Wednesday, October 9, 2013

പാര്‍ലിമെന്റ്‌ വീട്‌

 പാര്‍ലിമെന്റ്‌ വീട്‌

രണ്ടു വര്‍ഷം മുമ്പ്‌ മലപ്പുറത്തെ വണ്ടൂരുള്ള താട്ടാരക്കാടന്‍ വീട്ടില്‍ അബ്‌ദുല്‍കരീമും മുംതാസും മക്കളായ ബീനയും ബൈജുവും വീടുപണിയാനൊരുങ്ങുമ്പോള്‍ നാട്ടുകാര്‍ക്കു മുഴുവന്‍ അത്‌ഭുതമായിരുന്നു. പ്ലാന്‍ കണ്ടവരെല്ലാം ഇത്‌ നടക്കില്ലെന്ന്‌ തന്നെ വിധിയെഴുതി. പ്ലാനുമായി പഞ്ചായത്ത്‌ അനുമതിക്ക്‌ പോയപ്പോള്‍ ഇത്‌ വീടാണെന്ന്‌ അവര്‍ക്കും വിശ്വസിക്കാന്‍ പ്രയാസം. വീടെന്ന പേരില്‍ ഷോപ്പിങ്‌ കോപ്ലക്‌സാണോ ലക്ഷ്യമിടുന്നതെന്ന സംശയവും. �വീടുപണിയുടെ ആദ്യഘട്ടത്തില്‍ ഇതെന്താ പാര്‍ലിമെന്റാണോ പണിയുന്നതെന്നായിരുന്നു എല്ലാവരുടേയും ചോദ്യം. ചിലര്‌ വാട്ടര്‍ ടാങ്ക്‌ വീടെന്നും വിളിച്ചു. ഇങ്ങനെ ഒരു റൗണ്ട്‌ ഷേപ്പിലുള്ള വീട്‌ എന്നത്‌ ആദ്യമേ മനസില്‍ കണ്ടിരുന്നു. കണ്ട്‌ പരിചയിച്ച സ്‌ക്വയര്‍ ഷേപ്പ്‌ വീടുകളില്‍ നിന്നും ഒരു വ്യത്യാസം ആദ്യമേ ആലോചിച്ചിരുന്നു. അതാണ്‌ വീടിന്‌ ഈ ഷേപ്പ്‌ ആവാന്‍ കാരണം.. �വീട്ടുകാരന്‍ പറയുന്നു.
വ്യത്യസ്‌തമായ വീടു പണിയണമെന്ന്‌ ആദ്യമേ ആഗ്രഹമുണ്ടായിരുന്നു. മനസില്‍ ധാരാളം പ്ലാനുകള്‍ സ്വയം വരച്ചുകൂട്ടി. സ്വന്തം ആശയങ്ങള്‍ കടലാസിലും പകര്‍ത്തി. വീട്‌ സംബന്ധിയായ മാഗസിനുകളും മറ്റും അധികമൊന്നും നോക്കിയില്ല. കാരണം, ആദ്യമേ മനസില്‍ ഈ ഷേപ്പുള്ള വീട്‌ മാത്രമായിരുന്നു ലക്ഷ്യം. വെറുതേ ഒരുപാട്‌ വീടുകള്‍ കണ്ട്‌ മനസ്‌ മാറരുതല്ലോ. മൊത്തം 2400 സ്‌ക്വയര്‍ഫീറ്റാണ്‌ വീടിന്‌. മൂന്ന്‌ സെന്റിലാണ്‌ വീടിരിക്കുന്നത്‌. മൊത്തം 35 സെന്റ്‌ വരും വീടിരിക്കുന്ന സ്‌ഥലവും ലാന്‍ഡ്‌സ്‌കേപ്പും. വീട്ടിനകത്ത്‌ അഞ്ച്‌ കിടപ്പുമുറികള്‍. മുകളില്‍ മൂന്നും താഴെ രണ്ടും. പക്ഷേ, ഇവയൊക്കെയും സൗകര്യങ്ങള്‍ക്കനുസരിച്ച്‌ എളുപ്പം ഹാളായും അപ്പാടെ മാറ്റിമറിച്ചും ഉപയോഗിക്കാന്‍ കഴിയും വിധം ആണ്‌ അറേഞ്ച്‌ ചെയ്‌തിരിക്കുന്നത്‌.
ആര്‍ഭാടത്തേക്കാള്‍ പ്രായോഗികത നോക്കി
സ്വന്തം താല്‍പര്യങ്ങളും ഐഡിയകളും വീട്ടില്‍ ഭംഗിയായി പ്രയോഗത്തില്‍ കൊണ്ടുവന്നിട്ടുണ്ട്‌ വീട്ടുകാരന്‍. ലിവിങ്‌ റൂമില്‍ തുടങ്ങുന്നു ഇവിടത്തെ അത്‌ഭുതകാഴ്‌ചകള്‍. ഒറ്റനോട്ടത്തില്‍ സാധാരണയില്‍ കവിഞ്ഞ പ്രത്യേകതയൊന്നും തോന്നില്ലെങ്കിലും താല്‍പര്യമനുസരിച്ച്‌ മാറ്റാന്‍ കഴിയുന്ന വിധമാണ്‌ ലിവിങ്‌ റൂമിന്റെ അറേഞ്ച്‌മെന്റ്‌. വേണമെങ്കില്‍ എളുപ്പം ഇതൊരു കിടപ്പുമുറിയായും ഹോംതീയേറ്ററായുമൊക്കെ മാറ്റാം. ഇവിടെ മുറിയില്‍ സൂക്ഷിച്ചുനോക്കിയാല്‍ മടക്കിവെച്ച രീതിയില്‍ ഹാങ്ങിങ്‌ കട്ടിലും ഹോം തീയേറ്റര്‍ സ്‌ക്രീനും കാണാം. വിശാലമായി ഈ ഹാളിന്റെ ഒരു വശത്തുള്ള മടക്കിവയ്‌ക്കാവുന്ന മെറ്റല്‍ ഡോറുകള്‍ നീക്കിയടച്ചാല്‍ പിന്നെ ഇതൊരു സ്വകാര്യമുറിയാവും. മുകളിലെ മടക്കിവെച്ച സ്‌ക്രീനൊന്ന്‌ താഴ്‌ത്തിയാല്‍ ഇതൊരു ടിപ്പിക്കല്‍ ഹോം തീയേറ്റര്‍. ബോറടിക്കുമ്പോള്‍ മുറിയൊട്ടുക്കും ചേഞ്ച്‌ ചെയ്‌ത്‌ പുതുമകള്‍ പരീക്ഷിക്കാം. വീട്ടില്‍ വല്ലപ്പോഴും വരുന്ന അതിഥികളെ കണ്ടു കൂടിയാണ്‌ ഈ ഡിസൈന്‍ മാറ്റാനുള്ള സൗകര്യമൊരുക്കിയതെന്ന്‌ മകന്‍ ബൈജുവും പറയുന്നു.
വണ്ടൂരും തൊട്ടടുത്തെ നിലമ്പൂരും തേക്കിന്‌ പേരുകേട്ടയിടങ്ങളാണെങ്കിലും ഈ വീട്ടില്‍ തടി ഒട്ടും ഉപയോഗിച്ചിട്ടില്ല. മെറ്റലും അലുമിനിയവും ചേര്‍ന്നുള്ള ജനാലകളും വാതിലുകളും കാബിനറ്റുകളുമാണ്‌ ഇവിടെ പ്രധാനമായും. പ്രധാനവാതിലിനും മെറ്റലാണുപയോഗിച്ചത്‌. സ്ലൈഡ്‌ ചെയ്യാവുന്ന, അലുമിനിയം കൊണ്ടുള്ള ജനാലകളാണ്‌ വീട്ടിനകത്തേക്ക്‌ കാറ്റും വെളിച്ചവും ആവോളം പ്രദാനം ചെയ്യുന്നത്‌. കൂടാതെ ഫര്‍ണിച്ചറുകള്‍ക്കെല്ലാം എളുപ്പം നീക്കാന്‍ പാകത്തില്‍ ചക്രങ്ങളും നല്‍കിയിരിക്കുന്നു. ആര്‍ഭാടം നിറഞ്ഞ സൗകര്യങ്ങളേക്കാള്‍ പ്രായോഗികതയില്‍ ഊന്നിയ ഡിസൈനാണ്‌ പ്രാധാന്യം നല്‍കിയതെന്ന്‌ വീട്ടുകാരിയുടെ സാക്ഷ്യവും.
മള്‍ട്ടിപര്‍പസ്‌ ഡിസൈന്‍
സ്‌റ്റയര്‍ കേസാണ്‌ വീട്ടിനകത്തെ എടുത്തു പറയാനുള്ള മറ്റൊരു കാര്യം. സ്‌റ്റയര്‍ കേസിനു പടികള്‍ നല്‍കിയിട്ടേയില്ല. വീട്ടിനകത്തെ ഇരുനിലകളേയും ബന്ധിപ്പിക്കാന്‍ പടികളില്ലാത്ത നടപ്പുപാത തന്നെയാണ്‌ ഒരുക്കിയത്‌. ഇതാവുമ്പോള്‍ പ്രായമുള്ളവരും കുട്ടികളും പടി കയറുമ്പോള്‍ വീഴുമെന്ന പേടിയേ വേണ്ട. ഇതിനു താഴെ സ്‌റ്റോറേജിനുള്ള ഇടവും കണ്ടെത്തിയിട്ടുണ്ട്‌.
സെറാമിക്‌ ടൈലുകള്‍ കൊണ്ടുള്ളതാണ്‌ ഫ്‌ളോറിങ്‌. ലിവിങ്‌ റൂമിലുള്ളത്‌ പോലെ എല്ലാ കിടപ്പുമുറികളിലും ഫോള്‍ഡ്‌ ചെയ്യാന്‍ കഴിയുന്ന വിധമുള്ള കട്ടിലുകളാണ്‌ കൊടുത്തിരിക്കുന്നത്‌. റൗണ്ടഡ്‌ ആകൃതിയായതിനാല്‍ സാധാരണയുള്ളതിനേക്കാള്‍ കൂടുതല്‍ ജനാലകള്‍ ഇവിടെ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്‌. കൂടുതല്‍ കാറ്റും വെളിച്ചവും ഇത്‌ നല്‍കുന്നു. സന്ധ്യയാവുന്നത്‌ വരെയും വെളിച്ചം നല്ലവണ്ണം വീട്ടിനകത്തേക്കു കടന്നുവന്നുകൊണ്ടേയിരിക്കും.
മുകള്‍നിലയിലെ ബെഡ്‌റൂമുകളെ വേര്‍തിരിക്കുന്ന മെറ്റല്‍ ഭിത്തികള്‍ മടക്കിവെച്ചാല്‍ ഇതൊരു ഹാളായി ഉപയോഗിക്കാം. ഒരു മിനി ഫങ്‌ഷനൊക്കെ ഇവിടെ ഭംഗിയായി നടത്താം. മടക്കിവയ്‌ക്കാവുന്ന ഇന്‍ബില്‍റ്റ്‌ ഫിക്‌സ്‌ഡ്‌ കസേരകളും കട്ടിലുകളുമാണ്‌ ഇവിടെയുള്ളത്‌. മുറികളെല്ലാം മള്‍ട്ടി പര്‍പസ്‌ ആണെന്ന്‌ സാരം.
ലാന്‍ഡ്‌സ്‌കേപ്പിലെ മായക്കാഴ്‌ചകള്‍
മുകളില്‍ എല്ലാ കിടപ്പുമുറികളേയും ചുറ്റി വട്ടത്തിലൊരു വരാന്തയും ഉണ്ട്‌. കിടപ്പുമുറികളില്‍ നിന്ന്‌ വേറെ വേറെ എന്‍ട്രന്‍സ്‌ നല്‍കാതെ ഇവിടെ ഇറങ്ങാന്‍ ഒരൊറ്റ ഓപണിങ്‌ മാത്രം നല്‍കി. മുകളിലെ മെസനിന്‍ ഫ്‌ളോറില്‍ നിന്ന്‌ ടെറസിലുമെത്താം. ഇവിടെയിരുന്നാല്‍ അകലെ പശ്‌ചിമഘട്ടത്തിന്റെ സൗന്ദര്യം മുഴുവനായും കാണാം, ആസ്വദിക്കാം. വീട്ടുകാര്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കാന്‍ ഇഷ്‌ടപ്പെടുന്ന സ്‌ഥലമാണിത്‌. ഇവിടെ പ്രത്യേക ഇരിപ്പിടങ്ങളും കൊടുത്തിട്ടുണ്ട്‌. ഇവിടെ നിന്ന്‌ നോക്കിയാല്‍ വീടിന്റെ മുഴുവന്‍ സൗന്ദര്യവും ആസ്വദിക്കാം. പ്രത്യേകിച്ച്‌ ലാന്‍ഡ്‌സ്‌കേപ്പിന്റെ മായികഭാവം.
മനോഹരമായ ഗാര്‍ഡനും ലാന്‍ഡ്‌സ്‌കേപ്പിലെ വ്യത്യസ്‌തത നിറഞ്ഞ ഇരിപ്പിടങ്ങളും കാഴ്‌ചകള്‍ക്ക്‌ നിറം പകരുന്നു. വീടിനെ ചുറ്റിക്കൊണ്ട്‌ ഓരോ ഭാഗങ്ങള്‍ ആക്കി കൊടുത്ത കുളങ്ങളും കാണാം, വട്ടത്തില്‍ തന്നെ. ലാന്‍ഡ്‌സ്‌കേപ്പിലെ ഉപയോഗിച്ചിരിക്കുന്ന വൃക്ഷങ്ങളുടെ കാര്യത്തിലും വീട്ടുകാര്‍ നോക്കിയതു ഭാവിയിലെ ഉപകാരം തന്നെ. ബൊഗൈന്‍ വില്ലകള്‍ക്കും മനോഹരമായി പൂക്കളുണ്ടാവുന്ന മറ്റു ചെടികള്‍ക്കും പുറമേ മാവ്‌, ചക്ക, പറങ്കിമാവ്‌, മാങ്കോസ്‌റ്റിന്‍, സപ്പോട്ട, ഫാഷന്‍ ഫ്രൂട്ട്‌ തുടങ്ങിയവയും ഇവിടെ കാണാം. ഇവയ്‌ക്കരികില്‍ കൂടുകളില്‍ കലപില കൂട്ടുന്ന ലൗ ബേര്‍ഡ്‌സുമുണ്ട്‌. കുളങ്ങളില്‍ രാത്രികളില്‍ വിരിയാനായി ആമ്പല്‍ച്ചെടികളും അവയെ ചുറ്റിപ്പറ്റി അലങ്കാരമത്‌സ്യങ്ങളേയും കാണാം. ഇതിനേയും വട്ടം ചുറ്റി വീടിനു ചുറ്റും റോഡും കാണാം.
പ്ലാനിന്‌ ഡിസ്‌റ്റിങ്‌ഷന്‍ മാര്‍ക്ക്‌
എല്ലാം റൗണ്ട്‌ ഷേപ്പിലുള്ള വീട്ടില്‍ ആകെ സ്‌ക്വയര്‍ ഷേപ്പിലുള്ളത്‌ ഇവിടത്തെ കിണര്‍ മാത്രമാണ്‌. ഇതും സാധാരണയില്‍ നിന്നും വിഭിന്നമായ ഷേപ്പ്‌ നല്‍കിയെന്ന്‌ ചിരിയോടെ വീട്ടുകാരന്‍ പറയുന്നു. മൊത്തം ഒരു വര്‍ഷമെടുത്തു, വീടുപണി പൂര്‍ത്തിയാവാന്‍. 25 ലക്ഷത്തില്‍ താഴെ മാത്രമൊതുങ്ങി ബഡ്‌ജറ്റ്‌. എയര്‍ ഹോളുകള്‍ പരമാവധി നല്‍കിയതു കാറ്റം വെളിച്ചവും തന്നു. വീട്ടുകാരിയുടെ തട്ടകമായ അടുക്കളയില്‍ ആണ്‌ ഇതിന്റെ ഗുണം ശരിക്കും അനുഭവിക്കാന്‍ കഴിയുക. പകലും സന്ധ്യാനേരത്തൊന്നും പാചകം ചെയ്യുമ്പോള്‍ ലൈറ്റ്‌ തെളിയ്‌ക്കേണ്ട ആവശ്യമേ വരുന്നില്ല. ഇന്റര്‍ലോക്ക്‌ കൊണ്ടുള്ള ഭിത്തിയാണ്‌ ഉപയോഗിച്ചത്‌. ഇതും ചെലവു കുറക്കുന്നതില്‍ നിര്‍ണായക പങ്ക്‌ വഹിച്ചു. വീടുപണി നടക്കുമ്പോള്‍ കാണാന്‍ വരുന്നവര്‍ക്ക്‌ ആദ്യം ഇതിന്റെ സൗകര്യങ്ങളെക്കുറിച്ച്‌ സംശയമായിരുന്നു. �പണി കഴിഞ്ഞ്‌ വന്നു കണ്ടവര്‍ക്കെല്ലാം അറിയേണ്ടത്‌ ഇതിന്റെ പ്ലാനിനെക്കുറിച്ചും മറ്റുമൊക്കെയാ. സൗകര്യങ്ങള്‍ക്ക്‌ അവരെല്ലാം ഫുള്‍മാര്‍ക്കാ തരുന്നത്‌..� വീട്ടുകാരുടെ ഒന്നടങ്കമുള്ള വാക്കുകളിലുമുണ്ട്‌ ഒരു ഡിസ്‌റ്റിങ്‌ഷന്‍ കിട്ടിയ സന്തോഷം.   










