 29 ലക്ഷം ജനങ്ങളാണ്‌ സൈപ്രസിന്റെ ഭംഗി ആസ്വദിക്കാന്‍ ഇവിടെ എത്തിച്ചേരുന്നത്‌.
ഗ്രീക്കുപുരാണങ്ങളില്‍ സൈപ്രസിന്റെ ഉത്‌ഭവകഥ വിവരിക്കുന്നുണ്ട്‌. ക്രോനോസ്‌ എന്ന ദേവന്‍ പിതാവായ യുറാനസിന്റെ ജനനേന്ദ്രിയം ഛേദിച്ച്‌ സമുദ്രത്തിലെറിഞ്ഞപ്പോള്‍ മെഡിറ്ററേനിയന്‍ സമുദ്രം പതഞ്ഞുപൊങ്ങി ആ നുരകളില്‍നിന്നും അതീവ സുന്ദരിയായ അഫ്രോഡൈറ്റിസ്‌ എന്ന ദേവത ഉത്‌ഭവിച്ചു. ഗ്രീക്കുപുരാണപ്രകാരം സൗന്ദര്യത്തിന്റെയും സ്‌നേഹത്തിന്റെയും കാമത്തിന്റെയും ദേവതയാണ്‌ അഫ്രോഡൈറ്റിസ്‌. സമുദ്രത്തില്‍ നിന്നും ദേവത പാഫോസിലേക്ക്‌ കയറിവന്നു. തന്റെ കളിത്തൊട്ടിലായ സൈപ്രസിന്‌ അഫ്രോഡൈറ്റിസ്‌ എല്ലാം നല്‍കി ആരേയും വശീകരിക്കുന്ന പ്രകൃതിസൗന്ദര്യവും ഫലപുഷ്‌ടമായ മണ്ണ്‌, സുഖമുള്ള കാലാവസ്‌ഥ തുടങ്ങിയ എല്ലാം അഫ്രോഡൈറ്റിസ്‌ സൈപ്രസിന്‌ നല്‍കി അനുഗ്രഹിച്ചു.
അതില്‍ കൂടുതലും കിട്ടിയത്‌ സൈപ്രസിലെ മനോഹരമായ നഗരമായ പാഫോസിനാണ്‌. ചരിത്രത്തിലെ അമൂല്യ ഏടുകള്‍ സൂക്ഷിക്കുന്ന നഗരം.


1
ഗ്രീക്ക്‌ ചരിത്രത്തിലും, യവന പുരാണങ്ങളിലുമുള്ള പല സംഭവങ്ങള്‍ക്കും വേദിയായ നഗരമാണ്‌ പാഫോസ്‌. എന്നാല്‍ വിനോദസഞ്ചാരനഗരമായി ഖ്യാതിനേടിയിരിക്കുന്ന പാഫോസ്‌ ഒരുകാലത്ത്‌ സൈപ്രസ്‌ നഗരത്തിലെ ഒരു മത്‌സ്യബന്‌ധന ഗ്രാമമായിരുന്നു.

2
പാഫോസ്‌ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ സൈപ്രസിലെ രണ്ടാമത്തെ വലിയ എയര്‍പോര്‍ട്ടായി മാറിയതോടെ ഇവിടേക്കെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്‌. അതുകൊണ്ടുതന്നെ പാഫോസിന്റെ പ്രധാന വ്യവസായം ടൂറിസമാണ്‌.

3
പാഫോസ്‌ നഗരത്തിന്റെ പ്രധാന ആകര്‍ഷണം ദൈര്‍ഘ്യമേറിയ പ്രൊമനോഡുകളാണ്‌. അതായത്‌ ചെറിയ തരം ഉള്‍ക്കടല്‍. പാഫോസില്‍ സഞ്ചാരികളുടെ തിരക്ക്‌ ഏറ്റവും അധികം അനുഭവപ്പെടുന്നത്‌ ഈ പ്രൊമനേഡുകളിലാണ്‌. ഈ ഉള്‍ക്കടലിന്റെ തീരത്തുനിന്നാല്‍ പാഫോസ്‌ കോട്ടയുടെ മനോഹാരിത ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്കു സാധിക്കും.
ബൈസന്റൈന്‍ കാലത്ത്‌ പണികഴിപ്പിച്ച പഴയ മത്‌സ്യബന്‌ധന തുറമുഖമായിരുന്നു ഇവിടം.

4
ഈ തുറമുഖത്തെ പ്രധാന പരിപാടികളാണ്‌ ലഞ്ച്‌ ക്രൂസ്‌, ഗ്ലാസ്‌ബോട്ടം ക്രൂസ്‌, ആഴക്കടല്‍ മത്‌സ്യബന്‌ധനം തുടങ്ങിയവ. പ്രത്യേകതരം തീമിലുള്ള ക്രൂസുകള്‍ക്കാണ്‌ ഇവിടെയേറെ പ്രചാരം. പൈറേറ്റ്‌സ്‌ ഓഫ്‌ ദ കരീബിയന്‍ എന്ന ഹോളിവുഡ്‌ ചിത്രം പൂര്‍ത്തിറങ്ങിയതിനുശേഷമാണ്‌ ഇത്തരം തീം ക്രൂസുകള്‍ക്ക്‌ പ്രചാരമേറിയത്‌. ലഞ്ചും മ്യൂസിക്കും ഡാന്‍സും ഗെയിംസുമൊക്കെ ചേര്‍ന്ന രസകരമായ യാത്രയാണ്‌ ഈ ക്രൂസുകളുടെ പ്രത്യേകത.

5
പാഫോസ്‌ പോര്‍ട്ടിന്റെ സംരക്ഷണത്തിനുവേണ്ടി പണിതതാണ്‌ അവിടത്തെ കോട്ട. ചെറിയ കിടങ്ങുകടന്നുവേണം കോട്ടയുടെ മുകളിലെത്താന്‍. ബൈസന്റൈന്‍ ഭരണകാലത്ത്‌ തകര്‍ന്നുവീണ ഈ കോട്ട 13-ാം നൂറ്റാണ്ടില്‍ ലൂസിത്തൈന്‍മാരാണ്‌ പുതുക്കിപ്പണിതത്‌. എന്നാല്‍ സൈപ്രസ്‌ നഗരത്തെ വെനീസ്‌ അധീനതയിലാക്കിയപ്പോള്‍ ഈ കോട്ട നശിപ്പിച്ചു. പിന്നീട്‌ ഓട്ടോമന്‍ തുര്‍ക്കികളാണ്‌ ഈ കോട്ട വീണ്ടും പണിതത്‌. അങ്ങനെ ചരിത്രമേറെയുള്ള കോട്ടയാണ്‌ ഈ പാഫോസ്‌ കോട്ട.

6
പാഫോസ്‌ കോട്ട നിര്‍മ്മിച്ചിരിക്കുന്നത്‌ ലൈം സ്‌റ്റോണ്‍ ഉപയോഗിച്ചാണ്‌. ഓട്ടോമന്‍ തുര്‍ക്കികള്‍ പുതുക്കിപണിത ഈ കോട്ട പിന്നീട്‌ സൈനിക വിഭാഗത്തിന്റെ താവളമായീത്തീര്‍ന്നു. ഈ കോട്ടയുടെ താഴത്തെ നില കുറ്റവാളികളെയും രാഷ്‌ട്രീയത്തടവുക്കാരെയും പാര്‍പ്പിക്കുന്ന കരാഗൃഹമായാണ്‌ ഉപയോഗിച്ചിരുന്നത്‌.

