നെറ്റിയിലേക്ക് നീളുന്ന ചുളിവാര്‍ന്ന രണ്ടു വിരലുകള്‍..
ആദ്യം ഒരു ഡയറിക്കുറിപ്പായി എഴുതാനാണ് വിചാരിച്ചത്. ആന്‍ ഫ്രാങ്കിന്റേതു പോലെ ഈ ഡയറിക്കുറിപ്പുകള്‍ വരുംകാലങ്ങളില്‍ അറിയപ്പെടണമെന്നും ഞാനാഗ്രഹിച്ചു. ഇതെഴുതിക്കഴിഞ്ഞ ഉടന്‍ മരിക്കണമെന്നും കൊതിച്ചു.
മരണത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിട്ട് കുറച്ചായി കാലങ്ങള്‍. ഒരുപക്ഷേ ജനിച്ച അന്നു തന്നെ ഞാന്‍ മരണത്തെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടാവാം. ഏതു ജീവികളേയും പോലെ. അതുകൊണ്ടാവാം, കുട്ടിക്കാലത്തെ പ്രാര്‍ഥനകളില്‍ ഉറങ്ങാന്‍ നേരം ആയത്തുല്‍ ഖുര്‍സി എന്ന ഖുര്‍ആന്‍ സൂക്തം ഓതിയതിനു ‘അല്ലാഹുവേ എന്നെ ഒരിക്കലും മരിപ്പിക്കരുതേ’ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിച്ചത്. ഇതിനൊപ്പം ഒരിക്കലും വീട്ടില്‍ കള്ളന്‍മാര്‍ കയറരുതേ എന്നും പ്രാര്‍ഥിക്കും.
കള്ളന്‍മാരെ ഞാനിത്രയും ഭയപ്പെട്ടതിനു കാരണം, വീടിന്റെ പിന്നാമ്പുറത്തു നിന്നുള്ള പെണ്ണുങ്ങളുടെ ചര്‍ച്ചകള്‍ ഒളിഞ്ഞുനിന്നു കേട്ടതു മുതലാണ്. ഉമ്മാമയുടെ നേതൃത്വത്തിലുള്ള പെണ്‍പടയാണ് ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കുക. നാട്ടിലേയും മറുനാട്ടിലേയും വിവിധ വീടുകളില്‍ കയറിയ കള്ളന്‍മാരുടെ ക്രൂരകൃത്യങ്ങളെക്കുറിച്ച് അവര്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് വിവരിക്കും.
‘അയിച്ചുമ്മിറ്റിയാരേ, എന്നിറ്റില്ലേ നമ്മളെ സുനീന്റെ പൊരേന്റെ അങ്ങട്ടേലാ കള്ളന്‍ കാരിയത്. ഓട് പൊളിച്ച് ആത്ത് കാരീട്ട് പൊന്നും പണോം എല്ലം എട്‌ത്തോണ്ട് പോയി.’
അയല്‍പക്കത്തെ ബിനീഷിന്റെ അമ്മ ജാനുവേടത്തി തന്റെ മൂത്ത മകള്‍ സുനിതയെ കെട്ടിച്ചയച്ച പാട്യത്തെ വീടിനടുത്ത് കള്ളന്‍ കയറിയ സംഭവം വിവരിക്കും.
‘എന്നിട്ട്?’
ആകാംക്ഷയോടെ ഉമ്മാമ.
‘എന്നിട്ടെന്താ?’
ജാനുവേടത്തി കഥയുടെ തുടര്‍ന്നുള്ള ഭാഗം വിശദീകരിക്കുമ്പോള്‍ ഉമ്മാമയിലെ ആകാംക്ഷ കൂടെയുള്ള മാതുവമ്മയിലും കല്യാണിയമ്മയിലും നബീസുത്താത്തയിലും മാധവിയേടത്തിയിലും വ്യാപിച്ചിട്ടുണ്ടാവും.
