Thursday, October 24, 2013

അണ്‍വാണ്ടഡ്‌ അമ്മമാര്‍ക്കും കുട്ടികള്‍ക്കും സ്വാഗതം.

  
 അണ്‍വാണ്ടഡ്‌ അമ്മമാര്‍ക്കും കുട്ടികള്‍ക്കും സ്വാഗതം. 


കഥകളാണ്‌ ഇവിടെ നിറയെ. കേള്‍ക്കുമ്പോള്‍ വിശ്വസിക്കാമോ എന്ന്‌ തിരിച്ചുചോദിക്കാന്‍ തോന്നുന്ന അനുഭവങ്ങള്‍. ജീവിതം കഥകളേക്കാള്‍ നാടകീയമാവുന്ന സന്ദര്‍ഭങ്ങള്‍. അവയില്‍ ഒന്ന്‌ ഇങ്ങനെ: ഫേസ്‌ബുക്ക്‌ വഴിയാണ്‌ ഇരുവരും പരിചയപ്പെട്ടത്‌. അവള്‍ കേരളത്തിനു പുറത്ത്‌ നഴ്‌സ്‌. അവന്‍ പ്രൊഫൈലില്‍ ജോലിയുടെ കോളത്തില്‍ ആദ്യം ഡോക്‌ടറും പിന്നെ എന്‍ജിനീയറും അതിനു ശേഷം ഫോട്ടോഗ്രാഫറുമായി. പരിചയം വളര്‍ന്ന്‌ അവന്‍ ദൂരങ്ങള്‍ സഞ്ചരിച്ച്‌ അവളുടെ അടുത്തെത്തി. ഇരുവരുമൊത്ത്‌ ഷോപ്പിങ്‌ മാളുകളും മള്‍ട്ടിപ്ലക്‌സ്‌ തീയേറ്ററുകളും കയറിയിറങ്ങി. ഇതാണ്‌ തന്റെ ജീവിതത്തിലെ ഏറ്റവും ആഹ്‌ളാദകരമായ ദിനങ്ങള്‍. അവള്‍ കരുതി. ഇതിനിടെ അവളില്‍ ഒരു പുതിയ ജീവനും തളിര്‍ത്തുതുടങ്ങിയിരുന്നു. ഒഴിവുദിനങ്ങള്‍ തീര്‍ന്നപ്പോള്‍ അവന്‍ പെട്ടെന്നൊരു ദിനം അപ്രത്യക്ഷനായി. അവള്‍ വഴിയറിയാത്ത ലോകത്ത്‌ തനിച്ചും. അവള്‍ക്ക്‌ വയസ്‌ 18.


