Sunday, October 20, 2013

കഥയുടെ ഫിലോസഫി: ഉദയകൃഷ്‌ണ സിബി കെ തോമസ്‌


  കഥയുടെ ഫിലോസഫി: ഉദയകൃഷ്‌ണ സിബി കെ തോമസ്‌




മലയാളത്തിലെ സൂപ്പര്‍ സ്‌റ്റാര്‍ തിരക്കഥാകൃത്തുക്കളായ സിബി കെ തോമസും ഉദയകൃഷ്‌ണയും പരിചയപ്പെടുന്നത്‌ 17 വര്‍ഷങ്ങള്‍ക്കു മുമ്പ്‌. സംവിധായകരാവുക എന്ന മോഹവുമായി ഉദയന്‍ അലി അക്‌ബറിന്റേയും ബൈജു കൊട്ടാരക്കരയുടേയും സന്ധ്യാ മോഹന്റേയുമൊക്കെ കൂടെ അസിസ്‌റ്റന്റായപ്പോള്‍ സിബി തുടങ്ങിയത്‌ ബാലു കിരിയത്തിന്റെ കൂടെ. ഇടയ്‌ക്ക്‌ ഇരുവരും ബാലു കിരിയത്തിനൊപ്പം സഹസംവിധായകരായി. സംവിധായകരാവുക എന്ന ഒറ്റ ലക്ഷ്യവും രണ്ടു വഴികളുമായിരുന്നു. ഒടുവില്‍ ഒരുമിച്ചൊരു ചിത്രത്തിന്‌ കഥയെഴുതാന്‍ അവസരം കിട്ടിയപ്പോള്‍ ചെയ്‌തു. സന്ധ്യാ മോഹന്‍ സംവിധാനം ചെയ്‌ത ഹിറ്റ്‌ലര്‍ ബ്രദേര്‍സ്‌. അതിന്റെ സഹസംവിധായകര്‍ കൂടിയായിരുന്നു ഇരുവരും. �അതിന്റെ വിജയമാണ്‌ ഞങ്ങളെ തിരക്കുള്ള തിരക്കഥാകൃത്തുക്കളാക്കിയത്‌. ഞങ്ങള്‌ സംവിധായകരാവാതെ പോയതും..�


കൊച്ചിയിലെ ഷൂട്ടിങ്‌ നടക്കുന്ന പുതിയ ചിത്രം കമ്മത്ത്‌ ആന്‍ഡ്‌ കമ്മത്തിന്റെ ലൊക്കേഷനില്‍ ഉദയനും സിബിയും പതിവുപോലെ തിരക്കിലാണ്‌. ഒരു പടം ഓടിക്കഴിഞ്ഞാല്‍ അതിന്റെ ചുവട്‌ പിടിച്ച്‌ ഇടവേളകളില്ലാതെ ഒരുപാടു ചിത്രങ്ങള്‍. ഇപ്പോള്‍ ഇത്‌ ഇരുവരുമൊത്തുള്ള 35 ാമത്തെ ചിത്രത്തിന്റെ ലൊക്കേഷനാണ്‌. ഒരു പ്രോജക്‌ട്‌ ചെയ്യുമ്പോള്‍ തന്നെ മൂന്ന്‌ പ്രോജക്‌ടുകള്‍ക്ക്‌ കമ്മിറ്റ്‌ ചെയ്‌തിട്ടുണ്ടാവും. �അതുകൊണ്ടെന്താ, ഞങ്ങള്‍ക്കിരുവര്‍ക്കും പിരിയാനോ സ്വതന്ത്രരാവാനോ ഉള്ള സമയം കിട്ടിയിട്ടേയില്ല..� ഉദയന്‍ ചിരിയോടെ പറയുന്നു.


വേര്‍പിരിയാന്‍ സമയമില്ല!


