Friday, October 11, 2013

പോംപെ, എ ഡി 79 ലെ ഒരു വൈകുന്നേരം

പോംപെ, എ ഡി 79 ലെ ഒരു വൈകുന്നേരം



മനുഷ്യസംസ്‌കാരങ്ങളുടെ ചരിത്രമെടുത്തു നോക്കിയാല്‍ അത്‌ഭുതവും ഒരു യക്ഷിക്കഥ പോലെ വിചിത്രവുമായി തോന്നുന്ന നിരവധി ചരിത്രമുഹൂര്‍ത്തങ്ങളും സംഭവങ്ങളും എമ്പാടും കാണാം. ചിലത്‌ പിന്നീട്‌ ഖനനം ചെയ്‌തോ ചരിത്രരേഖകളിലോ ആയി കണ്ടെടുക്കുമ്പോള്‍ പിന്നെയും അത്‌ഭുതം വര്‍ധിക്കും. ആ ചരിത്രത്തിനു മുന്നില്‍ നമുക്ക്‌ നമ്രശീര്‍ഷരായി നില്‍ക്കണമെന്നും തോന്നും. മനുഷ്യനിര്‍മിതിയുടെ മഹാസ്‌മാരകങ്ങളായി മണ്ണടിഞ്ഞുപോയ പോംപെ നഗരത്തിന്റെ കഥ കേള്‍ക്കുമ്പോള്‍ ആര്‍ക്കും അങ്ങനെ തോന്നാതിരിക്കാനാവില്ല. ചരിത്രാന്വേഷണങ്ങളില്‍, സംസ്‌കാരങ്ങളിലൂടെയുള്ള യാത്രയില്‍ ഈ നഗരത്തിന്റെ കഥ സവിശേഷശ്രദ്ധയാകര്‍ഷിക്കുന്നു. ഏതാണ്ട്‌ 2000 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ സര്‍വപ്രതാപങ്ങളോടും കൂടി സസന്തോഷം കഴിഞ്ഞവരായിരുന്നു ഇറ്റലിയിലെ വെസൂവിയസ്‌ അഗ്‌നിപര്‍വതത്തിനടുത്ത്‌ സ്‌ഥിതി ചെയ്‌തിരുന്ന ഈ നഗരത്തിലെ നിവാസികള്‍. ശരിക്കും ഒരു സമ്പൂര്‍ണനഗരം. രാജകീയപ്രൗഡിയില്‍ വിരാജിച്ചിരുന്ന കെട്ടിടങ്ങളും തികച്ചും സാധാരണയെന്ന പോലെയുള്ള ദൈനം ദിന ജീവിതവും.
1
ഈ ദൈനം ദിന ജീവിതത്തിലേക്കാണ്‌ എ ഡി 79 ലെ ഒരു വൈകുന്നേരത്ത്‌ എല്ലാം നശിപ്പപ്പിക്കാനായി ചരിത്രത്തിന്റെ ക്രൂരമായ നിയോഗമെന്ന പോലെ വെസുവിയസ്‌ അഗ്‌നിപര്‍വതം ഭീകരമാം വിധം പൊട്ടിത്തെറിച്ചത്‌. അതില്‍ നിന്നു വമിച്ച വിഷവാതകങ്ങള്‍ നഗരത്തെയാകെയും മൂടി. അന്നേ ദിവസം തന്നെ ആ വിഷവാതകങ്ങള്‍ ശ്വസിച്ചും കൊടും ചൂടില്‍ വെന്തും ആയിരങ്ങളാണ്‌ മരണമടഞ്ഞത്‌. ഒരു നഗരത്തിന്റേയും സംസ്‌കാരത്തിന്റേയും അപ്രതീക്ഷിതമായ അന്ത്യമായിരുന്നു അത്‌. മനുഷ്യരെക്കൂടാതെ അവിടത്തെ വളര്‍ത്തുമൃഗങ്ങളും നിമിഷങ്ങള്‍ക്കകം മരിച്ചുവീണു. ലാവാപ്രവാഹത്തിന്റെ ഫലമായുണ്ടായ ചാരം ഏതാണ്ട്‌ ആറ്‌ മണിക്കൂറെങ്കിലും തുടര്‍ച്ചയായി നഗരത്തിനു മേല്‍ പതിക്കുകയും 25 മീറ്റര്‍ കനത്തില്‍ വന്നടിയുകയും ചെയ്‌തു. ആ നഗരം മുഴുവനും ചാരക്കൂമ്പാരത്തില്‍ പെട്ട്‌ വിസ്‌മൃതിയിലേക്ക്‌ നീങ്ങുകയായിരുന്നു അന്ന്‌. ഒരു ദിവസത്തിന്റെ വെറും കാല്‍ഭാഗം കൊണ്ട്‌ ഒരു മഹാനഗരം, പുറമേ നിന്ന്‌ കാണുമ്പോള്‍ മുഴുവനായും ഇല്ലാതായെന്ന്‌ തോന്നിക്കും വിധം അപ്രത്യക്ഷമായ കഥ, കഥയല്ല സംഭവം ഞാന്‍ നേരത്തെ പറഞ്ഞതു പോലെ യക്ഷിക്കഥയേക്കാള്‍ വിചിത്രമെന്ന്‌ സമ്മതിക്കാതെ തരമില്ല.
