ദുബായ് രാത്രികള്‍ അവസാനിക്കുന്നേയില്ല.
ദുബായ്ക്ക് അങ്ങനെയും ഒരു പ്രത്യേകതയുണ്ട്. അവിടെ രാത്രികള്‍ അവസാനിക്കുന്നേയില്ല. വേനലില്‍, പ്രത്യേകിച്ച് ജൂലൈ, ആഗസ്ത്, സെപ്തംബര്‍ മാസങ്ങളില്‍ പകലുകള്‍ കടുത്ത ചൂടിന്റെ വറചട്ടിയില്‍ 55 ഡിഗ്രി സെല്‍ഷ്യസ് വരെ ഉരുകുമ്പോള്‍ തെരുവുകളിലൊന്നും കാല്‍നടയാത്രക്കാരന്‍ പോയിട്ട്, ബൈക് യാത്രികനെപ്പോലും കാണാന്‍ കഴിയില്ല. എന്നാല്‍ വൈകിട്ട് അഞ്ചുമണിക്കു ശേഷം മഴപ്പാറ്റകളെപ്പോലെ ആളുകള്‍ പൊടിച്ചുതുടങ്ങും. തെരുവുകളും ഉള്‍നാടന്‍ ലേബര്‍ ക്യാംപുകളും വിശാലമായി നീണ്ടുകിടക്കുന്ന റോഡുകളും ഉണരും. മലയാളികളും ബംഗാളികളും പാക്കിസ്ഥാനികളും ഫിലിപ്പൈനികളും അടങ്ങിയ വിദേശീയക്കൂട്ടം ദുബായുടെ ആഗോളീയ വരവേല്‍പിലേക്ക് പതുക്കെ അലിയും. എമിറേറ്റ്‌സ് മാളിലും ദുബായ് മാളിലും ഇബ്‌നു ബത്തൂത്ത മാളിലും മറ്റു റസ്‌റ്റോറന്റുകളിലും കെ എഫ് സി, മക്‌ഡൊണാള്‍ഡ് ശാഖകളിലുമായി ദുബായ് രാത്രികള്‍ പൂക്കും.
ഷോപ്പിങും ഔട്ടിങും എന്നും രാത്രികള്‍ക്കായി മാറ്റി വയ്ക്കാനാണ് ദുബായ് മലയാളിക്കിഷ്ടം. ഓണമായാലും റംസാനായാലും ക്രിസ്തുമസായാലും ഇവയെല്ലാം എന്നുമാഘോഷിക്കുന്നവരാണല്ലോ തങ്ങളെന്ന് കട്ടായവും പറയും. ഇവര്‍ക്കായി സൂപ്പര്‍ മാര്‍ക്കറ്റുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളും വന്‍കിടമാളുകളും രാത്രി വൈകിയും തുറന്നു കിടക്കും. ഗള്‍ഫിലെ ഒരു വൈകുന്നേരം ഇതാ ഇവിടെ, ആരംഭിക്കുന്നു.
ജബല്‍ അലി, ദുബായ് ഇന്റസ്ട്രിയല്‍ പാര്‍ക്ക് 5:00 p.m
ദുബായ്ക്കാരന്റെ മനസ്
‘ഏത് മദീനേലേക്കാ?’
ഷാര്‍ജ എയര്‍പോര്‍ട്ടില്‍ വിമാമനിറങ്ങിയ അന്ന് തന്നെ ടാക്‌സി ഡ്രൈവര്‍ ചോദിച്ചു.
