Tuesday, September 27, 2011

കാജള്‍ മാനിയ യുവിയുടെ മനസിലും..



കാജള്‍ മാനിയ യുവിയുടെ മനസിലും

‘പറ്റുമെങ്കില്‍ എനിക്ക് കാജൊളിനൊപ്പം ഒരു പ്രണയചിത്രത്തില്‍ അഭിനയിക്കണം. ‘ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേങ്കെ’യില്‍ ഷാരൂഖ് ഖാന്‍ അഭിനയിച്ചതു പോലെ.’പറയുന്ന ആളെ കണ്ടാല്‍ ആരും ഞെട്ടും. നമ്മുടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കാസനോവ യുവ്‌രാജ് സിംഗ്!
അടുത്തിടെ ബോളിവുഡിലെ ചൂടന്‍ നായികയും കാമുകിയുമായ കിംശര്‍മ്മയുമായുള്ള ബന്ധത്തിനു ബൈ പറഞ്ഞ് കഴിഞ്ഞതേയുള്ളൂ കക്ഷി. കളിയില്‍ നിന്ന് വിരമിച്ചാല്‍ ബോളിവുഡില്‍ സജീവമാവണം. പിന്നെ കാജളുമൊത്തൊരു പ്രണയസിനിമ ചെയ്യണം. അങ്ങനെ പോവുന്നു യുവിയുടെ ആഗ്രഹങ്ങളുടെ നിര.
കുഞ്ഞുന്നാളിലേ കടുത്ത കാജള്‍ ഫാനായിരുന്നുവത്രേ യുവി. കാജളിന്റെ ഓട്ടോഗ്രാഫിനായി കാജള്‍ പങ്കെടുക്കുന്ന പരിപാടികളില്‍ ആവേശപൂര്‍വം പങ്കെടുത്തെങ്കിലും ജനക്കൂട്ടത്തിന്റേയും ആരാധകരുടേയും തിക്കും തിരക്കും കാരണം ദൂരെ നിന്ന് ആരാധിച്ച് പോവാനേ കുഞ്ഞുയുവിയ്ക്ക് കഴിഞ്ഞിട്ടുള്ളൂ. ഏതായാലും പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ഈ കഥകളെല്ലാം യുവി തന്നെ സ്വപ്നനായികയോടു നേരിട്ടു പറഞ്ഞിട്ടുമുണ്ട്.
അച്ഛനും സിനിമാനടനുമായ പിതാവ് യോഗ്‌രാജ് സിംങ് തന്നെയാണ് അഭിനയത്തിലും ജീവിതത്തിലും എന്നും യുവിയുടെ ഗുരു. ക്രിക്കറ്റില്‍ ഫോം നഷ്ടപ്പെട്ട കാലത്തും മറ്റും അച്ഛനായിരുന്നത്രേ യുവിയുടെ ഏറ്റവും അടുത്ത സുഹൃത്തും പ്രചോദനവുമല്ലാം. ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന കാലം വിദൂരമാണെങ്കിലും സിനിമാ അഭിനയത്തിലും തനിക്ക് മാര്‍ക്കറ്റുണ്ടാകുമെന്ന വിശ്വാസത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ഈ യുവസിങ്കം. ഇതിനിടെ തന്റെ പഴയ കാമുകിയായ കിംശര്‍മ്മയെ പതിവായി ഒഴിവാക്കിക്കൊണ്ടിരിക്കുന്നു എന്ന ആരോപണങ്ങള്‍ക്ക് യുവിയും ഒരു ആന്‍ഡേഴ്‌സന്‍ പന്ത് ഒഴിവാക്കുന്നതുപോലുള്ള മെഴ്‌വയക്കം കാണിക്കുന്നുമുണ്ട്. ഏതായാലും ഇതൊക്കെ സാക്ഷാല്‍ ആക്ഷന്‍ ഹീറോ അജയ്‌ദേവ്ഗണ്‍ കാണുന്നും കേള്‍ക്കുന്നുമുണ്ടോ ആവോ?

