എന്റെ ഷെര്‍ലക് ഹോംസ് ഭാവാഭിനയങ്ങള്‍
എന്റെ അനുജന്റെ ഫലിതബോധത്തില്‍ ഞാന്‍ പലപ്പോഴും അത്ഭുതപരതന്ത്രനായിട്ടുണ്ട്. അവന്റെ ഓരോ ചലനങ്ങളിലും വന്നുനിറയുന്ന ഫലിതഭാവവും കാര്യങ്ങളെ അതാതിന്റെ പ്രസക്തിയോടെ മനസിലാക്കുന്ന വിധവും പലപ്പോഴും അനുകരിക്കാനും മാതൃകയാക്കാനും ഞാന്‍ ശ്രമിച്ചിട്ടുണ്ട്. എങ്കിലും ഞങ്ങള്‍ തമ്മില്‍ വഴക്കിടാത്ത ദിവസങ്ങള്‍ കുറവായിരുന്നു, ഒരു കാലത്ത്. ഈ വഴക്ക് ചിലപ്പോള്‍ രക്തം ചിതറുന്ന തല്ലിലും കലാശിക്കും.
അവനും ഞാനും തമ്മിലുള്ള വ്യത്യാസം രണ്ട് വയസാണ്. അടിക്കൊടുവില്‍ ഞാനവന്റെ പുസ്തകങ്ങള്‍ വലിച്ച് പുറത്തെറിയും. സ്കൂള്‍ യൂണിഫോം വലിച്ചു കീറും. അതോടെ അവന് വലിയ വായില്‍ നിലവിളിക്കുകയും വീട്ടില്‍ നിന്നുള്ള ശകാരവും ശിക്ഷയും ഞാന്‍ ഏറ്റുവാങ്ങുകയും ചെയ്യും.ഒരിക്കല്‍ ഞങ്ങള്‍ അടിപിടി കൂടിയത് ഒരു പ്രഭാതത്തിന്റെ ആദ്യമണിക്കൂറില്‍. പ്രത്യേകിച്ച് കാരണമൊന്നുമുണ്ടായിരുന്നില്ല ശണ്ഠയ്ക്ക്. അവന് എന്നെ വേണ്ട വിധം ബഹുമാനിച്ചില്ല എന്നൊരു തോന്നല്‍. അവന് വലിയ വായില്‍ നിലവിളിക്കാന്‍ തുടങ്ങിയപ്പോള്‍ വീട്ടിലുള്ളവരെല്ലാം കൂടി ഓടി വന്ന് എന്നെ ക്രൂശിക്കുന്ന രംഗമോര്‍ത്ത് അടുത്തുള്ള കിടപ്പുമുറിയില്‍ കയറി വാതില്‍ വലിച്ചടച്ചു.
കുറച്ചു കഴിഞ്ഞ് വാതിലില്‍ വീട്ടുകാരുടെ മുട്ടല്‍ കേട്ടു. വാതില്‍ തുറന്നാല്‍ കിട്ടിയേക്കാവുന്ന ശകാരവും അടിയുമോര്‍ത്ത് ഞാന്‍ തുറന്നതേയില്ല. എന്നാല്‍ കുറച്ചു കഴിഞ്ഞ് മുട്ടല്‍ അവസാനിച്ചപ്പോള്‍ പതുക്കെ വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും അത്ഭുതം! വാതില്‍ തുറയുന്നതേയില്ല!
വാതില്‍ അകത്തു നിന്നും പുറത്തു നിന്നും തുറക്കാന്‍ കഴിയാത്ത വിധം നില്‍ക്കുകയാണ്.
പുറത്ത് ഉച്ചത്തിലുള്ള മുട്ടുകള്‍ കേള്‍ക്കാന്‍ വീണ്ടും തുടങ്ങിയിരിക്കുന്നു.
‘മോനേ വാതില്‍ തുറക്ക്..’ ഉമ്മ.
‘വാതില്‍ തൊറക്കെടാ, കൊല്ലും ഞാന്‍ ഇന്നെ..!’ ഉപ്പ
‘ഒന്നുമാക്കൂല്ല.. ഇഞ്ഞ് വാതില്‍ തുറക്ക് മോനേ.. ’ ഉമ്മാമ.
പുറത്ത് പെരുകിക്കൂടുന്ന ജനക്കൂട്ടത്തിന്റെ അഭിപ്രായങ്ങളെല്ലാം വാതില്ക്കല് ചേര്‍ന്നുനിന്നപ്പോള്‍ വ്യക്തമായും കേള്‍ക്കാന്‍ കഴിഞ്ഞു.