Tuesday, October 8, 2013

വാരാണസി ജീവിതത്തിന്റെ രണ്ടു മുഖങ്ങള്‍.

 വാരാണസി 
ജീവിതത്തിന്റെ രണ്ടു മുഖങ്ങള്‍.
മണ്ണിന്റെ ജീവിതത്തിന്റെ ഗന്ധമാണ്‌ വാരാണസിയ്‌ക്ക്‌. ജീവന്റെ വിലയും നേരും നെറിയും ശരിക്കും ഇവിടെ നിന്നും അനുഭവിച്ചറിയാന്‍ കഴിയും. മോക്ഷമാര്‍ഗത്തിന്റെ അവസാനകേന്ദ്രമായ കാശിയും പട്ടിന്റെ സാരിയുടെ ആഗോളകുത്തകയായ ബനാറസ്‌ എന്നറിയപ്പെടുന്നതുമല്ലാം ഈ പുണ്യഭൂമി തന്നെ. വാരാണസിയ്‌ക്ക്‌ ഒരു പട്ടുസാരിയുടെ നൂലിന്റെ തിളക്കവുമുണ്ട്‌ ചരിത്രത്തില്‍. പട്ടുസാരിയുണ്ടാക്കി ജീവിതം നയിക്കുന്ന ഏതാണ്ട്‌ 7000 കുടുംബങ്ങള്‍ കാണാം, വാരാണസിയിലെ ലല്ലാപുര എന്ന പ്രദേശത്ത്‌. 16 നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിമാരുടെ കാലം മുതലേ, സജീവ പട്ടുനിര്‍മാണകേന്ദ്രമായിരുന്നു ഇവിടങ്ങള്‍. എങ്ങും കൈത്തറിയുടെ സംഗീതം ഓരോ കെട്ടിടത്തിനു ചുറ്റും അലയടിക്കുന്നതു കേള്‍ക്കാം. പട്ടുസാരി നിര്‍മാണവും കൈത്തറിയും പാരമ്പര്യമായി കൈമാറി വരുന്ന കുലത്തൊഴിലാണ്‌ ഇവിടെ. രാജ്യത്തെ എത്രയോ യുവതികളുടെ മംഗല്യനാളില്‍ വെട്ടിത്തിളങ്ങുന്ന മംഗല്യപ്പട്ടായി മാറുന്നു ഇവിടങ്ങളില്‍ നിന്നും നെയ്യ്യുന്ന പട്ടുസാരികള്‍. അവ നെയ്യുന്നതോ എത്രയോ ദരിദ്രമായ ചുറ്റുപാടിലും.
ജീവിതത്തിന്റെ രണ്ടു മുഖങ്ങള്‍.
ഒന്ന്‌ നിറങ്ങളുടെ പട്ടിന്‍ പകിട്ടാര്‍ന്നതും രണ്ട്‌ അതിനു വേണ്ടി കഷ്‌ടപ്പെടുന്നവരുടേതും.
നൂറ്റാണ്ടുകളേറെ കഴിഞ്ഞിട്ടും രണ്ടാമത്തെ മുഖത്തിന്‌ കാര്യമായ മാറ്റമൊന്നുമുണ്ടായിട്ടില്ല എന്നതാണ്‌ സത്യം.

2
വാരാണസിയിലെ പ്രധാന കാഴ്‌ച ഗംഗയും അതിന്റെ തീരത്തെ ഘട്ടുകളുമാണ്‌. നൂറോളം ഘട്ടുകളുണ്ട്‌ ഗംഗാതീരത്ത്‌. ചേലില്ലാത്ത ഒരു നഗരം. ഇടയ്‌ക്ക്‌ ഓര്‍മത്തെറ്റെന്ന പോലെ പുരാതന മന്ദിരങ്ങള്‍. എന്നോ വികസനം പാതിവഴിയില്‍ മുടങ്ങിപ്പോയ നഗരമെന്ന്‌ ആര്‍ക്കും തോന്നും. ഇടുങ്ങിയ ഗലികളില്‍ ബൈക്കും സൈക്കിളും പശുക്കളും മനുഷ്യരും നിറഞ്ഞുനില്‍ക്കുന്നതു കാണാം.
വാരാണസിയുടെ മുഖമുദ്ര ഇത്തരം പഴമയാണ്‌. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങള്‍ എല്ലാം ഏതാണ്ട്‌ ജീര്‍ണാവസ്‌ഥയിലാണ്‌. ഇവിടങ്ങളിലാണ്‌ ജീവിതത്തിന്റെ അവസാനഭാഗം മോക്ഷത്തിനായി ഇവിടെ എത്തിയവര്‍ കഴിയുന്നത്‌. അരികില്‍ ഗംഗയുടെ പാപമേറ്റു വാങ്ങിയ നിറഞ്ഞ വയറും.