Monday, September 26, 2011

ബിഗ് ബി അണ്ണാ ഹസാരെയാവുന്നു


ബിഗ് ബി അണ്ണാ ഹസാരെയാവുന്നു.

ഈ പ്രകാശ് ജായ്ക്ക് വിവാദമുണ്ടാക്കാനേ താല്‍പര്യമുള്ളൂ എന്നാണ് ഹിന്ദി സിനിമാലോകത്തിന്റെ പുതിയ സംശയം. ‘ആരക്ഷണ്‍’ എന്ന സംവരണസംബന്ധിയായ സിനിമ ഉണ്ടാക്കിയ വിവാദം ചൂടാറിയിട്ടില്ല. ദേ, വരുന്നു അദ്ദേഹത്തിന്റെ മറ്റൊരു പുതിയ സിനിമ. പേര് ‘സത്യഗ്രഹ’. അണ്ണ ഹസാരേയുടെ കഥയാണത്രേ സിനിമയുടെ ഇതിവൃത്തം. അണ്ണ ഹസാരേ ആയി നടിക്കുന്നതോ സാക്ഷാല്‍ ബിഗ് ബിയും. തിരക്കഥയും മറ്റുമല്ലാം ഇപ്പോള്‍ തന്നെ തുടങ്ങിക്കഴിഞ്ഞു.
അണ്ണാ ഹസാരേയും അദ്ദേഹത്തിന്റെ പുതിയ സമരമുറയുമല്ലാം സംവിധായകനേയും ബോളിവുഡിനെ ഒന്നടങ്കവും അത്ര മാത്രം ആകര്‍ഷിച്ചിരിക്കുന്നതിന്റെ തെളിവു കൂടിയാണ് ഈ സിനിമ. നേരത്തെ അമിതാഭ് ബച്ചന്‍ തന്നെ അണ്ണാ ഹസാരേയുടെ ലോകñബാല്‍ ബില്ലിന് അനുകൂലമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതിനൊപ്പം ആമിര്‍ ഖാന്‍ പോലുള്ളവര്‍ സമരപ്പന്തലിലെത്തി അണ്ണായ്ക്ക് ആശീര്‍വാദങ്ങള്‍ നല്‍കിയിരുന്നു.
സിനിമയില്‍ അഭിനയിക്കുന്ന മറ്റുള്ളവരുടെ ലിസ്റ്റ് ആയില്ലെങ്കിലും അമിതാഭ് തന്നെ പ്രധാനവേഷം ചെയ്യുമെന്ന് ഉറപ്പിക്കുകയായിരുന്നു സംവിധായകന്‍ ആദ്യം ചെയ്തത്. അണ്ണായുടെ അഴിമതിയ്‌ക്കെതിരെയുള്ള സമരം മാത്രമല്ല, മറ്റു പല സാമൂഹ്യതിന്‍മകള്‍ക്കും നേരെ പടവാളോങ്ങുന്ന നായകനായിരിക്കുമത്രേ സ്‌ക്രീനില്‍. യുവാക്കാള്‍ക്കിടയില്‍ അണ്ണാ ഹാസാരെ സൃഷ്ടിച്ച ചലനമാണ് ഈയൊരു സിനിമ എടിക്കാന്‍ പ്രകാശ് ജായെ പ്രേരിപ്പിച്ചത്. ഏതായാലും ഈ സിനിമ കൂടി പുറത്തുവരുന്നതോടെ കേന്ദ്രസര്‍ക്കാരിന്റേയും മന്‍മോഹന്‍ സിങ്ങിന്റേയും ഉറക്കമില്ലാത്ത രാത്രികള്‍ കൂടുമെന്ന് ഉറപ്പ്.

Monday, September 12, 2011

വിശിഷ്ടാതിഥി.


വിശിഷ്ടാതിഥി.