കഴിഞ്ഞ എട്ടു വര്‍ഷമായി തൃശൂര്‍ തൈക്കാട്ടുശേരി തേമാലിപ്പാടത്ത്‌ സ്‌ഥിതി ചെയ്യുന്ന ക്വീന്‍ മേരി ഫോണ്ട്‌ലിങ്‌ ഹോമിന്‌ പറയാനുള്ളത്‌ വിശ്വസിക്കാന്‍ അത്രയെളുപ്പമൊന്നും കഴിയാത്ത ഇത്തരം നിരവധി അനുഭവകഥകള്‍. ചതിക്കപ്പെട്ടും ചൂഷണം ചെയ്യപ്പെട്ടും പെണ്‍കുട്ടികള്‍ 13 വയസു മുതല്‍ അമ്മമാരാവുന്ന സ്‌ഥിരം കാഴ്‌ചകള്‍. കൂടെയുള്ളവര്‍ ടിഫിന്‍ ബോക്‌സും വാട്ടര്‍ ബോട്ടിലും ബാഗിന്റെ ഇരുവശങ്ങളിലും തൂക്കിയിട്ട്‌ സ്‌കൂളിലേക്ക്‌ നടക്കുമ്പോള്‍ സ്വപ്‌നങ്ങളെല്ലാം നഷ്‌ടപ്പെട്ട്‌ ഒരു കൂട്ടര്‍ പുറംതിരിഞ്ഞും നടക്കുന്നു. അവസരങ്ങള്‍ മുതലെടുക്കുന്നവര്‍ പലതുണ്ട്‌. �കണ്ണേ കരളേ� എന്നു വിളിച്ച കാമുകന്‍, വല്ലപ്പോഴും വീട്ടിലേക്ക്‌ �ലിഫ്‌റ്റ്‌ � തരുന്ന ചെയ്യുന്ന സഹപ്രവര്‍ത്തകന്‍, സ്വന്തത്തിലും ബന്ധത്തിലുമുള്ള അമ്മാവന്‍, ചേച്ചിയുടെ ഭര്‍ത്താവ്‌, രണ്ടാനച്ഛന്‍, എന്തിനും താങ്ങായി ഓടി വരുന്ന അയല്‍ക്കാരന്‍..
ഈ ആശാകേന്ദ്രത്തിന്റെ സാരഥികളായ അനി ജോര്‍ജിനും ഭാര്യ ആശയ്‌ക്കും ഇവിടെയെത്തുന്ന പ്രായം തികയാത്ത അമ്മമാരും കുട്ടികളും സ്വന്തം ചോര തന്നെ. ഇവര്‍ക്ക്‌ ആറ്‌ മക്കള്‍. എങ്കിലും ഇവിടെയുള്ളതെല്ലാം ഇവരുടെ മക്കള്‍. സ്‌നേഹിച്ചു ചതിക്കപ്പെട്ടവര്‍ക്കും ഉപേക്ഷിക്കപ്പെട്ടവര്‍ക്കും �അണ്‍വാണ്ടഡ്‌� അമ്മമാര്‍ക്കും കുട്ടികള്‍ക്കും എന്നും ഇവിടെ സ്വാഗതം. നിലവിലിതു വരെ പ്രസവിച്ച ശേഷം ഉപേക്ഷിക്കപ്പെട്ട 107 അനാഥകുട്ടികള്‍ ഇവരിലൂടെ സനാഥരായി.


