ഒപ്പിടെടാ പട്ടി തെണ്ടി നായിന്റെ..
മലയാളി മനസില്‍ നിറഞ്ഞു നില്‍ക്കുന്ന
സിനിമാകോമഡിസീനുകള്‍ പലതുണ്ട്. പക്ഷേ, അവയില്‍ ഇന്നസെന്റിന്റെ സാന്നിധ്യം
കൂടിയാവുമ്പോള്‍ നിറം കൂടുകയും ആഴത്തില്‍ വേരൂന്നുകയും ചെയ്യുന്നു.
സ്‌ക്രീനിലെ അഭിനയമികവിനു മുന്നില്‍ നമ്മള്‍ പൊട്ടിച്ചിരിച്ച് നമോവാകം
ചെയ്‌ത ഈ രംഗം മിഥുനം എന്ന ചിത്രത്തിലേതാണ്. പറയുന്നത് ഇച്ചിരി എഡിറ്റു
ചെയ്യേണ്ട കാര്യമാണെങ്കിലും ഇന്നച്ചന്‍ കോമഡികളില്‍ എനിക്കേറ്റവും ഇഷ്‌ടം ഈ
സിനിമയിലെ വേഷം തന്നെ.

ഐ എസ് ഐ മാര്‍ക്കെവിടെ?
സൂക്ഷിച്ച് നോക്ക് സാറേ. അപ്പോ കാണും.
സാറേ, ഇത് ഡല്‍ഹീന്നു കൊണ്ടുവന്ന ബെസ്‌റ്റ് സ്വിച്ചാണ് സാര്‍.
ഐ എസ്‌ഐ മാര്‍ക്ക് നിര്‍ബന്ധമാണ്.
മോന്തയ്‌ക്കൊന്നു കൊടുത്തിട്ട് കണ്ണാടി എടുത്ത് കാണിച്ചു കൊടുക്കെടാ. അപ്പോ കാണും മാര്‍ക്ക്..
അതൊക്കെ പോട്ടെ. കേബിള്‍സൊക്കെ ഏതാ? ആര്‍വൈഡ് അല്ലേ?
അതേ സാര്‍..
ഇല്ലെങ്കില്‍ നീ എന്തു ചെയ്യും? നീ മിണ്ടരുത്.
ലൈറ്റിനും മെഷീനിനും ഒക്കെ ഒരേ കണക്ഷനാണോ?
അത് ഇതിനെടേല്..
അത് പാടില്ലെന്ന് അറിഞ്ഞുകൂടേ? ഇത് ഞാന്‍ സമ്മതിക്കില്ല.
സമ്മതിച്ചില്ലേല്‍ താനിവിടുന്ന് പോവില്ല.
ഇയാളാരാ?
സാര്‍, ഒരു വഴിപോക്കനാണ്. സാര്‍.
അല്ല, ഞാനിവന്റെ ചേട്ടനാണ്.
അതെന്റെ കുറ്റമല്ല.
ഞാന്‍ സാറ്റിഷ്‌ഫൈഡല്ല.
ഇയാളുടെ കാര്യത്തിലോ, വയറിങ്ങിന്റെ കാര്യത്തിലോ?

രണ്ടിലും. എല്ലാം ചേഞ്ച് ചെയ്യണം.
സാര്‍, പ്ലീസ് ഞാന്‍ പറയട്ടെ.. സാര്‍ ഇത്തവണ..
നിക്ക് നിക്ക് നില്‍ക്ക്? മര്യാദയ്‌ക്ക് പരിശോധിച്ച് ഒപ്പിടുന്നതാ
നല്ലത്. (ഇതിനിടെ പിടിച്ചുവയ്‌ക്കാന്‍ ശ്രമിക്കുന്ന സേതുവിനെ
തള്ളിമാറ്റിക്കൊണ്ട്) ചുമ്മാതിരിയെടാ.. എന്തെങ്കിലും കാരണം പറഞ്ഞ്
തടസമുണ്ടാക്കലാ ഇവരുടെ സ്‌ഥിരം പരിപാടി.
വഴീന്നു മാറെടാ?
ഇല്ലെങ്കില്‍ നീയെന്നെ സസ്‌പെന്‍ഡ് ചെയ്യുമോടാ? ഒപ്പിടെടാ പട്ടീ..
എന്താ പറഞ്ഞത്?
ഒപ്പിടെടാ പട്ടി തെണ്ടി നായിന്റെ മോനേ..
( എന്‍ജിനീയറുടെ കരണത്ത് ആഞ്ഞടിക്കുന്നു.)
മോയിന്‍ കുട്ടി വൈദ്യരുടെ പാട്ട് കോളര്‍ ട്യൂണാക്കണം!

ഗ്രീറ്റിങ്, പ്രോബിങ്, കണ്‍ക്ലൂഷന്‍ തുടങ്ങി കസ്‌റ്റമേര്‍സിന്റെ
വിളികള്‍ അറ്റെന്‍ഡ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില
സ്‌റ്റെപ്പുകളുണ്ട് കോള്‍ സെന്ററില്‍. മൈസൂരില്‍, റെയില്‍വേയുടെ കോള്‍
സെന്ററില്‍ ജോലി ചെയ്‌തിരുന്ന വിപിനേയും തേടി പലപ്പോഴും ഒരു വ്യത്യസ്‌ത
കോള്‍ വരാറുണ്ട്. കോള്‍ അറ്റെന്‍ഡ് ചെയ്‌തയുടനെ നമസ്‌കാരം, ഇന്ത്യന്‍
റെയില്‍വേയിലേക്ക് സ്വാഗതം എന്ന് ഗ്രീറ്റിങ് നല്‍കുമ്പോഴേ അപ്പുറത്തെ
കസ്‌റ്റമര്‍ പാട്ടുപാടാന്‍ തുടങ്ങും. �സ്വര്‍ഗഗായികേ ഇതിലേ ഇതിലേ...�
പുള്ളി യേശുദാസിന്റെ കടുത്ത ആരാധകനാണ്. ഒന്നും മിണ്ടാതായാല്‍
�അതിലേയില്ലേ? ഏയ് നിങ്ങളവിടെയില്ലേ�ന്ന് ചോദിക്കും. നമ്മളൊന്നു
മുരടനക്കിയാല്‍ മതി 1960 മുതല്‍ 2012 വരെയുള്ള യേശുദാസ് ഹിറ്റ്‌സ്
മുഴുവനും പാടിക്കേള്‍പ്പിക്കുമെന്ന വാശിയാണ്. �ഇത്ര സമയത്തിനുള്ളില്‍
ഫോണ്‍ വിളിച്ചവന് തൃപ്‌തികരമായ രീതിയില്‍ മറുപടി പറഞ്ഞ് കോളുകള്‍
നിര്‍ത്തണമെന്നാണ്. എത്രയും പെട്ടെന്നു തീര്‍ക്കുന്നോ അത്തരക്കാര്‍ക്കാണ്
അപ്രീസിയേഷനും ഗുഡ് സര്‍ട്ടിഫിക്കറ്റുമല്ലാം. ടിക്കറ്റ് ബുക്ക്
ചെയ്യാന്‍ പറ്റുമോ? സീറ്റു കിട്ടുമോ എന്നൊക്കെ വിളിച്ച്
ചോദിക്കുന്നവരുണ്ട്. സീറ്റ് ഓകെയാക്കിത്തരാന്‍ ശകലം കൈമടക്കും വാഗ്‌ദാനം
ചെയ്യുന്നോരുണ്ട്.. ചിലര്‍ വിളിച്ച് എയര്‍ടെല്‍ കസ്‌റ്റമര്‍ കെയറാണോ
എന്ന് ചോദിക്കും. അല്ലെന്ന് പറഞ്ഞാല്‍ പിന്നെ വോഡഫോണായി, ഡോക്കോമോയായി..
നമ്മള് കുറേ പ്രാവശ്യം റെയില്‍വേയുടെയാണെന്ന് പറഞ്ഞാലും ചോദ്യങ്ങള്
നിര്‍ത്തില്ല.. കസ്‌റ്റമറെ തൃപ്‌തിപ്പെടുത്താതെ ഫോണ്‍ കട്ട് ചെയ്യാനും
പറ്റില്ലല്ലോ?� വിപിനിന്റെ അനുഭവസാക്ഷ്യം.
ഇനി മറ്റൊരു അനുഭവത്തിലേക്ക്.
ലൊക്കേഷന്‍ കോഴിക്കോട് കുടുംബകോടതി. ഒരു വിവാഹമോചനകേസിന് വിധി
പറയാനൊരുങ്ങുകയാണ് ജഡ്‌ജി. തന്റേതല്ലാത്ത കാരണത്താല്‍ വിവാഹമോചിതയാവാന്‍
പോവുന്ന പെണ്‍കുട്ടി കണ്ണീരിലും മൂക്ക് പിഴിച്ചിലിലും ദു:ഖത്തിലുമായി
നില്‍ക്കുമ്പോഴാണ് മൊബൈല്‍ ഫോണില്‍ ടോണ്‍ മുഴങ്ങിയത്. എടുത്തപ്പോള്‍
കേള്‍ക്കുന്നത് �നിങ്ങള്‍ക്ക് പറ്റിയ ജീവിതപങ്കാളിയെ കണ്ടെത്താന്‍ ഈ
നമ്പറിലേക്കു വിളിക്കൂ� എന്ന കാതരമായ സ്വരം. പേരു പറയരുതെന്ന അഭ്യര്‍ഥനയോടെ
അനുഭവത്തിന്റെ വെള്ളിവെളിച്ചത്തെക്കുറിച്ചു ഇന്നു പറയുമ്പോള്‍ അവളുടെ
മുഖത്ത് വിധിയേക്കാളേറെ വിരോധാഭാസം നിറഞ്ഞ ഫോണ്‍ കോളിലെ മറിമായം.
തിരക്കുള്ള സമയത്ത് കസ്‌റ്റമര്‍ കെയറില്‍ നിന്നും തിരിച്ചും കമ്പനി
പ്രമോഷന്‍ വകയും വരുന്ന വിളികളിലെ തമാശകളെക്കുറിച്ച് പറയുന്നു, കേരളം.
ബ്യൂട്ടിഫുള്‍ യങ് ലേഡി ഈസ് വെയിറ്റിങ് ഫോര്‍ യു
പാലക്കാട് ആലക്കോടുള്ള പ്ലസ്‌ടു അധ്യാപകനായ സുനിലിനു പറയാനുള്ളത് ഈയിടെ
മൊബൈലില്‍ വന്ന ഒരു എസ് എം എസ് അമ്മ എടുത്തുനോക്കിയതുമായി ബന്ധപ്പെട്ട
കഥ. രാവിലെ തിരക്കില്‍ ഒരുങ്ങുമ്പോഴാണ് മെസേജ് ടോണ്‍. മേശപ്പുറത്ത്
വെച്ച ഫോണിനടുത്തായി ഇരുന്ന് ഭക്ഷണം കഴിക്കുകയാണ് അമ്മ. ടോണ്‍ കേട്ട്
അമ്മയോടൊന്ന് എടുത്ത് നോക്കാന്‍ പറഞ്ഞതും സുനില്‍ തന്നെ. ഫോണെടുത്ത്
നോക്കിയ അമ്മ മെസേജ് വായിച്ചു തുടങ്ങി: ബ്യൂട്ടിഫുള്‍ യങ് ലേഡി ഈസ്
വെയിറ്റിങ് ഫോര്‍ യു.. നിനക്ക് പിന്നേം കെട്ടണം അല്ലേടാ. മക്കള്
രണ്ടായില്ലേ? ആരാടാ ആ ബ്യൂട്ടിഫുള്‍ യങ് ലേഡി? പറ..
വളരെ പ്രധാനമായ ഒരു മള്‍ട്ടി കോംപ്ലക്‌സ് കെട്ടിടത്തിന്റെ പ്ലാനിങ്ങും
മറ്റും നടക്കുന്നതിനിടയിലാണ് എന്‍ജിനീയറായ അരുണിന് വിളി വരുന്നത്.
അരികില്‍ ക്ലൈന്റും മറ്റുമുണ്ട്. ഫോണെടുക്കണോ വേണ്ടയോ എന്ന്
മൂന്നാലുവട്ടം ചിന്തിച്ചു. ഒടുവില്‍ എടുത്തപ്പോള്‍ അപ്പുറത്തു നിന്നു
മറുപടിയൊന്നുമില്ല. മൂന്നാലു വട്ടം ഹലോ ഹലോ എന്നു ചോദിച്ചപ്പോള്‍
അപ്പുറത്തു നിന്ന് ഒരു കസ്‌റ്റമര്‍ കെയറുകാരി �ആറ്റുമണല്‍പായയില്‍� റിംഗ്
ടോണു വേണോ എന്നു ചോദിക്കുന്നു. �ഫോണെടുത്ത് അടുത്തുള്ള ഏതെങ്കിലും
കായലില്‍ വലിച്ചെറിഞ്ഞാലോ എന്ന് തോന്നി..� അരുണ്‍ പറയുന്നു.
ഏതാണ്ട് സമാനമായ അനുഭവം തന്നെയാണ് സോഫ്‌റ്റ് വെയര്‍ എന്‍ജിനീയറായ
സറീനയ്‌ക്കും കൂട്ടുകാരികള്‍ക്കും മുമ്പ് ബാംഗ്ലൂരില്‍ പഠിക്കുമ്പോഴും
ഉണ്ടായത്. തിരക്കുള്ള ട്രാഫിക്കില്‍, സ്‌കൂട്ടിയില്‍ കോളേജില്‍
പോവുമ്പോഴാവും ഫോണ്‍ കോളുകള്‍ വരിക. ക്യാംപസ് ഇന്റര്‍വ്യൂ കഴിഞ്ഞ്
നില്‍ക്കുകയായതിനാല്‍, കമ്പനികള്‍ റിസല്‍റ്റ് പറഞ്ഞ് കൊത്തിക്കൊണ്ട്
പോവാന്‍ വിളിക്കുകയാണെന്ന് കരുതി, കഷ്‌ടപ്പെട്ട് റോഡിനൊരുവശം നിര്‍ത്തി
അറ്റെന്‍ഡ് ചെയ്യുമ്പോഴായിരിക്കും പണി കിട്ടിയതറിയുക. കേള്‍ക്കുമ്പോഴേ
അലര്‍ജി തോന്നുന്ന കന്നട പാട്ട് കോളര്‍ ട്യൂണാക്കണോ എന്നായിരിക്കും
ചോദ്യം. പിന്നെയുമുണ്ട്; ക്ലാസിനിടയില്‍ റിംഗ് അടിച്ചാല്‍ കഷ്‌ടപ്പെട്ട്
ടീച്ചേര്‍സ് കാണാതെ ഡെസ്‌ക്കില്‍ കിടന്നും തല പൂഴ്‌ത്തിയും അറ്റെന്‍ഡ്
ചെയ്യുമ്പോഴാവും അറിയുക. ദേ കിടക്കുന്നു, വീണ്ടും കന്നട പാട്ട്!
സാറേ, ഒരു രണ്ട് മിനിറ്റ്..