7
1878 ല്‍ ആണ്‌ ഓട്ടോമന്‍ തുര്‍ക്കികള്‍ സൈപ്രസ്‌ ദ്വീപ്‌ ബ്രിട്ടന്‍ കൈമാറിയത്‌. അക്കാലത്ത്‌ അവര്‍ സൈപ്രസില്‍നിന്നും ബ്രിട്ടനിലേക്ക്‌ ഉപ്പ്‌ കയറ്റി അയച്ചിരുന്നു. അതുകൊണ്ട്‌ സംഭരിച്ചുവയ്‌ക്കുവാനുള്ള ഇടമായി ഈ കോട്ടയെ ബ്രിട്ടീഷുകാര്‍ ഉപയോഗപ്പെടുത്തിയിരുന്നു.
8
പാഫോസ്‌ തുറമുഖത്തെയും നഗരഭാഗങ്ങളെയും കടലിലൂടെ വരുന്ന ശത്രുക്കളില്‍ നിന്നു രക്ഷിക്കുകയായിരുന്നു ഈ കോട്ടയുടെ ദൗത്യം. അതിനുവേണ്ടി ഈ കോട്ടയുടെ മുകള്‍ഭാഗം പീരങ്കിപടകള്‍ നിരന്നുനിന്നിരുന്നു ഒരുകാലത്ത്‌. ഓരോ ദിശയിലേക്കും തുറക്കുന്ന കിളിവാതിലുകളിലൂടെ പന്ത്രണ്ട്‌ പീരങ്കികളാണ്‌ ഈ കോട്ടമുകളില്‍ നിരന്നുനിന്നിരുന്നത്‌. ഈ കോട്ടയുടെ മുകളില്‍നിന്നാല്‍ മനോഹരമായ പാഫോസ്‌ നഗരം കാണുവാന്‍ സാധിക്കും. ഉള്‍ക്കടല്‍തീരത്തുനിന്നു തുടങ്ങി മലഞ്ചെരിവിലെ കൃഷിയിടങ്ങള്‍ വരെ വ്യാപിച്ചുകിടക്കുന്ന പാഫോസ്‌ നഗരവും പ്രൊമനേഡും അവിടുത്തെ ആള്‍ത്തിരക്കുമെല്ലാം ഈ കോട്ടമുകളില്‍ നിന്ന്‌ കാണാവുന്ന മനോഹരദൃശ്യങ്ങളാണ്‌.

9
പാഫോസ്‌ കോട്ടയുടെ മുകളില്‍ ചെറിയൊരു കെട്ടിടം ഉണ്ട ഈ കെട്ടിടം ഓട്ടോമന്‍ തുര്‍ക്കികളുടെ കാലത്ത്‌ കോട്ടയിലെ മോസ്‌ക്‌ ആയിരുന്നു. അക്കാലത്തുതന്നെയാണ്‌ പാഫോസ്‌ കോട്ട പൂര്‍ണ്ണമായും അതിന്റെ സൈനിക ധര്‍മ്മം നിര്‍വഹിച്ചത്‌. 13-ാം നൂറ്റാണ്ടില്‍ ലൂസിതൈന്‍മാര്‍ ഈ കോട്ടയില്‍ ചില കൂട്ടിച്ചേര്‍ക്കലുകളൊക്കെ നടത്തിയിരുന്നെങ്കിലും ശക്‌തമായൊരു കാവല്‍സേന അവര്‍ക്കുണ്ടായിരുന്നില്ല. പിന്നീടുവന്ന വെനീഷ്യന്‍മാര്‍ക്കാകട്ടെ ഈ കോട്ടയുടെ കാര്യത്തില്‍ ഒട്ടും താത്‌പര്യമുണ്ടായിരുന്നില്ല. ഈ കോട്ടയുടെ പലഭാഗങ്ങളും പൊളിച്ചുകളയുകയാണ്‌ അവര്‍ ചെയ്‌തത്‌.
പാഫോസ്‌ കോട്ട ഇന്നൊരു ടൂറിസ്‌റ്റ്‌ കേന്ദ്രമാണ്‌. പലഭാഗങ്ങളായി വിടര്‍ന്നുകിടക്കുന്ന വലിയൊരു നിര്‍മ്മിതിയാണിത്‌. നിലവറകളും നിഗൂഢമായ ഇരുള്‍വഴികളും തുരങ്കങ്ങളുമൊക്കെയുണ്ട്‌ ഈ കോട്ടയില്‍. ചരിത്രശേഷിപ്പുകാണുവാനെത്തുന്നവര്‍ക്ക്‌ എന്നും ഒരു ഹരമാണ്‌ പാഫോസ്‌ കോട്ട.

10
പാഫോസ്‌ നഗരത്തിലെ മറ്റൊരു പ്രധാന ടൂറിസ്‌റ്റു കേന്ദ്രമാണ്‌ ആര്‍ക്കിയോളജിക്കല്‍ സൈറ്റ്‌. ഇതൊരു വേള്‍ഡ്‌ ഹെറിറ്റേജ്‌ സൈറ്റാണ്‌. ചരിത്രാതീതകാലം മുതല്‍ മധ്യകാലംവരെയുള്ള ജീവിതശേഷിപ്പുകള്‍ ഇവിടെയുണ്ട്‌. സൈപ്രസ്‌ റോമാക്കാരുടെ കീഴിലായിരുന്ന കാലത്തേതാണ്‌ കൂടുതലും. മലഞ്ചെരുവിലെ ശ്‌മശാന ഘട്ടങ്ങളിലൊന്നാണിത്‌.
ഉത്‌ഖനന പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നടക്കുന്ന പ്രദേശമാണിത്‌. നിരവധി ടോംബുകള്‍ ഈ ആര്‍ക്കിയോളജിക്കല്‍ സൈറ്റില്‍ കണ്ടെത്തിയിട്ടുണ്ട്‌.

11
ഹൗസ്‌ ഓഫ്‌ ഡയണീസസ്‌ ആണ്‌ ഇവിടെ കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിയ നിര്‍മ്മിതി. 1600 വര്‍ഷം മുന്‍പ്‌ ഇവിടെ ഉണ്ടായിരുന്ന കൊട്ടാരസമാനമായ ഭവനമാണ്‌ ഹൗസ്‌ ഓഫ്‌ ഡയണീസസ്‌. അപൂര്‍വമായ മൊസൈക്ക്‌ വര്‍ക്കുകളാണ്‌ ഇതിന്റെ പ്രത്യേകത. ഇവിടെനിന്നു കണ്ടെത്തിയ അപൂര്‍വമായ ഈ മൊസൈക്കുകള്‍ സംരക്ഷിക്കാന്‍ വലിയൊരു ഷല്‍ട്ടര്‍ ഇവിടെ പണിതിട്ടുണ്ട്‌. യവനപുരാണത്തിലെ ദേവന്‍മാരുടെ ചിത്രങ്ങളാണ്‌ ഈ മൊസൈക്കുകളില്‍ പതിച്ചിരിക്കുന്നത്‌. 40 മുറികളുള്ള ഒരു കൂറ്റന്‍ ഭവനമാണിത്‌. അക്കാലത്തെ ഒരു പ്രമാണിയുടെ വീടാണിതെന്ന്‌ ചരിത്രകാരന്‍മാര്‍ വെളിപ്പെടുത്തുന്നു. കുറ്റിക്കാടുകള്‍ നിറഞ്ഞ ഈ പ്രദേശം 1962-ല്‍ കൃഷിക്ക്‌ ഒരുക്കാനായി കിളച്ചപ്പോഴാണ്‌ ആയിരക്കണക്കിന്‌ വര്‍ഷം പഴക്കമുള്ള ചരിത്രാവശിഷ്‌ടങ്ങള്‍ ഇവിടെനിന്നും കണ്ടെത്തിയത്‌. പിന്നീട്‌ നടത്തിയ ഉത്‌ഖനനപ്രവര്‍ത്തനങ്ങളിലൂടെ നാലുലക്ഷത്തിലധികം മൊസൈക്ക്‌ തറകള്‍ ഇവിടെനിന്നും കണ്ടെടുത്തു.

