ഭരതന്‍ ഒരു കഥാസന്ദര്‍ഭമായിരുന്നു.
പാതി തുറന്ന ജനാലയുടെ സൗന്ദര്യത്തെയും സാധ്യതകളെയും പറ്റി നമ്മള്‍ കൂടുതലോര്‍ക്കുക ടി പത്മനാഭന്റെ കഥകള്‍ വായിക്കുമ്പോഴായിരിക്കും. ഓരോ ജീവിതസന്ദര്‍ഭവും അടക്കത്തോടെ കൈകാര്യം ചെയ്യുന്നവരാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍. കഥാസന്ദര്‍ഭങ്ങളില്‍ പോലും കാണാം, ഈ അടക്കവും ഒതുക്കവും. രതി അടക്കമുള്ള ജന്‍മവാസനകളെപ്പറ്റി പറയുമ്പോഴും വൈകൃതത്തിലോ മടുപ്പിലോ എത്താതെ വായനക്കാരന് രസിക്കുന്ന രീതിയിലുള്ളതാണ് അവ. ഒരു പക്ഷേ, മലയാളസിനിമയില്‍ ഒരു ടി പത്മനാഭനുണ്ടെങ്കില്‍, അത് ഭരതന്‍ തന്നെയായിരിക്കുമെന്ന് ഉറപ്പുണ്ട്. പത്മനാഭന്റെ കഥ പറച്ചില്‍ രീതികളോട് ഏതൊക്കെയോ രീതിയില്‍ തദാത്മ്യം പ്രാപിക്കുന്നവയാണ് ഭരതന്റെ സിനിമകള്‍.
അമ്മാവന്‍ പി എന്‍ മേനോന്റെ സിനിമാ പരീക്ഷണങ്ങളെ കൗതുകപൂര്‍വം നോക്കിനിന്ന കുട്ടിയെ നിങ്ങള്‍ക്ക് ഒരു പക്ഷേ അറിയില്ലായിരിക്കും. പക്ഷേ, 1974 ല്‍ പ്രണവം എന്ന ചിത്രത്തിലൂടെ പത്മരാജനോടൊപ്പം മലയാളസിനിമയിലേക്ക് കാലെടുത്തു വച്ച ഭരതന്‍ ആര്‍ക്കും സുപരിചിതനാണ്.
അന്നുവരെയുള്ള സിനിമകളില്‍ കണ്ടുവന്ന കഥപറച്ചിലിനും വൈകാരികമുഹൂര്‍ത്തങ്ങള്‍ക്കും ഒരു പുതിയ ഭാഷ്യം ചമയ്ക്കുകയായിരുന്നു അദ്ദേഹം. കണ്ടുപരിചയിച്ച കൊള്ളസംഘങ്ങളുടെ കഥയിലും മരംചുറ്റി പ്രേമകഥയിലുമായി മലയാളസിനിമ ചടഞ്ഞുകൂടിയിരുന്ന സന്ദര്‍ഭത്തിലായിരുന്നു മാറ്റത്തിന്റെ കാറ്റായി ഭരതനും കൂടെ ഒരു കൂട്ടം പരീക്ഷണകുതുകികളായ ചെറുപ്പക്കാരും വീശിയടിച്ചത്. കഥപറച്ചിലിനു വേണ്ടി വിട്ടുവീഴ്ച ചെയ്യാന്‍ ഭരതന്‍ ഒരിക്കലും ഒരുക്കമായിരുന്നില്ല. ഓര്‍ക്കുക, അദ്ദേഹത്തിന്റെ അവസാനകാലപടങ്ങളില്‍ സൂപ്പര്‍ ഹീറോകളുണ്ടായിരുന്നില്ല. സൂപ്പര്‍ അഭിനേതാക്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അനുകരിക്കാനാവാത്ത ഭരതന്‍ ടച്ച്
സാമൂഹികബന്ധങ്ങളിലെ വൈകാരികതയും തീവ്രതയുമല്ലാം ഭരതന്‍ സിനിമകാളുടെ സ്ഥിരം കാഴ്ചകളായിരുന്നു. കൈവിട്ടുപോകാവുന്ന വിഷയങ്ങളാണെങ്കിലും തന്ത്രപരമായി കപ്പല്‍ കരയ്ക്കടുപ്പിക്കുന്ന ഒരു കപ്പിത്താനെ ഭരതന്റെ ചിത്രങ്ങളിലെല്ലാം കാണാം. രതിനിര്‍വേദത്തിലും ചാമരത്തിലും കാറ്റത്തെ കിളിക്കൂടിലും