പിന്നീട്‌ ഏതാണ്ട്‌ 1700 വര്‍ഷങ്ങള്‍, അതായത്‌ 17 നൂറ്റാണ്ടോളം ആ ചാരക്കൂമ്പാരത്തിനിടയില്‍ കിടന്നു പോംപെ. ആരുമറിയാതെ കാലങ്ങളോളം ഉറങ്ങി പിന്നീട്‌ ഒരു നാള്‍ ഉണര്‍ന്നെണീറ്റ്‌ ലോകത്തിന്റെ മാറ്റങ്ങളിലേക്ക്‌ ഇറങ്ങി വരുന്ന പഴയ ഇംഗ്ലീഷ്‌ കഥയിലെ റിപ്‌ വാന്‍ വിംഗിളിനെപ്പോലെ 1748 ലാണ്‌ പോംപെ വീണ്ടും ഉണര്‍ന്നെണീറ്റത്‌. ചരിത്രഗവേഷകര്‍ ചാരം നീക്കി ഈ മഹാസംസ്‌ക്കാരത്തിന്റെ തിരുശേഷിപ്പുകളിലേക്ക്‌ ലോകത്തിന്റെ ശ്രദ്ധയെ ക്ഷണിച്ചപ്പോള്‍ ഏവരേയും ആകര്‍ഷിക്കുന്ന ഇവിടത്തെ കെട്ടിടഭംഗിയിലേക്കും പൗരാണികതയിലേക്കും ഒരു പ്രാവശ്യം കൂടി നമ്മള്‍ എത്തുകയായിരുന്നു. ചരിത്രത്തിന്‌ ചാക്രികക്രമത്തില്‍ ഒന്ന്‌ കറങ്ങിത്തിരിഞ്ഞ്‌ മനുഷ്യനിലേക്ക്‌ തന്നെ എത്താന്‍ കഴിയുമെന്ന സത്യത്തിലേക്കും. 


2
പോംപെയുടെ ചരിത്രത്തിന്‌ നമ്മെ അത്‌ഭുത പരതന്ത്രനാക്കുകയും പോയ്‌പ്പോയ ഇന്നലെകളുടെ ഭൂതകാലക്കുളിരില്‍ ഇതും ഈ ലോകത്ത്‌ തന്നെയാണോ സംഭവിച്ചത്‌ എന്ന്‌ സംശയിപ്പിക്കുന്നതുമായ ഒരു ആകര്‍ഷണവുമുണ്ട്‌.