12
ടൂറിസ്‌റ്റുകളുടെ വലിയൊരു ആകര്‍ഷണകേന്ദ്രമായ ഈ ആര്‍ക്കിയോളജിക്കല്‍ സൈറ്റില്‍ മൂന്നാം നൂറ്റാണ്ടിലെ റോമന്‍ ജീവിതത്തിന്റെ സൗന്ദര്യവും വ്യക്‌തമാക്കുന്നുണ്ട്‌. അക്കാലത്ത്‌ സമ്പന്നഭവനങ്ങളുടെ ഓരോ മുറിയും ഇത്തരം മൊസൈക്ക്‌ വര്‍ക്കുകളാല്‍ അലങ്കരിക്കപ്പെട്ടിരുന്നു. ആര്‍ക്കിയോളജിക്കകല്‍ സൈറ്റില്‍നിന്നാല്‍ ദൂരെയുള്ള ലൈറ്റ്‌ ഹൗസ്‌ ദൃശ്യമാകും. 18, 19 നൂറ്റാണ്ടുകളിലൊക്കെ മെഡിറ്ററേനിയനിലൂടെ നീങ്ങിയിരുന്ന കപ്പലുകള്‍ക്ക്‌ വഴികാട്ടി ആയിരുന്ന ലൈറ്റ്‌ ഹൗസാണിത്‌. ഇന്നു പക്ഷേ ഇത്‌ ടൂറിസ്‌റ്റുകളുടെ ഒരാകര്‍ഷണം മാത്രമാണ്‌.

13

പാഫോസ്‌ നഗരത്തിലെ മറ്റൊരു പ്രധാന �ആകര്‍ഷണമാണ്‌ റോമന്‍ ആംഫി തീയറ്റര്‍ ഓഡിയോണ്‍ എന്ന പേരിലാണ്‌ ഈ ആംഫി തീയറ്റര്‍ അറിയപ്പെടുന്നത്‌. ഒരു കുന്നിന്‍ ചെരുവിലാണ്‌ ഈ ഓഡിയോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്‌. എ.ഡി. രണ്ടാം നൂറ്റാണ്ടിലാണ്‌ ഈ ആംഫി തീയറ്റര്‍ നിര്‍മ്മിച്ചത്‌. വലിയ ലൈംസ്‌റ്റോണ്‍ ബ്ലോക്കുകള്‍കൊണ്ടാണ്‌ ഓഡിയോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്‌. അക്കാലത്ത്‌ സംഗീതപരിപാടികള്‍ മുതല്‍ ഗ്ലാഡിയേറ്റര്‍മാരുടെ ഏറ്റുമുട്ടല്‍വരെ ഈ തിയറ്ററില്‍ നടന്നിരുന്നു. ഇവിടെ സായാഹ്‌ന്നങ്ങളില്‍ ടൂറിസ്‌റ്റുകള്‍ക്കുവേണ്ടിയുള്ള കലാപരിപാടികളാണ്‌ ഇന്ന്‌ നടക്കുന്നത്‌. പുരാതന പാഫോസിന്റെ കേന്ദ്രബിന്ദുവാണ്‌ ഈ ആംഫി തീയറ്റര്‍.

14
ആംഫി തീയറ്ററിനു അടുത്തുതന്നെയാണ്‌ പുരാതന പാഫോസ്‌ നഗരത്തിലെ മാര്‍ക്കറ്റ്‌ സ്‌ഥിതിചെയ്യുന്നത്‌. അഗോറ എന്ന പേരിലറിയപ്പെടുന്ന ഈ സ്‌ഥലം എ.ഡി. മൂന്നാം നൂറ്റാണ്ടിലാണ്‌ പ്രവര്‍ത്തനം ആരംഭിച്ചത്‌. ഉരുളന്‍ തൂണുകളോടുകൂടിയ നീളന്‍ പോര്‍ട്ടിക്കോയാണ്‌ ഇവിടെ ഉണ്ടായിരുന്നത്‌. ഏഴാം നൂറ്റാണ്ടിലുണ്ടായ ശക്‌തമായ ഭൂകമ്പത്തില്‍ അഗോറയിലെ പോര്‍ട്ടിക്കോകളെല്ലാം നിലംപൊത്തി എന്നാണ്‌ ചരിത്രഗവേഷകര്‍ പറയുന്നത്‌.

15

പുരാതന പാഫോസില്‍ ഏറ്റവും അധികം മൊസൈക്ക്‌ ചിത്രങ്ങളുണ്ടായിരുന്ന കെട്ടിടമാണ്‌ ഹൗസ്‌ ഓഫ്‌ തെസിയൂസ്‌. ഏഴാം നൂറ്റാണ്ടിന്റെ പ്രാരംഭകാലം വരെ സൈപ്രസിലെ റോമന്‍ ഗവര്‍ണറുടെ കൊട്ടാരമായിരുന്നു ഇത്‌. വാര്‍സോ യൂണിവേഴ്‌സിറ്റിയിലെ പോളീഷ്‌ ആര്‍ക്കിയോളജിക്കല്‍ മിഷനണ്‌ ഹൗസ്‌ ഓഫ്‌ തെസിയൂസ്‌ ഉത്‌ഖനനം ചെയ്‌തെടുത്തത്‌. ഒരുപാട്‌ മുറികളുണ്ടായിരുന്ന ഈ ഗവര്‍ണറുടെ കൊട്ടാരത്തില്‍ എല്ലാമുറികളുടെയും തറ മൊസൈക്ക്‌ ചിത്രങ്ങളാല്‍ അലംകൃതമായിരുന്നു. സ്വീകരണമുറി, ഓഫീസ്‌ മുറികള്‍, സഭാഹാള്‍, വിശ്രമമുറികള്‍, ഭോജനശാലകള്‍ എന്നിവയൊക്കെ ഈ കൊട്ടാരത്തിന്റെ ഭാഗമായിരുന്ന അക്കാലത്തെ റോമന്‍ ഗവര്‍ണറുടെ പൗഢിയും സമ്പത്തുമൊക്കെ ഇതില്‍നിന്നു കണ്ടറിയാം.
ഹൗസ്‌ ഓഫ്‌ തെസിയൂസിലെ ഏറ്റവും പ്രശസ്‌തമായ മൊസൈക്ക്‌ വര്‍ക്കാണ്‌ ഗ്രീക്ക്‌ ദേവനായ തെസിയൂസ്‌ ദുര്‍ദേവതയായ മിനോട്ടൊറിനെ വധിക്കുന്ന ചിത്രം. മൊസൈക്ക്‌ തറകള്‍ വയക്‌തമായി കാണാവുന്നവിധം പലയിടത്തും പ്ലാറ്റ്‌ഫോമുകള്‍ പണിതുവച്ചിട്ടുണ്ട്‌. ആയിരത്തിയറുനൂറ്‌ വര്‍ഷം മുന്‍പ്‌ വളരെ ശാസ്‌ത്രീയമായിത്തന്നെയായിരുന്നു ഈ കെട്ടിടത്തിന്റെ രൂപകല്‌പന. ശുദ്ധജലമെതിക്കുവാനുള്ള കല്‍ക്കുഴലുകളും കൃത്യമായ അഴുക്കുചാല്‍ ശൃംഖലയും ഇവിടെയുണ്ടായിരുന്നു. ഏഴാം നൂറ്റാണ്ടിലുണ്ടായ ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞുവീണ ഈ കൊട്ടാരത്തിന്റെ ശേഷിപ്പുകളിന്നും ആര്‍ക്കിയോളജിക്കല്‍ സൈറ്റില്‍ ഒരു ചരിത്രശേഷിപ്പായി നിലനില്‍ക്കുന്നുണ്ട്‌.