പരീക്ഷാ ഹാളില്‍ കുട്ടികളുടെ ഓരോ തിരിയലും മറിയലും
നോക്കുന്നതിനിടയിലായിരിക്കും അഴീക്കോട്ടെ അധ്യാപകനായ അബ്‌ദുല്‍ ഹക്കീമിന്റെ
ഫോണ്‍ വൈബ്രേറ്റ് ചെയ്യുക. ഡാറ്റ കളക്ഷന്‍ ആവും കാര്യം. വളരെ
എക്‌സ്‌ട്രാഡീസന്റ് ആയി �സാറേ, ഒരു രണ്ടു മിനിറ്റ്� എന്നു തുടങ്ങുന്ന
ഡാറ്റ കലക്ഷന്‍ ചിലപ്പോള്‍ അര മണിക്കൂറായാലും നില്‍ക്കില്ല. നമ്മള്‍ മാന്യത
വിചാരിച്ച് ഓകെ പറഞ്ഞതാണ് പ്രശ്‌നമായത്. �എന്നാ ശരി, വെക്കട്ടെ എന്ന്
ചോദിക്കുമ്പോള്‍ ആയില്ല സാറേ എന്ന് പറഞ്ഞ് അവര്‍ ചോദ്യാവലി മുഴുവന്‍
ചോദിക്കാന്‍ തുടങ്ങും. പരീക്ഷ ഹാളില്‍ നല്ല ബഹളവുമായിട്ടുണ്ടാവും.�
എറണാകുളത്ത് പി ജി വിദ്യാര്‍ഥിയായ രാകേഷ് കെ ഇ അധികം ഫോണ്‍
ഉപയോഗിക്കുന്ന ആളല്ലെങ്കിലും ആര് മിസ് കോള്‍ ചെയ്‌താലും ഉടനെ തിരിച്ച്
വിളിക്കും. അങ്ങനെയൊരിക്കല്‍ അഞ്ചാറുമാസം മുമ്പ് കമ്പനി വക ഒരു മിസ്
കോള്‍ വന്ന് തിരിച്ചുവിളിച്ചപ്പോള്‍ പോയത് ഐ എസ് ഡി ചാര്‍ജ്!
റിസപ്‌ഷനിസ്‌റ്റായ സുനിതക്ക് പറയാനുള്ളത് ആളു മാറി സ്‌ഥിരമായി വരാറുള്ള
വിളിയെപ്പറ്റി. �ഞാനൊരു പുതിയ നമ്പറെടുത്തപ്പോള്‍ ആ നമ്പര്‍
ഉപയോഗിച്ചിരുന്ന പഴയ ആളെ തിരക്കിയുള്ള വിളിയായിരുന്നു സ്‌ഥിരമായി. ഞാന്‍
അയാളല്ലെന്നു പറഞ്ഞുമടുത്തു. എന്നാലും വരും വിളി, സദാശിവനല്ലേ എന്ന്
ചോദിച്ച്. ഇങ്ങനെ സദാസമയവും വിളിക്കാതിരിക്കെടേ എന്നു ഞാനും.�
തറവാട്ടില്‍ നിന്നുള്ള കോള്‍
കസ്‌റ്റമര്‍ കെയര്‍ കോളുകള്‍ ക്രിയാത്‌മകമായി ഉപയോഗിക്കുന്നവരുമുണ്ട്.
സംശയമുണ്ടെങ്കില്‍ ഫോട്ടോഗ്രാഫറായ ജൂബിന്‍ ജേക്കബിനൊരു കസ്‌റ്റമര്‍ കേയര്‍
കോള്‍ വരട്ടെ, അപ്പോള്‍ കാണാം. സാധാരണ ഇത്തരം കോളുകള്‍ വരുമ്പോള്‍ വളരെ
ക്രിയാത്‌മകമായി അടുത്തുള്ള കൂട്ടുകാരന് കൊടുക്കുകയാണ് പതിവ്.
എന്നിട്ട് പറയാം. �ദേണ്ടെടാ, തറവാട്ടീന്നുള്ള കോളാ. നിന്റെ അമ്മ
വിളിക്കുന്നു. നിന്നെ കിട്ടാഞ്ഞിട്ട് എന്നെ വിളിച്ചതാന്ന്.� അവന്‍ എന്താ
കാര്യമെന്ന് നോക്കുമ്പോഴായിരിക്കും ചമ്മിയ വിവരമറിയുക. അല്ലെങ്കില്‍
അപ്പുറത്ത് കസ്‌റ്റമര്‍ കെയറുകാരിയെന്ന് മനസിലാവുമ്പോള്‍ തന്നെ ശരി ശരി,
ആയിക്കോട്ടെ എന്നു പറയും.
മുമ്പ് കോട്ടയത്ത് പഠിച്ചുകൊണ്ടിരുന്നപ്പോള്‍ വിവിധ ബാങ്കുകളില്‍
നിന്ന് നിക്ഷേപിക്കണമെന്നും പറഞ്ഞ് വിളികള്‍ വരുമായിരുന്നു
പത്രപ്രവര്‍ത്തകനായ നവീന്. �നമ്മളിവിടെ നാരങ്ങാ വെള്ളം കുടിക്കാന്‍
കാശില്ലാതെ നില്‍ക്കുകയാവും. അപ്പോഴാണ് മര്യാദാരാമന്‍മാരായി ലക്ഷങ്ങളുടെ
വിളി. ഒരു പ്രാവശ്യം വിളിച്ച് നമ്മള്‍ തിരക്കിലാണ് എന്നെങ്ങാന്‍ പറഞ്ഞ്
കട്ട് ചെയ്‌താല്‍ മധുരമായി പിന്നെ വിളിക്കാമെന്ന് പറഞ്ഞ് കട്ട്
ചെയ്യും. പിന്നെ തിരക്കാണോ എന്ന് ചോദിച്ച് വീണ്ടും വിളിക്കും. ഒരു
പ്രാവശ്യം വിളിച്ച് അടുത്ത പ്രാവശ്യം ഭാര്യയെങ്ങാനാണെടുക്കുന്നതെങ്കില്‍
ഒരു ഡൈവോഴ്‌സ് ഉറപ്പാ..� നവീന് സംശയമില്ല.
വിളിച്ചു വിളിച്ചു മടുക്കും!
ടിവി അവതാരകന്‍ ശരതിന് പറയാനുള്ളത് പണികിട്ടിയ കഥകളാണ്. പലപ്പോഴും
അറുത്തുമുറിച്ചു പറയേണ്ടി വരും. പിന്നെ എങ്ങിനെ തലകുത്തി മറിഞ്ഞാലും
നമ്മള്‍ അതില്‍ വീഴില്ല. ഹോളിഡേ പാക്ക്, ലോണ്‍ തുടങ്ങി പലതുമുണ്ടാവും.
കംപ്യൂട്ടര്‍ റെക്കോഡു പോലെ നമ്മളും വേണ്ട, ഇല്ല എന്ന് തിരിച്ചടിക്കും.
എന്നാലും ചില സുഹൃത്തുക്കള്‍ നമ്പര്‍ കൊടുത്ത് വിളിക്കാറുണ്ട്. അവരോട്
ഒന്നും തിരിച്ചു പറയാന്‍ കഴിയില്ലല്ലോ. അപ്പോള്‍ ഭംഗിയായി അയ്യോ ഒരു രണ്ടു
ദിവസം മുമ്പ് വിളിച്ചിരുന്നെങ്കില്‍ ഞാന്‍ നിങ്ങളുടെ ബാങ്കില്‍ തന്നെ
നിക്ഷേപിച്ചേനല്ലോ എന്ന് കള്ളം പറയേണ്ടി വരും. �അപ്പോഴാവും ശരിക്കുള്ള പണി
വരിക. മാധ്യമപ്രവര്‍ത്തകരാവുമ്പം ഒരുപാടു പേരെ ശരതിന്
പരിചയമുണ്ടാവുമല്ലോ, അവരെ ആരെയെങ്കിലും ഒന്ന് പരിചയപ്പെടുത്തിത്തന്നാലും
മതിയെന്നാവും. നമ്മള് ഓകെ യെന്ന് പറഞ്ഞ് അവരുടെ നമ്പര്‍ സേവ് ചെയ്‌തു
വെക്കും. പിന്നെ വിളിക്കുമ്പോള്‍ എടുക്കേണ്ടല്ലോ!�
തിരുവനന്തപുരത്ത് ഡോക്‌ടറായ അസ്‌ലം ഒരിക്കല്‍ ലോണടിച്ചെന്ന് പറഞ്ഞ്
വന്ന ഒരു വിളിയ്‌ക്ക് ചെറുതായൊരു താല്‍പര്യം കാണിച്ചതാണ്. പിന്നെ സ്‌ഥിരം
വിളിയായി. �രാവിലെയും ഉച്ചയ്‌ക്കും വൈകുന്നേരവും വിളിക്കും. ഞങ്ങള്
മരുന്ന് കുറിച്ചു കൊടുക്കുന്നതു പോലെ തന്നെ.�
സ്വതവേ മെലിഞ്ഞ പ്രകൃതമുള്ള, മരുത്വാ പഞ്ചജീരകഗുഡം വാങ്ങാനിരിക്കുന്ന
ആള്‍ക്ക് കുടവയറു കൊണ്ട് ബുദ്ധിമുട്ടുകയാണോ നിങ്ങള്‍? എങ്കില്‍
ഉപയോഗിക്കുക, സോന ബെല്‍റ്റുകള്‍ എന്ന മെസേജ് വരുന്നതും മരണവീട്ടില്‍
നിന്ന് ആയുസ് കൂട്ടിക്കിട്ടാനുള്ള വാരഫലം വരുന്നതും ചിലര്‍ക്കെങ്കിലും
അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കോഴിക്കോട് ചിന്‍മയയിലെ ടീച്ചര്‍മാരായ
ജിജിയ്‌ക്കും കൂട്ടുകാരികള്‍ക്കും ഒരുപാടുണ്ട് ഇത്തരം അനുഭവങ്ങള്‍.
മോയിന്‍ കുട്ടി വൈദ്യരുടെ പാട്ട് കോളര്‍ ട്യൂണാക്കണം!
കസ്‌റ്റമര്‍ കെയറുകാര്‍ക്ക് തിരിച്ചു പണി കൊടുത്തവരുമുണ്ട് ഏറെ.
കൊല്ലത്തെ നഴ്‌സ് ആയ സ്‌റ്റാര്‍ലിനു ഇങ്ങനെ തിരിച്ചു പണി
കൊടുക്കാനാണിഷ്‌ടം. �വിവിധ കമ്പനികളില്‍ നിന്നും ഡാറ്റ കളക്ഷനു വേണ്ടി
വിളിച്ചാല്‍ ഉടനെ റോമിങ്ങിലാണല്ലോ എന്ന് കാച്ചും. എങ്കില്‍ രണ്ടു ദിവസം
കഴിഞ്ഞ് വിളിക്കാം എന്നു പറയുമ്പോള്‍ അയ്യോ ഞാന്‍ മൂന്ന് ദിവസം കഴിഞ്ഞേ
വരത്തുള്ളൂ എന്ന് പറയും. നിങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ ലോണ്‍ വേണോ എന്ന്
ചോദിക്കുമ്പോള്‍ ഇന്നലെ ഒന്ന് വിളിക്കാന്‍ പാടില്ലായിരുന്നോ, ഇന്നലയല്ലേ
ഞാന്‍ 20 ലക്ഷം രൂപ മറ്റൊരു ബാങ്കീന്ന് ലോണെടുത്തത് എന്ന് പറയും.
ഹൗസിങ് ലോണ്‍ വേണോന്ന് ചോദിക്കുമ്പോള്‍ കഴിഞ്ഞാഴ്‌ച വീട്ടിന്ന് ഇറക്കി
വിട്ടതേ ഉള്ളൂ. ഇനിയിപ്പോള്‍ എന്തോ ചെയ്യാനാന്ന് തിരിച്ചു ചോദിക്കും.
വാഹനലോണിന്റെ കാര്യം പറയുമ്പോള്‍ കല്യാണം കഴിക്കാനുള്ള വല്ല ലോണുമുണ്ടോ,
ഒരു പെണ്‍കുട്ടിയെ വിളിച്ചിറക്കി ക്കൊണ്ടുവരാനൊരുങ്ങുകയാ എന്ന് ചോദിക്കും.
പിന്നെ നമ്മുടേതായി കുറേ അഡീഷണല്‍ ചോദ്യങ്ങളും. അല്ല കിട്ടുവോ? എപ്പോ
കിട്ടും? ഒറപ്പാണോ? അതോടെ പിന്നെ അവര്‍ ഈ നമ്പറിലേക്ക് വിളിക്കാന്‍
മിനക്കെടില്ല. � സ്‌റ്റാര്‍ലിന്‍ പറയുന്നു.
വടക്കുനോക്കിയന്ത്രത്തില്‍ ശ്രീനിവാസനു തമാശ വരുന്നതു പോലെ കസ്‌റ്റമര്‍
കെയറില്‍ വിളിച്ച് തമാശ പറയുന്നവരുമുണ്ട്. കാസര്‍ ഗോഡും കണ്ണൂരും
ഉള്ളവരാണ് ഇതില്‍ എക്‌സ്‌പേര്‍ട്ട്‌സ്. ഇവയൊക്കെയും അവര്‍ റെക്കോര്‍ഡും
ചെയ്‌തുവെക്കും. നാടന്‍ ഭാഷയില്‍ വിളിച്ച് നോക്കിയയുടെ ഏറ്റവും
ആദ്യമോഡലുകളിലൊന്നില്‍ ഇന്റര്‍നെറ്റ് സാധ്യമാക്കിത്തരണം, മോയിന്‍ കുട്ടി
വൈദ്യരുടെ മാപ്പിളപ്പാട്ട് കോളര്‍ ട്യൂണാക്കിത്തരണം എന്നിങ്ങനെ പോവും
അവരുടെ ഡിമാന്റ്. കസ്‌റ്റമര്‍ കെയറുകാര്‍ തന്നെ അവസാനം സഹികെട്ട് കട്ട്
ചെയ്യും. പിന്നെയും ചിലര് കസ്‌റ്റമര്‍ കെയറില്‍ വിളിച്ച് �ചേച്ചീ, ഒരു
രക്ഷയുമില്ല, ഒരു അഞ്ചു രൂപ ആക്‌ടിവേറ്റാക്കിത്തരണം. എനിക്കാരുമില്ല എന്ന്
പറഞ്ഞ് കരച്ചിലും പിഴിച്ചിലുമാവും. എന്നിട്ടും ഏറ്റില്ലെങ്കില്‍ കണക്ഷന്‍
മാറ്റുമെന്ന ഭീഷണിയാണ്.
നിങ്ങള്‍ക്ക് രണ്ടു കോടി യൂറോ അടിച്ചെന്ന് പറഞ്ഞുള്ള വിദേശച്ചുവയുള്ള
എസ് എം എസുമുണ്ട് ഇന്ന് അരങ്ങു തകര്‍ക്കാന്‍. ഒന്നുകില്‍ ഗൂഗിളിന്റെ
വാര്‍ഷികം. അല്ലെങ്കില്‍ ഐ സി സി ക്രിക്കറ്റ് ആസ്‌ഥാനത്തു നിന്ന്
നേരിട്ടുള്ള എസ് എം എസ്. കോഴിക്കോട് ബിസിനസുകാരനായ അശ്വിനും രാഹുലും
പറയുന്നത് വേറൊരു കഥ. ആര്‍ക്കും കടം കൊടുക്കരുതെന്ന് കരുതി ആരോടും
പറയാതിരുന്ന ഇവരുടെ ഒരു കൂട്ടുകാരന് ഒടുവില്‍ പിടിച്ചുനില്‍ക്കാന്‍
പറ്റാതെ വന്നപ്പോള്‍ തന്റെ സുഹൃത്തുക്കളുടെ കൂട്ടത്തില്‍ ഈ രണ്ടു കോടി യൂറോ
കഥ പറഞ്ഞു. പറഞ്ഞുകഴിഞ്ഞപ്പോള്‍ അവരെല്ലാവരും കൂട്ടച്ചിരി.
അവിടെയിരുന്നവരെല്ലാം 15 ഉം 20 മൊക്കെ ലക്ഷം പൗണ്ട് അടിച്ചെന്ന് എസ് എം
എസ് കിട്ടിയവരാണ്!
അവളെയോര്‍ത്ത് കുടിച്ച കള്ളും
നനഞ്ഞ മഴയും വേസ്‌റ്റ്..
ബ്യൂട്ടിഫുള്‍ എന്ന സിനിമയിലെ ഈ ഡയലോഗിന് ഒരു പ്രത്യേകചന്തമുണ്ട്.
ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ അവസ്ഥയിലൂടെ കഴിഞ്ഞുപോയവരാണേറെയും.
ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിച്ചവര്‍ക്ക്, പ്രണയിക്കുന്നവര്‍ക്ക്,
നിരാശാകാമുകര്‍ക്ക് ഈ പോസ്റ്റ് ഡെഡിക്കേറ്റ് ചെയ്യുന്നു. ഒപ്പം
എഴുത്തുകാരന്‍ അനൂപ് മേനോന് കുറച്ചധികം പൂച്ചെണ്ടുകളും.

സീന്‍ അന്‍പത്തിഒന്ന്
കുറച്ചു ദിവസങ്ങള്‍ക്കു ശേഷമുള്ള ഒരു പകല്‍.
എന്നും വന്നിരിക്കാറുള്ള കടല്‍പ്പാലത്തില്‍ കഥകള്‍ പറഞ്ഞുനില്‍ക്കുകയാണ്
സ്‌റ്റീഫനും ജോണും. ഫ്‌ളാഷ് ബാക്ക് കാഴ്‌ചയായി അവരുടെ പഴയ ബ്ലാക്ക്&
വൈറ്റ് സൗഹൃദക്കാഴ്‌ചകളുമുണ്ട്.
സ്‌റ്റീഫന്‍ പതുക്കെ ചിരിച്ചുകൊണ്ട്: എന്നാലും അവള് എന്നാ പണിയാടാ, നമ്മക്ക് രണ്ടു പേര്‍ക്കും തന്നേ?
ജോണ്‍ ശാന്തനായി: അവളെയോര്‍ത്ത് കുടിച്ച കള്ളും നനഞ്ഞ മഴയും വേസ്‌റ്റ്..
സ്‌റ്റീഫന്‍: സത്യം. അലക്‌സച്ചായന്‍ ചോദിച്ചിരുന്നെങ്കി എത്രയാന്നുവെച്ചാ ഞാന്‍ കൊടുത്തേനേ. അങ്ങേരെന്തിനാ വെറുതേ..
ജോണ്‍: അതൊക്കെ ഓകെ. പിന്നെ, നീയെന്നാത്തിനാടാ, പാതി സ്വത്ത് എന്റെ പേരിലെഴുതി വച്ചേ?
സ്‌റ്റീഫന്‍ സംശയത്തോടെ: ആരെഴുതി വെച്ചു..?
ജോണ്‍: എന്നോടു കമലുചേട്ടന്‍ പറഞ്ഞു, ആശുപത്രീല് വെച്ച്..
സ്‌റ്റീഫന്‍ നിസാരമായി: കമലു അങ്ങനെ സെന്റിയെളക്കാന്‍ പറഞ്ഞതാവും. ഞാനങ്ങനെ ചിന്തിച്ചിട്ടു പോലുമില്ല. പിന്നേയ്, എനിക്ക് വട്ടല്ലേ?
ജോണ്‍ മൂളിക്കൊണ്ട്: ചുമ്മാതല്ല, ആ അലക്‌സ് വിഷം കലക്കിത്തന്നത്..
ജോണ്‍ ചിരിച്ചുകൊണ്ട് കൈയ്യിലെ കടലമണികളിലൊരെണ്ണം സ്‌റ്റീഫന്റെ
വായിലേക്കിടുന്നു. അരികില്‍ ആര്‍ത്തിരമ്പുന്ന കടലലകള്‍. ആ
കടല്‍പ്പാലത്തില്‍ വിദൂരദൃശ്യമായി അവരിരുവരും.
ആറളം വന്യജീവിസങ്കേതം.
ഗെറ്റ് റെഡി ഫോര്‍ ആക്ഷന്‍..
കണ്ണൂര്‍ ജില്ലയിലെ അതിര്‍ത്തിപ്രദേശങ്ങളിലൊന്നായ ഇരിട്ടിയിലാണ് ആറളം
വന്യജീവിസങ്കേതം. ദേശീയമൃഗമായ ആന തൊട്ട് കലമാന്‍, കാട്ടുപോത്ത്
പുള്ളിപ്പുലി, കാട്ടുപന്നി, വിവിധതരം മാനുകള്‍, കാട്ടുപൂച്ച, മലയണ്ണന്‍,
തുടങ്ങി എല്ലാ മൃഗങ്ങളും ഇവിടെ നിങ്ങള്‍ക്ക് കാണാം.
വളയന്‍ ചാല്‍, മീന്‍മുട്ടി, വാച്ച്‌ടവര്‍, ചീങ്കണ്ണിപ്പുഴ, ചാവപ്പി
വെള്ളച്ചാട്ടം, അമ്പലപ്പാറ മുടി എന്നിവവയാണ് പ്രധാന ടൂറിസ്‌റ്റ്
ആകര്‍ഷണങ്ങള്‍. ഇതില്‍ പ്രധാന കവാടമായ വളയാന്‍ ചാല്‍ മുതല്‍ മീന്‍മുട്ടി
വരെ14 കിമീറ്റര്‍ ട്രക്കിങ് പ്രാചീനതയിലേക്കുള്ള ഒരു മടങ്ങിപ്പോക്ക്
കൂടിയാണ്. ആറളം വന്യജീവിസങ്കേതം ആരെയും ആകര്‍ഷിക്കും. ആദിവാസികളുടെ
കുടികിടപ്പ് ഭൂമിയായി ആണ് അറിയപ്പെടുന്നതെങ്കിലും ട്രക്കിങ്ങിനു കൂടി
പേരു കേട്ട ഇടമാണ് ഇത്. 55 കിലോമീറ്റര്‍ ചതുരശ്രകിലോമീറ്റര്‍
വിസ്‌തൃതിയുണ്ട് ഇതിന്. ഖാട്ടി ബേട്ടയാണ് ഇവിടത്തെ ഏറ്റവും ഉയരമുള്ള മല.
എന്താ, ഖാട്ടാ മീട്ട എന്ന ഹിന്ദി ചിത്രത്തിന്റെ പേര് ഓര്‍മയില്‍
വരുന്നുണ്ടോ? സമുദ്രനിരപ്പില്‍ നിന്നും 1145 മീ ഉയരമുണ്ട് ഇതിന്.
വാച്ച്‌ടവര്‍ വരെയെത്തിയാല്‍ മീന്‍മുട്ടിയിലേക്ക് കാല്‍നടസവാരിയാണ്
നല്ലത്. ഏതാണ്ട് ഏഴ് കിലോമീറ്റര്‍ ഉണ്ട് ഇവിടേയ്‌ക്ക്. കാട്ടിനുള്ളിലെ
വാച്ച്‌ടവറില്‍ എത്രനേരം വേണമെങ്കിലും ചെലവഴിക്കാം. കാട്ടിനുള്ളിലെ
വാച്ച് ടവറില്‍ ഒരു ദിവസമെങ്കിലും താമസിച്ച് സാഹസികരാവുന്നത്
ആവേശകരമല്ലേ? പക്ഷേ അതിന് ഫോറസ്‌റ്റ് ഗാര്‍ഡുമാരുടെ അനുവാദം മുന്‍കൂറായി
വാങ്ങണമെന്നു മാത്രം. ആറളത്തെ ഒരു രാത്രി ചിലപ്പോള്‍ നിങ്ങളുടെ ജീവിതത്തിലെ
മറക്കാനാവാത്ത അനുഭവങ്ങളിലൊന്നുമാവാം.
കണ്ണൂര്‍ ജില്ലയില്‍ നിന്നും 65 കിമീറ്റര്‍ കിഴക്കു മാറിയും തലശേരിയില്‍
നിന്ന് 45 കിമീറ്റര്‍ വടക്കു മാറിയുമാണ് ആറളം സ്‌ഥിതി ചെയ്യുന്നത്.
പ്രവേശന ഫീസ് 15 രൂപയാണ്. ഗൈഡ്‌് ഫീസ് 150 രൂപയും. ഇരിട്ടിയില്‍
എത്തിയാല്‍ പഴഞ്ചേന വിളക്കോട് കുറുക്കന്‍ മുക്ക് ഉളിപ്പടി കാക്കയങ്ങാട്
എത്തി പാല ഹയര്‍ സെക്കന്ററി സ്‌കൂള്‍ ആറളം ഫാം വഴി വളയന്‍ ചാലിലെത്താം.
ഇവിടെയാണ് ആറളം വന്യജീവിസങ്കേതത്തിന്റെ സങ്കേതം.
ധൈര്യപൂര്‍വം കടന്നോളൂ. ഗെറ്റ് റെഡി ഫോര്‍ ആക്ഷന്‍..
ലൊക്കേഷന്‍
റോഡ് മാര്‍ഗം തലശേരിയില്‍ നിന്ന് ഇരിട്ടിയിലെത്തി, അവ്വിടെ നിന്നും 20 കിമീ.
റെയില്‍ മാര്‍ഗം തലശേരി 45 കിമീ
വായുമാര്‍ഗം കോഴിക്കോട് 115 കിമീ
താമാസിക്കാന്‍
ആറളം സാങ്‌ചറിയില്‍ 40 പേര്‍ക്കുള്ള ഡോര്‍മിറ്ററി സൗകര്യമുണ്ട്. എങ്കിലും
ഇരിട്ടിയിലോ പരിസര ടൗണ്‍ പ്രദേശത്തോ താമസിക്കുന്നതാവും നല്ലത്.
നല്ല സീസണ്‍
സെപ്‌തംബര്‍ മേയ്
സന്ദര്‍ശന സമയം 8 മണി മുതല്‍ 4 മണി വരെ.
അടുത്തുള്ള ആകര്‍ഷണ കേന്ദ്രങ്ങള്‍
കണ്ണൂര്‍ കോട്ട 65 കിമീ
പഴശി പ്രോജക്‌ട് 40 കിമീ
കൊട്ടിയൂര്‍ ക്ഷേത്രം 10കിമീ
പറശിനിക്കടവ് ക്ഷേത്രം 65 കിമീ
ഫ്‌ളോറന്‍സ്
യൂറോപ്യന്‍ നവോത്ഥാനത്തിന്റെ കളിത്തൊട്ടില്‍
പൂക്കളുടേയും സുകുമാരകലയുടേയും നാടാണ് ഫ്‌ളോറന്‍സ്. ടസ്‌ക്കനി മേഖലയുടെ
തലസ്ഥാനം എന്ന നിലയില്‍ മധ്യകാലങ്ങളില്‍ ഫ്‌ളോറന്‍സിന്റെ പ്രൗഢിയും
പ്രതാപവും കുതിച്ചുയരുകയായിരുന്നു. മധ്യകാല യൂറോപ്പിലെ വാണിജ്യത്തിന്റേയും
സംസ്‌ക്കാരത്തിന്റേയും കേന്ദ്രസ്ഥാനം കൂടിയായിരുന്നു ഫ്‌ളോറന്‍സ്.
യൂറോപ്യന്‍ നവോത്ഥാനത്തിന്റെ കളിത്തൊട്ടില്‍. യുനസ്‌കോ
ലോകപൈതൃകസ്ഥാനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് ഇവിടം.
ഇറ്റലിയിലെ പ്രമുഖടൂറിസ്റ്റ് കേന്ദ്രം എന്ന നിലയിലും ലോകഫാഷന്റെ
പ്രാണേതാക്കള്‍ എന്ന നിലയിലും പ്രശസ്‌തിയുണ്ട് ഫ്‌ളോറന്‍സിന്.ഇറ്റാലിയന്‍
ഭാഷയില്‍ ഫിയറെന്‍സ് എന്നറിയപ്പെടുന്ന നാടാണ് ഫ്‌ളോറന്‍സ്. പൂക്കളുടെ
നഗരം എന്നര്‍ഥമുള്ള ഫ്‌ളോറന്റീന എന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണ്
നഗരത്തിന് ഈ വാക്ക് ലഭിച്ചത്. ഇറ്റലിയിലെ ജനസാന്ദ്രത കൂടിയ പ്രദേശമായും
ഇത് അറിയപ്പെടുന്നു. ലോകത്തെ ഏറ്റവും ശ്രദ്ധേയമായ 50 ഫാഷന്‍
സ്‌ട്രീറ്റുകളിലൊന്ന്. ഇറ്റാലിയന്‍ നവോത്ഥാനത്തിന്റെ പിറവിയും ഇവിടെ
നിന്നായിരുന്നു.
1
റോമിന്റെ പ്രതാപകാലത്ത് ഫ്‌ളോറന്‍സിന്റെ പ്രശസ്‌തി നാടൊട്ടുക്കും പരന്നു.
മധ്യകാലമായപ്പോഴേക്കും കലയുടെ കേദാരമായി ഇവിടം. ഫ്‌ളോറന്‍സിലെ ഇന്ന്
കാണുന്ന പല സെമിത്തേരികളിലും അന്ത്യവിശ്രമം കൊള്ളുന്നത് ലോകം ആദരിക്കുന്ന
കലാകാരന്‍മാരാണ്. ലോകമെമ്പാടുമുള്ള കലാപ്രേമികളുടെ തീര്‍ഥാടനകേന്ദ്രം
കൂടിയാണിവയൊക്കെയും. മൈക്കല്‍ ആഞ്ചലോ, മാക്യുവെല്ലി, ദാന്തേ, ഡാവിഞ്ചി,
ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍, റാഫേല്‍, അമേരിഗോ വെസ്‌പൂച്ചി ഇങ്ങനെ നീളുന്നു ആ
നിര. ഇവയില്‍ മാക്യുവെല്ലിയും ആഞ്ചലോയും ദാന്തേയും ഡാവിഞ്ചിയുമെല്ലാം
ലോകത്തെ തങ്ങള്‍ക്കൊപ്പം നടത്തിയവര്‍. 1865 മുതല്‍ അഞ്ചു വര്‍ഷക്കാലം
ഇറ്റലിയുടെ തലസ്ഥാനമായിരുന്നു ഇവിടം.
എണ്ണമറ്റ വിപ്ലവങ്ങള്‍ക്കും ഫ്‌ളോറന്‍സ് പല കാലത്തായി സാക്ഷ്യം വഹിച്ചു.
ഇന്നും ആര്‍നോ നദിക്കരയില്‍ ഫ്‌ളോറന്‍സിന്റെ ഓര്‍മകള്‍ക്ക് അധികമൊന്നും
മങ്ങലേല്‍ക്കാതെയിരിക്കുന്ന ഡോര്‍ ടു ദി ക്രോസ് എന്ന കവാടം കാണാം.
പതിമൂന്നാം നൂറ്റാണ്ടില്‍ ഇവിടെയുണ്ടായിരുന്ന നഗരമതിലിന്റെ അവശേഷിക്കുന്ന
ഏകഅവശിഷ്‌ടം. ഫ്‌ളോറന്‍സ് ഒരു റിപ്പബ്ലിക്കായിരുന്ന കാലത്തെ
നാണയമടിച്ചിരുന്ന കെട്ടിടത്തിന്റെ അവശിഷ്‌ടമായി മിന്റ് ടവര്‍ എന്ന
ഗോപുരവുമുണ്ട്.
2
ആര്‍ണോ നദിയ്‌ക്ക് അങ്ങനെയും ഒരിടമുണ്ട് ഫ്‌ളോറന്‍സിന്റേയും
ഇറ്റലിയുടേയും ചരിത്രത്തില്‍. മധ്യഇറ്റലിയിലെ പ്രധാനപ്പെട്ട നദികളിലൊന്നായ
ആര്‍ണോ നദിയുടെ ഇരുകരകളിലുമായിട്ടാണ് ഫ്‌ളോറന്‍സ് നഗരം സ്ഥിതി
ചെയ്യുന്നത്. ഏതു സംസ്‌ക്കാരത്തിനും തഴച്ചുവളരാനുള്ള ചൂടും ചൂരും
പകര്‍ന്ന്.
