Wednesday, December 26, 2012

എങ്കിലും കണ്ണും കാതും മതവും ജാതിയുമില്ലാത്തതാണ് പ്രണയം.



എങ്കിലും കണ്ണും കാതും മതവും

 ജാതിയുമില്ലാത്തതാണ് പ്രണയം.



‘ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വികാരമാണ് മോനേ, പ്രണയം.. അല്ലായിരുന്നെങ്കില്‍ ഈ ലോകജനത തന്നെ രൂപപ്പെടില്ലായിരുന്നു.’
മഖ്ബൂല്‍ ഒരു സംശയവുമില്ലാതെ പറഞ്ഞു.
‘സലീമും അനാര്‍ക്കലിയുമില്ലാതെ, റോമിയോ ജൂലിയറ്റില്ലാതെ നളദമയന്തിയില്ലാതെ ലൈലാ മജ്‌നുവില്ലാതെ ലോകം എന്തൊരു ബോറായേനേ..!’
അവന്‍ അത്ഭുതം കൂറുകയും ചെയ്തു.
അവനെന്നും അങ്ങനെയായിരുന്നു. പ്രണയത്തിന്റെ മഹത്വം വിളിച്ചോതാന്‍ വേണ്ടി ഉദാഹരണണങ്ങളേറെ ശേഖരിക്കും. പിന്നെ ഇടവേളകളില്ലാതെ എന്റെ മുന്നില്‍ വിളമ്പുകയും ചെയ്യും.
‘സ്വന്തത്തെക്കുറിച്ച് ചിന്തിക്കാതിരിക്കുന്നതാണോ പ്രണയം?’
ഞാന്‍ ഇടയ്ക്ക് സംശയം ചോദിക്കും.
‘കണ്ണും കാതും മതവും ജാതിയുമില്ലാത്തതാണ് പ്രണയം..’
അവന്‍ പറയും. ഇങ്ങനെ പറഞ്ഞതിനു കാരണവുമുണ്ട്. അവന്റെ കാമുകി ഹിന്ദുമതവിശ്വാസിയാണ്. അവന്‍ മുസ്‌ലീമും. രണ്ടു പേരും ഐ ഇ എല്‍ ടി എസ് കോഴ്‌സ് പാസായി അയര്‍ലാന്‍ഡിലേക്ക് പോവാനുള്ള തയ്യാറെടുപ്പിലാണ്. ദിവസവും രാവിലെ ഒന്‍പതു മണി മുതല്‍ വൈകിട്ട് അഞ്ചു വരെ ഐ ഇ എല്‍ ടി എസ് ക്ലാസില്‍ തന്നെയുണ്ടാകുമെങ്കിലും പ്രണയപാരമ്യത്തില്‍ രാത്രി പറയാന്‍ പിന്നെയുമുണ്ടാവും, കാര്യങ്ങള്‍. മറ്റുള്ളവര്‍ സംശയിക്കാതിരിക്കാന്‍ മിസ്ഡ് കോള്‍ എന്നായിരുന്നു അവളുടെ, അവന്റെ ഫോണില്‍ സേവ് ചെയ്ത പേര്. ഈ പ്രണയനാളുകളിലെപ്പോഴോ ആണ് അന്നൊരിക്കല്‍ അവളുടെ ഒരു  ഫോട്ടോയുമായി അവന്‍ മുറിയില്‍ വന്നത്.
അവനും അവന്നരികില്‍ തട്ടമിട്ട് ഒരു മുസ്‌ലീം പെണ്‍കുട്ടിയെപ്പോലെ നില്‍ക്കുന്ന അവളും.
‘ഇവളൊരു ഹിന്ദുപ്പെണ്‍കുട്ടിയല്ലേ?’
ഞാന്‍ സംശയത്തോടെ ചോദിച്ചു.
‘അതെ..’
അവന്‍.
‘പിന്നെയീ വേഷം?’
ഞാന്‍ അവളുടെ ഫോട്ടോയിലേക്ക് ചൂണ്ടി.
‘അതാണ് മോനേ, എന്റെ ബീവി. അവള്‍ക്കിപ്പം നിസ്‌ക്കാരവും നോമ്പും ഷഹാദത്ത് കലിമയുമല്ലാം എന്നേക്കാള് നന്നായിട്ടറിയാം.’
ഞാന്‍ സംശയത്തോടെ അവനെ നോക്കി.
‘നേര്? ഇതൊക്കെ ആരാ അവളെ പഠിപ്പിച്ചത്?’
‘ഞാന്‍ തന്നെ.’
അവന്‍ അഭിമാനത്തോടെ പറഞ്ഞു.
‘അതിന് നീ പള്ളീല് പോവുന്നതോ നിസ്‌ക്കരിക്കുന്നതോ ഒന്നും കാണാറില്ലല്ലോ? പോരാത്തേന് നീയല്ലേ പറഞ്ഞത്, പ്രേമത്തിന് ജാതിയും മതവുമില്ലെന്ന്? എന്നിട്ടിപ്പോ?’
‘ഞാന്‍ പള്ളീല് പോവാത്തതൊന്നും നോക്കണ്ട. നിന്നേക്കാളും നന്നായി എനിക്ക് ഇസ്‌ലാമികകാര്യങ്ങളും ഈമാന്‍ കാര്യങ്ങളും അറിയാം. പണ്ട് മദ്‌റസയിലെ പൊതുപരീക്ഷയില് എനിക്ക് നല്ല മാര്‍ക്കും കിട്ടിയിട്ടുണ്ട്.. പിന്നെ പ്രേമത്തിന്റെ കാര്യം, എനിക്ക് പ്രേമത്തില് മതമും ജാതിയുമൊന്നുമില്ല. പക്ഷേ, എന്റെ വീട്ടുകാര്‍ക്കുണ്ട്.’
‘ഓ വല്യ കാര്യം തന്നെ! ഞാന്‍ മദ്‌റസയില്‍ പോയിട്ടില്ലെങ്കിലും വിവരമുണ്ട്.. ഒരു പെണ്‍കുട്ടിയുടെ ജീവിതം കൊണ്ടാണ് നീ കളിക്കുന്നതെന്ന ബോധം വേണം.’
‘ഏയ്, ഞാനവളെയൊരിക്കലും ചതിക്കില്ല. ഒറപ്പാ. ജീവിതകാലം മുഴുവനും അവളെനിക്കൊപ്പമുണ്ടാവും..’
‘ഉം, ശരി ശരി..’
ഞാന്‍ സംഭാഷണമവസാനിപ്പിക്കും. എന്നാല്‍, അപ്പോഴാവും അവന്റെ അവളെക്കുറിച്ചുള്ള കാല്‍പനിക ഭാവന ഉണരുന്നത്.
‘നിനക്കറിയ്വോ, എന്റെ മുത്ത്, അവളൊരു തട്ടമിട്ടാല്‍ ശരിക്കുമൊരു മുസ്‌ലീം പെണ്‍കുട്ടി തന്നെ. ഇപ്പോ എന്നേക്കാളും കൂടുതല് അവള്‍ക്ക് ഇസ്‌ലാമിക ഷര്‍ത്തുകള് അറിയാമോന്നാ എന്റെ സംശയം. ഇന്നാള് അവള്‍ടെ വീട്ടില് മൊബൈല് കൊടുക്കാന്‍ പോയ കഥ കേട്ടാ ഇഞ്ഞ് ഞെട്ടും. അത്രയ്ക്ക് സാഹസമായിരുന്നു. അന്നെങ്ങാന്‍ അവളുടെ അച്ഛന്‍ പിടിച്ചിട്ടുണ്ടെങ്കില്, എന്റെ പടച്ചോനേ..
‘നീയിങ്ങനെയൊക്കെ സാഹസപ്പെടുന്നതിന് എന്തെങ്കിലും ഉപകാരമുണ്ടോ?’
ഞാന്‍ ചോദിക്കും.
അവന് ഉത്തരമുണ്ടാവില്ല.
പൂര്‍ത്തീകരിക്കപ്പെടാത്ത പ്രണയങ്ങളെല്ലാം പരാജയങ്ങളാണ്. ഇരുധ്രുവങ്ങളിലൂടെ നീങ്ങുന്ന പ്രണയങ്ങള്‍ക്ക് പലതും തടസങ്ങളാണ്. ഇതിനു മുമ്പും ഇതു പോലെ പല പ്രണയങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്. ചിലരുടെ കാമുകീവര്‍ണനകള്‍ കേള്‍ക്കുമ്പോള്‍ പ്രണയിക്കണമെന്നും അവരുടെ പ്രണയകഥകള്‍ക്കു മുന്നിലിരിക്കുമ്പോള്‍ ഞാനാണ് അവരെന്നും തോന്നാറുണ്ട്. പക്ഷേ, കുറച്ചു കഴിയുമ്പോള്‍, എല്ലാ വര്‍ണനകളും അവസാനിക്കുമ്പോള്‍ പ്രണയം വെറും അടയാളങ്ങളായി അവശേഷിക്കും.
വല്ലപ്പോഴും കാമുകിക്ക് ജന്‍മദിനസമ്മാനമായി കൊടുത്ത ഒരു ഗിഫ്റ്റ്.
വാലന്റയിന്‍ ദിനത്തില്‍ നല്‍കിയ ഒരു റോസാപ്പൂ.
രാത്രികളില്‍ ഇടതടവില്ലാതെ പങ്കുവെച്ച എസ് എം എസ് സന്ദേശങ്ങള്‍..
എല്ലാം അടയാളങ്ങളും അവസാനിക്കുമ്പോള്‍ ജീവിതം മാത്രം പരന്നുകിടക്കും.
‘പ്രണയത്തെക്കുറിച്ച് ഒരുപാടറിയാവുന്ന എന്നാല്‍ പ്രണയിക്കാനറിയാത്ത ഒരു കുട്ടിയാണ് നീ..’
എന്റെ ഈ കണ്ടുപിടുത്തങ്ങളെല്ലാം അവന്റെ മുന്നില്‍ ഒരു സോക്രട്ടീസിനെപ്പോലെ അവതരിപ്പിക്കുമ്പോള്‍ ഒടുവില്‍ സഹികെട്ട് അവന്‍ പറയും.
‘ഏയ്, അങ്ങനെയല്ല..’
ഞാന്‍ ഖണ്ഡിക്കും.
‘നമ്മള്‍ക്ക് കണ്ടിഷ്ടപ്പെടുന്ന പെണ്‍കുട്ടിയുടെ അടുത്ത് ചെന്ന് മനോഹരമായിരിക്കുന്നു എന്ന് പരസ്യചിത്രത്തിലെ നായകന്‍ പറയുന്നതുപോലെ പറയാന്‍ കഴിയുമോ? ചിലപ്പോള്‍ മനസിലുള്ളത് അടുക്കിപ്പിടിക്കേണ്ടി വരുന്നു. സ്വപ്നങ്ങളും മോഹങ്ങളും ദു:ഖങ്ങളുമല്ലാം.. ചിലപ്പോള്‍ പ്രണയവും.’
‘അതൊന്നുമല്ല, നീയൊരു പേടിത്തൊണ്ടനാണ്..’
അവന്‍ എളുപ്പം കണ്ടെത്തും.
ചിലപ്പോള്‍ ശരിയാവാം. ഇമേജ് കാത്തുസൂക്ഷിക്കാനായി പെടാപ്പാട് പെടുന്ന ഒരു പേടിത്തൊണ്ടന്‍. ആളുകള്‍ നിങ്ങളെ വിലയിരുത്തുന്നത് നിങ്ങളുടെ ഇമേജ് നോക്കിയാണ്. അവര്‍ക്കറിയാം, അവരുടെ പ്രതീക്ഷകളേയും വിശ്വാസങ്ങളേയും നിങ്ങള്‍ തെറ്റിക്കില്ലെന്ന്. അവരുടെ വിശ്വാസം തകരുന്നതോടെ ഞാന്‍ ഞാനല്ലാതായി മാറും.
ഞാന്‍ വിശദീകരിക്കും.
‘എങ്കിലും നിന്റെ മനസിനെ വഞ്ചിക്കാന്‍ നിനക്കാവുമോ? ഒരിക്കലെങ്കിലും നിനക്കിഷ്ടപ്പെട്ടയാളോട് ആ സ്‌നേഹം തുറന്നുപറയാന്‍ നിനക്കാവുമോ?’
അവന്‍ ചോദിക്കും.
ഞാന്‍ ഒന്നും മിണ്ടാതെ നില്‍ക്കും.
അല്ലെങ്കിലും സ്വന്തത്തെ മനസിലാക്കാത്ത ഒരാളോട് ഇമേജിനെക്കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ല. ഒരാള്‍ സ്വയം അറിഞ്ഞാല്‍ തൊട്ടടുത്ത നിമിഷം മുതല്‍ അയാള്‍ അയാളുടെ ഇമേജിനെപ്പറ്റി ശ്രദ്ധിക്കാനും തുടങ്ങും. ഇമേജ് നിലനിര്‍ത്തുന്നത് ഒരിക്കലും അഭിനയവുമല്ല. ഇനി അഥവാ അഭിനയമാണെങ്കില്‍, എളുപ്പം തിരിച്ചറിയപ്പെടാനും സാധ്യതയുണ്ട്.

അന്നത്തേതിനു മൂന്നാം ദിവസമാണ് അവന് അയര്‍ലാന്‍ഡിലേക്കുള്ള വിസ കിട്ടിയതും അവള്‍ക്ക് വേണ്ടത്ര മാര്‍ക്കില്ലാത്തതിനാല്‍ പരീക്ഷയില്‍ പാസാകാതിരുന്നതും. നാലാം ദിവസം അവന്‍ എല്ലാ സാധനസാമഗ്രികളും കെട്ടിപ്പെറുക്കി പോകാനൊരുങ്ങിയപ്പോള്‍ അവളുടെ തട്ടമിട്ട ഫോട്ടോ മാത്രം മേശപ്പുറത്തു കിടന്നു. മറന്നതാണെന്നു കരുതി പിന്നാലെ ചെന്ന് നല്‍കാനൊരുങ്ങിയപ്പോള്‍ അവന്‍ അത് എന്റെ കൈയ്യില്‍ തന്നെ വെച്ചു.
‘അളിയോ, ഇനി നീയൊന്ന് ട്രൈ ചെയ്യ്. എളുപ്പം വളയും. നാളെ മറ്റെന്നാള് അങ്ങ് അയര്‍ലാന്‍ഡിലോട്ട് പോകുന്ന എനിക്കെന്തിന് ഇത്?’
അവന്‍ പറഞ്ഞു.
‘എന്നാലും?’
ഞാന്‍ വെറുപ്പും ദേഷ്യവും അടുക്കി വെക്കാന്‍ പാടുപെട്ടു.
‘എന്നാലെന്താ? നീയൊന്ന് ട്രൈ ചെയ്തു നോക്ക്. പിന്നെ ഫോട്ടോ എന്റേട്ത്ത്ന്ന് കിട്ടിയതാണെന്നോ അവളെ പരിചയപ്പെടുത്തിയത് ഞാനാണെന്നോ പറഞ്ഞേക്കരുത്. എന്റെ ഇമേജ് പോവും. പിന്നെ, നിനക്കാവുമ്പോ ഇതൊരു പുതിയ അനുഭവമായിരിക്കും. ഇടയ്‌ക്കൊക്കെ ഒന്ന് ഇമേജ് മാറ്റിപ്പിടിക്കുന്നതും ഒരു രസമല്ലേ?’
അവനെ കൊണ്ടുപോകാനായി വന്ന ടാക്‌സിക്കാരന് വീട്ടുവിലാസം പറഞ്ഞുകൊടുക്കുന്നതിനിടയില്‍ ഇടയ്ക്ക് അവന്‍ തിരിഞ്ഞുനിന്നു.


 









Saturday, December 22, 2012

ഒരു ആത്മഹത്യ ഇവിടെ ജനിക്കുന്നു.


ഒരു ആത്മഹത്യ ഇവിടെ ജനിക്കുന്നു. 




ചിലപ്പോള്‍ ചില കാര്യങ്ങള്‍ നമ്മളെ വല്ലാതെ അസ്വസ്ഥരാക്കുന്നു. തീവ്രമായി പ്രതികരിക്കണമെന്ന് തോന്നാറുണ്ടെങ്കിലും കഴിഞ്ഞെന്നു വരില്ല. വികാരവേലിയേറ്റങ്ങള്‍ നല്ലവണ്ണമുണ്ടാവും. പക്ഷേ എന്നിട്ടും സ്വയം അടക്കി നിര്‍ത്തേണ്ടി വരുന്നു. കാലം കഴിയുന്നതോടെ എല്ലാത്തിനോടും പൊരുത്തപ്പെട്ട് അഡ്രിനാലിന്‍ എന്ന വികാര വേലിയേറ്റ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടാതെ എല്ലാം സഹിച്ച് കഴിഞ്ഞുകൂടേണ്ടി വരുന്നു. എന്തു സംഭവമുണ്ടാകുമ്പോഴും ഒരുതരം നിസംഗഭാവം മനസില്‍ വന്ന് നിറഞ്ഞ് ഉള്‍വലിയാന്‍ പ്രേരിപ്പിക്കുന്നു. കാലം കഴിയുന്നതോടെ നമ്മള്‍ നിശബ്ദനും നിര്‍ജീവനുമാവുന്നു. ഉള്ളിലടുക്കിപ്പിടിച്ച വികാരങ്ങളില്‍ ബാക്ടീരിയകളും ഫംഗസുകളും കൂട് കൂട്ടുന്നു. മരിച്ചു കഴിഞ്ഞാല്‍ ഈ ക്ഷുദ്രജീവികള്‍ക്ക് അധികമൊന്നും അധ്വാനിക്കാതെ വിഘടനപ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിയുന്നു.
ചിലരെ കാണുമ്പോള്‍ ചിലരെങ്കിലും പറയുന്നത് കേള്‍ക്കാറുണ്ട്.
‘പഴയ വിപ്ലവകാരിയായിരുന്നു. ഇവിടെ എന്തൊക്കെ പ്രസ്ഥാനങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും കൊടി പിടിക്കുകയും മുന്നിട്ടിറങ്ങുകയും ചെയ്തിട്ടുണ്ടെന്നോ?’
പുച്ഛമാണപ്പോള്‍ തോന്നുക.
അഡ്രിനാലിന്‍ കാലക്രമത്തില്‍ കൈമോശം വന്നവര്‍.
എന്തുകൊണ്ടാണ് ഇവര്‍ ഇപ്പോള്‍ നിശബ്ദരായി ജീവിക്കുന്നത്?
ചിലപ്പോള്‍ ചിന്തിക്കാറുണ്ട്. ഇവരുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍, ഒരു നിശ്ചിതപ്രായം കഴിഞ്ഞ് പിന്നെയും അതേ പോലെ ജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തീര്‍ച്ചയായും ആത്മഹത്യ ചെയ്‌തേനെ. അത്രയ്‌ക്കേറെ വിഷാദവും നിരാശതയും എന്നെ അലട്ടും.