16
പാഫോസ്‌ നഗരത്തിലെ മറ്റൊരു ചരിത്രകാഴ്‌ചയാണ്‌ ടോംബ്‌സ്‌ ഓഫ്‌ ദ കിംഗ്‌സ്‌. പഴയകാല രാജാക്കന്മാരെ സംസ്‌കരിച്ചിരുന്ന സ്‌ഥലമാണിത്‌ കടല്‍ത്തീരത്താണിത്‌ സ്‌ഥിതിചെയ്യുന്നത്‌. പാറയില്‍ കൊത്തിയെടുത്ത ഗുഹകളിലായിരുന്നു പണ്ട്‌ രാജാക്കന്മാരെ സംസ്‌കരിച്ചിരുന്നത്‌. പ്രാചീന ഗ്രീക്ക്‌ - റോമന്‍ മാതൃകയിലാണ്‌ ഈ ശവക്കല്ലറകള്‍. ടോംബിലേക്ക്‌ പ്രവേശിക്കാന്‍ ഇരുഭാഗത്തുനിന്നും കവാടങ്ങളുണ്ട്‌. ശരാശരി ഉയരക്കാരന്‌ കുനിഞ്ഞുകടക്കാവുന്നതാണ്‌ ഈ ഗുഹാകവാടം. ഗുഹയ്‌ക്ക്‌ അകത്തായി ഒരു ചെറിയ ഹാളുണ്ട്‌. അതിന്റെ ഭിത്തിയിലാണ്‌ വെട്ടിയൊരുക്കിയ ശവക്കല്ലറകള്‍. നിരവധി ശവക്കല്ലറകളുടെ ഒരു കോംപ്ലക്‌സാണ്‌ ഇവിടെയുള്ള ഓരോ ടോംബും. ചില കുടീരങ്ങള്‍ക്കുമേലെ കൊത്തുപണികളൊക്കെയുണ്ട്‌. യക്ഷിക്കഥകളെ ഓര്‍മ്മിപ്പിക്കുന്ന ഈ ഗുഹയില്‍ പല നിലകളിലായി ആണ്‌ മൃതദേഹങ്ങള്‍ സംസ്‌കരിച്ചിരുന്നത്‌. ബി.സി. 3, 4 നൂറ്റാണ്ടുകളില്‍ സൈപ്രസിലുണ്ടായിരുന്ന പ്രഭുക്കന്മാരെയും പൗരപ്രമുഖരെയുമാണ്‌ ഈ ഗുഹകളില്‍ സംസ്‌കരിച്ചതെന്നാണ്‌ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്‌. ഈ കല്ലറകളില്‍നിന്ന്‌ വലിയ തോതില്‍ മൃതദേഹാവശിഷ്‌ടങ്ങളോ മറ്റു വസ്‌തുക്കളോ കണ്ടെത്താന്‍ ഗവേഷകര്‍ക്ക്‌ കഴിഞ്ഞിട്ടില്ല. നൂറ്റാണ്ടുകള്‍ക്കു മുന്‍പുതന്നെ ശവക്കല്ലറകളെല്ലാം കൊള്ളയടിക്കപ്പെട്ടുപോയതാണ്‌ അതിനു കാരണം. 1970 കളിലാണ്‌ ഇവിടം ഒരു സംരക്ഷിത പ്രദേശമാക്കിയുള്ള ഗവേഷണങ്ങള്‍ തുടങ്ങിയത്‌.
ശവ ക്കല്ലറകളില്‍ മൃതദേഹത്തോടൊപ്പം അമൂല്യവസ്‌തുക്കളും വെച്ചിരുന്ന അതുകൊണ്ടാണ്‌ ഈ കല്ലറകള്‍ കൊള്ളയടിക്കപ്പെട്ടത്‌. ക്രിസ്‌തുമതത്തിന്‍െറ ആരംഭത്തില്‍ പാഫോസിലെ ക്രിസ്‌ത്യാനികള്‍ ഇവിടെ ആരാധനാസ്‌ഥലമായി ഉപയോഗിച്ചിരുന്നു. മൃതദേഹാവശിഷ്‌ടങ്ങളെല്ലാം നീക്കം ചെയ്യപ്പെട്ടത്‌ അക്കാലത്താണ്‌. നിര്‍മ്മാണത്തിലെ ആഢംബരത്വവും മനോഹാരിതയും കൊണ്ടാണ്‌ രാജാക്കന്മാരുടെ കുടീരങ്ങള്‍ എന്ന പേര്‌ ഈ ടോംബിന്‌ ലഭിച്ചത്‌. ഒരു ക്ഷേത്രത്തെപ്പോലെ പ്രൗഢമാക്കിയിരുന്നു ഓരോ ടോംബും. ഉരുളന്‍ തൂണുകളും കൊത്തുപണികളോടുകുടിയ സ്‌മാരകശിലകളും ഈ കല്ലറയിലുണ്ടായിരുന്ന
നടുമുറ്റത്തുവച്ച്‌ അന്ത്യകര്‍മ്മങ്ങള്‍ നടത്തിയശേഷം ആണ്‌ മൃതദേഹങ്ങള്‍ ഉള്ളിലേക്കു കൊണ്ടുപോകുന്നത്‌. ഗുഹയുടെ ചുമരില്‍ കൊത്തിയുണ്ടാക്കിയ പൊത്തുകളിലാണ്‌ ഇവ അടക്കം ചെയ്യുന്നത്‌. എന്നാല്‍ പൊത്തിന്റെ കവാടം വലിയ കല്‍പാളികൊണ്ട്‌ ഭദ്രമായി അടയ്‌ക്കുന്നു. മധ്യകാലത്ത്‌ ഈ ടോംബുകള്‍ പാഫോസിലെ പൊതുപണിശാലയായി മാറിയിരുന്നു. അക്കാലത്ത്‌ കുശവന്‍മാര്‍ മണ്‍പാത്രനിര്‍മ്മാണം നടത്തിയിരുന്ന ഇടമായിരുന്നു ഇത്‌. വലിയ മണ്‍പാത്ര ചൂളയുടെയും ചുട്ടെടുത്ത പാത്രങ്ങളുടെയും അവശിഷ്‌ടങ്ങള്‍ ഗവേഷകര്‍ ഇവിടെ കണ്ടെത്തിയിരുന്നു.




























Saturday, August 17, 2013

വില്ല പണിയുമ്പോഴും വാങ്ങുമ്പോഴും.



വില്ല പണിയുമ്പോഴും വാങ്ങുമ്പോഴും.



താമസിക്കാന്‍ ഒരിടം എന്നത്‌ ഫ്‌ളാറ്റുകളിലേക്കും ശേഷം വില്ലകളിലേക്കും ചേക്കേറിയിരിക്കുന്നു നാട്ടില്‍. എല്ലാ വിധ ആധുനികസൗകര്യങ്ങളും നല്‍കുന്ന �റെഡി ഫോര്‍ ഒക്കുപ്പൈ�വില്ലകള്‍ കൊച്ചി, കോഴിക്കോട്‌, തിരുവനന്തപുരം തുടങ്ങി പ്രധാനനഗരങ്ങളിലും ഗുരുവായൂര്‍, തൃപ്പൂണിത്തുറ തുടങ്ങി താരതമ്യേന ചെറിയ പ്രദേശങ്ങളിലും കൂടുതലായി രംഗപ്രവേശം ചെയ്‌തു കഴിഞ്ഞിരിക്കുന്നു.