�ഞങ്ങളിരുവരും ഞങ്ങളുടെ ഭാര്യമാരോടും കുടുംബത്തോടൊപ്പവും ചെലവഴിച്ചതിനേക്കാള്‍ സമയം ഒന്നിച്ചാവും ചെലവഴിച്ചിരിക്കുക. മിക്കവാറും കഥയെഴുത്തുമായി ഏതെങ്കിലും ഹോട്ടല്‍ മുറിയില്‍. അത്‌കൊണ്ട്‌ ഒരാളുടെ എല്ലാ ഇഷ്‌ടാനിഷ്‌ടങ്ങളും മറ്റേയാള്‍ക്ക്‌ ഭംഗിയായി അറിയാം. ഒരാള്‍ ഒരാളെ അംഗീകരിക്കുക എന്നതാണ്‌ പ്രധാനം. പരസ്‌പരവിശ്വാസം. അല്ലെങ്കില്‍, ഞങ്ങള്‍ എന്നേ വേര്‍പിരിയേണ്ടതായിരുന്നു.. �സിബിയും ഉദയനും ഒരുമിച്ച്‌ ചോദിക്കുന്നു. ഉദയന്റെ അഭിപ്രായത്തില്‍, സിബി നല്ലൊരു വിമര്‍ശകനാണ്‌. ഒരു കാര്യത്തിന്റെ പോരായ്‌മകള്‍ മനസിലാക്കാന്‍ പത്തു വഴികളിലൂടെയെങ്കിലും കഴിയും. അതാണ്‌ ഏറ്റവും വലിയ പ്ലസ്‌ പോയിന്റ്‌. സിബിയുടെ നോട്ടത്തില്‍, ഉദയന്‍ നല്ലൊരു നിരീക്ഷകനാണ്‌. ഒരു വണ്‍ ലൈന്‍ കിട്ടിയാല്‍ പത്തു വഴികളിലൂടെ കഥ മെനയാന്‍ ഉദയനാവും. പരസ്‌പരം ഈഗോയില്ല എന്നത്‌ മറ്റൊരു കാര്യം. എത്ര കളിയാക്കിയാലും പ്രശ്‌നമില്ല. ഭാവിയില്‍ സംവിധായകരാവുന്ന ചിത്രം തീര്‍ച്ചയായും പ്രതീക്ഷിക്കാം. ജോണി ആന്റണി, ജോസ്‌ തോമസ്‌, വൈശാഖ്‌, സന്ധ്യാ മോഹന്‍, ദിലീപ്‌ തുടങ്ങി കൂട്ടുകാര്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതാണ്‌ ഇരുവര്‍ക്കും ഇഷ്‌ടമുള്ള കാര്യം. ഈ ഒത്തുകൂടലിലാണ്‌ പല കഥാപാത്രങ്ങളും ജനിക്കുന്നത്‌. ശരിക്കുമതൊരു റീച്ചാര്‍ജ്‌ ചെയ്‌തതു പോലെയാ..


കഥയുടെ ഫിലോസഫികഥ മെനയുന്നതിനും വികസിപ്പിക്കുന്നതിനും കഥാപാത്രരൂപീകരണത്തിനും സിബിയ്‌ക്കും ഉദയനും അവരുടേതായ ഫിലോസഫിയുണ്ട്‌. പ്രേക്ഷകന്റെ പള്‍സറിഞ്ഞ്‌, അവനെ ചിരിപ്പിക്കുന്ന എത്രയോ കഥാപാത്രങ്ങള്‍.. നായകനേയും സംവിധായകനേയും കൂടെ തിരക്കഥാകൃത്തിനേയും കണ്ട്‌ തീയേറ്ററില്‍ എത്തുന്ന�പ്രേക്ഷകരെ സിബി കെ തോമസ്‌, ഉദയകൃഷ്‌ണ എന്ന പേര്‌ ഒരിക്കലും മടുപ്പിച്ചിട്ടില്ല എന്നത്‌ സത്യം. �ഒരിക്കലും ഒരു കഥ രണ്ടു പേര്‍ക്ക്‌ ചേര്‍ന്ന്‌ ഉണ്ടാക്കാനാവില്ല. ഒരു കഥാപാത്രം ആദ്യം ഒരാളുടെ മനസിലേ ഉണ്ടാവൂ. അത്‌ പിന്നെ ഡെവലപ്‌ ചെയ്യും.� കഥ പറച്ചില്‍ രീതികളെക്കുറിച്ച്‌ ഉദയനും സിബിയും വിശദീകരിക്കുന്നു. സീന്‍ ഓര്‍ഡര്‍ ഉണ്ടാക്കുന്നതാണ്‌ ബുദ്ധിമുട്ടുള്ള കാര്യം. ഇതിനിടയില്‍ കഥാപാത്രങ്ങളെ സൃഷ്‌ടിക്കണം. കഥാമുഹൂര്‍ത്തങ്ങള്‍ സൃഷ്‌ടിക്കണം. അതിനൊരു സിനിമാറ്റിക്‌ കള്‍ച്ചറുണ്ടാക്കണം. ഇന്റര്‍വെല്‍ ഉണ്ടാവണം. ക്ലൈമാക്‌സ്‌ ഉണ്ടാക്കണം. ഒരു കഥ ഒരാളുടെ ഭാവനയില്‍ വിരിയുമ്പോള്‍ മറ്റേയാള്‍ വിമര്‍ശകനായി ഇരിക്കും. ഏറെ വിമര്‍ശനങ്ങള്‍ വരുമ്പോള്‍ ചിലത്‌ ചെയ്യാറില്ല. ചിലത്‌ ചെയ്യാന്‍ ശ്രമിക്കും. ചിലത്‌ റെഡിയായി വരും. ചിലത്‌ പാതിവഴിയില്‍ മുടങ്ങും. ഒരു സംഭവത്തിന്റെ നല്ലതും ചീത്തയും ചൂണ്ടിക്കാട്ടുന്നവനാണ്‌ ഒരു നല്ല സുഹൃത്ത്‌. പിന്നെ പരസ്‌പരമുള്ള വിശ്വാസവും. ചിലപ്പോള്‍ ഉടക്കിപ്പിരിയാറുണ്ട്‌. പക്ഷേ, അതിനൊക്കെ കുറഞ്ഞ നിമിഷങ്ങളുടെ ആയുസേ ഉണ്ടാവാറുള്ളൂ.