വിഷാദം.
മറ്റൊരു വാക്കു കൂടി.
സത്യത്തില്‍ ഞാനൊരു വിഷാദരോഗിയാണ്.
പത്രത്തിലെ ആത്മഹത്യാ വാര്‍ത്തകള്‍ ശ്രദ്ധയോടെ വായിച്ചിരുന്ന ഒരു വിഷാദരോഗി.
എന്താണെന്നറിയില്ല, ആത്മഹത്യകള്‍ എന്നും എന്നെ ആകര്‍ഷിച്ചിരുന്നു.

മുമ്പ് കോളേജില്‍ എന്‍ജിനീയറിങ്ങിനു പഠിക്കുന്ന കാലത്ത് താമസിച്ചിരുന്ന ലോഡ്ജ് മുറിയില്‍ മുമ്പൊരാള്‍ തൂങ്ങിമരിച്ച കഥകള്‍ വലയം ചെയ്തിരുന്നു. ഞങ്ങള്‍ മൂന്നു പേരായിരുന്നു അന്ന് മുറിയില്‍. ഞാന്‍, രാകേഷ്, ലക്ഷദ്വീപുകാരനായ സലീം. എന്നും രാത്രികളില്‍ വെളുത്ത നിറമുള്ള ഒരു പൂച്ച മേല്‍ക്കൂരയിലെ പോളി കാര്‍ബണേറ്റ് ഷീറ്റിലേക്ക് എടുത്ത് ചാടുമ്പോഴേക്കും ഞങ്ങള്‍ ഞെട്ടിയെഴുന്നേല്‍ക്കും. തുടക്കത്തില്‍, മുന്‍പത്തെ തൂങ്ങിമരണ കഥകള്‍ കേള്‍ക്കുന്നതിനും അറിയുന്നതിനും മുമ്പ് തികച്ചും സ്വാഭാവികമായിരുന്നു ഞങ്ങളുടെ ഞെട്ടിയെഴുന്നേല്‍ക്കലെങ്കില്‍, പിന്നീട് അത് മാറി.
തൂങ്ങി മരണ കഥ അറിഞ്ഞതു മുതല്‍.

വര്‍ഷങ്ങളായി അവിടെ താമസിച്ചിരുന്ന പാചകക്കാരന്‍ ഇബ്രാഹീമാണ് ആ കഥ പറഞ്ഞത്. മാനുവല്‍ എന്നായിരുന്നത്രേ തൂങ്ങി മരിച്ച ആളുടെ പേര്. കല്യാണം കഴിഞ്ഞ് രണ്ട് ദിവസമേ ആയിരുന്നുള്ളൂ അപ്പോള്‍. ആദ്യരണ്ടു ദിവസവും ഭാര്യയ്‌ക്കൊപ്പം താമസിച്ച് മൂന്നാമത്തെ ദിവസം ഇവിടെ വന്ന് ആത്മഹത്യ ചെയ്യുകയും ചെയ്തു.
എന്തിനാണയാള്‍ ആത്മഹത്യ ചെയ്തത്?
കഥ കേട്ട രാത്രി മുഴുവനും ഞങ്ങളുടെ ചര്‍ച്ച ഇതിനെക്കുറിച്ചായിരുന്നു.
‘ഒരു പക്ഷേ കാരണം സെക്‌സായിരിക്കും. ആദ്യരാത്രിയില്‍ തന്നെ അവള്‍ വെളിപ്പെടുത്തിയിരിക്കാം, അവളുടെ മുന്‍കാമുകനെക്കുറിച്ച്..’
‘ഏയ്, ചിലപ്പോള്‍ വിഷാദമായിരിക്കും. കുറച്ചു ദിവസമായി അയാളില്‍ വിഷാദം മാത്രമായിരിക്കും. അതിങ്ങനെ നിറഞ്ഞുകവിഞ്ഞിരിക്കുകയായിരിക്കാം. ’
‘ചിലപ്പോള്‍ ജന്‍മനാ, ആത്മഹത്യാചിന്തകള്‍ അയാളിലുണ്ടാവാം. ആര്‍ക്കുമത് ഊഹിച്ചെടുക്കാന്‍ കഴിയില്ലല്ലോ?’
ഞങ്ങളുടെ സംശയങ്ങള്‍ പിന്നെ അയാള്‍ ആത്മഹത്യ ചെയ്ത അതേ നിമിഷത്തിലെത്തി. ഒരു പക്ഷേ, അന്ന് ഇതേ സമയത്തു തന്നെയാവാം അയാള്‍ ആത്മഹത്യ ചെയ്തത്. രാത്രി എല്ലാവരും ഉറങ്ങാന്‍ തുടങ്ങിയപ്പോള്‍, അടുത്തുള്ള കൈരളി തീയേറ്ററില്‍ നിന്നും അവസാനഷോയും കഴിഞ്ഞ് ജനക്കൂട്ടം പുറത്തിറങ്ങിയപ്പോള്‍, അകലങ്ങളിലേക്ക് പോവുന്ന അവസാന പാസഞ്ചര്‍ വണ്ടിയും മറഞ്ഞപ്പോള്‍ ആയിരിക്കണം അയാള്‍ മരണത്തിന്റെ ആദ്യത്തെ കുരുക്ക് ഫാനിനോട് ചേര്‍ത്തത്.
പിന്നെ പതുക്കെ ഒരു ദീര്‍ഘനിശ്വാസത്തോടെ രണ്ടാമത്തെ കുരുക്ക്.
മൂന്നാമത്തെ കുരുക്ക്..
അതിനു ശേഷം തല മുഴുവനും ആ കുരുക്കിലൂടെ ഇട്ട് പാകമാവുമോ എന്ന് നോക്കുന്നു. പിന്നെ വിശ്വാസമില്ലാത്ത വണ്ണം കുരുക്കിന്റെ ബലം കയര്‍ അഴിച്ച് പരിശോധിക്കുന്നു. തുടര്‍ന്ന് കസേരയില്‍ വന്നിരുന്ന് തൂങ്ങിയാടേണ്ട പൊസിഷന്‍ നിശ്ചയിക്കുന്നു.
പിന്നീടാണ് ആത്മഹത്യ ചെയ്തുതുടങ്ങുന്നത്.
തൂങ്ങിയാടുന്ന കാലുകളോടെ, തുറിച്ചു നില്‍ക്കുന്ന കണ്ണുകളോടെ, ഉമിനീര്‍ പൊഴിയാന്‍ തുടങ്ങുന്ന നാവ് പുറത്തേക്ക് ഏങ്കോണിച്ചു വരുന്നതോടെ ജീവിതവും അവസാനിക്കുന്നു.
ഒരു ആത്മഹത്യ ഇവിടെ ജനിക്കുന്നു.

ഒരു ജന്‍മം അവസാനിക്കുമ്പോള്‍ മാത്രമാണ് ഒരു മരണം ജനിക്കുന്നത്. ചിലപ്പോള്‍ ചിലര്‍ക്കെങ്കിലും ആത്മഹത്യ ഒരു ഡബിള്‍ പ്രമോഷനാവാറുണ്ട്. പതിനൊന്നുകാരനായ ഒരു കുട്ടി മുതിര്‍ന്നവര്‍ പഠിക്കുന്ന ഡിഗ്രി ക്ലാസുകളില്‍ വന്നിരിക്കുമ്പോള്‍ നിങ്ങള്‍ക്കെന്തു തോന്നും? അതുപോലെ തന്നെയാണ് പ്രായമായി മരിച്ചവരുടെ ഇടയിലേക്ക് ഒരു ചെറുപ്പക്കാരന്‍ അപമൃത്യുവിലൂടെ കടന്നുവരുമ്പോഴും.

അന്ന്, ചര്‍ച്ച നടന്ന രാത്രി ഞങ്ങളാരും ഉറങ്ങിയില്ല. ഉറക്കം വരുമ്പോഴേക്കും വെള്ളനിറമുള്ള പൂച്ച മുകളിലെ പോളി കാര്‍ബണേറ്റ് ഷീറ്റിനു മേലേക്ക് എടുത്തുചാടി ശബ്ദമുണ്ടാക്കും. വീണ്ടും ഉറങ്ങാന്‍ തുടങ്ങുമ്പോഴേക്കും തൂങ്ങിമരിച്ച മാനുവലിന്റെ കാലടികള്‍ ഞങ്ങളെ സ്പര്‍ശിക്കുന്നതു പോലെ തോന്നും. പെട്ടെന്ന് ഞെട്ടിയുണരുമ്പോള്‍ അത് ഞങ്ങളുടെ തന്നെ കാലടികളാണെന്ന സത്യം മനസിലാക്കും. ഞങ്ങള്‍ അത്രയ്ക്ക് ചേര്‍ന്നാണ് കിടന്നിരുന്നത്. അത്രയ്ക്ക് ഭയപ്പെട്ടിട്ടുണ്ടെന്നര്‍ഥം.
ചര്‍ച്ചയില്‍ ഈ വിഷയം എടുത്തിട്ടതിനു എല്ലാവരും പുലരുവോളം എന്നെത്തന്നെ കുറ്റപ്പെടുത്തത്തിക്കൊണ്ടിരുന്നു.
പിറ്റേന്ന് രാവിലെ തന്നെ മറ്റുള്ളവരെല്ലാം മുറികള്‍ മാറുകയും ഞാന്‍ അവിടെ ഏകനാവുകയും ചെയ്തു.

രാത്രി.
പതിവുപോലെ വെള്ളപ്പൂച്ച പോളികാര്‍ബണേറ്റ് ഷീറ്റിനു മുകളിലേക്ക് എടുത്തുചാടി. പിന്നെയും മണിക്കൂറൊന്നു കഴിഞ്ഞപ്പോള്‍ ഫാനിന്റെ തുമ്പില്‍ നിന്നും ഒരു തുണി താഴേക്കു നീണ്ടു. മാനുവലിന്റെ കാലടിപ്പാടുകള്‍ എന്റെ പുതപ്പിനോട് തൊട്ടു. ഞാന്‍ ഒരു സ്വപ്നലോകത്തിലെന്ന പോലെ മാനുവലിനെത്തന്നെ നോക്കി നിന്നു. ഫാനിന്റെ ദളങ്ങളില്‍ അധികഭാരം കൊടുക്കാതെ ആടുന്നതിനിടയില്‍ മാനുവല്‍ അയാളുടെ ജീവിതകഥ പറയാനും തുടങ്ങി.
ഭാര്യയുമായി രണ്ടു ദിവസം മാത്രമാണ് അയാള്‍ കഴിഞ്ഞത്. രണ്ടാം നാള്‍ രാത്രിയാണ് തെരേസ എല്ലാം വെളിപ്പെടുത്തിയത്. അവള്‍ അവളുടെ അച്ഛനാല്‍ ഗര്‍ഭിണിയാണ്. കഴിഞ്ഞ കുറച്ചു കാലമായി കാമഭ്രാന്തു തീരാത്ത ആ മനുഷ്യന്‍ വാര്‍ധക്യത്തിലേക്ക് കടന്ന ഭാര്യയെ വിട്ട് മകളെ പ്രാപിക്കുകയായിരുന്നു.
‘..ഇതറിഞ്ഞപ്പോള്‍ മുതല്‍ എനിക്ക് മനുഷ്യവര്‍ഗത്തോടു മുഴുവനായും പുച്ഛമായിരുന്നു. ലോകത്തുള്ള സകല മനുഷ്യരോടും എനിക്ക് ദേഷ്യവും വെറുപ്പും തോന്നി..’
മാനുവല്‍ തുടര്‍ന്നു.
‘പറയൂ, ഞാനെന്താണ് ചെയ്യേണ്ടിയിരുന്നത്? തീര്‍ച്ചയായും എന്റെ നിര്‍ഭാഗ്യമോര്‍ത്തല്ല, ഞാന്‍ ആത്മഹത്യ ചെയ്തത്. അവളെക്കുറിച്ചോര്‍ത്തപ്പോഴും എനിക്ക് ആത്മഹത്യ ചെയ്യാന്‍ തോന്നിയില്ല. പിന്നെയും എന്നെ ആത്മഹത്യയിലേക്ക് നയിച്ചത് അയാളെക്കുറിച്ചുള്ള ചിന്തകളായിരുന്നു. സ്വന്തം മകളെത്തന്നെ കാമഭോഗത്തിനായി ഉപയോഗിച്ച മനുഷ്യന്‍. അയാള്‍ ജീവിക്കുന്ന ഈ ലോകത്ത് എന്തിന് ഞാനും ജീവിക്കണം? ഇനിയും ഞാന്‍ ജീവിക്കുകയാണെങ്കില്‍, ഒരു പക്ഷേ ദൈവം പോലും എന്നോട് പൊറുത്തെന്നു വരില്ല.. പറയൂ, ഞാന്‍ ചെയ്തതില്‍ നിങ്ങള്‍ക്കെന്നെ കുറ്റപ്പെടുത്താന്‍ കഴിയുമോ?’
മാനുവല്‍ അസ്വസ്ഥതയോടെ ചോദിച്ചു.
ഞാനൊന്നും മിണ്ടിയില്ല. വാസ്തവത്തില്‍ ആ ചോദ്യത്തിന് എനിക്കുത്തരമുണ്ടായിരുന്നില്ല. മാനുവലിനൊപ്പം എന്റെ വിഷാദങ്ങളും കലര്‍ത്തി ഒരുതരം ആത്മഹത്യാ ചിന്തയിലായിരുന്നു, അപ്പോള്‍ ഞാനും. പക്ഷേ, അതിന് ആദ്യം വേണ്ടത് മാനുവലിന്റേതു പോലെ അവിശ്വസനീയമെങ്കിലും ന്യായീകരിക്കാന്‍ കഴിയുന്ന ഒരു കാരണമാണ്.

ഒരു കാരണം കണ്ടെത്തുക എളുപ്പമല്ലെന്നറിയാം. അതൊരിക്കലും ബാലിശമാവരുതെന്ന നിര്‍ബന്ധവുമുണ്ടായിരുന്നു. എങ്കിലും സാധാരണ കണ്ടുവരുന്ന കാരണങ്ങളിലൊന്നുമാവുകയുമരുത്. ചിലപ്പോള്‍ ചില കാരണങ്ങള്‍ക്ക് ഡിസ്റ്റിങ്ഷന്‍ മാര്‍ക്ക് നല്‍കി അവസാനവട്ട മിനുക്കുപണികളിലായിരിക്കുമ്പോഴാണ് സംശയം തോന്നുന്നതും കൂടുതല്‍ ആഴത്തില്‍ ചിന്തിച്ച് അവയിലെ ബാലിശവും വിഡ്ഡിത്തവും മനസിലാക്കുന്നതും. ദൈവമേ, ഇത്രയും ദീര്‍ഘവീക്ഷണമില്ലാത്തയാളാണോ ഞാന്‍?
കാരണം ശരിക്കും ഒരു മരീചികയാണ്. ഏറെ പ്രതീക്ഷിച്ച് അടുത്തെത്തുമ്പോഴൊക്കെ അത് ദൂരേയ്ക്ക് മാറി തെന്നിയകന്നു പോവും. അവതാരലക്ഷ്യം പൂര്‍ത്തിയാക്കുന്നതില്‍ നിന്ന് അതെപ്പോഴും നമ്മെ പിന്തിരിപ്പിക്കുകയോ സംശയാകുലനാക്കുകയോ ചെയ്തുകൊണ്ടിരിക്കും.

എങ്കിലും മരിക്കുന്നതു വരേയും അന്വേഷണം തുടരാന്‍ തന്നെയാണ് എന്റെ തീരുമാനം.