ഇഷ്ടം പോലെയുണ്ട് ദുബായില്‍ മദീന സൂപ്പര്‍മാര്‍ക്കറ്റുകള്‍. എല്ലാത്തിന്റേയും പിന്നില്‍ ആരുടേയെങ്കിലും പേരുമുണ്ടാവും. നസീം അല്‍മദീന, ഹിലാല്‍ അല്‍ മദീന, ഹദീഖത്ത് അല്‍ മദീന.. ഇങ്ങനെ. ദുബായുടെ രാത്രികാലങ്ങളെ ഷോപ്പിങിന്റെ മൂഡിലേക്ക് നയിക്കുന്നവര്‍. തമിഴനും മലയാളിയും ബംഗാളിയുമടങ്ങുന്ന ഇന്ത്യയുടെ ഒരു മിനിയേച്ചര്‍ പതിപ്പ് ഈ വൈകുന്നേരം തന്നെ ഹിലാല്‍ അല്‍ മദീന സൂപ്പര്‍ മാര്‍ക്കറ്റ് പരിസരത്തുണ്ട്. കൂട്ടത്തില്‍ മലയാളികളാണ് കൂടുതലും. ഷോപ്പിനകത്തെ സേല്‍സ് ബോയ്‌സിലും മലയാളികള്‍ തന്നെ ഭൂരിപക്ഷം. ഇവിടെ തുച്ഛശമ്പളത്തിന് എല്ലുമുറിയെ എന്തു പണിയുമെടുക്കുന്നവനാണെങ്കിലും നാട്ടിലേക്ക് പോവുമ്പോള്‍ ദുബായ്ക്കാരന്റെ അന്തസ്് മുറുകെപ്പിടിക്കാന്‍ വന്‍കിട മാളുകളില്‍ ഷോപ്പിങ് നടത്തുന്നവനാണ് മലയാളിയെന്ന നിരീക്ഷണം പങ്കുവച്ചു, ഇവിടത്തെ മാനേജര്‍ അയൂബ്. ‘ലേബര്‍ ക്യാംപുകള് കണ്ടമാനമുള്ള പ്രദേശമാണിത്. പകല് ചൂടും ആളില്ലാ റോഡും കാണുമ്പോ, ഇവിടെ ഇപ്പം ഈ വൈകുന്നേരമുള്ളതു പോലെ തെരക്കും ആള്‍ക്കാരും ഉണ്ടെന്ന് മനസിലാവൂല്ല. പ്രത്യേകിച്ചും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും. അന്ന് ഇതിന്റെ ഡബിളുണ്ടാവും ആളുകള്..’ അയൂബ് പറയുന്നു.
കസ്റ്റമേര്‍സിനെ വിവിധ ലേബര്‍ ക്യാംപുകളില്‍ നിന്ന് കൊണ്ടുവരാനായി പ്രത്യേക ബസ് സര്‍വീസുമുണ്ട്. അതിന്റെ ഡ്രൈവര്‍മാരും മലയാളികള്‍. രാത്രി ഒരു മണിവരെയെങ്കിലും നീളും ഈ സര്‍വീസ്. മുഴുവനായും ബംഗാളികളേയും നിറച്ച ഒരു അല്‍ മദീന സ്‌പെഷ്യല്‍ ബസ് ദേ, ഷോപ്പിന്റെ പാര്‍ക്കിങ് ഏരിയയിലേക്ക് കടന്നു.
ദുബായ് ഫ്രീ സോണ്‍, നാലാമത്തെ എന്‍ട്രി ഗേറ്റ് 6:00 p.m
നിങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നത്..
ദിവസം മിനിമം ഒരു മണിക്കൂറെങ്കിലും വണ്ടിയില്‍ ചെലവഴിക്കുന്നവരാണ് ദുബായില്‍ ജോലി ചെയ്യുന്ന മലയാളികളിലേറെയും. ഡ്രൈവിങ്ങറിയാമോ, എങ്കില്‍ നിങ്ങള്‍ 1500 ദിര്‍ഹം നേടിക്കഴിഞ്ഞുവെന്ന് ആരും സമ്മതിക്കും. ദുബായിലെ ഡ്രൈവിങ് ലൈസന്‍സ് കിട്ടുക എന്നാല്‍ അഷ്‌റഫിന്റെ ഭാഷയില്‍ ‘നല്ലൊരു കിട്ടലാ’ണ്. പകലും രാത്രിയും ഒരുപോലെ ദുബായിലെ വിവിധ ലേബര്‍ ക്യാംപുകളിലേക്കും ഓഫീസുകളിലേക്കും ഭക്ഷണം സപ്ലൈ ചെയ്യുന്ന