‘കള്ളന്‍ പൊന്നും പണോം കൊണ്ട് പോവുമ്പോഴല്ലേ ആടത്തെ പെണ്ണുങ്ങള് എണീറ്റത്.. ആണ്ങ്ങളേക്കാളും ചെലപ്പം ധൈര്യം പെണ്ണ്ങ്ങക്കല്ലേ? ആടത്തെ ഓള് നേരെ ചെന്ന് കള്ളന്റെ ബേക്കിലൂട്ടെ ഒരു പിട്ത്തം. ബിട്ടില്ല. കള്ളന്‍ എത്ര ബിചാരിച്ചിട്ടും ബിടാണ്ടായപ്പോ, കത്തിയെട്ത്ത് ഓളെ ബലത്തേ കണ്ണിന് ഒരൊറ്റ കുത്ത്! ആള്കള് ബെരുമ്പോളത്തേക്കും കള്ളന്‍ രക്ഷപ്പെട്ടക്ക്.. ഓളെ കണ്ണ് പോയീന്നല്ലാണ്ട് എന്താ പറയ്വാ? ’
ജാനുവേടത്തി ഇങ്ങനെ ഉപസംഹരിക്കുമ്പോഴേക്കും എല്ലാവരുടെയും മുഖത്ത് അത്ഭുതവും ഭീതിയും നിറഞ്ഞിരിക്കും. കൂടെ ഒളിച്ചിരുന്ന് കഥ കേള്‍ക്കുന്ന എന്റെ മുഖത്തും. അപ്പോഴേക്കും എന്റെ കാല്‍പ്പെരുമാറ്റം ഉമ്മാമ മനസിലാക്കിയിരിക്കും.
‘ഇഞ്ഞാട ഒളിച്ചിട്ടെന്താ പരിപാടി? വെറ്‌തേ ഓരോന്ന് കേട്ടുവെക്കും. എന്നിട്ട് മെനഞ്ഞാന്നത്തെപ്പോലെ ഒറക്കത്തില് കൂക്കിയിടാന്‍! പോ, പോയി ഇന്റെ പണി നോക്ക്..’
ഞാന്‍ കള്ളി വെളിച്ചത്തായ കള്ളനെപ്പോലെ ഉമ്മാമയുടേയും മറ്റും കഥാ സദസിലേക്ക് പ്രവേശിക്കും. അപ്പോള്‍ ഉമ്മാമ വാത്‌സല്യത്തോടെ എന്റെ നെറ്റിയില്‍ തലോടിക്കൊണ്ട് ചോദിക്കും.‘ഇഞ്ഞ് ചോറ് ബെയിച്ചിക്കാ?’
‘ഉം..’
‘എങ്ങനെ ഇണ്ടേനും മങ്ങലപ്പൊരേലെ ചോറ്?’
‘നല്ലതേനും..’
‘എറച്ചിക്കഷണം നല്ലോണം കിട്ടീക്കാ?’
‘ഉം..’
‘അല്‍സയോ?’
‘അല്‍സ ഞാന്‍ വാങ്ങീക്കില്ല. അല്‍സ തിന്നാല് പിന്നെ ചോറ് ബെയിക്കാനാവൂല്ല.. ’
‘ഉം.. നല്ല ബെളവ്ണ്ടല്ലോ ഇനിക്ക്..!’
ഉമ്മാമ എന്റെ തലയില്‍ കൈവെച്ച് ചിരിക്കും. പിന്നെ കല്യാണത്തിനു പോവുമ്പോള്‍ ധരിച്ച പുതിയ ഷര്‍ട്ടും പാന്റും അഴിച്ചുവെച്ച് പഴയവ ധരിക്കാന്‍ പറയും. ഇതിനിടെ ചര്‍ച്ച കള്ളന്‍മാരില്‍ നിന്ന് മാറി അന്ന് കഴിഞ്ഞ തങ്ങളെ വീട്ടിലെ മുഹമ്മദലിക്കാന്റെ മകള്‍ നഫീസയുടെ കല്യാണത്തിലേക്ക് നീങ്ങിയിരിക്കും. ഞാന്‍ വയലിലെ കളിയും കഴിഞ്ഞ് തിരിച്ചുവരുമ്പോഴും അവരുടെ ചര്‍ച്ചകള്‍ തീര്‍ന്നിട്ടുണ്ടാവില്ല.