  

   





Tuesday, December 4, 2012

ഒറ്റനിലയിലെ മായാജാലക്കൊട്ടാരം



 ഒറ്റനിലയിലെ മായാജാലക്കൊട്ടാരം

ചെറിയ പ്‌ളോട്ട്. നീണ്ടു നില്‍ക്കുന്ന സ്ഥലം. കോഴിക്കോട് ചാത്തമംഗലത്തുള്ള രാമപ്രസാദിന്റെയും വിഭയുടേയും വീടെടുക്കുമ്പോള്‍ എന്‍ജിനീയറായ ഫൈസല്‍ ബാലുശേരിയുടേയും റഷീദിന്റേയും (റോക്ക് ഫ്‌ളവേര്‍സ്, ബാലുശേരി) പ്രധാനവെല്ലുവിളി ഇതായിരുന്നു. എട്ട് സെന്റ് മാത്രമായിരുന്നു വീടിരിക്കുന്ന സ്ഥലം. ഒടുവില്‍ വെല്ലുവിളികളെ തരണം ചെയ്ത് വീടുപണി പൂര്‍ത്തിയാക്കിയപ്പോള്‍ ഇങ്ങനെയും വീടോ എന്ന് ചോദിക്കാനും അത്ഭുതപ്പെടാനും ആളുകളേറെ. വെറും 1331 സ്‌ക്വയര്‍ ഫീറ്റാണ് വീട്. റോഡ് സൈഡില്‍ നിന്നും പിന്നോട്ടേക്ക് നീണ്ടു കിടക്കുന്ന മെലിഞ്ഞ പ്‌ളോട്ട് ആയിരുന്നു ഇത്. തൊട്ടപ്പുറത്തെല്ലാം വീടുകളുമുണ്ട്. മനോഹരമായ വീടൊരുക്കണം. പക്ഷേ അപ്പുറത്തെ വീടുകള്‍ക്ക് ഇടയില്‍ കിടന്ന് ഞെരുങ്ങുകയുമരുത്. അതിനാല്‍ മേല്‍ക്കൂരയില്‍  ഓരോ കട്ടിങ്ങ് ആയാണ് വീടിന്റെ ഡിസൈന്‍ നല്‍കിയിരിക്കുന്നത്. ഓടും മറ്റും മേല്‍ക്കൂരകളില്‍ നിന്നും മറ്റൊന്നിലേക്ക് ഓവര്‍ലാപ് ചെയ്താണ് നല്‍കിയത്. ഒരു ഒറ്റനില വീടിന്റെ സൗന്ദര്യമൊക്കെയും ഇവിടെ ഭംഗിയായി ആവാഹിച്ചിരിക്കുന്നത് കാണാം. ജനാലകളൊക്കെയും ഓരോ മുറിയ്ക്കും പരമാവധി കാറ്റും വെളിച്ചവും കിട്ടത്തക്ക വിധത്തില്‍ മുറികളുടെ ഡിസൈനിനു കൂടി യോജിച്ച വിധമാണ് നല്‍കിയിരിക്കുന്നത്.
ഒതുക്കമുള്ള വീട്
ചെറിയ വീടാണെങ്കില്‍ കൂടി ഒരു സാധാരണ വീട്ടിലുണ്ടായിരിക്കേണ്ട എല്ലാ അറേഞ്ച്‌മെന്റുകളും ഈ വീട്ടിലുമുണ്ട്. ഡൈനിങ് റൂം, കിച്ചണ്‍, കോലായ, സ്വീകരണമുറി തുടങ്ങി എല്ലാ അത്യാവശ്യങ്ങളും വീട്ടില്‍ കാണാം.
ബാങ്ക് മാനേജരായ വീട്ടുകാരന്‍ രാമപ്രസാദിന്റെ ഏക കണ്ടീഷന്‍ ഒതുക്കമുള്ള വീട് വേണമെന്നയിരുന്നു. കുറഞ്ഞ സ്ഥലത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്താനായി വീട്ടിനകത്തെ  വാക്കിങ് സ്‌പേസ് പരമാവധി കുറച്ചു. ഈ സ്‌പേസ് സേവിങ് കാരണം വീട്ടിലെ മുറികളിലേക്ക് പെട്ടെന്ന് എത്താനാവും. മനോഹരമായ ഡൈനിങ് ഹാളാണ് വീട്ടിനകത്തെ പ്രധാനഭാഗങ്ങളിലൊന്ന്. ഹാളിനൊരുവശത്തായി തന്നെ ഒരു നടുമുറ്റത്തിന്റെ പ്രതീതിയുളവാക്കുന്ന ചെറിയൊരു വാട്ടര്‍ ബോഡിയും കൊടുത്തിരിക്കുന്നതു കാണാം. ചുറ്റുമായി ഒരു ചെറുപൂന്തോട്ടത്തിന്റെ എല്ലാ ഭാവങ്ങളും ഇവിടെയുണ്ട്. മഴ പെയ്യുമ്പോള്‍ വെള്ളം ഇവിടെ ഈ കുളത്തില്‍ പെയ്തിറങ്ങും..
കാറ്റും വെളിച്ചവും ആവോളം
ചെറുതെങ്കിലും ഓരോ മുറിയും കൗതുകം ജനിപ്പിക്കുന്നു, ഇവിടം. മൂന്ന് കിടപ്പുമുറികളുള്ളത് മൂന്നും ഒന്നിനൊന്ന് വ്യത്യസ്തം. എല്ലാ കിടപ്പുമുറികള്‍ക്കും അറ്റാച്ച്ഡ് ബാത്‌റൂമുകളും ഡ്രെസിങ് ഏരിയയും നല്‍കിയിരിക്കുന്നത് കാണാം. ഇതിലെ ടോയ്‌ലറ്റുകളും പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നു. പരമാവധി വെന്റിലേഷന്‍ കിട്ടത്തക്ക വിധമാണ് ഇതിന്റെ അറേഞ്ച്‌മെന്റ്.
ലിവിങ്ങില്‍ പ്രവേശിച്ചയുടനെ കാണാം ഇവിടത്തെ സ്‌പോഞ്ചിങ് സ്‌റ്റൈലിലുള്ള കുഷനോടു കൂടിയ സോഫാ സെറ്റ്. ഇവ ഇന്‍ബില്‍റ്റ് ആയി ചുവരോടു ചേര്‍ന്നു തന്നെയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഈ സോഫ വേണമെങ്കില്‍ മടക്കിവെച്ച്, സോഫ കം ബെഡ് ആക്കാവുന്ന അറേഞ്ച്‌മെന്റും ഉണ്ട്. ലിവിങ്ങിനരികില്‍ തന്നെ വലിയൊരു കവാടത്തിന്റെ ചിത്രം നിങ്ങളെ ആകര്‍ഷിക്കും. ഒറ്റനോട്ടത്തില്‍ ഒരു ചിത്രമായി തോന്നിക്കുന്ന ഈ കവാടം തുറന്നാല്‍ നിങ്ങള്‍ ഇവിടത്തെ പൂജാമുറിയിലെത്തും. ചുവരിലെ ചിത്രം പോലെ, കവാടത്തിന്റെ ചിത്രം ഫ്‌ളക്‌സ് ഷീറ്റില്‍ പ്രിന്റ് ചെയ്ത് ഗ്ലാസില്‍ ഒട്ടിച്ച് നല്‍കുകയായിരുന്നു. ഇത് തുറക്കാന്‍ പറ്റുമോ എന്ന് ആര്‍ക്കും സംശയം തോന്നും വിധമാണ് അറേഞ്ച്‌മെന്റെന്നത് ആര്‍കിടെക്ചര്‍ ഭംഗിയ്ക്കും വഴിവെക്കുന്നു. ഡൈനിങിലേക്കു കടക്കുന്നതിനു മുമ്പ് കുടയും ചെരിപ്പുമൊക്കെ വെക്കാനുള്ള പ്രത്യേകഅറേഞ്ച്‌മെന്റുമുണ്ട്. കണ്ടാല്‍ പാചകം ചെയ്യാന്‍ തോന്നിക്കുന്ന വിധം ഒരു കിച്ചണം ഭംഗിയായി സംവിധാനിച്ചിരിക്കുന്നു.
 2010 ല്‍ ആയിരുന്നു വീടുപണി പൂര്‍ത്തിയായത്. മൊത്തം ഏഴ് മാസമെടുത്തു വീടുപണി പൂര്‍ത്തിയാക്കാന്‍. മലേഷ്യന്‍ വുഡ് ആണ് ഇവിടെ ഫര്‍ണിച്ചറുകള്‍ക്കും മറ്റ് തടിപ്പണികള്‍ക്കുമൊക്കെ കൊടുത്തിരിക്കുന്നത്. ഏരിയ പരമാവധി കുറച്ചതു വഴി ചെലവു പരമാവധി കുറക്കാനും  സാധിച്ചു.


Friday, November 30, 2012

സുമംഗല എഴുതിയ കത്ത്‌


സുമംഗല എഴുതിയ കത്ത്‌
കുഞ്ഞുന്നാളിലേ സുമംഗലയുടെ മിഠായിപ്പൊതി എന്ന ബാലസാഹിത്യകൃതി വായിച്ചാണ് വളര്‍ന്നത്. അതിന്റെ ആവേശത്തില്‍ അവര്‍ക്ക് കത്തെഴുതുകയും ചെയ്തു. ശരിക്കും അവരുടെ മറുപടി കത്ത് ഞാനേറെ സ്‌നേഹിച്ചിരുന്നു. ജീവിതത്തിലൊരിക്കലും വിട്ടുകളയാന്‍ കഴിയാത്തൊരു സമ്മാനമായി.. 

Tuesday, November 20, 2012

അതെ, ദൈവം പലപ്പോഴും അങ്ങനെയാണ്.



അതെ, ദൈവം പലപ്പോഴും അങ്ങനെയാണ്. 



ഒരു പുസ്തകമെഴുതുക.
അത് പ്രസിദ്ധീകരിക്കുക.
കുട്ടിക്കാലത്തെ എന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു അത്.
ചിലപ്പോള്‍ പത്രത്താളുകളില്‍ കുഞ്ഞെഴുത്തുകാരുടെ കൃതികളെക്കുറിച്ചുള്ള സ്‌പെഷ്യല്‍ ഫീച്ചറുകള്‍ വരുമ്പോള്‍ ഞാന്‍ അസൂയയോടെ നോക്കി നില്‍ക്കും. പലപ്പോഴും ഈ അസൂയ ഈര്‍ഷ്യയിലേക്കും ദേഷ്യത്തിലേക്കും നയിക്കുകയും, പിന്നെ അര്‍ധരാത്രി എല്ലാവരും ഉറങ്ങിക്കിടക്കുമ്പോള്‍ ദൈവത്തോട് മനസില്‍ വാചകമേള നടത്തുന്നിടം വരെ എത്തിക്കുകയും ചെയ്യും.
‘ദൈവമേ, നീയെന്തിനാണ് എന്നെയീ ചെറിയ ഗ്രാമത്തില്‍ ജനിപ്പിച്ചത്? എന്നെ നിനക്ക് വല്ല അമേരിക്കയിലോ ഇംഗ്ലണ്ടിലോ മുംബൈയിലോ ജനിപ്പിക്കാമായിരുന്നില്ലേ?’
ചിലപ്പോള്‍ എന്റെ സ്വപ്നങ്ങളും വാചകമേളയും കാടുകയറും.
മുംബൈയിലായിരുന്നെങ്കില്‍ ഞാനിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അംഗമാവുമായിരുന്നു. സച്ചിനോടൊപ്പം തോളോട് തോളുരുമ്മി നില്‍ക്കുന്ന ഫോട്ടോ എന്റെ ബെഡ് റൂമില്‍ തൂങ്ങിക്കിടന്നേനെ.
പക്ഷേ, എന്തു ചെയ്യാം?
എന്റെ മന:പ്രയാസങ്ങളൊക്കെയും കിടപ്പുമുറിയിലെ ചുവരുകള്‍ ഒപ്പിയെടുക്കും.
എന്റെ വിഷമങ്ങള്‍ ചിലപ്പോള്‍ ഞാന്‍ അഭിനയിച്ചു കാണിക്കുകയും ചെയ്യും. എങ്കിലും ഭൂരിഭാഗം ദു:ഖങ്ങളും മനസില്‍ ഒളിച്ചുവയ്ക്കും. പക്ഷേ സഹിക്കാവുന്നതിലുമപ്പുറമാവുമ്പോള്‍ വീണ്ടും ചുവരുകളൊടു തന്നെ സങ്കടം പറയും. അവ വീണ്ടും നിശബ്ദം എല്ലാം കേള്‍ക്കും. ഒരു പ്രതികരണവുമില്ലാതെ.
ക്രമേണ ഞാന്‍ ചുവരുകളേയും വെറുത്തുതുടങ്ങി. അപ്പോഴേക്കും എന്റെ തലമുടിയിലെ വെളിച്ചെണ്ണ പുരണ്ട് അവ കറുത്തുതുടങ്ങിയിരുന്നു. സ്ഥിരമായി മൂന്ന് വര്‍ഷത്തിലൊരിക്കല്‍ വീടിന് പെയിന്റ് ചെയ്യാന്‍ വരാറുള്ള വിജയന് ആ പ്രാവശ്യം ആ ചുവരുകള്‍ ചായം പൂശാന്‍ സമയമേറെ പിടിച്ചു. എന്നിട്ടും വെളിച്ചെണ്ണ പുരണ്ട കറുപ്പുമയം അപ്രത്യക്ഷപ്പെടാന്‍ കൂട്ടാക്കാതെ നിന്നു.
സത്യത്തില്‍ ചുവരുകളെ താന്‍ എന്തിനാണ് വെറുത്തു തുടങ്ങിയത്?
ഒരു രാത്രിയില്‍ ഞാന്‍ ചിന്തിച്ചത് ഇതിനെപ്പറ്റിയായിരുന്നു.
ചുവരുകള്‍..
അവയ്ക്ക് എന്റെ കഥകള്‍ ഇഷ്ടമല്ലെങ്കിലോ?
അവ എന്റെ എല്ലാ ദു:ഖങ്ങളും കേള്‍ക്കുന്നു.
എന്റെ ശ്വാസം ആഗിരണം ചെയ്യുന്നു.
എന്റെ ചുംബനങ്ങളെ നിശബ്ദം ഏറ്റുവാങ്ങുന്നു.
പക്ഷേ, എന്നിട്ടും എനിക്കവയോടും അവയ്‌ക്കെന്നോടും വെറുപ്പാണ്!

ചുവരുകളോടു പറയാറുള്ളതു പോലെ ഒരു ജനക്കൂട്ടത്തിലേക്ക് ഓടിക്കയറി എനിക്കറിയാവുന്ന സത്യങ്ങളും എന്റെ ദു:ഖങ്ങളും വിളിച്ചുപറയണമെന്നു തോന്നാറുണ്ട്. അപ്പോള്‍ കാണികളുടെ മുഖത്തുനിറയുന്ന അത്ഭുതവും അങ്കലാപ്പും ഞാന്‍ മുന്‍കൂട്ടി കാണുന്നു.
ചില ഇംഗ്ലീഷ് സിനിമകളിലേതു പോലെ പെട്ടെന്ന് സദസ് നിശബ്ദമായേക്കാം.
പിന്നെ ഓരോരുത്തരായി ഇതാണോ വലിയ ആനക്കാര്യം എന്ന ഭാവത്തോടെ ഓരോയിടത്തേക്ക് നടക്കാന്‍ തുടങ്ങും. അവരവരുടെ ജീവിതവഴിയിലേക്ക് ചിതറിത്തെറിക്കും. ഞാന്‍ അപ്പോള്‍ ഏകായിയായി ആകാശത്തേക്കു നോക്കും. അവിടെയാണല്ലോ എന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ച സര്‍വശക്തന്‍ ഉള്ളത്.
ദൈവമേ നീയെന്തിനാണ് എന്നെ സൃഷ്ടിച്ചത്?
ഞാന്‍ സംശയിക്കും.

ഒരിക്കല്‍, പള്ളിയില്‍ സ്ഥിരമായി വെള്ളിയാഴ്ച ഖുതുബ: പ്രസംഗം നടത്താറുള്ള മൗലവിയോടും ഞാന്‍ ചോദിച്ചു, ഇതേ ചോദ്യം.
‘ദൈവത്തിന് എണ്ണിയാലൊടുങ്ങാത്ത ഭാവങ്ങളുണ്ട്..’
അദ്ദേഹം പറഞ്ഞുതുടങ്ങി.
‘എണ്ണിയാലൊടുങ്ങാത്ത കഴിവുകളുണ്ട്. എണ്ണിയാലൊടുങ്ങാത്ത വികാരങ്ങളുണ്ട്. എണ്ണിയാലൊടുങ്ങാത്ത സ്‌നേഹവുമുണ്ട്.. ദൈവത്തിന്റെ കഴിവുകളുടെ ഒരംശം മാത്രമാണ് ഭൂമുഖത്തെ മനുഷ്യരടക്കമുള്ള ജീവിവര്‍ഗങ്ങള്‍ക്കെല്ലാമുള്ളത്. ഒരു കുഞ്ഞിന് അമ്മയോട് തോന്നുന്ന സ്‌നേഹവും അമ്മയ്ക്ക് കുഞ്ഞിനോട് തോന്നുന്ന സ്‌നേഹവും കാരുണ്യത്തിന്റേയും സ്‌നേഹത്തിന്റേയും പരകോടിയായി നമ്മള്‍ എണ്ണുന്നു. എന്നാല്‍ അവ ദൈവസന്നിധിയിലെ സ്‌നേഹത്തിന്റേയും കാരുണ്യത്തിന്റേയും ദശാംശത്തിലൊന്നുവരുന്ന വികാരം മാത്രമാണെന്നറിയുമ്പോഴോ? കോടികളില്‍ വെറുമൊന്ന്!’
‘ഈ ലോകത്തിലെ എല്ലാ വികാരങ്ങളുമെടുത്തു വെച്ചാലും അവ ദൈവസന്നിധിയിലെ വികാരങ്ങളില്‍ നൂറിലൊരംശം മാത്രമാണ്. പലപ്പോഴും മനുഷ്യന്റെ മത്‌സരം ദൈവങ്ങളോടാണ്. പക്ഷേ ഈയൊരു പരമമായ സത്യം മനസിലാക്കുമ്പോള്‍ പിന്നെ നമ്മളെന്തിനു ദേഷ്യപ്പെടണം?’
അദ്ദേഹം ഒന്നുനിര്‍ത്തിയപ്പോള്‍ ഞാന്‍ മറ്റു ചില വികാരങ്ങളുടേയും സംശയങ്ങളുടേയും പിന്നാലെയായിരുന്നു.
അങ്ങനെയെങ്കില്‍ നാം എന്തിന് സ്‌നേഹിക്കണം?
എന്തിന് കാരുണ്യം കാണിക്കണം?
എന്തിന് ദയയും വിട്ടുവീഴ്ചയും ചെയ്യണം?

എനിക്ക് ദൈവത്തിനൊപ്പമെത്തണം.
എനിക്ക് ദൈവത്തെപ്പോലെ സ്‌നേഹിക്കണം. ദൈവത്തെ പോലെ കാരുണ്യവാനാവണം.

പിന്നെയും കാടുകയറിയപ്പോള്‍ എനിക്കു ചെയ്യാന്‍ സാധിക്കാത്തതും ദൈവത്തിനു മാത്രം സാധിക്കുന്നതുമായ നൂറായിരം കാര്യങ്ങള്‍ മനസില്‍ തെളിയാന്‍ തുടങ്ങി. ഞാനറിയുകയായിരുന്നു, എനിക്കൊരിക്കലും ദൈവമാവാന്‍ കഴിയുകയില്ലെന്ന്.
ദൈവം ഒന്നേയുള്ളൂ.
ഒന്നേ ഉണ്ടാകാനും പാടുള്ളൂ.
ഇനി അഥവാ കൂടുതലുണ്ടെങ്കില്‍ ശരിക്കും ഒരു സര്‍ക്കാര്‍ ഓഫീസിന്റെ നിലവാരത്തിലേക്ക് പ്രപഞ്ചം തരം താഴുകയും ചെയ്യും. ഒരേ ജോലി നിര്‍വഹിക്കാന്‍ തന്നെ ഒരുപാടു പേര്‍. അസൂയയുടേയും കുതികാല്‍ വെപ്പിന്റേയും കൂത്തരങ്ങായി ദൈവങ്ങള്‍ പരസ്പരം യുദ്ധം ചെയ്യും. ആ യുദ്ധത്തില്‍ ചില ദൈവങ്ങള്‍ക്ക് മാരകമായി പരിക്കേല്‍ക്കും. ചില ദൈവങ്ങള്‍ മരിച്ചെന്നും വരും.
ദൈവം മരിക്കുകയോ?
ചിന്തിക്കാനേ വയ്യ.