ടേസ്റ്റി വേള്‍ഡ് റസ്‌റ്റോറന്റിലെ അഷ്‌റഫിന് ഡ്രൈവിങ് വേളകളിലെ ആസ്വാദനമാണ് റേഡിയോ എഫ് എം സ്‌റ്റേഷനുകള്‍. വിവിധ റേഡിയോ സ്‌റ്റേഷനുകളിലെ ജനപ്രിയപരിപാടികളൊക്കെയും കാണാ:പാഠം. വാര്‍ത്തകളിലെ വി എസ്-പിണറായി പോരാട്ടക്കഥകളും ഇടയ്ക്കിടെ ‘അണപൊട്ടുന്ന’ മുല്ലപ്പെരിയാറുമെല്ലാം ഇവിടെയും ഹിറ്റ്. കൂട്ടത്തില്‍ നാടുകളെ ചിത്രീകരിക്കുന്ന ‘കേരളം വിളിക്കുന്നു’ പോലത്തെ പരിപാടികളോടാണ് താല്‍പര്യം കൂടുതല്‍. ‘വണ്ടീല് എഫ് എം ഓണാക്കിയാല് പിന്നെ നമ്മളൊറ്റക്കാണെന്ന ഫീലിങ്ങേയുണ്ടാവില്ല. ടി വി യേക്കാളും റേഡിയോയാ ഇവിടെ തരംഗം. ഓരോ റേഡിയോ ജോക്കിമാര്‍ക്കും ഫാന്‍സ് വരെയുണ്ട്. ഫേസ്ബുക്കിലും മറ്റും അവര്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ച് ആക്‌സെപ്ട് ചെയ്യുന്നതും കാത്തിരിക്കുന്നവരെ എനിക്കറിയാം.. നാട്ടുവാര്‍ത്തകളും മറ്റും ചൂടോടെ കേള്‍ക്കുമ്പോ കിട്ടുന്ന സുഖം ഒന്നു വേറെത്തന്ന്യാ..’ അഷ്‌റഫ് ഭക്ഷണപാര്‍സലുകള്‍ അടുക്കി വയ്ക്കുന്ന തിരക്കിലാണ്. ഇതിനിടെ അരികെ വന്നു നിര്‍ത്തിയ വണ്ടിയിലെ ഖലീലും ജെബിനും (ഇരുവരും ദുബായ് ഇന്റര്‍നെറ്റ് സിറ്റിയില്‍ ജോലി ചെയ്യുന്നു.) ഓഫീസ് വിട്ടുള്ള വരവാണ്. ഇഷ്ട റേഡിയോ പരിപാടി ഇരുവര്‍ക്കും ഒന്നു മാത്രം. ആളുകളെ ഫോണില്‍ വിളിച്ച് പറ്റിക്കുന്ന 89.1 ഹിന്ദി എഫ് എമ്മിലെ കോര്‍ക്കി സിങ്ങിന്റെ പെര്‍ഫോമന്‍സ്. പുള്ളി പത്രങ്ങളിലെ ക്ലാസിഫൈഡ്‌സിലും മറ്റും നോക്കി നമ്പറുകള്‍ തരപ്പെടുത്തി ഓരോരുത്തരെ വിളിച്ച് അസലായി ‘തരികിട’യാക്കിക്കളയും.
ഇബ്‌നു ബത്തൂത്ത മാളിനു മുന്‍വശം, 7:00 p.m
ഓവര്‍ ടേക്ക് വിത് കെയര്‍
എളുപ്പം മാറിമറിയുന്ന റോഡുകളും നിലയ്ക്കാത്ത കെട്ടിടനിര്‍മാണങ്ങളും. മാന്ദ്യകാലം കഴിഞ്ഞതോടെ പിന്നെയും നിര്‍മാണജോലികള്‍ സജീവമായി. ദുബായില്‍ ഒരു പ്രാവശ്യം ഒരു റോഡിലൂടെ യാത്ര ചെയ്ത് കൃത്യം ഒരു മാസം കഴിഞ്ഞ് വീണ്ടും അതിലൂടെ പോവണമെന്ന് കരുതുക. തീര്‍ച്ചയായും അനുഭവസമ്പന്നനായ ഡ്രൈവറല്ലെങ്കില്‍ നിങ്ങള്‍ക്കു വഴിതെറ്റും. കാരണം പഴയ റോഡ് അപ്പാടെ മാറി പുതിയ റോഡ് മറ്റൊരിടത്തായി വന്നിട്ടുണ്ടാവും. റോഡിലെ ആരോ മാര്‍ക്കുകള്‍ ശരിയാംവണ്ണം ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടുമെന്നു തീര്‍ച്ച.