‘ഇനിയിപ്പം ഇത് പൊട്ടിക്കാനേ പറ്റൂള്ളൂ..’
‘എന്നാലും ഓനെങ്ങനെയാ ഇതിനകത്ത് കുടുങ്ങിപ്പോയേ?’
‘ഓനതിനകത്ത് കാരി അറിയാണ്ട് വാതിലടച്ചതാ..’
പ്രശ്നത്തെ നിസാരവത്ക്കരിക്കുന്ന ഉമ്മയുടെ സ്വരം.
ഈ സ്വരങ്ങളെല്ലാം മാറി മാറി വന്ന് അവയുടെ മുനകള്‍ക്കെല്ലാം വാതില്‍ പൊളിച്ചാലേ രക്ഷയുള്ളൂ എന്ന ഒറ്റസ്വരമായി. ഒടുവില്‍ വാതില്‍ പൊളിച്ച് എന്നെ വെളിയിലെത്തിക്കാന്‍ ഉച്ചയ്ക്ക് ഒരു മണിയോളമായി സമയം. അന്ന് ഉപ്പ എന്നെ തല്ലിയില്ലെങ്കിലും കുത്തുവാക്കുകള്‍ കൊണ്ട് ചുറ്റും ഭീതി സൃഷ്ടിച്ചു. അപ്പോഴൊക്കെയും ഞാന്‍ പകയോടെ അനുജന്റെ നേര്‍ക്കു മുഖം തിരിച്ചു.
ഉപ്പ ഗള്‍ഫിലേക്കു പോവുന്നതു വരെ ഞാന്‍ എന്റെ പക അടക്കിവെച്ചു. ഉപ്പ പോയ അന്നു രാത്രി തന്നെ ഞാന്‍ ഒരു കാരണമുണ്ടാക്കി, പക വീട്ടാന്‍.
പിറ്റേ ദിവസം.
അവന് അവന്റെ കാണാത്ത കണക്കു പുസ്തകത്തിനായി തിരയുകയായിരുന്നു.
‘ഉമ്മാ, ഇങ്ങള് കണ്ട്ക്കോ അന്റെ കണക്കുപുസ്തകം?’
അവന് ചോദിക്കുന്നതു കേട്ടു. ഉമ്മ പക്ഷേ, അടുക്കളയില്‍ എന്തോ തിരക്കിലായതിനാല്‍ മറുപടിയൊന്നും പറഞ്ഞില്ല. ഇതൊരു സന്ദര്‍ഭമായി കണ്ട ഞാന്‍ അവന്റെ മുന്നില്‍ ചെന്ന് ഒരു വിഡ്ഡിച്ചിരി ചിരിച്ച് ഞാനാണ് എടുത്തതെന്ന ഭാവത്തില്‍ നിന്നു.
‘അന്റെ കണക്കു ബുക്കാരാ എടുത്തത്?’
അവന് സംശയത്തോടെ ചോദിച്ചു.
ഞാന്‍ ഒന്നുമുരിയാടാതെ ചിരിച്ചു നിന്നു. അതോടെ അവന് ഞാന്‍ തന്നെയാണ് പുസ്തകമെടുത്തതെന്ന് തീര്‍ച്ചയാക്കി.
‘ഉമ്മാ, അന്റെ പുസ്തകം ഒളിപ്പിച്ചേച്ചിറ്റ് തരുന്നില്ല..’
അവന് പരാതി തുടങ്ങി.
ഇതായിരുന്നു ഞാന്‍ കാത്തിരുന്ന സന്ദര്‍ഭം.
‘നീയെന്നെ സംശയിക്കും അല്ലേടാ?’
അത്രയ്ക്കു ബലഹീനമായിരുന്നു കലഹകാരണം. ഞാന്‍ അവന്റെ മേല്‍ ചാടി വീണ് തലങ്ങും വിലങ്ങും അടിച്ചു. അവന് എന്നെ സംശയിച്ചു എന്ന കുറ്റം എനിക്കൊരിക്കലും പൊറുക്കാന്‍ കഴിയുമായിരുന്നില്ല. അവന്റെ പുസ്തകങ്ങളെടുത്ത് പുറത്തെ മഴ നനഞ്ഞ മണ്ണിലേക്ക് വലിച്ചെറിഞ്ഞു. ഞാന്‍ ഒരു ചെങ്കിസ്ഖാനായി മാറുന്നതിനിടയില്‍ അവനും തിരിച്ചടിച്ചു. ആ അടിയില്‍ വേച്ചുപോയ ഞാന്‍ തെറിച്ച് വീടിന്റെ പുറത്തേക്കു വീണു. അപ്രതീക്ഷിതമായിരുന്നു അത്. പുറത്ത് വീണ ഞാന്‍ എഴുന്നേല്‍ക്കുമ്പോഴേക്കും അവന് വീടിന്റെ വാതില്‍ പൂട്ടിയിരുന്നു.