ഇതിനിടെ നാട്ടില്‍ നടന്ന ഒരു മതപ്രഭാഷണത്തിനിടെ പ്രാസംഗികനോട് ഞാന്‍ ചോദിക്കുകയും ചെയ്തു, ദൈവാസ്തിത്വത്തെപ്പറ്റി.
ദൈവമോക്ഷം എന്നതായിരുന്നു വിഷയം. മഴ പെയ്തു തോര്‍ന്ന ആ രാവില്‍ വിഷയാവതരണത്തിനു ശേഷം ആര്‍ക്കെങ്കിലും സംശയമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ചോദ്യങ്ങള്‍  ക്ഷണിച്ചുകൊണ്ട് അദ്ദേഹം നിര്‍ത്തിയപ്പോള്‍ ഞാന്‍ ചോദിച്ചു.
‘ദൈവം മരിച്ചെന്ന് വിശ്വസിക്കാമോ മൗലവീ? അതായത്, റിലയന്‍സ് ഉടമ ധിരുബായ് അംബാനിയ്ക്കു ശേഷവും റിലയന്‍സ് നിലനില്‍ക്കുന്നതു പോലെ, ഒരു ക്ലോക്കുണ്ടാക്കിയ ആള്‍ മരിച്ചതിനു ശേഷവും ക്ലോക്കില്‍ സമയം തെളിയുന്നതു പോലെ ഈ പ്രപഞ്ചം ഉണ്ടാക്കിയതിനു ശേഷം ദൈവം മരണപ്പെട്ടു പോയി. പക്ഷേ, അതിനു ശേഷവും പ്രപഞ്ചം പഴയതുപോലെ ഒരു യന്ത്രഭാഷയില്‍ തുടരുന്നു. അങ്ങനെ വിശ്വസിക്കാമോ? അതായത്, ദൈവം മരിച്ചുപോയെന്ന്?’
ചോദ്യം ചോദിക്കുന്നതില്‍ ഒരു വിമതന്റെ സന്തോഷം അപ്പോള്‍ തോന്നിയെങ്കിലും ഉള്ളിന്റെയുള്ളില്‍ ഇങ്ങനെ കരുതുന്നതു തെറ്റാണെന്നും ഇനിയൊരായിരം വട്ടം മാപ്പിരന്നാലേ ദൈവം എന്നോടു പൊറുക്കുകയുള്ളൂ എന്നും ആരോ പറയുന്നതു പോലെ തോന്നിയിരുന്നു.
‘എന്റെ പ്രിയപ്പെട്ട സഹോദരാ,’
മൗലവി ഉത്തരം പറയാന്‍ തുടങ്ങി.
‘ദൈവത്തിന് ഞങ്ങള്‍ നല്‍കുന്ന നിര്‍വചനം ആദ്യമേ പറയാം. അവന്‍ എല്ലാവരേയും ജനിപ്പിക്കുന്നവനാണ്. അവന് ജനനമോ മരണമോ ഇല്ല. അവന് മയക്കമോ മനുഷ്യനോ മറ്റു ജീവജാലങ്ങള്‍ക്കോ ബാധിക്കുന്ന യാതൊരു തരം വികാരവും ഇല്ല. ദൈവത്തെ വെറും മനുഷ്യനുമായി താരതമ്യം ചെയ്യുമ്പോഴാണ് അവന്റെ അസ്തിത്വത്തെ സംശയപൂര്‍വം നോക്കാന്‍ തോന്നുന്നത്. നമുക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചാല്‍ തന്നെ മനസിലാവും ദൈവത്തിന്റെ അസ്തിത്വം. ഓരോ പ്രപഞ്ചസൃഷ്ടിയിലും... പിന്നെയുള്ളത് ലോകാവസാനം.. അത് ശരിക്കുമൊരു ലോകാവസാനമല്ല, മറിച്ച് മറ്റൊരു ലോകത്തേക്കുള്ള സ്ഥലം മാറ്റമാണ്. ദൈവവും മനുഷ്യനും തമ്മില്‍ കാണുന്ന ദിവസം.’

അന്നത്തെ ദിവസം മുഴുവനും ഞാന്‍ ദൈവത്തെ സങ്കല്‍പ്പിച്ചു കൂട്ടുകയായിരുന്നു. അപ്പോഴൊക്കൈയും മുന്നില്‍ വന്നുനിറഞ്ഞത് കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവും കൊച്ചുകുട്ടികള്‍ പ്രഭാതം വരയ്ക്കുമ്പോള്‍ ആദ്യം വരയ്ക്കാറുള്ള പര്‍വതനിരയും അതിനിടയിലെ സൂര്യനുമായിരുന്നു. ദൈവത്തെ കാണണമെന്ന മോഹവുമായി ഒരിക്കല്‍ ദൈവദൂതനായ മൂസ (അ) സീനാ പര്‍വതത്തിനു ചുവട്ടില്‍ ചെന്നുനിന്ന കഥയും ഓര്‍മ വന്നു. കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം പര്‍വതത്തില്‍ നിന്ന് തെളിഞ്ഞു. മൂസ (അ) അത്ഭുതപ്പെട്ടു നില്‍ക്കേ ദൈവം മൂസയോട് സംസാരിക്കാനാരംഭിച്ചു.
ദൈവവചനങ്ങള്‍.

പഴയ മറ്റൊരു കഥ കൂടി ഓര്‍മ വരുന്നു.
എന്നും ദൈവത്തെ കാണണം എന്നാഗ്രഹിക്കുന്ന ഒരാള്‍. ഒടുവില്‍ അയാള്‍ ആഗ്രഹം പൂര്‍ത്തിയാവാതെ മരണമടഞ്ഞു. ദൈവസന്നിധിയിലെത്തിയപ്പോള്‍ ദൈവം അയാളോട് കോപിഷ്ഠനായിരുന്നു.
‘ഇയാളെ കൊണ്ടുപോയി നരകത്തിലെറിയൂ..’
ദൈവം കല്‍പിച്ചു.
അയാള്‍ക്ക് അത്ഭുതമായിരുന്നു അപ്പോള്‍.
‘ദൈവമേ, അങ്ങയെ കാണണമെന്ന അദമ്യമായ മോഹം മനസില്‍ സൂക്ഷിക്കുകയല്ലാതെ ഞാനൊരു തെറ്റും ചെയ്തിട്ടില്ല. എന്നിട്ടും അങ്ങ് എന്റെ മുന്നില്‍ പ്രത്യക്ഷപ്പെടാതെ നിന്നു. ഇപ്പോഴിതാ, ഒരു തെറ്റും ചെയ്യാത്ത എന്നെ നരകത്തിലെറിയുകയും..’
‘ഞാന്‍ നിന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.’
ദൈവം.
‘എന്റെ മുന്നിലോ?’
‘അതെ, നിന്റെ മുന്നില്‍, പലവട്ടം..’
ദൈവം അയാളുടെ കണ്ണുകളിലേക്കുറ്റു നോക്കി പറയാനാരംഭിച്ചു.
‘അന്നൊരിക്കല്‍ നിന്റെ മുന്നില്‍ വിശന്നുവലഞ്ഞെത്തിയ ഒരു വൃദ്ധയെ ആട്ടിയിറക്കിയില്ലേ? അത് ഞാനായിരുന്നു. മറ്റൊരിക്കല്‍ മകളുടെ കല്യാണത്തിന് സഹായിക്കണമെന്ന് പറഞ്ഞെത്തിയ വൃദ്ധനു നേരെ നീ വീട്ടിലെ പട്ടിയെ അഴിച്ചുവിട്ടില്ലേ? അതും ഞാനായിരുന്നു. പിന്നൊരിക്കല്‍ റോഡപകടത്തില്‍ മാരകമായി മുറിവേറ്റയാളെ കണ്ടിട്ടും അയാളെ രക്ഷിക്കാതെ നിന്റെ വണ്ടി വേഗത്തിലോടിച്ചു പോയില്ലേ? ആ മുറിവേറ്റയാള്‍ ഞാനായിരുന്നു.’
എല്ലാം കേട്ടുനിന്ന അയാളെ അതേ അത്ഭുതം മാറുന്നതിനു മുമ്പേ, ദൈവദൂതന്‍മാര്‍ നരകത്തിലേക്ക് വലിച്ചെറിഞ്ഞു.

അതെ, ദൈവം പലപ്പോഴും അങ്ങനെയാണ്.
നിനച്ചിരിക്കുന്ന സമയത്ത് നിങ്ങളുടെ അടുത്ത് വരികയോ സഹായം നല്‍കുകയോ ചെയ്‌തെന്നു വരില്ല. എന്നാല്‍ നിനച്ചിരിക്കാത്ത സമയത്ത് നിങ്ങളുടെ കൂടെയുണ്ട്. പല ഭാവത്തില്‍, പല രൂപത്തില്‍.

 
     
   

   






Monday, November 19, 2012

എത്രയെത്ര ദാര്‍വിഷുമാര്‍ ഫലസ്തീനിലെ മണ്ണിലുണ്ടാവും.?



        എത്രയെത്ര ദാര്‍വിഷുമാര്‍ ഫലസ്തീനിലെ മണ്ണിലുണ്ടാവും.?



         ജനിച്ചു എന്ന കുറ്റമേ ഇവര്‍ ചെയ്തിട്ടുള്ളൂ. ക്രൂരമായി വേട്ടയാടപ്പെടാന്‍ മാത്രമായി ജനിച്ചവര്‍.  മിനിഞ്ഞാന്ന് രാത്രിയാണ് മഹ്മുദ് ദാര്‍വിഷിന്റെ ഫലസ്തീന്‍ സ്വാതന്ത്ര്യകവിതകള്‍ വായിച്ചത്.
അവസാനത്തെ അതിര്‍ത്തിയും മുറിച്ച് കടന്ന്
ഞങ്ങള്‍ എവിടെപ്പോവാനാണ്?
അവസാനത്തെ ആകാശത്തിനുമപ്പുറത്തേക്ക്
പക്ഷികള്‍ എങ്ങോട്ടു പറക്കാനാണ്?
രക്തത്തിന്റെ കോടതിയില്‍
മൂല്യവത്തായ വാക്കുകളെല്ലാം
ഞാന്‍ പഠിച്ചു, അവയെല്ലാം ഞാന്‍ തകര്‍ത്തു
ഒരൊറ്റ വാക്ക് സൃഷ്ടിക്കാനായി
മാതൃരാജ്യം.

ഒടുവില്‍ അദ്ദേഹം അവസാനിപ്പിച്ചതും ഇങ്ങനെ.
എന്റെ ഏറ്റവും പുതിയ കവിത എന്റെ രാജ്യമാവുന്നു.
ഗാസയിലെ ഇസ്രായേല്‍ കൂട്ടക്കുരുതിയ്ക്കു മുന്നില്‍ ഒരു ചെറുവിരലു പോലുമനക്കാന്‍ കഴിയാത്ത ലോകക്രമത്തോട് പുച്ഛം തോന്നുന്നു. നൂറു കവിഞ്ഞ ഗാസയിലെ മരണനിരക്കില്‍ 20 പേരെങ്കിലും ഒന്നുമറിയാത്ത കൊച്ചു കുട്ടികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മരണക്കിടക്കയില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റെന്ന പോലെയാണ് ഒരു ക്രൂരനായ ഫറോവയെപ്പോലെ നെതന്യാഹു എന്ന രക്തദാഹി കൊലപാതകങ്ങള്‍ക്കുത്തരവിടുന്നത്. വെറുതെ, വെറുതേയെങ്കിലും സങ്കല്‍പിക്കാന്‍ തോന്നുന്നു, ദര്‍വിഷിന്റെ കൈയ്യിലെങ്ങാനും നെതന്യാഹുവിനെ കിട്ടിയാല്‍?
എത്രയെത്ര ദാര്‍വിഷുമാര്‍ ഫലസ്തീനിലെ മണ്ണിലുണ്ടാവും. പാശ്ചാത്യന്റെ നാശത്തിനു വേണ്ടി ഓരോ നമസ്‌കാരാനന്തരവും പ്രാര്‍ഥിക്കുന്നവരായി.
അവരുടെ മുന്നില്‍ നഗ്‌നനായി, നമ്രശിരസ്‌ക്കനായി കുരിശില്‍ തറഞ്ഞ രൂപത്തില്‍ ബെഞ്ചമിന്‍ നെതന്യാഹു നില്‍ക്കുന്ന രംഗം വെറുതേ സങ്കല്‍പിച്ചു പോവുന്നു. ചുറ്റും അലറിവിളിച്ച് ആഹ്‌ളാദപൂര്‍വം നൃത്തം വയ്ക്കുന്ന അനേകം ദാര്‍വിഷുമാര്‍. ലോറ നദിയില്‍ നിന്നും വീശിയടിക്കുന്ന തണുത്ത കാറ്റ്.
വിചാരണ നടത്തുന്നത് ദാര്‍വിഷ്.
ശിക്ഷയ്ക്കായി നെതന്യാഹുവിനെ വലിച്ചിഴയ്ക്കുന്നത് ദാര്‍വിഷ്.
ശിക്ഷ നടപ്പിലാക്കുന്നത് ദാര്‍വിഷ്.
അവസാനം കഴുത്തില്‍ വലിഞ്ഞുമുറുകിയ കയറുമായി ആടിയാടി അനന്തതയിലേക്ക് സ്‌കഡ് മിസൈലുകള്‍ക്കുമകലെ കണ്ണും തുറിച്ച് നെതന്യാഹു..




             

Wednesday, October 31, 2012

അക്ബര്‍ കക്കട്ടിലിന്റെ കത്ത്.


അക്ബര്‍ കക്കട്ടിലിന്റെ കത്ത്.

അധ്യാപകകഥകള്‍ ഇത്രയും മനോഹരമാവുന്നത് അതിന് ജീവനുണ്ടാകുമ്പോള്‍ കൂടിയാണ്. അവയ്ക്ക് അക്ബര്‍ കക്കട്ടില്‍ നിറം ചാര്‍ത്തുമ്പോള്‍ കുറച്ചധികം മനോഹരമാവുന്നു. മുമ്പൊരിക്കല്‍ അദ്ദേഹവുമായി നടത്തിയ കത്തിടപാട് ഇന്നും മനസിലുണ്ട്. ആ ഓര്‍മകള്‍ ഇവിടെ പങ്കുവയ്ക്കുന്നു.
എന്റെ പ്രിയപ്പെട്ട അധ്യാപകന്,
          അദ്ദേഹം എന്നെ എവിടെയും പഠിപ്പിച്ചിട്ടൊന്നുമില്ലെങ്കിലും
  ഒരു ഗുരുവിന് ഒരു ഏകലവ്യന്‍ നല്‍കുന്ന ഗുരുദക്ഷിണയായി ഈ ബ്ലോഗ് കുറിപ്പ് സമര്‍പ്പിക്കുന്നു.    
     

Sunday, October 28, 2012

എന്റെ ഷെര്‍ലക് ഹോംസ് ഭാവാഭിനയങ്ങള്‍



എന്റെ ഷെര്‍ലക് ഹോംസ് ഭാവാഭിനയങ്ങള്‍




എന്റെ അനുജന്റെ ഫലിതബോധത്തില്‍ ഞാന്‍ പലപ്പോഴും അത്ഭുതപരതന്ത്രനായിട്ടുണ്ട്. അവന്റെ ഓരോ ചലനങ്ങളിലും വന്നുനിറയുന്ന ഫലിതഭാവവും കാര്യങ്ങളെ അതാതിന്റെ പ്രസക്തിയോടെ മനസിലാക്കുന്ന വിധവും പലപ്പോഴും അനുകരിക്കാനും മാതൃകയാക്കാനും ഞാന്‍ ശ്രമിച്ചിട്ടുണ്ട്. എങ്കിലും ഞങ്ങള്‍ തമ്മില്‍ വഴക്കിടാത്ത ദിവസങ്ങള്‍ കുറവായിരുന്നു, ഒരു കാലത്ത്. ഈ വഴക്ക് ചിലപ്പോള്‍ രക്തം ചിതറുന്ന തല്ലിലും കലാശിക്കും.

അവനും ഞാനും തമ്മിലുള്ള വ്യത്യാസം രണ്ട് വയസാണ്. അടിക്കൊടുവില്‍ ഞാനവന്റെ പുസ്തകങ്ങള്‍ വലിച്ച് പുറത്തെറിയും. സ്‌കൂള്‍ യൂണിഫോം വലിച്ചു കീറും. അതോടെ അവന്‍ വലിയ വായില്‍ നിലവിളിക്കുകയും വീട്ടില്‍ നിന്നുള്ള ശകാരവും ശിക്ഷയും ഞാന്‍ ഏറ്റുവാങ്ങുകയും ചെയ്യും.
ഒരിക്കല്‍ ഞങ്ങള്‍ അടിപിടി കൂടിയത് ഒരു പ്രഭാതത്തിന്റെ ആദ്യമണിക്കൂറില്‍. പ്രത്യേകിച്ച് കാരണമൊന്നുമുണ്ടായിരുന്നില്ല ശണ്ഠയ്ക്ക്. അവന്‍ എന്നെ വേണ്ട വിധം ബഹുമാനിച്ചില്ല എന്നൊരു തോന്നല്‍. അവന്‍ വലിയ വായില്‍ നിലവിളിക്കാന്‍ തുടങ്ങിയപ്പോള്‍ വീട്ടിലുള്ളവരെല്ലാം കൂടി ഓടി വന്ന് എന്നെ ക്രൂശിക്കുന്ന രംഗമോര്‍ത്ത് അടുത്തുള്ള കിടപ്പുമുറിയില്‍ കയറി വാതില്‍ വലിച്ചടച്ചു.
കുറച്ചു കഴിഞ്ഞ് വാതിലില്‍ വീട്ടുകാരുടെ മുട്ടല്‍ കേട്ടു. വാതില്‍ തുറന്നാല്‍ കിട്ടിയേക്കാവുന്ന ശകാരവും അടിയുമോര്‍ത്ത് ഞാന്‍ തുറന്നതേയില്ല. എന്നാല്‍ കുറച്ചു കഴിഞ്ഞ് മുട്ടല്‍ അവസാനിച്ചപ്പോള്‍ പതുക്കെ വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും അത്ഭുതം! വാതില്‍ തുറയുന്നതേയില്ല!
വാതില്‍ അകത്തു നിന്നും പുറത്തു നിന്നും തുറക്കാന്‍ കഴിയാത്ത വിധം നില്‍ക്കുകയാണ്.
പുറത്ത് ഉച്ചത്തിലുള്ള മുട്ടുകള്‍ കേള്‍ക്കാന്‍ വീണ്ടും തുടങ്ങിയിരിക്കുന്നു.  
‘മോനേ വാതില്‍ തുറക്ക്..’ ഉമ്മ.
‘വാതില്‍ തൊറക്കെടാ, കൊല്ലും ഞാന്‍ ഇന്നെ..!’ ഉപ്പ
‘ഒന്നുമാക്കൂല്ല.. ഇഞ്ഞ് വാതില്‍ തുറക്ക് മോനേ.. ’ ഉമ്മാമ.
പുറത്ത് പെരുകിക്കൂടുന്ന ജനക്കൂട്ടത്തിന്റെ അഭിപ്രായങ്ങളെല്ലാം വാതില്‍ക്കല്‍ ചേര്‍ന്നുനിന്നപ്പോള്‍ വ്യക്തമായും കേള്‍ക്കാന്‍ കഴിഞ്ഞു.
‘ഇനിയിപ്പം ഇത് പൊട്ടിക്കാനേ പറ്റൂള്ളൂ..’
‘എന്നാലും ഓനെങ്ങനെയാ ഇതിനകത്ത് കുടുങ്ങിപ്പോയേ?’
‘ഓനതിനകത്ത് കാരി അറിയാണ്ട് വാതിലടച്ചതാ..’
പ്രശ്‌നത്തെ നിസാരവത്ക്കരിക്കുന്ന ഉമ്മയുടെ സ്വരം.
ഈ സ്വരങ്ങളെല്ലാം മാറി മാറി വന്ന് അവയുടെ മുനകള്‍ക്കെല്ലാം വാതില്‍ പൊളിച്ചാലേ രക്ഷയുള്ളൂ എന്ന ഒറ്റസ്വരമായി. ഒടുവില്‍ വാതില്‍ പൊളിച്ച് എന്നെ വെളിയിലെത്തിക്കാന്‍ ഉച്ചയ്ക്ക് ഒരു മണിയോളമായി സമയം. അന്ന് ഉപ്പ എന്നെ തല്ലിയില്ലെങ്കിലും കുത്തുവാക്കുകള്‍ കൊണ്ട് ചുറ്റും ഭീതി സൃഷ്ടിച്ചു. അപ്പോഴൊക്കെയും ഞാന്‍ പകയോടെ അനുജന്റെ നേര്‍ക്കു മുഖം തിരിച്ചു.
ഉപ്പ ഗള്‍ഫിലേക്കു പോവുന്നതു വരെ ഞാന്‍ എന്റെ പക അടക്കിവെച്ചു. ഉപ്പ പോയ അന്നു രാത്രി തന്നെ ഞാന്‍ ഒരു കാരണമുണ്ടാക്കി, പക വീട്ടാന്‍.