1
അറിയപ്പെടുന്ന ഡിസൈനറാണ് പീറ്റര്‍ സുധീര്‍. ആര്‍കിടെക്‌ടോ, എഞ്ചിനീയറോ അല്ലാതെ സ്വപ്രയത്‌നം കൊണ്ട് ഈ മേഖലയില്‍ വിജയക്കോടി പാറിച്ച പ്രശസ്തന്‍. കേരളത്തിനു പുറമേ, ഗള്‍ഫിലും മറ്റുമൊക്കെയായി നൂറു കണക്കിനു കെട്ടിടങ്ങള്‍ പണി കഴിപ്പിച്ചിട്ടുണ്ട് ഇദ്ദേഹം. വ്യത്യസ്തവും ആധികാരികതയുമാണ് അദ്ദേഹത്തിന്റെ ഡിസൈനുകളുടെ പ്രധാന പ്രത്യേകത.
ഐ ഐ ഡിയുടെ ( ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനേര്‍സ്) ആ വര്‍ഷത്തെ അവാര്‍ഡ് അദ്ദേഹത്തിനുറപ്പിച്ചതാണ്. അവാര്‍ഡിനു പരിഗണിക്കപ്പെട്ട ആറു പ്രോജക്ടുകളില്‍ മൂന്നെണ്ണവും അദ്ദേഹത്തിന്റേതായിരുന്നു.ഓണ്‍ ലൈനിലും പത്രത്തിലും നടത്തിയ അഭിപ്രായ വോട്ടെടുപ്പിലെല്ലാം ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞെടുത്തതും വോട്ടു ചെയ്തതും പീറ്ററുടെ പ്രോജക്ടുക ള്‍ക്കായിരുന്നു. എന്നാല്‍ അവാര്‍ഡ് ദാനവേളയില്‍ വിശിഷ്ടാതിഥിയായി വരുന്ന ലോകപ്രശസ്ത മലയാളി ആര്‍കിടെക്ട് അമീര്‍ ഹുസൈന്‍ വിജയികളുടെ പേരുകള്‍ മാറ്റി പ്രഖ്യാപിച്ച് പീറ്ററിനുള്ള അവാര്‍ഡ് നിഷേധിക്കുന്നു.
2
വര്‍ഷങ്ങള്‍ക്കു മുമ്പ്, അമീര്‍ ഹുസൈനായിരുന്നു പീറ്ററിന്റെ ഗുരു. ചിത്രം വരയ്ക്കാനുള്ള പീറ്ററുടെ കഴിവ് കെട്ടിടങ്ങളുടെ ത്രിഡി രൂപം വരയ്ക്കുന്ന മേഖലയിലേക്ക് എത്തിക്കുന്നത് അമീര്‍ ഹുസൈനാണ്. അതിനു മുമ്പ് വിസ നല്‍കിയ അറബി പറ്റിച്ചതിനാല്‍ മറ്റു പല ജോലിയും ചെയ്ത് പോലീസിന്റെ കണ്ണു വെട്ടിച്ച് കഴിയുകയായിരുന്നു പീറ്റര്‍, ഗള്‍ഫില്‍. പീറ്ററുടെ വരയ്ക്കാ നുള്ള കഴിവ് അമീറിന്റെ വീട്ടില്‍ പോലും ഏത് സമയവും കയറിച്ചെല്ലാനുള്ള അധികാരം നല്‍കുന്നു. ഗള്‍ഫിലെ ഷെയ്ക്കിന്റെ വലം കൈയായ ബഷീറിനെ പോലുള്ളവരെ പരിചയപ്പെടുന്നതും ഇക്കാലത്താണ്. പീറ്റര്‍, അമീറിന്റെ വീട്ടിലെ ഒരംഗത്തെപ്പോലെയാവുന്നു. ഈയടുപ്പമാണ് അമീറിന്റെ മകള്‍ ഫിദയെ പീറ്ററിലേക്ക് ആകര്‍ഷിക്കുന്നത്. പീറ്റര്‍ അറിയാതെ , പീറ്ററെ അവള്‍ തീവ്രമായി പ്രണയി ക്കുന്നു. അവര്‍ തമ്മിലുള്ള ഈ ബന്ധം അമീര്‍ അറിയുന്നുണ്ടെങ്കിലും ഒരു പരിധി വരെ അദ്ദേഹം ഇത് ഇഷ്ടപ്പെടുകയും