ഒരു സാംസ്‌ക്കാരികവാഹിനിയായി ആര്‍നോ നദി. എങ്കിലും ചരിത്രത്തില്‍
ഫ്‌ളോറന്‍സിന് കണ്ണുനീര്‍ വീഴ്‌ത്തിയ ചരിത്രവും ഈ നദിയ്‌ക്കുണ്ട്. 1966
നവംബര്‍ 4 ചരിത്രത്തിലെ ദുഖം നിറഞ്ഞ ദിനങ്ങളിലൊന്നായി എണ്ണാം.
അപ്രതീക്ഷിതമായി അന്ന് ഈ നദിയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ നഗരമൊന്നാകെ
മുങ്ങുകയായിരുന്നു. വിവിധ ചരിത്ര മന്ദിരങ്ങളിലായി സൂക്ഷിച്ചുവെച്ചിരുന്ന
ദശലക്ഷക്കണക്കിന് രേഖകളും പുസ്‌തകങ്ങളും ചിത്രങ്ങളും ശില്‍പങ്ങളുമാണ്
അന്ന് നശിച്ചുപോയത്. അന്ന് രൗദ്രഭാവമണിയുകയായിരുന്നു ആര്‍ണോ നദി.
3
ഫ്‌ളോറന്‍സിലെ നാഷണല്‍ സെന്‍ട്രല്‍ ലൈബ്രറിക്ക് യൂറോപ്പിന്റെ തന്നെയും
ഗതിവിഗതികളെ നിയന്ത്രിച്ചുവെന്ന പ്രത്യകതകളുണ്ട്. 1714 ല്‍ ആണ് ഇത്
സ്ഥാപിതമായത്. നൂറ്റാണ്ടുകളായി ഫ്‌ളോറന്‍സിന്റെ ഹൃദയകേന്ദ്രം ആയിരുന്നു
അത്. ക്ലാസിക് ഭാവമുള്ള മന്ദിരങ്ങള്‍ക്കിടയിലൂടെ ചരിത്രത്തില്‍
നിന്നിറങ്ങിവരുന്നതു പോലെ കുതിരവണ്ടികളില്‍ യാത്ര ചെയ്യുമ്പോള്‍
ഫ്‌ളോറന്‍സ് തീര്‍ച്ചയായും ചരിത്രസിനിമകളിലെ ലൊക്കേഷനായി രൂപാന്തരപ്പെടും.
ഫ്‌ളോറന്‍സിലെ കോടതി മന്ദിരവും പാലസോ വെച്ചിയോ എന്നറിയപ്പെടുന്ന
കൊട്ടാരവും ഗതകാലസ്‌മരണകളുടെ ഭൂതകാലക്കുളിരില്‍ നമ്മെ ചെന്നെത്തിക്കും.
ഇന്ന് ഫ്‌ളോറന്‍സിന്റെ ടൗണ്‍ഹാള്‍ കൂടിയാണ് ഇവിടത്തെ പഴയ കൊട്ടാരം. പാലസോ
ഡെല്ലാ സിഗ്നോറിയ എന്നാണ് ഇതിന്റെ യഥാര്‍ഥനാമം. ഫ്‌ളോറന്‍സ്
ഭരിച്ചിരുന്ന മെഢിസി കുടുംബത്തിലെ കോസിമോ ഒന്നാമന്‍ പ്രഭു തന്റെ വാസം ഈ
കൊട്ടാരത്തിലേക്കു മാറ്റിയത് 1540 ലാണ്. ഫ്‌ളോറന്‍സ് ഇറ്റലിയുടെ
തലസ്ഥാനമായിരുന്നപ്പോള്‍ ഭരണകേന്ദ്രവും ഈ കൊട്ടാരമായിരുന്നു. 1453 ല്‍
പണികഴിച്ച ഇവിടത്തെ ഒന്നാമത്തെ നടുമുറ്റം മൈക്കലോസോ എന്ന ശില്‍പിയോട്
കടപ്പെട്ടിരിക്കുന്നു. ഇവിടത്തെ അലങ്കാരപ്പണികള്‍ക്കു പിന്നിലുമുണ്ട് ഒരു
ചരിത്രം. കോസിമോ ഒന്നാമന്‍ പ്രഭുവിന്റെ മൂത്ത മകന്‍ ഫ്രാന്‍സിസ്‌കോ
ഒന്നാമന്റെ വിവാഹത്തോടനുബന്ധിച്ച് കൊട്ടാരം ജോര്‍ജിയേ വസാരി എന്ന
ശില്‍പിയാണ് അലങ്കാരപ്പണികള്‍ക്ക് നേതൃത്യം നല്‍കിയത്. ഓസ്‌ട്രിയന്‍
ഹാബ്‌സ്‌ബര്‍ഗ് തോട്ടങ്ങളുടെ പ്രതിരൂപമാവണം കൊട്ടാരക്കെട്ടെന്നായിരുന്നു
പ്രഭുവിന്റെ ഉത്തരവ്. അങ്ങനെ തൂണുകളില്‍ മുന്തിരിവള്ളികള്‍ പടര്‍ന്നു.
കമാനങ്ങളില്‍ പലതരം ചെടികള്‍ പൂത്തുലഞ്ഞു. പണി പൂര്‍ത്തിയായപ്പോള്‍ ഒരു
ഒന്നാം തരം തോട്ടം പോലെയായി കൊട്ടാരം.
4
പ്യാസ ഡെല്ലാ സിഗ്നോറിയ എന്നാണ് ഇവിടത്തെ ചത്വരത്തിന്റെ പേര്. 14
നൂറ്റാണ്ടു മുതല്‍ എല്ലാ ദിവസവും ആയിരക്കണക്കിനു ആളുകള്‍ മേളിച്ചിരുന്നു
ഇവിടം. വിഖ്യാതമായ പല ശില്‍പങ്ങളും ചിലതിന്റെ പകര്‍പ്പുകളും ഇവിടെ കാണാം.
മൈക്കലാഞ്ചലോയുടെ ഡേവിഡ് പോലുള്ള ശില്‍പങ്ങള്‍.. അതിനപ്പുറം 94 മീറ്റര്‍
നീളമുള്ള 15 നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച ക്ലോക്ക് ടവറും. 300
വര്‍ഷത്തിലേറെയായി നിര്‍ത്താതെ നാഴികകളറിയിച്ച ഒരു ഘടികാരം ഇവിടെയുണ്ട്.
കൂടാതെ ബാര്‍ത്തലോമിയുടേയും സെല്ലിനിയുടേയും ശില്‍പങ്ങള്‍ വേറെയും..
5

13 നൂറ്റാണ്ടില്‍ പണി തുടങ്ങി 15 നൂറ്റാണ്ടില്‍ പണി പൂര്‍ത്തിയാക്കിയ
ബസലിക്ക ഓഫ് സെന്റ് മേരി ഓഫ് ദി ഫ്‌ളവര്‍ എന്ന ഫ്‌ളോറന്‍സ്
കത്തീഡ്രലിന് മാര്‍ബിള്‍ മനോഹാരിതയുടെ സൗന്ദര്യം എന്നതിലുമുപരി
ചരിത്രത്തിലും ശ്രദ്ധേയ സ്ഥാനമുണ്ട്. അനുപമമായ ഒരു മാര്‍ബിള്‍ ശില്‍പമാണ്
ഇത്. പച്ച, ചുവപ്പ്, വെളുപ്പ്, ഓറഞ്ച്, പിങ്ക് നിറങ്ങളിലുള്ള
മാര്‍ബിള്‍ കൊണ്ടാണ് ഇത് നിര്‍മിക്കപ്പെട്ടിട്ടുള്ളത്.
അനുഗ്രഹീതശില്‍പികള്‍ മാര്‍ബിളില്‍ രചിച്ച കവിത എന്നും ഇതിനെ വിളിക്കാം.
പുരാതന ഫ്‌ളോറന്‍സിന്റെ കേന്ദ്രസ്ഥാനമായിരുന്ന റിപ്പബ്ലിക് സ്‌ക്വയറും
നവോത്ഥാനശില്‍പകലയുടെ പ്രതീകമായി അറിയപ്പെടുന്ന ട്രയംഫല്‍ ആര്‍ച്ചും
ഇവിടത്തെ കാഴ്‌ചകളില്‍ ഏറെ പ്രധാന്യമുള്ള ചരിത്ര സ്‌മരണകളായി തുടരുന്നു.
റിപ്പബ്ലിക് സ്‌ക്വയറിലെ 16ാം നൂറ്റാണ്ടില്‍ പണി കഴിക്കപ്പെട്ട പഴയ
മാര്‍ക്കറ്റ് ആദ്യകാല സില്‍ക്ക് മാര്‍ക്കറ്റായിരുന്നു. ഇന്നത്
ടൂറിസ്റ്റുകള്‍ക്കായുള്ള സോവനീറുകളും ലെതര്‍ ഉത്‌പന്നങ്ങളുമായി
നിറഞ്ഞുനില്‍ക്കുന്നു.
പോണ്‍ഡെ വെക്കിയോ എന്ന ആര്‍നോ നദിക്കരയിലുള്ള പാലം ഏതാണ്ട് 1000 വര്‍ഷം
മുമ്പാണ് നിര്‍മിച്ചതെന്നറിയുമ്പോള്‍ അന്നത്തെ ആര്‍കിടെക്‌ടുമാരെ എത്ര
അഭിനന്ദിച്ചാലും മതിവരില്ലെന്ന് നമുക്ക് സമ്മതിക്കേണ്ടി വരും. രണ്ട്
വലിയ കൊട്ടാരങ്ങളെ ബന്ധിപ്പിക്കുന്ന കോറിഡോറായി മാറുന്ന ഈ പാലത്തിന് ഒരു
തെരുവിന്റെ രൂപഭാവം തന്നെയാണ്. പണ്ട് ഇറച്ചിക്കടകളായിരുന്നു ഇവിടത്തെ
കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍, ഇന്ന് അതൊരു ജ്വല്ലറിയായി
രൂപാന്തരപ്പെട്ടതായി കാണാം.
ഇറച്ചിക്കടകളും ജ്വല്ലറിയും ഇന്നത്തെ സാഹചര്യത്തില്‍ പുനര്‍ വായന
നടത്തുമ്പോള്‍ സൈദ്ധാന്തികമായ മറ്റൊരു കൗതുകക്കാഴ്‌ചയിലേക്ക്
നമ്മളെത്തിച്ചേരും.
6
ആര്‍നോ നദിയും നഗരവുമായുള്ള ബന്ധം ചരിത്രത്തിലെ മറ്റൊരു മഹാരഥനിലേക്കു കൂടി
നമ്മുടെ ഓര്‍മകളെ എത്തിക്കുന്നു. ജൂലിയസ് സീസര്‍. ബി സി 59 ല്‍ ജൂലിയസ്
സീസര്‍ നദിക്കരയിലെ ഈ പ്രദേശം കണ്ടെത്തിയത് പട്ടാളത്തില്‍ നിന്ന്
പിരിഞ്ഞു പോയ പട്ടാളക്കാരെ പുനരധിവസിപ്പിക്കാനായിരുന്നു.
സീസറുടെ കാലം ഫ്‌ളോറന്‍സിന്റേയും സുവര്‍ണകാലഘട്ടമായിരുന്നു. ഫ്രാന്‍സും
ഈജിപ്‌തുമല്ലാം റോമിന്റെ അധീനതയില്‍ വന്നത് അദ്ദേഹത്തിന്റെ
കാലത്തായിരുന്നു. തിരുവായ്‌ക്ക് എതിര്‍വാ ഇല്ലാത്ത വിധം അദ്ദേഹം ഏറെക്കാലം
രാജ്യം ഭരിച്ചു. എങ്കിലും അടുത്ത അനുയായികളായിരുന്ന ബ്രൂട്ടസും കാഷ്യസും
ചതിയിലൂടെ അദ്ദേഹത്തെ വധിക്കുകയായിരുന്നു.
പിന്നീട് ഇറ്റലി കടന്നുപോയത് അധികാരത്തിന്റെ യുദ്ധങ്ങളും ഇരുണ്ട
കാലഘട്ടങ്ങളും കുരിശഹയുദ്ധങ്ങളും നിറഞ്ഞ നിരവധി
ചരിത്രമുഹൂര്‍ത്തങ്ങളിലൂടെയായിരുന്നു. 1453 ല്‍ തുര്‍ക്കി
കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയതോടെ റോമാസാമ്രാജ്യത്തിന്റേയും ചരിത്രം
തല്‍ക്കാലത്തേക്കെങ്കിലും അവസാനിക്കുകയായിരുന്നു. ബ്രിട്ടണ്‍, ഫ്രാന്‍സ്,
സ്‌പെയിന്‍ തുടങ്ങിയ സാമ്രാജ്യശക്തികള്‍ക്കെതിരെ ലോകമാകെ അലയടിച്ചുവന്ന
പ്രതിഷേധങ്ങളും സ്വാതന്ത്ര്യപ്രഖ്യാപനങ്ങളും ഇറ്റാലിയന്‍ ജനതയെ
അസ്വസ്ഥരാക്കി. മുസോളിനിയും മസ്സീനിയും ഗാരി ബാള്‍ഡിയും ലോകമഹായുദ്ധങ്ങളും
ഇറ്റലിയുടെ ചരിത്രയാത്രകള്‍ക്ക് പരവതാനി വിരിച്ചു.
1946 ജൂണ്‍ രണ്ടിന് റിപ്പബ്ലിക്കായ ഇറ്റലിയില്‍ 1948 ല്‍ ജനുവരി ഒന്നിന് ഭരണഘടന നിലവില്‍ വന്നു.
7
ഡിവൈന്‍ കോമഡി എഴുതിയ ഡാന്റേയും പെട്രാര്‍ക്കും ബൊക്കോച്ചിയോയുമൊക്കെ
ഫ്‌ളോറന്‍സിന്റെ സന്തതികള്‍. രാഷ്‌ട്രീയ മീമാംസചിന്തകളുടെ തലതൊട്ടപ്പനായ
മാക്യുവെല്ലിയും അദ്ദേഹത്തിന്റെ ഇല്‍ പ്രിന്‍സിപെ അഥവാ രാജകുമാരന്‍ എന്ന
ഗ്രന്ഥവും ഏറെ പ്രാധാന്യം നിറഞ്ഞ ഒരു ഫ്‌ളോറന്‍സുകാരന്റെ നവചിന്തകള്‍.
മായക്കാഴ്‌ചയായി നഗരത്തില്‍ മൈക്കലാഞ്ചലോയുടെ മാസ്റ്റര്‍ പീസ് ഡേവിഡ്
എന്ന ശില്‍പവും കാണാം.
14.21 അടി ഉയരമുള്ള ഈ കൂറ്റന്‍ മാര്‍ബിള്‍ ശില്‍പം 1501- 1504 കാലത്താണ്
പണിതത്. ഇസ്രായേലിന്റെ ശത്രുക്കളെ ഇച്ഛാശക്തിയും ദൈവവിശ്വാസവും കൊണ്ട്
തോല്‍പിച്ച ബൈബിള്‍ കഥാപാത്രത്തെ ഫ്‌ളോറന്‍സിന്റെ ദേശാഭിമാന പ്രചോദനമായാണ്
മൈക്കലാഞ്ചലോ വിഭാവനം ചെയ്‌തത്. ഏകാന്തവും വിഷാദഭരിതവുമായിരുന്നു
അദ്ദേഹത്തിന്റെ ജീവിതം. ഡേവിഡ് കണ്ടാല്‍ ലോകത്ത് മറ്റൊരു കലാസൃഷ്‌ടിയും
പ്രത്യേകമായി കാണേണ്ടതില്ല എന്ന് കലാവിമര്‍ശകര്‍ പറയാറുമുണ്ട്.