പിറ്റേ ദിവസം.
അവന്‍ അവന്റെ കാണാത്ത കണക്കു പുസ്തകത്തിനായി തിരയുകയായിരുന്നു.
‘ഉമ്മാ, ഇങ്ങള് കണ്ട്‌ക്കോ അന്റെ കണക്കുപുസ്തകം?’
അവന്‍ ചോദിക്കുന്നതു കേട്ടു. ഉമ്മ പക്ഷേ, അടുക്കളയില്‍ എന്തോ തിരക്കിലായതിനാല്‍ മറുപടിയൊന്നും പറഞ്ഞില്ല. ഇതൊരു സന്ദര്‍ഭമായി കണ്ട ഞാന്‍ അവന്റെ മുന്നില്‍ ചെന്ന് ഒരു വിഡ്ഡിച്ചിരി ചിരിച്ച് ഞാനാണ് എടുത്തതെന്ന ഭാവത്തില്‍ നിന്നു.
‘അന്റെ കണക്കു ബുക്കാരാ എടുത്തത്?’
അവന്‍ സംശയത്തോടെ ചോദിച്ചു.
ഞാന്‍ ഒന്നുമുരിയാടാതെ ചിരിച്ചു നിന്നു. അതോടെ അവന്‍ ഞാന്‍ തന്നെയാണ് പുസ്തകമെടുത്തതെന്ന് തീര്‍ച്ചയാക്കി.
‘ഉമ്മാ, അന്റെ പുസ്തകം ഒളിപ്പിച്ചേച്ചിറ്റ് തരുന്നില്ല..’
അവന്‍ പരാതി തുടങ്ങി.
ഇതായിരുന്നു ഞാന്‍ കാത്തിരുന്ന സന്ദര്‍ഭം.
‘നീയെന്നെ സംശയിക്കും അല്ലേടാ?’
അത്രയ്ക്കു ബലഹീനമായിരുന്നു കലഹകാരണം. ഞാന്‍ അവന്റെ മേല്‍ ചാടി വീണ് തലങ്ങും വിലങ്ങും അടിച്ചു. അവന്‍ എന്നെ സംശയിച്ചു എന്ന കുറ്റം എനിക്കൊരിക്കലും പൊറുക്കാന്‍ കഴിയുമായിരുന്നില്ല. അവന്റെ പുസ്തകങ്ങളെടുത്ത് പുറത്തെ മഴ നനഞ്ഞ മണ്ണിലേക്ക് വലിച്ചെറിഞ്ഞു. ഞാന്‍ ഒരു ചെങ്കിസ്ഖാനായി മാറുന്നതിനിടയില്‍ അവനും തിരിച്ചടിച്ചു. ആ അടിയില്‍ വേച്ചുപോയ ഞാന്‍ തെറിച്ച് വീടിന്റെ പുറത്തേക്കു വീണു. അപ്രതീക്ഷിതമായിരുന്നു അത്. പുറത്ത് വീണ ഞാന്‍ എഴുന്നേല്‍ക്കുമ്പോഴേക്കും അവന്‍ വീടിന്റെ വാതില്‍ പൂട്ടിയിരുന്നു.
ഞാന്‍ പൂര്‍ണമായും തോല്‍ക്കുകയായിരുന്നു.
എങ്കിലും ആ തോല്‍വി അത്രയെളുപ്പമൊന്നും അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല എനിക്ക്. പതുക്കെ വീടിനരികിലെ കവുങ്ങിലൂടെ മട്ടുപ്പാവിലേക്ക് കയറി അവിടുന്ന് വീടിനകത്ത് കയറി ഏവരേയും അത്ഭുതപ്പെടുത്തുക എന്നതായിരുന്നു തോല്‍വിയുടെ ഭാരം കുറക്കാനായി ഞാന്‍ കണ്ടെത്തിയ മാര്‍ഗം. പക്ഷേ, കവുങ്ങ് മഴ പെയ്ത് വഴുതിമാറിയപ്പോള്‍ ഞാന്‍, താഴെ കോണ്‍ക്രീറ്റ് ചെയ്ത നിലത്ത് ഒരു പാരച്യൂട്ട് പോലുമില്ലാതെ വീണു.
വലതുകാലായിരുന്നു ഒടിഞ്ഞത്. മൂന്ന് മാസത്തെ പരിപൂര്‍ണവിശ്രമത്തിന് ഡോക്ടര്‍ വിധിക്കുകയും ചെയ്തു.
മൂന്നു മാസം!
എന്നെ സംബന്ധിച്ചിടത്തോളം ജീവപര്യന്തമായിരുന്നു ആ കാലം.
എന്റെ പ്രധാനശത്രുവിനെ എന്നും കണ്ടും കേട്ടും ഒരേ കൂരക്കീഴില്‍ കഴിയുക. ചിന്തിക്കാവുന്നതിനുമപ്പുറമായിരുന്നു അത്. ഇനിയുള്ള മൂന്നുമാസങ്ങള്‍ എന്തു ചെയ്യുമെന്ന് ചിന്തിച്ചുള്ള ആദ്യദിവസം വ്യാകുലതയോടെ കടന്നുപോയി.

രണ്ടാമത്തെ ദിവസം.
എന്റെ വേദനയും അസ്വസ്ഥതയും പാരമ്യത്തിലെത്തി നില്‍ക്കുമ്പോഴായിരുന്നു അവന്‍ മുറിയിലേക്കു കടന്നുവന്നത്.
ഞാന്‍ ഒന്നും മിണ്ടാതെ പുറംതിരിഞ്ഞുകിടന്നു. ഇപ്പോള്‍ അവന്റെ കാല്‍പ്പെരുമാറ്റം വ്യക്തമായും എനിക്കു കേള്‍ക്കാം. കുറച്ചുനേരം അവന്‍ എന്റെ പിന്നിലായി നിന്നിട്ടുണ്ട്. ഒരു പക്ഷേ ഏതോ ആലോചനയിലാവാം. എന്റെ കട്ടില്‍ കാലിനടുത്ത് അവന്‍ എത്തിയിരിക്കുന്നു. എന്തോ ഒന്ന് അവന്‍ എന്റെ കാല്‍ച്ചുവട്ടില്‍ വെച്ചിട്ടുണ്ട്. പിന്നെയും അവന്‍ എന്തോ ആലോചനയിലാണ്. ഇപ്പോള്‍ അവന്റെ കാല്‍പ്പെരുമാറ്റം അകന്നുകഴിഞ്ഞിരിക്കുന്നു. അതോടെ ഞാന്‍ പുറംതിരിഞ്ഞു കിടന്നു.
എന്റെ നോട്ടം ആദ്യമെത്തിയത് കട്ടിലിന്റെ കാല്‍ച്ചുവട്ടിലായിരുന്നു. അവിടെ അതാ കിടക്കുന്നു, എന്റെ പ്രിയപ്പെട്ട കുറ്റാന്വേഷകകഥകളായ ഷെര്‍ലക് ഹോംസ് കഥകളുടെ സമ്പൂര്‍ണ സമാഹാരം!
ആവേശത്തോടെ പേജുകള്‍ മറിച്ചുതുടങ്ങിയപ്പോള്‍ ആദ്യപേജില്‍ തന്നെ വലിയ തുണ്ട് പേപ്പറില്‍ അവന്‍ ‘സോറി’ എന്ന് വലുതായി എഴുതിവെച്ചിരുന്നു. ഞാന്‍ ആ പേപ്പര്‍ നോക്കി ഒരു ചെറുചിരിയോടെ തിരിഞ്ഞപ്പോള്‍ ഒരു സൗഹൃദച്ചിരിയുമായി അവന്‍ വാതില്‍ക്കല്‍ തന്നെ നിന്നിരുന്നു.

ആ അവധിക്കാലത്ത് ഞാന്‍ വായിച്ച ഷെര്‍ലക് ഹോംസ് കഥകളെല്ലാം വളരെ ഉദ്വേഗജനകമായി വീട്ടിലുള്ളവരെയെല്ലാം പറഞ്ഞുകേള്‍പ്പിക്കലായിരുന്നു എന്റെ ഹോബി. കഥയുടെ ആവേശഘട്ടത്തില്‍ ജനപ്രിയവാരികകളിലേതു പോലെ ഞാന്‍ ‘തുടരും’ എന്ന് പറഞ്ഞ് കഥപറച്ചില്‍ നിര്‍ത്തും. അപ്പോള്‍ ചുറ്റുമുള്ള അനുജനടക്കമുള്ള കേള്‍വിക്കൂട്ടം ബാക്കി കൂടി പറയാന്‍ നിര്‍ബന്ധം പിടിക്കും. ഞാന്‍ അനാവശ്യബലം പിടിച്ച് നില്‍ക്കും.
‘ബാക്കി കഥ കൂടി പറയ് ഷെര്‍ലക് ഹോംസേ..’
ഒന്നും മനസിലായില്ലെങ്കിലും ഉമ്മ നിര്‍ബന്ധിക്കും.
‘ഇഞ്ഞ് ബെല്യ ബാറാക്കാണ്ട് ബാക്കി കൂടി അങ്ങ് പറഞ്ഞ് കൊടുക്ക് ഷെര്‍ലക്ക് ഹോംസേ..’
ഉമ്മാമയും പറയും.
ഷെര്‍ലക് ഹോംസ്!
എനിക്ക് ആ പേര് അന്നത്രയും ഇഷ്ടപ്പെട്ടു.
ചുണ്ടില്‍ ഒരു പൈപ്പും കൈയ്യില്‍ പൂമ്പാറ്റകളെ പിടിക്കാന്‍ വലയുമായി വലിയ തൊപ്പിയും വരയന്‍ കോട്ടുമിട്ട് ഗൗരവത്തില്‍ ഞാന്‍ എന്ന ഷെര്‍ലക് ഹോംസ്!
അതിനു ശേഷമാണ് കണ്ണാടിയ്ക്കു മുന്നില്‍ ഞാന്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ തുടങ്ങിയത്. ഓരോ തവണയും കണ്ണാടിയില്‍ സൂക്ഷിച്ചു നോക്കിയതിനുശേഷം മുഖം കൊണ്ട് വ്യത്യസ്ത ഗോഷ്ടികള്‍ കാണിച്ചു തുടങ്ങും. എന്റെ കണ്ണിനു ചുറ്റുമുള്ള കറുപ്പും വലിഞ്ഞുമുറുകിയ കൂര്‍ത്ത മുഖവും എന്റെ ഷെര്‍ലക് ഹോംസ് ഭാവാഭിനയങ്ങള്‍ക്ക് മിഴിവേകും.

വര്‍ഷങ്ങള്‍ക്കിപ്പുറവും ഇതൊക്കെ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഞാനൊരു ഷെര്‍ലക് ഹോംസ് ആകാനുള്ള തയ്യാറെടുപ്പിലാണ്. ഏതൊരു പുസ്തകം വായിക്കുമ്പോഴും ഏതൊരു സിനിമ കാണുമ്പോഴും ഏതൊരു ആള്‍ക്കൂട്ടത്തിലും ഞാന്‍ സ്വയമൊരു ഷെര്‍ലക് ഹോംസാകാന്‍ ശ്രമിക്കും. അന്ന്, മഞ്ഞുരുകാനായി അനുജന്‍ തന്ന ആ ഷെര്‍ലക് ഹോംസ് കഥകള്‍ തന്നെയാണ് എനിക്ക് ജീവിതത്തില്‍ കിട്ടിയ വലിയ ഉപഹാരങ്ങളിലൊന്ന്.
ഏറ്റവും വിലപ്പെട്ടതും.




Wednesday, October 24, 2012

അമ്മ തന്നെ ബെസ്റ്റ് ഫ്രണ്ട്, പക്ഷേ..


അമ്മ തന്നെ ബെസ്റ്റ് ഫ്രണ്ട്, പക്ഷേ..