ഞങ്ങളൊക്കെ കച്ചവടക്കാരാ..ഒരുപാട്‌ സിനിമകള്‍ കാണുന്ന കൂട്ടത്തിലാണ്‌ ഉദയനും സിബിയും. കൈയ്യില്‍ കിട്ടുന്ന എല്ലാ സിനിമകളും കാണും. ചിലപ്പോള്‍ രാവിലെ ബ്രേക്ക്‌ ഫാസ്‌റ്റിനൊപ്പം ഒരു സിനിമ എന്ന രീതിയുമുണ്ട്‌. മറ്റു ചിലപ്പോള്‍ അര്‍ധരാത്രിയാവും സിനിമ കാണല്‍. സ്വാഭാവികമായും ഒരു സിനിമാറ്റിക്‌ ഫോര്‍മുല മനസില്‍ വിരിയാന്‍ ഈ ഹോബി സഹായിച്ചിട്ടുണ്ട്‌. എങ്കിലും ഒരു സിനിമ വിരിയുന്നത്‌ ഇതുകൊണ്ടൊക്കെയാണ്‌ എന്ന്‌ കൃത്യമായി പറയാനും കഴിയില്ല. എല്ലാമങ്ങ്‌ ഓട്ടോമാറ്റിക്കലായി സംഭവിക്കുന്നെന്നു മാത്രം. എങ്കിലും എല്ലാ കഥാപാത്രങ്ങളിലും എന്തെങ്കിലുമൊക്കെ വ്യത്യസ്‌തത കൊടുക്കാന്‍ നോക്കാറുണ്ട്‌. ഉദാഹരണവുമുണ്ട്‌ ഉദയന്റെ കൈയ്യില്‍. ദിലീപിന്റെ മായാമോഹിനി ഒരു പുതിയ കഥാപാത്രമൊന്നുമല്ല. എല്ലാ ഭാഷയിലും ഇതു പോലുള്ള കഥാപാത്രങ്ങളുണ്ടായിട്ടുണ്ട്‌. മുന്‍പ്‌ മലയാളത്തില്‍ പ്രേംനസീറും അടൂര്‍ ഭാസിയും ചെയ്‌തിട്ടുണ്ട്‌. അവ്വൈ ഷണ്‍മുഖിയുണ്ടായിട്ടുണ്ട്‌. പ്രധാനപ്പെട്ട എല്ലാ നടന്‍മാരും പെണ്‍വേഷം കെട്ടിയിട്ടുണ്ട്‌. ഇതില്‍ ദിലീപ്‌ ആദ്യമായി പെണ്‍വേഷം കെട്ടുന്നു എന്നതാണ്‌ പ്രധാനം. സാധാരണ എല്ലാ സിനിമയിലും പുരുഷന്‍ സ്‌ത്രീവേഷം കെട്ടുമ്പോള്‍ സാഹചര്യവശാല്‍ സ്‌ത്രീയാവുകയാണ്‌ പതിവ്‌. ഇതില്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതേ സ്‌ത്രീയായാണ്‌. ഇന്റര്‍വെല്‍ പഞ്ചിലാണ്‌ ആണാണെന്നറിയിക്കുന്നത്‌. അതായിരുന്നു വെല്ലുവിളിയും കച്ചവടസിനിമയുടെ വിജയസാധ്യതയും.