ക്രിസ്‌തുവിനും 500 വര്‍ഷം മുമ്പ്‌ നിലവിലുണ്ടായിരുന്ന ഈ മഹാനഗരം അന്നുണ്ടായിരുന്ന ഏത്‌ ചക്രവര്‍ത്തിക്കും കീഴ്‌പ്പെടുത്തണമെന്ന്‌ തോന്നിച്ചിരുന്നു എന്നു നാം കണ്ടു. രണ്ടാം ലോകമഹായുദ്ധത്തില്‍ ഹിരോഷിമായും നാഗസാക്കിയും അണുബോബാല്‍ വിസ്‌മൃതമായതും ഇന്നും അവിടത്തെ ജനങ്ങള്‍ ആ ദുരന്തത്തിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും നമ്മള്‍ കാണുന്നുമുണ്ട്‌. അതിനേക്കാള്‍ പതിന്‍മടങ്ങ്‌ കൂടുതല്‍ ഭീകരമായി അന്നത്തെ വിഷവാതകങ്ങള്‍ പോംപേയേയും സമീപപ്രദേശങ്ങളേയും കാലങ്ങളോളം ബാധിച്ചു. ചരിത്രരേഖകളില്‍ അന്നത്തെ ഒരു ആഘോഷദിവസത്തിന്റെ തൊട്ടടുത്ത ദിവസം, അതായത്‌ ഒരു ആഗസ്‌ത്‌ 24 ന്‌ ആയിരുന്നു നഗരത്തിനു മേല്‍ ഈ മഹാദുരന്തം വന്നുപതിച്ചതെന്ന്‌ കാണാം. ഒരു ചിരിയ്‌ക്കൊപ്പം ഒരു കരച്ചില്‍ കൂടി വരുമെന്ന്‌ പ്രവചിച്ച തത്വചിന്തകന്‌ തല്‍ക്കാലമെങ്കിലും താന്‍ പറഞ്ഞതു ശരിയായി വന്നില്ലേ എന്ന്‌ ലോകത്തോട്‌ ചോദിക്കാന്‍ പാകത്തിലായിരുന്നു വെസൂവിയസ്‌ പൊട്ടിത്തെറിച്ചത്‌.
ഈ ചരിത്രത്തിന്‌, ദുരന്തത്തിന്‌ ഒരു സാക്ഷിയേയും കാണാം നമുക്ക്‌. ഒരു അഗ്‌നിപര്‍വതം പൊട്ടിച്ചിതറി ലാവ പരന്നൊഴുകുന്നതും അതിന്റെ വിഷപ്പുകകള്‍ ഒരു നഗരത്തിനു മേല്‍ വീശിയടിച്ച്‌ നഗരമപ്പാടെ തുടച്ചുനീക്കപ്പെടുന്നതും തല്‍സമയം കാണാനും ഒരാള്‍ ഉണ്ടാവുക! സാക്ഷിമൊഴികളില്‍ പോംപെയുടെ ചരിത്രക്കോടതില്‍ വിഖ്യാതചരിത്രകാരനായ പ്ലിനി ദി യംഗര്‍ കടന്നുവരുന്നത്‌ അങ്ങനെയാണ്‌. ആ ദുരന്തരാത്രിയില്‍ പോംപെയില്‍ നിന്ന്‌ ഏതാണ്ട്‌ 30 കി മീ അകലെ താമസിച്ചിരുന്നു പ്ലിനിയും അമ്മാവനായ പ്ലിനി ദി എല്‍ഡറും. അന്നത്തെ ആ രാത്രിയിലാണ്‌ പോംപെയുടെ മേല്‍ പുക വന്നു നിറയുന്ന കാഴ്‌ച അവരുടെ മുന്നില്‍ ഒരു ചലച്ചിത്രമെന്ന പോലെ തെളിഞ്ഞത്‌. അതൊരു ലോകാവസാനത്തിന്റെ തുടക്കമാണെന്ന്‌ ഇരുവരും കരുതുകയും ചെയ്‌തു. അത്രയ്‌ക്കും ഭീതിദമായിരുന്നു ആ കാഴ്‌ചകള്‍. ജീവനു വേണ്ടി അലമുറയിടുകയും പരക്കം പായുകയും ചെയ്യുന്ന പോംപെക്കാരുടെ ദൈന്യതയും വിഷക്കാറ്റിന്റെ കാഠിന്യവും പ്ലിനിയുടെ വാക്കുകളില്‍ ഒരു അപസര്‍പ്പകകഥ വായിക്കുന്നതു പോലെ നമുക്ക്‌ വായിക്കാം. ചരിത്രത്താളുകളില്‍ ലോകത്തിലെ ആദ്യത്തെ തല്‍സമയ റിപ്പോര്‍ട്ടായി തന്നെ ഇതിനെ ഗണിക്കാവുന്നതുമാണ്‌.