മധ്യകാലഘട്ടങ്ങളിലെ ആഥന്‍സായും പഴമ കൊണ്ടും പ്രൗഡി കൊണ്ടും ഇത് ഇത്
അറിയപ്പെട്ടിട്ടുണ്ട്. ഒരു കാലത്ത് ഫ്‌ളോറന്‍സിലെ ഭാഷയായിരുന്നു
ഇറ്റാലിയന്‍ ഭാഷ. സുവര്‍ണകാലഘട്ടം കൂടിയായിരുന്നു അത്. കൂടാതെ ലോകത്തിലെ
ഫാഷന്‍ വിസ്‌മയങ്ങളിലൊന്നായി ഇതിന് വിളിപ്പേരുമുണ്ട്. നവോത്ഥാനത്തിന്റെ
ജന്മഭൂമിയായും ഇത് അറിയപ്പെടുന്നു.
8
ചരിത്രത്തിലെ ഏറ്റവും കുലീനകുടുംബവാഴ്‌ചകളിലൊന്നായ മെഡിസി കുടുംബത്തിന്റെ
ആസ്ഥാനവും 15 നൂറ്റാണ്ടില്‍ ഫ്‌ളോറന്‍സായിരുന്നു. ആ കുടുംബത്തിലെ
രണ്ടംഗങ്ങളെങ്കിലും പോപ്പുമാരായിരുന്നു എന്നറിയുമ്പോളാണ് ആ കുടുംബത്തിന്റെ
മഹത്വം മനസിലാവുന്നത്. 1348 യൂറോപ്പിലാകമാനവും പടര്‍ന്നു പിടിച്ച അനേകം
പേരുടെ മരണത്തിനിടയാക്കിയ ബ്ലാക്ക് ഡെത്ത് എന്ന പേരിലറിയപ്പെട്ട
മഹാമാരിയ്‌ക്കു ശേഷം ഇവിടത്തെ ജനസംഖ്യ പകുതിയിലധികവും കുറഞ്ഞു. എങ്കിലും 15
നൂറ്റാണ്ടായപ്പോഴേക്കും ഇതിന്റ പ്രശസ്‌തിയും പതുക്കെ
ഉയര്‍ന്നുവരികയായിരുന്നു.
ആ കാലഘട്ടത്തിലെ കൃസ്‌തീയ പുരോഹിതനായിരുന്ന ഗിലോരാമോ സവോനാരോളയെ പരസ്യമായി
തൂക്കിലേറ്റിയ കഥയുമുണ്ട് ഫ്‌ളോറന്‍സിന് പറഞ്ഞുകേള്‍ക്കാനായി. റഷ്യന്‍
ചരിത്രത്തിലെ റാസ്‌പുട്ടിന് സമാനമായ ഉപജാപകപ്രവര്‍ത്തനങ്ങള്‍ നടത്തിയ
അദ്ദേഹത്തെ ഒടുവില്‍ ജനങ്ങള്‍ തന്നെ പിടികൂടി ഇവിടത്തെ ചത്വരത്തില്‍
വെച്ച് ചുട്ടുകരിക്കുകയായിരുന്നു.
9
രണ്ടാം ലോകമഹായുദ്ധകാലത്ത് ഇടയ്‌ക്ക് ജര്‍മനിയുടെ നേതൃത്വത്തില്‍ ഇതൊരു
ഓപണ്‍ സിറ്റിയായും മാറുകയുണ്ടായി. യുദ്ധകാലത്ത് നിരവധി
സ്വാതന്ത്യസമരസേനാനികളുടെ മരണകേന്ദ്രം കൂടിയായിരുന്നു ഇവിടത്തെ
ചത്വരങ്ങള്‍.
മധ്യകാലത്ത് സംഗീതം അലയടിച്ചുകൊണ്ടിരുന്ന ഇവിടം പിന്നീട് രക്തപ്പുഴകളാണ്
കണ്ടത്. 16 നൂറ്റാണ്ടില്‍ ഇവിടെ തുടങ്ങിയ ഓപറകള്‍ ഇന്നും
ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരെ ഹരം കൊള്ളിക്കുന്നു. നിരവധി സിനിമകളിലും
ഗ്രന്ഥങ്ങളിലും ഇതിനെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ലിയാനര്‍ഡോ
ഡാവിഞ്ചിയെപ്പോലുള്ളവര്‍ ഇവിടത്തെ ശാസ്‌ത്രചിന്തകള്‍ക്കും മിഴിവു
പകര്‍ന്നു. കണ്ടുപിടുത്തങ്ങളുടെ കാലത്ത് ഫ്‌ളോറന്‍സ് എല്ലാത്തിനും മേലെ
ഗലീലിയോയ്‌ക്കൊപ്പവും മറ്റും തലയുയര്‍ത്തി നിന്നു. 1530 ഫെബ്രുവരിയില്‍
ഇവിടെ നടന്ന തദ്ദേശിയരും പോപ്പിന്റെ കീഴിലുള്ള പാപ്പല്‍ ട്രൂപ്പ്‌സുമായി
നടന്ന റഗ്‌ബിയോട് സാദൃശ്യം പുലര്‍ത്തുന്ന പ്രത്യേക ഫുട്‌ബോള്‍
മത്സരത്തിന് ഇവിടത്തെ ചരിത്രത്തോടും ഏറെ ബന്ധമുണ്ട്. കായികമത്സരങ്ങളുടെ
ചരിത്രത്തിലും ഇത്തരം മത്സരങ്ങള്‍ ഇടം പിടിക്കുകയുണ്ടായി.
മക്കള്‍ മഹാത്‌മ്യം
ഏതായാലും കുടുംബവും കുട്ടികളും എന്നത് ഒരു വല്ലാത്ത സംഭവമാണ്.
�മനുഷ്യരാശിയുടെ നിലനില്‍പ് തന്നെ കുടുംബവും കുട്ടികളും എന്ന
എസ്‌റ്റാബ്ലിഷ്‌മെന്റാണല്ലോ� എന്നു പറഞ്ഞത് സന്ദേശം സിനിമയിലെ
കോട്ടപ്പള്ളിയാണെങ്കിലും ചിലപ്പോഴെങ്കിലും ഇത് ശരിയും തെറ്റുമാണ്. എല്ലാ
അനുഭവങ്ങളും ഈ കേരളത്തില്‍ തന്നെ സുലഭം.
കുടുംബമാവുമ്പോള്‍ ചിലര്‍ ഒറ്റക്കുട്ടിയില്‍ ഒതുങ്ങിക്കഴിയുന്നവരാവും.
വേറെ ചിലര്‍ക്ക് രണ്ടു കുട്ടികളാണ് പെര്‍ഫക്‌ട്. ദൈവമനുഗ്രഹിച്ച് ആണും
പെണ്ണുമായാല്‍ നന്ന്. ഒന്നിനൊന്ന് കൂട്ടുണ്ടല്ലോ. പിന്നെ ചിലര്‍ക്ക്
കുട്ടികളൊരുപാട് വേണം. കുട്ടികളെ വല്ലപ്പോഴും മാത്രം കാണുന്ന പ്രവാസികളും,
വൈകി ജനിച്ച കുട്ടികളെക്കുറിച്ച് വാചാലരാവുന്ന മാതാപിതാക്കളെപ്പോലെ
ആവേശത്തോടെ തന്നെ സ്വന്തം മക്കളെക്കുറിച്ച് സംസാരിക്കും.
മക്കളില്ലാത്തവരും ദത്തെടുത്തവരും കല്യാണമേ വേണ്ടെന്നു തീരുമാനിച്ചവരുമായി
ഇനിയുമുണ്ടേറെ ഓപ്‌ഷനുകള്‍. ആശിച്ചും പുന്നാരിച്ചും വളര്‍ത്തിയ മക്കള്‍
തന്നെ ഒടുവില്‍ സ്‌റ്റാറ്റസ് കുറവിന്റെ പേരില്‍ മാതാപിതാക്കളെ
വൃദ്ധസദനത്തിലാക്കുന്ന കഥകള്‍ വേറെയുമുണ്ട്.
ഈ ലക്കം ഗൃഹലക്ഷ്‌മി നടത്തുന്നത് മക്കളുടെ കാര്യത്തിലും
കുടുംബവീക്ഷണകോണിലും ഒന്നിനൊന്ന് വ്യത്യസ്‌തമായ ചില
കുടുംബവിശേഷങ്ങളിലൂടെയുള്ള ഒരു യാത്രയാണ്. മുന്നറിയിപ്പ്; യാത്രയുടെ
ഒടുക്കം വരേയും കൂടെ വരുന്നവര്‍ക്ക് ഇടയ്‌ക്ക് ചില സ്വകുടുംബകഥകളും
അയവിറക്കാം. കുടുംബം എന്നു പറയുമ്പോള്‍ തന്നെ ഇഷ്‌ടം പോലെ കഥകളും
കൂടെയുണ്ടാവുമല്ലോ.
മക്കള്‍ മഹാത്‌മ്യം
�കുട്ടികള്‍ കൂടുന്നതു തന്നെയാണിഷ്‌ടം. ഓരോ കുട്ടി വലുതാവുന്തോറും
ലാളിക്കാനും കൊഞ്ചിക്കാനും ഓരോ പുതിയ കുട്ടികളുണ്ടാവണം. വലുതായാല്‍ പിന്നെ
അവരെ പഴയതു പോലെ കുളിപ്പിക്കാനോ വസ്‌ത്രമിടീപ്പിക്കാനോ പറ്റില്ലല്ലോ? ഏഴു
മക്കളാ ഞങ്ങക്കെന്ന് പറഞ്ഞാലും ആരും വിശ്വസിക്കില്ല. ഈ ചെറുപ്രായത്തിലോ
എന്നാണ് മറുചോദ്യം. എന്റെ ചെല കൂട്ടുകാരികളൊക്കെ അവരുടെ
ഭര്‍ത്താക്കന്‍മാരോട് പ്രസവിക്കുന്നേന്റേം മറ്റും വിഷമങ്ങള് പറയുമ്പോ ആ
ഫാരിഷാനേം റയീസിനേം കണ്ടു പഠിക്കാനാ എല്ലാരും പറയുക.� കുട്ടികളുടെ ഉമ്മ
ഫാരിഷ മനസു തുറന്നു. ടൗണിലെ പി പി ട്രേഡേര്‍സ് അടച്ചു
വീട്ടിലെത്തുമ്പോഴുള്ള കുട്ടികളുടെ തമാശകളാണ് ഭര്‍ത്താവ് റഹീസിന്റെ
ഓര്‍മ്മകളില്‍. കൂട്ടത്തില്‍ ഞായറാഴ്‌ചകളാണ് രസം. ലീവായതിനാല്‍ മക്കള്‍
മുഴുവന്‍ ദേഹത്തു തന്നെയുണ്ടാവും. പിന്നെ ബാപ്പാന്റെ നെഞ്ചത്തായിരിക്കും
ആനയും കുതിരയും കളി. ഇപ്പോള്‍ തന്നെ മുഹമ്മദും ഖദീജയും ബാപ്പയുടെ
മടിയിലേക്ക് ചാടിക്കയറാനുള്ള ശ്രമത്തിലാണ്.
1998 ലായിരുന്നു നിക്കാഹ്. മൂത്തവന്‍ സല്‍മാനുല്‍ ഫാരിസിക്ക് 12
വയസാണ്. പിന്നെ ഇളയവരായി മുഹമ്മദ് ബിലാല്‍, മുഹമ്മദ് സിനാന്‍,
മുഹമ്മദ്, ഖദീജ ഫര്‍ഹ എന്നിവരും. കൂട്ടത്തിലെ പുതിയ അംഗങ്ങളായ ഉമര്‍
അബ്‌ദുല്ലയേയും ആലിം അബ്ബാസിനേയും തിരിച്ചറിയാന്‍ ഇപ്പോഴും റഹീസിന്
പാടാണ്. ഫാരിഷയ്‌ക്കേ അതറിയൂ എന്ന ന്യായീകരണവുമുണ്ട്. അവര്
കണ്ണടയ്‌ക്കുന്ന സ്‌റ്റൈല് നോക്കിയാണത്രേ ഈ തിരിച്ചറിയല്‍ പരേഡ്.
എട്ടുമാസമാണ് ഇവരുടെ പ്രായം. കണ്ണൂര്‍ ജില്ലയിലെ ചൊക്ലിയില്‍
നിന്നുള്ളതാണ് ഈ കുടുംബപുരാണം.
മക്കള്‍ കൂടുതലായാല്‍ വല്യ ബുദ്ധിമുട്ടാണെന്ന് പറയുന്നവര്‍ ഒന്നിവിടം വരെ
വന്നു സര്‍വേ നടത്തണമെന്ന് ഇരുവരും പറയും. അവര്‍ അടങ്ങിയൊടുതുങ്ങി കഴിയണം
എന്ന അഭിപ്രായമൊന്നുമില്ല. ഇപ്പോഴുള്ളതു പോലെ അല്‍പം കുസൃതിയും
ഒച്ചപ്പാടുമൊക്കെയായി കഴിയട്ടെ. അതുകൊണ്ടുള്ള ബുദ്ധിമുട്ടൊക്കെ ഞങ്ങളങ്ങ്
സഹിച്ചോളാം. എന്നുവെച്ച് ഇവരെന്നും ഇങ്ങനെയൊന്നുമല്ല. തമ്മിലുള്ള ഐക്യവും
കമ്യൂണിക്കേഷനുമല്ലാം ഒന്ന് കാണേണ്ടതു തന്നെയാണ്. ഒരുത്തന് എന്തെങ്കിലും
അസുഖമോ മറ്റോ വന്നാല്‍ ഏറ്റവും വേദന മറ്റവനായിരിക്കും. മുഹമ്മദിനും
സിനാനും ട്യൂഷനെടുക്കുന്നത് മൂത്തവന്‍ സല്‍മാനുല്‍ ഫാരിസി. അപ്പോള്‍
അവനൊരു കാരണവരെപ്പോലെയാണ്. ഇപ്പോഴുള്ള ചിരിയും കളിയുമൊന്നുമില്ല. ഉത്തരം
ഒന്നു തെറ്റിയാല്‍ ഇരുവര്‍ക്കും ഇയ്‌ക്കാക്കയുടെ �മേട്� ഉറപ്പ്.
ഇരട്ടകള്‍ രണ്ടും ഗര്‍ഭത്തിലിരുന്ന സമയത്ത് കുഞ്ഞുമകളായ ഖദീജയെ
നോക്കിയിരുന്നത് രണ്ടാമന്‍ ബിലാല്‍. ഖദീജ കരയാന്‍ തുടങ്ങുമ്പോള്‍
ബിലാലെടുത്ത് ദാ, ആ സൈക്കിളില്‍ കൊണ്ടുവയ്‌ക്കും. പിന്നെ പിറകീന്ന് തള്ളി
മുറ്റത്തുകൂടിയുള്ള ഓട്ടമാണ്. അതോടെ സ്വിച്ചിട്ടതു പോലെ അവള് കരച്ചില്
നിര്‍ത്തും. �പണ്ട് ഞാന്‍ എന്റെ ബാപ്പയുടെ മുമ്പില്‍ പേടിയും ബഹുമാനവും
കൊണ്ട് നേരെ നില്‍ക്കുക പോലുമില്ലായിരുന്നു. എന്നാലോ, ഇങ്ങള്
കാണുന്നില്ലേ, അന്റെ മക്കളെല്ലാം അന്റെ അടുത്ത ചങ്ങായിമാരാണ്. ഇവരെ
കണ്ടാല്‍ എല്ലാ ടെന്‍ഷനും മാറും.� റഹീസ് അല്‍പം
ചരിത്രവിശദീകരണത്തിനൊരുങ്ങി.