ചെയ്യുന്നു.
3
ഇതിനിടെയാണ് തന്നെ പറ്റിച്ച പഴയ അറബി ഒരു പുതിയ വാഗ്ദാനവുമായി പീറ്ററെ കാണാന്‍ വരുന്നത്. തന്റെ പുതിയ സ്റ്റു ഡിയോവില്‍ പാര്‍ട്ണറാവാനായിരുന്നു ക്ഷണം. പീറ്റര്‍ മുമ്പുണ്ടായിരുന്ന സ്റ്റുഡിയോ ഒന്നു വിപുലപ്പെടുത്താനുള്ള ചെലവു മാത്രം എടുത്താല്‍ മതി. ഈ വാഗ്ദാനത്തില്‍ വീഴുന്ന പീറ്റര്‍ പതിയെ അമീറില്‍ നിന്നും അകലുന്നു. സ്റ്റുഡിയോ വിപുലീകരണത്തില്‍ മാത്രമായി അയാളുടെ ചിന്തയും സമയവും. തന്നോടും തന്റെ മകളോടും ചെയ്യുന്ന ചതിയായി പീറ്ററുടെ ഈ പിന്‍വാങ്ങല്‍ അമീറിനു തോന്നുന്നു.
സ്റ്റുഡിയോയുടെ പണി കഴിഞ്ഞതിനു ശേഷമാണ് അറബി ഇത് പീറ്റററിയാതെ മറ്റൊരാള്‍ക്കു വിറ്റ് ഈജിപ്തിലേക്ക് കടന്ന വിവരം അറിയുന്നത്. തന്റെ സ്വപ്നങ്ങളെല്ലാം തകര്‍ന്ന് വെറും കൈയുമായി പീറ്റര്‍ തിരിച്ച് നാട്ടിലേക്കു മടങ്ങി വരുന്നു.
4
തന്റെ 21 വയസില്‍ കല്യാണം കഴിഞ്ഞതിനു ശേഷമായിരുന്നു, ജീവിക്കാന്‍ വേണ്ടി ഭാര്യയുടെ ആഭരണങ്ങള്‍ പണയം വച്ച് പീറ്റര്‍ ഗള്‍ഫിലേക്കു പോകുന്നത്. തിരിച്ചു വന്നപ്പോള്‍ ഭാര്യയെ വഞ്ചിച്ചതിലുള്ള കുറ്റബോധം പീറ്ററിനുണ്ടായിരുന്നു. വെറും കൈയോടെ നാട്ടില്‍ വന്നതിനു ശേഷം പീറ്റര്‍ ജീവിക്കാന്‍ വേണ്ടി കല്ലു ചെത്തിനും തേപ്പു പണിക്കൊക്കെയുമായി പോയിത്തുടങ്ങി. ഇതിനിട യിലായിരുന്നു, നാട്ടിലെ ഒരു പ്രശസ്ത ആര്‍കിടെക്ട് തന്റെ പുതിയ പ്രോജക്ടിന്റെ ത്രിഡി വരച്ചുകൊടുക്കാന്‍ ഏല്‍പ്പിക്കുന്നത്. ക്രെഡിറ്റ് ആര്‍കിടെക്ടിന്റെ പേരില്‍ തന്നെയാവും. പീറ്റര്‍ അതെറ്റെടുക്കുകയും ആ പ്രോജക്ടിന്റെ ത്രിഡി മറ്റുള്ള ആര്‍കിടെക്ടുകള്‍ ക്കിടയില്‍ പീറ്ററെ പ്രശസ്തനാക്കുകയും ചെയ്യുന്നു. ഇങ്ങനെ നിരവധി ത്രിഡികള്‍ ആര്‍കിടെക്ടുകളുടെ ബിനാമിയായി ചെയ്തു വരവേയാണ് പീറ്ററെ തേടി ഗള്‍ഫില്‍ വെച്ചു പരിചയപ്പെട്ട കോടീശ്വരനായ ബഷീര്‍ വരുന്നത്. ഗള്‍ഫിലെ തന്റെ കൊട്ടാരസദൃശ്യമായ വീടിന്റെ മുഴുവന്‍ പ്രോജക്ടും ബഷീര്‍ പീറ്ററിനെ ഏല്‍പ്പിക്കുന്നു. പീറ്ററിന്റെ കഴിവുകള്‍ നേരിട്ടു കണ്ട ഒരാളുടെ ക്ഷണമായിരുന്നു അത്. അങ്ങനെ പീറ്റര്‍ തിരിച്ച് വീണ്ടും ഗള്‍ഫിലേക്ക് പറക്കുന്നു. പീറ്ററുടെ വളര്‍ച്ചയുടെ തുടക്കമായിരുന്നു അത്. ഇതിനിടയില്‍ പഴയ ഗുരുനാഥനെ പലവട്ടം കാണുന്നുണ്ടെങ്കിലും ഒരു പരിചയവും നടിക്കാതെ ഇരുവരും നടന്നകലുന്നു.
മാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്ത വീടായിരുന്നു ബഷീറിന്റെ വീട്. തിരിച്ചു നാട്ടിലെത്തുന്ന പീറ്ററിന് ഈ മേല്‍വിലാസം ഒരുപാട് അവസരങ്ങള്‍ നല്‍കുന്നു. പീറ്റര്‍ പതിയെ വളരുകയായിരുന്നു.. സ്വന്തമായി ഓഫീസായി. കീഴില്‍ ജോലിയെടുക്കാന്‍ ആര്‍കിടെക്ടു കളുണ്ടായി. നാട്ടുകാരും പത്രങ്ങളും ആദരവോടെയും അത്ഭുതത്തോടെയും പീറ്ററെ നോക്കി, ചര്‍ച്ച ചെയ്തു.
ഇതിനിടയിലായിരുന്നു ഒരു ആക്‌സിഡന്റില്‍ പെട്ട്, ഗള്‍ഫില്‍ വെച്ച് ബഷീര്‍ മരണപ്പെടുന്ന വിവരം പീറ്റര്‍ അറിയുന്നത്. പീറ്ററെ സംബന്ധിച്ചിടത്തോളം വേദനിപ്പിക്കുന്ന ഒരു വാര്‍ത്തയായിരുന്നു അത്.
5
ഫ്‌ളാഷ് ബാക്കുകള്‍ അവസാനിക്കുന്നു. നേരത്തെയുള്ള അവാര്‍ഡ് ഫംഗ്ഷന്റെ വേദി. അതിഥികളെല്ലാം പോയ് മറഞ്ഞ് ഇപ്പോള്‍ അവിടെ പീറ്ററും അമീറും മാത്രമാണ് ഉള്ളത്. നിശബ്ദതയുടെ നിമിഷങ്ങള്‍ക്കൊടുവില്‍ തന്റെ പകയുടെ ചരിത്രം അമീര്‍ പറഞ്ഞു തുടങ്ങുന്നു.
‘നിനക്കു കിട്ടാന്‍ പോവുന്ന ഒരു അവാര്‍ഡ് നിഷേധം നിനക്കു കിട്ടാവുന്നതില്‍ വെച്ചുള്ള ചെറിയ ശിക്ഷകളില്‍ ഒന്നു മാത്രമാണ്. എന്റെ മകളെ കൊന്നതിന് നിന്റെ നാശം കണ്ടാലേ എനിക്കു തൃപ്തി വരൂ..എന്തു തെറ്റാണ് അവളും ഞാനും നിന്നോടു ചെയ്തത്? ’
‘ഞാന്‍..അവള്‍ മരിച്ചു!?’ പീറ്ററിനു വിശ്വസിക്കാനായില്ല.