വില്ലകള്‍ തെരഞ്ഞെടുക്കുമ്പോള്‍താമസിക്കാനായി ഒരു വില്ല തെരഞ്ഞെടുക്കുമ്പോള്‍ സ്വാഭാവികമായും ഓരോരുത്തരുടേയും വ്യക്‌തിപരമായ ഇഷ്‌ടാനിഷ്‌ടങ്ങള്‍ പ്രതിഫലിക്കും. അവരവരുടെ സാമൂഹ്യപരമായ ചുറ്റുപാടുകള്‍, വ്യക്‌തി ബന്ധങ്ങള്‍ തുടങ്ങിയവയൊക്കെ കണക്കിലെടുത്തു കൊണ്ടുള്ള ഒരു സെലക്ഷനാണ്‌ സാധാരണഗതിയില്‍ കണ്ടു വരാറ്‌. ആദ്യകാലങ്ങളില്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റും മുന്‍തൂക്കം നല്‍കിയാണ്‌ വില്ലകള്‍ തെരഞ്ഞെടുത്തിരുന്നതെങ്കിലും ഇന്നത്തെ രീതി യാത്രാസൗകര്യവും ജോലി കഴിഞ്ഞ്‌ അര്‍ധരാത്രിയിലെ താമസസ്‌ഥലത്തേക്കുള്ള പോക്കുവരവുകള്‍ കൂടി കണക്കിലെടുത്താണ്‌. മുന്‍തലമുറ 55 വയസില്‍, റിട്ടയര്‍മെന്റിനു ശേഷം മാത്രമേ വീടിനെക്കുറിച്ച്‌ ചിന്തിച്ചിരുന്നുള്ളൂവെങ്കില്‍, കാലക്രമേണ അത്‌ 45 വര്‍ഷമായി. എന്നാല്‍ ഇന്നത്തെ രീതിയനുസരിച്ച്‌ വീട്‌ വയ്‌ക്കാനുള്ള ശരാശരി പ്രായം 35 വയസായി. റെഡി ടു ഒക്കുപ്പൈ വില്ലകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രധാനമായും അവരുടെ കമ്യൂണിറ്റി, സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിങ്ങനെയുള്ള ഘടകങ്ങള്‍ക്കു കൂടി പ്രാധാന്യം നല്‍കിവരുന്നു. പഴയതു പോലെ കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചും മറ്റും അധികം ചിന്തിക്കേണ്ടി വരുന്നില്ല. ആരാധനാലയങ്ങളിലേക്കു പോവാനുള്ള സൗകര്യവും മറ്റും ഇന്ന്‌ വില്ല തെരഞ്ഞെടുക്കുന്നതില്‍ പ്രധാന പരിഗണനയായി വരുന്നുണ്ട്‌. ഇത്രയും കാര്യങ്ങള്‍ ആലോചിച്ച്‌ തീരുമാനിച്ചുറപ്പിച്ചതിനു ശേഷമാണ്‌ പ്ലോട്ട്‌ തെരഞ്ഞെടുക്കുന്നത്‌.


ലോക്കേഷന്‍ പ്രധാനംവില്ലകള്‍ വാങ്ങുമ്പോള്‍ അവ സ്‌ഥിതി ചെയ്യുന്ന ലൊക്കേഷനും ഏറെ പ്രാധാന്യമുണ്ട്‌. പ്രധാന സ്‌ട്രീറ്റില്‍ നിന്നും അല്‍പം അകന്ന്‌ സ്‌ഥിതി ചെയ്യുന്ന സ്‌ഥലത്തെ വില്ലകള്‍ തെരഞ്ഞെടുക്കുന്നതാണ്‌ ഉത്തമം. ഉദാഹരണത്തിന്‌ ഒരു കോര്‍ണര്‍ പ്ലോട്ടാണെങ്കില്‍ രണ്ടുവശത്തും റോഡിനായുള്ള സ്‌ഥലം നഷ്‌ടപ്പെടുന്നത്‌ സ്വാഭാവികം. ഇത്‌ തിരക്കുള്ള ഒരു തെരുവിലായി വരികയാണെകില്‍ ഭംഗിയും മറ്റും കുറയും. വില്ലകള്‍ക്ക്‌ ഒരു ഇടുങ്ങിയ പ്രതീതിയായിരിക്കുകയും ചെയ്യും. കൂടാതെ തെരുവിലെ വണ്ടികളുടേയും മറ്റും ശബ്‌ദവും പ്രശ്‌നമാണ്‌. അതിനാല്‍ വില്ല സ്‌ഥിതി ചെയ്യുന്ന ലൊക്കേഷന്‌ ഏറെ പ്രാധാന്യമുണ്ടെന്നു വേണം മനസിലാക്കാന്‍.
വാസ്‌തു നോക്കി വില്ലകള്‍ പണിയുന്നവരാണ്‌ ഏതാണ്ട്‌ മുക്കാല്‍ പങ്കും. കാറ്റിന്റെ ഗതി, വെന്റിലേഷന്‍ എന്നിവയെല്ലാം വാസ്‌തു നോക്കുന്നതു കൊണ്ടുണ്ടാവുന്ന ഗുണങ്ങളാണ്‌. മുറികളുടെ അളവ്‌, കെട്ടിടത്തിന്റെ മൊത്തത്തിലുള്ള നിര്‍മാണരീതി, ഉയരം, മേല്‍ക്കൂര പണിയാനുപയോഗിച്ച മെറ്റീരിയലുകള്‍ എന്നിവയെല്ലാം വാസ്‌തു എന്ന ബില്‍ഡിങ്‌ റൂളില്‍ ശ്രദ്ധിച്ചു വരുന്നുണ്ട്‌.


സ്വകാര്യതയ്‌ക്കു മുന്‍തൂക്കംകുടുംബത്തിലും കുടുംബബന്ധങ്ങളിലും വന്ന മാറ്റമനുസരിച്ച്‌ വില്ലകളുടെ നിര്‍മാണരീതിയിലും മാറ്റങ്ങള്‍ ഏറെ വന്നിട്ടുണ്ട്‌. വില്ലകളില്‍ നടുമുറ്റമുണ്ടെങ്കില്‍ അവിടത്തേക്ക്‌ തുറക്കുന്ന ജനലുകളെല്ലാം സ്വകാര്യതയ്‌ക്കു വേണ്ടി ഇപ്പോള്‍ ഇല്ലാതെയായതായി കാണാം. ബഡ്‌ജറ്റിലെ ഏറ്റക്കുറച്ചിലും ഇവിടെ പ്രതിഫലിക്കുന്നുണ്ട്‌. എങ്കിലും സര്‍വസാധാരണമായി വില്ലകള്‍ക്കായി 30 മുതല്‍ 35 ലക്ഷം രൂപ വരെ മുടക്കുന്നതാണ്‌ കണ്ടുവരുന്നത്‌. അഞ്ച്‌ മുതല്‍ ഏഴ്‌ സെന്റ്‌ വരെയുള്ള പ്‌ളോട്ടില്‍ ചെയ്‌ത വില്ലകള്‍ക്കാണ്‌ സാധാരണക്കാര്‍ക്കിടയില്‍ ഡിമാന്റ്‌. സൗകര്യം തന്നെ പ്രധാനം. വില്ലയുടെ ഫിനിഷിങ്ങിലൊന്നും ആരും ഒരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറാവാറില്ല. കഴിയുമെങ്കില്‍ വില്ല പണിതതിനു ശേഷം ഒരു അഞ്ചു വര്‍ഷത്തേക്കെങ്കിലും മെയിന്റനന്‍സ്‌ ഫ്രീ ആവണമെന്നാണ്‌ വീട്ടുകാരും ആഗ്രഹിക്കുന്നത്‌. വില്ല പണിയുമ്പോള്‍ തന്നെ അവ വിറ്റു പോവാനുള്ള ആര്‍കിടെക്‌ചര്‍ രീതികളും പ്രയോഗിച്ചു വരുന്നുണ്ട്‌.
ഒരേ ഡിസൈനില്‍ ഒരു പാറ്റേണായി വരുന്നതാണ്‌ വില്ലകളെങ്കിലും അവ കഴിയുന്നതു പോലെ വ്യത്യസ്‌തമാക്കാനും ഡിസൈനര്‍മാര്‍ ശ്രദ്ധിക്കാറുണ്ട്‌. രണ്ടു വില്ലകള്‍ക്കിടയില്‍ മരങ്ങള്‍ വളര്‍ത്തിയും ബെഡ്‌റൂമുകളുടെ പൊസിഷന്‍ മാറ്റിയും ഇത്‌ സാധ്യമാക്കുന്നു. വീടിരിക്കുന്ന ഭൂമിയുടെ വില, മുഴുവന്‍ ബജറ്റിന്റേയും 30 ശതമാനത്തിനുള്ളില്‍ നിര്‍ത്താന്‍ കഴിയണം.