3
ഗംഗയുടെ ഘട്ടുകളുടെ നിര അവസാനിക്കുന്നതിനടുത്താണ്‌ കേദര്‍ ഘട്ടും വിജയനഗര ഘട്ടും. തെക്കുഭാഗത്തുള്ള പ്രധാനഘട്ടുകളായ മണികര്‍ണിക്‌ ഘട്ടിലും ഹരിശ്‌ചന്ദ്രഘട്ടിലുമാണ്‌ ചിതകള്‍ എരിയുന്നത്‌. ആയിരക്കണക്കിനു വര്‍ഷങ്ങളായി ഇവിടെയാണ്‌ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു വരുന്നത്‌. പുരാണകഥയിലെ രാജാ ഹരിശ്‌ചന്ദ്രന്‍ രാജ്യം നഷ്‌ടമായി ചണ്ഡാലനായി ജീവിച്ചത്‌ ഈ ചുടലയിലാണെന്നാണ്‌ വിശ്വാസം. മിനിറ്റുകളുടെ വ്യത്യാസത്തില്‍ ഇവിടെ പുതിയ മൃതദേഹങ്ങള്‍ വന്നുകൊണ്ടിരിക്കും. ബന്ധുക്കള്‍ മൃതദേഹം കൊണ്ടുവരുന്നു. ഗംഗയില്‍ ഒന്നു മുക്കുന്നു. ചിതയില്‍ വെക്കുന്നു. ആയിരം തവണ ചൊല്ലിയ മന്ദ്രണങ്ങള്‍ക്കു ശേഷം ചിതയ്‌ക്കു തീ കൊളുത്തുന്നു. പാതികത്തിയ മൃതദേഹം ഗംഗയിലേക്ക്‌ വലിച്ചെറിഞ്ഞ്‌ അടുത്ത മൃതദേഹത്തിന്‌ അവസരം നല്‍കുന്നു. ചടങ്ങുതീര്‍ത്ത ചാരിതാര്‍ഥ്യത്തോടെ ബന്ധുക്കള്‍ പിരിയുന്നു. പാതി കരിഞ്ഞ മൃതദേഹം ഗംഗയില്‍ കളയുന്നതിനും ഇവര്‍ക്ക്‌ ന്യായീകരണമുണ്ട്‌. ഒരു മനുഷ്യന്റെ അസ്‌ഥി എത്രകാലം ഗംഗയിലിരിക്കുമോ അത്രകാലം അയാള്‍ സ്വര്‍ഗത്തിലിരിക്കുമെന്നാണ്‌ വിശ്വാസം.
4
പഴഞ്ചന്‍ വള്ളത്തിലേറി ഗംഗയിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരു പാട്‌ ഘട്ടുകള്‍ പിന്നിടാം. ഏതാണ്ട്‌ അരനൂറ്റാണ്ട്‌ മുമ്പ്‌ സത്യജിത്‌ റായ്‌ സിനിമകളില്‍ ചിത്രീകരിക്കപ്പെട്ടതില്‍ നിന്ന്‌ അധികമൊന്നും വ്യത്യസ്‌തമായിരിക്കില്ല ആ യാത്ര.
പുണ്യനദിയിലേക്ക്‌ ഇറക്കിക്കെട്ടിയ പടവുകളാണ്‌ ഘട്ടുകള്‍. പൗരാണികകാലത്തു തന്നെ പ്രശസ്‌തമായിരുന്നു ഇവ. മിക്ക ഘട്ടിനോടനുബന്ധിച്ചും ക്ഷേത്രങ്ങളുമുണ്ടാവും. വാരാണസി മറാത്ത രാജാക്കന്‍മാരുടെ കൈയിലായിരുന്ന സമയത്താണ്‌ ഇവയില്‍ പലതും പണിതത്‌. ഗംഗയില്‍ പുണ്യസ്‌നാനം ചെയ്‌ത്‌ ക്ഷേത്രത്തില്‍ തൊഴാന്‍ വേണ്ടിയാണ്‌ ഘട്ടുകള്‍ പണിതത്‌. ഉത്തരേന്ത്യയില്‍ പണ്ടുകാലത്തുണ്ടായിരുന്ന മിക്ക രാജാക്കന്‍മാരും ഇവിടെ ഘട്ടുകള്‍ പണിതിട്ടുണ്ട്‌. ഓരോ രാജാക്കന്‍മാരുടേയും നാട്ടുശൈലിയിലാണ്‌ ഇവ പണി കഴിക്കപ്പെട്ടിട്ടുള്ളത്‌. ഇതിനൊപ്പം അനുബന്ധമന്ദിരങ്ങളും വരുന്നു. ബീഹാര്‍ രാജാവ്‌ പണിത ധരബംഗഘട്ടും നാഗ്‌പൂര്‍ രാജാവ്‌ പണിത മുന്‍ഷി ഘട്ടുമെല്ലാം വ്യത്യസ്‌തമാണ്‌.
5
സൂര്യാസ്‌തമയത്തിനു ശേഷമാണ്‌ വാരാണസിയിലെ യഥാര്‍ഥജീവിതനിറക്കാഴ്‌ചകള്‍ തുടങ്ങുക. സംഗീതത്തിന്റേയും നിറങ്ങളുടേയും നിമിഷങ്ങള്‍.
ഘട്ടുകളുടെ പൗരാണികസൗന്ദര്യം നശിപ്പിക്കുന്നത്‌ പുതിയ കാലത്തെ നിര്‍മിതികളും ചായം പൂശലുമൊക്കെയാണ്‌. ഗംഭീരനിര്‍മിതികളാണ്‌ ഓരോ ഘട്ടിലുമുള്ളത്‌. 400 വര്‍ഷം മുമ്പ്‌ രജപുത്രന്‍മാര്‍ പണിത മാന്‍മന്ദിര്‍ ഘട്ട്‌ തൊട്ട്‌ നിരവധി ഘട്ടുകളുണ്ടിവിടെ. മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ മാത്രമായി മണികര്‍ണിക എന്ന ഘട്ടും.
മുസ്‌ലിമിന്‌ മക്ക പോലെ യഹൂദന്‌ ജെറൂസേലം പോലെയാണ്‌ ഹിന്ദുവിന്‌ വാരാണസി. ഇവിടെ വെച്ച്‌ മരണമടഞ്ഞാല്‍ മോക്ഷമുണ്ടാവുമെന്നാണ്‌ വിശ്വാസം. ഒരു രാജ്യത�ലസ്‌ഥാനത്ത്‌ വിവിധ രാജ്യങ്ങളുടെ എംബസികളെന്ന പോലെയാണ്‌ ഇവിടെ വിവിധ രാജാക്കന്‍മാര്‍ പണി കഴിപ്പിച്ച ഘട്ടുകള്‍. ഇവയ്‌ക്കൊപ്പം ഓരോ നാട്ടുരാജാക്കന്‍മാരുടെ ക്ഷേത്രങ്ങളും സത്രവും ഊട്ടുപുരയുമൊക്കെയുണ്ട്‌.
ഹിന്ദുവിശ്വാസപ്രകാരം പരമശിവന്‍ പണിതതാണ്‌ വാരാണസിയെന്നാണ്‌ വിശ്വാസം. അദ്ദേഹത്തിന്റെ ത്രിശൂലത്തിന്റെ മുകളിലാണത്രേ ഈ നഗരസ്‌ഥാനം. നദിയുടെ ഇടതുകര ശിവന്റെ വിഹാരകേന്ദ്രമാണത്രേ. അതിനാല്‍ മറ്റുരാജാക്കന്‍മാരുടേയെല്ലാം കൊട്ടാരങ്ങള്‍ നദിയുടെ വലതുകായിലാണ്‌. ഈ നദിയിലെ തട്ടി വരുന്ന കാറ്റേറ്റാല്‍ ഏതു ജീവിയുടേയും പാപം നശിക്കുമെന്നാണ്‌ വിശ്വാസം. സ്വര്‍ഗപ്രാപ്‌തിയുമുണ്ടാവും. വര്‍ഷം തോറും അരലക്ഷത്തിലേറെ ജഡങ്ങള്‍ ഗംഗയിലെറിയാറുണ്ടെന്നാണ്‌ കണക്കുകള്‍.
6
ഘട്ടുകളില്‍ ദീപം തെളിയുന്നതോടെ ഇത്‌ ശരിക്കുമൊരു ദേവഭൂമിയായി മാറും. ഗംഗാ ആരതി ചടങ്ങുകള്‍ക്ക്‌ തുടക്കമാണ്‌ ഇത്‌. ദശാശ്വമേഥ്‌ ഘട്ടിലെ പ്രത്യേകം നിര്‍മിച്ച അഞ്ച്‌ പീഠങ്ങളിലാണ്‌ ഗംഗാ ആരതി നടക്കുന്നത്‌. എല്ലാ സന്ധ്യയ്‌ക്കും നടക്കുന്ന വര്‍ണാഭമായ മണിനാദവും ഓം കാരവും അലയടിക്കുന്ന ചടങ്ങാണ്‌ ആരതി. ഇതോടെ ആത്‌മീയതയുടെ ഉത്‌സവപ്പറമ്പായി ഗംഗ മാറും. പലരും നിവേദ്യമായി ആരതി ദീപങ്ങള്‍ ഗംഗയിലേക്കൊഴുക്കും. യുവാക്കളായ അഞ്ച്‌ പണ്‌ഡിറ്റുകളാണ്‌ ആരതി അര്‍പ്പിക്കുന്നത്‌. പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവരാണ്‌ ഈ പൂജാരിമാര്‍. അവര്‍ ഒരുമിച്ചുയര്‍ത്തുന്ന ശംഖുനാദത്തോടെ പ്രധാനചടങ്ങുകള്‍ തുടങ്ങും. ഗംഗാദേവിയെക്കൂടാതെ ശിവന്‍, സൂര്യന്‍, അഗ്‌നി എന്നിവര്‍ക്കുവേണ്ടിയും പൂജാകര്‍മങ്ങള്‍ നടക്കുന്നു. പൗരാണികകാലത്തു തന്നെ ഈ ആരതി ഗംഗാതീരത്തുണ്ടായിരുന്നു. എങ്കിലും വര്‍ണങ്ങളും ആഘോഷങ്ങളുമായി ഇതു തുടങ്ങിയത്‌ 20 നൂറ്റാണ്ടിലാണ്‌. ലോകത്ത്‌ മറ്റൊരു നന്ദിയ്‌ക്കും കിട്ടാത്ത വിധം അറുപത്‌ തിരിയിട്ട ആരതി ദീപം കൊണ്ട്‌ ഗംഗയ്‌ക്ക്‌ അര്‍ച്ചന നല്‍കുന്നു. അര്‍ഥപൂര്‍ണമായ ആദരം.
ഗംഗ ഒരേ സമയം മിത്തും യാഥാര്‍ഥ്യവുമാണ്‌.
7
പൗരാണികകാലത്ത്‌ ദേവന്‍മാരുടെ സ്വത്തായിരുന്നു ഗംഗ. കപിലമഹര്‍ഷിയുടെ നേത്രാഗ്‌നിയില്‍ നിന്ന്‌ ചാമ്പലായ 60000 നഗരപുത്രന്‍മാര്‍ക്ക്‌ ആത്‌മശാന്തി നല്‍കാനായി കഠിനതപം ചെയ്‌ത്‌ ഭഗീരഥന്‍ ഗംഗയെ ഭൂമിയിലെത്തിക്കുകയായിരുന്നു. ഇതിഹാസങ്ങളായ രാമായണം, മഹാഭാരതം, ഭാഗവതം എന്നിവയിലെല്ലാം ഗംഗാനന്ദിയുടെ സ്വാധീനം എമ്പാടും കാണാം.
ആരതി ദീപത്തെ തൊട്ടു വന്ദിക്കുന്നതോടെ ഗംഗയുടെ അനുഗ്രഹം മൂര്‍ധാവില്‍ പതിയുമെന്നാണ്‌ വിശ്വാസം. 5000 മുതല്‍ 10000 വരെ ആളുകള്‍ ദിനം തോറും ആരതി ദര്‍ശിക്കാനെത്തുന്നു.
8
കബീര്‍ദാസും തുളസീദാസും സംഗീതഞ്‌ജനായ ബിസ്‌മില്ലാ ഖാനും രവിശങ്കറുമൊക്കെ ജീവിച്ചിരുന്ന മണ്ണു കൂടിയാണിത്‌. പേരറിയാത്ത ഒരുപാട്‌ പണ്ഡകളും ക്ഷൗരക്കാരും. പിതൃകര്‍മ്മത്തിനു വേണ്ടി ദിനം തോറും ആയിരങ്ങള്‍ ഇവിടേക്കൊഴുകും. എള്ളും പൂവുംഅരിയും ദര്‍ഭയുമൊക്കെ കൊണ്ട്‌ പാണ്ഡകളുടെ സഹായത്തോടെ ശ്രാദ്ധമൂട്ടുന്നവര്‍.
ധരബംഗ എന്ന പഴയ നാട്ടുരാജ്യത്തിലെ ധനകാര്യമന്ത്രിയായിരുന്ന ശ്രീധര്‍ നാരായണ്‍ മുന്‍ഷിയുടെ പേരിലും ഒരു ഘട്ടുണ്ട്‌. 1912 ല്‍ മന്ത്രിപദം ഉപേക്ഷിച്ച്‌ ഇവിടെയെത്തിയ മുന്‍ഷി 1924 ല്‍ മരിക്കുന്നതു വരേയും ഇവിടെയായിരുന്നു താമസം. മറ്റൊരു പ്രത്യേകതയുമുണ്ട്‌ ഇതിന്‌. വാരാണസിയിലെ മുസ്‌ലീം സമുദായക്കാര്‍ കുളിക്കാനും അലക്കാനു ംഉപയോഗിക്കുന്ന ഘട്ട്‌ കൂടിയാണിത്‌. ഭാരതസംസ്‌ക്കാരത്തിന്റെ നാനാത്വത്തില്‍ ഏകത്വം ഇവിടെ കാണാം.
9
വാരാണസിയിലെ സംസ്‌കൃതയൂണിവേഴ്‌സിറ്റിയാണ്‌ ചരിത്രസ്‌മരണകളില്‍ പ്രധാനപ്പെട്ട ഒന്ന്‌. വിക്‌ടോറിയന്‍ ശൈലിയിലുള്ളതാണ്‌ ഇതിന്റെ നിര്‍മിതി. വേദവും ദര്‍ശനവും തത്വചിന്തയും ആയുര്‍വേദവും ഇവിടെ പഠിപ്പിക്കുന്നു. ജയ്‌പൂര്‍ മഹാരാജാവ്‌ 1737 ല& പണിത ഒരു വാനനിരീക്ഷണകേന്ദ്രവും ഈ ക്യാംപസിലുണ്ട്‌. വാരാണസിയിലെ ജന്തര്‍ മന്തിര്‍ എന്നിതറിയപ്പെടുന്നു. തൊട്ടപ്പുറത്തെ ആര്‍കിയോളജിക്കല്‍ സൈറ്റില്‍ ഓരു അശോകസ്‌തംഭത്തിന്റ അവശിഷ്‌ടവുമുണ്ട്‌. ഇന്ത്യയിലെ ബ്രിട്ടീഷ്‌ റസിഡന്റായിരുന്ന ജൊനാഥന്‍ ഡങ്കനാണ്‌ 1791 ല്‍ സംസ്‌കൃത കോളജ്‌ സ്‌ഥാപിച്ചത്‌. 1974 ലാണ്‌ യുണിവേഴ്‌സിറ്റിയായത്‌. ജീര്‍ണാവസ്‌ഥയിലാണ്‌ ഇന്നീ കെട്ടിടമെങ്കിലും രണ്ടു നൂറ്റാണ്ടിന്റെ ചരിത്രമുണ്ട്‌ ഇതിന്‌.
10
ഗംഗയ്‌ക്കു കുറുകെ പ്രശസ്‌തമായ ഒരു പാലവുമുണ്ട്‌. 1887 ല്‍ ബ്രിട്ടീഷുകാര്‍ പണിയിച്ചത്‌. ഡബിള്‍ ഡെക്കര്‍ പാലം. ബ്രിട്ടീഷുകാര്‍ ദഫറിന്‍ പാലമെന്ന്‌ വിളിച്ച ഇതിനെ നാട്ടുകാര്‍ രാജ്‌ഘട്ട്‌ ബ്രിഡ്‌ജ്‌ എന്നാണ്‌ വിളിക്കാറ്‌. 1948 ല്‍ ഇതിന്‌ മാളവു ബ്രിഡ്‌ജ്‌ എന്ന്‌ നാമകരണം ചെയ്‌തു. താഴെ ബംഗാള്‍ ഉള്‍ക്കടലും. റുഡ്‌യാഡ്‌ കിപ്ലിംഗിന്റെ ദി ബ്രിഡ്‌ജ്‌ ബില്‍ഡേര്‍സിന്‌ പശ്‌ചാത്തലം ഇതാണ്‌.
പാലം കടന്നാലാണ്‌ വാരാണസിയുടെ രാജാവും കുടുംബവും ഇപ്പോഴും കുടുംബസമേതം താമസിക്കുന്ന രാംനഗര്‍ കോട്ട. 18 നൂറ്റാണ്ടില്‍ മുഗള്‍ ശൈലിയില്‍ പണിത ബൃഹത്തായ കോട്ടയാണിത്‌. കാശി രാജാവായിരുന്ന ബല്‍വന്ത്‌ സിംഗ്‌ ആണിത്‌ പണിതത്‌. 12 നൂറ്റാണ്ടില്‍ ഔധിലെ നവാബ്‌ പിടിച്ചടുക്കിയ കാശി രാജ്യം 1775 ല്‍ ബ്രിട്ടീഷുകാര്‍ കീഴടക്കി. കര്‍ശനമായ പാരമ്പര്യം പിന്തുടരുന്ന ഭൂമിഹാര്‍ ബ്രഹ്‌മണരുടെ രാജവംശമാണ്‌ ഇവിടത്തേത്‌. വലിയ നടുമുറ്റങ്ങളും ബാല്‍ക്കണിയോടു കൂടിയ കെട്ടിടങ്ങളും. രാജഭരണകാലത്ത്‌ എപ്പോഴും സജീവമായിരുന്ന കൊട്ടാരക്കെട്ടുകള്‍. ഇന്ത്യന്‍ യൂണിയനിലേക്ക്‌ മാറിയതോടെ ഇതൊരു പൊതുസ്വത്തായി മാറിയിരിക്കുന്നു. മുഗള്‍ ഭരണകാലത്ത്‌ സുല്‍ത്താന്‍ മുഹമ്മദ്‌ ഷായില്‍ നിന്നും ബല്‍വന്ത്‌ സിംഗ്‌ അധികാരം വാങ്ങിയെടുക്കുകയായിരുന്നു.
കോട്ടയില്‍ അമൂല്യവസ്‌തുക്കള്‍ ശേഖരിച്ചു വെച്ച ഒരു മ്യൂസിയവുമുണ്ട്‌. വാരാണസിയുടെ ആത്‌മീയനേതാവാണ്‌ ഇപ്പോഴും രാജാവ്‌. ഇവിടെ നിന്ന്‌ വ്യാസക്ഷേത്രത്തിലേക്ക്‌ തുരങ്കസമാനമായ ഒരു വഴിയുമുണ്ട്‌. വേദവ്യാസന്‍ വസിച്ചിരുന്നയിടമെന്നാണ്‌ ഐതീഹ്യം. മരം ധാരാളമായി ഉപയോഗിച്ചുള്ളതാണ്‌ ഈ കൊട്ടാരം.
ബനാറസ്‌ ഹിന്ദു യൂണിവേഴ്‌സിറ്റിയാണ്‌ ഇവിടത്തെ മറ്റൊരു പ്രധാനകേന്ദ്രം. 1916 ല്‍ മദന്‍ മോഹന്‍ മാളവ്യ പണി കഴിച്ചതാണ്‌ ഇത്‌. 24 ചതുരശ്രകി മീ നീണ്ടു കിടക്കുന്നു ഇത്‌. ഏഷ്യയിലെ ഏറ്റവും വലിയ റസിഡന്‍ഷ്യല്‍ യൂണിവേഴ്‌സിറ്റിയാണ്‌ ഇത്‌. അതിവിപുലമായ 60 ഹോസ്‌റ്റലുകളിലായി 20000 വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്നു.
11
വരുണ, അസി എന്നീ നദികള്‍ക്കിടയില്‍ ഉള്ളതു കൊണ്ടാണ്‌ വാരാണസി എന്ന പേര്‌ വന്നത്‌. ഇവിടേ നിന്ന്‌ തൊട്ടടുത്താണ്‌ ബുദ്ധരുടെ വിശ്വാസകേന്ദ്രമായ സാരനാഥ്‌. ഗൗതമബുദ്ധന്‍ ആദ്യമായി സാരോപദേശം നല്‍കിയ ഇടം. ചൈന, ടിബറ്റ്‌, തായ്‌ലന്റ്‌, ജപ്പാന്‍, മ്യാന്‍മര്‍, ശ്രീലങ്ക തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള ഭിക്ഷുക്കള്‍ ഇവിടെ കഴിയുന്നുണ്ട്‌. 1936 ല്‍ പണിത ഒരു ചൈനീസ്‌ ക്ഷേത്രമുണ്ട്‌ ഇവിടെ. ഏഷ്യന്‍ ബുദ്ധിസ്‌റ്റ്‌ അസോസിയേറ്റ്‌ പ്രസിഡന്റായിരുന്ന തി യു പണിതത്‌. പിന്നെയുമുണ്ട്‌ ഇവിടെ അനേകം ബുദ്ധക്ഷേത്രങ്ങള്‍. ശ്രീബുദ്ധന്റെ ഭൗതികാവശിഷ്‌ടം വഹിക്കുന്ന ബുദ്ധവിഹാരവുമുണ്ട്‌ ഇവിടെ. ബുദ്ധമതക്കാരുടെ നാല്‌ വിശുദ്ധസ്‌ഥലങ്ങളില്‍ ഒന്ന്‌ കൂടിയാണ്‌ സാരനാഥ്‌. ശ്രീബുദ്ധന്റെ ഭൗതികാവശിഷ്‌ടം വര്‍ഷത്തിലൊരിക്കല്‍ പുറത്തെടുക്കുകയും ചെയ്യും. ക്ഷേത്രോദ്യാനത്തിന്റെ ഒരു ഭാഗത്താണ്‌ വിശുദ്ധിയുടെ ബോധിവൃക്ഷവുമുള്ളത്‌. ശ്രീലങ്കയിലെ അനുരാധപുരയില്‍ നിന്നും 1931 ല്‍ കൊണ്ടുവന്നത്‌. ബുദ്ധന്റെ ബോധിവൃക്ഷത്തിന്റെ പിന്‍മുറക്കാരന്‍. അശോകചക്രവര്‍ത്തി പണിത സ്‌തൂപവുമുണ്ട്‌ ഇവിടെ. 


