ഞാന്‍ പൂര്‍ണമായും തോല്‍ക്കുകയായിരുന്നു.
എങ്കിലും ആ തോല്‍വി അത്രയെളുപ്പമൊന്നും അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല എനിക്ക്. പതുക്കെ വീടിനരികിലെ കവുങ്ങിലൂടെ മട്ടുപ്പാവിലേക്ക് കയറി അവിടുന്ന് വീടിനകത്ത് കയറി ഏവരേയും അത്ഭുതപ്പെടുത്തുക എന്നതായിരുന്നു തോല്‍വിയുടെ ഭാരം കുറക്കാനായി ഞാന്‍ കണ്ടെത്തിയ മാര്‍ഗം. പക്ഷേ, കവുങ്ങ് മഴ പെയ്ത് വഴുതിമാറിയപ്പോള്‍ ഞാന്‍, താഴെ കോണ്‍ക്രീറ്റ് ചെയ്ത നിലത്ത് ഒരു പാരച്യൂട്ട് പോലുമില്ലാതെ വീണു.
വലതുകാലായിരുന്നു ഒടിഞ്ഞത്. മൂന്ന് മാസത്തെ പരിപൂര്‍ണവിശ്രമത്തിന് ഡോക്ടര്‍ വിധിക്കുകയും ചെയ്തു.
മൂന്നു മാസം!
എന്നെ സംബന്ധിച്ചിടത്തോളം ജീവപര്യന്തമായിരുന്നു ആ കാലം.
എന്റെ പ്രധാനശത്രുവിനെ എന്നും കണ്ടും കേട്ടും ഒരേ കൂരക്കീഴില്‍ കഴിയുക. ചിന്തിക്കാവുന്നതിനുമപ്പുറമായിരുന്നു അത്. ഇനിയുള്ള മൂന്നുമാസങ്ങള്‍ എന്തു ചെയ്യുമെന്ന് ചിന്തിച്ചുള്ള ആദ്യദിവസം വ്യാകുലതയോടെ കടന്നുപോയി.
രണ്ടാമത്തെ ദിവസം.
എന്റെ വേദനയും അസ്വസ്ഥതയും പാരമ്യത്തിലെത്തി നില്‍ക്കുമ്പോഴായിരുന്നു അവന് മുറിയിലേക്കു കടന്നുവന്നത്.
ഞാന്‍ ഒന്നും മിണ്ടാതെ പുറംതിരിഞ്ഞുകിടന്നു. ഇപ്പോള്‍ അവന്റെ കാല്‍പ്പെരുമാറ്റം വ്യക്തമായും എനിക്കു കേള്‍ക്കാം. കുറച്ചുനേരം അവന് എന്റെ പിന്നിലായി നിന്നിട്ടുണ്ട്. ഒരു പക്ഷേ ഏതോ ആലോചനയിലാവാം. എന്റെ കട്ടില് കാലിനടുത്ത് അവന് എത്തിയിരിക്കുന്നു. എന്തോ ഒന്ന് അവന് എന്റെ കാല്ച്ചുവട്ടില് വെച്ചിട്ടുണ്ട്. പിന്നെയും അവന് എന്തോ ആലോചനയിലാണ്. ഇപ്പോള്‍ അവന്റെ കാല്‍പ്പെരുമാറ്റം അകന്നുകഴിഞ്ഞിരിക്കുന്നു. അതോടെ ഞാന്‍ പുറംതിരിഞ്ഞു കിടന്നു.
എന്റെ നോട്ടം ആദ്യമെത്തിയത് കട്ടിലിന്റെ കാല്‍ച്ചുവട്ടിലായിരുന്നു. അവിടെ അതാ കിടക്കുന്നു, എന്റെ പ്രിയപ്പെട്ട കുറ്റാന്വേഷകകഥകളായ ഷെര്‍ലക് ഹോംസ് കഥകളുടെ സമ്പൂര്‍ണ സമാഹാരം!
ആവേശത്തോടെ പേജുകള്‍ മറിച്ചുതുടങ്ങിയപ്പോള്‍ ആദ്യപേജില്‍ തന്നെ വലിയ തുണ്ട് പേപ്പറില്‍ അവന് ‘സോറി’ എന്ന് വലുതായി എഴുതിവെച്ചിരുന്നു. ഞാന്‍ ആ പേപ്പര്‍ നോക്കി ഒരു ചെറുചിരിയോടെ തിരിഞ്ഞപ്പോള്‍ ഒരു സൗഹൃദച്ചിരിയുമായി അവന് വാതില്ക്കല് തന്നെ നിന്നിരുന്നു.