ഉമ്മാമയായിരുന്നു അന്ന് എന്റെ എല്ലാം. ഞാനറിയുന്നതിനേക്കാളും എന്നേക്കുറിച്ചറിയാവുന്നത് അവര്‍ക്കായിരുന്നു. കുട്ടിക്കാലത്തും വളര്‍ച്ചയുടെ പടവുകളിലുമെല്ലാം ഞാന്‍ അവര്‍ക്കൊപ്പമായിരുന്നു. അന്ന് ഉമ്മാമയുടെ കട്ടിലിന്നൊരരിക് പറ്റി കിടക്കാന്‍ ഞാനും ജ്യേഷ്ഠനും അടിപിടി കൂടിയിരുന്നു. അടിപിടിയുടെ ഒടുവില്‍ പ്രായക്കുറവിന്റെ ആനുകൂല്യത്തില്‍ ‘ഓന്‍ കുട്ടിയല്ലേ’ എന്ന് പറഞ്ഞ് ഉമ്മാമ എനിക്ക് അവസരം തരും. ജ്യേഷ്ഠന്‍ ഇളിച്ചുകാട്ടി പതിവുപോലെ തൊട്ടരികിലെ കട്ടിലിലേക്ക് ചായും.
എന്നെ കുളിപ്പിക്കുന്നതാണ് ഉമ്മാമയ്ക്ക് ഹരമുള്ള മറ്റൊരു കാര്യം. അതൊരു ആവേശവും അവകാശവുമായിരുന്നു അവര്‍ക്ക്. ഹമാം സോപ്പിന്റെ പത കണ്ണിലായി നീറുമ്പോഴും ചൂടുവെള്ളം ദേഹത്തുകൂടെ ഒലിച്ചിറങ്ങുമ്പോഴും ഞാന്‍ അസ്വസ്ഥനായി കരയുക വരെ ചെയ്തിട്ടുണ്ട്. പക്ഷേ, അപ്പോഴൊക്കെയും എന്റെ വേദനയേയും മുഖം മറച്ചുള്ള വിരലുകളേയും തട്ടിമാറ്റി ഉമ്മാമ പിന്നെയും ഹമാം സോപ്പ് വേഗത്തില്‍ ശക്തി കൂട്ടി ശരീരത്തിലൂടെ ഉരയ്ക്കും. ഞാന്‍ ചുവന്ന് ചുടുകട്ടയായി കരയാന്‍ തുടങ്ങിയാല്‍ ഉമ്മാമയുടെ വക ശകാരവും വരും വഴിയേ.
‘രാവിലെ തൊട്ട് മോന്തിയാവോളം മണ്ണ്ന്നുരുണ്ടിട്ട് ഇപ്പോ കുളിക്കാനാ ഒരു മടി! ഇഞ്ഞ് നോക്ക് അങ്ങട്ടേലെ ആസീന്റെ മക്കളെല്ലാം എങ്ങന്യാ കുളിച്ച് പൗഡറിട്ട് നല്ല മൊഞ്ചില് നടക്ക്ന്നതെന്ന്. ഇതാണെങ്കീ കുളിയും ഇല്ല, നിക്കാരോം ഇല്ല! കളി തന്നെ കളി..’
കുളി കഴിഞ്ഞാലാണ് ‘മണ്ണ്ന്നുര്ണ്ട’തിന്റെ യഥാര്‍ഥശിക്ഷ. മുടികളേയും തലയേയും വേദനിപ്പിച്ച് തല തോര്‍ത്താന്‍ തുടങ്ങും. ഞാന്‍ ശരിക്കും വേദന കൊണ്ട് പുളയും. എന്നാല്‍ ഇതൊന്നും നോക്കാതെ ഉമ്മാമ ജോലി തുടരും.
‘ആടെ അടങ്ങി നിക്കെഞ്ഞാ.. തല തോര്‍ത്താണ്ട് നിന്നാല് പനി പിടിക്കും. പിന്നെ ഡോക്ട്ടറേര്ത്ത് ചെന്ന് സൂചി വെക്കേണ്ടി വരും..’