മലയാളസിനിമയില്‍ അങ്ങനെ പറയത്തക്ക പുതിയ കഥാപാത്രസൃഷ്‌ടിയൊന്നുമുണ്ടാവുന്നില്ല. എല്ലാം എവിടെയെങ്കിലും മുന്‍പും കണ്ടിട്ടുണ്ടാവും. അത്യന്തം പുതുമയുള്ള വിഷയങ്ങള്‌ അത്യപൂര്‍വമായേ ഹിറ്റായിട്ടുണ്ടുള്ളൂ. �കച്ചവടസാധ്യത മുന്‍കൂട്ടി കണ്ടുള്ളതാണ്‌ ഞങ്ങളുടെ സിനിമകള്‍. അതിനാല്‍ പാട്ടിലും ഫൈറ്റിലുമെല്ലാമാണ്‌ ഞങ്ങള്‌ പുതുമകള്‌ കൊണ്ടുവരുന്നത്‌. പ്രേക്ഷകര്‍ക്ക്‌ രസിക്കുന്ന സിനിമകളുണ്ടാക്കുന്നതാണ്‌ വിജയം. രസിക്കുന്ന സീനുകളുണ്ടാക്കുക, അവര്‍ക്കിഷ്‌ടപ്പെടുന്ന നടീനടന്‍മാരെ തിരഞ്ഞെടുക്കുക എന്നിവയെല്ലാമാണ്‌ പ്രധാനം. ഞങ്ങളൊക്കെ കച്ചവടക്കാരാ..� ഇരുവരും ഒരേ സ്വരത്തില്‍ പറയുന്നു.


കഥയിലെ ഹ്യൂമറാണ്‌ കോമഡികഥാപാത്രങ്ങളെ കണ്ടെത്തണം എന്ന ചിന്തയുമായി യാത്രകളൊന്നും ചെയ്യാറില്ല. എല്ലാം ചുറ്റുപാടില്‍ നിന്നും പകര്‍ത്തുന്നത്‌. ആദ്യചിത്രമായ ഹിറ്റ്‌ലര്‍ ബ്രദേര്‍സ്‌, വീട്‌ പോലീസ്‌ സ്‌റ്റേഷനാക്കാന്‍ കൊടുത്ത ഒരു സുഹൃത്തിന്റെ കഥയാണ്‌. അതുപോലെ നമ്മുടെ ചുറ്റുവട്ടത്തെ അമ്മായിയമ്മമാരെ ഉള്‍ക്കൊള്ളിച്ചതാണ്‌ അമ്മ അമ്മായിയമ്മ. �മാട്ടുപ്പെട്ടി മച്ചാനാണെങ്കില്‌ പെട്ടെന്നു പണക്കാരാവുന്നവരും അറിയാതെ കയറിവരുന്ന പൊങ്ങച്ചവുമാണ്‌ വിഷയം. എല്ലാം നമ്മുടെ ചുറ്റുവട്ടത്തുള്ള കഥാപാത്രങ്ങള്‌ തന്നെ..� ഉദയന്റെ വാക്കുകള്‍ക്ക്‌ സിബിയുടെ ക്ലീന്‍ ചീറ്റ്‌. ഞങ്ങള്‌ സാഹിത്യകൃതികള്‌ സിനിമയാക്കാന്‍ പറ്റിയ ആള്‍ക്കാരല്ല. സാഹിത്യകൃതികള്‍ ജനങ്ങള്‍ അംഗീകരിച്ചതാണ്‌. അത്‌ മൂല്യം ചോരാതെ സിനിമയാക്കാന്‍ ഞങ്ങള്‍ക്കൊട്ട്‌ പറ്റില്ല. �ഞങ്ങള്‍ക്ക്‌ ഞങ്ങളുടെ രീതി മതി. രാവിലെ 10 മുതല്‍ അഞ്ചു വരെ ടൈംടേബിള്‍ വെച്ച്‌ എഴുതുന്നവരുമല്ല. ചെലപ്പം പെട്ടെന്ന്‌ പൂര്‍ത്തിയാവും. ചെലപ്പം സമയമെടുക്കും..� സിബി പറയുന്നു. കോമഡി കഥാപാത്രങ്ങളിലൂടെയാണ്‌ വരുന്നത്‌. അതാത്‌ സമയത്തെ താരമൂല്യമുള്ള നടന്‍മാരെ വെച്ചാണ്‌ കോമഡി ക്രിയേറ്റ്‌ ചെയ്യുന്നത്‌. പുതുമുഖങ്ങളെ വെച്ചൊരിക്കലും ഒരു മുഴുനീളകോമഡി സിനിമ ചെയ്യാനാവില്ല. അന്യന്റെ ദു:ഖവും അവന്റെ പ്രശ്‌നങ്ങളാണ്‌ നമ്മുടെ കോമഡി. പിന്നെ അതിനനുസരിച്ച സന്ദര്‍ഭങ്ങളും വേണം. കഥയിലെ ഹ്യൂമറാണ്‌ പിന്നീട്‌ കോമഡിയായി വരുന്നത്‌. കഥയില്‍ ഹ്യൂമറില്ലെങ്കില്‍ കോമഡിയുമുണ്ടാവില്ല. ആകാശദൂതിന്റെ കഥയില്‍ ഹ്യൂമര്‍ ക്രിയേറ്റ്‌ ചെയ്യാനാവില്ലല്ലോ.