ആ അവധിക്കാലത്ത് ഞാന്‍ വായിച്ച ഷെര്‍ലക് ഹോംസ് കഥകളെല്ലാം വളരെ ഉദ്വേഗജനകമായി വീട്ടിലുള്ളവരെയെല്ലാം പറഞ്ഞുകേള്‍പ്പിക്കലായിരുന്നു എന്റെ ഹോബി. കഥയുടെ ആവേശഘട്ടത്തില്‍ ജനപ്രിയവാരികകളിലേതു പോലെ ഞാന്‍ ‘തുടരും’ എന്ന് പറഞ്ഞ് കഥപറച്ചില്‍ നിര്‍ത്തും. അപ്പോള്‍ ചുറ്റുമുള്ള അനുജനടക്കമുള്ള കേള്‍വിക്കൂട്ടം ബാക്കി കൂടി പറയാന്‍ നിര്‍ബന്ധം പിടിക്കും. ഞാന്‍ അനാവശ്യബലം പിടിച്ച് നില്ക്കും.
‘ബാക്കി കഥ കൂടി പറയ് ഷെര്‍ലക് ഹോംസേ..’
ഒന്നും മനസിലായില്ലെങ്കിലും ഉമ്മ നിര്‍ബന്ധിക്കും.
‘ഇഞ്ഞ് ബെല്യ ബാറാക്കാണ്ട് ബാക്കി കൂടി അങ്ങ് പറഞ്ഞ് കൊടുക്ക് ഷെര്‍ലക്ക് ഹോംസേ..’
ഉമ്മാമയും പറയും.
ഷെര്‍ലക് ഹോംസ്!
എനിക്ക് ആ പേര് അന്നത്രയും ഇഷ്ടപ്പെട്ടു.
ചുണ്ടില്‍ ഒരു പൈപ്പും കൈയ്യില്‍ പൂമ്പാറ്റകളെ പിടിക്കാന്‍ വലയുമായി വലിയ തൊപ്പിയും വരയന്‍ കോട്ടുമിട്ട് ഗൗരവത്തില്‍ ഞാന്‍ എന്ന ഷെര്‍ലക് ഹോംസ്!
അതിനു ശേഷമാണ് കണ്ണാടിയ്ക്കു മുന്നില്‍ ഞാന്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ തുടങ്ങിയത്. ഓരോ തവണയും കണ്ണാടിയില്‍ സൂക്ഷിച്ചു നോക്കിയതിനുശേഷം മുഖം കൊണ്ട് വ്യത്യസ്ത ഗോഷ്ടികള്‍ കാണിച്ചു തുടങ്ങും. എന്റെ കണ്ണിനു ചുറ്റുമുള്ള കറുപ്പും വലിഞ്ഞുമുറുകിയ കൂര്‍ത്ത മുഖവും എന്റെ ഷെര്‍ലക് ഹോംസ് ഭാവാഭിനയങ്ങള്‍ക്ക് മിഴിവേകും.
വര്‍ഷങ്ങള്‍ക്കിപ്പുറവും ഇതൊക്കെ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഞാനൊരു ഷെര്‍ലക് ഹോംസ് ആകാനുള്ള തയ്യാറെടുപ്പിലാണ്. ഏതൊരു പുസ്തകം വായിക്കുമ്പോഴും ഏതൊരു സിനിമ കാണുമ്പോഴും ഏതൊരു ആള്‍ക്കൂട്ടത്തിലും ഞാന്‍ സ്വയമൊരു ഷെര്‍ലക് ഹോംസാകാന്‍ ശ്രമിക്കും. അന്ന്, മഞ്ഞുരുകാനായി അനുജന് തന്ന ആ ഷെര്‍ലക് ഹോംസ് കഥകള്‍ തന്നെയാണ് എനിക്ക് ജീവിതത്തില്‍ കിട്ടിയ വലിയ ഉപഹാരങ്ങളിലൊന്ന്.
ഏറ്റവും വിലപ്പെട്ടതും.
പേര് കേട്ടപ്പോള്‍ കഷ്ട്ടപ്പെട്ട് വായിച്ചു തീര്‍ക്കുന്ന ഒരു വായനക്കാരനെ ഓര്‍ത്തു ...
ReplyDeleteപക്ഷെ ഇത് രസകരമായിരിക്കുന്നു ...
നന്ദി ഷഫീഖ് .
sherlock holmes....wow
ReplyDelete