Sunday, October 6, 2013

വെനീസ്‌,അഡ്രിയാറ്റികിലെ രാജ്‌ഞി


വെനീസ്‌,
അഡ്രിയാറ്റികിലെ രാജ്‌ഞി   


1

വെനീസിലെ ചരിത്രം സാന്‍ മാര്‍ക്‌സ്‌ സ്‌ക്വയറില്‍ ഉണര്‍ന്നു കിടക്കുന്നു എന്ന്‌ പറഞ്ഞാല്‍ തെറ്റില്ല. സഞ്ചാരികള്‍ക്ക്‌ വിസ്‌മയക്കാഴ്‌ചകളുടെ വിഭവസമൃദ്ധമായ വിരുന്നൊരുക്കുന്ന വെനീസിന്‌ ഏതാണ്ട്‌ ഒരു സഹസ്രാബ്‌ദമെങ്കിലും പഴക്കമുള്ള ചരിത്രമുണ്ട്‌. ഒരു കാലത്ത്‌ യൂറോപ്പിലെ ഏറ്റവും പ്രബലരാജ്യമായിരുന്ന വെനീസ്‌, അനേകം യുദ്ധക്കപ്പലുകളുണ്ടായിരുന്ന വെനീസ്‌, സൈപ്രസിനെ വരെ തങ്ങളുടെ അധീനതയിലാക്കിയിരുന്നു. ഇന്ന്‌ ഇറ്റലിയുടെ ഭാഗമായി അറിയപ്പെടുന്ന വെനീസ്‌ ഏതാണ്ട്‌ 118 ദ്വീപുകളാല്‍ സമ്പന്നമാണ്‌. അഡ്രിയാറ്റികിലെ രാജ്‌ഞി എന്നും സിറ്റി ഓഫ്‌ വാട്ടര്‍ എന്നും സിറ്റി ഓഫ്‌ ബ്രിഡ്‌ജസ്‌ എന്നും ഫ്‌ളോട്ടിങ്‌ സിറ്റി എന്നുമല്ലാം വെനീസിനു വിളിപ്പേരുകളുണ്ട്‌. ലോകത്തിലെ ഏറ്റവും പ്രണയാതുരമായ നഗരമായും വെനീസ്‌ കാഴ്‌ചാവസന്തമായി പെയ്‌തിറങ്ങുന്നു. അന്നുതൊട്ടിന്നോളം വെനീസിന്റെ പ്രധാനഭാഗം ഗ്രാന്റ്‌ കനാലാണ്‌. വാട്ടര്‍ ബസുകളായ വാവോ റെറ്റോ ഇതിനു ചുവട്ടില്‍ സഞ്ചാരികളേയും കൊണ്ടൊഴുകുന്നു, ഇന്ന്‌. വെനീസിന്റെ മാത്രമായ ഗൊണ്ടോളകള്‍ ചരിത്രത്തിന്റെ സ്വര്‍ണലിപികളുമായി യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. 60000 ആളുകള്‍ സ്‌ഥിരവാസികളായ ഈ നഗരത്തില്‍ ഏതാണ്ട്‌ അര ലക്ഷം വിനോദസഞ്ചാരികള്‍ ദിനം തോറും ഈ ചരിത്രത്തിനൊപ്പം ഒഴുകാന്‍ എത്തുന്നുവെന്നാണ്‌ കണക്കുകള്‍. 280 മരത്തടികള്‍ കൊണ്ടു നിര്‍മിക്കുന്ന ഗൊണ്ടോളകള്‍ വെനീസിന്റെ, ഏറ്റവും പ്രധാനയിടമായ സാന്‍ മാര്‍ക്‌ സ്‌ക്വയറിന്റെ ചരിത്രവഴികളിലേക്ക്‌ തന്നെയാണ്‌ നമ്മെ തുഴഞ്ഞെത്തിക്കുന്നത്‌.
നിരവധി ക്രിസ്‌തീയ ദേവാലയങ്ങളുള്ള ഇവിടം, എല്ലാം അഞ്ചും ആറും നൂറ്റാണ്ടുകളില്‍ പണി കഴിക്കപ്പെട്ടിട്ടുള്ളത്‌, ദേവാലയമുറ്റമെല്ലാം ഒരു ചെറുചത്വരമായി മാറിയിരിക്കുന്ന കാഴ്‌ച ആരെയും വിസ്‌മയിപ്പിക്കുന്നതാണ്‌. എല്ലാ സ്‌ക്വയറിന്റേയും ഒരറ്റം ഗ്രാന്റ്‌ കനാല്‍ തീരത്തേക്കെത്തി നില്‍ക്കുന്നു.
2
വെനീസിനു പകരം വയ്‌ക്കാനായി മറ്റൊരു നഗരവും ലോകത്തില്ല. 600 വര്‍ഷം മുമ്പത്തെ വെനീസ്‌ ഇന്നും വലിയ മാറ്റങ്ങളൊന്നുമില്ലാതെ നിലനില്‍ക്കുന്നുണ്ട്‌. പൗരാണികമന്ദിരങ്ങളില്‍ പലതും ജീര്‍ണിച്ചിട്ടുണ്ടെങ്കിലും അന്നും ഇന്നും ഗൊണ്ടോളകള്‍ക്കും കെട്ടിടങ്ങള്‍ക്കുമൊന്നും വലിയ മാറ്റമൊന്നുമുണ്ടായിട്ടില്ല. വെനീസിലെ ആദ്യത്തെ വലിയ പാലമായ റിയാല്‍റ്റോ ബ്രിഡ്‌ജിനു കുറുകെ ജീവിതം തളിര്‍ത്തും പൂത്തും നില്‍ക്കുന്നുണ്ടിന്നും.
1591 ലാണ്‌ ഈ പാലം പണിതിരിക്കുന്നത്‌. പാലത്തിന്റെ മധ്യത്തിലായി നിര്‍മിക്കപ്പെട്ട ആര്‍ച്ചിന്‌ ടൂറിസ്‌റ്റ്‌ ഡയറിയില്‍ എന്നും ഇഷ്‌ടസ്‌ഥാനമാണ്‌. 3800 മീറ്റര്‍ ആണ്‌ ഇതിനു നീളം. വെനീസില്‍ ഏറ്റവും കൂടുതല്‍ ക്യാമറയില്‍ പകര്‍ക്കപ്പെട്ടതും ഈ പാലം തന്നെ. ഗ്രാന്‍ഡ്‌ കനാല്‍ അഡ്രീയാറ്റിക്‌ കടലില്‍ ചെന്ന്‌ ലയിക്കുന്നു. ഗോണ്ടോളയില്‍, യാത്ര തുടരുമ്പോള്‍ സ്‌റ്റേഷനരികിലായി വെനീസിന്റെ ഹൃദയചത്വരത്തിലെത്തിച്ചേരും.
സെന്റ്‌ മാര്‍ക്‌ സ്‌ക്വയര്‍.
3
സെന്റ്‌ മാര്‍ക്‌ സ്‌ക്വയറിലെത്തുന്ന ആരെയും ആകര്‍ഷിക്കും വിധം തെളിഞ്ഞുനില്‍ക്കുന്നു, ഒരു ഭാഗത്ത്‌ കംപനീല്‍ എന്ന സെന്റ്‌ മാര്‍ക്‌സ്‌ ബസലിക്കയുടെ പ്രസിദ്ധമായ മണിഗോപുരം. 98.6 മീറ്റര്‍ ഉയരമുള്ളത്‌. 12 മീറ്റര്‍ വീതി. 1912 ലാണ്‌ ഈ മണിഗോപുരം പണിതത്‌. വര്‍ഷം മുഴുവന്‍ സഞ്ചാരികള്‍ നിറഞ്ഞ പൂരപ്പറമ്പായി ഇതു മാറുന്നു. വെനീസിന്റെ ഹൃദയം. 1514 മുതല്‍, ഡൊമിനിക്കോ മൊറേസിനിയുടെ കാലത്ത്‌, ഇതേ ഉയരത്തില്‍ മറ്റൊരു മണിഗോപുരം ഒരു ലൈറ്റ്‌ ഹൗസെന്ന വിധത്തില്‍, മാനം മുട്ടുന്ന വിധം ഇവിടെ ഉണ്ടായിരുന്നെങ്കിലും 1902 ല്‍ അത്‌ നിലംപൊത്തിയതിനെത്തുടര്‍ന്നാണ്‌ ഈ മണി ഗോപുരം പണി കഴിച്ചത്‌. മുമ്പ്‌ തീപിടുത്തത്തില്‍ സാരമായി കേടുപാടുകള്‍ സംഭവിച്ചിരുന്ന ഇതിന്റെ വടക്കുഭാഗം 1902 ജൂലൈ 14 തിങ്കളാഴ്‌ച 9 45 ന്‌ തകര്‍ന്നു വീഴുകയായിരുന്നു. എന്നും പ്രാവുകള്‍ ഈ മണിഗോപുരങ്ങള്‍ക്കു ചുറ്റും പറന്നിറങ്ങുന്നതു കാണാം. 16 നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച കെട്ടിടങ്ങളും ഇതിനു ചുറ്റുമുണ്ട്‌. നിരവധി ഷോപ്പുകളും ഭോജനശാലകളും ഇവിടം കൈയടക്കിയിട്ടുണ്ട്‌, ഇന്ന്‌. ഏത്‌ കലാകാരനേയും പ്രോത്‌സാഹിപ്പിച്ചു കൊണ്ട്‌ സദാസമയം ഓര്‍ക്കസ്‌ട്രയും മുഴങ്ങും. പാട്ടും നൃത്തവുമായി ഒരു തെരുവ്‌.
17 നിലകള്‍ കയറിയാല്‍ മണിഗോപുരത്തിന്റെ മട്ടുപ്പാവിലെത്താം. ഇവിടെ നിന്ന്‌ വെനീസ്‌ എന്ന ഭൂമിയിലെ സ്വര്‍ഗത്തിന്റെ ദൃശ്യങ്ങള്‍ കണ്‍കുളിര്‍ക്കെ ആസ്വദിക്കാം. ചുവന്ന�മേല്‍ക്കൂരയുള്ള കെട്ടിടങ്ങള്‍, ദേവാലയങ്ങള്‍, അഡ്രിയാറ്റിക്‌ കടലിന്റെ നീലിമ, ചിതറിക്കിടക്കുന്ന ദ്വീപുകള്‍, 2000 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മുക്കുവന്‍മാര്‍ വസിച്ചിരുന്ന തുരുത്തുകള്‍..
ഈ മുക്കുവരും മെയിന്‍ലാന്റില്‍ നിന്ന്‌ കുടിയേറിയെത്തിയവരും ചേര്‍ന്നാണ്‌ 1500 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ വെനീസ്‌ നഗരം പണിതത്‌. പ്രബലരായ പ്രഭുക്കന്‍മാര്‍ ഈ നഗരം ഭരിച്ചു. ആഫ്രിക്കയില്‍ നിന്നൈത്തിയ അടിമകളെ നിയോഗിച്ച്‌ സൈന്യം ശക്‌തിപ്പെടുത്തി. അന്ന്‌ സൈനികപരേഡുകള്‍ക്ക്‌ സാക്ഷ്യം വഹിച്ചു, ഈ സാന്‍ മാര്‍ക്‌ ചത്വരം.
4
എല്ലാ വര്‍ഷവും ഏപ്രില്‍ 25 നാണ്‌ വെനീസിലെ സെന്റ്‌ മാര്‍ക്‌സ്‌ ഡേ. അന്ന്‌ താനിഷ്‌ടപ്പെടുന്ന പെണ്‍കുട്ടിക്ക്‌ റോസാപ്പൂ കൊടുക്കും കാമുകഹൃദയങ്ങള്‍. അതിനു പിന്നിലും ഒരു കഥയുണ്ട്‌. 8 നൂറ്റാണ്ടില്‍ സഫലമാവാതെ പോയ ഒരു പ്രണയത്തിന്റെ ദുരന്തകഥ. തന്നേക്കാള്‍ താഴേക്കിടയിലുള്ള ഒരു കുടുംബത്തിലെ പെണ്‍കുട്ടിയുമായി വെനീസിലെ ഒരു പ്രഭുകുമാരന്‍ പ്രണയത്തിലായി. അവരുടെ പ്രണയം സാക്ഷാത്‌കരിക്കപ്പെടുന്നതിനു മുമ്പേ പ്രഭുകുമാരന്‌ യുദ്ധത്തില്‍ പങ്കെടുക്കേണ്ടി വന്നു. യുദ്ധത്തില്‍ മാരകമായി മുറിവേറ്റ പ്രഭുകുമാരന്‍, മരണാസന്നനായി കിടക്കവേ, തന്റെ രക്‌തത്തില്‍ മുങ്ങിയ ഒരു റോസാപ്പൂ കാമുകിക്ക്‌ നല്‍കാനായി അനുയായിയെ ഏല്‍പ്പിച്ചത്രേ. ആയൊരു ഓര്‍മയാണത്രേ സെന്റ്‌ മാര്‍ക്‌സ്‌ ഡേയില്‍ വെനീസിലെ കാമുകഹൃദയങ്ങള്‍ വീണ്ടും അയവിറക്കുന്നത്‌.
5
സെന്റ്‌ മാര്‍ക്‌ സ്‌ക്വയറിലെ പ്രധാനദേവാലയമാണ്‌ സാന്താ മരിയ ഡെല്ലാ സല്യൂട്ടെ. പ്ലേഗിനെതിരെ വഴിപാടായി പണിത ദേവാലയം. വെനീസ്‌ ദ്വീപിന്റെ പടിഞ്ഞാറേ അതിരാണിത്‌. വെനീസിന്റെ പടിപ്പുര. അഡ്രിയാറ്റിക്‌ കടലില്‍ പിന്നെയുമുണ്ട്‌ ദ്വീപുകള്‍. സാന്‍ ജോര്‍ജിയോ മാഗിയോര്‍ എന്ന ദ്വീപില്‍ 1200 വര്‍ഷം മുമ്പ്‌ പണിത സാന്‍ ജോര്‍ജിയ എന്ന ദേവാലയവുമുണ്ട്‌ നാഴികക്കല്ലായി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടസൗന്ദര്യം ഇവിടം അലങ്കരിക്കുന്നു. എ ഡി 790 ലാണ്‌ ഈ ദേവാലയം പണി കഴിപ്പിച്ചതെന്ന്‌ പറയപ്പെടുന്നു. ഇന്നു കാണുന്ന രീതിയില്‍ അത്‌ പുതുക്കിപ്പണിതത്‌ 1610 ലാണ്‌. സാന്‍ മാര്‍ക്‌ സ്‌ക്വയറിന്റ നാലാം കുരിശുയുദ്ധകാലത്ത്‌ കോണ്‍സ്‌റ്റാന്റിനോപ്പിളില്‍ നിന്നും കടത്തിക്കൊണ്ടു വന്ന ഏക്കര്‍ വില്ലേഴ്‌സ്‌ എന്നു പേരുള്ള 2 വലിയ സ്‌തംഭങ്ങള്‍ കാണാം. ഒരുകാലത്ത്‌ സ്വവര്‍ഗപ്രേമികളേയും കുറ്റവാളികള്‍ക്കും പരസ്യമായ ശിക്ഷ ഇവിടെ നിന്ന്‌ നല്‍കിയിരുന്നു. ഈ സ്‌തംഭങ്ങള്‍ക്കിടയില്‍ അവരുടെ ശവശരീരങ്ങള്‍ തൂങ്ങിയാടിയിരുന്നു. തെരുവിലേക്ക്‌ കുതിക്കാനൊരുങ്ങുന്ന വിധം ബ്ലാക്ക്‌ കുതിരകളുടെ രൂപവുമുണ്ട്‌ ഇവിടെ. 1736 ല്‍ സ്‌ഥാപിക്കപ്പെട്ടത്‌. 1797 ല്‍ നെപ്പോളിയന്‍ ഇതുമായി പാരീസിലേക്കു പോയി. 1815 ്‌ വീണ്ടും ഇത്‌ തിരികെയെത്തി. ഇപ്പോള്‍ അതിന്റെ സമാനമായ കുതിരകളുടെ പ്രതിമകളാണ്‌ ഉള്ളത്‌, തെരുവില്‍. സെന്റ്‌ മാര്‍കിന്റെ ചിഹ്‌നമായിരുന്ന ചിറകുകളുള്ള സിംഹവും പ്രതിമരൂപത്തില്‍ ഇവിടെ കാണാം. മറ്റൊരതിരില്‍ 700 വര്‍ഷം പഴക്കമുള്ള ഭരണാധികാരികളുടെ കൊട്ടാരവും. കടല്‍ത്തീരത്തു കൂടിയുള്ള കൊട്ടാരനടപ്പാതയിലാണ്‌ ചരക്കുമായി അടിമകളുടെ പായ്‌ക്കപ്പല്‍ തീരമടഞ്ഞിരുന്നത്‌.
6