ഇത്രയധികം കുട്ടികളെ എങ്ങനെ നോക്കിവളര്‍ത്തുമെന്നതിന് പ്രത്യേകിച്ചൊരു
ഒറ്റമൂലിയൊന്നും ഇരുവരുടേയും കൈവശമില്ല. എന്നാലും ഇവരുടെ കാര്യമെല്ലാം
ഭാര്യയെ മാത്രം ഏല്‍പ്പിക്കാതെ സഹായിക്കാനും പരിപാലിക്കാനുമല്ലാം റഹീസ്
മുന്നില്‍ തന്നെയുണ്ട്. രാവിലെ അവരെ സ്‌കൂളില്‍ പോവാനൊരുക്കുന്ന ചുമതല
ഭര്‍ത്താവിനാണ്. അവര്‍ക്ക് ഇസ്‌തിരിയിട്ടുകൊടുക്കും. ടിഫിനൊരുക്കും. അവരെ
കുളിപ്പിച്ചുകൊടുക്കാനും �പാംപേര്‍സ്� മാറ്റാനും വരെ ഒരുക്കമാണ്.
ഇതൊക്കെ ഇപ്പോഴല്ലേ ചെയ്യാന്‍ കഴിയൂ എന്ന ന്യായീകരണവുമുണ്ട്. �മക്കള്‍ ഒരു
വരദാനമാണ്. പിന്നെ അവരുടെ ഭാവി. എന്തിനാ അതോര്‍ത്ത് ഇപ്പോഴേ
ടെന്‍ഷനാവുന്നേ?. വായ് കീറിയ പടച്ചോനറിയാം അവരുടെ ഭാവിയും. ഭക്ഷണം ഇല്ല
എന്നൊക്കെ പറഞ്ഞ് കുട്ടികളെ വേണ്ടെന്നു വയ്‌ക്കുന്നതെന്തിനാ? � ഇരുവരും
ചേര്‍ക്കുന്നു, ഒരു ക്വസ്‌റ്റിയന്‍ മാര്‍ക്ക്.
ഒരാള്‍ക്കു പൈലറ്റ്. മറ്റൊരാള്‍ക്ക് ഡോക്‌ടര്‍. പിന്നെയൊരാള്‍ക്ക്
ക്രിക്കറ്റ് കളിക്കാരന്‍.. അങ്ങനെ പോവുന്നു ലിറ്റില്‍ ചാംപ്‌സിന്റെ
ആഗ്രഹനിര. കൂട്ടത്തില്‍ മൂന്ന് വയസുകാരിയായ ഖദീജ ഇപ്പോഴേ, സ്‌കൂളില്‍
പോവാനുള്ള തയാറെടുപ്പിലാണ്. മുഹമ്മദിന്റെ കാര്യമാണ് ഇതിലും രസം. ദിവസവും
ക്ലാസില്‍ പോവുമ്പോള്‍ ഇവിടന്ന് ഓരോ പെന്‍സില് കൊണ്ടുപോവും. ഒരു ദിവസം
ഇതിന്റെ ഗുട്ടന്‍സ് അറിയാന്‍ ചെന്നപ്പോഴല്ലേ അറിയുന്നത്, എല്ലാം
ടീച്ചര്‍ക്കു കൊടുക്കാനാണെന്ന്. കിട്ടിയ പെന്‍സിലെല്ലാം ടീച്ചര്‍ ഒരു
പെട്ടിയില്‍ അടുക്കി വച്ചിരിക്കുന്നു! അവന് വീട്ടില്‍ വേറെ പെന്‍സില്‍
കിട്ടുമെന്ന് ഉറപ്പുള്ളതു കൊണ്ടാണ് ഇഷ്‌ടടീച്ചര്‍ക്ക് ഈ ഉപഹാരദാനം.
ഗോവിന്ദ്, രോഹിണി നക്ഷത്രം
ഇനി നമുക്കൊരു ഒറ്റക്കുട്ടിക്കഥയിലേക്ക് കടക്കാം. റയീസിന്റേയും
ഫാരിഷയുടേയും വീട്ടില്‍ നിന്ന് തികച്ചും വ്യത്യസ്‌തമാണ്
തൃപ്പൂണിത്തുറയിലുള്ള മുകുന്ദിലെ വിശേഷങ്ങള്‍. ഓഫീസ് വിട്ട്
വീട്ടിലെത്തിയിട്ടേ ഉള്ളൂ, മീരടീച്ചര്‍. ബിസിനസുകാരനായ ഭര്‍ത്താവ്
കൃഷ്‌ണകുമാറും അഞ്ചുമിനിറ്റിനുള്ളിലെത്തുമെന്നറിയിച്ച് ഫോണ്‍
ചെയ്‌തിരുന്നു. അകത്തെ മുറിയില്‍ നിന്നും ഒരു കമാന്റോ ആക്രമണത്തിന്റെ സ്വരം
കേള്‍ക്കാം. മകന്‍ ഗോവിന്ദാണ്. ഭാരതീയ വിദ്യാഭവനില്‍ രണ്ടാം ക്ലാസിലാണ്
പഠിക്കുന്നത്. എങ്കിലും മിമിക്രിയും മോണോ ആക്‌ടും നല്ല പോലെ വശം. മാറി
മാറി വരുന്ന ആഗ്രഹങ്ങളില്‍ രാജ്യാതിര്‍ത്തി കാക്കുന്ന ഒരു കമാന്‍ഡോ
ആകാനാണ് പുതിയ ആഗ്രഹം. അതിനുള്ള റിഹേഴ്‌സലാണ് ഈ ശബ്‌ദവും കൂത്തുമല്ലാം.
�ഒറ്റമോനേയുള്ളൂ. അതോണ്ട് ഇവന്‍ ജനിച്ച അന്നുതൊട്ട് ഇന്നു വരെയുള്ള എല്ലാ
കാര്യങ്ങളും ഞങ്ങള്‍ക്ക് കാണാപാഠമാണ്. രോഹിണിനാളാ.
കൃഷ്‌ണഭക്‌തരായതിനാല്‍ ഈ പേരും ഇട്ടു.� അപ്പോഴേക്കും വീട്ടില്‍ വന്നു കയറി
അച്ഛന്‍ കൃഷ്‌ണകുമാര്‍.
മുകുന്ദില്‍ പതിയെ സംസാരിക്കുന്ന അച്ഛനേയും അമ്മയേയും കവച്ചുവയ്‌ക്കും
മകന്റെ സ്വരം. തങ്ങളുടെ കുട്ടിയായതു കൊണ്ടു പറയുകയല്ല, പഠനത്തില്‍
ആവറേജാണെങ്കിലും മറ്റെല്ലാ കാര്യത്തിലും വീരനാണെന്നാണ് അച്ഛനമ്മമാരുടെ
സര്‍ട്ടിഫിക്കറ്റ്. കല്യാണം കഴിഞ്ഞതിന്റെ പിറ്റേ വര്‍ഷം 2003 ലായിരുന്നു
ഗോവിന്ദിന്റെ ജനനം. മൂന്ന് വയസുള്ളപ്പോള്‍ തന്നെ പ്രി കെ ജിയില്‍
ചേര്‍ത്തു. ആദ്യമൊരു മടിയൊക്കെയുണ്ടായിരുന്നെങ്കിലും വേഗം തന്നെ
അഡ്‌ജസ്‌റ്റ് ചെയ്‌തു, അവന്‍. ഒരുപക്ഷേ ഇത്ര ചെറുപ്പത്തിലേ സ്‌കൂളില്‍
പോയതുകൊണ്ടായിരിക്കാം അധികമൊന്നും സഭാകമ്പം ഇല്ലാത്തതും.
ഒറ്റക്കുട്ടിയായതിനാല്‍ അവന്റെ ദൈനംദിന കാര്യങ്ങളിലും
വിദ്യാഭ്യാസത്തിലുമല്ലാം നല്ലോണം ശ്രദ്ധിക്കാനും കഴിയുന്നുണ്ട്. �ഇവന്റെ
എല്ലാ ജന്‍മദിനങ്ങളും കുഞ്ഞുകുഞ്ഞു വിജയങ്ങളും വരെ ഞങ്ങള് ആഘോഷിക്കും.
എല്ലാ ബര്‍ത്‌ഡേയ്‌ക്കും വൈക്കം അമ്പലത്തില്‍ അന്നദാനം നടത്തുകയോ ചെറിയ
യാത്ര പോവുകയോ ചെയ്യും. ഇനിയിപ്പം മഴയാണെങ്കില്‍ അറ്റ്‌ലീസ്‌റ്റ്
വീട്ടില്‍ തന്നെ എല്ലാരും ചേര്‍ന്നുള്ള ഒരു പാര്‍ട്ടിയോ കേക്ക് മുറിയോ
നടത്തും.� മീര വരാന്‍ പോവുന്ന ആഴ്‌ചയിലെ ഗോവിന്ദിന്റെ
ബര്‍ത്‌ഡേയെക്കുറിച്ചോര്‍മ്മിപ്പിച്ചു.
മകന് അവന്റേതായ വ്യക്‌തിത്വം ഉണ്ടാവണം. ആരെയും അനുകരിക്കണം
എന്നൊന്നുമില്ല. ഇപ്പോഴേ പ്രത്യേകം ബെഡ്‌റൂമും ഉണ്ട്. അവിടം മുഴുവനും
അവന്റെ സാമ്രാജ്യമാണ്. അത് എങ്ങനെ വേണമെങ്കിലും അലങ്കരിക്കാനുള്ള
സ്വാതന്ത്ര്യം അവന് വിട്ടുകൊടുത്തിരിക്കുന്നു. ഇപ്പോഴേ ഡയറി എഴുതുന്ന
ശീലവുമുണ്ട്. മകന്റെ ഉത്തമശീലങ്ങളിലൊന്നായി കാണുന്നതും ഇതു തന്നെ.
പിന്നെയുള്ളത് എണ്ണിയാലൊടുങ്ങാത്ത സംശയങ്ങളാണ്. ചെലപ്പോ
വണ്ടിയോടിക്കുമ്പോള്‍ കൂടെ കൂടും. പിന്നെ അതുമായി ബന്ധപ്പെട്ട കൊറേ
ചോദ്യങ്ങളാണ്. ഇതെന്തിനാ ഗിയറ് മാറ്റുന്നത്? വണ്ടീടെ സ്‌പീഡ് അച്ഛന്
ഇത്രേം കുറവേ ഓടിക്കാന്‍ പറ്റ്വോ എന്നിങ്ങനെ. അതിനൊക്കെ ഉത്തരം
പറഞ്ഞുകൊടുക്കാനും രസമാണ്. �ചെലപ്പോ കൊറേ കുട്ടികളുണ്ടാവുമ്പോള്‍ ഇതൊക്കെ
ആസ്വദിക്കാന്‍ കഴിയൂന്ന് തോന്നുന്നില്ല. ഇതുപോലെ ഒരു മകനൊക്കെയാണെങ്കില്
നല്ല വിദ്യഭ്യാസം കൊടുക്കാനും കൂടുതല് ശ്രദ്ധിക്കാനും കഴിയും. കൊറേ
കുട്ടികളുണ്ടെങ്കില് നമുക്ക് അതിനൊത്ത
സാമ്പത്തികസ്‌ഥിതിയുമുണ്ടായിരിക്കണം. എല്ലാവരേയും ഒരു പോലെ നോക്കണ്ടേ? ഒരു
പോലെ വിദ്യാഭ്യാസം കൊടുക്കണ്ടേ? � കൃഷ്‌ണകുമാര്‍ ചോദിക്കുന്നു.
ഇതിനിടെ കമാന്‍ഡോ ഓപ്പറേഷന്‍ കഴിഞ്ഞ് സാക്ഷാല്‍ ഗോവിന്ദുമെത്തി. എന്തു
ചോദിച്ചാലും സ്‌മാര്‍ട്ട് സ്‌മാര്‍ട്ടായി ഉത്തരം പറയാന്‍ തയ്യാറായാണ്
വരവ്. പക്ഷേ, അച്ഛനെയാണോ അമ്മയെയാണോ കൂടുതലിഷ്‌ടമെന്ന ചോദ്യത്തില്‍ മാത്രം
അല്‍പമൊന്ന് കുഴങ്ങി. �അച്ഛനമ്മ� എന്നായി ഉത്തരം.
മകളുടെ കൂടെയൊരു പുതുജീവിതം
ഇനി വൈകി വന്ന മകളുടെ വിശേഷങ്ങളറിയാം. കണ്ണൂരുകാര്‍ക്ക് സുപരിചിതരാണ്
വി.വാസന്തിയും എം എസ് വാസുദേവനും. കഴിഞ്ഞ 20 വര്‍ഷമായി ആകാശവാണിയിലെ ഹലോ
പ്രിയഗീതങ്ങള്‍ എന്ന ജനപ്രിയപരിപാടിയിലൂടെ നാട്ടുകാരുടെ മനം കവര്‍ന്നവര്‍.
ആകാശവാണിക്കടുത്ത് തന്നെയുള്ള കൃഷ്‌ണഗോകുലത്തിലാണ് താമസം.കാലടിയാണ്
വാസുദേവന്റെ നാട്. വാസന്തിയുടേത് തൃശൂരും. എന്നാല്‍ മകള്‍ ഗൗരി
പാര്‍വതിയാണെങ്കിലോ, തനി കണ്ണൂരുകാരിയും. �ഇവള് ഗര്‍ഭത്തിലുള്ള സമയത്ത്
ഞാനേതാണ്ട് ഒന്‍പതു മാസത്തോളം ലീവെടുത്തു. അതിനു കാരണവുമുണ്ട്‌്.
കുട്ടിക്കാലത്ത് എന്നെ നോക്കി വളര്‍ത്തിയിരുന്നത് അച്ഛന്റേയും
അമ്മയുടേയും ജോലിത്തിരക്ക് കാരണം സെര്‍വന്റ്‌സ് ആയിരുന്നു. അവരാണെങ്കില്
ഒരു കടമ നിര്‍വഹിക്കുന്നതു പോലെ നോക്കും. ചിലപ്പോള്‍ തല്ലുകേം ചെയ്യും.
അതോണ്ട് എന്റെ അവസ്‌ഥ മോള്‍ക്കുണ്ടാകാന്‍ പാടില്ലെന്ന
നിര്‍ബന്ധമുണ്ടായിരുന്നു.� വാസന്തി മകളുടെ കുട്ടിക്കാലം ഓര്‍ക്കുന്നു.
ആദ്യം ഒരു കുട്ടിയുണ്ടായിരുന്നെങ്കിലും മെനിഞ്ചൈറ്റിസ് ബാധിച്ചു മരിച്ചു.
ഇപ്പോള്‍ എല്ലാം ഈ മകളാണ്. അല്‍പം വൈകി വന്ന കുട്ടിയായതുകൊണ്ട് അവളുടെ
എല്ലാ കാര്യങ്ങള്‍ക്കും എക്‌സ്‌ട്രാ നോട്ടവും ശ്രദ്ധയും അല്‍പം
പേടിയുമുണ്ട്. ആകാശവാണിയിലെ ഷിഫ്‌ട്‌് ഡ്യൂട്ടിയായതിനാല്‍ മോള് രാവിലെ
സ്‌കൂളില്‍ പോവുമ്പോഴും തിരിച്ചുവരുമ്പോഴുമല്ലാം ആരെങ്കിലും
വീട്ടിലുണ്ടാവും. എത്ര തിരക്കുണ്ടെങ്കിലും ഭക്ഷണം ഉണ്ടാക്കി കഴിപ്പിച്ചതിനു
ശേഷമേ സ്‌ക്കൂളിലയക്കൂ. ബസില്‍ വിടാന്‍ ധൈര്യക്കുറവുള്ളതിനാല്‍ കാറില്‍
തന്നെ സ്‌കൂളില്‍ കൊണ്ടുവിടും.