അതോടെ ഞാന്‍ ശാന്തനാവും. ആ കാലത്ത് ലോകത്തെ ഏറ്റവും വേദനയുണ്ടാവുക സൂചി വെക്കുമ്പോഴാണെന്നായിരുന്നു എന്റെ ധാരണ. സുന്നത്ത് ചെയ്യുമ്പോഴും പല്ലെടുക്കുമ്പോഴും പോളിയോയ്ക്കും വെച്ച സൂചി വയ്പിന്റെ വേദന മനസിലുണ്ട്. അതിനാല്‍ എന്റെ ശാന്തതയ്ക്ക് മറ്റൊരോര്‍മ്മകളും ആവശ്യമുണ്ടായിരുന്നില്ല. കുളിപ്പിച്ചു കഴിഞ്ഞതിനു ശേഷം ഉമ്മാമ തന്നെ മുടി ചീകുകയും വസ്ത്രമുടുപ്പിക്കുകയും ചെയ്യും. മുടി ചീകുമ്പോള്‍ വലതുവശത്ത് ഒരു നെറുക വെച്ച് വെളിച്ചെണ്ണയില്‍ കുതിര്‍ന്ന മുടി മറുവശത്തേക്ക് ചീകുകയാണ് പതിവ്. ആ കാലത്ത് ഞാന്‍ ഏറ്റവുമധികം വെറുത്തിരുന്ന മറ്റൊരു കാര്യം ഈ മുടി ചീകല്‍ സ്‌റ്റൈലായിരുന്നു. ചീര്‍പ്പ് തലമുടിയിലൂടെ നൃത്തം ചെയ്യാന്‍ തുടങ്ങുമ്പോള്‍ തന്നെ ഞാന്‍ ചിണുങ്ങിത്തുടങ്ങും. അപ്പോള്‍ ഉമ്മാമയുടെ സമാധാനപ്പെടുത്തല്‍ ഇങ്ങനെയാണ്.
‘കുനീലെ ഷാഹിദാന്റെ മക്കളെ കണ്ട്ക്ക്‌ല്ലേ ഇഞ്ഞ്.. ഇങ്ങനെ നല്ല ബൃത്തിയും ഭംഗിയും ഇല്ലാണ്ട് ഓല് പൊരേന്റെ പൊറത്തെറങ്ങലേ ഇല്ല!’
രാവിലെ സ്‌കൂളില്‍ പോവുമ്പോഴും ഈ സ്‌റ്റൈലിലുള്ള മുടി ചീകല്‍ തന്നെയായിരിക്കും. അപ്പോള്‍ അമര്‍ഷമടക്കിപ്പിടിച്ചിരിക്കുമെങ്കിലും സ്‌കൂളിലേക്കുള്ള വഴിയില്‍ ഞാന്‍ മുടി മുകളിലേക്ക് ഉയര്‍ത്തിപ്പിടിച്ച് പിന്നിലേക്ക് ചായ്ക്കും. ഒരു തരം ബാബു ആന്റണി സ്റ്റൈല്‍. അന്ന് സ്‌കൂളിലൊക്കെ കത്തിനിന്നത് ആ സ്‌റ്റൈലായിരുന്നു.
രാത്രി ഉറങ്ങാന്‍ നേരം ഉമ്മാമ അന്ന് സ്‌കൂളില്‍ വെച്ചു നടന്ന കാര്യങ്ങള്‍ സ്‌നേഹപൂര്‍വം ചോദിക്കും. ഞാന്‍ അപ്പോള്‍ നാടകീയമായി, ഞാന്‍ ഇല്ലെങ്കില്‍ കെ ഡബ്ലു യു പി സ്‌കൂള്‍ നടക്കില്ലെന്ന മട്ടില്‍ പൊടിപ്പും തൊങ്ങലും ചാര്‍ത്തി, എന്നെ ഹീറോയാക്കി കഥകള്‍ പറഞ്ഞുതുടങ്ങും. ഈ കഥകളെല്ലാം ഉമ്മാമ ഹൃദിസ്ഥമാക്കി പിറ്റേന്ന് പെണ്ണുങ്ങളുടെ ചര്‍ച്ചാകൂട്ടത്തിലും പറയും. അത് ഒളിഞ്ഞിരുന്ന് കേള്‍ക്കുന്ന ഞാന്‍ ചമ്മി നാശമായി ഉരുകുന്നുണ്ടാവും.
‘ഈ ഉമ്മാമയെക്കൊണ്ട് എന്തൊരു എടങ്ങേറാണ്! എല്ലാ കാര്യങ്ങളും വിശ്വസിച്ച് എല്ലാരോടും പറയും..’
ഞാന്‍ മനസില്‍ പ്‌രാകും.