അഞ്ച്‌ മണികളുള്ള, ചില പ്രത്യേകസമയങ്ങളില്‍ മാത്രം മുഴങ്ങാറുള്ള നാഴിക മണിഗോപുരത്തിന്‌ ചരിത്രം ഏറെ പറയാനുണ്ട്‌. ചത്വരത്തില്‍ വെച്ച്‌ ശിക്ഷ നടപ്പാക്കുന്നത്‌ അറിയിക്കാനൊരു മണി, സെനറ്റ്‌ സമ്മേളിക്കുന്നത്‌ വിളംബരം ചെയ്യാന്‍, ദിവസത്തിന്റെ മധ്യാഹ്‌നത്തില്‍ മുഴങ്ങാന്‍, സ�ഭാ കൗണ്‍സില്‍ മീറ്റിങ്ങ്‌ അറിയിക്കാന്‍, തൊഴില്‍ ദിവസത്തിന്റെ തുടക്കവും ഒടുക്കവും അറിയിക്കാന്‍ വലിയ മണി..
17 നൂറ്റാണ്ടില്‍ ശാസ്‌ത്രഞ്‌ജനായ ഗലീലിയോ താന്‍ നിര്‍മിച്ച ദൂരദര്‍ശിനിയുടെ പ്രവര്‍ത്തനം അധികാരികള്‍ക്ക്‌ കാട്ടിക്കൊടുത്തതും ഈ ഗോപുരത്തില്‍ നിന്നാണ്‌.
ബൈസന്റയിന്‍ വാസ്‌തുകലയുടെ മകുടോദാഹരണമാണ്‌ ഇവിടത്തെ ശില്‍പകലകളും ദേവാലയവുമല്ലാം. വലിയൊരു ദേവാലയത്തിന്റെ ഭാഗമായ 15 നൂറ്റാണ്ടില്‍ പണിത ക്ലോക്ക്‌ ടവറുണ്ട്‌ ഇവിടെ. സഞ്ചാരികളുടെ ഹരം. 2006 ല്‍ ഒന്ന്‌ നവീകരിച്ചു ഇത്‌. വെനീസിന്റെ പ്രൗഡിയും സമ്പത്തും വിളിച്ചോതുന്ന നിര്‍മിതി.
7
മനോഹരമായ മറ്റൊരു മന്ദിരമാണ്‌ കൊട്ടാരമായ പാലസ്‌ ഓഫ്‌ ഡോജസ്‌. വെനീസ്‌ റിപ്പബ്ലിക്കിന്റെ പരമോന്നത ന്യായാധിപനും രാഷ്‌ട്രത്തലവനുമായ ഡോജ്‌ എന്നറിയപ്പെടുന്ന ഭരണാധികാരി പാര്‍ക്കുന്നിടം. 1300 വര്‍ഷം മുമ്പ്‌ തന്നെ ഡോജുകളായിരുന്നു വെനീസിന്റെ ഭരണകര്‍ത്താക്കള്‍. നാട്ടിലെ ഏറ്റവും ശക്‌തരായ കുടുംബങ്ങളില്‍ നിന്നാണ്‌ ഡോജുകളെ തിരഞ്ഞെടുക്കുക. അവരെ തിരഞ്ഞെടുത്താല്‍ നാട്ടുകാര്‍ക്കു മുന്നില്‍ ഇങ്ങനെയുള്ള ഉപ്വാചകങ്ങളോടെ അവതരിപ്പിക്കും. ദിസ്‌ ഈസ്‌ യുവര്‍ ഡോജ്‌, ഈഫ്‌ ഇറ്റ്‌ പ്ലീസ്‌ യു.. ദീര്‍ഘകാലം ഈ ചടങ്ങ്‌ നിലനിന്നെങ്കിലും 1423 ല്‍ ഫ്രാന്‍സെസ്‌കോ ഫോര്‍സ്‌കാരി എന്ന ഡോജാണ്‌ ജനാധിപത്യത്തില്‍ നിന്നും ഏകാധിപത്യത്തിന്റെ ഉപവാചകങ്ങളിലേക്ക്‌ ആ ഉപമ മാറ്റിയത്‌. അതോടെ നാട്ടുകാര്‍ക്കു മുന്നില്‍ യുവര്‍ ഡോജ്‌ എന്ന അധികാരിയായി. അവരുടെ സന്തോഷം അധികമൊന്നുമില്ലാതെ.
1309 മുതല്‍ ഏതാണ്ട്‌ ഒരു നൂറ്റാണ്ടെങ്കിലുമെടുത്തു ഡോജിന്റെ ഇന്നു കാണുന്ന കൊട്ടാരത്തിന്റെ പണി പൂര്‍ത്തിയാക്കാന്‍. പണ്ട്‌ കോടതിയും ജയിലും ഭരണാധികാരിയുടെ വാസസ്‌ഥലവുമൊക്കെയായിരുന്നു ഇത്‌. മരണമടഞ്ഞ ഡോജുകളെയെല്ലാം സെന്റ്‌ മാര്‍ക്‌ ബസലിക്കയിലാണ്‌ അടക്കം ചെയ്യുക. അതുകൊണ്ടുകൂടിയാവാം നെപ്പോളിയന്‍ ബോണപ്പാര്‍ട്‌ ഇതിനെ ദി ഡ്രോണിങ്‌ റൂം ഓഫ്‌ യൂറോപ്പ്‌ എന്നു വിളിച്ചതും.