കാതോടു കാതോരത്തിലും തകരയിലുമല്ലാം ഈ സംവിധായക ശേഷിക്ക് ഉദാഹരണമാണ്. അദ്ദേഹത്തിന്റെ ആദ്യകാലസിനിമകളിലെല്ലാം ബന്ധങ്ങളുടെ ചെറു കാന്‍വാസായിരുന്നെങ്കില്‍ പിന്നീട് അവ ഒരു സമൂഹവും വ്യക്തിയും എന്ന നിലയിലേക്കു മാറുകയായിരുന്നു. കഥ പറച്ചിലിനു പുതിയ മാനം തേടി ഭരതന്‍. ഒപ്പം ഭാര്‍ഗവീനിലയം എന്ന വാക്ക് മലയാളികള്‍ക്ക് വൈക്കം മുഹമ്മദ് ബഷീര്‍ സമ്മാനിച്ചതുപോലെ ഭരതന്‍ അറിഞ്ഞോ അറിയാതെയോ മറ്റൊരു വാക്ക് കൂടി മലയാളത്തിനു നല്‍കുകയും ചെയ്തു. ഭരതന്‍ ടച്ച്. പ്രയാണത്തില്‍, കൊട്ടാരക്കര അവതരിപ്പിച്ച കഥാപാത്രം ദേവീവിഗ്രഹത്തെ തന്റെ യുവതിയായ ഭാര്യയെ തഴുകുന്നതു പോലെ പരിപാലിക്കുന്നതും രതിനിര്‍വേദത്തില്‍ പപ്പുവും രതിച്ചേച്ചിയുമുള്ള ബന്ധം അതിലൈംഗികതയിലേക്ക് വഴുതിവീഴാതെ ആവിഷ്‌ക്കരിക്കുന്നതും ബുദ്ധിവളര്‍ച്ചയെത്താത്ത തകരയുടെ കഥയും ഭരതന്‍ ടച്ചിന്റെ നിറഞ്ഞ ഉദാഹരണങ്ങളാണ്.
എണ്‍പതുകളിലിറങ്ങിയ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിലെ നെടുമുടി വേണു, ശാരദയോടു ‘ടീച്ചറെ അവള്‍ അമ്മ എന്നു വിളിച്ചാല്‍ എന്നെ എന്തു വിളിക്കു’മെന്ന ചോദ്യവും തുടര്‍ന്നുള്ള ശാരദയുടെ ഭാവവും ആരിലും അനുഭൂതിയുണര്‍ത്തും. എംടിയുമൊത്ത് വൈശാലിയും താഴ്‌വാരവും ചെയ്ത ഭരതന്‍ ഏതു വിഷയവും പൊന്നാക്കാന്‍ മാത്രം മിടുക്കനായിരുന്നു. ഏതു ഹോളിവുഡ് ക്ലാസികുമായും പോരാടാം, തഴ്‌വാരത്തിന്.
ഭരതന്‍ എന്ന മൈക്കല്‍ ആഞ്ചലോ
50 ലേറെ സിനിമകള്‍. വിവിധ ഭാഷകളിലായി. ഭരതന്‍ ചരിത്രത്തിലേക്കു നടന്നുനീങ്ങിയത് മലയാളത്തില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റ് അവശേഷിപ്പിച്ചുകൊണ്ടാണ്. ഒന്നിനൊന്നു വ്യത്യസ്തമായ ഭരതസിനിമകള്‍ ഇന്നും ടെലിവിഷനില്‍ വരുമ്പോള്‍ കണ്‍തുറന്നു നോക്കൂ. ഹൃദയത്തില്‍ ദൈവത്തിന്റെ കയ്യൊപ്പുള്ള ഒരാളെ നിങ്ങള്‍ക്ക് കാണാം. ദൃശ്യഭാഷയുടെ ചാരുതയ്ക്കും പൂര്‍ണതയ്ക്കും വേണ്ടി മനസിലെ സീനുകള്‍ വരച്ച് റിഹേഴ്‌സല്‍ ചെയ്ത മറ്റൊരാളെ നമുക്ക് വേറെ ആരുണ്ട്?
ഭരതനെക്കുറിച്ച് എത്ര കൃത്യമായി കുറിച്ചിരിക്കുന്നു...ഷഫീഖ്
ReplyDeleteചെറുപ്പത്തില്‍ കാണാന്‍ കഴിയാതിരുന്ന ഭരതന്‍റെ വര്‍ണ്ണങ്ങള്‍ ഇപ്പോള്‍ നെറ്റില്‍ ആസ്വദിക്കുന്നു...നന്ദി