ടെലിവിഷന്‍ ചാനലുകള്‍ ലൈവ്‌ റിപ്പോര്‍ട്ടിനായി പരക്കം പായുകയും റേറ്റിങ്ങിനായി എല്ലാ പ്രധാനപട്ടണങ്ങളിലും ഒരു റിപ്പോര്‍ട്ടറെ നിയമിക്കുകയും ചെയ്യുന്ന ഇക്കാലവും നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌ ലൈവ്‌ ആയി ഒരു മഹാനഗരമൊന്നാകെ നശിക്കുന്നത്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത പ്ലിനിയുടെ കാലവും ഒന്നുകൂടി താരതമ്യപ്പെടുത്തുന്നത്‌ ചരിത്രപരമായ കൗതുകത്തിനും വഴിവെക്കുന്നു.

 3പൗരാണികരാജപരമ്പരകളിലേയും പ്രഭുകുടുംബങ്ങളിലേയും വിനോദത്തിനേക്കാളുമുപരി അഭിമാനം പറഞ്ഞറിയിക്കുന്നതിനു വേണ്ടി നടത്തപ്പെടുന്ന ഗ്ലാഡിയേറ്റര്‍മാര്‍ തമ്മിലുള്ള മാമാങ്കങ്ങള്‍ ഇവിടെ പോംപെയിലുമുണ്ടായിരുന്നു. ഇന്നിവിടെ നിന്ന്‌ കണ്ടെടുത്ത അവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്നു ചികഞ്ഞാല്‍ ഇവിടെ നടന്ന മല്ലയുദ്ധത്തിന്റേയും അവര്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങളുടേയും അവശിഷ്‌ടങ്ങള്‍ ഇഷ്‌ടം പോലെ കാണാം.
പോംപെയിലെ തെരുവുകളും ഇടവഴികളുമല്ലാം വന്നെത്തുന്ന മൈതാനത്തില്‍ ഗ്ലാഡിയേറ്റര്‍മാര്‍ തമ്മില്‍ ഘോരമായ യുദ്ധം നടന്നിരുന്നതിന്റെ രേഖകള്‍ കാണാം. ഇവിടത്തെ കെട്ടിടാവശിഷ്‌ടങ്ങള്‍ ചേര്‍ത്തുവച്ചാല്‍ നഗരത്തിന്റെ കൃത്യമായ ഒരു ചിത്രവും നമുക്ക്‌ എളുപ്പം വരച്ചെടുക്കാം.
ഗ്ലാഡിയേറ്റര്‍മാര്‍ പരിശീലനം നടത്തുന്നതും പിന്നീട്‌ തങ്ങളുടെ രാജാവിന്റെയോ പ്രഭുവിന്റേയോ പ്രതിപുരുഷനായി ഗോദയില്‍ ചീറിയടുക്കുന്നതും നമ്മള്‍ എത്രയോ സിനിമകളില്‍ കണ്ടിട്ടുണ്ട്‌. ഓസ്‌ക്കാര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ഗ്ലാഡിയേറ്റര്‍ പോലുള്ള സിനിമകളും പിന്നീടുണ്ടായിട്ടുണ്ട്‌. ഇവിടെ ചരിത്രമവശേഷിപ്പിച്ച പോപെയിലെ ഗ്ലാഡിയേറ്റര്‍മാര്‍ പരിശീലിക്കുന്ന മൈതാനത്തില്‍ നിന്നും ഒരു തുരങ്കം മറ്റൊരിടത്തേക്ക്‌, അതായത്‌ ഇവിടത്തെ ആംഫിതീയേറ്ററിലേക്ക്‌ തുറക്കുന്നു. ഇതിനു ചുറ്റും ഗ്ലാഡിയേറ്റര്‍മാരെ ചെല്ലും ചെലവും കൊടുത്ത്‌ പാര്‍പ്പിച്ചിരുന്ന കെട്ടിടങ്ങളുമുണ്ട്‌. പിറ്റേന്നത്തെ മല്ലയുദ്ധത്തില്‍ അവസാനത്തെയാളും ഇല്ലാതാവുന്നതു വരെ മൈതാനത്ത്‌ യുദ്ധം കൊടുമ്പിരി കൊള്ളുകയും ചെയ്യും. രാജാവിന്റേയും പ്രഭുവിന്റേയും അഭിമാനം കാക്കാന്‍ വേണ്ടി ജീവന്‍ കൊണ്ട്‌ അടരാടുന്നവര്‍. ഒന്നോര്‍ത്തുനോക്കുമ്പോള്‍ ജീവന്റെ വിലയും ജീവിതങ്ങളും തമ്മിലുള്ള കടങ്കഥ തുടങ്ങിയതും ഇവിടെ നിന്നാവാം.