8
സാന്‍ മാര്‍ക്‌ സ്‌ക്വയറിണെ ഒരറ്റം ഗൊണ്ടോളകളാല്‍ നിറഞ്ഞ അഡ്രിയാറ്റിക്‌ തീരത്തേക്ക്‌ നീളും. ഇതിന്റെ തീരത്ത്‌ അനേകം ചിത്രകാരന്‍മാര്‍ എന്നും റോന്ത്‌ ചുറ്റും. അവരുടെ രചനകളിലെ ഇഷ്‌ടവിഷയവും വെനീസ്‌ തന്നെ. പിന്നെ മിനിറ്റുകള്‍ക്കകം കാരിക്കേച്ചര്‍ വരയ്‌ക്കുന്നവരും. 1887 സ്‌ഥാപിച്ച ഇറ്റലിയിലെ ആദ്യരാജാവായ ഇമ്മാനുവല്‍ രണ്ടാമന്റെ പ്രതിമയും കാണാം. അതിനുമരികിലെ തെരുവിലേക്കിറങ്ങിയാല്‍ (സാന്‍ സക്കറിയ തെരുവ്‌) നമ്മള്‍ ഒരു പക്ഷേ, ഒരറുനൂറ്‌ വര്‍ഷം പിന്നിലേക്കാണെത്തിച്ചേരുക. പഴഞ്ചന്‍ കെട്ടിടങ്ങള്‍, ഇടയ്‌ക്ക്‌ കനാലുകള്‍, ചെറുപാലങ്ങള്‍, വ്യാപാരസ്‌ഥാപനങ്ങള്‍, ഭോജനശാലകള്‍.. എങ്കിലും വൃത്തിഹീനമായ രൂപത്തിലാവാതെ അവയെല്ലാം സംരക്ഷിച്ചു നിര്‍ത്തപ്പെട്ടിരിക്കുന്നു. ഒരുതരം ക്ലാസിക്‌ അനുഭവങ്ങളുടെ കാഴ്‌ചകളും സ്‌പന്ദനങ്ങളും നമ്മിലറിയാതെ രൂഢമൂലമാവും.
ചരിത്രത്തിലേക്ക്‌ തിരികെ തന്നെ എത്തുന്ന കാഴ്‌ചകള്‍.
ആയിരം വര്‍ഷം മുമ്പ്‌ ഇവിടെയൊരു മാര്‍ക്കറ്റ്‌ തുടങ്ങിയതോടു കൂടിയാണ്‌ തിരക്കുകള്‍ തുടങ്ങിയത്‌. പല നാടുകളില്‍ നിന്ന്‌ വര്‍ത്തകസംഘം വന്നു നിറഞ്ഞതോടെ നാടാകെ മാറി. തിരക്കേറിയ വാണിജ്യത്തിന്റെ നാളുകളില്‍ 1514 ല്‍ ഉണ്ടായ ഒരു അഗ്‌നിബാധയില്‍ ഇവിടെ ആദ്യമുണ്ടായിരുന്ന കെട്ടിടങ്ങളില്‍ പലതും കത്തി നശിച്ചു. 16 നൂറ്റാണ്ടില്‍ നിര്‍മിച്ച കെട്ടിടങ്ങളില്‍ പലതും ഇന്ന്‌ സുവനീര്‍ ഷോപ്പുകളും ആര്‍ട്‌ ഗാലറികളും മ്യൂസിയങ്ങളുമാണ്‌. കാവെസാരോ എന്ന ബോര്‍ഡില്‍ മോഡേണ്‍ ആര്‍ട്‌ മ്യൂസിയവും ഓറിയന്റല്‍ ആര്‍ട്‌ മ്യൂസിയവും കാണാം. ബൈസന്റയിന്‍ കാലത്ത്‌ നിര്‍മിച്ച നാച്ചുറല്‍ ഹിസ്‌റ്ററി മ്യൂസിയവുമുണ്ട്‌.  













Tuesday, September 10, 2013

അഡാലജ്‌ പടിക്കിണറുകള്‍

അഡാലജ്‌ പടിക്കിണറുകള്‍

ഗുജറാസ്ഥിന്റെ തലസ്‌ഥാനമായ ഗാന്‌ധിനഗറിന്റെ നാഗരികതയുടെ പൊലിമയില്‍ നിന്നും ഗ്രാമീണ ഇന്ത്യന്‍ കാഴ്‌ചകളിലേക്ക്‌ നൊടിയിടകൊണ്ട്‌ എത്തിച്ചേരണമെങ്കില്‍, അഡാലജ്‌ എന്ന ചെറുഗ്രാമത്തിലെത്തിയാല്‍ മതി.
കാലികള്‍ മേയുന്ന മണ്ണിന്റെ നിറമുള്ള ഗ്രാമം. അങ്ങാടികള്‍ അരികില്‍ അഡാലജ്‌ പടിക്കിണറും.









ഒപ്പിടെടാ പട്ടി തെണ്ടി നായിന്റെ..


ഒപ്പിടെടാ പട്ടി തെണ്ടി നായിന്റെ..

മലയാളി മനസില്‍ നിറഞ്ഞു നില്‍ക്കുന്ന സിനിമാകോമഡിസീനുകള്‍ പലതുണ്ട്‌. പക്ഷേ, അവയില്‍ ഇന്നസെന്റിന്റെ സാന്നിധ്യം കൂടിയാവുമ്പോള്‍ നിറം കൂടുകയും ആഴത്തില്‍ വേരൂന്നുകയും ചെയ്യുന്നു. സ്‌ക്രീനിലെ അഭിനയമികവിനു മുന്നില്‍ നമ്മള്‍ പൊട്ടിച്ചിരിച്ച്‌ നമോവാകം ചെയ്‌ത ഈ രംഗം മിഥുനം എന്ന ചിത്രത്തിലേതാണ്‌. പറയുന്നത്‌ ഇച്ചിരി എഡിറ്റു ചെയ്യേണ്ട കാര്യമാണെങ്കിലും ഇന്നച്ചന്‍ കോമഡികളില്‍ എനിക്കേറ്റവും ഇഷ്‌ടം ഈ സിനിമയിലെ വേഷം തന്നെ. 



ഐ എസ്‌ ഐ മാര്‍ക്കെവിടെ?
സൂക്ഷിച്ച്‌ നോക്ക്‌ സാറേ. അപ്പോ കാണും.
സാറേ, ഇത്‌ ഡല്‍ഹീന്നു കൊണ്ടുവന്ന ബെസ്‌റ്റ്‌ സ്വിച്ചാണ്‌ സാര്‍.
ഐ എസ്‌ഐ മാര്‍ക്ക്‌ നിര്‍ബന്ധമാണ്‌.
മോന്തയ്‌ക്കൊന്നു കൊടുത്തിട്ട്‌ കണ്ണാടി എടുത്ത്‌ കാണിച്ചു കൊടുക്കെടാ. അപ്പോ കാണും മാര്‍ക്ക്‌..
അതൊക്കെ പോട്ടെ. കേബിള്‍സൊക്കെ ഏതാ? ആര്‍വൈഡ്‌ അല്ലേ?
അതേ സാര്‍..
ഇല്ലെങ്കില്‍ നീ എന്തു ചെയ്യും? നീ മിണ്ടരുത്‌.
ലൈറ്റിനും മെഷീനിനും ഒക്കെ ഒരേ കണക്ഷനാണോ?
അത്‌ ഇതിനെടേല്‌..
അത്‌ പാടില്ലെന്ന്‌ അറിഞ്ഞുകൂടേ? ഇത്‌ ഞാന്‍ സമ്മതിക്കില്ല.
സമ്മതിച്ചില്ലേല്‍ താനിവിടുന്ന്‌ പോവില്ല.
ഇയാളാരാ?
സാര്‍, ഒരു വഴിപോക്കനാണ്‌. സാര്‍.
അല്ല, ഞാനിവന്റെ ചേട്ടനാണ്‌.
അതെന്റെ കുറ്റമല്ല.
ഞാന്‍ സാറ്റിഷ്‌ഫൈഡല്ല.
ഇയാളുടെ കാര്യത്തിലോ, വയറിങ്ങിന്റെ കാര്യത്തിലോ?

രണ്ടിലും. എല്ലാം ചേഞ്ച്‌ ചെയ്യണം.
സാര്‍, പ്ലീസ്‌ ഞാന്‍ പറയട്ടെ.. സാര്‍ ഇത്തവണ..


നിക്ക്‌ നിക്ക്‌ നില്‍ക്ക്‌? മര്യാദയ്‌ക്ക്‌ പരിശോധിച്ച്‌ ഒപ്പിടുന്നതാ നല്ലത്‌. (ഇതിനിടെ പിടിച്ചുവയ്‌ക്കാന്‍ ശ്രമിക്കുന്ന സേതുവിനെ തള്ളിമാറ്റിക്കൊണ്ട്‌) ചുമ്മാതിരിയെടാ.. എന്തെങ്കിലും കാരണം പറഞ്ഞ്‌ തടസമുണ്ടാക്കലാ ഇവരുടെ സ്‌ഥിരം പരിപാടി.
വഴീന്നു മാറെടാ?
ഇല്ലെങ്കില്‍ നീയെന്നെ സസ്‌പെന്‍ഡ്‌ ചെയ്യുമോടാ? ഒപ്പിടെടാ പട്ടീ..


എന്താ പറഞ്ഞത്‌?
ഒപ്പിടെടാ പട്ടി തെണ്ടി നായിന്റെ മോനേ..
( എന്‍ജിനീയറുടെ കരണത്ത്‌ ആഞ്ഞടിക്കുന്നു.) 

Monday, September 9, 2013

മോയിന്‍ കുട്ടി വൈദ്യരുടെ പാട്ട്‌ കോളര്‍ ട്യൂണാക്കണം!

മോയിന്‍ കുട്ടി വൈദ്യരുടെ പാട്ട്‌ കോളര്‍ ട്യൂണാക്കണം!




ഗ്രീറ്റിങ്‌, പ്രോബിങ്‌, കണ്‍ക്ലൂഷന്‍ തുടങ്ങി കസ്‌റ്റമേര്‍സിന്റെ വിളികള്‍ അറ്റെന്‍ഡ്‌ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില സ്‌റ്റെപ്പുകളുണ്ട്‌ കോള്‍ സെന്ററില്‍. മൈസൂരില്‍, റെയില്‍വേയുടെ കോള്‍ സെന്ററില്‍ ജോലി ചെയ്‌തിരുന്ന വിപിനേയും തേടി പലപ്പോഴും ഒരു വ്യത്യസ്‌ത കോള്‍ വരാറുണ്ട്‌. കോള്‍ അറ്റെന്‍ഡ്‌ ചെയ്‌തയുടനെ നമസ്‌കാരം, ഇന്ത്യന്‍ റെയില്‍വേയിലേക്ക്‌ സ്വാഗതം എന്ന്‌ ഗ്രീറ്റിങ്‌ നല്‍കുമ്പോഴേ അപ്പുറത്തെ കസ്‌റ്റമര്‍ പാട്ടുപാടാന്‍ തുടങ്ങും. �സ്വര്‍ഗഗായികേ ഇതിലേ ഇതിലേ...� പുള്ളി യേശുദാസിന്റെ കടുത്ത ആരാധകനാണ്‌. ഒന്നും മിണ്ടാതായാല്‍ �അതിലേയില്ലേ? ഏയ്‌ നിങ്ങളവിടെയില്ലേ�ന്ന്‌ ചോദിക്കും. നമ്മളൊന്നു മുരടനക്കിയാല്‍ മതി 1960 മുതല്‍ 2012 വരെയുള്ള യേശുദാസ്‌ ഹിറ്റ്‌സ്‌ മുഴുവനും പാടിക്കേള്‍പ്പിക്കുമെന്ന വാശിയാണ്‌. �ഇത്ര സമയത്തിനുള്ളില്‍ ഫോണ്‍ വിളിച്ചവന്‌ തൃപ്‌തികരമായ രീതിയില്‍ മറുപടി പറഞ്ഞ്‌ കോളുകള്‍ നിര്‍ത്തണമെന്നാണ്‌. എത്രയും പെട്ടെന്നു തീര്‍ക്കുന്നോ അത്തരക്കാര്‍ക്കാണ്‌ അപ്രീസിയേഷനും ഗുഡ്‌ സര്‍ട്ടിഫിക്കറ്റുമല്ലാം. ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ പറ്റുമോ? സീറ്റു കിട്ടുമോ എന്നൊക്കെ വിളിച്ച്‌ ചോദിക്കുന്നവരുണ്ട്‌. സീറ്റ്‌ ഓകെയാക്കിത്തരാന്‍ ശകലം കൈമടക്കും വാഗ്‌ദാനം ചെയ്യുന്നോരുണ്ട്‌.. ചിലര്‍ വിളിച്ച്‌ എയര്‍ടെല്‍ കസ്‌റ്റമര്‍ കെയറാണോ എന്ന്‌ ചോദിക്കും. അല്ലെന്ന്‌ പറഞ്ഞാല്‍ പിന്നെ വോഡഫോണായി, ഡോക്കോമോയായി.. നമ്മള്‌ കുറേ പ്രാവശ്യം റെയില്‍വേയുടെയാണെന്ന്‌ പറഞ്ഞാലും ചോദ്യങ്ങള്‌ നിര്‍ത്തില്ല.. കസ്‌റ്റമറെ തൃപ്‌തിപ്പെടുത്താതെ ഫോണ്‍ കട്ട്‌ ചെയ്യാനും പറ്റില്ലല്ലോ?� വിപിനിന്റെ അനുഭവസാക്ഷ്യം.
ഇനി മറ്റൊരു അനുഭവത്തിലേക്ക്‌.


ലൊക്കേഷന്‍ കോഴിക്കോട്‌ കുടുംബകോടതി. ഒരു വിവാഹമോചനകേസിന്‌ വിധി പറയാനൊരുങ്ങുകയാണ്‌ ജഡ്‌ജി. തന്റേതല്ലാത്ത കാരണത്താല്‍ വിവാഹമോചിതയാവാന്‍ പോവുന്ന പെണ്‍കുട്ടി കണ്ണീരിലും മൂക്ക്‌ പിഴിച്ചിലിലും ദു:ഖത്തിലുമായി നില്‍ക്കുമ്പോഴാണ്‌ മൊബൈല്‍ ഫോണില്‍ ടോണ്‍ മുഴങ്ങിയത്‌. എടുത്തപ്പോള്‍ കേള്‍ക്കുന്നത്‌ �നിങ്ങള്‍ക്ക്‌ പറ്റിയ ജീവിതപങ്കാളിയെ കണ്ടെത്താന്‍ ഈ നമ്പറിലേക്കു വിളിക്കൂ� എന്ന കാതരമായ സ്വരം. പേരു പറയരുതെന്ന അഭ്യര്‍ഥനയോടെ അനുഭവത്തിന്റെ വെള്ളിവെളിച്ചത്തെക്കുറിച്ചു ഇന്നു പറയുമ്പോള്‍ അവളുടെ മുഖത്ത്‌ വിധിയേക്കാളേറെ വിരോധാഭാസം നിറഞ്ഞ ഫോണ്‍ കോളിലെ മറിമായം. തിരക്കുള്ള സമയത്ത്‌ കസ്‌റ്റമര്‍ കെയറില്‍ നിന്നും തിരിച്ചും കമ്പനി പ്രമോഷന്‍ വകയും വരുന്ന വിളികളിലെ തമാശകളെക്കുറിച്ച്‌ പറയുന്നു, കേരളം.