റീഡേഴ്‌സ് ഡൈജസ്റ്റില്‍ വന്ന കഥയാണ്. അമ്മയും മകളും ഒന്നിച്ചാണ് താമസം. എന്നും തമ്മില്‍ വഴക്കാണ്. അമ്മയേക്കാള്‍ മകളാണ് തന്നിഷ്ടക്കാരിയും വഴക്കാളിയും. അങ്ങനെയിരിക്കെ മകള്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാനുള്ള സെലക്ഷന്‍ കിട്ടി. ദിവസങ്ങള്‍ക്കു ശേഷം മകള്‍ അമ്മയെ ഫോണില്‍ വിളിച്ചു സംസാരിക്കുകയാണ്. പരിഭവങ്ങളൊക്കെ മറന്ന് അവളുടെ സുഖവിവരങ്ങളും കോളജിലെ പുതിയ കൂട്ടുകാരികളെക്കുറിച്ചുമൊക്കെ അമ്മ സ്‌നേഹപൂര്‍വം തിരക്കിയപ്പോള്‍ മകള്‍ക്കും വല്ലാതായി. അതിനു ശേഷം അമ്മ അവളുടെ കുട്ടിക്കാലവും കൊഞ്ചിച്ചു നടന്നതുമൊക്കെ ഓര്‍മിപ്പിച്ച് താനെത്ര മാത്രം അവളെ മിസ് ചെയ്യുന്നുവെന്ന് കരഞ്ഞുതുടങ്ങിയപ്പോള്‍, ബോറടിച്ചുതുടങ്ങിയ പെണ്‍കുട്ടി അമ്മയുടെ കരച്ചിലിനു പ്രതിവിധി കൊടുത്തു, ‘അമ്മ ശരിക്കും ഒന്നോര്‍ത്തു നോക്കിക്കേ, രണ്ടാഴ്ച മുമ്പ് ഞാനവിടുന്ന് യാത്ര തിരിക്കുമ്പോള്‍ വീട്ടിലെങ്ങനെയായിരുന്നുവെന്ന്. അപ്പോള്‍ ഈ വിഷമവും കരച്ചിലുമല്ലാം പെട്ടെന്ന് മാറിക്കിട്ടും!’
പുതിയ തലമുറയ്ക്ക് എളുപ്പത്തില്‍ ബോറടിക്കുന്നു. എന്തെങ്കിലും ആരെങ്കിലും ഗൗരവമായോ വൈകാരികമായോ പറഞ്ഞുതുടങ്ങുമ്പോഴേ, അവര്‍ ബോറടിയുടെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങും. ഒരുപക്ഷേ, ഫേസ്ബുക്കിലും ട്വിറ്ററിലും ഗുഡ്‌നൈറ്റ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അപ്‌ഡേറ്റ് ചെയ്യപ്പെട്ട സ്റ്റാറ്റസും ട്വീറ്റും ‘അയാം ബോര്‍ഡ്!’ എന്നായിരിക്കാം. അവരുടെ ജീവിതകാഴ്ചപ്പാട് ആകെയും മാറി. കുടുംബബന്ധങ്ങളിലെ പഴയ ഇഴയടുപ്പത്തിലും വ്യത്യാസം വന്നു. സ്‌നേഹം പോലും അവരെ എളുപ്പം ബോറടിപ്പിക്കുന്നു.
വംശനാശം സംഭവിക്കുന്ന അമ്മ-മകന്‍ കഥകള്‍
സമൂഹമനസ് ഏതാണ്ടെങ്കിലും പ്രതിഫലിപ്പിക്കുന്ന ന്യൂ ജനറേഷന്‍ സിനിമകളിലും ബന്ധങ്ങളുടെ ചിത്രീകരണത്തില്‍ മാറ്റങ്ങള്‍ വന്നുകഴിഞ്ഞു. സാങ്കേതികവളര്‍ച്ചയുടെ ഭാഗമായി ഇന്റര്‍നെറ്റും സോഷ്യല്‍ ആക്ടിവിറ്റി സൈറ്റുകളും വിവിധ തരം മൊബൈല്‍ ഫോണുകളും വന്നതോടെ നല്ലൊരു ശതമാനം യുവത്വത്തിന്റേയും ആശയവിനിമയം ഇവയോടായി. കൈയ്യില്‍ മൊബൈല്‍ ഫോണും ചെവിയില്‍ ഇയര്‍ ഫോണും സ്ഥാനം പിടിച്ചു. ഫേസ് ബുക്കിലെ അഞ്ജാതരോട് ചാറ്റ് ചെയ്യാനും കൂട്ടു കൂടാനുമായി താല്‍പര്യം. ഒരു കാറില്‍ കുടുംബസമേതം സഞ്ചരിക്കുമ്പോള്‍ പോലും ഓരോരുത്തരും ഓരോ തുരുത്തില്‍ പുതുതീരം തേടുന്നു. ‘ഉള്ളിലെ സ്‌നേഹം പ്രകടിപ്പിക്കാനും അനുഭവിക്കാനും മടിക്കുന്ന തലമുറയും അമ്മയുമാണ് ഇന്നത്തേതെന്നെനിക്കു തോന്നുന്നു. പുതിയ ജനറേഷന്റെ കമ്യൂണിക്കേഷന്‍ ആകെ മാറി. അവരുടേതായ ഭാഷകള്‍ വന്നു. പങ്കുവയ്ക്കലും ആഴമുള്ള സൗഹൃദങ്ങളും ഇല്ലാതായെന്നു തന്നെ പറയാം. ബന്ധങ്ങളില്‍, പ്രണയത്തിനു പോലും ഒരു അപചയമുണ്ടായതായി കാണാം. കുടുംബത്തിന്റെ പഴയതു പോലുള്ള ഇടപെടലുകള്‍ ഇല്ലാതാക്കാന്‍ കേവലം ഒരു ടെലിവിഷനു പോലും സാധിക്കുന്ന അവസ്ഥയും വന്നു. അമ്മയുടേയും മകന്റേയും കുടുംബബന്ധങ്ങളുടേയും കഥകള്‍ പഴയതുപോലെ ഏശാത്തതിന്റെ കാരണം ഈയൊരു മെന്റാലിറ്റിയോടു കൂടി ചേര്‍ത്തുവായിക്കണം..’ അഭ്രപാളിയിലെ വംശനാശം വന്നുകൊണ്ടിരിക്കുന്ന ‘അമ്മ +മക്കള്‍ =കുടുംബസ്‌നേഹം’ കഥകളെക്കുറിച്ച്, മലയാളിമനസില്‍ എന്നെന്നും സ്ഥാനം പിടിച്ച ഒരുപിടി കുടുംബകഥകള്‍ സമ്മാനിച്ച സംവിധായകന്‍ സിബി മലയില്‍ നിരീക്ഷിക്കുന്നു.
അമ്മ, സിബി മലയിലിന്റെ അഭിപ്രായത്തില്‍ പഴയതുപോലെ തന്നെയാണ്. പക്ഷേ, പണ്ട് ‘കിരീട’വും ‘ആകാശദൂതും’ ‘തിങ്കളാഴ്ച നല്ല ദിവസവു’മൊക്കെ വന്ന കാലത്തെ സാമൂഹ്യജീവിതത്തില്‍ നിന്ന് അപ്പാടെ മാറി നാട്. ‘കുട്ടിക്കാലത്ത് അവധിക്കാലമൊക്കെ എല്ലാവരുമൊന്നിച്ച് കുടുംബത്തോടൊപ്പമായിരുന്നു ചെലവഴിച്ചിരുന്നത്. അത്തരം സന്തോഷം നിറഞ്ഞ അവസ്ഥയൊക്കെ ഞങ്ങള്‍ സിനിമയില്‍ കൊണ്ടുവരാന്‍ നോക്കിയിട്ടുണ്ട്. ഇന്നാ, സ്ഥിതിവിശേഷമൊക്കെ മാറി. അത്തരം അനുഭവപശ്ചാത്തലവും ജീവിതസാഹചര്യവും ഇന്നില്ലാത്തതാവും സിനിമയില്‍ അമ്മമാര്‍ കുറയുന്നതിനു ഒരു കാരണം..’ñസിബി പറയുന്നു. പഴയതുപോലെയല്ല യുവമനസുകളില്‍ അമ്മയ്ക്കുള്ള സ്ഥാനമെന്ന് അംഗീകരിക്കുന്നുണ്ടെങ്കിലും സ്‌നേഹത്തിന് വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്ന് യുവസംവിധായകന്‍ ആഷിഖ് അബുവും നടന്‍ അനൂപ് മേനോനും ആണയിടുന്നു. ‘മിക്കവാറും നമ്മുടെ സമൂഹത്തിന്റെ റിഫ്‌ളക്ഷനാണ് ന്യൂജനറേഷന്‍ സിനിമകള്‍. അവയില്‍ അമ്മമാര്‍ക്ക് വലിയ വേഷമില്ലാത്തത് ബോധപൂര്‍വമല്ല. അമ്മയുടേയും മകന്റേയും കഥകള്‍ ആള്‍ക്കാരെ എന്റര്‍ടെയിന്‍ ചെയ്യുന്നുണ്ടെങ്കില്‍ ഇനിയും വരും. പക്ഷേ, അത് പുതിയ തലമുറയ്ക്ക് ബോറടിക്കാത്ത രീതിയില്‍ വേണമെന്നു മാത്രം..’ ആഷിഖ് പറയുന്നു.
‘ടിപ്പിക്കല്‍ ഓള്‍ഡ് ഏജ്’അമ്മയും ‘മോഡേണ്‍ ഡേ’ അമ്മയും
ഓരോ കാലത്തും അമ്മയുടെ നിര്‍വചനം മാറിക്കൊണ്ടിരിക്കും, കാതലായ വികാരങ്ങളെല്ലാം ഒന്നാണെങ്കിലും. ഒരേ ഭാവമല്ല എന്നും അമ്മയ്ക്ക്. 80 കളിലും 90 കളിലും നമുക്ക് പരിചയമുള്ള അമ്മ ‘കിരീട’ത്തിലെ സേതുമാധവന്റെ അമ്മയെപ്പോലെ ‘ടിപ്പിക്കല്‍ ഓള്‍ഡ് ഏജ്’ അമ്മയാണ്. ഐശ്വര്യം തുടിക്കുന്ന മുഖമായിരിക്കും അവര്‍ക്ക്. ഭര്‍ത്താവ് ജോലിക്ക് പോവുന്നു. മകന്‍ ജോലി തേടി അലയുന്നു. ഭര്‍ത്താവിനേയും മകനേയും ഊണ്‍മേശയില്‍ ഭക്ഷണവും ഒരുക്കിവെച്ച് കാത്തിരിക്കുന്നു അവര്‍. ആ അമ്മ, മകന് തല ചീകിക്കൊണ്ട് രാമായണം വായിക്കും. മകള്‍ക്ക് കാലത്തെഴുന്നേറ്റ് ടിഫിന്‍ ബോക്‌സില്‍ ചൂടുദോശ നിറച്ചുവയ്ക്കും. വല്ലപ്പോഴും കൂട്ടുകാര്‍ക്കൊപ്പം ഒന്ന് ‘മിനുങ്ങി’ വീട്ടിലെത്തുന്ന മകനെ കൈയ്യോടെ പിടിച്ച് ശാസിക്കും. മകളുടെ ബയോളജി നോട്ടുപുസ്തകം ചികഞ്ഞ് ഒളിച്ചുവെച്ച ലവ് ലെറ്റര്‍ കണ്ടെത്തി കരുതലോടെ അവളുടെ ചെവിയില്‍ തിരുമ്മി ഉപദേശിക്കും.. ആ കാലത്തിന്റെ ശക്തി ആ അമ്മമാരിലുണ്ടായിരുന്നു. ഇന്ന് അമ്മയും അച്ഛന്റെ കൂടെ ജോലിക്കു പോവുന്നവളാണ്. ഇരുവരും വൈകിട്ട് ഓഫീസ് വിട്ട് വീടണയുന്നു. പിന്നെയാണ് മക്കളുടെ ഹോംവര്‍ക്കും പ്രോഗ്രസ് റിപ്പോര്‍ട്ടും പരിശോധിക്കുന്നത്. ‘ഈ അടുത്ത കാലത്ത് എന്ന ഞാന്‍ സ്‌ക്രിപ്‌റ്റെഴുതിയ ചിത്രത്തില്‍ രണ്ടു തരം അമ്മമാരുണ്ട്. ഇന്ദ്രജിത്ത് അവതരിപ്പിച്ച വിഷ്ണുവിന്റെ ഭാര്യയായ രമണി. ഭയങ്കരമായി സ്ട്രഗിള്‍ ചെയ്യുന്ന ‘മോഡേണ്‍ ഡേ’ അമ്മയാണ്. എന്തു വില കൊടുത്തും മക്കളെ നല്ല നിലയിലാക്കണമെന്ന് കരുതുന്നവള്‍. അതിനുവേണ്ടി അഹോരാത്രം അധ്വാനിക്കുന്നു അവര്‍. എന്നാല്‍ എന്റെ ഭാര്യയായി അഭിനയിച്ച അമ്മ, കടുത്ത മെന്റല്‍ ഡിപ്രഷനിലും സെക്‌സ് നിഷേധത്തിലും കഴിയുന്നവരാണ്. മകന്‍ മാത്രമാണ് അവരേയും ഭര്‍ത്താവിനേയും ബന്ധിപ്പിക്കുന്ന ഏകകണ്ണി. പുതിയ തലമുറയിലെ അമ്മമാര്‍ക്ക് പലപ്പോഴും ഇതുപോലുള്ള ഒരുപാട് യുദ്ധമുഖങ്ങളിലൂടെ കടന്നുപോവേണ്ടി വരുന്നു. അവരുടെ വെല്ലുവിളികളും മാറുന്നു.. ’തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി പുതിയ കാലത്തെ അമ്മ കഥാപാത്രങ്ങളെ ഇങ്ങനെ നിര്‍വചിക്കുന്നു.
അമ്മ തന്നെ ബെസ്റ്റ് ഫ്രണ്ട്, പക്ഷേ..
വഴിയരികിലെ ആക്‌സിഡന്റ് സീന്‍. ആളുകള്‍ ഓടിക്കൂടുന്നു. അപകടത്തില്‍ പെട്ട ആള്‍ വേദനയോടെ കരയുന്നു: അമ്മേ.. രക്ഷിക്കണേ.. ‘ഇവിടെ എന്തുകൊണ്ടാണ് സാര്‍, പുള്ളി ദൈവത്തേക്കാളും മുമ്പേ അമ്മയെ വിളിച്ചത്? എത്ര മാറിയെന്നു പറഞ്ഞാലും അമ്മയും മകനും മാറില്ലല്ലോ. അമ്മയില്ലാതെ മക്കളുമുണ്ടാവുമോ? അമ്മയ്ക്കും മകനുമിടയിലെ രസതന്ത്രം എത്ര നൂറ്റാണ്ട് കഴിഞ്ഞാലും മാറ്റാന്‍ കഴിയില്ല. പിന്നെ, പണ്ടത്തെ പത്രഭാഷയും ഇന്നത്തേതും തമ്മില്‍ ഒരുപാട് മാറ്റങ്ങളുണ്ടായിട്ടില്ലേ? അതുപോലെ സിനിമകളും മാറിയിട്ടുണ്ട് എന്ന് മാത്രം കരുതിയാല്‍ മതി!’ പറയുന്നത് മലയാളത്തിന്റെ സ്വന്തം അമ്മ സുകുമാരിയാണ്. അമ്മമാര്‍ക്ക് എല്ലാ കാലത്തും പ്രാധാന്യമുണ്ടെന്ന് അവര്‍ക്ക് നൂറുശതമാനവും ഉറപ്പുണ്ട്. ഇതുവരെ നടിച്ച എല്ലാ അമ്മവേഷങ്ങളും അവര്‍ നെഞ്ചോടു ചേര്‍ത്തു വയ്ക്കുന്നു. ഏറ്റവും ഇഷ്ടമുള്ള അമ്മവേഷമേതെന്നു ചോദിച്ചപ്പോള്‍ ഇഷ്ടമില്ലാതെ ഒരു അമ്മവേഷം ചെയ്യാന്‍ കഴിയുമോ എന്ന മറുചോദ്യം.
അമ്മ മലയാളിയുവത്വത്തിന്റെ ബെസ്റ്റ് ഫ്രണ്ടായിരുന്നു. രാവിലെ മുതല്‍ വൈകിട്ട് വരെയുള്ള സ്‌കൂള്‍ സമയങ്ങളില്‍, ക്ലാസില്‍ വെച്ചുനടന്ന കാര്യങ്ങളെല്ലാം വള്ളിപുള്ളി വിടാതെ അമ്മയുടെ ചെവിയിലോതുന്ന അപ്പു എന്ന കുട്ടിയെ നമ്മള്‍ കണ്ടതാണ്, ‘എന്റെ വീട് അപ്പൂന്റേം’ എന്ന ചിത്രത്തിലൂടെ. ‘എന്റെയും ബെസ്റ്റ് ഫ്രണ്ട് അമ്മയാണ്. പക്ഷേ ഒരു അഞ്ചുദിവസത്തില്‍ കൂടുതല്‍ അമ്മയുമായി കൂടിയാല്‍ വഴക്കാവും. ചില നടിമാരും വിദേശത്ത് ഫാമിലി സഹിതം ജീവിക്കുന്ന കൂട്ടുകാരികളുമൊക്കെ പറയുന്നതു കേള്‍ക്കാറുണ്ട്, വീട്ടിലെത്തിയാല്‍, കാച്ചിയ വെളിച്ചെണ്ണയുമായി അമ്മ കാത്തിരിക്കാറുണ്ടെന്നൊക്കെ. ഒന്നോ രണ്ടോ ദിവസമൊക്കെ ഈ എണ്ണയും തേച്ചു കുളിക്കാം. പക്ഷേ, എന്നും ഇതുപോലെ കുളിക്കാന്‍ ആരെങ്കിലും ഇഷ്ടപ്പെടുമോ? ബോറടിക്കത്തില്ലേ?’ യുവനടി ലെനയുടെ അഭിപ്രായം ഇന്നത്തെ മൊത്തം യുവത്വത്തിന്റേയും ചിന്താഗതിയാണോ എന്ന അന്വേഷണത്തിന് മറുപടിയുമായി എത്തിയത് മലയാളത്തിന്റെ മറ്റൊരു അമ്മ കെ പി എ സി ലളിത. ‘ഇപ്പോഴും അമ്മയാണ് എന്റെ ബെസ്റ്റ് ഫ്രണ്ടെന്ന് മകന്‍ സിദ്ധാര്‍ഥ് പറയാറുണ്ട്. വീട്ടില്‍ വരുമ്പോള്‍ പഴയതുപോലെ കൂടെത്തന്നെയാവും. വിട്ടുമാറില്ല..’ ഏതാണ്ടിതേ പോലുള്ള ബന്ധം തന്നെയാണ് താനും ഉമ്മയും തമ്മിലെന്ന് ആഷിഖ് അബുവും സമ്മതിക്കുന്നു.
സെറ്റില്‍ഡാവണം, പെട്ടെന്നു തന്നെ.
20 നും 40 നും ഇടയില്‍ പ്രായം വരുന്ന നായകനും നായികയും കൂട്ടുകാരും. ഇവരെല്ലാം വീട്ടില്‍ നിന്ന് മാറി ദൂരെ നഗരത്തില്‍ ഫ്‌ളാറ്റിലോ മറ്റോ കഴിയുന്നവരാണ്. അവരുടെ ജീവിതത്തില്‍ അമ്മ ചിലപ്പോള്‍ ഒരു ഫോണ്‍ കോളിലോ ചുവരിലെ ഫ്രെയിം ചെയ്തുവച്ച ഫോട്ടോയായോ മാത്രം ഒതുങ്ങുന്നു. ഇപ്പോഴത്തെ ഹിറ്റ് കോംബിനേഷന്‍ ഈ ഫ്രേമില്‍ തുടങ്ങുന്നു.
‘പ്ലസ് ടു കഴിഞ്ഞതോടെ വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്നവരാണ് ഞങ്ങള്‍. ഞങ്ങള്‍ക്ക് പരിചയമില്ലാത്ത പഴയ കാലമൊക്കെ കാണിക്കുമ്പോള്‍ മടുപ്പ് തോന്നുമെങ്കിലും അവയില്‍ പുതിയതെന്തെങ്കിലുമുണ്ടെങ്കില്‍ തീര്‍ച്ചയായും കണ്ടിരിക്കും..’ ട്രയിനില്‍ വെച്ച് കണ്ടുമുട്ടിയ മംഗലാപുരത്തെ ബി ഡി എസ് വിദ്യാര്‍ഥിനികളായ നുസിജയ്ക്കും ടീമിനും സംശയമില്ല. കഴിയുന്നതും പെട്ടെന്നു തന്നെ വീട്ടില്‍ നിന്നും മാറി താമസിക്കാനാണിഷ്ടമെന്നും അവര്‍ പറയുന്നു. പെട്ടെന്ന് തന്നെ സെറ്റില്‍ഡാവണം. പക്ഷേ, അത് അച്ഛനുമമ്മയോടുമുള്ള സ്‌നേഹമില്ലായ്മയായി മാത്രം കണക്കാക്കരുതെന്ന അപേക്ഷയുമുണ്ട്. പുതുതലമുറ ബന്ധങ്ങളെ ഇങ്ങനെ കാണുന്നതു കൊണ്ടാവാം, സിബി മലയിലിന് ഇനിയൊരു ‘അമ്മ +മക്കള്‍ =കുടുംബസ്‌നേഹം’ സിനിമ തീയേറ്ററില്‍ വന്നാല്‍ ഹിറ്റാവുമെന്ന് ഉറപ്പുപറയാന്‍ കഴിയാത്തതും. ‘ഞാന്‍ ചെയ്ത രണ്ട് അമ്മവേഷങ്ങള്‍ക്കും (ട്രാഫിക്, അസുരവിത്ത്) പ്രാധാന്യമുള്ളതു കൊണ്ട് മാത്രമാണ് ചെയ്തത്. അമ്മവേഷങ്ങള്‍ കൂതുതല്‍ ചെയ്യാന്‍ താല്‍പര്യവുമില്ല. അത്രയ്‌ക്കേ അതിനു സ്‌കോപ്പുള്ളൂ.’ ലെനയും പറയുന്നു.
ഇവിടെ കൗസുല്യമാരും കൈകേയിമാരുമുണ്ടായിരുന്നു..
മാറിയ കാലത്ത് മക്കള്‍ക്കു വേണ്ടി ഇന്റര്‍നെറ്റ് ചാറ്റിങ് ചെയ്യാനും വെബ് ക്യാം ഉപയോഗിക്കാനും പഠിച്ച അമ്മമാരുമുണ്ട്. മക്കള്‍ നഗരത്തില്‍ പഠിക്കുകയോ വിദേശത്ത് കുടുംബസമേതം താമസിക്കുകയോ ആവും. പണ്ടത്തെ കൂട്ടുകുടുംബവും വലിയ തറവാടുകളും അതിനെ ചുറ്റിപ്പറ്റിയുള്ള ഉപജീവനവുമൊക്കെ മാറിയപ്പോള്‍, പുതിയ കുടുംബങ്ങളില്‍ ‘കിരീട’ത്തിലെ സേതുമാധവനും ‘വാത്‌സല്യ’ത്തിലെ രാഘവന്‍ നായരും ഇല്ലെന്നു തന്നെ പറയാം. ‘പുതിയ തലമുറ മാതാപിതാക്കളെ നോക്കുന്നത് ഫിനാന്‍ഷ്യലി ആണ്. പൈസ കൊണ്ട് നല്‍കാവുന്ന സുഖങ്ങളൊക്കെയും നല്‍കും. പക്ഷേ അവരുടെ കൂടെ താമസിക്കുന്നില്ല എന്നുമാത്രം. ഒരുപക്ഷേ, അമ്മമാര്‍ ആഗ്രഹിക്കുന്നതും ഇതു തന്നെയാവാം. പണ്ടത്തെപ്പോലെ അമ്മയെ അടുത്തുകൂടി സ്‌നേഹിച്ചു ജീവിക്കുന്ന മക്കള്‍ ഇന്ന് കുറവാണ്. ‘മക്കള്‍ നല്ല ശമ്പളം നേടുന്നു. നല്ല പോസ്റ്റിലാണ്. വിദേശത്താണ്. നല്ലൊരു ഫ്‌ളാറ്റെടുത്ത് താമസിക്കുന്നു. ഇടയ്ക്ക് വരാറുണ്ട്. ദേ, ഈ ഓണത്തിന് അവന്‍ വരും.’ എന്നോക്കെ പറയുന്നത് അമ്മമാരും അഭിമാനമായെടുക്കുന്നുണ്ട്. സ്ഥിരമായി വീട്ടില്‍ നില്‍ക്കുന്ന മകനോട് ഇവനൊക്കെ പോയി വല്ല ജോലിയുമെടുത്തൂടേ? ഇവിടെത്തന്നെ ചൊറഞ്ഞ് നില്‍ക്കാതെ എന്നു പറയുന്ന അമ്മമാരുമുണ്ട്!’ലെനയുടെ മാറിയ കാലത്തെ അമ്മയുടെ മനസു വായിച്ച കാഴ്ചപ്പാട്.
മുരളി ഗോപിയും പറയുന്നു, അമ്മമാര്‍ തന്നെ പല വിധമുണ്ടെന്ന്. നമ്മള്‍ പരിചയിച്ചതും കാണാന്‍ ഇഷ്ടപ്പെടുന്നതും മക്കളെ സ്‌നേഹിക്കുന്ന അമ്മമാരെയാണ്. എന്നാല്‍ ഇതിനൊപ്പം തന്നെ ഒട്ടും സ്‌നേഹമില്ലാത്ത അമ്മമാരുമുണ്ട്. നിത്യജീവിതത്തില്‍ മക്കളെ വില്‍ക്കുന്ന അമ്മമാരും പെണ്‍കുട്ടികളെ വല്ലാതെ ദ്രോഹിക്കുന്ന അമ്മമാരും നമ്മുടെ മുന്നില്‍ അപൂര്‍വമായെങ്കിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ‘എല്ലാ കാലത്തും എല്ലാ അമ്മമാരും എല്ലാ മക്കളും നല്ലവരായിരുന്നില്ലല്ലോ? കൈകേയിയും കൗസുല്യയും ഒരേ രാമായണത്തിലെ കഥാപാത്രങ്ങളായിരുന്നില്ലേ? എങ്കിലും അമ്മയെന്ന് പറയുമ്പോള്‍ മെഹബൂബ് ഖാന്റെ ‘മദര്‍ ഇന്ത്യ’യിലെ നര്‍ഗീസ് ദത്ത് ചെയ്ത അമ്മയാണ് ആദ്യം വരുന്ന മുഖം. പിന്നെ ‘ദീവാറി’ലെ അമ്മ, സത്യജിത് റായ് സിനിമകളിലെ അമ്മ.. ഇങ്ങനെ പോവുന്നു.’മുരളി ഗോപി നയം വ്യക്തമാക്കുന്നു.
കാലമിനിയും വരും, വര്‍ഷം വരും, തിരുവോണം വരും..
എങ്കിലും എന്‍ എന്‍ കക്കാട് പാടിയതു പോലെ കാലമിനിയും ചാക്രികക്രമത്തില്‍ കറങ്ങിവരുമെന്നും ‘ശാന്ത’ത്തിലേയും ‘മാടമ്പി’യിലേയും ‘സന്‍മനസുള്ളവര്‍ക്ക് സമാധാന’ത്തിലേയും പോലുള്ള അമ്മവേഷങ്ങള്‍ ഇനിയും വരുമെന്നും കെ പി എ സി ലളിതയും സുകുമാരിയും വിശ്വസിക്കുന്നു. ‘ഓടുന്ന പടങ്ങളില്‍ ഞങ്ങള്‍ അമ്മയായും അമ്മൂമ്മയായുമുണ്ടാവും.’ സുകുമാരിയുടെ വാദം.  ‘ട്രെന്‍ഡ് എന്നത് താല്‍ക്കാലികമാണ്. ഒരു യുദ്ധസിനിമയെടുക്കുമ്പോള്‍ അതില്‍ അമ്മയെ തിരുകാന്‍ പറ്റുമോ? ‘തനിയാവര്‍ത്തനത്തി’ലേതു പോലുള്ള ശക്തരായ അമ്മകഥാപാത്രങ്ങള്‍ എന്നും ഏതു നിമിഷവും ഇനിയുമുണ്ടാവും.’ അനൂപ് മേനോന്റെ വാക്കുകളില്‍ ഒരു എഴുത്തുകാരന്റെ ഉറപ്പ്.
