മമ്മൂട്ടി മോഹന്‍ ലാല്‍ ദിലീപ്‌ ദിലീപിനൊപ്പം സിബിയും ഉദയനും 17 ചിത്രങ്ങള്‍ ചെയ്‌തു. എല്ലാം ശ്രദ്ധിക്കപ്പെട്ടവ. സിനിമയില്‍ വന്ന കാലത്തേയുള്ള സൗഹൃദം ഇപ്പോഴും നിലനില്‍ക്കുന്നു. �ദിലീപിന്റെ ഡെഡിക്കേഷന്‍ അപാരമാണ്‌..� സിബിയും ഉദയനും ദിലീപിനെക്കുറിച്ച്‌ പറയുമ്പോള്‍ നൂറു നാവ്‌. ഹിറ്റ്‌ലര്‍ ബ്രദേര്‍സില്‍ ദിലീപായിരുന്നു പ്രേംകുമാര്‍ ചെയ്‌ത വേഷം ചെയ്യേണ്ടിയിരുന്നത്‌. എന്നാല്‍ അന്നത്‌ നടന്നില്ല. പിന്നീട്‌ ഞങ്ങളുടെ തന്നെ ഇന്‍സ്‌പെക്‌ടര്‍ ഗരുഡിലാണ്‌ ദിലീപ്‌ ഒരു �മുഴുനീള�പോലീസായി ആദ്യമായി വരുന്നത്‌. മായാമോഹിനിയുടെ സമയത്തു തന്നെ ദിലീപ്‌ മെയ്‌ക്കപ്പിനും മറ്റുമായി നടത്തിയ കഷ്‌ടപ്പാടുകള്‍ എടുത്തുപറയേണ്ടവയാണ്‌. നഖം വെട്ടി, പുരികം ശരിയാക്കി, കാതു കുത്തി ശരിക്കും ഞങ്ങളുടെ മനസിലുള്ളതിനേക്കാള്‍ സുന്ദരിയായ മോഹിനിയായി മാറി. രാവിലെ ആറുമണിക്ക്‌ തുടങ്ങുന്ന മേയ്‌ക്കപ്പ്‌ 10 മണി വരെ നീളും. ഇതും കെട്ടിപ്പൊതിഞ്ഞിരിക്കുക നിസാരകാര്യമല്ല. ദിലീപ്‌ തന്നെ അവസാനം പറഞ്ഞിട്ടുണ്ട്‌, ഒരു പെണ്ണിന്റെ ഏറ്റവും വലിയ ബുദ്ധിമുട്ട്‌ ഞാനറിഞ്ഞത്‌ ഈ വേഷം കെട്ടിയപ്പോയാണെന്ന്‌.
മലയാളത്തിന്റെ ഒരു ഗുണം ഇതുപോലുള്ള നല്ല നടന്‍മാരാണ്‌. നമ്മുടെ മുകേഷിനും ഇന്നസെന്റിനും സലീംകുമാറിനുമൊന്നും പകരക്കാരില്ല. �ഹിന്ദിയിലെ നടന്‍മാരെക്കെ നമ്മുടെ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റേയുമൊക്കെ ഫ്‌ളക്‌സിബിലിറ്റിയും അഭിനയവും കണ്ട്‌ അത്‌ഭുതപ്പെടുന്നവരാ..� ഉദയന്‌ ഒരു സംശയവുമില്ല. മമ്മൂട്ടിയേയും ലാലിനേയും കണ്ടാണ്‌ വളര്‍ന്നത്‌. അതിനാല്‍ തന്നെ ഇവര്‍ക്ക്‌ കഥാപാത്രങ്ങള്‍ സൃഷ്‌ടിക്കുമ്പോള്‍ ആദ്യം പ്രേക്ഷകന്റെ ഭാഗത്ത്‌ നിന്നാണ്‌ ചിന്തിക്കുക. അതുകൊണ്ടാണ്‌ അവരെ വെച്ച്‌ പരീക്ഷണചിത്രങ്ങള്‍ ഒരുക്കാത്തതും.