മോള്‍ക്കിപ്പോള്‍ 14 വയസായി. അവളുണ്ടായതിനു ശേഷം ഒരു പുതിയ ജീവിതം
തുടങ്ങുന്നതിന്റെ സന്തോഷമായിരുന്നു. കൊഞ്ചിക്കാനും ലാളിക്കാനുമൊക്കെ
പ്രത്യേകരസം. ഞങ്ങള്‍ എവിടെ പോവവുമ്പോഴും കൂടെ കൂട്ടും. ഇടയ്‌ക്കു ഓഫീസിലും
കൂട്ടും. ഞങ്ങള് എന്തൊക്കെയാ ചെയ്യുന്നതെന്ന് അവളിങ്ങനെ കൗതുകത്തോടെ
നോക്കിനില്‍ക്കും. അവളെന്തു ചെയ്യുമ്പോഴും നിരുത്‌സാഹപ്പെടുത്താറില്ല.
വരച്ച ചിത്രങ്ങള്‍ വീട്ടില്‍ വരുന്ന അതിഥികള്‍ കാണാന്‍ പാകത്തില്‍
സ്വീകരണമുറിയില്‍ തന്നെ ഫ്രെയിം ചെയ്‌ത് തൂക്കിയിട്ടിട്ടുണ്ട്. അവളെ
സ്‌കൂളില്‍ ചേര്‍ത്ത ദിവസം ഇന്നും ഓര്‍മയുണ്ട് ഇരുവര്‍ക്കും. ഇന്നലെ വരെ
കൈയില്‍ തൂങ്ങി നടന്നവള്‍ ഇന്ന് കൂടെയില്ലല്ലോ എന്ന ടെന്‍ഷനായിരുന്നു.
ഇടയ്‌ക്കിടെ വാസുദേവന്‍ ഓഫീസില്‍ നിന്ന് അവള് വരാറായില്ലേ എന്ന്
വിളിച്ചും ചോദിച്ചു. ഇപ്പോഴേ ഒരു പാടു വായിക്കുന്ന കുട്ടത്തിലായതിനാല്‍
ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴുമല്ലാം പുസ്‌തകം വേണം. വായിച്ചുകഴിഞ്ഞ്
ഇനിയൊന്നുമില്ലേയെന്ന വിഷമമാണ്. ക്ലാസിലെ കാര്യങ്ങളെല്ലാം വള്ളിപുള്ളി
വിടാതെ വീട്ടില്‍ പറഞ്ഞുകേള്‍പ്പിക്കും. ഏതെങ്കിലും കാര്യത്തില്‍
പ്രതികരിച്ച വിധം വിവരിച്ച് ഇതു ശരിയാണോ എന്നു ചോദിക്കും.
�കേന്ദ്രീയവിദ്യാലയത്തില്‍ ഒന്‍പതാം ക്ലാസിലാണ് ഇവള് പഠിക്കുന്നത്.
അവിടെത്തന്നെ ചേര്‍ക്കണമെന്ന് ഞങ്ങക്ക് നിര്‍ബന്ധമായിരുന്നു.
അവിടെയാവുമ്പോ എല്ലാ സ്‌റ്റേറ്റ്‌സിലേയും കുട്ടികളുണ്ട്. എല്ലാ
നാട്ടിലേയും സംസ്‌ക്കാരവും ജീവിതവുമല്ലാം അറിയട്ടേന്ന് കരുതി.� വാസുദേവന്‍
പറയുന്നു.
ജോലി ചെയ്യുന്ന സ്‌ത്രീകളാവുമ്പോള്‍ ഇതുപോലെ പരമാവധി ഒന്നോ രണ്ടോ
കുട്ടികളാണ് നല്ലതെന്നാണ് അനുഭവത്തിന്റെ വെളിച്ചത്തില്‍ വാസന്തിയുടെ
നിരീക്ഷണം. �അപ്പോള്‍ അവരുടെ കാര്യത്തില്‍ കൂടുതല്‍ ഫോക്കസ് ചെയ്യാന്‍
കഴിയും. പണ്ടത്തെ കാലത്തെപ്പോലെ ഇപ്പോ കൂട്ടുകുടുംബ
വ്യവസ്‌ഥയൊന്നുമല്ലല്ലോ? അന്നൊന്നും ഒരുപാടു കുട്ടികളുണ്ടായാലും
പ്രശ്‌നമൊന്നുമില്ലായിരുന്നു. നോക്കാനിഷ്‌ടം പോലെ ആളുണ്ട്. പിന്നെ
പണ്ടുള്ളവരുടെ ഉപജീവനമാര്‍ഗം വീടിനു ചുറ്റുമായിരുന്നല്ലോ? ഇന്നാരെയാ
വിശ്വസിച്ചേല്‍പ്പിക്ക്വാ?� മകള്‍ക്ക് ആരുടെ സ്വഭാവമാണ് കൂടുതലെന്ന്
ചോദിച്ചപ്പോള്‍ ഉത്തരം പറഞ്ഞത് അച്ഛന്‍. �അമ്മയുടെ സ്വഭാവമാണവള്‍ക്ക്.
പക്ഷേ, അച്ഛനോടാണ് കൂട്ട് കൂടുതല്‍.�
മകളുടെ അച്ഛന്‍
ഇതൊരു അപൂര്‍വം കുടുംബകഥയാണ്. നാടാറു മാസം കാടാറു മാസം എന്നൊക്കെ
പറയുന്നതു പോലെ. സാധാരണ പ്രായമായ മാതാപിതാക്കളെ തനിച്ചാക്കി അന്യനാടുകളില്‍
കഴിയുന്ന മക്കളെ നാടൊട്ടുക്കും ഇഷ്‌ടം പോലെ കാണാം. ഇതു പക്ഷേ, അതില്‍
നിന്നും വ്യത്യസ്‌തമാണ്. മകളും അമ്മയും വിദേശത്താണ്. അച്ഛന്‍
സ്വദേശത്തും. പക്ഷേ എല്ലാ മൂന്ന് മാസം കൂടുമ്പോഴും അച്ഛനും മകളും
ഒന്നിക്കും. അമ്മ മാത്രം വിദേശത്തും. ഇനി മൂന്നുപേരും ഒരുമിച്ചുണ്ടാവുന്ന
അവസരങ്ങള്‍ വളരെ ദുര്‍ലഭവും. പറഞ്ഞു വരുന്നത് കോഴിക്കോട്ടെ നടക്കാവിലുള്ള
അഡ്വക്കേറ്റായ എം എസ് സജിയുടേയും ഷെറിനയുടേയും മകള്‍ തേജസ്വിനിയുടേയും
കുടുംബവിശേഷമാണ്. ഒന്‍പതു മക്കളായിരുന്നു സജിയുടെ അച്ഛന്. അതില്‍ അഞ്ചു
പേരും ആയുസെത്തും മുമ്പേ പോയി. മൂന്ന് തലമുറ മുമ്പ് പാലായില്‍ നിന്നും
കോഴിക്കോട്ടെ കക്കയത്തേക്ക് കുടിയേറിപ്പാര്‍ത്തതാണ് കുടുംബം. ഭാര്യ
ലീഗല്‍ കണ്‍സള്‍ട്ടന്റായി ദുബായില്‍ ജോലി ചെയ്യുന്നു. മകള്‍ അമ്മയുടെ കൂടെ
ദുബായില്‍ ഇന്ത്യന്‍ ഹൈസ്‌കൂളില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്നു. എല്ലാം
മൂന്ന് മാസം കൂടുമ്പോഴുമുള്ള ലീവില്‍ അവള്‍ നാട്ടിലെത്തും.
ശരീരം കൊണ്ട് അകലെയാണെങ്കിലും മനസു കൊണ്ട് അവള്‍ അടുത്താണെന്ന് അച്ഛന്‍
പറയുന്നു. എല്ലാ ദിവസവും വിളിക്കും. ചെലപ്പോ മണിക്കൂറുകളോളം ക്ലാസിലെ
വിശേഷങ്ങളും പറഞ്ഞിരിക്കും. ഫേസ് ടു ഫേസ് ചാറ്റിങ്ങുമുണ്ട്.
പോരാത്തതിന് നല്ല ഹ്യൂമര്‍സെന്‍സുമുണ്ട് അവള്‍ക്ക്. എല്ലാം ഏതാണ്ടൊരു
ശ്രീനിവാസന്‍ ടച്ചുള്ളത്. അമ്മ നോക്കുന്നതു പോലെ തന്നെ കുട്ടിയെ അച്ഛനും
നോക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സജിയ്‌ക്ക് സംശയമൊന്നുമില്ല.
കുട്ടിയുടെ ആദ്യ വയസ് പിന്നിട്ടാല്‍ ഒരു പരിധി വരെ അമ്മയേക്കാളേറെ
അച്ഛനാണ് കുട്ടിയില്‍ സ്വാധീനിക്കുക. നല്ല ആരോഗ്യകരമായ കമ്യുണിക്കേഷനും
മറ്റും കുട്ടിയ്‌ക്ക് അച്ഛനുമായാണ് ഉണ്ടാവുക. സജിയുടെ പക്കല്‍ തന്റെ
വാദത്തിനുള്ള തെളിവുകളുമുണ്ട്. മകളില്‍ വായനയെന്ന ശീലം അച്ഛന്‍
നല്‍കിയതാണ്. രാജാജിയുടെ രാമായണത്തിന്റെ സിംപിള്‍ വേര്‍ഷനും നെഹ്‌റുവിന്റെ
ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകളുമെല്ലാം നേരത്തെ തന്നെ അവള്‍ക്കു
വായിക്കാന്‍ നല്‍കി. പിന്നെ ഇപ്പോഴും അവള്‍ക്കു നീണ്ട കത്തുകള്‍ അയക്കും.
അതു വായിച്ച് അവള്‍ മറുപടി കത്തുമയക്കും. അവയൊക്കെയും അവള്‍ ഒരു ഫയലാക്കി
സൂക്ഷിച്ചു വച്ചിട്ടുണ്ട്. മകളെയും ഭാര്യയേയും മിസ് ചെയ്യുന്നത്
ദിവസവുമുള്ള ഫോണ്‍ വിളികളിലൂടെയും ജോലിയില്‍ മുഴുകിയും സാമൂഹ്യബന്ധങ്ങള്‍
കൊണ്ടും മറികടക്കാനാണ് സജിയ്‌ക്കിഷ്‌ടം. �പിന്നെ മൂന്ന് മാസംന്ന്
പറയുന്നത് ചെറിയൊരു കാലയളവാണല്ലോ. പെട്ടെന്നങ്ങ് തീരും. വെക്കേഷന്‍
ദിവസങ്ങളില്‍ ഞങ്ങള്‍ എല്ലാവരും ഒന്നിച്ചാവും. പിന്നെ തീരെ
നിവൃത്തിയില്ലാന്നായാല്‍ മകളെ കാണാനായി ദുബായിലേക്കും ഫ്‌ളൈറ്റ് കയറും.�
സജി പറയുന്നു.
മകളെ ആരാക്കണമെന്നാണ് ആഗ്രഹമെന്നു ചോദിച്ചപ്പോള്‍ സജി ഒറ്റശ്വാസത്തില്‍
പറയുന്നു, അവളെ നല്ല മനുഷ്യസ്‌ത്രീ ആക്കാനെന്ന്. ഒന്നരവയസുള്ളപ്പോള്‍
വീടിനപ്പുറത്തെ പ്ലേ സ്‌ക്കൂളിലേക്ക് മതിലിനപ്പുറത്തൂടെ ടീച്ചര്‍മാരുടെ
കൈകളിലേല്‍പ്പിക്കുന്നതാണ് നിറമുള്ള ഓര്‍മകളിലൊന്ന്. എങ്കിലും കൂട്ടായി
കൂടുതല്‍ മക്കള്‍ ഇല്ലാത്തതിന്റെ വിഷമവുമുണ്ട്. ഒരാള്‍ കൂടിയാവുമ്പോള്‍
ആരെങ്കിലും സഹായത്തിനുണ്ടായേനേ. എല്ലാം പങ്കുവയ്‌ക്കുന്ന ഒരു മനസുമുണ്ടാവും
അവര്‍ക്ക്. സജിയുടെ നിരീക്ഷണം ഇങ്ങനെ നീളുന്നു.
തിരക്കിനിടയിലെ ആശ്വാസം
ഫ്‌ളാറ്റിലെ ജീവിതം. കണ്‍സ്‌ട്രക്‌ഷന്‍ ഫീല്‍ഡിലെ ജോലി. എന്നും
പ്രത്യേകിച്ച് സമയബന്ധിതമൊന്നുമല്ലാത്ത യാത്രകള്‍. തിരക്കുള്ള ജീവിതമാണ്
സിജോ സി തയ്യിലിന്റേത്. എന്നും തിരക്കോടു തിരക്കു തന്നെയായിരിക്കും. ഭാര്യ
ദീപയാണ് കൂടുതലും മക്കളുടെ കൂടെയുണ്ടാവുക. തിരുവനന്തപുരം ജില്ലയിലെ
ഗ്രീന്‍ ഹോംസ് അപാര്‍ട്‌മെന്റിലാണ് താമസം. മക്കള്‍ കൃഷ്‌ണയ്യര്‍
നിര്‍ദേശിച്ചതു പോലെ രണ്ടാണ്. പേരു കേള്‍ക്കുമ്പോള്‍ ഇത്തിരി പഴഞ്ചന്‍
തോന്നും. അന്നയും സിറിയകും. അന്ന ഏഴാം ക്ലാസിലും സിറിയക് അഞ്ചാം
ക്ലാസിലുമാണ് പഠിക്കുന്നത്. �ഓ, എന്നാ പറയാനാ, മക്കള്‍ക്ക്
പാരമ്പര്യമായുള്ള ക്രിസ്‌ത്യന്‍ പേരുകള്‍ തന്നെ വേണമെന്ന് ഞങ്ങക്ക്
നിര്‍ബന്ധമായിരുന്നു. കേള്‍ക്കുമ്പോഴും അതിനൊരു ചന്തമൊക്കെയുണ്ട്.�
ഇരുവരും പറയും.
കുട്ടികളായാല്‍ അല്‍പസ്വല്‍പം വികൃതിയൊക്കെ വേണമെന്നാണ് ദീപയുടെ
അഭിപ്രായം. അവരെ ഒന്നാം ക്ലാസില്‍ ചേര്‍ക്കുമ്പോള്‍ ആദ്യം നല്ല
കരച്ചിലായിരുന്നു. എന്നാലോ പിറ്റേന്ന് മുതല് സ്‌ക്കൂളവര്‍ക്ക്
നല്ലോണമങ്ങ് പിടിച്ചു. രണ്ടും എന്നും ഒന്നിച്ചാണ് നടപ്പും. ഞങ്ങള് തന്നെ
ഇടയ്‌ക്ക് ചക്കിക്കൊത്ത ചങ്കരന്‍ ന്നു പറഞ്ഞ് കളിയാക്കാറുണ്ട്.
അധികമൊന്നുമായിട്ടില്ല ഇവിടേയ്‌ക്കു താമസം മാറ്റിയിട്ട്. ഫ്‌ളാറ്റിലെ
ജീവിതത്തിനിടയ്‌ക്ക് പല കാര്യങ്ങളും, പ്രത്യേകിച്ച് തങ്ങളിരുവരും
ജനിച്ചുവളര്‍ന്ന ജീവിതസാഹചര്യമെല്ലാം മക്കള്‍ക്ക് മിസ്
ചെയ്യുന്നുണ്ടെങ്കിലും സെക്യൂരിറ്റിയും സ്വകാര്യതയുമൊക്കെ ഇവിടെയാണ്
കൂടുതല്‍. ഈ കാലത്ത് അതേറെ പ്രാധാന്യവുമാണല്ലോ. �പിന്നെ കൂട്ടുകാര്‍
ഇല്ലെന്നു പറയുന്നതൊക്കെ വെറുതെയാണ്. ഇവിടേയും അസോസിയേഷനും
മറ്റുമൊക്കെയുണ്ട്. ഇഷ്‌ടം പോലെ കൂട്ടുകാരും. ഇവര്‍ക്ക് കളിക്കാന്‍
പത്യേകകളിസ്‌ഥലവും.�
മകന്‍ അമ്മയെപ്പോലെയും മകള്‍ അച്ഛനെപ്പോലെയുമാണെന്നുമാണ് ഇരുവരുടേയും
കണ്ടെത്തല്‍. മക്കളുടെ എല്ലാ ബര്‍ത്‌ഡേയും എത്ര തിരക്കുണ്ടെങ്കിലം
ആഘോഷിക്കും. �കൂടുതല്‍ മക്കളുണ്ടാകുന്നതിനേക്കാളും നല്ലത് ഇതുപോലെ
രണ്ടുപേരുണ്ടാകുന്നതാണ്. അതിലൊന്ന് ആണും മറ്റൊന്ന് പെണ്ണുമായാല്‍
അത്രയും നന്ന്. തമാശകളൊക്കെ പറഞ്ഞിങ്ങനെ ഇരിക്കാം. ഒന്നിനൊന്ന്
കൂട്ടുണ്ടെന്ന മെച്ചവുമുണ്ട്.. കണ്ടില്ലേ?� സിറിയക് ഇതിനിടെ ബാറ്റുമായി
മറ്റു ഫ്‌ളാറ്റ് കൂട്ടുകാരേയും തിരഞ്ഞുപോവുന്നത് ചൂണ്ടിക്കാട്ടി സിജോ
പറയുന്നു. കൂടെ വാലുപോലെ അന്നയുമുണ്ട്.