Tuesday, October 23, 2012

ഉലകം ചുറ്റും മറഡോണ


ഉലകം ചുറ്റും മറഡോണ


അങ്ങനെ ബോബി ചെമ്മണൂര്‍ മറഡോണയേയും കുപ്പിയിലാക്കി. നാടൊട്ടുക്കും ഒരു മാതിരി ലാമമാര്‍ ധരിക്കുന്ന വസ്ത്രവും ധരിച്ച്, ഇതാണ് ആതുരസേവനത്തിന്റെ മുഖമുദ്രയെന്ന് വലിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് സ്വയം ഹീറോ ചമയുന്ന ബോബി ചെമ്മണ്ണൂരിന്റെ കിരീടത്തില്‍ ഒരു പൊന്‍ തൂവല്‍ കൂടി. അല്ലെങ്കിലും പല്ലു കൊഴിഞ്ഞ സിംഹങ്ങളാണ് ഈയിടെയായി ചെമ്മണൂരിന്റെ അംബാസിഡര്‍മാര്‍. മുന്‍പ് അനില്‍ കപൂര്‍, അതിനു ശേഷം ഏതാണ്ട് ബോളിവുഡില്‍ നിന്ന് ഔട്ടാവാറായ മല്ലിക ഷെരാവത്, ഇപ്പോള്‍ ഇതാ, കുറച്ചു കാലമായി തൊട്ടതെല്ലാം ഒരു വിധം വെടക്കാക്കി തനിച്ചാക്കി മാറ്റുന്നതില്‍ അഗ്രഗണ്യനായ മറഡോണയും.
ആയ കാലത്ത് പ്രതിഭാവിലാസവും അതിലേറെ മയക്കുമരുന്നും മദിരാക്ഷിയുമായി ഉലകം ചുറ്റിയ മറഡോണ പിന്നെ പൊന്തിയത് ദുബായിലെ ഒരു ക്ലബിന്റെ പരിശീലകനായിട്ടാണ്. ഇടയ്ക്ക് അര്‍ജന്റീനയുടേയും. രണ്ടു ടീമുകളേയും എങ്ങുമെത്താത്ത വിധം ഒരു കോലത്തിലാക്കുന്നതില്‍ അദ്ദേഹം സമ്പൂര്‍ണവിജയമായിരുന്നു. ഒടുക്കം സാക്ഷാല്‍ മെസിക്ക് പോലും മറഡോണയുടെ പരിശീലനത്തില്‍ ഗോളടിക്കാന്‍ പറ്റാതായപ്പോള്‍ അവര്‍ ക്ലീനായി പുകച്ച് പുറത്തു ചാടിച്ചു. അങ്ങനെ പ്രത്യേകിച്ച് പണിയൊന്നുമില്ലാതിരിക്കുമ്പോഴാണ് ആതുരസേവനത്തിന് മദര്‍ തെരേസയ്ക്കും ഗാന്ധിജിയ്ക്കും വിനോഭാവേയ്ക്കും ശേഷം പേരു കേള്‍പ്പിച്ച ബോബിച്ചായന്‍ ദുബായ് കടപ്പുറത്ത് നിന്ന് മറഡോണയെ കാണുന്നത്. പുള്ളി, ഏറെക്കൂറെ നമ്മുടെ ചെമ്മീനിലെ കറുത്തമ്മയെ നഷ്ടപ്പെട്ട കൊച്ചുമുതലാളിയെപ്പോലെയായി കണ്ണീരും കലാശവുമായി നില്‍ക്കുന്ന മറഡോണയെക്കൊണ്ട് ദുബായിലൊരു പൊന്ന് പീടിക ഉത്ഘാടനം ചെയ്യിച്ചു. പിന്നെയിപ്പോഴിതാ, കെട്ടിയെഴുന്നള്ളിച്ച് കേരളത്തിലുമെത്തിച്ചിരിക്കുന്നു.
പത്രങ്ങളില്‍ ഫ്രീയായൊരു പബ്ലിസിറ്റിയുമായി. അതില്‍ വീണുരുളാന്‍ പൊതുജനമെന്ന കുറേ കഴുതകളേയും കിട്ടി. ശരിക്കും ഇത്രയ്ക്ക് ആവേശം കൊള്ളുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യേണ്ടതാണോ വെറുമൊരു ജ്വല്ലറി ഉത്ഘാടനത്തിനു വരുന്ന മറഡോണയുടെ ഈ എഴുന്നള്ളിപ്പ്? ചില പത്രമുത്തശിമാര്‍ മറഡോണ ഇന്ത്യന്‍ ഫുട്‌ബോളിന്റെ കോച്ച് സ്ഥാനം ഏറ്റെടുക്കുമെന്നു വരെ മുഖപ്രസംഗമെഴുതുന്നു!
പൊന്ന് പീടികയുടെ ഉത്ഘാടനവും കഴിഞ്ഞ് പൊടിയും തട്ടി ആതുരസേവനക്കാരന്റെ ചുമലിലും തട്ടി മറഡോണയങ്ങ് പോവും. നമ്മള്‍ പത്രങ്ങളിലെ പ്രാധാന്യം കണ്ട് കണ്ണും മഞ്ഞളിച്ച് ശരിക്കും ചെമ്മീനിലെ ശരിക്കും കറുത്തമ്മയെ നഷ്ടപ്പെട്ട പരീക്കുട്ടിമാരായി കേരളാ കടാപ്പുറത്ത് അലഞ്ഞുതിരച്ചില്‍ തുടരും..  
 

Saturday, October 20, 2012

അക്കിത്തം എഴുതിയ കത്ത്.


അക്കിത്തം എഴുതിയ കത്ത്. 


കുട്ടിക്കാലത്തെ എന്റെ പ്രിയശീലങ്ങളിലൊന്നായിരുന്നു പല പ്രശസ്തര്‍ക്കും കത്തെഴുതുക എന്നത്. ചിലര്‍ തിരിച്ചും മറുപടിയെഴുതും. അതിലൊന്നാണ് അക്കിത്തം എഴുതിയ ഈ കത്ത്. ഞാന്‍ ഈ എഴുത്ത് എഴുതുമ്പോഴും എനിക്ക് ശക്തി പകരുന്നത് ചിന്തകളാണ്. ഓര്‍മ്മകളാണ്. നമുക്ക് നഷ്ടമാവുന്ന ഓര്‍മ്മകള്‍ അടയാളപ്പെടുത്താന്‍ ഇത്തരം എഴുത്തുകള്‍ക്കു മാത്രമേ സാധിക്കുകയുള്ളൂ.



Wednesday, October 10, 2012

ദുബായ് രാത്രികള്‍ അവസാനിക്കുന്നേയില്ല.



ദുബായ് രാത്രികള്‍ അവസാനിക്കുന്നേയില്ല.