ന്യൂജനറേഷന്‍ കാലം ന്യൂ ജനറേഷന്‍ സിനിമകള്‍, മുമ്പേയുണ്ട്‌. പത്‌മരാജനു ബക്കറും കെ ജി ജോര്‍ജുമൊക്കെ ചെയ്‌ത ഫോര്‍മുല തന്നെയാണ്‌ ന്യൂ ജനറേഷനും പിന്തുടരുന്നത്‌. അന്ന്‌ ആ പേരില്ല എന്നേയുള്ളൂ. എന്നാല്‍ പിന്നീട്‌ അത്‌ പിന്തുടരാന്‍ ആളില്ലാതായി. �ഇപ്പോള്‍ ചെറുപ്പക്കാര്‍ അത്‌ ഏറ്റെടുക്കുന്നത്‌ നല്ല കാര്യം തന്നെയാണ്‌. പരിമിതമായ ബഡ്‌ജറ്റില്‍ സിനിമയെടുക്കുന്നു. ഡിജിറ്റല്‍ ക്യാമറകള്‍, ആര്‍ഭാടമില്ലാത്ത ഷൂട്ടിങ്‌ എല്ലാം നല്ലതു തന്നെ. �സിബി കണക്കുകളിലേക്കു കടന്നു. ഒരു വര്‍ഷം 40 പടങ്ങള്‍ എന്ന നിലയിലേക്ക്‌ താഴ്‌ന്നുപോയ മലയാളസിനിമ ഇന്നിപ്പോള്‍ 130 ലെത്തി. അടുത്ത വര്‍ഷം 200 തികയ്‌ക്കുമെന്നാണ്‌ കണക്കുകള്‍. സിനിമയുടെ വളര്‍ച്ച കൂടിയിട്ടുണ്ട്‌. ഇത്‌ നല്ലതാണ്‌. ഒരുപാടു പേര്‍ക്ക്‌ അവസരം കിട്ടുന്നത്‌ തന്നെ വലിയ കാര്യമാണ്‌.
ഉദയപുരം സുല്‍ത്താനിലേയും ട്വന്റി ട്വന്റിയിലേയും സി ഐ ഡി മൂസയിലേയുമൊക്കെ കോമഡി സീനുകള്‍ ആസ്വദിച്ചു ചെയ്‌തതാണ്‌. എന്നാല്‍ ഞങ്ങള്‍ ചെയ്‌ത കോമഡി എത്ര തന്നെ കണ്ടാലും ചിരി വരണമെന്നില്ല. എന്നാലും സിനിമ പ്രേക്ഷകരോടൊപ്പം തീയേറ്ററില്‍ കാണുമ്പോള്‍, അവര്‍ ആവേശം കൊണ്ട്‌ ചിരിക്കുമ്പോള്‍ സന്തോഷം കൊണ്ട്‌ ചെറിയ ചിരിയൊക്കെ വരാറുണ്ട്‌. ഇരുവരുടേയും മുഖത്തും വന്നു നിറഞ്ഞു, ഒരു ചെറുചിരി.





















No comments:

Post a Comment