�അണ്‍വാണ്ടഡ്‌�അമ്മമാരുടെ കേരളം

2004 ല്‍ ആണ്‌ മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ നിരാലംബയായി എത്തിയ അവിവാഹിതയായ പെണ്‍കുട്ടിയെ നോക്കാനുള്ള ദൗത്യം ഈ ദമ്പതികളില്‍ വന്നു ചേര്‍ന്നത്‌. ഒരു വാടകവീടെടുത്ത്‌ അവള്‍ക്ക്‌ പ്രസവിക്കാനുള്ള എല്ലാ സാഹചര്യവും നല്ല സംരക്ഷണവും നല്‍കി. അന്നുമുതല്‍ ഇന്നുവരെ ഏതാണ്ട്‌ 150 ഓളം �അണ്‍വാണ്ടഡ്‌�അമ്മമാര്‍ ഇവിടെ വന്ന്‌ പ്രസവിച്ചിട്ടുണ്ട്‌. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏതാണ്ട്‌ 30 ഓളം പ്രസവങ്ങളാണ്‌ ഇവിടെ നടന്നത്‌. പ്രസവിച്ച ശേഷം ഉപേക്ഷിക്കപ്പെടുന്ന കുട്ടികളെ ദത്തു നല്‍കാനുള്ള ലൈസന്‍സും ഉണ്ട്‌.
�മാറിയ ജീവിതസാഹചര്യവും വലിയ മാധ്യമ സ്വാധീനവും.�എന്തുകൊണ്ട്‌ സമൂഹത്തില്‍ അവിവാഹിതരായ അമ്മമാര്‍ പെരുകുന്നു എന്ന ചോദ്യത്തിന്‌ അനി ജോര്‍ജിനും ആശയ്‌ക്കും പറയാനുള്ളത്‌ ഒറ്റശ്വാസത്തില്‍ ഈ നിരീക്ഷണം. മീഡിയകളുടെ സ്വാധീനം വളരെ വലുതാണ്‌. പ്രണയത്തെ തെറ്റായി സമീപിക്കാന്‍ പ്രേരിപ്പിക്കുന്ന സിനിമകളാണ്‌ ഇന്നിറങ്ങുന്നതില്‍ കൂടുതലും. മൊബൈല്‍ ഫോണ്‍ എന്ന നല്ല മാധ്യമം വില്ലനായി അവതരിക്കുന്നതും മറ്റൊരു കാര്യം. �ഈയിടെ സൈബര്‍ സെല്ലിന്റെ ഇന്‍സ്‌പെക്‌ടര്‍ ഇവിടെ വന്നപ്പോള്‍ പറഞ്ഞ ഒരു കാര്യമുണ്ട്‌, 20 വയസിനു താഴെയുള്ള കുട്ടികള്‍ക്ക്‌ നിങ്ങള്‍ മൊബൈല്‍ ഫോണ്‍ വാങ്ങി കൊടുക്കുമ്പോള്‍ ഓര്‍ക്കുക, ഒരു ടൈംബോംബാണ്‌ നല്‍കുന്നതെന്ന്‌. അത്‌ ഏത്‌ സമയത്തും പൊട്ടിത്തെറിക്കാം.�
മക്കളെ തോന്നുന്ന പടി വളരാന്‍ വിടുന്ന കുടുംബങ്ങളുമുണ്ട്‌. അവരുടെ അടുത്ത കൂട്ടുകാരാരെന്നോ ക്ലാസ്‌ ടീച്ചരാരെന്നോ അവരെവിടെയെല്ലാം പോവുന്നെന്നോ ശ്രദ്ധിക്കാന്‍ ഇവര്‍ക്കു സമയമുണ്ടാവില്ല. മക്കളാണെങ്കില്‍ വഴിതെറ്റി നടക്കാന്‍ ഇതൊരു സന്ദര്‍ഭമായി എണ്ണുകയും ചെയ്യുന്നു. കുറച്ചുമാസം മുമ്പ്‌ നടന്ന സംഭവം: അത്യാവശ്യം നല്ല ഉദ്യോഗവും സമൂഹത്തില്‍ പദവിയുമൊക്കെയുള്ള ഒരു അമ്മയും മകളും ഇവിടെ വന്നു. ആറുമാസം ഗര്‍ഭമായിട്ടു പോലും അമ്മയ്‌ക്ക്‌ മകള്‍ ഗര്‍ഭിണിയാണെന്ന്‌ മനസിലായതേ ഇല്ല!