വില്ല വ്യത്യസ്‌തമാക്കാം
സാധാരണഗതിയില്‍ വീട്ടുകാര്‍ സ്‌ഥിരമായി വില്ലകളില്‍ ഉണ്ടാവണമെന്ന്‌ കൊതിക്കാറുള്ള പ്രധാനആവശ്യങ്ങളിലൊന്നാണ്‌ താഴത്തെ നിലയില്‍ ഒരു ബെഡ്‌റൂമും അതിനടുത്തായി ഒരു സ്‌റ്റഡി റൂമും എന്നുള്ളത്‌. എല്ലാം ബെഡ്‌റൂമിനും അറ്റാച്ച്‌ഡ്‌ ബാത്‌റൂം ഇഷ്‌ടപ്പെടുന്നതു പോലെ ഒരു കോമണ്‍ ബാത്‌റൂം വേറെയും ഇഷ്‌ടപ്പെടുന്നവരുണ്ട്‌. കിച്ചണ്‍, പാന്‍ട്രി, സ്‌റ്റോര്‍ എന്നിവയില്‍ ഏറ്റക്കുറച്ചില്‍ വരാമെങ്കിലും വര്‍ക്ക്‌ ഏരിയക്ക്‌ സ്‌ഥാനഭ്രംശം വന്ന്‌ പാന്‍ട്രി ആ സ്‌ഥാനം കൈയേറുന്നത്‌ കണ്ടു വരാറുണ്ട്‌. കൂടാതെ ഇവിടെ പാന്‍ട്രിയ്‌ക്ക്‌ ഒരു എക്‌സ്‌റ്റന്‍ഷന്‍ എന്ന പോലെ മോഡേണ്‍ രീതിയില്‍ രണ്ടോ മൂന്നോ പേര്‍ക്കിരുന്ന്‌ ഭക്ഷണം കഴിക്കാന്‍ പാകത്തില്‍ ഒരു കൊച്ചു ബ്രേക്ക്‌ ഫാസ്‌റ്റ്‌ ടേബിള്‍ വരുന്നതും കാണാറുണ്ട്‌. വീട്ടുകാര്‍ രണ്ടുപേരും ജോലിക്ക്‌ പോവുമ്പോള്‍ ഇത്‌ ഏറെ ഉപകാരപ്രദവുമായിരിക്കും. ഒരു പ്രധാന ലിവിങ്ങും മുകള്‍ നിലയില്‍ ഒരു ഫാമിലി ലിവിങ്ങും ഏതാണ്ട്‌ എല്ലാ വില്ലയിലും സാധാരണയായി കണ്ടുവരാറുണ്ട്‌.
പെയിന്റിങിന്റെയും ഫിനിഷിങ്ങിന്റേയും കാര്യത്തില്‍ ഒരു കുറവും വരുത്താറില്ല. വിട്രിഫൈഡ്‌ ടൈലുകളാണ്‌ കൂടുതലായും ഉപയോഗിക്കാറ്‌. സാധാരണയായി ഒറ്റ നിലയിലെ ചെറിയ തരം വില്ലകളാണെങ്കില്‍ അധികം സമയമെടുക്കില്ല. 1500 സ്‌ക്വയര്‍ ഫീറ്റ്‌ നിലയാണെങ്കില്‍ ആറു മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാവും. രണ്ടു നിലയാണെങ്കില്‍, (2500 സ്‌ക്വയര്‍ ഫീറ്റ്‌) ഏതാണ്ട്‌ ഒന്‍പത്‌ മാസം മുതല്‍ ഒരു വര്‍ഷം വരെയെടുക്കും സമയം. വളരെ വലുതായി ചെയ്യുന്നതിനേക്കാളും ലളിതമായി, അധികം മെയിന്റനന്‍സ്‌ ഇല്ലാതെ ചെയ്‌ത വില്ലകളാണ്‌ പ്രധാനമായും ആളുകള്‍ ഇഷ്‌ടപ്പെടുന്നത്‌. ഇതിനൊപ്പം അനാവശ്യമായ സ്‌പേസും കുറക്കുന്നു. കൂടാതെ കിടപ്പുമുറിയില്‍ ടി വിയും കൂടാതെ പ്രത്യേക ഹോം തീയേറ്റര്‍ സിസ്‌റ്റവുമൊക്കെ വയ്‌ക്കുന്നവരുമുണ്ട്‌. .



Tuesday, August 13, 2013

ബ്രൂണെ- കാംപോങ്‌ അയര്‍, ഒരു വിചിത്രലോകം

 ബ്രൂണെ- കാംപോങ്‌ അയര്‍അത്‌ഭുതപ്പെടുത്തുന്ന ഒരു വിചിത്രലോകം




1


ബ്രൂണെ എന്ന രാജ്യത്തിന്റെ പേര്‌ ഒരുപക്ഷേ, കൂടുതലും അറിയപ്പെടുന്നത്‌ അവിടത്തെ സുല്‍ത്താന്റെ കോടിക്കണക്കിന്‌ സ്വത്തിന്റെ പേരിലായിരിക്കും. എല്ലാവര്‍ഷവും ലോകകോടീശ്വരരുടെ ലിസ്‌റ്റെടുക്കുമ്പോള്‍ ബ്രൂണെ സുല്‍ത്താന്‍ തന്റെ സ്‌ഥാനം മെച്ചപ്പെടുത്തിയതിന്റെ കൗതുകവാര്‍ത്തകളാവും എന്നും നമ്മെ കാത്തിരിക്കുക. തെക്കുകിഴക്കേ ഏഷ്യയില്‍ ബോര്‍ണിയോ ദ്വീപില്‍ ഉള്ള ഈ കൊച്ചുരാജ്യത്തിന്‌ പക്ഷേ പിന്നെയുമുണ്ട്‌ അവകാശപ്പെടാന്‍ അനവധി കാര്യങ്ങള്‍.
ബ്രൂണെയുടെ ഔദ്യോഗികനാമം സ്‌റ്റേറ്റ്‌ ഓഫ്‌ ബ്രൂണെ, അബോഡ്‌ ഓഫ്‌ പീസ്‌ എന്നാണ്‌. അതായത്‌, സമാധാനത്തിന്റെ വാസസ്‌ഥലം. തെക്കന്‍ ചൈനാക്കടലുമായി തീരദേശം പങ്കിടുന്നതൊഴിച്ചാല്‍ കിഴക്കേ മലേഷ്യയിലെ സാരാവക്ക്‌ സംസ്‌ഥാനത്താല്‍ പൂര്‍ണമായും ചുറ്റപ്പെട്ടു കിടക്കുന്നു ഇവിടം. 1984 ജനുവരി 1നാണ്‌ ബ്രൂണെ, സൂര്യനസ്‌തമിക്കാത്ത യുണൈറ്റഡ്‌ കിങ്‌ഡത്തില്‍നിന്നും സ്വാതന്ത്ര്യം നേടിയത്‌. സാമ്പത്തികനയങ്ങളില്‍ പുതിയൊരു പ്രത്യയശാസ്‌ത്രം സ്വീകരിച്ച ബ്രൂണെ ഏഷ്യയിലെ വികസിത രാജ്യങ്ങളിലൊന്നായാണ്‌ അറിയപ്പെടുന്നത്‌. ലോകത്തിലെ ഏറ്റവും ധനികരാജ്യങ്ങളില്‍ അഞ്ചാംസ്‌ഥാനത്തായി ബ്രൂണെയെ ഫോബ്‌സ്‌ മാഗസിനും തെരഞ്ഞെടുത്തിട്ടുണ്ട്‌.
എന്നാല്‍ ഇതിനൊപ്പം തന്നെ, സമ്പത്തിനൊപ്പം ആരെയും അത്‌ഭുതപ്പെടുത്തുന്ന ഒരു വിചിത്രലോകം കൂടി ബ്രൂണയിലുണ്ട്‌. ബ്രൂണെ നദിയിലെ ജലഗ്രാമമായ കാംപോങ്‌ അയര്‍.