‘അതെ, അവള്‍ മരിച്ചു . അല്ല, നീ കൊന്നു എന്നതാവും ശരി. അന്ന് ദുബായില്‍ വെച്ച് ബഷീറിനൊപ്പം തകര്‍ന്നടിഞ്ഞ കാറില്‍ അവളുമുണ്ടായിരുന്നു. ബഷീര്‍ അന്ന് വീട്ടില്‍ വന്ന് നിന്റെയടുത്തേക്കെന്നും പറഞ്ഞാണ് അവളെ കൂട്ടിക്കൊണ്ടു പോയത്. ആ യാത്രയാണ്..’
അമീറിന്റെ വാക്കുകള്‍ മുറിഞ്ഞു.
പീറ്റര്‍ അപ്പോള്‍ ഒന്നും പറയാതെ നില്‍ക്കുന്നു. തുടര്‍ന്ന് അമീറിന്റെ കൈയ്യും പിടിച്ച് ബലമായി തന്റെ കാറിനടുത്തേക്ക് നടക്കുന്നു. അവരുടെ യാത്ര നില്‍ക്കുന്നത് പീറ്ററുടെ വീട്ടിലാണ്. അവിടെ വെച്ച് പീറ്റര്‍ തന്റെ നിരപരാധിത്വം തെളിയിക്കുന്ന, ഫിദ അയാള്‍ക്കയച്ച കത്തുകള്‍ അമീറിനു കാണിച്ചു കൊടുക്കുന്നു. പീറ്റര്‍ വിവാഹിതനാണെന്ന കാര്യം മനസിലാക്കി തന്റെ മോഹങ്ങളോടു മാപ്പു പറഞ്ഞു കൊണ്ടുള്ള കത്തായിരുന്നു അത്. അതിന്റെ കൂടെ ഓരോ ജന്‍മദിനത്തിനും ഫിദ അയച്ച ഗ്രീറ്റിങ് കാര്‍ഡുകളും അമീറിന്റെ കൈയ്യില്‍ നല്‍കി, രണ്ടു സുഹൃത്തുക്കള്‍ മാത്രമായിരുന്നു തങ്ങളെന്ന കാര്യം പീറ്റര്‍ വിശദീകരിക്കുന്നു. എന്നിട്ടും വിശ്വസിക്കാതെ നില്‍ക്കുന്ന അമീറിന്റെ കൈയ്യില്‍ ആ കത്തുകള്‍ നല്‍കി പീറ്റര്‍ തിരിഞ്ഞു നടക്കുന്നു. പീറ്ററുടെ നടന്നകലുന്ന ദൃശ്യം നോക്കി അമീര്‍ തന്റെ കൈയ്യിലെ കത്തുകളും ഗ്രീറ്റിങ് കാര്‍ഡുകളും നിലത്തേക്ക് ദേഷ്യത്തോടെ വലിച്ചെറിയുന്നു.
പിന്നെ കുറച്ചു നേരം മുന്നോട്ടു നടന്നതിനു ശേഷം തിരിച്ചു വന്ന് ചുരുട്ടിയെറിഞ്ഞ കത്തും ഗ്രീറ്റിങ്‌സുമെടുത്ത് കണ്ണീരോടെ എടുത്ത് കണ്ണോടു ചേര്‍ക്കുന്നു.
6
രണ്ടാഴ്ചകള്‍ക്കു ശേഷം.
അമീറിന്റെ ഓഫീസില്‍ അലസമായിക്കിടക്കുന്ന ഇന്‍വൈറ്റേഷന്‍ ലെറ്റര്‍.
അത് വായിച്ച് അഭിമാനത്തോടെ മന്ദസ്മിതം തൂകുന്ന അമീര്‍.
കത്തിന്റെ ഉള്ളടക്കം ഇങ്ങനെ വായിക്കാം:
വരുന്ന 23 ാം തീയ്യതി ജര്‍മ്മനിയില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ കഴിവു തെളിയിച്ച 40 പേരെ ആദരിക്കുന്നു. അതില്‍ 14 ാ മത്തേത് അമീറായിരുന്നു. 15ാ മത്തേത് പീറ്ററും..

