Saturday, August 27, 2011

സൂപ്പര്‍മാനെ വെല്ലാന്‍ ഇനി ജി-വണ്‍


സൂപ്പര്‍മാനെ വെല്ലാന്‍ ഇനി ജി-വണ്‍.

തന്റെ പുതിയ ചിത്രമായ ‘രാ-വണി’ന്റെ പ്രചരണത്തിനുവേണ്ടി ബോളിവുഡിലെ കിംഗ് ഖാന്‍ ഷാറൂഖ് ലോകവ്യാപകമായി ടൂര്‍ നടത്താന്‍ ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ലോകകപ്പ് ക്രിക്കറ്റിന്റെ ഇടയ്ക്കാണ് ‘രാ-വണി’ന്റെ പ്രോമോ ആദ്യമായി പ്രദര്‍ശിപ്പിച്ചു തുടങ്ങിയത്. ഷാരൂഖ് തന്നെയാണ് ചിത്രത്തിന്റെ നിര്‍മാതാവും. ഷാരൂഖിനൊപ്പം ടൂറില്‍ നായികയായ കരീനയയും പ്രശസ്ത പോപ്പ് ഗായകന്‍ അകോണും പങ്കെടുക്കും. സെപ്തംബറില്‍ ആണ് സിനിമ റിലീസ് ചെയ്യുന്നത്. ബ്രിട്ടണിലും യു എസിലും രാ -വണ്‍ ടീമിന്റെ പ്രത്യേക സ്‌റ്റേജ് പരിപാടികളും ഉണ്ടാവും. ഒരു സൂപ്പര്‍ ഹീറോയായാണ് ഷാരൂഖ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ ഷാരൂഖിന്റെ ജി -വണ്‍ എന്ന കഥാപാത്രം ഹോളിവുഡിലെ സൂപ്പര്‍ ഹീറോമാരായ സൂപ്പര്‍മാനേയും സ്‌പൈഡര്‍ മാനേയും ബാറ്റ്മാനേയുമൊക്കെ കടത്തിവെട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 150 കോടിയാണ് സിനിമയുടെ ബജറ്റ്. സാങ്കേതികമികവിലും സംഘട്ടനത്തിലുമെല്ലാം ഇതുവരെ ബോളിവുഡ് കാണാത്ത അത്ഭുതക്കാഴ്ചകളാണ് ചിത്രത്തില്‍ ഒരുക്കിയിട്ടുള്ളതെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. മറ്റു സൂപ്പര്‍ ഹീറോ കഥാപാത്രങ്ങളെപ്പോലെ മാസ്‌ക് ധരിക്കാതെയാണ് ഇതില്‍ ഷാരൂഖ് അവതരിപ്പിക്കുന്ന സൂപ്പര്‍ ഹീറോ പ്രത്യക്ഷപ്പെടുന്നത്.
‘ഋത്വിക് റോഷന്റെ ക്രിഷ് അല്ലാതെ നമ്മുടെ ഭാഷയില്‍ ഒരു സൂപ്പര്‍ ഹീറോ ഉണ്ടായിട്ടില്ല.
ജി-വണ്‍ ഒരു ഇന്ത്യന്‍ സൂപ്പര്‍ ഹീറോയാവും.’ ഷാരൂഖ് പറയുന്നു. ‘നായകനെപ്പോലെ തന്നെ ഈ ചിത്രത്തില്‍ വില്ലനും വളരെ പ്രാധാന്യമുണ്ട്. ഷോലൈയിലെയും മിസ്റ്റര്‍ ഇന്ത്യയിലെയും വില്ലന്‍മാരെ ഓര്‍ക്കുന്നില്ലേ? അതുപോലെ ഇതിലെ വില്ലനും ശ്രദ്ധിക്കപ്പെടും. വില്ലന്‍ ശക്തനാവുമ്പോള്‍ നായകനും ശക്തി കൂടുന്നു എന്ന ഹിച്ച്‌കോക്കിയന്‍ സിദ്ധാന്തമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ’
അനുഭവ് സിന്‍ഹയാണ് ചിത്രത്തിന്റെ സംവിധായകന്‍. ‘ഓം ശാന്തി ഓമി’നു ശേഷം അര്‍ജുന്‍ രാംപാല്‍ തന്നെയാണ് ഇതിലെ വില്ലനെ അവതരിപ്പിക്കുന്നത്. ഇതിനിടെ ഷാരൂഖ് തനിക്ക് മുമ്പ് മികച്ച രീതിയില്‍ സൂപ്പര്‍ ഹീറോയെ അവതരിപ്പിച്ച ഋത്വിക് റോഷനു വേണ്ടി പ്രത്യേകപ്രദര്‍ശനവും ഒരുക്കുന്നുണ്ട്. ഷാരൂഖ് അടുത്തിടെ ഇന്ത്യയില്‍ ഇറങ്ങിയ സൂപ്പര്‍ ഹീറോ സിനിമകളില്‍ ഏറ്റവും മികച്ചത് ക്രിഷ് ആണെന്ന് അഭിപ്രായപ്പെട്ടിരുന്നു. സ്‌പൈഡര്‍മാനും സൂപ്പര്‍മാനും വേണ്ടി ആവേശപൂര്‍വം കൈയ്യടിച്ച കാണികളും ആരാധകരും ജി വണ്ണിനു വേണ്ടിയും കൈയ്യടിക്കുമോ എന്ന് കാത്തിരുന്ന് തന്നെ കാണാം.

No comments:

Post a Comment