ഇവിടെ നിന്നു കിട്ടിയ മല്ലന്‍മാരുടെ പടച്ചട്ടയും ഹെല്‍മറ്റുകളും വാളുകളും ഇന്നും സംരക്ഷിച്ചു നിര്‍ത്തിയിട്ടുണ്ട്‌. ക്രിസ്‌തുവിനും മുമ്പ്‌ നിര്‍മിക്കപ്പെട്ട ഇവയും ഇവിടത്തെ ആംഫി തീയേറ്ററും പരിസരവുമല്ലാം ഇന്നും ചരിത്രാന്വേഷകര്‍ക്കു മുന്നില്‍ നിറക്കാഴ്‌ചകളാണ്‌.
4
ആധുനികആര്‍കിടെക്‌ചര്‍ സാങ്കേതികവിദ്യ പോലും ചിലപ്പോള്‍ നമിച്ചേക്കാവുന്ന കെട്ടിടനിര്‍മാണസവിശേഷതകളായിരുന്നു പോംപേയിലേത്‌. 2000 കൊല്ലം മുമ്പു തന്നെ എല്ലാം തികഞ്ഞ സാങ്കേതികവിദ്യയും സൗന്ദര്യവും ഇവയ്‌ക്കുണ്ടായിരുന്നു. പൗരാണികാവശിഷ്‌ടങ്ങള്‍ ചാരം മൂടി കിടന്നിട്ടും അവയൊന്നും തന്നെ വലിയ കേടുപാടുകളൊന്നുമില്ലാതെ അവശേഷിച്ചതും ചരിത്രപരമായ മറ്റൊരു അത്‌ഭുതമായി ഗണിക്കാവുന്നതാണ്‌. മരം കൊണ്ട്‌ പണിത മേല്‍ക്കൂരകള്‍ മാത്രമേ നശിക്കപ്പെട്ടിരുന്നുള്ളൂ. കെട്ടിടഭിത്തികളൊന്നും തന്നെ പറയത്തക്ക കേടുപാടുകളില്ലാതെ നിലനില്‍ക്കുന്നതു കാണാം. ഇവിടത്തെ വലിയൊരു കുന്നിന്റെ മുകളിലായിരിക്കണം പട്ടണകേന്ദ്രമെന്നു തോന്നിപ്പിക്കുന്ന രീതിയില്‍ കുന്നിനു മുകളിലേക്ക്‌ പടവുകള്‍ കാണാം. ഈ പടവുകള്‍ കയറി മുകളിലെത്തി പട്ടണവും ആംഫിതീയേറ്ററും തെരുവുകളുമല്ലാം ഒരു കലണ്ടര്‍ ചിത്രമെന്ന പോലെ ആസ്വദിച്ചിട്ടുണ്ടായിരിക്കണം ഇവിടത്തെ അന്നത്തെ ജനങ്ങള്‍. ഈ കാഴ്‌ചയായിരിക്കണം, അന്നത്തെ അവരുടെ വൈകുന്നേരങ്ങള്‍ക്ക്‌ കാഴ്‌ചാനുഭൂതി പകര്‍ന്നു നല്‍കിയത്‌.
പോംപെ നഗരാവശിഷ്‌ടങ്ങള്‍ക്കിടയിലൂടെ എന്നും കടന്നുപോവുന്ന ആയിരക്കണക്കിനു വിനോദസഞ്ചാരികളിലൊരാളായി കൂടിയാല്‍ ഇവിടത്തെ വീതിയുള്ള കല്ലുപതിച്ച റോഡുകളും വെള്ളം വരാനായി നല്‍കിയ പൊതു ടാപ്പുകളും നിങ്ങളെ വിസ്‌മയിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ളവര്‍ക്ക്‌ നേരിട്ട്‌ വെള്ളമെത്തിക്കാനുള്ള സംംവിധാനവുണ്ടായിരുന്നു. ഈ പൊതുടാപ്പുകളില്‍ നിന്ന്‌ കുഴലുകളിലൂടെ സാധാരണക്കാരന്റെ വീടുകളിലേക്ക്‌ വെള്ളമെത്തും. ഈ ജലസേചനത്തിനു പുറമേ പൊതുകുളിപ്പുരകളും ധാന്യം പൊടിക്കാനുള്ള മില്ലുകളുമല്ലാം ഇവിടത്തെ ജീവിതം എത്രയധികം മനോഹരവും കൃത്യത നിറഞ്ഞതുമായിരുന്നുവെന്ന നിഗമനങ്ങളിലേക്ക്‌ ആരെയും ചെന്നെത്തിക്കുന്നു.