പക്ഷേ, എനിക്കെന്തെങ്കിലും അസുഖം വന്നാലാണ് ഉമ്മാമ മദര്‍ തെരേസയാവുക. അന്ന് പിന്നെ വീട്ടില്‍ ചര്‍ച്ചാകൂട്ടമൊന്നുമുണ്ടാവില്ല. അവര്‍ കട്ടിലിന്റെ ഓരത്ത് വന്നിരിക്കും. ചുളിവാര്‍ന്നു തുടങ്ങിയ വിരലുകള്‍ എന്റെ നെറ്റിയിലൂടെ ഓടിക്കും. എന്നിട്ട് ഭൂമുഖത്തെ ഏറ്റവും സ്‌നേഹത്തോടെ ചോദിക്കും.
‘ഇപ്പം എങ്ങനുണ്ട്?’
ഞാന്‍ ഒന്നും മിണ്ടാതെ തല ചുവരിനോട് ചേര്‍ത്ത് ചെരിഞ്ഞുകിടക്കും. അപ്പോള്‍ ഉമ്മാമ ബലം പ്രയോഗിച്ച് തിരിച്ചുകിടത്തി പിന്നെയും നെറ്റിയിലൂടെ വിരലോടിക്കും.
‘പടച്ചോനോട് പ്രാര്‍ഥിച്ചിട്ട് കെടന്നോ. രാവിലെയാവുമ്പം കൊണാവും..’
പിന്നെ അവര്‍ വിക്‌സ് നെറ്റിയില്‍ പുരട്ടും. കടുവയുടെ മുഖമുള്ള കമ്പിളിപ്പുതപ്പ് കാലിലൂടെ വലിച്ച് മുഖമടച്ച് മറയ്ക്കും. വിക്‌സ് നെറ്റിയില്‍ പുരട്ടിയാല്‍ പിന്നെ മുഖം മറച്ച് കിടന്നുറങ്ങണം. അങ്ങനെയെങ്കില്‍ മാത്രമേ ആവി പിടിക്കാന്‍ കഴിയൂ. രാവിലെ ഉറങ്ങിയെണീക്കുമ്പോഴേക്കും പനി ഏതാണ്ട് മാറിയിരിക്കും.
ഉമ്മാമയ്ക്ക് എന്നോടുള്ള പ്രത്യേകസ്‌നേഹത്തിന്റെ പേരില്‍ പലപ്പോഴും ഞാനും ജ്യേഷ്ഠനും തമ്മില്‍ അടിപിടിയുമുണ്ടായിട്ടുണ്ട്.
‘ഈ ഉമ്മാമയെന്താ ഇങ്ങനെ? കിട്ടിയ ഓതി തേച്ചും പൊന്നാരമോന് തന്നെ കൊടുക്കും. ഇങ്ങനെയുണ്ടോ ഒരു ബീര്യം?’
ജ്യേഷ്ഠന്‍ ചോദിക്കും.
ദുബായില്‍ നിന്ന് അമ്മാവന്‍മാര്‍ വരുമ്പോള്‍ കൊണ്ടുവരാറുള്ള ഗള്‍ഫ് മിഠായികള്‍ വിതരണം ചെയ്യുമ്പോഴായിരിക്കും ഈ സംസാരം. എത്ര രുചിച്ചാലും മതിവരാത്തതാണ് ഗള്‍ഫ് മിഠായികള്‍. അത് വീതം വയ്ക്കാനുള്ള ചുമതല ഉമ്മാമയ്ക്കായിരിക്കും. എല്ലാവര്‍ക്കുമായി ഉമ്മാമ കൃത്യമായി വീതിയ്ക്കും. ഒരു വിഹിതം ഉമ്മാമയുമെടുക്കും. പിന്നെ എല്ലാവരും അവരവരുടെ വിഹിതം കഴിക്കുന്നതിനിടയില്‍ ഉമ്മാമ വിദഗ്ധമായി അവരുടെ വിഹിതം എന്റെ കൈയ്യില്‍ തരും. ഇതു കാണുമ്പോഴായിരിക്കും ജ്യേഷ്ഠന്റെ അഭിപ്രായപ്രകടനം.
ഉമ്മാമ അപ്പോള്‍ നിഷ്‌ക്കളങ്കമായി ചിരിക്കും.
‘ഞാങ്കൊട്ത്ത്‌ട്ടൊന്നും ഇല്ല..’