രാത്രി വെളിച്ചത്തില്‍ എല്ലാ തെരുവുവിളക്കുകളും തെളിഞ്ഞുനില്‍ക്കുന്ന ദുബായ്, ഒപ്പനയിലെ മണവാട്ടിയെപ്പോലിരിക്കും. ഇബ്‌നു ബത്തൂത്ത മാള്‍ ബസ് സ്‌റ്റേഷനിലെ എഫ് 48 ബസ് ഡ്രൈവര്‍ സമീറിനു പറയാനുള്ളത് രാത്രിയിലെ ഡ്രൈവിങ് വിശേഷങ്ങളെപ്പറ്റി. എന്തപകടമുണ്ടായാലും തൊട്ടടുത്ത നിമിഷം തന്നെ പാഞ്ഞെത്തും പോലീസ്. ആരെങ്കിലും അപകടകരമായ രീതിയില്‍ വണ്ടിയോടിച്ചാല്‍ കണ്ടുപിടിക്കാന്‍ ക്യാമറയടക്കമുള്ള സാങ്കേതികവിദ്യകളുമുണ്ട്. പിഴയും മറ്റു കാര്യങ്ങളും ഉടന്‍ തന്നെ ഉടമയുടെ മൊബൈല്‍ ഫോണില്‍ എസ് എം എസായി വരും. ‘രാത്രിയില് ഇവിടത്തെñഡ്രൈവിങ് സുഖം ഒന്നു വേറെത്തന്നെയാ.. നേരെ അടിച്ചങ്ങ് പോവും. മെട്രോയിലും ബസിലുമൊക്കെ ഉപയോഗിക്കാവുന്ന നോഎല്‍ കാര്‍ഡ് പഞ്ച് ചെയ്യുന്ന സിസ്റ്റം യാത്രക്കാര്‍ക്കും ഗുണം തന്നെ. ഈ സുഖമൊന്നും നാട്ടിലെ റോഡില്‍ കിട്ടില്ല. ആകെയൊരു വിഷമമുള്ളത് ബസില്‍ എഫ് എം സ്‌റ്റേഷനുകള്‍ വയ്ക്കാന്‍ കഴിയില്ലല്ലോ എന്നത് മാത്രം.’ സമീറിന്റെ വാക്കുകള്‍ക്ക് പശ്ചാത്തലമായി അകലങ്ങളോളം മിന്നാമിനുങ്ങിനെപ്പോലെ വെളിച്ചം പൊഴിച്ച് ദുബായ് നീണ്ടുകിടക്കുന്നു.
ദെയ്‌റ, ഗോള്‍ഡ് സൂക്കിനു സമീപം 8:00 p.m
ഡ്രീംസ്.. അണ്‍ലിമിറ്റഡ്
നല്ല ഈത്തപ്പഴം കിട്ടണമെങ്കില്‍ ഇറാന്‍കാരുടെ ഷോപ്പിലും ഒട്ടകത്തെ കാണണമെങ്കില്‍ അബൂദാബിയിലേക്കുള്ള വഴിയിലുമിറങ്ങണം. മരുഭൂമികളിലെ മരക്കപ്പലുകളായി അവ നിങ്ങളുടെ മുന്നിലൂടെ കടന്നുപോവും. ഇനി ഒരു ആഗോളപൗരനാവുന്നതിന്റെ സുഖം അനുഭവിക്കണമെങ്കില്‍, ഗ്ലോബല്‍ വില്ലേജും ദുബായ് മറീനയും പാം ജുമൈറയും ദുബായ് മ്യൂസിയവും അബൂദാബിയിലെ ഷേഖ് സായിദ് മസ്ജിദും കാണണം. ബര്‍ ദുബായില്‍ നിന്ന് ഒരു ദിര്‍ഹം കൊടുത്താല്‍ ദെയ്‌റയിലേക്കുള്ള ബോട്ടില്‍ കയറാം. ഓളപ്പരപ്പിലൂടെ രാത്രി പത്തുമണി വരേയ്ക്കും ആ യാത്ര ആസ്വദിക്കാം. ദെയ്‌റയിലെ വഴിയോരത്ത് കാണാം നിരനിരയായി, പുകവലിക്കാരുടെ സ്വപ്നമായ അറേബ്യന്‍ ഹുക്കകള്‍ വില്‍ക്കുന്ന ഷോപ്പുകള്‍. ദുബായ് മ്യൂസിയത്തിലെ പഴയ കാല അറബിജീവിതത്തിന്റെ ജീവന്‍ തുടിക്കുന്ന മാതൃകകളുടെ പുനരാവിഷ്‌ക്കാരത്തിലും കണ്ടിട്ടുണ്ട്, ഇതേ ഹുക്കകള്‍ വലിച്ചു തള്ളുന്ന പ്രതിമകള്‍.