Saturday, September 10, 2011

അണ്ണായും സിനിമായും


അണ്ണായും സിനിമായും

ഇടയ്ക്ക് സീ ടി വിയുടെ റിയാലിറ്റി ഷോയില്‍ ജഡ്ജിയായതൊഴിച്ച് അണ്ണ ഹസാരെയ്ക്ക് പ്രകടമായ ബോളിവുഡ് ബന്ധങ്ങളൊന്നുമുണ്ടാവാന്‍ വഴിയില്ല. എങ്കിലും സിനിമാലോകം ഒന്നടങ്കം അണ്ണയെ ഒരു സൂപ്പര്‍ സ്റ്റാറായി കണക്കാക്കിയ മട്ടാണ്. അണ്ണാ ഹസാരെയ്ക്ക് പിന്തുണ നല്‍കാനും അനുകൂല പ്രസ്താവന ഇറക്കാനും കച്ച കെട്ടിയിറങ്ങിയിരിക്കുകയാണ് ചെറുതും വലുതുമായ ബോളിവുഡ്, കോളിവുഡ് താരങ്ങളെല്ലാം. അണ്ണാ ഹസാരെയുടെ സമരപന്തലിന് ഒഴിച്ചുകൂടാന്‍ പറ്റാത്തതാവട്ടെ ബോളിവുഡ് സൂപ്പര്‍ ഹിറ്റ് ദേശഭക്തിഗാനങ്ങളും. അണ്ണ ഹസാരെ ഒരു ബ്രാന്‍ഡ് ആയെന്നു തന്നെ സാരം. അഴിമതി ഇല്ലാതാക്കാന്‍ അണ്ണയുടെ കരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കാനാണ് മാദകനടി ബിപാഷ ബസുവിന്റെ ആഹ്വാനം. ഇത്രയൊക്കെ ആയിട്ടും സുപ്രീം കോടതി ഈ പ്രശ്‌നത്തില്‍ ഇടപെടാത്തതെന്തെന്നാണ് തെന്നിന്ത്യന്‍ ഹീറോ മാഡി മാധവന്റെ ചോദ്യം. ഇവരെക്കൂടാതെ ത്രിഷ, ദിയ മര്‍സ, ഫര്‍ഹാന്‍ അക്തര്‍, ശബാന ആസ്മി, അനുരാഗ് കശ്യപ്, ജാവേദ് അക്തര്‍, അനൂപം ഖേര്‍ തുടങ്ങിയവരെല്ലാം അണ്ണാ ഹസരേയ്ക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ചവരില്‍ ഉണ്ട്. ഇതു കൂടാതെ സ്‌റ്റൈല്‍ മന്നന്‍ സാക്ഷാല്‍ രജനീകാന്തും സൂര്യയും ചേരനും അടക്കമുള്ളവരും അണ്ണാ ഹസാരെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുണ്ട്. സൂര്യയും മറ്റ് താരങ്ങളും ഇതിനിടെ പ്രതീകാത്മകമായി കഴിഞ്ഞ ദിവസം പ്രതീകാത്മക ഉപവാസവും ഇരുന്നു.
വന്ദേ മാതരവും ഇങ്ക്വിലാബ് സിന്ദാബാദും കഴിഞ്ഞാല്‍ രംഗ് ദേബസന്ദിയാണ് സമരപ്പന്തലിലെ ഫേവറിറ്റ് ഗാനം. സമരപ്പന്തലിലെ മറ്റൊരു കാഴ്ച ഐ ആം അണ്ണാ ഹസാരെ എന്നെഴുതിയ ടീ ഷര്‍ട്ടുകളാണ്. ഒരുപക്ഷേ, ഏതൊരു ബോളിവുഡ് താരത്തേക്കാളും ആരാധകരുള്ള ആളായി അണ്ണാ മാറിയോ എന്നാണ് ബോളിവുഡിലെ അസൂയാലുക്കളുടെ പുതിയ താരതമ്യപഠനം. ഷാരൂഖിനോ സല്‍മാനോ പോലും ടീഷര്‍ട്ട് വിപണിയെ ഇത്രത്തോളം സ്വാധീനം ചെലുത്താന്‍ കഴിഞ്ഞതായി അറിവില്ല. കൂടാതെ ഐ വാണ്ട് ടു ബി അറസ്റ്റഡ്, വി ആര്‍ ഫൈറ്റിങ് ഫോര്‍ സെക്കന്റ് ഫ്രീഡം തുടങ്ങിയ ടീ ഷര്‍ട്ടുകളും സമരപ്പന്തലിലെ സ്ഥിരം ടീ ഷര്‍ട്ടുകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.