‘അപ്പോ ഉമ്മാമേന്റെ കൈയ്യില്ള്ളതേട്ത്തൂ..?’
എന്റെ ഇളയ പെങ്ങള്‍ ചോദിക്കും.
‘അത് കാക്ക കൊണ്ടോയി..’
ഉമ്മാമ കൈ മലര്‍ത്തും.
‘ഉമ്മാമ എപ്പോം ഇങ്ങനാ.. ഞമ്മളാരും ഇങ്ങളെ മക്കളല്ലേ?’
അവരിരുവരും കെറുവിച്ചു കൊണ്ടിരിക്കുമ്പോള്‍ ഉമ്മാമ എന്റെ നെറ്റിയിലൂടെ വിരലുകളോടിച്ചുകൊണ്ടിരിക്കുകയായിരിക്കും.
‘ഇങ്ങളെല്ലാം അന്റെ മക്കള് തന്നെ. പക്ഷേ, ഓനെന്റെ പൊന്നാരമോനാ..’
ഉമ്മാമ പറയും.
‘ഇങ്ങളെല്ലാരും പുതിയ പൊരയെടുത്തേരം അങ്ങോട്ടേക്ക് പോയപ്പം ഓന്‍ മാത്രമല്ലേ, അന്നെ വിട്ടുപോവാണ്ട് കൂടെ നിന്നത്. അതോണ്ട് ആ സ്‌നേഹം അനക്കെന്നും ഓനോടുണ്ട്..’
‘ഉം, ഒരു പൊന്നാരമോന്‍! എന്നാ പിന്നെ കൊണ്ടോയി പുഴ്ങ്ങിത്തിന്ന്..’
ഇളയ പെങ്ങള്‍ എന്നെ അവളുടെ നഖം മുറിക്കാത്ത വിരലുകള്‍ കൊണ്ട് നുള്ളിയും ഉമ്മാമയെ ഇളിച്ചുകാട്ടിയും അവിടെ നിന്ന് യാത്രയാവും.
ഉമ്മാമയ്ക്കു വേണ്ടി പറമ്പിലെ മാവുകളില്‍ കയറി മാങ്ങ പറിച്ചുകൊടുക്കാറുള്ളതും തേങ്ങ പെറുക്കി ആദ്യം മുറ്റത്തും പിന്നെ തട്ടിന്‍പുറത്ത് വയ്ക്കുന്നതുമല്ലാം ഞാന്‍ തന്നെ. ഒരിക്കല്‍ സ്‌കൂള്‍ കായികമേളയില്‍ പങ്കെടുക്കാന്‍ പോയപ്പോയാണ് ഉമ്മാമ ബി പി കുറഞ്ഞതിനാല്‍ തലശേരി ഇന്ദിര ഹോസ്പിറ്റലില്‍ അഡ്മിറ്റായത്. അന്ന് പതിവില്ലാതെ ഉപ്പാപ്പ ഇശാഅ് നമസ്‌കാരത്തിനു ശേഷം ഗ്രില്‍സിനരികില്‍ നിന്ന് പുറത്ത് നോക്കി ഫില്‍റ്ററില്ലാത്ത സിഗരറ്റ് ആഞ്ഞുവലിച്ചുകൊണ്ടിരുന്നപ്പോള്‍ ഉമ്മാമയുടെ സ്ഥിതി കുറച്ചുകൂടുതലാണെന്നു തോന്നി. ഒരു വേള ഉമ്മാമ മരിച്ചുപോവുമോ എന്നു പോലും ഭയപ്പെട്ടു.
പക്ഷേ, പിറ്റേന്ന് ഉമ്മാമയ്ക്ക് അല്‍പം സമാധാനമായി. ഐ സി യുവില്‍ നിന്ന് റൂമിലേക്കു മാറ്റി. ഉപ്പാപ്പയുടെ കൂടെ കാണാന്‍ ചെന്നപ്പോള്‍ ഉമ്മാമ പതിവുപോലെ എന്റെ നെറ്റിയിലേക്ക് വിരലുകള്‍ നീട്ടി.‘ഓട്ടത്തില് പസ്റ്റ് കിട്ടിയാ?’
ഉമ്മാമ ചോദിച്ചു.
‘ഉം ഉം..’