സ്വര്‍ണം, രാത്രിയാണെങ്കിലും സ്ത്രീമനസുകളെ മഞ്ഞളിപ്പിക്കുമോ എന്ന സംശയത്തിനും ഉത്തരമായത് ദെയ്‌റയിലെ ഗോള്‍ഡ് സൂക്കിനു മുന്നിലെത്തിയപ്പോള്‍. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയ ഗോള്‍ഡ് സൂക്കിലെ ഭീമാകാരന്‍ സ്വര്‍ണമോതിരത്തിനു ഏതാണ്ട് 64 കിലോഗ്രാം ഭാരം വരും. വിവിധ നാട്ടുകാരായ സ്ത്രീജനങ്ങളെ ‘തള്ളി’മാറ്റി അതിന്റെ ഒറ്റയ്ക്കുള്ള ഫോട്ടോയെടുക്കാന്‍ പിന്നെയും കാത്തുനില്‍ക്കേണ്ടി വന്നു, അര മണിക്കൂറോളം. ‘വാങ്ങാനൊന്നും കഴിഞ്ഞില്ലെങ്കിലും ഇങ്ങനെ കണ്ടുനില്‍ക്കാന്‍ തന്നെ എന്തു രസം!’ വഴിയേ കടന്നുപോയ പേരറിയാത്ത മലയാളി ‘കപ്പിള്‍സ്’ അടക്കം പറയുന്നതും കേട്ടു.
ഷാര്‍ജ, 9.30 p.m
വീക്കെന്‍ഡിലെ നൈറ്റ് പ്ലാന്‍സ്
ഷാര്‍ജയിലെ മജ്‌ലിസ് റസ്റ്റോറന്റില്‍ ഡിന്നര്‍ ഒരുങ്ങുകയാണ്. പുറത്ത്, അംബരചുംബികളായ കെട്ടിടങ്ങള്‍ രാത്രിവെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുന്നുണ്ട്. അകത്ത് അറബികളും മറ്റു രാജ്യക്കാരുമടക്കം അവിടവിടെ കുടുംബങ്ങള്‍ ഒരുപാട് സമ്മേളിച്ചതു കാണാം. അവര്‍ക്കിടയില്‍ ഒരു മൂലയിലായി ഓര്‍ഡര്‍ ചെയ്തത് ഓരോന്നായി മേശയില്‍ വന്നുനിറയുന്നത് കാത്തിരിക്കുകയാണ് അബ്ദുറഹിമാനും ഭാര്യ റസിയയും കൂട്ടുകാരും. കഴിഞ്ഞ 10 വര്‍ഷമായി ഇവര്‍ ഗള്‍ഫിലുണ്ട്. മക്കളുടെ വെക്കേഷന്‍ നോക്കിയാണ് നാട്ടിലേക്കുള്ള ടിക്കറ്റ് ഓകെയാക്കാറ്. സ്ഥിരമായി വീക്കെന്‍ഡില്‍ ഇതുപോലൊരു ഡിന്നര്‍ പതിവാണ്. പരീക്ഷയായതിനാല്‍ മകന്‍ കൂടെയില്ല. മകള്‍ മാത്രമേ ഉള്ളൂ. കൂടെ നാട്ടില്‍ നിന്ന് ദുബായ് കാണാന്‍ വന്ന കൂട്ടുകാരും. ‘നാട്ടിലെ പോലെയല്ല ഇവിടെ. നാട്ടിലാവുമ്പോ വീട്ടില് തന്നെയാവും. എവിടെയും പോവാനും പറ്റില്ല.. എന്നാലിവിടെ ആഴ്‌ചേല്‍ നാലുദിവസമെങ്കിലും പുറത്തായിരിക്കും രാത്രി ഭക്ഷണം. ചിലപ്പോ ഏതെങ്കിലും വലിയ മാളില്. അല്ലെങ്കില്, ഇതാ ഇതുപോലത്തെ മലയാളി റസ്‌റ്റോറന്റില്..’ വീട്ടുകാരി റസിയ തുടക്കത്തിലേ നയം വ്യക്തമാക്കി. അബ്ദുറഹിമാനും കൂട്ടുകാരും തീന്‍മേശയിലെ നാടന്‍ വിഭവങ്ങള്‍ രുചിച്ചു തുടങ്ങി. ‘നാടു വേറെയാണെങ്കിലും നമ്മുടെ നാട്ടിലെ പത്തിരിയും നെയ്പത്തലുമൊക്കെ എവിടെ പോയാലും മറക്കാന്‍ കഴിയുമോ?’ അവരുടെ നിഷ്‌ക്കളങ്കമായ ചോദ്യം.