ബ്യൂട്ടിഫുള്‍ യങ്‌ ലേഡി ഈസ്‌ വെയിറ്റിങ്‌ ഫോര്‍ യുപാലക്കാട്‌ ആലക്കോടുള്ള പ്ലസ്‌ടു അധ്യാപകനായ സുനിലിനു പറയാനുള്ളത്‌ ഈയിടെ മൊബൈലില്‍ വന്ന ഒരു എസ്‌ എം എസ്‌ അമ്മ എടുത്തുനോക്കിയതുമായി ബന്ധപ്പെട്ട കഥ. രാവിലെ തിരക്കില്‍ ഒരുങ്ങുമ്പോഴാണ്‌ മെസേജ്‌ ടോണ്‍. മേശപ്പുറത്ത്‌ വെച്ച ഫോണിനടുത്തായി ഇരുന്ന്‌ ഭക്ഷണം കഴിക്കുകയാണ്‌ അമ്മ. ടോണ്‍ കേട്ട്‌ അമ്മയോടൊന്ന്‌ എടുത്ത്‌ നോക്കാന്‍ പറഞ്ഞതും സുനില്‍ തന്നെ. ഫോണെടുത്ത്‌ നോക്കിയ അമ്മ മെസേജ്‌ വായിച്ചു തുടങ്ങി: ബ്യൂട്ടിഫുള്‍ യങ്‌ ലേഡി ഈസ്‌ വെയിറ്റിങ്‌ ഫോര്‍ യു.. നിനക്ക്‌ പിന്നേം കെട്ടണം അല്ലേടാ. മക്കള്‌ രണ്ടായില്ലേ? ആരാടാ ആ ബ്യൂട്ടിഫുള്‍ യങ്‌ ലേഡി? പറ.. വളരെ പ്രധാനമായ ഒരു മള്‍ട്ടി കോംപ്ലക്‌സ്‌ കെട്ടിടത്തിന്റെ പ്ലാനിങ്ങും മറ്റും നടക്കുന്നതിനിടയിലാണ്‌ എന്‍ജിനീയറായ അരുണിന്‌ വിളി വരുന്നത്‌. അരികില്‍ ക്ലൈന്റും മറ്റുമുണ്ട്‌. ഫോണെടുക്കണോ വേണ്ടയോ എന്ന്‌ മൂന്നാലുവട്ടം ചിന്തിച്ചു. ഒടുവില്‍ എടുത്തപ്പോള്‍ അപ്പുറത്തു നിന്നു മറുപടിയൊന്നുമില്ല. മൂന്നാലു വട്ടം ഹലോ ഹലോ എന്നു ചോദിച്ചപ്പോള്‍ അപ്പുറത്തു നിന്ന്‌ ഒരു കസ്‌റ്റമര്‍ കെയറുകാരി �ആറ്റുമണല്‍പായയില്‍� റിംഗ്‌ ടോണു വേണോ എന്നു ചോദിക്കുന്നു. �ഫോണെടുത്ത്‌ അടുത്തുള്ള ഏതെങ്കിലും കായലില്‍ വലിച്ചെറിഞ്ഞാലോ എന്ന്‌ തോന്നി..� അരുണ്‍ പറയുന്നു.
ഏതാണ്ട്‌ സമാനമായ അനുഭവം തന്നെയാണ്‌ സോഫ്‌റ്റ്‌ വെയര്‍ എന്‍ജിനീയറായ സറീനയ്‌ക്കും കൂട്ടുകാരികള്‍ക്കും മുമ്പ്‌ ബാംഗ്ലൂരില്‍ പഠിക്കുമ്പോഴും ഉണ്ടായത്‌. തിരക്കുള്ള ട്രാഫിക്കില്‍, സ്‌കൂട്ടിയില്‍ കോളേജില്‍ പോവുമ്പോഴാവും ഫോണ്‍ കോളുകള്‍ വരിക. ക്യാംപസ്‌ ഇന്റര്‍വ്യൂ കഴിഞ്ഞ്‌ നില്‍ക്കുകയായതിനാല്‍, കമ്പനികള്‍ റിസല്‍റ്റ്‌ പറഞ്ഞ്‌ കൊത്തിക്കൊണ്ട്‌ പോവാന്‍ വിളിക്കുകയാണെന്ന്‌ കരുതി, കഷ്‌ടപ്പെട്ട്‌ റോഡിനൊരുവശം നിര്‍ത്തി അറ്റെന്‍ഡ്‌ ചെയ്യുമ്പോഴായിരിക്കും പണി കിട്ടിയതറിയുക. കേള്‍ക്കുമ്പോഴേ അലര്‍ജി തോന്നുന്ന കന്നട പാട്ട്‌ കോളര്‍ ട്യൂണാക്കണോ എന്നായിരിക്കും ചോദ്യം. പിന്നെയുമുണ്ട്‌; ക്ലാസിനിടയില്‍ റിംഗ്‌ അടിച്ചാല്‍ കഷ്‌ടപ്പെട്ട്‌ ടീച്ചേര്‍സ്‌ കാണാതെ ഡെസ്‌ക്കില്‍ കിടന്നും തല പൂഴ്‌ത്തിയും അറ്റെന്‍ഡ്‌ ചെയ്യുമ്പോഴാവും അറിയുക. ദേ കിടക്കുന്നു, വീണ്ടും കന്നട പാട്ട്‌!


സാറേ, ഒരു രണ്ട്‌ മിനിറ്റ്‌..പരീക്ഷാ ഹാളില്‍ കുട്ടികളുടെ ഓരോ തിരിയലും മറിയലും നോക്കുന്നതിനിടയിലായിരിക്കും അഴീക്കോട്ടെ അധ്യാപകനായ അബ്‌ദുല്‍ ഹക്കീമിന്റെ ഫോണ്‍ വൈബ്രേറ്റ്‌ ചെയ്യുക. ഡാറ്റ കളക്ഷന്‍ ആവും കാര്യം. വളരെ എക്‌സ്‌ട്രാഡീസന്റ്‌ ആയി �സാറേ, ഒരു രണ്ടു മിനിറ്റ്‌� എന്നു തുടങ്ങുന്ന ഡാറ്റ കലക്ഷന്‍ ചിലപ്പോള്‍ അര മണിക്കൂറായാലും നില്‍ക്കില്ല. നമ്മള്‍ മാന്യത വിചാരിച്ച്‌ ഓകെ പറഞ്ഞതാണ്‌ പ്രശ്‌നമായത്‌. �എന്നാ ശരി, വെക്കട്ടെ എന്ന്‌ ചോദിക്കുമ്പോള്‍ ആയില്ല സാറേ എന്ന്‌ പറഞ്ഞ്‌ അവര്‍ ചോദ്യാവലി മുഴുവന്‍ ചോദിക്കാന്‍ തുടങ്ങും. പരീക്ഷ ഹാളില്‍ നല്ല ബഹളവുമായിട്ടുണ്ടാവും.�
എറണാകുളത്ത്‌ പി ജി വിദ്യാര്‍ഥിയായ രാകേഷ്‌ കെ ഇ അധികം ഫോണ്‍ ഉപയോഗിക്കുന്ന ആളല്ലെങ്കിലും ആര്‌ മിസ്‌ കോള്‍ ചെയ്‌താലും ഉടനെ തിരിച്ച്‌ വിളിക്കും. അങ്ങനെയൊരിക്കല്‍ അഞ്ചാറുമാസം മുമ്പ്‌ കമ്പനി വക ഒരു മിസ്‌ കോള്‍ വന്ന്‌ തിരിച്ചുവിളിച്ചപ്പോള്‍ പോയത്‌ ഐ എസ്‌ ഡി ചാര്‍ജ്‌! റിസപ്‌ഷനിസ്‌റ്റായ സുനിതക്ക്‌ പറയാനുള്ളത്‌ ആളു മാറി സ്‌ഥിരമായി വരാറുള്ള വിളിയെപ്പറ്റി. �ഞാനൊരു പുതിയ നമ്പറെടുത്തപ്പോള്‍ ആ നമ്പര്‍ ഉപയോഗിച്ചിരുന്ന പഴയ ആളെ തിരക്കിയുള്ള വിളിയായിരുന്നു സ്‌ഥിരമായി. ഞാന്‍ അയാളല്ലെന്നു പറഞ്ഞുമടുത്തു. എന്നാലും വരും വിളി, സദാശിവനല്ലേ എന്ന്‌ ചോദിച്ച്‌. ഇങ്ങനെ സദാസമയവും വിളിക്കാതിരിക്കെടേ എന്നു ഞാനും.�


തറവാട്ടില്‍ നിന്നുള്ള കോള്‌കസ്‌റ്റമര്‍ കെയര്‍ കോളുകള്‍ ക്രിയാത്‌മകമായി ഉപയോഗിക്കുന്നവരുമുണ്ട്‌. സംശയമുണ്ടെങ്കില്‍ ഫോട്ടോഗ്രാഫറായ ജൂബിന്‍ ജേക്കബിനൊരു കസ്‌റ്റമര്‍ കേയര്‍ കോള്‍ വരട്ടെ, അപ്പോള്‍ കാണാം. സാധാരണ ഇത്തരം കോളുകള്‍ വരുമ്പോള്‍ വളരെ ക്രിയാത്‌മകമായി അടുത്തുള്ള കൂട്ടുകാരന്‌ കൊടുക്കുകയാണ്‌ പതിവ്‌. എന്നിട്ട്‌ പറയാം. �ദേണ്ടെടാ, തറവാട്ടീന്നുള്ള കോളാ. നിന്റെ അമ്മ വിളിക്കുന്നു. നിന്നെ കിട്ടാഞ്ഞിട്ട്‌ എന്നെ വിളിച്ചതാന്ന്‌.� അവന്‍ എന്താ കാര്യമെന്ന്‌ നോക്കുമ്പോഴായിരിക്കും ചമ്മിയ വിവരമറിയുക. അല്ലെങ്കില്‍ അപ്പുറത്ത്‌ കസ്‌റ്റമര്‍ കെയറുകാരിയെന്ന്‌ മനസിലാവുമ്പോള്‍ തന്നെ ശരി ശരി, ആയിക്കോട്ടെ എന്നു പറയും.
മുമ്പ്‌ കോട്ടയത്ത്‌ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ വിവിധ ബാങ്കുകളില്‍ നിന്ന്‌ നിക്ഷേപിക്കണമെന്നും പറഞ്ഞ്‌ വിളികള്‍ വരുമായിരുന്നു പത്രപ്രവര്‍ത്തകനായ നവീന്‌. �നമ്മളിവിടെ നാരങ്ങാ വെള്ളം കുടിക്കാന്‍ കാശില്ലാതെ നില്‍ക്കുകയാവും. അപ്പോഴാണ്‌ മര്യാദാരാമന്‍മാരായി ലക്ഷങ്ങളുടെ വിളി. ഒരു പ്രാവശ്യം വിളിച്ച്‌ നമ്മള്‍ തിരക്കിലാണ്‌ എന്നെങ്ങാന്‍ പറഞ്ഞ്‌ കട്ട്‌ ചെയ്‌താല്‍ മധുരമായി പിന്നെ വിളിക്കാമെന്ന്‌ പറഞ്ഞ്‌ കട്ട്‌ ചെയ്യും. പിന്നെ തിരക്കാണോ എന്ന്‌ ചോദിച്ച്‌ വീണ്ടും വിളിക്കും. ഒരു പ്രാവശ്യം വിളിച്ച്‌ അടുത്ത പ്രാവശ്യം ഭാര്യയെങ്ങാനാണെടുക്കുന്നതെങ്കില്‍ ഒരു ഡൈവോഴ്‌സ്‌ ഉറപ്പാ..� നവീന്‌ സംശയമില്ല.