ഞാന്‍ നിഷേധാര്‍ഥത്തില്‍ തലയാട്ടി.
‘ആയെന്താ?’
‘ഉമ്മാമാക്ക് സുഖമില്ലാന്നറിഞ്ഞപ്പോ...’
‘ഞാന്‍ നാളെത്തന്നെ അങ്ങ് ബരൂല്ലേ? ഇഞ്ഞെന്തിനാ അതാലോചിച്ച് സമ്മാനം ഇല്ലാണ്ടാക്കിയേ?’
ഞാന്‍ കരച്ചിലോടെ ഉമ്മാമയുടെ കാല്‍ വിരലുകളിലേക്ക് മുഖം പൂഴ്ത്തി. ജീവിതത്തില്‍ ആദ്യമായി കരുതിക്കൂട്ടാതെ കരയുകയായിരുന്നു, ഞാനപ്പോള്‍. ഉമ്മാമ മരിച്ചാല്‍.. എനിക്ക് ആലോചിക്കാവുന്നതിനുമപ്പുറമായിരുന്നു ആ കാര്യം.
പിന്നീട് ഉപ്പാപ്പയുടെ മരണശേഷം ചിലപ്പോള്‍ ഉമ്മാമയുടെ ദു:ഖം വാക്കുകളാവുമ്പോള്‍, പൊടിഞ്ഞുതുടങ്ങുന്ന കണ്ണീര്‍ത്തുള്ളികളാവുമ്പോള്‍ ഞാന്‍ സമാധാനിപ്പിക്കും.
‘ഉമ്മാമാ ഇങ്ങളിങ്ങനെ കരയല്ലേ.. ഇങ്ങള് കരയുമ്പോള്‍ ഞാനും കരയും. കാരണം ഈ ദുനിയാവില് ഇങ്ങള് കരയുന്നത് കാണുന്നതാണ് ഞാനേറ്റവും ഇഷ്ടപ്പെടാത്ത കാര്യം. ഇങ്ങളിങ്ങനെ കരഞ്ഞോണ്ടിരുന്നാല്‍ ഞാനെന്നും രണ്ടാം സ്ഥാനത്താവും. എല്ലാ മത്‌സരങ്ങളിലും പരീക്ഷകളിലും ഒന്നാമതെത്താതാവും. ഞാനൊന്നാമതെത്താന്‍ ഇങ്ങക്ക് ആഗ്രഹമില്ലേ?’
‘ഇണ്ട്.. ഇഞ്ഞെപ്പം ഒന്നാമത് തന്നെയാവണം..’
ഉമ്മാമ ആരും കാണാതെ കോന്തലയ്ക്കല്‍ കെട്ടിവെച്ച ഏതാനും ചില്ലറത്തുട്ടുകള്‍ എനിക്കു തരികയും തട്ടം കൊണ്ട് കണ്ണീര്‍ തുടയ്ക്കുകയും ചെയ്യും.
‘പടച്ചോനെപ്പോം ഇന്റെ കൂടെയുണ്ട്..’
അവര്‍ പറയും.
‘പടച്ചോന്‍ മാത്രം പോര, ഇങ്ങളും ഇണ്ടാവണം..’
ഞാനും.
വളരെ ഇഷ്ട്ടമുള്ള ഒരു രചന ... വരികളിലൂടെ ഉമ്മാമ്മയുടെ കോന്തലപിടിച്ച് ഞാനും നടന്നു .... നന്ദി ഷഫീഖ്.
ReplyDeletethanks..
ReplyDeleteഹമാം സോപ്പിനെ ഒന്ന് കൂടി ഓര്‍മിപ്പിച്ചു :)
ReplyDeleteഹമാം സോപിനെ വീണ്ടും ഓര്‍മിപ്പിച്ചു, ഇപ്പോഴും കണ്ണ് ഒന്ന് എറിഞ്ഞത് പോലെ .
ReplyDeleteഷഫീക് ...കുത്തനെ വളരുമ്പോള്‍ പ്രിയപ്പെവരെ മറക്കരുതെന്ന പാഠം ഓര്‍മിപ്പിക്കുനാ ഓര്‍മയുടെ ഗന്ധം നിറഞ്ഞു നില്‍ക്കുന്ന എഴുത്ത് ...നന്നായി..
ReplyDelete