ഇതു കൂടാതെ ഭരണസംവിധാനങ്ങള്‍ നടത്താനുള്ള കെട്ടിടങ്ങള്‍, ആരാധനാലയങ്ങള്‍, ഫ്രൂട്ട്‌ സ്‌റ്റാളുകള്‍, മതില്‍ക്കെട്ടോടു കൂടിയ, പ്രഭുക്കന്‍മാര്‍ താമസിക്കുന്ന കൂറ്റന്‍ കെട്ടിടങ്ങള്‍, വിദ്യാലയങ്ങള്‍, ആശുപത്രികള്‍, വേശ്യാലയങ്ങള്‍.. എല്ലാം ഇവിടത്തുകാരുടെ ആസൂത്രണമികവിനും നാഗരികതയ്‌ക്കും അടിവരയിടുന്നു. ഓരോന്നിനും ഒരു തെരുവെന്ന വിധമായിരുന്നു ഈ അറേഞ്ച്‌മെന്റുകള്‍ മുഴുവനും തന്നെ. ഉദാഹരണത്തിന്‌ രതിചിത്രങ്ങള്‍ എമ്പാടും നിറഞ്ഞ ഗണികഗൃഹങ്ങള്‍ക്ക്‌ മാത്രമായി ഒരു തെരുവ്‌ കാണാം. ഇടനിലക്കാരില്ലാതെ, ഒളിച്ചും പാത്തുമല്ലാതെ നേരിട്ട്‌ ഇവിടേക്ക്‌ പ്രവേശിക്കുകയുമാവാം.

5
മൂല്യാധിഷ്‌ഠിത കുടുംബബന്ധങ്ങള്‍ക്ക്‌ എന്നും പ്രാധാന്യം ഇവിടത്തുകാര്‍ കല്‍പിച്ചിരുന്നു. ഒരു പൗരാണിക പോംപേനിവാസിയുടെ വീട്ടിലെത്തിയാല്‍ നമ്മള്‍ ആദ്യം പ്രവേശിക്കുന്നത്‌ അവിടത്തെ നടുമുറ്റത്തേക്കാണ്‌. പിന്നെ ചെറുതും വലുതുമായ ഒരുപാടു മുറികളും ഉദ്യാനവും കാണാം. ഈ മുറികള്‍ വീട്ടിലെ അംഗങ്ങള്‍ക്ക്‌ വലിപ്പച്ചെറുപ്പമനുസരിച്ച്‌ വീതിച്ചുകൊടുത്തിരിക്കുന്നു. മരവും ലാവക്കല്ലും ചുടുകട്ടയുമൊക്കെയായിരുന്നു ഇവിടത്തെ മുറികളുടെ ചുവരുകള്‍ക്ക്‌ ബലം പകര്‍ന്നിരുന്നത്‌. പിന്നെ പ്രാര്‍ഥനകള്‍ക്കായി ഒരു ശ്രീകോവിലും. ഡെല്‍ഫൗന എന്നറിയപ്പെടുന്ന സമ്പന്നഗൃഹത്തിലെത്തുമ്പോള്‍ സൗകര്യങ്ങളും കൂടും. ദര്‍ബാര്‍ കൂടാനും ആഘോഷിക്കാനും മൂന്നാല്‌ ഡൈനിങ്‌ ഹാളുകളെങ്കിലുമുണ്ടാവും. പാട്ടും തീനും നൃത്തവുമൊക്കെയായി രണ്ട്‌ സഹസ്രാബ്‌ദത്തിനു മുമ്പ്‌ ഈ വീടുകള്‍ ആഘോഷമുഖരിതമായിരിക്കണം.