2

ബ്രൂണെ നദിയില്‍കൂടി ബോട്ടില്‍ യാത്രചെയ്യുന്ന ആരും ഒരു നിമിഷം താനൊരു അറേബ്യന്‍ നാടോടിക്കഥയിലെ കഥാപാത്രമാണോ എന്ന്‌ സംശയിക്കും. നദിയില്‍ അരികിലൂടെ ചിലപ്പോള്‍ വീടുകള്‍, അതും ഇരുനിലവീടുകള്‍ ഒഴുകിവന്നെന്നു വരാം. നദിയില്‍ മരക്കാലുകളില്‍ ഉയര്‍ന്നുനില്‍ക്കുന്ന അനേകം വീടുകള്‍ ആരെയും അത്‌ഭുതപ്പെടുത്തുന്ന കാഴ്‌ചയായി നിലകൊള്ളുന്നു.
കാംപോങ്‌ അയര്‍ അഥവാ ജലഗ്രാമം എന്നറിയപ്പെടുന്ന ഈ നദി ബ്രൂണെയിലെ പ്രധാന ജനവാസകേന്ദ്രങ്ങളിലൊന്നാണ്‌. വെള്ളത്തിലെ ചെറുഗ്രാമങ്ങള്‍, അവയെ ബന്‌ധിപ്പിക്കുന്ന പാലങ്ങള്‍. എത്രയോ നൂറ്റാണ്ടുകള്‍ ഈ പാലങ്ങള്‍ക്ക്‌ പഴക്കമുണ്ടെന്ന്‌ അറിയുമ്പോഴാണ്‌ നമ്മള്‍ ആലീസിന്റെ അത്‌ഭുതലോകത്തേക്ക്‌ നേരിട്ട്‌ എത്തിച്ചേരുന്നത്‌.
ജലഗ്രാമം എന്നാണ്‌ മലയ്‌ ഭാഷയില്‍ കാംപോങ്‌ അയറിന്റെ അര്‍ത്ഥം. പരമ്പരാഗതമായി മത്‌സ്യബന്‌ധനത്തില്‍ ഏര്‍പ്പെട്ട്‌ ജീവിക്കുന്നവരുടെ പിന്‍മുറക്കാരാണ്‌ ഇവിടെ ജീവിക്കുന്നത്‌. ഇപ്പോഴും ഇവരില്‍ വലിയൊരു ഭാഗവും മത്‌സ്യബന്‌ധനത്തില്‍ തന്നെയാണ്‌ കാലക്ഷേപം കഴിക്കുന്നത്‌. ബ്രൂണെ നദിയുടെ ഇരുഭാഗങ്ങളിലുമായി നിലകൊള്ളുന്ന 42 ജലഗ്രാമങ്ങളുടെ സമുച്ചയമാണ്‌ ഇവിടം. ലോകത്തെ ഏറ്റവും വലിയ ജലഗ്രാമം.
3

കരയിലുള്ളതുപോലെ എല്ലാ സൗകര്യങ്ങളും ഈ ജലഗ്രാമത്തിലുമുണ്ട്‌. ബോട്ട്‌ ജെട്ടികള്‍ എല്ലായിടത്തേതും ഒരേപോലെ സ്‌ഥിതിചെയ്യുന്നു. ഓരോ നമ്പറുകളില്‍ അവ അറിയപ്പെടുന്നു. ഒരുതരം ബസ്‌സ്‌റ്റാന്‍ഡുകള്‍ പോലെയാണ്‌ ഇവിടുത്തെ ബോട്ട്‌ജെട്ടികള്‍. ബ്രൂണെ എന്ന രാജ്യത്തിന്റെ ഏതാണ്ട്‌ 9 ശതമാനം ജനങ്ങള്‍ ഈ ജലഗ്രാമങ്ങളില്‍ കഴിയുന്നു. ഏതാണ്ട്‌ 30000 മുണ്ട്‌ ഇവിടത്തെ ജനസംഖ്യ. കരയില്‍ എല്ലാവിധ സൗകര്യങ്ങളും ഗവണ്‍മെന്റ്‌ പ്രദാനംചെയ്യുന്നുണ്ടെങ്കിലും പരമ്പരാഗതമായ ഈ ആവാസമേഖല വിട്ടുപോവാന്‍ മാത്രം ഇവിടുത്തുകാര്‍ തയാറല്ല.
മരപ്പലകയിട്ട്‌ തകരഷീറ്റുകൊണ്ട്‌ മേല്‍ക്കൂര പണിത ഓരോ വീടുകള്‍ക്കുമുന്നിലും ബ്രൂണെ നദിയിലേക്ക്‌ ചൂണ്ടയിട്ടുകൊണ്ടിരിക്കുന്ന ഒരു വീട്ടുകാരനെങ്കിലുമുണ്ടാവും, എന്നും. ഏതാണ്ട്‌ 420 കെട്ടിടങ്ങളുണ്ട്‌ ഇവിടെ എന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. അവയില്‍തന്നെ വീടുകള്‍ക്കുപുറമെ റസ്‌റ്റോറന്റുകള്‍, മസ്‌ജിദുകള്‍, പലവ്യജ്‌ഞനക്കടകള്‍, ബ്യൂട്ടിപാര്‍ലറുകള്‍, സ്‌കൂളുകള്‍ എന്നിവയൊക്കെ വരുന്നു. ഇതിനൊപ്പം ക്രമസമാധാനത്തിനായി ഒരു പൊലീസ്‌ സ്‌റ്റേഷനും കൂടാതെ ഫയര്‍ സ്‌റ്റേഷനും ഒരു ആശുപത്രിയും ഉണ്ട്‌.

4

മരപ്പലകയടിച്ചതെങ്കിലും കെട്ടിടങ്ങളുടെയൊക്കെയുള്ളില്‍ എല്ലാവിധ ആധുനികസൗകര്യങ്ങളും പരന്നുകിടക്കുന്നു. മിക്ക കെട്ടിടങ്ങളും എയര്‍ കണ്ടീഷന്‍ ചെയ്‌തതാണ്‌.
ജലഗ്രാമങ്ങളെ ബന്‌ധിപ്പിക്കാന്‍ ഇവിടെ ഗവണ്‍മെന്റ്‌ കൃത്യമായ രീതിയില്‍ അറ്റകുറ്റപ്പണികള്‍ ചെയ്‌ത്‌ പാലങ്ങളും പണിയിച്ചിട്ടുണ്ട്‌. വൈദ്യുതി, ശുദ്ധജലം, ടെലിഫോണ്‍, സാറ്റലൈറ്റ്‌ ടി.വി, പാചകവാതകം എല്ലാം ഇവിടെ കുറ്റമറ്റ രീതിയില്‍ ലഭ്യമാണ്‌. നദീജലം മലിനമാണെങ്കിലും ശുദ്ധജലവിതരണത്തിനായി പൈപ്പുകളും കാണാം. മദ്രസകള്‍ ഉള്‍പ്പെടെ 29 വിദ്യാലയങ്ങളുണ്ട്‌ ഇവിടെ. പിന്നെ ഒമര്‍ അലി സെയ്‌ഫുദ്ദീന്‍ എന്നുപേരുള്ള പഴയ മുസ്ലീം പള്ളിയും.
ചരിത്രമെടുത്ത്‌ പരിശോധിക്കുമ്പോള്‍ ഏതാണ്ട്‌ 1300 വര്‍ഷങ്ങള്‍ക്ക്‌ മുമ്പുതന്നെ ഇവിടെ ജനവാസമുണ്ടായിരുന്നതായി കാണാം. ഇന്നത്തെ ബ്രൂണെ വളര്‍ന്നുവികസിക്കുന്നത്‌ ഈ ഗ്രാമങ്ങളില്‍നിന്നാണ്‌. ഇതിന്റെ ഉത്‌ഭവത്തെക്കുറിച്ച്‌ ഐതിഹ്യങ്ങളുമുണ്ട്‌ അനവധി.