സിനിമാക്കഥയല്ല!ചില കഥകള്‍ കേള്‍ക്കുമ്പോള്‍ ഇതു ഒരു സിനിമാക്കഥയല്ലേ എന്നു തോന്നിപ്പോവും. ഇവിടെയെത്തുന്ന ഓരോ ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞിനും ഇങ്ങനെ പറയാന്‍ നൂറു നൂറു അനുഭവങ്ങള്‍. ആകാശദൂത്‌ സിനിമയിലേതു പോലെ കല്യാണത്തിനു ശേഷം മൂന്നാമത്തെ കുട്ടിയെ ഇവിടെ ഏല്‍പ്പിച്ചവരുണ്ട്‌. ഒരു നാള്‍ ആശുപത്രിയില്‍ നിന്ന്‌ വിളിക്കുന്നു. മൂന്നാമത്തെ കുട്ടിയെ പ്രസവിച്ചു. കുട്ടിയെ നോക്കാനുള്ള സാമ്പത്തികമില്ല. ആശുപത്രി ബില്‍ അടയ്‌ക്കാന്‍ പോലും മൂത്ത കുട്ടിയുടെ കമ്മലും മറ്റും പണയം വെച്ചിരിക്കുകയാണ്‌. �ആ കുഞ്ഞിനെ അമ്മ തന്നെ ഞങ്ങളെ ഏല്‍പിച്ചു. അമ്മയ്‌ക്ക്‌ കുഞ്ഞിനെ നോക്കണമെന്നുണ്ട്‌. പക്ഷേ, അതിനേക്കാള്‍ കുഞ്ഞ്‌ ഒരു നല്ല കുടുംബത്തിലെത്തിപ്പെട്ട്‌ നല്ല നിലയിലാവണമെന്നായിരുന്നു ആഗ്രഹം.. �ആശ ജോര്‍ജ്‌ ഒരു സിനിമാക്കഥ പോലെ പറഞ്ഞു.
മറ്റൊരു കഥ, ഗള്‍ഫില്‍ വെച്ച്‌ പരിചയപ്പെട്ട്‌, പരിചയം വളര്‍ന്ന്‌ ഗര്‍ഭിണിയായി. പയ്യന്‍ പറഞ്ഞു, കുഞ്ഞിനെ അബോര്‍ട്ട്‌ ചെയ്‌താലേ കെട്ടുകയുള്ളൂ എന്ന്‌. അവള്‍ പക്ഷേ അബോര്‍ട്ട്‌ ചെയ്യാതെ ഇവിടെ വന്ന്‌ പ്രസവിച്ചു. പ്രസവിച്ച്‌ മടങ്ങാന്‍ നേരം അവള്‍ പറഞ്ഞു. ഞാന്‍ ഇനി കല്യാണം കഴിക്കുകയാണെങ്കില്‍ ഭര്‍ത്താവിനോട്‌ എല്ലാം തുറന്നു പറഞ്ഞ്‌ മകനെ കൊണ്ടുപോവും. ഓകെയെന്ന്‌ ഞങ്ങളും. പിന്നെ കല്യാണം കഴിഞ്ഞ്‌ അഞ്ചെട്ടുമാസത്തിനു ശേഷം അവള്‍ വന്ന്‌ കുട്ടിയെ ദത്തെടുത്തു. കുറച്ചുകാലം കഴിഞ്ഞ്‌ അവര്‍ക്ക്‌ പിന്നെയും കുട്ടികളുണ്ടായപ്പോള്‍ ആദ്യകുട്ടിയെ വേണ്ടെന്ന്‌ പറഞ്ഞ്‌ ഇവിടെ തന്നെ തിരിച്ചേല്‍പ്പിച്ചു. ദൈവകാരുണ്യം കൊണ്ട്‌ ആ കുഞ്ഞിനെ ദത്തെടുക്കാന്‍ ഒരു നല്ല കുടുംബം തന്നെ മുന്നോട്ടു വന്നു. പോവാന്‍ നേരം കുട്ടി പറഞ്ഞതോര്‍മ്മയുണ്ട്‌, ഇനി ഞാനാരെയും അപ്പാ, അമ്മേ എന്നു വിളിക്കില്ലെന്ന്‌.