തിരക്കുള്ളതാണ് ജീവിതമെങ്കിലും മക്കളുടെ കാര്യത്തിലെല്ലാം വേണ്ടതു
ചെയ്യാന്‍ സമയം കണ്ടെത്തും. ഇടയ്‌ക്കൊരിക്കള്‍ പ്രോഗ്രസ് റിപ്പോര്‍ട്ട്
വാങ്ങാന്‍ സ്‌കൂളില്‍ ചെന്നപ്പോള്‍ ക്ലാസില്‍ ഒരു പ്രത്യേകബെഞ്ചില്‍
ഇരിക്കുന്നു, അന്നയും സിറിയക്കും. സാധാരണ നല്ലവണ്ണം പഠിക്കുന്നവരെയാണല്ലോ
മാറ്റിയിരിപ്പിക്കുക എന്നോര്‍ത്ത് സന്തോഷം വന്ന് നില്‍ക്കുമ്പോഴാണ്
മാഷ് വന്ന് പറയുന്നത്, �ഇവര് ക്ലാസിലെ പ്രധാനഗുണ്ടകളാ.
ഗുണ്ടാനിയമപ്രകാരം രണ്ടിനേം പിടിച്ച് മറ്റിനിര്‍ത്തിയിരിക്കുകയാ.�ന്ന്!
ഇന്റീരിയര്‍ ഭംഗി കൂട്ടാന്‍
ഇന്റീരിയര്‍ ഭംഗി കൂട്ടാന്‍ വീടുകളില്‍ പല പുതിയ പരീക്ഷണങ്ങളും ഇന്ന്
വന്നു കഴിഞ്ഞു. ചെലവു കുറഞ്ഞ രീതിയിലും ഇന്റീരിയര്‍ ഭംഗി പതിന്‍മടങ്ങ്
വര്‍ധിപ്പിക്കാന്‍ സാധ്യമാവും വിധം ഇന്റീരിയര്‍ അലങ്കരിക്കാം. ലിവിങ്
റൂമില്‍ വ്യത്യസ്‌തമായ ഫാള്‍സീലിങ് കൊടുക്കുന്നതാണ് പുതിയ
ട്രെന്‍ഡുകളില്‍ ഒന്ന്. വ്യത്യസ്‌തമായ ട്രാക്ക് സീലിങ്ങുകള്‍ കൊടുത്ത്
ഇവിടം ആകര്‍ഷകമാക്കാം. പല റേഞ്ചുകളില്‍ ഉള്ള ഫാള്‍സ് സീലിങ്ങുകള്‍ ഇന്നു
പരീക്ഷിച്ചു വരുന്നു. വുഡന്‍ സീലിങ് തന്നെ പത്തു വിധത്തിലെങ്കിലും
പരീക്ഷിക്കാവുന്ന തരമുണ്ട്.�
വാള്‍ പേപ്പറിലെ പെര്‍സനല്‍ ടച്ച്
പണ്ടത്തെ ബോക്‌ഡ് ടി വി ക്കു പകരം ഇപ്പോള്‍ എല്‍ സി ഡികളും എല്‍ ഇ ഡി
കളുമാണ് വീടുകളിലെ താരം. ഇവ ചുവരില്‍ തന്നെ നല്‍കുന്ന സിസ്‌റ്റമാണ്
ഇപ്പോള്‍ കൂടുതലായും ഉള്ളത്. ഇങ്ങനെ വരുമ്പോള്‍ ടിവിയ്‌ക്കൊപ്പം ചുവരില്‍
ഒരു വാള്‍ പാനലിങ് കൂടി കൊടുക്കുന്നു. ഇവിടെ വേണമെങ്കില്‍ ഇന്‍ ഡയറക്‌ട്
ലൈറ്റും നല്‍കാറുണ്ട്.
വാള്‍ പേപ്പേര്‍സിലെ വ്യത്യസ്‌ത പരീക്ഷണങ്ങളാണ് ഇന്റീരിയര്‍ മോടി
കൂട്ടാവുന്ന മറ്റൊരു അറേഞ്ച്‌്‌മെന്റ്. ഇത് മറ്റുള്ളവയെ അപേക്ഷിച്ച്
ചെലവു കുറവുമാണ്. ഓരോ കണ്‍സെപ്‌ട് വെച്ചുള്ള വാള്‍ പേപ്പറുകള്‍ കൊണ്ട്
വീട് അലങ്കരിക്കാം. മനോഹരവും വില കൂടിയതുമായ പെയിന്റിങ്ങുകള്‍
പരീക്ഷിക്കുന്നതു പോലെ തന്നെ തെരഞ്ഞെടുക്കുന്ന ചിത്രങ്ങളിലും ഫോട്ടോകളിലും
വേണമെങ്കില്‍ ഒരു പെര്‍സണല്‍ ടച്ചും നല്‍കാം. ലിവിങ്ങിലേയോ
കിടപ്പുമുറിയിലേയോ ഭിത്തികള്‍ വീട്ടുകാരുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍
കൊണ്ട് അലങ്കരിക്കാം. ഉദാഹരണത്തിന്, വീട്ടിലെ കുട്ടികളും മറ്റും വരച്ച
ചിത്രങ്ങള്‍, കുടുംബഫോട്ടോകള്‍, ജന്‍മദിനത്തിനും ചോറൂണിനും മാമോദീസയ്‌ക്കും
പേരിടല്‍ ചടങ്ങിനും വിനോദയാത്രയില്‍ എടുത്ത ചിത്രങ്ങള്‍ തുടങ്ങിയവ
ലിവിങ്ങിലെ ഒരു വാള്‍ മുഴുവനുമായി കൊളാഷ് ചെയ്യാം. ഇവ ക്രിയാത്‌മകമായി
ഉപയോഗിക്കുന്നത് വഴി വില കൂടിയ പെയിന്റിങ്ങുകള്‍ വാങ്ങുന്നതിന്റെ ചെലവ്
ചുരുക്കുകയുമാവാം. വീടിരിക്കുന്ന�പ്രദേശങ്ങളിലെ ചെറിയ ചെറിയ വസ്‌തുക്കള്‍
(ഉദാ: പെബിള്‍സ് മുതലായവ) അലങ്കാരമായും ഷോപീസായും ഉപയോഗിക്കുന്ന
ട്രെന്‍ഡുമുണ്ട്.
കര്‍ട്ടനുകളുടെ വൈവിധ്യം
പഴയ കാലത്തെ കര്‍ട്ടനുകള്‍ മാറി വ്യത്യസ്‌തയിനം ബ്ലൈന്‍ഡ്‌സുകള്‍
നല്‍കുകയാണ് ഇപ്പോള്‍ ചെയ്‌തു വരാറ്. വുഡന്‍ ബ്ലൈന്‍ഡ്, ബാംബൂ
ബ്ലൈന്‍ഡ്, റോമന്‍ ബ്ലൈന്‍ഡ് തുടങ്ങി വിവിധ തരം ബ്ലൈന്‍ഡ്‌സുകള്‍ ഇന്ന്
വിപണിയിലുണ്ട്. വിന്‍ഡോ ട്രീറ്റ്‌മെന്റിന് ഏറ്റവും അനുയോജ്യവും ഇതാണ്.
ഇത്തിരി വില കൂടുതലാണെങ്കിലും വുഡന്‍ ബ്ലൈന്‍ഡ്‌സുകളാണ് കൂടുതലായും
ഉപയോഗിച്ചു വരുന്നത്. ഫോള്‍ഡ് ചെയ്യാന്‍ പറ്റുന്ന വിധമുള്ള ട്രിപ്പിള്‍
ഷേഡ് സീബ്ര കര്‍ട്ടനുകളും ഡബിള്‍ ഷേഡ് കര്‍ട്ടനുകളും ഇന്നുണ്ട്.
അപ്‌ഹോള്‍സ്‌റ്ററി, കര്‍ട്ടന്‍ റോഡ്, കര്‍ട്ടന്‍, റഗ്‌സ് എന്നിവ പരമാവധി
മെയിന്റനന്‍സ് ഫ്രീ ആയതു തെരഞ്ഞെടുക്കാം.
ഫോര്‍മല്‍ ലിവിങ്ങില്‍ അധികമലങ്കാരമാവാതെ എല്ലാ പരീക്ഷണങ്ങളും ഫാമിലി
ലിവിങ്ങിലേക്ക് മാറ്റി വയ്‌ക്കുന്നതാണ് പുതിയ രീതിയും ട്രെന്‍ഡും.
വീടിന്റെ കണ്‍സെപ്‌ട് അനുസരിച്ചാണ് ഫര്‍ണിച്ചറുകള്‍ തെരഞ്ഞെടുക്കാറ്.
ഫോര്‍മല്‍ ലിവിങ്ങില്‍ സ്‌റ്റെയില്‍ലെസ് സ്‌റ്റീലും മൈല്‍ഡ് സ്‌റ്റീലും
കൊണ്ടുള്ള ഫര്‍ണിച്ചറുകള്‍ കൊടുക്കാം. എന്നാല്‍ ഫാമിലി ലിവിങ്ങില്‍ അല്‍പം
ബള്‍ക്കി ആയിട്ടുള്ള സോഫാ സെറ്റുകളും മറ്റും ഉപയോഗിക്കാം. ലിവിങ്ങും
ഡൈനിങ്ങും ഒന്നിച്ചു വരുന്ന സാഹചര്യത്തില്‍ ലിവിങ്ങിലെ വുഡന്‍
ഫര്‍ണിച്ചറിനോട് സാമ്യമുള്ള ഫര്‍ണിച്ചറുകള്‍ ഡൈനിങ് ഏരിയയിലും നല്‍കാം.
അപ്‌ഹോള്‍സ്‌റ്ററിയായി ക്വാളിറ്റി റെക്‌സിനോ ആര്‍ട് ലെതറോ
നല്‍കാവുന്നതുമാണ്. മുറികള്‍ക്ക് എപ്പോഴും ഫ്രെഷ്‌നസ് ഉണ്ടാവാന്‍
ചുവരുകളില്‍ ആകര്‍ഷകമായ ടെക്‌സ്‌ചര്‍ പെയിന്റിങ്ങുകളും മറ്റും നല്‍കാം.
കളര്‍ഫുള്‍ കുഷ്യനുകളും മറ്റും മുറികള്‍ക്ക് പിന്നെയും ചാരുത പകരുന്നു.
ലൈറ്റിങ്ങ് ട്രെന്‍ഡുകള്‍
നാച്ചുറല്‍ ലൈറ്റിങ്ങിന് പ്രാധാന്യം നല്‍കിയാല്‍ ലൈറ്റിങ്ങിന്റെ
കാര്യത്തിലും കൂടുതലായി വിളക്കുകളും മറ്റും വയ്‌ക്കുന്നതിന്റെ ചെലവ് ഒരു
പരിധി വരെയും ഇല്ലാതാക്കാം. എല്‍ ഇ ഡി ലൈറ്റുകളും ആകര്‍ഷകമായ വിധം
ഉപയോഗിക്കാന്‍ ശ്രദ്ധിക്കാം. ഇന്‍ഡോര്‍ പ്ലാന്റുകളും വീട്ടിനകത്ത്
കൊടുക്കാവുന്നതാണ്. നല്ലവണ്ണം വെന്റിലേഷന്‍ ഉണ്ടാവാന്‍ അപ്പോള്‍
ശ്രദ്ധിക്കേണ്ടതുണ്ട്.
സ്‌ഥലപരിമിതിയെ മറികടന്ന് ബെഡ്‌റൂമുകള്‍ ഒരുക്കാന്‍ ശ്രദ്ധിക്കാം. ഓരോ
മുറിക്കും അനുയോജ്യമായ രീതിയില്‍ കളര്‍ പാറ്റേണുകള്‍ നല്‍കാം. ബെഡ്‌റൂമില്‍
പഴയ രീതിയില്‍ നിന്നു മാറി കട്ടിലിന്റെ ഹെഡ് ബോര്‍ഡ് വാളില്‍ തന്നെ
നല്‍കി വരുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. കൂടാതെ ഇതിനൊപ്പം നൈറ്റ്
ലാംപ്, ഇന്‍ഡയറക്‌ട് ലൈറ്റിങ്, സൈഡ് ടേബിള്‍ തുടങ്ങിയവയെല്ലാം അറേഞ്ച്
ചെയ്യാം. ബാത്‌റൂമുകളില്‍ വെറ്റ് ഏരിയയും ഡ്രൈ ഏരിയയും കൊടുക്കുമ്പോള്‍
എന്‍ട്രന്‍സിന്റെ അടുത്തു തന്നെ വാഷ് ബേസിന്‍ നല്‍കാന്‍ ശ്രദ്ധിക്കാം.
വ്യത്യസ്‌തഡിസൈനിലും നിറങ്ങളിലുമുള്ള വാഷ് ബേസിനുകളും ബാത്‌റൂം ടൈലുകളും
ഇന്ന് വിപണിയിലുണ്ട്.
സെമി മോഡുലാറും ഫുള്ളി മോഡുലാറുമായ കിച്ചണുകളാണ് ഇന്ന് വീടുകളില്‍.
കിച്ചണിലെ വര്‍ക് ട്രയാംഗിള്‍ കൃത്യമായി ഫ്രിഡ്‌ജ്, വാഷ് എരിയ, സിങ്ക്
എന്നിങ്ങനെ പാലിക്കാന്‍ ശ്രദ്ധിക്കാം. അത്യാവശ്യ സാധനങ്ങള്‍ മാത്രം
കിച്ചണില്‍ ഉപയോഗിക്കാം. കിച്ചണിലെ കാബിനറ്റുകള്‍ക്കും മറ്റും ഇപോര്‍ട്ടഡ്
വുഡോ സ്‌റ്റെയിന്‍ലെസ് സ്‌റ്റീലോ ഉപയോഗിക്കാന്‍ ശ്രദ്ധിക്കാം. കിച്ചണില്‍
തന്നെ രണ്ടു പേര്‍ക്കിരികാവുന്ന തരം ബ്രേക്ക് ഫാസ്‌റ്റ് കൗണ്ടറുകള്‍
നല്‍കുന്ന ട്രെന്‍ഡ് ഇന്നുണ്ട്. ഇവ പുള്‍ ഔട്ട് പാന്‍ട്രി ടേബിളായാല്‍
ആവശ്യത്തിന് മാത്രം ഉപയോഗിച്ച് സ്‌ഥലം ലാഭിക്കാന്‍ കഴിയുമെങ്കിലും
വീട്ടില്‍ കൂടുതന്‍ അംഗങ്ങളുണ്ടാവുമ്പോള്‍ അത്ര പ്രായോഗികമല്ല.