ദുബായ്ക്ക് അങ്ങനെയും ഒരു പ്രത്യേകതയുണ്ട്. അവിടെ രാത്രികള്‍ അവസാനിക്കുന്നേയില്ല.  വേനലില്‍, പ്രത്യേകിച്ച് ജൂലൈ, ആഗസ്ത്, സെപ്തംബര്‍ മാസങ്ങളില്‍ പകലുകള്‍ കടുത്ത ചൂടിന്റെ വറചട്ടിയില്‍ 55 ഡിഗ്രി സെല്‍ഷ്യസ് വരെ ഉരുകുമ്പോള്‍ തെരുവുകളിലൊന്നും കാല്‍നടയാത്രക്കാരന്‍ പോയിട്ട്, ബൈക് യാത്രികനെപ്പോലും കാണാന്‍ കഴിയില്ല. എന്നാല്‍ വൈകിട്ട് അഞ്ചുമണിക്കു ശേഷം മഴപ്പാറ്റകളെപ്പോലെ ആളുകള്‍ പൊടിച്ചുതുടങ്ങും. തെരുവുകളും ഉള്‍നാടന്‍ ലേബര്‍ ക്യാംപുകളും വിശാലമായി നീണ്ടുകിടക്കുന്ന റോഡുകളും ഉണരും. മലയാളികളും ബംഗാളികളും പാക്കിസ്ഥാനികളും ഫിലിപ്പൈനികളും അടങ്ങിയ വിദേശീയക്കൂട്ടം ദുബായുടെ ആഗോളീയ വരവേല്‍പിലേക്ക് പതുക്കെ അലിയും. എമിറേറ്റ്‌സ് മാളിലും ദുബായ് മാളിലും ഇബ്‌നു ബത്തൂത്ത മാളിലും മറ്റു റസ്‌റ്റോറന്റുകളിലും കെ എഫ് സി, മക്‌ഡൊണാള്‍ഡ് ശാഖകളിലുമായി ദുബായ് രാത്രികള്‍ പൂക്കും.
ഷോപ്പിങും ഔട്ടിങും എന്നും രാത്രികള്‍ക്കായി മാറ്റി വയ്ക്കാനാണ് ദുബായ് മലയാളിക്കിഷ്ടം. ഓണമായാലും റംസാനായാലും ക്രിസ്തുമസായാലും ഇവയെല്ലാം എന്നുമാഘോഷിക്കുന്നവരാണല്ലോ തങ്ങളെന്ന് കട്ടായവും പറയും. ഇവര്‍ക്കായി സൂപ്പര്‍ മാര്‍ക്കറ്റുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളും വന്‍കിടമാളുകളും രാത്രി വൈകിയും തുറന്നു കിടക്കും. ഗള്‍ഫിലെ ഒരു വൈകുന്നേരം ഇതാ ഇവിടെ, ആരംഭിക്കുന്നു.
ജബല്‍ അലി, ദുബായ് ഇന്റസ്ട്രിയല്‍ പാര്‍ക്ക് 5:00 p.m
ദുബായ്ക്കാരന്റെ മനസ്
‘ഏത് മദീനേലേക്കാ?’
ഷാര്‍ജ എയര്‍പോര്‍ട്ടില്‍ വിമാമനിറങ്ങിയ അന്ന് തന്നെ ടാക്‌സി ഡ്രൈവര്‍ ചോദിച്ചു.
ഇഷ്ടം പോലെയുണ്ട് ദുബായില്‍ മദീന സൂപ്പര്‍മാര്‍ക്കറ്റുകള്‍. എല്ലാത്തിന്റേയും പിന്നില്‍ ആരുടേയെങ്കിലും പേരുമുണ്ടാവും. നസീം അല്‍മദീന, ഹിലാല്‍ അല്‍ മദീന, ഹദീഖത്ത് അല്‍ മദീന.. ഇങ്ങനെ. ദുബായുടെ രാത്രികാലങ്ങളെ ഷോപ്പിങിന്റെ മൂഡിലേക്ക് നയിക്കുന്നവര്‍. തമിഴനും മലയാളിയും ബംഗാളിയുമടങ്ങുന്ന ഇന്ത്യയുടെ ഒരു മിനിയേച്ചര്‍ പതിപ്പ് ഈ വൈകുന്നേരം തന്നെ ഹിലാല്‍ അല്‍ മദീന സൂപ്പര്‍ മാര്‍ക്കറ്റ് പരിസരത്തുണ്ട്. കൂട്ടത്തില്‍ മലയാളികളാണ് കൂടുതലും. ഷോപ്പിനകത്തെ സേല്‍സ് ബോയ്‌സിലും മലയാളികള്‍ തന്നെ ഭൂരിപക്ഷം. ഇവിടെ തുച്ഛശമ്പളത്തിന് എല്ലുമുറിയെ എന്തു പണിയുമെടുക്കുന്നവനാണെങ്കിലും നാട്ടിലേക്ക് പോവുമ്പോള്‍ ദുബായ്ക്കാരന്റെ അന്തസ്് മുറുകെപ്പിടിക്കാന്‍ വന്‍കിട മാളുകളില്‍ ഷോപ്പിങ് നടത്തുന്നവനാണ് മലയാളിയെന്ന നിരീക്ഷണം പങ്കുവച്ചു, ഇവിടത്തെ മാനേജര്‍ അയൂബ്. ‘ലേബര്‍ ക്യാംപുകള് കണ്ടമാനമുള്ള പ്രദേശമാണിത്. പകല് ചൂടും ആളില്ലാ റോഡും കാണുമ്പോ, ഇവിടെ ഇപ്പം ഈ വൈകുന്നേരമുള്ളതു പോലെ തെരക്കും ആള്‍ക്കാരും ഉണ്ടെന്ന് മനസിലാവൂല്ല. പ്രത്യേകിച്ചും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും. അന്ന് ഇതിന്റെ ഡബിളുണ്ടാവും ആളുകള്..’ അയൂബ് പറയുന്നു.
കസ്റ്റമേര്‍സിനെ വിവിധ ലേബര്‍ ക്യാംപുകളില്‍ നിന്ന് കൊണ്ടുവരാനായി പ്രത്യേക ബസ് സര്‍വീസുമുണ്ട്. അതിന്റെ ഡ്രൈവര്‍മാരും മലയാളികള്‍. രാത്രി ഒരു മണിവരെയെങ്കിലും നീളും ഈ സര്‍വീസ്. മുഴുവനായും ബംഗാളികളേയും നിറച്ച ഒരു അല്‍ മദീന സ്‌പെഷ്യല്‍ ബസ് ദേ, ഷോപ്പിന്റെ പാര്‍ക്കിങ് ഏരിയയിലേക്ക് കടന്നു.
ദുബായ് ഫ്രീ സോണ്‍, നാലാമത്തെ എന്‍ട്രി ഗേറ്റ് 6:00 p.m
നിങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നത്..
ദിവസം മിനിമം ഒരു മണിക്കൂറെങ്കിലും വണ്ടിയില്‍ ചെലവഴിക്കുന്നവരാണ് ദുബായില്‍ ജോലി ചെയ്യുന്ന മലയാളികളിലേറെയും. ഡ്രൈവിങ്ങറിയാമോ, എങ്കില്‍ നിങ്ങള്‍ 1500 ദിര്‍ഹം നേടിക്കഴിഞ്ഞുവെന്ന് ആരും സമ്മതിക്കും. ദുബായിലെ ഡ്രൈവിങ് ലൈസന്‍സ് കിട്ടുക എന്നാല്‍ അഷ്‌റഫിന്റെ ഭാഷയില്‍ ‘നല്ലൊരു കിട്ടലാ’ണ്. പകലും രാത്രിയും ഒരുപോലെ ദുബായിലെ വിവിധ ലേബര്‍ ക്യാംപുകളിലേക്കും ഓഫീസുകളിലേക്കും ഭക്ഷണം സപ്ലൈ ചെയ്യുന്ന ടേസ്റ്റി വേള്‍ഡ് റസ്‌റ്റോറന്റിലെ അഷ്‌റഫിന് ഡ്രൈവിങ് വേളകളിലെ ആസ്വാദനമാണ് റേഡിയോ എഫ് എം സ്‌റ്റേഷനുകള്‍. വിവിധ റേഡിയോ സ്‌റ്റേഷനുകളിലെ ജനപ്രിയപരിപാടികളൊക്കെയും കാണാ:പാഠം. വാര്‍ത്തകളിലെ വി എസ്-പിണറായി പോരാട്ടക്കഥകളും ഇടയ്ക്കിടെ ‘അണപൊട്ടുന്ന’ മുല്ലപ്പെരിയാറുമെല്ലാം ഇവിടെയും ഹിറ്റ്. കൂട്ടത്തില്‍ നാടുകളെ ചിത്രീകരിക്കുന്ന ‘കേരളം വിളിക്കുന്നു’ പോലത്തെ പരിപാടികളോടാണ് താല്‍പര്യം കൂടുതല്‍. ‘വണ്ടീല് എഫ് എം ഓണാക്കിയാല് പിന്നെ നമ്മളൊറ്റക്കാണെന്ന ഫീലിങ്ങേയുണ്ടാവില്ല. ടി വി യേക്കാളും റേഡിയോയാ ഇവിടെ തരംഗം. ഓരോ റേഡിയോ ജോക്കിമാര്‍ക്കും ഫാന്‍സ് വരെയുണ്ട്. ഫേസ്ബുക്കിലും മറ്റും അവര്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ച് ആക്‌സെപ്ട് ചെയ്യുന്നതും കാത്തിരിക്കുന്നവരെ എനിക്കറിയാം.. നാട്ടുവാര്‍ത്തകളും മറ്റും ചൂടോടെ കേള്‍ക്കുമ്പോ കിട്ടുന്ന സുഖം ഒന്നു വേറെത്തന്ന്യാ..’ അഷ്‌റഫ് ഭക്ഷണപാര്‍സലുകള്‍ അടുക്കി വയ്ക്കുന്ന തിരക്കിലാണ്. ഇതിനിടെ അരികെ വന്നു നിര്‍ത്തിയ വണ്ടിയിലെ ഖലീലും ജെബിനും (ഇരുവരും ദുബായ് ഇന്റര്‍നെറ്റ് സിറ്റിയില്‍ ജോലി ചെയ്യുന്നു.) ഓഫീസ് വിട്ടുള്ള വരവാണ്. ഇഷ്ട റേഡിയോ പരിപാടി ഇരുവര്‍ക്കും ഒന്നു മാത്രം. ആളുകളെ ഫോണില്‍ വിളിച്ച് പറ്റിക്കുന്ന 89.1 ഹിന്ദി എഫ് എമ്മിലെ കോര്‍ക്കി സിങ്ങിന്റെ പെര്‍ഫോമന്‍സ്. പുള്ളി പത്രങ്ങളിലെ ക്ലാസിഫൈഡ്‌സിലും മറ്റും നോക്കി നമ്പറുകള്‍ തരപ്പെടുത്തി ഓരോരുത്തരെ വിളിച്ച് അസലായി ‘തരികിട’യാക്കിക്കളയും.
ഇബ്‌നു ബത്തൂത്ത മാളിനു മുന്‍വശം, 7:00 p.m
ഓവര്‍ ടേക്ക് വിത് കെയര്‍
എളുപ്പം മാറിമറിയുന്ന റോഡുകളും നിലയ്ക്കാത്ത കെട്ടിടനിര്‍മാണങ്ങളും. മാന്ദ്യകാലം കഴിഞ്ഞതോടെ പിന്നെയും നിര്‍മാണജോലികള്‍ സജീവമായി. ദുബായില്‍ ഒരു പ്രാവശ്യം ഒരു റോഡിലൂടെ യാത്ര ചെയ്ത് കൃത്യം ഒരു മാസം കഴിഞ്ഞ് വീണ്ടും അതിലൂടെ പോവണമെന്ന് കരുതുക. തീര്‍ച്ചയായും അനുഭവസമ്പന്നനായ ഡ്രൈവറല്ലെങ്കില്‍ നിങ്ങള്‍ക്കു വഴിതെറ്റും. കാരണം പഴയ റോഡ് അപ്പാടെ മാറി പുതിയ റോഡ് മറ്റൊരിടത്തായി വന്നിട്ടുണ്ടാവും. റോഡിലെ ആരോ മാര്‍ക്കുകള്‍ ശരിയാംവണ്ണം ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടുമെന്നു തീര്‍ച്ച.
രാത്രി വെളിച്ചത്തില്‍ എല്ലാ തെരുവുവിളക്കുകളും തെളിഞ്ഞുനില്‍ക്കുന്ന ദുബായ്, ഒപ്പനയിലെ മണവാട്ടിയെപ്പോലിരിക്കും. ഇബ്‌നു ബത്തൂത്ത മാള്‍ ബസ് സ്‌റ്റേഷനിലെ എഫ് 48 ബസ് ഡ്രൈവര്‍ സമീറിനു പറയാനുള്ളത് രാത്രിയിലെ ഡ്രൈവിങ് വിശേഷങ്ങളെപ്പറ്റി. എന്തപകടമുണ്ടായാലും തൊട്ടടുത്ത നിമിഷം തന്നെ പാഞ്ഞെത്തും പോലീസ്. ആരെങ്കിലും അപകടകരമായ രീതിയില്‍ വണ്ടിയോടിച്ചാല്‍ കണ്ടുപിടിക്കാന്‍ ക്യാമറയടക്കമുള്ള സാങ്കേതികവിദ്യകളുമുണ്ട്. പിഴയും മറ്റു കാര്യങ്ങളും ഉടന്‍ തന്നെ ഉടമയുടെ മൊബൈല്‍ ഫോണില്‍ എസ് എം എസായി വരും. ‘രാത്രിയില് ഇവിടത്തെñഡ്രൈവിങ് സുഖം ഒന്നു വേറെത്തന്നെയാ.. നേരെ അടിച്ചങ്ങ് പോവും. മെട്രോയിലും ബസിലുമൊക്കെ ഉപയോഗിക്കാവുന്ന നോഎല്‍ കാര്‍ഡ് പഞ്ച് ചെയ്യുന്ന സിസ്റ്റം യാത്രക്കാര്‍ക്കും ഗുണം തന്നെ. ഈ സുഖമൊന്നും നാട്ടിലെ റോഡില്‍ കിട്ടില്ല.  ആകെയൊരു വിഷമമുള്ളത് ബസില്‍ എഫ് എം സ്‌റ്റേഷനുകള്‍ വയ്ക്കാന്‍ കഴിയില്ലല്ലോ എന്നത് മാത്രം.’ സമീറിന്റെ വാക്കുകള്‍ക്ക് പശ്ചാത്തലമായി അകലങ്ങളോളം മിന്നാമിനുങ്ങിനെപ്പോലെ വെളിച്ചം പൊഴിച്ച് ദുബായ് നീണ്ടുകിടക്കുന്നു.
ദെയ്‌റ, ഗോള്‍ഡ് സൂക്കിനു സമീപം 8:00 p.m  
ഡ്രീംസ്.. അണ്‍ലിമിറ്റഡ്
നല്ല ഈത്തപ്പഴം കിട്ടണമെങ്കില്‍ ഇറാന്‍കാരുടെ ഷോപ്പിലും ഒട്ടകത്തെ കാണണമെങ്കില്‍ അബൂദാബിയിലേക്കുള്ള വഴിയിലുമിറങ്ങണം. മരുഭൂമികളിലെ മരക്കപ്പലുകളായി അവ നിങ്ങളുടെ മുന്നിലൂടെ കടന്നുപോവും. ഇനി ഒരു ആഗോളപൗരനാവുന്നതിന്റെ സുഖം അനുഭവിക്കണമെങ്കില്‍, ഗ്ലോബല്‍ വില്ലേജും ദുബായ് മറീനയും പാം ജുമൈറയും ദുബായ് മ്യൂസിയവും അബൂദാബിയിലെ ഷേഖ് സായിദ് മസ്ജിദും കാണണം. ബര്‍ ദുബായില്‍ നിന്ന് ഒരു ദിര്‍ഹം കൊടുത്താല്‍ ദെയ്‌റയിലേക്കുള്ള ബോട്ടില്‍ കയറാം. ഓളപ്പരപ്പിലൂടെ രാത്രി പത്തുമണി വരേയ്ക്കും ആ യാത്ര ആസ്വദിക്കാം. ദെയ്‌റയിലെ വഴിയോരത്ത് കാണാം നിരനിരയായി, പുകവലിക്കാരുടെ സ്വപ്നമായ അറേബ്യന്‍ ഹുക്കകള്‍ വില്‍ക്കുന്ന ഷോപ്പുകള്‍. ദുബായ് മ്യൂസിയത്തിലെ പഴയ കാല അറബിജീവിതത്തിന്റെ ജീവന്‍ തുടിക്കുന്ന മാതൃകകളുടെ പുനരാവിഷ്‌ക്കാരത്തിലും കണ്ടിട്ടുണ്ട്, ഇതേ ഹുക്കകള്‍ വലിച്ചു തള്ളുന്ന പ്രതിമകള്‍.
സ്വര്‍ണം, രാത്രിയാണെങ്കിലും സ്ത്രീമനസുകളെ മഞ്ഞളിപ്പിക്കുമോ എന്ന സംശയത്തിനും ഉത്തരമായത് ദെയ്‌റയിലെ ഗോള്‍ഡ് സൂക്കിനു മുന്നിലെത്തിയപ്പോള്‍. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയ ഗോള്‍ഡ് സൂക്കിലെ ഭീമാകാരന്‍ സ്വര്‍ണമോതിരത്തിനു ഏതാണ്ട് 64 കിലോഗ്രാം ഭാരം വരും. വിവിധ നാട്ടുകാരായ സ്ത്രീജനങ്ങളെ ‘തള്ളി’മാറ്റി അതിന്റെ ഒറ്റയ്ക്കുള്ള ഫോട്ടോയെടുക്കാന്‍ പിന്നെയും കാത്തുനില്‍ക്കേണ്ടി വന്നു, അര മണിക്കൂറോളം. ‘വാങ്ങാനൊന്നും കഴിഞ്ഞില്ലെങ്കിലും ഇങ്ങനെ കണ്ടുനില്‍ക്കാന്‍ തന്നെ എന്തു രസം!’ വഴിയേ കടന്നുപോയ പേരറിയാത്ത മലയാളി ‘കപ്പിള്‍സ്’ അടക്കം പറയുന്നതും കേട്ടു.
ഷാര്‍ജ, 9.30 p.m 
വീക്കെന്‍ഡിലെ നൈറ്റ് പ്ലാന്‍സ്
ഷാര്‍ജയിലെ മജ്‌ലിസ് റസ്റ്റോറന്റില്‍ ഡിന്നര്‍ ഒരുങ്ങുകയാണ്. പുറത്ത്, അംബരചുംബികളായ കെട്ടിടങ്ങള്‍ രാത്രിവെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുന്നുണ്ട്. അകത്ത് അറബികളും മറ്റു രാജ്യക്കാരുമടക്കം അവിടവിടെ കുടുംബങ്ങള്‍ ഒരുപാട് സമ്മേളിച്ചതു കാണാം. അവര്‍ക്കിടയില്‍ ഒരു മൂലയിലായി ഓര്‍ഡര്‍ ചെയ്തത് ഓരോന്നായി മേശയില്‍ വന്നുനിറയുന്നത് കാത്തിരിക്കുകയാണ് അബ്ദുറഹിമാനും ഭാര്യ റസിയയും കൂട്ടുകാരും. കഴിഞ്ഞ 10 വര്‍ഷമായി ഇവര്‍ ഗള്‍ഫിലുണ്ട്. മക്കളുടെ വെക്കേഷന്‍ നോക്കിയാണ് നാട്ടിലേക്കുള്ള ടിക്കറ്റ് ഓകെയാക്കാറ്. സ്ഥിരമായി വീക്കെന്‍ഡില്‍ ഇതുപോലൊരു ഡിന്നര്‍ പതിവാണ്. പരീക്ഷയായതിനാല്‍ മകന്‍ കൂടെയില്ല. മകള്‍ മാത്രമേ ഉള്ളൂ. കൂടെ നാട്ടില്‍ നിന്ന് ദുബായ് കാണാന്‍ വന്ന കൂട്ടുകാരും. ‘നാട്ടിലെ പോലെയല്ല ഇവിടെ. നാട്ടിലാവുമ്പോ വീട്ടില് തന്നെയാവും. എവിടെയും പോവാനും പറ്റില്ല.. എന്നാലിവിടെ ആഴ്‌ചേല്‍ നാലുദിവസമെങ്കിലും പുറത്തായിരിക്കും രാത്രി ഭക്ഷണം. ചിലപ്പോ ഏതെങ്കിലും വലിയ മാളില്. അല്ലെങ്കില്, ഇതാ ഇതുപോലത്തെ മലയാളി റസ്‌റ്റോറന്റില്..’ വീട്ടുകാരി റസിയ തുടക്കത്തിലേ നയം വ്യക്തമാക്കി. അബ്ദുറഹിമാനും കൂട്ടുകാരും തീന്‍മേശയിലെ നാടന്‍ വിഭവങ്ങള്‍ രുചിച്ചു തുടങ്ങി. ‘നാടു വേറെയാണെങ്കിലും നമ്മുടെ നാട്ടിലെ പത്തിരിയും നെയ്പത്തലുമൊക്കെ എവിടെ പോയാലും മറക്കാന്‍ കഴിയുമോ?’ അവരുടെ നിഷ്‌ക്കളങ്കമായ ചോദ്യം.
ദുബായ് മാള്‍, 11:00 p.m 
മക്കള്‍ക്കായൊരു ഡെഡിക്കേഷന്‍
ജബല്‍ അലി തൊട്ട് റാഷിദിയ വരെ നീളുന്ന മെട്രോ ട്രയിനാണ് രാത്രിസഞ്ചാരികളുടെ ഇഷ്ടതോഴന്‍. ഏതാണ്ട് എല്ലാ പ്രധാന മാളിലിനടുത്തും ഇതിന് സ്‌റ്റോപ്പുണ്ട്. ബത്തൂത്ത മാളിലെ ആകാശവും നക്ഷത്രവുമൊക്കെ തെളിഞ്ഞുനില്‍ക്കുന്ന മേല്‍ക്കൂരയും എമിറേറ്റ്‌സ് മാളിലെ ഐസ് സ്‌കേറ്റിങ്ങും കണ്ടുകഴിഞ്ഞ് ദുബായ് മാളിലെത്തിയപ്പോള്‍ വിവിധ കലാപരിപാടികളുടെ ആഘോഷം അരങ്ങു തകര്‍ക്കുന്നുണ്ട്. ഷോപ്പിങ് ഫെസ്റ്റിവലിന് തിരശീല വീഴുമ്പോള്‍ തുടങ്ങും, ‘സമ്മര്‍ സര്‍പ്രൈസ്’ ആഘോഷങ്ങള്‍. സല്‍സാ നൃത്തവും അറേബ്യന്‍ മ്യൂസിക്കുകളും ബാന്റ് മേളവും ഇംഗ്ലീഷ് ബാലേകളുമായി മാള്‍ ഉത്‌സവച്ഛായയിലാണ്. മാളിലെ ഫുഡ് കോര്‍ട്ട് ഒരു കല്യാണവീടിന്റെ പ്രതീതിയിലാണ്. അരികെ, നീണ്ടുനിവര്‍ന്ന് ബുര്‍ജ് ഖലീഫയും മ്യൂസിക്കിനനുസരിച്ച് ഡാന്‍സ് ചെയ്യുന്ന വാട്ടര്‍ മാജിക്കും.  
മാളിലെ വീഡിയോ ഗെയിം ഷോപ്പുകളില്‍ പ്രത്യേകകാര്‍ഡിട്ടാല്‍ കളിക്കാവുന്ന വിവിധ ഗെയിമുകളില്‍ മുഴുകിയിരിക്കുകയാണ് ബാസിലും ബസീമയും മാസ്റ്റര്‍ സരോജുമല്ലാം. കളിയ്ക്കിടയില്‍ വിജയിക്കുന്നതിനനുസരിച്ച് സമ്മാനങ്ങളായി പാവക്കുട്ടി, ബോള്‍ എന്നിവയും കിട്ടുന്നുണ്ട്. കൂടെ അവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി രക്ഷിതാക്കളുമുണ്ട്. ‘ഇപ്പോ ഫ്‌ളാറ്റ് മുഴുവനും ഇവരുടെ പാവക്കുട്ടികള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാ.. ഇപ്പം പത്തരയല്ലേ സമയം? ഇവരിനി മാള് അടക്കുന്നതു വരെ ഗെയിമ് തന്നെയായിരിക്കും. നാട്ടിലേപ്പോലെ അവര്‍ക്ക് കളിക്കാന്‍ വയലും കൂട്ടുകാരുമൊന്നുമില്ലല്ലോ.. അതുകൊണ്ട് ഇത്തരം ദിവസങ്ങള്‍ ഞങ്ങള്‍ അവര്‍ക്കു മാത്രമായി ഡെഡിക്കേറ്റ് ചെയ്യും!’
അവരുടെ ‘സ്‌പെഷ്യല്‍ പെര്‍മിഷന്‍’. ദുബായിലെ രാത്രി പിന്നെയും അവസാനിക്കുന്നില്ല.