ഭ്രൂണഹത്യ സാര്‍വത്രികംഅവിവാഹിതരായ അമ്മമാരില്‍ ശരിക്കും ഒരു ശതമാനം പോലും ഇതുപോലുള്ള സ്‌ഥാപനങ്ങളില്‍ എത്തുന്നില്ല എന്നാണ്‌ കണക്ക്‌. തുടക്കത്തില്‍ തന്നെ ഗര്‍ഭഛിദ്രം ചെയ്യുന്നവരാണ്‌ ഏറെയും. വിദേശങ്ങളില്‍ പ്രചാരമുള്ള മോണിങ്‌ ആഫ്‌റ്റര്‍ പില്‍ പോലുള്ള, ശാരീരികബന്ധത്തിനു ശേഷം 72 മണിക്കൂറിനുള്ളില്‍ കഴിച്ചാല്‍ ഗര്‍ഭം തടയാന്‍ കഴിയുന്ന പില്ലുകള്‍ നമ്മുടെ നാട്ടിലും മുക്കിലും മൂലയിലും ലഭ്യമായിരിക്കുന്നു. വിവാഹം കഴിഞ്ഞവരെയാണ്‌ ലക്ഷ്യം വയ്‌ക്കുന്നതെങ്കിലും ഉപയോഗിക്കുന്നവരില്‍ നല്ല ശതമാനവും ടീനേജേര്‍സ്‌. ടി വിയില്‍ നല്ല കവറേജോടെ ഇതിന്റെയൊക്കെ പരസ്യവുമുണ്ട്‌. കൃത്രിമനിയന്ത്രണങ്ങളിലൂടെ കുഞ്ഞുങ്ങളെ ഇല്ലാതാക്കുന്ന പേറ്റന്റ്‌ സ്വന്തമാക്കിയതു പോലെ. �ബാംഗ്ലൂരില്‍ ചെന്നപ്പോള്‍ കണ്ട ഒരു കാഴ്‌ച പറയാം. അവിടങ്ങളിലെ ഓട്ടോയുടെ പിറകില്‍ വലുതായി ഗര്‍ഭനിരോധനപില്‍സുകളുടെ പരസ്യം പതിച്ചിരിക്കുന്നു! ശരിക്കും അത്‌ കണ്ടാല്‍ ഇതിനു പ്രോത്‌സാഹനം നല്‍കുന്ന മാതിരിയാണ്‌..� അനി ജോര്‍ജ്‌ പറയുന്നു.
ഇവിടെ എത്തിപ്പെടുന്ന പെണ്‍കുട്ടികള്‍ മാനസികമായി ആകെ തകര്‍ന്നിട്ടുണ്ടാവും. ഏതാണ്ട്‌ ജീവിതം കഴിഞ്ഞെന്ന ചിന്തയില്‍ ആത്‌മഹത്യയുടേയൊക്കെ വക്കിലായിരിക്കും. അവര്‍ക്ക്‌ ശേഷവും ജീവിതമുണ്ടെന്ന തിരിച്ചറിവ്‌ നല്‍കി കൗണ്‍സലിങ്ങൊക്കെ നല്‍കിയാണ്‌ ഇവിടെ പാര്‍പ്പിക്കുക. �ഇവിടത്തെ ഹോംലി അന്തരീക്ഷം അവരെ മാറ്റാറുണ്ട്‌. ഇവരൊക്കെയും ഞങ്ങളുടെ മകളോ സഹോദരിയോ ആയി ആണ്‌ ഞങ്ങള്‍ കാണാറ്‌. അവര്‍ക്ക്‌ ഡോക്‌ടര്‍മാരുടേയും ആയമാരുടേയും സേവനവും ലഭ്യമാണ്‌.�


വന്ധ്യതയും കൂടുന്നുകുട്ടികളെ ദത്തെടുക്കുന്നത്‌ നാണക്കേടായി കണ്ടിരുന്ന കാലമൊക്കെ പോയി. എല്ലാ മതവിഭാഗത്തില്‍ പെട്ടവരും ഇപ്പോള്‍ മുന്നോട്ടു വരുന്നുണ്ട്‌. കുട്ടി ജനിച്ചതിനു ശേഷം 60 ദിവസത്തിനുള്ളില്‍ ദത്തെടുക്കാം. മിക്കവാറും നേരത്തെ ബുക്ക്‌ ചെയ്‌തതിനനുസരിച്ച്‌ കുട്ടിയെ നല്‍കുകയാണ്‌ പതിവ്‌. 50 ഓളം കുടുംബങ്ങള്‍ ഇവിടെ ദത്തെടുക്കാനായി രജിസ്‌ടര്‍ ചെയ്‌തു കാത്തുനില്‍ക്കുന്നുണ്ട്‌. കുട്ടികള്‍ക്ക്‌ എല്ലാ ആഴ്‌ചയിലും ഗൈനക്കോളജി പീഡിയാട്രിക്‌ ഡോക്‌ടര്‍മാരുടെ സേവനമുണ്ട്‌. കൂടെ പത്തോളം ആയമാരും. �നമ്മുടെ നാട്ടിലെ വന്ധ്യതാനിരക്കും ഭീകരമാം വിധം കൂടിയിട്ടുണ്ട്‌.� അനി ജോര്‍ജ്‌ പറയുന്നു.
ചിലപ്പോള്‍ ആദ്യകുട്ടിയെ ഭ്രൂണഹത്യ ചെയ്‌തതിനു ശേഷം പിന്നെ കുട്ടികളില്ലാത്ത അവസ്‌ഥയുണ്ടായിട്ടുണ്ട്‌. കല്യാണം കഴിഞ്ഞ്‌ ഉടന്‍ കുട്ടികള്‍ വേണ്ടെന്ന പുതുതലമുറയുഉടെ കാഴ്‌ചപ്പാടും വന്ധ്യതയ്‌ക്ക്‌ ഒരു കാരണം. ജീവിതമൊക്കെ ഒന്ന്‌ സ്‌ഥിരപ്പെട്ട്‌ കുട്ടികളാവാം എന്ന്‌ കരുതി വര്‍ഷങ്ങള്‍ കഴിയുന്നതോടെ ജീവിതവുമില്ല, കുട്ടികളുമില്ല എന്ന സ്‌ഥിതിയാവും. �അഞ്ചു തവണ വന്ധ്യതാ ചികിത്‌സ ചെയ്‌ത്‌ മടുത്ത്‌ ഇവിടെ വന്നവരുണ്ട്‌. ചികിത്‌സയ്‌ക്കൊന്നും പോവാതെ നേരിട്ടു വരുന്നവരും ഏറെ. ഇത്തരം സ്‌്‌ഥാപനങ്ങള്‍ക്ക്‌ മൂന്ന്‌ ലൈസന്‍സുകളാണ്‌ ആവശ്യം. അണ്‍വാണ്ടഡ്‌ അമ്മമാരെ സംരക്ഷിക്കാനുള്ളത്‌, കുഞ്ഞുങ്ങളെ നോക്കാനുള്ളത്‌, ദത്ത്‌ കൊടുക്കാനുള്ളത്‌. അണ്‍വാണ്ടഡ്‌ മദേര്‍സിനെ സംരക്ഷിക്കാന്‍ ഉത്തരവാദിത്വമുള്ള പത്തില്‍ താഴെ സ്‌ഥാപനങ്ങളേ നമ്മുടെ കേരളത്തിലുള്ളൂ.�


പിറക്കാതെ പോവുന്ന കുട്ടികള്‍ക്കായിമറക്കാനാവാത്ത മറ്റൊരു അനുഭവമുണ്ട്‌. �ഗള്‍ഫില്‍ വെച്ച്‌ ഒരു പെണ്‍കുട്ടി ചതിയിലകപ്പെട്ട്‌ ഗര്‍ഭിണിയായി. അവിടത്തെ നിയമപ്രകാരം അവള്‍ക്ക്‌ പ്രസവിക്കുന്നതുവരെ ജയിലില്‍ കഴിയേണ്ടി വന്നു. ഒരു വനിതാ ജയിലായിരുന്നു അത്‌. എട്ടുമാസത്തിനു ശേഷം ജയില്‍ ശിക്ഷ കഴിഞ്ഞ്‌ ചില സന്നദ്ധ സംഘടനകള്‍ ഇടപെട്ടതിനെത്തുടര്‍ന്ന്‌ അവള്‍ കുട്ടിയെ ഇവിടെ ഏല്‍പ്പിച്ചു. കുട്ടിയെ സ്വീകരിക്കാനായി ഞങ്ങള്‍ എയര്‍ പോര്‍ട്ടിലേക്ക്‌ വണ്ടിയുമായി ചെന്നു. ആ കുട്ടിയാണെങ്കില്‍ ജീവിതത്തില്‍ ഇതുവരേയും ആണുങ്ങളെ കണ്ടിരുന്നില്ല. കരച്ചിലോടു കരച്ചില്‍. ഒടുവില്‍ എങ്ങനെയോ ഇവിടെയെത്തിച്ചു. കൃത്യം ഒരാഴ്‌ചയ്‌ക്കു ശേഷം വിദേശത്ത്‌ സെറ്റിലായ ഒരു ഫാമിലി വന്ന്‌ അവനെ ദത്തെടുക്കുകയുണ്ടായി..� ആശയുടെ ഓര്‍മ്മകളുല്‍ ഇപ്പോഴും ആ സുന്ദരിക്കുട്ടിയുണ്ട്‌. പലപ്പോഴും കുട്ടികള്‍ക്ക്‌ മുലപ്പാല്‍ കിട്ടാത്തതാണ്‌ സങ്കടം. മുലപ്പാല്‍ കൊടുക്കാന്‍ ചിലര്‍ക്കെങ്കിലും ആഗ്രഹമുണ്ടാവാറുണ്ടെങ്കിലും അവരുടെ രക്ഷിതാക്കള്‍ സമ്മതിക്കില്ല. പിന്നെ ഉപേക്ഷിക്കാന്‍ കഴിയാത്ത വിധം അടുപ്പം വരുമോ എന്ന പേടിയാണ്‌.
പ്രസവിച്ചു ഏല്‍പ്പിക്കുന്നതിനു പകരം ചിലരെങ്കിലും അപൂര്‍വമായി കുട്ടിയെ കൂടെ കൊണ്ടുപോവാറുണ്ട്‌. സ്വന്തമായി കുട്ടികളുള്ള ആളുകള്‍ തന്നെ മറ്റൊരു കുട്ടിയെ ദത്തെടുക്കുന്ന സ്‌ഥിതിയും കണ്ടുവരുന്നുണ്ട്‌. എങ്കിലും കുട്ടികളില്ലാത്ത നിരവധി പേര്‍ ബുക്ക്‌ ചെയ്‌ത്‌ കാത്തിരിക്കുന്നതിനാല്‍ അതത്ര പ്രോത്‌സാഹിപ്പിക്കാറില്ല. �കോളജ്‌ ക്യാംപസുകളിലും മറ്റും ബോധവല്‍ക്കരണം നടത്താനായി സേവ്‌ ലൈഫ്‌ എന്ന പേരില്‍ കുട്ടിയെ ഉപേക്ഷിക്കുന്നതിനെതിരേയും ഭ്രൂണഹത്യയ്‌ക്കെതിരേയും ഒരു ക്യാംപെയ്‌ന്‍ നടത്താനുള്ള പദ്ധതിയുമുണ്ട്‌. ഒരു ജീവന്‍ തടയാന്‍ ആര്‍ക്കാണ്‌ അവകാശം? � ഏയ്‌ഞ്ചലും പിയുഷും സംഘവും അവരുടെ പ്രിയപ്പെട്ട അപ്പായുടേയും അമ്മായുടേയും ചുറ്റും വട്ടം കൂടി.















2 comments:

  1. മുല്യച്യുതി,സംസ്കാരമിലായ്മ,ടെക്നോളജിയുടെ അതിപ്രസരം നമ്മുടെ മുൻപിൽ ചൂണ്ടികാണിക്കാൻ ഒരുപാട് ന്യയികരണങ്ങൾ ഉണ്ട്,, എന്നാൽ സ്വയം തന്നിലേക്ക് തിരിയാനും തന്റെ തെറ്റുകൾ സ്വയം തിരുത്താനും ആരും ശ്രമികുന്നില്ല എന്നതാണ് ഇ കാലഘടത്തിന്റെ ഏറ്റവും വല്യ വിരോദാഭാസം.......!!

    ReplyDelete