വിളിച്ചു വിളിച്ചു മടുക്കും!ടിവി അവതാരകന്‍ ശരതിന്‌ പറയാനുള്ളത്‌ പണികിട്ടിയ കഥകളാണ്‌. പലപ്പോഴും അറുത്തുമുറിച്ചു പറയേണ്ടി വരും. പിന്നെ എങ്ങിനെ തലകുത്തി മറിഞ്ഞാലും നമ്മള്‍ അതില്‍ വീഴില്ല. ഹോളിഡേ പാക്ക്‌, ലോണ്‍ തുടങ്ങി പലതുമുണ്ടാവും. കംപ്യൂട്ടര്‍ റെക്കോഡു പോലെ നമ്മളും വേണ്ട, ഇല്ല എന്ന്‌ തിരിച്ചടിക്കും. എന്നാലും ചില സുഹൃത്തുക്കള്‍ നമ്പര്‍ കൊടുത്ത്‌ വിളിക്കാറുണ്ട്‌. അവരോട്‌ ഒന്നും തിരിച്ചു പറയാന്‍ കഴിയില്ലല്ലോ. അപ്പോള്‍ ഭംഗിയായി അയ്യോ ഒരു രണ്ടു ദിവസം മുമ്പ്‌ വിളിച്ചിരുന്നെങ്കില്‍ ഞാന്‍ നിങ്ങളുടെ ബാങ്കില്‍ തന്നെ നിക്ഷേപിച്ചേനല്ലോ എന്ന്‌ കള്ളം പറയേണ്ടി വരും. �അപ്പോഴാവും ശരിക്കുള്ള പണി വരിക. മാധ്യമപ്രവര്‍ത്തകരാവുമ്പം ഒരുപാടു പേരെ ശരതിന്‌ പരിചയമുണ്ടാവുമല്ലോ, അവരെ ആരെയെങ്കിലും ഒന്ന്‌ പരിചയപ്പെടുത്തിത്തന്നാലും മതിയെന്നാവും. നമ്മള്‌ ഓകെ യെന്ന്‌ പറഞ്ഞ്‌ അവരുടെ നമ്പര്‍ സേവ്‌ ചെയ്‌തു വെക്കും. പിന്നെ വിളിക്കുമ്പോള്‍ എടുക്കേണ്ടല്ലോ!�
തിരുവനന്തപുരത്ത്‌ ഡോക്‌ടറായ അസ്‌ലം ഒരിക്കല്‍ ലോണടിച്ചെന്ന്‌ പറഞ്ഞ്‌ വന്ന ഒരു വിളിയ്‌ക്ക്‌ ചെറുതായൊരു താല്‍പര്യം കാണിച്ചതാണ്‌. പിന്നെ സ്‌ഥിരം വിളിയായി. �രാവിലെയും ഉച്ചയ്‌ക്കും വൈകുന്നേരവും വിളിക്കും. ഞങ്ങള്‌ മരുന്ന്‌ കുറിച്ചു കൊടുക്കുന്നതു പോലെ തന്നെ.�
സ്വതവേ മെലിഞ്ഞ പ്രകൃതമുള്ള, മരുത്വാ പഞ്ചജീരകഗുഡം വാങ്ങാനിരിക്കുന്ന ആള്‍ക്ക്‌ കുടവയറു കൊണ്ട്‌ ബുദ്ധിമുട്ടുകയാണോ നിങ്ങള്‍? എങ്കില്‍ ഉപയോഗിക്കുക, സോന ബെല്‍റ്റുകള്‍ എന്ന മെസേജ്‌ വരുന്നതും മരണവീട്ടില്‍ നിന്ന്‌ ആയുസ്‌ കൂട്ടിക്കിട്ടാനുള്ള വാരഫലം വരുന്നതും ചിലര്‍ക്കെങ്കിലും അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. കോഴിക്കോട്‌ ചിന്‍മയയിലെ ടീച്ചര്‍മാരായ ജിജിയ്‌ക്കും കൂട്ടുകാരികള്‍ക്കും ഒരുപാടുണ്ട്‌ ഇത്തരം അനുഭവങ്ങള്‍.


മോയിന്‍ കുട്ടി വൈദ്യരുടെ പാട്ട്‌ കോളര്‍ ട്യൂണാക്കണം!കസ്‌റ്റമര്‍ കെയറുകാര്‍ക്ക്‌ തിരിച്ചു പണി കൊടുത്തവരുമുണ്ട്‌ ഏറെ. കൊല്ലത്തെ നഴ്‌സ്‌ ആയ സ്‌റ്റാര്‍ലിനു ഇങ്ങനെ തിരിച്ചു പണി കൊടുക്കാനാണിഷ്‌ടം. �വിവിധ കമ്പനികളില്‍ നിന്നും ഡാറ്റ കളക്ഷനു വേണ്ടി വിളിച്ചാല്‍ ഉടനെ റോമിങ്ങിലാണല്ലോ എന്ന്‌ കാച്ചും. എങ്കില്‍ രണ്ടു ദിവസം കഴിഞ്ഞ്‌ വിളിക്കാം എന്നു പറയുമ്പോള്‍ അയ്യോ ഞാന്‍ മൂന്ന്‌ ദിവസം കഴിഞ്ഞേ വരത്തുള്ളൂ എന്ന്‌ പറയും. നിങ്ങള്‍ക്ക്‌ രണ്ടു ലക്ഷം രൂപ ലോണ്‍ വേണോ എന്ന്‌ ചോദിക്കുമ്പോള്‍ ഇന്നലെ ഒന്ന്‌ വിളിക്കാന്‍ പാടില്ലായിരുന്നോ, ഇന്നലയല്ലേ ഞാന്‍ 20 ലക്ഷം രൂപ മറ്റൊരു ബാങ്കീന്ന്‌ ലോണെടുത്തത്‌ എന്ന്‌ പറയും. ഹൗസിങ്‌ ലോണ്‍ വേണോന്ന്‌ ചോദിക്കുമ്പോള്‍ കഴിഞ്ഞാഴ്‌ച വീട്ടിന്ന്‌ ഇറക്കി വിട്ടതേ ഉള്ളൂ. ഇനിയിപ്പോള്‍ എന്തോ ചെയ്യാനാന്ന്‌ തിരിച്ചു ചോദിക്കും. വാഹനലോണിന്റെ കാര്യം പറയുമ്പോള്‍ കല്യാണം കഴിക്കാനുള്ള വല്ല ലോണുമുണ്ടോ, ഒരു പെണ്‍കുട്ടിയെ വിളിച്ചിറക്കി ക്കൊണ്ടുവരാനൊരുങ്ങുകയാ എന്ന്‌ ചോദിക്കും. പിന്നെ നമ്മുടേതായി കുറേ അഡീഷണല്‍ ചോദ്യങ്ങളും. അല്ല കിട്ടുവോ? എപ്പോ കിട്ടും? ഒറപ്പാണോ? അതോടെ പിന്നെ അവര്‍ ഈ നമ്പറിലേക്ക്‌ വിളിക്കാന്‍ മിനക്കെടില്ല. � സ്‌റ്റാര്‍ലിന്‍ പറയുന്നു.


വടക്കുനോക്കിയന്ത്രത്തില്‍ ശ്രീനിവാസനു തമാശ വരുന്നതു പോലെ കസ്‌റ്റമര്‍ കെയറില്‍ വിളിച്ച്‌ തമാശ പറയുന്നവരുമുണ്ട്‌. കാസര്‍ ഗോഡും കണ്ണൂരും ഉള്ളവരാണ്‌ ഇതില്‍ എക്‌സ്‌പേര്‍ട്ട്‌സ്‌. ഇവയൊക്കെയും അവര്‍ റെക്കോര്‍ഡും ചെയ്‌തുവെക്കും. നാടന്‍ ഭാഷയില്‍ വിളിച്ച്‌ നോക്കിയയുടെ ഏറ്റവും ആദ്യമോഡലുകളിലൊന്നില്‍ ഇന്റര്‍നെറ്റ്‌ സാധ്യമാക്കിത്തരണം, മോയിന്‍ കുട്ടി വൈദ്യരുടെ മാപ്പിളപ്പാട്ട്‌ കോളര്‍ ട്യൂണാക്കിത്തരണം എന്നിങ്ങനെ പോവും അവരുടെ ഡിമാന്റ്‌. കസ്‌റ്റമര്‍ കെയറുകാര്‍ തന്നെ അവസാനം സഹികെട്ട്‌ കട്ട്‌ ചെയ്യും. പിന്നെയും ചിലര്‌ കസ്‌റ്റമര്‍ കെയറില്‍ വിളിച്ച്‌ �ചേച്ചീ, ഒരു രക്ഷയുമില്ല, ഒരു അഞ്ചു രൂപ ആക്‌ടിവേറ്റാക്കിത്തരണം. എനിക്കാരുമില്ല എന്ന്‌ പറഞ്ഞ്‌ കരച്ചിലും പിഴിച്ചിലുമാവും. എന്നിട്ടും ഏറ്റില്ലെങ്കില്‍ കണക്ഷന്‍ മാറ്റുമെന്ന ഭീഷണിയാണ്‌.
നിങ്ങള്‍ക്ക്‌ രണ്ടു കോടി യൂറോ അടിച്ചെന്ന്‌ പറഞ്ഞുള്ള വിദേശച്ചുവയുള്ള എസ്‌ എം എസുമുണ്ട്‌ ഇന്ന്‌ അരങ്ങു തകര്‍ക്കാന്‍. ഒന്നുകില്‍ ഗൂഗിളിന്റെ വാര്‍ഷികം. അല്ലെങ്കില്‍ ഐ സി സി ക്രിക്കറ്റ്‌ ആസ്‌ഥാനത്തു നിന്ന്‌ നേരിട്ടുള്ള എസ്‌ എം എസ്‌. കോഴിക്കോട്‌ ബിസിനസുകാരനായ അശ്വിനും രാഹുലും പറയുന്നത്‌ വേറൊരു കഥ. ആര്‍ക്കും കടം കൊടുക്കരുതെന്ന്‌ കരുതി ആരോടും പറയാതിരുന്ന ഇവരുടെ ഒരു കൂട്ടുകാരന്‌ ഒടുവില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റാതെ വന്നപ്പോള്‍ തന്റെ സുഹൃത്തുക്കളുടെ കൂട്ടത്തില്‍ ഈ രണ്ടു കോടി യൂറോ കഥ പറഞ്ഞു. പറഞ്ഞുകഴിഞ്ഞപ്പോള്‍ അവരെല്ലാവരും കൂട്ടച്ചിരി. അവിടെയിരുന്നവരെല്ലാം 15 ഉം 20 മൊക്കെ ലക്ഷം പൗണ്ട്‌ അടിച്ചെന്ന്‌ എസ്‌ എം എസ്‌ കിട്ടിയവരാണ്‌!





















Tuesday, September 3, 2013

അവളെയോര്‍ത്ത്‌ കുടിച്ച കള്ളും നനഞ്ഞ മഴയും വേസ്‌റ്റ്‌....



 അവളെയോര്‍ത്ത്‌ കുടിച്ച കള്ളും
 നനഞ്ഞ മഴയും വേസ്‌റ്റ്‌..

ബ്യൂട്ടിഫുള്‍ എന്ന സിനിമയിലെ ഈ ഡയലോഗിന്‌ ഒരു പ്രത്യേകചന്തമുണ്ട്‌. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ അവസ്ഥയിലൂടെ കഴിഞ്ഞുപോയവരാണേറെയും. ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിച്ചവര്‍ക്ക്‌, പ്രണയിക്കുന്നവര്‍ക്ക്‌, നിരാശാകാമുകര്‍ക്ക്‌ ഈ പോസ്റ്റ്‌ ഡെഡിക്കേറ്റ്‌ ചെയ്യുന്നു. ഒപ്പം എഴുത്തുകാരന്‍ അനൂപ്‌ മേനോന്‌ കുറച്ചധികം പൂച്ചെണ്ടുകളും.















സീന്‍ അന്‍പത്തിഒന്ന്‌
കുറച്ചു ദിവസങ്ങള്‍ക്കു ശേഷമുള്ള ഒരു പകല്‍.
എന്നും വന്നിരിക്കാറുള്ള കടല്‍പ്പാലത്തില്‍ കഥകള്‍ പറഞ്ഞുനില്‍ക്കുകയാണ്‌ സ്‌റ്റീഫനും ജോണും. ഫ്‌ളാഷ്‌ ബാക്ക്‌ കാഴ്‌ചയായി അവരുടെ പഴയ ബ്ലാക്ക്‌& വൈറ്റ്‌ സൗഹൃദക്കാഴ്‌ചകളുമുണ്ട്‌.
സ്‌റ്റീഫന്‍ പതുക്കെ ചിരിച്ചുകൊണ്ട്‌: എന്നാലും അവള്‌ എന്നാ പണിയാടാ, നമ്മക്ക്‌ രണ്ടു പേര്‍ക്കും തന്നേ?
ജോണ്‍ ശാന്തനായി: അവളെയോര്‍ത്ത്‌ കുടിച്ച കള്ളും നനഞ്ഞ മഴയും വേസ്‌റ്റ്‌..
സ്‌റ്റീഫന്‍: സത്യം. അലക്‌സച്ചായന്‍ ചോദിച്ചിരുന്നെങ്കി എത്രയാന്നുവെച്ചാ ഞാന്‍ കൊടുത്തേനേ. അങ്ങേരെന്തിനാ വെറുതേ..
ജോണ്‍: അതൊക്കെ ഓകെ. പിന്നെ, നീയെന്നാത്തിനാടാ, പാതി സ്വത്ത്‌ എന്റെ പേരിലെഴുതി വച്ചേ?
സ്‌റ്റീഫന്‍ സംശയത്തോടെ: ആരെഴുതി വെച്ചു..?
ജോണ്‍: എന്നോടു കമലുചേട്ടന്‍ പറഞ്ഞു, ആശുപത്രീല്‌ വെച്ച്‌..
സ്‌റ്റീഫന്‍ നിസാരമായി: കമലു അങ്ങനെ സെന്റിയെളക്കാന്‍ പറഞ്ഞതാവും. ഞാനങ്ങനെ ചിന്തിച്ചിട്ടു പോലുമില്ല. പിന്നേയ്‌, എനിക്ക്‌ വട്ടല്ലേ?
ജോണ്‍ മൂളിക്കൊണ്ട്‌: ചുമ്മാതല്ല, ആ അലക്‌സ്‌ വിഷം കലക്കിത്തന്നത്‌..
ജോണ്‍ ചിരിച്ചുകൊണ്ട്‌ കൈയ്യിലെ കടലമണികളിലൊരെണ്ണം സ്‌റ്റീഫന്റെ വായിലേക്കിടുന്നു. അരികില്‍ ആര്‍ത്തിരമ്പുന്ന കടലലകള്‍. ആ കടല്‍പ്പാലത്തില്‍ വിദൂരദൃശ്യമായി അവരിരുവരും.