6



അടിമകള്‍ക്ക്‌ എന്നും ലോകചരിത്രത്തില്‍ ഒരു വിപ്ലവകാരിയുടെ മുഖമാണ്‌. ലോകത്തിന്റെ സാംസ്‌ക്കാരികപൈതൃകങ്ങളെമ്പാടും നിര്‍മിക്കാനും ഒടുവില്‍ ഒരു പേരുപോലുമില്ലാതെ, പുതിയ കാലഘട്ടത്തിന്റെ ഫേസ്‌ ബുക്ക്‌ ഭാഷയില്‍ പറഞ്ഞാല്‍ ഒരു മെന്‍ഷന്‍ പോലുമില്ലാതെ അവഗണനയുടെ പടുകുഴിയില്‍ വീഴാനും വിധിക്കപ്പെട്ടവരാണവര്‍. എന്തിനോ വേണ്ടി ജനിച്ച്‌, എന്തിനോ വേണ്ടി ജീവിച്ച്‌, എന്തിനോ വേണ്ടി മരിക്കുന്ന ഒരു പരാജിതന്റെ മുഖമാണ്‌ ലോകചരിത്രത്തില്‍ എന്നും ഒരു അടിമയ്‌ക്കുണ്ടായിരുന്നത്‌. അന്നത്തെ അന്നത്തിന്‌ വേണ്ടി നരകതുല്യമായ ജീവിതം നയിച്ച്‌ കാലക്ഷേപം കഴിക്കുന്നവരുടെ പ്രതിനിധികളായി അടിമകളെ കാണാം. എന്നാല്‍ പോംപെയിലെ സ്‌ഥിതി ഇതില്‍ നിന്നും കുറച്ചെങ്കിലും വ്യത്യസ്‌തമായിരുന്നു. അത്യധ്വാനികളായ അടിമകള്‍ക്ക്‌ സമ്പാദിച്ച പണം യജമാനന്‍മാര്‍ക്ക്‌ തിരികെ നല്‍കി അടിമത്തത്തില്‍ നിന്ന്‌ മോചിതരാവാമായിരുന്നു. ചില അടിമകള്‍ക്ക്‌ അവിടത്തെ യജമാനന്‍മാരേക്കാള്‍ വിദ്യാഭ്യാസം കൂടിയുണ്ടായിരുന്നു എന്ന്‌ കേള്‍ക്കുമ്പോള്‍ നമ്മള്‍ വീണ്ടും ചരിത്രത്തിനു മുന്നില്‍ നമിക്കുന്നു.
നഗരത്തില്‍ നിന്നും കണ്ടെടുത്ത പഴയ വസ്‌തുക്കള്‍ ശേഖരിച്ചു വെച്ച ഒരു മ്യൂസിയം കൂടിയുണ്ട്‌ ഇവിടെ. ഇവയില്‍ മണ്‍പാത്രങ്ങളും ചില പ്ലാസ്‌റ്റിക്‌ രൂപങ്ങളുമുണ്ട്‌. അന്ന്‌ ചാരത്തിനടിയിലകപ്പെട്ടുപോയ മൃതദേഹങ്ങളുടെ അസ്‌ഥികള്‍ മോള്‍ഡ്‌ ആയി സംരക്ഷിച്ചു നിര്‍ത്തിയതാണ്‌ ഈ പ്ലാസ്‌റ്റിക്‌ രൂപങ്ങള്‍. ഇവയൊന്നും പ്രതിമകളല്ലെന്ന്‌ അറിയുമ്പോഴാണ്‌ വീണ്ടും നാം ഞെട്ടാന്‍ പോവുന്നത്‌. ഇവര്‍ 2000 വര്‍ഷം മുമ്പ്‌ പോംപെ തെരുവിലൂടെ നമ്മേപ്പോലെ നടന്ന മനുഷ്യരായിരുന്നു. നിത്യജീവിതത്തിലെ സന്തോഷങ്ങളും തിരക്കുകളും ആകുലതകളും ഒക്കെയുണ്ടായിരുന്ന അതേ മനുഷ്യര്‍. അതേ, ഹോമോ സാപ്പിയന്‍സ്‌.
















   

1 comment:

  1. മനോഹരമായ വിവരണം..... അവസാനം ഇടിച്ചുനിര്‍ത്തിയോ എന്നൊരു സംശയം...

    ReplyDelete