5

ബ്രൂണെയുടെ ഇതിഹാസകാവ്യമായ അവാങ്‌ ഡെമൗനില്‍ നിന്നുള്ള ഒരു കഥയാണ്‌ ഐതിഹ്യങ്ങളില്‍ പ്രധാനം. പ്രാചീനകാലത്ത്‌ അവാങ്‌ അലക്‌ബെത്താതര്‍ എന്നറിയപ്പെട്ട 14 സഹോദരങ്ങളുണ്ടായിരുന്നത്രേ ആദ്യമായി ബ്രൂണെനദിയില്‍ വീടുകളുണ്ടാക്കി താമസം തുടങ്ങിയത്‌. അവരെ തുടര്‍ന്നുവന്ന അനുയായികളും ഇതേ പാത പിന്തുടരുകയാണുണ്ടായത്‌.
അന്ന്‌ നാട്ടിലെ പ്രമാണിമാരെല്ലാം ഇവിടെ താമസിച്ചുവരികയാണ്‌ ചെയ്‌തത്‌. അക്കാലത്ത്‌ നാട്ടിലെ പ്രധാന വാണിജ്യകേന്ദ്രം കൂടിയായിരുന്നു ഇവിടം. സുല്‍ത്താന്‍ മുഹമ്മദ്‌ ഷാ എന്ന ഭരണാധികാരിയുടെ കാലമായിരുന്നു ഇവിടത്തെ സുവര്‍ണകാലം. അക്കാലത്ത്‌ അതായത്‌, 1363 മുതല്‍ 1402 വരെയുള്ള കാലത്ത്‌ ഇവിടെ എത്തിപ്പെട്ട അന്റോണിയോ പിഗാഫിത്ത എന്ന ഇറ്റാലിയന്‍ സഞ്ചാരി ഇവിടത്തെ ജനവാസത്തെക്കുറിച്ച്‌ മനോഹരമായ രീതിയില്‍ വിവരിച്ചിട്ടുമുണ്ട്‌.

6

കാപോങ്‌ അയറിലെ, കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങളുടെ മട്ടുപ്പാവില്‍ നിന്നു നോക്കിയാല്‍ സ്വര്‍ണമകുടത്തോടുകൂടിയ ഒരു കൊട്ടാരം കാണാം. ബ്രൂണെ സുല്‍ത്താന്റെ കൊട്ടാരം. ഇരുവശത്തുമുള്ള കണ്ടല്‍ക്കാടുകള്‍ക്കിടയിലൂടെയും നിബിഡവനങ്ങള്‍ക്കിടയിലൂടെയും സഞ്ചരിക്കുമ്പോള്‍ ഈ കൊട്ടാരത്തിനടുത്തെത്തും.
ഈ കണ്ടല്‍വനവും മറ്റൊരു അസുലഭ കാഴ്‌ചയാണ്‌. നമ്മുടെ നാട്ടിലേതുപോലെ പൊക്കുടന്‍മാരുടെ ശുപാര്‍ശയില്ലാതെയും സമരകാഹളം പോലുമില്ലാതെയും ഇവിടത്തെ കണ്ടല്‍വനങ്ങള്‍ മനോഹരമായവിധം സംവിധാനം ചെയ്‌തിരിക്കുന്നത്‌ കാണാം.
ബ്രൂണെ സുല്‍ത്താന്റെ കൊട്ടാരം ഇസ്‌താന നൂറുല്‍ ഇമാന്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ഒരു ഭരണാധികാരി ഭരിക്കുന്ന ലോകത്തെ ഏറ്റവും വലിയ കൊട്ടാരമാണിത്‌. ഏതാണ്ട്‌ 257 ബാത്ത്‌റൂമുകള്‍ ഉള്‍പ്പെടെ 1788 മുറികളുണ്ട്‌ ബ്രൂണെ സുല്‍ത്താനായ ഹസനുല്‍ ബോല്‍കിയയുടെ ഈ ഔദ്യോഗികവസതിയില്‍. ബ്രൂണെ ഗവണ്‍മെന്റിന്റെ ആസ്‌ഥാനവും ഇതാണ്‌. മൂന്നുവശവും നദിയാലും വനത്താലും ചുറ്റപ്പെട്ടതാണ്‌ 2 ലക്ഷം സ്‌ക്വയര്‍ഫീറ്റുള്ള ഈ കൊട്ടാരം. തൊട്ടുത്തുതന്നെ അതിനെ വെല്ലുന്നവിധം സുല്‍ത്താന്റെ മകനുള്ള കൊട്ടാരവും പണിതുവരുന്നു. 2004 ല്‍ നടന്ന മകന്റെ വിവാഹം ലോകത്തിലെതന്നെ ഏറ്റവും വലിയ വിവാഹാഘോഷമായാണ്‌ കണക്കാക്കുന്നത്‌. ആഢംബരത്തിന്റെ പുതിയൊരു ലോകം.
മറ്റൊരു ആലീസിന്റെ അത്‌ഭുതലോകം.
സുല്‍ത്താന്റെ ബോട്ടുജെട്ടി, 200 ഓളം കുതിരകളുള്ള പോളോഗ്രൗണ്ട്‌... എല്ലാം പുതിയൊരു ലോകംതന്നെയാണ്‌. ആഢംബരത്തിന്റെ അനന്തസാധ്യതകള്‍ വിരിഞ്ഞുനില്‍ക്കുന്ന കേന്ദ്രം. കാംപോങ്‌ അയറില്‍നിന്നും കാണാന്‍ കഴിയുന്ന മായികകാഴ്‌ചകളിലൊന്ന്‌.

7
ഏതാണ്ട്‌ 36 കിലോമീറ്ററെങ്കിലും വരും ഇവിടുത്തെ ജലപാതകളാകുന്ന പാലങ്ങള്‍ക്ക്‌. വീടുകളിലേക്കുള്ള ഇത്തരം ചെറുപാതകള്‍ വേറെയും. ഈ ജലഗ്രാമം ഇവിടുത്തെ സാംസ്‌കാരികചിഹ്‌നങ്ങളില്‍ ഒന്നുകൂടിയാണ്‌.
കൈവരിയില്ലാത്ത നടപ്പാതയില്‍ ചിലയിടത്ത്‌ നമ്മുടെ നാടുകളിലുള്ളതുപോലെ നാല്‍ക്കവലകളും കാണും.
ചരിത്രത്തിന്റെ ആഴത്തിലൂര്‍ന്ന വേരുകള്‍പോലെ നാല്‍ക്കവലകള്‍. ഒരു വീടിനടുത്തേക്ക്‌ വള്ളം തുഴഞ്ഞെത്തുന്ന അയല്‍ക്കാരന്‍. എല്ലാവിധ സജ്ജീകരണങ്ങളോടുംകൂടിയ വീടുകള്‍. വീടിനുമുന്നിലെ ചെടികള്‍, ഹാങിങ്‌ ഗാര്‍ഡന്‍ എല്ലാം ഒരു ചരിത്രത്തിന്റെ തന്നെ ഭാഗമായി നിലനില്‍ക്കുന്നു.
ലോകത്ത്‌ മറ്റെവിടെയുമില്ലാത്തവിധം വിപുലവും നടവഴികള്‍കൊണ്ട്‌ നിറഞ്ഞതുമായ ഒരു ജലഗ്രാമം. ചരിത്രപുരുഷനായ കടല്‍യാത്രികന്‍ ഫെര്‍ഡിനന്റ്‌ മഗല്ലന്‍ 1521 ല്‍ ഇവിടെ എത്തിയപ്പോള്‍ കണ്ട കാഴ്‌ചകള്‍ അതേപോലെ ഇന്നേവരെ അനേകമനേകം സഞ്ചാരികളെ വിസ്‌മയിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇവിടത്തെ ഗ്രാമീണര്‍ മറ്റെവിടെയും പോവാതെ ഇവിടെത്തന്നെ നിലനില്‍ക്കുന്നതും ഒരുപക്ഷേ, വീണ്ടും എല്ലാകാലത്തുമുള്ള മഗല്ലന്‍മാരെ അത്‌ഭുതപ്പെടുത്താനാവണം.