ദുബായ് മാള്‍, 11:00 p.m
മക്കള്‍ക്കായൊരു ഡെഡിക്കേഷന്‍
ജബല്‍ അലി തൊട്ട് റാഷിദിയ വരെ നീളുന്ന മെട്രോ ട്രയിനാണ് രാത്രിസഞ്ചാരികളുടെ ഇഷ്ടതോഴന്‍. ഏതാണ്ട് എല്ലാ പ്രധാന മാളിലിനടുത്തും ഇതിന് സ്‌റ്റോപ്പുണ്ട്. ബത്തൂത്ത മാളിലെ ആകാശവും നക്ഷത്രവുമൊക്കെ തെളിഞ്ഞുനില്‍ക്കുന്ന മേല്‍ക്കൂരയും എമിറേറ്റ്‌സ് മാളിലെ ഐസ് സ്‌കേറ്റിങ്ങും കണ്ടുകഴിഞ്ഞ് ദുബായ് മാളിലെത്തിയപ്പോള്‍ വിവിധ കലാപരിപാടികളുടെ ആഘോഷം അരങ്ങു തകര്‍ക്കുന്നുണ്ട്. ഷോപ്പിങ് ഫെസ്റ്റിവലിന് തിരശീല വീഴുമ്പോള്‍ തുടങ്ങും, ‘സമ്മര്‍ സര്‍പ്രൈസ്’ ആഘോഷങ്ങള്‍. സല്‍സാ നൃത്തവും അറേബ്യന്‍ മ്യൂസിക്കുകളും ബാന്റ് മേളവും ഇംഗ്ലീഷ് ബാലേകളുമായി മാള്‍ ഉത്‌സവച്ഛായയിലാണ്. മാളിലെ ഫുഡ് കോര്‍ട്ട് ഒരു കല്യാണവീടിന്റെ പ്രതീതിയിലാണ്. അരികെ, നീണ്ടുനിവര്‍ന്ന് ബുര്‍ജ് ഖലീഫയും മ്യൂസിക്കിനനുസരിച്ച് ഡാന്‍സ് ചെയ്യുന്ന വാട്ടര്‍ മാജിക്കും.
മാളിലെ വീഡിയോ ഗെയിം ഷോപ്പുകളില്‍ പ്രത്യേകകാര്‍ഡിട്ടാല്‍ കളിക്കാവുന്ന വിവിധ ഗെയിമുകളില്‍ മുഴുകിയിരിക്കുകയാണ് ബാസിലും ബസീമയും മാസ്റ്റര്‍ സരോജുമല്ലാം. കളിയ്ക്കിടയില്‍ വിജയിക്കുന്നതിനനുസരിച്ച് സമ്മാനങ്ങളായി പാവക്കുട്ടി, ബോള്‍ എന്നിവയും കിട്ടുന്നുണ്ട്. കൂടെ അവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി രക്ഷിതാക്കളുമുണ്ട്. ‘ഇപ്പോ ഫ്‌ളാറ്റ് മുഴുവനും ഇവരുടെ പാവക്കുട്ടികള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാ.. ഇപ്പം പത്തരയല്ലേ സമയം? ഇവരിനി മാള് അടക്കുന്നതു വരെ ഗെയിമ് തന്നെയായിരിക്കും. നാട്ടിലേപ്പോലെ അവര്‍ക്ക് കളിക്കാന്‍ വയലും കൂട്ടുകാരുമൊന്നുമില്ലല്ലോ.. അതുകൊണ്ട് ഇത്തരം ദിവസങ്ങള്‍ ഞങ്ങള്‍ അവര്‍ക്കു മാത്രമായി ഡെഡിക്കേറ്റ് ചെയ്യും!’
അവരുടെ ‘സ്‌പെഷ്യല്‍ പെര്‍മിഷന്‍’. ദുബായിലെ രാത്രി പിന്നെയും അവസാനിക്കുന്നില്ല.
No comments:
Post a Comment